മുറിച്ചെവിയനും മറ്റു നായ്ക്കളും അരുവച്ചാലിന്‍റെ വടക്കേ അതിരിൽ ഒത്തുകൂടി നിൽക്കുമ്പോഴാണ് ഒരു കറുത്ത അംബാസ്സഡർ കാർ റോഡരികു ചേർന്നു നിന്നത്. എല്ലാവരുടെയും ശ്രദ്ധ അപ്പോൾ അങ്ങോട്ടായി. പിന്നിലെ ഡോർ തുറന്ന് രാജു ചാടി ഇറങ്ങി വരുന്നത് കണ്ടപ്പോൾ മുറിച്ചെവിയൻ കരുതിയത് പോലീസ്നായയോ മറ്റോ ആയിരിക്കുമെന്നാണ്. ആരാണിവനെന്നു ചോദിക്കാനായി ചുറ്റും നോക്കിയപ്പോഴുണ്ട് എല്ലാവരും അന്തംവിട്ടു നിൽക്കുന്നു. കാറാണെങ്കിൽ അവനെ ഇറക്കി ഉടൻ സ്ഥലം വിട്ടുപോവുകയും ചെയ്തു.

എന്തൊരു സുന്ദരനാണിവനെന്ന് ചിന്തിച്ച് രാജുവിന്‍റെ കണ്ണിലേക്കു തന്നെ നോക്കി ഡെയ്സി നിന്നു പോയി. വിട്ടു പോയ കാറിന് പുറകെ അല്‍പം ഓടി തിരിഞ്ഞു

നടക്കുന്നതിനിടയിൽ രാജുവും അത് കണ്ടു. താല്‍പര്യമില്ലാത്തതുപോലെ അവൻ വേഗം മുഖം തിരിച്ചു. അവൾ ചമ്മലോടെ മറ്റുള്ളവരെ നോക്കി. ഭാഗ്യത്തിന് ആരും ശ്രദ്ധിച്ചിട്ടില്ല.

മുറിച്ചെവിയനു മാത്രം രാജുവിനെ കാറിൽ ആരോ കൊണ്ടു കളഞ്ഞതാണെന്ന് മനസ്സിലായി. ആ സമയം അകലെ വളക്കമ്പനിയിൽ നിന്നും എട്ടുമണിയുടെ സൈറൺ  മുഴങ്ങി. തൊണ്ടയോളം തള്ളിയെത്തിയ ഓരി പണിപ്പെട്ടടക്കി സൈറൺ തീരുന്നതു വരെ എല്ലാവരും അറ്റൻഷനായി നിന്നു. പിന്നീട് മാർച്ചു ചെയ്ത് പടിഞ്ഞാറോട്ടു നീങ്ങി.

കാര്യമെന്തെന്നറിയാതെ നിന്ന രാജുവിനെ ഒന്നു നോക്കിയിട്ട്, മുറിച്ചെവിയൻ നിരയുടെ പുറകിലായി നടക്കാൻ തുടങ്ങി. നോട്ടം മനസ്സിലായ രാജുവും വരിയൊപ്പിക്കാൻ  പണിപ്പെട്ട് പിന്നിൽ നടന്നു. ആദ്യമായിട്ടാ‍ണ് അവൻ വീടു വിട്ട് അത്ര ദൂരസ്ഥലത്തെത്തുന്നത്.

ഏറെക്കാലം ഒരേ കിടപ്പുകിടന്ന് അന്നു വെളുപ്പിന് കൃത്യം അഞ്ചേ അൻപതിന് ചുമ്മാ‍തങ്ങു മരിക്കുമ്പോൾ നെല്ലായിപ്പിള്ളി തറവാട്ടിലെ രാജപ്പൻപിള്ള, മകൻ റിട്ടയേർഡ്  സുബെദാർ രാമൻകുട്ടിക്കായി രണ്ടു മൂന്നു തലമുറയിലേക്കെങ്കിലും നിലനിൽക്കാവുന്ന ചീത്തപ്പേരായിരുന്നു പൈതൃകസ്വത്തായി ബാക്കി വച്ചത്. “ജാരപ്പൻപിള്ള” എന്ന  നാട്ടിൽ മുഴുവൻ പാട്ടായ ഇരട്ടപ്പേരായിരുന്നു അത്.

പട്ടാളത്തിൽ നിന്നും പതിനഞ്ചു വർഷത്തെ സർവീസും കഴിഞ്ഞ് രാമൻകുട്ടി പിരിഞ്ഞു വന്നപ്പോഴേക്കും രാജപ്പൻപിള്ള നട്ടെല്ലു തളർന്നു കിടപ്പിലായിരുന്നു. കാരിപ്പള്ളി  തെക്കേക്കരയിൽ ലക്ഷ്യം തെറ്റിപ്പോയ ഒരു ജാരരാത്രിയിൽ രക്ഷപ്പെട്ടോടി വീണ വീഴ്ച്ചയിലാണ് കാരണവർ കിടപ്പിലായതെന്ന രഹസ്യം രാമൻകുട്ടി വൈകിയാണറിഞ്ഞത്. ഭാര്യ നളിനിയോടുള്ള സ്നേഹത്തിലുറച്ചു ജീവിച്ച രാമൻകുട്ടിക്ക് സ്വന്തം അച്ഛനിലുള്ള വിശ്വാസം അതോടെ നഷ്ടപ്പെട്ടു.

അന്നു മുതൽ, സ്വയം ശിക്ഷിക്കുന്നതു പോലെ, പിതാവിനെ ശുശ്രൂഷിക്കുന്ന ജോലി അയാൾ ഏറ്റെടുത്തു. മലവും മൂത്രവും മാറ്റി, പുറത്തെ വ്രണങ്ങളിൽ നിന്ന് പുഴുക്കളെ  തോണ്ടിക്കളഞ്ഞ്, കുളിപ്പിച്ച്, പൌഡറിടീച്ച്, മുറി ഡെറ്റോളൊഴിച്ചു കഴുകി, സൈക്കിൾബ്രാന്‍റ് പുകച്ച് പിതാവിന്‍റെ ചുറ്റുവട്ടത്തിൽ നിന്നും മരണത്തിന്‍റെ എല്ലാ  സാധ്യതകളേയും അകറ്റി നിർത്തുന്ന പരിചരണങ്ങൾ ഒരു ദിവസം പോലും മുടങ്ങാതെയാണ് രാമൻകുട്ടി ചെയ്തത്. ഒരിക്കൽ പോലും നളിനിയെ അയാൾ ഒന്നിനും   കൂട്ടിയതുമില്ല.

നീണ്ട പതിമൂന്നു വർഷങ്ങൾ… അച്ഛനും മകനും അക്കാലത്തിനിടയിൽ ഒരു വാക്കു പോലും സംസാരിച്ചില്ല. പറയാൻ ബാക്കിവച്ചതു മുഴുവൻ പരസ്പരം  രണ്ടുപേരുടേയും കണ്ണുകൾ നിശബ്ദം പറഞ്ഞു കൊണ്ടിരുന്നു.

ആ മൌനഭാഷണമാണ് അന്നു വെളുപ്പിന് നിലച്ചത്. നെഞ്ചിൽ തൊട്ട് ഹൃദയം മിടിക്കുന്നില്ലയെന്നും മൂക്കിനു മുന്നിൽ കൈ വച്ച് ശ്വാസം നിലച്ചുവെന്നും രാമൻകുട്ടി   ഉറപ്പിച്ചു. ബന്ധുക്കളെയെല്ലാം ഫോണിൽ വിളിച്ചു വിവരം പറഞ്ഞു. അയലത്തെ വീട്ടിൽ പറഞ്ഞ് പറമ്പിന്‍റെ പടിഞ്ഞാറേ മൂലയിൽ നിൽക്കുന്ന മാവു വെട്ടാൻ   ഏർപ്പാടാക്കി. അടുക്കളയിൽ കയറി നളിനിക്കും തനിക്കും ഓരോ ചായയിട്ടു.

ആളുകൾ എത്തിത്തുടങ്ങുന്നതിനു മുൻപേ തീർക്കണമെന്നുറപ്പിച്ച് അച്ഛനെ ചരിച്ചു കിടത്തി എന്നത്തേയും പോലെ പരിചരണങ്ങളെല്ലാം ചെയ്ത്, മുറി  വൃത്തിയാക്കിത്തുടങ്ങിയപ്പോഴാണ് മരം വെട്ടാൻ ആളെത്തിയത്. മണ്ണൂം ചോരയും പുരണ്ട കറുകറുത്ത ഒരു പട്ടിക്കുഞ്ഞും കയ്യിലുണ്ടായിരുന്നു.

