കേരളത്തിലെ സാഹിത്യ- സാമൂഹിക എഴുത്ത് മേഖലയിലെ ഒരു വിജ്ഞാനശാഖയാണ് ദളിത് ആത്മകഥകളും ജീവചരിത്രങ്ങളും. ലോക്ക് ഡൗൺമൂലം പ്രകാശനം നീട്ടി വെച്ചിരിക്കുന്ന പ്രൊ. എം. കുഞ്ഞാമ്മന്‍റെ ആത്മകഥാപരമായ കൃതി “ഞാൻ കുഞ്ഞാമ്മൻ: അതിജീവന കുറിപ്പുകൾ” എന്ന പുസ്തകമാണ് ഈ ധാരയിൽ ഇനി കണ്ണിയാകാൻ പോകുന്നത്. കെ. കണ്ണൻ എഡിറ്റ് ചെയ്യ്ത ഈ പുസ്തകത്തിലെ ചില ഭാഗങ്ങൾ പ്രകാശനത്തിന് മുന്നോടിയായി പച്ചക്കുതിര മാസികയിൽ (ഏപ്രിൽ- മെയ് 2020: 22-31) അച്ചടിച്ചുവരികയുണ്ടായി. ഇതിന് തൊട്ട്മുൻപ് മാധ്യമം വാരികയിൽ കെ. കെ. കൊച്ച് തുടർച്ചയായി എഴുതിയിരുന്ന ആത്മകഥ 2019-ൽ ഡി. സി ബുക്‌സ് ‘ദളിതൻ’ (2019) എന്ന പേരിൽ പ്രസിദ്ധികരിച്ചിരുന്നു. മുഖ്യധാരാ മലയാളം പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ച് വന്നിരുന്ന ദളിത് ജീവിതാഖ്യാനങ്ങൾ നന്നേ കുറവാണെങ്കിലും അധിനിവേശകാലം മുതലേ ദളിതർ അവരുടെ ജീവിതത്തെ എഴുത്തധികാരത്തിന്‍റെ സഹായത്തോടുകൂടി പൊതുജനമധ്യത്തിൽ അവതരിപ്പിക്കുന്നതിനെ ആധികാരിക പ്രമാണശേഖരങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. വടക്കൻ കേരളത്തിൽ പ്രവർത്തിച്ചിരുന്ന ബാസൽ മിഷനിലെ ദളിത് പുരോഹിതനായ കോർണ്ണലിയോസ് ഹൂട്ടന്‍റെ ആത്മകഥ കോട്ടയത്തെ ചര്‍ച്ച് മിഷൻ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായ മലയാളമിത്രം മാസികയില്‍ 1892-ല്‍ രണ്ടാം വാല്യത്തിൽ അൻപത്തിയെട്ടാം പേജിൽ പ്രസിദ്ധീകരിച്ചു. 1859-ൽ കോട്ടയം സി. എം. എസ് കോളേജിൽ ആദ്യമായി പഠിക്കാൻ എത്തിയ പുലയ സമുദായക്കാരൻ കൂടിയാണദ്ദേഹം. എന്തുതന്നെയായാലും ഹൂട്ടനിൽ തുടങ്ങി നൂറ് വർഷങ്ങൾക്ക് ശേഷമിറങ്ങിയ കെ. കെ. കൊച്ചിന്‍റെയും, പ്രൊ. എം. കുഞ്ഞാമന്‍റെയും ആത്മകഥകളിൽ മാറ്റമില്ലാതെ നിൽക്കുന്ന ഒന്നാണ് ദളിത് ജനത പൊതുസമൂഹത്തിൽ നിന്നും നേരിടുന്ന ജാതി വിവേചനത്തിന്‍റെ നേർ വിവരണങ്ങൾ. അതോടൊപ്പതന്നെ സാമൂഹിക വിവേചനത്തിനെ അതിജീവിച്ചു വിജയം നേടിയ വിദ്യാഭ്യാസ ചരിത്രമെന്നതാണ് ദളിത് ജീവാതാഖ്യാനങ്ങളെ ഇതര ജീവചരിത്രരചനകളിൽ നിന്നും വ്യത്യസ്തമാകുന്ന ഒരു സുപ്രധാന ഘടകം.
