ഓഗസ്റ്റ് അഞ്ചിന് രാജ്യസഭയിൽ അഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ജമ്മു കാശ്മീർ പുനസംഘടന ബിൽ വഴി (Jammu and Kashmir Reorganisation biII) ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്‍റെ ഒരു പ്രഖ്യാപിത നയം കൂടി പ്രാവർത്തികമായി. ഈ ബില്ലുവഴി കാർഗിൽ, ലേ ജില്ലകൾ ചേർത്ത് ലഡാക് എന്ന കേന്ദ്ര ഭരണ പ്രദേശവും ബാക്കി എല്ലാ ജില്ലകളും ചേർത്ത് ജമ്മു കാശ്മീർ എന്ന മറ്റൊരു കേന്ദ്ര ഭരണ പ്രദേശവും നിലവിൽ വന്നു. ഇതിൽ ലഡാക് നേരിട്ട് കേന്ദ്ര ഭരണത്തിൻ കീഴിൽ വരും. ജമ്മു കാശ്മീരിൽ പരിമിതമായ അധികാരങ്ങളോടെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുണ്ടായിരിക്കും. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിയമിക്കുന്ന ലഫ്റ്റനന്റ് ഗവർണർമാരാണ് ഉണ്ടാവുക. ജമ്മു കാശ്മീർ നിയമസഭയിൽ 107 സീറ്റുകളും അഞ്ച് ലോക്സഭാ സീറ്റുകളും ലഡാക്കിൽ നിന്ന് ഒരു ലോക്സഭാ സീറ്റും ഉണ്ടാവും. രണ്ട് ബില്ലുകളാണ് അമിത് ഷാ അവതരിപ്പിച്ചത്. ഒന്ന്; 370-)൦ അനുച്ഛേദത്തിനു കീഴിൽ വിജ്ഞാപനം (Notification) ഇറക്കുന്നതിന് രാഷ്ട്രപതിയോട് ശുപാർശ ചെയ്യുന്നതിനും രണ്ടാമത്തേത് ജമ്മു കാശ്മീർ പുന: സംഘാടനത്തിനും.
ഇന്ത്യൻ ഭരണഘടനയിൽ ജമ്മു കാശ്മീരിനെക്കുറിച്ച് സവിശേഷമായി പ്രതിപാദിക്കുന്ന വകുപ്പാണ് അനുച്ഛേദം 370. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം ഒന്നിൽ സംസ്ഥാനങ്ങളെ കുറിച്ച് പറയുന്നിടത്ത് ജമ്മു കാശ്മീരും ഉൾപ്പെടുന്നുണ്ട്. അതേ സമയം അനുച്ഛേദം 370(1)(C) യിൽ ജമ്മു കാശ്മീർ സംസ്ഥാനത്തിന് അനുച്ഛേദങ്ങൾ ഒന്നും ഇതുമാണ് ബാധകമാവുക എന്ന് എടുത്തു പറയുന്നു. അതായത് അനുച്ഛേദം 370 വഴിയാണ് ഇന്ത്യൻ ഭരണഘടന ജമ്മു കാശ്മീർ സംസ്ഥാനത്തിന് ബാധകമാവുക. എന്തുകൊണ്ടാണ് ഒരു സംസ്ഥാനത്തിന് മാത്രമായി സവിശേഷ പദവി? എങ്ങിനെയാണ് അനുച്ഛേദം 370 ഇന്ത്യൻ ഭരണഘടനയിൽ ഇടം പിടിച്ചത്? എന്താണ് അതിന്‍റെ ചരിത്ര പശ്ചാത്തലം? എന്തൊക്കെയാണ് ഈ അനുച്ഛേദത്തിന്‍റെ സവിശേഷതകൾ? എന്താണ് കാലങ്ങൾ കൊണ്ട് ഈ അനുച്ഛേദത്തിന് വന്ന മാറ്റങ്ങൾ? പുതിയ ഉത്തരവു കൊണ്ട് എന്തൊക്കെ മാറ്റങ്ങൾ ആണ് ഉണ്ടാവുക? തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പരിശോധിക്കുന്നത്. ജമ്മു കാശ്മീരിന്‍റെ ഇന്നത്തെ അവസ്ഥയിലേക്കുള്ള പരിണതിയിൽ രാഷ്ട്രീയ നയങ്ങൾക്കും നടപടികൾക്കും നിർണ്ണായക പങ്കുണ്ട്. അഥവാ അതാണ് ഇന്ന് കാണുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. പക്ഷേ അത്തരം ഒരു രാഷ്ട്രീയ ചരിത്രത്തെ ഇവിടെ പരിശോധിക്കുന്നില്ല. പകരം അനുച്ഛേദം 370 ന്‍റെ ചരിത്രവും വർത്തമാനവും മാത്രമെ ഇവിടെ പരിശോധിക്കാൻ മുതിരുന്നുള്ളൂ. കാശ്മീരിന്‍റെ ഭരണഘടനാ ചരിത്രം എഴുതിയ എ.ജി നൂറാനിയുടെ പുസ്തകമാണ് വസ്തുതാപരമായ രേഖകൾക്ക് മുഖ്യമായും ഈ ലേഖനം അവലംബമാക്കിയിരിക്കുന്നത്.
1947 ന് മുമ്പ് ഭൂമി ശാസ്ത്രപരമായി ജമ്മു കാശ്മീർ നാല് ഭാഗങ്ങളായാണ് നിലനിന്നിരുന്നത്. തെക്കുഭാഗത്ത് സംസ്ഥാനത്തിന്റെന്‍റെ ശീതകാല തലസ്ഥാനമായ ജമ്മു, മധ്യഭാഗത്ത് വേനൽക്കാലതലസ്ഥാനമായ കാശ്മീർ, വടക്ക് ഭാഗത്ത് ഗിൽജിത്ത് (Gilgit), കാശ്മീർ താഴ്‌വരക്കും ടിബറ്റിനും ഇടയിൽ ലഡാക്ക്. നമ്മൾ ജമ്മു കാശ്മീർ സംസ്ഥാനം എന്നു പറയുന്ന 84,471 സ്ക്വയർ മൈൽ ഭാഗത്തിൽ പാക്ക് അധിനിവേശ കാശ്മീർ, കാശ്മീർ താഴ്വര, ലഡാക്, ജമ്മു എന്നിവ ഉൾപ്പെടുന്നുണ്ട്. നിലവിൽ ഇതിൽ 50 ശതമാനത്തിൽ അധികം ഭൂപ്രദേശങ്ങൾ ജമ്മു കാശ്മീർ സംസ്ഥാനത്തിന്‍റെ നിയന്ത്രണത്തിലല്ല. അത് പാക്ക് അധിനിവേശ കാശ്മീരിന്റേയും ചൈനയുടേയും നിയന്ത്രണത്തിലാണ്. (ജമ്മു കാശ്മീർ നിയതമായ അർത്ഥത്തിലുള്ള ഒരു സംസ്ഥാനമാണോ എന്ന ചോദ്യം അവശേഷിക്കുന്നു എങ്കിലും ഇവിടെ എളുപ്പത്തിനായി സംസ്ഥാനം എന്നു തന്നെ തുടർന്നും ഉപയോഗിക്കുന്നു). സ്വാതന്ത്യത്തിനു മുമ്പ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നേരിട്ട് ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള പ്രദേശങ്ങളും, എന്നാൽ അങ്ങിനെയല്ലാതെ അതസമയം ബ്രിട്ടീഷ് സിംഹാസനത്തിന്‍റെ പരമാധികാരത്തെ അംഗീകരിച്ച്, അവർക്ക് വിധേയപ്പെട്ടുകൊണ്ട് രാജഭരണ കർത്താക്കൾക്ക് തങ്ങളുടെ രാജ്യാതിർത്തിയിൽ അനിയന്ത്രിത അധികാരം വിനിയോഗിക്കാവുന്ന നാട്ടുരാജ്യങ്ങളും ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യ എന്നും ഇന്ത്യൻ ഇന്ത്യ എന്നുമാണ് ഈ പ്രദേശങ്ങൾ
