അതിസുന്ദരനഗരമാണ് വെനീസ്. നടന്നു കാണേണ്ട മനോഹാരിത. കടലോളങ്ങളുടേയും ഗൊണ്ടോലകളുടേയും ജലപാതകളുടേയും നാട്. എന്റെ ഏറ്റവും മികച്ച വെനീസ് ഓർമ്മ, കഴിഞ്ഞ വർഷം വെനീസ് ബിനാലേയിലൂടെ അലഞ്ഞതാണ്. വൈവിധ്യമാർന്ന അനുഭൂതികൾ കൊണ്ട് വീർപ്പുമുട്ടിച്ച നിമിഷങ്ങൾ. ആധുനികചിത്രകലയുടേയും ഇൻസ്റ്റലേഷനുകളുടേയും ഗംഭീരമായ കാഴ്ചകൾ വെനീസ് ബിനാലേയ്ക്ക് പകർന്നു തരാൻ കഴിഞ്ഞു. അക്കൂട്ടത്തിൽ തീക്ഷ്ണാനുഭവങ്ങൾ തന്ന ചിലതുണ്ട്. അതിലൊന്നിനെക്കുറിച്ചു പറയാം.

സെന്റ് മാർക്കോസ് സ്ക്വയറിനോട് ചേർന്നാണ് സാന്താമരീയ ദെല്ലാ പിയെറ്റ എന്ന വ്യാകുല മാതാവിന്റെ ദേവാലയം. കടലിനോട് മുഖം കൊടുത്തു നിലകൊള്ളുന്ന 18Ͻo നൂറ്റാണ്ടിലെ നിർമ്മിതി. ജ്യോവന്നി റ്റിപ്പോലോയുടെ മനോഹര ഫ്രെസ്കോകളാൽ അലംകൃതമാണ് ഇതിന്റെ മേൽത്തട്ട്. ഈ പള്ളിയിലായിരുന്നു എന്റെ വികാരതീവ്രമായ ബിനാലെക്കാഴ്ച.

സഫേത് സെക് എന്ന ബോസ്നിയൻ ചിത്രകാരൻ ഈ പള്ളിയെ അപ്പാടെ തന്റെ അസംഖ്യം ചിത്രങ്ങളാൽ ഒരു ഇൻസ്റ്റലേഷൻ ആക്കി മാറ്റിയിരിക്കുകയാണ്. നമ്മെ വിടാതെ പിന്തുടരുന്ന, അതേസമയം അങ്ങേയറ്റം അസ്വസ്ഥമാക്കുന്ന അനേകം ബോസ്നിയൻ യുദ്ധചിത്രങ്ങൾ സഫേതിന്റേതായിട്ടുണ്ട്. കുറേക്കാലം ചിത്രകലയിൽ നിന്നും ഒഴിഞ്ഞു നിന്ന സഫേതിന്റെ ഒരു തിരിച്ചുവരവു കൂടിയായിരുന്നു ഈ പ്രദർശനം

ബോസ്നിയയിലെ റൊഗാട്ടിക്കയിലാണ് സഫേത് സെക് ജനിച്ചത്. 1943ൽ. ബെൽഗ്രേഡിലെ ഫൈൻ ആർട്ട്സ് അക്കാദമിയിലായിരുന്നു പഠനം. ‘പോയറ്റിക് റിയലിസം’ എന്ന ചിത്രണരീതിയിൽ ഏറെ തല്പരനാണ് അദ്ദേഹം. ആ ശൈലിയാകട്ടെ, ഈ പ്രദർശനത്തിൽ നിഴലിച്ചു നിൽക്കുന്നുമുണ്ട്. സാരയേവോയിലെ യുദ്ധത്തെ തുടർന്ന് സഫേത് ഇറ്റലിയിലേക്കു നാടുവിട്ടു. പിന്നീട് വെനീസായി സ്വന്തം നാട്. 1994-ലായിരുന്നു ആദ്യ ചിത്രപ്രദർശനം. നൂറോളം പ്രദർശനങ്ങൾ അതിനെ തുടർന്നുണ്ടായി. ഇപ്പോൾ സാരയേവോയിലും വെനീസിലുമായി ചിത്രരചനയും ജീവിതവും കഴിക്കുന്നു.

ബോസ്നിയൻ യുദ്ധം കൊടുമ്പിരികൊണ്ട 1993 ലെ ഒരു കഥയാണ് അമ്പത്തിയേഴു ചിത്രങ്ങളിലൂടെ സഫേത് “ആലിംഗനങ്ങൾ” എന്ന പേരിൽ നമുക്ക് മുന്നിൽ തുറന്നിടുന്നത്. കാൻവാസുകളിൽ എണ്ണച്ചായവും ടെമ്പറ ചായവും ഉപയോഗിച്ചു കാണാം.