ആത്മകഥകളേയും ഇതര ജീവിതാഖ്യാന രീതികളേയും അക്കാദമിക സമൂഹം വളരെ ഗൗരവമായിട്ടാണ് കണ്ടുവരുന്നത്. പ്രത്യേകിച്ച് ഈ മേഖലയിൽ ഉദയകുമാറിനെ പോലുള്ളവരുടെ നിരീക്ഷണങ്ങൾ തെക്കേ ഏഷ്യയിലെ പഠന വ്യവഹാരങ്ങളിൽ കേരളത്തിന് കൃത്യമായ സ്ഥാനം നേടികൊടുക്കുകയുണ്ടായി. അതേപോലെ എം. എസ്. എസ്. പാണ്ട്യൻ തമിഴ് എഴുത്തുകളെ മുൻനിർത്തി സാധാരണ ജീവിതങ്ങളുടെ എഴുത്ത് വ്യവഹാരത്തെ കുറിച്ചും സാമൂഹിക ശാസ്ത്ര വിജ്ഞാനോൽപ്പാദനത്തിൽ അതിന്‍റെ പങ്കിനെക്കുറിച്ചും ചില നിരീക്ഷണങ്ങൾ നടത്തുകയുണ്ടായി. എന്നാൽ ദളിത് ആത്മകഥകളേയും അവയിലെ സാമൂഹിക സാക്ഷ്യപ്പെടുത്തലുകളേയും ആധികാരികമായി ഇന്ത്യൻ സാമൂഹിക ശാസ്ത്രത്തിൽ വിശകലനം നടത്തിയതിൽ കെ. സത്യനാരായണയുടെ പങ്ക് വളരെ വലുതാണ്. മലയാളത്തിലാകട്ടെ സനൽ മോഹന്‍റെ മേൽനോട്ടത്തിൽ സമാഹരിച്ചു, കോട്ടയത്തെ മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ IUCSSRE 2017 -ൽ പ്രസിദ്ധീകരിച്ച ‘ഒരു ഗ്രാമം നൂറ് ഓർമ്മകൾ’ എന്ന ദളിത് ജീവചരിത്ര സമാഗ്രഹത്തിന് (എൺപത്തിനാല് ദളിത് ജീവിതാഖ്യാനങ്ങൾ) തയ്യാറാക്കിയ ആമുഖ പഠനവും, തിരുവനന്തപുരത്തെ കേരള ചരിത്ര ഗവേഷണ കൗൺസിൽ 2018-ൽ പ്രസിദ്ധീകരിച്ച തെക്കേതിൽ കുടുംബ ചരിത്രത്തിനു എഴുതിയ ആമുഖം പഠനവും ഈ ധാരയിൽ നിലകൊള്ളുന്നതാണ്. ഈ പഠനങ്ങളിൽ ദളിത് കുടുംബ ചരിത്രങ്ങളുടെ പ്രസക്തി, സ്വഭാവം, ദളിത് രചനകൾ, സ്രോതസുകൾ തുടങ്ങിയവയെക്കുറിച്ചും, സാധാരണ ജനതയുടെ ജീവിതാഖ്യാനങ്ങളും അവരുടെ കുടുംബ സങ്കല്പങ്ങളേയും അവയുടെ പരിണാമങ്ങളേയുമെല്ലാം സനൽ മോഹൻ വിശദമാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ ജനപ്രിയ എഴുത്തുമേഖലയിലാകട്ടെ 1990 കളുടെ അവസാനം മുതൽ പോൾ ചിറക്കരോട് പോലുള്ള ദളിത് എഴുത്തുകാരുടെ മേൽനോട്ടത്തിൽ തന്നെ ദളിത് സാഹിത്യ രചനകളെ അടുക്കി വെയ്ക്കാനും അവയ്ക്കു പുതുവായനകൾ നല്കുകയുമുണ്ടായി. ക്രമേണ ഒരു ശാഖയായി തന്നെ മലയാള സാഹിത്യ- സാമൂഹിക മണ്ഡലത്തിൽ ദളിത് ജീവിതാഖ്യാനങ്ങൾ നിലയുറപ്പിച്ചു. നിരവധി ദളിത് നേതാക്കളുടെ ജീവിതവും, കണ്ണൻ മേലോത്ത് തയ്യാറാക്കി, മൃദല ദേവി അവതാരിക എഴുതിയ പെങ്ങണത്തി പോലുള്ള ദളിത് സ്ത്രീ ജീവചരിത്രങ്ങളും, ലൗലി സ്റ്റീഫൻ, രേഖാ രാജ്, റോഷ്‌നി പത്മനാഭൻ, സോണിമ ജേക്കബ്, അമ്പിളി ടി.കെ തുടങ്ങിയവരുടെ അന്വേഷണങ്ങളും, ഒ.കെ. സന്തോഷിന്‍റെ കടം മേടിച്ചെല്ലാവരെയും ഊട്ടി (പച്ചക്കുതിര, ഡിസംബർ 2010) എന്ന ലേഖനവും, വിനീത വിജയന്‍റെ ആത്മകഥപരമായ സമൂഹ മാധ്യമങ്ങളിലെ കുറിപ്പുകളും തുടങ്ങി നിരവധി തലങ്ങളിലായി ദളിത് സ്ത്രീ ജീവിത ആഖ്യാനങ്ങൾ മലയാളത്തിൽ വേറിട്ട ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ദളിത് മേഖലയിൽ നിന്നുള്ള ഈ എഴുത്തുകൾക്ക് വലിയ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രമാണ് പറയാനുള്ളത്. ഇതാകട്ടെ വേണ്ടത്ര ശ്രദ്ധ നേടാതെ കിടന്ന ഒരു മേഖലയും കൂടിയായിരുന്നു.
