ആന്വീക്ഷികീ – അധ്യായം 4

1. നാസ്തികപാരമ്പര്യം
വേദങ്ങളെ അടിസ്ഥാനപ്രമാണമാക്കുന്ന വൈദികമതം അഥവാ ബ്രാഹ്മണമതം ശക്തമായിരുന്ന പ്രാചീനകാലത്തുതന്നെ, വേദങ്ങളെ പ്രമാണമായി അംഗീകരിക്കാത്ത നാസ്തികമതങ്ങളും ഇന്ത്യയിൽ പ്രചാരം നേടിയിരുന്നു. ജൈനമതം, ബുദ്ധമതം, ലോകായതം അഥവാ ചാർവ്വാകമതം എന്നിവയാണ് ഇവയിൽ പ്രധാനം. ബ്രാഹ്മണാധിപത്യം, ചാതുർവർണ്യം, യാഗങ്ങളുടെ ഭാഗമായുള്ള മൃഗബലി, യാഗങ്ങൾ ചെയ്യാൻ വേണ്ടിവരുന്ന വലിയ ചെലവ് എന്നിവയെയാണ് ഈ മതങ്ങൾ പൊതുവേ വിമർശനവിധേയമാക്കിയത്. കൂടാതെ അടിസ്ഥാനവിശ്വാസങ്ങളിലും ഇവയോരോന്നും വേദപാരമ്പര്യത്തിൽനിന്നു വ്യത്യസ്തത പുലർത്തി. പൂർണ്ണമായും ഈ മതങ്ങളുടെ ഭാഗമല്ലാത്ത സ്വതന്ത്രമായ നാസ്തികദർശനങ്ങളുമുണ്ട്. പൂരണകശ്യപന്റെ അക്രിയാവാദം, മക്ഖലി ഗോശാലന്റെ നിയതിവാദം, സഞ്ജയവേലഡ്ഡിപുത്തന്റെ അനിശ്ചിതത്വവാദം എന്നിവ ഉദാഹരണം. അജിതകേശകംബലി, പകുദ്ധ കാത്യായനൻ എന്നിങ്ങനെ സ്വതന്ത്രചിന്തകർ വേറെയുമുണ്ട്.  മക്ഖലി ഗോശാലൻ നേതൃത്വം നല്കിയ ആജീവികമതത്തിന് ഒരു കാലത്ത് ഇന്ത്യയിൽ ഏറെ പ്രചാരമുണ്ടായിരുന്നു. ഈ മതങ്ങളിൽ ബുദ്ധമതത്തിന് മറ്റു പല രാജ്യങ്ങളിലും പല ശാഖകളും അനുയായികളുമുണ്ടായപ്പോൾ ജൈനമതം പ്രധാനമായും ഇന്ത്യയിൽത്തന്നെ ഒതുങ്ങിനിന്നു. എങ്കിലും ഇന്ത്യയിൽ ജൈനമതത്തിന് ഇന്നും ഏറെ അനുയായികളുണ്ട്. വിപുലവും മറ്റു മതങ്ങളിൽനിന്നു വേറിട്ടു നില്ക്കുന്നതുമായ വിശ്വാസങ്ങളും ജീവിതരീതിയും ജ്ഞാനാർജ്ജനപദ്ധതിയും ഈ ദർശനത്തിനുണ്ട് എന്നതു കാണാതിരുന്നുകൂടാ. 


2. തീർത്ഥങ്കരർ 
ബി. സി. ആറാം നൂറ്റാണ്ടിൽ ജീവിച്ച വർദ്ധമാന മഹാവീരനാണ് ജൈനമതസ്ഥാപകൻ എന്നു പറയാറുണ്ടെങ്കിലും അത് ഏതെങ്കിലും ഒരു വ്യക്തി സ്ഥാപിച്ചതല്ല എന്നും അനാദിയായ മതമാണത് എന്നും ജൈനർ വിശ്വസിക്കുന്നു. ജിനന്‍ എന്ന ശബ്ദത്തിനർത്ഥം രാഗദ്വേഷങ്ങളെ ജയിച്ചവന്‍ എന്നാണ്. ജിനനെ സംബന്ധിച്ചത്, ജിനന്റെ അനുയായി എന്നിങ്ങനെ ജൈനശബ്ദത്തിന് അർത്ഥം പറയാം. ജൈനരുടെ വിശ്വാസമനുസരിച്ച് 24 തീർത്ഥങ്കരരാണ് മതത്തിലെ പ്രധാനികള്‍. ആഗ്രഹത്തിന്റെയും കർമ്മത്തിന്റെയും ബന്ധങ്ങളില്‍നിന്നു മോചനം