ഗാമിയ ദേശത്തില്‍ ഒരു നാള്‍
ആദവൻ ദീക്ഷണ്യയുടെ തമിഴ് ചെറുകഥ
മൊഴിമാറ്റം: സുജിത് കുമാർ
സമയം: അതിരാവിലെ 2.31
ഉറക്കത്തിനായി ഔദ്യോഗികമായി അനുവദിക്കപ്പെട്ടിട്ടുള്ള സമയത്തിനും 29 മിനിട്ടുകള്‍ക്കു മുമ്പേ അയാള്‍ ഉണര്‍ന്നു. സമയപരിമിതി മൂലം ശരിക്കുമൊന്നു ഉറങ്ങാനായില്ല. കണ്ണിമകള്‍ക്കുള്ളില്‍ കനല്‍ ഊതിപ്പെരുക്കിയപോലെ വല്ലാത്തൊരു നീറ്റല്‍. ഉറക്കച്ചടവ് ഇഞ്ചിഞ്ചായി ഉടലാകെ ഊര്‍ന്നുണ്ടാക്കിയ നോവ് തന്നെ അത്യന്തം വിവശനാക്കിയതായി അയാള്‍ക്ക് അനുഭവപ്പെട്ടു.
അര്‍ദ്ധരാത്രി 12 മണിക്ക്, ജോലി കഴിഞ്ഞ് കഴിയുന്നത്ര വേഗതയില്‍ വണ്ടി ഓടിച്ചിട്ടും ഇന്നും വീട്ടിലെത്തിയപ്പോള്‍ സമയം 12.32 കഴിഞ്ഞിരുന്നു. രാജ്യമാകെ ജോലിസമയം കഴിയുന്നത് ഈ സമയമാണെന്നതിനാല്‍ ക്രമാതീതമായിരുന്നു വഴിയെങ്ങിലും അനുഭവപെട്ട ഗതാഗതക്കുരുക്ക്. ഭേദഗതി ചെയ്യപ്പെട്ട പുതിയ ജോലിസമയം നിലവില്‍വന്ന കഴിഞ്ഞ 18-ആം തിയതി മുതല്‍ തുടങ്ങിയതാണീ ദുരിതം. അന്നുമുതല്‍ ഓഫിസിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള യാത്രാദൂരത്തിന്റെ ഓരോ ഇഞ്ചുംകടക്കുവാന്‍ പെടാപ്പാടു പെടേണ്ടി വരുന്നു. പുകയും അഴുക്കും പറ്റിയ ദേഹത്തെ വഴുവഴുപ്പ് പോകുന്നത് വരെ കുളിക്കുവാന്‍ പോലും പറ്റാത്തത്ര ക്ഷീണം. എന്തിന്, തൊട്ടിലില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ മുഖം ഒന്നെത്തി നോക്കാന്‍ പോലും തോന്നിയില്ല. ഭക്ഷണം കഴിച്ച പാടെ വന്നു കിടക്കയില്‍ വീണുകിടന്നപ്പോള്‍ സമയം കൃത്യം ഒന്ന്. മനസ്സിനും ശരീരത്തിനും ഒരു സ്വസ്ഥതയുമില്ലാത്ത അവസ്ഥയിൽ എങ്ങിനെയാണ് നന്നായിട്ടൊന്നു ഉറങ്ങുക. പക്ഷേ അതിനകംതന്നെ സമയം ശരവേഗത്തില്‍ കടന്നുപോയതാൽ തിടുക്കത്തില്‍ ഉണരേണ്ടിവന്നു.
കട്ടിലിനു നേര്‍ എതിര്‍വശത്തെ ചുമരിലെ ഡിജിറ്റല്‍ ക്ലോക്കില്‍ അപ്പോള്‍ സമയം 2.31. മലര്‍ന്നുകിടന്നാല്‍ കാണുന്ന നിലയിലാണത് ഘടിപ്പിച്ചിട്ടുള്ളത്. മുറിയുടെ ഏതു വശത്തേക്ക് നോക്കിയാലും കാണുന്ന തരത്തില്‍ എല്ലാ ചുമരുകളിലും ഘടിപ്പിച്ചിട്ടുള്ള ക്ലോക്കുകളിലെയും സമയം അതുതന്നെയായിരുന്നു. അടുത്ത 29-ആം മിനിറ്റില്‍ എല്ലാ ക്ലോക്കുകളും ചേര്‍ന്ന് മുഴക്കാന്‍ പോകുന്ന അലാറം കേള്‍ക്കുന്നത് വരെ അയാള്‍ക്കങ്ങനെ കിടന്നേ പറ്റു. കൂടുതല്‍ നേരം ഉറങ്ങുന്നതുപോലെയുള്ള രാജനിന്ദയാണ് അനുവദിക്കപെട്ട നേരത്തിനു മുന്‍പേ ഉണര്‍ന്നെണീക്കുന്നതും എന്നതറിയാത്തവനല്ല അയാള്‍. അങ്ങനെയൊരു അപരാധത്തിന്റെ പേരില്‍ ശിക്ഷ ഏല്ക്കാതിരിക്കാനുള്ള തന്ത്രമായി താനിപ്പോഴും ഉറക്കത്തിലാണെന്നു സ്വയം കരുതുകയും അത് ഉറപ്പുവരുത്താനായി കൃത്രിമമായി കൂർക്കംവലിക്കുവാനും അതിനകം ശീലിച്ചു കഴിഞ്ഞിരുന്നു. പക്ഷേ അബദ്ധത്തില്‍ ഉറക്കത്തിലേക്ക് വഴുതിവീഴരുതെന്ന ജാഗ്രതയില്‍ അലാറം ബെല്ലിനായി കാത്തു കട്ടിലില്‍ തന്നെ കിടന്നു.
‘ഗോമിയ’ രാഷ്ട്രത്തെ മുഖ്യമന്ത്രിമാരില്‍ ഒരാള്‍, ദിവസേന 18 മുതല്‍ 20 മണിക്കൂര്‍ വരെ ജോലിചെയ്യാന്‍ കഴിവില്ലാത്തവര്‍ ജോലി ഉപേക്ഷിച്ചു പോകണമെന്നൊരു ജല്പനം നടത്തിയതിനു മാധ്യമങ്ങളില്‍ ലഭിച്ച സ്വീകാര്യത കണ്ട ‘ഗാമിയ’ ദേശത്തെ പ്രധാന മന്ത്രി ‘ഉലകളന്നോന്‍’ തീര്‍ത്തും ഹര്‍ഷോന്മതനായത്രേ. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന നിരുത്തരവാദപരമായ ജോലിസംസ്കാരത്തിന്‍ മേല്‍ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ ഇതാണ് പറ്റിയ സമയമെന്ന് മുതലാളിമാര്‍ സംഘവും മുറവിളികൂട്ടി. ഈ കാരണങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നിയമിച്ച “ദേശീയ ജോലിസമയ നവീകരിക്കല്‍ സമിതി” യുടെ നിർദ്ദേശപ്രകാരം, രാജ്യവ്യാപകമായി അതിരാവിലെ 4 മണിമുതല്‍ അര്‍ദ്ധരാത്രി 12 മണിവരെ ദീർഘിപ്പിച്ച ഏകീകൃത ജോലിസമയം നിലവില്‍വന്നു.
