നിലത്തിറക്കിക്കിടത്തിയ
ആ യുവാവിന്റെ കട്ടിലിൽ
അവൾ കയറിക്കിടന്നത്
ആരും ശ്രദ്ധിച്ചിരുന്നില്ല.
അയാളുടെ മുറിവുകൾ തുന്നാനും
മുറി തൂത്തുവാരാനും
അവളെ പുറത്താക്കിയവരൊന്നും
ഇപ്പോൾ തിരിഞ്ഞുനോക്കുന്നുമില്ല.

ബൈസ്റ്റാൻഡർ ഇപ്പോൾ
അനങ്ങുന്നില്ല.
ചൂടും വെളിച്ചവും പകർത്തി
സ്വയം പൊള്ളുന്ന ഒരുപഗ്രഹമായി
അയാൾക്കു ചുറ്റും
അവൾ കറങ്ങിയിരുന്നതാണ്.
അവളെച്ചുറ്റിയ ആശുപത്രിക്കിടക്കകൾ,
ഇടനാഴികൾ, മരുന്നുശാലകൾ,
അവയെ വട്ടംവച്ച ആളുകൾ,
അവർക്കു ചുറ്റുമായി
പിന്നെയും ആളുകൾ,
എല്ലാവർക്കും മീതേ മിന്നുന്ന വിളക്കുകൾ-
വെളിച്ചത്തിന്റെ വലയങ്ങളെല്ലാമൊഴിഞ്ഞ്
നരച്ച വിരിപ്പിൽനിന്നു
വേറിട്ടറിയാനാവാതെ
അവളിപ്പോൾ അടങ്ങിക്കിടപ്പാണ്.

വ്രണങ്ങളിൽക്കൊത്തിയ നോവ്
ഒരു ചുവന്ന പക്ഷിയായി
ഇടയ്ക്കൊന്നു പുറത്തേക്കു പറന്നപ്പോൾ
ആ യുവാവ് ഒന്നു ചിരിച്ചിരുന്നു.
എന്നിട്ടുമന്നേരം
നിർത്താതെ അലമുറയിട്ടതിന്
അവൾ കുറേ പഴിയും കേട്ടിരുന്നു.

അറ്റുതുടങ്ങിയ അവയവങ്ങളുടെ
പഴുതുകളിൽനിന്ന്
അയാളുടേതെന്നു തോന്നാത്ത
കെടുമ്പിച്ച ഒരു മണം
ചുമരുകളിൽച്ചെന്നു തടഞ്ഞപ്പോൾ,
ആ യുവാവിന്റെ സ്വന്തം ഉടൽ
മുഷിഞ്ഞുമുഷിഞ്ഞ്
അയാളുടേതല്ലാതാവാൻ
തുടങ്ങിയപ്പോൾ
മഴ പെയ്തു തോർന്നാലും
കെട്ടിനില്ക്കുന്ന ചെളിവെള്ളംപോലെ
അവളുടെ കരച്ചിൽ
മുറിയിൽ നിറഞ്ഞിരുന്നതാണ്.

ഉടൽ ഒരു പതാകയാക്കി,
മുറിവുകളെല്ലാം
അതിലെ അടയാളങ്ങളാക്കി
മുറിക്കു പുറത്ത് ആ യുവാവ്
ഇപ്പോൾ ചിരിച്ചുകിടക്കുന്നണ്ട്.
അയാളുടെ മണമുള്ള കട്ടിലിൽ
അവൾ മുഖമമർത്തുന്നുണ്ട്.
പുറത്തു കണ്ട ചോരയ്ക്കും
അകത്തോടുന്ന നീരിനും
നിറവും മണവും മാറ്റമുണ്ടെന്ന്
അവൾക്കു മനസ്സിലായിട്ടുണ്ട്.

ബൈസ്റ്റാൻഡർ ഇപ്പോൾ
നിലയില്ലാത്ത മൗനത്തിലാണ്.
നിലവിളികളെല്ലാം
നുരകൾ മാത്രമാണെന്നും
ആഴങ്ങളിൽ കടൽ
അനാഥമാണെന്നും
അവൾക്കിപ്പോളറിയാം.

Comments

comments