പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനാരാണെന്നു ചോദിച്ചാൽ ആർക്കും രണ്ടാമതൊന്നുകൂടി ആലോചിക്കേണ്ടി വരില്ല. ജീവിച്ചിരുന്ന കാലത്ത് ഭ്രാന്തമായ ചിന്തകളിലും മാനസികാസ്വാസ്ഥ്യങ്ങളിലും പെട്ടുഴറി, കാൻവാസിൽ മാത്രം അഭയം തേടി, സ്വന്തമായി ഒന്നും നേടാനാവാഞ്ഞ, എന്നാൽ മരണശേഷം എല്ലാ പ്രശസ്തിയും മാടി വിളിച്ച വിൻസന്‍റ് വാൻഗോഗ് തന്നെ അതിനുള്ള ഉത്തരം.
റെംബ്രാന്‍റിനു ശേഷം ലോകം കണ്ട ഏറ്റവും മികച്ച ഈ ഡച്ചു ചിത്രകാരൻ, പക്ഷെ, തന്‍റെ ജീവിതകാലം മുഴുവൻ ദരിദ്രനായും ആരാലും അറിയപ്പെടാത്തവനുമായാണ് കഴിഞ്ഞത്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിൽ ജീവിച്ചിരുന്ന വിൻസന്‍റ് വില്ലെം വാൻഗോഗിനെ ഒരു പോസ്റ്റ്-ഇംപ്രഷനിസ്റ്റ് ചിത്രകാരൻ എന്നൊക്കെ കണക്കാക്കാമെങ്കിലും, അദ്ദേഹത്തിന്‍റെ രചനകളിലെ വർണ്ണപ്രത്യേകത, മനോഹാരിത, അതു പകർന്നുതരുന്ന വികാരങ്ങൾ, ചിത്രണരീതി ഇവയൊക്കെ മറ്റാരുടെ ചിത്രങ്ങളേക്കാളുമേറെ ഇരുപതാം നൂറ്റാണ്ടിലെ ചിത്രകലോദ്യമങ്ങൾക്ക് മുന്നോടിയായി മാറി. കൊടിയ വിഷാദരോഗത്തിനിരയായിരുന്നു വാൻഗോഗ്. ദാരിദ്ര്യവും നിരാശയും ആ രോഗത്തെ മൂർഛിപ്പിക്കുകയും അദ്ദേഹത്തെ അഗാധമായ ജീവിതപ്പടുകുഴികളിലേക്ക് വലിച്ചെറിയുകയും ചെയ്തു. അതിന്‍റെ ദീനപരിണാമമായിരുന്നു വെറും മുപ്പത്തിയേഴാം വയസ്സിൽ തനിക്കു നേരെ സ്വയം ചൂണ്ടിയ തോക്കിൽ നിന്നും ഒരു വെടിയുണ്ടയായി പിറന്ന് ആ മഹദ്ജീവിതം അവസാനിപ്പിച്ചത്. ആ കൊച്ചു കാലയളവിനുള്ളിൽ രണ്ടായിരത്തിലധികം ചിത്രങ്ങൾ അദ്ദേഹം വരയ്ക്കുകയുണ്ടായി.
