മുറിവേറ്റ പെണ്ണിന്റെ ഉയിർപ്പിന്റെ കഥയാണ് ‘ഉയരെ’. ടൈറ്റിൽ സൂചിപ്പിക്കും പോലെ അത് ‘പല്ലവി രവീന്ദ്രന്റെ’ അഭിലാഷങ്ങളുടെ പറക്കൽ കൂടിയാണ്. സിനിമ എന്ന നിലയിൽ രണ്ടു മണിക്കൂർ നേരം എൻഗേജിങ്ങായി കണ്ടിരിക്കാവുന്ന, തികച്ചും വാണിജ്യ സിനിമയുടെ ചേരുവകൾ സമർത്ഥമായി കോർത്തിണക്കിയ സിനിമ കൂടിയാണ് ഉയരെ.
അതേ സമയം മലയാളസിനിമയിൽ ആരും പറഞ്ഞിട്ടില്ലാത്ത പുതുമയുള്ള ഒരു പ്രമേയം അവതരിപ്പിക്കുന്നുമുണ്ട്. പ്രണയം ജീവനു തന്നെ ഭീഷണിയാവുന്ന പെൺജീവിതങ്ങളെ അടുത്തു നിന്ന് വീക്ഷിക്കുന്നത് സമകാല സമൂഹത്തിൽ പ്രസക്തവുമാണ്. സ്ത്രീ ശരീരത്തെ വികലീകരിക്കുന്നതിലൂടെ ആൺമനസ്സിലെ അഹന്ത / അസൂയ / അപകർഷത / ഭയം അടയാളപ്പെടുത്തുന്നതിലും സിനിമ വിജയിക്കുന്നു. കാലാകാലങ്ങളായി ആൺമേധാവിത്വ സമൂഹം പുലർത്തിപ്പോരുന്ന ചില വിശ്വാസങ്ങളെ / ആചാരങ്ങളെ ചോദ്യം ചെയ്യാനുള്ള / പ്രശ്നവല്ക്കരിക്കാനുള്ള ശ്രമങ്ങൾ ബോധപൂർവ്വം സിനിമയിൽ ഉൾപെടുത്തിയിട്ടുണ്ട്. അതു കൊണ്ട് ‘സ്ത്രീപക്ഷ’ നിലപാടുകൾ സിനിമയിൽ മേമ്പൊടിക്ക് ചേർത്തുവച്ചിട്ടുണ്ട്.
Gender sensitisation നെ കുറിച്ച് സമാധ്യധാരണകളുള്ള പുതുതലമുറ സിനിമാകാണികൾക്കും സിനിമ ആസ്വാദ്യകരമാകുന്നത് ഇതുകൊണ്ടാണ്.
തിരക്കഥയുടെ എകാഗ്രത, സംഭാഷണങ്ങളുടെ മിതത്വം / കൃത്യത, അഭിനേതാക്കളുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ, മികച്ച ചിത്ര സംയോജനം എന്നിവയ്ക്കൊപ്പം
തുടക്കക്കാരന്റെ പതർച്ചകളില്ലാതെയും, അമിതവൈകാരികതകളിലേക്ക് വീഴാതെയും ആഖ്യാനം നിർവ്വഹിച്ച സംവിധായകൻ മനു അശോകന്റെ കയ്യൊതുക്കവും ‘ഉയരെ’ ഒട്ടും മുഷിയാതെ കണ്ടിരിക്കാൻ സഹായിക്കും. ആഴമില്ലായ്മ / പ്രവചനീയത / അനാവശ്യ ഗാനങ്ങൾ തുടങ്ങിയ പിഴവുകൾ ഗംഭീരൻ സിനിമയാകാവുന്ന ‘ഉയരെ ‘യെ ചില നിമിഷങ്ങളിൽ mediocre film ആക്കി മാറ്റിയിരിക്കുന്നു എന്നതാണ് വാസ്തവം.
തീയറ്ററിനകത്തിരിക്കുമ്പോൾ ഉള്ളിൽ തട്ടുകയും മനസ്സ് ആർദ്രമായി പോവുകയും ചെയ്യുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പല വിധ നെട്ടോട്ടങ്ങൾക്കിടയിൽ വീണുപോകാതെ ആത്മാർത്ഥമായി കൈ പിടിച്ചുയർത്തിയ ജാതി / മത / ലിംഗഭേദമന്യേയുള്ള കരുതലുകളെ, മാതൃ/പിതൃ വാത്സല്യങ്ങളെ, സ്വാതന്ത്ര്യത്തിന്റെ ആകാശം നിഷേധിക്കാത്ത പങ്കാളിയെ ഓർത്തു പോകും ഓരോ കാണിയും.
