‘കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ് ‘എന്ന സ്ഥിരം  മുൻകൂർ ജാമ്യവാചകത്തോടെ ആരംഭിക്കുകയും കായിക രംഗത്തെ കടുത്ത യാഥാർത്ഥ്യങ്ങളുടെ നടുവിലേക്ക് കാണിയെ ധൈര്യപൂർവ്വം കൂട്ടികൊണ്ടു പോവുകയും ചെയ്യുന്ന സിനിമയാണ് ‘ഫൈനൽസ്’. കാലിക പ്രസക്തമായ വിഷയത്തെ, അതിലെ വിവര / വിജ്ഞാന / പ്രചരണ/പ്രദർശനപരത കഴിയുന്നത്ര ഒഴിവാക്കി കൊണ്ട് എഴുതി സംവിധാനം ചെയ്ത പി ആർ അരുൺ എന്ന സംവിധായകൻ തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. സംവിധായകൻ - അരുൺ പി ആർ

സ്പോർട്സ് ഡ്രാമ സിനിമകൾ പൊതുവെ ആവിഷ്കരിക്കാറുള്ള വ്യക്തിഗത/ ടീം വിജയഗാഥകളുടെ ശൈലിയിൽ നിന്നും കുറേയൊക്കെ മാറി നടക്കുന്ന സിനിമയാണ് അരുണിന്റെ ഫൈനൽസ്.

കാലാകാലങ്ങളായി കായികരംഗത്ത് തുടർന്നു വരുന്ന പല വിധ ചൂഷണങ്ങൾ, കൊള്ളരുതായ്മകൾ, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവയെ തുറന്ന് കാട്ടാനും വിമർശിക്കാനും ‘ഫൈനൽസി ‘ലൂടെ സംവിധായകൻ ശ്രമിക്കുന്നു.  ചക് ദേ ഇന്ത്യ, ഇരുധി സുട്രു, ദംഗൽ, കനാ തുടങ്ങിയ ശ്രദ്ധേയമായ ഇന്ത്യൻ ചലച്ചിത്രങ്ങളുടെ ഒരു  തുടർകാഴ്ച ഫൈനൽസിലും ഉണ്ട് .

സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന വർഗീസ് മാഷ് എന്ന അച്ഛൻ, രജീഷ അവതരിപ്പിക്കുന്ന ആലിസ് എന്ന മകൾ, അവളുടെ കളിക്കൂട്ടുകാരനും കാമുകനുമായ നിരഞ്ജൻ അവതരിപ്പിക്കുന്ന  മാനുവൽ – ഇവരുടെ  വൈകാരികതകളെ  കേന്ദ്രീകരിച്ചാണ് അരുൺ കഥ വികസിപ്പിക്കുന്നത്.  പ്രമേയപരമായി സാമ്യമൊന്നുമില്ലെങ്കിലും ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ‘ മില്യൻ ഡോളർ ബേബി’ കണ്ടപ്പോഴുള്ളതരം ഒരു ഹൃദയഭാരം ‘ഫൈനൽസ് ‘ കണ്ടപ്പോഴും തോന്നി.

കട്ടപ്പനയുടെ പ്രകൃതി ഭംഗിയുള്ള പശ്ചാത്തലത്തിലാണ് ഈ കഥ. കേവലം ഫ്രെയിം ചാരുത നോക്കിയല്ല ഈ തിരഞ്ഞെടുപ്പ്. കേരളത്തിന്റെ കായികചരിത്രത്തിൽ ഈ മലനിരകൾക്ക് ഒട്ടേറെ കഥകൾ പറയാനുണ്ട്. ഒപ്പം അവിടുത്തെ സാധാരണക്കാരായ കുട്ടികളെ ആത്മാർത്ഥമായി പരിശീലിപ്പിച്ച് അന്തർദ്ദേശീയ  തട്ടകങ്ങളിലേക്ക് എത്തിച്ച അതിസാഹസികരായ നിരവധി പരിശീലകരുടെ അധ്വാനവും അതിന് പിന്നിലുണ്ട്. അത്തരം യാഥാർത്ഥവ്യക്തികളുടെ / വസ്തുതകളുടെ ബലം ഈ സിനിമയ്ക്ക് ആധികാരികതയും വിശ്വസനീയതയും നല്കിയിരിക്കുന്നു.

