മാധ്യമങ്ങളും മനുഷ്യരാശിയും തമ്മിലുള്ള വ്യവഹാരങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന

റോബിൻ ജെഫ്രി

സാമൂഹിക സാംസ്‌കാരിക സാമ്പത്തിക മാറ്റങ്ങളും തൻമൂലം സൃഷ്ടിക്കപ്പെടുന്ന പല വിപ്ലവങ്ങൾക്കും ഇന്ത്യൻ മാധ്യമ ഇടത്തിൽ വളരെയേറെ പ്രധാന്യമുണ്ട്. കനേഡിയൻ പ്രൊഫസർ ആയ റോബിൻ ജെഫ്രിയുടെ  ഇന്ത്യൻ മാധ്യമങ്ങളെക്കുറിച്ചുള്ള പഠനത്തിൽ (India’s Newspaper Revolution) മാധ്യമ കുത്തകയുടെ രാഷ്ട്രീയവും അതിന്റെ ഉത്പന്നമായ  പൊതുയിടം  (Public Space- Habermas) അധികാരം എന്നീ സങ്കീർണ്ണ  വസ്തുതകളും വളരെയധികം വിശകലനം ചെയ്യുന്നുണ്ട്.

രാഷ്ട്രീയപരമായും മതപരമായും പിന്നീട് ജാതീയപരമായുമുള്ള സ്വഭാവ സവിശേഷതയിലൂടെയാണ് മാധ്യമങ്ങൾ ആശയ വിനിമയം സാധ്യമാക്കിയത് എന്നത് ചരിത്രത്തിലൂടെ നമുക്ക് വായിച്ചെടുക്കാം. മുകളിൽപ്പറഞ്ഞ മാധ്യമ  ഇടപെടലുകൾകൊണ്ട് അർത്ഥമാക്കുന്നത് വാർത്തകൾ  ഒരു പൊതുഇടത്തിൽ കൃത്യമായി കൃത്യസമയത്ത് എത്തിക്കുകയും പിന്നീട് പൊതുസമൂഹത്തിന്റെ ഇടപെടലുകളുടെ  ഏറ്റകുറച്ചിലിന് അനുസരിച്ച് വിവരങ്ങളെ പൊളിച്ചെഴുതി മാറ്റൊരു രൂപത്തിലാക്കുന്നതുമാണ്. മാധ്യമങ്ങളുടെ ഈ സ്വഭാവ സവിശേഷതയെ മലയാള ദിനപത്രങ്ങളൂടെ പൂർവ്വകാല ചരിത്രത്തിലൂടെ നോക്കുകയാണെങ്കിൽ ദീപിക കത്തോലിക്കരാലും (മാണികത്തനാർ, 1887) മലയാള മനോരമ ക്രിസ്ത്യൻ ഓർത്തഡോക്‌സ് കാർമികത്വത്തിലും (കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള, 1889) കേരള കൗമുദി ഈഴവനേതൃത്വത്തിലും (സി.വി. കുഞ്ഞിരാമൻ, 1911) നിർമ്മിക്കപ്പെട്ടു. സവർണ്ണ ഹിന്ദുവിനാൽ നിർമ്മിക്കപ്പെട്ട മാതൃഭൂമി (കെ.പി.കേശവമേനോൻ, 1927) ദേശീയ കോൺഗ്രസ്സിന്റെ മാധ്യമ വക്താവായും ചന്ദ്രിക (1934) ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിനും മാധ്യമം (1987) സുന്നി/മുജാഹിദിന്റെയും ആശയസംഹിത പ്രചാരകരായാണ് നിലകൊള്ളുന്നത്. മുകളിൽപ്പറഞ്ഞ മാധ്യമങ്ങൾ കാലക്രമേണ പൊതുയിടത്തിൽ  അധികാരം സ്ഥാപിച്ച് മാധ്യമ കുത്തകയയായി മാറുകയും  തങ്ങളുടെ ഉത്പന്നം ഒരു വിൽപന ചരക്ക് ആക്കുന്നതിനു വേണ്ടി ഒരു പരിധിവരെ സ്വജാതിയുടെ ഐക്യം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. അല്ലാത്തപക്ഷം മത/ജാതീയപരമായ  പല വിമർശനങ്ങളും  മാനേജുമെന്റ് തലത്തിൽ ഈ മാധ്യമങ്ങൾക്ക് നേരിടേണ്ടിയും വരുന്നു. അതുകൊണ്ടു തന്നെയാണ് എല്ലാ അച്ചടി, ദൃശ്യ-ശ്രവണ മാധ്യമങ്ങളും  അദൃശ്യതയിൽ എന്നപോലെ തങ്ങളുടെ ഭൂരിപക്ഷം വരുന്ന ഉപഭോക്താക്കൾക്കായി  നിലകൊള്ളുന്നത്.

സാമൂഹിക നിർമ്മിതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ മാധ്യങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം എല്ലാ മാധ്യമങ്ങളും ഇത് കൃത്യമായി ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള തുടർ വ്യവഹാരങ്ങളിലൂടെ ഒരു സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക ഉപദേഷ്ടാക്കളാകുവാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ ക്രമേണ മാധ്യമങ്ങൾ നിർമ്മിച്ചെടുക്കുന്ന സവർണ്ണ ചിന്താധിപത്യം പബ്ലിക്ക് സ്‌പെയിസിൽ തങ്ങളുടെ നിലപാടിനെ അടിച്ചുറപ്പിക്കലാകുന്നു.

കേരളത്തിലെ മാധ്യമാവകാശ പ്രതിനിധാനങ്ങൾ നോക്കുകയാണെങ്കിൽ യൂറോപ്പിലെ മിഷണറിമാരിൽ നിന്നും അത് നേരെ പോയത് സവർണ്ണ ക്രിസ്ത്യാനികളുടെ കൈകളിലേക്കായിരുന്നു. കേരളത്തിലെ മാധ്യമ അവകാശം ക്രിസ്ത്യൻ മതത്തിന്റെയും മതം മാറി ക്രിസ്തുമതം സ്വീകരിച്ച വിശ്വാസികളുടെയും ബൗദ്ധിക വളർച്ചയ്ക്ക് ഗുണം ചെയ്യുന്നു എന്നതിൽ തർക്കമില്ല. രാജ്യസമാചാരം ഡോ. ഹെർമൻ ഗുണ്ടർട്ട് (1847), ജ്ഞാനനിക്ഷേപം (സി.എം.എസ്, 1848), ദീപിക, മലയാള മനോരമ – ഈ

ഹെർമൻ ഗുണ്ടർട്ട്

മാധ്യമങ്ങളൊക്കെ മതപ്രചരണവും ദേശീയ വാദങ്ങളും ഒരു ഭാഗത്തുകൂടി പറയുന്നതിനോടൊപ്പം തന്നെ പൊതു ഇടങ്ങളിൽ സ്വജാതിക്കു വേണ്ടി വാദിക്കാൻ കൂടി നിലകൊണ്ടു. ഇവിടെയാണ് അധഃകൃത സമൂഹങ്ങളുടെ പൊതുഇടത്തിലെ മാധ്യമ ഇടപെടലുകൾ ചോദ്യം ചെയ്യപ്പെട്ടത്. കേരളത്തിലെ ദലിത് വിഭാഗങ്ങളുടെ പൊതുപ്രതിനിധാനം, മാധ്യമ പ്രതിനിധാനം എവിടെ എങ്ങനെ എന്നത് ദലിത്/ഗോത്ര/മത/ജാതീയ/രാഷ്ട്രീയ സ്വഭാവത്തെ ആശ്രയിച്ചു നില നിൽക്കുന്നു.

കേരളത്തിൽ നിരവധി ദലിത് മാഗസീനുകളും ജേർണലുകളും 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ തന്നെ തുടങ്ങിയിട്ടുണ്ട്. എന്നാൽ എല്ലാം പൊടുന്നനെ മരിച്ച് വീഴുകയാണുണ്ടായത്. തിരുവിതാംകൂറിൽ ജാതി അയിത്തം കൊടുകുത്തി വാഴുന്ന കാലത്തായിരുന്നു 1913-ൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ ചെമ്പുതറ കാളികുറുപ്പൻ പത്രാധിപരുടെ മേൽനോട്ടത്തിൽ ‘സാധുജനപരിപാലിനി’ മാസിക ചങ്ങനാശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരിച്ചത്. ഇതാവാം മലയാള ചരിത്രത്തിലെ പ്രമുഖ ദലിത് മാധ്യമം. പൊതുസ്ഥലങ്ങളിലെ ഇടപെടലുകൾ കീഴാളർക്ക് സ്ഥാപിക്കുന്നതിനും അവരുടെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യത്തിനും വേണ്ടിയുള്ള എഴുത്തുകളും

അയ്യൻകാളി

പ്രവൃത്തികളുമായിരുന്നു അയ്യൻകാളിയും സാധുജനപരിപാലിനിയും ചെയ്തിരുന്നത്. വിദ്യാഭ്യാസത്തിൽ പിറകിലായ അയ്യൻകാളി നവോത്ഥാന ചിന്തകളും പുരോഗമന വാദവും തന്റെ ഇരുകൈയ്യിലും മുറുകെ പിടിച്ചു. തിരിവിതാംകൂറിൽ സവർണ്ണ എഴുത്തുകാർ നിറഞ്ഞു നിന്ന സമയത്താണ് നാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും കാർമ്മികതയിൽ ഉണ്ടായ ‘ശ്രീനാരായണ പരിപാലന യോഗം’ അതിന്റെ മുഖപത്രത്തിലൂടെ ബ്രാഹ്മണ്യത്തിന്റെ തൊട്ടുകൂടായ്മയ്ക്കും, തീണ്ടലിനും എതിരെയുള്ള നവോത്ഥാന എഴുത്തുകൾ തുടർച്ചയായി  വന്നുകൊണ്ടിരുന്നത്. ഇത് സവർണ്ണ വർഗ്ഗങ്ങളെ ആശയ കുഴപ്പത്തിലാക്കുകയും അവർ പല വിട്ടുവീഴ്ച്ചകൾക്കും തയ്യാറാവുകയും ചെയ്തു. (1888-ൽ ആണ് നാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് – ഇത് അയ്യൻകാളിയുടെ 25-ാം വയസ്സിലാണ്). ഇങ്ങനെയുള്ള  പല സാമൂഹിക മാറ്റങ്ങളും ഉൾക്കൊണ്ട അയ്യൻകാളി അധഃകൃത പുലയർക്കിടയിലും