യുഗോസ്ലാവ്യ പിളർന്നതിന്റെ തൊട്ടടുത്ത വർഷമായിരുന്നു സാരയേവോ നഗരത്തിലെ റോമിയോയും ജൂലിയറ്റുമായിരുന്ന ബോഷ്കോ ബൃകിച്ചിന്റേയും അദ്മീറ ഇസ്മിച്ചിന്റേയും വിധി എഴുതപ്പെട്ടത്. ബോഷ്കോ ഒരു ഓർത്തഡോക്സ് ക്രിസ്ത്യാനിയായിരുന്നു. അദ്മീറയാട്ടെ, മുസ്ലീമും. ഇരുവർക്കും അന്ന് ഇരുപത്തഞ്ച് വയസ്സ്. വർഷങ്ങളായി പ്രണയബദ്ധിതർ. പക്ഷെ, അവർ ജീവിച്ചിരുന്ന കാലം, അവരോട് കരുണ കാണിച്ചില്ല. മതവിദ്വേഷം കത്തി നിന്നിരുന്ന സമയം. 1990-കളുടെ ആരംഭത്തിൽ, യുഗോസ്ലാവ്യൻ റിപ്പബ്ലിക്ക് ചിന്നിച്ചിതറിയപ്പോൾ മതാടിസ്ഥാനത്തിലായിരുന്നു ബോസ്നിയയിൽ ജനം ചേരിതിരിഞ്ഞു പോരാടിയത്. ബോസ്നിയയിൽ പകുതിയിൽ താഴെയും മുസ്ലീങ്ങൾ, ഏതാണ്ട് മൂന്നിലൊന്നോളം സെർബിയൻ ഓർത്തഡോക്സുകൾ, പതിനേഴു ശതമാനത്തോളം ക്രൊയാട്ടുകളായ കത്തോലിക്കർ. ഈ മൂന്നു കൂട്ടരും അന്യോന്യം പരമശത്രുക്കളും. പരസ്പരം അവർ കടിച്ചു കീറി. ബോസ്നിയ ചോരയിൽ മുങ്ങുകയും ചെയ്തു. 1992 മുതൽ നാലു വർഷം മനുഷ്യക്കുരുതികളുടേയും കൂടബലാത്സംഗങ്ങളുടേയും കാലമായിരുന്നു. അക്കാലമത്രയും സാരയേവോ നഗരം അക്രമികളാൽ വളഞ്ഞുകിടന്നു. പതിനാലായിരം പേരാണ് സാരയേവോയിൽ മരിച്ചു വീണത്. മാനവികതയ്ക്കെതിരായ അതിക്രൂരമായ അക്രമമായി ഇന്നതിനെ കണക്കാക്കുന്നു. മതസ്പർദ്ധ കൊടികുത്തിവാണിരുന്ന യുദ്ധകാലത്ത് ഒരു ക്രിസ്ത്യൻ യുവാവും ഒരു മുസ്ലീം യുവതിയും പ്രണയബദ്ധരായതായിരുന്നു ആർക്കും ഉൾക്കൊള്ളാനാവാഞ്ഞ വൈരുദ്ധ്യം.

സാരയേവോയിൽ കഴിയുന്ന ഓരോ നാളും അവരുടെ സ്വപ്നസാക്ഷാൽക്കാരത്തിന് വിലങ്ങുതടിയാകുമെന്ന് ആ കമിതാക്കൾക്കറിയാമായിരുന്നു. മതങ്ങളില്ലാത്ത, യുദ്ധവെറിയില്ലാത്ത, സമാധാനത്തിന്റെ ചക്രവാളത്തിലേക്ക് പറന്നകലാൻ ആ പ്രണയജോഡികൾ ആഗ്രഹിച്ചെങ്കിൽ അവരെ കുറ്റം പറയാൻ ഒക്കുമോ?.

