‘വീണ്ടെടുപ്പ്’ എന്ന, കേരള സാഹിത്യ അക്കാദമി സെമിനാറിൽ അവതരിപ്പിച്ച പ്രൊഫ.ബി.രാജീവന്റെ  പ്രബന്ധം ചില ഓർമപ്പെടുത്തലുകളാണ്. മലയാളികൾ വളരെ ഗൗരവത്തോടെ അഭിമുഖീകരിക്കേണ്ട ചില പ്രശ്നങ്ങളും അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രൊഫ. രാജീവന്റെ നിരീക്ഷണത്തിൽ ഉള്ളടങ്ങിയിരിക്കുന്ന ചില കാര്യങ്ങൾ മറ്റുപല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്‌.  പ്രൊഫ. രാജീവൻ പറയുന്നു:“ഗാന്ധിക്കും മുൻപേ ആധുനികതയുടെ നവസവർണ്ണ മുതലാളിത്തത്തിനും പാശ്ചാത്യ ആധുനികതയുടെ വൈപരീത്യങ്ങൾക്കുമെതിരേ ശക്തമായ നിലപാട് കൈക്കൊണ്ടവരാണ് അയ്യാ വൈകുണ്ഠ സ്വാമികളും ശ്രീനാരായണ ഗുരുവും. അതുകൊണ്ടുതന്നെ അവർ ഉത്‌ഘാടനം ചെയ്ത നവോത്ഥാനത്തിൻറെ യഥാർത്ഥമായ പൊരുൾ പൂർണ്ണമായും തമസ്കരിക്കപ്പെടുകയും ഗാന്ധിയുടെ കാര്യത്തിലെന്നപോലെ അവരെ ആധിപത്യം പുലർത്തുന്ന വ്യവസ്ഥയുടെ നോക്കുകുത്തികളാക്കി മാറ്റുകയും ചെയ്തു.”

പ്രൊഫ. രാജീവൻ തുടരുന്നു: “കൊളോണിയൽ ആധുനികതക്കും നാട്ടിൽ വളർന്നുവന്ന ലിബറൽ മുതലാളിത്ത ആധുനികതക്കും പകരം നിൽക്കാൻ പോന്ന അതിശക്തമായ ഒരു ബദൽ ആധുനികത (Altermodernity) ക്കാണ് നാരായണഗുരുവും ജന്മം നൽകിയത്.”

പ്രഫ. ബി രാജീവൻ

വൈകുണ്ഠ സ്വാമികളും ശ്രീനാരായണ ഗുരുവും “പടിഞ്ഞാറും കിഴക്കുമുള്ള മുതലാളിത്ത ആധുനികതയുടെ വികൃത മുഖങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു ബദൽ ആധുനികത” സൃഷ്ടിച്ചു എന്ന പ്രൊഫ.രാജീവിന്റെ തുടർ നിരീക്ഷണം എത്രത്തോളം ശരിയാണ്? “സ്നേഹത്തിലും ത്യാഗത്തിലും അധിഷ്ഠിതമായ ഈ ബദൽ ജീവിതഭാവനയുടെ രാഷ്ട്രീയ ശക്തി” എവിടെയാണ് നമുക്ക് അനുഭവേദ്യമായത്? പിന്നീട് അദ്ദേഹം പറയുന്നു: “എസ് എൻ ഡി പി യോഗത്തെ സ്വന്തം വർഗ്ഗ താൽപ്പര്യം സംരക്ഷിക്കാനുള്ള ഒരുപകാരണമാക്കി മാറ്റുകയും ശ്രീനാരായണ ധർമ്മത്തെ സ്വയം നവസവർണ്ണവത്ക്കരണത്തിനുള്ള ഒരു പദ്ധതിയാക്കി മാറ്റുകയുമാണ് അവർ ചെയ്തത്.”