കുമാരനാശാൻ

സംഘടനാശക്തിയെയും മുഖ്യപത്രത്തെയും ആവിഷ്‌കരിച്ചു. സംഘടനയുടെ ബലം ഉറപ്പിക്കാൻ കേരളത്തിലെ ആദ്യ ദലിത് സംഘടന സാധുജന പരിപാലന സംഘം (എസ്.ജെ.പി.എസ്) (1907) അയ്യൻകാളി തുടങ്ങി. അതിന് 6 വർഷങ്ങൾക്കുശേഷം അതിന്റെ മുഖപത്രമായ (സാധുജനപരിപാലിനി) മാസിക 1914 -ൽ മെയ് മാസത്തിൽ പുറത്തിറങ്ങി (അയ്യൻകാളി ജീവചരിത്രം ചെന്താരശ്ശേരി). കീഴാള ജനതയ്ക്ക് സാമൂഹ്യശക്തി പകരുന്ന ഈ പ്രസിദ്ധീകരണത്തിൽ  ചെമ്പുതറ സി. പാപ്പൻ, എം. ഗോവിന്ദൻ നായർ തുടങ്ങിയവരാണ് എഴുതിയിരുന്നത്. പുരോഗമന എഴുത്തിലൂടെ ഏകദേശം ഒന്നര ദശാബ്ദത്തോളം  ഈ മാസിക തുടർന്ന് കൊണ്ട് പോയി. ഇതിൽ എ.ആർ രാജവർമ്മയുടെയും ഈഴവ സംസ്‌കൃത കവി മൂലൂർ എസ്. പത്മനാഭ പണിക്കരുടെയും ആശംസകളും അച്ചടിച്ചിരുന്നു. (കീഴാള പത്രപ്രവർത്തനം ഡോ. വള്ളിക്കാവ് മോഹൻദാസ്  പേജ് 20) മുകളിൽപ്പറഞ്ഞ എഴുത്തുകൾ എല്ലാം തന്നെ സമൂഹത്തിലെ  കർഷക വർഗ്ഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ വേണ്ടിയുള്ള എഴുത്തുകൾ ആയിരുന്നു. ഈ എഴുത്തുകളും അയ്യൻകാളി നയിച്ച കർഷക സമരങ്ങളും റഷ്യയിലെ ഒക്‌ടോബർ വിപ്ലവത്തിന് (1917) ന്  മുൻപാണെന്നുള്ള വസ്തുത മറ്റൊരു പഠനത്തിലേക്ക് വഴി ഒരുക്കുന്ന നിരീക്ഷണമാണെന്നതിൽ  തർക്കമില്ല.

സവർണ്ണ എഴുത്തുകളെയും എഴുത്തുകാരെയും പിന്നെ അവർ തുടങ്ങിയ മാധ്യമങ്ങൾക്കും കേരള ചരിത്രത്തിൽ എപ്പോഴും പ്രഥമ സ്ഥാനം ലഭിച്ചിട്ടുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പത്രാധിപരായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പത്രപ്രവർത്തനം. അദ്ദേഹത്തിന്റെ പ്രതിമ തലസ്ഥാനത്ത് 1958-ൽ  രാഷ്ട്രപതി അനാച്ഛാദനം ചെയ്തുകൊണ്ട് സ്വദേശാഭിമാനിയുടെ പേരിൽ നിരവധി പുരസ്‌ക്കാരങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇവിടെ രാമകൃഷ്ണപിള്ള എന്ന അർദ്ധബ്രാഹ്മണൻ പ്രശസ്തനാവുന്നത് ദിവാൻ സർ.സിപി രാജഗോപാലാചാരിയുടെ ഭരണനടപടികളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ചതിലൂടെയാണ്. ആ ഭരണ വിരുദ്ധ വിമർശന എഴുത്തുകൾ അദ്ദേഹത്തെ തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് പോകാൻ (1910 ) നിർബന്ധിതനാക്കി. ഇവിടെ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയും അദ്ദേഹത്തിന്റെ വിപ്ലവ എഴുത്തുകളും, ചിന്തകളും ഭരണ അധികാരങ്ങളെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ഇതേ സമയം തന്നെയാണ് തിരുവിതാകൂറിന്റെ ഹൃദയഭാഗത്ത് വെങ്ങന്നൂർ കർഷകമാർച്ച് (1907) നടക്കുന്നത്. അസ്പൃശ്യരായ കർഷകരുടെ തൊട്ടുകൂടായ്മക്കെതിരെയും,  ജാതി വിവേചനം കൂടാതെ അവരുടെ കുട്ടികൾക്ക് നഷ്ടമായ പ്രാഥമിക സ്‌കൂൾ വിദ്യാഭ്യാസം നേടാൻ വേണ്ടിയും ആയിരുന്നു  ഈ കർഷക സമരങ്ങൾ. ഈ ചരിത്ര സംഭവങ്ങൾ സ്വദേശാഭിമാനിയുടെ തൊട്ടരികിൽ ഉണ്ടായിട്ടും വാർത്താ പ്രാധാന്യം തീരെ കുറഞ്ഞ സംഗതിയായിമാറിയത് കൗതുകമുണർത്തുന്ന ചിന്തയാണ്. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള എന്ന പത്രപ്രവർത്തകന്റെ പൊതുബോധത്തിലേക്ക്  വെളിച്ചം വീശാൻ പറ്റിയ ഒരു കർഷകസമരമായിരുന്നില്ല ഇത് എന്നത് മാധ്യമപ്രവർത്തകന്റെ നിലനിൽപ്പിനെ ചോദ്യംചെയ്യുന്ന വസ്തുതയാണ്. ഇവിടെയാണ് സവർണ്ണ എഴുത്തുകളും എഴുത്തുകാരും പൊതുഇടത്തിൽ സ്വീകാര്യരാകുകയും ചരിത്രത്തിൽ വാഴ്ത്തപ്പെടുയും ചെയ്യുന്നതും അതേസമയം തന്നെ സാമൂഹിക പ്രസക്തിയുള്ള സാധുജനപരിപാലിനിയും അതിന്റെ സ്ഥാപകരും എഡിറ്ററും പബ്ലിക് ഇടത്തിൽ നിന്ന് തിരസ്‌കരിക്കപ്പെടുന്നതും പ്രസക്തമായ കാഴ്ച്ചയാകുന്നത്.

”മാധ്യമം എന്നത് ഒരു പ്രത്യേകതരം അധികാരമാണ്. ഇത് സമൂഹത്തിന്റെ നാവ് ആകുകയും അത് ഇല്ലാത്തവർ സമൂഹത്തിൽ നിന്നും പതുക്കെ പിൻതള്ളപ്പെടുകയും ചെയ്യപ്പെടുന്നു” മാധ്യമ അധികാരത്തെക്കുറിച്ച് മാർക്‌സിന്റെ അഭിപ്രായമാണിത്. സ്വാതന്ത്ര്യം കിട്ടി 71 വർഷം പിന്നിട്ട കേരളത്തിലെ 14 ശതമാനം ദലിത് ഗോത്രവിഭാഗങ്ങൾക്കുവേണ്ടി അലറുവാനോ  സംവേദിക്കുവാനോ  സംവദിക്കുവാനോ ഒരു മുഖ്യധാര മാധ്യമം ഇല്ല എന്നത് സാമൂഹിക സാമ്പത്തിക അസമത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് പറയാം. ദലിത് ആദീവാസികളുടെ പല അവകാശ സമരങ്ങളുടെയും വാർത്താ ചിത്രീകരണങ്ങൾ (ചെങ്ങറ, അട്ടപ്പാടി) മലയാള മാധ്യമങ്ങൾ ശരിയായ രീതിയിൽ ആയിരുന്നോ കൈകാര്യം ചെയ്തിരുന്നത് എന്നതിന് ഒരു പുനഃപരിശോധന ആവശ്യമാണ്.

