കേരളം ദേശീയ വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വർഷമാണ് 2018. ആദ്യം കാലവർഷക്കെടുതിയും, പിന്നെ ശബരിമല സംഘർഷവും വിവാദങ്ങളുടെ ഒരു വലിയ ശൃംഖലയെ അഴിച്ചുവിടുന്നതു നാം കണ്ടു. ഈ രണ്ട് അവസരങ്ങളിലും പ്രബുദ്ധ കേരളം ഒരു ഭാഗത്തും സംഘപരിവാർ മറുഭാഗത്തുമായി ചേരിതിരിഞ്ഞു നിൽക്കുകയാണ് ഉണ്ടായത്. സംഘപരിവാർ ഒറ്റക്കായിരുന്നില്ല. അവരുടെ കൂടെ കൈകോർത്തുകൊണ്ട് കോൺഗ്രസ് പാർട്ടിയുമുണ്ടായിരുന്നു, ആദ്യം രക്ഷാപ്രവർത്തനങ്ങളുടെ പേരിൽ രാഷ്ട്രീയം കളിക്കാനും, പിന്നെ ആർത്തവത്തെ ചൊല്ലി കേരളത്തെ അശുദ്ധമാക്കാനും.

പ്രളയം ബാധിച്ച കേരളത്തെ ഭിന്നിപ്പിക്കാൻ സംഘ പരിവാർ – കോൺഗ്രസ് കൂട്ടായ്മക്കു കഴിഞ്ഞില്ല. ശബരിമല വിഷയത്തിലും ഇരുകൂട്ടർക്കും തോൽവി നേരിടേണ്ടി വന്നു, പക്ഷെ ജനങ്ങൾക്കിടയിൽ വലിയ തോതിൽ വൈമനസ്യം സൃഷ്ടിക്കാൻ അവർക്കു സാധിച്ചു. ആചാരലംഘനം പാടില്ല എന്ന നിലപാടു സാക്ഷര കേരളം എന്ന ആശയത്തെ തകിടം മറിക്കുംവണ്ണം ശക്തമായിരുന്നു. ആ നിലപാടുന്നയിച്ചവരിൽ സംഘർഷത്തിൽ പങ്കുകൊള്ളാത്തവരും സംഘപരിവാർ, കോൺഗ്രസ് അനുയായികൾ അല്ലാത്തവരുമായ വലിയൊരു ജനവിഭാഗം ഉണ്ടായിരുന്നു. മറു ഭാഗത്തു നിന്ന് കേട്ടതു നീതിബോധവും ചരിത്രബോധവും നിറഞ്ഞ ശബ്ദങ്ങളാണ്. അവിടെ സ്ത്രീസ്വാതന്ത്ര്യം, ഇന്ത്യൻ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ, തന്ത്രസമുച്ചയത്തിൽ അധിഷ്ഠിതമായ കേരളത്തിന്റെ ക്ഷേത്രാചാരങ്ങൾ, ശബരിമലയുടെ ചരിത്രം, ആചാരലംഘനത്തിലൂടെ വളർന്നു വന്ന കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനം, എന്നിവ ചർച്ചക്കു വിധേയമായി.

ഇന്ത്യക്ക് ആചാരലംഘനത്തിന്റെ ഒരു പാരമ്പര്യമുണ്ടെന്നും  കേരള നവോത്ഥാനം ആ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഉള്ള വാദം ഈ വിവാദത്തിൽ വീണ്ടും വീണ്ടും അവതരിപ്പിക്കപ്പെടുകയുണ്ടായി. അങ്ങിനെയാണ് ഈ സന്ദർഭത്തിൽ നാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും ബ്രഹ്മാനന്ദ ശിവയോഗിയുടെയും പേരുകൾ നാം കേൾക്കാൻ ഇടയായത്. ഈ വാദത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാൽ ഇതിൽ നിന്നു തികച്ചും വ്യത്യസ്തമായി ഇന്ത്യൻ പാരമ്പര്യങ്ങളെ വിശദീകരിക്കാൻ കഴിയും. പാരമ്പര്യത്തെ പാരമ്പര്യം തന്നെ എങ്ങിനെ മനസ്സിലാക്കി എന്ന അന്വേഷണത്തിലൂടെയാണ് അതു സാധ്യമാവുക.