യഥാക്രമം അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ ഭരണ കർത്താക്കൾക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ പരമാധികാരത്തിനു വിധേയമായുള്ള നിയന്ത്രിത പരമാധികാരം ഉണ്ടായിരുന്നു . ഈ പ്രദേശങ്ങൾ നേരിട്ട് ബ്രിട്ടീഷ് ഭരണനിർവ്വഹണ നീതിന്യായപരിധിക്ക് ഉള്ളിലായിരുന്നില്ല. ഭൂരിഭാഗവും ഇത്തരം നാട്ടുരാജ്യങ്ങൾ ആയിരുന്നു. 1858ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഭരണകൂടം ഏറ്റെടുത്തപ്പോൾ കമ്പനി നാട്ടുരാജ്യങ്ങളുമായി ഉണ്ടാക്കിയ എല്ലാ കരാറുകളും പാലിക്കുമെന്നും, നാട്ടുരാജ്യങ്ങളിലെ രാജാക്കൻമാരുടെ അവകാശങ്ങളും അന്തസ്സും അഭിമാനവും മാനിക്കുമെന്നും ബ്രിട്ടീഷ് രാജഭരണം വിളംബരം വഴി ഉറപ്പു നലകിയിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നിലവിൽ വന്ന ലേബർ ഭരണകൂടം നിയോഗിച്ച ക്യാബിനറ്റ് മിഷനിലൂടെയാണല്ലോ ഇന്ത്യയിലെ അധികാരക്കൈമാറ്റ പ്രകിയയുടെ തുടക്കം. 23.3.1946ലാണ് ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ സംബന്ധിച്ചുള്ള 12.5.1946 തിയ്യതിയിലുള്ള ഒരു മെമ്മോറാണ്ടം 25.5.1946 ന് പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത മെമ്മോറാണ്ട പ്രകാരം ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷ് ഭരണകൂടം പിൻവാങ്ങുന്നതോടുകൂടി ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ എല്ലാം അവസാനിക്കുകയും എല്ലാ അവകാശ അധികാരങ്ങളും പഴയ രാജഭരണങ്ങളിലേക്ക് തന്നെ തിരികെ നിക്ഷിപ്തമാവുകയും ചെയ്യും. 20.2.1947 ൽ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുമെന്ന പ്രഖ്യാപനം നടത്തി. ഭരണക്കൈമാറ്റത്തിനുള്ള പദ്ധതി 3.6.1947 നും പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ പാക്കിസ്ഥാന്റേയും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ ഇന്ത്യയുടേയും ഭാഗമായിരിക്കും. ഇത് ബ്രിട്ടീഷ് ഇന്ത്യക്ക് മാത്രം ബാധകമായിരിക്കും എന്നും ഇന്ത്യൻ ഇന്ത്യയെ സംബന്ധിച്ച് നേരത്തേ പ്രഖ്യാപിച്ച നയത്തിന് വ്യത്യാസമില്ല എന്നും വ്യക്തമാക്കി. അതായത് ബ്രിട്ടീഷുകാർ ഭരണം ഒഴിയുമ്പോൾ പരമാധികാരം പഴയ ഭരണ കർത്താക്കളിലേക്ക് തന്നെ തിരിച്ചു ചെല്ലും. നാട്ടുരാജ്യങ്ങളുടെ തീരുമാനങ്ങളിൽ ഔദ്യോഗികമായി ബ്രിട്ടീഷ് ഭരണകൂടം ഇടപെട്ടില്ലെങ്കിലും മൗണ്ട് ബാറ്റൺ പ്രഭു 25.07.1947 ന് നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളോടും അവരുടെ പ്രതിനിധികളോടും സംസാരിച്ചു. നിയമപ്രകാരം നാട്ടുരാജ്യങ്ങൾ സ്വതന്ത്രമാണെങ്കിലും അതത് നാട്ടുരാജ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൂടി കണക്കിലെടുത്ത് ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാൻ അദ്ദേഹം ഭരണകർത്താക്കളെ ഉപദേശിച്ചു. ഒരു കരട് സംയോജന കരാർ ചർച്ചകൾക്കും പരിശോധനകൾക്കുമായി മൗണ്ട് ബാറ്റൺ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തു. ഏതെങ്കിലും രാജ്യത്തിൽ ചേരണോ, ചേരുന്നെങ്കിൽ ഏത്, അതിന്‍റെ മറ്റു നിബന്ധനകൾ എന്നിവ നിശ്ചയിക്കാനുള്ള സമ്പൂർണ്ണ അധികാരം അതത് നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികൾക്ക് ആയിരിക്കും. ഇന്ത്യയിൽ നാട്ടുരാജ്യങ്ങളുടെ സംയോജനം ഇന്ത്യൻ ഭരണകൂട നിയമ പ്രകാരവും (Government of India Act 1935) 1947ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമ പ്രകാരവുമാണ്.(Indian Independence Act, 1947) .
1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമാവുന്നു. 1947ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമത്തിലെ S.8(2) അനുസരിച്ച് ഇന്ത്യക്ക് ഒരു ഭരണഘടന നിലവിൽ വരുന്നതുവരെ ഇടക്കാല ഭരണഘടനയായി 1935 ലെ ഇന്ത്യൻ ഭരണകൂടനിയമം സ്വീകരിക്കാൻ ഗവർണ്ണർ ജനറലിനെ അധികാരപ്പെടുത്തിയിരുന്നു. അതു പ്രകാരം ഇന്ത്യ സ്വതന്ത്രമായ 1947 ആഗസ്റ്റ് 15 മുതൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്‍റെ തലേന്ന് 1950 ജനുവരി 25 വരെ ഇടക്കാല ഭരണഘടനയായി 1935 ലെ നിയമം പ്രവർത്തിച്ചു. പ്രസ്തുത നിയമത്തിലെ S.6(1) പ്രകാരം നാട്ടുരാജ്യങ്ങളിലെ ഭരണകർത്താക്കൾക്ക് സംയോജനക്കരാറിൽ ഒപ്പ് വെച്ചു കൊണ്ട് അത് ഗവർണ്ണർ ജനറൽ സ്വീകരിക്കുകയും ചെയ്തു കൊണ്ട് ഇന്ത്യൻ യൂണിയനിൽ ലയിക്കാം. പക്ഷേ കോൺഗ്രസ്സിന്‍റെ ഔദ്യോഗിക നിലപാട് ജനഹിതം നടപ്പിലാക്കണം എന്നതായിരുന്നു. എല്ലാ നാട്ടുരാജ്യങ്ങൾക്കും ബാധകമായ ഒരു പൊതുവായ സംയോജന കരാർ ഒന്നും ഉണ്ടായിരുന്നില്ല. ആകെ വേണ്ടിയിരുന്നത് ഒരു കരാറും അതിലെ വ്യവസ്ഥകളുമാണ്. ജമ്മു കശ്മീർ എന്ന നാട്ടുരാജ്യത്തിന്റെ മുമ്പിലെ സ്ഥിതിയും ഇതു തന്നെയായിരുന്നു .