നേടി, ലൌകികജീവിതത്തെ- സംസാരസാഗരത്തെ- തരണം ചെയ്തവരാണ് തീർത്ഥങ്കരർ. മുനി അഥവാ സാധു, ആര്യിക അഥവാ സാധ്വി, ശ്രാവകന്‍, ശ്രാവിക എന്നിങ്ങനെ നാലു വിഭാഗങ്ങളുള്ള ജൈനസംഘത്തെയും തീർത്ഥം എന്ന പദംകൊണ്ട് വ്യവഹരിക്കാറുണ്ട്. തീർത്ഥങ്ങളെ സ്ഥാപിച്ചവന്‍ എന്നും തീർത്ഥങ്കരശബ്ദത്തിന് അർത്ഥം കാണുന്നു. ജിനശബ്ദം തീർത്ഥങ്കരരെ കുറിക്കാനും ഉപയോഗിക്കാറുണ്ട്. തീർത്ഥങ്കരന്മാരില്‍ അവസാനത്തെ ആളാണ് മഹാവീരൻ. 24 തീർത്ഥങ്കരർ ഇവരാണ്:ഋഷഭദേവൻ, അജിതനാഥൻ, സംഭവനാഥൻ, അഭിനന്ദനൻ, സുമതി, പദ്മപ്രഭ (സുപ്രഭൻ), സുപാർശ്വൻ, ചന്ദ്രപ്രഭ, പുഷ്പദന്തൻ (സുവിധി), ശീതളനാഥൻ, ശ്രേയാംസൻ, വാസുപൂജ്യൻ, വിമലനാഥൻ, അനന്തനാഥൻ, ധർമ്മനാഥൻ, ശാന്തിനാഥൻ, കുന്തുനാഥൻ, അരനാഥൻ, മല്ലീനാഥൻ, സുവ്രതൻ, നമിനാഥൻ, അരിഷ്ടനേമി (നേമിനാഥൻ), പാർശ്വനാഥൻ, മഹാവീരൻ.


ഇവരില്‍ ഇരുപത്തിമൂന്നാമത്തെ തീർത്ഥങ്കരനായ പാർശ്വനാഥനും  ഇരുപത്തിനാലാമത്തെ തീർത്ഥങ്കരനായ മഹാവീരനും ഒഴികെയുള്ളവരെ ചരിത്രവുമായി ബന്ധിപ്പിക്കാന്‍ പാകത്തിനുള്ള തെളിവുകളില്ല. മാത്രമല്ല, ജൈനകൃതികളില്‍ത്തന്നെയുള്ള വിവരണങ്ങളില്‍ ഇവരില്‍പ്പലരുടെയും ആകാരം, ജീവിതകാലം എന്നിവയിലെല്ലാം അതിമാനുഷസ്വഭാവമാണുള്ളത്. ഒന്നാമത്തെ തീർത്ഥങ്കരനായ ഋഷഭദേവനെ ആദിനാഥന്‍ എന്നും ഋഷഭനാഥന്‍ എന്നും വിളിച്ചുപോരുന്നു. ജൈനമതഗ്രന്ഥങ്ങളായ കല്പസൂത്രം, സമവായാംഗം, ആദിപുരാണം എന്നിവയില്‍ അദ്ദേഹത്തെപ്പറ്റിയുള്ള വിവരണങ്ങള്‍ കാണാം. കാശ്യപവംശത്തില്‍ അയോധ്യയിലാണ് ഋഷഭനാഥന്റെ ജനനം. പിതാവ് കുലകരനാഭി. മാതാവ് മരുദേവി.  500 ധനുഷം (വില്ലിന്റെ നീളം) ആയിരുന്നത്രേ അദ്ദേഹത്തിന്റെ ഉയരം. ആവശ്യകനിര്യുക്തി എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം തന്റെ സഞ്ചാരകാലത്തിനിടയില്‍ ജോനകം, സുവർണ്ണഭൂമി എന്നീ രാജ്യങ്ങള്‍ സന്ദർശിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. ഋഷഭദേവന് സുമംഗല, സുനന്ദ എന്നിങ്ങനെ രണ്ടു പത്നിമാരും പ്രശസ്തരായ ഭരതനും ബാഹുബലിയും ഉള്‍പ്പെടെ നൂറു പുത്രന്മാരും ഉണ്ടായിരുന്നു. തന്റെ ഭരണകാലത്ത് അദ്ദേഹം പുരുഷന്മാരെയും സ്ത്രീകളെയും പല തൊഴിലുകളും