“റോട്ടില് കിടപ്പുണ്ടായിരുന്നതാ. ഞാൻ വരുമ്പൊ തള്ളേം ബാക്കിയൊള്ളതുങ്ങളും അഞ്ചേമുക്കാലിന്‍റെ ഫസ്റ്റ്ബസ് കേറി ചത്തുകിടക്കണേയിരുന്ന്. ഇതിന് അരിയെത്തീട്ടില്ല”

രാമൻകുട്ടി കുഞ്ഞിനെ വാങ്ങി സൂക്ഷിച്ചു നോക്കി. അച്ഛൻ വിട പറഞ്ഞ അതേ സമയത്ത് പിറന്നു വീണ ജീവനാണ്. കൈയ്യിലിരുന്ന് ആ കുഞ്ഞു ഹൃദയം മിടിച്ചു.

അയാൾ അകത്തേക്കുനടന്നു. അച്ഛന്‍റെ മുറിയിൽ ചെന്ന് സോപ്പും തോർത്തും എടുത്തു. കിണറ്റിൻ കരയിൽ ചെന്ന് പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് കുഞ്ഞിനെ അതിൽ കിടത്തി.  ശ്രദ്ധയോടെ കുളിപ്പിച്ച് തോർത്തിക്കുമ്പോൾ രാമൻകുട്ടി കരയുന്നത് അടുക്കളപ്പുറത്തിരുന്ന നളിനിക്കു കേൾക്കാമായിരുന്നു. അവളെണീറ്റ് അയാളുടെ അടുത്ത് ചെന്നുനിന്നു.  എല്ലാം കഴിഞ്ഞപ്പോൾ, കുഞ്ഞിനെ വാങ്ങി നളിനി തന്‍റെ മാറോടുചേർത്ത് ചെവിയിൽ മൂന്ന് വട്ടം “രാജു” എന്ന് പേരു വിളിച്ചു. മരണമറിഞ്ഞ് ആളുകൾ അപ്പോഴേക്കും  എത്തിത്തുടങ്ങിയിരുന്നു. ഇതെല്ലാം കണ്ട് അവരും അന്തം വിട്ടു നിന്നു.

അന്നു വരെ എത്രയൊ വർഷങ്ങളായി രണ്ടറ്റങ്ങളിൽ, രണ്ട് ലക്ഷ്യങ്ങളിൽ, രണ്ട് അഭിരുചികളിലായിരുന്നു രാമൻകുട്ടിയും നളിനിയും ജീവിച്ചിരുന്നത്. അവിടേക്കാണ് രാജു  കടന്നുവന്നത്. അന്നു മുതൽ അവർക്കിടയിൽ സംഭാഷണങ്ങളിലും പ്രവൃത്തികളിലും എല്ലാം അവന്‍റെ സാന്നിധ്യം നിറഞ്ഞു നിന്നു. ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായത്   പോലെ. എല്ലാ പരിചരണവും ഏറ്റുവാങ്ങി വളർന്ന രാജുവിന്‍റെ കൊഴുത്തുരുണ്ട ശരീരത്തിൽ കലർപ്പേതുമില്ലാതെ മിന്നുന്ന കറുപ്പ് ഒഴുകിപ്പരന്നു.

സാധുവായിരുന്നു രാജു. എന്തു കൊടുത്താലും കഴിക്കും. അടുത്തെങ്ങാൻ ചെന്നാ‍ൽ നളിനിയെത്തന്നെ മുട്ടിയുരുമ്മി വാലാട്ടി നിൽക്കും. മൂന്നു വയസ്സായിട്ടും അവൻ   കുരച്ചു കണ്ടില്ലല്ലോ എന്ന് മുറ്റമടിക്കുന്ന ചേച്ചിയാണ് ആദ്യം പറഞ്ഞത്. പകൽ മുഴുവൻ ചിന്തയിലാണ്ട്, മതിൽക്കെട്ടിനു പുറത്തുനിന്നുള്ള ഏതെല്ലാമോ ശബ്ദങ്ങൾക്കു  ചെവിയോർത്ത് ചെലവഴിക്കുന്ന അവനെ ഇനി കൂട്ടിലടക്കേണ്ടെന്ന് നളിനി അന്ന് തീരുമാനിച്ചു. ഒന്നിനോടും വിരോധപ്പെടാതെ ആരെയും ഭയപ്പെടുത്താതെ മുറ്റത്തിന്‍റെ   മൂലയിൽ അവൻ തന്‍റേതുമാത്രമായ ലോകമുണ്ടാക്കി.

ഒരിക്കൽ ഒരു രാത്രിയിൽ, പടിഞ്ഞാറേ പാടവരമ്പത്ത്, രാജുവിനെപ്പോലുള്ള നായയെ കണ്ടുവെന്ന് മീൻകാരി പറഞ്ഞത് നളിനി വിശ്വസിച്ചില്ല. ഗേറ്റ് പൂട്ടിയിട്ട  മതിൽക്കെട്ടിനകത്തു നിന്നും രാജു പുറത്തിറങ്ങിയിട്ടില്ലെന്ന് അവൾക്കുറപ്പായിരുന്നു. രാമൻകുട്ടിയോടവൾ ഒന്നും പറഞ്ഞതുമില്ല. എന്നാൽ വാർത്തകൾ അവിടം കൊണ്ടും  നിന്നില്ല. പല രാത്രികളിൽ, പല സ്ഥലങ്ങളിൽ അവനെ കണ്ടതായി ആളുകൾ പറഞ്ഞു തുടങ്ങി.

ഇതിലെന്തോ ദുരൂഹത തോന്നിയ നളിനി രാമൻകുട്ടിയോടു വിവരം പറഞ്ഞു. വിശ്വസിച്ചില്ലെങ്കിലും നിരീക്ഷിക്കാൻ അയാളും തീരുമാനിച്ചു. പിന്നീടൊരു ദിവസം  രാജുവിന്‍റെ വലത്തേ തുടയിൽ കണ്ട മുറിപ്പാടാണ് രാമൻകുട്ടിയിലും കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് തോന്നിപ്പിച്ചത്. രാത്രിയുടെ മറവിൽ തങ്ങളറിയാതെ എന്തോ  നടക്കുന്നുണ്ട്. ജനൽ തുറന്നിട്ട് അവർ രണ്ടുപേരും അന്നു രാത്രി കാവലിരിക്കാ‍ൻ തീരുമാനിച്ചു.

നേരം പാതിരാത്രിയോടടുത്തപ്പോഴാണ് ഉറക്കം തൂങ്ങിത്തുടങ്ങിയ രാമൻകുട്ടിയെ നളിനി തട്ടിയെഴുന്നേൽപ്പിച്ച് ആ കാഴ്ച്ച കാണിച്ചത്. നിറഞ്ഞ നിലാവിൽ മതിൽക്കെട്ടിനു  പുറത്ത് പെൺപട്ടികൾ നിരന്നതോടെ തികഞ്ഞ കാമുകനായി മാറുന്ന സാത്വികനെ അവർ കണ്ടു. തിളച്ചുയരുന്ന പ്രലോഭനത്തിൽ മുറ്റത്തിന്‍റെ മൂലയിൽ നിന്നും പാഞ്ഞ്  മതിലിനരികിലെത്തി ഒറ്റക്കുതിപ്പിന് അവൻ അഞ്ചരയടി മതിൽ ചാടിക്കടന്ന് അപ്രത്യക്ഷനാകുന്നത് രാമൻകുട്ടിയും നളിനിയും ഞെട്ടലോടെ നോക്കിയിരുന്നു.

രാവിലെ മുറ്റത്തിന്‍റെ മൂലയിൽ നിഷ്കളങ്കനായി സുഖമായുറങ്ങുന്ന രാജുവിനെ നോക്കി നിന്നപ്പോൾ രാമൻകുട്ടിയുടെ കണ്ണ് നിറഞ്ഞു.

“രാത്രി മുഴുവൻ അച്ഛനെ സ്വപ്നം കാണുകയായിരുന്നു” അയാൾ നളിനിയോട് പറഞ്ഞു.

അവൾ അകത്തുപോയി മാസങ്ങളായി ഉപയോഗിക്കാതെ കിടന്ന തുടലെടുത്ത് രാമൻകുട്ടിയുടെ കയ്യിൽ കൊടുത്തു. അയാൾ അതു വാങ്ങി രാജുവിന്‍റെ അടുത്തേക്ക് തിരിച്ചു  നടന്നു.

ഉടൻ വീട്ടിലേക്ക് വരാൻ പറഞ്ഞ് രാമൻകുട്ടി ഫോൺ വിളിച്ചപ്പോൾ ടാക്സിസ്റ്റാന്‍റിൽ ആദ്യത്തെ കാർ വന്നിട്ടുണ്ടായിരുന്നില്ല. പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞാണ് വണ്ടി  എത്തിയത്. കാർ നിർത്തിയതും ഡോർ തുറന്ന് ഡ്രൈവർ എന്തെങ്കിലും പറയുന്നതിനു മുന്നെ അയാൾ രാജുവിനെ പിൻസീറ്റിൽ കയറ്റി.

“വണ്ടി അരുവച്ചാലിലേക്ക് പോട്ടെ” രാമൻകുട്ടി പറഞ്ഞപ്പോൾ തന്നെ ഡ്രൈവർക്ക് കാര്യം പിടികിട്ടി.