ലോകത്തെ അമ്പരിപ്പിച്ച ചിത്രകാരനായിരുന്നു വാൻഗോഗ്. 27-ാം വയസ്സിൽ ചിത്രകാരനാവാൻ തീരുമാനിച്ച്, ആ തീരുമാനത്തിലൂടെ ലോക ചിത്രകലാചരിത്രം തന്നെ മാറ്റിയെഴുതിയ അത്ഭുതപ്രതിഭ. സ്വയമറിയാനും തുറന്നുകാട്ടാനുമുള്ള തീവ്രപരീക്ഷണങ്ങളായാണ് അദ്ദേഹം സെൽഫ് പോട്രെയ്റ്റുകളെ കണ്ടിരുന്നത്. സ്വയം മനസ്സിലാക്കുന്നതുപോലെത്തന്നെ ദുർഘടമാണ് സ്വയം വരയ്ക്കുന്നതുമെന്ന് അദ്ദേഹം സഹോദരിക്കയച്ച കത്തുകളിൽ പറയുന്നു. ഒരു പക്ഷെ, തന്നിലലയടിച്ചിരുന്നു വികാരങ്ങളെ മുഴുവനും കാൻവാസിലേക്കു പകർത്താനുള്ള ശ്രമങ്ങളായിരുന്നു വാൻഗോഗിന്‍റെ ചിത്രങ്ങൾ. തന്നെ പിടികൂടിയിരുന്ന അസ്വാസ്ഥ്യങ്ങളൊക്കെയും അവയിൽ പ്രതിഫലിച്ചു. അതിന്‍റെ ഏറ്റവും മികച്ച ഉദാഹരണങ്ങളായ ചില ചിത്രങ്ങളെ ഇവിടെ പരിചയപ്പെടുത്തട്ടെ.
1888 ലെ ആദ്യ ദിനങ്ങൾ തൊട്ടേ വാൻഗോഗിനെ നക്ഷത്രങ്ങളേയും രാത്രിയേയും പറ്റിയുള്ള വിഭ്രാന്തമായ ചിന്തകളും സ്വപ്നങ്ങളും അലട്ടാൻ തുടങ്ങിയിരുന്നു. ആ വർഷം ഏപ്രിലിലോ മറ്റോ, അദ്ദേഹം പ്രിയസഹോദരനായ തിയോയ്ക്ക് ഇപ്രകാരമെഴുതി:
വിളഞ്ഞു നിൽക്കുന്ന ഗോതമ്പുപാടങ്ങൾക്കു മീതെ അല്ലെങ്കിൽ സൈപ്രസ് മരങ്ങൾക്കു മീതെ തിളങ്ങുന്ന ഒരു നക്ഷത്രരാത്രി എനിക്കു വേണം. എന്‍റെ കാൻവാസിൽ ആ കാഴ്ച തെളിയുന്നത് എനിക്ക് കാണാനാവുന്നുണ്ട്. കൊച്ചു തിളക്കങ്ങൾ നിറഞ്ഞ ആ ഇരുണ്ട നീലിമ എന്നെ മാടിവിളിക്കുന്നു. എന്നെയത് വിടാതെ പിന്തുടരുകയാണ്.
പക്ഷെ, എന്നത് വരക്കാനാവുമെന്നതിനെപ്പറ്റി അദ്ദേഹത്തിനൊരു നിശ്ചയവുമുണ്ടായിരുന്നില്ല. അതദ്ദേഹം സുഹൃത്തായ ചിത്രകാരൻ എമിലി ബെർനാഡിനോട് സൂചിപ്പിക്കുന്നുമുണ്ട്. പകലിനേക്കാൾ തിളക്കവും നിറവുമുണ്ട് രാത്രികൾക്ക് എന്ന് വാൻഗോഗ് അക്കാലത്ത് പറയുമായിരുന്നുവത്രെ.
ഒടുവിൽ മാസങ്ങൾക്കു ശേഷം അത് ചിത്രമായി പിറന്നു. ഒന്നല്ല, പലതായി. “റോൺ നദിയ്ക്കു മുകളിലെ നക്ഷത്രരാത്രി” യായിരുന്നു അതിലൊന്ന്. നീലിമയുടെ വൈവിധ്യത്തിലേക്കും അപാരതയിലേക്കും നമ്മെ കണ്ണഞ്ചിച്ചു നിർത്തുന്ന വൈഭവം. പ്രഷ്യൻ നീല, ഗാഢസാഗരനീലിമ, കൊബാൾട്ട് നീല ഇവ കൊണ്ടുള്ള വർണ്ണസമ്പന്നത. നഗരവെളിച്ചങ്ങളും നദിയിൽ ചിതറിത്തെറിച്ചു കിടക്കുന്ന അവയുടെ പ്രതിബിംബങ്ങളും മുകളിലെ പൊൻതാരകങ്ങളും കൂടി ചേർന്നു കൊണ്ട് വാൻഗോഗ് കാൻവാസിൽ സൃഷ്ടിക്കുന്ന മായാപ്രപഞ്ചം എത്രനേരം നോക്കി നിന്നാലും മതിയാവുകയില്ല.