കലകളും അഭ്യസിപ്പിച്ചു. തന്റെ ജനതയെ ജൈനധർമ്മം പഠിപ്പിച്ചു എന്നതാണ് അദ്ദേഹത്തിന്റെ പ്രസക്തി. രാജ്യം നൂറു പുത്രന്മാർക്കു നല്കിയ ശേഷം അദ്ദേഹം ശിഷ്ടകാലം തപസ്വിയായി ജീവിച്ചു. ഋഷഭസേനന്‍, സ്വന്തം പുത്രിമാരായ ബ്രാഹ്മി, സുന്ദരി എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ആദ്യശിഷ്യർ. ബ്രാഹ്മിയെയും സുന്ദരിയെയും അദ്ദേഹം ലിപിയും ഗണിതവും പഠിപ്പിച്ചു. (പ്രാചീനലിപിയായ ബ്രാഹ്മിക്ക് ഇത്തരത്തില്‍ ജൈനമതവുമായി ബന്ധമുണ്ട്.) ഋഷഭസേനന്റെ കീഴില്‍ 84000 ഭിക്ഷുക്കളും ബ്രാഹ്മി, സുന്ദരി എന്നിവരുടെ കീഴില്‍ മൂന്നു ലക്ഷം ഭിക്ഷുണികളുമുണ്ടായിരുന്നു എന്നാണ് ഐതിഹ്യം. 84 ലക്ഷം വർഷം ജീവിച്ച ഋഷഭനാഥന്‍ കൈലാസത്തില്‍വച്ച് മുക്തി പ്രാപിച്ചു. വൈഷ്ണവരുടെ കൃതിയായ ഭാഗവതപുരാണത്തിലും അദ്ദേഹത്തെപ്പറ്റി പരാമർശമുണ്ട്. രാമായണത്തിലും ഋഷഭന്‍ എന്ന അയോദ്ധ്യാരാജാവിനെക്കുറിച്ചു സൂചനയുണ്ട്. പക്ഷേ അയോദ്ധ്യാരാജാവ് എന്ന സമാനതയ്ക്കപ്പുറം ഇത് തീർത്ഥങ്കരനായ ഋഷഭദേവനെക്കുറിച്ചാണോ എന്നുറപ്പിക്കാന്‍ പാകത്തിനു മറ്റു തെളിവുകള്‍ ലഭ്യമല്ല. പിന്നീടുള്ള മിക്ക തീർത്ഥങ്കരരും ആദ്യം ലൌകികജീവിതം നയിച്ചതിനു ശേഷം സന്യാസവൃത്തി സ്വീകരിച്ചവരും അനുയായികളായ ഭിക്ഷുക്കള്‍ക്കൊപ്പം മോക്ഷം പ്രാപിച്ചവരുമാണ്. പതിനേഴാമതു തീർത്ഥങ്കരനായ കുന്തുനാഥന് ആ പേരു വന്നത്, അദ്ദേഹത്തിന്റെ ഭരണകാലത്ത് ജനങ്ങള്‍ കുന്തിനോട് അഥവാ ചെറുപ്രാണികളോടുപോലും ദയ കാണിച്ചതുകൊണ്ടാണ്. ഭൂതദയ ജൈനമതത്തിലെ ഒരു പ്രധാനമൂല്യമാണല്ലോ. പത്തൊമ്പതാമത്തെ തീർത്ഥങ്കരനായ മല്ലീ അഥവാ മല്ലീനാഥന്‍ ഒരു സ്ത്രീയായിരുന്നു എന്നു ജൈനമതത്തിലെ ശ്വേതാംബരവിഭാഗവും പുരുഷന്‍തന്നെയായിരുന്നു എന്നു ദിഗംബരവിഭാഗവും വിശ്വസിക്കുന്നു. സ്ത്രീയ്ക്കു തീർത്ഥങ്കരനാവാനാവില്ല എന്ന ദിഗംബരവിഭാഗത്തിന്റെ വിശ്വാസമാണ് ഈ വ്യത്യാസത്തിനു കാരണം. ഇരുപത്തിയൊന്നാമതു തീർത്ഥങ്കരനായ നമിനാഥന്‍ സമാധാനപ്രിയനും അഹിംസയുടെ പ്രയോക്താവുമായിരുന്നു. അടുത്ത തീർത്ഥങ്കരനായ അരിഷ്ടനേമി ശ്രീകൃഷ്ണന്റെയും ബലരാമന്റെയും സമകാലികനായിരുന്നു എന്നു ജൈനപുരാണങ്ങള്‍ പറയുന്നു. 