വാസ്തവത്തിൽ അത്രത്തോളം വിപുലമായ ഒരു ബദൽ “രാഷ്ട്രീയഭാവന” ഗുരു വളർത്തിയെടുത്തിരുന്നോ? ദാർശനിക തലത്തിൽ അങ്ങനെയെല്ലാമായിരുന്നു എന്ന് വാദിച്ചാൽപോലും പ്രായോഗിക തലത്തിൽ അത്തരമൊരു പ്രചരണമോ, സംഘാടനമോ അവർ മുന്നോട്ടു കൊണ്ടുപോയിരുന്നോ? എസ്.എൻ.ഡി.പി ഗുരുവിന്റെ കാലത്തും ഉണ്ടായിരുന്നല്ലോ? അന്നൊന്നും ഒരു വെള്ളാപ്പള്ളി നടേശനും ഇല്ലായിരുന്നില്ലല്ലോ? എസ്.എൻ.ഡി.പി എപ്പോഴാണ് പ്രൊഫ രാജീവ് പറയുന്നതുപോലെ “ഈഴവ മുതലാളിത്വ”ത്തിലേക്കുതിരിയുന്നത്? അങ്ങനെയൊരു മുതലാളിത്തം (ജാതീയമായിത്തന്നെ) അന്ന് (ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ മൂന്നു  ദശകങ്ങളിൽ) സംഭാവ്യമായിരുന്നോ? ദേശീയതലത്തിൽ തന്നെ മുതലാളിത്തം ഒരു ഉത്പാദന വ്യവസ്ഥയായി, അതിനു മേലാളന്മാരായി സാമ്പത്തിക ശക്തികൾ ഉണ്ടായി വരുന്നതേയുള്ളൂ. ഇവിടെ കുറെ നാട്ടുമുതലാളിമാർ (അതും ജന്മി-നാടുവാഴിത്തം നൽകുന്ന വ്യവസ്ഥക്കുള്ളിൽ) ഉയർന്നു വന്നത് ഒരു മുതലാളിത്ത ഉത്പാദന വ്യവസ്ഥയായിട്ടോ, ബദൽ ആധുനികതയ്ക്കു വേണ്ട സാമ്പത്തിക പശ്ചാത്തലമായിട്ടോ കരുതാൻ പറ്റുമോ? കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ ആ അർത്ഥത്തിൽ കൂടുതൽ സങ്കീർണമാവുകയാണ്.

മത-ജാതിവിലക്കുകൾ കൊണ്ട് വിവിധ ജനവിഭാഗങ്ങൾ ആധുനികതയിലേക്കു കടക്കാൻ വിമുഖത കാണിക്കുകയോ അല്ലെങ്കിൽ അവരെ തടസ്സപ്പെടുത്തിയ സാഹചര്യങ്ങൾ

വക്കം മൗലവി

നിലനിൽക്കുകയോ ചെയ്ത പശ്ചാത്തലത്തിലാണ് കേരളത്തിൽ നവോത്ഥാനശ്രമങ്ങൾ നടക്കുന്നത്. അതിൽ അവർണ/കീഴാള വിഭാഗങ്ങൾ മാത്രമല്ല ഉണ്ടായിരുന്നത്. മുസ്ലിം സമുദായത്തിൽ മക്തി തങ്ങളും, വക്കം മൗലവിയും, ഇതര സമുദായങ്ങളിൽ വി. ടി ഭട്ടതിരിപ്പാടും, ചട്ടമ്പിസ്വാമിയും വാഗ്ഭടാനന്ദനും, അയ്യങ്കാളിയും, ചവറ കുര്യാക്കോസ് അച്ഛനും, പൊയ്കയിൽ അപ്പച്ചനും, പാമ്പാടി ജോൺ ജോസഫും, ആറാട്ടുപുഴ വേലായുധപണിക്കരും, വേലുക്കുട്ടി അരയനും, പണ്ഡിറ്റ് കറുപ്പനും തുടങ്ങി നിരവധിപേർ വിവിധ

