സാമാന്യമായി പറഞ്ഞാല്‍ ഒരു സമൂഹത്തിന്റെ  ദൈനംദിന ജീവിതവ്യവസ്ഥയുടെ ലോക്കോമോട്ടീവ് പെട്രോള്‍ ആണ്. ആ നാഡീഞരമ്പുകള്‍ ഇന്ന് അമ്പേ തളര്‍ന്നു പോയിരിക്കുന്നു. വിലക്കയറ്റം എന്ന സാധാരണ പദം കൊണ്ട് പരാമർശിക്കാവുന്നതിലപ്പുറം അത് ഒരു പിടിച്ചുപറിയായി സര്‍ക്കാര്‍ വികസിപ്പിച്ചെടുത്തു.

ലളിതമായ കണക്കുകളെ മറച്ചു വെക്കാന്‍ ഷോക്കടിപ്പിക്കുന്ന കണക്കും സാങ്കേതികത്വവും വാരിവിതറി സ്തബ്ദരാക്കുന്ന അഭ്യാസമാണ് കേന്ദ്ര സര്‍ക്കാര്‍ -അവതരിപ്പിക്കുന്നതെന്ന്  ഒറ്റ നോട്ടത്തില്‍ വ്യക്തമാണ്.

2014-15-ല്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടിയായി പെട്രോള്‍ – ഡീസലില്‍ നിന്ന് പിരിച്ചത് 99,184 കോടിയാണ് . 2017 –18-ല്‍ അത്  രണ്ടര ലക്ഷം കോടിയോളമാണ്. നൂറ്റമ്പത് ശതമാനം വര്‍ധന. ലോകത്തൊരിടത്തും പെട്രോളിന്റെ അക്കൌണ്ടില്‍ ഇത്ര കാണില്ല. 2014-ൽ മോഡി അധികാരമേല്‍ക്കുമ്പോള്‍ ഇന്ത്യ പെട്രോള്‍ വാങ്ങിയിരുന്നത് ബാരലിന് 106.85 ഡോളറിനായിരുന്നു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ ഭരണകാലത്ത് അത് 120 ഡോളര്‍ ആയിരുന്നു. നരേന്ദ്ര മോഡിയുടെ കാലത്ത് 2016–ല്‍ അത് ബാരലിന് 28 ഡോളര്‍ വരെ താഴ്ന്നു. അപ്പോഴും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില ഉയര്‍ന്നുകൊണ്ടേ ഇരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ വർദ്ധനനയോടെ  വില ലിറ്ററിന് തൊണ്ണൂറു രൂപ കടന്നു. ഇന്നും അന്താരാഷ്‌ട്ര ഇന്ത്യന്‍ പൂളില്‍ വില ബാരലിന്  76 ഡോളറെ  ഉള്ളൂ. ഇത്ര ഭീകരമായ അസന്തുലിതാവസ്ഥ മറ്റേതു ഇടപാടില്‍ കാണും എന്ന് അമ്പരക്കുകയാണ്  വിദഗ്ദ്ധർ പോലും. അധികാരത്തില്‍ ഏറിയാല്‍ ഉടന്‍ പെട്രോള്‍ വില നാല്‍പ്പതു രൂപയായി കുറയ്ക്കും എന്നത് ബി ജെ പിയുടെ വാഗ്ദാനമായിരുന്നു. അതിന്റെ ഫലിത പ്രയോഗമാണ് നമ്മളിന്നു കാണുന്നത്.

ഇതിനു ടീം മോഡി പറയുന്ന ഒരു ന്യായപ്രകാരം പ്രശ്നം മന്‍മോഹന്‍ ഭരണത്തില്‍ എണ്ണക്കമ്പനികള്‍ക്ക്  വിതരണം ചെയ്ത ഓയില്‍  ബോണ്ടുകള്‍ ആണ്. ബോണ്ടുകളുടെ ധനകാര്യ വ്യാഖ്യാനം ഇതാണ്. എണ്ണക്കമ്പനികളുടെ കൊടുക്കല്‍ വാങ്ങലില്‍ അവര്‍ക്കുണ്ടാവുന്ന നഷ്ടം നികത്തുക. സബ്സിഡി തന്നെ. 2010 വരെ ഇതായിരുന്നു രീതി. ആ വര്‍ഷമാണ്‌ അവസാനത്തെ ബോണ്ട് കൊടുത്തത്. തുടര്‍ന്ന് വില നിശ്ചയിക്കാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കി. അന്ന് വില അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ 120 ഡോളര്‍ ആയിരുന്നു വില. ആഗോള സാമ്പത്തിക മാന്ദ്യം  ഉച്ചകോടിയില്‍ നില്‍ക്കുന്നു. പെട്രോളിന് സബ്സിഡി നല്‍കാന്‍ സര്‍ക്കാരിന്റെ സാമ്പത്തിക നിലയ്ക്ക് ആവതില്ലെന്ന പ്രഖ്യാപനത്തോടെ സര്‍ക്കാര്‍ സബ്സിഡി പിന്‍വലിച്ചു. ബോണ്ട് നിര്‍ത്തി. മാര്‍ക്കറ്റിലെ സപ്ലൈ – ഡിമാണ്ട്  അനുസരിച്ച് വില നിശ്ചയിക്കാന്‍  എണ്ണക്കമ്പനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കി. അന്ന് കൈവിട്ടു എണ്ണ വില. മാത്രമല്ല ഏതു കൊള്ളക്കും അത് വാതില്‍ തുറക്കുകയും ചെയ്തു.