ചുരുക്കം നിറങ്ങൾ മാത്രം ചേർത്തുവെച്ചുകൊണ്ടുള്ള ഇതിലെ മനോഹരമായ വർണ്ണവിന്യാസം നമ്മിലുണർത്തിവിടുന്ന ഹർഷതരംഗങ്ങൾ ഒരു പക്ഷെ, വാൻഗോഗിന് മാത്രം സാധിക്കുന്ന മാന്ത്രികതയാണ്. ഇന്ന് മ്യൂസേ ദോർസേയിൽ സൂക്ഷിച്ചിരിക്കുന്ന ഈ ചിത്രം ഒരു പ്രകമ്പനമായി നമ്മുടെ മനസ്സിൽ അവശേഷിക്കുകയും ചെയ്യും.ഇത് വരയ്ക്കുന്നതിനു മുമ്പേ ചിത്രം വാൻഗോഗിന്‍റെ മനസ്സിൽ പൂർണ്ണമായും പതിഞ്ഞിരുന്നുവെന്ന്
തിയോയ്ക്കയച്ച കത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം. മനസ്സിലെ ആ ചിത്രക്കാഴ്ചയെക്കുറിച്ച് ഭ്രാന്തമായ ആവേശത്തോടെ വാൻഗോഗ് വാചാലനാവുന്നുണ്ടതിൽ.
രാത്രിയിലെ നക്ഷത്രരാത്രിയാണെനിക്ക് വരക്കേണ്ടത്. സത്യം പറഞ്ഞാൽ ഗ്യാസ് ലൈറ്റുകളുടെ രാത്രി. (അക്കാലത്ത് നഗരപ്രഭകൾ ഗ്യാസ് ലൈറ്റുകളായിരുന്നല്ലോ അടയാളപ്പെടുത്തിയിരുന്നത്.) ആകാശത്തിന് സമുദ്രനീലിമ, നദിയ്ക്ക് റോയൽ ബ്ലൂ, കരയ്ക്ക് ഇളം വയലറ്റും. നീലയും നീലലോഹിതവുമാർന്ന നഗരം. വിളക്കുകൾ മഞ്ഞ. അവയുടെ പ്രതിബിംബങ്ങളാകട്ടെ, സ്വർണ്ണനിറത്തിൽ തുടങ്ങി ആഴങ്ങളിലെ പച്ചയും ചെമ്പുനിറവുമായി അലിഞ്ഞുചേരണം. ആകാശത്തിൽ പിന്നെ സപ്തർഷികൾ. നിറമാകട്ടെ തിളങ്ങുന്ന പച്ചയും പാടലവും. പക്ഷെ, ആ നക്ഷത്രത്തിളക്കത്തെ പാടെ നിഷ്പ്രഭമാക്കുന്നുണ്ട് നഗരശോഭകൾ. ഒടുവിലായി രണ്ടു കമിതാക്കൾ മുന്നിലും.
ഇത്രയും വിശദമായും വർണ്ണപ്രാധാന്യത്തോടേയും ഒരു ചിത്രകാരൻ വരയ്ക്കുന്നതിനു മുമ്പേ വിവരിക്കുന്നത് അധികമാരും കണ്ടും കേട്ടിരിക്കാനുമിടയില്ല.