പൊയ്കയിൽ അപ്പച്ചൻ

കാലങ്ങളിൽ വിവിധ അളവുകളിൽ നവോത്ഥാനമുന്നേറ്റത്തിന് സംഭാവനകൾ നൽകിയിട്ടുണ്ട്. അവരവർ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങളിൽ നിന്നുള്ളവർക്ക് ആധുനികതയിലേക്കു കടന്നു ചെല്ലാനുള്ള വാതായനങ്ങളാണ് അവർ തുറന്നത്. അതിൽ തന്നെ വിവിധതരം ധാരകളുണ്ട്. അതിനു തടസ്സം നിന്ന ആചാരങ്ങളും വിലക്കുകളുമാണ് അവർ ഭേദിക്കാൻ ശ്രമിച്ചത്. ഇതിൽ എത്രത്തോളം അവർ വിജയിച്ചു, എത്രത്തോളം മറ്റു പൊതു ഇടങ്ങളുമായി സംഘർഷത്തിൽ ഏർപ്പെടേണ്ടി വന്നു, അവരുമായി എത്രത്തോളം കൈകോർത്തുപിടിച്ചു എന്നതെല്ലാം ഗൗരവമായി പരിശോധിക്കേണ്ട കാര്യമാണ്.  ഏകശിലാരൂപത്തിലുള്ള നവോത്ഥാനപ്രക്രിയ ആയിരുന്നില്ല കേരളത്തിൽ ഉണ്ടായിരുന്നത്. അത് പ്രഖ്യാപിക്കപ്പെട്ടതുപോലെ വെറും കീഴാള കേന്ദ്രീകൃത നവോത്ഥാനവുമായിരുന്നില്ല.

ഇതിൽ തന്നെ മുതലാളിത്വ-വിരുദ്ധമെന്നോ, മുതലാളിത്വ-ആധുനിക വിരുദ്ധമെന്നോ സാമ്രാജ്യത്വ-വിരുദ്ധമെന്നോ ഒക്കെ വിളിച്ചു ഈ പ്രസ്ഥാനങ്ങളെയോ അതിന്റെ നേതൃസ്ഥാനത്തു വന്നവരെയോ പർവ്വതീകരിക്കാൻ കഴിയില്ല. അവരെല്ലാം ശ്രേഷ്ടവ്യക്തിത്വങ്ങൾ തന്നെയായിരുന്നു. പക്ഷെ ഓരോ ശ്രമങ്ങളും വ്യത്യസ്തതകൾ നിറഞ്ഞതായിരുന്നു. സങ്കീർണതകൾ നിറഞ്ഞതായിരുന്നു.