അത്‌ഭുതമെന്നു പറയട്ടെ, അവരുടെ മാതാപിതാക്കൾ പോലും അവരെ പിരിഞ്ഞു കാണാൻ ആഗ്രഹിച്ചിരുന്നില്ല. എന്തിന് അവരുടെ സുഹൃത്തുക്കൾ ഒരിക്കൽപ്പോലും അവരെ പിരിഞ്ഞു കണ്ടിട്ടില്ല. ബാല്യം മുതലേ ഒരുമിച്ചു കളിച്ചു വളർന്നവർ. പ്രണയം എങ്ങനെയിരിക്കണമെന്നതിന്റെ ഉദാത്ത മാതൃകകളായിരുന്നു ബോഷ്കോയും അദ്മീറയും. യുദ്ധം തുടങ്ങുന്നതിനു മുമ്പേ ബോഷ്കോയുടെ അച്ഛൻ മരിച്ചു. യുദ്ധകാലത്ത് മുസ്ലീങ്ങൾക്കിടയിൽ താമസിക്കുന്നത് ഒഴിവാക്കാനായി ബോഷ്കോയുടെ അമ്മയും സഹോദരനും സെർബിയയിലേക്കു നാടുവിട്ടു. പാവം ബോഷ്കോ! അവന് സാരയേവോ വിട്ടുപോകാനാവുകയില്ലായിരുന്നു. അവന്റെ ഹൃദയവും ജീവിതമപ്പാടേയും ആ നഗരത്തിലായിരുന്നല്ലോ. അദ്മീറ എന്ന സുന്ദരിയുടെ അധരങ്ങളിലായിരുന്നു അവന്റെ പ്രഭാതങ്ങൾ വിടർന്നത്. അവളുടെ കണ്ണിണകളിലായിരുന്നു അവന്റെ ഹൃദയം മിടിച്ചത്. എന്തിന് അതിർത്തികളില്ലാതെ പരസ്പരമൊഴുകിയിരുന്ന മനസ്സുകളായിരുന്നല്ലോ, അവരുടേത്. ആരേയും അസൂയപ്പെടുത്തും വിധം ആ പ്രണയേതിഹാസം സാരയേവോയിലെ തെരുവുകളിൽ പടർന്നു പന്തലിച്ചു. ബോസ്കോ സെർബിയയിലേക്കു പോയില്ല. ഓരോ നിമിഷത്തിലും ഓരോ തെരുവുകളിലും വെടിയുണ്ടകളും ഗ്രെനേഡുകളും മനുഷ്യജീവനുകളെടുത്തു കൊണ്ടിരുന്നപ്പോഴും ബോഷ്കോയ്ക്ക് അതിന് സാധിച്ചില്ല. അവൻ അദ്മീറയ്ക്ക് കൂട്ടിരുന്നു. ബന്ധുകളും സുഹൃത്തുക്കളുമെല്ലാം ജീവനിൽ ഭയന്നോടി രക്ഷപ്പെട്ടിട്ടും ബോഷ്കോ അചഞ്ചലനായിരുന്നു. അദ്മീറയ്ക്കൊപ്പം തീവ്രാനുരാഗബദ്ധിതനായി.

ഓരോ അടി ദൂരത്തിലും ഓരോ മനുഷ്യൻ പിടഞ്ഞുവീണു കൊണ്ടിരുന്ന കാലം. ബോഷ്കോയും അദ്മീറയും തമ്മാമ്മിൽ കാണാതിരുന്ന ദിവസം മാത്രമുണ്ടായില്ല. ചുറ്റും ചിതറിവീണ മൃതശരീരങ്ങളുടെ എണ്ണം ദിനംപ്രതിയെന്നോണം പെരുകിക്കൊണ്ടേയിരുന്നു. അവയൊന്നും മറവുചെയ്യാൻ പോലും ആരുമില്ലാതെ അനാഥരായി. തെരുവുകളിലെ കബന്ധങ്ങളിൽ ശവംതീനികൾ ആർത്തു. കെട്ടിടങ്ങൾ ബോംബാക്രമണങ്ങളിൽ തകർന്നുകൊണ്ടേയിരുന്നു. ഒരിക്കലും തീരാത്തവണ്ണം നരകയാതനകൾ സാരയേവോയിൽ പെരുത്തുനിന്നു.

ഒരു നാൾ ബോഷ്കോയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അങ്ങനെയൊന്ന് അക്കാലത്ത് മരണത്തിലേക്കുള്ള വിളിയായി മാത്രമേ കാണാനാവുമായിരുന്നുള്ളൂ. ബോഷ്കോയുടെ സെർബിയയിലെ വീട്ടിലേക്ക് രക്ഷപ്പെടുകയല്ലാതെ മറ്റു നിർവ്വാഹങ്ങളൊന്നുമില്ലെന്ന സത്യം അവരുടെ മുന്നിൽ തെളിഞ്ഞു വന്നു. മുസ്ലീമായ അദ്മീറയ്ക്കും അക്കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. മാതാപിതാക്കൾ എതിർത്തെങ്കിലും.

സാരയേവോയിൽ നിന്ന് പുറത്തേക്കെത്തണമെങ്കിൽ മില്യാക്ക നദി മുറിച്ചു കടക്കണം. വൃബാന്യ പാലമാണതിനുള്ള പ്രധാന വഴി. സാരയേവോയിലേക്ക് നിരന്തരം വെടിയുതിർത്തുകൊണ്ടിരുന്ന സെർബിയൻ സൈനികർ അവിടെയെല്ലാം തമ്പടിച്ചിട്ടുണ്ട്. സെർബിയക്കാരായ സുഹൃത്തുക്കൾ അവരുടെ സുരക്ഷിതമായ യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങൾ തീർത്തു. സൈനികർക്കു വേണ്ട കൈക്കൂലിയൊക്കെ അവർ നേരത്തേ കൊടുത്തുവെച്ചിരുന്നു. പാലം കടക്കാനുള്ള സമയം വരെ പറഞ്ഞുറപ്പിക്കുകയും ചെയ്തു. അന്ന് മെയ് 19, 1993. വൈകുന്നേരം അഞ്ചുമണിക്കായിരുന്നു ആ രക്ഷപ്പെടൽ. ബോഷ്കോയും അദ്മീറയും ആത്മവിശ്വാസത്തിലായിരുന്നു. അവരിരുവരും മില്യാക്ക നദിക്കരികിലെത്തി. വൃബാന്യ പാലത്തിലേക്ക് ആദ്യം കയറിയത് ബോഷ്കോയായിരുന്നു.