സാമൂഹിക സാംസ്‌കാരിക വളർച്ചയ്ക്ക് ക്രിസ്ത്യൻ മിഷനറിമാരും അവർ സ്ഥാപിച്ച പ്രസ്സുകളും വഹിച്ച പങ്ക് വളരെ വലുതാണ്. കേരളത്തിൽ ക്രിസ്ത്യാനിറ്റി

കല്ലൂർ ഉമ്മൻ ഫിലിപ്പോസ് (കട: വിക്കിപീഡിയ)

വിപുലമാക്കുന്നതിന്റെ ഫലമായാണ് 16-ാം നൂറ്റാണ്ടിൽ  മിഷനറിമാർ പ്രിന്റിംഗ് പ്രസ്സ് സ്ഥാപിച്ചത്. പിന്നീട് ക്രിസ്ത്യൻ ചേരിതിരിവിന്റെയും മറ്റും കാരണമായി പല പ്രിന്റിംഗ് പ്രസ്സുകളും പല ക്രിസ്ത്യൻ വിഭാഗങ്ങളും തുടങ്ങി. മലയാളം പ്രസ്സ് സി.എം.എസ്സിൽ ബെഞ്ചമിൻ ബെയിലി സ്ഥാപിച്ചതിന് ശേഷമാണ് കേരളത്തിലെ ക്രിസ്ത്യൻ വിഭാഗങ്ങളുടെ സാംസ്‌ക്കാരിക വളർച്ച തുടങ്ങുന്നത്. അതിൽ ഏറ്റവും  എടുത്ത് പറയേണ്ടതായ ഒന്നാണ് പ്രൊട്ടസ്റ്റന്റിനെതിരെ കത്തോലിക്കാ മതവിഭാഗം തുടങ്ങിയ പത്രം (കേരളം). ഫിലിപ്പോസ് ആശാൻ സത്യനാദ കാഹളത്തിലൂടെ കത്തോലിക്കാ മതത്തെയും മാർപ്പാപ്പയേയും ആക്ഷേപിച്ചതിന്റെ ഫലമായിട്ടാണ് ഇത് തുടങ്ങുന്നത് (പുതുപ്പള്ളി രാഘവൻ; കേരള പത്രപ്രവർത്തന ചരിത്രം ). പിന്നീട് സുറിയാനി ക്രിസ്ത്യാനികളുടെ അഭിവൃദ്ധിക്ക് വേണ്ടി കോട്ടയം മാന്നാനത്തു നിന്നും  ദീപികയും  കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള മലയാള മനോരമയും തുടങ്ങി. മനോരമയും മാതൃഭൂമിയും ദേശീയതയുടെയും ദേശീയ പ്രസ്ഥാനങ്ങളുടെയും ചുവട് പിടിച്ചാണ് തുടങ്ങിയതെങ്കിലും പിന്നീട് പതുക്കെ സ്വജാതി സേവനം മെച്ചപ്പെടുത്തുകയാണ് ഉണ്ടായത്. പാരമ്പര്യമായ സാമൂഹിക – സാമ്പത്തിക ചുറ്റുപാടുകൾ ഉയർന്ന ജാതികളെ സമൂഹത്തിന്റെ പൊതുധാരയിൽ എത്തിച്ചു. അവർ എല്ലാം തന്നെ പല  പൊതു ഭരണ ഇടങ്ങളിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഇവർക്ക് വേണ്ടി ഒരു പരിധിവരെ നിലകൊള്ളാൻ ഈ മാധ്യമങ്ങൾ എല്ലാം നിർബന്ധിതരായി. മലയാള മനോരമയിലെയും മാതൃഭൂമിയിലെയും മാധ്യമത്തിന്റെയും ഒരു ഞായറാഴ്ചയിലെ വിവാഹ പരസ്യം നോക്കുകയാണെങ്കിൽ മനസ്സിലാകും അവരുടെ വായനക്കാർ കൂടുതൽ ഏത് മത/ജാതി വിഭാഗം ആൾക്കാരാണ് എന്നത്. മാതൃഭൂമിയിൽ 150- ഓളം വിവാഹ പരസ്യങ്ങൾ ബ്രഹ്മണ – പിള്ള നായർ വിഭാഗങ്ങളിൽ നിന്ന് വരുമ്പോൾ 50- വിവാഹ പരസ്യങ്ങൾ  മാത്രമാണ് മറ്റ് മതജാതികളിൽ നിന്ന് വന്നിരിക്കുന്നത്. മലയാള മനോരമ നോക്കുകയാണെങ്കിൽ അതിന്റെ ഒരു പേജ് മൊത്തത്തിൽ റോമൻ, മർത്തോമ, ഓർത്തഡോക്‌സ്, യാക്കോബായ തുടങ്ങിയവർക്ക് വേണ്ടി മാത്രം മാറ്റിവച്ചിരിക്കുന്നു. മുകളിൽ പറഞ്ഞ വർത്തമാന പത്രങ്ങളുടെ ഉപഭോക്താക്കൾ കൂടുതൽപേരും സ്വജാതി വിഭാഗങ്ങളാണ് എന്നതിലേക്ക് ഇത് പരോക്ഷമായി  വെളിച്ചം  വീശുന്നുണ്ട്.

മർദ്ദിതന്റെ വിഷയങ്ങളെ അഭിസംബോധന ചെയ്തത്  കീഴാളരുടെ വിഷമ സംഭവങ്ങളെ അംഗംഭംഗം വരാതെ സമൂഹത്തോട് വിളിച്ചു പറയുവാൻ കീഴാള മാധ്യമങ്ങൾക്കോ മറ്റ് മുഖ്യധാര മാധ്യമങ്ങൾക്കോ കഴിയുന്നില്ല. മുത്തങ്ങ ഭൂസമരം ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. മർദ്ദിതന്റെ സാമൂഹിക – സാംസ്‌കാരിക സാമ്പത്തിക മണ്ഡലങ്ങളുടെ   ഘടന നിർമ്മിക്കുന്നതിന് നിർണായക പങ്ക് വഹിക്കുന്നത് ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങൾ തന്നെയാണ്. ദലിതന്റെ രാഷ്ട്രീയ ഭാവിയും ദേശിയതയുടെ ആഴവും  ഒരു പരിധിവരെ അവർ നിശ്ചയിക്കുന്നു. വർഗ്ഗ -വർണ്ണ- ജാതിയുടെ മേൽതട്ടിൽ നിന്ന് മാത്രമേ കൂടുതൽ ദേശീയതയും ദേശതാൽപര്യ സിദ്ധാന്തങ്ങളും വരുന്നുള്ളൂ. കീഴാള സമൂഹത്തിൽ നിന്ന് എഴുതപ്പെടുന്നതും ഉണ്ടാകുന്നതും കാലികപ്രസക്തി ഇല്ലാതെ പോകുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. ചിലപ്പോൾ അത് രാജ്യവിരുദ്ധത തന്നെ ആയിപ്പോയേക്കാം.

ദലിത് മാധ്യമവും ചരിത്രവും:
അസ്പൃശ്യർക്ക് വേണ്ടി വാദിക്കുവാൻ അല്ലെങ്കിൽ അവരുടെ സാമൂഹിക- സാംസ്‌കാരിക സാമ്പത്തിക പ്രശ്‌നങ്ങൾ ഒരു ഗേറ്റ് കീപ്പിംഗിനു വിധേയമാകാതെ പൊതു ധാരയിലേക്ക് എത്തിക്കുവാനുള്ള ആശയവിനിമയ മാർഗ്ഗമാണ് ഒരു ദലിത് മാധ്യമം കൊണ്ട്  ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ ദലിത് മുഖ്യധാര മാധ്യമത്തിന്റെ പ്രസക്തി മനസ്സിലാക്കി അതിനെ പൊതുചർച്ചയിലേക്ക് കൊണ്ടുവന്നത് ഡോ.ബി.ആർ അംബേദ്കറാണ്. ഇന്ത്യൻ നാഷണനൽ കോൺഗ്രസ്സിനെ പ്രതിനിധാനം ചെയ്യുന്ന  പ്രസ്സിന്റെയും ദേശീയ വർത്താ ഏജൻസികളുടെയും ചർച്ചകളിലോ ചിന്തകളിലോ കാഴ്ചപ്പാടിലോ ദലിതർ ഇല്ലായിരുന്നു. ഇവിടെ നീതിയും അനീതിയും തുലനം ചെയ്യാൻ ബ്രാഹ്മണ മേധാവിത്വമുള്ള  മാധ്യമങ്ങൾ ഒരിക്കലും തയ്യാറായില്ല എന്ന ചിന്തയാണ് അംബേദ്കർ പല ഇടങ്ങളായി സൂചിപ്പിച്ചിട്ടുള്ളത്.

സാധുജനപരിപാലിനി കട: ഉത്തരകാലം മാസിക

തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ കാലഘട്ടത്തിലായിരുന്നു (1885-1924) അയിത്തജാതിക്കാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുവദിച്ചത് (1910). ഇത് അയ്യൻകാളിയുടെയും അദ്ദേഹത്തിന്റെ സാധുജനപരിപാലസംഘത്തിന്റെയും സാംസാകാരിക വിജയങ്ങളിൽ ഒന്നായിരുന്നു എന്നതിൽ തർക്കമില്ല. പുലയകർഷകരുടെ സാമൂഹിക പ്രശ്‌നങ്ങളിൽ ഇടപെടുന്നതിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ വേണ്ടിയാണ് അയ്യൻകാളി സാധുജനപരിപാലിനി തുടങ്ങിയത്. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ സാമൂഹിക പ്രശ്‌നങ്ങളിൽ സംഘടന നിരന്തരം ഇടപെട്ടു. തങ്ങളുടെ സാമൂഹിക പ്രസ്ഥാനത്തെ വൈവിദ്ധ്യവത്കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും നിർണ്ണായക പങ്കുവഹിച്ച സംഘടനയാണ് സാധുജനപരിപാലിനി. എന്നാൽ ഇതിന് ഏറെ