അച്ചടിക്കപ്പെട്ട ദളിത് ജീവിതാഖ്യാനങ്ങൾ
പത്തൊൻപതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതൽ പ്രൊട്ടസ്റ്റന്റ് മിഷനറി പ്രവർത്തകർ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചിരിന്നു. 1806 -ൽ തെക്കൻ തിരുവിതാംകൂറിൽ ലണ്ടൻ മിഷനറി പ്രസ്ഥാനം ആരംഭിക്കുന്നതിന് കാരണമായത് വേദമാണിക്യം എന്ന പറയ ക്രിസ്ത്യാനിയുടെ ഇടപെടലാണ്. സ്‌കൂളുകളും സുവിശേഷ പ്രവർത്തനവും ആരംഭിച്ച ഈ മിഷനറി സംഘത്തിലെ ദളിതർ എഴുത്തും വായനയും അഭ്യസിക്കുകയും അവർ തമിഴിലും ഇംഗ്ലീഷിലും ചില കുറിപ്പുകൾ എഴുതുന്നതും നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ആദ്യകാല പറയ സുവിശേഷകരുടെ ജീവചരിത്രങ്ങൾ ട്രാക്ട്കളായി തെക്കൻ തിരുവിതാംകൂറിൽ വിതരണം ചെയ്തതായി സി. എം.ആഗുർ എന്ന ചിത്രകാരൻ ‘Church History of Travancore’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ രണ്ടാം ഭാഗത്ത് ദളിത് അധ്യാപകരേയും, സുവിശേഷകരേയും തെക്കൻ-വടക്കൻ കേരളത്തിൽ പ്രവർത്തിച്ച മിഷനറിമാരുടെ പുരാശേഖരത്തിൽ കാണാൻ സാധിക്കുന്നുണ്ടെങ്കിലും പുലയനായ ഇസ്രേയൽ അർജവമാണ് മിഷനറി പ്രസിദ്ധികരണങ്ങൾക്ക് വെളിയിൽ ആദ്യമായി ആത്മകഥാപരമായി ഒരു ലേഖനം എഴുതുന്നത്. 1893 ഫെബ്രുവരി 11, 18 തീയതികളിലായി അദ്ദേഹം കോട്ടയത്തെ മലയാള മനോരമയിൽ “എന്‍റെ കഥ” എന്ന ആത്മകഥ എഴുതുകയുണ്ടായി. ലണ്ടൻ മിഷനിൽ അംഗമായിരുന്ന ദാവീദ് അർജവത്തിന്‍റെയും അന്നാ അർജവത്തിന്‍റെയും മകനാണ് ഇസ്രേയൽ അർജവം. ആത്മകഥയ്ക്ക് ശേഷം 1894 ജൂലൈ 28 നും, ആഗസ്ത് 25 നും, സെപ്റ്റംബർ 22 നും മലയാള മനോരമയിൽ പുലയർ എന്ന ഒരു ലേഖനവും ഇസ്രേയൽ അർജവം എഴുതി. മലയാള ആനുകാലികങ്ങളെ കുറിച്ച് ദീർഘ കാലമായി ഗവേഷണം നടത്തുന്ന ജി. പ്രിയദർശനാണ് മറഞ്ഞുകിടന്ന ഈ ആത്മകഥയേയും എഴുത്തുകാരനേയും മലയാളി സമൂഹത്തിനു മുൻപിൽ അവതരിപ്പിച്ചത്. അതുപോലെ തന്നെ കേരളത്തിന്‍റെ എക്കാലത്തെയും ചരിത്ര രചനയുടെ മുഖ്യ ഉപാദാനമായിരിക്കുന്നതും 1903-ൽ പ്രസിദ്ധികരിച്ചതുമായ Church History of Travancore എന്ന ബ്രിഹദ് ഇംഗ്ലീഷ് ഗ്രന്ഥം (പുതിയ എഡിഷനിൽ 1288 പേജുകളുണ്ട്) എഴുതിയിരിക്കുന്നത് പറയ ക്രിസ്ത്യാനിയായ സി.എം. ആഗുറാണ്. എന്നാൽ ഇതിനേക്കാൾ കൂടുതൽ എഴുത്തുകൾ മിഷനറി പ്രസ്ഥാനത്തിൽ ചേർന്ന നാടാർ, തിയ്യ സമുദായങ്ങളിൽ നിന്നും പുറത്തേയ്ക്കു വരുന്നുണ്ട്. കേരളത്തിലെ സാഹിത്യ മേഖലകളുടെ പരിണാമദിശയിൽ മിഷനറി സംഘത്തിൽ ചേർന്ന കീഴാള-ദളിത് ജനതയുടെ സംഭാവനകൾ ഇന്നും വേണ്ടത്ര കാര്യമായി പരിഗണിക്കപ്പെട്ടിട്ടില്ല. ഇവരുടെ എഴുത്തുകൾ കേവലം മിഷനറി വ്യവഹാരത്തിൽ മാത്രം നിർത്തി വായിക്കാനും പാടില്ല. മലയാള എഴുത്തിനേയും അച്ചടിയേയും ജനാധിപത്യവത്കരിച്ചതിൽ മിഷനറി സംഘത്തിൽ കൂടിയ കീഴാള-ദളിത് ജനതയുടെ എഴുത്തുകൾ വളരെ വലിയ പങ്കു വഹിച്ചിരുന്നു. മലയാളികളെ വായനയുടേയും വിനോദത്തിന്‍റെയും ലോകത്തെ പരിചയപ്പെടുത്തിയത് ഈ കീഴാള എഴുത്ത് വ്യവഹാരമായിരുന്നു.