ജമ്മു കാശ്മീരിന് ചില സവിശേഷതകൾ ഉണ്ടായിരുന്നു. അത് മുസ്ലീം ഭൂരിപക്ഷ പ്രദേശവും, ഭരിച്ചിരുന്നത് ഹിന്ദു രാജാവുമായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനുമായി ഒരു പോലെ അതിർത്തി പങ്കിടുന്ന പ്രദേശം. കാശ്മീർ മുസ്ലീം ഭൂരിപക്ഷ പ്രദേശമായിരുന്നു എങ്കിലും സംസ്ഥാന വരുമാനത്തിലോ ഭരണതലത്തിലോ അവർക്ക് മതിയായ പ്രതിനിധ്യം ഉണ്ടായിരുന്നില്ല. അതിലെല്ലാം ഹിന്ദു ആധിപത്യമായിരുന്നു. ഷെയഖ് മുഹമ്മദ് അബ്ദുള്ള തന്നെ അലിഗർ മുസ്ലീം സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദമൊക്കെ നേടിയിരുന്നു എങ്കിലും വിദ്യാഭ്യാസത്തിന് നഅനുസരിച്ചുള്ള തൊഴിൽ ലഭിക്കാത്തതു കൊണ്ട് സ്ക്കൂൾ അദ്ധ്യാപകനാവാൻ നിർബന്ധിതനായ വ്യക്തിയായിരുന്നു. 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ ജമ്മു കാശ്മീരിലെ മഹാരാജാവ് ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാതെ സ്വതന്ത്രമായി നിലനില്ക്കാനാണ് ശ്രമിച്ചത്. ഇന്ത്യയും പാക്കിസ്ഥാനുമായി ഒരു തൽസ്ഥിതി കരാറുണ്ടാക്കാനാണ് ഹരി സിംഗ് ശ്രമിച്ചത്. പാക്കിസ്ഥാൻ അത്തരം ഒരു കരാറിൽ ഒപ്പുവച്ചു എങ്കിലും ഇന്ത്യ കരാറിൽ ഒപ്പിട്ടില്ല.
1947 ഓഗസ്റ്റ് മുതൽ തന്നെ കാശ്മീരിലെ സ്ഥിതിഗതികൾ വഷളാവാൻ തുടങ്ങി. അതിനു മുമ്പു തന്നെ ഹരി സിംഗിനെതിരെ ഷെയ്ഖ് അബ്ദുള്ളയുടെ നേതൃത്വത്തിൽ Quit Kashmir പ്രക്ഷോഭം ആരംഭിച്ചിരുന്നു. 1932ൽ ഷെയ്ഖ് അബ്ദുള്ളയും ജമ്മുവിൽ നിന്നുള്ള അഭിഭാഷകനായ ഗുലാം അബ്ബാസും ചേർന്ന് ഓൾ ജമ്മു കാശ്മീർ മുസ്ലീം കോൺഫ്രൻസ് (All Jammu and Kashmir Muslim conference) എന്ന സംഘടനക്ക് രൂപം നല്കി.
1938 ൽ ഇത് നാഷണൽ കോൺഫ്രൻസ് (National conference) എന്ന സംഘടനയായി മാറി. മഹാരാജാവ് ഭരണം ഒഴിയണമെന്നും ഉത്തരവാദ ഭരണം സ്ഥാപിക്കാൻ ജനങ്ങൾക്ക് അധികാരം കൈമാറണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ഇവർ പ്രക്ഷോഭം ആരംഭിച്ചു. രാജാവ് ഈ പ്രക്ഷോഭത്തെ അടിച്ചമർത്താൻ പരമാവധി ശ്രമിച്ചു. 1931 മുതൽ ഷെയ്ഖ് അബ്ദുള്ള നിരന്തരമായി ജയിലിന് അകത്തും പുറത്തും ആയിരുന്നു. 1946ൽ Quit Kashmir പ്രക്ഷോഭം തുടങ്ങിയപ്പോൾ രാജ്യദ്രോഹ കുറ്റം ചുമത്തി ഷെയ്ഖ് അബ്ദുള്ളയെ മൂന്നു വർഷത്തെ തടവിന് ശിക്ഷിച്ചു. 1947 ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയിൽ പുഞ്ചിൽ മഹാരാജാവിനെതിരെ പ്രക്ഷോഭം നടന്നു. ഈ പ്രക്ഷോഭത്തിന് പാക്കിസ്ഥാന്‍റെ സഹായമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു എങ്കിലും പാക്കിസ്ഥാൻ ഈ ആരോപണം നിഷേധിച്ചു. അതേ സമയം ജമ്മു കാശ്മീർ ഗവൺമെന്റ് മുസ്ലീം ഗ്രാമങ്ങൾ ആക്രമിക്കുന്നു എന്ന ആരോപണം പാക്കിസ്ഥാൻ ഉയർത്തി. കാശ്മീർ രാജാവിനെ സമ്മർദ്ദത്തിലാക്കുന്നതിനു വേണ്ടി പാക്കിസ്ഥാൻ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചരക്കുകളുടെ നീക്കം തടസ്സപ്പെടുത്തുകയും ചെയ്തു. 1947 സെപ്റ്റംബർ 27 ന് കാശ്മീരിലെ തകരുന്ന സ്ഥിതിവിശേഷം ചൂണ്ടിക്കാണിച്ചും പാക്കിസ്ഥാന്‍റെ അധിനിവേശ ശ്രമങ്ങളെ സൂചിപ്പിച്ചും നെഹ്റു പട്ടേലിന് സുദീർഘമായ കത്തെഴുതി. (പുതിയ ബില്ലിന്‍റെ പശ്ചാത്തലത്തിൽ മോഡി ഇത് പട്ടേലിന്റേയും ശ്യാമപ്രസാദ് മുഖർജിയുടേയും സ്വപ്നത്തിന്‍റെ സാഫല്യം ആണെന്നാണ് പറഞ്ഞത്. സത്യത്തിൽ വല്ലഭായ് പട്ടേലിന് കാശ്മീർ പാക്കിസ്ഥാനിൽ ചേർന്നോട്ടെ എന്ന അഭിപ്രായമായിരുന്നു. കാശ്മീരിൽ നിന്നു വരുന്ന നെഹ്റുവിനായിരുന്നു കാശ്മീർ പൂർണ്ണമായും ഇന്ത്യൻ യൂണിയനിൽ ലയിക്കണം എന്ന വലിയ താല്പര്യം. നെഹ്റുവിന്‍റെ നിരന്തരമായ സമ്മർദ്ദവും സെപ്റ്റംബറിൽ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജുനാഗഢ് പാക്കിസ്ഥാനിൽ ലയിച്ചതുമാണ് പട്ടേലിന്റെ മനസ്സ് മാറ്റിയത്. കാശ്മീർ സ്വതന്ത്രമായി ഇന്ത്യയുടെ ഭാഗമായാൽ അത് പട്ടേലിന്റെയല്ല നെഹ്റുവിന്‍റെ ആഗഹത്തിന്‍റെ പൂർത്തീകരണമാകും. പക്ഷേ അതിന് ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമായ നീക്കങ്ങൾ നെഹ്റുവിന് ഒട്ടും സ്വീകാര്യമാവില്ല എന്നു മാത്രം. ) വി.പി.മേനോൻ തന്‍റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് മേനോനും പട്ടേലും മറ്റു പ്രദേശങ്ങളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് മുഴുവൻ സമയവും മുഴുകിയിരുന്നതിനാൽ കാശ്മീരിനെ ശ്രദ്ധിച്ചിരുന്നില്ല എന്നാണ്. ഒക്ടോബർ ആകുമ്പോഴേക്കും കാശ്മീർ ഇന്ത്യൻ യൂണിയനിൽ ചേരണം എന്ന നെഹ്റുവിന്‍റെ നിലപാടിലേക്ക് പട്ടേലും എത്തി. ഹരി സിംഗ് അപ്പോഴും ഇന്ത്യയിലും പാക്കിസ്ഥാനിലും ചേരാതെ സ്വതന്ത്രമായി നില്ക്കുക എന്ന നിലപാടിൽ തന്നെയായിരുന്നു.
