ചരിത്രത്തിൽ നവോത്ഥാനത്തിന്റെ മൂല്യങ്ങളെന്നും മനുഷ്യകേന്ദ്രീകൃതമായിരുന്നു. യുക്തിയായിരുന്നു അതിന്റെ കൊടിയടയാളം. ആ യുക്തിയുടെ വാതിലുകൾ കൂടുതൽ മെച്ചപ്പെട്ട ലോകങ്ങളിലേക്ക് മനുഷ്യനുവേണ്ടി തുറക്കാനുള്ളവയും. അതിനെ കൊട്ടിയടയ്ക്കാൻ നിലകൊണ്ടവർ അതിനാൽ തന്നെ എന്നും മനുഷ്യവിരുദ്ധതയുടെ ചരിത്രകോളങ്ങളിലാണ്. എഴുത്തിലും കലയിലും ചിന്തയിലും തുടങ്ങി ജീവിതരീതിയിൽ നിന്നുകൂടി നവോത്ഥാനം ക്രമേണ പൊട്ടിച്ചുകളഞ്ഞ ചങ്ങലക്കണ്ണികൾ ഫ്യൂഡലിസവും രാജാധികാരവും പൗരോഹിത്യവും പോലെയുള്ള അധികാരകേന്ദ്രങ്ങൾ സ്വാർത്ഥതാല്പര്യങ്ങൾക്കായി ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും അനുസരണയുടെയും മൂശയിൽ വാർത്തവയായിരുന്നു. നവോത്ഥാനത്തെ അക്രമകരമായി തടുത്ത് തോല്പിക്കാൻ ശ്രമിച്ചത് അധികാരകേന്ദ്രങ്ങളായിരിക്കെ, അതിനു ചമത്കാരനിയമങ്ങൾ തീർത്തത് പക്ഷേ വിശ്വാസങ്ങളുടെ പേരിൽ യാഥാസ്ഥിതികമതത്തിന്റെ കാത്തുസൂക്ഷിപ്പുകാരായിരുന്നുവെന്നതിനു എല്ലാകാലത്തിന്റെയും ദേശങ്ങളുടെയും ചരിത്രം സാക്ഷ്യം പറയുന്നുണ്ട്. മതം തന്നെ അധികാരമേറ്റെടുത്തപ്പോൾ, അല്ലെങ്കിൽ അധികാരത്തെ നിശ്ചയിച്ചപ്പോൾ ആ സാക്ഷ്യങ്ങൾ യൂറോപ്പിലും മധ്യേഷ്യയിലും നമ്മൾ കണ്ടതുമാണ്, കാണുന്നതുമാണ്. യാഥാസ്ഥിതികമതത്തെ ഉപയോഗിക്കുന്ന ഫാസിസ്റ്റുകളായ അധികാരദാഹികൾ നടത്തുന്ന സമാനമായൊരു പരീക്ഷണമാണ് ശബരിമലയുടെ പശ്ചാത്തലത്തിൽ നാം കേരളത്തിലും കാണുന്നത്. ഒരു വശത്ത് ആധുനികതയുടെ പ്രത്യയശാസ്ത്രവും യുക്തിയും മറുവശത്ത് ഇരുളടഞ്ഞ കാലത്തിന്റെ അന്ധവിശ്വാസങ്ങളും അവയിലൂന്നിയ സംഘപരിവാറിന്റെയും ബിജെപിയുടെയും വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളും.
എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം നൽകണം എന്ന് ഭരണഘടനയെ പ്രതി ഇന്ത്യൻ സുപ്രീം കോടതി വിധിച്ചപ്പോൾ ഇരുപത്തൊന്നാംനൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ആധുനികലോകത്തിന്റെ പൊതുക്രമമനുസരിച്ച് അത് സ്വാഭാവികമായി എല്ലാവരാലും സ്വീകരിക്കപ്പെടേണ്ട ഒന്നായിരുന്നു. എന്നാൽ നാടിനെത്തന്നെ പുതുക്കി നിർമ്മിച്ച, പൊതുവിൽ നവോത്ഥാനമൂല്യങ്ങൾ ഇന്നും ഏറിയും കുറഞ്ഞും ഓർമ്മയിൽ നിലനിർത്തുന്ന, കേരളത്തിലേക്ക് കൂടി അവരുടെ ശക്തി വ്യാപിപ്പിക്കാനായുള്ള ഒരവസരമായി സംഘപരിവാർ ശക്തികൾ അതിനെ ഉപയോഗിക്കാൻ തീരുമാനിച്ചുവെന്നതിന്റെ പരിണിതിയാണ് നാമിപ്പോൾ കാണുന്നത്. ദേശീയതലത്തിൽ സ്ത്രീപ്രവേശനത്തിനായി വാദിക്കുന്ന സംഘപരിവാർ കേരളത്തിൽ അതിനു വിരുദ്ധനിലപാടുമായി നിലകൊണ്ടു. സ്ത്രീപ്രവേശനം വേണമെന്ന് എഴുതുകയും ആവശ്യപ്പെടുകയും ചെയ്ത ഓ രാജഗോപാലിനെ പോലെയുള്ള ബിജെപി നേതാക്കൾ ഇന്ന് മറിച്ചു പറഞ്ഞുകൊണ്ട് തങ്ങൾ നുണകളുടെ ലോകത്തെ അഗ്രഗണ്യരായ രാജാപ്പാർട്ടുവേഷക്കാരാണെന്ന് വീണ്ടും തെളിയിച്ചു. ഒരുതരത്തിൽ അത് നല്ലതുമായി. കാനനക്ഷേത്രമായ, ഗോത്രവർഗ്ഗങ്ങളുടേതായിരുന്ന ശബരിമലയെ സ്വന്തമാക്കിയ സവർണ്ണബ്രാഹ്മണ്യത്തിന്റെ കടന്നുകയറ്റവും അസത്യങ്ങളും ഓഡിറ്റ് ചെയ്യപ്പെട്ടു. ചരിത്രത്തിന്റെ ഒരു വൈരുദ്ധ്യമതാണ്. ഇരുതലമൂർച്ചയുള്ള തീർച്ച. ഓർമ്മയിൽ നിന്നും മായ്ച്ചുകളഞ്ഞവയെ ഓർത്തെടുപ്പിക്കാൻ നിങ്ങളുടെ താല്പര്യങ്ങൾ കൊണ്ട് ചരിത്രത്തെ കടഞ്ഞാൽ അതിനൊപ്പം പൊങ്ങിവരിക ആഗ്രഹിച്ചവ മാത്രമായിരിക്കില്ല. ആചാരങ്ങളുടെ സമകാലികചരിത്രത്തിലേക്ക് വിരൽചൂണ്ടിയ യാഥാസ്ഥിതികരും സംഘപരിവാറുകാരും നേരിട്ടതും അതുതന്നെയായിരുന്നു. അങ്ങനെ വീണ്ടും തെളിഞ്ഞ ശബരിമലയുടെ ചരിത്രവും, അത് മലയരയരുടേതാണെന്ന വസ്തുതയും കോടതിവിധികളും സ്ത്രീപ്രവേശത്തിന്റെ തെളിവുകളുമെല്ലാം സാമാന്യയുക്തിയുടെ ലോകത്ത് വെറുപ്പ് ഭക്ഷിച്ചും പടർത്തിയും നിലകൊള്ളുന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും ബീഭൽസരൂപങ്ങളെ വെട്ടത്തുനിർത്തി. ഈ നാടിന്റെ ബൗദ്ധ-ജൈനപാരമ്പര്യങ്ങളെയും അതിന്റെ ആരാധനാലയങ്ങളെയും ബ്രാഹ്മണ്യം അക്രമപരമായി കയ്യേറിയത് വീണ്ടും ഓർമ്മിപ്പിച്ചു. അതിനു പുറമേയാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ ശ്രീധരൻപിള്ള ശബരിമലയിൽ കാണുന്നത് തങ്ങളുടെ ഒരു രാഷ്ട്രീയ അജണ്ടയാണെന്നു പ്രഖ്യാപിക്കുന്ന വാക്കുകളും വെളിയിലെത്തിയത്. എല്ലാംതന്നെ ഭരണഘടനാവിരുദ്ധമായ പ്രവൃത്തികളും ആഹ്വാനങ്ങളും അക്രമങ്ങളും കോടതിയലക്ഷ്യവുമാണ്. ക്രമസമാധാന-നിയമപരിപാലന സംവിധാനത്തിന്റെ കയ്യിൽ ഇപ്പോൾ കൂടുതൽ ശക്തിയുള്ള വടിയാണിരിക്കുന്നത്. അവരതു മനസ്സിലാക്കേണ്ടതാണ്. വെറുപ്പും സ്പർദ്ധയും വളർത്താൻ തുനിഞ്ഞിറങ്ങിയ അക്കൂട്ടരെ നിയമത്തിന്റെ വരുതിയിൽ കൊണ്ടുവരാൻ സർക്കാർ ഇനിയും മടിച്ചുകൂടാ. കൂട്ടത്തിൽ പറയാതെ പോകരുതാത്ത ഒരു തമാശ കൂടിയുണ്ട്. അതിന്റെ ചരിത്രത്തിലേറ്റവും അപഹാസ്യമായ കോമാളിവേഷം കെട്ടിയാടുന്ന, ബിജെപിയുടെ ബി ടീമായി മാറിയ കോൺഗ്രസ്സെന്ന വിഡ്ഢികളുടെ കൂട്ടായ്മയുടെ പരിതാപകരമായ അവസ്ഥയാണ് ഇതിനിടയിലെ ആ തമാശ.