മിഷനറി പ്രസിദ്ധീകരണത്തിന് വെളിയിൽ, ഒരു പുസ്തകമെന്ന രൂപത്തിൽ മലയാളത്തിൽ അച്ചടിച്ച ആദ്യ ജീവചരിത്രം എന്നത് തിരുവിതാംകൂർ ഹിന്ദുപുലയസമാജത്തിന്‍റെ പ്രസിഡന്റും ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന കുറുമ്പൻ ദൈവത്താന്‍റെയാണ് (1880 – 1927). 1915 മുതൽ 1925 വരെ ശ്രീമൂലം പ്രജാസഭയിൽ അംഗമായി നിയോഗിക്കപ്പെട്ട കുറുമ്പൻ ദൈവത്താന്‍റെ ജീവചരിത്രം 1929-ൽ ചെങ്ങന്നൂരിലെ ജോൺ മെമ്മോറിയൽ പ്രസ്സിൽ നിന്നും ‘പരേതനായ കുറുമ്പൻ ദൈവത്താൻ (ജീവചരിത്ര സംക്ഷേപം)’ എന്ന പേരിൽ കുഞ്ഞൻ ദൈവത്താൻ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍ 1912- ല്‍ അയ്യങ്കാളി ആരംഭിച്ച ‘സാധുജനപരിപാലിനി’ , 1923 -ൽ പി. ജെ. ജോസഫ്, പാമ്പാടി ജോൺ ജോസഫ് തുടങ്ങിയവരുടെ മേൽനോട്ടത്തിൽ അച്ചടിച്ച ചേരമർ ദൂതൻ, കൊച്ചിയിലെ പ്രജാസഭാംഗമായ കെ. പി വള്ളോൻ 1936 -ൽ ആരംഭിച്ച അധഃകൃതന്‍ മാസിക തുടങ്ങിയ ദളിത് പ്രസിദ്ധീകരണങ്ങളിൽ ജീവചരിത്ര കുറിപ്പുകൾ വന്നിരുന്നോ എന്നതിനെ കുറിച്ച് നിലവിൽ നമുക്ക് ധാരണയില്ല. എന്തായാലൂം സ്വാതന്ത്ര്യാനന്തര കേരളത്തിൽ ദളിതരുടെ ജീവചരിത്രം അവരുടെ തന്നെ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ച് വന്നിരുന്നു. മാത്രമല്ല അയ്യൻകാളി പോലുള്ള ധീരനേതാക്കളുടെ ജീവിതം എസ്. എൻ.ഡി.പി പോലുള്ള പ്രസ്ഥാനങ്ങളുടെ സുവനീറുകളിലും പ്രത്യക്ഷപ്പെട്ടു.
1974 ൽ വെങ്ങാനൂർ സുരേന്ദ്രൻ ‘ശ്രീ അയ്യൻകാളി സ്മാരക ഗ്രന്ഥം’ എന്ന ചെറു പുസ്തകം പ്രസിദ്ധികരിക്കുകയുണ്ടായി. കങ്ങഴ വിജയൻ എഴുതി, തൃശൂരിൽ നിന്നും 1978-ൽ അച്ചടിച്ച ‘കുമാര ഗുരുദേവൻ’ എന്ന പൊയികയിൽ അപ്പച്ചന്‍റെ ജീവചരിത്രമാണ് സ്വതന്ത്ര കേരളത്തിൽ രേഖീയമായ ചരിത്രരചനയ്ക്കു പരിശ്രമിച്ച ആദ്യ ദളിത് ജീവചരിത്രം. ഇതിനടുത്ത വർഷം (1979) സൂസൻ സാം കുറിയനേത്ത് എന്ന ദളിത് ക്രിസ്ത്യൻ സ്ത്രീ എഡിറ്റർ ആയിരുന്ന കേരള ക്രിസ്ത്യൻ എന്ന മാസികയിൽ 1979-ല്‍ പാമ്പാടി ജോണ്‍ ജോസഫിന്‍റെ ജീവചരിത്രം പരമ്പരയായി വന്നിരുന്നു. പക്ഷേ ടി. എച്. പി, ചെന്താരശേരി എഴുതി, 1979 ഡിസംബറിൽ പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച അയ്യങ്കാളി എന്ന പുസ്തകമാണ് കേരളത്തിൽ വ്യാപമായ നിലയിൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി ദളിത് ജീവചരിത്രങ്ങൾ പൊതുമണ്ഡലത്തിലേക്ക് ഇറങ്ങി കൊണ്ടിരുന്നു. കൂടാതെ ആത്മകഥകൾ, ഓർമ്മകൾ, തുടങ്ങിയ എഴുത്തു മാതൃകകളും ദളിതരുടെ ഇടയിൽ നിന്നും സജീവമായി ഇറങ്ങിക്കൊണ്ടിരുന്നു. പക്ഷേ ഈ എഴുത്ത് വ്യവഹാരം കൂടുതലും നേതാവിനേയും, പ്രസ്ഥാനത്തിനേയും മാത്രം കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്. നേതാക്കളുടെ ഒപ്പമുള്ള സാരഥികളുടെ, സ്ത്രീകളുടെ തുടങ്ങിയ പ്രധാന വ്യക്‌തിത്വങ്ങളെ ഒന്നുംതന്നെ വെളിച്ചത്ത് കൊണ്ടുവരാതെയുള്ള ചരിത്ര രചനയാണ് ബഹുഭൂരിപക്ഷത്തിലും നടത്തപ്പെട്ടത്. തന്നെയുമല്ല കേരളത്തിലെ ചില ദളിത് ജീവചരിത്രങ്ങളിൽ പറയുന്ന ഒരുപാടു കാര്യങ്ങൾ സത്യ നിർണ്ണയത്തിനു വഴങ്ങുന്നവയല്ല. ചില സ്ഥാപിത താല്പര്യങ്ങൾ ഇവയിൽ മുഴച്ചു നില്കുന്നത് കാണാനും സാധിക്കും. വാമൊഴിയെ കൂടുതൽ ആശ്രയിച്ചു ആധികാരിക രേഖകളെ നിരാകരിച്ചുകൊണ്ട് ചരിത്രവത്കരിച്ചാൽ അവ ചില പ്രശ്‌നങ്ങൾ സൃഷ്ടിക്കും.