20.10.1947 ന് ആയിരക്കണക്കിന് ഗോത്ര ജനങ്ങൾ ആധുനിക ആയുധങ്ങളുമായി കാശ്മീരിന്‍റെ അതിർത്തി ആക്രമിച്ചു. പാക്കിസ്ഥാൻ പിന്തുണയോടെയുള്ള ആക്രമണം എന്ന് ഇന്ത്യ ആരോപിച്ചപ്പോൾ പത്താൻ ഗോത്ര ജനതയുടെ സ്വാഭാവിക നീക്കമായാണ് പാക്കിസ്ഥാൻ ഇതിനെ വിശേഷിപ്പിച്ചത്. പത്താൻ ആക്രമണകാരികളുടെ എണ്ണം 2000 എന്നും 13,000 എന്നുമെല്ലാമുള്ള തർക്കങ്ങൾ ഉയർന്നു. ഒരു കാര്യം തീർച്ചയാണ്. അവർക്ക് ആധുനിക ആയുധങ്ങൾ ഉണ്ടായിരുന്നു. ഒക്ടോബർ 24 ആയപ്പോഴേക്കും അവർ ഉറിയിൽ നിന്ന് ബാരാമുള്ളയിലേക്ക് നീങ്ങിയതോടെ അവരെ അടിച്ചമർത്താൻ ഇന്ത്യൻ സൈനിക സഹായം സ്വീകരിക്കാൻ ഹരി സിംഗ് നിർബന്ധിതരായി. 1947 ഒക്ടോബർ 25ന് ഹരി സിംഗ് ഷേഖ് അബ്ദുള്ളയെ അടിയന്തിര അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ചു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ത്യയുമായി സംയോജന കരാറിൽ ഏർപ്പെടുവാനും സൈനിക സഹായം സ്വീകരിക്കുന്നതിനും ഷൈഖ് അബ്ദുള്ളയും ഹരി സിംഗിനെ പ്രേരിപ്പിച്ചു. ഇന്ത്യയുടെ സൈനിക സഹായം അഭ്യർത്ഥിച്ചുള്ള കത്തിനോടൊപ്പം സംയോജനക്കരാർ കൂടി ഹരി സിംഗ് ഉൾക്കൊള്ളിച്ചിരുന്നു. 1947 ഒക്ടോബർ 26 നാണ് ഹരി സിംഗ് സംയോജനക്കരാർ ഒപ്പിടുന്നത്. പിറ്റേ ദിവസം ഒക്ടോബർ 27ന് ഗവർണ്ണർ ജനറൽ അത് നിയമ പ്രകാരം സ്വീകരിച്ചു. സംയോജനക്കരാർ അംഗീകരിച്ചതിനോടൊപ്പം ഗവർണ്ണർ ജനറൽ ഒരു കത്ത് കൂടി ഉൾക്കൊള്ളിച്ചിരുന്നു. ആ കത്തിൽ ജമ്മു കശ്മീരിൽ നിയമവാഴ്ച പുന:സ്ഥാപിക്കപ്പെടുകയും അധിനിവേശക്കാരെ പുറത്താക്കുകയും ചെയ്താൽ ഉടൻ തന്നെ ഏത് രാജ്യവുമായി ലയിക്കണം എന്ന ചോദ്യം ജനങ്ങൾക്കിടയിൽ ഹിതപരിശോധന നടത്തി തീരുമാനിക്കും എന്ന് പറഞ്ഞിരുന്നു.
എന്താണ് അത്തരം ഒരു കത്തിന്‍റെ നിയമപരമായ സാധുത? ഇന്ത്യയുമായി യോജിച്ചത് താലക്കാലികമാണെന്നും അത് ജനഹിതം നോക്കിയാണ് തീരുമാനിക്കുക എന്നാൽ ആ വാഗ്ദാനം ഇന്ത്യ പാലിച്ചില്ല എന്ന് ചിലർ വാദിക്കുമ്പോൾ (നൂറാനിയെ eപ്പാലുള്ളവർ ഈ ചിന്ത പങ്കു വെക്കുന്നു) എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ ലയിച്ചത് ഇത്തരം സംയോജനക്കരാർ വഴിയാണെന്നും കത്തിനെ കരാറിന്‍റെ ഭാഗമായി കാണാനാവില്ല, അതിന് യാതൊരു നിയമസാധുതയും ഇല്ലെന്ന് മറ്റു ചിലർ വാദിക്കുന്നു. മൗണ്ട് ബാറ്റൺ കത്തിന്‍റെ മാത്രം അടിസ്ഥാനത്തിൽ സംയോജനം താല്ക്കാലികം ആണെന്ന് പറയാൻ കഴിയില്ലെന്നും അവർ വാദിക്കുന്നു. പക്ഷേ സംയോജനക്കരാറിന്‍റെ കൂടെയുള്ള കത്തിന്‍റെ നിയമ സാധുത എന്തു തന്നെയായാലും ജമ്മു കാശ്മീർ മാത്രമാണ് സംയോജനത്തിന് നീണ്ട ആറു മാസം ചർച്ചകൾ നടത്തുകയും, കൃത്യമായ വ്യവസ്ഥകൾ വെക്കുകയും, സംസ്ഥാനത്തിന് മാത്രമായി ഭരണഘടന വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. 1947 ഒക്ടോബറിൽ സംയോജനക്കരാർ വഴി ഇന്ത്യൻ യൂണിയനിൽ ജമ്മു കാശ്മീർ ചേരുമ്പോൾ അത് വിദേശകാര്യം, അഭ്യന്തരം, വാർത്താവിനിമയം എന്നീ മൂന്നു വിഷയങ്ങളിൽ മാത്രമായിരുന്നു. ജമ്മു കാശ്മീരിന് ഒരു സംസ്ഥാന ഭരണഘടന ഉണ്ടാക്കുന്നതിനും ഏതൊക്കെ വിഷയങ്ങളിൽക്കൂടി ഇന്ത്യൻ യൂണിയനിൽ ചേരണം എന്നീ കാര്യങ്ങളിൽ ധാരണയുണ്ടാക്കുന്നതിനായി 1949 മെയ് മാസം 15നും 16നും പട്ടേലിന്‍റെ വസതിയിൽ യോഗം ചേർന്നു. അതിൽ നെഹ്റുവും ഷെയ്ഖ് അബ്ദുള്ളയും പങ്കെടുത്തിരുന്നു. ജമ്മു കാശ്മീർ ഭരണഘടനാ നിർമ്മാണ സഭയാണ് ഏതൊക്കെ വിഷയങ്ങൾ കൂടി ഇന്ത്യയുമായുള്ള കരാറിൽ ഉൾപ്പെടുത്തണമെന്നും ഇന്ത്യയുമായുള്ള ബന്ധം ഏതൊക്കെ തലങ്ങളിൽ വേണം എന്നും നിശ്ചയിക്കേണ്ടത് എന്നാണ് ആ യോഗത്തിൽ ധാരണയായത്. ഇതിന്‍റെ തുടർച്ചയായാണ് കാശ്മീരിന്‍റെ പദവിയെ സംബന്ധിച്ച് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിനായുള്ള കുടിയാലോചനകൾക്കുമായി ഷെയ്ഖ് അബ്ദുള്ള, മിർസ മമ്മദ് അഫ്സൽ ബെഗ്, മൗലാനാ മൊഹമ്മദ് സയ്യിദ് മസൂദി, മോട്ടി റാം ബൈന്ദ്ര എന്നിവർ ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിൽ ചേർന്നത്. അവരുമായുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് അനുച്ഛേദം 370 (കരടിൽ അനുച്ഛേദം 306 A) തയ്യാറാക്കിയത്. എന്നാൽ ചതിയുടെ കഥ അവിടെ നിന്ന് തന്നെ തുടങ്ങിയിരുന്നു. അംഗീകരിച്ച കരടിൽ നിന്നും ഏകപക്ഷീയമായി മാറ്റം വരുത്തിയാണ് അയ്യങ്കാർ സഭയിൽ അവതരിപ്പിച്ചത്. നേരത്തെയുള്ള ധാരണ പ്രകാരം ഷെയ്ഖ് അബ്ദുള്ളയെ പുറത്താക്കാൻ സാധിക്കില്ലായിരുന്നു. കാശ്മീരിന്‍റെ സവിശേഷ പദവി അങ്ങിനെ ഇന്ത്യൻ ഭരണഘടന തന്നെ അംഗീകരിച്ചു.
