1. ഭവനനഷ്ടം

എന്റെ ഭവനം നഷ്ടപ്പെട്ടത്
ആരെങ്കിലും തല്ലിതകർത്തതുകൊണ്ടല്ല.
ബോംബു വീണല്ല.
ഏതെങ്കിലും കാറ്റ്
അതിനെ ഏറ്റിക്കൊണ്ട്
പോയതുമല്ല.

ഒരു ദിവസം
അത് മാഞ്ഞുപോയി.

തെറ്റിവരച്ച വീട്
ഒരു കുട്ടി
റബ്ബർ കൊണ്ട് മായ്ച്ച പോലെ.

ഒരു വ്യത്യാസം:
കുട്ടി മായ്ച്ച വീട്ടിൽ
ആരും ഉണ്ടായിരുന്നില്ല.

എന്റെ ഭവനത്തിൽ
നിറയെ ആളുകൾ
ഉണ്ടായിരുന്നു.

2. ഊമയുടെ പാട്ട്

അവൾ നന്നായ് പാടുമായിരുന്നു.
അക്കാലത്തെ ഏറ്റവും നല്ല ഗായികയേക്കാൾ
സാധകം ചെയ്യുമായിരുന്നു.

പക്ഷേ,
കേൾക്കുന്നവർ കേൾക്കുന്നവർ
ആ എന്ന ഒറ്റശബ്ദം
ഉച്ചരിക്കാൻ പഠിക്കുകയാണ്
അവളെന്നു കരുതി
സഹതപിച്ചു.

ആ പാടലിൽ നിന്ന്
വാക്കുകൾ പെറുക്കിമാറ്റി
അവളോട് പ്രതികാരം ചെയ്ത കാലമേ,
മഞ്ഞു വന്നു മൂടി
നീയൊരു ധ്രുവപ്രദേശമാകട്ടെ.

3. കാണാതായവർ

ഓർമ്മയുടെ മോർച്ചറി തുറക്കുമ്പോൾ
മഞ്ഞുകാലം മുഖത്തടിയ്ക്കുന്നു.
കൊല്ലപ്പെട്ട പന്ത്രണ്ടുപേരെ
ഞാനതിലാണ് സൂക്ഷിച്ചിരിയ്ക്കുന്നത്.
അപമാനിക്കപ്പെട്ട
ലക്ഷക്കണക്കിന് പേരേയും.

“ഇപ്പോഴവർക്ക് കൊല്ലാനേ അറിയൂ.
ഇപ്പോഴവർക്ക് അപമാനിക്കാനേ അറിയൂ.

ഓർമ്മയുടെ ഫ്രീസറിന്റെ
കറന്റ് കണക്ഷൻ
എന്നവർ വിച്ഛേദിക്കാൻ
പഠിക്കുമോ ആവോ?”

അതിനുള്ളിൽ നിന്നും
ആരോ ശബ്ദിച്ചു.

ഷോക്കടിച്ച പോലെ
പെട്ടെന്ന്
ഞാൻ നാലുപേർക്ക്
കവിത കൊണ്ട്
അടിക്കുറിപ്പെഴുതി.
നാലുപേർക്ക്
മൌനം കൊണ്ടും .

സ്വന്തം ഞെട്ട് കടിച്ചുപറിച്ച്
സ്വന്തം വൃക്ഷത്തിൽ നിന്ന് രക്ഷപ്പെട്ട്
വേറെ എവിടെയോ
വൃക്ഷത്തോപ്പായ് തീർന്ന
വിത്തുകളെപ്പോലെ

ബാക്കിയുള്ളവരേ,
എന്റെ കൈ തട്ടിത്തെറിപ്പിച്ചു പോകൂ.
എവിടെയെങ്കിലും
സ്വയം പുനർനിർമ്മിയ്ക്കൂ.

4. മറ്റൊരു ഭവനത്തിൽ

ഒരു ലക്ഷം കിലോ ഭാരമുള്ള
ഒരു ഭവനത്തിൽ
ഇരുനൂറുകിലോ ഭാരമുള്ള
ഒരു പട്ടിയ്ക്കൊപ്പമിരുന്ന്
നൂറുകിലോ ഭാരമുള്ള
ഒരു കുട്ടി
ടി.വി. കാണുന്നു.

ടി.വി.യിൽ
ഇല്ലാത്ത ഒരു കുടിലിൽ
എല്ലിച്ച നായ്ക്കൊപ്പമിരുന്ന്
മറ്റൊരു കുട്ടി
വിശപ്പു തിന്നുന്നു.

