ആധുനികകാലഘട്ടത്തിൽ അല്ലെങ്കിൽ യാന്ത്രികപുനരുൽപാദന കാലഘട്ടത്തിൽ (in the era of mechanical reproduction) കല (The work of Art) അതിന്റെ അനുഷ്ഠാനധർമ്മത്തിൽ (rituals) നിന്നും രാഷ്ട്രീയ ധർമ്മത്തിലേക്കു (politics) വളരേണ്ടതുണ്ട് എന്ന് ഫാഷിസ്റ്റ് ജർമനിയിൽനിന്നും ഓടിരക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ആത്മഹത്യ ചെയ്യേണ്ടിവന്ന പ്രശസ്ത മാർക്സിസ്റ്റ് ചിന്തകൻ വാൽത്തർ ബെന്യാമിൻ നിരീക്ഷിക്കുന്നത് (Illuminations) സമകാലിക സന്ദർഭത്തിലും പ്രസക്തമാണ്. ഫാഷിസം രാഷ്ട്രീയത്തെ സൗന്ദര്യവൽക്കരിക്കാൻ (aestheticize) ശ്രമിക്കുമ്പോൾ കമ്മ്യൂണിസം കലയെ രാഷ്ട്രീയവൽക്കരിക്കേണ്ടതുണ്ടെന്നും (politicize) അദ്ദേഹം നിരീക്ഷിക്കുന്നു.
കലാരൂപത്തിന്റെ തേജോവലയം (aura) എന്നത് ബെന്യാമിൻ പലതരത്തിൽ വിശദീകരിക്കുണ്ട്. എത്ര അടുത്തായാലും അകലെയാണെന്നു തോന്നിപ്പിക്കുന്ന അനന്യമായ പ്രതിഭാസമാണ് തേജോവലയം എന്നും കലയുടെ തേജോവലയം നിലനിർത്തുക എന്നത് എപ്പോഴും ഫ്യൂഡൽ/ഫാഷിസ്റ് താല്പര്യങ്ങളാണ് എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഒരു കലാരൂപം അനന്യമാവുന്നത് അത് പാരമ്പര്യത്തിൽ അധിഷ്ഠിതമായതിനാലാണെന്നും അനുഷ്ഠാനപരമായ ധർമ്മമാണ് അപ്പോൾ അത് നിർവ്വഹിക്കുന്നതെന്നും ബെന്യാമിൻ വാദിക്കുന്നുണ്ട്. ആ കലാരൂപത്തിന് ആധികാരികത ലഭിക്കുന്നത് ഒരു പ്രത്യേക ചരിത്രസന്ധിയിൽ ഒരു പ്രത്യേക സ്‌ഥലിയിൽ അത് നിലനിൽക്കുന്നു എന്ന വസ്തുതയിലാണ്. എന്നാൽ ഈ കലാരൂപത്തെ ഏറ്റവും ഉൽകൃഷ്ടമായി പുനരുത്പാദിപ്പിക്കുമ്പോൾ ഒരു പ്രത്യേക കാലത്തും സ്ഥലത്തുമുള്ള അതിന്റെ ആധികാരികമായ നിലനില്പ് വെല്ലുവിളിക്കപ്പെടുന്നു. അതായത്, യാന്ത്രിക പുനരുത്പാദന കാലഘട്ടത്തിൽ, ആധുനികകാലഘട്ടത്തിൽ കലാരൂപത്തിന്റെ തേജോവലയവും ആധികാരികതയും റദ്ദു ചെയ്യപ്പെടുന്നു എന്നാണ് ബെന്യാമിൻ നിരീക്ഷിക്കുന്നത്.
ആധുനികതയുടെ ഉത്പന്നങ്ങളായ ഫോട്ടോഗ്രാഫിയും ഫിലിമും അനുഷ്ഠാനധർമ്മങ്ങളിൽ അധിഷ്ഠിതമായ കലാരൂപങ്ങളുടെ പുനരുല്പാദനം നടത്തുകവഴി അവയുടെ ആധികാരികതയും തേജോവലയവും നശിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. അഥവാ, ലോകചരിത്രത്തിൽ ആദ്യമായി അനുഷ്ഠാനങ്ങളിൽ ആശ്രിതമായിരിക്കുന്ന കലാരൂപങ്ങളെ യാന്ത്രിക പുനരുൽപാദനം എന്നെന്നേക്കുമായി വിമോചിപ്പിക്കുന്നു. ഉദാഹരണമായി സ്ലോമോഷൻ, മാഗ്നിഫിക്കേഷൻ, ക്ളോസ് അപ്പ് എന്നീ ടെക്‌നിക്കുകൾ എങ്ങനെ മനുഷ്യനേത്രങ്ങളുടെ പരിമിതികളെ മറികടക്കുന്നു എന്നും നമ്മുടെ, മനുഷ്യന്റെ ഗ്രാഹ്യപ്രാപ്തികളെ വർദ്ധിപ്പിക്കുന്നു എന്നും അദ്ദേഹം ചർച്ച ചെയ്യുന്നുണ്ട്. ഇതിന്റെ അർത്ഥം പലപ്പോഴും മനുഷ്യന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അവൻ/അവൾ കലാരൂപത്തിന് കല്പിച്ചുകൊടുക്കുന്ന തേജോവലയം എന്ന പവിത്രാധികാരം ആധുനികതയുടെ ആവിർഭാവത്തോടെ തകർന്നു വീഴുകയും കല അതിന്റെ അനുഷ്ഠാനധർമ്മങ്ങളിൽ നിന്നും രാഷ്ട്രീയധർമ്മത്തിലേക്ക് വളരുകയും ചെയ്യുന്നു എന്നതാണ്.