 പുറകിലിരിക്കുന്ന നായയെ പേടിച്ചിട്ടാവണം അരുവച്ചാൽ എത്തുന്നതുവരെ തിരിഞ്ഞു നോക്കാതെ ഡ്രൈവർ വണ്ടിയോടിച്ചു കൊണ്ടിരുന്നു. രാമൻകുട്ടിയും ഒന്നും  സംസാരിച്ചില്ല. എം എൽ ഏ റോഡിനരികിൽ ചതുപ്പിനോട് ചേർന്ന് കുറച്ച് നായകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടപ്പോൾ രാമൻകുട്ടി വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.

വണ്ടി നിന്നതും അയാൾ തുടലൂരി രാജുവിനെ തള്ളി പുറത്തേക്കിറക്കി. ഡോറടച്ചപ്പോൾ കാര്യം മനസ്സിലാ‍യതു പോലെ അവൻ രാമൻകുട്ടിയെ ദയനീയമായി നോക്കി.  ജീവിതത്തിലാദ്യമായി ഒന്ന് കുരച്ചു. വണ്ടി മുന്നോട്ട് നീങ്ങിയപ്പോൾ പുറകേയോടുന്ന അവനെ നോക്കാനാവാതെ രാമൻകുട്ടി മുഖം തിരിച്ചു. റോഡവസാനിക്കുന്നിടത്ത്  ഹൈവേയിലേക്കുള്ള വളവു തിരിയുന്നതിനു മുന്നെ രാമൻകുട്ടി ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. അകലെ, കുറച്ച് പട്ടികൾക്കൊപ്പം രാജു നടക്കുന്നുണ്ടായിരുന്നു.  തിരിച്ചു വീട്ടിലെത്തുന്നതു വരെ രാമൻകുട്ടി തന്‍റെ അച്ഛനും തനിക്കുമിടയിൽ കാലങ്ങളോളം തുടർന്ന  നിശ്ശബ്ദതയെപ്പറ്റി മാത്രമാണാലോചിച്ചിരുന്നത്. കണ്ണ്  നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

വടക്കു പടിഞ്ഞാറെ മൂലയിൽ എം എൽ എ റോഡു തുടങ്ങുന്നിടത്ത് പട്ടികളെല്ലാം മാർച്ചു ചെയ്തെത്തി. അരുവച്ചാലിന്‍റെ ആ മൂലയോടു ചേർന്ന് ഒറ്റനിര പൊന്തക്കാടാണ്.  അതിനകത്തുള്ള അല്‍പം വെളിമ്പ്രദേശത്ത് ചതുപ്പിന്‍റെ പലഭാഗത്തുനിന്നെത്തിയ നായ്ക്കളുടെ ഒരു വലിയ സംഘം കൂടിയിട്ടുണ്ട്. എന്താണവിടെ സംഭവിക്കുന്നതെന്ന്  രാജുവിന് മനസ്സിലായില്ല. അല്‍പം ഭയം തോന്നിയപ്പോൾ അവൻ മെല്ലെ നീങ്ങി മുറിച്ചെവിയനോട് ചേർന്നു നിന്നു.

ഡെയ്സിയടക്കമുള്ള പെൺപട്ടികളാരും അക്കൂട്ടത്തിലില്ലെന്ന് രാജു ശ്രദ്ധിച്ചതപ്പോഴാണ്. വഴിയിലെവിടെയോ അവരെല്ലാം വേർപിരിഞ്ഞു പോയിരിക്കുന്നു. എന്താണു  സംഭവിക്കുന്നതെന്ന് മുറിച്ചെവിയനോട് ചോദിക്കണമെന്നുണ്ടായിരുന്നു. പിന്നെ അവൻ വേണ്ടെന്നു വച്ചു.

എവിടെ നിന്നോ നാല് ചെറുനായകൾ പ്രത്യക്ഷപ്പെട്ടു. എം എൽ എ റോഡിനരികിൽ ചതുപ്പിന്‍റെ ഒരു ഭാഗത്ത് വളക്കമ്പനിയിലേക്കു രാവിലെ പോകുന്നവർ എന്നും  എറിഞ്ഞു നിറക്കുന്ന മാലിന്യക്കുഴിയുണ്ട്. അവിടെ നിന്നാവണം കുറേ പ്ലാസ്റ്റിക് കവറുകൾ ഒന്നൊന്നായി കൊണ്ടുവന്ന് അവർ പുല്ലിൽ കുടഞ്ഞിട്ടു. അഴുകിയ  ഭക്ഷണത്തിന്‍റെ മണം അവിടെയാകെ പരന്നു. രാജുവിനു നല്ലവണ്ണം വിശക്കുന്നുണ്ടായിരുന്നു. അവൻ ചുറ്റും നോക്കി. മുഴുവൻ നായകളും നിന്നിടത്തുനിന്നനങ്ങാതെ  ആർക്കോ വേണ്ടി കാത്തു നിൽക്കുകയാണ്.

അര മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാകണം, രാജു നിന്നിടത്തു നിന്ന് ഉറക്കം തൂങ്ങിത്തുടങ്ങിയപ്പോഴാണ് എല്ലാവരും എന്തോ സംഭവിക്കാൻ തുടങ്ങുന്നതു പോലെ  നിശബ്ദരായത്. അവൻ നോക്കുമ്പോഴുണ്ട് നിരപാലിച്ച് ഇരിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്ഥാനം തെറ്റിയ പലരും തിരിച്ചെത്താൻ തിരക്കുകൂട്ടുന്നു.

രാജു മുറിച്ചെവിയനു പുറകിലായി ഇരുന്നു. മുന്നോട്ടും പിന്നോട്ടും നോക്കി നിരയൊത്തു എന്നുറപ്പു വരുത്തി. എന്തിനാണെന്നറിയില്ലെങ്കിലും നിരയൊത്തിരിക്കേണ്ടത്  ആവശ്യമാണെന്നവനുറപ്പായിരുന്നു.

നോക്കി നിൽക്കെ, അകലെ പൊന്തക്കൂ‍ട്ടം തനിയേ വകഞ്ഞു മാറി. അതിലൂടെ അവരുടെ മുന്നിലേക്ക് കടും തവിട്ട് ശരീരത്തിൽ, കഴുത്തിൽ നിന്ന് നെഞ്ചിലേക്ക് പടർന്ന  വെളുത്ത പാടുമാ‍യി അടിവച്ചടിവച്ച് അവൻ കടന്നു വന്നു. ഇരുവശവുമായി ക്രൂരമുഖന്മാരായ നാലു വേട്ടനായ്ക്കൾ സംരക്ഷണത്തിനെന്നപോലെ ചിട്ടയിൽ നടന്നു. രാജു  സൂക്ഷിച്ചു നോക്കി. ചെറുതെങ്കിലും ഉറച്ച ശരീരം. വികാരമേതുമില്ലാ‍തെ മുഖത്തു പതിപ്പിച്ച രണ്ടു കണ്ണുകൾ. ചതഞ്ഞ മുഖത്തിനിരുവശത്തേക്കും കറുത്ത താട  ഇറങ്ങിക്കിടക്കുന്നു.

“ബോക്സർ” രാമൻകുട്ടിയുടെ പഴയൊരു പട്ടാളക്കഥയിലെ നായകനെ ഓർമ്മ വന്നപ്പോൾ രാജു പിറുപിറുത്തു.           

“ബ്രൂട്ടസ്” മുറിച്ചെവിയൻ, അവനു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ തിരുത്തി.

ബ്രൂട്ടസ് ചിതറിക്കിടക്കുന്ന ഭക്ഷണത്തിനിടയിൽ നടന്ന് മണം പിടിക്കാൻ തുടങ്ങി. ഓരോ തിരഞ്ഞെടുപ്പിന്‍റെ അവസാനത്തിലും അവൻ തലയുയർത്തുന്നതോടെ കണ്ണനക്കം  മനസ്സിലാക്കിയിട്ടെന്നപോലെ ചെറുനായകളിൽ ഒരാൾ അതെടുത്ത് അരികിലേക്ക് മാറ്റിയിട്ടുകൊണ്ടിരുന്നു. സുമാർ ഒരാൾക്കു കഴിക്കാനുള്ളതായപ്പോൾ അവൻ സഞ്ചാരം  നിർത്തി തൊട്ടടുത്തു കിടന്നിരുന്ന മരക്കുറ്റിയിലേക്ക് കയറി ആളുകൾക്ക് അഭിമുഖമായി ഇരുന്നു. ഇടത്തു നിന്ന് വലത്തേക്ക് എല്ലാവരെയും വീക്ഷിച്ച ശേഷം ഒന്നു കുരച്ച്  ശബ്ദം ശരിയാക്കി. ശരീരം വളച്ച് മുഖം ആകാശത്തേക്കുയർത്തി നീട്ടി ഓരിയിട്ടു.