ചില പ്രശ്‍നങ്ങൾ
സമീപകാലത്തായി ദളിത് നേതാക്കളേയും അവരെ കേന്ദ്രീകരിച്ചുള്ള ചരിത്ര രചനകളിലെ ഭൂതകാല ഒഴിവാക്കലുകളേയും, എഴുത്തിലെ കൃത്യത ഇല്ലായ്മയേയും ചിലർ ചൂണ്ടിക്കാണിക്കുകയുണ്ടായി. ചെറായി രാംദാസിന്‍റെ ഗവേഷണപരമായ എഴുത്തുകൾ അയ്യൻകാളി ചരിത്രവത്കരിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ചില തെറ്റിദ്ധാരണകളെ പരിഹരിക്കുകയുണ്ടായി. മാത്രമല്ല അദ്ദേഹം ആധികാരികമായ ചില തെളിവുകൾ വെളിയിൽ കൊണ്ടുവരുകയും ചെയ്തു. അതേപോലെതന്നെ കേരളത്തിലെ ദളിത് സമരങ്ങളുടെ പുനരാഖ്യാനങ്ങളിൽ, പ്രത്യേകിച്ച് കല്ലുമാല സമരംപോലുള്ള ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ പിൽക്കാല ചരിത്ര പുസ്തകങ്ങളിൽ ഒന്നും ദളിത് സ്ത്രീകളുടെ സ്ഥാനം കാണാൻ കഴിയുന്നില്ല എന്ന വിമർശനം മൃദുല ദേവി ശശിധരൻ ഉന്നയിച്ചിരുന്നു. അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയെ കുറിച്ച് എഴുതിയ ചെന്താരശേരിയുടെ പുസ്തകങ്ങളിലെ ചില പിശകുകൾ സി. എസ്. മുരളി തന്‍റെ ഗൗരവമാർന്ന ഫേസ്ബുക് പോസ്റ്റുകൾ വഴി പങ്കുവെച്ചിട്ടിട്ടുണ്ട്. എന്നാൽ ഏറ്റവും അധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയത് പൊയ്കയിൽ അപ്പച്ചനെ കുറിച്ചുള്ള ചരിത്ര പുസ്തകങ്ങളായിരുന്നു. പി.ആർ. ഡി. എസ് സഭയുടെ ഉള്ളിൽ രൂപംകൊണ്ട ശ്രീകുമാര ചർച്ചാവേദിയുടെ പുസ്തകങ്ങൾ ചരിത്ര രചനയിലെ നിരവധി തെറ്റുകളേയും, മോഷണങ്ങളേയും വളരെ കൃത്യതയോടു സഭയുടെ ഉള്ളിൽത്തന്നെ അവതരിപ്പിച്ചു. ബേബി, ബാബു രാജൻ എന്നിവരുടെ പരിശ്രമത്താൽ 1988-ൽ ഇറങ്ങിയ ഒരു പുസ്തകത്തിന്‍റെ പേര് തന്നെ ‘അക്ഷരമോക്ഷണം’ എന്നായിരുന്നു. ഇതേ എഴുത്തുകാരുടെ തന്നെ 1984-ൽ ഇറങ്ങിയ ‘നൂറ്റിപ്പതിനാലിനു ശേഷം’ എന്ന പുസ്തകവും ഇത്തരത്തിൽ ശ്രദ്ധേയമാണ്. പൊയ്കയിൽ അപ്പച്ചന്‍റെ ചരിത്രം എഴുതപ്പെട്ടപ്പോൾ ഉണ്ടായ തെറ്റുകളും, രചയിതാക്കളുടെ മോഷണവും, അപ്പച്ചനിലെ ദൈവീകത നിഷേധിക്കുന്ന എഴുത്തുകളെ വിമർശിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവർ മുഖ്യമായും ചെയ്തിരുന്നത്. മുകളിൽ സൂചിപ്പിച്ച ധാരകൾ എല്ലാംതന്നെ ചരിത്രം എന്ന വിജ്ഞാന ശാഖയെ പുതുക്കുന്നതോ, അവയോടു പുതിയ ചോദ്യങ്ങൾ ഉന്നയിക്കുന്നതോ അല്ലായിരുന്നു. പ്രസ്ഥാനത്തിലെ വിടവുകളെ അടയ്ക്കാനുള്ള ശ്രമമായിരുന്നു അതിൽ മുഖ്യമായും നടന്നത്. ബ്രിഹദ് ചരിത്രാഖ്യാനങ്ങളിൽ ചേർക്കപ്പെടണ്ട ചരിത്രമാണിതെന്ന വായനയാണ് ഇവയെല്ലാം മുൻപോട്ടു വെയ്ക്കുന്നത്. പി.ആർ. ഡി. എസ് പ്രസ്ഥാനത്തെ കുറിച്ചുള്ള സമീപകാല രചനകൾ, പ്രത്യേകിച്ച് വാമൊഴിയെ ആശ്രയിച്ചുള്ള സഭയുടെ ചരിത്ര രചനകൾ സൂക്ഷമായി നിരീക്ഷിച്ചാൽ ഇത്തരം പ്രതിസന്ധി കൂടുതൽ വ്യകതമാകും.