സിനിമയുടെ ആഖ്യാനത്തിൽ ഭൂത/ വർത്തമാനങ്ങൾ നാടകീയമായി ബന്ധിപ്പിച്ചിരിക്കുന്ന രീതി തിരക്കഥാ രചനയിലെ മിടുക്ക് കാണിക്കുന്നുണ്ട്. ചെറു സിനിമയെങ്കിലും പ്രവചനസ്വഭാവത്തെ നിരാകരിക്കാനും അവസാനം വരെ പിടിച്ചിരുത്താനും അരുണിന് കഴിയുന്നതിൽ എഴുത്തിൽ പുലർത്തിയ കണിശതയ്ക്കും വലിയ പങ്കുണ്ട്. ഡോക്യുമെന്ററി സ്വഭാവം വരാതെ തന്നെ കായിക താരങ്ങൾ അനുഭവിക്കുന്ന നിരവധി തിരസ്കാരങ്ങളെ, കഷ്ടപ്പാടുകളെ ശക്തമായി അടയാളപ്പെടുത്താൻ സംവിധായകന് കഴിയുന്നു. അതും സിനിമയുടെ പ്രധാന  പ്രമേയത്തെ ഏകാഗ്രമാക്കി നിലനിർത്തിക്കൊണ്ടു തന്നെ. ആദ്യ സിനിമയിൽ തന്നെ സംവിധായകന്റെ ക്രാഫ്റ്റ്, ഉള്ളടക്കത്തിലെ പുതുമ തുടങ്ങിയവയിൽ മികവു കാണിക്കാൻ അരുണിന് കഴിയുന്നു. ഒരു ‘മഹത്തായ ‘ സിനിമയല്ല ഫൈനൽസ് എങ്കിലും ഇക്കാലത്തെ ‘ശ്രദ്ധേയമായ’ സിനിമയാണിത്. കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന നിലവാരമുള്ള  ഒരു സിനിമ.

എന്നാലും നടപ്പു ജനപ്രിയ സിനിമകൾ പിന്തുടരുന്ന ആഖ്യാനരീതി തന്നെയാണ് ഫൈനൽസിലുള്ളത്. മാത്രവുമല്ല പാട്രിയാർക്കൽ ബോധത്തിൽ അനുശീലിതമായ ഒതുക്കലുകളിലേക്ക് വല്ലാതെ ഒതുങ്ങിപ്പോയ സ്ത്രീ കഥാപാത്രങ്ങളുടെ ഒരു നിരയും ഈ സിനിമയിലുണ്ട്. സിനിമ എന്ന നിലയിൽ  അമിതമായി മനുഷ്യ ബന്ധങ്ങളുടെ വൈകാരികതയിലൂന്നി നില്ക്കാൻ തുടക്കം മുതൽ ഒടുക്കം വരെ സംവിധായകൻ ശ്രമിക്കുന്നത് ഈ സിനിമ മുന്നോട്ടു വയ്ക്കുന്ന ഗൗരവതരമായ വിഷയങ്ങളെ ചെറുതായി മറയ്ക്കുന്നുമുണ്ട്. ശക്തമായ ഒരു പ്രശ്നം അവതരിപ്പിക്കുന്ന സിനിമയാണ് ഫൈനൽസ്. അതിന് പ്രധാനമായും നാലു കഥാപാത്രങ്ങളെയാണ് സംവിധായകൻ ആശ്രയിക്കുന്നത്.

വർഗീസ്, ആലീസ്, മാനുവൽ, രാമശേഷൻ.

ആദ്യത്തെ മൂന്ന് കഥാപാത്രങ്ങൾ കുടുംബ/ പ്രണയ വൈകാരികതകളിലും അവസാനത്തെയാൾ അധികാരത്തിന്റെ ഗർവിലും ജീവിക്കുന്നു.