പൈലറ്റാവാൻ കൊതിക്കുന്ന പല്ലവി രവീന്ദ്രൻ എന്ന മിടുക്കി, ആകസ്മികമായി ആസിഡ് ആക്രമണത്തിന് ഇരയാവുന്നു. അതിന്റെ വേദനയും ഭീകരതയും അതിജീവിച്ച് തന്റെ സ്വപ്ന സാക്ഷാത്ക്കാരം നേടുന്നതാണ് സിനിമയുടെ പ്രമേയ ചുരുക്കം. വളരെ പെട്ടെന്ന് പ്രേക്ഷകന് ഊഹിച്ചെടുക്കാവുന്ന വളർച്ചയും പ്രതിസന്ധി ഘട്ടങ്ങളുമേ സിനിമയിലുള്ളൂ എങ്കിലും അതിന്റെ നരേഷനിൽ തങ്ങളുടെ ക്രാഫ്റ്റ് കൊണ്ട് എഴുത്തുകാരായ ബോബിയും സഞ്ജയും പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്.
സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലർ സ്വഭാവം നിലനിർത്താൻ, സിനിമയുടെ ഏറ്റവും നിർണ്ണായക സന്ദർഭത്തിലേക്കാണ് പ്രേക്ഷകനെ തുടക്ക നിമിഷത്തിൽ തന്നെ രചയിതാക്കൾ കൂട്ടികൊണ്ടു പോകുന്നത്.
പൈലറ്റിന്റെ മോശം ആരോഗ്യത്തെ തുടർന്ന് ഒരു യാത്രാ വിമാനം emergency landing നടത്തേണ്ടി വരുന്ന നിമിഷം, ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ‘പല്ലവി’യെ കുറിച്ച് ,അവളുടെ വ്യക്തിത്വം, കുടുംബ പശ്ചാത്തലം, പ്രണയം, അതിന്റെ ആത്യന്തിക പരിണതി തുടങ്ങിയ പുരാവൃത്തങ്ങളിലേക്ക് സിനിമ Cut ചെയ്തു പോകുന്നത് ഒരു ആഖ്യാന സങ്കേതം എന്ന നിലയിൽ നല്ലതെങ്കിലും അതിദൈർഘ്യം കൊണ്ട് യുക്തിയെ ചോദ്യം ചെയ്യുന്നുണ്ട്. പിന്നീട് നടപ്പ് ‘ഇന്റർവെൽ പഞ്ചി’നും സാഹസികമായ ക്ലൈമാക്സ് രംഗങ്ങളിലേക്കും cut back ചെയ്ത് വരുന്ന തികച്ചും box office വിജയം മാത്രം ലക്ഷ്യമാക്കിയുള്ള formatted എഴുത്തു രീതിയാണ് ഈ സിനിമയുടേത്.
പല്ലവിയുടെ കൗമാരകാലത്തെ വിമാനയാത്രയാണ് അവളുടെ ജീവിതഗതി നിർണയിക്കുന്നത്. റിപ്പബ്ലിക് ദിന പരേഡിനായ് ദൽഹിയിലേക്ക് നടത്തിയ ആദ്യ വിമാനയാത്ര പല്ലവിയുടെ Passion – obsession പിന്നീട് Decision ആവുന്നു, ആസിഡ് അറ്റാക്ക് വരെയുള്ള
ആദ്യത്തെ 45 മിനിട്ടോളം ഉയരെയുടെ തിരക്കഥ അതിന്റെ മികവും മിഴിവും കാണിക്കുന്നു. അമിത ഭാഷണങ്ങളില്ലാതെ തന്നെ പല്ലവിയും അഛനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം നമുക്ക് അനുഭവപ്പെടുന്നുണ്ട്.
കൗമാരക്കാരിയായ പല്ലവിയെ അവതരിപ്പിച്ച പെൺകുട്ടിയുടെ തിരഞ്ഞെടുപ്പും അഭിനയപ്രകടനവും അഭിനന്ദനാർഹം. ആദ്യ വിമാനയാത്രയ്ക്കു ശേഷം
‘എനിക്ക് പൈലറ്റാകണം’ എന്ന് പല്ലവി തീരുമാനിച്ചുറപ്പിച്ച് അച്ഛനോട് പറയുന്ന രംഗം സംവിധായകൻ ചിത്രീകരിച്ച രീതിയും നന്നായി തോന്നി. മുറിയിൽ നിന്നിറങ്ങി ഇടനാഴികൾ പിന്നിട്ട്, അച്ഛന്റെ മുറിയുടെ പടിവാതിലിൽ നിന്ന് സധൈര്യം അവൾ തീരുമാനമാനമറിയിക്കുന്നത് ദീർഘമായ ഒരു travelling shot തന്നെയായി രൂപപ്പെടുത്തിയിരിക്കുന്നു. അവിടെ തുടങ്ങുന്നു പല്ലവിയുടെ ദീർഘമായ സ്വപ്നയാത്ര എന്ന് ഈ ഷോട്ട് വിനിമയം ചെയ്യുന്നുണ്ട്.
പല്ലവിയും ഗോവിന്ദും പ്രണയത്തിലാണെങ്കിലും അവർ തമ്മിലുള്ള സ്വഭാവ വൈരുദ്ധ്യങ്ങൾ / സംഘർഷങ്ങൾ ബോബി- സഞ്ജയ് സമർത്ഥമായി ആവിഷ്കരിക്കുന്നു.