ഇരുപത്തിമൂന്നാമതു തീർത്ഥങ്കരനായ പാർശ്വനാഥന്‍ ബി. സി. ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്നാണു കരുതപ്പെടുന്നത്. വാരാണസിയിലെ അശ്വസേനൻ എന്ന രാജാവിന്റെ പുത്രനായിരുന്നു അദ്ദേഹം. മാതാവ് വാമാദേവി. ബാല്യകാലത്ത് രണ്ടു സർപ്പങ്ങളെ അഗ്നിയിൽനിന്നു രക്ഷിക്കാൻ അദ്ദേഹം നിമിത്തമായിത്തീർന്നു. പില്ക്കാലത്ത് പാർശ്വനാഥനെ പല ആപത്തുകളിൽനിന്നു രക്ഷിച്ചത് ധരണേന്ദ്രൻ, പത്മാവതി എന്നീ പേരുകളിൽ ദിവ്യത്വമാർജ്ജിച്ച ഈ സർപ്പങ്ങളാണ് എന്നാണു വിശ്വാസം. പാർശ്വനാഥന്റെ ശാസനാദേവിയാണ് പത്മാവതി എന്നു കരുതുന്നതിന്റെയും സാംഗത്യം ഇതാണ്. പാർശ്വനാഥവിഗ്രഹങ്ങളുടെ പരിവേഷം സർപ്പഫണമണ്ഡലങ്ങളായതും ജൈനർക്കിടയിൽ സർപ്പാരാധനയ്ക്കു പ്രാധാന്യമുണ്ടായതും ഈ കഥയുടെ ഫലമാണ്. ജൈനമതത്തിൽ അഹിംസയ്ക്കു ലഭിച്ച പരമപ്രാധാന്യം പാർശ്വനാഥന്റെ സംഭാവനയായി കരുതപ്പെടുന്നു. 


ഗൌതമബുദ്ധന്റെ മുതിർന്ന സമകാലികനാണ് വർദ്ധമാനമഹാവീരന്‍. ഇന്നത്തെ ബീഹാറിലുള്‍പ്പെടുന്ന വൈശാലിയിലെ കുണ്ഡഗ്രാമത്തില്‍, കാശ്യപഗോത്രത്തില്‍പ്പെട്ട സിദ്ധാർത്ഥന്‍ എന്ന രാജാവിന്റെയും ത്രിശല എന്ന രാജ്ഞിയുടെയും പുത്രനായി ബി. സി. 599 ലാണ് മഹാവീരന്റെ ജനനം. മുന്‍തീർത്ഥങ്കരനായ പാർശ്വനാഥന്‍ അനിവാര്യമായിക്കരുതിയ അഹിംസ, സത്യം എന്നീ മൂല്യങ്ങളില്‍ വിശ്വസിച്ചിരുന്ന രാജാവായിരുന്നു പിതാവായ സിദ്ധാർത്ഥന്‍. മഹാവീരന്‍ എട്ടാം വയസ്സില്‍ കലാചാര്യന്‍ എന്ന ഗുരുവിന്റെ കീഴില്‍ വിദ്യ അഭ്യസിച്ചു. പിന്നീടദ്ദേഹം കലിംഗരാജാവായ ജിതശത്രുവിന്റെ പുത്രിയായ യശോദയെ വിവാഹം കഴിച്ചു എന്നും അവർക്ക് പ്രിയദർശന എന്നൊരു പുത്രിയുണ്ടായിരുന്നു എന്നും ജൈനരിലെ ശ്വേതാംബരവിഭാഗം കരുതുമ്പോൾ,  അദ്ദേഹം വിവാഹം കഴിക്കാതെ ബ്രഹ്മചാരിയായി തുടർന്നു എന്നാണു ദിഗംബരജൈനന്മാർ വിശ്വസിക്കുന്നത്. തന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം മുപ്പതാം വയസ്സില്‍ മഹാവീരന്‍ കൊട്ടാരം വിട്ടിറങ്ങി. രണ്ടു ദിവസത്തെ ഉപവാസത്തിനു ശേഷം അദ്ദേഹം ഏകവസ്ത്രധാരിയായി ചന്ദ്രപ്രഭ എന്നു പേരുള്ള പല്ലക്കിലേറി ജ്ഞാതൃഖണ്ഡം എന്ന ഉപവനത്തിലേക്കു യാത്രയായി. അവിടെ ഒരു അശോകമരത്തിന്റെ ചുവട്ടില്‍വച്ച് തന്റെ ആഭരണങ്ങളുപേക്ഷിച്ച് അവധൂതനായി. ഒരു വർഷത്തിനും ഒരു മാസത്തിനും ശേഷം പൂർണ്ണമായും വസ്ത്രങ്ങളുപേക്ഷിച്ച് ശിഷ്ടകാലം ദിഗംബരനായാണ് അദ്ദേഹം ജീവിച്ചത്. പന്ത്രണ്ടു വർഷം കഠിനമായ സാധനകളിലൂടെ സന്യാസജീവിതം തുടർന്ന മഹാവീരന് ജൃംഭികാഗ്രാമത്തിലെ ഒരു സാലവൃക്ഷത്തിന്റെ ചുവട്ടില്‍വച്ച് കേവലജ്ഞാനം സിദ്ധിച്ചു. എല്ലാ ലോകങ്ങളിലുമുള്ള സകലജീവികളുടെയും മനസ്സും വാക്കും ശരീരവുമുള്‍പ്പെടെ എല്ലാ രഹസ്യങ്ങളും അറിയുക എന്ന സിദ്ധി ഇതോടെ അദ്ദേഹത്തിനു കൈവന്നു എന്നാണു വിശ്വാസം. മുപ്പതു വർഷത്തോളം തന്റെ മതം പ്രചരിപ്പിക്കുന്നതിനായി വടക്കേ ഇന്ത്യയില്‍ പലയിടത്തും സഞ്ചരിച്ചു. സാമാന്യജനങ്ങളുടെ ഭാഷയായ അർദ്ധമാഗധിയിലാണ് അദ്ദേഹം സംസാരിച്ചത്. അനുയായികളെ തെരഞ്ഞെടുക്കുന്നതില്‍ സ്ഥാനഭേദമോ ജാതിഭേദമോ അദ്ദേഹം പരിഗണിച്ചില്ല. മാത്രമല്ല, ധാരാളം രാജാക്കന്മാരെ ജൈനധർമ്മത്തില്‍ ചേർത്തതിലൂടെ തന്റെ മതത്തിനു വിപുലമായ പ്രചാരം നല്കാനും മഹാവീരനു കഴിഞ്ഞു. ബി സി. 527 ല്‍ പാടലീപുത്രത്തില്‍വച്ചാണ് അദ്ദേഹം മഹാനിർവ്വാണം പ്രാപിച്ചത്.