ഇനിയെന്ത് സംഭവിയ്ക്കും
എന്നറിയാൻ
കൊഴുപ്പു നിറഞ്ഞ്
കുടവയർ ചാടിയ ചന്ദ്രൻ
ഫ്ലാറ്റിന്റെ ജനാലയിലൂടെ
എത്തിനോക്കുന്നു.

ടി.വി. യിലെ കുട്ടി
കല്ലെടുത്തു.
ഉന്നം വെച്ചു.

ഇപ്പോൾ തന്റെ കണ്ണ്
പൊട്ടിപ്പോകും എന്ന്
തടിയൻ കുട്ടി പേടിച്ചു.

എറിഞ്ഞു.
ചന്ദ്രന്റെ തലമണ്ട
ആയിരമായിരമായ്
പൊട്ടിച്ചിതറി.

5. പൂച്ച

ഒരു ദിവസം പൂച്ച
വീടുവിട്ടിറങ്ങി.

ഓരോ അടി വെയ്ക്കുംതോറും
അത്
വലുതായ് വലുതായ് വന്നു.
അതിന്റെ പുള്ളികൾ
വട്ടം വെച്ചു വന്നു.
കൂർമ്പൻ പല്ലുകൾ
കൂടുതൽ കൂർത്തു.

വയലിൽ പുല്ലുചെത്തുന്ന സ്ത്രീകൾ
അതിനെക്കണ്ട്
പുലി, പുലി
എന്ന് പേടിച്ചോടി.
അതിനെ ശ്രദ്ധിച്ച ഉടൻ
സൂര്യൻ
ഒളിച്ചോടാൻ വെമ്പി.

അതിന് മുന്നിൽ
വന്നുപെട്ട
അവസാനത്തെ ആൾ
ബില്ലി, ബില്ലി എന്ന് വിളിച്ചു.
ഇത് ഞാനാ
നിന്റെ ഉടമസ്ഥൻ
എന്നോർമ്മിപ്പിച്ചു.

അയാളുടെ
അവസാനത്തെ മാംസത്തുണ്ടും
കടിച്ചുതിന്ന്
പൂച്ച കണ്ണീരൊഴുക്കി.

“എന്തിനാണ്
എന്റെ വിശപ്പിനെ നിങ്ങൾ
ഇത്രയും വലുതാക്കിയത്?”

6. ബാറിലെ സംഭവം

സൂര്യനിൽ ഉണക്കാനിട്ട
ഒരു നഗരത്തിലെ
ഏതോ വിലകുറഞ്ഞ ബാറിലെ
വൃത്തികെട്ട ഉച്ചയിലിരുന്ന്

ബിയർ കുടിക്കുന്ന ഒരാൾ
പെട്ടെന്ന്
ഉറക്കെ നിലവിളിച്ചു.

അയാളുടെ ബാല്യത്തിന്റെ
അസ്ഥികൂടത്തിൽ
ആരോ ചുറ്റികയടിച്ചപോലെയായിരുന്നു, അത്

അന്നേരം
എതിരേ ഇരുന്ന ആൾ
പിന്നീട് പറഞ്ഞു.

ശരിയായിരുന്നു.

അയാളുടെ
ഇല്ലാതായ വീടിന്റെ വളപ്പിനെ
മഴ, അപ്പോൾ
ദിനപത്രം പോലെ
വായിക്കുകയായിരുന്നു.
മണ്ണിന്റെ ഓരോരോ താൾ
മറിച്ച്.
അവസാനതാളിൽ നിന്നും
മഴയ്ക്ക്
ഒരസ്ഥികൂടം കിട്ടി.

അതിന്റെ തലയോട്ടിയിലേയ്ക്ക്
മഴ
തണുത്ത സൂചികൾ
കുത്തിക്കേറ്റുകയായിരുന്നു,

അപ്പോൾ.

7. വള

വളകളുടെ കണ്ടുപിടിത്തം
സൌന്ദര്യശാസ്ത്രത്തെ
എങ്ങനെ മാറ്റിത്തീർത്തു
എന്നത് പ്രധാനമാണ്.

അത്
തുടങ്ങിയേടത്തു തന്നെ
അവസാനിക്കുന്നതോ
അവസാനിക്കുന്നിടത്തു നിന്ന്
തുടങ്ങിയതോ അല്ല.
അത്
അത് തന്നെയാണ്.
എപ്പോഴും.
ഓർമ്മയോ ഭാവിയോ
അതിനില്ല.

അതിനാൽ
തുടക്കമോ ഒടുക്കമോ ഉള്ള
ഒന്നിലും
ആ കലാവസ്തുവിനെ
തൂക്കിയിടാൻ വയ്യ.

അതിന്റെ കാലസങ്കൽ‌പത്തോട്
ചേർന്നു നിൽക്കുന്ന
ഒന്നിൽ മാത്രമേ
അതിനെ തൂക്കിയിടാനാകൂ.

അങ്ങനെയാണ്
സ്ത്രീയുടെ കൈയ്യിനെ
അതിനുവേണ്ടി
കണ്ടുപിടിച്ചത്.

ആ കൈയ്യും വളയും
മ്യൂസിയം പോലെ.
കാലം രണ്ടിലും
തളം കെട്ടി നിൽക്കുന്നു.
അർത്ഥം രണ്ടിലും
വികാരരഹിതമായിരിയ്ക്കുന്നു

കാഴ്ചയ്ക്ക് മാത്രമേ
വ്യാഖ്യാനത്തിന്
പഴുതുള്ളൂ

8. ഓരോ വീടും

ഓരോ വീടും
കണക്ക് കൂട്ടുകയാണ്.

പത്രം വായിച്ചു
കണക്ക് കൂട്ടുന്നു.
പാഠപുസ്തകം വായിച്ചു
കണക്ക് കൂട്ടുന്നു.
അടുക്കളയിൽ തിളപ്പിച്ചും
ഫ്രിഡ്ജിൽ തണുപ്പിച്ചും
കുളിമുറിയിൽ അലക്കിയും
കണക്ക് കൂട്ടുന്നു.
ടി.വി കണ്ട്
കണക്ക് കൂട്ടുന്നു.
ഉണ്ടും
ഉറങ്ങിയും
ഇണ ചേർന്നും
സ്വയംഭോഗം ചെയ്തും
വായിട്ടലച്ചും
കണക്ക് കൂട്ടുന്നു.

ആ കണക്കിന്റെ
ഉത്തരം
പ്രഖ്യാപിക്കുന്ന അന്ന്
കഷ്ടം,

ആ വീട് ഇല്ലാതാകുന്നു.

9. മന്ത്രിയുടെ മരണം

തന്റെ അവസാന വിസർജ്ജ്യം
ഭൂമിക്കടിയിൽ
ഒരു അണലിയായ്
ചുരുണ്ടുകൂടി,
അവസാന നിശ്വാസം
ഒരു നക്ഷത്രത്തെ കെടുത്തി,
അവസാനവാക്ക്
ഒരു നഗരത്തിൽ
ലഹളയുണ്ടാക്കി,
അവസാന ചിരി
അത്രയും അന്തരീക്ഷത്തെ
കരിയിച്ചു,
എന്ന് ഉറപ്പു വരുത്തിയ ശേഷം

മന്ത്രി
സമാധാനത്തോടെ
മരിച്ചു.

10. ചിരി

നെല്ലുകുത്തും പോലെ
ഞാനയാളുടെ ചിരി കുത്തി.
പ്ലാസ്റ്റിക് പോലെ
എന്തോ കിട്ടി.

അത്
ആർക്കെങ്കിലും കൈമാറണമെങ്കിൽ
തവിട്ടുചായം പുരട്ടി
പാലക്കാടൻ മട്ടയെന്നോ
സുഗന്ധം പുരട്ടി
ബസുമതിയെന്നോ
പറയേണ്ടിയിരിയ്ക്കുന്നു.
ഏതെങ്കിലും സിനിമാതാരത്തെ വെച്ച്
പരസ്യം ചെയ്യേണ്ടിയിരിക്കുന്നു.
ഒരു ബ്രാൻഡ് നെയിമും
ടാഗ് ലൈനും
ചേർക്കേണ്ടിയിരിക്കുന്നു.
ഏതെങ്കിലും ബാങ്ക്
പൊളിക്കും വിധം
കടമെടുക്കേണ്ടിയിരിക്കുന്നു.

………………………………………..
പി. എൻ. ഗോപീകൃഷ്ണൻ
മാനേജർ,
കെ.എസ്.എഫ്.ഇ ലിമിറ്റഡ്,
കോർപ്പറേറ്റ് ഓഫീസ്,
ചെമ്പുക്കാവ്.പി.ഓ
തൃശ്ശൂർ-20

Comments

comments