ടോക്കിയോ ഒളിംപ്ക്സ് സൈക്ളിങ്ങ് മത്സരത്തിൽ പങ്കെടുക്കാൻ മകൾ ആലീസിനെ കർശനമായ ശിക്ഷണത്തിലൂടെ പരിശീലിപ്പിക്കുകയാണ് അച്ഛനും കോച്ചുമായ വർഗീസ് മാഷ്.

കായികാധ്യാപകനെന്ന നിലയിൽ  കയ്പേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്ന വർഗീസ് അനിതരസാധാരണമായ നിസംഗതയുടെ പിടിയിലാണ്. മിതമായ സംഭാഷണങ്ങളിലും ശരീരഭാഷയിലും വർഗീസ് മാഷിനെ വേറിട്ട രീതിയിൽ അവതരിപ്പിക്കാൻ സുരാജിന് കഴിയുന്നുണ്ട്. എന്നാൽ പ്രകടമായി അയാളിൽ നിഴലിക്കുന്ന അന്തർമുഖത്വവും ആന്തരികമായി അയാളനുഭവിക്കുന്ന വേദനയെപ്പറ്റി കാണിക്ക് വ്യക്തമായ സൂചനകൾ ലഭ്യമല്ലാത്തതിനാലും, എത്ര തന്നെ Subtle ആയി സുരാജ് പെരുമാറിയിട്ടും  തുടക്കത്തിലെ സീനുകളിൽ   അദ്ദേഹത്തിന്റെ പ്രകടനം ക്യാമറയുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റും വിധം ബോധപൂർവമായി തോന്നി. രണ്ടാം പകുതിയിലാണ് നടൻ എന്ന രീതിയിൽ തന്റെ റേഞ്ച്/ വ്യത്യസ്ത ഭാവങ്ങൾ ഒട്ടും അതിവൈകാരികതയിലേക്ക് വഴുതാതെ അവതരിപ്പിക്കാൻ സുരാജിന് കഴിയുന്നത്.

വർഗീസിന്റെ കഥാപാത്രത്തിന്റെ പ്രത്യേകതരം സ്വഭാവം അയാളുടെ ജീവിതാനുഭവങ്ങളിലൂടെ രൂപപ്പെട്ട / പാകപ്പെട്ടതാണെന്ന് കാണിക്കാൻ നിരവധി കാര്യകാരണങ്ങൾ സംവിധായകൻ നിരത്തുന്നുണ്ട്. സിനിമയ്ക്കകത്തെ ലോകത്തിൽ അവയെല്ലാം യുക്തിസഹമായിരിക്കാം.

സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ നേരും അതിലുണ്ട്. തീക്ഷ്ണാനുഭവങ്ങളിൽ അയാൾക്ക് നഷ്ടപ്പെട്ടു പോകുന്ന/ അയാൾ ബോധപൂർവ്വം വിലക്കുന്ന സാമൂഹ്യ രാഷ്ട്രീയ ബോധ്യങ്ങൾ വലിയ ചില ചോദ്യങ്ങളിലേക്ക് നയിക്കുന്നുണ്ട്. കാണിയുടെ സഹതാപമേറ്റുവാങ്ങാൻ വിധിക്കപ്പെട്ട മനുഷ്യനായാണ്  അടിമുടി വർഗീസ് മാഷിന്റെ കഥാപാത്രസൃഷ്ടി. വിഭാര്യനും തന്റെ സ്വപ്നങ്ങൾ മകളിലൂടെ സാധിക്കാൻ ശ്രമിക്കുന്നയാളുമാണയാൾ. വിധി വൈപരീത്യത്താൽ മകളുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തത്തിൽ തകരുന്ന അയാളെ, മകൾ തന്നെ ലക്ഷ്യത്തെക്കുറിച്ചോർമിപ്പിക്കുകയും അങ്ങനെ ആ സ്വപ്നം അയാൾ വീണ്ടെടുക്കുകയും ചെയ്യുന്നു.