പെട്ടെന്ന്, കാലത്തിനെത്തന്നെ തുളച്ചുകൊണ്ട് ഒരു വെടിശബ്ദം മുഴങ്ങി. ബോഷ്കോയുടെ തലയിലൂടെയാണ് ഉണ്ട പാഞ്ഞുകയറിയത്. പൊടുന്നനെ, അപസ്മാരം വന്നയാളെപ്പോലെ ഒന്ന് പിടഞ്ഞവൻ നിലംപതിച്ചു. ഒന്നു നിലവിളിക്കാൻ പോലുമാകാതെ ബോഷ്കോ നിശ്ചലനായി. ചുടുചോര പാലത്തിലെ മണ്ണിൽ പരന്നൊഴുകുന്നുണ്ടായിരുന്നു. അദ്മീറ ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നു. പിന്നെ ഒരു ആർത്തനാദത്തോടെ അവൾ മുന്നോട്ടാഞ്ഞു. തന്റെ പ്രിയതമന്റെ നേരെ. പക്ഷെ, തൊട്ടടുത്ത നിമിഷം മറ്റൊരു വെടിയുണ്ട ഉഗ്രശബ്ദത്തോടെ ആ ഇളംനെഞ്ചിലൂടെ ആഴ്ന്നിറങ്ങി. അദ്മീറ വീഴുമ്പോഴും ജീവൻ ബാക്കിയുണ്ടായിരുന്നു. നിലത്തുവീണിട്ടും, ചോരയിൽ കുതിർന്നിട്ടും അവൾക്ക് കൂസലുണ്ടായിരുന്നില്ല. ബോഷ്കോയുടെ ശരീരം ഏതാനും അടി ദൂരെയായിരുന്നു. അതിനടുത്തേക്കവൾ ഇഴഞ്ഞുനീങ്ങി. ജീവന്റെ അവസാന തുള്ളിയിൽ ആഞ്ഞുവലിച്ചു കൊണ്ടുള്ള ഇഴച്ചിൽ. എല്ലാം ചേർത്തുപിടിച്ചു കൊണ്ടുള്ള പ്രണയത്തിന്റെ പിടച്ചിലായിരുന്നു അത്. അദ്മീറ ബോഷ്കോയുടെ അടുത്തേക്ക് നിരങ്ങിയെത്തി. അവൾ കൈകൾ പൊക്കി ബോഷ്കോയെ മുറുകെപ്പിടിച്ചു. ഒരിക്കലും തീരാത്ത അന്ത്യാശ്ലേഷം. ഏതാനും നിമിഷങ്ങൾ ആ കമിതാക്കൾ ആലിംഗനത്തിമലർന്നു കിടന്നു. സാരയേവോ നഗരം തീർത്തും നിശ്ചമായ നിമിഷങ്ങളായിരുന്നു അത്. ഒരൊറ്റ വെടിയൊച്ച പോലും മുഴങ്ങിയില്ല. ഒരു സൈനികൻ പോലും അനങ്ങിയതുമില്ല. എന്തിന്, ഒരു നിലവിളി പോലും ഉയരാൻ ബാക്കിയില്ലായിരുന്നു. ലോകത്തിന്റെ പ്രണയമപ്പാടെ എല്ലാവരുടേയും തൊണ്ടയിൽ കൊരുത്തുനിന്നു. അനശ്വരമായ ആ പ്രേമാശ്ലേഷചിത്രത്തിൽ ഒന്നു വിതുമ്പാൻ എല്ലാവരും മറന്നു പോയിരിക്കണം.

അദമ്യമായ പാരവശ്യത്തിൽ അദ്മീറ ബോഷ്കോയെ ചുംബിച്ചു കൊണ്ടേയിരുന്നു. മരണത്തിന്റെ കയത്തിൽ നിന്നും തന്റെ പ്രിയനെ വലിച്ചു കയറ്റാനുള്ള അവസാന ശ്രമങ്ങൾ. പിന്നെ, അതും നിലച്ചു. ഏതാണ്ട് പതിനഞ്ചു മിനിറ്റോളം വരെ അദ്മീറയ്ക്ക് ജീവൻ ബാക്കിയുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പതിയെ അവളും നിശ്ചലയായി.