അങ്ങനെ കിട്ടിയ വഴിയിൽ മോഡി  തോന്നിയതു പോലെ നടന്നു. സപ്ലൈ – ഡിമാണ്ട് എന്ന സമവാക്യം തന്നെ പെട്രോള്‍ മേഖലയില്‍ ഇല്ലാതായി. കമ്പനികള്‍ ദിനംപ്രതി വില ഉയര്‍ത്തി. ഡിമാന്റും  സപ്ലൈയും യഥാര്‍ത്ഥ വിലയും പരിഗണിക്കപ്പെടാത്ത ഒരു അസംബന്ധ നാടകമാക്കി മോഡി ഭരണത്തില്‍ ഈ മേഖല. ഓരോ മണല്‍ത്തരിക്കും വിലയുയര്‍ന്നു. വീണ്ടും വീണ്ടും വില ഉയര്‍ത്തി, ടാക്സ്  ഉയര്‍ത്തി ക്രമാല്‍ സ്വന്തം ജനതയുടെ നെഞ്ചില്‍ ചവുട്ടി രാജ്യത്തെ സ്ടാഗ്ഫ്ലേഷനില്‍ എത്തിക്കാന്‍ മാത്രം അത് വളര്‍ന്നു.

പൊന്മുട്ടയിടുന്ന താറാവ് എന്ന നിലയില്‍ മാത്രം കണ്ട ഓയില്‍ മേഖലയിലെ കണക്കുകള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തുന്നില്ല. 2015 മാര്‍ച്ച് മുപ്പത്തൊന്നിന്റെ കണക്കാണ് 2018 ആഗസ്റ്റില്‍ പെട്രോളിയം മന്ത്രി രാമപ്രധാന്‍ ചോദ്യത്തിന് മറുപടിയായി നല്‍കിയത്.

എന്ത് കൊണ്ട് പുതിയ കണക്കില്ല?
ഉത്തരമില്ല.

2018 ജൂണില്‍ അന്നത്തെ ധനമന്ത്രി പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ പറഞ്ഞത് “പ്രതിവര്‍ഷം പതിനായിരം കോടി രൂപ വെച്ച്  നാലുവര്‍ഷം കൊണ്ട് – അതായത് 2018 വരെ –40,226 കോടി രൂപ ബോണ്ടുകളുടെ പലിശയടച്ചു എന്നാണ്. രണ്ടായിരത്തി പതിനാലു മുതല്‍ ഇന്നുവരെ രണ്ടു സര്‍ക്കാര്‍ ബോണ്ടുകളാണ് കാലാവധി കഴിഞ്ഞ് സര്‍ക്കാര്‍ തിരിച്ചടച്ചത് എന്ന് ബജറ്റില്‍ തന്നെ പറയുന്നു. രണ്ടും 1,750 കോടി രൂപയുടേത്‌. മൊത്തം മൂവ്വായിരത്തി അഞ്ഞൂറ് കോടി രൂപ. ആകെ തിരിച്ചടവ് നാൽപ്പത്തയ്യായിരം കോടി രൂപയില്‍ താഴെ. ഇക്കാലയളവില്‍ സര്‍ക്കാര്‍ എക്സൈസ് നികുതി മാത്രം പിരിച്ചത് ഏഴര ലക്ഷം കോടി രൂപ. അതില്‍ ബോണ്ട് തിരിച്ചടക്കാന്‍ ഉപയോഗിച്ചത് വെറും 5. 8 ശതമാനം മാത്രം. ഞെട്ടിപ്പിക്കുന്ന ഈ കൊള്ള മോഡി സര്‍ക്കാരിന്റെ മുഖമുദ്ര ആയിട്ടും അതിനെതിരെ ആഞ്ഞൊന്നു മുദ്രാവാക്യം മുഴക്കാന്‍ പോലും ആരുമുണ്ടായില്ല എന്നതാണ് ഭയപ്പെടുത്തുന്ന വസ്തുത. ഏതു കൊള്ളക്കും നിന്ന് കൊടുക്കാന്‍ നാം പരുവമായിക്കഴിഞ്ഞെന്നോ?