ഷെൽഡൻ പൊലോക്ക്

ഏറെ ചരിത്രപ്രാധാന്യമുള്ളതും ഇതുവരെ അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലാത്തതുമായ ഒരു നിരീക്ഷണമാണിത്. സംസ്കൃത പണ്ഡിതന്മാർക്കിടയിൽ പ്രാതഃസ്മരണീയനും കൊളംബിയ സർവ്വകലാശാല പ്രൊഫെസ്സറുമായ ഷെൽഡൻ പൊലോക്കാണ് ഈ നിരീക്ഷണം മുന്നോട്ടു വെക്കുന്നത്. ലിറ്റററി കൾചേഴ്സ് ഇൻ ഹിസ്റ്ററി എന്ന ലേഖന സമാഹാരത്തിലെ സംസ്കൃത സാഹിത്യത്തെക്കുറിച്ചുള്ള തന്റെ ലേഖനത്തിൽ പൊലോക്ക് കാവ്യപരമ്പരയോടുള്ള കാവ്യപരമ്പരയുടെ സമീപനം എന്തായിരുന്നു എന്ന് സൂചിപ്പിക്കുന്നു. സൂചിപ്പിക്കുക മാത്രമേ അദ്ദേഹം ചെയ്യുന്നുള്ളൂ, വിശദീകരണങ്ങളിലേക്കു കടക്കുന്നില്ല.

പൊലോക്ക് പറയുന്നതിന്റെ കാതൽ ഇതാണ് – സംസ്കൃത കാവ്യങ്ങളിൽ പലയിടത്തും കവികൾ പൂർവ്വസൂരികളെ സ്മരിക്കുന്നതു കാണാം. മുൻകാല കവികൾക്ക് നമനം അർപ്പിക്കുക മാത്രമല്ല ഇതിന്റെ ലക്ഷ്യം. ഒരു കാവ്യപരമ്പരയെ നിർമ്മിച്ചെടുക്കാനുള്ള ശ്രമം കൂടി നടക്കുന്നുണ്ട് ഇവിടെ. അതായത്, പാരമ്പര്യം എന്നത് അവിച്ഛിന്നമായി തുടർന്ന് വരുന്ന വ്യവസ്ഥയല്ല. മറിച്ചു, ബോധപൂർവ്വം നിർമ്മിച്ചെടുക്കുന്ന ഒരു സ്വത്ത്വരൂപീകരണ പ്രക്രിയയാണ്. കവി പൂർവ്വസൂരികളുടെ ഒരു പാരമ്പര്യം സൃഷ്ടിച്ചെടുക്കുന്നു. ആ പാരമ്പര്യത്തിലാണു കവി സ്വയം നിലകൊള്ളുന്നത്.

ഇനി ഈ പൂർവ്വസൂരികളുടെ പട്ടിക പരിശോധിച്ചു നോക്കിയാലോ? ശ്രദ്ധേയമായ ഒരു വസ്തുത അവിടെ നമ്മെ എതിരേൽക്കുന്നതു കാണാം. നിലവിലുള്ള കാവ്യരചനാ സങ്കല്പങ്ങളിൽ നിന്നു വ്യതിചലിച്ചുകൊണ്ട് പുതിയ പ്രവണതകൾക്കു രൂപം നൽകിയ കവികളുടെ പേരുകൾ മാത്രമേ അവിടെ നാം കാണുകയുള്ളൂ. കാവ്യവിഷയം, ആഖ്യാനരീതി, വർണ്ണന, ഭാഷാപ്രയോഗം, വൃത്തങ്ങളെയും അലങ്കാരങ്ങളെയും വിന്യസിപ്പിക്കുന്ന ക്രമം, എന്നിവയിൽവെച്ച് ചുരുങ്ങിയത് ഒന്നിലെങ്കിലും അംഗീകൃതമായ മാതൃകകളെ ലംഘിച്ചു സ്വന്തമായ ഒരു വഴി കണ്ടെത്തിയ കവികൾക്കു മാത്രമാണ് പൂർവ്വസൂരികളുടെ പട്ടികയിൽ സ്ഥാനം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ആചാരലംഘനം നടത്തുക മൂലമേ പാരമ്പര്യത്തിന്റെ ഭാഗമാവാൻ സാധിക്കുകയുള്ളൂ. അതായത്, ആചാരലംഘനമാണ് പാരമ്പര്യം.

