മാനസികമായ സ്വാതന്ത്ര്യമാണ് യഥാർത്ഥ സ്വാതന്ത്ര്യം.
മനസ്സ് സ്വതന്ത്രമല്ലായെന്നുണ്ടെങ്കിൽ ചങ്ങലകളിലല്ലാത്ത ഒരു മനുഷ്യനും  സ്വതന്ത്രനായ മനുഷ്യനല്ല, അയാളൊരു അടിമ തന്നെ.
തടവിലല്ലാത്ത ഒരു മനുഷ്യനായാലും മനസ്സ് സ്വതന്ത്രമല്ലായെങ്കിൽ മനുഷ്യനും സ്വതന്ത്രനല്ല, തടവുകാരൻ തന്നെ.
ജീവിച്ചിരിക്കുന്നുവെങ്കിലും മനസ്സ് സ്വതന്ത്രമല്ലായെന്നുണ്ടെങ്കിൽ മരിച്ചുപോയൊരു മനുഷ്യനിൽ നിന്നും ഒരുവൻ വ്യത്യസ്തനല്ല.
മാനസ്സികമായ സ്വാതന്ത്ര്യമാണ് ഒരുവന്റെ നിലനിൽപ്പിന്റെ പ്രമാണം.”
                  –
ഡോ. ബി ആർ അംബേദ്കർ

ഡോ. അംബേദ്കറിന്റെ ഏറ്റവും പ്രസിദ്ധമായ ഒരു ഉദ്ധരണിയാണ് “വിദ്യ നേടുക- സംഘടിക്കുക- സമരം ചെയ്യുക” എന്നത്. സാമൂഹ്യനീതിയിലേക്കുള്ള പാതയിലേക്ക് കടക്കുവാൻ നൂറ്റാണ്ടുകളായി വിവേചനം നേരിടുന്ന ജനത ആദ്യം വിദ്യാഭ്യാസം നേടുകയും പിന്നീട് സംഘടിക്കുകയും അതിനുശേഷം  -അവകാശങ്ങൾക്കായി പോരാടുകയും വേണമെന്നാണ് അത് അർത്ഥമാക്കുന്നത്. ലോകത്തു പലയിടങ്ങളിലും കിഴക്കനേഷ്യയിലും ഏറ്റവുമധികം വിവേചനം നേരിടുന്ന ഒരു സമൂഹത്തിന്റെ മനുഷ്യാവകാശങ്ങൾക്കായി നിലനിൽക്കുന്ന ഒരു ആക്ടിവിസ്റ്റെന്ന നിലയ്ക്ക് ഞാനും സാമൂഹ്യനീതിയിലേക്കുള്ള പ്രാഥമികവും പ്രധാനവുമായ വഴിയായി കാണുന്നത് വിദ്യാഭ്യാസത്തെയാണ്. ആയിരക്കണക്കിന് വർഷങ്ങളായി ദലിതർക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെട്ടിരുന്നു. ഒരു ദലിതൻ സംസ്കൃത ശ്ലോകങ്ങൾ കേൾക്കാനിടവന്നാൽ അവന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണമെന്നാണ് മനുസ്മൃതി പറയുന്നത്. അപമാനിക്കപ്പെട്ടും അവഗണിക്കപ്പെട്ടും അടിച്ചമർത്തപ്പെട്ടും മനുഷ്യരെന്ന നിലയിലുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ടും ഞങ്ങൾ കടന്നുവന്ന വഴി നീണ്ടതാണ്. ഒരു കാലത്ത് ഞങ്ങൾ തൊട്ടുകൂടാത്തവരും, കണ്ടുകൂടാത്തവരും അടുത്തുവന്നുകൂടാത്തവരുമായിരുന്നു. ഞങ്ങളിൽ വലിയൊരു വിഭാഗവും കണ്ടുകൂടാത്തതും അടുത്തുവന്നുകൂടാത്തതുമായ അവസ്ഥകളിൽ നിന്നും പുറത്തുകടന്നുവെങ്കിലും ഇപ്പോഴും തൊട്ടുകൂടായ്മയും പലവിധത്തിലുള്ള സാമൂഹ്യമായ ബഹിഷ്കരണങ്ങളും നേരിടുന്നത് തുടരുകയാണ്.