താൻ കാണുന്നതും അടുപ്പമുള്ളതുമായ സ്ഥലങ്ങൾ കാൻവാസിലേക്ക് പകർത്തുന്നത് വാൻഗോഗിന്‍റെ പതിവായിരുന്നു. തെക്കു കിഴക്കൻ ഫ്രാൻസിലെ പുരാതന റോമൻ നഗരമായിരുന്നു ആർലസ്. ആർലസിലെ പ്ലേസ് ലമാർട്ടീനിലെ ഒരു വാടകസ്ഥലത്തു നിന്നും വരച്ചെടുത്ത ദൃശ്യമാണ് റോൺ നദിയ്ക്കു മുകളിലെ നക്ഷത്രരാത്രി. പുതിയ വാസസ്ഥലത്തെക്കുറിച്ച് വാൻഗോഗ് ആവേശഭരിതനായിരുന്നു. “ഗോൾ വംശജരുടെ റോം” എന്ന പേരിൽ സീസറുടെ കാലം മുതലേ പ്രശസ്തിയാർജ്ജിച്ചിരുന്ന ആർലസ് നഗരത്തിലെ രാത്രിദൃശ്യം ശാന്തമായൊഴുകുന്ന റോൺനദിയിൽ പ്രതിബിംബിക്കുന്ന കാഴ്ചയാണ് ഇവിടെ വാൻഗോഗ് നമുക്കായി തരുന്നത്. സന്തോഷം നിറഞ്ഞ അന്തരീക്ഷം എന്നൊക്കെ അതിനെക്കുറിച്ച് അദ്ദേഹം സുഹൃത്തിന് എഴുതി. ആനന്ദം തരുന്ന വർണ്ണങ്ങൾ അദ്ദേഹത്തെ ഉത്തേജിപ്പിച്ചിരിക്കാം. ആ നിറങ്ങളിൽ തന്നെയാണ് അദ്ദേഹം ചിത്രത്തിലും ഊന്നൽ കൊടുത്തിരിക്കുന്നത്.
വടക്കൻ നീലാകാശത്തിലെ സപ്തർഷികൾക്കു വാൻഗോഗ് നല്ലൊരു സ്ഥാനം ചിത്രത്തിൽ കല്പിച്ചുകൊടുത്തിട്ടുണ്ട്. അതല്പം അനുപാതരഹിതമായി അനുഭവപ്പെടുമെങ്കിലും.
ന്യൂയോർക്ക് മോഡേൺ ആർട്ട് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന മറ്റൊരു നക്ഷത്രരാത്രിച്ചിത്രമുണ്ട്. റോൺ നദിച്ചിത്രത്തിൽ നിന്നും കിട്ടുന്ന അനുഭവമല്ല, അതു കാണുമ്പോൾ ഉള്ളിൽ നിറയുക. റോൺ നദിച്ചിത്രം വരച്ചുകഴിഞ്ഞ് മാസങ്ങൾക്കു ശേഷം മാനസികാസ്വസ്ഥ്യത്തിന്‍റെ ചികിത്സയ്ക്കായി ആസ്പത്രിയിലായിരുന്ന കാലത്താണ് വാൻഗോഗ് അത് വരച്ചത്. അക്കാലത്ത് അനുഭവപ്പെട്ടിരുന്ന വിഭ്രമാത്മകത മുഴുവനായും അതിൽ ചാലിച്ചിട്ടുണ്ടെന്നു തോന്നും ന്യൂയോർക്കിൽ പ്രദർശിപ്പിച്ചിട്ടുള്ള “നക്ഷത്രരാത്രി” കണ്ടാൽ. മരിക്കുന്നതിനും ഒരു വർഷം മുമ്പു വരച്ച ഈ നക്ഷത്രരാത്രിയെക്കുറിച്ച് വാൻഗോഗ് ഇപ്രകാരം തിയോയ്ക്കെഴുതി.
ഇന്നു രാവിലെ സൂര്യോദയത്തിനും മുമ്പ് എനിക്ക് ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ ആ ഗ്രാമപ്പരപ്പിൽ പ്രഭാതനക്ഷത്രത്തെ മാത്രമാണ് കാണാനായത്. അത് വളരെ വലുതായിരുന്നു.
