ങ്ങനേയിരിക്കുമ്പോഴാണ്
കാറ്റ് വന്ന് പറഞ്ഞത്
ഒന്ന് വീട്ടിലേക്ക് ചെല്ലാൻ!

ഒലിച്ചു വന്ന തേങ്ങ
ഉള്ളിലും
കത്തി അരികിലും വെച്ച്
പുല്ല് കെട്ട് മുറുക്കി
ഒറ്റ നടത്തമായിരുന്നു.

എട്ട് മഴക്കാലമപ്പുറത്തല്ലേ
നിന്റെ കുരുത്തം,
ഗുരുത്വം വിളിച്ചപ്പോ
തീർന്നത്.

തെങ്ങേൽ കേറാൻ തളപ്പ്
കയറ്റിയ നീ ഇപ്പോ
കട്ടിലീന്നേക്കാൻ
കയറു പിടിക്കുന്നത്,
ഞാൻ, പുല്ലു വെട്ടുന്നതിന്റേം
ചാണകം കോരുന്നതിന്റേം
കട്ട ചുമക്കുന്നതിന്റേം കൂടെ
പാത്രം കഴുകാനും പോയത്.

വീട്ടിലെത്തിയപ്പോഴേക്കും
ഒരു ശ്വാസത്തിന്റെ ദൂരത്തിൽ
താമസിക്കുന്ന ജാനു ഏടത്തിയും
കണ്ടാ മിണ്ടാത്ത രാധയും
പടിക്കലുണ്ടായിരുന്നു.

അകത്ത് നീ തണുത്ത്
പോയിരുന്നു.

“വിസയെപ്പളാ വെരുന്നതെന്ന്
ആർക്കറിയാം ചേട്ടാ ”
എന്ന് പറഞ്ഞ് തിന്നാൻ തരുമ്പോഴും
കുളിപ്പിച്ച് പൗഡർ ഇടുമ്പോഴും
അറിഞ്ഞില്ലല്ലോ തമ്പുരാനേ
നീ അതങ്ങ് തന്നു കളയും എന്ന്!

ചുര മാന്തിയ തൊണ്ടയും
പകുതിയാക്കിയ നെടുവീർപ്പും
ചുമന്ന്, അടുക്കളയിലെ
പൊട്ടിയ അരിക്കലവും
കുട്ടയും നീക്കി കൊടുത്തു.
കുഴി എടുക്കണമല്ലോ!

ഈ രാ വെളുപ്പിക്കാൻ
ഞാനിവിടെയിരുന്നോളാം
നിന്നേ നോക്കീയിങ്ങനെ…


 

Comments

comments