ദില്ലിയിലെ തുഗ്ലക്കാബാദ് കോട്ട ഒഴിഞ്ഞ ഇടമാണ്. ‘ സുൽത്താൻ അപരാജിതനായി, വിരുന്നുമേളകൾ നടത്തി, അന്തപ്പുരങ്ങളിൽ മതിയാകുംവരെ ഇണചേർന്ന്, പുറത്ത് മൃഗയാവിനോദങ്ങൾ നടത്തിയ കോട്ട -കൊത്തളങ്ങളിൽ ഇപ്പോൾ ചെന്നായകൾ ഓരിയിടുന്നതു കാണാം. ചരിത്രം ഒരു കെട്ടുകഥയാണെന്ന് തോന്നും അവിടെ നമുക്ക്. ഗിരീഷ് കർണാടിന്റെ ഏറ്റവും മികച്ച സംഭാവനയായി കരുതപ്പെടുന്ന ‘തുഗ്ലക്’ എന്ന നാടകത്തിൽ ചക്രവർത്തിയുടെ ശക്തമുഹൂർത്തത്തിൽ ഉന്മത്തനായ യുവാവ് പറയുന്നുണ്ട് , “ഈ കോട്ട ആർക്കും കീഴടക്കുവാൻ കഴിയില്ല “ . അപ്പോൾ ചരിത്രബോധ്യത്താൽ തലനരച്ചയാൾ തിരിച്ചു പറയും , “എല്ലാ കോട്ടകൾക്കും വിള്ളൽ ഉണ്ടാകുന്നത് അകത്തുനിന്നാണ്” എന്ന് . നമ്മുടെ മതേതരകോട്ടകളിൽ അകമേ വിള്ളലുകൾ കാണുന്ന വേളയിലാണ് ഗിരീഷ് കർണാട് മരിച്ചത്.
ഗിരീഷ് കർണാട് ഒരു പുരുഷായുസ്സ് വിവിധമാനങ്ങളിൽ പൂർത്തിയാക്കി പിൻവാങ്ങിയപ്പോൾ അദ്ദേഹത്തിൻ്റെ മഹത്തായ നാടകങ്ങളല്ല പൊതുവെ ചരമോപചാരങ്ങൾ ഓർത്തത്, ജീവവായുവിലേക്കുള്ള കുഴൽ സ്വന്തം മൂക്കിൽ പിടിപ്പിച്ച്, ആതുരനായി ‘ഞാനും ഒരു നഗരനക്സൽ’ എന്ന വിളിപ്പാട് നെഞ്ചിൽ തൂക്കി കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ഒടുക്കത്തെ ഇരിപ്പാണ് എല്ലാവരും ഓർത്തത്. അതിനൊരു കാരണമുണ്ട്. നാം നമ്മുടെ പരാജയത്തിന്റെ തീരത്ത് ഇരുന്നാണ് ഗിരീഷ് കർണാട് എന്ന മഴവില്ലിനെ ഓർക്കുന്നത് . അത് സമ്മതിച്ചേ പറ്റൂ. പക്ഷേ, ഇത്തരം മഴവില്ലുകളിലേക്ക് നോക്കി പുത്തൻ ഊന്നലുകൾ നടത്തിയാണല്ലോ പരാജിതർ എന്നും മുന്നോട്ട് പോയിട്ടുള്ളത്.