ആരായിരുന്നു അവരെ വെടിവെച്ചതെന്ന് ഇന്നും ആർക്കുമറിഞ്ഞുകൂടാ. ആലിംഗനബദ്ധരായി കിടന്നിരുന്ന ആ ശരീരങ്ങൾക്കടുത്തേക്കു പോകാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. സെർബിയക്കാരും ബോസ്നിയക്കാരും ഇന്നും ഒരു പോലെ ഉറപ്പിച്ചു പറയുന്നു അവരല്ല ബോഷ്കോയേയും അദ്മീറയേയും കൊന്നതെന്ന്. ആരും അവരുടെ മരണത്തിന് ഉത്തരം പറഞ്ഞില്ല. കൊലയാളികളെ ആർക്കും ഇന്നുമറിയില്ല. എന്തായാലും കുറ്റാരോപണങ്ങൾക്കിടയിൽ പരസ്പരം കെട്ടുപിണഞ്ഞു കിടന്നിരുന്ന ആ ഇളം ശരീരങ്ങൾ വെറുങ്ങലിച്ചു തന്നെ കിടന്നു. അവകാശികളില്ലാതെ. എടുത്തുമാറ്റാൻ ധൈര്യമില്ലാതെ. തണുത്തുറഞ്ഞ ആ പ്രണയാശ്ലേഷം എട്ടുദിവസം നീണ്ടു. ഒടുവിൽ സെർബിയൻ സൈനികർ ബോസ്നിയൻ തടവുകാരെ മറയായി ഉപയോഗിച്ച് എട്ടാം ദിവസം പാതിരാത്രി അവരെ എടുത്തു കൊണ്ടുപോയി ലുക്കാവിച്ച എന്ന സ്ഥലത്ത് മറവ് ചെയ്തു.

യുദ്ധം തീർന്നപ്പോൾ, 1996ൽ അദ്മീറയുടെ മാതാപിതാക്കൾ ആ ശരീരാവശിഷ്ടങ്ങളെ വീണ്ടും പുറത്തെടുത്ത് സാരയേവോയിൽ തന്നെയുള്ള ലാവ് സെമിത്തേരിയിൽ ഒരുമിച്ച് സംസ്കരിച്ചു. ബോഷ്കോയുടെ അമ്മ റാദ്മീള ആ പ്രണയജോഡിയെ സമാധാനത്തിന്റെ പ്രതീകമായാണ് കാണുന്നത്. അഞ്ഞൂറിലധികം കൊല്ലം യഹൂദരും കത്തോലിക്കരും ഓർത്തഡോക്സുകളും മുസ്ലീങ്ങളും ഒരുമിച്ചു കഴിഞ്ഞ -പിന്നീട് അതേ മതങ്ങളുടെ പേരിൽ പരസ്പരം കുത്തിക്കീറിയ- സാരയേവോയ്ക്ക് അവരുടെ ശവകുടീരത്തോളം വലിയൊരു സ്മാരകം പ്രതീക്ഷിക്കാനാവുമോ? പ്രണയമാണോ യുദ്ധമാണോ മനുഷ്യനെ ജയിക്കുക എന്നു കാലം പറയട്ടെ.

ഈ സംഭവകഥയെയാണ് പിയെറ്റ ദേവാലയത്തിൽ പുനരാവിഷ്കരിച്ചിരിക്കുന്നത്. സഫേത് സെകിന്റെ ചിത്രങ്ങൾ എല്ലാം ആലിംഗനങ്ങളാണ്. പരസ്പരം കൊതിതീരാതെ പ്രണയിച്ച രണ്ടു പേരുടെ ഒരിക്കലുമവസാനിക്കാത്ത പുണരലുകൾ. അതിൽ മോഹങ്ങളുണ്ട്. നിരാശയുണ്ട്. വ്യഗ്രതയും നിർവൃതിയുമുണ്ട്. ചിതറിപ്പുരണ്ടു കിടക്കുന്ന ചോരപ്പാടുകളുമുണ്ട്.