സ്നേഹം കരുത്തും തുണയുമാണ് പകരേണ്ടത്. ചിറകുകൾ നല്കുമ്പോഴാണ് അത് ആകാശം കാണുന്നത്. മാനുവലിലൂടെ ഫൈനൽസിൽ അത് അടയാളപ്പെടുത്തുന്നുണ്ട്.

അതേ സമയം അത് എങ്ങനെ തടവറയും അരാഷ്ട്രീയവുമാകുന്നു എന്ന് അച്ഛൻ കഥാപാത്രം കാണിച്ചു തരുന്നു. സ്നേഹ കെണിയിൽ പെട്ടു പോയാൽ പ്രേക്ഷകന്  ഊരിപ്പോകാൻ പറ്റാത്തത്ര സുഭദ്രമാണ് ഈ സിനിമയുടെ മേക്കിങ്ങ്. സ്നേഹത്തിന്റെ വാഴ്ത്തലിൽ പാടിയാർക്കിൽ ശീലങ്ങളുടെ തുടർച്ചകൾ അറിയാതെ സംഭവിക്കുകയാണ്. അങ്ങനെ ഫൈനൽസ് എന്ന സിനിമ കൃത്യമായും പുരുഷകേന്ദ്രീകൃത ആഖ്യാനത്തിലേക്ക് മാറുന്നു. ആത്യന്തികമായി ഇത് വർഗീസ് മാഷിന്റെ കഥയായി  മാറുന്നു.

ഒപ്പം മാനുവലിന്റെ ‘ഹീറോയിക്’  ആയ ഉയർത്തെഴുന്നേല്പും.

അച്ഛൻ എന്ന രീതിയിൽ വർഗീസ് മാഷ് നിരവധി നിബന്ധനകൾ ആലീസിൽ അടിച്ചേല്പിച്ചിരിക്കുന്നു. അത് അയാളുടെ സ്വഭാവപ്രകൃതി പോലെ വളരെ ലീനമായ അധികാര പ്രയോഗമാണ്. ചില ഇളവുകൾ അയാൾ അനുവദിക്കുമ്പോഴാകട്ടെ., അച്ഛൻ ‘പഠിപ്പിച്ചത് ‘ തെറ്റിക്കാതിരിക്കാൻ ജാഗ്രതയുള്ള കുഞ്ഞാടായി അവൾ തന്നെ താല്പര്യമെടുക്കുന്നതായി കാണാം. ആലീസിനെ സ്നേഹപാശത്താൽ കൃത്യമായി കെട്ടി വരിഞ്ഞിരിക്കുന്നു വർഗീസ് മാഷ്. അയാളുടെ ഉദാരതയിൽ ലഭിക്കുന്ന സ്വാതന്ത്ര്യം മാത്രമണവളുടേത്. അച്ഛന്റെ മേൽനോട്ടത്തിലാണ് മകളുടെ പ്രണയ വളർച്ച പോലും. അച്ഛന്റെ സമ്മതം വാങ്ങി മാത്രമെ അവൾ അത് കൂട്ടുകാരനോട് പറയുക പോലും ചെയ്യുള്ളൂ. അച്ഛന്റെ സ്നേഹം ബന്ധനമാണെന്ന് തിരിച്ചറിയാതിരിക്കാനുള്ള നിഷ്കളങ്കതയും ആലീസിൽ വേണ്ടുവോളമുണ്ട്. അച്ഛന്റെ സ്വപ്നങ്ങൾ/ ആഗ്രഹ പൂർത്തിക്കായി നിർമിക്കപ്പെട്ട ഒരു മകൾ, പാട്രിയർക്കൽ ബോധം വിദഗ്ദ്ധമായി പയറ്റുന്ന ഒരു തന്ത്രം കൂടിയാണ്.

വർഗീസിലെ ‘കോച്ച് ‘ അയാളിലെ അച്ഛനെ പരാജയപ്പെടുത്തി എന്ന രീതിയിൽ മാനുവലിന്റെ ഭാഗത്തുനിന്ന് രൂക്ഷമായ വിമർശനം ഒരു സന്ദർഭത്തിൽ സിനിമയിൽ തന്നെ ഉന്നയിക്കപ്പെടുന്നുണ്ട്. 

