പി എൻ ഗോപീകൃഷ്ണന്റെ ‘വാടാനപ്പള്ളി’1 എന്ന കവിത ആരംഭിക്കുന്നത്,
‘വാടാനപ്പള്ളിയിൽ
ആർക്കും പോകാനാകില്ല ’– എന്നു പറഞ്ഞുകൊണ്ടാണ്.
മറ്റൊരു കവിതയായ ‘സീതാംഗോളി’2 യുടെ തുടക്കമാവട്ടെ:
‘ഞാനെത്തുമ്പോൾ
സീതാംഗോളിയും അവിടെയെത്തിയിരുന്നു’
–എന്നും. കേരളത്തിലുള്ള രണ്ട് സ്ഥലങ്ങളിലൊന്നിനെ അപ്രാപ്യവും പ്രാപ്യവുമാക്കുന്ന ഘടകങ്ങൾ എന്താണെന്ന് ഈ കവിതകൾതന്നെ മറ്റൊരു രീതിയിൽ വ്യക്തമാക്കുന്നുണ്ട്. വാടാനപ്പള്ളി ഒരു ഭാവനാസ്ഥലംകൂടിയായിരുന്നു. നിരവധി അവകാശവാദങ്ങൾ അതിന്റെ സങ്കല്പത്തിനു പിന്നാലെ സഞ്ചരിച്ചിരുന്നു. അതിൽ സാംസ്കാരികവും സാമൂഹികവുമായ ധ്വനികളുള്ള കല്പനകൾ നിറം പിടിപ്പിച്ചിരുന്നു. വാടാനപ്പള്ളിയെന്ന ഇടത്തെ ഒരു രാത്രി (രാത്രികൾക്ക് ഇരുണ്ട വിവക്ഷകളുണ്ട്) അജ്ഞാതരായ ആളുകൾ പിടികൂടി അതിന്റെ കാല്പനികവും ഗൃഹാതുരവുമായ ഉടയാടകൾ പറിച്ചെറിഞ്ഞ് ഉദ്ധൃതമായ നാഷണൽ ഹൈവേകൊണ്ട് ബാലാത്സംഗം ചെയ്യുന്നു. അതിനുശേഷം ആ ഇടം, ആർക്കും കൈ എത്താവുന്നതും കാറിത്തുപ്പി അവഹേളിക്കാവുന്നതും പരിഹസിക്കാവുന്നതുമായി തീരുന്നു. ഒരു സമൂഹത്തിന്റെ ഭാവനയിലുള്ള പരിവേഷം കളഞ്ഞ് പ്രഖ്യാപിതമായ വികസനത്തിന്റെ വർത്തമാനയാഥാർത്ഥ്യത്തിലേക്ക് ഒരു സ്ഥലം മാറിയതിനെപ്പറ്റിയുള്ള ആശങ്കാകുലവും ഏറെക്കുറെ ഗൃഹാതുരവുമായ പ്രതികരണമാണിത്. വാടാനപ്പള്ളിയെന്ന ഇടത്തെ അതിന്റെ പാരിസ്ഥിതിക പശ്ചാത്തലത്തിൽ വച്ചാണ് ഗോപീകൃഷ്ണൻ വിശകലനം ചെയ്യുന്നത്. പരിസരങ്ങൾക്കുമേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തെ സ്ത്രീയ്ക്കുമേലുള്ള പുരുഷന്റെ(ന്മാരുടെ) ശാരീരികാക്രമണമായി കണ്ടു അപലപിക്കാനുള്ള ശ്രമം ഒറ്റപ്പെട്ടശ്രമമൊന്നുമല്ല. സ്ഥലത്തെ ചൂഴ്ന്നു നിൽക്കുന്ന മായക്കാഴ്ചയെ, യാഥാർത്ഥ്യത്തിന്റെ മറ്റൊരു മായക്കാഴ്ചക്കൊണ്ട് തകർക്കുന്ന പരിപാടിയാണിത്. ഗ്രാമസംശുദ്ധിയെ സംബന്ധിക്കുന്ന കാല്പനികഭാവങ്ങളെപോലെതന്നെ നെടുവേ പിളർക്കുന്ന ഹൈവേ, സ്ഥലത്തെ അവിശുദ്ധമാക്കുന്നതിനെപ്പറ്റിയുള്ള കല്പനകളും കവി സങ്കല്പമാണല്ലോ. ആദർശങ്ങളും സങ്കല്പങ്ങളും ചിന്തയുമായൊക്കെ ബന്ധമുള്ള ‘സുതാര്യതയുടെ മായക്കാഴ്ച’യെയും (ഇല്യൂഷൻ ഓഫ് ട്രാൻസ്പെരൻസി) പ്രകൃതിയും യന്ത്രലോകവും ഒക്കെ ചേർന്ന ‘യഥാർത്ഥ്യത്തിന്റെ മായക്കാഴ്ച’യെയും (റിയലിസ്റ്റിക് ട്രാൻസ്പെരൻസി) അഭിമുഖം നിർത്തിക്കൊണ്ട്, മാനസികപ്രവർത്തനത്തെ സാമൂഹികപ്രവർത്തനമായി സാക്ഷാത്കരിക്കുന്ന ഇടമായി ‘സ്ഥലത്തെ’ വിശദീകരിക്കുന്ന ഫ്രഞ്ച് മാർക്സിസ്റ്റ് ചിന്തകനായ ഹെൻട്രി ലിഫെവർ ഈ കവികർമ്മത്തെ വിശദീകരിക്കാനുള്ള ഉപാധികൾ നൽകുന്നുണ്ട്. കവിതയ്ക്ക് പുറത്തുള്ള കാര്യമാണത്.