സഫേതിന്റെ പ്രിയപ്പെട്ട നിറമാണ് ചുവപ്പു കലർന്ന തവിട്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അത് നിറയെ ഉപയോഗിച്ചു കാണാം. ഒരു പക്ഷെ, ആ നിറം സൃഷ്ടിക്കുന്ന സ്വപ്നസമാനതയായിരിക്കാം അതിനു കാരണം. ചരിത്രത്തിന്റേയും ദുരന്തത്തിന്റേയും കണ്ണാടിയിലൂടെ സംഭവങ്ങൾ ചിത്രീകരിക്കാൻ വലിയ താല്പര്യമാണ് സഫേതിന്. നമ്മെ പിടിച്ചുലയ്ക്കുന്ന, അല്ലെങ്കിൽ പാരവശ്യം സൃഷ്ടിക്കുന്ന വിധം വരച്ചിടും ഓരോ കാൻവാസിലും. അവയാകട്ടെ, കണ്ടുകഴിഞ്ഞാലും നമ്മെ വിടാതെ പിന്തുടരുകയും ചെയ്യും. അലസമായ വരകളായി ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും സഫേത് തന്റെ സൃഷ്ടികളിൽ ചെലുത്തുന്ന സൂക്ഷ്മത പിന്നീടാണ് നമ്മെ ബാധിക്കുക. യുദ്ധചിത്രങ്ങളിൽ പൊതുവെ കാണാത്ത ഒരു സൗന്ദര്യം അതിനുണ്ട്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ദുരന്തരംഗങ്ങളിൽ നിന്നും ആത്മാക്കളെ നെയ്തെടുത്ത് നമ്മുടെ മുന്നിൽ അവതരിപ്പിക്കുകയാണ് ഈ മഹാനായ ചിത്രകാരൻ.

റ്റിപ്പോലോയുടെ അതിഗംഭീരമായ ഫ്രെസ്കോകൾക്കു കീഴെ വിശുദ്ധമേരിയുടെ അൾത്താരയിലും യേശുദേവന്റെ രൂപങ്ങൾക്കുമിടയിലായി ദേവാലയച്ചുമരുകളിലാണ് സഫേതിന്റെ “ആലിംഗനങ്ങൾ” ചേർത്തു വെച്ചിരിക്കുന്നത്. ജ്യാന്ദോമെനിക്കോ റൊമാനെല്ലി എന്നയാളാണ് ക്യൂറേറ്റർ. ചിത്രങ്ങളും സംഗീതവും ദേവാലയപശ്ചാത്തലവുമായി ഇടചേർന്നാണ് ഈ ഇൻസ്റ്റലേഷൻ തീർത്തിരിക്കുന്നത്. അതു കണ്ടു നടക്കുമ്പോൾ ബോഷ്കോയുടേയും അദ്മീറയുടേയും നെഞ്ചിടിപ്പുകൾ നമ്മുടെ ഉള്ളിൽ മുഴങ്ങും. ഒരിക്കലും നിലയ്ക്കാത്ത പ്രണയനൊമ്പരമെന്നോണം. ആ ഹൃദയതാളത്തിനൊപ്പം പതിഞ്ഞ സംഗീതമായി അന്റോണിയോ വിവാൾഡിയെ നമുക്കു കേൾക്കാം. ആ മഹാസംഗീതകാരൻ നാദവീചികളുയർത്തിയ സ്ഥലമെന്ന നിലയിൽ ഈ പിയെറ്റ ദേവാലയത്തിലെ ഇൻസ്റ്റലേഷന്റെ ഭാഗമായി ആ വൈകാരികതയ്ക്ക് മൂർച്ചയിട്ടു കൊണ്ട് വിവാൾഡിയുടെ പിയാനോ മാറ്റൊലി കൊള്ളുമ്പോളത്തെ അനുഭവം പറഞ്ഞറിയിക്കാനാവില്ല. അത്രയും വികാരഭദ്രമായിട്ടായിരുന്നു ആ ചിത്രസംഗീതതാദാത്മ്യം. രണ്ട് ശരീരവും ഒരൊറ്റയാത്മാവുമായി ജീവിച്ച കമിതാക്കളുടെ മിടിപ്പിനേയാണ് സഫേത് സെക് ഇവിടെ പകർന്നു വെച്ചിരിക്കുന്നത്. അത് സാരയേവോ എന്ന നഗരത്തിന്റെ തുടിപ്പുകൂടിയാണ്.

ആരോരുമില്ലാതെ ദിവസങ്ങളോളം വൃബാന്യ പാലത്തിൽ പിണഞ്ഞു കിടന്ന ശരീരങ്ങൾ തികഞ്ഞ സംവേദനക്ഷമതയോടും വിശാലമായ മാനവികതയോടും കൂടിത്തന്നെയാണ് സഫേത് അവതരിപ്പിക്കുന്നതെങ്കിലും ഉള്ളിലൊരു സംശയം ഉയർന്നു വരും. ലോകത്തിനു മുന്നിലായി തുറന്നിട്ട ഈ കാഴ്ച ബോഷ്കോയും അദ്മീറയും ആഗഹിച്ചിരുന്നോ എന്നത്. പണ്ട് സാരയേവോ കത്തിയമർന്നിരുന്ന കാലത്ത് അദ്മീറയോട് അവളുടെ അമ്മ ചോദിക്കുകയുണ്ടായി. “നിനക്ക് അവനെ കല്യാണം കഴിച്ചാലെന്താ” എന്ന്. അക്കാലത്ത് അപൂർവ്വമാണെങ്കിലും ആ നഗരത്തിൽ നടന്നിട്ടുള്ള ഏതാനും മുസ്ലീം-ക്രിസ്ത്യൻ വിവാഹങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റുകയും വാർത്തകളിൽ നിറയുകയുമൊക്കെ ഉണ്ടായിരുന്നു. അമ്മയുടെ ചോദ്യത്തിന് അദ്മീറ ഇങ്ങനെ മറുപടി പറഞ്ഞു. “ഞങ്ങളുടെ പ്രണയത്തെ ഒരു കാഴ്ചവസ്തുവാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സമയമാവുമ്പോൾ വിവാഹം നടന്നോളും”. അങ്ങനെ നോക്കുമ്പോൾ, ‘അബ്രാച്ചി അഥവാ ആലിംഗനങ്ങൾ’ എന്ന ഈ പ്രദർശനത്തെക്കുറിച്ച് അദ്മീറ എന്തായിരിക്കും പറയാൻ സാധ്യത.