കൂടുതൽ പ്രശ്‍നങ്ങൾ
കോളനി കാല രേഖകൾ പറയുന്നത് മധ്യ തിരുവിതാംകൂറിലെ ക്രൈസ്തവ വ്യവഹാരത്തിൽ ഉൾപ്പെട്ടിരുന്നതും അതിൽ നിന്നും വിച്ഛേദിക്കപ്പെട്ടതുമായ ഒരു പ്രസ്ഥാനമാണ് പ്രത്യക്ഷ രക്ഷ ദൈവ സഭ. മിഷനറിമാരുടേയും സുറിയാനി ക്രിസ്ത്യാനികളുടേയും എതിർ ചേരിയിലുള്ള പൊയ്കയിൽ അപ്പച്ചനെക്കുറിച്ചു ഈ രണ്ട് വിഭാഗവും നിരവധി രേഖപ്പെടുത്തലുകൾ നടത്തിയിരുന്നു. പിന്നീട് രണ്ട് പ്രാവശ്യം തിരുവിതാംകൂർ പ്രജാ സഭയിൽ അംഗമായിരുന്ന അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളും, പ്രവർത്തനങ്ങളും എല്ലാം അച്ചടി വ്യവഹാരത്തിൽ തന്നെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അതേപോലെതന്നെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമൂഹിക ശാസ്ത്ര ഗവേഷകരുടെ ഇടയിൽ കേരളത്തിൽ നിന്നും ആദ്യം കയറിപറ്റിയ ദളിത് നേതാവ് പൊയ്കയിൽ അപ്പച്ചനായിരുന്നു. സാമൂഹിക ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഫ്യൂക്സ് 1965-ൽ Rebellious Prophets. A Study of Messianic Movements in Indian Religions എന്ന പുസ്തകത്തിലൂടെ പൊയ്കയിൽ അപ്പച്ചനെ പരിചയപ്പെടുത്തുകയുണ്ടായി. 1967- ൽ കെ. സി. അലക്‌സാണ്ടറുടെ മാതൃഭൂമിയിലെ ലേഖനവും, പിന്നീട് അതിന്‍റെ പരിഷ്‌ക്കരിച്ച ഇംഗ്ലീഷ് പരിഭാഷ (Caste and Christianity in Kerala, 1971) Social Compass എന്ന ജേർണലിൽ അച്ചടിക്കുകയുണ്ടായി. ഈ രണ്ട് പഠനങ്ങൾ വഴി മുൻപോട്ട് വെച്ച പി.ആർ. ഡി.എസ് ചരിത്രം ക്രിസ്തുമതം സ്വീകരിച്ച ദളിതരുടെ സാമൂഹ്യമായ പിന്നോക്കാവസ്ഥയുടെ മാതൃകകളായി ദീർഘകാലം നിലനിന്നു. കേരളത്തിലെ തിയോളജി പഠിതാക്കളുടെയും, പെന്തകോസ്ത് ചരിത്ര ഗവേഷകരുടെയും എഴുത്തുകളിലാണ് പിന്നീട് പൊയ്കയിൽ പ്രത്യക്ഷനാകുന്നത്. എന്നാൽ തെക്കേ ഏഷ്യയുടെ സാമൂഹികശാസ്ത്ര മേഖലയിൽ കീഴാളപഠനങ്ങൾ ഉൾപ്പെടെയുള്ള ചരിത്രരചനാ പദ്ധതികളുടെ അധീശഭാവുകത്വങ്ങളോടും, മറ്റ് ചില ഒഴിവാക്കലുകളോടും യുക്തിഭദ്രമായ ബദൽചരിത്ര മാതൃക കാട്ടികൊടുക്കുന്ന ‘Modernity of Slavery’ (2015) എന്ന സനൽ മോഹന്‍റെ പുസ്തകവും, ഇതിന് മുൻപുള്ള അദ്ദേഹത്തിന്‍റെ ലേഖനങ്ങളുമാണ് പൊയ്കയിൽ പ്രസ്ഥാനത്തിന് അക്കാദമികമേഖലയിൽ കർതൃത്വം നേടിക്കൊടുത്തത്. കേരളത്തിലെ മുൻകാല അടിമജാതികളുടെ ഓർമ്മകളെ ചരിത്രവത്കരിച്ചതും, കൂടുതൽ പുരാശേഖരങ്ങൾ വെളിയിൽ കൊണ്ടുവന്നതും, സാമൂഹിക അനുഭവങ്ങളെ സൈദ്ധാന്തിക അടിത്തറയിൽ അവതരിപ്പിച്ചതുമായ ഏക ഗവേഷണ കൃതിയാണ് സനൽ മോഹന്‍റെത്. സാധാരണയായി ചരിത്രകാരന്മാർ ഉപയോഗിക്കുന്ന പുരാതന രേഖാസഞ്ചയത്തിനു പുറമെ, വാഗ്മയ ഉപാദാനങ്ങൾ, പാട്ടുകൾ മുതലായവ ഉപയോഗിച്ചു നടത്തിയിരിക്കുന്ന ഈ പഠനം കേരളത്തിലെ ചരിത്ര പഠനത്തിന് പുതിയ ദിശാബോധം നൽകുന്ന ഒന്നുകൂടിയായിരുന്നു. എന്നാൽ പൊയ്കയിൽ അപ്പച്ചനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അക്കാദമിക ചർച്ചകളുടെയും കണ്ടെത്തലുകളുടെയും വിപരീത ദിശയിലാണ് ജനപ്രിയ മേഖലയിൽ അവതരിപ്പിക്കപ്പെട്ട പ്രത്യക്ഷ രക്ഷ ദൈവ സഭയുടെ ചരിത്രം സ്ഥിതിചെയ്യുന്നത്.