തനിക്കു മുൻപ് ഇല്ലായിരുന്ന കാവ്യം എന്ന കലയ്‌ക്കു രൂപം നൽകുക വഴി വാല്മീകി ആദികവിയായി മാറി. അദ്ദേഹത്തിൻറെ രാമായണം അങ്ങനെ പരമ്പരയ്ക്കു തുടക്കം കുറിച്ചു. അതിൽനിന്നു ഏറെ ഭിന്നമായ കാവ്യമാതൃകകൾക്കു ജന്മം നൽകുകയാണ് കാളിദാസൻ ചെയ്‌തത്‌. മനുഷ്യാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും, സ്‌ത്രീപുരുഷ ബന്ധങ്ങളിലെ സങ്കീർണ്ണതയുമായിരുന്നു കാളിദാസന്റെ പ്രിയവിഷയങ്ങൾ.  ഭാരവിയുടെ കിരാതാർജ്ജുനീയം അതുവരെ കണ്ടുവന്നിരുന്നതിൽനിന്നു മാറിനിൽക്കുന്ന ഒരു നായകസങ്കല്പം കാഴ്ച്ചവെച്ചു. സംസ്കൃത കാവ്യപരമ്പര രൂപം കൊണ്ടത് അതാതു കാലത്ത് പ്രാബല്യത്തിലുള്ള രീതികളിൽനിന്നു ഇതുപോലെ വ്യതിചലിക്കുന്നതിലൂടെയാണ്. കാവ്യപരമ്പര ചൂണ്ടിക്കാണിച്ചത് ഇപ്പറഞ്ഞ വൈശിഷ്ട്യങ്ങളെ അല്ലായിരിക്കാം. പക്ഷെ അവിടെ അടയാളംകൊണ്ടത് നിരന്തരമായ പിന്തുടർച്ചയല്ല, കാലാകാലം ഉണ്ടായിവന്ന വ്യത്യാസങ്ങൾ തന്നെയാണ്. കാളിദാസൻ തന്റെ ഉപമകൾക്കായി അറിയപ്പെടുന്നു, ഭാരവിയുടെ പ്രത്യേകത അർത്ഥഗൗരവമാണ്, ദണ്ഡിയിൽ പദലാളിത്യം കാണാം, ഈ മൂന്നും അടങ്ങുന്നതാണ് മാഘൻറെ കാവ്യം എന്നു പറയുന്ന ശ്ലോകം പ്രസിദ്ധംതന്നെ. ഉപമാ കാളിദാസസ്യ ഭാരവേരർത്ഥഗൗരവം, ദണ്ഡിനഃ പദലാളിത്യം മാഘേ സന്തി ത്രയോഗുണഃ

പഴയതായകൊണ്ട് മാത്രം എല്ലാം ശ്രേഷ്ഠമായിത്തീരുന്നില്ല (പുരാണമിത്യേവ ന സാധു സർവ്വം) എന്ന് കാളിദാസൻ മാളവികാഗ്നിമിത്രം നാടകത്തിന്റെ തുടക്കത്തിൽ പറയുന്ന വാചകം പൊലോക്ക് തന്റെ ചർച്ചയിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്. സംസ്കൃത കാവ്യപരമ്പര പുരസ്കരിച്ചതു പഴമയെ അല്ല, പുതുമയെയായിരുന്നു. ഇവിടെ സംസ്കൃത കാവ്യമീമാംസക്കു വിലയേറിയ സംഭാവനകൾ നൽകിയ ഭട്ടതൗതന്റെയും അദ്ദേഹത്തിന്റെ ശിഷ്യനായ അഭിനവഗുപ്തന്റെയും നിരീക്ഷണങ്ങൾ ഓർക്കാവുന്നതാണ്. കാവ്യമുണ്ടാവുന്നത് പ്രതിഭയിൽനിന്നാണെന്നു വിശ്വസിച്ച ഭട്ടതൗതൻ പ്രതിഭയെ വിശേഷിപ്പിച്ചത് “നവനവോന്മേശശാലിനി” എന്നത്രെ. അഭിനവഗുപ്തനാകട്ടെ, പ്രതിഭയെ കണ്ടത് അപൂർവ്വമായ വസ്തുക്കളെ നിർമ്മിക്കാൻ കഴിയുന്ന പ്രജ്ഞ (“അപൂർവ്വവസ്തുനിർമാണക്ഷമ പ്രജ്ഞാ”) എന്നും.