ഒരു ഉദാഹരണം, സ്ത്രീകളുടെ നിലയെയും അവകാശങ്ങളെയും സംബന്ധിക്കുന്ന കാര്യം എടുക്കുക. മക്തി തങ്ങളുടെ വീക്ഷണമായിരുന്നില്ല വക്കം മൗലവിയുടേത്. വി.ടിയുടെ കാഴ്ചപ്പാടായിരുന്നില്ല നാരായണഗുരുവിന്റേത്. ചാവറ അച്ഛനും, പൊയ്കയിൽ അപ്പച്ചനും അയ്യങ്കാളിയും അത്തരത്തിൽ വ്യത്യസ്തതകൾ നിലനിർത്തിയിരുന്നു. മാത്രമല്ല അവരുടെയെല്ലാം കൊളോണിയൽ ഭരണകൂടത്തോടും പുരോഗമന-ജനാധിപത്യ-ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും ഉള്ള നിലപാടുകളും വ്യത്യസ്തമായിരുന്നു. നവോത്ഥാനത്തിലെ ഈ വ്യത്യസ്തതകൾ നിലനിർത്തി കൊണ്ടാണ്, അവയെ വിവിധ അളവുകളിൽ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുന്നോട്ടു പോയത്. നവോത്ഥാനം മുന്നോട്ടു വെച്ച സാമൂഹികാധികാരത്തിന്റെ ഇന്ധനം രാഷ്ട്രീയപ്രസ്ഥാനങ്ങൾ രാഷ്ട്രീയാധികാരത്തിന്റെ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗപ്പെടുത്തിയതാണ് പിന്നെ സ്വതന്ത്ര കേരളം കണ്ടത്. പെരുന്നയും, പാലായും, കണിച്ചുകുളങ്ങരയും, ദേവലോകവും, പണക്കാടും അധികാരകേന്ദ്രങ്ങളാകുന്നത് അങ്ങിനെയാണ്. സാമൂഹികാപചയത്തിന്റെ ആദ്യചവിട്ടുപടികൾ ഈ കോലാഹല ഇടങ്ങളിലായിരുന്നു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ്-ഇടതുപ്രസ്ഥാനങ്ങൾ ഇവിടെ ആഴത്തിൽ വേരോടാൻ കാരണം നവോത്ഥാന പ്രസ്ഥാനങ്ങളെ അവർക്കു രാഷ്ട്രീയമായി സ്വാംശീകരിക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. എന്നാൽ വലതുപക്ഷ പ്രസ്ഥാനങ്ങൾ നേരെ തിരിഞ്ഞു നടക്കുകയായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണം പ്രൊഫ. രാജീവൻ ചൂണ്ടികാണിച്ച ‘വിമോചനസമരം’ തന്നെയാണ്. അത് പ്രത്യക്ഷത്തിൽ കമ്മ്യൂണിസ്റ് വിരുദ്ധവും നവോത്ഥാനം ബാക്കിവെച്ച സാമൂഹികാധികാരത്തിനുമേൽ കെട്ടിപ്പൊക്കിയ വെറും മാറാലകളുമാണ്. ഇരകളെ തേടി കുടിയിരിക്കുന്ന ആ എട്ടുകാലികകളുടെ ഇടയിലേക്കാണ് ഒരു പുതിയ ജീവിവർഗ്ഗം കടന്നുവരുന്നത്. ഹിംസയെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി വളർത്തിയെടുത്ത സംഘ്പരിവാർ. നവോത്ഥാനത്തിന്റെ അരികത്തുപോലും എത്തിനോക്കാൻ കഴിയാതിരുന്ന അവരുടെ രാഷ്ട്രീയപ്രതിസന്ധി വാസ്തവത്തിൽ കേരളത്തിലാണ് ഉരുണ്ടുകൂടിയത്. ഇന്ത്യയിൽ മറ്റെല്ലാ പ്രദേശത്തും കാവിക്കൊടി ഉയർന്നപ്പോഴും കേരളം അതിനെ പ്രതിരോധിച്ചത് ഈ നവോത്ഥാനം ബാക്കിവെച്ച പൊതുനന്മ ബോധം നിലനിന്നതു കൊണ്ടാണ്, നിലനിർത്തിയത് കൊണ്ടാണ്. അതിനു കാരണം നവോത്ഥാനത്തെ എല്ലാ അർത്ഥത്തിലും കൊണ്ടുനടന്ന ഇടതുപക്ഷം ഇവിടെ അപ്പോഴും ശക്തമായൊരു നിലപാട് സ്വീകരിച്ചത് കൊണ്ടാണ്. നവോത്ഥാനത്തിന്റെ ആ പൊതുബോധത്തിൽ ഏതെങ്കിലും ഒരു ധാരമാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. എല്ലാ ജാതി-മത പ്രസ്ഥാനങ്ങളിലെയും പുരോഗമനാശയങ്ങൾ പരസ്പരപൂരകമായി ഇവിടെ പ്രവർത്തിച്ചിരുന്നു. ഇവിടെ ഇടതു പ്രസ്ഥാനങ്ങൾ എന്ന് കുറിച്ചത് കേവലം സിപിഎം എന്ന  പാർട്ടിയെ മാത്രം ഉദ്ദേശിച്ചല്ല. ചെറുതും വലുതുമായ ഇടതുപ്രസ്ഥാനങ്ങളും കൂട്ടായ്മകളും കേരളത്തിന്റെ സവിശേഷതയാണ്. കാലാന്തരത്തിൽ രൂപപ്പെട്ടു വന്ന വിവിധ നവസാമൂഹിക പ്രസ്ഥാനങ്ങളും ആശയ തലത്തിൽ ഇടതുപക്ഷത്തോടൊപ്പമാണെന്നാണ് ഞാൻ കരുതുന്നത്. മുഖ്യധാരാ ഇടതുപാർട്ടികളോടു കലഹിക്കുമ്പോൾ പോലും അവർ മുന്നോട്ടു വെക്കുന്നത് മാറ്റത്തിന്റെ ഇടതുബദൽ തന്നെയാണ്. ലിംഗനീതിക്കു വേണ്ടിയും കീഴാളവിമോചനത്തിന് വേണ്ടിയും തെരുവിലിറങ്ങുന്നതു ‘ഇടതുപക്ഷ’മാവാതെ തരമില്ല.