ജോൺ ജോസഫ്

ആയുസ്സുണ്ടായിരുന്നില്ല. അതിന് ശേഷം ചേരമർ സംഘം  സാധുജന ദൂതൻ  എന്ന പേരിൽ ഒരു മാസിക ആരംഭിച്ചു (1919-22). പി ജെ ജോസഫിന്റെ നേതൃത്വത്തിലാണ് തുടങ്ങിയത്. പിന്നീട് പാമ്പാടി ജോൺ ജോസഫ് ചേരമർ പ്രസ്സ് തുടങ്ങിയെങ്കിലും അതിന് തുടർന്നു പോകാനായില്ല. ദലിത് ക്രിസ്ത്യാനികളുടെ ഇടപെടലുകൾ പുലയർക്കിടയിൽ കൂടിവന്ന സമയമായിരുന്നു ഇത്. പിന്നീട് പല ചെറിയ മാഗസിനുകളും പത്രങ്ങളും വെളിച്ചം കണ്ടെങ്കിലും എല്ലാറ്റിനും പൊടുന്നനെ ചരമ കുറിപ്പ് എഴുതേണ്ടിവന്നു. മനുഷ്യാവകാശ പ്രവർത്തകരുടേയും സ്വതന്ത്ര ഇടത് എഴുത്തുകാരുടേയും, ദലിത് ആക്ടിവിസ്ടുകളുടെയും  പരിശ്രമ ഫലമായാണ് കെ. കെ. എസ്. ദാസിന്റെ നേതൃത്വത്തിൽ സീഡിയൻ 1970-കളിൽ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചത്. അച്ചടിയിൽ പല തടസ്സങ്ങളും നേരിട്ട ഈ പ്രസിദ്ധീകരണം 1992-ൽ പൂർണമായും നിന്നു (അച്ചടി നിർമിച്ച കീഴാളപൊതുമണ്ഡലങ്ങൾ, വിനിൽ പോൾ). ഇടതുപക്ഷത്തിന്റെ പ്രധാന വിഷയമായിരുന്ന അധഃസ്ഥിതപ്രശ്‌നങ്ങൾ ഒരു പൊതു പ്രശ്‌നമായി ഉയർത്താൻ മുകളിൽ പറഞ്ഞ സീഡിയൻ എഴുത്തുകൾക്ക് ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്. ഇടതുചേരിയിലെ പല ദലിത് എഴുത്തുകാരും, ദലിത് ജാതിയത പറഞ്ഞ് കൊണ്ട് പുറത്ത് കടന്നതും എൺപതുകൾക്കു ശേഷമാണ്. പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി. എസ്) സാംസ്‌കാരിക വേദിയുടെ സൂചകം, കേരള പുലയ മഹാസഭ (കെ.പി.എം.എസ്) ന്റെ  നയലപം തുടങ്ങിയ മാഗസീനുകൾ  ദലിത് ജാതിയത സ്വതസിദ്ധമായി പറയാൻ തുടങ്ങി.  പിന്നീട് വന്ന സൈന്ധവമൊഴിയും ഒന്നിപ്പും ദലിത് വിഷയങ്ങളെ  പൊതുവിഷയമായി ഉയർത്തിക്കൊണ്ടു വരുവാൻ ശ്രമിക്കുന്നതും സർക്കുലേഷൻ അഭാവത്താൽ താളംതെറ്റി ഓടുന്ന  മാഗസീനുകളാണ്. രണ്ടായിരത്തിന് ശേഷമുള്ള ചെറിയ ദലിത് മാസികകൾ പലതും മനുഷ്യ അവകാശ പ്രവർത്തകരുടേയും സ്വതന്ത്ര ഇടതു ബുദ്ധിജീവികളുടെയും എഴുത്തുകൾകൊണ്ട് വേറിട്ടു നിന്നു. ഡോ. എ.സി രാമകൃഷ്ണൻ, ഡോ. വി.സി ഹാരിസ്, ഡി. വിനയചന്ദ്രൻ, ഡോ. ഉമർ തറമേൽ എന്നിവർ പല ദലിത് വിഷയങ്ങളേയും ജനാധിപത്യമായ രീതിയിൽ ഈ മാസികകളിലൂടെ എഴുതിയിട്ടുണ്ട്.

ദലിത് മുഖ്യധാര മാധ്യമത്തിന്റെ ആവശ്യകത:

2001-ലെ മുത്തങ്ങ സമരത്തിന് ശേഷം രൂപം കൊണ്ട മനുഷ്യാവകാശ സംഘടനയായ The Forum for Democracy and communal Amity നിയോഗിച്ച  അന്വേഷണ കമ്മീഷൻ ചെയർമാൻ മുൻ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ ആദിവാസികളെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ് ‘The lowliest, the lost, and the last sector of our community’. പിന്നെ അദ്ദേഹം കൂട്ടിച്ചേർത്തത് ഇങ്ങനെയാണ് ‘The quintessence of the tribal issue is their human right to live with dignity in their lands. Rob their lands, their life is robbed. Restore them to their forest surrounding as of right and you do the adivasis justice.’ (Down to Earth News web portal 30 April 2003, The Truth Behind the Muthanga Incident)

ആദിമ മനുഷ്യരായ കാട്ടുവാസികളുടെ വീടാണ് വനം. അതുൾപ്പെടുന്ന ജീവജാലങ്ങളുമായി പൊരുത്തപ്പെട്ടു കഴിയാൻ അവർക്കെ  കഴിയുകയുള്ളൂ. പരിഷ്‌കൃത സമൂഹങ്ങളാണ് അവിടെ ശരിയായ കൈയ്യേറ്റം നടത്തുന്നത്.  വനസമ്പത്ത് കൊള്ള അടിച്ച് വനത്തിന്റെ ശരിയായ അവകാശികളെ ചൂഷണം ചെയ്ത് അവരുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു.

മുത്തങ്ങയിലെ ആദിവാസികളുടെ ഭൂസമരവുമായി ബന്ധപ്പെട്ട തുടക്കത്തിലെ അച്ചടി, ദൃശ്യശ്രവണ മാധ്യമങ്ങളിലെ വാർത്തകൾ എല്ലാം തന്നെ സത്യത്തിന് നിരക്കാത്തതും കൊട്ടിപ്പെരുപ്പിച്ചതുമായിരുന്നു. (പി. കെ വേലായുധൻ; ദലിത് ജീവിതം, മാധ്യമങ്ങൾ-23) ആദിവാസികളുടെ ഗോത്ര അവകാശങ്ങൾ നോക്കുവാനോ അവരുടെയും കാടിന്റെയും ചരിത്രപൈതൃകം കീറിമുറിച്ച് ശരിയായ രീതിയിൽ പരിശോധിക്കുവാനോ മുത്തങ്ങ ഭൂസമരത്തിന്റെ തുടക്കത്തിൽ മലയാള മാധ്യമങ്ങൾക്ക് ഒന്നും തന്നെ കഴിഞ്ഞില്ല.

ഒരു മാധ്യമം എന്നത്  ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ, ടെക്‌നോളജി (ഐ.സി.റ്റി) എന്നീ പ്രതിഭാസത്തിന്റെ കീഴിൽ വരുന്ന ഉപാധിയാണ്. ഇതിന് അദൃശ്യതയിലും ദൃശ്യതയിലും  നിന്നുകൊണ്ട് മനുഷ്യനിൽ പല സൈക്കോളജിക്കൽ പ്രതിഭാസങ്ങളും സൃഷ്ടിക്കാൻ സാധിക്കും. ഉദാഹരണമാണ് ടെലിവിഷന്റെ കൾട്ടിവേഷൻ എഫക്ട് (George Gerbner). ടെലിവിഷനിലൂടെയുള്ള  വിഷയങ്ങൾക്ക്  മനുഷ്യന്റെ  ചിന്തകളെ സ്വാധീനിച്ച് സ്വഭാവത്തിൽ മാറ്റം വരുത്തുവാൻ കഴിവുണ്ടെന്ന സിദ്ധാന്തമാണ് ഗർബണർ മുന്നോട്ടുവയ്ക്കുന്നത്. മാധ്യമത്തിന് നിമിഷനേരം കൊണ്ട് ഒരു വ്യക്തിയെ പ്രമുഖനോ അല്ലെങ്കിൽ ഒന്നുമില്ലാത്തവനോ ആക്കാം. ഇതെല്ലാം ഒരു മാധ്യമത്തിന്റെ ആശയ വിനിമയത്തിലുള്ള മഹേന്ദ്രജാലങ്ങളാണ്. പ്രൊഫസർ പോൾ ക്ലിൻ തന്റെ അക്കാദമിക് സൈക്കോളജി പുസ്തകത്തിൽ (Psychology exposed or the emperor’s new clothes) പറയുന്നത് ഇങ്ങനെയാണ്. മനുഷ്യന്റെ സ്വഭാവത്തിനെ സ്വാധീനിച്ചു മാറ്റം ഉണ്ടാക്കാൻ പറ്റുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ അച്ചടി മാധ്യമം നിർമിക്കുന്നത്. ഒരു മനുഷ്യന്റെ സാമൂഹിക/ സാംസ്‌കാരിക/ സാമ്പത്തി മണ്ഡലങ്ങളുടെ നിയന്ത്രണം എറ്റെടുക്കുവാൻ മാധ്യമങ്ങൾക്ക് ഒരുപരിധിവരെ സാധിക്കും.

മുത്തങ്ങ സമരത്തിനു ശേഷം   മാധ്യമത്തിന്റെ സൈക്കോളജിക്കൽ സ്വഭാവ സവിശേഷതയായ Hyperbolism (പൊലിപ്പിച്ച് കാട്ടുക) എന്ന ഘടനയിലുള്ള വാർത്താ ചിത്രീകരണമാണ് ഒട്ടുമിക്ക മാധ്യമങ്ങളും നടത്തിയത്. അതായത് നടക്കുന്ന ഒരു സംഭവത്തിന്റെ ഗതിമാറ്റി മറ്റൊരു വലിയ വാർത്തയായി ചിത്രീകരിക്കുക.  ആദിവാസികളുടെ ഇടമായ മുത്തങ്ങ വനമേഖലയിലേക്ക് സർക്കാർ നിയോഗിച്ച പോലീസ് സേന എത്തി പുരുഷന്മാരെ അതിക്രൂരമായി മർദ്ദിക്കുകയും സ്ത്രീകളെയും കുട്ടികളെയും ഫോറസ്റ്റ് ഗാർഡിന്റെയും പോലീസ് സ്റ്റേഷനിലും ദിവസങ്ങളോളം കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തു. ഇവയൊന്നും   ഒരു മാധ്യമവും വാർത്തയായി ചിത്രീകരിച്ചില്ല. കാടിന്റെ അവകാശികളുടെ മനുഷ്യാവകാശത്തിനും അതിന്റെ ധ്വംസനത്തിനും ന്യൂസ് വാല്യൂ ഉണ്ടാക്കുവാൻ മലയാള മാധ്യമങ്ങൾ മടി കാണിച്ചു.  ഇവിടെ വാർത്ത ആയി കൊടുത്തത് ആദിവാസികൾ വനം കൈയ്യേറി അക്രമം അഴിച്ചുവിടുന്നു എന്നൊക്കെയാണ്.

