1.അവതാരിക

ജലമൊഴിഞ്ഞുപോയ ഇടത്ത്
ജലം കിടന്നുറങ്ങിയ മെത്തയായി
ഒരു പച്ചനിറം
അവശേഷിച്ചിരിയ്ക്കുന്നു.

ആ പായലുകൾ
ഓരോ മണ്ണിൻ തരിയേയും
ഒരു വയലായ് കരുതിയിരിക്കണം.

ഈ ചെളിമണം
ഒരു അവതാരിക മാത്രമാണ്.
ആ തോന്നലാണ് ഗ്രന്ഥം

2.രണ്ടുപേരുടെ ഭൂരിപക്ഷം

വെള്ളത്തിനു മുകളിലൂടെ
ഒലിച്ചുപോകുന്ന
പട്ടിയുടെ ജഡം കണ്ട്
എല്ലാവരും സങ്കടപ്പെട്ടു.
എല്ലാ വെള്ളപ്പൊക്കത്തിലും.

ഒരു കുട്ടിയും
അമ്മൂമ്മയും ഒഴികെ.
“ഞങ്ങളുടെ കുഞ്ചു മിടുക്കനാണ്”
അവർ പറഞ്ഞു.
അവൻ ഒഴുക്കിനുമുകളിൽ
ഉറങ്ങാനും  പഠിച്ചിരിക്കുന്നു“

ഇനിയെങ്കിലും
അവരുടെ കാൽക്കലിരുന്ന്
ലോകം
എഴുതാൻ പഠിക്കട്ടെ.

3.ഔത

പ്രളയം വന്നപ്പോൾ
ഔത ഒരു കുപ്പി തുടയ്ക്കുകയായിരുന്നു.

തൊഴുത്തിൽ ഔതയുടെ എരുമ
പുല്ലു തിന്നുകയായിരുന്നു.

രക്ഷാത്തോണി വന്നപ്പോൾ
കുപ്പിയും പിടിച്ച്
ഔത കയറി.

മറുകരയിൽ
കുപ്പി തുറന്ന് ഔത
ആദ്യം എരുമയെ പുറത്തെടുത്തു.
പിന്നെ തൊഴുത്ത് പുറത്തെടുത്തു.
അവസാനം ഒരു കെട്ട്
പുല്ല് പുറത്തെടുത്തു.

പിന്നെ
കുപ്പി വൃത്തിയാക്കി
അടച്ചുവെച്ചു.

4.ഏറ്റവുമവസാനം രക്ഷപ്പെട്ടവൾ

ഏറ്റവുമവസാനം രക്ഷപ്പെട്ട മനുഷ്യസ്ത്രീ
വിശപ്പടക്കാൻ
സ്വന്തം ശരീരം
തിന്നാൻ തുടങ്ങിയിരുന്നു.
കടിച്ചുമുറിക്കപ്പെട്ട വിരലുകളിൽ
ചോര തീ പോലെ തിളങ്ങിയിരുന്നു

അവരുടെ വായ്
അറക്കവാളിന്റെ പരസ്യം പോലെ
തോന്നിച്ചിരുന്നു.

പാതി കൊന്നാൽ
പാതി ശേഷിയ്ക്കും
എന്നറിഞ്ഞ മുഹൂർത്തം
പിന്നീടവർ ഓർമ്മിക്കുമോ?

എങ്കിൽ
ആ നിമിഷം
അവരുടെ നെറുക
പൊട്ടിപ്പിളർന്നേക്കും.

ആ ശബ്ദം
കിലോമീറ്ററുകളോളം
സഞ്ചരിച്ച്
ഒരു പുഴയിൽ
കൂപ്പുകുത്തിയേക്കും.

ഒന്നുമറിയാത്ത
ഒരു മത്സ്യക്കൂട്ടം
ചത്തു മലച്ച്
പൊന്തിയേക്കും.

5.കറുത്ത മനുഷ്യന് കിട്ടിയത്

ഒരു കറുത്ത മനുഷ്യൻ
കല്ലിൽ കയറി എണ്ണാൻ തുടങ്ങി.
പത്തുവരെ സമയമുണ്ട്.
ഉയരുന്ന ജലം കണ്ട്
അയാൾ കരുതി.

ഒൻപതായപ്പോൾ
ഒരു ഹെലികോപ്റ്റർ
അയാളെ
പൊക്കിയെടുത്തു.

ഐ.സി.യു വിൽ
അയാളല്ല, എണ്ണിയത്.
യന്ത്രമാണ്.

ഒൻപതെത്തുമ്പോഴേയ്ക്ക്
അയാൾ അസ്തമിച്ചു.

ഒരു ഹെലിക്കോപ്റ്ററും
കുറച്ച് ആകാശവും

അതിനിടയിൽ
അയാൾക്ക്
വെറുതേ കിട്ടിയെന്നു മാത്രം


 

 

 

 

 

Comments

comments