ജമ്മുകാശ്മീരിന് സ്വതന്ത്രമായ ഒരു ഭരണഘടന എന്നത് അവിടുത്തെ ജനങ്ങളുടെ ചിരകാലമായുള്ള ആവശ്യമായിരുന്നു. Quit Kashmir പ്രക്ഷോഭകാലത്തു തന്നെ ജനങ്ങൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. 1948 ൽ ഹരി സിംഗിന്‍റെ വിജ്ഞാപനപ്രകാരം നാഷണൽ കോൺഫ്രൻസ് ഇടക്കാല ഗവൺമെന്റ് ഉണ്ടാക്കിയപ്പോൾ വിജ്ഞാപനത്തിന്‍റെ നാലാം ഖണ്ഡികയിൽ സംസ്ഥാനത്തിന് ഒരു ഭരണഘടന ഉണ്ടാക്കുന്നതിനായി പ്രായപൂർത്തി വോട്ടവകാശത്തിലൂടെ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഭരണഘടനാ നിർമ്മാണ സഭയുണ്ടാക്കുമെന്ന് പറഞ്ഞിരുന്നു.
1951 ഏപ്രിൽ 20ന് സംസ്ഥാന ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ യോഗം 1951 ഒക്ടോബർ 31 ന് ചേർന്നു. നിരവധി ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം 15.2.1954 ന് ജമ്മു കാശ്മീർ ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുമായുള്ള സംയോജനക്കരാർ അംഗീകരിച്ചു. 1956 നവംബർ 17ന് ജമ്മു കാശ്മീർ സംസ്ഥാന ഭരണഘടന നിലവിൽ വന്നു. ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 370 ഉം ജമ്മു കാശ്മീർ ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുമായുള്ള സംയോജന കരാർ അംഗീകരിക്കുകയും കൂടി ചെയ്തതോടെ ജമ്മു കാശ്മീരിന്‍റെ ഇന്ത്യയുമായുള്ള സംയോജനം വ്യവസ്ഥാപിതമായി. ഇതിനോട് സാന്ദർഭികമായി കൂട്ടിച്ചേർക്കട്ടെ. ഇന്ത്യൻ ഭരണഘടനയിൽ 370 ഉൾപ്പെടുത്തുമ്പോൾ ഇപ്പോൾ മോഡി അനുസ്മരിച്ച ശ്യാമ പ്രസാദ് മുഖർജി ഭരണഘടനാ നിർമ്മാണ സഭയിൽ അംഗമാണ്. പിന്നീട് ജനസംഘത്തിന്‍റെ ആദ്യ അദ്ധ്യക്ഷനാവാൻ വേണ്ടി രാജിവെക്കുന്നതു വരെ നെഹ്റു മന്ത്രിസഭയിൽ അംഗവും. ഷെയ്ഖ് അബ്ദുള്ളയുടെ ഭൂപരിഷ്ക്കരണത്തിൽ ഭൂമി നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെട്ട ഹിന്ദു ജമീന്ദാർമാരേയും ദോഗ്ര രാജവംശത്തോട് വൈകാരിക അടുപ്പമുണ്ടായിരുന്ന ഹിന്ദുക്കളേയും വിഭാഗീയത വളർത്താൻ ശ്യാമപ്രസാദ് മുഖർജി ഉപയോഗിക്കുകയായിരുന്നു. നെഹ്റുവിന് ഇന്ത്യയിലെ ഹിന്ദു വർഗ്ഗീയവാദികളെ പ്രതിരോധിക്കാൻ കഴിയില്ല എന്ന തോന്നൽ ഷെയ്ഖ് അബ്ദുള്ളയിൽ വേരൂന്നാൻ ശ്യാമപ്രസാദ് മുഖർജിയുടെ വിഭാഗീയ നടപടികൾ കാരണമായിട്ടുണ്ട് എന്ന് രാമചന്ദ്രഗുഹ എഴുതുന്നുണ്ട്.
എന്തൊക്കെയായിരുന്നു അനുച്ഛേദം 370ന്‍റെ സവിശേഷതകൾ? ഒന്ന് സംസ്ഥാന വിഷയങ്ങളെ സംബന്ധിച്ചുള്ള അനുച്ഛേദങ്ങളിൽ നിന്ന് ജമ്മു കാശ്മീരിനെ ഒഴിവാക്കി. രണ്ട് ജമ്മു കാശ്മീരിന് പ്രത്യേക ഭരണഘടന അംഗീകരിച്ചു. മൂന്ന്: ഇന്ത്യൻ പാർലമെന്റിന് ജമ്മു കാശ്മീരിനെ സംബന്ധിച്ചുള്ള നിയമനിർമ്മാണം മൂന്നേ മൂന്ന് വിഷയങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തി – അഭ്യന്തരം വിദേശകാര്യം വാർത്താവിനിമയം. അനുച്ഛേദം 370 അനുസരിച്ച് സംയോജനക്കരാറിൽ പറഞ്ഞിട്ടുള്ള വിഷയങ്ങളെ സംബന്ധിച്ചുള്ള ഇന്ത്യൻ ഭരണഘടനയിലെ വകുപ്പുകൾ ജമ്മു കാശ്മീർ സംസ്ഥാനത്തിലേക്ക് നീട്ടണമെങ്കിൽ രാഷ്ട്രപതി സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ഉത്തരവിറക്കിയാൽ മതി. കാരണം സംയോജനക്കരാറും അതിലെ വിഷയങ്ങളും ഇതിനോടകം തന്നെ സംസ്ഥാന ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചു കഴിഞ്ഞല്ലോ. അതേ സമയം മറ്റു ഭരണഘടനാവകുപ്പുകളും ദേശീയ ഭരണകൂടത്തിന്റെ അധികാരങ്ങളും സംസ്ഥാനത്തിന് ബാധകമാക്കണമെങ്കിൽ സംസ്ഥാന ഗവൺമെന്റിന്‍റെ മുൻകൂർ അനുമതി വേണം. ഇനി, സംസ്ഥാന ഭരണകൂടത്തിന് അനുമതി നല്കുന്നതിനുള്ള അധികാരം താലക്കാലികമാണ്. അത് ജമ്മു കാശ്മീർ ഭരണഘടനാ നിർമ്മാണ സഭ നിലവിൽ വരുന്നതുവരെ മാത്രമാണ്. ഭരണഘടനാ നിർമ്മാണസഭ നിലവിൽ വന്നു കഴിഞ്ഞാൽ ഇവ ഭരണഘടനാ നിർമ്മാണ സഭയുടെ മുമ്പാകെ യുക്തമായ തീരുമാനമെടുക്കുന്നതിനായി സമർപ്പിക്കേണ്ടതാണ് (അനുച്ഛേദം 370(2)). പക്ഷേ ഭരണഘടനാ നിർമ്മാണ സഭ സമ്മേളിക്കുകയും ഇന്ത്യൻ ഭരണഘടനയിലെ ഏതൊക്കെ വകുപ്പുകൾ കാശ്മീരിന് ബാധകമാക്കണം എന്ന് ഭരണഘടനാ നിർമ്മാണ സഭ തീരുമാനിക്കുകയും ചെയ്തു കഴിഞ്ഞാൽ പിന്നെ ഇന്ത്യൻ രാഷ്ട്രപതിക്ക് അനുച്ഛേദം 370 ന് കീഴിൽ ഉത്തരവുകൾ വഴി ഇന്ത്യൻ ഭരണഘടന ജമ്മു കാശ്മീരിലേക്ക് വ്യാപിപ്പിക്കാൻ കഴിയില്ല. ഇത് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് തന്നെ ജവഹർലാൽ നെഹ്റുവിനുള്ള കത്തിൽ വ്യക്തമായി പറഞ്ഞിരുന്നു. 1952 സെപ്റ്റംബർ ആറിന് എഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞു: “എന്റെ അത്യന്തികമായ നിഗമനം എപ്പോഴും സാഹചര്യങ്ങൾ ആവശ്യപ്പെടുമ്പോൾ ഉപയോഗിക്കാനുള്ളതല്ല അനുച്ഛേദം 370 (3) എന്നാണ്. ഇത് അനിയന്ത്രിതമായി ഉപയോഗിക്കേണ്ടതുമല്ല. ശരിയായ വ്യാഖ്യാനം അതുകൊണ്ടുതന്നെ ഭരണഘടനാ നിർമ്മാണ സഭ സംസ്ഥാന ഭരണഘടന നിർമ്മിക്കുന്നതു വരെ മാത്രമെ രാഷ്ട്രപതിക്ക് ഈ അനുച്ഛേദത്തിനു കീഴിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് അധികാരമുള്ളൂ”. ഇന്ത്യൻ രാഷ്ട്രപതിക്ക് അനുച്ഛേദം 370 ൽ ഭേദഗതികൾ വരുത്തുകയോ മാറ്റങ്ങൾ വരുത്തുകയോ ചെയ്യാം. പക്ഷേ അതിനും സംസ്ഥാന ഭരണഘടനാ നിർമ്മാണ സഭയുടെ അനുമതി വേണം. സംസ്ഥാന ഭരണഘടന നിർമ്മിച്ച് ദൗത്യം പൂർത്തിയാക്കി ഭരണഘടനാ നിർമ്മാണ സഭ പിരിച്ചുവിട്ടതോടെ ഇന്ത്യയും ജമ്മു കാശ്മീരും തമ്മിലുള്ള ബന്ധം വ്യവസ്ഥാപിതമായിക്കഴിഞ്ഞു. ജമ്മു കാശ്മീർ സംസ്ഥാനത്തിന്‍റെ സ്വയംഭരണവും സ്വതന്ത്ര പദവിയും ഉറപ്പു വരുത്തുന്നതിനു വേണ്ടിത്തന്നെയാണ് ജമ്മു കാശ്മീർ ഭരണഘടനാ നിർമ്മാണ സഭയുടെ അനുമതിയില്ലാതെ രാഷ്ട്രപതിയുടെ ഉത്തരവുകൾ വഴി ഇന്ത്യൻ ഭരണഘടന സംസ്ഥാനത്തിലേക്ക് വ്യാപിപ്പിക്കാൻ പാടില്ല എന്ന് ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 370 ൽ വ്യവസ്ഥ വെക്കുകയും, ദൗത്യം പൂർത്തിയാക്കിയ സംസ്ഥാന ഭരണഘടനാ നിർമ്മാണ സഭ പിരിച്ചുവിടുകയും ചെയ്തത്. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭ ഇതുപോലെ ഔദ്യോഗികമായി പിരിച്ചുവിട്ടിട്ടില്ല. ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് അതിൽ അംഗങ്ങൾ ഒപ്പുവെച്ചതിനു ശേഷം ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുകയാണ് ചെയ്തത്. (The Constituent assembly is adourned Sine die) .