വിദ്യാഭ്യാസം ശാക്തീകരണത്തിനുള്ള ഒരു ആയുധമാണ്. അതിലാണ് അംബേദ്ക്കർ വിശ്വസിച്ചിരുന്നതും. ജാതിവിവേചനം നിലനിൽക്കുന്നുണ്ടെങ്കിലും കിഴക്കനേഷ്യയിലെ ഭൂരിഭാഗം രാജ്യങ്ങളിലുമുള്ള ഭരണഘടനാപരമായ വ്യവസ്ഥകളനുസരിച്ച്, സകല പ്രതികൂലസാഹചര്യത്തിനിടയ്ക്കും, ദലിതർക്കും അരികുവൽക്കരിക്കപ്പെട്ട സമാന ജനവിഭാഗങ്ങൾക്കും സാക്ഷരത നേടുവാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ സാക്ഷരരായാൽ, വിദ്യാഭ്യാസം സിദ്ധമായി എന്നർത്ഥം വരുമോ? സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് തോന്നുന്നത് ഓരോരുത്തരും സ്വയം വിദ്യാഭ്യാസത്തിലേക്കുള്ള വഴി കണ്ടെത്തണമെന്നാണ്; അംബേദ്ക്കർ കാട്ടിത്തന്നതുപോലെ. ഈ വഴിയായിരിക്കും ജ്ഞാനത്തിന്റെ പാത, ജ്ഞാനം കരുത്താകുന്ന പാത. ജാതി അടിസ്ഥാനമായുള്ള ഈ സമൂഹത്തിൽ കരുത്തും അധികാരവും സംബന്ധിച്ചുള്ള എല്ലാ ചർച്ചകളെയും പുനർനിർവചിക്കാനാണ് നവ്സർജനിലൂടെ (Navsarjan) ഞങ്ങൾ ശ്രമിക്കുന്നത്.

കരുത്ത് അറിവിൽ നിന്നാണ് വരുന്നതെന്നും അല്ലാതെ ഒരു പ്രത്യേക ജാതിയിലോ, വംശത്തിലോ, വർഗ്ഗത്തിലോ, ലിംഗത്തിലോ, മതത്തിലോ ജനിക്കുന്നതുകൊണ്ടല്ലെന്നുമാണ് ഞങ്ങൾ പറയുന്നത്. ഞാനെന്ന വ്യക്തി അറിവു നേടിക്കഴിഞ്ഞ ശേഷം എങ്ങനെയായിരുന്നുവോ മറ്റുള്ളവർ എന്നോട് മോശമായവിധത്തിൽ പെരുമാറിയിരുന്നത്, ആ വിധത്തിൽ പെരുമാറുകയില്ല എന്ന തീരുമാനമാണ് പ്രധാനമായത്. പലപ്പോഴും അടിച്ചമർത്തപ്പെട്ടുപോന്ന സമുദായങ്ങൾ അധികാരം നേടിക്കഴിയുമ്പോൾ അവരുടെ ഭൂതകാലം വിസ്മരിക്കുകയും മറ്റുള്ളവരോട് മോശമായ വിധം പെരുമാറുന്നതായി കാണാം. അതു പാടില്ല.

ദലിതർ ഏകജാതീയമായ ഒരു സമുദായമല്ലെന്ന് മാത്രമല്ല ദലിതർക്കിടയിൽ തന്നെ മേലേക്കിടയെന്നും താഴെയെന്നുമുള്ള അസമത്വങ്ങളുണ്ട്. ശ്രേണീകൃതമായ ക്രമം (graded hierarchy) എന്ന് ഡോ. അംബേദ്ക്കർ വിളിക്കുന്ന ജാതിവ്യവസ്ഥ നിലനിൽക്കുന്ന സമൂഹത്തിന്റെ മനസ്സ് തന്നെയാണ് അവരും പിൻപറ്റുന്നത് എന്നതാണതിനു കാരണം. തെക്കനേഷ്യയിലെ ഏറ്റവും വലിയ ദലിത് ജനസംഖ്യയാണ് ഇന്ത്യയിലേത് – 20 കോടിയോളം വരുമത്. ജാതീയമായ വേർതിരിവ് നിലനിൽക്കുന്ന മറ്റു തെക്കനേഷ്യൻ രാജ്യങ്ങളിലും സമാനമായ സാഹചര്യം ഉണ്ടായിരിക്കണം.