ഇനി രണ്ടാമത്തെ ഒരു വാർത്ത 2018-ൽ സംഭവിച്ചതാണ്. 1989-ൽ പാർലമെന്റ് പാസ്സാക്കിയ SC /ST  Prevention of Atrocities Act നിയമങ്ങൾ ദുർബലപ്പെടുത്തുന്ന ഒരുവിധി സുപ്രീംകോടതി ജസ്റ്റീസ്മാരായ യു.യു.ലളിത്, എ.കെ. ഗോയൽ എന്നിവർ 2018 മാർച്ച് 20-ന് പുറപ്പെടുവിച്ചു. ഈ വിധിക്കെതിരെ  ദലിത് സംഘടനകളും ദലിത് ആക്ടിവിസ്റ്റുകളും ഭാരത് ബന്ദ് നടത്തി. ഇതിനെതുടർന്ന് പലയിടത്തും സമരാനുകൂലികളും പോലീസുകാരും തമ്മിൽ ഏറ്റുമുട്ടി. അതിനുശേഷം  കേരളത്തിലെ മാധ്യമങ്ങളുടെ തലക്കെട്ടുകൾ ഇങ്ങനെയാണ് വന്നത്. 7 Dead as  dalit protest over SC/ST act rock north India-The Hindu. അടുത്ത സർക്കുലേഷൻ മുൻപന്തിയിൽ നിൽക്കുന്ന പത്രകാരണവരായ മനോരമയുടെ തലക്കെട്ടും അതിന്റെ തുടർ എഴുത്തുകളും വായനക്കാരെ സംബന്ധിച്ച് വളരെ പ്രസക്തി ഉള്ളതാണെന്നതിൽ സംശയമില്ല. “ദലിത് പ്രക്ഷോഭം തുടരുന്നു: 9 മരണം” എന്ന ഹെഡ് ലൈനിൽ തുടങ്ങുന്ന വാർത്തയുടെ ലീഡ് സ്റ്റോറി പാരഗ്രാഫ് പോകുന്നത് ഇങ്ങനെയാണ്. ”പട്ടികജാതി/വർഗ്ഗ പീഡന നിരോധന നിയമത്തിലെ ചില വ്യവസ്ഥകൾ ദുർബലമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകൾ നടത്തിയ ഭാരത് ബന്ദിലെ ആക്രമണങ്ങളിൽ 9 മരണം”. ഇവിടെ ബന്ദ് നടത്തിയ ദലിതരാൽ ഒൻപത് പേർ കൊല്ലപ്പെട്ടന്ന വാർത്തയാണ് ലേഖകൻ ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഭാരത് ബന്ദ്  നടത്തിയ വിവിധ  സംസ്ഥാനങ്ങളിൽ ദലിത് ഹർത്താൽ അനുകൂലികൾക്കെതിരെയാണ് പോലീസ് നിറയൊഴിച്ചത്. മരിച്ച 9 പേരും ദലിതരാണ്. ഇവിടെയാണ് മനോരമയുടെ വർഗ്ഗസ്വഭാവൻ ലേഖകൻ തന്ത്രപൂർവ്വം പ്രയോജനപ്പെടുത്തിയത്. ഹർത്താൽ ആഹ്വാനം ചെയ്തും ആക്രമണം അഴിച്ചുവിട്ടും ദലിതർ കുറെ മനുഷ്യരെ കൊന്നു എന്ന  രീതിയിൽ വാർത്ത സൃഷ്ടിക്കുവാൻ  ഈ ലേഖകനും ആ നുണ പ്രചരിപ്പിക്കാൻ മനോരമയ്ക്കും നിഷ്പ്രയാസം കഴിഞ്ഞിട്ടുണ്ടെന്ന് മനസ്സിലാക്കാം.

ഇനി ദലിതർക്കുവേണ്ടി പരക്കെ സംസാരിക്കുന്നു എന്ന് അവകാശപ്പെടുന്ന മാധ്യമം ദിനപത്രത്തിന്റെ തലക്കെട്ട് ശ്രദ്ധിക്കാം. ”ഭാരത് ബന്ദിൽ ദലിത് രോഷം തിളച്ചു: 9 പേർ കൊല്ലപ്പെട്ടു”. സുരക്ഷാ സേനയുടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ദലിതരാണെന്ന് പറയാൻ കോഴിക്കോടു നിന്നും ഇറങ്ങുന്ന  മുജാഹിദുകളുടെ പത്രവും മറന്നു.  ഇവർ തന്നെയാണ് അട്ടപ്പാടിയിലെ ഭൂസമരത്തിന്റെ മരണസംഖ്യ രണ്ടിൽ നിന്ന് അഞ്ചാക്കിയത്  “5 ആദിവാസികൾ മരിച്ചു, പോലീസുകാരനെ വെട്ടിക്കൊന്നു” എന്നായിരുന്നു തലക്കെട്ട്. ശരിക്കും ഒരു ആദിവാസിയും ഒരു പോലീസുകാരനുമായിരുന്നു  മുത്തങ്ങ  സംഭവത്തിൽ മരണപ്പെട്ടത്.  മുകളിലെ ഒന്നാമത്തെ ന്യൂസ് സ്റ്റോറിയായ ആദിവാസി ഭൂസമരത്തെ വയലൻസ് എന്ന  മനുഷ്യന്റെ ഹീനപ്രവൃത്തി എന്ന രീതിയിലായിരുന്നു മലയാള മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിച്ചത്. ഇവിടെ  ആദിവാസികളുടെ മാധ്യമ നിർമ്മിതമായ ക്രിമിനൽ പശ്ചാത്തലമാണ് വാർത്താ പ്രാധാന്യമുള്ള വിഷയമായി മാധ്യമങ്ങൾ ഉയർത്തിക്കാട്ടിയത്. (Hyperbolism) അതുപോലെ ആദിവാസിയുടെ അവകാശങ്ങളെ വാർത്താപ്രാധാന്യം കുറഞ്ഞ  വിഷയമാക്കുകയും ചെയ്തു (Trivialization). ഇവിടെ മുഖ്യാധാരാ മാധ്യമങ്ങളെല്ലാം വാർത്തകളെ വളച്ചൊടിക്കുകയും അധഃകൃത വിഭാഗങ്ങളെ പൂർണ്ണമായും തഴയുകയുമാണ് ചെയ്തത്.

ഈ രണ്ട് സംഭവങ്ങളിൽനിന്നും മനസ്സിലാക്കുന്നത് ചില സമയത്ത് മാധ്യമങ്ങൾ പക്ഷപാതം കാണിക്കുകയും അനിഷ്ടക്കാരെ മാധ്യമഭാഷയിൽ ശിക്ഷിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. ഇവിടെയാണ് ഒരു മുഖ്യധാരാ മാധ്യമത്തിന്റെ കുറവ് കേരള ദലിത് സമൂഹത്തിന് ഉണ്ടെന്നുള്ള ചിന്തയോട് യോജിക്കാൻ സാധിക്കുന്നത്. മുകളിൽ പറഞ്ഞ പഠനത്തിൽ നിന്ന് മാധ്യമത്തിന്റെ സവർണ്ണ ആധിപത്യവും  ഒരു പ്രത്യേക വിഭാഗങ്ങളോടുള്ള ചായ്‌വും ഒരുപരിധിവരെ മനസ്സിലാക്കുവാൻ സാധിക്കും. അത് പോലെ തന്നെ ഒരു മുഖ്യധാരാ മാധ്യമം ഇല്ലാത്തതിന്റെ കുറവുകളും ദലിത് സമൂഹത്തിന് ഉണ്ടെന്നും ഇത് മനസ്സിലാക്കിത്തരുന്നു. അതേ സമയം സവർണ്ണ മാധ്യമ കുത്തകകൾ വാർത്തകൾ സൃഷ്ടിക്കുകയും അത് ഒരു സമൂഹത്തിന്റെ പ്രഥമ വികാരവും വിചാരവുമായി മാറ്റിയെടുത്ത് പൊതു ഇടങ്ങളിൽ (Public space) ഏകാഭിപ്രായം നിർമ്മിച്ചെടുത്ത് ആധിപത്യം ഉറപ്പിക്കുകയും ചെയ്യുന്നു.

മലയാള മുഖ്യധാര ദലിത് മാധ്യമ വ്യവസായത്തിന് എതിരെ ഉയരുന്ന പ്രതിസന്ധികൾ:

  1. മധ്യവർഗ്ഗ ദലിത് ക്യാപ്പിറ്റലിസ്റ്റുകളുടെ കൂട്ടായ്മയുടെ അഭാവവും കുറവും.
  2. പോപ്പുലേഷൻ/ നിരക്ഷരത.
  3. ദലിത് ഹിന്ദു ക്രിസ്ത്യൻ ആശയ വിയോജിപ്പ്.