കോളേജ് ആർട് ഫെസ്റ്റിവലിൽ കൂട്ടുകാരോടൊപ്പം നൃത്തം ചെയ്യുന്ന പല്ലവിയുടെ ശരീരഭാഷയെ / വസ്ത്രധാരണത്തെ ചോദ്യം ചെയ്യുന്ന ഗോവിന്ദിൽ തന്നെ അയാളിലെ ‘ആൺ’ ബോധത്തെ അടയാളപ്പെടുത്തിയിരിക്കുന്നു. പല്ലവിയുടെ വളർച്ചയും ലക്ഷ്യബോധവും അതിന് അച്ഛൻ നല്കുന്ന പിന്തുണയും ഗോവിന്ദിന്റെ അപകർഷതകൾ
കൂട്ടുന്നേയുള്ളൂ. അതുണ്ടാക്കുന്ന അസൂയയും പരാജയഭീതിയുമാണ് അങ്ങേയറ്റം ഹീനമായ ഒരു പ്രവൃത്തിയിലേക്ക് അയാളെ നയിക്കുന്നത്.
എന്നാൽ ആസിഡ് അറ്റാക്കു കഴിയുന്നതോടെ അതുവരെ മികച്ചു നിന്ന തിരക്കഥയിൽ ഇടർച്ച സംഭവിക്കുന്നതു കാണാം. എത്ര തന്നെ മനഃശക്തിയുണ്ടെങ്കിലും അതിന്റെ (ആസിഡ് അറ്റാക്ക്) ആദ്യ നിമിഷങ്ങളിൽ ഇരയ്ക്കും ചുറ്റുമുള്ളവർക്കും നേരിടാൻ / അതിനോട് പൊരുത്തപ്പെടാൻ സാവകാശമാവശ്യപ്പെടുന്നത്രയും കഠിനവും ഭീതിതവുമാണ്.
ഉയരെയിൽ പക്ഷെ, അത് വളരെ ലഘൂകരിച്ചും ഏതാണ്ട് നിർവികാരമായും കാണിച്ചു എന്ന് പറയാതെ വയ്യ. ആശുപത്രിയിലെ ഡോക്ടർ, കൂട്ടുകാരി സാരിയ, പല്ലവിയുടെ അച്ഛൻ രവീന്ദ്രൻ, സഹോദരി തുടങ്ങിയവരൊക്കെ അത്തരമൊരവസ്ഥയെ അഭിമുഖീകരിക്കാൻ മുൻവിധിയോടെ തയ്യാറായി വന്നതു പോലെയാണ് കാഴ്ചയിൽ അനുഭവപ്പെട്ടത്. കാണിയെ ഒട്ടും അലോസരപ്പെടുത്തരുത് എന്നും ഒരു തരത്തിലും വൈകാരികമായി ഉലയ്ക്കരുത് എന്നും തീരുമാനിച്ച്, മെലോ ഡ്രാമ ഭയന്ന്, ഏർപ്പെടുത്തിയ അമിത നിയന്ത്രണങ്ങളിൽ കുടുങ്ങിപ്പോയി ഇവിടെ അഭിനേതാക്കൾ. കാണിയുടെ ഉൾക്കിടിലവും വേദനയും നൊമ്പരവും പ്രതിനിധീകരിക്കേണ്ടുന്ന പല്ലവിക്കു ചുറ്റുമുള്ള മനുഷ്യർ വളരെ ഫോർമലായി പെരുമാറുന്നതിലെ അപാകത മുഴച്ചു നില്ക്കുന്നു. ‘Feel good ‘ സിനിമയ്ക്കുള്ള വിപണന സാധ്യതകൾക്കു വേണ്ടി വല്ലാതെ compromise ചെയ്ത രംഗങ്ങളായി ഇതു തോന്നി. ഇത്തരത്തിലുള്ള ഒരു ആക്രമണത്തെ അതിജീവിക്കാൻ സുദീർഘവും ശ്രമകരവും സങ്കീർണവുമായ ചികിത്സാരീതികൾ ആവശ്യമുണ്ട് എന്നാണ് വായിച്ചറിവ്. അതിന്റെ കാലതാമസം / വിശദാംശങ്ങൾ വിട്ടുകളഞ്ഞിരിക്കുന്നു. അതേസമയം കൊടുംവേദന സഹിച്ച് ജീവിക്കണോ മരിക്കണോയെന്ന സന്ദിഗ്ദ്ധതകക്കിടയിലുഴറുന്ന പല്ലവിയോട് സാരിയ കാണിക്കുന്ന കരുതലുകൾ മിതത്വത്തിന്റെ മനോഹാരിത കൊണ്ട് ഹൃദയത്തിൽ തട്ടുന്നുണ്ട്.