ജോലിക്കായി മാറ്റിവെച്ച സമയം പോകെ ബാക്കിയുള്ള 4 മണിക്കൂറിനെ മിനിറ്റിടിസ്ഥാനത്തില്‍ വിഭജിച്ച് ക്രിയാത്മകമായ രീതിയില്‍ പ്രയോജനപ്പെടുത്തനായിട്ടുള്ള ഒരു പദ്ധതിയ്ക്ക് “ദേശീയ വിശ്രമ സമയ നിര്‍വഹണ സമിതി” രൂപം നല്‍കിയിട്ടുണ്ട്.അതനുസരിച്ച് അയാള്‍ക്കിപ്പോള്‍ ഉറങ്ങേണ്ട സമയമാണ്. പക്ഷേ, നിശ്ചിത സമയത്ത് തന്നെ എഴുന്നേല്‍ക്കണം എന്ന ചിന്ത അലട്ടിക്കൊണ്ടിരുന്നതിനാല്‍ ഉറങ്ങാനുമാകുന്നില്ല. അതിരാവിലെ 3 മണിക്കേ എണീറ്റാല്‍ മാത്രമേ 3.59-ന് ഓഫിസിനുള്ളില്‍ പ്രവേശിക്കാനാവു.ഒരു നിമിഷം താമസിച്ചുപോയാല്‍ ഏൽക്കേണ്ടിവരുന്ന ശിക്ഷാ നടപടികള്‍ ഒഴിവാക്കാനായിട്ടാണ് ഉറങ്ങിയില്ലെങ്കിലും ഉറങ്ങി എന്നു ഭാവിക്കുന്നത്തിന്റെ കാരണം. ഉറങ്ങാതെ തന്നെ ഉണര്‍ന്നെണീറ്റു എന്നത് പുറത്തറിഞ്ഞാല്‍ ആള്‍ക്കാര്‍ ഇതിപ്പോ നല്ല കഥയായി എന്ന് കളിയാക്കാന്‍ തുടങ്ങും. പക്ഷേ സത്യം അതാണ്. തുടര്‍ച്ചയായി 20 മണിക്കൂര്‍ ഒരേയിരുപ്പില്‍കുത്തിയിരുന്ന് ജോലി ചെയ്യുന്നതിനാലാവണം ഇപ്പോള്‍ ഉറങ്ങാന്‍ കിടന്നാലും ഇരുന്നുകൊണ്ടേയിരിക്കുന്നതു പോലെ അയാള്‍ക്ക് തോന്നുന്നത്.
മുമ്പൊക്കെയാണെങ്കില്‍ എണീറ്റ് അലാറം ഓഫാക്കിയിട്ട് വീണ്ടും തലവഴി മൂടിക്കൊണ്ട് കിടന്നുറങ്ങാറാണ് പതിവ്. ഇപ്പോഴാണെങ്കില്‍ അലാറം കേട്ട 30 സെക്കൻറുകൾക്കുള്ളിൽ എഴുന്നേറ്റില്ലെങ്കിൽ കട്ടിലിനോട് ചേർന്ന് ബന്ധിപ്പിച്ചിട്ടുള്ള വിദ്യുത്പ്രകമ്പനക്കമ്പികള്‍ സ്വയം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങും. അതില്‍നിന്നും പ്രവഹിക്കുന്ന വൈദ്യുതി ഉടലാകെ തുളച്ചുകയറി ഉണ്ടാക്കുന്ന പീഡനം അയാള്‍ ആദ്യദിവസം തന്നെ അനുഭവിച്ചറിഞ്ഞതാണ്. അത് ആവര്‍ത്തിക്കാതിരിക്കണമെന്നതില്‍ ജാഗ്രത്തായിരുന്നു അയാളുടെ മനസ്സ്. അരികില്‍ അയാളുടെ ഭാര്യ 1111 2222 3333 4444.1-ഉം മുമ്പേതന്നെ ഉണര്‍ന്ന് അയാളെപ്പോലെ ഉറക്കത്തിലെന്ന ഭാവേന കിടക്കുകയായിരുന്നു. അങ്ങനെയങ്ങ് തോന്നിയ നേരത്ത് എണീല്‍ക്കാന്‍ പാടില്ലാത്തതാണല്ലോ. കഴിഞ്ഞ ഞായറാഴ്ച അര്‍ദ്ധരാത്രി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് അവള്‍ക്കെഴുന്നേല്‍ക്കാന്‍ ഇനിയും 14 മിനിറ്റുകള്‍ ബാക്കിയുണ്ട്. വളരെ വൈകി ഉറങ്ങാന്‍ കിടന്നിട്ട് വളരെ നേരത്തേത്തന്നെ എഴുന്നേല്‍ക്കണമെന്നത് സ്തീകളുടെ കടമയാണെന്നും അത് കര്‍ശനമായി പിന്‍പറ്റണമെന്നുമുള്ള ആ ഉത്തരവ് പ്രകാരം തന്റെ ഭര്‍ത്താവ് 1111 2222 3333 4444 എഴുന്നേല്‍ക്കുന്നതിനും 15 മിനിട്ടുകള്‍ക്ക് മുമ്പേ എഴുന്നേറ്റ് സിസിടിവി-യില്‍ മുഖം കാട്ടേണ്ടതുണ്ട്. പിന്നെ ആ 15 മിനിട്ടുകള്‍ക്കുള്ളില്‍ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെ മനസ്സിനുള്ളില്‍ ഒരു റിഹെഴ്സല്‍ നടത്തിക്കൊണ്ട് എഴുന്നേല്‍ക്കാന്‍ തയ്യാറായി കിടക്കുകയാണ്. വിസില്‍ മുഴങ്ങിയതും കുതിക്കുവാനുള്ള വ്യഗ്രതയില്‍ നില്‍ക്കുന്ന ഒരു കായികാഭ്യാസിയെപ്പോലെ അവള്‍ സ്വയം കരുതി.
സമയം അതിരാവിലെ 2.46
അവള്‍ക്കെഴുന്നേല്ക്കാനുള്ള അലാറം പിങ്ക് നിറമുള്ള പ്രകാശത്തോടെ ശബ്ദിച്ചതും വലിയ തോതില്‍ ഊര്‍ജ്ജം ചെലുത്തപെട്ട യന്ത്രംകണക്കേ തിടുക്കത്തില്‍ തന്റെ ഗൃഹകൃത്യങ്ങളിലേക്ക് പ്രവേശിച്ചു. എഴുന്നേറ്റ് ഭര്‍ത്താവിന്റെ പാദം തൊട്ട് നമസ്കരിച്ചതും, താലിമാലയെ കണ്ണുകളോട് ചേര്‍ത്ത് ഒപ്പിയെടുത്തതും സെല്‍ഫി എടുത്തു. ആ സെല്‍ഫി ഇമേജുകളെ “ദേശിയ സാംസ്കാരിക പുനരുദ്ധാരണ കമിഷന്” വാട്സാപ്പ് വഴി അയച്ചിട്ട് ചായ ഉണ്ടാക്കാനായി അടുക്കളയിലേക്കു കയറി.
സമയം അതിരാവിലെ 2.48
പഴക്കദോഷത്താല്‍ അടുക്കളയില്‍ കയറിയ അവള്‍ക്ക് പെട്ടെന്ന് “സ്വദേശിവല്‍ക്കരണ ജാഗരണ സംഘ്” പുറത്തിറക്കിയ 64-ആം പുതിയനിയമം ഓര്‍മ്മ വന്നു. നല്ല കാലം, അടുപ്പു കത്തിച്ചില്ല, അഥവാ കത്തിച്ചിരുന്നുവെങ്കില്‍ സിസിടിവി അവളെ കയ്യോടെ പിടികൂടി അധികാരികളുടെ മുമ്പില്‍ എത്തിക്കുമായിരുന്നു. അന്യ പാനീയമായ ചായ ഉണ്ടാക്കിയത്, കുടിക്കാന്‍ പ്രേരിപ്പിച്ചത്, കുടിച്ചത് എന്നിങ്ങനെ ഒന്നിന് പുറകെ ഒന്നായി രാജ്യദ്രോഹക്കുറ്റങ്ങള്‍ക്ക് ആളാകുമായിരുന്നു. ചായ കുടിച്ച കുറ്റത്തിന് ഭര്‍ത്താവും ശിക്ഷിക്കപ്പെടുമായിരുന്നു. ചൈനീസ് ഉത്പന്നങ്ങളെ വിപണിയില്‍നിന്നു മാത്രമല്ല ജനങ്ങളുടെ മനസ്സുകളില്‍ നിന്നും അപ്പാടെ നിര്‍മാര്‍ജനം ചെയ്യാന്‍ പ്രവര്‍ത്തനോന്മുകമായ സര്‍ക്കാര്‍, ചൈനീസ് പാനീയമായ ചായ ഉണ്ടാക്കുന്നത്, കുടിക്കുന്നത്, കുടിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നിവ ഏഴു ജന്മങ്ങളിലും വധശിക്ഷയ്ക്ക് അര്‍ഹമായ കുറ്റങ്ങള്‍ എന്നാണു് പ്രഖ്യാപിച്ചിരിക്കുന്നത്. (പുനര്‍ജന്മത്തില്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നതിനാല്‍ എല്ലാ നിയമങ്ങളും ഏഴു ജന്മങ്ങള്‍ക്കും ചേര്‍ത്താണ് കണക്കാക്കിയിട്ടുള്ളത്). നിയമവിരുദ്ധമായി ചായ കുടിക്കുന്നവരെ കണ്ടുപിടിച്ചു കളയെടുക്കാനായി പൌരന്മാര്‍ ദിവസവും മലമൂത്രവിസര്‍ജ്ജനം ലാബുകളിലയച്ചു പരിശോധനയ്ക്ക് വിധേയമാക്കണമെന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്. ലാബുകളെ പറ്റിക്കാമെന്നു വച്ചാലും സര്‍ക്കാരിന്റെ ‘ഘ്രാണ സംഘ്’ന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല എന്നതാണ് അവസ്ഥ. അവരുടെ മിന്നല്‍ പരിശോധനയില്‍ സംശയം തോന്നിയവരില്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 27 പേരെയാണ് കല്ലെറിഞ്ഞുകൊന്നത്. ഈ വിധം കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുന്നത് അനുസരിച്ച് ബന്ധപ്പെട്ട സംഘികള്‍ക്ക് സര്‍ക്കാരില്‍ വിശിഷ്ട പദവികള്‍ ലഭിക്കുമെന്നതിനാല്‍ അവര്‍ വളരെ തീവ്രതയോടെ തന്നെ മണം പിടിക്കല്‍ പരിപാടി തീവ്രപ്പെടുത്തി.