മധ്യവർഗ്ഗങ്ങളെ നിർവചിക്കുന്നതിന് മാർക്‌സ് ഉൾപ്പെടെയുള്ള പാശ്ചാത്യ തത്വചിന്തകർ പല ഇടപെടലുകളും പലപ്പോഴായും നടത്തി. മധ്യവർഗ്ഗമെന്നാൽ Man of the Organisation എന്നും  Black Casted Worker അല്ലെങ്കിൽ  Upper –Working ക്ലാസ്സുകളുടെ ഇടയിൽ വരുന്നകൂട്ടരെന്നും നിർവചിച്ചു. ഇന്ത്യൻ ചിന്തയിൽ മദ്ധ്യവർഗ്ഗമെന്നാൽ നവോത്ഥാനങ്ങളുടെയും, കൊളോണിയലിസത്തിന്റെയും വിപ്ലവരാഷ്ട്രയത്തിന്റെയും ആകെതുകയാണ്  എന്നതിൽ സംശയമില്ല.

പാരമ്പര്യമായി കർഷക തൊഴിലിൽ ഏർപ്പെട്ട സമൂഹമാണ് കേരളത്തിലെ വലിയ വിഭാഗമായ പുലയ സമൂഹം. ദലിത് അംഗസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ഈ പട്ടിക ജാതി വിഭാഗത്തിൽ നിന്നാണ് കൂടുതൽ വിദ്യാസമ്പന്നരായ   മദ്ധ്യവർഗ്ഗ സമൂഹം ഉണ്ടായിട്ടുള്ളത്. അതുപോലെതന്നെ ഇന്ത്യയിലെതന്നെയുള്ള സബാൾട്ടൺ പഠനത്തിന് കേരളത്തിലെ പുലയരുടെ സംഭാവന വളരെ വലുതാണ്. അയ്യൻകാളി, മുൻ പ്രസിഡന്റ് കെ.ആർ നാരായണൻ, മുൻ. ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖർ ഈ സമൂഹത്തിൽ നിന്നുള്ളവരാണ്. മദ്ധ്യവർഗ്ഗമെന്ന ചിന്തയ്ക്ക് നിരവധി അർത്ഥങ്ങൾ പല തത്വചിന്തകരും കൊടുത്തിട്ടുണ്ട്. പാരമ്പര്യമായിട്ട് കേരളത്തിലെ ദലിതുകൾ ഒന്നും തന്നെ മദ്ധ്യവർഗ്ഗ സമൂഹങ്ങളായിരുന്നില്ല. 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ തന്നെ നടത്തിയ നിരവധി നവോത്ഥാന സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും എല്ലാം ആകെ തുകയാണ് ഇന്ന് കാണുന്ന വളരെ കുറച്ചുള്ള ദലിത് മദ്ധ്യവർഗ്ഗങ്ങളും അവരുടെ സാംസ്‌ക്കാരിക മൂല്യവും. ഇന്ത്യയിലെ ഭരണഘടന ഉറപ്പ് നൽകുന്ന സാമൂഹിക സാമ്പത്തിക പോസിറ്റീവ് ഡിസ്‌ക്രിമിനേഷനുകൾ മൂലം കാലക്രമേണ ദലിത് സമൂഹത്തിന്റെ നില മെച്ചപ്പെടുത്തുവാൻ ഒരുപരിധിവരെ കഴിഞ്ഞു. വിദ്യാഭ്യാസത്തിലും തൊഴിലിലുമുള്ള ഇളവുകൾ ദലിതുകളുടെ സാമൂഹിക സാമ്പത്തിക മാറ്റത്തിന് കാരണമായി. (A Sociology of  Dalit middle class; Gurrum Srinivas).

കേരളത്തിലെ മൊത്ത ജനസംഖ്യ ശതമാനത്തിൽ 12-നും 13-നും ഇടയിൽ വരുന്ന  ദലിത് സമൂഹത്തിൽ മധ്യവർഗങ്ങൾ വളരെ കുറഞ്ഞശതമാനമെയുള്ളൂ. നൂറ് ശതമാനം ദലിത് സാക്ഷരതയുള്ള സംസ്ഥാനവും ജില്ലയും പട്ടികവർഗ്ഗ സാക്ഷരതയുള്ള  സ്ഥലവും കേരളത്തിന്റെ പേരിലാണ്. ദേശീയ രാഷ്ട്രീയത്തിൽ ദലിത് ക്യാപ്പിറ്റലിസ്റ്റുകളുടെ കുറവുമൂലമാണ്  കാൻഷിറാമിന് ഇന്ത്യയിലെ തന്നെ പ്രഥമ ദലിത് മാധ്യമം  തുടങ്ങാൻ കഴിയാതെ പോയത്. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. ഇന്ത്യയിൽ പലയിടത്തും ദലിത് ക്യാപ്പിറ്റലിസ്റ്റുകൾ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. അതിനുദാഹരണമാണ് പൂനയിലെ ദലിത് ക്യാപ്പിറ്റലിസ്റ്റുകളെക്കുറിച്ചുള്ള പ്രൊഫസർ കുഞ്ഞാമന്റെ പരാമർശം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 25-2018) കേരളത്തിലെ സ്ഥിതിയും ദലിത് കാപ്പിറ്റലിസ്റ്റുകളുടെ വളർച്ചയ്ക്ക് അനുകൂലം തന്നെയാണെങ്കിൽ പോലും അവരുടെ  ഐക്യമില്ലായ്മ തന്നെയാണ് പ്രഥമ പ്രശ്‌നമായി കാണാൻ കഴിയുന്നത്. ദലിത് എഴുത്തുകാരനും  ഉത്തരകാലം ന്യൂസ് പോർട്ടൽ ഉടമയും മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും സെക്ഷൻ ഓഫീസറായി പെൻഷൻ പറ്റുകയും ചെയ്ത കെ.കെ. ബാബുരാജ് പറയുന്നത് ”ദലിത് മദ്ധ്യവർഗ്ഗമെന്നാൽ സർക്കാരിൽ തരക്കേടില്ലാത്ത ജോലിയും അല്ലെങ്കിൽ ചെറുകിട വ്യവസായം നടത്തുന്നവരുമായിട്ടുള്ള ആളുകളാണ്. എന്നാൽ ഇവരെ എല്ലാം മാധ്യമ ബിസിനസ്സുമായി ബന്ധപ്പെടുത്തുവാനോ അതിനോട് കൂട്ടി ഇണക്കുവാനോ കഴിയുന്നില്ല. അതിന് പ്രധാന കാരണം ദലിതുകളുടെ പല വ്യത്യസ്തമായ രാഷ്ട്രീയ,സാമൂഹിക ചിന്തകൾ ആണ്”.

ജനസംഖ്യ/നിരക്ഷരത:

കേരളത്തിലെ പട്ടികജാതി-വർഗ്ഗങ്ങളുടെ ജനസംഖ്യാ ശതമാനം മൊത്തത്തിൽ 12-നും 13-നും ഇടയിലാണ്. ഇതിൽ പുലയർ ആണ് അംഗബലത്തിൽ കൂടുതലായിട്ടുള്ളവർ. പിന്നെ സാംബവ, ചേരമർ, പിന്നെ പറയർ എന്നിങ്ങനെ പോകുന്നു വലിപ്പക്രമം. കുടുംബാസൂത്രണം, മതം മാറ്റം തുടങ്ങിയ സാമൂഹിക വിഷയങ്ങൾ  മുഖേന ദലിത് അംഗസംഖ്യയിൽ വളരെകുറവ് സംഭവിച്ചു. പിന്നെയുള്ള പ്രശ്‌നം വിദ്യാഭ്യാസത്തിലെ പിന്നോക്ക അവസ്ഥയാണ്. ഉയർന്ന വിദ്യാഭ്യാസം നേടുവാൻ ഇന്നും എല്ലാ പട്ടികജാതി/വർഗ വിഭാഗങ്ങളിലെ ഭൂരിഭാഗത്തിനും കഴിഞ്ഞിട്ടില്ല. ഇനി ആദിവാസികളുടെ കാര്യം നോക്കുകയാണങ്കിൽ ഇവരിൽ പല വിഭാഗങ്ങളും സ്‌കൂളിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ പഠിത്തം നിർത്തുകയാണ് ചെയ്യുന്നത്. അതിന് ചെറിയ ഒരു കാരണമായി കാണാൻ കഴിയുന്നത് ആദിവാസി ഗോത്രഭാഷയിലുള്ള പഠനം ലഭ്യമാക്കുന്ന സ്കൂളുകളുടെ അഭാവമാണ്. ദേശീയ സംസ്ഥാന സർവ്വകലാശാലകളിലും എൻ. ഐ. റ്റി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനപരീക്ഷകളിലും ഉയർന്ന റാങ്കിലേക്കെത്തുവാൻ ഇപ്പോഴും ഇവർക്ക് സാധിക്കുന്നില്ല. മത്സര അഭിരുചി പരീക്ഷകളുടെ പരിശീലനത്തിന്റെ കുറവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥയും ഇതിനൊരു ഘടകമായി ചൂണ്ടിക്കാണിക്കാം.