തിരക്കഥയിലെ ഏറ്റവും ബോറായ രംഗം കോടതിയിലേതാണ്. ഇത്തരമൊരു സിനിമയിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത നിലവാരമില്ലായ്മ ആ രംഗത്തിനുണ്ട്. ഒരു ജാമ്യാപേക്ഷയിൽ ഇത്രമാത്രം procedural irregularities കടന്നു വരുന്നത് ബാലിശമാണ്. 28 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഗോവിന്ദിന്റെ ജാമ്യാപേക്ഷ ഹർജി തീർപ്പാക്കുന്ന വേളയിൽ പൊള്ളലേറ്റ മുഖവുമായി പല്ലവിയിരിക്കുന്നത് അമ്പരപ്പിച്ചു! വെറും 4 ആഴ്ച കൊണ്ട് റിക്കവർ ചെയ്യാവുന്ന പൊള്ളലാണോ അത്? വാദിയേയും പ്രതിയേയും ചോദ്യം ചെയ്യുന്ന കോടതി, പ്രതിയുടെ വിവാഹ താല്പര്യത്തോട് വാദി എങ്ങനെ പ്രതികരിക്കുന്നു എന്നു കൂടെ ചോദിക്കുന്നുണ്ട്!
ഇതിനെ തുടർന്നു വരുന്ന സീനിൽ നീതിന്യായ വ്യവസ്ഥയുടെ കെടുകാര്യസ്ഥതയെ പല്ലവി വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. കോടതി രംഗത്തിന്റെ പരാജയം ശരിക്കും ഈ നല്ല സീനിന്റെ ഗൗരവം കുറച്ചു കളഞ്ഞു.
അഭിനേതാക്കളുടെ പ്രകടനങ്ങൾ ‘ഉയരെ ‘യിൽ നിർണായകമാണ്. എല്ലാവരും കഥാപാത്രങ്ങളെ വിശ്വസനീയമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
പാർവതിയുടെ പല്ലവി അഭിനയം കൊണ്ടും ഡയലോഗ് മോഡുലേഷനിലെ ആത്മാർത്ഥത കൊണ്ടും മികച്ചു നില്ക്കുന്നു, ഒപ്പം ആസിഫ് അലിയുടെ ഗോവിന്ദും. ഗോവിന്ദിന്റെ കണ്ണിൽ നിന്ന് ഉതിരുന്ന കണ്ണുനീർ അയാളനുഭവിക്കുന്ന ആന്തരികമായ അരക്ഷിതാവസ്ഥയെ സൂചിപ്പിക്കുന്നുണ്ട്. ഒരു പാട് ന്യൂനതകളുടെ ഭാരം ഉള്ളിൽ പേറുന്ന ഗോവിന്ദിനെ ചേർത്തു പിടിക്കുന്ന പല്ലവി, സ്ത്രീയെന്ന നിലയിൽ പ്രസരിപ്പിക്കുന്ന ഊർജം തിരശ്ശീലയിൽ നിന്ന് കാണിയിലേക്ക് പകർന്നു. അഭിനേതാക്കളും ആ നിമിഷങ്ങളെ തങ്ങളുടെ പ്രകടനങ്ങൾ കൊണ്ട് സാന്ദ്രമാക്കി.
പ്രോസ്തെറ്റിക് മേക്കപ് പല്ലവിയുടെ പൊള്ളലേറ്റ മുഖത്തിന്റെ ഭീതിതാവസ്ഥയെ സൂക്ഷ്മമായി അടയാളപ്പെടുത്തി. കഥാപാത്രസൃഷ്ടിയിലും പലവിധ / പല തല വ്യാഖ്യാനങ്ങൾക്കിട നല്കുന്ന രീതിയിൽ ഉയരെയിൽ വായിച്ചെടുക്കാം. മകളോട് വളരെ Democratic ആയി പെരുമാറുന്ന സിദ്ദിഖിന്റെ രവീന്ദ്രനും
തീർത്തും ഉദാസീനനും liberal ആയി പെരുമാറുന്ന പ്രേം പ്രകാശിന്റെ ബാലകൃഷ്ണനും തികഞ്ഞ എകാധിപതിയായി മകൻ വിശാലിനെ ഭരിക്കുന്ന രാജശേഖരനും വ്യക്തികളെന്നതിലുപരി വിവിധ തരം കുടുംബ / അധികാരഘടനകളെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്.