എഴുന്നേറ്റു നിന്ന് നായ്ക്കൂട്ടം ഒന്നടങ്കം ഒപ്പം ചേർന്നു. ആകാശം മുഴുവൻ അതിന്‍റെ പ്രകമ്പനം നിറഞ്ഞു. വൃക്ഷത്തലപ്പിൽ പക്ഷികളിൽ ഒരെണ്ണം അതുണ്ടാക്കിയ ഞെട്ടലിൽ  പറന്നുയർന്ന് ചമ്മലോടെ തിരിച്ചിറങ്ങി. അങ്ങകലെ ഏറെ നീളത്തിൽ മറ്റൊരു ശബ്ദം അതേറ്റെടുത്തു.

“ഒമ്പതു മണി സൈറൺ” മുറിച്ചെവിയൻ പറഞ്ഞു.

ചെറുനായകൾ മാറ്റിവച്ചിരുന്ന തീറ്റയും കടിച്ചെടുത്ത് തെക്കോട്ടോടി. ബ്രൂട്ടസ് മരക്കുറ്റിയിൽ നിന്നിറങ്ങി ചടങ്ങുപോലെ ആദ്യം കണ്ട എല്ലിൻ കഷണമെടുത്ത് കടിച്ചു.

എല്ലാവരോടും കഴിക്കാൻ അംഗ്യം കാണിച്ച് വന്നവഴിയേ പൊന്തക്കുള്ളിലേക്ക് മെല്ലെ അപ്രത്യക്ഷനായി. ബഹുമാ‍നസൂചകമായി നായകൾ ഒരേ താളത്തിൽ വാലാട്ടി.  ഓരോരുത്തരായി ചെന്ന് അവനവനു വേണ്ട തീറ്റ മാത്രമെടുക്കാൻ തുടങ്ങി.

“ഇതെല്ലാം ബ്രൂട്ടസിന്‍റെ രീതികളാണ്… നീ കഴിക്കുന്നില്ലേ?” മുറിച്ചെവിയൻ ചോദിച്ചു. രാജുവിനു വിശക്കുന്നുണ്ടായിരുന്നെങ്കിലും ഇല്ലെന്നു നുണ പറഞ്ഞു.

ഓടിപ്പോയ ചെറുനായകളാണ് തിരിച്ചെത്തി എറ്റവും അവസാനം കഴിച്ചത്. എല്ലാവരും എടുത്തു കഴിഞ്ഞപ്പോൾ മുറിച്ചെവിയന്‍റെ ഉത്തരവാദിത്തം ബാക്കിയായി. അവൻ  പൊന്തക്കാടിനരികിൽ ചെന്ന് മൂന്നു പ്രാവശ്യം ഉറക്കെക്കുരച്ചു. അകലെ കുറ്റിക്കാടിളകാൻ തുടങ്ങി. പെൺപട്ടികളുടെ കൂട്ടം പ്രത്യക്ഷപ്പെട്ട് ബാക്കി വന്ന ആഹാരം  പങ്കിട്ടെടുത്തു. അത്രയധികം പെണ്ണുങ്ങളെ രാജു അവിടെ പ്രതീക്ഷിച്ചിരുന്നതേയില്ല. കണ്ണ് ഡെയ്സിയിലേക്കെത്തിയപ്പോൾ മനസ്സൊന്നു പിടച്ചു. കാഴ്ച്ച പറിച്ചെടുത്ത്  തിരിഞ്ഞത് മുറിച്ചെവിയന്‍റെ മുഖത്തേക്ക്.

അന്നുമുഴുവൻ അവൻ മുറിച്ചെവിയന്‍റെ നിഴലായി ചുറ്റിത്തിരിഞ്ഞ് അരുവച്ചാലെന്താണെന്നറിഞ്ഞു.

തെക്ക്, വളക്കമ്പനിയുടെ മതിലു മുതൽ വടക്ക് എം എൽ എ റോഡു വരെ പത്തിരുന്നൂ‍റ്റമ്പത് മീറ്റർ വീതിയിലും അത്ര തന്നെ നീളത്തിലും പരന്നു കിടക്കുന്ന  ചതുപ്പിടമാണത്. അര നൂറ്റാണ്ട് മുമ്പ് സ്ഥലമേറ്റെടുത്ത കമ്പനി എന്തെല്ലാമോ കാരണങ്ങളാ‍ൽ ഇവിടം മാത്രമൊഴിവാക്കി മതിൽ കെട്ടി പ്രവർത്തനം തുടങ്ങിയതിനാൽ  അനാഥമായ നൂറ്റിപ്പതിനാറേക്കറിന് ആരോ കൊടുത്ത പേരാണ് അരുവച്ചാലെന്നത്. ചതുപ്പിനിടയിലെ വളഞ്ഞുകിടക്കുന്ന വരമ്പിന്‍റെ ആകാശക്കാഴ്ച അരിവാൾ  പോലെയാണെന്ന് ആർക്കെങ്കിലും തോന്നിയിരിക്കണം.

 “പട്ടണത്തിൽ നിന്ന് ആദ്യം എത്തിയത് അമീനായിരുന്നു. കൂടെ മറ്റു മൂന്നുപേരും” മുറിച്ചെവിയൻ ആകാശത്തേക്കു നോക്കി. ഓർമ്മകളുടെ നാൾവഴികളിൽ അകലെ  നക്ഷത്രങ്ങൾ തെളിഞ്ഞു മിന്നി.

“ജർമ്മൻ ഷെപ്പേർഡായിരുന്ന് അവൻ. ഞങ്ങൾ കാട്ടുനായ്ക്കൾക്ക് അവനെ കണ്ടിട്ട് കുറേ നാളത്തേക്ക് അത്ഭുതമായിരിന്ന്…“

“എന്നിട്ട് അമീനെവിടെ?” അന്നു രാവിലെ കണ്ടവരിൽ ജർമ്മൻ ഷെപ്പേർഡാരും ഉണ്ടായിരുന്നില്ലെന്ന് രാജുവിനുറപ്പുണ്ട്.

“അതാണ് അരുവച്ചാലിന്‍റെ ചരിത്രം…” മുറിച്ചെവിയൻ മരച്ചുവട്ടിൽ രണ്ടു വേരുകൾക്കിടയിൽ ശരീരം ഇളക്കിയൊതുക്കി കിടന്നു. മുറിച്ചെവിയനിലേക്ക് ചെവികൾ  പടർത്തി രാജു അല്പം മാറിയിരുന്നു. പാളി വീഴുന്ന നിലാവിനു മേലേ നിഴൽ പരത്തുന്ന ഇരുട്ടിൽ, രണ്ടു കണ്ണുകൾക്കപ്പുറം ചരിത്രം തിളങ്ങി.

അതിരിൽ വലിയൊരു പട്ടി വന്നിരിക്കുന്നുവെന്ന് ആദ്യം വിളിച്ചു പറഞ്ഞത് ചുങ്കിരിമാവായിരുന്നു. മുറിച്ചെവിയനന്ന് തീരെ കുഞ്ഞായിരുന്നു.

“എന്‍റപ്പൻ, കറുപ്പനായിരുന്ന് ഞങ്ങൾ കാട്ടുപട്ടിക്കൂ‍ട്ടത്തിന്‍റെ മൂപ്പൻ. ഞങ്ങൾ പതിനൊന്ന് പട്ടികൾ. അതിൽ ആറെണ്ണം കൊടിച്ചി. ഞാനായിരുന്ന് കൂട്ടത്തിൽ ഏറ്റവും  ചെറുത്. ഞങ്ങൾ പിള്ളേർക്ക് കളിക്കാനുള്ള വടക്കേ അതിരായിരുന്ന് ചുങ്കിരിമാവ്. അതിനപ്പുറം പോകാൻ പാടില്ല…” മുറിച്ചെവിയന്‍റെ മുഖത്ത് പ്രകാശം നിറയുന്നത്   ഇരുട്ടിൽ പോലും രാജു കണ്ടു.

ഇതിനെല്ലാം പുറമെയായിരുന്നു കൂട്ടത്തിന്‍റെ നിയമങ്ങൾ. മൂപ്പനുള്ളപ്പോഴും പ്രധാന തീരുമാനങ്ങൾ കൊടിച്ചികളുടെ സംഘമായിരുന്നു എടുത്തിരുന്നത്.

“ചുങ്കിരിമാവ് എന്നോടതു പറഞ്ഞപ്പോൾ ഞാനാദ്യം വിശ്വസിച്ചില്ല. ആ… അത് പറഞ്ഞില്ലല്ലോ… അക്കാലത്ത് മരങ്ങൾക്കെല്ലാം ഞങ്ങളോട് സംസാരിക്കാൻ പറ്റുമായിരുന്ന്…   ഇന്നതൊക്കെ പോയി…” മുറിച്ചെവിയൻ ചുറ്റും നോക്കി. ഭാഷയില്ലാതെ മരങ്ങൾ ഇലകളനക്കി.