എന്നാൽ എല്ലാത്തരം ന്യായീകരണങ്ങൾക്കും/ ചോദ്യങ്ങൾക്കും  വർഗീസ് മാഷിന്റെ കഥാപാത്രസൃഷ്ടി ഇണങ്ങും. അത്ര സൂക്ഷ്മമായി ആ കഥാപാത്രത്തെ അരുൺ സൃഷ്ടിച്ചിരിക്കുന്നു. ഒരു പക്ഷെ ഈ സിനിമയിൽ ഏറ്റവും ബുദ്ധിപൂർവ്വം നിർമിക്കപ്പെട്ട കഥാപാത്രവും വർഗീസ് മാഷിന്റെയാവും.

കഥയുടെ സന്ദർഭത്തിന് യോജിച്ച വിധം അച്ഛൻ-മകൾ ബന്ധത്തിലെ വൈകാരികോഷ്മളതകളിൽ  കാണിയെ തളച്ചിടുന്ന സംവിധായകൻ, തീയറ്ററിലിരിക്കുമ്പോൾ ഇത്തരം ചിന്തകളെ അകറ്റി നിർത്തുന്നതിൽ സമർത്ഥമായി വിജയിക്കുന്നു.

തിരുവനന്തപുരത്തെ സ്പോർട്സ് ഹോസ്റ്റലിൽ എത്തുന്ന ആലീസ് അവിടത്തെ ഇല്ലായ്മകളെ ഒട്ടും ഗൗനിക്കാത്തവളും അതിനോട് പൊരുത്തപ്പെടാൻ തയ്യാറായ പ്രകൃതവുമാണ്. നിരന്തരം പാമ്പു കയറുന്ന ആ കെട്ടിടത്തിന്റെ ശോച്യാവസ്ഥ  മറ്റു പെൺ അന്തേവാസികളിൽ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയോടും ഉദാസീനമായാണ് ആലീസിന്റെ പെരുമാറ്റം. മാനുവൽ നിർബന്ധിക്കുമ്പോഴാണ് പെൺകുട്ടികൾ  അതിനെതിരെ പ്രതിഷേധിക്കാൻ തയ്യാറാകുന്നത്. ആ അവസരത്തിലും തികച്ചും അരാഷ്ട്രീയമായ, വർഗ ബോധമില്ലാത്ത നിലപാടെടുക്കുന്ന ആലീസിനെ കാണാം. അവിടത്തെ പ്രശ്നങ്ങളെ പറ്റി ടി.വി റിപ്പോർട്ടർ ചോദിക്കുമ്പോളും യെസ്  അല്ലെങ്കിൽ നോ എന്ന് പറയുകയല്ലാതെ ഒരു തരത്തിലുമുള്ള ആരോപണങ്ങൾ / നിലപാടുകൾ സ്പോർട്സ് അധികാരികൾക്ക് നേരെ ചൂണ്ടി കാണിക്കാൻ ആലീസ് തയ്യാറാകുന്നില്ല. അച്ഛൻ വളർത്തിയ ഗുണം!

അധികാരികളോട് ഏറ്റുമുട്ടി സ്വന്തം അത് ലറ്റിക് സ്കൂൾ തുടങ്ങി, അതിന്റെ പേരിൽ കള്ളക്കേസും ജയിൽവാസവും അപമാനവും സഹിക്കേണ്ടി വന്ന വർഗീസ് മകളെ അത്തരത്തിൽ  ‘കണ്ടീഷൻ ‘ ചെയ്തു വളർത്തി എന്നത് കഥയുടെ യുക്തിയിൽ ശരിയായിരിക്കാം. എത്ര പരുവപ്പെടുത്തിയാലും തന്റെ കൂട്ടത്തോട്, ന്യായമായ അവകാശങ്ങൾക്കു വേണ്ടി സംസാരിക്കാൻ ത്രാണിയില്ലാത്ത പെണ്ണ്, കഥാപാത്രമെന്ന നിലയിൽ സമകാലത്ത് വിശ്വസിക്കാൻ പ്രയാസമാണ്. പിറ്റേന്ന് ‘നീയിവിടെ വന്നത് പ്രാക്ടീസിനോ സമരത്തിനോ’ എന്ന അച്ഛന്റെ ചോദ്യത്തിനു മുമ്പിലും അവൾ പതറുന്നുണ്ട്.

