കേരളം കേരളമായത് പത്തൊന്‍പതാം നൂറ്റാണ്ടിലെ ദലിത് മുന്നേറ്റങ്ങളിലൂടെ ആണ് എന്നത് ഇന്ന് നാം അറിയുകയും പറയുകയും ചെയ്യുന്ന ചരിത്രമാണ്. ഇത് മറച്ചു വയ്ക്കാനുള്ള, ഇതിനെ ചെറുതാക്കി കാണാന്‍ ഉള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. കേരള രാഷ്ട്രീയത്തെ ജനാധിപത്യവൽക്കരിക്കുന്നതില്‍, കേരളത്തെ ആധുനികതയുടെ വിപ്ലവാത്മകമായ ഒരു വശം സ്വാംശീകരിക്കാന്‍ കെല്‍പ്പുള്ള പ്രദേശം ആക്കിയതില്‍ ഈ ദലിത് സമരങ്ങള്‍ക്ക്, രാഷ്ട്രീയ- പ്രത്യയശാസ്ത്ര സമീപനങ്ങള്‍ക്ക്, വലിയ പങ്കാണ് ഉള്ളതെന്ന് കേരളം ഇന്ന് തിരിച്ചറിയുന്നുണ്ട്.
രക്തരൂഷിതമായ പോരാട്ടങ്ങളിലൂടെയാണ് കേരളത്തിലെ അവര്‍ണ്ണ രാഷ്ട്രീയം രൂപപ്പെട്ടത്. അതിന്റെ അറിയപ്പെടുന്ന ആധുനിക സമരങ്ങളില്‍ ഒന്ന് 1806-ല്‍ ആയിരുന്നു. അന്നാണ് ആദ്യമായി അവര്‍ണ്ണർ വൈക്കം ക്ഷേത്രത്തില്‍ കയറാൻ തീരുമാനിച്ചത്. അതായിരുന്നു ആദ്യത്തെ വൈക്കം സത്യാഗ്രഹം. എന്നാല്‍ അതിനായി ക്ഷേത്രത്തിലേക്ക് നീങ്ങിയ നൂറുകണക്കിന് അവര്‍ണ്ണവോളണ്ടിയര്‍മാരെ തിരുവിതാംകൂർ രാജാവിന്റെ പട്ടാളം നിർദ്ദയം വെട്ടിക്കൊല്ലുകയായിരുന്നു. അന്ന് അതിനു ഉത്തരവിട്ടത് ദളവ ആയിരുന്ന വേലുത്തമ്പി ആയിരുന്നു. അവരെ ചവിട്ടി താഴ്ത്തിയ ഒരു ക്ഷേത്രക്കുളം അറിയപ്പെട്ടത് ദളവാക്കുളം എന്നായിരുന്നു. അവിടെ ഈ സമരത്തിന്റെ സ്മാരകത്തിന് പകരം ഉയര്‍ന്നിരിക്കുന്നത് ഒരു ബസ്സ് സ്റ്റാൻഡാണ്. സാമൂഹിക പരിവര്‍ത്തനത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരോട് ഒരു സമൂഹത്തിനു കാണിക്കാവുന്ന ഏറ്റവും വലിയ അവജ്ഞയാണ് നമുക്കവിടെ കാണുവാന്‍ കഴിയുക. പുതുസമൂഹം പടുത്തുയർത്താൻ രക്തസാക്ഷികളായ ആ ജാതി വിരുദ്ധ പോരാളികള്‍ക്ക് മുഖം തിരിഞ്ഞു നില്‍ക്കുന്ന നമ്മൾ നമ്മുടെ ജനാധിപത്യത്തെ തന്നെയാണ് അഹവേളിക്കുന്നത്.
ഇത് ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ല. തുടര്‍ന്നും ധാരാളം സമരങ്ങളും ജീവത്യാഗങ്ങളും ആശയ പോരാട്ടങ്ങളും കൊണ്ടാണ് ദലിത് സമൂഹം ഈ നാടിന്‍റെ ഫ്യൂഡൽ പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ട് പുതുയുഗ സൃഷ്ടിക്ക് കളമൊരുക്കിയത്. ഏറ്റവും വലിയ ദലിത് പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച അയ്യങ്കാളി അടക്കം സാമൂഹിക പരിവർത്തനത്തിന് വേണ്ടി നിലകൊണ്ട നിരവധി ദലിത് നേതൃത്വങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്.
ഇന്ന് നമ്മുടെ വര്‍ത്തമാനകാല കേരളത്തിൽ സജീവമായി ഉയരുന്ന മനുഷ്യാവകാശ-ജനാധിപത്യ രാഷ്ട്രീയത്തിന്റെ ശബ്ദങ്ങളില്‍ ദലിത് നേതൃത്വത്തിന്റെ ശബ്ദവും ശക്തമായി ഉയരുന്നുണ്ട്. വ്യക്തമായ നൈരന്തര്യമുള്ള ആ സാമൂഹിക -രാഷ്ട്രീയ ചരിത്രത്തിന്റെ ഇഴകള്‍ ശ്രദ്ധയോടെ പരിശോധിക്കുയും വിശകലനം ചെയ്യുകയും ചെയ്യുന്ന ചില പഠനങ്ങളും അഭിമുഖങ്ങളും കലാ-സാഹിത്യ രചനകളും നവമലയാളി വരും ദിവസങ്ങളിലായി പ്രസിദ്ധീകരിക്കുകയാണ്.
കേരളത്തിലെ ദലിത്-മനുഷ്യാവകാശ-സ്ത്രീ വാദ പ്രവര്‍ത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും അതിന്റെ വ്യവഹാരങ്ങളെ തങ്ങളുടെ നിരന്തരമായ ഇടപെടലുകളിലൂടെ കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുന്ന മൃദുലദേവി എസ്സും മായ പ്രമോദുമാണ് നവമലയാളിക്കു വേണ്ടി ഈ പ്രത്യക പതിപ്പ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഗൌരവമായ വായനകള്‍ക്കും തുടർ-സംഭാഷണങ്ങള്‍ക്കുമായി സസന്തോഷം ഇത് ഞാൻ വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.
ടി ടി ശ്രീകുമാര്‍
ചീഫ് എഡിറ്റർ
Be the first to write a comment.