അക്കാലത്ത് വടക്കേ ചതുപ്പിൽ മാത്രമായിരുന്നു പട്ടികളുടെ വാസം. തെക്കേ ചതുപ്പു മുഴുവൻ കുറുക്കൻമാരുടേത്. പടിഞ്ഞാറേ ചതുപ്പിൽ മുയലുകളും കാട്ടുകോഴികളും.  കിഴക്കുവശം മുഴുവൻ വെള്ളക്കെട്ടായതിനാൽ അതിൽ കുളക്കോഴികളും കൊക്കും വല്ലപ്പോഴും വരും.

ഓരോ ചതുപ്പിന്‍റേയും അതിരുകൾ നിയതമായിരുന്നു. എപ്പോഴും തെക്കും വടക്കും ചതുപ്പുകൾ തമ്മിൽ പരസ്പരം വേട്ടക്കല്ലാതെ കടന്നുകയറരുതെന്നുളള അലിഖിതമായ  കരാർ നിലനിന്നിരുന്നു. വേട്ടയ്ക്കും ചില നിയമങ്ങളുണ്ട്. ഒരാൾ പിടിച്ച ഇരയിൽ എല്ലാർക്കും തുല്യാവകാശം. കൊടിച്ചികളാണ് ആദ്യം തിന്നുക. പിന്നെ കുട്ടികൾ.  ഏറ്റവും ഒടുവിൽ ആണുങ്ങളും മൂപ്പനും.

ചുങ്കിരിമാവ് വിളിച്ചു പറഞ്ഞതു കേട്ട് മുറിച്ചെവിയൻ ചെന്നു നോക്കുമ്പോൾ അമീനും മൂന്നു കൂട്ടുകാരും അവിടെയുണ്ട്. അമീനെക്കണ്ട് അവൻ ഞെട്ടിപ്പോയി. അത്ര  വലിപ്പമുള്ള പട്ടിയെ അവനാദ്യമായി കാണുകയായിരുന്നു.

“ഞാൻ കുഞ്ഞനല്ലേ. എന്നെക്കണ്ടതും അമീൻ ചിരിച്ച്. ഒടുക്കത്തെ വലുപ്പംന്ന് മനസ്സീ പറഞ്ഞ് ഞാൻ നിൽക്കുമ്പോ അയാളെന്നെ പയ്യെ അടുത്തേക്ക് വിളിച്ച്. അപ്പുറത്ത്  നിന്നിരുന്ന എരുക്ക് എന്നോട് ശബ്ദം താഴ്ത്തി പോകല്ലേ പോകല്ലേന്ന് പറയേം ചെയ്തതാ. അമീൻ അപ്പനെപ്പറ്റിയും അരുവച്ചാലിനെപ്പറ്റീം ചോദിച്ച്. ചുങ്കിരിമാവ് ഒന്നും  പറയണ്ടന്ന് കണ്ണടച്ച് കാണിച്ചതാ. ഞാൻ കേട്ടില്ല”

“അപ്പന്‍റടുത്ത് നാലു പേരേം കൂട്ടി ഞാൻ ചെന്നപ്പോ അമീന്‍റെ വലുപ്പം കണ്ട് അപ്പന്‍റെ കണ്ണു തളളി പൊറത്തേക്കു വരണത് ഞാൻ കണ്ട്. അമീനാണെങ്കി അപ്പനെ  ഞെട്ടിച്ചോണ്ട് തല കുമ്പിട്ട് മോങ്ങാൻ തുടങ്ങി. ഞങ്ങളേം കൂട്ടത്തി കൂട്ടണം, എല്ലാം അനുസരിച്ച് കൂട്ടത്തിന്‍റെ നിയമമനുസരിച്ച് നിന്നോളാന്ന് പറഞ്ഞ് അമീൻ കരഞ്ഞപ്പോ  അപ്പന്‍റെ മനസ്സലിഞ്ഞ്.…“

അമീനും കൂട്ടരും കുറച്ചുനാൾ മറ്റുള്ളവരുടെ കൂടെ വേട്ടക്ക് ചെന്നു. കുഞ്ഞായിരുന്ന മുറിച്ചെവിയൻ പോലും ഓടിച്ചിട്ട് കാട്ടുകോഴിയെ പിടിക്കുമായിരുന്നു. പക്ഷെ  അവന്മാർ പഠിച്ച പണി നോക്കിയിട്ടും ഒരു എറുമ്പിനെപ്പോലും കിട്ടിയില്ല.

“ഒടുവില് കിതച്ചു കുത്തി തിരിച്ചു വരുമ്പോ ഞങ്ങള് പിടിച്ചോണ്ടു വന്ന എന്തേലും കാണും. അതും തിന്ന് അവരുടെ ഭാഷേല് എന്തേലും പറഞ്ഞ് നാലുപേരും രാത്രി  മുഴുവൻ ഉറങ്ങാതിരിക്കും” മുറിച്ചെവിയൻ ചിരിച്ചു. ഇരുട്ടിൽ പല്ലുകൾ തിളങ്ങി.

“ഞങ്ങൾക്കന്ന് മുയലിനെ കിട്ടല് കുറവായിരുന്ന്. മിക്കവാറും കുറുക്കൻമാരാണ് അവറ്റുങ്ങളെ പിടിച്ചോണ്ടിരുന്നത്. അവർക്കതിനെ പിടിക്കാനൊരു വഴക്കമുണ്ട്…”

ആ സമയത്താണ് അമീൻ പുതിയ ഉപായവുമായി മൂപ്പനെ കാണുന്നത്. കുറുക്കൻമാർ ഇല്ലാതായാൽ മുയലുകളുടെ എണ്ണം കൂടും. നായ്ക്കൾക്ക് വേട്ടയാടാൻ  എളുപ്പമാവുമെന്ന്. മൂപ്പൻ സമ്മതിച്ചില്ല. കൊടിച്ചികൾ ഒട്ടും സമ്മതിച്ചില്ല. കാടിന്‍റെ നിയമത്തിൽ എല്ലാവർക്കും ഒരേ അവകാശമാണെന്നത് ആർക്കാണ് നിഷേധിക്കാൻ  കഴിയുക.

അമീനും കൂട്ടരും മൂപ്പനെ അവഗണിച്ച് കുറുക്കൻമാരെ ആക്രമിക്കാൻ തുടങ്ങി. കണ്ടയിടം ആക്രമിച്ച് കടിച്ചുകൊല്ലും. വലുപ്പം കൊണ്ട് ഒറ്റക്ക് അവരെ വെല്ലാൻ  പറ്റാണ്ടായപ്പോൾ കുറുക്കൻമാരും കൂട്ടംകൂടി തിരിച്ചടിക്കാൻ തുടങ്ങി. കാട്ടുനായ്ക്കൾക്ക് തീറ്റക്കായുള്ള വേട്ടക്കപ്പുറം പോരാടാൻ അറിയാത്ത കാലം. കൂട്ടംകൂടി  കുറുക്കൻമാർ ആക്രമിച്ചപ്പോൾ ചെമ്പനും കൊടിച്ചി കറുത്തയും കടികൊണ്ട് ചത്തു.

മൂപ്പനും കൊടിച്ചികളും ഒറ്റക്കെട്ടായി പലപ്രാവശ്യം എല്ലാം നിറുത്താൻ പറഞ്ഞു നോക്കി. ആരും ചെവി കൊടുത്തില്ല. അക്കാലം വരെ കാട്ടുനായ്ക്കളൊരിക്കലും  തിന്നാനല്ലാതെ കൊന്നിട്ടില്ല. അതിനാണ് മാറ്റം വരുന്നത്. ഒപ്പം കൊടിച്ചികളുടെ തീരുമാനമാണ് കൂട്ടത്തിന്‍റെ തീരുമാനം എന്ന നിയമത്തിനും.

അമീനാണ് ആൾബലം കൂട്ടാതെ രക്ഷയില്ലെന്ന് മൂപ്പനോടു പറഞ്ഞത്. എല്ലാവരും അനുകൂലിച്ചപ്പോൾ മൂപ്പനും സമ്മതിച്ചു.

“ഞാൻ ചുങ്കിരിയോട് എല്ലാ കാര്യോം പറയാന്നു കരുതി ചെന്നപ്പോ വെറും മരം മാത്രമായി അവള് കാറ്റിലാടി നിന്ന്. എരുക്ക് മാത്രം ഒന്നും വേണ്ടാന്ന് ഞാനന്നേ

പറഞ്ഞതല്ലേ എന്നു ചോദിച്ച്. പിന്നീടൊരിക്കലും അവരൊരു വാക്കു പോലും മിണ്ടീട്ടില്ല. ഞാനെന്ത് തെറ്റാണു ചെയ്തതെന്ന് എനിക്ക് മനസ്സിലായില്ല… എനിക്ക് സങ്കടം  വന്ന്…“ മുറിച്ചെവിയന്‍റെ ശബ്ദം പതറി.

ആളെക്കൂ‍ട്ടാനായി അമീൻ പോയി തിരിച്ചെത്തിയത് പത്തിരുപത് തെരുവുപട്ടികളേയും കൊണ്ടാണ്.