അതായത് ഒരു വശത്ത് ദലിതർ സാക്ഷരരാകുന്നു, വിദ്യ നേടുന്നു എന്നത് നിലനിൽക്കെത്തന്നെ അവർ പരസ്പരം ഇടകലരുന്നില്ല, സഹകരിക്കുന്നില്ല എന്നതും വസ്തുതയാണ്. “തൊട്ടുകൂയായ്മയെ മനസ്സിലാക്കൽ” (“Understanding Untouchability”‌എന്ന പേരിൽ ഗുജറാത്തിലെ നവസർജൻ ട്രസ്റ്റ് ഒരു പഠനം നടത്തിയതിൽ ദലിതർക്കെതിരെ ദലിതർക്കുതന്നെയുള്ളിൽ നിലനിൽക്കുന്ന 98 തരം വിവേചനങ്ങൾ കണ്ടെത്തിയിരുന്നു. ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട കാര്യം 99 ശതമാനം ദലിതരും മിശ്ര-ജാതി വിവാഹങ്ങളിൽ വിശ്വസിക്കുന്നില്ലായെന്നും ഏർപ്പെടുന്നില്ലായെന്നതുമാണ്. അങ്ങനെയെങ്കിൽ അവർ വിദ്യാഭ്യാസം നേടിയിട്ടുണ്ട് എന്ന് നമുക്ക് പറയുവാൻ കഴിയുമോ? അവരുടെ മനോഭാവം ഉന്നത/അധികാര ജാതികളുടേതും സമുദായങ്ങളുടേതും തന്നെയല്ലേ?

അതുപോലെതന്നെയാണ് സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗപരമായ അസമത്വങ്ങളുടെ അതേ തരത്തിൽ ദലിതർക്കിടയിലും നിലനിൽക്കുന്ന പുരുഷാധിപത്യവും ലിംഗപരമായ വിവേചനങ്ങളും. ചരിത്രപരമായി അടിച്ചമർത്തപ്പെടുകയും അരികുവൽക്കരിക്കപ്പെടുകയും ചെയ്ത ഒരു ജനതയ്ക്ക് എങ്ങനെയാണ് അതുതന്നെ സ്വന്തം സ്ത്രീകളോടും പെൺകുട്ടികളോടും ചെയ്യുവാൻ കഴിയുക?വിദ്യാഭ്യാസം നേടിയവരെന്ന് പറയുന്ന ഭൂരിപക്ഷം ദലിത് പുരുഷന്മാരും മറ്റുള്ള ഉയർന്ന ജാതിയിലുള്ള പുരുഷന്മാരെപ്പോലെ തന്നെയാണ് പെരുമാറുന്നത്. അതിനാൽ തന്റെ ജാതി അസ്തിത്വത്താലും ഒപ്പം ലിംഗപരമായ അസ്തിത്വത്താലും രണ്ട് മടങ്ങ് പിന്നോട്ടുപോകുന്ന ഒരു ദലിത് സ്ത്രീ അനുഭവിക്കുന്ന ഭീകരാവസ്ഥ സങ്കല്പിക്കുവാൻ കഴിയാത്തത്രയാണ്.