ദലിത് മാധ്യമങ്ങളുടെ സർക്കുലേഷൻ ഒരു പരിധിവരെ അവരുടെ അംഗബലത്തെ ആശ്രയിച്ചിരിക്കുന്നു. ഇതിൽ വരുന്ന കുറവുകൾ ഒരു മാധ്യമത്തിന്റെ റീച്ചെബിലിറ്റിയെയും റീഡബിലിറ്റിയെയും ബാധിക്കും. ഈ രണ്ട് ഘടകങ്ങളാണ് മാധ്യമത്തിന്റെ പ്രധാന വരുമാന ശ്രോതസ്സായ പരസ്യങ്ങളെ സംഭാവന ചെയ്യുന്നത്. നിർഭാഗ്യവശാൽ ദലിത് മാധ്യമങ്ങൾക്ക് ഈ വ്യവസായത്തിൽ പിടിച്ചുനിൽക്കാൻ പറ്റുന്ന വരുമാനം പരസ്യങ്ങളിൽനിന്ന്

ഒന്നിപ്പ് മാസിക

ലഭിക്കുന്നില്ല. കൂടാതെ നിരക്ഷതയിലും ജനസംഖ്യയിലുമുള്ള കുറവുകാരണം എല്ലാ പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കും ഇതിന്റെ വരിക്കാരാകാൻ സാധിക്കുന്നില്ല. ‘ ഒന്നിപ്പ്’ മാസികയുടെ എഡിറ്ററായ അനിൽ പറയുന്നത് ”ഏകദേശം 20 രൂപയോളം രൂപയാണ്  ഒരു മാസികയുടെ പ്രിന്റിംഗ് ചിലവ്. എന്നാൽ വരിക്കാരും വായനക്കാരും കുറവായതിനാൽ   ഇതിൽനിന്നുള്ള വരുമാനം ചിലവിനേക്കാൾ കുറവാണ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മാസിക കൃത്യമായി പ്രിന്റ് ചെയ്ത് വിതരണം നടത്താൻ സാധിക്കുന്നില്ല”.  ഇതൊക്കയാണ് ദലിതുകൾ കൈകാര്യം ചെയ്യുന്ന ജേർണലുകളുടെ നിലവിലെ അവസ്ഥ.

ദലിത് ഹിന്ദു/ ക്രിസ്ത്യൻ ആശയ, രാഷ്ട്രീയ വിയോജിപ്പുകൾ:

ദലിത് ഹിന്ദുവിന്റെയും ക്രിസ്ത്യാനികളുടെയും ആശയപരമായ വിയോജിപ്പുകൾ അയ്യൻകാളിയുടെ സമയത്ത് തന്നെ ഉണ്ടായിരുന്നു. എന്നാൽ നിലവിലെ ആശയ വിയോജിപ്പുകൾക്കും ഐക്യക്കുറവിനുമുള്ള പ്രശ്‌നമായി സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത് പട്ടികജാതി/ പട്ടികവർഗ്ഗ സംവരാണാനുകൂല്യം, മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ ഇടപെടലുകൾ, ദലിത് ജാതീരാഷ്ട്രീയം എന്നിവയാണ്. ഇവയെല്ലാം ദലിത് ഐക്യത്തിന് ബദലായി നിൽക്കുന്ന സാമൂഹിക കാരണങ്ങളാണ്. മികച്ച സാമൂഹിക അവസ്ഥ പ്രതിനിധാനം ചെയ്യുന്ന ക്രിസ്ത്യൻ മതത്തിലേക്ക് ചേക്കേറിയ ദലിത് ക്രിസ്ത്യാനിയുടെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക അവസ്ഥ അല്ല ഒരു ദലിത് ഹിന്ദുവിനുള്ളത്. അവർ സമൂഹത്തിലെ മദ്ധ്യവർഗമായി എന്ന അഭിപ്രായമാണ് ദലിത് ഹിന്ദുക്കളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രിയ, സാമൂഹിക, സാംസ്‌കാരിക സംഘടനകൾ പറയുന്നത്. ഉയർന്ന  സാമൂഹിക/സാമ്പത്തിക നിലവാരമുള്ള ക്രിസ്ത്യൻ വിഭാഗത്തിലെ ജാതികളായ സി എസ്‌ ഐ, പെന്തകോസ്ത്, ബ്രദറൺ തുടങ്ങിയവയിലേക്കാണ് കൂടുതൽ ദലിതുകളും മതംമാറി എത്തിയിരിക്കുന്നത്. ഇവരുടെ ജാതിഘടനയിലുള്ള  സാമൂഹിക സേവനങ്ങൾ – വിദ്യാഭ്യാസം, ആശുപത്രി, വിദേശ വിദ്യാഭ്യാസ ധനസഹായം, വീട് നിർമ്മാണ ചിലവുകൾ, ഉന്നത നിലവാര പഠന സഹായം എന്നിവ എല്ലാം ഒരു പരിധിവരെ ദലിത് ഹിന്ദുവിൽ നിന്ന് വ്യത്യസ്തമാണ്.  ഇവിടെ ദലിത് ക്രിസ്ത്യൻ മധ്യവർഗമായി ക്രമേണ മാറുമ്പോൾ നൂറിൽപരംവരുന്ന മറ്റ് ദലിത്-ഗോത്രവർഗങ്ങൾ സാമൂഹിക/സാംസ്‌കാരിക/സാമ്പത്തികപരമായി മാറ്റമില്ലാതെ തുടരുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ട് പട്ടികജാതി/വർഗ്ഗ ആനുകൂല്യങ്ങൾക്ക്  ദലിത് ക്രിസ്ത്യനു  അർഹത ഉണ്ടോ എന്ന് അവർ തന്നെ പുനഃപരിശോധിക്കണം എന്നാണ് ദലിത് ഹിന്ദുവിന്റെ വാദം. എന്നാൽ ദലിത് ക്രിസ്ത്യാനിക്കു പറയാനുള്ളത് മറ്റു ദലിതരെപ്പോലെതന്നെ സാമൂഹിക/സാംസ്‌കാരിക/സാമ്പത്തിക വ്യവഹാരങ്ങളിൽ മാറ്റമില്ലാതെ തുടരുന്ന അധകൃത സമൂഹങ്ങളാണ് തങ്ങളെന്നും അതിനാൽ പട്ടികജാതി പട്ടികവർഗ്ഗ നിയമങ്ങളുടെ പരിധിയിൽ തങ്ങളും വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നുമാണ്. ഇങ്ങനെയുള്ള വാദങ്ങളും പ്രതിവാദങ്ങളും ദലിത് രാഷ്ട്രീയത്തിലെ രാഷ്ട്രീയ ആശയങ്ങളുടെ വിയോജിപ്പാണ് കാണിക്കുന്നത്.

കേരളത്തിലെ ആദ്യകാല ദലിത് രാഷ്ട്രീയ ചിന്തയെന്നാൽ കർഷക, ഭൂമി സമരങ്ങളായിരുന്നു. ഇവയെല്ലാം ഇടതുപക്ഷ ചിന്തകളിലൂടെ ക്രമേണ രൂപം കൊണ്ട് ശക്തിപ്രാപിച്ചവ ആയിരുന്നു. കേരളത്തിലെ ഇടതുകർഷക ഭൂമി സമരങ്ങളിലെ ജാതിമേധാവിത്വ അജണ്ടകൾ തിരിച്ചറിഞ്ഞ ദലിത് ഗോത്രവർഗങ്ങൾ ചേരികൾ തിരിഞ്ഞ് ദലിത് അവകാശങ്ങൾക്കായി സമരം ചെയ്തു. ദലിത് ഹിന്ദുക്കളിൽ തന്നെ വിവിധ ജാതികൾ  സ്വജാതിപരമായി അവകാശം ഉന്നയിക്കുന്ന ഒരു അവസ്ഥയിലേക്ക് പല ദലിത് ഗോത്രസമരങ്ങളും പോയി.  ഇവിടെ ദലിത് ജാതി രാഷ്ട്രീയത്തെ അപ്രസക്തമാക്കി പകരം  അംബേദ്കർ ചിന്തകൾ വീണ്ടെടുക്കാൻ പറ്റിയ ഒരു ദലിത് ബഹുജന  മുന്നേറ്റം കേരളത്തിൽ ഇന്ന് വരെ ഉണ്ടായിട്ടില്ല എന്നുവേണം കരുതാൻ. കേരളത്തിലെ ഇടതുചിന്തകളാൽ അദൃശ്യമാക്കിയ അംബേദ്കർ ചിന്തകളെ  (കെ .കെ.കൊച്ച് -ദലിത് സമരങ്ങളുടെ രാഷ്ട്രീയം) വീണ്ടെടുത്ത് വിശാലമായ ഒരു ഐക്യം നേടിയെടുക്കാൻ ദലിത് ജാതീയ രാഷ്ട്രീത്തിന് കഴിഞ്ഞാൽ ദേശീയ രാഷ്ട്രീയത്തിൽ കാൻഷിറാമിന് കഴിയാതെ പോയ ‘മാധ്യമം’ ചിലപ്പോൾ കേരളത്തിൽ മുളച്ചെന്ന് വരാം.