വലിയ ഒരു അപകടത്തില്‍ നിന്നും തന്നെയും തന്റെ കുടുംബത്തെയും രക്ഷിക്കാന്‍ തനിക്ക് തോന്നിയ സമയോചിത ബുദ്ധിയെ സ്വയം ശ്ലാഘിച്ചു കൊണ്ട് പാല്‍ പാത്രവുമെടുത്തു വീടിനു പുറകുവശത്തെ തൊഴുത്തിലേക്ക് ഓടിയെത്തിയവള്‍ 0085 6219 3941 4316 മുതല്‍ 0085 6219 3941 4320 വരെ അക്കമിട്ടിട്ടുള്ള ഗോക്കളെ നമസ്കരിച്ചിട്ട് ഗാമിയത്തിനായി കാത്തുനിന്നു. (ഗോമിയമല്ല, ഗാമിയം). ആ ഗോക്കള്‍ ഇവരുടെ വീട്ടില്‍ വന്നിട്ട് ഒരാഴ്ച തികഞ്ഞെങ്കിലും അവളോട് ഇണക്കത്തിലെത്തിയിരുന്നില്ല. ഗോമാംസ നിരോധന പ്രഖ്യാപനം വന്ന അന്നുതന്നെ കര്‍ഷകര്‍ രായ്ക്കുരാമാനം കന്നുകാലികളെ ഭരണകക്ഷിക്കാരുടെ വീടുകളിലേക്ക് ആട്ടിപ്പായിച്ചു. അതില്‍ 5 എണ്ണത്തിനെ പോറ്റാന്‍ ഉള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഇവരെ ഏല്‍പ്പിച്ചു. തൊഴുത്തില്‍ കാത്തിരുന്നു ഗാമിയം കിട്ടിയതും ഓടിവന്ന് ഭര്‍ത്താവിനെ എഴുന്നേൽപ്പിച്ചു. വെറുംവയിറ്റില്‍ കഴിക്കേണ്ട ആഹാരമെന്നു സര്‍ക്കാരിനാല്‍ പ്രഖ്യാപിക്കപെട്ട ഗാമിയം ഭര്‍ത്താവിന് ഒരു വലിയ സ്റ്റീല്‍കപ്പില്‍ ഒഴിച്ചുകൊടുത്തിട്ട് കുറച്ച് അവളും കുടിച്ചു. ബാക്കിയുള്ളത് കുഞ്ഞിനു കുടിക്കാനുള്ള ശ൦ഖില്‍ ഒഴിച്ചു വെച്ചു. നിയമവശങ്ങളെക്കുറിച്ച് കുഞ്ഞിനു ബോദ്ധ്യമില്ലാത്തതിനാല്‍ ഗാമിയം മൊത്തം തുപ്പിക്കളയുകയാണ് ചെയ്യാറ്. അത് സി സി ടി വി-യില്‍ പതിയാതെ രക്ഷപെടാന്‍ അവള്‍ ഒരു രഹസ്യ അറയൊന്നു വീടിനുള്ളില്‍ സജ്ജീകരിച്ചിരുന്നു. ഗാമിയം ഉപയോഗിച്ച് പാകം ചെയ്യുന്ന കഞ്ഞി കുടിക്കാനാക്കാതെ അവളും ക്ലേശം അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ .
ഭര്‍ത്താവിനെപ്പോലെ അവളും ഒരു സര്‍ക്കാര്‍ ജീവനക്കാരിയാണ്. ഇത് കടിഞ്ഞുല്‍ പ്രസവം. പച്ചയുടമ്പു തേറി പഴയപടി വീട്ടുജോലികള്‍ ചെയ്യാന്‍ തുടങ്ങിയതേയുള്ളൂ. അതിനുള്ളില്‍ തന്നെ പ്രസവ അവധിയായി നല്‍കിയിരുന്ന 26 ആഴ്ചകള്‍ ഇന്നലെ രാത്രി 11.59 മണിയോടെ തീര്‍ന്നു. കാനഡയും, നോര്‍വേയും കഴിഞ്ഞാല്‍പ്പിന്നെ പ്രസവാവധി ഇത്രയും അധികം ആഴ്ചകള്‍ അനുവദിക്കപെട്ടിട്ടുള്ളത് തന്റെ രാജ്യമാണ് എന്നതില്‍ അവള്‍ അഭിമാനം കൊണ്ടിരുന്നു. കുഞ്ഞിനെ കാണാന്‍ വരുന്ന സഹപ്രവര്‍ത്തകര്‍ “നീ ഇല്ലാതെ ഓഫീസിന് എന്തോ നഷ്ടപ്പെട്ടതു പോലെ, പെട്ടെന്ന് തന്നെ വരാന്‍ നോക്ക്” എന്ന് അവളെ ഉത്സാഹിപ്പിക്കുകയും “താമസമിയാതെ തന്നെ വരുന്നുണ്ട്” എന്ന് ഉന്മേഷത്തോടെ അവള്‍ പ്രതികരിക്കുകയും, അതിനുള്ള മുന്നൊരുക്കങ്ങളിലേക്ക് ഇറങ്ങുകയും ചെയ്തു. പക്ഷേ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകും മുമ്പേ അവധിയും തീര്‍ന്നു. അത്രതന്നെ, നാളെ നേരം പുലരുമ്പോള്‍ ജോലിയില്‍ പ്രവേശിക്കണമല്ലോ എന്ന ചിന്ത അലട്ടിക്കൊണ്ടിരുന്നതിനാല്‍ ഉറക്കം വരാതെ കിടക്കുകയാണ്. ഭര്‍ത്താവിനെ പോലെ അവളുടെയും അനുവദിക്കപെട്ട സമയം കഴിയാത്തതിനാല്‍ അലാറം പ്രതീക്ഷിച്ചു കിടപ്പാണ്. അലാറം കേട്ട് എഴുന്നേറ്റവള്‍ക്ക് നിന്നു തിരിയാന്‍ പോലും പറ്റാത്തത്ര അളവില്‍ ഉണ്ടായിരുന്നു ജോലികള്‍. ഭര്‍ത്താവിനെ ഓഫീസിലേക്ക് റെഡിയാക്കി വിട്ടിട്ട് തനിക്കും ഓഫീസില്‍ പുതിയ ജോലി സമയത്തു എത്തണമെന്ന വിചാരം അവളെ പെട്ടെന്നുതന്നെ പ്രവര്‍ത്തന നിരതയാക്കി.
സമയം അതിരാവിലെ 3.31
കൃത്യം 3 മണിക്ക് എണീറ്റ് ഭാര്യ തന്ന ഇളംചൂടുള്ള ഗാമിയം അല്പാല്പമായി പ്രയാസപെട്ടു കുടിച്ചിട്ട് കക്കൂസിലേക്ക് പോയ അയാള്‍ കുറേ നേരത്തേക്ക് പുറത്തുവന്നില്ല. ഉറക്കമില്ലായ്മ, നെഞ്ചെരിച്ചില്‍, ദഹനക്കേട്, മലബന്ധം, തുടര്‍ച്ചയായി ഇരുന്നുകൊണ്ടേചെയ്യുന്ന ജോലികാരണം വരുന്ന നടുവേദന, ഇടതടവില്ലാതെ സര്‍ക്കാര്‍ ഇറക്കുന്ന ഉത്തരവുകളാല്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദം എന്നിവയെല്ലാം ചേര്‍ന്ന് അലട്ടിക്കൊണ്ടിരുന്ന അയാളെ ഇപ്പോള്‍ പുതിയതായി വന്ന പൈല്‍സും ചേര്‍ന്ന് വിവശനാക്കി.
യന്ത്രഗതിയില്‍ കുളിച്ചുവെന്നു വരുത്തിയതുപോലെത്തന്നെ 1111 2222 3333 4444 പ്രാതലും അല്പം വിഴുങ്ങിയിട്ട് ഉച്ചത്തേക്കും രാത്രിയിലേക്കുമുള്ള ഭക്ഷണമടങ്ങിയ ലഞ്ച് & ഡിന്നര്‍ ബാഗും എടുത്തിറങ്ങിയപ്പോള്‍ സമയം 3.31. വീട്ടില്‍ നിന്നും കൃത്യസമയത്തുതന്നെ പുറപ്പെട്ടു എന്ന് സാക്ഷ്യപ്പെടുത്തുവാന്‍ വാതിലിനരുകില്‍ ഘടിപ്പിച്ചിട്ടുള്ള ബയോ മെട്രിക് യന്ത്രത്തില്‍ കൈരേഖ പതിച്ചിട്ടു അയാള്‍ പുറപ്പെട്ടു.
അയാളെ തുടര്‍ന്ന് അവളും വേഗത്തില്‍ ഓഫിസിലേക്ക് പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ആ വാട്സ് ആപ് മെസ്സേജ് വന്നത്. “രാജർഷി-ദേശിയ-സഭ”യുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ തലേദിവസം രാത്രി നിറവേറ്റിയ അടിയന്തിര നിയമത്തെ പറ്റിയുള്ള ആ സന്ദേശം വായിച്ചു നടുങ്ങിപ്പോയി അവള്‍. ഭര്‍തൃ സേവ നടത്തുകയും, കുടുംബത്തെയും, കുടുംബത്തിനായി തന്നിരിക്കുന്ന കന്നുകാലികളെയും പരിചരിക്കുകയും മാത്രമായിരിക്കണം സ്ത്രീകളുടെ കടമ എന്ന ആ നിയമപ്രകാരം തനിക്കിനി ജോലിക്ക് പോകാനാകില്ല എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാത്ത അവള്‍ക്ക് കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞതുപോലും കേള്‍ക്കാനായില്ല.
വിലക്കയറ്റത്തെ നേരിട്ടുകൊണ്ട് ജീവിതം മുന്നോട്ടു നയിക്കാന്‍ ദമ്പതികള്‍ രണ്ടുപേരും സമ്പാദിക്കേണ്ടതുണ്ട് എന്ന ഉദ്ധേശത്തില്‍ ജോലി നേടിയവളല്ല അവള്‍. അറിഞ്ഞിടത്തോളം അവളുടെ സ്വന്തബന്ധങ്ങളില്‍ ആദ്യമായി സ്കൂളില്‍ ചേര്‍ന്നപെണ്‍കുട്ടി അവളാണ്. അത് കണ്ടിട്ടാണ് അവരില്‍ പലരും പെണ്‍ മക്കളെ സ്കൂളില്‍ ചേര്‍ക്കാന്‍ തുടങ്ങിയത്. പഠിത്തം കഴിഞ്ഞാലും വീട്ടില്‍ തന്നെ കൂടണം എന്നാണവസ്ഥയെങ്കില്‍ ആരാണ് പെണ്‍കുട്ടികളെ സ്കൂളില്‍ അയക്കുക എന്ന് കരുതിയാണ് അവള്‍ ജോലിയില്‍ ചേര്‍ന്നത്. നാലുനാഴി കൂലിക്കുവേണ്ടി ബാലവേലയ്ക്ക് അയക്കാതെ രക്ഷിതാക്കള്‍ നല്‍കിയ വിദ്യാഭ്യാസത്തെ പാഴാക്കരുതെന്നതില്‍ അവള്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. പുരുഷന്മാരെക്കൊണ്ട് നിറയ്ക്കപെട്ട പൊതു ഇടങ്ങളില്‍ സ്ത്രീ സാന്നിധ്യം ഉറപ്പുവരുത്തുവാന്‍ നാം വിദ്യയും ജോലിയും നേടണമെന്ന വിഷയത്തെ കുറിച്ച് തന്റെ സുഹൃത്തുക്കളോട് അവള്‍ നിരന്തരം സംവദിച്ചിരുന്നു.
ശമ്പളം കിട്ടുന്നു എന്നതിലുപരി വേറെ ചില അനുകൂലഘടകങ്ങള്‍ ജോലിക്കായി പുരത്തുപോകുന്നതില്‍ അവള്‍ക്ക് കിട്ടിയിരുന്നു, കുടുംബത്തിനു പുറത്തും നമ്മളെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന, സ്നേഹിക്കുന്ന മനുഷ്യര്‍ ഉള്ളത് അവള്‍ പഠനകാലത്തു തന്നേ നേരിട്ടറിഞ്ഞതാണല്ലോ. ഇപ്പോള്‍ ഓഫീസിലും അത്തരം ആള്‍ക്കാരെ കണ്ടെത്തുകയും അവരോടു സകലതും പങ്കുവയ്ക്കുവാനും കഴിയുന്നുണ്ട്. സ്വന്തം കുടുംബ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതു പോലെ നാട്ടുകാര്യങ്ങളെ ക്കുറിച്ചു ചര്‍ച്ച ചെയ്യാനും പറ്റുന്നു. വീടും കുടുംബവും ഉണ്ടാക്കാത്ത ഒരപമാനവും പൊതു ഇടങ്ങള്‍ ചെയ്യാറില്ല എന്ന അവളുടെ കണ്ടെത്തലുകളെ അവളുടെ ഭര്‍ത്താവും അംഗീകരിച്ചിരുന്നു. സ്വാഭിമാനത്തോടെ ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്ന സ്ത്രീ, വിവാഹത്തിനുശേഷവും ജോലിയില്‍ തുടരണം എന്നതില്‍ ഇരുവര്‍ക്കും അങ്ങനെ ഏകാഭിപ്രായമാണ്. എന്നാല്‍ ഇങ്ങിനെയൊരു അടിയന്തിര നിയമം കൊണ്ടുവന്ന് തന്റെ ജോലിയെ തട്ടിപ്പറിച്ച്, തന്നെ വീട്ടിനുള്ളില്‍ ത്തന്നെ മുടക്കിക്കളയും എന്ന് അവള്‍ സ്വപ്നേപി വിചാരിച്ചിരുന്നില്ല.
സമയം അതിരാവിലെ 4
അലാറം മുഴങ്ങിയപ്പോള്‍ താനിപ്പോള്‍ ഓഫീസില്‍ എത്തിയിരിക്കേണ്ട സമയമായല്ലോ എന്നതോര്‍ത്ത് അവള്‍ കൂടുതല്‍ വിഷമത്തിലായി. ജോലി നഷ്ടപ്പെട്ട കാര്യം ഭര്‍ത്താവിനെ വിളിച്ചറിയിക്കാമെന്ന് വെച്ചാല്‍ അയാള്‍ ഓഫീസില്‍ എത്തിയിട്ടേ ഉണ്ടാവു, രാവിലെത്തന്നെ ആളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി സഹപ്രവര്‍ത്തകരെ വിളിച്ചപ്പോള്‍ ആ വാട്ട്‌സ് ആപ് മെസ്സേജ് ഇവളെ പോലെത്തന്നെ എല്ലാവരെയും പരിഭ്രമത്തില്‍ ആഴ്ത്തിയിരുന്നത് അറിഞ്ഞത്.