സന്ന്യാസ/ഭിക്ഷുപാരമ്പര്യമുള്ള മറ്റു മതങ്ങളെക്കാള്‍ സ്ത്രീകള്‍ക്കു സ്ഥാനം നല്കുന്നു എന്നത് ജൈനമതത്തിന്റെ സവിശേഷതയാണ്. ഭിക്ഷുക്കള്‍ (സാധു അഥവാ മുനി), ഭിക്ഷുണികള്‍ (സാധ്വി അഥവാ ആര്യിക) എന്നിങ്ങനെ സന്ന്യാസം സ്വീകരിച്ചവരില്‍ത്തന്നെ പുരുഷന്മാരും സ്ത്രീകളുമുണ്ട്. ഇത്തരത്തില്‍ ഗൃഹസ്ഥരായ പുരുഷന്മാർക്കും (ശ്രാവകന്‍), സ്ത്രീകള്‍ക്കും (ശ്രാവിക) പ്രത്യേകം സംഘങ്ങളുണ്ട്. ഇങ്ങനെ നാലു വിഭാഗങ്ങളായിത്തിരിച്ചു മഹാവീരന്‍ രൂപംകൊടുത്ത മതത്തിന് സുഘടിതമായ ഒരു പ്രസ്ഥാനത്തിന്റെ സ്വഭാവമുണ്ടായിരുന്നു. മഹാവീരന്റെ ജീവിതകാലത്ത് അദ്ദേഹംതന്നെയാണ് ഈ നാലു വിഭാഗങ്ങളുടെയും നേതൃത്വം വഹിച്ചിരുന്നത്. ശ്രമണർ എന്നു നാസ്തികഭിക്ഷുക്കളെ പൊതുവേ പറയാറുണ്ടെങ്കിലും ജൈനരെയാണ് ഈ പേരുകൊണ്ടു സവിശേഷമായി വിവക്ഷിക്കാറുള്ളത്. തമിഴില്‍ ഇതു ശമണർ എന്നാകുന്നു. ജൈനരെ നിർഗ്രന്ഥർ എന്നും വിളിക്കാറുണ്ട്. 

  
3. ഗണധരന്മാർ
തീർത്ഥങ്കരന്മാരുടെ ശിഷ്യപരമ്പരയെയാണ് ഗണധരന്മാർ എന്നു വിളിക്കുന്നത്.  മഹാവീരന്റെ അനുയായികളായ പതിനൊന്നു പേരാണ് ഇവരിൽ പ്രധാനികൾ. ഗൗതമ ഇന്ദ്രഭൂതി, അഗ്നിഭൂതി, വായുഭൂതി, ആര്യവ്യക്തൻ, സുധർമ്മസ്വാമി, മണ്ഡിതൻ, മൗര്യപുത്രൻ, അകമ്പിതൻ, അചലഭ്രാതാവ്, മേതാര്യൻ, പ്രഭാസൻ എന്നിവരാണ് പ്രശസ്തരായ ഗണധരന്മാർ. ഇവർ എല്ലാവരും മതപരിവർത്തനം ചെയ്ത ബ്രാഹ്മണരായിരുന്നു എന്നാണു കരുതപ്പെടുന്നത്. ഇന്ദ്രഭൂതിയും സുധർമ്മസ്വാമിയുമൊഴികെയുള്ളവർ മഹാവീരന്റെ ജീവിതകാലത്തുതന്നെ അന്തരിച്ചു എന്നു ചില കൃതികളിൽ കാണുന്നു. മഹാവീരന്റെ കാലശേഷം ഗൗതമ ഇന്ദ്രഭൂതി ജൈനമതത്തിലെ നാലു വിഭാഗങ്ങളുടെയും ചുമതല ഏറ്റെടുത്തു എന്നു വിശ്വസിക്കപ്പെടുന്നു. ഗൗതമ ഇന്ദ്രഭൂതിയും മഹാവീരനു മുമ്പുതന്നെ മരിച്ചതായി കരുതുന്നവരുണ്ട്. അവരുടെ അഭിപ്രായത്തില്‍ സുധർമ്മനാണ് പിന്നീട് മതത്തിന്റെ നേതൃസ്ഥാനം വഹിച്ചത്. സുധർമ്മനു ശേഷം അദ്ദേഹത്തിന്റെ ശിഷ്യനായ ജംബുസ്വാമിയും ജംബുസ്വാമിയെത്തുടർന്ന് പ്രഭവനും അദ്ദേഹത്തെത്തുടർന്ന് ശയംഭവനും മതാധിപതികളായി. ശയംഭവനു ശേഷം യശോഭദ്രനും അദ്ദേഹത്തിനുശേഷം സംഭൂതിവിജയനും നേതൃസ്ഥാനത്തെത്തി. സംഭൂതിവിജയനു ശേഷം മതനായകസ്ഥാനം വഹിച്ചത് ഈ പരമ്പരയില്‍ ഏറെ പ്രശസ്തനായ ഭദ്രബാഹുവാണ്.