സ്വന്തം ഇച്ഛ / പ്രതിഭയുടെ ആത്മവിശ്വാസത്തിൽ മുന്നോട്ട് ഒരിഞ്ച് പോകാൻ കഴിയാത്തവളാണ് ആലീസ് എന്ന കഥാപാത്രം. ഈ വാർപ്പ് വാണിജ്യ സിനിമയുടെ നടപ്പു ശീലമാണ്. വെറും രണ്ടു സിനിമകൾ കൊണ്ടു തന്നെ മികച്ച അഭിനേത്രിയായി തെളിഞ്ഞ രജീഷ വിജയന്റെ മുഖമാണ് ഫൈനൽസിലേക്ക് ആകർഷിച്ചത്. എന്നാൽ സിനിമ സുരാജിന്റെ വർഗീസ് മാഷും നിരഞ്ജന്റെ മാനുവലിലേക്കും ഫോക്കസ് ചെയ്തു പോയതായാണ് അനുഭവം.. ആലീസിന്റെ വിധിയിൽ സഹതപിക്കാനും മാനുവലിന്റെ വിജയത്തിൽ കയ്യടിക്കാനും കാണിയെ പ്രേരിപ്പിക്കുകയാണ് രണ്ടാം പകുതി. വർഗീസ് മാഷിനെ അയാളുടെ കർമപഥത്തിലേക്ക് തിരിച്ചെത്തിക്കാൻ ആലീസ് നിമിത്തമാകുന്നു. അതു വഴി മാനുവലിലെ കായിക താരത്തിന്റെ ഉദയത്തിന് ആലീസ് കാരണമാകുന്നു. തനിക്ക് സാധിക്കാത്ത സ്വപ്നക്കുതിപ്പ് മാനുവലിലൂടെ നേടിയെടുക്കുന്നത് ആലീസിന്റെ കൂടി സാന്നിധ്യത്തിലാണ്. സിനിമയെ പ്രചോദനപരവും/ വൈകാരികവുമായ തലത്തിലേക്ക് ഉയർത്തി കാണിക്ക് താല്ക്കാലിക ഹർഷോന്മാദം നല്കാൻ ക്ലൈമാക്സിന് കഴിയുന്നുണ്ട്. സുഖദായക സിനിമകളുടെ സുനിശ്ചിത നിർവൃതിയോടെ കാണിക്ക് തീയറ്റർ വിട്ടിറങ്ങാം.