പ്രിയപ്പെട്ട ഇണകളുടെ ദുരന്തം സെഫേത് പകർത്തിയിരിക്കുന്ന ചിത്രങ്ങളിൽ മരണമാണ് നിറഞ്ഞു നില്ക്കുന്നത്. ഒരു മരണാവബോധം നമ്മെ നിസ്സംഗരാക്കാനുമിടയുണ്ട്. മരണത്തെ അതും ദുർമ്മരണത്തെ -ഈ ഭൂമിയിൽ ഒരുമിച്ചൊരു ജീവിതം സാധ്യമാവില്ലെന്ന ചിന്തയെ- അഭിമുഖീകരിക്കുമ്പോൾ ചിത്രകല എങ്ങനെയാണ് പ്രതികരിക്കുന്നത്? അത് നമ്മുടെ ഉള്ളിൽ നിറയ്ക്കുന്നതെന്താണ്? നിരാശയിൽ നിന്ന് ഉദ്ദീപിപ്പിക്കുന്നതെന്താണ്? അനിവാര്യമായ മൃത്യുബോധത്തിന് നമ്മെ അഴിക്കാനും ചേർക്കാനും വീണ്ടും പിരിയിപ്പിക്കാനുമൊക്കെ, ചിന്തിക്കാനും അനുഭവിക്കാനുമാവാത്തവിധം സാധിക്കുമോ?

ഒന്നു മാത്രം പറയാം, ബോഷ്കോയും അദ്മീറയും ചിത്രങ്ങളിലൂടേയും എഴുത്തുകളിലൂടേയും നമ്മുടെയുള്ളിൽ നിറയുന്നുണ്ടെങ്കിൽ ആ പ്രണയിതാക്കൾ ഇന്നും ജീവിക്കുക തന്നേയാണ്. വ്യത്യസ്തമനുഷ്യരുടെ സഹവാസമെന്ന സാധ്യത എന്നേ കെട്ടണഞ്ഞു പോയ സാരയേവോ നഗരം ഇന്നും യാഥാർത്ഥ്യത്തോടെ നിലനില്ക്കുന്നുണ്ടെങ്കിലും, അതിനും മുകളിലായി ഈ പ്രേമസൗരഭ്യത്തിന് പരിലസിക്കാനാവുന്നുണ്ടെന്നത് എന്നത് പ്രതീക്ഷ നല്കുന്നില്ലേ?.