ഭദ്രബാഹുവിന്റെ കാലത്ത് ബി. സി. 310 ല്‍ മൌര്യസാമ്രാജ്യത്തില്‍ രൂക്ഷമായ ഒരു ക്ഷാമമുണ്ടായതിനെത്തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പന്തീരായിരത്തോളം ജൈനമതാനുയായികള്‍ ദക്ഷിണേന്ത്യയിലെ ശ്രവണബലഗോളയിലേക്കു യാത്രയായി. മൌര്യചക്രവർത്തിയായ ചന്ദ്രഗുപ്തനും സ്ഥാനത്യാഗം ചെയ്ത് ഈ സംഘത്തിനൊപ്പം ശ്രവണബലഗോളയിലെത്തുകയും നിരാഹാരമനുഷ്ഠിച്ചു മരണം വരിക്കുകയും ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ദക്ഷിണേന്ത്യയിലേക്കു പോകാതിരുന്ന ജൈനമതാനുയായികളെ നയിച്ചത് സ്ഥൂലഭദ്രന്‍ എന്ന ആചാര്യനാണ്. ക്ഷാമകാലത്തിനുശേഷം ഭദ്രബാഹു പാടലീപുത്രത്തില്‍ മടങ്ങിയെത്തി ജൈനരുടെ പൊതുവായ നേതൃസ്ഥാനത്തു തുടർന്നു. ഭദ്രബാഹുവിനു ശേഷം സ്ഥൂലഭദ്രന്‍ മതനേതൃത്വം വഹിച്ചു. ജൈനരുടെ വിശ്വാസമനുസരിച്ച് അവസാനമായി കേവലജ്ഞാനം നേടി നിർവ്വാണം പ്രാപിച്ച ഗണധരന്‍ ജംബുസ്വാമിയാണ്. ജംബുസ്വാമിയെത്തുടർന്നു വന്ന സ്ഥൂലഭദ്രന്‍ വരെയുള്ള ആചാര്യന്‍മാര്‍ പണ്ഡിതന്മാരായിരുന്നെങ്കിലും കേവലജ്ഞാനമാർജ്ജിച്ചില്ല എന്നാണ് അവർ കരുതുന്നത്. അതുകൊണ്ട് പ്രഭവന്‍ മുതല്‍ സ്ഥൂലഭദ്രന്‍ വരെയുള്ള ആറ് ആചാര്യന്മാരെ ശ്രുതകേവലികള്‍ എന്നാണു വിളിച്ചുപോരുന്നത്. ദിഗംബരവിഭാഗത്തില്‍പ്പെട്ട ജൈനർ ഭദ്രബാഹു വരെയുള്ളവരെയാണ് ശ്രുതകേവലികളായി കണക്കാക്കുന്നത്. ശ്വേതാംബരദിഗംബരവിഭാഗങ്ങള്‍ തമ്മിലുള്ള വേർതിരിവും സ്പഷ്ടമായിത്തുടങ്ങുന്നത് ഈ കാലഘട്ടത്തിലാണ്.  