സ്ഥലം മനുഷ്യജീവിയാണ്
എന്നാൽ കവിതയ്ക്കകത്തുമുള്ള സ്ഥലങ്ങൾ മറ്റൊരു രൂപകാവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നത്. രണ്ട് കവിതകളിലും ‘സ്ഥലം മനുഷ്യരാണ്‘ എന്ന സങ്കല്പനമാണുള്ളത്. വാടാനപ്പള്ളി ഒരു സ്ത്രീയാണെങ്കിൽ സീതാംഗോളി ഒരു പുരുഷനാണ് . മനുഷ്യർക്ക് വരുന്ന അപമാനവും അപചയവും അവസ്ഥാവിപര്യയവും ഇവിടെ സ്ഥലങ്ങൾക്ക് സംഭവിക്കുന്നു. ‘സീതാംഗോളി’ ചെന്ന് എത്താവുന്ന ഒരു സ്ഥലമായതിനു പിന്നിൽ വാടാനപ്പള്ളിക്കു വന്നതുപോലെയൊരു അവസ്ഥാന്തരം – താഴോട്ടു പോക്ക് – ഉണ്ടെന്നതാണ് വാടാനപ്പള്ളിയോട് ചേർത്തു വയ്ക്കുമ്പോൾ സീതാംഗോളിയ്ക്കു കിട്ടുന്ന അർത്ഥം. ആദ്യത്തെ കവിതയിൽ സ്ഥലം എന്ന മനുഷ്യസ്ത്രീയെ അപമാനിച്ചത് ആരൊക്കെയോ ചേർന്നാണെന്ന് പറയുന്നുണ്ട്. എന്നാൽ രണ്ടാമത്തേതിൽ ഈ ഭാഗം പൂർണ്ണമായും ഇരുട്ടിലാണ്. സീതാംഗോളിയുടെ ദുരന്തത്തിനു പിന്നിലെ വാസ്തവം കവിതയുടെ വിഷയമല്ല. അത് സാമൂഹികമായ അവസ്ഥയിലേക്കാണ് ചൂണ്ടുന്നത്. സീതാംഗോളിയിലെ ആ വിശേഷാവസ്ഥ പൊതുവേ ഇന്ത്യൻ ഗ്രാമങ്ങളിൽ ജീവിക്കാൻ നീവൃത്തിയില്ലാതാവുന്ന ദരിദ്രമനുഷ്യരുടെ അവസ്ഥയാണെന്നതിനാൽ സാമാന്യമായ അവസ്ഥയും (ജെനറിക് ഈസ് സ്പെസിഫിക്) ആകുന്നു എന്ന് കവിതയ്ക്കകത്തുനിന്നും വായിച്ചെടുക്കാവുന്നതാണ്. കവിതയിലെ ഇടങ്ങൾ, അതെത്ര പ്രാദേശികമായാലും അവയുടെ സ്വഭാവോക്തി രമ്യതകളിൽനിന്നുയർന്ന് അവിടെയും ആഗോളതയിലും പ്രവർത്തിക്കുന്ന സാംസ്കാരികബലങ്ങളുടെ പരിശോധനയാവണമെന്ന നിഷ്കർഷയാണ് ഗോപീകൃഷ്ണനുള്ളത്.3 കവിതകളുടെ രാഷ്ട്രീയ വായനയെ സംബന്ധിച്ചിടത്തോളം അതു ശരിയുമാണ്. ഈ പരിശോധനയെ കവിതയുടെ പരിപ്രേക്ഷ്യം ഏതു നിലയ്ക്കാണ് നിശ്ചയിക്കുന്നതെന്നറിയാൻ കവിതയുടെ ഭാഷയെ അലങ്കരിക്കാനായി മാമ്മൂൽപ്പടി ഉപയോഗിച്ചുവരുന്ന ഭാഷായുടെ ഉപാധികളെ ഒന്നു തിരിച്ചിട്ടു നോക്കേണ്ടി വരും. അതൊലൊന്നാണ് രൂപകങ്ങൾ. വാടാനപ്പള്ളിയിൽ കാണുന്നതുപോലെ പൊട്ടിത്തെറിക്കു വെമ്പുന്ന വികാരപരമായ ആഖ്യാനമല്ല സീതാംഗോളിയിലുള്ളത്. അതിലെ ആഖ്യാനപരമായ നിർവികാരതയും ചേർന്നാണ് കവിതയെ ഭാവപരമായ സങ്കീർണ്ണതയിലേക്ക് നയിക്കുന്നത്.