കാവ്യപരമ്പരയെപറ്റി പൊലോക്ക് മുന്നോട്ടു വെക്കുന്ന സുപ്രധാനമായ ഈ നിരീക്ഷണം സംസ്കൃത  കാവ്യങ്ങൾക്കു  മാത്രം ബാധകമായ ഒന്നല്ല. നിരണം കവികളെയും, ചെറുശ്ശേരിയെയും, എഴുത്തച്ഛനെയും, കുഞ്ചൻ നമ്പ്യാരെയും, ഉണ്ണായി വാര്യരെയുമൊക്കെ നാം കേരളീയ  സാഹിത്യപരമ്പരയുടെ നെടുന്തൂണുകളായി പരിഗണിക്കുന്നത് അവർ തങ്ങൾക്കു മുൻപുള്ളവരെ അനുകരിക്കാതെ സ്വന്തം വഴികൾ വെട്ടി മുന്നോട്ടു നടന്നതുകൊണ്ടല്ലേ? അദ്ധ്യാത്മത്തിന്റെ മേഖലയിലും ഇതുതന്നെയാണ് നാം കാണുന്നത്. ശങ്കരനെയും, രാമാനുജനെയും, മധ്വാചാര്യനെയും, വല്ലഭനെയുമൊക്കെ നാം സ്മരിക്കുന്നത് അവർ വേദാന്തം എന്ന പാരമ്പര്യത്തിന്റെ ഭാഗമായതുകൊണ്ടാണ്. അവർ ഈ പാരമ്പര്യത്തിന്റെ വക്താക്കളായതോ, നിലവിലുള്ള വ്യവഹാരക്രമങ്ങളെ ആകമാനം ഉടച്ചുവാർത്തതുകൊണ്ടും.

പാരമ്പര്യത്തിന് ഇന്ത്യൻ ചരിത്രത്തിൽ ഇങ്ങനെയും ഒരു വിവക്ഷയുണ്ട്. ആചാരലംഘനം എന്ന വിവക്ഷ. പൊലോക്കിന്റെ പഠനത്തിൽനിന്നു തെളിഞ്ഞുവരുന്ന ഈ ആശയം പുതുമയാർന്നതു മാത്രമല്ല, ചരിത്രപഠനത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ല് കൂടിയാണ്. പാരമ്പര്യത്തെ കുറിച്ചുള്ള ഇന്നത്തെ നമ്മുടെ സങ്കൽപ്പങ്ങളെ പുനഃപരിശോധനയ്‌ക്കു വിധേയമാക്കാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു. പാരമ്പര്യം എന്ന ആശയത്തിനു പുതിയ മാനങ്ങളും അർത്ഥങ്ങളും നൽകുന്നു, ഈ വീക്ഷണം.

ആചാരത്തിനു തന്നെയായിരുന്നു നമ്മുടെ ചരിത്രത്തിൽ എല്ലായ്‌പ്പോഴും പ്രാധാന്യം. ഈ യാഥാർഥ്യത്തെ വിസ്മരിച്ചുകൂടാ. എന്നാൽ ഈ യാഥാർഥ്യമല്ല ഇവിടെ പാരമ്പര്യം എന്ന അംഗീകാരം നേടിയത് എന്നതും അത്രതന്നെ വലിയ ഒരു വസ്തുതയാണ്. ആചാരങ്ങൾ ലംഘിക്കപ്പെടേണ്ടവയാണ്. അങ്ങിനെ മാത്രമേ ഇവിടെ പാരമ്പര്യം നിലകൊള്ളുകയുള്ളൂ. അല്ലാത്ത ഒരു പാരമ്പര്യം ഇന്ത്യയുടെ ചരിത്രബോധത്തിന്  അന്യമാണെന്നു ഷെൽഡൻ പൊലോക്ക് നമ്മെ പഠിപ്പിക്കുന്നു.

Comments

comments