ഭാവനയും അനുഭൂതിയും തീക്ഷ്ണവികാരവും ഒന്നിച്ചു ചേർന്ന് ഇനിയും നേരം പുലർന്നിട്ടില്ലാത്ത നീലാകാശത്തെ ചുഴറ്റിമറിക്കുന്നതു പോലെയാണ് വാൻഗോഗിന് ആ ദൃശ്യം അനുഭവപ്പെട്ടിരിക്കുക. ആ ഉൾക്കാഴ്ച അതുപോലെ തന്നെ കാൻവാസിലേക്ക് പകർത്തുകയും ചെയ്തു. മരണത്തേയും ജീവിതത്തേയും ബന്ധിപ്പിക്കുകയോ വേർതിരിക്കുകയോ ചെയ്യുന്ന തീവ്രാവസ്ഥയും ദർശനങ്ങളുമൊക്കെയായി ഇതിലെ വരകൾ മാറുന്നുണ്ട്. അതിലെ മരങ്ങൾ അഗ്നിസഫുലിംഗങ്ങളായും ആകാശതാരകങ്ങൾ ഏതോ ഒരു അതീന്ദ്രിയദർശനം പോലെയൊക്കെ അനുഭവപ്പെടും.
നേരെമറിച്ച്, റോൺ നദിച്ചിത്രം നമുക്കു പകരുന്നത് പ്രശാന്തതയാണ്. ആ സ്വച്ഛതയ്ക്കൊരു ഉത്തമപ്രതീകമെന്നോണമായിരിക്കണം വാൻഗോഗ് ചിത്രത്തിന്നടിയിലായി കാമുകീകാമുകന്മാരെ അടയാളപ്പെടുത്തിയിരിക്കുന്നത്.
ഒരു പക്ഷെ, ഈ ചിത്രം ആ കമിതാക്കൾക്കു തന്നെ സമർപ്പിച്ചതാവാനും മതി. എങ്കിലും, അതിലൊരു വേറിട്ട ചിന്തയുണ്ടെന്ന് ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാവും. തിയോയോട് എഴുതിയതു പ്രകാരം കരയ്ക്കു കൊടുക്കുമെന്നു പറഞ്ഞ വയലറ്റ് നിറത്തിനു പകരം നീലയാണ് അവിടെ കൂടുതലും കാണുന്നത്. ഒറ്റനോട്ടത്തിൽ വെള്ളത്തിലൂടെ നടക്കുകയാണ് ആ കമിതാക്കളെന്നു തോന്നും. അവർക്കു പുറകിലെ തോണി തുറയിൽ നില്ക്കുകയാണോ, അതോ മുങ്ങിത്താഴുകയാണോ എന്ന സംശയം പോലും അത് ബാക്കി വെച്ചേക്കാം. വാൻഗോഗ് തിയോയ്ക്ക് പകർന്നു കൊടുത്തത്രയും പോലും തെളിമ ആ മനുഷ്യരൂപങ്ങൾക്കില്ല. വാൻഗോഗ് പതിയെ ഉയർന്നുവന്നു തുടങ്ങിയിരുന്ന മാനസികാസ്വാസ്ഥ്യങ്ങളുടെ ബഹിർസ്ഫുരണമായി അതിനെ കണക്കാക്കുകയാണെങ്കിൽ, മാറിക്കൊണ്ടിരിക്കുന്ന മാനുഷികബന്ധങ്ങളെക്കുറിച്ചുള്ള ആ സമയത്തെ ചിന്താഗതികളും അതിലേക്കു നയിച്ച അനുഭവങ്ങളും ഇത്തരത്തിലൊരു അമൂർത്തത സൃഷ്ടിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കണം. അസുഖാവസ്ഥയിലേക്കു കടക്കുന്നതിനു തൊട്ടുമുമ്പാണ് വാൻഗോഗ് ഇതു വരച്ചതെന്നോർക്കണം. അതുകൊണ്ടുതന്നെ ഉത്തരങ്ങളേക്കാൾ ചോദ്യങ്ങളാണിവിടെ തെളിഞ്ഞു വരുന്നത്…
ഇനി മറ്റൊരു ചിത്രത്തെക്കൂടി പരിചയപ്പെടുത്താം. 1890 ൽ വരച്ച ഗോതമ്പു പാടത്തെ കാക്കകൾ.