ഉയരെ ഒരു സ്ത്രീപക്ഷ സിനിമയാണ് എന്ന വാദത്തിനോട് യോജിപ്പില്ല. പ്രസക്തമായ ചില ചോദ്യങ്ങൾ ഉയർത്തുന്നു എങ്കിലും ആത്യന്തികമായി ഈ സിനിമ നിലവിലുള്ള പാട്രിയാർക്കൽ/ വരേണ്യ അഭിരുചികളെ തൃപ്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. പെണ്ണിന്റെ അതിജീവനം ഒരു ‘കമേഴ്സ്യൽ റസിപ്പി’ യാണിന്ന്. സ്വയം ഭാവി നിർണയിച്ച് അതിലേക്ക് സധൈര്യം നടന്നു നീങ്ങുന്ന പല്ലവി രവീന്ദ്രൻ സിനിമ പുരോഗമിക്കുന്തോറും ഒരു കൂട്ടം so called രക്ഷിതാക്കളുടെ ആശ്രിതയായി മാറുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചാൽ കാണാം. മനുഷ്യർ ആത്മാർത്ഥമായി ഇടപഴകുന്നത് അത്തരം സങ്കുചിത വേർതിരിവുവച്ചല്ല. ആണിൽ നിന്ന് സഹായം ചോദിക്കുന്നത് തെറ്റായ കാര്യവുമല്ല.
‘എനിക്ക് എന്നെപ്പോലെയാകണം ഗോവിന്ദ്. നിനക്ക് വേണ്ട എന്നെ പോലെയല്ല. എനിക്കു വേണ്ട എന്നേപ്പോലെ..’ എന്ന് പറഞ്ഞ് ഗോവിന്ദിന്റെ ജീവിതത്തിൽ നിന്ന് കുതറിമാറിയവളാണ് പല്ലവി. അയാളുടെ ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങിനെ അവൾ അതിജീവിക്കുന്നതാണ് ചിത്രാന്ത്യത്തിൽ കാണുന്ന ഒരു നല്ല കാര്യം.
പക്ഷെ പൊള്ളലേറ്റ മുഖമുള്ള പല്ലവി,
വിശാലിനോട് ‘എനിക്ക് എയർ ഹോസ്റ്റസ് ആവണം’ എന്ന് പറയുകയും അയാൾ അങ്ങനെയൊരു കാര്യം നടപ്പാക്കാനായുമ്പോൾ ക്ഷോഭിക്കുകയും ചെയ്യുന്നത്, സിനിമയിൽ ഒരു ട്വിസ്റ്റ് സമ്മാനിക്കുന്നുവെങ്കിലും കഥാപാത്രമെന്ന നിലയിൽ വ്യക്തിത്വം നഷ്ടപ്പെടുത്തുന്നുണ്ട്. വിശാലിനെ ഒഴിവാക്കാനാണ് താനങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത് എന്നും ‘എന്റെ മനസ്സിൽപ്പോലുമില്ലാത്ത കാര്യം’ എന്നും പറഞ്ഞു ഒഴിഞ്ഞു മാറുന്നുണ്ട്. എന്നാൽ അച്ഛന്റെ ‘സ്നേഹപൂർവ്വമായ നിർബന്ധം’ അവളെ ആ ജോലി സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നു!
സ്വജീവിതത്തിൽ ആസിഡ് ആക്രമണം നേരിട്ട ഒരു കൂട്ടം മനുഷ്യരുടെ അഭ്യർത്ഥനയും പല്ലവിയെ പ്രേരിപ്പിക്കുന്നു. സ്വന്തം കർതൃത്വം /ഉത്തരവാദിത്തം മറന്നു പോകുന്ന പെണ്ണ് ഏത് പക്ഷമാണ്?
‘ശത്രുവായിരുന്നു ഇത് ചെയ്തതെങ്കിൽ ഞാൻ പിറകെ പോകില്ലായിരുന്നു…’ എന്ന് വികാര വിക്ഷോഭത്തോടെ ഗോവിന്ദിനെതിരായ കേസിനെപ്പറ്റി പറയുമ്പോൾ പല്ലവി പറയുന്നുണ്ട്. ആ വാചകത്തിലെ വേദന പ്രേക്ഷകർ ഉൾക്കൊള്ളുമ്പോൾ തന്നെ എന്തുമാത്രം ‘ഇരവല്ക്കരണ’ത്തിലേക്കാണ് പല്ലവിയുടെ കഥാപാത്രം വീണുപോകുന്നത് എന്നത് ഞെട്ടലോടെയെ കാണാൻ കഴിയൂ.
ഒരു സാമൂഹ്യജീവി എന്ന നിലയിൽ ചിന്തിക്കാതെ, സ്വന്തം വൈകാരിക പ്രതികരണങ്ങളിൽ അഭിരമിക്കുന്ന പെണ്ണായി പല്ലവി മാറുന്നതിവിടെ കാണാം. ഗുരുതരമായ ഒരു കുറ്റകൃത്യം അത് ആർ ചെയ്താലും പോരാടുക എന്നതാണ് ശരി നിലപാട്.
കോടതിയുടെ നീതിനിർവ്വഹണ രീതിയിലെ കൊള്ളരുതായ്മകൾ തുറന്നു കാട്ടുന്ന പല്ലവി, ആ നീതിബോധം വെടിയുന്നതിവിടെ കാണാം.