4. ശ്വേതാംബരന്മാരും ദിഗംബരന്മാരും
ജൈനമതത്തിലെ രണ്ടു പ്രധാനവിഭാഗങ്ങളാണ് ശ്വേതാംബരന്മാരും ദിഗംബരന്മാരും. പേരു സൂചിപ്പിക്കുന്നതുപോലെ ശ്വേതാംബരന്മാർ വെളുത്ത വസ്ത്രം ധരിക്കുന്നവരും ദിഗംബരന്മാർ നഗ്നരുമാണ്. എന്നാല്‍ ഇതിനപ്പുറം പാരമ്പര്യത്തിലും വിശ്വാസങ്ങളിലും ആചാരങ്ങളിലും ഈ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഭേദമുണ്ട്. ഇരുകൂട്ടരും മഹാവീരന്റെ യഥാർത്ഥ അനുയായികള്‍ തങ്ങളാണ് എന്ന് അവകാശപ്പെടുന്നു. സ്ത്രീകള്‍ക്കു സന്ന്യാസത്തിനുള്ള അവകാശത്തെ അംഗീകരിച്ചിരുന്ന തീർത്ഥങ്കരന്മാരുടെ പാരമ്പര്യം ശ്വേതാംബരവിഭാഗം നിലനിർത്തുമ്പോള്‍ ദിഗംബരന്മാർ അവർക്കു സന്ന്യാസം നിഷേധിക്കുന്നു. വസ്ത്രം ധരിച്ചിരുന്ന പാർശ്വനാഥനും ദിഗംബരനായി ഊരുചുറ്റിയ മഹാവീരനും തമ്മിലുള്ള ഭേദവും ഈ വിഭജനത്തെ സ്വാധീനിച്ചിട്ടുണ്ടാവാം. പാർശ്വനാഥപാരമ്പര്യത്തില്‍പ്പെട്ട സ്ഥവിരകല്പന്മാരും മഹാവീരപാരമ്പര്യത്തില്‍പ്പെട്ട ജിനകല്പന്മാരും തമ്മിലും വിശ്വാസങ്ങളിലും ആചാരങ്ങളിലും അന്തരമുണ്ടായിരുന്നു. മൌര്യസാമ്രാജ്യത്തിലുണ്ടായ ക്ഷാമത്തിന്റെ കാലത്ത് ഭദ്രബാഹുവിന്റെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയിലേക്കു പോയ ജൈനരുടെ പാരമ്പര്യമാണ് ദിഗംബരർ അവകാശപ്പെടുന്നത്. അക്കാലത്ത് സ്ഥൂലഭദ്രന്റെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍ത്തന്നെ തുടർന്ന ജൈനർ വെളുത്ത വസ്ത്രമാണ് ധരിച്ചിരുന്നത് എന്നു പറയപ്പെടുന്നു. അതു മാത്രമല്ല, ഭദ്രബാഹുവിന്റെ അഭാവത്തില്‍ പാടലീപുത്രത്തില്‍ച്ചേർന്ന ജൈനമതസമ്മേളനം, മതതത്ത്വങ്ങള്‍ ക്രോഡീകരിക്കാനുള്ള ശ്രമം നടത്തിയതും ഈ വിഭജനത്തിനു കാരണമായിട്ടുണ്ട്. ആ സമ്മേളനത്തില്‍ പങ്കെടുത്ത ജൈനഭിക്ഷുക്കള്‍ പ്രധാനമായും മഹാവീരന്റെ സിദ്ധാന്തങ്ങളുള്‍പ്പെടുന്ന മതതത്ത്വങ്ങളെ അംഗങ്ങള്‍ എന്നറിയപ്പെടുന്ന പതിനൊന്നു ഭാഗങ്ങളായി ക്രമപ്പെടുത്തിയെങ്കിലും, മഹാവീരനു മുമ്പുള്ള തീർത്ഥങ്കരന്മാരുടെ തത്ത്വങ്ങള്‍ ഉള്‍പ്പെടുന്ന ദൃഷ്ടിവാദം എന്ന പന്ത്രണ്ടാം അംഗം അവർക്ക് ഓർമ്മിച്ചെടുക്കാനായില്ല. അക്കാലത്ത് ദൃഷ്ടിവാദമറിയുന്ന ഒരേയൊരാള്‍ ഭദ്രബാഹു ആയിരുന്നുവെന്നും അദ്ദേഹത്തില്‍നിന്ന് അതു പഠിക്കാനായി സ്ഥൂലഭദ്രനെയും മറ്റു ചില ഭിക്ഷുക്കളെയും സമ്മേളനം ചുമതലപ്പെടുത്തിയെന്നും കരുതപ്പെടുന്നു. ദൃഷ്ടിവാദത്തിന്റെ ഭാഗമായി പതിന്നാലു പൂർവ്വങ്ങള്‍ ഉണ്ടായിരുന്നതില്‍ അവസാനത്തെ നാലു പൂർവ്വങ്ങള്‍ സ്ഥൂലഭദ്രനെ അഭ്യസിപ്പിക്കാന്‍ ഭദ്രബാഹു തയ്യാറായില്ലത്രേ. താന്‍ പഠിച്ച പൂർവ്വങ്ങളെ മന്ത്രസിദ്ധികള്‍ നേടാന്‍ സ്ഥൂലഭദ്രന്‍ ഉപയോഗിച്ചു എന്നതാണ് ഇതിനൊരു കാരണമായി പറയുന്നത്. എന്തായാലും സ്ഥൂലഭദ്രന്റെ കാലത്തിനുശേഷം ദൃഷ്ടിവാദം നഷ്ടപ്പെട്ടു പോയതായി ജൈനമതത്തിലെ ഇരുവിഭാഗങ്ങളും കരുതുന്നു.  