“ഇപ്പ ഇവിടെ കാണണ പോലെയേ അല്ല. അന്നൊക്കെ ഇവന്മാർ ഒരനുസരണേം ഇല്ലാത്ത കൂട്ടമായിരുന്ന്. എല്ലാവരും കൂടി അപ്പനെ വന്നു കണ്ടപ്പോ അപ്പനാദ്യം ആരേം  ഇഷ്ടമായില്ല. എണ്ണോം വലുപ്പോം കൂടുതലായതു കൊണ്ട് ഒന്നും മിണ്ടാതിരുന്നതാവണം. കൊടിച്ചികൾ എല്ലാം കൂട്ടമായി എതിർത്തിട്ടും അവർ പോയില്ല. അപ്പന്‍റെ മൗനവും  ഞങ്ങൾ ആണുങ്ങളുടെ ആവേശവും ചേർന്നപ്പോ അമീന്‍റെ സംഘം ചതുപ്പിൽ കാലുറപ്പിച്ച്.”

പിന്നീടുള്ള ദിവസങ്ങൾ ആക്രമണങ്ങളുടേതായിരുന്നു. കുറുക്കൻമാരെ ഒന്നൊഴിയാതെ കൊന്നു തീർത്ത് തെക്കേ ചതുപ്പ് അമീനും സംഘവും പിടിച്ചു. അതവരുടെ  രാജ്യമായി.

അമീൻ പറഞ്ഞത് പോലെ ഒരു കൊല്ലത്തിനുള്ളിൽ മുയലുകൾ പെറ്റുപെരുകാൻ തുടങ്ങി. വലിയ പണിയില്ലാതെ മുയൽവേട്ട സാധിച്ചതോടെ ചതുപ്പുതേടി, അവിടുത്തെ  തീറ്റ തേടി തെരുവുനായ്ക്കളുടെ അടുത്ത സംഘമെത്തി. അക്കൂട്ടത്തിലാണ് ബ്രൂട്ടസ് വന്നത്. അസാമാന്യ ബുദ്ധിയായിരുന്നു അവന്. ആദ്യമാസം തന്നെ അവൻ അമീന്‍റെ  വലംകൈയ്യായി.

“അപ്പനാണെങ്കിൽ വയസ്സായി. അടുത്ത മൂപ്പൻ ഞാനാണ്ന്ന് എനിക്കറിയാമായിരുന്നു. ആദ്യം മുതലേ എനിക്കു പക്ഷെ അമീനെ പേടിയായിരുന്നു. അമീനെ മാത്രമല്ല  എന്തിനേം. കാട്ടുനായ്ക്കളിൽ ഒരിക്കലും കാണാത്ത സ്വഭാവം എനിക്കു മാത്രമായി എങ്ങിനെ കിട്ടിയെന്ന് പലപ്പോഴും ഞാൻ സങ്കടപ്പെട്ടിട്ടുണ്ട്…”

ആയിടക്കാണ് എം എൽ എ റോഡിന്‍റെ പണി തുടങ്ങുന്നത്. അളവെടുപ്പു കഴിഞ്ഞപ്പോൾ, റോഡു വന്നാൽ ചതുപ്പുതന്നെ ഇല്ലാതാവുമെന്ന് ആരോ പറഞ്ഞു പരത്തി.  ബ്രൂട്ടസായിരുന്നു അതിനു പുറകിൽ. പിറ്റേന്ന്, അമീന്‍റെ നേതൃത്വത്തിൽ പട്ടികൾ പണിക്കാരെ കടിച്ചോടിച്ചു. മനുഷ്യർ കൂട്ടത്തോടെ ഇളകിയെത്തി. കൃത്യസമയത്ത് അമീനെ  മുൻനിരയിൽ പെടുത്തി ബ്രൂട്ടസ് പിന്നിലേക്ക് മാറി. ആളുകൾക്കിടയിൽ കുടുങ്ങിയ അമീനെ അവർ തല്ലി നടുവൊടിച്ചു. അകലെ നിന്ന് മുറിച്ചെവിയൻ മാത്രം എല്ലാം  കാണുന്നുണ്ടായിരുന്നു.

“ചതിയനാണവൻ… നമ്മൾ കഴിക്കണതിനു മുമ്പ് കുറച്ചു തീറ്റ കൊണ്ടോയത് കണ്ടോ. തെക്കേ മൂലക്ക് കിടപ്പായ അമീന് കൊടുക്കാനാണത്…“

പൂർവികരോടുള്ള നന്ദിപ്രകാശനത്തിന്‍റെ പേരിൽ ചതുപ്പിന്‍റെ എല്ലാ പാരമ്പര്യവും തന്നിലേക്കൊഴുക്കി നിർത്തുകയായിരുന്നു ബ്രൂട്ടസ്.

“പിന്നീട് ബ്രൂട്ടസിന്‍റെ ഭരണമായിരുന്ന്. അവൻ ഇവിടെ വരണതിനു മുൻപേ മനുഷ്യൻ അവനെ വന്ധ്യംകരിച്ചതാണ്. അതു കൊണ്ടു തന്നെ അവനിണ വേണ്ട… അധികാരം  മാത്രം മതി…“

അമീനെ ഒതുക്കാനുള്ള ആവശ്യം കഴിഞ്ഞതോടെ ബ്രൂട്ടസിന്‍റെ തനിനിറം കാണാൻ തുടങ്ങി. അച്ചടക്കം എന്നതാണ് കൂട്ടത്തിന്‍റെ ലക്ഷ്യം എന്നവൻ പ്രഖ്യാപിച്ചു.

“അമീൻ എല്ലാത്തിനും മുന്നിൽ നിന്നു നയിച്ചുവെങ്കിൽ ബ്രൂട്ടസ് നേരെ തിരിച്ചായിരുന്നു. ദിവസത്തിൽ രണ്ടു നേരം മാത്രം ആളുകൾക്കിടയിൽ പ്രത്യക്ഷപ്പെടും. അതിനും

കൃത്യമായ സമയക്രമം. അവിടെ എല്ലാവരും ഉണ്ടാകണമെന്ന ശാസനം. എല്ലാം നടപ്പിലാകാൻ കങ്കാണിമാരായി നാലഞ്ച് വേട്ടനായ്ക്കളും. അവനെയെതിർക്കാൻ ഒരാൾക്കും  പറ്റാത്ത വിധത്തിൽ എന്തോ ഒന്ന് അവനു ചുറ്റും വിളങ്ങി നിന്നു.

എല്ലാത്തിനും കൃത്യതയായിരുന്നു അവന്‍റെ രീതി. അമീൻ വീണു കഴിഞ്ഞപ്പോൾ അവൻ റോഡുപണിക്കെതിരല്ലാതായി. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും പണി  തീർന്ന് റോഡിലൂടെ കമ്പനിക്കാർ സഞ്ചാരവും തുടങ്ങി.

നായ്ക്കളുടെ എണ്ണം കൂടി മുയലുകളുടെ എണ്ണം കുറഞ്ഞു തുടങ്ങിയപ്പോഴാണ് ബ്രൂട്ടസിന്‍റെ ഭക്ഷണശാസനം വരുന്നത്. ദിവസത്തിൽ ഒറ്റത്തവണ മാത്രം അവൻ വേട്ടയാക്കി. ജോലിക്കു പോകുന്നവർ വലിച്ചെറിയുന്ന അവശിഷ്ടങ്ങളാവണം ബാക്കി തീറ്റ എന്നായി ഉത്തരവ്. കാലങ്ങളായി മനുഷ്യർ നമ്മെ ഉപയോഗിച്ചു. ഇനിയവരെ നമ്മൾ  ഉപയോഗിക്കണമെന്നായിരുന്നു തീരുമാനം. അതിന് പട്ടാളച്ചിട്ടയിലുള്ള ചടങ്ങുകളും അവനുണ്ടാക്കി.

ബ്രൂട്ടസ് എന്തുത്തരവിറക്കിയാലും അണുവിട തെറ്റാതെ പാലിക്കുന്നവരായി എല്ലാവരും. ഒരാളെങ്കിലും അവനെതിരെ മുറുമുറുത്താൽ മറ്റുള്ളവർ കഥ കഴിക്കുമെന്ന  അവസ്ഥയായി.

പാലിക്കാൻ ഏറ്റവും ഭാരമുള്ള ഉത്തരവ് അടുത്തതായിരുന്നു. കന്നിമാസത്തിൽ പോലും തിരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രമായി ഇണചേരൽ നിജപ്പെടുത്തപ്പെട്ടു.  ജനനനിയന്ത്രണത്തിനുവേണ്ടി മാത്രമായിരുന്നില്ല, പെണ്ണുങ്ങൾ ഈ സമയത്ത് ആണുങ്ങളെ സ്വാധീനിച്ച് ഏറെക്കാര്യങ്ങൾ നേടിയെടുക്കുന്നത് ഒഴിവാക്കാൻ കൂടിയായിരുന്നു  പുതിയ നിയമം. അവർക്കു മാത്രമായി തെക്കേ ചതുപ്പിൽ പ്രത്യേക ഇടവും തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമായി പ്രണയവേളകളും അനുവദിക്കപ്പെട്ടു.