ഛായാഗ്രഹണത്തിൽ സുദീപ് ഇളമൺ, ഇടുക്കിയുടെ ഭൂമി ശാസ്ത്രം സമൃദ്ധമായ ആകാശ ദൃശ്യങ്ങളിലൂടെ കാണിച്ചു തരുന്നു. അതേ സമയം ക്ലോസ് / മിഡിൽ ഷോട്ടുകളുടെ അർത്ഥപൂർണമായ ഉപയോഗത്തിലൂടെ മനുഷ്യരുടെ ഉള്ളകങ്ങളിലേക്കുള്ള നോട്ടവും നല്കുന്നു. ജീവിതത്തിൽ ആലീസ് നേരിടുന്ന തിരിച്ചടിക്ക് ശേഷം മാനുവൽ അവളെ സ്നേഹാർദ്രമായി പരിചരിക്കുന്ന നിമിഷങ്ങൾക്ക് ഊഷ്മളതയുടെ നിറഭംഗിയുണ്ട്. സിനിമയുടെ ഭാവത്തിനനുസരിച്ച് ദൃശ്യങ്ങളൊരുക്കാൻ ഛായാഗ്രാഹകന് കഴിഞ്ഞിരിക്കുന്നു. ഹൈറേഞ്ചിലെ കയറ്റിറക്കങ്ങളിലൂടെ, വളഞ്ഞും തിരിഞ്ഞും പായുന്ന സൈക്കിൾ സവാരിയുടെ അനുഭവം അതേപടി കാണിക്കു നല്കാനും ഛായാഗ്രാഹകന് സാധിച്ചിട്ടുണ്ട്. എന്നാൽ സിനിമയുടെ തുടക്കത്തിൽ ആലീസും മാനുവലും തമ്മിൽ പുലർച്ചെ മത്സരിച്ച് സൈക്കിൾ ചവിട്ടി മലമുകളിലേക്ക് പോകുന്ന സ്വീക്വൻസിൽ, ഇടയ്ക്ക് ഉച്ചവെയിൽ കയറുന്നത് (Light variations) എത്ര തന്നെ കളർ ടോൺ കറക്റ്റ് ചെയ്തിട്ടും നിഴലുകളിൽ വ്യക്തമായി കാണാം. നമ്മുടേതു പോലെ പരിമിത ദിവസങ്ങൾ കൊണ്ട് കുറഞ്ഞ ബഡ്ജറ്റിൽ ചെയ്യുന്ന സിനിമകളിൽ ഇത്തരം കോംപ്രമൈസുകൾ സ്വാഭാവികമാകാം. പക്ഷെ രാവിലത്തെ ആ സമയം, പത്രവിതരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ നിർണായകമായ സന്ദർഭമായതുകൊണ്ട് ഇത്തരം വിശദാംശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. അവിടെ ഒത്തുതീർപ്പ് പാടില്ലന്നാണ് തോന്നൽ.

പൊതുവെ സ്പോർട്സ് ചിത്രങ്ങൾ സ്വീകരിക്കാറുള്ള ഗിമ്മിക്കുകൾക്കു പിറകെ പോകാതെ, കാണിക്ക് കാഴ്ച ഗ്രഹിക്കാനുള്ള സമയം നല്കി, അതേസമയം പിരിമുറുക്കം നഷ്ടപ്പെടുത്താതെ ചിത്രസംയോജനം നിർവ്വഹിക്കപ്പെട്ടിരിക്കുന്നു

കലാസംവിധാനവും ശബ്ദപഥവും ഒട്ടും മുഴച്ചു നില്ക്കുന്നില്ല.

കൈലാസ് മേനോന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ഈ സിനിമയുടെ വൈകാരിക മുഹൂർത്തങ്ങൾക്ക്  പിന്തുണയാകുന്നുണ്ട്. ഈണം, സംഗീതോപകരണങ്ങളുടെ തിരഞ്ഞെടുപ്പ് ഇവയിലെല്ലാം കൈലാസ് മേനോൻ മിടുക്കു കാണിക്കുന്നുണ്ട്. സൈക്കിളോട്ട മത്സരത്തിനായി ഉപയോഗിച്ച പശ്ചാത്തല സംഗീതം, ‘പറക്കാം ‘ എന്ന ഗാനവും നല്ലത്. എന്നാൽ ചിലപ്പോഴൊക്കെ സംഗീതത്തിന്റെ അമിത ഉപയോഗം അഭിനേതാക്കളുടെ പ്രകടനത്തെ, സ്വാഭാവിക നിശബ്ദ വിനിമയങ്ങളെ വിഴുങ്ങിക്കളയുന്നുമുണ്ട്.

രജീഷയുമായുള്ള വീട്ടിനകത്തെ രംഗങ്ങളിൽ, അത് ഉള്ളടക്കം കൊണ്ടു തന്നെ കാണിയെ നൊമ്പരപ്പെടുത്തവെ, സംഗീതം ‘പാത്തോസ് ‘ കൊണ്ട്  നിറക്കേണ്ട കാര്യമില്ല.  സിനിമയിലെ നിശബദ്തയുടെ മൂല്യം തിരിച്ചറിയുക എന്നതുകൂടി സംഗീത സംവിധായകന്റെ ഉത്തരവാദിത്തമാണ്.