ശരി, ഇനി വീട്ടിലിരുന്നു കുഞ്ഞിനെ വളര്‍ത്തുന്നത് നല്ലരീതിയില്‍ ചെയ്യാമെന്ന് സ്വയം ആശ്വസിപ്പിക്കുന്ന വേളയിലാണ് മുന്നതിനെക്കാളും നിഷ്ഠുരമായ വേറൊരു ഉത്തരവിന്റെ സന്ദേശം വന്നത്. ദേശീയ അഭ്യന്തര ഉത്പാദനം കൂട്ടുന്നതിനായി അവളുടെ മതത്തിലുള്ള സ്ത്രീകള്‍ കുറഞ്ഞതു 10 എങ്കിലും പ്രസവിക്കണം എന്ന ‘സര്‍വം-ത്യജിച്ചോര്‍-അഭിവൃദ്ധി-സംഘ്’ തീരുമാനമനുസരിച്ചുള്ള ഉത്തരവായിരുന്നത്. ഇനിയും 9 പ്രസവമോ എന്ന ഉത്കണ്ട അവളെ ഉലച്ചു കളഞ്ഞു. ഈ ബാധയില്‍ നിന്നും വിടുതല്‍ നേടാന്‍ വേറെ മതം സ്വീകരിച്ചാലോ എന്നൊരു സഹപ്രവര്‍ത്തക ആരാഞ്ഞപ്പോള്‍ എങ്കില്‍ നമ്മളെ അവര്‍ തല്ലിക്കൊന്നു കളയും, തല്‍കാലം അഭിപ്രായം ഒന്നും പ്രകടിക്കാന്‍ പോകേണ്ട , പിന്നീട് ആലോചിക്കാം എന്ന് അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അതവള്‍ക്കു തന്നെ സ്വയം ബോധ്യപ്പെടുത്താനാകാത്ത ഒന്നായി തോന്നി.
സമയം രാത്രി 12.14
ഡ്യൂട്ടി കഴിഞ്ഞ് 1111 2222 3333 4444 വീട്ടിലെത്തേണ്ട നേരം. അയാള്‍ക്കുള്ള ആഹാരം തയ്യാറാക്കി വെച്ചു. ദേശീയ കുടുംബ കാര്യ നിര്‍വഹണ കമിഷന്റെ വിധി 311/34 പ്രകാരം ജോലി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിനു കുടിക്കാനുള്ള പുഷ്ടിപാനീയം എടുക്കാനായി തൊഴുത്തില്‍ ചെന്ന് ചെമ്പ് നിറയെ പിടിച്ചുകൊണ്ടുവന്നു. അയാള്‍ വീട്ടിലെത്താനുള്ള സമയമടുത്തു. അവള്‍ മുറ്റത്തെ ലൈറ്റ് ഓണ്‍ ചെയ്തിട്ട് വാതില്‍പ്പടിയില്‍ ഇരുന്നപ്പോള്‍, അന്‍പത് അറുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയില്‍ ഭര്‍ത്താവിനെ വരവേല്‍ക്കാന്‍ കണ്ണുംനട്ട് കാത്തിരിക്കുന്ന ഭാര്യയുടെ വിഷ്വല്‍ ആണ് അവള്‍ക്കോര്‍മ വന്നത്. ആ പ്രദേശത്തെ മിക്കവാറും എല്ലാ വീട്ടിലെയും പെണ്ണുങ്ങള്‍ അവളെപ്പോലെത്തന്നെ അലങ്കാരമൊക്കെ ചെയ്തുകൊണ്ട് വാതില്‍പ്പടികളില്‍ കാത്തിരിക്കുകയാണ്. നൂറ്റാണ്ടുകളായി പൊരുതി നേടിയ മുന്നേറ്റങ്ങളെയൊക്കെ ഒരൊറ്റ ഉത്തരവിറക്കി പിടിച്ചുപറിച്ച ഈ സര്‍ക്കാര്‍ സ്ത്രീയെ ‘വെറും ഒരു ഭാര്യ’ എന്നാക്കി വീടിനുള്ളില്‍ തന്നെ മുടക്കിക്കളയുന്നല്ലോ എന്നത് വിചാരിച്ച് അവളുടെ മനസ് പ്രക്ഷുബ്ധമായി.
സമയം രാത്രി 12.29
ഭര്‍ത്താവിന്റെ വണ്ടി ഗേറ്റ് കടന്നു അകത്തു സ്റ്റാൻഡ്ചെയ്തത്കേട്ടു. എന്നാല്‍ വണ്ടിയില്‍ നിന്നുമിറങ്ങി വന്നത് വേറൊരാള്‍ ആയിരുന്നു. ഇന്ന് വൈകുന്നേരം 5 മണി 46 മിനിട്ട് 32 സെക്കൻഡിൽ ‘ദേശീയ സന്മാര്‍ഗ നിയമ നിര്‍വഹണ വകുപ്പി’-ന്റെ അറിയിപ്പ് പ്രകാരം സ്ത്രീകള്‍ അന്യ പുരുഷന്മാരുടെ മുന്നില്‍ വരികയോ നില്‍ക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമായതിനാല്‍ അവള്‍ പരിഭ്രമത്തോടെ ഉള്ളിലേക്ക് പാഞ്ഞു. ‘ഓടേണ്ട, നില്ക്കൂ. ഇത് ഞാനാണ്’ എന്ന് അയാള്‍ പുറപ്പെടുവിച്ച ശബ്ദം തന്റെ ഭര്‍ത്താവിന്റെതാണല്ലോ എന്ന് സംശയമായപ്പോള്‍ അവള്‍ സാരിത്തലപ്പ് കൊണ്ട് മുഖം മറച്ച്, വാതിലിനു പിന്നില്‍നിന്നു കൊണ്ട് ഉത്കണ്ഠയോടെ ലൈറ്റിന്റെ വെളിച്ചത്തില്‍ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ‘ഹൊ, കഷ്ടം, ഇത് തന്റെ ഭര്‍ത്താവ് 1111 2222 3333 4444 തന്നെ’. പക്ഷേ ഇദ്ദേഹത്തിന്റെ രൂപത്തില്‍ ഇത്രയ്ക്കു വലിയ മാറ്റം എങ്ങനെ സംഭവിച്ചു?. വീടിനുള്ളില്‍ പ്രവേശിച്ച അയാള്‍ ‘ എന്നെ തിരിച്ചറിയാന്‍ പറ്റുന്നില്ലേ” എന്നു വിറപൂണ്ട ശബ്ദത്തില്‍ ചോദിച്ചു. “എങ്ങനെ തിരിച്ചറിയാന്‍? രാവിലെ പോയ രൂപത്തിലാണോ ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നത്? ആരാണ് ഇങ്ങനെ അലങ്കോലപ്പെടുത്തിയത്?” എന്ന് അവള്‍ ആവര്‍ത്തിച്ച് ചോദിച്ചു കൊണ്ടിരുന്നു. അയാള്‍ വാക്കുകള്‍ നഷ്ടപ്പെട്ടവനെപ്പോലെ മനസും മുഖവും വലിഞ്ഞു മുറുകിപ്പോയ് നിലത്തു ചുമരില്‍ ചാരി ഇരുന്നു. നല്ല മോടിയില്‍ കേശാലങ്കാരം ചെയ്യാറുള്ള അയാളുടെ തലമുടി മൊത്തം ചുരണ്ടിയെടുത്തത് പോലെയും, മൊട്ടയടിച്ച് മൂന്നു ദിവസമായ ഒരാളുടെ തലയെപ്പോലെയും തോന്നിച്ചു. മുഖ്യമന്ത്രിയുടെ തലമുടിയെക്കാളും നീളത്തില്‍ മുടി വളര്‍ത്തിയിട്ടുള്ള ആണുങ്ങളെ തേടിപ്പിടിച്ചു ക്ഷൗരംചെയ്യാനായി രൂപീകരിച്ച ‘ദേശിയ കേശ പരിഷ്കരണ സംഘ’ത്തിന്റെ കൈയില്‍ അകപ്പെട്ടതിന്റെ വിഭ്രാന്തി അയാളെ വിട്ടകന്നിട്ടില്ല.