അക്കാദമിക മേഖല കണ്ടെടുത്ത പുരാശേഖരങ്ങളോട് യാതൊരുവിധ ഐക്യപ്പെടലോ, വിയോജിപ്പോ രേഖപ്പെടുത്തുവാൻ സാധിക്കുന്നില്ല എന്നതാണ് ഇവരുടെ എഴുത്തുകളുടെ പ്രധാന പ്രശ്‌നം. പല ചരിത്ര ഗ്രന്ഥങ്ങളും 1939-ലെ പൊയ്കയിൽ അപ്പച്ചന്‍റെ മരണത്തോട് കൂടി ചരിത്രം പറച്ചിൽ നിർത്തുകയാണ്. ദീർഘമായ അവരുടെ രചനകൾക്ക് നേതാവിന്‍റെ മരണത്തിനു ശേഷം പ്രസ്ഥാനത്തിന്‍റെ ചരിത്രം കേവലം രണ്ട് പേജിലേക്ക് പോലും നീട്ടാൻ അവർക്ക് സാധിക്കുന്നില്ല. എന്നാൽ അവരുടെ ഇതര പ്രാദേശിക സഭാ മേഖലകളിലെ പ്രസിദ്ധീകരണങ്ങൾ ഈ പ്രതിസന്ധി ഒരുപരിധിയോളം മറികടക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. സഭ എന്ന നിലയിൽ സമുദായത്തിന്‍റെ വളർച്ചയെ അടയാളപ്പെടുത്താൻ സഭയുടെ ഉള്ളിലെ ബ്രിഹദ് ചരിത്ര/രേഖീയ ചരിത്ര രചനയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ സഭയുടെ ഇതര പ്രാദേശിക സഭാ മേഖലകളിലെ പ്രസിദ്ധീകരണങ്ങളും എഴുത്തുകാരും ഈ പ്രതിസന്ധി ഒരു പരിധിയോളം മറികടക്കുകയും, ചില വ്യക്തികളെ ചരിത്രത്തിൽ കണ്ടെടുക്കുകയും ചെയ്യുന്നുണ്ട്. വാമൊഴികളെ ചരിത്രമായി എണ്ണുകയും അവയെ ലഭ്യമായ ഇതര സ്രോതസുകളുമായി തട്ടിച്ചു നോക്കുമ്പോളാണ് വിവിധ ചരിത്ര ആഖ്യാനങ്ങൾ രൂപം കൊള്ളുന്നത്. എന്നാൽ ഇവയ്ക്ക് വിരുദ്ധമായാണ് ബഹുഭൂരിപക്ഷം ആഖ്യാനങ്ങളും ഇറങ്ങിയിരുന്നത്. പ്രത്യേകിച്ച് പരാമർശിക്കുന്ന വർഷങ്ങൾ, നിയമങ്ങൾ, പുസ്തകങ്ങളുടെ പേരുകൾ, യൂറോപ്യന്മാരുടെ പേരുകളും കാലഗണനയും, തുടങ്ങിയവയിൽ വ്യാപകമായ കൃത്യത ഇല്ലായ്മയാണ് കാണാൻ കഴിയുന്നത്. ഒരു ഉദാഹരണം നോക്കാം, 2017-ൽ ജീവചരിത്ര പുനരാഖ്യാന സമിതി പ്രസിദ്ധീകരിച്ച ‘വ്യവസ്ഥയുടെ നടപ്പാതകൾ’ എന്ന പുസ്തകത്തിലെ കുമരകം ഭാഗത്തെ സഭയുടെ ചരിത്രം പരിശോധിച്ചാൽ ഇത് കൂടുതൽ വ്യക്തമാകും. പൊയ്കയിൽ അപ്പച്ചൻ ജനിക്കുന്നതിനുമുൻപ് മരണപ്പെട്ട (ബേക്കർ) വ്യക്തിയാണത്രേ കുമരകത്ത് സഭയുടെ പ്രവർത്തനത്തെ തടയാൻ ശ്രമിച്ചതെന്നു പറയുകയും, ഒരിക്കൽപോലും ഈ ഭാഗത്ത് പ്രവർത്തിക്കാൻ വന്നിട്ടില്ലാത്ത വിദേശ മിഷനറിമാരുടെ പേരുകളും, ബ്രദറൻ സഭയുടെ പേരുമൊക്കെ ചേർത്താണ് ഇവർ ചരിത്ര രചന നടത്തുന്നത് (പേജുകൾ 103-104 കാണുക). ഇത്തരത്തിൽ നിരവധി പിശകുകളാണ് സഭയുടെ ബ്രിഹദ് ആഖ്യാനത്തിൽ കാണാൻ കഴിയുന്നത്. മാത്രമല്ല സഭയുടെ വിവിധ ഘട്ടങ്ങളെ അവതരിപ്പിക്കുന്നതിൽ ഈ നീണ്ട കാലത്തെ കൈകാര്യം ചെയ്യുന്നവർക്ക് നിരവധി പാളിച്ചകൾ സംഭവിക്കുന്നുണ്ട്. ഏറ്റവും അതിശയിപ്പിക്കുന്നത് ഈ രേഖീയ / ബ്രിഹദ് ചരിത്രത്തിൽ അമ്മച്ചിയെന്നറിയപ്പെടുന്ന ജ്ഞാനമ്മ എന്ന വ്യക്തി കടന്നു വരുന്നതേയില്ല.