ഒരു നടൻ എന്ന നിലയിൽ നിരഞ്ജൻ കാഴ്ചവച്ച വളരെ സ്വാഭാവികമായ അഭിനയം എടുത്തു പറയണം. സംഭാഷണത്തിലും ചലനങ്ങളിലും സ്വാഭാവികത നിലനിർത്തി കൊണ്ട് പൂർണമായും കഥാപാത്രമാകാൻ നിരഞ്ജൻ കാണിച്ച ശ്രദ്ധ അഭിനന്ദനാർഹമാണ്.

രാമശേഷൻ എന്ന സ്പോർട്സ് അധികാരിയും മണിയൻ പിള്ളയുടെ മന്ത്രിയും വെറും ടൈപ്പുകളായി മാറി. അതേ സമയം ടിനു ടോം, സോന നായർ, കുഞ്ചൻ, മുത്തുമണി എന്നിവരും കഥാപാത്രങ്ങളായി ജീവിക്കുന്നു.

തുടക്കത്തിലെ ടൈറ്റിൽ കാർഡുകളിൽ കേരളത്തിന്റെ കായിക ചരിത്രം രചിച്ച ഒരു കൂട്ടം കായികതാരങ്ങളെ സംവിധായകൻ ഓർമിപ്പിക്കുന്നുണ്ട്. ചിത്രാന്ത്യത്തിൽ  ഈ സിനിമയ്ക്ക് കാരണമായ ഷൈനി സൈലസ് എന്ന സൈക്കിൾ താരത്തിന്റെ ജീവിതം കൂടി  ചേർത്തുവെക്കുന്നു. 2002-ൽ മഞ്ചേരിയിൽ വച്ചു നടന്ന സൈക്കിളിംഗിൽ പങ്കെടുക്കവേ ലോറിയിടിച്ചു മരിച്ചു പോയ ആ ദേശീയ കായിക താരത്തിനുള്ള ശ്രദ്ധാഞ്ജലി കൂടിയായി മാറുന്നു ഈ സിനിമ. 17 വർഷങ്ങൾക്കിപ്പുറവും ഷൈനിയുടെ മരണത്തിന് ഉത്തരവാദിയായവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന നടുക്കുന്ന യാഥാർത്ഥ്യം കാണിയെ വേട്ടയാടുന്നുണ്ട്. സിനിമ ഫിക്ഷനിൽ നിന്ന് നോൺ ഫിക്ഷനിലേക്ക്  ബന്ധിപ്പിക്കുന്നതിൽ പൊതുവെ സ്പോർട്സ് സിനിമകൾ / ബയോപിക് സിനിമകൾ പിന്തുടരുന്ന രീതിയാണ് ഈ ടെയിൽ എൻഡ് വിവരങ്ങൾ.

സിനിമ അതുവരെ അവതരിപ്പിച്ച  വിഷയത്തിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളുടെ സത്യസാക്ഷ്യമായി മാറുന്നു  ഷൈനി സൈലസിന്റെ രക്ത സാക്ഷ്യം. ഈ സിനിമയ്ക്കായി അരുൺ നടത്തിയ ഗവേഷണങ്ങൾ, ശേഖരിച്ച ജീവിതാനുഭവങ്ങൾ, ഹൈറേഞ്ചിലെ കായിക ജീവിതത്തിലെ പാടിപുകഴ്ത്താത്ത വീര ചരിതങ്ങൾ ഒക്കെ സൂക്ഷ്മതയിൽ അടയാളപ്പെടുത്തപ്പെട്ടതാണ് ‘ഫൈനൽസ്’ .

ഈ പ്രമേയം സാങ്കേതികമായും സത്യസന്ധമായി, വിട്ടുവീഴ്ചകളില്ലാതെ നിർമിക്കാൻ കൂടെ നിന്ന നിർമാതാക്കൾക്കും ആദരം. അരുണിലെ ‘ടോട്ടൽ ഫിലിംമേക്കർ ‘ക്ക് നിശ്ചയമായും കയ്യടി.

Comments

comments