ശക്തരായ അമ്മ കഥാപാത്രങ്ങളുടെ അഭാവം ഉയരെയിൽ പ്രകടമായുണ്ട്. പല്ലവിയുടെ അമ്മ അവൾക്ക് 14 വയസുളഉപ്പോൾ മരിച്ചു. ഗോവിന്ദിന്റെ അമ്മ ഭർത്താവിന്റെ നിഴൽ മാത്രം, വിശാലിന്റെ അമ്മയും സിനിമയിൽ രജിസ്റ്റർ ആവുന്നില്ല, മാത്രവുമല്ല ഗോവിന്ദിന്റ അഛൻ ബാലകൃഷ്ണൻ മകന്റെ ‘വളർത്തുദോഷം’ ആരോപിക്കുന്നത് അമ്മയിലേക്കാണ്. ഗവ. സർവീസിലായതിനാൽ അയാൾക്ക് പലയിടത്തായി ജോലി ചെയ്യേണ്ടി വന്നു. ‘ആവശ്യത്തിന് ശ്രദ്ധ ചെലുത്താൻ പറ്റാത്തതിന്റെ പ്രശ്നം അവനുണ്ട് ‘ എന്ന വാചകത്തിൽ കൃത്യമായ ആൺ മനസ് അടയാളപ്പെട്ടിരിക്കുന്നു.
ആൺ ബാത്ത് റൂം ഡോറിൽ ‘ബ്ല’ എന്നും പെൺ ഡോറിൽ ‘ബ്ല ബ്ല ബ്ല ‘ എന്നും നിറയെ എഴുതി വച്ചിരിക്കുന്നത് ‘എതെങ്കിലും ആണായിരിക്കുമല്ലോ’ എന്ന പല്ലവിയുടെ പരിഹാസം ചിരിയും ചിന്തയുമുണർത്തി.
ഛായാഗ്രഹണവും കളർ ഗ്രേഡിംഗും കടും നിറങ്ങളെ desaturate ചെയ്തവതരിപ്പിച്ചത് ഈ ചിത്രത്തിന് അനുയോജ്യമാണോ എന്ന സംശയം പലപ്പോഴും ഉയർത്തുന്നുണ്ട്.
flight control room, വിമാന ലാന്റിംഗ് സീക്വൻസുകൾ ഇങ്ങനെ പ്രത്യേക ടോണിൽ കാണിച്ചിരിക്കുന്നു. മലയാള സിനിമയുടെ പരിമിത ബഡ്ജറ്റിൽ നിർമിക്കപ്പെട്ട ഈ സിനിമയിൽ, വിമാനത്തിന്റെ ഒറിജിനൽ ദൃശ്യങ്ങളും ചിത്രീകരിച്ച ദൃശ്യങ്ങളും മികച്ച രീതിയിൽ സന്നിവേശിപ്പിതിന്റെ ക്രെഡിറ്റ് എഡിറ്റർ മഹേഷ് നാരായണനുള്ളതാണ്. ഒരു പക്ഷെ ഈ സ്വീക്വൻസുകൾ ഒരു പ്രത്യേക ടോണിലേക്ക് മാറ്റിയതും വ്യത്യസ്ത ദൃശ്യങ്ങൾ തമ്മിലുള്ള നിറവ്യത്യാസം അറിയാതിരിക്കാനായിരിക്കാം.
ഛായാഗ്രഹകൻ മുകേഷ് മുരളീധരൻ എതാണ്ട് ഫ്ലാറ്റ് ആയി, നിഴലുകൾ വളരെക്കുറച്ച് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നു. ഇത്തരമൊരു ചിത്രത്തിൽ Light as a Visual Metaphor വന്നിരുന്നു എങ്കിൽ വളരെ നന്നായേനെ.
അതേ സമയം ഉയരെയിൽ അദ്ദേഹം സ്വീകരിച്ച ലെൻസിന്റെ ഭാഷ വളരെ ശ്രദ്ധേയവും കരുത്തുറ്റതുമാണ്
ലോങ്ങ് ഷോട്ടുകളിൽ നിന്ന് തുടങ്ങി പല്ലവിയുടെ ശരീരം /മുഖം സ്ക്രീൻ നിറഞ്ഞു നില്ക്കുന്ന close up കളായി മാറുന്നുണ്ട് സിനിമ മുന്നേറുമ്പോൾ.
ആദ്യം ഒരു Aversion തോന്നുമെങ്കിലും പല്ലവിയുടെ മുഖത്തിന്റെ വികലാവസ്ഥയെ നേരിടാൻ കാണിയെ പ്രാപ്തനാക്കുന്നുണ്ട് ക്യാമറമാൻ. ആ ഷോട്ടുകളുടെ ആവർത്തിച്ച ഉപയോഗങ്ങൾ പൊള്ളലേറ്റ മനുഷ്യരെ സാധാരണ പോലെ കാണാനും സ്വീകരിക്കാനുമുള്ള മനോനിലയിലക്ക് കാണിയെ ധൈര്യപ്പെടുത്തുന്നുണ്ട്.
ക്യാമറ ചലനങ്ങളിലും മുകേഷ് നിയന്ത്രണം പാലിക്കുന്നതോടൊപ്പം അർത്ഥപൂർണമാക്കുകയും ചെയ്യുന്നുണ്ട്.