സ്ത്രീപ്രവേശനവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും:
ശബരിമലയിലെ സ്ത്രീപ്രവേശനം ഭരണഘടന ഉറപ്പ് നൽകുന്ന തുല്യഭാവനയിലധിഷ്ഠിതമായ അവകാശമാണ്. എന്നാൽ ഇടതുപക്ഷരാഷ്ട്രീയത്തെ സംബന്ധിച്ച് അത് സ്ത്രീവിമോചനം, ലിംഗപരമായ സമത്വം എന്ന വിഷയത്തിൽ തുടങ്ങി മുതലാളിത്തവ്യവസ്ഥയ്ക്കെതിരെ വളരുന്ന ഒരു രാഷ്ട്രീയവിഷയം കൂടിയാണ്. മുതലാളിത്തത്തെ താങ്ങി നിർത്തുന്നതിൽ സ്ത്രീകളെ രണ്ടാംകിടക്കാരായി കണക്കാക്കുന്ന പുരുഷാധിപത്യത്തിലൂന്നിയ കുടുംബവ്യവസ്ഥയുടെ പങ്ക് മുഖ്യമാണെന്ന് എംഗൽസ് നിരീക്ഷിച്ചിട്ടുണ്ട്. മുതലാളിത്തം അതിന്റെ ഏറ്റവും ഹീനമായ മുഖം വെളിപ്പെടുത്തുന്നത് സ്ത്രീകൾക്കെതിരെയുള്ള പുരുഷാധിപത്യത്തിന്റെ അതിക്രമങ്ങളിലൂടെയാണ്. തങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ, അന്യവൽക്കരണത്തിനെതിരെ, അപമാനങ്ങൾക്കെതിരെ, അടിച്ചമർത്തലിനെതിരെ കൂടുതൽ കൂടുതലായി കരുത്താർജ്ജിക്കുന്ന സ്ത്രീകൾ ലോകവ്യാപകമായി സമരരംഗത്താണ്. എല്ലാത്തരത്തിലുള്ള അവകാശനിഷേധവും ഹിംസയും അതിക്രമവും തന്നെ. ആർത്തവമെന്ന കാരണം കൊണ്ട് സ്ത്രീകളെ രണ്ടാംകിടക്കാരാണെന്ന് പറഞ്ഞ് മാറ്റിനിർത്തി അവകാശനിഷേധത്തിന്റെ വേദിയാക്കിയ ശബരിമലയിലും അങ്ങനെതന്നെ. കോടതിവിധി എന്ന കാരണം കൊണ്ടുമാത്രമല്ല, വർഗ്ഗസമരത്തിനു താഴെ രണ്ടാമതൊന്നായി പരിഗണിക്കാനുള്ള വിഷയമല്ല മാർക്സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം സ്ത്രീവിമോചനമെന്നത്. തങ്ങളുടെ അവസ്ഥ തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതികരിക്കാൻ തുനിയുന്ന സ്ത്രീകളോട് സ്ത്രീപ്രശ്നങ്ങൾ അവധിക്ക് വയ്ക്കാം എന്ന് പറഞ്ഞാൽ അത് ഇടതുരാഷ്ട്രീയത്തെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കും. ശബരിമല സ്ത്രീവിമോചനത്തിനൊപ്പം നിൽക്കാനുള്ള പലകാരണങ്ങളിൽ ഒരുകാരണമാണ്. വർഗ്ഗീയധ്രുവീകരണത്തിനു അതുപയോഗിക്കുമ്പോൾ അതിനു കൂടുതൽ മാനങ്ങൾ വന്നു ചേരുന്നുമുണ്ട്. എന്നാൽ സ്ത്രീവിമോചനമെന്ന കോണിൽ നിന്നും നോക്കിയാൽ സകലമേഖലകളിലെയും സ്ത്രീവിമോചനത്തിനു വേണ്ടി നിലകൊള്ളാൻ ജനങ്ങളെ ആഹ്വാനം ചെയ്യാനുള്ള രാഷ്ട്രീയവിദ്യാഭ്യാസ അവസരമാണ് ശബരിമലയിലേത്. സ്ത്രീവിമോചനം/ ശാക്തീകരണം എന്ന ആശയം എല്ലാ മേഖലകളിലേക്കും പടർത്തുക എന്നത് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തവും. അതിനൊപ്പം സംഘപരിവാർ ദരിദ്രരെയും ദലിതരെയും തങ്ങളുടെ താല്പര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന വിധവും, സകലമനുഷ്യരിലും വെറുപ്പ് പടർത്തുന്ന, അന്ധവിശ്വാസങ്ങളെ ഊട്ടിവളർത്തുന്ന, ജാതിവ്യവസ്ഥയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന ഹിന്ദുത്വവാദരാഷ്ട്രീയവും കൂടി ചേരുമ്പോൾ ഇത് നാടിനെ സംബന്ധിച്ച് നവോത്ഥാനമുദ്രാവാക്യങ്ങൾ വീണ്ടുമുയർത്താനുള്ള സന്ദർഭമാണ്. ഇടതുപക്ഷത്തെ സംബന്ധിച്ച് അത് പ്രാകൃതമായ മൂല്യങ്ങൾക്കെതിരെ മനുഷ്യരെ ഒന്നിച്ച് നിർത്താനുള്ള, ഒപ്പം നിൽക്കാനുള്ള, വിപ്ലവമുഹൂർത്തവും. ഏറ്റവും പ്രധാനമായി, ആത്യന്തികമായി വർഗ്ഗതാല്പര്യത്തിലധിഷ്ഠിതമായ ഒരു പിന്തിരിപ്പൻരാഷ്ട്രീയത്തിനെതിരെ ദലിതരും ആദിവാസികളും സ്ത്രീകളും തൊഴിലാളികളും ദരിദ്രരുമായ ഭൂരിപക്ഷം ജനത ഒന്നിച്ച് ചേരേണ്ട ഒരു നവോത്ഥാനവിപ്ലവ മുഹൂർത്തമാണ്. ജനതയുടെ അത്തരമൊരു വിദ്യാഭ്യാസാവസരത്തെ കൈവിട്ടുകളയുകയും അതിൽ കർത്തൃത്വപരമായി ഇടപെടാതിരിക്കുകയും ചെയ്യുക എന്നത് മാർക്സിസ്റ്റു നിലപാടിനു വിരുദ്ധമാണ്. അടിച്ചമർത്തപ്പെട്ടവരുടെ ആ ആഘോഷമുഹൂർത്തത്തെക്കുറിച്ച് പറയുന്നതിനു തൊട്ടുമുൻപുതന്നെ ലെനിൻ മാർക്സിനെ കൂട്ടുപിടിക്കുന്നുണ്ട് – “വിപ്ലവം ചരിത്രത്തിന്റെ വാഹനമാണ്”. ഈ പിന്തിരിപ്പൻ ശക്തികളെ തോല്പിക്കാനുള്ള നവോത്ഥാനവിപ്ലവമുഹൂർത്തം ചരിത്രത്തിന്റെ വാഹനമല്ലാതെ മറ്റെന്താണ്!