രക്ഷപ്പെടാനുള്ള അദമ്യമായ ആഗ്രഹം, എവിടെ നിന്നോ പാഞ്ഞു വരുന്ന വെടിയുണ്ടകളുടെ സീൽക്കാരം, പരസ്പരം മറിഞ്ഞു വീഴുന്ന ശരീരങ്ങൾ, വീണ്ടുമെന്നേറ്റ് ഉടനടി പിന്നേയും പിടഞ്ഞു വീഴുകയും തുടർന്ന് നിതാന്തനിശ്ചലതയിൽ പുണർന്നു കിടക്കുകയും ചെയ്യുന്ന അവർ. ആ കാഴ്ച നമ്മുടെ മനസ്സിലൂടെ ഹൃദയം തുളച്ചു പായുന്ന ഒരു തീവണ്ടിയെന്നോണം അനുഭവിപ്പിച്ചു തരും സഫേത്. ഒരിക്കലും തീരാത്ത പീഡകളാൽ ഹോമിക്കപ്പെട്ട രക്തസാക്ഷികളെന്നോണം നമ്മുടെ മനസ്സ് പൊള്ളിക്കും ഈ ബൃഹദ്ചിത്രഗാഥ. ഒരു പക്ഷെ, ദുരിതസാന്ദ്രമായ മനുഷ്യാവസ്ഥയെയാണ് സഫേത് ഇവിടെ ആശ്ലേഷിച്ചു നിർത്തിയിരിക്കുന്നത്. രഹസ്യമായ ഒരു ദിവ്യവിഗ്രഹത്തിൽ കണ്ണും നട്ടിരിക്കുന്ന ചിത്രകാരന്റെ നയനങ്ങളെ നമുക്കിവിടെ കാണാം. അത് നമ്മിലേക്ക് പ്രതിഫലിച്ചു വരുമ്പോൾ അതൊരു വർണ്ണപ്രകാശസ്പന്ദനമായി ഉള്ളിൽ നിറയും. നിര്‍വാണമെന്നോണം ഒരു അനിവാര്യത നമ്മെ ചൂഴ്ന്നു നിൽക്കും. തീർത്തും ഭൗതികമായ ശരീരസങ്കല്പങ്ങൾക്കെല്ലാം അതീന്ദ്രിയമായ ഒരു ആത്മീയ സാക്ഷാത്കാരം അനുഭവിച്ചെടുക്കാനുമായേക്കും ഇതു കണ്ടുതീരുമ്പോഴേക്കും. മരണത്തിന്റെ കൂർത്തമുനയോ ഹൃദയഭേദകമായ വേദനകളോ ഒന്നും നമ്മെ അപ്പോൾ തീണ്ടിയില്ലെന്നും വരും. അതുകൊണ്ടു തന്നെയാവണം സഫേത്, അൾത്താരയ്ക്കടുത്ത് യേശുദേവന്റെ തിരുമുറിവിനെ ഓർമ്മപ്പെടുത്തുന്ന വിധം ഹൃദയം തുളഞ്ഞുകിടക്കുന്ന പ്രണയിതാക്കളെ വരച്ചിട്ടിരിക്കുന്നത്.

അദ്മീറയുടേയും ബോഷ്കോയുടേയും കഥ അത്യന്തം നാടകീയമായ ഒരു ദുരന്തമായും പ്രണയത്തിന്റെ നിത്യസ്മരണയായുമൊക്കെ വായിച്ചെടുക്കാം നമുക്ക്. പക്ഷെ, ചിത്രംവര പാടെ ഉപക്ഷിച്ചിരുന്ന ഒരു ചിത്രകാരനെ ഒരിക്കൽക്കൂടി ചായങ്ങളിലേക്കും കാൻവാസിലേക്കുമെത്തിക്കാൻ വൃബാന്യപാലത്തിലെ ആ കാഴ്ചയ്ക്കു കഴിഞ്ഞു. ലോകത്തെ വെറുങ്ങലിച്ചു നിർത്തിയ ആ ദൃശ്യം ഒപ്പിയെടുക്കാൻ തീർത്തും യാതനാപൂർണ്ണവും അസഹനീയവുമായ മനോവ്യഥകളെ അതിജീവിക്കേണ്ടി വന്നു എന്ന് സഫേത് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരിക്കൽക്കൂടി, ആ ദൃശ്യാവിഷ്കാരം വേദനയിലും ധാർമ്മികരോഷത്തിലും കൊടിയ നിരാശയിലും പൊതിഞ്ഞു നിർത്തിയിട്ടുണ്ടെങ്കിലും, കണ്ടു തീരുന്നതോടെ കാഴ്ചക്കാരന്റെ മാനസികനില, അതിൽ നിന്നൊക്കെ മാറി മറ്റൊരു തലത്തിൽ പ്രവർത്തിക്കുന്നതായായിരുന്നു എന്റെ അനുഭവം.

അന്ധകാരം മനുഷ്യമനസ്സിനെ എത്രമാത്രം അടിപ്പെടുത്തുന്നു എന്നതിന്റെ ഒരു നേർക്കാഴ്ച കൂടിയാണ് സഫേതിന്റെ ചിത്രങ്ങൾ. ബോഷ്കോയേയും അദ്മീറയേയും കൊന്നവർക്ക് കാരണങ്ങളുണ്ടായിരുന്നില്ല. അവരുടെ മനസ്സിൽ സ്നേഹമെന്ന വെളിച്ചവുമുണ്ടായിരുന്നില്ല. യേശുദേവൻ അനുഭവിപ്പിച്ചു തന്ന ആ വെളിച്ചത്തിന്റെ അഭാവം ഇന്നിന്റെ ലോകത്തിൽ ഇരുട്ടായി നിറയുമ്പോൾ മനുഷ്യൻ എങ്ങോട്ട്, എന്ന ചോദ്യം ഉള്ളിൽ മുഴങ്ങും, സാന്താമരീയ പിയെറ്റയിൽ നിന്നും ഇറങ്ങുമ്പോൾ. നേരെ മുന്നിലെ വിശാലമായ നീലസാഗരക്കാഴ്ചയിൽ ആ വ്യർത്ഥത ഒരു നിമിഷം മങ്ങിയമർന്നില്ലാതാവുമെങ്കിലും.


Comments

comments