ഇന്ത്യൻ ഭരണകൂടവും ഇന്ത്യൻ ഭരണഘടനയും നല്കിയ വാഗ്ദാനം ഒരിക്കലും പാലിക്കപ്പെട്ടില്ല എന്നതാണ് ദുരന്തം. കാശ്മീരിന്‍റെ ചരിത്രം രാഷ്ട്രീയ വഞ്ചനയുടെ മാത്രമല്ല ഭരണഘടനാപരമായ വഞ്ചനയുടേയും കൂടിയാണ്. സംയോജനക്കരാർ വഴി ജമ്മു കാശ്മീർ ഇന്ത്യൻ യൂണിയന്‍റെ ഭാഗമായി.എന്നാൽ മറ്റു സംസ്ഥാനങ്ങളെപ്പോലെ ഒരു സമ്പൂർണ്ണ സംസ്ഥാനമാണോ ജമ്മു കാശ്മീർ? തീർച്ചയായും അല്ല എന്നാണ് ഉത്തരം. ജമ്മു കാശ്മീർ മൂന്നേ മൂന്നു വിഷയങ്ങളിൽ മാത്രമാണ് ഇന്ത്യൻ യൂണിയന്‍റെ ഭാഗമായത്. ഡോ.രാജേന്ദ്രപ്രസാദ് ശരിയായി നിരീക്ഷിച്ചതു പോലെ അനുച്ഛേദം 370ന്‍റെ കീഴിൽ രാഷ്ട്രപതിക്ക് നിരന്തരമായ ഉത്തരവുകൾ വഴി ഇന്ത്യൻ ഭരണഘടനാ വകുപ്പുകളും ദേശീയ ഭരണകൂടത്തിന്റെ അധികാരങ്ങളും ജമ്മു കാശ്മീരിലേക്ക് വ്യാപിപ്പിക്കാൻ കഴിയില്ല. എന്നാൽ 1953 ൽ ഷെയ്ഖ് അബ്ദുള്ളയെ പിരിച്ചുവിട്ടതിനു ശേഷം 1954 മേയ് 14ന് അനുച്ഛേദം 370ന്‍റെ കീഴിൽ വിശദമായ രാഷ്ട്രപതിയുടെ ഉത്തരവ് വന്നു. ഭരണഘടനാ നിർമ്മാണ സഭ നിലവിലുള്ളപ്പോൾ തിരക്കിട്ട് രാഷ്ട്രപതി ഉത്തരവ് ഇറക്കിയതിന്‍റെ സാംഗത്യം ചോദ്യം ചെയ്യപ്പെട്ടു എങ്കിലും ആ ഉത്തരവ് നിയമപരമായി ശരിയാണെന്ന് പറയാം. കാരണം അന്ന് ജമ്മു കാശ്മീർ സംസ്ഥാന ഭരണഘടനാ നിർമ്മാണ സഭ നിലവിലുണ്ട്. ഇന്ത്യൻ ഭരണഘടനയിലെ ചില വകുപ്പുകൾ കാശ്മീരിന് കൂടി ബാധകമാക്കിയത് 1954 ഫെബ്രുവരി 15ന് ജമ്മു കാശ്മീർ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചിരുന്നു. പക്ഷേ പിന്നീട് അനുച്ഛേദം 370 ന് കീഴിൽ രാഷ്ട്രപതി പുറപ്പെടുവിച്ച ഉത്തരവുകൾ എല്ലാം ഭരണഘടനാ വിരുദ്ധമാണ്. വിവിധങ്ങളായ ഉത്തരവുകൾ വഴി ഇന്ത്യൻ ഭരണഘടനയിലെ യൂണിയൻ ലിസ്റ്റിലെ 97 എണ്ണത്തിൽ 94 ഉം കൺകറന്റ് ലിസ്റ്റിലെ 47 ൽ 26 ഉം ജമ്മു കാശ്മീരിനും കൂടി ബാധകമാക്കി (പാർലമെന്റിന് നിയമനിർമ്മാണത്തിന് അധികാരമുള്ള വിഷയങ്ങൾ പ്രതിപാദിക്കുന്നത് യൂണിയൻ ലിസ്റ്റിലും പാർലമെന്റിനും സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണാധികാരമുള്ളത് കൺകറന്റ് ലിസ്റ്റിലുമാണ്). ജമ്മു കാശ്മീർ ഭരണഘടനയുടെ അടിസ്ഥാനഘടനയെ (Basic Structure) തന്നെ ഈ ഉത്തരവുകൾ വഴി അട്ടിമറിച്ചു. സംസ്ഥാന തലവനെ നിയമസഭ തെരഞ്ഞെടുക്കുക എന്നത് കേന്ദ്രം നിയമിക്കുന്ന ഗവർണ്ണർ എന്നാക്കി. സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കഴിയുന്ന അനുച്ഛേദം 356 ജമ്മു കാശ്മീരിന് കൂടി ബാധകമാക്കി. 1975 ജൂലൈ 23 ലെ ഉത്തരവ് പ്രകാരം ഗവർണ്ണർ, തെരഞ്ഞെടുപ്പ് കമ്മീഷൻ, ഉപരിസഭ എന്നിവയിൽ മാറ്റം വരുത്തുന്ന ഭരണഘടനാ ഭേദഗതിക്ക് സംസ്ഥാന നിയമസഭക്ക് അധികാരമില്ല എന്നാക്കി.