നേതാക്കളെ ചരിത്രമാക്കുമ്പോൾ
സമീപകാലത്തായി ഇറങ്ങുന്ന ദളിത് കേന്ദ്രീകൃത എഴുത്തിടപാടുകൾ പുരാശേഖരങ്ങളിൽ നിന്ന് ദളിത് ജീവിതങ്ങളെ കണ്ടെടുക്കുന്നതിലും, നിലവിലെ ജീവചരിത്രാഖ്യാനങ്ങളെ വിമർശനപരമായി കാണുന്നതിലും വേണ്ടത്ര യുക്‌തഭദ്രമായിരുന്നില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ സാധാരണ ജനതയുടെ ജീവിതങ്ങളെ അവതരിപ്പിക്കുന്നതിലെ കൃത്യതയില്ലായിമ പലപ്പോഴും കേരളത്തിലെ ദളിത് എഴുത്തുകളിൽ കാണാൻ സാധിക്കുന്നുണ്ട്. ചരിത്രസാമഗ്രിയെന്ന നിലയിൽ ദളിത് ജീവചരിത്രങ്ങൾ നിരവധി തെളിവുകൾ നൽകുന്ന കേരളത്തിലെ ദളിത് നേതാക്കളുടെ ജീവിതം പറയുക എന്നത് സൂക്ഷ്മതയോടു ചെയ്യേണ്ടതായ ഒരു പ്രക്രിയയാണ്. പ്രത്യേകിച്ച് സംഘപരിവാർ കാലത്ത് ദേശീയവാദത്തിന്‍റെ രാഷ്ട്രീയ ഇടങ്ങളിലേയ്ക്ക് ദളിത് ഭൂതകാലങ്ങളെ ചേർത്തുവെയ്ക്കാനുള്ള തീവ്രമായ ശ്രമങ്ങളാണ് നടന്നു വരുന്നത്. ആധികാരിക രേഖകളുടേയും, യുക്തിഭദ്രമായ വ്യാഖ്യാനങ്ങളുടേയും അഭാവം ദളിത് ഭൂതകാലങ്ങളെ വളരെ വേഗത്തിൽ ദേശീയ ആഖ്യകളുടെ ഭാഗമാക്കി മാറ്റപ്പെടുന്നതിനു കാരണമാകും. നേതാക്കളുടെ ചരിത്രം എന്നത് കേവലം ഒരു പ്രസ്ഥാനത്തിനെ മാത്രം അടയാളപ്പെടുത്തുന്ന പദ്ധതിയല്ല. കേരളത്തിലെ ദളിത് ചരിത്ര രചനകളിൽ വ്യാപകമായി ഉപയോഗിക്കുന്നതും ഉപാദാനമായുമാണ് പല നേതാക്കളുടെയും ജീവിതങ്ങളെ നാം കാണുന്നത്. നേതാക്കളുടെ ജീവിതാനുഭവങ്ങൾ കേവലം
സ്വകാര്യാനുഭവമല്ല, അവ ഒരു സമുദായത്തിന്‍റെ പൊതുമണ്ഡലത്തിലെ ഇടപെടൽകൂടിയാണ് നടത്തുന്നത്. ഈ കാരണത്താൽ ദളിത് നേതാക്കളുടെ ജനപ്രിയ രചനകളിൽ കൂടുതൽ സൂക്ഷ്മത വരുത്തേണ്ടതാണ്. ജാതി അനുഭവങ്ങളും, സർക്കാർ തലത്തിലെ ഹിന്ദു മിഷൻ പ്രവർത്തനങ്ങൾക്ക് കീഴടങ്ങേണ്ടി വന്നതുമായ ഒരു ജനതയുടെ ചരിത്രമാണ് കേരളത്തിലെ ഒരു വിഭാഗം ദളിതർക്ക് പറയാനുള്ളത്. പ്രത്യേകിച്ച് പി.ആർ.ഡി. എസ് പോലുള്ള പ്രസ്ഥാനങ്ങൾക്ക് ഹിന്ദുമിഷൻ ചേരിയിൽ ചേർന്നതിന്‍റെയും പിന്നീട് അതിൽ നിന്നും മോചനം നേടിയതുമായ ചരിത്രമാണ് പറയാനുള്ളത്. എന്തുകൊണ്ടാണ് കേരളത്തിലെ ദളിതർക്ക് ഇത്തരം അനുഭവം വരുന്നതും, രാഷ്ട്രവുമായി കണ്ണിചേർക്കലും, വിച്ഛേദനവും നടത്തേണ്ടിയും വരുന്നത് എന്ന ചോദ്യമാണ് ഈ ചരിത്രങ്ങളുടെ മുന്നിൽ ഉന്നയിക്കേണ്ടി വരുന്നത്. ഈ ചരിത്രാനുഭവത്തിനെ വിച്ഛേദനം നടത്തുന്നതും പറയാതെ ഇരിക്കുന്നതുമായ ചരിത്ര രചനകൾ ദളിത് ജീവിതത്തിലെ സങ്കീർണതകളുടെ അടയാളപ്പെടുത്തലുകളാണ് നഷടമാക്കുന്നത്. ദളിത് ഭൂതകാലത്തിൽ അരങ്ങേറിയ അസ്വാഭാവികമായ അനുഭവങ്ങളുടെ ചരിത്രത്തിനെ ഏകരൂപവത്കരിക്കാനുള്ള ശ്രമങ്ങൾ ദളിത് ഭൂതകാലങ്ങളുടെ കർതൃത്വം ഇല്ലാതാക്കുന്ന ഒരു പ്രക്രിയയായി മാറ്റപ്പെടുന്നു. ഇത്തരത്തിൽ എഴുതപ്പെടുന്ന നേതാക്കളുടെ ജീവചരിത്രങ്ങൾക്ക് മുഖ്യധാരാ ചരിത്ര വിജ്ഞാനീയത്തിനോട് പുതുമയുള്ള ഒരു ചോദ്യം പോലും ഉന്നയിക്കാൻ സാധിക്കുകയില്ല. മാത്രമല്ല ഇവ ദളിത് ചരിത്രത്തിനു യാതൊരു സംഭാവനയും നൽകുന്നില്ല.
Be the first to write a comment.