വിൻസന്‍റ് വാൻഗോഗ് എന്ന മഹാനായ ചിത്രകാരന്‍റെ, ഒരു പക്ഷെ, ഏറ്റവും ശക്തമായ ചിത്രമാണിത്. അതേ സമയം വളരെയേറെ വിവാദങ്ങൾ സൃഷ്ടിച്ചതും.
അദ്ദേഹത്തിന്‍റെ അവസാന ചിത്രമാണിതെന്നാണ് പണ്ഡിതപക്ഷം. അതുകൊണ്ടുതന്നെ ഇതൊരു ആത്മഹത്യാക്കുറിപ്പായി കാണുന്നവരുണ്ട്. കൊടിയ നിരാശയും ഏകാന്തതയും ചാലിച്ചാണ് വാൻഗോഗ് ഇത് വരച്ചതത്രെ.
നമുക്ക് നേരെ മുന്നിൽ മൂന്ന് വഴികളാണ് ചിത്രം കാണിച്ചുതരുന്നത്. അതോടെ കാഴ്ചക്കാരൻ സംശയഗ്രസ്തനും ഉത്കണ്ഠാകുലനുമായി മാറുകയാണ്. കാരണം, ഈ വഴികളൊന്നും തന്നെ ചക്രവാളത്തിലേക്കെത്തുന്നില്ല. ഒന്നുകിൽ അത് വാൻഗോഗിന് പ്രിയപ്പെട്ട മഞ്ഞയുടെ ധാരാളിത്തത്തിൽ അലിഞ്ഞില്ലാതാവുകയാണ്, അല്ലെങ്കിൽ, ചിത്രത്തിന് പുറത്തേക്ക് വ്യർത്ഥമായി കുതിക്കുകയാണ്. വാൻഗോഗിനെ എക്കാലവും പ്രശസ്തനാക്കിയ ഗോതമ്പുപാടങ്ങളുടെ വിശാലത ഇവിടെ തലതിരിഞ്ഞ് നമുക്കുനേരെ കൂർമ്പിച്ചുവരുന്നു.
നമുക്കെന്നും ഏറെ പ്രിയമായിരുന്ന ഒന്ന് നമ്മെത്തന്നെ മുറിവേൽപ്പിക്കുന്നപോലെ. ഗോതമ്പുപാടവും കരിനീലവാനവും എതിർ ദിശകളിലേക്ക് പരസ്പരം അകന്നുപോകുന്നതായാണ് ഇവിടെ അനുഭവപ്പെടുന്നത്. ആരേയും അലോസരപ്പെടുത്തുന്ന ഒരു വിക്ഷുബ്ധതയുണ്ടതിൽ. ആ തീക്ഷ്ണതയിൽനിന്നു തന്നേയാണ് കൊടുംകറുപ്പിന്‍റെ അടയാളമായി കാക്കകൾ പറന്നുവരുന്നത്. അതിന്‍റെ ചിറകടികൾ നമ്മുടെ ഹൃദയഭിത്തികളേയാണ് വിറകൊള്ളിക്കുന്നത്. കാരണം അത് സൂചിപ്പിക്കുന്നത് മെയ്യറുതിയേയാണ്. ആ തിരിച്ചറിവ് ഒരാന്തലെന്നോണം നെഞ്ചുകൂടത്തിലേക്ക് ആഴ്ന്നിറങ്ങുന്നു. ഒരു നിലയില്ലാക്കയത്തിലാണ് നാം നിൽക്കുന്നതെന്ന തോന്നൽ. ഒരിക്കലും ഒളിച്ചോടിയൊഴിവാക്കാനാവാത്ത അനിവാര്യത നമ്മെ വിഴുങ്ങുന്ന പോലെ.