അവൾ എല്ലാത്തരത്തിലുമുള്ള ജാതിഅടിച്ചമർത്തലുകളും ലിംഗപരമായ അടിച്ചമർത്തലുകളും ജാതിഹിംസയും ലിംഗപരമായ ഹിംസയും നേരിടുന്നു. ലിംഗപരമായി കൂടിയുള്ള രണ്ടാംസ്ഥാനം മൂലം തോട്ടിപ്പണി, ദേവദാസിവൃത്തി, അടിമപ്പണി, ബാലവേല എന്നിവ പോലെയുള്ള ഏറ്റവും മനുഷ്യത്വരഹിതമായ തൊഴിലുകളിലേക്കും കൂടി അവൾ തള്ളിവിടപ്പെടുന്നു. ഗാർഹികപീഡനം, അസ്വാഭാവികമരണം, മനുഷ്യക്കടത്ത്, കൂട്ടബലാൽസംഗം, ബലമായിട്ടുള്ള മതംമാറ്റം – ഒരു ദലിത് സ്ത്രീ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ അവസാനമില്ലാത്തവയാണ്. ഡോ അംബേദ്ക്കർ ഒരിക്കൽ പറഞ്ഞത് പ്രസിദ്ധമാണ് – “ഞാനൊരു സമൂഹത്തിന്റെ പുരോഗതി കണക്കാക്കുന്നത് അതിലെ സ്ത്രീകൾ എത്രകണ്ട് പുരോഗതി പ്രാപിച്ചിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്”. അതിനാൽ ജാതിബാധിതമായ രാജ്യങ്ങളിലെ ദലിതർ അവരവരുടെ സമുദായങ്ങളിലുള്ള സ്ത്രീകളുടെ അവസ്ഥകൾ ശ്രദ്ധിക്കാനും സാമൂഹ്യനീതിയുടെ വഴിയിലത് പ്രധാനമാണെന്ന് തിരിച്ചറിഞ്ഞ് ആ അവസ്ഥകളിൽ നിന്ന് അവരെ മോചിപ്പിക്കാൻ ശ്രമിക്കേണ്ടതും അത്യാവശ്യമാണ്.

ഐക്യപ്പെടുകയും ഐക്യത്തോടെ തന്നെ നിലനിൽക്കുകയും വേണം എന്നുള്ളതാണ് ദലിത് ശാക്തീകരണത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും പ്രധാനപടി. തങ്ങളുടെ ദേശീയവും, പ്രാദേശികവും, ജനിതകപരവും ജാതീയവും വർഗ്ഗപരവുമായ അസ്തിത്വങ്ങളെ മറന്നുകൊണ്ട് സംഘടിച്ച് ഒറ്റശക്തിയാകുവാൻ ദലിതർക്ക് കഴിയുമോ എന്നുള്ളതാണ് ചോദ്യം. ജാതിബാധിതമായ രാജ്യങ്ങളിലെല്ലാം പരസ്പരം ഭിന്നിക്കപ്പെട്ടവയായതിനാൽ ഐക്യത്തോടെയുള്ള ദലിത് മുന്നേറ്റങ്ങളില്ല എന്നതാണ് സത്യം. അവയുടെ കരുത്തും ഊർജ്ജവും ഭാഗിച്ചുപോയിരിക്കുന്നു. ഒരു പ്രധാനകാര്യം ദലിത് അവകാശപ്പോരാട്ടങ്ങൾക്കൊന്നും പൊതുവായുള്ള ഒരൊറ്റ തത്വശാസ്ത്രമില്ലായെന്നതാണ്. വരേണ്യരായവരും താഴേക്കിടയിലുള്ളവരുമായ ആക്ടിവിസ്റ്റുകൾ തമ്മിലും ഐക്യമില്ല. ഇന്ത്യയിൽ വടക്കുള്ളവരും തെക്കുള്ളവരുമായ ദലിതുകൾ തമ്മിൽ ചേർച്ചയേയില്ല. വളരെ അപൂർവ്വമായി ഒരുമിച്ച് ഒരു പ്ലാറ്റ്ഫോമിലേക്ക് വരാറുണ്ടെങ്കിലും പൊതുവെ തങ്ങളുടെ വേർതിരിവുകളെ മറികടന്ന് സംഘടിതശക്തിയാകാൻ ദലിത് അവകാശപ്പോരാട്ടങ്ങൾക്കു കഴിയുന്നില്ല. ഐക്യശക്തിക്ക്  ഉദാഹരണമാണ്  വംശീയത, അന്യദേശവിദ്വേഷം, ബന്ധപ്പെട്ട അസഹിഷ്ണുതകൾ എന്നിവയെക്കുറിച്ച് 2001-ൽ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ലോക കോൺഫറൻസ്. അന്ന് നിരവധി ദലിത് സംഘടനകൾ ദലിത് മനുഷ്യവകാശത്തിനായുള്ള ദേശീയ കാമ്പെയ്നിൽ പങ്കെടുത്തത് ഒരൊറ്റ ലക്ഷ്യത്തോടെയാണ് – ജാതി എന്ന വിഷയം ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിന്റെ അജണ്ടയുടെ ഭാഗമാക്കുക എന്ന ലക്ഷ്യം. നിരവധി രാഷ്ട്രീയസംഘടനകളുടെയും രാഷ്ട്രീയേതരസംഘടനകളുടെയും നേതാക്കളെ അത് ഒരുമിച്ച് കൊണ്ടുവന്നു. തെക്കനേഷ്യയിൽ നിന്നുള്ള ദലിത് അവകാശപ്രവർത്തകരായ ഇരുന്നൂറിലധികം സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് പങ്കെടുത്തത് പ്രത്യേകം ദൃശ്യമായിരുന്നു. ഈ സംഘടിതശക്തി ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തെക്കുറിച്ച് മനുഷ്യാവകാശ കൗൺസിൽ ചർച്ച ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തി. ഇപ്പോഴത് മനുഷ്യാവകാശ കൗൺസിലിന്റെയും അതിന്റെ നിരവധി ഘടകങ്ങളുടെയും പ്രവർത്തനരീതികളുടെയും തന്നെ ഭാഗമാണ്.