ഈ സന്ദർഭത്തിൽ കലാരൂപത്തിന് പകരം ക്ഷേത്രത്തിലെ പ്രതിഷ്ഠയെ/ വിഗ്രഹത്തെ പകരം വെയ്ക്കുന്നത് കൗതുകകരമായിരിക്കും. കാരണം ഒരുകാലത്ത് കലയ്ക്ക് പ്രതിഷ്ഠ/ വിഗ്രഹത്തിന്റെ സ്വഭാവം ഉണ്ടായിരുന്നു എന്നത് തന്നെ. വിഗ്രഹങ്ങൾക്ക് ആധികാരികത ലഭിക്കുന്നത് പലതരം മിത്തുകളുടെയും (അന്ധ)വിശ്വാസങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മന്ത്രതന്ത്രസമുച്ചയ വിജ്ഞാനങ്ങളുടെയും ബലത്തിലാണ്. എന്തുകൊണ്ടാണ് മറ്റിടങ്ങളിലെ അയ്യപ്പൻ ശബരിമലയിലേതു പോലെ തേജോവലയമുള്ള പ്രതിഷ്ഠ ആവാത്തത് എന്നതിന് വിശ്വാസികൾക്ക് പലതരം ഉത്തരങ്ങളുണ്ടാവാം. ഒരുപക്ഷേ അവർ ആവർത്തിച്ചുറപ്പിക്കാൻ ശ്രമിക്കുന്ന ശബരിമല അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യത്തെക്കുറിച്ചുള്ള ആഖ്യാനമാണ് വിഗ്രഹത്തിന് അതിന്റെ അഥോറിറ്റിയും തേജോവലയവും പ്രദാനം ചെയ്യുന്നത്. പ്രാർത്ഥിക്കുമ്പോൾ പാലിക്കേണ്ട ശരീരചലനങ്ങൾ, കൈകൂപ്പുന്നതിലെ പ്രത്യേകതകൾ, കണ്ണ് തുറക്കുന്നതിലെയും അടക്കുന്നതിലെയും സമയക്രങ്ങൾ എന്നിങ്ങനെ ഭക്തരുടെ ശരീരവിനിമയരീതികൾ വരെ പുരോഹിതവർഗം നിശ്ചയിച്ചിട്ടുണ്ട്. ഭക്തർ ദൂരം താണ്ടിവന്നാലും വിഗ്രഹത്തിന്നടുത്തെത്തുമ്പോൾ കണ്ണടയ്ക്കുന്നത് ഈ അകൽച്ച ഉറപ്പിക്കാനാണ്. വിഗ്രഹത്തിനടുത്താണെങ്കിലും അവർ അകലെയുമാണ് എന്നർത്ഥം! ഒരുമാത്ര കണ്ണ് തുറന്നു പിന്നെ അടയ്ക്കുമ്പോൾ അവർ വിഗ്രഹത്തിന്റെ തേജോവലയത്തെ മനസ്സിൽ ആവാഹിക്കുന്നു!!
ആർത്തവപ്രായത്തിലുള്ള യുവതികൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ വിഗ്രഹത്തിന്റെ തേജോവലയം തീർത്തും മങ്ങിപ്പോകുകയോ ഇല്ലാതാവുകയോ ചെയ്യുമെന്ന് പുരോഹിതവർഗ്ഗവും ജാതിഹിന്ദുക്കളും ഭയക്കുന്നു. അങ്ങനെ ഭക്തർക്ക് അവരുടെ ഇഷ്ടദൈവത്തിൽ നിന്നുള്ള അകലം ഇല്ലാതാവുമെന്നും അവർ ഭയക്കുന്നു. യഥാർത്ഥത്തിൽ തങ്ങളുടെ ഇഷ്ടദൈവത്തിന്റെ വിഗ്രഹത്തിൽ നിന്നും ഈ അകലം പാലിക്കുന്നതിലാണ് പുരോഹിത വർഗ്ഗത്തിന്റെ താൽപര്യം. അപരജാതികൾ / അശുദ്ധിയുള്ള സ്ത്രീജനങ്ങൾ എന്നിവർ ശ്രീകോവിലിൽ നിന്നും പ്രതിഷ്ഠയിൽ നിന്നും പ്രത്യേകിച്ചും അകന്നുതന്നെ നിൽക്കണം എന്ന് ഇവർ എല്ലായ്പ്പോഴും ആഗ്രഹിക്കുന്നു.