നരേന്ദ്ര മോഡി 2014 മേയ് ഇരുപത്താറിനാണ് ചുമതലയേല്‍ക്കുന്നത്. അന്ന് ക്രൂഡിന്റെ അന്താരാഷ്ട്രവില ബാരലിന് 106.8 ഡോളര്‍. ദില്ലിയില്‍ പെട്രോള്‍ വില എഴുപത്തൊന്നു രൂപ. ഡീസല്‍  അമ്പത്താറു. നാല് വര്‍ഷത്തിനിപ്പുറം അന്താരാഷ്ട്ര വില ബാരലിന് എഴുപത്താറു ഡോളര്‍. ദില്ലിയില്‍ പെട്രോള്‍ വില തൊണ്ണൂറു രൂപ. നമുക്ക് ലിറ്ററിന് എൺപത്തേഴ് രൂപ. വളരെ സുതാര്യമായ കൊള്ള.

പെട്രോൾ  റീറ്റെയിൽ വിലയുടെ വ്യത്യസ്തഘടകങ്ങൾ:

May-14  Sep 10, 2018
ഡീലർമാരിൽ നിന്ന്  ഈടാക്കുന്നത് 47.13  40.45
കേന്ദ്ര നികുതികൾ 10.38  19.48
ഡീലർക്കുള്ള കമ്മീഷൻ 2  3.64
സംസ്ഥാന നികുതികൾ 11.9  17.16
റീറ്റെയിൽ വില (ലിറ്ററിന്) 71.41  80.73


ഡീസൽ റീറ്റെയിൽ വിലയുടെ വ്യത്യസ്തഘടകങ്ങൾ:

May-14  Sep 10, 2018
ഡീലർമാരിൽ നിന്ന്  ഈടാക്കുന്നത് 44.45  44.28
കേന്ദ്ര നികുതികൾ 4.52  15.33
ഡീലർക്കുള്ള കമ്മീഷൻ 1.19  2.52
സംസ്ഥാന നികുതികൾ 6.55  10.70
റീറ്റെയിൽ വില (ലിറ്ററിന്) 56.71  72.83

ഈ പട്ടിക പെട്രോള്‍ വിലയുടെ ഉള്ളുകള്ളികളിലേക്ക് വെളിച്ചം വീശുന്നുണ്ട്. ഇന്ന് നാല്‍പ്പതു രൂപയ്ക്കു ഡീലര്‍ക്ക് കിട്ടുന്ന പെട്രോള്‍ നമുക്കീ വിലയ്ക്ക് കിട്ടുന്നതിനു കാരണം പഴയ കോൺഗ്രസ് നയമോ സംസ്ഥാന നികുതികളോ അല്ലെന്നും ജി എസ്സ് ടി ഏര്‍പ്പെടുത്തിയതിനാൽ മാത്രമല്ലെന്നും അതുകൊണ്ട്  ഇന്ധന നികുതി ജിഎസ്സ്ടിയില്‍ പെടുത്തുന്നത് ഒരു പരിഹാരമാവില്ലെന്നും വ്യക്തമാക്കുന്ന സൂചികയാണിത്. പെട്രോളിയം പ്ലാനിംഗ് അനാലിസിസ് സെല്ലിന്റെതാണ് കണക്ക്.

ടാക്സും ടാക്സിനു മേല്‍ സംസ്ഥാന നികുതിയും ചേര്‍ന്ന് ജനത്തെ   നിരന്തരം കൊള്ളയടിക്കുന്ന പെട്രോള്‍ വില ഉയര്‍ത്തുകയും കണക്കില്‍ കള്ളം പറയുകയും ചെയ്യുതുകൊണ്ടേയിരിക്കുകയാണ്  മോഡി സര്‍ക്കാര്‍. ആദ്യത്തെ വാദം ഈ പണം കൊണ്ട് കക്കൂസുകള്‍ പണിയുന്നു എന്നായിരുന്നു. ഇപ്പോഴത്തെ വാദം കര്‍ഷകരുടെ  ബാങ്ക് വായ്പ്പ എഴുതിത്തള്ളാന്‍ ഉപയോഗിച്ചു എന്നാണ്. കര്‍ഷകരുടെ കൊലനിലമായി മാറിയ ഇന്ത്യയെ നോക്കി ഇത് പറയുന്നത് എന്തൊരു ക്രൂരതയാണ്!  മോഡിക്ക് മാത്രം കഴിയുന്ന ഒന്ന്.

Comments

comments