കവി നാഗാർജ്ജുനയുടെ വരികൾ ഗിരീഷ് കർണാടിന് ഞാൻ പുഷ്പചക്രമായി നൽകുന്നു :
“പാതിവഴിക്ക് മുടങ്ങിപ്പോയവർക്ക് എൻ്റെ പ്രണാമം”
ചില പ്രയോഗങ്ങളെ പതിവായി അസ്ഥാനങ്ങളിൽ ഉപയോഗിച്ച് ഭാഷയിൽ അതിനുള്ള അർത്ഥത്തിന് തേയ്മാനം വരും. അങ്ങനെ ഒന്നാണ് ‘ഒരു തലമുറയുടെ അന്ത്യം’ എന്നുള്ളത്. ഗിരീഷ് കർണാടിന്റെ വേർപാട് അങ്ങനെ ഒന്നാണ്. പാരമ്പര്യങ്ങളിലും ചരിത്രത്തിലും വേരോടി ചോദ്യം ചെയ്യുന്ന ധൈര്യത്തിന്റെ കാതലുമായി വളരുന്ന വൃക്ഷങ്ങൾ ഉണ്ടായിരുന്നു നമ്മുടെ സംസ്കാരത്തിന്റെ പുരയിടങ്ങളിൽ. അതിൽ അവസാനത്തെ ഒരു ചോദ്യചിഹ്ന വൃക്ഷമാണ് കടപുഴകിയത്. ചെറിയ തുഗ്ലക്കുകൾക്കായുള്ള സ്തുതിവാചകങ്ങളുടെ അവസാനം അസ്ഥാനത്തിട്ട ആശ്ചര്യചിഹ്നങ്ങളായി നമ്മുടെ കാലം ഇനി അപമാനിതമാകാതിരിക്കട്ടെ. നാം ഓർക്കേണ്ടത് ഘാതകരുടെ ഹിറ്റ് ലിസ്റ്റിൽ ആദ്യപേര് ഗൗരി ലങ്കേഷിന്റേത് ആയിരുന്നില്ല, ഗിരീഷ് കർണാടിന്റേത് ആയിരുന്നു എന്ന പോലീസ് വെളിപ്പെടുത്തലാണ്.
ഗിരീഷ് കർണാട് ആത്മകഥ സമർപ്പിച്ചിട്ടുള്ളത് ഒരു ഗൈനക്കോളജിസ്റ്റിനാണ്. ‘ആടാത്ത ആയുഷ്യ’ യിൽ അദ്ദേഹം എഴുതി: “ആ നിർണായക ദിനത്തിൽ ആശുപത്രിയിൽ വൈകിയെത്തിയ ഡോക്ടർ മധുമാലതി ഗുണേക്ക് ഈ ആത്മകഥ സമർപ്പിക്കുന്നു”. മൂന്നുമക്കൾ ഉണ്ടായതിനു ശേഷം നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ അതങ്ങു വേണ്ട എന്നുവെക്കാം എന്ന് കരുതി അമ്മയും അച്ഛനും ആശുപത്രിയിൽ പോയി. ഡോക്ടർ അന്ന് വൈകിയാണ് വന്നത്. അമ്മ തിരികെ വീട്ടിൽ പോയി ആ ജീവബിന്ദുവിനെ വളർത്തി. ആ ജീവബിന്ദു നമ്മുടെ ജീവിതത്തിനു നൽകിയ പ്രകാശങ്ങൾ പലതായിരുന്നു. നൂറുകണക്കിനായി പുറത്തുവന്നിരിക്കുന്ന ചരമക്കുറിപ്പുകളിലും ആദരാഞ്ജലികളിലും അവയെല്ലാം നിറഞ്ഞിരിക്കുന്നു. പുതുതായി ഒന്നും പറയാനില്ല. ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ നാടകകാരന്മാരിൽ ഒരാൾ, നടൻ, ചലച്ചിത്രകാരൻ, പ്രഭാഷകൻ, രാഷ്ട്രീയയുക്തിയിൽ ജാഗരൂകമായ മനസ്സ്, പുതിയ തലമുറയിൽ അചഞ്ചലവിശ്വാസി, ശാസ്ത്രപ്രണയി, വഴിമാറിയ സമാന്തരചിന്തകളോട് ഒത്തുപോകുമ്പോഴും സാമാന്യമായ ഒഴുക്കുകളോടുള്ള സ്‌നേഹപൂർണമായ അനുരഞ്ജനങ്ങൾ, വിട്ടുവീഴ്ചയില്ലാത്ത മതേതരൻ, ഇതെല്ലാമായിരുന്നു ഗിരീഷ് കർണാട്. നഷ്ടം തീരാനഷ്ടമാണ് .
അതിനാൽ പറയാനുള്ളത് കർണാടിനെ കുറിച്ചല്ല . കർണാടില്ലാത്ത ലോകത്തിൽ, ഇന്ത്യയിൽ നമ്മൾ ജീവിക്കുമ്പോൾ അനുഭവിക്കുന്ന അഭാവങ്ങളെ കുറിച്ചാണ്. ഒഴിഞ്ഞ ഇടങ്ങൾ നമ്മെ ആശങ്കപ്പെടുത്തുന്നു. വീണ വൃക്ഷങ്ങളുടെ തണൽ പോരല്ലോ നമ്മുടെ ദുഷ്കര വേനലുകളെ അതിജീവിക്കുവാൻ.
Be the first to write a comment.