തോന്നലുകളുടെ മരണം

 ചില ദിവസങ്ങൾ
 അതേ പോലെ ആവർത്തിക്കുന്നില്ലേ....
 ചില സന്ദർഭങ്ങളും.
 
 ഇപ്പോൾ എന്നെ നീ തൊടുന്നില്ലേ,
 അപ്പൊഴും നീ തൊട്ടിരുന്നു.
 ഇതാ നീ ചിരിക്കുന്നു,
 ശരിക്കും അന്നു ചിരിച്ച പോലെ
 നമ്മുടെ ഉടുപ്പുകളുടെ നിറങ്ങളും
 ഇതായിരുന്നു.
 
 സ്വപ്നത്തിൽ നിന്നോർത്തെടുത്ത പോലെ
 അല്ലെങ്കിൽ കഴിഞ്ഞ ജന്മത്തിൽ നിന്ന്
 നീണ്ടു വരുന്ന പോലത്തെ നേരങ്ങൾ,
 അതൊന്നുമല്ലാത്ത കടലുകൾ !
 
 എവിടെയും നമ്മൾ മുമ്പ് കണ്ടിരിക്കില്ല
 അത്തരത്തിലൊന്നും നടന്നിരിക്കില്ല
 എങ്കിലും നടന്ന പോലെ നമ്മൾ ആശ്വസിക്കുന്നു.
********************       ************************ 
 ഉയിര്

 ഞാനറിഞ്ഞു,
 എന്റെ തല ഇപ്പോൾ
 ഒറ്റ നോട്ടത്തിൽ ഒരു തലയോട്ടി പോലെന്ന്!
 കാടകത്ത് ഒത്ത ചില്ലയിൽ 
 ഞാൻ തൂങ്ങിയാടുമ്പോൾ
 എവനോ തൂങ്ങി മരിച്ചതാണെന്ന് കരുതുന്നൂ
 കാടു കാണാൻ വന്നവർ
 
 പുഴമ്പള്ളയിൽ,
 മരക്കുറ്റിയിൽ ,
 തലചായ്ച്ചു കിടക്കും ഞാൻ
 പണ്ടെങ്ങോ 
 അറുത്തെറിഞ്ഞതാണെന്ന് കണ്ട്
 വീണ്ടും കടന്നു പോകുന്നുണ്ടവർ
 
 എന്റെ തല ഇപ്പോൾ
 ഒരു തലയോട്ടി തന്നെയാണ്
 മൂക്കിലൂടെ പൂമണം കയറുന്നതും
 നാവിലൊരു നാവ് തിരയുന്നതും
 വെറും കാറ്റ് ഉള്ളിലൂടൊഴിഞ്ഞു പോണ പോലെ...

 എന്റെ ഉമ്മകൾ
 ഏതോ ശിലായുധം കൊണ്ട പോലെയും

 കൂട്ടവെടി കേട്ടിട്ടും
 എല്ലോരുമൊഴിഞ്ഞിട്ടും
 ഞാൻ കാടിറങ്ങിയില്ല.
 നിൽക്കാനോ പോകാനോ വരട്ടെ
 എനിക്കിപ്പോൾ ഉയിരുണ്ടോ
 എന്നാദ്യമറിയട്ടെ...! 
******************************** ******************************
 
 തൂക്കിലേറ്റപ്പെടും മുമ്പ്

 തൂക്കിലേറ്റപ്പെടും മുമ്പ്
 അവസാനത്തെ ആഗ്രഹമായി
 ഞാൻ ചോദിച്ചത്
 ഒറ്റയ്ക്ക്, ഒരു ദിവസത്തെ നടത്തമാണ്

 പക്ഷെ, ജീവിതത്തിലൊരു ദിവസം
 കൂട്ടാനോ കുറയ്ക്കാനോ
 കഴിയില്ലെന്ന് അവർ
 തീർത്തു പറഞ്ഞു കളഞ്ഞു.

 ജയിൽ വളപ്പിലെന്റെ
 ചിരിക്കുന്ന മന്ദാരമുണ്ട് 
 ഞാൻ എണ്ണമെഴുക്കു കൊണ്ട്
 തലയടയാളപ്പെടുത്തിയ ചുവരും
 അരുമയും ശാന്തനുമായ ഒരു നായയുമുണ്ട്.

 അതൊക്കെച്ചൂണ്ടി
 ഇവിടെയൊക്കെ നടന്നാപ്പോരേ
 എന്നവർ ബുദ്ധിപൂർവം ചോദിച്ചിരുന്നു.

 എന്നിട്ടും എനിക്ക് പുറത്തിറങ്ങണമായിരുന്നു!

 പെരുവഴിയിൽ,
 ഓടിയാൽ എറിയാൻ പാകത്തിന്
 സദാ രണ്ട് ലാത്തികൾ
 എന്റെ കാൽ വണ്ണ നക്കി.

 ആ മുളവടികൾക്ക് എന്നോടുള്ള ഇഷ്ടം
 വെയിലു പോലെ കടഞ്ഞപ്പോൾ
 ഒരു ചായക്കടയിലേക്ക്
 കയറിയിരുന്ന് കിതച്ചു ഞാൻ.

 എന്റെ കാവൽക്കാരുടെ അന്തം പോയി:
 ആ ചുമരിലും എന്റെ തല
 മെഴുക്കു കൊണ്ട് 
 പണ്ടേ അടയാളപ്പെട്ടിരുന്നത് കണ്ട്,
 അരികുവശത്തൊരു വിതുമ്മുന്ന
 മന്ദാരമരത്തെക്കണ്ട്,
 ടാറുരുകിയ റോഡരികിൽ
 എന്നെ കാത്ത് നിൽക്കുന്ന
 പേപിടിച്ച നായയെക്കണ്ട്! 
************************************************************************

Comments

comments