സ്ഥലം ഉള്ളടക്കങ്ങളാണ്, അവയുടെ വാഹകവുമാണ്.
സ്ഥലരൂപകങ്ങളുടെ ഒരു പ്രത്യേകത അവയുടെ ആധാര – ആധേയഭാവമാണ്. സ്ഥലം, സംഭവങ്ങളെയും ക്രിയകളെയും വഹിക്കുന്നു. ഒരേ നിലയ്ക്കല്ല ഒന്നിനു മുകളിൽ മറ്റൊന്നെന്ന നിലയ്ക്ക് വാഹകവും (കണ്ടയ്‌നർ) ഉള്ളടക്കവുമായി (കണ്ടന്റ്) മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സീതാംഗോളി കേരളത്തിലെ കാസർകോടുള്ള ഒരു ഉൾപ്രദേശമാണ്. അവിടെ നടക്കാൻ പോകുന്നതോ നടന്നതോ ആയ ആത്മഹത്യയാണ് കവിതയുടെ ആന്തരിക പ്രേരണ. രാമഭട്ട് എന്നു പേരുള്ള ഒരാൾ (അയാളുടെ കുടുംബവും) ആത്മഹത്യ ചെയ്യാൻ പോകുന്നു. അതറിഞ്ഞ് ആ ചടങ്ങിൽ പങ്കെടുക്കാൻ വരുകയാണ് കവിതയിലെ ആഖ്യാതാവ്. ആ പങ്കാളിത്തമാണ് പ്രതിബദ്ധത. മരണം ഒരു യാത്രയയപ്പാണെന്നതാണ് ഇവിടത്തെ കല്പന. ആഖ്യാതാവിനെപോലെ സീതാംഗോളി എന്ന സ്ഥലവും രാമഭട്ടിനെ യാത്ര അയക്കുന്നതിനു വേണ്ടിയുള്ള യാത്ര അനുഷ്ഠിക്കുന്നു. അങ്ങനെ സ്ഥലത്തിന് ആഖ്യാതാവിന്റെ വ്യക്തിസ്വരൂപവുമായി ഒരു സമാന്തരതയുണ്ട്. കാസർകോടൻ ഉൾപ്രദേശത്തിന്റെ വ്യക്തിരൂപകല്പന, അതിന്റെ ആധാരഭാവത്തെ (ആത്മഹത്യ നടക്കുന്ന സ്ഥലമാണത്) ഉടയ്ക്കുകയും ആധേയമാക്കി ഇടയ്ക്ക് മാറ്റുകയും (ആത്മഹത്യ കാണാൻ സ്ഥലം തന്നെ നേരത്തെ എത്തുന്നു) ചെയ്യുന്നു.
1. സീതാംഗോളി, സീതാംഗോളിയിൽ എത്തുന്നു.
2. വഴിയോരക്കച്ചവടക്കാരൻ സോഡ പൊട്ടിക്കുമ്പോൾ സീതാംഗോളി അവിടെ ഉറച്ചു വീഴുന്നു.
3. ഭൂമിയ്ക്കുള്ളിൽ ജീവപര്യന്തം തടവിൽ കഴിയുന്ന സ്ത്രീ തടവുചാടാതിരിക്കാൻ സീതാംഗോളി കല്ലുപോലെ അമർന്നിരിക്കുന്നു.