തനിക്ക് ജോലി നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള വ്യസനം ഭര്‍ത്താവിനോട് പങ്കുവയ്ക്കുവാനായി രാവിലെമുതല്‍ കാത്തിരുന്ന അവള്‍ക്ക് ഭര്‍ത്താവിന്റെ ഈ അവസ്ഥ കണ്ടിട്ട് പിന്നീട് ആകാമെന്ന് തോന്നി. സമാശ്വാസിപ്പിക്കാനായി കനിവോടെ അയാളുടെ തല തലോടികൊണ്ട് തോളില്‍ പിടിച്ചെഴുന്നേൽപ്പിച്ച് ആഹാരം കഴിക്കാന്‍ അടുക്കളയിലേക്കു കൊണ്ടുവന്നു. അയാള്‍ ആഹാരം ഒരുരുള കൈയ്യിൽ എടുത്തതും സിനിമയിലെന്നവണ്ണം, ഒരു സര്‍ക്കാര്‍ വാഹനം കാതടപ്പിക്കുന്ന ഇരച്ചിലോടെ മുറ്റത്ത് വന്നു നിന്നതും ഒരേ സമയത്തായിരുന്നു. പോലീസ് വകുപ്പിന്റെ ഔദ്യോഗികമുദ്രയുള്ള ആ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയവരില്‍ പക്ഷേ പോലീസുകാര്‍ ആരുമുണ്ടായിരുന്നില്ല. ഭരിക്കുന്ന പാർട്ടിയുടെ പതാകയെ കൈകളിലും നെറ്റിയിലും കെട്ടിയിരുന്ന അവര്‍ ‘വിദ്യാഭ്യാസ, കലാ, സാംസ്കാരിക, സന്മാര്‍ഗ പോലിസ്- വി.ക.സ.’ എന്ന ലോഹമുദ്ര ഷര്‍ട്ടുകളുടെ പോക്കറ്റുകളില്‍ മെഡലുകള്‍ കണക്കേ കുത്തിയിരുന്നു. ചെറിയൊരു സാമാന്യ മര്യാദ എന്നനിലയ്ക്കുള്ള അനുവാദം പോലും ചോദിക്കാതെ, അഴുക്കും ചേറും നിറഞ്ഞ ചെരിപ്പുകളോടെ വീടിന്റെ നടുത്തളത്തിലേക്ക് കയറി വന്നവര്‍ വളരെ അശ്രദ്ധമായി കസേരകളെ താറുമാറായി വലിച്ചിട്ടു കേറി ഇരിപ്പായി. അതില്‍ നേതാവെന്നു തോന്നിക്കുന്ന ഒരാള്‍ ഒരു കടലാസ് പുറത്തെടുത്ത് പരുക്കന്‍ ശബ്ദത്തില്‍ പുതിയ ചില ഉത്തരവുകളുടെ ഒരു നീണ്ട പട്ടിക വായിക്കുവാന്‍ തുടങ്ങി. ഉറക്കത്തിലായിരുന്ന കുഞ്ഞ് 1111 2222 3333 4444.2, പതിവില്ലാത്ത ശബ്ദകോലാഹലങ്ങള്‍ കാരണം ഉറങ്ങിയെണീറ്റ് കരയാന്‍ തുടങ്ങി. അതേക്കുറിച്ചൊന്നും ആശങ്കപ്പെടാതെ വന്നവര്‍ അടുത്തടുത്ത ഗൃഹങ്ങള്‍ സന്ദര്‍ശിക്കുകയും ഈ രീതിയിലുള്ള ഉത്തരവുകള്‍ അടിച്ചേല്‍പ്പിക്കല്‍ പണി തുടരുകയും ചെയ്തു.
സമയം രാത്രി 12.43
1111 2222 3333 4444 ഉൾപ്പെടെയുള്ള ആ പ്രദേശത്തെ സകല താമസക്കാരും തങ്ങള്‍ക്കു അനുവദിക്കപ്പെട്ടിട്ടുള്ള സമയപരിധിയ്ക്ക് മുമ്പേ തന്നെ, പുസ്തകങ്ങളെയും വസ്ത്രങ്ങളെയും ചാക്കുകളിലാക്കി ആ മണിക്കൂണ്ടു ജംഗ്ഷനില്‍ വന്നു ചേര്‍ന്നു. ചാക്കുകളൊക്കെ ‘വിദ്യാഭ്യാസ, കലാ, സാംസ്കാരിക, സന്മാര്‍ഗ പോലിസ്- വി.ക.സാം.സ.’യുടെ പരിശോധനയ്ക്ക് ഉള്‍പ്പെടുത്തിയിട്ടു അവിടെ സജ്ജീകരിച്ചിരുന്ന ചിതയില്‍ കുന്നുകൂട്ടി വെച്ചു. ജീന്‍സ്, ടീ ഷര്‍ട്ട്, പേന്റ്സ്, ഷര്‍ട്ട്സ്, ഷോര്‍ട്ട്സ്, ജട്ടി, ബനിയന്‍ എന്ന് അവര്‍ ധരിച്ചിരുന്ന എല്ലാ തുണികളെയും ഊരിവാങ്ങിയ വി.ക.സാം. സ. പോലിസ് അതിനെയെല്ലാം ആ കൂനയിലേക്ക് വലിച്ചെറിഞ്ഞു. ഇങ്ങനെ ഒരു പൊതു സ്ഥലത്ത് നിറുത്തി തങ്ങളെ വിവസ്ത്രരാക്കാനുള്ള അധികാരം നിങ്ങള്‍ക്കാരാണ് തന്നതെന്ന് ചോദിച്ച ഒരു വൃദ്ധനെ വി.ക.സാം. സ. പോലിസ് പൊതിരെ തല്ലിയത് കണ്ട് മറ്റുള്ളവര്‍ തങ്ങളിലേക്കുതന്നെ വലിഞ്ഞു. ‘നിങ്ങളുടെ ഓരോരുത്തരുടെയും ശരീരത്തിന്റെ അവകാശം സര്‍ക്കാരിനാണ്, അത് നഗ്നമായിരിക്കണോ, അല്ല തുണി ഉടുത്തിരിക്കണമോ എന്നത് സര്‍ക്കാരിന്റെ തീരുമാനമാനുസരിച്ചിരിക്കും, എതിര്‍ത്തു ചോദിച്ചുകൊണ്ട് ഇങ്ങനെ തല്ലുകൊണ്ട് ചാകാന്‍ തുനിയാതിരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്’ എന്ന് ഭീഷണി മുഴക്കിക്കൊണ്ട് അടി തുടര്‍ന്നു. എല്ലാപേരും വിവസ്ത്രരാക്കപെട്ടു എന്ന് ഉറപ്പിച്ചശേഷം വി.ക.സാം.സ. പോലിസ് തലവന്‍ പുസ്തകങ്ങളും വസ്ത്രങ്ങളും കൂട്ടിയിട്ടിരുന്ന ചിതയ്ക്ക്, സംഘാങ്ങളുടെ ആര്‍പ്പുവിളികള്‍ക്കിടെ തീകൊടുത്തു.
ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനും അഭിരുചിക്കുമനുസരിച്ച് വാങ്ങിച്ചു സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും പുസ്തകങ്ങളും തീയില്‍ കത്തിയമരുന്നത് കണ്ടുനില്‍ക്കാനാകാതെ അവരുടെ ഉള്ളു പിടഞ്ഞു. ‘നമ്മുടെ പൌരാണിക സംസ്കാരത്തിന് അന്യമായ വസ്ത്രങ്ങള്‍ ഇനിമേലാല്‍ ഞാനോ എന്റെ കുടുംബാംഗങ്ങളോ വാങ്ങുകയോ ധരിക്കുകയോ ചെയ്യില്ല. മുസ്ലിങ്ങളില്‍ നിന്നും വ്യാപിച്ച ലുങ്കി മൂട്ടിത്തച്ച് ഉടുക്കുന്ന ശീലം ഇന്നത്തോടെ കൈവെടിയുന്നു. നമ്മുടെ വിശ്വാസങ്ങളെ സന്ദേഹിക്കാനും ചോദ്യം ചെയ്യാനും പ്രേരിപ്പിക്കുന്ന പുസ്തകങ്ങളെ വാങ്ങിക്കുക്കയും വായിക്കുകയും തുടങ്ങിയ ദേശവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും ഇടപെടുകയില്ല’ എന്ന് ആളിക്കത്തുന്ന തീയ്ക്ക് മുകളില്‍ കൈനീട്ടി സത്യപ്രതിജ്ഞ ചെയ്യുവാന്‍ അവരെ കൂട്ടത്തോടെ നിര്‍ബന്ധിതരാക്കി. തുടര്‍ന്ന് ഓരോരുത്തര്‍ക്കും രണ്ടു ജോഡി തുണികള്‍ നല്കപെട്ടു. അതുവരെ കൂനിക്കൂടി തളര്‍ന്നിരുന്നവര്‍ വേഗത്തില്‍ ആ വസ്ത്രങ്ങള്‍ എടുത്തണിഞ്ഞു. ഒന്ന് കോണകമായും മറ്റൊന്ന് തലപ്പാവുമായി അണിഞ്ഞവര്‍ ഇപ്പോള്‍ അവരുടെ മുഖ്യമന്ത്രിയ്ക്ക് സമാനമായ ദേശിയ വസ്ത്രധാരണരീതിയിലീക്ക് മാറിക്കഴിഞ്ഞു.