ഇപ്പോഴത്തെ അമിത് ഷായുടെ ബില്ലും പൂർണ്ണമായും സംഘ ബുദ്ധിശാലകളുടെ ഉത്പന്നമാണെന്ന് പറയാൻ കഴിയില്ല. കാരണം 1986 ജൂലൈ 30 ലെ രാഷ്ട്രപതി ഉത്തരവ് കൃത്യമായും ഇപ്പോഴത്തെ ബില്ലിന്‍റെ പൂർവ്വ മാതൃകയാണ്. ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 249 അനുസരിച്ച് ദേശീയ പ്രാധാനം ഉള്ള വിഷയങ്ങളിൽ രാജ്യസഭ മൂന്നിൽ രണ്ട് ഭൂരിപക്ഷ പ്രകാരം പ്രമേയം വിജയിപ്പിച്ചാൽ സംസ്ഥാന ലിസ്റ്റിലുള്ള വിഷയത്തിലും കേന്ദ്ര ഭരണകൂടത്തിന് നിയമം നിർമ്മിക്കാം. ഇത് ജമ്മു കാശ്മീരിന് കൂടി ബാധകമാക്കിയത് സംസ്ഥാന ഗവൺമെന്റിന്‍റെ അനുമതി എന്നതിന് കേന്ദ്രം നിയമിച്ച ഗവർണ്ണറുടെ അനുമതി എന്നതു കൊണ്ട് പകരം വച്ചിട്ടാണ്. ഭരണഘടനയിലെ മൂന്ന് ലിസ്റ്റിലും പെടാത്ത വിഷയങ്ങളിൽ നിയമം നിർമ്മിക്കാൻ കഴിയുക അനുച്ഛേദം 248 അനുസരിച്ച് കേന്ദ്രത്തിനാണ്. ജമ്മു കാശ്മീരിനെ സംബന്ധിച്ചിടത്തോളം അത് സംസ്ഥാനത്തിനു തന്നെയായിരുന്നു. 249 ജമ്മു കാശ്മീരിലേക്ക് വ്യാപിപ്പിച്ചപ്പോൾ ഇത് കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ഭേദഗതി അവതരിപ്പിച്ചത്. ഭേദഗതിയിൽ യൂണിയൻ ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും പെടാത്ത വിഷയങ്ങൾ എന്ന് ചേർക്കുക വഴി ഒരു ലിസ്റ്റിലും പെടാത്ത വിഷയങ്ങളിൽകൂടി കേന്ദ്ര അധികാരം വ്യാപിപ്പിക്കുകയായിരുന്നു.
നിരന്തരമായ ഉത്തരവുകൾ വഴി 370 കേവലം പുറന്തോട് മാത്രമാക്കി മാറ്റിയപ്പോൾ ഇന്ത്യയിലെ സുപ്രീം കോടതി ഭരണഘടനയുടെ അന്തസത്തക്ക് അനുരോധാത്മകമായല്ല പ്രതികരിച്ചത്. 1959 ലെ പ്രേംനാഥ് കൗൾ കേസിൽ (Prem nath Kaul v State of J and K ) സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് ജമ്മു കാശ്മീരിന്‍റെ സ്വയംഭരണം അംഗീകരിച്ചിരുന്നു. ജമ്മു കാശ്മീർ സംസ്ഥാനത്തിന്‍റെ ഭരണഘടനാ നിർമ്മാണ സഭക്കാണ് ഇന്ത്യയുമായുള്ള ബന്ധത്തിനെ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള പരമാധികാരം എന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാൽ 1968 ലെ സമ്പത്ത് പ്രകാശ് v ജമ്മു കാശ്മീർ സംസ്ഥാനം കേസിൽ സംസ്ഥാന ഭരണഘടനാ നിർമ്മാണ സഭ നിലവില്ലാതായെങ്കിലും 370-)൦ അനുച്ഛേദത്തിന് കീഴിൽ ഉത്തരവുകൾ പുറപ്പെടുവിക്കാം എന്ന് സുപ്രീം കോടതി പറഞ്ഞു. 59 ലെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്‍റെ വിധിന്യായത്തെ പരാമർശിക്കുക പോലുമുണ്ടായില്ല ഈ കേസിൽ. രണ്ടു ബഞ്ചിലും അംഗമായിരുന്ന ഹിദായത്തുള്ള ആദ്യത്തെ വിധിന്യായത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയും ചെയ്തു. അനുച്ഛേദം 370(1) ൽ പറയുന്ന “Modification ” എന്നതിന് വിപുലമായ അർത്ഥമാണ് നല്കേണ്ടതെന്ന സുപ്രീം കോടതിയുടെ വിധി പിന്നീടുള്ള നിരവധി ഉത്തരവുകൾക്ക് മുൻകൂർ സാധൂകരണമായി. 1972 ൽ മൊഹമ്മദ് മഖ്ബൂൽ ഓമ്നൂ v ജമ്മു കാശ്മീർ സംസ്ഥാനം എന്ന കേസിലും ആദ്യത്തെ ഭരണഘടനാ ബഞ്ചിന്‍റെ വിധിന്യായം അവഗണിക്കപ്പെടുകയായിരുന്നു.
ഇതു തന്നെയാണ് ഇപ്പോൾ അമിത് ഷാ ആവർത്തിക്കുന്നത്. കാശ്മീർ മന്ത്രിസഭയുടെ സമ്മതം എന്ന ഭരണഘടനാ നിബന്ധനയെ മറികടന്നത് നിർവ്വചനങ്ങൾ നല്കുന്ന ഭരണഘടനയിലെ അനുച്ഛേദം 367ൽ കൂടുതൽ വിശദീകരണം ചേർത്തിട്ടാണ്. അതു പ്രകാരം സാദർ ഇ റിയാസത് ജമ്മു കാശ്മീർ ഗവർണർ എന്നായി. സംസ്ഥാന ഭരണകൂടം എന്ന് പരാമർശിക്കുന്നത് ഗവർണ്ണർ എന്ന് അർത്ഥമാക്കി. ഏറ്റവും മർമ്മ പ്രധാനമായത് അനുച്ഛേദം 370(3) അനുസരിച്ച് ജമ്മു കാശ്മീർ ഭരണഘടനാ നിർമ്മാണ സഭയുടെ ശുപാർശ പ്രകാരം മാത്രമേ രാഷ്ട്രപതിക്ക് വിജ്ഞാപനം വഴി 370നെ ഭേദഗതി വരുത്തുന്നതിനോ മാറ്റങ്ങൾ വരുത്തുന്നതിനോ കഴിയു എന്ന നിബന്ധന മറികടക്കുന്നതിനായി നിലവിൽ ജമ്മു കാശ്മീർ ഭരണഘടനാ നിർമ്മാണ സഭ നിലവിലില്ലാത്തതു കൊണ്ട് ഭരണഘടനാ നിർമ്മാണ സഭ എന്നതിനെ സംസ്ഥാന നിയമസഭ എന്ന അർത്ഥം നല്കുകയാണ്. നിലവിൽ സംസ്ഥാന നിയമസഭയും നിലവിലില്ലാത്തതു കൊണ്ട്, രാഷ്ട്രപതി ഭരണത്തിൻ കീഴിലായതിനാൽ, സംസ്ഥാന നിയമസഭയുടെ ചുമതലകൾ പാർലമെന്റ് നിർവ്വഹിക്കുന്നു എന്ന നിലയിലാണ് പാർലമെന്റ് ഇന്ത്യൻ ഭരണഘടന ജമ്മു കാശ്മീരിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനായി വിജ്ഞാപനം ചെയ്യുന്നതിനായി രാഷ്ട്രപതിയോട് ശുപാർശ ചെയ്തത്. അങ്ങിനെ പാർലമെന്റിന്‍റെ ശുപാർശ പ്രകാരം ആഗസ്റ്റ് 6 ന് രാഷ്ട്രപതി പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ഇന്ത്യൻ ഭരണഘടനയുടെ എല്ലാ അനുച്ഛേദങ്ങളും ജമ്മു കാശ്മീരിന് കൂടി ബാധകമാക്കി. സത്യത്തിൽ അമിത് ഷായുടെ നേതൃത്വത്തിൽ 370നെ പൂർണ്ണമായും റദ്ദാക്കുകയല്ല ചെയ്തത് മറിച്ച് നിലവിലുള്ള ഒന്നിനെ തീർത്തും വിപരീതാർത്ഥത്തിലുള്ള ഒന്നുകൊണ്ട് പകരം