– എന്നിടത്തൊക്കെ ആധേയമായ സീതാംഗോളി, അവിടെയെത്തിയ ആഖ്യാതാവ്, മനുഷ്യനും മുൻപ് അതേ സ്ഥലത്തെത്തിയ കുരങ്ങൻ, കുംഭഗോപുരം പോലെ സ്ഥലത്തിനുമേൽ പറ്റിയിരിക്കുന്ന ആകാശം, അരിമണികളുടെ ഭാരംതാങ്ങാനാവാതെ വിള്ളുന്ന നിലം എന്നീ കല്പനകളിലെല്ലാം ആധാരവുമായി മാറുന്നു. ഈ സ്ഥാനാന്തരണം യഥാർത്ഥ്യത്തെ എന്നതിനേക്കാൾ സ്ഥലത്തിന്റെ ഭാവനാത്മകതയെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. നേരത്തെ കണ്ടതുപോലെ വാടാനപ്പള്ളിയുടെ ഭൂതകാലം ഉട്ടോപ്പിയ ആയിരുന്നെങ്കിൽ അതിനു വിപരീതമായി സീതാംഗോളി ഇവിടെ ദുരന്തഭൂമികയാണ്; ഒരു ഡിസ്റ്റോപ്പിയ.
സംഭവങ്ങൾ അവസ്ഥകളാണ്
സ്ഥലരൂപകങ്ങൾ പൊതുവേ ഉള്ളിലേക്കും പുറത്തേയ്ക്കുമുള്ള യാത്രകളെ പ്രത്യേക രീതിയിൽ അടുക്കുന്നതാണ്. സീതാംഗോളിയിലേക്കുള്ള യാത്ര, ഇപ്പോൾ വാടാനപ്പള്ളിയുടെ കാര്യത്തിലെന്നപോലെ ഇന്ത്യയുടെ കാലികമായ ഒരു ദുരിതമുഖത്തിലേക്കുള്ള യാത്രകൂടിയാണ്. അവിടെ നിന്നു പുറത്തു വരിക എന്നത് ആ അവസ്ഥയിൽനിന്നുള്ള രക്ഷപ്പെടലും ആകുന്നു. പൊതുവേ ജനപ്രിയ സാഹിത്യ രൂപങ്ങളിൽ ആഖ്യാനപരമായി പ്രവർത്തിക്കുന്ന ഒരു സങ്കല്പനമാണ് ഉള്ളിലേക്കും പുറത്തേയ്ക്കുമുള്ള യാത്രകൾ. വാടാനപ്പള്ളിയെന്ന സ്ഥലരൂപകം ഇന്ത്യൻ അവസ്ഥയിൽ സമൂഹത്തിന് അപ്രാപ്യമോ അഭിലഷണീയമോ ആയ ഒരു സാങ്കല്പികഭൂമി അല്ലാതായതിനെപ്പറ്റിയുള്ള വേദനമാത്രമല്ല ഉള്ളത്. നമുക്ക് അത്തരം ഉട്ടോപ്യകളിലേക്കുള്ള യാത്ര, ഭാവനയില്പോലും അത്ര എളുപ്പമല്ലെന്നും നമ്മളിപ്പോൾ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത് കർഷകാത്മഹത്യകളും സ്ത്രീകളുടെ നിലവിളികളും (അയാളുടെ നെഞ്ചിൽ ഒരു പെണ്ണ് കരയുന്നത് കേട്ടു, ഭൂമിയ്ക്കുള്ളിൽ ഏതോ സ്ത്രീ ജീവപര്യന്തം തടവിൽ കഴിയുന്നുണ്ട്, എന്നെല്ലാം എന്ന് സീതാംഗോളിയിലുമുണ്ട്) നിറഞ്ഞ ഒരു സ്ഥലരാശിയിലേക്കാണെന്നുമാണ് ഈ കവിതകൾ വ്യക്തമാക്കുന്നത്. അത് ഒരർത്ഥത്തിൽ പ്രതീക്ഷകളസ്തമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിമനസിന്റെ നിരാശയുടെ ഭൂ-ഖണ്ഡങ്ങൾകൂടിയാകുന്നു. അത്തരം അവസ്ഥകലുടെ ചിരപരിചിതത്വമാണ് വാടാനപ്പള്ളിയിൽനിന്നും വ്യത്യസ്തമായി സീതാംഗോളിയുടെ ഭാഷയെയും കല്പനകളെയും മയമുള്ളതും തിരക്കുകൂട്ടത്തതുമാക്കി തീർക്കുന്നത്. അതുകൊണ്ട് ‘സ്ഥലം മനുഷ്യജീവിയാണ്’ എന്ന സങ്കല്പനംപോലെ ഇവിടങ്ങളിൽ ‘സ്ഥലം മാനസികമോ സാമൂഹികമോ ആയ അവസ്ഥകളു’മാണ്.
കമിഴ്ന്ന് കിടന്ന് കിടന്ന്
പുറം വേദനിച്ച റോഡ്
പെട്ടെന്ന് മലർന്ന് കിടക്കാൻ തുടങ്ങി.