സമയം രാത്രി 1.01
തളര്‍ന്നവശനായി തിരികെ വീട്ടില്‍ വന്നുകയറിയ 1111 2222 3333 4444 ‘ആ തീയില്‍ തന്റെ മാംസപേശികളാകെ വെന്തു വെണ്ണീറായതുപോലെ തോന്നി’ എന്ന് പുലമ്പി. അയാളുടെ അതേ മാനസികാവസ്ഥയിലായിരുന്ന അയാളുടെ ഭാര്യ 1111 2222 3333 4444.1 -ഉം. അവൾ ഒന്നും ഉരിയാടാനാവാതെ അവനോടു ചേര്‍ന്നിരുന്നു. കൂനിൻമേല്‍കുരു എന്ന കണക്കേ, അവള്‍ക്ക് ജോലി നഷ്ടപ്പെട്ടതും ഇനിയും ഒന്‍പതു പ്രസവിക്കണമെന്നതുമായ സര്‍ക്കാര്‍ ഉത്തരവുകളുടെ കാര്യം അയാളോട് പുലമ്പി തീര്‍ത്തു. താനിത് രാവിലെ ഓഫീസില്‍വച്ച് തന്നെ അറിഞ്ഞതാണെന്ന് പറഞ്ഞ അയാള്‍ ആ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് വാട്സ് ആപ്പില്‍ നിന്നുമെടുത്തു അവള്‍ക്ക് വായിക്കുവാന്‍ കൊടുത്തു. സ്ത്രീകള്‍ക്ക് ജോലി നിഷേധിക്കപ്പെട്ടതിന്റെയും പുരുഷന്മാര്‍ക്ക് ജോലിസമയം 20 മണിക്കൂര്‍ ആയി ദീർഘിപ്പിച്ചതിന്റെയും തമ്മിലെ ബന്ധം അതില്‍നിന്നും നിന്നും വായിച്ചെടുക്കാനവള്‍ക്കായി. ‘ഏതോ ഒരു ബൃഹത് പദ്ധതിയിലേക്ക് ജനങ്ങളെ ആട്ടിതെളിയിച്ചു കൊണ്ട് പോകാനാണോ ഇത്തരം ഉത്തരവുകള്‍ സര്‍ക്കാര്‍ തുടര്‍ന്ന് പുറപ്പെടുവിക്കുന്നതു’ എന്നു ചോദിച്ചവളോട് ‘അതെ, അതൂകൊണ്ടാണ് നമ്മുടെ ഓരോ ചലനങ്ങളെയും അവര്‍ നിയന്ത്രണവിധേയമാക്കി കൊണ്ടിരിക്കുന്നത്’ എന്ന് മറുപടിയായി അയാൾ പറഞ്ഞു. തുടര്‍ന്ന് സംസാരിക്കുവാന്‍ ഏറെയുണ്ടായിരുന്നെങ്കിലും അതിനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവരിരുവരും. ആഹാരം ഒന്നും കഴിക്കാതെ ദുഖിച്ചവശരായി ഉറക്കത്തിലേക്ക് വഴുതിവീഴാന്‍ തുടങ്ങിയ വേളയിലാണ് വാതിലില്‍ ആരോ മുട്ടിയത്.
വന്നയാള്‍ രാത്രി പട്രോളിംങ്ങിനിറങ്ങിയ പോലീസുകാരനായിരുന്നു. മനുഷ്യ വിഭവ അഭിവൃദ്ധിയില്‍ ദേശിയ തല ലക്ഷ്യം കൈവരിക്കുവാന്‍ ലൈംഗിക വേഴ്ചയില്‍ മുഴുകേണ്ട ദമ്പതികള്‍ ഈ സമയത്ത് വീട്ടിലെ ലൈറ്റുകളൊന്നും അണയ്ക്കാതെ എന്താണു ചെയ്യുന്നതെന്ന് അന്വേഷിക്കാന്‍ വന്നതാണ്. ‘ക്ഷീണം കാരണം ഒന്നു മയങ്ങിപ്പോയി’ എന്നു പറഞ്ഞ 1111 2222 3333 4444-നോടു ‘ഒരു നല്ല ദേശ ഭക്തന്‍ ഒരിക്കലും ഇങ്ങനെ നിരുത്തരവാദപരമായ മറുപടി പറയില്ല’ എന്ന് തട്ടിക്കയറി. ‘എന്തേലും ഒഴിവുകഴിവ് പറഞ്ഞു നേരം പാഴാക്കരുത്, ഇതില്‍ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളല്ല പ്രധാനം, സര്‍ക്കാരിനു സ്വന്തമായ നിങ്ങളുടെ ശരീരങ്ങള്‍ ചെയ്യേണ്ട കടമയില്‍ നിന്നും വ്യതിചലിച്ചു ശിക്ഷയൊന്നും ഏറ്റുവാങ്ങാതിരുക്കു എന്ന് ഭീഷണി മുഴക്കിക്കോണ്ടയാൾ തിരിച്ചുപോയി.
സമയം രാത്രി 1.33
ആ പോലീസുകാരന്‍ പുറപ്പെട്ടതും പെട്ടെന്ന് വേറൊരാള്‍ ഉള്ളിലേക്ക് കയറി വന്നു. താന്‍ ‘ദേശിയ കിടപ്പറ പരിപാലന സേവാ സമിതി’യിലെ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തി. കരുത്തും സൌന്ദര്യവും ബുദ്ധിയും നല്ല നിറവും ഒത്തിണങ്ങിയ കുഞ്ഞുങ്ങളെ മാത്രം പ്രസവിക്കുവാനായി രൂപംകൊടുത്തിട്ടുള്ള ‘ഉത്തമ സന്താന’ പദ്ധതി നിറവേറ്റാനാണ് അയാള്‍ എത്തിയിട്ടുള്ളത്. ഈ പദ്ധതിയുടെ മുന്നോടിയായി അറിയപ്പെടുന്ന ഇന്ത്യയുടെ ‘ആരോഗ്യ ഭാരതി’ യുടെ പരിശീലനം ലഭിച്ച അയാള്‍ ഈ സംരംഭത്തിനായി ഗാമിയ ദേശത്തെ ഇപ്പോഴത്തെ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച ആളാണ്. പഞ്ചാംഗം പ്രകാരം ഇന്ന് 1.41ന് 1111 2222 3333 4444 തന്റെ ഭാര്യ 1111 2222 3333 4444.1 നൊപ്പം ലൈംഗികതയിലേര്‍പ്പെടാന്‍ യോജിച്ച മുഹൂര്‍ത്തമാണെന്നും അതിനായി തയ്യാറാവാനും നിര്‍ദ്ദേശിച്ചു. ദമ്പതികള്‍ സംഭോഗത്തിലേര്‍പ്പെടാനുള്ള ടൈം ടേബിളും ഒരു സര്‍ക്കാര്‍ പുറത്തിറക്കുകയോ എന്നതോര്‍ത്തു അവര്‍ ശരിക്കും സ്തബ്ധരായിപ്പോയി. ഇങ്ങനെ അസമയത്ത് വീടിനുള്ളില്‍ വന്നുകയറി ‘ വരൂ ഞാന്‍ പരിശീലിപ്പിക്കുന്നതുപോലെ സംഭോഗത്തിലേര്‍പ്പെടിന്‍’ എന്ന് ആജ്ഞാപിക്കുന്ന ഒരുത്തനെ നേരിടാന്‍ പറ്റാതെ അപമാനഭാരം കൊണ്ട് കൂനിക്കുറുകി പോകാനാണോ ഈ ജന്‍മം എന്ന് സ്വയം ചോദിച്ചു അസ്വസ്ഥരായി ആ ദമ്പതികള്‍.