ഫെമിനിസ്റ്റു രാഷ്ട്രീയവും ശബരിമലയും:
ധീരതയെന്നത് ഒരു നിമിഷത്തിലെ പൊടുന്നനെയുള്ള ഒരു പ്രവൃത്തിയല്ല. അനേകകാലങ്ങളുടെ തീഷ്ണമായ അനുഭവങ്ങൾ കൊണ്ട് സമ്പന്നമായ, ആലോചനാബദ്ധമായ ഒരു മുൻകഥയുടെ സവിശേഷമായ പൊട്ടിത്തെറിയുടെ ആവിഷ്കാരമാണ്. ലംഘനാപരമായ, സുധീരമായ ഒരു പൊട്ടിത്തെറിയിൽ നിന്ന് അത്തരം ഒരു നിമിഷത്തിൽ ഒഴിഞ്ഞ് നിൽക്കുക എന്നത് ചങ്ങലയെക്കുറിച്ച് ബോധ്യമുള്ള ഒരു സ്ത്രീയെ സംബന്ധിച്ച് ആത്മവഞ്ചനാപരമായ കാര്യമായിരിക്കും. താൻ പ്രതിനിധാനം ചെയ്യുന്ന ആശയത്തോടും സമൂഹത്തോടും കാത്തുനിൽക്കാൻ പറയാൻ എല്ലാവർക്കും കഴിയണമെന്നില്ല. മാറ്റങ്ങൾ കൊണ്ടുവന്നവർ അത്തരത്തിലുള്ള സ്ത്രീകളാണ്. മായ ഏയ്ഞ്ചലോ മുതൽ നമ്മുടെ സ്ത്രീശക്തിയുടെ ബിംബമായ നങ്ങേലി വരെ അതിനുദാഹരണങ്ങളായ ഓർമ്മകളാണ്.
When my dreams showed signs of becoming
politically correct …
then I began to wonder. എന്ന് Adrienne Rich-ന്റെ “North American Time” എന്ന കവിത.
പൊളിറ്റിക്കൽ കറക്റ്റ്നസുകൾ തീർച്ചപ്പെടുത്തിക്കൊണ്ട് മുന്നോട്ടു ചുവടുവയ്ക്കാമെന്നത് നിൽക്കക്കള്ളിയുള്ളവർക്കുള്ള ഒരു പ്രിവിലേജാണ്.
പൊളിറ്റിക്കൽ കറക്റ്റ്നസുകളെ വക വയ്ക്കാതെ, എല്ലാ അപായസാധ്യകതളെയും, ഒറ്റപ്പെടലിന്റെ സാധ്യതകളെയും, അക്രമത്തിന്റെ സാധ്യതകളെയും തള്ളി തങ്ങളുടെ അധസ്ഥിതാവസ്ഥയിൽ നിന്നു മുന്നോട്ടു നടക്കാൻ ധീരത കാണിച്ച സ്ത്രീകളുടെ ചുമലേറിയാണ് അടിച്ചമർത്തപ്പെട്ട സ്ത്രീവർഗ്ഗം ഇന്നോളം മുന്നോട്ടുവന്നത്. അതിനാലാണ്, കോടതിവിധിയെന്ന സാഹചര്യം നിലവിൽ വന്നതിനാൽ പ്രത്യേകിച്ചും, സ്ത്രീകളുടെ ഭാഗത്തുനിന്നും അത് വിശ്വാസിയായാലും അല്ലെങ്കിലും, ലിംഗസമത്വത്തിന്റെ പേരിലുള്ള ചുവടുകൾ പ്രധാനമാകുന്നത്. അങ്ങനെയാണ് രഹ്ന ഫാത്തിമയും ബിന്ദു തങ്കം കല്യാണിയെപ്പോലെയുമെല്ലാമുള്ളവരുടെ ചുവടുവയ്പ്പുകൾ ചരിത്രത്തിലേക്കുള്ളതാകുന്നത്. ബിന്ദു തങ്കം കല്യാണി ദലിതയായ ഒരധ്യാപികയാണ്. ഒരു ദലിത് സ്ത്രീ മല ചവിട്ടാൻ തീരുമാനിച്ചു എന്നത് യാഥാസ്ഥിതികതയുടെ കവിളിലേൽക്കുന്ന ഇരട്ടപ്രഹരമാണ്. അതാണ് ശ്രീ ബിന്ദുവിനു നേരെ, ജീവനും സ്വത്തിനും തൊഴിലിനുമെതിരെ അതിഭീകരമായി ഭീഷണി മുഴക്കാൻ യാഥാസ്ഥിതികതാല്പര്യക്കാരെ പ്രേരിപ്പിക്കുന്നത്. കോടതിവിധി നിലനിൽക്കെ, അത് നിറവേറ്റാൻ ഉത്തരവാദിത്തമുള്ള സർക്കാർ സംരക്ഷണം പലവുരു വാഗ്ദാനം ചെയ്യുകയും പ്രഖ്യാപിക്കുകയും ചെയ്തിരിക്കെയാണ് ഇതെന്നോർക്കണം. സോഷ്യലിസം വന്നതിനു ശേഷം സമത്വമെന്ന് അതിന്റെ പതിതാവസ്ഥയിൽ പറയാൻ ഒരു രാഷ്ട്രീയകക്ഷിക്ക് ഒരുപക്ഷേ കഴിഞ്ഞേക്കാം. എന്നാൽ ജനങ്ങളുടെ സ്വൈര്യജീവിതത്തിന്റെ ഉത്തരവാദിത്തമുള്ള സർക്കാർ സംരക്ഷണം പറച്ചിലിൽ ഒതുക്കിയാൽ പോര. ഇടതുപക്ഷം ഭരണം കയ്യാളുമ്പോൾ പ്രത്യേകിച്ചും. ബിന്ദു തങ്കം കല്യാണിയുടെ സ്വൈര്യജീവിതത്തിനു തടസ്സം നിൽക്കുന്നവരെ അതിശക്തമായി നേരിടണമെന്നും ശ്രീ ബിന്ദുവിനു വേണ്ട സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്നും നവമലയാളി ആവശ്യപ്പെടുകയാണ്. അത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും പുരോഗമനകാംക്ഷികളായ മുഴുവൻ സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും നാമെല്ലാം ഓർക്കേണ്ടതുമുണ്ട്.
സുനിൽ പി ഇളയിടം പിന്തിരിപ്പന്മാരുടെ ശത്രുവാകുന്നത്:
കേരളത്തിന്റെ നവോത്ഥാനത്തെയും സൗഹാർദ്ദാന്തരീക്ഷത്തെയും ശ്വാസം മുട്ടിക്കാൻ വർഗ്ഗീയശക്തികളായ സംഘപരിവാരവും യാഥാസ്ഥിതികരും ശ്രമിക്കുമ്പോൾ അതിനെതിരെ ഉയരുന്ന ഏറ്റവും ശക്തമായ യുക്തിയുടെ സ്വരങ്ങളിലൊന്നാണ് സുനിൽ പി ഇളയിടത്തിന്റേത്. നമ്മുടെ ലോകോത്തര സാഹിത്യസൃഷ്ടികളായ രാമായണത്തെയും മഹാഭാരതത്തെയും മറ്റും ഏകതാനമായ മതത്തിന്റെയും മതരാഷ്ട്രീയത്തിന്റെയും ആവശ്യത്തിനനുസരിച്ച് ചുരുക്കാൻ ഹിന്ദുവർഗ്ഗീയശക്തികൾ ശ്രമിച്ചപ്പോൾ അതിന്റെ വ്യാഖ്യാനങ്ങളെ അക്കാദമിക ലോകത്തുനിന്നും ജനങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവന്നയാളാണ് അദ്ദേഹം. ഹിന്ദുവെന്ന് ഒരിക്കലും ഒരിടത്തും വിളിക്കപ്പെടാത്ത കഥാപാത്രങ്ങൾ നിറഞ്ഞ, സുയോധനനെന്ന് വാഴ്ത്തപ്പെടുന്ന വില്ലനും ഒളിഞ്ഞിരുന്നു കൊല്ലുന്ന നായകനുമെല്ലാമുള്ള, നന്മതിന്മകളുടെ അതിരുകൾ അലിഞ്ഞുപോകുന്ന മനുഷ്യാവസ്ഥകളെയും ആ അവസ്ഥകളുടെ രാഷ്ട്രീയവും സാമ്പത്തികവുമൊക്കെ പറയുന്ന ഇതിഹാസങ്ങൾ പൗരോഹിത്യബ്രാഹമണ്യത്തിന്റെ വിശുദ്ധരാഷ്ട്രീയഗ്രന്ഥലോകത്തിനു പുറത്ത് അനേകം നാടോടിപാരമ്പര്യങ്ങളിലും വായ്മൊഴിവഴക്കങ്ങളിലുമായി ജീവിക്കുന്നുണ്ട്. അവ സംഘപരിവാരതാല്പര്യത്തിന്റെ ടെലിവിഷൻ പരമ്പര സ്ക്രിപ്റ്റുകളുടെ ഇടുങ്ങിയലോകത്തിനപ്പുറമാണ്. ഇന്ത്യയെ വരുതിയിലാക്കാനുള്ള ഒരു രാഷ്ട്രീയപദ്ധതിയായി ഇതിഹാസങ്ങളെ ഉപയോഗിച്ചു വിജയിച്ച സംഘപരിവാരം അതിന്റെ തുടർച്ച കേരളത്തിൽ നടപ്പിൽ വരുത്താൻ ആഗ്രഹിക്കുമ്പോൾ അതിനെതിരെ നിൽക്കുക എന്നത് വലിയ രാഷ്ട്രീയദൗത്യമാണ്. ഹൈന്ദവഫാസിസം കേരളത്തെ വിഷവലയത്തിലാക്കാനുള്ള ശ്രമങ്ങൾ തീവ്രമാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് രാമാനുജൻ ഉൾപ്പടെയുള്ളവർ പലവട്ടം പറയാൻ ശ്രമിച്ച ആ കാര്യങ്ങൾ, ഇതിഹാസങ്ങളുടെ ഡീമിത്തിഫിക്കേഷനെന്ന വലിയ ദൗത്യം ഏറ്റെടുക്കാൻ തയ്യാറായ അന്നുമുതൽക്കേ സുനിൽ പി ഇളയിടം സംഘപരിവാരത്തിന്റെ കണ്ണിലെ കരടാണെന്നതിൽ സംശയമില്ല. നാരായണഗുരുവിനെക്കുറിച്ച് സംസാരിക്കുന്ന അദ്ദേഹം സ്വാഭാവികമായും നമ്മുടെ ഓർമ്മയിലേക്ക് തുറക്കുന്നത് നവോത്ഥാനത്തിന്റെ വാതിലുകളാണ്. അംബേദ്ക്കറും കമ്മ്യൂണിസ്റ്റുകളും തമ്മിലുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ച് പലരും വാചാലരായപ്പോൾ അവർ തമ്മിലുള്ള സമന്വയത്തിന്റെ സാധ്യതയുടെ കൂടി ചരിത്രപാഠങ്ങൾ പറഞ്ഞ് ദലിത്-ഇടതുപക്ഷ ഐക്യത്തെക്കുറിച്ച് പറയുന്ന സൈദ്ധാന്തികനുമാണദ്ദേഹം. എന്തുകൊണ്ടാണ് ഫാസിസം ഒരു മനുഷ്യന്റെ സ്വതന്ത്രമായ സ്വരത്തെ ഭയക്കുന്നതെന്നതിനു ബ്രെഹ്റ്റ് മുൻപ് ഉത്തരം പറഞ്ഞിട്ടുണ്ട്. ഥാറിന്റെ നെടുങ്കൻ അസിറിയൻ കോട്ടകൾ തകർന്നടിഞ്ഞ് മണ്ണായത് സ്വതന്ത്രമായ ഒരൊറ്റ വാക്കിന്റെ ഉച്ചാരണത്താലാണ്. സമീപകാലത്ത് ശബരിമല വിഷയത്തിലെ ശരിതെറ്റുകളെക്കുറിച്ച് കാര്യകാരണസഹിതം സംസാരിച്ച സുനിൽ പി ഇളയിടത്തെ നേരിട്ടും അല്ലാതെയും കേൾക്കുകയും വായിക്കുകയും ചെയ്തത് അനേകലക്ഷങ്ങളാണ്. സമൂഹത്തോട് സത്യം യുക്തിപൂർവ്വം പറയുന്നവർ, അതിന്റെ ബുദ്ധിയെ ഉണർത്തുന്നവർ, കൊട്ടിയടയ്ക്കുന്നത് തങ്ങളുടെ സാധ്യതകളെയാണെന്നത് ഫാസിസ്റ്റുകൾക്ക് തീർച്ചയാണ്; സംഘപരിവാറിനും. അങ്ങനെയാണ് ധബോൽക്കറെയും ഗൗരി ലങ്കേഷിനെയും പൻസാരെയും കൽബുർഗിയെയും പോലെയെല്ലാമുള്ള ഒരു ലക്ഷ്യമായി സുനിൽ പി ഇളയിടവും മാറുന്നത്. അദ്ദേഹത്തിനെതിരെയുള്ള കൊലവിളി ഏതോ പ്രവർത്തകന്റെ ഒറ്റപ്പെട്ട ഭീകരതയെന്ന് കൈകഴുകുവാൻ വർഗ്ഗീയതീവ്രവാദം മുഖമുദ്രയാക്കിയ ഹിന്ദുത്വരാഷ്ട്രീയത്തിനു കഴിയില്ല. ഫാസിസ്റ്റുകൾ ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. വെറുപ്പിന്റെ വിഷം പകർന്ന് പകർന്ന് തീവ്രവിഷജന്തുകളാക്കി അവർ മാറ്റിത്തീർത്ത അനുയായികൾക്ക് അവർ ആജ്ഞ കൊടുക്കാറില്ലെന്നേയുള്ളൂ. ആ പ്രവൃത്തിയിലേക്ക് നയിക്കാനുള്ള ആർജ്ജവം ആ രാഷ്ട്രീയപദ്ധതി അവർക്കു പകർന്നു നൽകുന്ന ഹീനവും വിഷലിപ്തവും മനുഷ്യവിരുദ്ധവുമായ കരുത്തിന്റേതാണ്. അതിനെ ഏറ്റവും മാനസ്സികസ്ഥൈര്യത്തോടെയും സമാധാനത്തോടെയും നേരിടുന്ന, “മൈത്രിയുടെയും കരുണയുടെയും” ഭാഷ പറയുന്ന പ്രഫ. ഇളയിടം ഒറ്റയ്ക്കല്ല എന്നും ഒരുനാടിന്റെ മാര്യാദഭാഷയുടെയും ക്ഷമയുടെയും നെറുകയിൽ മുറിവേൽപ്പിക്കുന്നത് അവർക്ക് നല്ലതല്ലായെന്നും സംഘപരിവാർ ശക്തികൾ മനസ്സിലാക്കുന്നതാണ് നല്ലത്. അക്രമപരമായി പ്രതികരിക്കുന്നിടത്തേക്ക് സ്വന്തം അണികളെ അഴിച്ചുവിടുന്ന സംഘപരിവാരത്തെ കേരളം ഒറ്റപ്പെടുത്തുമെന്നതിൽ സംശയമില്ല. അക്രമത്തിന് ആക്രോശിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിരമായി ഇടപെടണം.