തിരിഞ്ഞു കിടക്കുന്ന റോഡിന്റെ രൂപകത്തിലുള്ളത് അസ്വസ്ഥകരമായ അവസ്ഥയാണ് വ്യക്തിരൂപചിത്രമാണ്. സീതാംഗോളിയെന്ന സ്ഥലത്തിന്റെ റോഡിന്റെ തിരിഞ്ഞു കിടപ്പിലുള്ളത്. ഇതൊരു വ്യക്തിരൂപചിത്രണമാകുന്നു. യഹൂദാ അമിച്ചായിയുടെ കവിത നോക്കുക :
ഇന്നു രാത്രി ലോകം ഉറങ്ങിയിട്ടില്ല.
കണ്ണുകൾ തുറന്നു വച്ച്, മലർന്നു കിടക്കുന്നു. 4
അചേതനങ്ങളെ വ്യക്തിയായി കണ്ടുള്ള വിശേഷവിവരണങ്ങൾക്ക് രൂപസാദൃശ്യത്തേക്കാൾ അവസ്ഥാപരമായ താദാത്മ്യങ്ങളുമായാണ് നീക്കുപോക്കുള്ളത്.
വ്യക്തിരൂപചിത്രണങ്ങൾ മനുഷ്യാവസ്ഥകളാണ്
സീതാംഗോളിയെയും അതിന്റെ പരിസരങ്ങളെയും ദുരന്തഭൂമിയാക്കുന്നതിന് ദൃശ്യരൂപകങ്ങൾ (ഇമേജ് മെറ്റഫർ) മാത്രമല്ല സഹായിക്കുന്നത്. ഒരു ഓരിയുടെ പിന്നാലെയാണ് ആഖ്യാതാവ് പുറപ്പെടുന്നത്. ഓരി അയാളോടൊപ്പം ഓട്ടോറിക്ഷയിൽ കേറുകയും ചെയ്യുന്നു. അതിന്റെ നീളത്തിൽ തട്ടി ഒരു സൈക്കിളുകാരൻ വീഴുന്നുമുണ്ട്. സീതാംഗോളിക്കു ലഭിച്ച വ്യക്തിരൂപകല്പന (പെർസോണിഫിക്കേഷൻ) ശബ്ദം മാത്രമായ ഓരിയ്ക്കും (നായുടെ കരച്ചിൽ) ലഭിച്ചിരിക്കുന്നു. സീതാംഗോളിയെ ചുറ്റിനിൽക്കുന്ന ദുശ്ശകുനസൂചനയാണ് ഓരി. ഓരിയുടെ ചിത്രരൂപകനിർമ്മിതിയിൽ അതിന്റെ പരപ്പിനെ ( ശബ്ദം പൊങ്ങിപ്പരക്കുന്ന ദൂരം) അവലംബമാക്കിയിരിക്കുന്നു. അതിന്റെ അറ്റം, നീളം എന്നിവയെപ്പറ്റിയുള്ള പരാമർശത്തിൽകൂടി ശബ്ദം ഒരു ജീവിയാണ് എന്ന സങ്കല്പത്തെ ഉപയോഗിക്കുകയാണ് കവി ചെയ്യുന്നത്. അതിനു പ്രവർത്തനശേഷിയുണ്ട്. ഓരിയിൽ തട്ടി തടഞ്ഞു വീണ സൈക്കിളുകാരന്റെ അവസ്ഥ അതിലേക്ക് ചൂണ്ടുന്നുണ്ട്. സീതാം ഗോളിയിൽ എല്ലാം വീഴുകയും, വില്ലുകയും, വറ്റുകയും സ്തംഭിക്കുകയും ചെയ്യുന്നു. അതാണ് അപായ സൂചനകളുടെ ഓരിയാൽ വലയം ചെയ്യപ്പെട്ട ആ പ്രദേശത്തിന്റെ ക്രിയാകാലം.