എങ്കിലും അങ്ങു ദൂരെ ആ നിലീമയിൽ പ്രതീക്ഷയുടെ/പ്രശാന്തതയുടെ കൊച്ചുതിളക്കങ്ങൾ വാൻഗോഗ് വിട്ടു കളഞ്ഞിട്ടില്ല. പക്ഷെ, നിലയറ്റ മഞ്ഞപ്പാടങ്ങളും ദിശയില്ലാത്ത ചുവപ്പൻ പാതകളും ആ തുരുത്തുകളെ അപ്രാപ്യമാക്കുകയാണ്. അതിനിടയിൽ ആരും നടക്കാത്ത ചില ഹരിതവഴികളും വരച്ചിട്ടിരിക്കുന്നത്, വാൻഗോഗിന്‍റെ ഇനിയും കെട്ടുപോകാത്ത ആശയെയാണോ സൂചിപ്പിക്കുന്നത്? ആയിരിക്കില്ല. പ്രതീക്ഷകൾ വറ്റിയ മനസ്സിൽനിന്നു പിറന്ന ചിത്രമാണല്ലോ ഇതെന്നോർക്കുമ്പോൾ നമുക്ക് ആശാന്വിതരാവാനാവില്ലല്ലോ.
ചുറ്റിനും തകർന്നു വീഴുന്ന കാഴ്ചകൾക്കിടയിൽ കടുത്ത വ്യഥയാൽ നിരാലംബനാവുന്ന ഒരു ആത്മാവിനെ അനുഭവപ്പെടുത്തിത്തരികയാണ് വാൻഗോഗ് ഇവിടെ. ചടുലമായ വേഗതയിലും കടുപ്പത്തിലും ഉന്മാദിയെപ്പോലെ ചായങ്ങൾ കാൻവാസിൽ വാരിയെറിയുന്ന ആ ചിത്രകാരനെ എനിക്ക് സങ്കല്പിക്കാൻ കഴിയുന്നുണ്ട്. അപാരമായ സിദ്ധിയുടെ അവസാനപ്പിടച്ചിലിൽ തന്‍റെ പ്രിയപ്പെട്ട നിറങ്ങളെ ഇവിടെ ഒരുക്കിയെടുത്തിരിക്കുന്നത് ഒരു വേദനയോടെയല്ലാതെ നമുക്ക് കാണാനുമാവില്ല. അതൊക്കെയായിരിക്കാം വാൻഗോഗ് ആ നിമിഷത്തിൽ ആഗ്രഹിച്ചിരിക്കുക.
അതുകൊണ്ടു തന്നെയായിരിക്കണം മരണവക്കിലിരുന്നുകൊണ്ട് ആ മഹാനായ ചിത്രകാരൻ ഇങ്ങനെയൊക്കെ വരച്ചത്.
ചിത്രങ്ങളുടെ സാങ്കേതിക വശങ്ങള്‍:
ചിത്രം | റോൺ നദിയ്ക്കു
മുകളിലെ നക്ഷത്രരാത്രി |
നക്ഷത്രരാത്രി
|
ഗോതമ്പുപാടത്തെ
കാക്കകൾ
|
വർഷം | 1888 | 1889 | 1890 |
മാധ്യമം | എണ്ണച്ചായം | എണ്ണച്ചായം | എണ്ണച്ചായം |
വലിപ്പം | 72x 92 സെ.മീ | 73x 92 സെ.മീ | 50 x 103 സെ.മീ |
പ്രദർശിപ്പിച്ചി
രിക്കുന്ന സ്ഥലം |
മ്യൂസീ ദോർസെ, പാരീസ് | മോഡേൺ ആട്ട് മ്യൂസിയം,
ന്യൂയോർക്ക് |
വാൻഗോഗ് മ്യൂസിയം, ആംസ്റ്റർഡാം |
Be the first to write a comment.