വെക്കുകയാണ് ചെയ്തത്. ഇത് പൂർണ്ണമായും ഭരണഘടനാവിരുദ്ധവും എല്ലാ നിയമവാഴ്ചയുടേയും ലംഘനവുമാണ്. അനുച്ഛേദം 367 ഭരണഘടനയിൽ ഉപയോഗിച്ചിരിക്കുന്ന സംജ്ഞകളുടെ നിർവ്വചനവും വിശദീകരണവുമാണ്. ഇതിൽ നിലവിലുള്ള മൂന്ന് ഉപ അനുച്ഛേദങ്ങളുടെ കൂടെ നാലാമത് ഒന്ന് കൂടി കൂട്ടി ചേർക്കുകയും എന്നിട്ട് 367(4) പ്രകാരം അനുച്ഛേദം 370(3) ലെ “ഭരണഘടനാ നിർമ്മാണ സഭ” എന്നതിനെ “സംസ്ഥാന നിയമനിർമ്മാണ സഭ” എന്ന് വായിക്കണം എന്ന് ഭേദഗതി വരുത്തുകയുമാണ് ചെയ്തത്. എങ്ങിനെയാണ് ഇത് സാദ്ധ്യമാകുന്നത്? ഭരണഘടനാ നിർമ്മാണ സഭയും നിയമനിർമ്മാണ സഭയും രണ്ട് വ്യത്യസ്ത സ്ഥാപനങ്ങളാണ്. രണ്ടിന്റേയും ഘടനയും ധർമ്മങ്ങളും പ്രവർത്തനങ്ങളും എല്ലാം വിഭിന്നമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഭരണഘടന നിർമ്മിക്കുകയും അത് കഴിഞ്ഞാൽ ഇല്ലാതാവുകയും ചെയ്യുന്നതാണ് ഭരണഘടനാ നിർമ്മാണ സഭ. അങ്ങിനെയുള്ള ഭരണഘടന പ്രകാരം സ്ഥാപിതമാവുന്ന നിരവധി ഭരണഘടനാ സ്ഥാപനങ്ങളിൽ ഒന്ന് മാത്രമാണ് നിയമനിർമ്മാണ സഭ. അത് ഭരണഘടനയിൽ നിർവ്വചനത്തിൽ എഴുതിച്ചേർത്തതു കൊണ്ട് മാത്രം ഒരിക്കലും ഒന്നാവുകയില്ല. ഇത് ശരിയാണ് എങ്കിൽ ഭരണഘടനാ ഭേദഗതി കൂടാതെ തന്നെ എന്തും നിലവിലുള്ള ഭരണകൂടത്തിന് അട്ടിമറിക്കാം. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം എന്ന് പറയുന്നതിന്‍റെ അർത്ഥം ‘ഹൈന്ദവ ധർമ്മം’ എന്നാണെന്ന് നിർവ്വചനത്തിൽ എഴുതിച്ചേർത്താൽ മതിയല്ലോ. യുദ്ധം സമാധാനമാണെന്നും സ്വാതന്ത്യം അടിമത്തമാണെന്നും അജ്ഞത ശക്തിയാണെന്നും പറയുന്ന അതേ സാഹചര്യം ആണ് കൺമുന്നിൽ സംഭവിച്ചിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 368ൽ ആണ് ഭരണഘടനാ ഭേദഗതിയെക്കുറിച്ച് പറയുന്നത്. അതിൽ പറയുന്ന വിശദമായ പ്രക്രിയയിലൂടെ മാത്രമെ ഭരണഘടനാ ഭേദഗതി സാദ്ധ്യമാകൂ. എന്നാൽ അത്തരം ഭരണഘടനാ മാർഗ്ഗങ്ങൾ ഒന്നും അവലംബിക്കാതെ രാഷ്ട്രപതിയുടെ വിജ്ഞാപനം വഴി എങ്ങിനെയാണ് അനുച്ഛേദം 368ൽ പുതിയ ഒരു ഉപ അനുച്ഛേദം കൂട്ടിച്ചേർക്കാൻ കഴിയുന്നത്? ഏതൊരു നിയമ വിദ്യാർത്ഥിക്കും പ്രത്യക്ഷത്തിൽ തന്നെ കാണാവുന്ന ഭരണഘടനാ ലംഘനത്തിൽ ഇടപെടാതെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിട്ടുകൊണ്ടുള്ള ഒരു അയഞ്ഞ സമീപനമാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത് എന്നത് നിർഭാഗ്യകരമാണ്. സിതാറാം യെച്ചൂരിയുടെ ഹേബിയസ് കോർപ്പസ് ഹർജിയിൽ സാധാരണ പിന്തുടരുന്ന നടപടി പ്രകാരം എതിർകക്ഷിയോട് വിശദീകരണം ചോദിക്കാനോ തടവിലാക്കപ്പെട്ട വ്യക്തിയെ ഹാജരാക്കാനോ ആവശ്യപ്പെടുന്നതിനു പകരം യച്ചൂരിയോട് തരിഗാമിയെ സന്ദർശിച്ച് തിരികെ റിപ്പോർട്ട് നല്കാൻ ആവശ്യപ്പെടുന്ന വിചിത്രമായ സമീപനമാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായത്.
സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് എന്ത് വിധി പ്രസ്താവിക്കും എന്ന് പ്രവചിക്കുക അസാധ്യം. പക്ഷേ ഓർക്കേണ്ട വസ്തുത ഇന്ത്യൻ ദേശീയതയുടെ വക്താക്കൾ തന്നെയാണ് സുപ്രീം കോടതി എന്ന സ്ഥാപനവും എന്നതാണ്. ഔദ്യോഗിക ദേശീയതയുടെ പുറത്താണ് കാശ്മീർ എന്ന ചരിത്രവും യാഥാർത്ഥ്യവും. ഔദ്യോഗിക വ്യാഖ്യാനങ്ങൾക്ക് പുറത്ത് കടന്ന് ചിന്തിക്കുക എന്നത് വിദൂരമായ ഒരു സാദ്ധ്യതയാണ്. 370ന് കീഴിൽ ഇതുവരെയുള്ള രണ്ടു വിധി ന്യായങ്ങളും ഭരണകൂട നടപടികളെ ശരിവെക്കുന്നതായിരുന്നു എന്ന് കൂടി ഓർക്കുക. അന്തസത്ത മുഴുവൻ ചോർന്ന് പോയ കേവലം പുറന്തോട് മാത്രമായിരുന്നു ഈ ഭേദഗതികൾക്കു മുമ്പുതന്നെ 370 . കേവലം പ്രതീകാത്മകമായ ഒരു നിലനില്പ്. അതുകൂടിയാണ് ഇപ്പോൾ ഇല്ലാതാക്കിയിരിക്കുന്നത്. ഇതിനോടൊപ്പമുള്ള ഒരു പ്രധാന ആശങ്ക ഭരണഘടനയെ, പാർലമെന്ററി ജനാധിപത്യത്തെ തന്നെ ഇവിടുത്തെ ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കാൻ വളരെ സമർത്ഥമായി ഉപയോഗിക്കുന്നു എന്നതും അതിന് വിപുലമായ പിന്തുണ ലഭിക്കുന്നു എന്നതുമാണ്. അതിനെ എങ്ങിനെ പ്രതിരോധിക്കും എന്നതാണ് ജനാധിപത്യവാദികൾ അഭിമുഖീകരിക്കുന്ന പ്രധാന ചോദ്യം.
കൂടുതൽ വായനക്ക്:
- Adarsh Sein Aravind: Accession of J&K state: Historical and legal perspective, JILI vol.43, October -December 2001
- Jai shankar Agarwal: Article 370 of the constitution A genesis, EPW, April 18, 2015, vol.L, No.16
- V.P.Menon: The story of the integration of the Indian states, Longmens, Gren&co, 1955
- Ramachandra Guha: India after Gandhi, Picador India, 2008.
- A.G.Noorani: Article 370 A constitutional history of Jammu and Kashmir, Oxford University Press, 2014 edition
Be the first to write a comment.