സമയം അതിരാവിലെ 3.31
വീട്ടില്‍നിന്നും ഇറങ്ങേണ്ട 1111 2222 3333 4444 അതു സാക്ഷ്യപ്പെടുത്താനായി വാതിലിനു സമീപം ഘടിപ്പിച്ചിട്ടുള്ള ബയോ മെട്രിക് യന്ത്രത്തില്‍ നേരം ഇത്രയായിട്ടും കൈരേഖ പതിച്ചില്ല.
സമയം അതിരാവിലെ 3 മണി 41 മിനിട്ട് 01 സെക്കന്‍ഡ്.
ഓഫീസിലേക്കുള്ള വഴിയില്‍ പാതിദൂരം കടക്കേണ്ട 1111 2222 3333 4444 അത് രേഖപ്പെടുത്തുവാനായി 7 ആം നമ്പര്‍ സി സി ടി വിയില്‍ മുഖം കാണിച്ചില്ല.
സമയം അതിരാവിലെ 3.59
ഇന്നേരം ഓഫീസിനുള്ളില്‍ പ്രവേശിച്ചിരിക്കേണ്ട 1111 2222 3333 4444 അവിടെയും ഘടിപ്പിച്ചിട്ടുള്ള ബയോ മെട്രിക് യന്ത്രത്തില്‍ കൈരേഖ പതിച്ചില്ല.
സമയം അതിരാവിലെ 4.05
ഓഫീസിലെത്തി ജോലികളില്‍ വ്യാപൃതനായി എന്നതിന്റെ തെളിവായ ഗാമിയപാനപാത്രം, 1111 2222 3333 4444 കാലിയാക്കാതെ വെച്ചിരിക്കുകയാണ്. ദേശഭക്തി വെളിപ്പെടുത്തുന്നതില്‍ 5 മിനിട്ടിന്റെ താമസം!.
സമയം അതിരാവിലെ 4 മണി 10 മിനിട്ട് 7 സെക്കന്‍ഡ്.
1111 2222 3333 4444 സമയം ഇത്രയായിട്ടും ഒഫ്ഫിസിലെത്താത്തത് സ്ഥിരീകരിക്കപ്പെടുന്നു. രാജ്യത്തിന്റെ വികസനം, പുരോഗതി, സുരക്ഷിതത്വം എന്നിവയെ സാരമായി ബാധിക്കുന്ന പ്രശ്നമായതിനാല്‍ അയാളെ അന്വേഷിച്ചു കണ്ടുപിടിക്കുവാനായി രഹസ്യാന്വേഷണവിഭാഗത്തെ ചുമതലപ്പെടുത്തി.
സമയം അതിരാവിലെ 5.
1111 2222 3333 4444 ആന്‍ഡ് 1111 2222 3333 4444.1 ദമ്പതിമാരുടെ വീട്ടിനുള്ളിലേക്ക് പ്രവേശിച്ചിരിക്കുന്നു പോലീസ്.
* ‘ഉത്തമ സന്താന’ പദ്ധതി പരിശീലനം നല്‍കുവാന്‍ വന്നിരുന്ന ദേശിയ കിടപ്പറ പരിപാലന സേവാ സമിതിയിലെ സന്യാസി ട്രിപ്പിൾശ്രീ ഗുരുജിയുടെ ലിംഗം അരിഞ്ഞു കാക്കയ്ക്കിട്ടുകൊടുത്തത്,
*അശാസ്ത്രീയമായ, ലോക തൊഴിലാളി സംഘടനയുടെ ഉടമ്പടികള്‍ക്ക് എതിരായ പുതിയ ജോലിസമയനിയമത്തെ പിന്‍വലിക്കുക, മഹത് ത്യാഗങ്ങളാല്‍ നേടിയെടുത്ത എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ ഉറക്കം തുടങ്ങിയ അവകാശങ്ങളെ പുനഃസ്ഥാപിക്കുക, സ്ത്രീകളെ പ്രസവ യന്ത്രങ്ങളായി കാണുന്ന, വേതനം പറ്റാത്ത കൂലികളായി മാറ്റുന്ന യാഥാസ്ഥികതയെ അനുവദിക്കാതിരിക്കുക എന്നിങ്ങനെയുള്ള വാള്‍പോസ്ടരുകള്‍, ലഘുലേഖകള്‍ എന്നിവ തയ്യാറാക്കി രാജ്യത്ത് കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചത്,
*പുതിയ സര്‍ക്കാരിന്റെ പദ്ധതികളെ കപടപദ്ധതികളെന്ന് വിമര്‍ശിച്ചു ഡയറി എഴുതിയത്…
തുടങ്ങിയ ദേശവിരുദ്ധക്കുറ്റങ്ങള്‍ കാരണം അവര്‍ രണ്ടുപേരെയും എൻകൗണ്ടറില്‍ പോലീസ് വധിച്ചു എന്നുവേണം ഈ കഥ സാധാരണഗതിയില്‍ അവസാനിക്കേണ്ടത്.
പക്ഷേ, കനത്ത കാല്‍വെയ്പ്പുകളോടെ അടുത്തുവരുന്ന ബൂട്സിന്റെ ഒച്ച കേട്ടു കരയുന്ന ആ കുഞ്ഞിനെ എന്തുചെയ്യും?
#######
(ഗോമിയം = ഗോ മൂത്രം)
————————————-
പ്രസിദ്ധ തമിഴ് എഴുത്തുകാരനായ ആദവന്‍ ദീക്ഷണ്യ 1964 മാര്‍ച്ച് 6-ന് ജനിച്ചു. ഹൊസൂരില്‍ താമസിക്കുന്നു. തമിഴ്‌നാട് മുര്‍പ്പോക്ക് എഴുത്താളര്‍ കലൈജ്ഞര്‍കള്‍ സംഘം പൊതു ചെയ്‌ലാളരും (പുരോഗമന സാഹിത്യ കലാ സംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി) തമിഴ്‌നാട് തീണ്ടാമൈ ഒഴിപ്പു മുന്നണി മാനില ചെയ്‌ലാളര്‍കളില്‍ ഒരാളും (അയിത്ത വിരുദ്ധ മുന്നണി സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാള്‍). പുതുവിസൈ കലാച്ചാരം എന്ന ത്രൈമാസികത്തിന്റെ പത്രാധിപരാണ്..
പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍:
കവിതാ സമാഹാരങ്ങള്‍:
- പുറത്തിരുന്ത് (വെളിയിലിരുന്ന്)
- പൂജ്യത്തിലിരുന്ത് തുവങ്കും ആട്ടം (പൂജ്യത്തില്‍ നിന്നു തുടങ്ങുന്ന നൃത്തം)
- തന്തുകി
- ആദവന്‍ ദീക്ഷണ്യ കവിതൈകള്‍
- മിച്ചമിരുക്കും ഒമ്പത് വിരല്‍കള്‍ (ബാക്കിയായ ഒമ്പത് വിരലുകള്‍)ചെറുകഥകള്‍
- എഴുതവേണ്ടിയ നാട്കുറിപ്പിന്‍ കടൈസി പക്കങ്കള്‍
- ഇരവാകി വിടുവതാലയേ സൂര്യന്‍ ഇല്ലാമല്‍ പോയ് വിടുവതില്ലൈ.
- ആദവന്‍ ദീക്ഷണ്യ സിരുകഥൈകള്‍
- ലിബറല്‍ പാളയത്ത് കഥൈകള്‍
- നീങ്കള്‍ ചുങ്കചാവടിയില്‍ നിന്‍ട്രു കൊണ്ടിരുക്കിറീര്‍കള്‍
പുതിനങ്കള്‍ (നോവല്‍)
മീസൈ എന്‍പത് വെറും മയിര്‍ (മീശ എന്നത് വെറും രോമം)
കട്ടുറൈകള്‍(ലേഖന സമാഹാരങ്ങള്‍)
- ഇട ഒതുക്കീടല്ല, മറു പങ്കീടു
- ആകായത്തില്‍ എറിന്ത കല്ല്
- ഒസൂര്‍ എനപ്പടുവത് യാതെനിന്‍
- ഇതു ഒണ്ണും പഴയ വിഷയം ഇല്ലീങ്ക സാമി
- എഞ്ചിയ സൊല്‍
നേര്‍ കാണല്‍കള്‍ (അഭിമുഖങ്ങള്‍)
നാന്‍ ഒരു മനു വിരോധി
ബ്ലോഗ് : https://aadhavanvisai.blogspot.in/
Be the first to write a comment.