നാമൊരു തോറ്റ ജനതയാണോ?
അല്ല. നാം ജയിച്ചുകയറിയ ഒരു ജനതയാണ്. കയറുക മാത്രമല്ല, വന്നെത്തിയ ഇടത്ത് ഒരുപാട് പോരായ്മകൾക്കിടയിലും നാം സാധ്യതകൾ കാത്തുസൂക്ഷിച്ചിരുന്നു. തല്ലുകൊണ്ടും കൊടുത്തും രക്തം കൊടുത്തും സമരം ചെയ്തുമാണ് നാം അന്ധകാരത്തിന്റെ ഇന്നലെകളിൽ നിന്നും മുന്നോട്ട് നടന്നത്. നാം ഒരു തോറ്റ ജനതയാണോയെന്ന് പലരും സംശയമുന്നയിക്കുന്നത് സംഘപരിവാറും പ്രതിലോമതയും വളരെയെളുപ്പത്തിൽ ജയിച്ചുകയറുന്നത് കണ്ട് മടുത്തിട്ടാണ്. സംഘപരിവാറിന്റെ ഓരോ നീക്കങ്ങൾക്കു വേണ്ടിയും കാത്തിരുന്ന് പ്രതിരോധിക്കുന്ന ഒരു ജനതയായി നാം നമ്മെ പരുവപ്പെടുത്തുന്നു എന്നതാണതിനു കാരണം. അഹിംസയെന്നാണുദ്ദേശിക്കുന്നതെങ്കിൽ അത് എതിരാളി ആക്രമിക്കുന്നതു വരെ കാത്തിരിക്കുന്ന തരത്തിൽ ലോലമായ സമരമുറയല്ല, അങ്ങോട്ട് ചെന്ന് എതിരിടുന്ന തരത്തിൽ തീഷ്ണമാണത്. വാസ്തവത്തിൽ സംഘപരിവാർ ശക്തമായ സാഹചര്യത്തിലാണെന്നത് നമ്മുടെ ഭീതി മാത്രമാണ്. കോമാളി വേഷം കെട്ടിയ കോൺഗ്രസ്സും മുസ്ലീം ലീഗും കൂടി ചേർന്നു നിൽക്കുമ്പോഴും ഒരു വിമോചനസമരം സംഘടിപ്പിക്കാൻ തക്ക ശക്തിയതിനില്ലെന്ന തിരിച്ചറിവ് വലതുപക്ഷത്തിനുണ്ട്, സംഘപരിവാരത്തിനുണ്ട്. പലവുരു തോറ്റു പരാജയപ്പെട്ട ഒരു പക്ഷം അനുഭവിക്കുന്ന അതിന്റെ പ്രതിസന്ധി അവർ സ്വാഭാവികമായും പേറുന്നുണ്ടെന്നതും പുരോഗമനപക്ഷം ആത്മവിശ്വാസത്തോടെ തിരിച്ചറിയേണ്ടതുണ്ട്. സംഘപരിവാരത്തിനും ഫാസിസ്റ്റുകൾക്കും ഹിറ്റ്ലറും മുസോളിനിയുമെല്ലാം പയറ്റിയതിൽ കൂടുതൽ അടവുകളൊന്നും തന്നെ കൈമുതലായില്ല- നുണകളും വിദ്വേഷവും പ്രചരിപ്പിക്കുക, അക്രമം അഴിച്ചുവിടുക. എന്നാൽ ആ ചരിത്രപരമായ അറിവിനൊപ്പം ഭൂരിപക്ഷാധികാരത്തിന്റെ ശക്തിയുമുണ്ട് നമുക്ക് കൈമുതലായി. ഇന്നാട്ടിലെ പുരോഗമനശക്തികൾക്കതുണ്ട്. കേരളം രൂപം കൊണ്ട് ഇന്നുവരെ കാത്തിരിക്കേണ്ടി വന്നു ജനപ്രാതിനിധ്യത്തിന്റെ ഒരൊറ്റ ഒപ്പിനു വേണ്ടി അവർക്ക് എന്നതാണതിനു തെളിവ്. വോട്ടിലും വലുതാണ് നവോത്ഥാനമെന്ന് പറയുന്ന പിണറായി വിജയന്റെ നിലപാടുകൾ ശ്ലാഘനീയം തന്നെ. പക്ഷേ ഒരു ഭരണാധികാരി എന്ന നിലയ്ക്ക് അദ്ദേഹത്തിനും, അധികാരം കയ്യിലിരുന്നിട്ട് കൂടി പുരോഗമനപക്ഷത്തിനും, വാക്ക് പാലിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ജനതയുടെ വിശ്വാസം നഷ്ടമാകുമെന്ന് ഓർക്കേണ്ടതാണ്. വിശ്വാസിസമൂഹത്തോട് ക്രിയാത്മകമായി സംസാരിക്കാനും സ്ത്രീകളെ മല ചവിട്ടാൻ ആഹ്വാനം ചെയ്യാനും പുരോഗമനകക്ഷികളും അവയുടെ സ്ത്രീസംഘടനകളും തയ്യാറാകണം. സൗഹാർദ്ദറാലികളും മറ്റും സംഘടിപ്പിക്കണം. ആർ എസ് എസ്സിനെ അവരുടെ നീക്കങ്ങൾക്കു മുൻപേ തടയാനും വിധി നടപ്പിലാക്കാനും സർക്കാർ ആർജ്ജവം കാണിക്കണം. കോടതിയലക്ഷ്യം പറയുകയും പ്രവർത്തിക്കുകയും വിദ്വേഷപ്രസംഗങ്ങൾ നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന വർഗ്ഗീയശക്തികളെ ശക്തമായി നേരിടാൻ സർക്കാർ തയ്യാറാകണം.