“അമീൻ നാട്ടുനായാണേലും പോരാളിയായിരുന്ന്. നായകൾക്കുള്ള എല്ലാ സ്വഭാവങ്ങളും ഉള്ളവൻ. അന്നിവിടെ എല്ലാർക്കും കന്നിമാസമായാൽ കയറൂരി വിട്ട പ്രാന്താണ്.  എല്ലാരും പെണ്ണിനെ തേടി നെട്ടോട്ടമോടും.. എല്ലാത്തിനും അനുവദിച്ച് അമീനും… പുതിയ ഉത്തരവ് വന്നപ്പോൾ ഭയങ്കര എതിർപ്പായിരിക്കുമെന്നാണ് ഞാൻ കരുതിയത്.  ഒന്നും സംഭവിച്ചില്ല”

അതിനിടയിൽ നിയമം ലംഘിച്ച കൊടിച്ചി ചെവിമടങ്ങിക്ക് വയറ്റിലായി. വിവരമറിഞ്ഞെത്തിയ ബ്രൂട്ടസും സംഘവും അവളെ ആക്രമിച്ചു. ഇനിയുമിത് സഹിക്കാനാവില്ല  എന്നുറപ്പിച്ച് കാട്ടുനായ്ക്കൾ ഒറ്റക്കെട്ടായി അതിനെ ചെറുത്തു. മൂപ്പനടക്കം എട്ടുപേരാണ് ആ പോരാട്ടത്തിൽ ചത്തത്. അനുസരണയുള്ള മുറിച്ചെവിയനെ മാത്രം അവർ  ബാക്കി വച്ചു. കൂട്ടത്തിന്‍റെ ആചാരക്രമങ്ങൾ നിർവഹിക്കാൻ ആദിമതയുടെ തെളിവായി ഒരാൾ.

ചെറുതായി കാറ്റു വീശുന്നുണ്ട്. മരങ്ങൾ എന്തെങ്കിലും പറയുന്നുണ്ടോ എന്നറിയാൻ രാജു ചെവിയോർത്തു. ചീവീടുകൾ മൂളിയാർക്കുന്നുണ്ട്. ചില്ലകളിളകുന്ന,   ഇലയനങ്ങുന്ന ശബ്ദം മാത്രം. അതിനൊരു ഭാഷ കണ്ടെത്തണം. ഒരിക്കൽ അവർ സംസാരിക്കുന്ന കാലം തിരിച്ചെത്തുമെന്ന് അവനു തോന്നി.

മുറിച്ചെവിയൻ ആകാശത്തേക്കു നോക്കി. മുഴുവൻ നക്ഷത്രങ്ങളും മാഞ്ഞിരിക്കുന്നു. രാജുവും മുകളിലേക്ക് നോക്കി. അവസാന പ്രതീക്ഷ പോലെ ചില്ലകൾക്കിടയിൽ ഒരു  നക്ഷത്രം അവനെ മാത്രം നോക്കി കണ്ണു ചിമ്മി. കുറച്ചു നേരം കൂടി അവർ ആകാശം നോക്കി കിടന്നു. എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേന്നു രാവിലെ അവനേയും കൂട്ടി മുറിച്ചെവിയൻ നേരെ പോയത് തെക്കേച്ചതുപ്പിലേക്കാണ്. അമീനെ കാണാൻ. പോകുന്ന വഴിക്ക് എതിരേ ഡെയ്സി വരുന്നു.

മുറിച്ചെവിയൻ രാജുവിനെ പാളി നോക്കി. അവൻ നിലത്തു നോക്കിത്തന്നെ നടക്കുകയാണ്. ഡെയ്സി അടുത്തെത്തി.

“നിന്നോട് ഞാൻ പറഞ്ഞതല്ലേ. ഇങ്ങനെ ഇറങ്ങി നടക്കണ്ടാന്ന്. ചുറ്റുമുള്ള കാറ്റിനു വരെ കാതുള്ള കാലമാണ്. സൂക്ഷിച്ചാ നിങ്ങൾക്കു കൊള്ളാം” രണ്ടുപേരോടുമായി  അൽപം ശബ്ദമുയർത്തിത്തന്നെ പറഞ്ഞ് മുറിച്ചെവിയൻ മുന്നോട്ടു നടന്നു.

“എന്നെക്കൊണ്ട് സൌകര്യമില്ല… അനുസരിക്കാൻ…” ഡെയ്സി രാജുവിനെത്തന്നെ നോക്കിക്കൊണ്ട് മറുപടി പറഞ്ഞു

രാജു അവിടെ നിന്നു. ഡെയ്സി അടുത്തെത്തി ചേർന്നു നിന്നു. ഇണയുടെ ഗന്ധം തലച്ചോറിൽ അനക്കമുണ്ടാക്കും മുൻപേ എല്ലാം കുടഞ്ഞെറിഞ്ഞ് രാജു മുന്നോട്ടോടി.  മുറിച്ചെവിയൻ മിണ്ടാതെ കൂടെയോടി.

അവർ ചെല്ലുമ്പോൾ അമീൻ വേദനകൊണ്ട് പുളയുകയായിരുന്നു. ചീഞ്ഞളിഞ്ഞ ഭക്ഷണം ചുറ്റും ചിതറിക്കിടക്കുന്നു. മുറിച്ചെവിയൻ അവിടം വൃത്തിയാക്കാൻ തുടങ്ങി.  രാജുവും കൂടെക്കൂടി. അമീൻ അവരെ ഒന്നു നോക്കി മുൻ കാലിലിഴഞ്ഞ് അകലെ മാറിക്കിടന്നു. എന്തെങ്കിലും പറയുമെന്നാണ് രാജു കരുതിയത്. ഒന്നുമുണ്ടായില്ല. തിരിച്ചു  പോരുമ്പോൾ കലങ്ങിയ മനസ്സോടെ രാജു മുറിച്ചെവിയനെ നോക്കി. അവന്‍റെ ചുണ്ടിൽ പുഞ്ചിരി പുറത്തു വരാൻ വെമ്പി നിൽക്കുന്നു.

“അധികം നാളിനി ബാക്കിയില്ല” അവൻ പറഞ്ഞു.

ദിവസങ്ങൾ അച്ചടക്കത്തോടെ നീങ്ങി. അതിനിടയിൽ ഒരിക്കൽ മുറിച്ചെവിയൻ ബ്രൂട്ടസിന്‍റെ അപ്രീതിക്ക് പാത്രമായി. അമീൻ മരിച്ച ദിവസമായിരുന്നു അത്.  തീറ്റയുമായിപ്പോയ ചെറുനായ, ചത്തുകിടക്കുന്ന അമീനെക്കണ്ട് തിരിച്ചെത്താൻ വൈകിയതറിയാതെ ആണുങ്ങൾ കഴിച്ചു തീർന്നുവെന്നു കരുതി മുറിച്ചെവിയൻ കുരച്ചു.  തുടർന്ന് പെണ്ണുങ്ങൾ വരികയും ആണും പെണ്ണും ഇടകലർന്ന് കഴിക്കേണ്ടി വരികയും ചെയ്തു.

ശിക്ഷ ഉടൻ നടപ്പിലായി. കാലിൽ കടിയേറ്റ് എല്ലു പൊട്ടിക്കിടന്ന മുറിച്ചെവിയനെ രാജുവാണ് ശുശ്രൂഷിച്ചത്.

അരുവച്ചാലിലെത്തി പിറ്റേന്നു മുതൽ രാജുവിനെത്തേടി എന്നും ഡെയ്സി വരാറുണ്ടായിരുന്നു. ഓരോ തവണയും പിടിച്ചുലക്കുന്ന പ്രലോഭനത്തെ പറിച്ചെറിഞ്ഞ് അവൻ  ഒഴിഞ്ഞുമാറുകയായിരുന്നു. എത്ര കാലമാണ് ശരീരത്തിന്‍റെ ഓരോ അണുവിലുമുള്ള ചോദനയെ തടഞ്ഞു നിർത്താൻ കഴിയുക. പ്രത്യേകിച്ചും സുഖകരമായ ഈ  പ്രലോഭനത്തിന്‍റെ സാന്നിധ്യത്തിൽ.

മുറിച്ചെവിയനെ ശുശ്രൂഷിക്കാൻ നിന്ന ദിവസങ്ങളിലൊന്നിലാണ് അതു സംഭവിച്ചത്. പ്രകൃതി അതിന്‍റെ എല്ലാ സാധ്യതകളും അണിയിച്ചൊരുക്കി അവർക്കായി  പൂത്തൊരുക്കി കന്നിമാസം നിർത്തിയിരുന്നു. അവളിൽ ഭൂമി ഇളകി മറിഞ്ഞു കിടന്നു. അവനാകട്ടെ അതുഴുതുമറിക്കാൻ തയ്യാറായ അവസ്ഥയിലും. ആദിമമായ ഒരു ഗന്ധം  അവർക്കിടയിൽ നിറഞ്ഞു. മൂക്കു തുറന്ന് അവനത് ഉള്ളിലേക്കെടുത്തു. രക്തം കുതിച്ചൊഴുകാൻ തുടങ്ങുകയാണ്. ചുറ്റും നിറയുന്ന കാടിന്‍റെ വന്യത. വേഗം… വേഗം…  പ്രകൃതി ആർത്തുവിളിക്കുന്നു. രാജുവിന്‍റെ അരക്കെട്ട് അവനറിയാതെ വിറകൊള്ളാൻ തുടങ്ങി. അരുവച്ചാലും ബ്രൂട്ടസിന്‍റെ നിയമങ്ങളും ജീവിത നഷ്ടങ്ങളുമെല്ലാം  മറയുകയാണ്. ഒന്നു മാത്രമാണ് ചുറ്റും. ഇണയുടെ സാന്നിദ്ധ്യം, ഗന്ധം, സ്പർശം. അതിലേക്കലിയാൻ ലക്ഷ്യമെടുത്ത് അവന്‍റെ ജീവൻ.

ഉറക്കെയുള്ള ഒറ്റക്കുരയിൽ ഡെയ്സി പിടഞ്ഞു. ഞെട്ടലിൽ അവളിലെ ഇണ തണുത്തുറഞ്ഞു പോയി.

ആദ്യത്തെ കടി രാജുവിന്‍റെ കഴുത്തിനു പിന്നിലാണു വീണത്. ഉടൽ വേർപെട്ട് അവർ രണ്ടുപേരും അരികിലെ പൊന്തയിലേക്ക് മറിഞ്ഞു വീണു. പിടഞ്ഞെണീറ്റ് രാജു  ചുറ്റും നോക്കി. മൂന്നു വേട്ടപ്പട്ടികളും തനിക്കു ചുറ്റുമുണ്ട്. അൽപ്പമകലെ തന്നിലേക്കുറച്ച കണ്ണുകളുമായി ബ്രൂട്ടസ്. നിയമ ലംഘനത്തിനുള്ള ശിക്ഷ വിധിക്കപ്പെട്ടുവെന്ന്  അവനുറപ്പായി.

ഡെയ്സിക്ക് അതിനു മുൻപേ കാര്യം പിടികിട്ടിയിരുന്നു. രാജുവിനു നേരെ കുതിച്ച രണ്ടാമത്തെ വേട്ടപ്പട്ടിയെ അവൾ പുറകിൽ നിന്ന് സർവ്വശക്തിയുമെടുത്താക്രമിച്ചു  ആക്രമണത്തിൽ അവൻ ഉലഞ്ഞു പോയി.

രാജുവും ഡെയ്സിയുടെ ആ നീക്കം പ്രതീക്ഷിച്ചില്ല. അവനിലെ സാത്വികനും കാമുകനും ആ നിമിഷത്തിൽ മറഞ്ഞു പോയി. പരമപൂർവ്വികനായ ചെമ്പൻ ചെന്നായ അവനെ  ആവേശിച്ചു. കോമ്പല്ലുകൾ പുറത്തേക്ക് തുറിച്ചിറങ്ങുന്നത് അവനറിഞ്ഞു. ഉറക്കെ ആക്രോശിച്ച് മുന്നിൽ നിന്ന വേട്ടപ്പട്ടിയെ അവനും കടന്നാക്രമിച്ചു.

ഉറക്കെയുള്ള കുരയും ബഹളവും കേട്ട് മൂന്നു കാലിൽ ഏന്തി വലിഞ്ഞാണ് മുറിച്ചെവിയൻ എത്തിയത്. അടുത്തേക്കു വരരുതെന്ന് ബ്രൂട്ടസ് ഒരു കണ്ണനക്കത്തിൽ അവനെ  വിലക്കി. ശിക്ഷ നടപ്പിലാക്കപ്പെടുകയാണെന്ന് മുറിച്ചെവിയനു മനസ്സിലായി.

അകലെ, രാജുവിന്‍റേയും ഡെയ്സിയുടേയും പ്രതിരോധം തോറ്റു തുടങ്ങിയിരുന്നു. വേട്ടപ്പട്ടികൾ അഞ്ചു പേരും ചേർന്ന് തലങ്ങും വിലങ്ങും കടിച്ചു കുടയുകയാണ്.  അവളാണെങ്കിൽ അണുവിട വിട്ടുകൊടുക്കാതെ തിരിച്ചാക്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. തളർന്നു തുടങ്ങിയ രാജുവിന്‍റെ ഉടൽ നിറയെ ചുവപ്പു നക്ഷത്രങ്ങൾ വിരിഞ്ഞു  നിൽക്കുന്നു.

നിയമലംഘനത്തിനുള്ള ശിക്ഷ നടപ്പാക്കുന്നത് കാണാൻ ചുറ്റും ചതുപ്പിലെ ആണുങ്ങളെല്ലാം കൂടിയിട്ടുണ്ട്. ഓരോ കടി കൊള്ളൂമ്പോഴും അവർ ആർപ്പുവിളിച്ചു.

ബ്രൂട്ടസിന്‍റെ ആജ്ഞയിൽ ഒരു നിമിഷം നിന്നു പോയ മുറിച്ചെവിയൻ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് രണ്ടും കൽപ്പിച്ച് മുന്നോട്ടു കുതിച്ചു.  ജീവിതത്തിൽ ആദ്യമായി  ഭയം അവനെ ബാധിക്കാതെ മാറി നിന്നു. അവൻ പൊന്തക്കരികിൽ പാഞ്ഞെത്തി, മുഖമുയർത്തി തെക്കോട്ടു നോക്കി ആരോടെന്നില്ലാതെ ഉറക്കെ കുരക്കാൻ തുടങ്ങി.

ബ്രൂട്ടസ് നിന്നിടത്തു നിന്നിളകി ഒന്നു കുരച്ചു. അതിൽ അടങ്ങിയ ആജ്ഞയിൽ വേട്ടപ്പട്ടികളിലൊരാൾ മുറിച്ചെവിയനു നേരെ തിരിഞ്ഞു. കടിയേറ്റ് പുളയുമ്പോഴും ലക്ഷ്യം  വിടാതെ മുറിച്ചെവിയൻ ഉറക്കെ കുരച്ചുകൊണ്ടിരുന്നു.

അകലെ പൊന്തക്കാടിളകാൻ തുടങ്ങി. ഒരാരവം തെക്കേ ചതുപ്പിൽ തുടങ്ങി അടുത്തടുത്തു വന്നു.

ബ്രൂട്ടസിനും വേട്ടപ്പട്ടികൾക്കും ആൾക്കൂട്ടത്തിനും തിരിച്ചറിവുണ്ടാകുന്നതിനു മുൻപേ പെണ്ണുങ്ങളുടെ സംഘം അവിടേക്ക് കുതിച്ചിറങ്ങി. പൊടുന്നനെയുള്ള ആക്രമണത്തിൽ  ബ്രൂട്ടസ് വീണു പോയി. കടികൊണ്ട് വേട്ടപ്പട്ടികൾ മോങ്ങി ഓടി രക്ഷപ്പെട്ടു. പുരുഷാരം പെണ്‍പടയുടെ ശൌര്യം കണ്ട് അല്‍പം ഭയത്തോടെ പിന്നോട്ടു മാറി.

വീണു കിടന്ന ബ്രൂട്ടസിന്‍റെ അടുത്ത് മുറിച്ചെവിയന്‍ ചെന്നു. അല്‍പം ജീവന്‍ ബാക്കിയുണ്ട്. ബ്രൂട്ടസ് കണ്ണു തുറന്ന് ദയനീയമായി അവനെ നോക്കി. അകലെ നിന്ന്  ചുങ്കിരിമാവ് “കൊല്ലവനെ” എന്നുറക്കെ വിളിച്ചു പറഞ്ഞു. മുറിച്ചെവിയന്‍ തലയുയര്‍ത്തി എല്ലാവരേയും ഒന്നു നോക്കി. എരുക്ക് ചില്ലയാട്ടി സമ്മതം കൊടുത്തു.  ഒന്നാലോചിച്ച്,  തീരുമാനിച്ചുറപ്പിച്ച്,  ഏതോ ആചാരത്തിന്‍റെ അവസാനത്തെ ആവിഷ്കാരം പോലെ അവന്‍ ബ്രൂട്ടസിന്‍റെ കഴുത്തില്‍ പല്ലുകളാഴ്ത്തി. മനസ്സില്‍ പിതാവിന്‍റെ,   ചെമ്പന്‍റെ,  കറുത്തയുടെ,  കൂടാതെ അറ്റുപോയ തന്‍റെ തലമുറയുടെ മുഴുവന്‍ മുഖങ്ങളും തെളിഞ്ഞു.

ഒറ്റപ്പിടച്ചിലില്‍ എല്ലാം ഒടുങ്ങിയെന്നുറപ്പാക്കി അവന്‍ തലയുയര്‍ത്തി. ശരീരം വില്ലുപോലെ വളച്ച് തെളിഞ്ഞ ആകാശം നോക്കി നീട്ടി ഓരിയിട്ടു.

Comments

comments