യുവതികൾ ക്ഷേത്രത്തിൽ കയറിയാൽ, മലയരയന്മാർ പൂജാരികളായാൽ, മറ്റേതൊരു അയ്യപ്പക്ഷേത്രവും പോലെ ശബരിമല ക്ഷേത്രവും അതിന്റെ ആധികാരികതയും തേജോവലയവും നശിച്ച് ഒരു സാധാരണ ക്ഷേത്രമായി പരിണമിക്കും!! അങ്ങനെവന്നാൽ ക്ഷേത്രങ്ങളെക്കുറിച്ച് കാലക്രമേണ ജാതിഹിന്ദുക്കൾക്ക് പുതിയ മിത്തുകളും കഥകളും നിർമ്മിക്കേണ്ടി വരും. ആധുനികതയെ പ്രതിരോധിച്ചു കൊണ്ട് മിത്തുകൾ നിർമ്മിക്കുന്നത് അത്ര എളുപ്പമല്ലതന്നെ! മകരവിളക്ക് / മകരജ്യോതി തുടങ്ങിയവയെ കുറിച്ച് പലതരം കല്പിതകഥകളും പ്രചരിച്ചത് ഇവിടെ ഓർക്കാവുന്നതാണ്. ഇവയൊക്കെ ഈ ക്ഷേത്രത്തിന്റെ തേജോവലയത്തിന്റെ നിർമ്മിതിയിൽ പ്രധാന പങ്കുവഹിച്ച ആഖ്യാനങ്ങളാണ്. മകരവിളക്ക് തെളിക്കുന്നതിന്റെ പിന്നിലെ സൂത്രങ്ങൾ വെളിപ്പെട്ടിട്ട് അധികകാലമായില്ല. ശബരിമലയുടെയും അയ്യപ്പന്റേയും തേജോവലയത്തെയും ആധികാരികതയെയും ചോദ്യം ചെയ്ത ഒരു പ്രധാന സംഭവമായിരുന്നു അത്.
യാന്ത്രിക പുനരുത്പാദന ഘട്ടത്തിലെ / ആധുനികതയുടെ ഉൽപ്പന്നമായ ക്യാമറയാണ് പലപ്പോഴും ഇവിടെ വില്ലനാവുന്നത്. ഡിജിറ്റൽ ടെക്നോളജിയും അത്യാധുനിക ക്യാമറയും വന്നതോടുകൂടി വിശ്വാസത്തിനും വിഗ്രഹങ്ങൾക്കും അമ്പലങ്ങളുടെ പവിത്രതയ്ക്കും ഇളക്കം തട്ടിത്തുടങ്ങി. ഇപ്പോഴും പല പ്രശസ്‌ത്ര ക്ഷേത്രങ്ങളിലും ക്യാമറകൾക്കു കർശന നിരോധനമുള്ളത് ഇത് കൊണ്ടാണ്. ലൈവ് ടെലികാസ്റ്റും തത്സമയ റിപ്പോർട്ടിങ്ങും മൊബൈൽ ഫോൺ ക്യാമറകളും നിറഞ്ഞു നിൽക്കുന്ന ക്ഷേത്രപരിസരങ്ങളിൽ എന്ത് വിലകൊടുത്തും പൂജാരികളുടെയും വിഗ്രഹങ്ങളുടെയും തേജോവലയം സംരക്ഷിക്കുക എന്നത് ഫ്യൂഡൽ/ ജാതിഹിന്ദു താല്പര്യമാണ്.
പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ നേതാവ് ശ്രീ കെ സുരേന്ദ്രൻ പോലീസുമായുണ്ടായ സംഘർഷത്തിൽ ‘ഇരുമുടിക്കെട്ടിന്റെ പവിത്രത’ ഉറപ്പിക്കുവാൻ ശ്രമിക്കുമ്പോഴും പോലീസുമായി വാദപ്രതിവാദത്തിലേർപ്പെടുന്ന അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമറിഞ്ഞ ഭാവങ്ങൾ ഒപ്പിയെടുത്ത ക്യാമറക്കണ്ണുകൾ അദ്ദേഹത്തിന്റെ അബോധത്തെപ്പോലും നമ്മുടെ സ്വീകരണമുറിയിൽ എത്തിക്കുന്നു! മനുഷ്യനേത്രങ്ങൾക്ക് ഒരിക്കലും പിടികിട്ടാത്ത സൂക്ഷ്മ യാഥാർഥ്യങ്ങളെയും ഭാവങ്ങളെയും ചലനങ്ങളെയും ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത് നമുക്ക് മുന്നിൽ അനാവരണം ചെയ്യുന്നു. അഥവാ, എല്ലാവിധ നിഗൂഢവൽക്കരണങ്ങളും തേജോവലയ നിർമ്മാണങ്ങളും യാന്ത്രിക പുനരുത്പാദന കാലഘട്ടത്തിൽ തകർന്നു വീഴുന്നു.
ഈ ആധുനികതയുടെ രാഷ്ട്രീയത്തിൽ നിന്നും മധ്യകാലഘട്ടത്തിന്റെ അനുഷ്ഠാനങ്ങളിലേക്കുള്ള പ്രതിലോമകരമായ തിരിച്ചുപോക്കാണ് സാംസ്കാരിക ദേശീയവാദികളും ഫാഷിസ്റ്റുകളും എല്ലായ്പ്പോഴും ആഗ്രഹിച്ചിട്ടുള്ളത്. അതിനുവേണ്ടി നിരന്തരം അവർ ചരിത്രങ്ങളെ മിത്തുകളാക്കുകയും മിത്തുകളെ ചരിത്രങ്ങളാക്കുകയും ചെയ്യും. യുവതികൾ ക്ഷേത്രത്തിൽ കയറിയാൽ നടയടക്കുമെന്നും പൂജാവിധികൾ നിർത്തിവെക്കുമെന്നും ഭീഷണി മുഴക്കാനും പുരോഹിതവർഗവും ജാതിഹിന്ദുക്കളും തയ്യാറാവുന്നു. മലയരയന്മാരുടേതായിരുന്നു ക്ഷേത്രം എന്ന ചരിത്രവിജ്ഞാനത്തെ അവർ അവഗണിക്കുന്നു. പലതരം മന്ത്രതന്ത്ര വിജ്ഞാനീയങ്ങളിലൂടെ, നാമജപഘോഷയാത്രകളിലൂടെ, അവർ നിരന്തരം ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ, പ്രതിഷ്ഠയുടെ തേജോവലയങ്ങൾ മങ്ങിപ്പോകാതെ സൂക്ഷിക്കുന്നു. അയ്യപ്പന്റെ തേജോവലയം ശ്രീകോവിലിൽ മാത്രമല്ല നാടുനീളെ വ്യാപിച്ചിരിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കുമാറ് വഴിയിലുടനീളം അയ്യപ്പജ്യോതി തെളിയിച്ചു കുലസ്ത്രീകൾ ശരണമന്ത്രങ്ങൾ ജപിച്ചുകൊണ്ട് വിശ്വാസത്തിന്റെയും അനുഷ്ഠാനങ്ങളുടെയും അധീശത്വം ജനമനസുകളിൽ ആഴ്ത്താൻ ശ്രമിക്കുന്നു.
ഒരുപക്ഷേ കേരളത്തിലെ ഏറ്റവും വരുമാനം നൽകുന്ന ക്ഷേത്രങ്ങളിൽ ഒന്ന് എന്ന നിലയിൽ അയ്യപ്പപ്രതിഷ്ഠയുടെ തേജോവലയം സംരക്ഷിക്കുക എന്നത് സർക്കാരിന്റെ കൂടി ബാധ്യതയാവുന്നു! ജാതിബ്രാഹ്മണ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ആധുനികതയുടെ താല്പര്യങ്ങളെ നിരന്തരം കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സമ്മർദ്ദത്തിൽ പെട്ട്, രാഷ്ട്രീയത്തെ സൗന്ദര്യവൽക്കരിക്കേണ്ടുന്ന അവസ്ഥയിലേക്ക് മുഖ്യധാരാരാഷ്ട്രീയവും അറിയാതെ നീങ്ങിത്തുടങ്ങുന്നു!
അനുഷ്ഠാനങ്ങളിൽ നിന്നും രാഷ്ട്രീയത്തിലേക്ക് നമ്മൾ എപ്പോഴാണ് വളരുക?!
(കാസറഗോഡ് കേരളകേന്ദ്രസർവകലാശാലയുടെ ഇംഗ്ലീഷ് & കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗത്തിൽ അധ്യാപകനാണ് ലേഖകൻ)
Be the first to write a comment.