ചുരുക്കം ചില നേട്ടങ്ങൾക്കപ്പുറം ജാതിപരമായ വിവേചനത്തെക്കുറിച്ചും ജാതി ഉന്മൂലനത്തെക്കുറിച്ചും ഡോ. അംബേദ്ക്കർ ഉയർത്തിയതുപോലെയുള്ള വിഷയങ്ങൾക്ക് വേണ്ടത്ര ശ്രദ്ധയും അംഗീകാരവും കിട്ടിയിട്ടില്ല. ജാതിവേർതിരിവ് അനുഭവിക്കുന്ന പല ജനതകൾ സാമൂഹ്യനീതി എന്നതിന് വ്യത്യസ്ത അർത്ഥങ്ങളാണ് കൽപ്പിക്കുന്നത് എന്നതാണ് അതിന് കാരണം. വിവേചനം അനുഭവിക്കുന്ന പല സമുദായങ്ങളുടെ ഭാഗമായ നമ്മളിൽ പലരും സംവരണവും ചില ഗവണ്മെന്റ് പരിപാടികളും സ്കീമുകളും വഴിയുള്ള അല്പം ആനുകൂല്യങ്ങളും കൊണ്ട് തൃപ്തരാണ്- സാമൂഹ്യനീതിയെക്കുറിച്ച് നാം സംസാരിക്കുന്നതുതന്നെയില്ല.

പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ ജനസംഖ്യയിൽ വളരെ കുറവാണ് എന്നതിനാൽ  ഒരു ന്യൂനപക്ഷം എന്ന നിലയ്ക്കുള്ള അവരുടെ നിലനിൽപ്പുതന്നെ തുലാസ്സിലാണ്. അതാതിടങ്ങളിലെ ഭരണഘടനകൾ അവരുടെ പ്രശ്നങ്ങളെയും അവകാശങ്ങളെയും അംഗീകരിക്കാത്തത് ജാതി മൂലം അവർ നേരിടുന്ന വിവേചനങ്ങൾക്കും ഹിംസകൾക്കുമെതിരെ സംസാരിക്കുന്നതിൽ നിന്നും അവരെ അശക്തരാക്കുകയും ചെയ്യുന്നു.