ഉപസംഹാരം:
കേരളത്തിലെ ദലിതുകൾക്കും ഗോത്രസമുദായങ്ങൾക്കും വേണ്ടി സംസാരിക്കുവാൻ ഒരു മുഖ്യധാര മാധ്യമം വളരെ ആവശ്യമായിരിക്കുന്ന ഒരു സമയമാണിത്. മൊത്തം ജനസംഖ്യയിൽ ഏകദേശം പതിമൂന്ന് ശതമാനത്തോളമാണ് ദലിതുകൾ ഇപ്പോഴുള്ളത്. അസ്പൃശ്യർക്കുവേണ്ടി സമൂഹത്തിനോട് സംസാരിക്കുവാനോ അവരുടെ ശരിയായ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാനോ നിലവിലെ ഒരു അച്ചടി-ദൃശ്യ-ശ്രവണ മാധ്യമങ്ങൾക്കോ കഴിയുന്നില്ല. ദലിതരും ഗോത്രവർഗ ജനതയും ഈ പുതിയ നൂറ്റാണ്ടിൽപോലും  ഒരു ഉത്പാദന ശക്തി ആകുന്നില്ല. അവർ എപ്പോഴും സ്വീകർത്താവായി മറ്റുള്ളവരുടെ ഇരയായി മാറുന്ന കാഴ്ചയാണുള്ളത്. മുത്തങ്ങ ഭൂസമരം കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞപ്പോഴാണ് സമൂഹം വാർത്തയുടെ നിജസ്ഥിതി അറിയുന്നത്.  ആദിവാസിയുടെ കിടപ്പാടമില്ലായ്മയുടെയും പട്ടിണിയുടെയും കഥ പുറംലോകമറിഞ്ഞത് സ്വതന്ത്ര എഴുത്തുകാരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും എഴുത്തുകളിലൂടെയാണ് (ബി ആർ പി ഭാസ്‌ക്കർ; അഭിമുഖം 6/05/2017). ഭരണഘടനാ വാഗ്ദാനം ചെയ്യുന്ന പല മൗലീക അവകാശങ്ങളും ആദിവാസികൾക്കു കൂടി ബാധകമാണെന്ന ബോധം പൊതു സമൂഹത്തിനെ ഓർമ്മപ്പെടുത്തുവാൻ  സ്വതന്ത്ര എഴുത്തുകളാണ് കേരളത്തിൽ വേണ്ടിവന്നത്. നാഷണനൽ ക്രൈം റെക്കോർഡ് ബ്യൂറോയിലെ റിപ്പോർട്ട് പരിശോധിച്ചുകൊണ്ടുള്ള റോയിട്ടർ വാർത്താ ഏജൻസിയുടെ അന്വേഷണം വിരൽ ചൂണ്ടുന്നത് ദലിതരെ ആക്രമിച്ച കേസിൽ പത്തിൽ എട്ടുപേരും  ശിക്ഷിക്കപ്പെടുന്നില്ല എന്നാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2017-18 വർഷത്തെ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. (മാതൃഭൂമി 20/04/2018). മുത്തങ്ങ സമരത്തിൽ ക്രമസമാധാനം തകർത്ത ആദിവാസികൾ എന്ന ആശയത്തിലാണ് ആദ്യം മാധ്യമങ്ങൾ നിന്നത്. ഇവിടെ മാധ്യമങ്ങളുടെ വാർത്താമൂല്യസങ്കൽപ്പവും (സ്‌കൂപ്പ്) ആദിവാസിയുടെ ക്രിമിനൽ പശ്ചാത്തലമായിരുന്നു. ഭരണവർഗ്ഗങ്ങളാലും ആധുനിക മനുഷ്യരാലും തിരസ്‌ക്കരിക്കപ്പെടുന്ന ഗോത്രസമൂഹത്തിന്റെ മൗലിക അവകാശങ്ങളെന്താണെന്ന് മാധ്യമങ്ങൾ അന്വേഷിച്ചോ എന്നത് വളരെ പ്രസക്തമാണ്. ഇവിടെയാണ് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പറഞ്ഞതിന്റെ പൊരുൾ കിടക്കുന്നത്. ‘The lowliest, the lost and the last sector of our community’. അവരുടെ സമ്പത്തും ഭൂമിയും കൊള്ളയടിച്ച് അവരെ ചൂഷണം ചെയ്താണ് പരിഷ്‌കൃത സമൂഹം ജീവിക്കുന്നത്.

ഇനി ദലിതുകൾ നടത്തിയ ഭാരത് ബന്ദിന്റെ കാര്യം നോക്കാം. പട്ടിക ജാതി/ വർഗ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഒന്നോ രണ്ടോ കേസിന്റെ അടിസ്ഥാനത്തിൽ മനസിലാക്കിയ പരമോന്നത കോടതി 1989-ൽ പാർലമെന്റ് പാസാക്കിയ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമത്തിനെ പകുതി ഷണ്ഡീകരിച്ചു. നിയമം ശക്തമായ സമയത്ത് ഇന്ത്യയിലെ ദലിതുകൾ ആക്രമിക്കപ്പെട്ടതിന്റെ കണക്കുകൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. 2017-18-ലെ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക്  പ്രകാരം ദലിതർക്കെതിരെയുള്ള ആക്രമണങ്ങൾ ഇരട്ടിയാകുന്നതിനോടൊപ്പം ഭൂരിഭാഗം പ്രതികളും തെളിവുകളുടെ അഭാവത്താൽ ശിക്ഷിക്കപ്പെടാതെപോകുന്നുന്നു എന്നുള്ളതാണ്. ഇനി നിയമത്തിന്റെ പരിരക്ഷയ്ക്ക് ഭേദഗതികളും കൂടി വരുന്നമുറയ്ക്ക്  ഇവർക്ക് നീതി പൂർണമായും അന്യമാകുമെന്നതിൽ തർക്കമില്ല. ഇതിനെതിരെയാണ് ദലിതർ ഭാരത്ബന്ദ് നടത്തിയത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ എഡിറ്റോറിയലാക്കുവാൻ മിക്ക പത്രങ്ങളും മടി കാണിച്ചു. കൂടാതെ ദേശീയ ദിനപത്രമായ ‘ദ ഹിന്ദു’  ഉൾപ്പടെ മുകളിൽ സൂചിപ്പിച്ചതുപോലെ ഹർത്താലിനെ ദലിതുകളുടെ വയലൻസായി ആണ് ചിത്രീകരിച്ചത്.

റോബിൻ ജെഫ്രിയുടെ  India’s Newspaper Revolution, രഞ്ജിത്ത് തങ്കപ്പന്റെ അച്ചടിമാധ്യമങ്ങളും ദലിതരും; പ്രതിനിധാനത്തിന്റെ രാഷ്ട്രീയം, പി.കെ. വേലായുധന്റെ ദലിത് ജീവിതം മാധ്യമങ്ങളിൽ, ഡോ. വള്ളിക്കാവ് മോഹൻദാസിന്റെ കീഴാള പത്രപ്രവർത്തനം തുടങ്ങിയ കൃതികൾ ദലിതുകളുടെ മാധ്യമാവകാശവും തൊഴിലും, തൊഴിലിലെ ജാതി വിവേചനവും വളരെയേറെ ചർച്ചചെയ്ത എഴുത്തുകളും ചിന്തകളുമാണ്. ഇതിൽ ജെഫ്രിയുടെ പഠനത്തിൽ പറയുന്നത് 1990-കളിൽ അദ്ദേഹം ഇന്ത്യയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ സഞ്ചരിച്ച് ദലിത് പത്രപ്രവർത്തകരെ അന്വേഷിച്ചു. നിർഭാഗ്യവശാൽ ആരാളെപ്പോലും കാണാൻ കഴിഞ്ഞില്ല. ദലിത് മാധ്യമപ്രവർത്തകരുടെ പ്രതിനിധാനത്തെക്കുറിച്ച് മലയാള മനോരമ ന്യൂസ് എഡിറ്റർ ജോസ് പനച്ചിപ്പുറം ജെഫ്രിയോടു പറഞ്ഞതിങ്ങനെയാണ്. ‘പട്ടികജാതിക്കാരോട് ഞങ്ങൾക്ക് യാതൊരു വേർതിരിവുമില്ല. നിർഭാഗ്യവശാൽ അവർ നിലവിൽ യാതൊരു സ്ഥാനമാനങ്ങളും വഹിക്കുന്നില്ല’. പ്രതിഭാശാലികളായ പല ദലിതരുടെയും ഭാവി നിർണ്ണയിക്കുന്നത് അവരുടെ സാംസ്‌ക്കാരിക മൂലധനമാണ് എന്നതിൽ സംശയമില്ല. ഇതിനേറ്റവും വലിയ ഉദാഹരണമാണ് ആനന്ദിന്റെ വാക്കുകൾ,  ആനന്ദിന്റെ ബ്രാഹ്മണ്യത്തമാണ് ആനന്ദിന്റെ സാംസ്‌ക്കാരിക മൂലധനം (രഞ്ജിത്ത് തങ്കപ്പൻ, അച്ചടിമാധ്യമങ്ങളും ദലിതരും, പ്രതിനിധാനത്തിന്റെ രാഷ്ട്രീയം).

ഉയർന്ന വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത തൊഴിലുകൾ നിമിത്തം പട്ടികജാതി/പട്ടികവർഗ്ഗങ്ങൾ തങ്ങളുടെ കുലത്തൊഴിലുപേക്ഷിച്ച് ഒരു മധ്യവർഗ്ഗ സമൂഹമായി പതുക്കെ മാറുന്ന കാഴ്ച്ച സംജാതമാണ്. ഇവിടെയാണ് ദലിതരുടെ സാംസ്‌ക്കാരിക മൂല്യത്തിന് പുതിയ ചരിത്രം പറയാൻ പറ്റുന്നത്. ഉയർന്നുവരുന്ന ദലിത് മധ്യവർഗ്ഗങ്ങൾക്കും വിരലിലെണ്ണാവുന്ന ക്യാപിറ്റലിസ്റ്റുകൾക്കും ദലിത് മത-ജാതി-വർഗ-വർണ രാഷ്ട്രീയത്തെ മറികടന്ന് ഒരു ഐക്യം സ്ഥാപിക്കാനാവുകയാണെങ്കിൽ മലയാളത്തിലൊരു മുഖ്യധാരാ മാധ്യമം നിർമ്മിക്കാൻ കേരളത്തിലെ പട്ടികജാതി/ പട്ടികവർഗ്ഗങ്ങൾക്കു സാധിക്കും. അത്തരത്തിൽ ശക്തമായൊരു മാധ്യമത്തിനു കേരളത്തിലെ ദലിതരുടെ ഉണർവ്വിലും സാമൂഹ്യമൂലധനനിർമ്മാണത്തിലും ചെലുത്താൻ കഴിയുന്ന സ്വാധീനം  നാം കരുതുന്നതിലും വളരയേറെയായിരിക്കും.

Comments

comments