രാത്രി കൂട്ടുകാരോടൊപ്പം ഭക്ഷണം കഴിക്കാനിറങ്ങിയ പല്ലവി തിരിച്ചു വരുമ്പോൾ ഗോവിന്ദിനെ കാണുകയും അവർ തമ്മിൽ ഭയങ്കരമായി വഴക്കിടുകയും ചെയ്യുന്നത് അടുത്ത് നിന്ന് നിർന്നിമിഷേനായി കണ്ടു നില്ക്കുന്ന ഒരാളുടെ കാഴ്ചയിൽ breathing Movement കൂടി ചേർത്താണ് മുകേഷ് അവതരിപ്പിക്കുന്നത്. സീനിന്റെ വൈകാരികത മുഴുവൻ ഉൾക്കൊണ്ട ചിത്രണമായി ഈ ദൃശ്യങ്ങൾ.
ക്യാമ്പസ് ഇന്റർവ്യൂവിന് അതിഥിയായി എത്തുന്ന വിശാൽ രാജശേഖരൻ റിസപ്ഷൻ കമ്മറ്റിയിലുള്ള പല്ലവിയുമായി സംസാരിക്കുന്ന രംഗവും കൗതുകകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വ്യത്യസ്ത വീക്ഷണമുള്ള നല്ല സ്മാർട്ടായ രണ്ടു പേർ, തമാശയിൽ കൊണ്ടും കൊടുത്തും മത്സരിക്കുന്നത് Eye line match അല്ലാതെയാണ് Shoot ചെയ്തിരിക്കുന്നത്!
അല്പം അകലത്തിൽ ഒരാൾ മുന്നിലും മറ്റെയാൾ പിറകിലും നിന്ന് പരസ്പരം സംസാരിക്കുമ്പോൾ,
രണ്ടു പേരും ക്യാമറയുടെ ഒരേ വശത്തേക്കാണ് നോട്ടം. സാധാരണ രീതിയിൽ അത് തെറ്റായ കീഴ് വഴക്കമാണ്. പക്ഷെ വൈരുദ്ധ്യങ്ങളുള്ള രണ്ടു പേരുടെ സംഭാഷണത്തിന് അത് ഒരു രസമായി കാണാം! മാത്രവുമല്ല, ഈ ഷോട്ടുകൾ എഡിറ്റ് ചെയ്തതിൽ jerk അനുഭവപ്പെടുന്നുമില്ല!
പശ്ചാത്തല സംഗീതം സിനിമയുമായി ചേർന്നു പോകുന്നുണ്ട്. ‘നീ മുകിലോ’ എന്ന ഗാനം ഭാവം കൊണ്ടും ചിത്രത്തിന് ഉതകുന്നു. മറ്റു രണ്ടു പാട്ടുകൾ ചിത്രത്തിന് ആവശ്യമായി തോന്നിയില്ല. പ്രത്യേകിച്ച് 18 വയസിലെ എന്ന ഗാനത്തിന്റെ ആലാപനശൈലിയടക്കം ആ സന്ദർഭത്തിൽ മുഴച്ചു നിന്നു.
കഠിനമായ പരീക്ഷണങ്ങൾ / പരാജയങ്ങൾ കൂടി ജീവിതത്തിന്റെ ഭാഗമാണ്. ഇന്ന് ധാരാളമായി വിറ്റുപോകുന്ന self help/motivational പുസ്തകങ്ങൾ തരുന്ന വായനാ സുഖമാണ് ‘ഫീൽ ഗുഡ്’ സിനിമകളും നല്കുന്നത്. തീയ്യറ്ററിലെ സുഖശീതളിമയിലിരുന്ന് Screen time നോളം ആസ്വദിക്കാവുന്ന ഒരു സിനിമ മാത്രമാണ് ഉയരെ.
അതിനപ്പുറമുള്ള ഒരു സാമൂഹിക വിഷയത്തെ ഈ സിനിമ ഗൗരവത്തോടെ സമീപിക്കുന്നേയില്ല. പൊതുനിരത്തിൽ വച്ച്
ആണധികാരത്തിന്റെ ഗർവ് തകർത്തു കളഞ്ഞ മുഖം ചെറുത്തുനില്പിന്റെ പ്രതിബിംബമായി ഉയരുന്നതെങ്ങിനെ എന്ന് രേഷ്മ ഖുറേഷിയുടെ ജീവിതം കാണിച്ചു തന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അനുഭവ തീഷ്ണതയോടെയല്ലാതെ, പൊള്ളുന്ന മനസ്സോടെയല്ലാതെ ആ അവസ്ഥ വായിച്ചറിയുക അസാധ്യമാണ്. 17ാം വയസ്സിൽ നേരിട്ട ആക്രമണത്തിന്റെ ആഘാതത്തിൽ നിന്ന് രേഷ്മ പൊരുതിക്കയറുന്നത് റിയ ശർമയുടേയും അവരുടെ ‘make love, not scars’ എന്ന സംഘടനയുടെ ശക്തമായ മാനസിക പിന്തുണയിലാണ്.