സാമൂഹ്യനീതിക്കു വേണ്ടിയുള്ള മുഴുവൻ പോരാട്ടവും ശക്തമാകുന്നത് നാം പ്രക്ഷോഭം നയിക്കുമ്പോഴാണ്. സ്വന്തം അവകാശം ചോദിച്ചുവാങ്ങുവാനും മനുഷ്യരായി അംഗീകരിക്കുവാനും തെക്കനേഷ്യയിലെ അടിച്ചമർത്തവർ ചെയ്യേണ്ടത് അതാണെന്നാണ് ഡോ. അംബേദ്ക്കർ പറയുന്നതും. പ്രക്ഷോഭം നയിക്കുകയെന്നാൽ സമാധാനപരമായി സംഘം ചേരുക എന്നതാണ്, ഉച്ചത്തിൽ സംസാരിക്കുക എന്നാണ്, കരുത്ത് കാട്ടുക എന്നതാണ് – എന്നാൽ സമാധാനപരമായി, പരസ്പര ബഹുമാനത്തോടെ, അഹിംസയിൽ അടിയുറച്ച്. പലവിധകാരണങ്ങളാൽ ജാതിപരമായ വിവേചനത്തിനെതിരെയുള്ള മുന്നേറ്റങ്ങൾ പാക്കിസ്താനിലും ശ്രീലങ്കയിലും നടക്കുന്നില്ല. എന്നാൽ ഇന്ത്യയിലും ശേഷം നേപ്പാളിലും ബംഗ്ലാദേശിലും അത്തരം പല പ്രക്ഷോഭങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്.

“വിദ്യ നേടുക- സംഘടിക്കുക സമരം ചെയ്യുക” എന്ന ഡോ. അംബേദ്ക്കറുടെ സന്ദേശം ഇന്ത്യയ്ക്ക് പുറമേയുള്ള തെക്കനേഷ്യയിലെ ജാതിബാധിത രാജ്യങ്ങളിൽ ആവശ്യത്തിനു പ്രചാരത്തിലായിട്ടില്ല. അതിനാൽ തെക്കനേഷ്യയിൽ സാമൂഹ്യനീതി കൈവരിക്കാനുള്ള പാത എന്ന നിലയ്ക്ക് അംബേദ്ക്കറുടെ തത്വചിന്ത പ്രചരിപ്പിക്കുവാൻ താഴെ നിർദ്ദേശിക്കുന്ന കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

– യൂണിവേഴ്സ്റ്റികൾ, കോളേജുകൾ, എൻ.ജി.ഓ-കൾ, പാക്കിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് അംബേദ്കറുടെ ജീവിതത്തെയും സന്ദേശത്തെയും കുറിച്ചുള്ള സെമിനാറുകൾ സംഘടിപ്പിക്കുക.

– അംബേദ്ക്കർ തത്വചിന്തയും ആശയങ്ങളുമായി ബന്ധപ്പെട്ട അച്ചടി-ശ്രവ്യ-ദൃശ്യ പഠനങ്ങൾ വിതരണം ചെയ്യുക. ഉർദു, നേപ്പാളി, സിംഹള, ബംഗ്ലാ മുതലായ ഭാഷകളിലേക്ക് അവ തർജ്ജമ ചെയ്യുക.

– പാക്കിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ യുവജനങ്ങൾക്ക് ഇന്ത്യൻ സിവിൽ സൊസൈറ്റി സംഘടനകൾ, സർവ്വകലാശാലകൾ, കോളേജുകൾ മുതലായവ നടത്തുന്ന സമാനമായ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും പങ്കെടുക്കാനും അവസരങ്ങളുണ്ടാക്കുക.

– അംബേദ്ക്കർ ലൈബ്രറികൾ, അംബേദ്കർ, ജ്യോതിബാ ഫൂലെ മുതലായ സാമൂഹ്യപരിഷ്കർത്താക്കളുടെ കൃതികളെക്കുറിച്ചുള്ള ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിക്കുക പോലെയുള്ള കാര്യങ്ങൾ.
———————————
വിവർത്തനം: സ്വാതി ജോർജ്ജ്

Comments

comments