റിവ്യൂഹർജ്ജികൾ പരിഗണിക്കുന്നതുവരെ വിധി നിലനിർത്തിക്കൊണ്ട് സുപ്രീംകോടതി ഉത്തരവായിട്ടുണ്ട്. അതുവരെ സ്ത്രീപ്രവേശനം സാധ്യമാണെന്ന് കോടതി പറയുന്നതിൽ നിന്നുതന്നെ തൊണ്ണൂറുകളിലെ വിധിയോടെ മാത്രം നിലവിൽ വന്ന ശബരിമലയുടെ സ്ത്രീവിരോധത്തെ കോടതി എങ്ങനെയാണ് കാണുന്നതെന്നത് സ്പഷ്ടമാണ്. ജീവിക്കാനുള്ള അവകാശമാണ് സർവ്വപ്രധാനമെങ്കിൽ അതിനോട് ചേർന്നു നിൽക്കുന്നത് ആർട്ടിക്കിൾ 14 നൽകുന്ന സമത്വമെന്ന മൗലികാവകാശമാണ്. ആരാധനാസ്വാതന്ത്ര്യത്തിന്റെ ആർട്ടിക്കിൾ 25 അതിനും മുകളിൽ വയ്ക്കാൻ പുരോഗമനാത്മകമായ ഒരു ജുഡീഷ്യൽ യുക്തിക്ക് കഴിയേണ്ടതല്ല. കോടതിവിധി എന്തുതന്നെയായാലും ഇടതുപക്ഷത്തിന്റെ, നവോത്ഥാനത്തിന്റെ, പുരോഗമനത്തിന്റെ രാഷ്ട്രീയശരി ലിംഗസംത്വത്തിലൂന്നിയ ഈ നിലപാടുതന്നെ. അതു ശബരിമലയ്ക്ക് ശേഷവും എല്ലാ മേഖലകളിലേക്കും പടരുന്നതും തുടരുന്നതുമാകണം.
അനാചാരങ്ങളുടെ ഇരുട്ടിലേക്ക് ജനതയെ തിരികെ തള്ളാനും അതുവഴി അധികാരം നേടാനും ശ്രമിക്കുന്ന വർഗ്ഗീയശക്തികളെ ഒറ്റപ്പെടുത്തിക്കൊണ്ട് സ്ത്രീവിമോചനം, ലിംഗസമത്വം എന്നീ വിഷയങ്ങളിൽ ഉറച്ച നിലപാടെടുക്കുന്ന ഏവർക്കും നവമലയാളിയുടെ അഭിവാദ്യങ്ങൾ. ബിന്ദു തങ്കം കല്യാണിക്കും നവമലയാളിയുടെ സുഹൃത്ത് കൂടിയായ സുനിൽ പി ഇളയിടത്തിനും ഒരിക്കൽ കൂടി പിന്തുണ അറിയിക്കുന്നു. അവരെ സംരക്ഷിക്കാനും സംഘപരിവാരത്തിന്റെ, യാഥാസ്ഥിതികമതതീവ്രവാദികളുടെ നീക്കങ്ങളെ മുൻകൂട്ടി പ്രതിരോധിക്കാനും ശക്തമായി നിലകൊള്ളാനും ജനാധിപത്യ വിശ്വാസികളെല്ലാം മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്യുന്നു.
നവോത്ഥാനത്തിന്റെ ഈ നിമിഷം ലിംഗസമത്വത്തിന്റെയും തുല്യനീതിയുടേതുമാണ്. സ്ത്രീകളുടേതാണ്. അപമാനത്തിന്റെയും അന്യവൽക്കരണത്തിന്റെയും ഗർത്തങ്ങളിൽ നിന്നും കൂടുതൽ മെച്ചപ്പെട്ട ലോകത്തേക്കുള്ള അവരുടെ ആരോഹണത്തിന്റേതാണ്.
“അപമാനിക്കപ്പെട്ട പക്ഷീ,
നിന്റെ കണ്ണുകൾ എന്നെന്നേക്കുമായി തിരികെ നൽകുന്നു,
നിന്നെ തള്ളിയിട്ടടുത്തേക്ക് കയറുക;
പറന്നുയരുക, ആകാശങ്ങളെ ഭക്ഷിക്കുക,
ഒരിക്കലും കാണാതിരുന്നവയെ കാണുക,
വഴിവിട്ട് പോകുക,
പക്ഷേ, കയറുക.”
-ചങ്ങലകളിലെ ചിന്തയെക്കുറിച്ച്, Edna St. Vincent Millay.
Be the first to write a comment.