ഇങ്ങനെ ആൺ ‘ഭീകരാക്രമണങ്ങളെ ‘നെഞ്ചൂക്കോടെ അതിജീവിച്ച നിരവധി സ്ത്രീകൾ ഇന്ത്യയിലുണ്ട്. ആ അനുഭവങ്ങളുടെ ആഴങ്ങളിലൊന്നിലേക്കും ‘ഉയരെ ‘ കടക്കുന്നില്ല. മറിച്ച് തീയറ്ററിൽ കണ്ടിരിക്കാവുന്ന /ആസ്വദിക്കാവുന്ന സിനിമയെന്ന ലളിത സമവാക്യത്തിന്റെ വിജയമാണ് ഉയരെയുടെ ജനപ്രീതിക്കു പിന്നിലെ ഒരു കാരണം.
സിനിമയിലെ ആൺകോയ്മക്കെതിരെ wcc യും പാർവതി പ്രത്യേകിച്ചും നടത്തിയ പരാമർശങ്ങൾ നിലപാടുകൾ തുടങ്ങി സിനിമാ ബാഹ്യമായ കാര്യങ്ങൾ വച്ച് ‘പല്ലവി’ യെ വിലയിരുത്തിയാൽ ശരിയാവില്ല. ഈ സാംസ്കാരിക അന്തരീക്ഷങ്ങൾ ഒഴിച്ചു നിർത്തിയാലും പല്ലവിയെ പാർവതി അവതരിപ്പിച്ചിരിക്കുന്നത് അഭിനയമികവോടെ തന്നെയാണ്. തന്നെ സ്വഭാവഹത്യ നടത്തുന്ന ഗോവിന്ദിനോട് ‘Get lost ‘ എന്ന് പറയുന്ന സന്ദർഭത്തിൽ ശബ്ദത്തിൽ വരുന്ന ഇടർച്ചയുണ്ട്. ആ പതറൽ അതേ നീറ്റലോടെ കാണിയുടെ നെഞ്ചിൽ തറയ്ക്കുന്നത് പാർവതിയുടെ class അഭിനയം കൊണ്ടു തന്നെയാണ്. അങ്ങനെ നിരവധി സന്ദർഭങ്ങൾ ഈ സിനിമയിലുണ്ട്.
പാർവതിയുടെ സാമൂഹ്യ / പെൺപക്ഷ നിലപാടുകൾ ഉറക്കെ പ്രഖ്യാപിക്കാനുള്ള കഥാപാത്രമായി പല്ലവിയെ കാണാൻ ശ്രമിക്കുന്നവർ, അവരിലെ അഭിനേത്രിയെ അംഗീകരിക്കാൻ മടിക്കുന്നത്രയും ആൺബോധം മനസ്സിൽ സൂക്ഷിക്കുന്നവരാണ്. പാർവതിയുടെ off Screen image ഉം ഉയരെയുടെ On Screen image ഉം പരസ്പര പൂരകമായി കാണുന്നത് / വായിക്കുന്നത് ഭാവിയിലും അവരെ ചില പ്രത്യേക ചട്ടക്കൂടിലൊതുങ്ങാൻ മാത്രമെ സഹായിക്കൂ.
‘ഫെമിനിച്ചി ‘ ആയ പാർവതിക്ക്, അവർക്ക് ബോധ്യമാവുന്ന എത് കഥാപാത്രവുമവതരിപ്പിക്കാം എന്നതാണ് സത്യം.
1964-ൽ മലയാറ്റൂരിന്റെ ‘യക്ഷി ‘ കെ.എസ് സേതുമാധവൻ സിനിമയാക്കിയപ്പോൾ, നടൻ സത്യൻ സ്വന്തം മുഖം വികൃതമായി തിരശ്ശീലയിൽ കാണിച്ച ധൈര്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.നടൻ എന്ന നിലയിൽ സത്യന്റെ തന്റേടത്തിന്റെ സൂചന കൂടിയായിരുന്നു അത്. പിന്നീട് മമ്മൂട്ടിയുടെ നിരവധി deglamourised വേഷങ്ങൾക്കും ഇത്തരം പ്രചാരങ്ങൾ കിട്ടിയിരുന്നു. എന്നാൽ പാർവതി എടുത്ത ഈ റിസ്കിനെ തികച്ചും പ്രൊഫഷണൽ ആയി കാണുന്ന, അതിനെ പിന്തുണയ്ക്കുന്ന കാണി ഇന്നിവിടെയുണ്ട്. സൗന്ദര്യത്തെ കേവല മുഖ/ ശരീര സൗന്ദര്യമായി മാത്രം കാണുന്ന നിർവചനങ്ങളെ തിരുത്തുന്നത് ആ കാണികൾ കൂടിയാണ്.
Be the first to write a comment.