കാലുകൾ പാറയിലുരച്ച് പെരുമ്പറ കൂട്ടുന്ന അനന്തപുരയിലെ രാക്ഷസനുറുമ്പുകൾ, ഇല്ലാത്ത സമുദ്രം ശരീരംകൊണ്ട് താണ്ടുന്ന കുരങ്ങൻ, ആടിയാടി നടക്കുന്ന കുടിയനും മടുപ്പുബാധിച്ച് കശുമാവിൻ കൊമ്പിൽ പരുന്തിനെപ്പോലെ ഇരിക്കുന്നവനുമായ കാറ്റ് ഇങ്ങനെ മറ്റു ചില ചിത്ര രൂപകങ്ങളും കവിതയിലുണ്ട്. രാക്ഷസനുറുമ്പുകളെ സംബന്ധിച്ചിടത്തോളം ചിതറി വീഴുന്ന അരിമണികൾ അവരുടെ സുഭിക്ഷതയാണല്ലോ. ഒരു നിസ്സാരന്റെ ദുരന്തം മറ്റു നിസ്സാരന്മാർക്ക് ആഘോഷിക്കാനുള്ള വകയാവുന്ന അവസ്ഥ അവരെ രണ്ടു പേരെയും പൊതിഞ്ഞു നിൽക്കുന്ന ഭീമാകാരമായ ദുരിതവ്യവസ്ഥയുടെ അദൃശ്യമായ സാന്നിദ്ധ്യത്തെ അനുഭവിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. അവരുടെ വലിയ ആഘോഷംപോലും പുറത്തറിയാനുള്ളതല്ലെന്നും വായിക്കാം. തിരിഞ്ഞു കിടന്ന റോഡിനെപോലെ ഈ വ്യക്തിരൂപണങ്ങളെല്ലാം അവസ്ഥാസാദൃശ്യത്തെയാണ് മുഖവിലയാക്കുന്നത്.
ഭൂതകാലം എന്ന കഠിനഭാരം
ഇല്ലാത്ത സമുദ്രത്തെ ശരീരം കൊണ്ടു താണ്ടുന്ന കുരങ്ങനെ പറ്റിയുള്ള പരാമർശം രാമായണവുമായി ബന്ധപ്പെടുത്തിയുള്ളതാണ്.
( മനുഷ്യർക്കും മുൻപ് സീതാംഗോളിയിലെത്തിയ
ഒരു കുരങ്ങൻ
ചില്ലയിൽനിന്ന് ചില്ലയിലേക്ക്
ഇല്ലാത്ത ഒരു സമുദ്രത്തെ
ശരീരംകൊണ്ട് താണ്ടി.)
-രാമായണകഥയിൽനിന്നും മറ്റുചില സൂചനകളും ഈ കവിതയ്ക്കകത്തുണ്ട്. ശീർഷകം നേരെ സീതയിലേക്ക് ചൂണ്ടുന്നതിനു പുറമേ രാമഭട്ടെന്ന കഥാപാത്രം, ഭൂമിയ്ക്കടിയിൽ ജീവപര്യന്തം തടവിൽ കിടക്കുന്ന സ്ത്രീയിൽ നിന്നുള്ള തിളയ്ക്കുന്ന കരച്ചിൽ, ഏതു കഥ ഞെക്കി പിഴിഞ്ഞാലും കിട്ടുന്ന ചിരംജീവിയെപ്പറ്റിയുള്ള കാറ്റിന്റെ നിരീക്ഷണം തുടങ്ങിയവയ്ക്കൊപ്പം പ്രാധാന്യം അർഹിക്കുന്നതാണ് സീതയെ വീണ്ടെടുക്കാൻ സമുദ്രം കടന്ന ഹനുമാനെ സ്രോതതലവും പ്രയോജനമില്ലാത്ത കഠിനമായ ശാരീരികസഹനത്തിന്റെ പ്രതീകമായി തീരുന്ന കുരങ്ങനെ ലക്ഷ്യതലവുമായി വച്ചുകൊണ്ടുള്ള കല്പന.
വാടാനപ്പള്ളിയിൽ നിന്നും നേരെ വിരുദ്ധമായി രാമായണപരാമർശങ്ങളും ഭൂതകാലവും ഒരു ഭാരം എന്ന നിലയ്ക്ക് പ്രദേശത്തിനുമേൽ അമർന്നിരിക്കുന്നതാണ് സീതാംഗോളിയിലെ കാഴ്ച. പ്രയാസങ്ങളെ സാധാരണവ്യവഹാരങ്ങളിൽ ഭാരമായി അവതരിപ്പിക്കാറുണ്ട്. ഇവിടെ ചരിത്രം അഥവാ ഭൂതം ഭാരമാണെന്ന ആശയത്തെ-
“ കലണ്ടർ മറിച്ചിടാത്തതുകാരണം
