ഷ്ണകാലത്ത്
ബ്രാ മാത്രമിട്ട്
വിശറി കൊണ്ട് വീശിയിരിക്കുന്ന
ഉന്നം പാറിപറക്കും
ഉമ്മാരങ്ങൾ ഉണ്ടായിരുന്നു
ഞങ്ങളുടെ നാട്ടിൽ.

ഗ്രില്ലിട്ടതിനെ
മാറ്റീ വായിച്ചതല്ല,
ശരിക്കും ഉള്ളതാ
കൊറുമ്പിയമ്മയെ
വെറുതെ ഓർക്കാനും മാത്രം
പറഞ്ഞതല്ല.

തമിഴ് പേശും
വള്ളിപ്പടർപ്പുകൾ
ഒരു പച്ചപ്പട്ടുസാരിയായ്
റോഡിൻ നടുവിലൂടെ ഇഴഞ്ഞിരുന്നു.
വേലികളുടെ
ഹുക്കഴിച്ചിട്ടതുപോലെ.
മാറ്റിവായിച്ചതല്ല
ശരിക്കും ഉള്ളതാ
മകൻ മരിച്ചതിൽപ്പിന്നെ
കുമാരിച്ചേച്ചിയെ നോക്കി
ആരും ചിരിച്ചിട്ടില്ല.

‘അമ്മ കറുപ്പ്
മോള് വെളുപ്പ്
മോളുടെ മോളൊരു ചൊങ്കത്തി’
പാടും നാട്ടിൽ
നായരുടെ ഭാര്യ സരസയെന്താ
സാരി നേരെയിടാത്തതെന്നോ
ബീവിയുമ്മേന്റെ കെട്ട്യോൻ മരിച്ചതോ
ഉപേക്ഷിച്ചതോ
എന്നൊന്നും
ആരും തിരക്കാറില്ല.
വെള്ളിലകളുമായി
ചങ്ങാത്തം കൂടും
പെണ്ണുങ്ങളെ
ചാണകം മെഴുകി
കരി തേച്ചുമിനുക്കിയ
സ്വപ്നങ്ങളായി മാറ്റിവായിച്ചതായിരുന്നില്ല.

കഞ്ഞിക്കും പയറിനുമിടയിൽ കറമൂസകൾ
തിരയാറില്ല.
നാട്ടിലെ ഉസ്കൂളുകൾ
ഒരോലപ്പുരയായി കുനിഞ്ഞുനിൽക്കുന്നതിനെ
മാറ്റിവായിച്ചതല്ല.
പറായിയമ്മയെ
കുട്ടികൾ
കല്യാണിയമ്മയായി മാറ്റിവീളിച്ചുശീലിക്കേ.

ഏത് പീടികയ്ക്ക്
തീ പിടിച്ചാലും
പിടിക്കാനും
പഴിക്കാനും
കാട്ടുകോഴി എന്ന് വിളിപ്പേരുള്ള
കണാരന്മാരില്ല
ഇന്നു നാട്ടിൽ.
അംഗപരിമിതരെ
ആകാശവാണിയെന്ന് വിളിക്കും
നാൽക്കവലകളുമില്ല.
അറബിനാടുകളിൽ,
അയൽദേശങ്ങളിലവർ
അഡ്മിനുകളായി
തുടരവേ…

എന്റെ ദേശം പലരുടേയും ദേശമാണെന്നിരിക്കേ
പുറ്റംപൊയിലുകാർ
പൂർണമാക്കുമീ കവിത
ഒഴുക്കിനെ അനേകം
വേരുകൾ ചേർത്ത്
ഒരൊറ്റ ഭൂപടമാക്കിനിർത്തും.

Comments

comments