“സംഘപരിവാറിനെതിരായ പഴയ ലിബറൽ പുരോഗമന വാദത്തിന്റേയും യുക്തിവാദത്തിന്റേയും ശാസ്ത്രവാദത്തിന്റേയും കാലഹരണപ്പെട്ട ചിന്താഗതികൾ വിട്ട് ബദൽ ആധുനികതയുടെ ഈ പുതിയ സ്ഫുരണത്തെ നമുക്ക് വളർത്തിയെടുക്കേണ്ടിയിരിക്കുന്നു” എന്ന്  പ്രൊഫ. രാജീവൻ പറയുമ്പോൾ ആ “ബദൽ” അയ്യാ വൈകുണ്ഠ സ്വാമികളും ശ്രീനാരായണ ഗുരുവും മാത്രം സൃഷ്ടിച്ച ഒന്നല്ല എന്ന് കൂടി പറയേണ്ടിയിരിക്കുന്നു. സഹജബോധത്തിന്റെയും നന്മയുടെയും നീതിയുടെയും ‘ബദലുകൾ’ അന്വേഷിച്ചവരിൽ പലരും സവർണ-അവർണ വിഭാഗങ്ങളിലുണ്ട്, വിവിധ മത-ഗോത്ര സമൂഹങ്ങളിലുണ്ട്.

നവോത്ഥാനം ഏകശിലാരൂപത്തിലുള്ള ഒന്നല്ല എന്ന് പറയുമ്പോൾ പോലും അതിന്റെ വൈവിധ്യങ്ങൾ രൂപപ്പെടുത്തിയ ഒരു പൊതുനന്മയുണ്ട്. അതാണ് കാത്തുസൂക്ഷിക്കേണ്ടത്. അതിനു ഒരു പ്രകൃതിദുരന്തം വരെ കാത്തിരിക്കേണ്ടതില്ല എന്നാണ് കാലം നമ്മെ ബോധ്യപ്പെടുത്തുന്നത്. പ്രകൃതി ദുരന്തം ഉണ്ടായ ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും കാണാൻ സാധിക്കുന്ന മാനവികത തന്നെയാണ് ഇവിടെ കേരളത്തിലും കണ്ടത്. കേരളത്തിന്റെ പൗരസമൂഹം ഇതു തിരിച്ചറിഞ്ഞു വരാൻ അൽപ്പം വൈകി എന്ന് മാത്രം. “പുരോഗമന വാദത്തിന്റേയും യുക്തിവാദത്തിന്റേയും ശാസ്ത്രവാദത്തിന്റേയും…. ചിന്താഗതികൾ” തന്നെയാണ് നമുക്ക് വേണ്ടതെന്നു ശബരിമല പ്രശ്‍നം അടിവരയിട്ടു ഓർമിപ്പിക്കുന്നു. സംഘ്പരിവാർ ഉയർത്തുന്ന രാഷ്ട്രീയവെല്ലുവിളികൾ നേരിടാൻ ആ അർത്ഥത്തിൽ ഇത്തരം ‘ബദലു’കൾക്കാവില്ല. അതിനു ശക്തമായ പ്രതിരോധക്കോട്ടകൾ തന്നെ വേണം.  വ്യത്യസ്ത തലങ്ങളിൽ നിന്നും. നിർഭാഗ്യകരമെന്നു പറയട്ടെ കോൺഗ്രസ് എന്ന പ്രസ്ഥാനം ഇപ്പോൾ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ “പേറെടുക്കാൻ പോയവർ ഇരട്ട പെറ്റു” എന്ന പറഞ്ഞ പോലെയാണ്. യഥാർത്ഥത്തിൽ പ്രളയാനന്തരകാലത്തെ രാഷ്ട്രീയദുരന്തത്തിൽ പെട്ടത് കോൺഗ്രസ്സും സംഘ്പരിവാറുമാണ്. ആ ദുരന്തമുഖത്തിൽ നിന്നും രക്ഷപ്പെട്ടേക്കാമെന്ന വ്യാമോഹത്താലാണ് ‘ജാത്യാചാര’ ലോകത്തെ അവർ ‘ശരണം’ പ്രാപിക്കുന്നത്.

Comments

comments