സീതാംഗോളി ഇന്നലെയിൽ ആണ്.” എന്ന ഓട്ടോകാരന്റെ വരികളിൽ വായിക്കാം. “ഇന്നലെയിൽ ആയ കാരണം അതിനു കനം കൂടിക്കൂടി വരുന്നു” എന്ന് തുടർന്നുള്ള വരിയിൽ വളരെ പ്രകടമായി എഴുതിയിട്ടുണ്ട്. മുന്നോട്ട് പോക്കില്ലാതെ തളംകെട്ടിക്കിടക്കുന്ന ഇന്നലെകളാണ് സീതാംഗോളിയുടെ എഴുന്നുനിൽക്കുന്ന വാരിയെല്ലുകളെ തടവുമുറിയുടെ കമ്പിയഴികളാക്കുന്നത്. സ്ഥലം മൊത്തത്തിൽ തടവുമുറിയാവുന്നു എന്ന സങ്കല്പനത്തെ, ഒരു പൂർവകല്പനംകൊണ്ട് (പ്രീഫിഗുറേഷൻ) കവിതയിൽതന്നെ കവി അടയാളപ്പെടുത്തിയിട്ടുണ്ട്. ചാരായഷാപ്പിലിരുന്ന് ചിരട്ടയിൽ തോരെത്തോരെ ചാരായം കുടിക്കുന്ന രാമഭട്ടിന്റെ അനിയന്റെ നെഞ്ചിങ്കൂടിനുള്ളിൽനിന്നും കേൾക്കുന്ന പെണ്ണിന്റെ കരച്ചിൽ കവിതയിൽ ഭൂമിയ്ക്കടിയിൽനിന്നും പിന്നീട് കേൾക്കുന്ന കരച്ചിലിന്റെ വ്യക്തിഗതമായ രൂപമാണ്. അങ്ങനെ സ്ത്രീകളെ നിലവിളിപ്പിക്കുകയും പുരുഷന്മാരെ ദാരിദ്ര്യത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുകയും കാലം കശുമാവിന്റെ കൊമ്പിലെ പരുന്തിനെപോലെ മടുപ്പ് ബാധിച്ച് ചലനമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുടെയും വ്യവസ്ഥയുടെയും അന്തരീക്ഷത്തെ സ്ഥലസങ്കല്പനത്തിൽകൂടി കവിത വിശദീകരിക്കുന്ന രീതിയാണ് മുകളിൽ കുറിച്ചത്.
സങ്കല്പനരൂപകങ്ങൾ കേവലമായ ഭാഷാലങ്കരണപ്രക്രിയകളല്ല. സമാന്തരമായി നിൽക്കുന്ന രണ്ട് തലങ്ങളിലെ പ്രവർത്തന ഘടകങ്ങളെ ഭാവനകൊണ്ട് പൂരിപ്പിക്കുന്ന പ്രവർത്തനമാണ്. ഇത് ഒരു വശത്തേക്ക് മാത്രമായി സഞ്ചരിക്കുകയല്ല ചെയ്യുന്നത്. സീതാംഗോളിയെന്ന സ്ഥലത്തിനു കൈവരുന്ന മാനുഷികവ്യവഹാരത്തെ വിശദീകരിക്കുമ്പോൾതന്നെ ഗോപീകൃഷ്ണൻ ഒരിടത്ത്, ‘അരിമണികളുടെ ഭാരം താങ്ങാനാവാതെ വിള്ളുന്ന നിലത്തെ’ക്കുറിച്ചും എഴുതുന്നുണ്ട്. സോഡ പൊട്ടിക്കുന്നതു കേട്ട് ഉറച്ചു വീഴുന്ന സീതാംഗോളിയുടെ ഉപമയിൽ, ഒരു പന്തിൽ ആറ് റൺസെങ്കിലും എടുക്കേണ്ട അവസാനത്തെ കളിക്കാരന്റെ നിസ്സഹായാവസ്ഥയുണ്ട്. പരാജയപ്പെടുന്ന വ്യക്തിയെന്നതിലുപരി കളിക്കാരന്റെ ഉപമ, ഒരു പ്രദേശത്തെ പ്രതിനിധീകരിക്കുക, അസാധ്യമായ ഒരു കാര്യത്തെ ഒറ്റക്ക് നേരിടേണ്ടി വരിക, ശാരീരികശേഷിയില്ലാതെ കുഴഞ്ഞുവീഴുക, ആത്യന്തികമായി പരാജയപ്പെടുക തുടങ്ങി പലവിധത്തിലുള്ള ധർമ്മങ്ങളുടെ സ്കീമകളാൽ സജീവമാണ്. മരണത്തെ ഒരു കളിപരാജയമായി കാണുന്ന പരമ്പരാഗത സങ്കല്പത്തെ ഓർമ്മിക്കുക. സീതാംഗോളിയെന്ന സ്ഥലത്തിനുമേൽ മാനുഷികരൂപഭാവങ്ങൾ പ്രക്ഷേപണം ചെയ്യപ്പെടുന്നതുപോലെ മനുഷ്യശരീരത്തിനുമേൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന ഭൂമിയവസ്ഥയാണത്. മറ്റൊരിടത്ത് “വേനൽ ചാറാൻ തുടങ്ങിയെന്നും നായ്ക്കാപ്പിൽനിന്നും ഒഴുകിവരുന്ന ചൂട് കുഴികളെ നിറയ്ക്കാൻ തുടങ്ങിയെന്നും” ജലത്തിന്റെയും ചൂടിന്റെയും (വേനലിന്റെയും മഴയുടെയും) ധർമ്മങ്ങളെ പരസ്പരം വച്ചു മാറുന്നുമുണ്ട്. സീതാംഗോളിയുടെ വ്യക്തിരൂപത്തിൽ പല ധർമ്മങ്ങൾ നിഴലിക്കുന്നുണ്ട്. അതിലൊന്ന് അവിടെതന്നെ നടക്കുന്ന ആത്മഹത്യാ ചടങ്ങിനെത്തുകയെന്ന ത്വരയാണ്. ക്രിയയ്ക്കുള്ള ആധാരവും സാക്ഷിയും ഒന്നാവുന്ന പ്രത്യേകത ഗോപിയുടെ പല കവിതകളിലും പല രൂപത്തിൽ പ്രകടമാവുന്ന ഒരു ആശയഘടകമാണ്. മറ്റൊരു കവിതയിൽ,
“ഒരു കെട്ട് ചന്ദനത്തിരി എരിയുമ്പോലെ
ദില്ലി എരിഞ്ഞുകൊണ്ടിരുന്നു
അതിന്റെതന്നെ
ശവത്തെ പൂജിക്കാൻ” (ഞങ്ങൾ എത്തിയപ്പോഴേക്കും ആ ഗസൽ ചിതലരിച്ചിരുന്നു)5
– എന്നെഴുതുന്നതു നോക്കുക. സീതാംഗോളിയിൽ ആത്മഹത്യ ചെയ്യാനിരിക്കുന്ന രാമഭട്ടിൽനിന്ന് ഇറങ്ങിപ്പുറപ്പെട്ട മറ്റൊരു രാമഭട്ടിനെപറ്റിയുള്ള വിഭാവനയുണ്ട്.6 രൂപകങ്ങളുടെ ബഹുത്വം (മൾട്ടിപ്ലിസിറ്റി ഓഫ് മെറ്റഫർ) എന്നു വിളിച്ചാണ് കവിതയിലെ ഇത്തരം സങ്കീർണ്ണമായ സങ്കല്പനവ്യവാഹരവിനിമയത്തെ ജോർജ്ജ് ലക്കോഫ് വിശദീകരിക്കുന്നത്.7 സങ്കല്പങ്ങളുടെ തലങ്ങൾ ഒരുവശത്തുനിന്ന് പുറപ്പെട്ട് മറുവശത്തെത്തി ചരിതാർത്ഥമാവാതെ, പരസ്പരവിനിമയം നടത്തുകയും ഒന്ന് രണ്ടായി പിരിഞ്ഞ് ഒന്ന് മറ്റൊന്നിന്റെ സ്രോതസ്സും ലക്ഷ്യവും ആകുകയും ചെയ്ത് പൂരിപ്പിക്കുന്നതിന്റെ വഴികളാണിതൊക്കെയും. സ്രോതസ്സിൽനിന്ന് ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടയിൽ ധർമ്മങ്ങളുടെ സ്കീമകളെ ഭാവന എങ്ങനെ പൂർത്തിയാക്കാൻ വിടുന്നു എന്നതിനെ ആശ്രയിച്ചാണ് കവിതയുൾപ്പടെയുള്ള സാംസ്കാരികനിർമ്മിതികളുടെ മികവ് സ്ഥിതി ചെയ്യുന്നത്.
1.‘എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത്’ എന്ന സമാഹാരം
2. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2019 മാർച്ച് 3-9
3. ‘എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ, ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത്’ – എന്ന സമാഹാരത്തിന്റെ അവസാനം എസ് കലേഷുമായി നടത്തുന്ന അഭിമുഖം.
4. യഹൂദാ അമിച്ചായി, തെരെഞ്ഞെടുത്ത കവിതകൾ -ജോർജ്ജ് ലക്കോഫ് ഉദ്ധരിച്ചത്, ‘മോർ ദാൻ എ കൂൾ റീസൺ’
5. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2019 ഏപ്രിൽ28- മേയ് 4
6. ‘എങ്കിൽ ആത്മഹത്യ ചെയ്യാനിരിക്കുന്ന
രാമഭട്ടിൽനിന്ന്
ഇറങ്ങിപ്പുറപ്പെട്ടതാകുമോ ഈ രാമഭട്ട്?’
7. ജോർജ്ജ് ലക്കോഫ് & മാർക്ക് ടർണർ, മോർ ദാൻ എ കൂൾ റീസൺ
Be the first to write a comment.