എങ്കിലും ദിഗംബരജൈനരുടെ പ്രാമാണികഗ്രന്ഥമായ ഷഡ്ഖണ്ഡാഗമത്തില്‍ ദൃഷ്ടിവാദത്തിലെ ചില ഭാഗങ്ങളുണ്ടെന്ന് അവർ അവകാശപ്പെടുന്നുണ്ട്. പില്ക്കാലത്ത് ശിവഭൂതി എന്ന ആചാര്യന്‍ ജൈനമതത്തിലേക്കു പരിവർത്തനം ചെയ്ത സമയത്ത്, താന്‍ ഇനി വസ്ത്രം ധരിക്കുകയില്ലെന്നും മഹാവീരനെപ്പോലെ ദിഗംബരനായേ നടക്കൂ എന്നും പ്രഖ്യാപിച്ചതോടെയാണ് ശ്വേതാംബരരും ദിഗംബരരും പൂർണ്ണമായും രണ്ടു വിഭാഗങ്ങളായി വേർപിരിയുന്നതെന്നാണ് ശ്വേതാംബരവിഭാഗത്തിന്റെ ഭാഷ്യം.


പില്ക്കാലത്ത് വേറെയും ചില ശാഖകള്‍ ജൈനമതത്തിന് ഉണ്ടാകുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ദിഗംബരവിഭാഗത്തില്‍ രൂപംകൊണ്ട താരണസമ്പ്രദായം, ശ്വേതാംബരരുടെ ഇടയില്‍ പതിനാറാം നൂറ്റാണ്ടിലുണ്ടായ സ്ഥാനകവാസീസമ്പ്രദായം, തേരാപന്ഥീസമ്പ്രദായം എന്നിവ ഉദാഹരണങ്ങള്‍. ഈ മൂന്നു പ്രസ്ഥാനങ്ങളും ബിംബാരാധനയ്ക്ക് എതിരാണ്. എങ്കിലും താരണസമ്പ്രദായക്കാർ അതിന്റെ സ്ഥാപകനായ താരണതരണസ്വാമിയെയും തേരാപന്ഥീസമ്പ്രദായക്കാർ ബിംബങ്ങള്‍ക്കു പകരം ധർമ്മഗ്രന്ഥങ്ങളെയും ആരാധിച്ചുവരുന്നു. 


5. ആഗമങ്ങള്‍
ജൈനമതത്തിന്റെ പ്രാമാണികഗ്രന്ഥങ്ങളെ ആഗമങ്ങള്‍ എന്നാണു വിളിക്കാറുള്ളത്. മഹാവീരന്റെ മരണത്തിനു ശേഷം 160 വർഷം കഴിഞ്ഞാണ്  ആദ്യമായി ജൈനമതത്തിലെ വിശുദ്ധഗ്രന്ഥങ്ങൾ സമാഹരിച്ച പാടലീപുത്രത്തിലെ സമ്മേളനം നടന്നത്. ഹരിഭദ്രന്‍ രചിച്ച ആവശ്യകചൂർണ്ണിയിൽ ഇതു സംബന്ധിച്ച വിവരങ്ങൾ കാണാം. മഹാവീരന്റെ നിർവാണത്തിനുശേഷം 830 വർഷം കഴിഞ്ഞ് മഥുരയില്‍വച്ച് സ്കന്ദിലന്റെ നേതൃത്വത്തില്‍ വീണ്ടും ഒരു സമ്മേളനം കൂടി നടന്നു. അതേ കാലത്തുതന്നെ വലഭിയില്‍വച്ച് നാഗാർജുനസൂരിയുടെ അധ്യക്ഷതയില്‍ മറ്റൊരു സമ്മേളനവും നടന്നു. മൂന്നാം സമ്മേളനം മഹാവീരസമാധിക്കുശേഷം 980 വർഷം കഴിഞ്ഞ് വലഭിയില്‍വച്ചുതന്നെ ദേവർദ്ധിഗണി ക്ഷമാശ്രമണന്റെ നേതൃത്വത്തിലാണു നടന്നത്. ഈ സമ്മേളനത്തില്‍ അതുവരെ ലഭ്യമായിരുന്ന പ്രാമാണികഗ്രന്ഥങ്ങളെല്ലാം സമാഹരിക്കുകയും നേരത്തേ നടന്ന സമ്മേളനങ്ങളിലുണ്ടായ തർക്കങ്ങള്‍ പരിഹരിക്കുകയും ചെയ്തു. മഹാവീരന്റെ തത്ത്വങ്ങൾ ക്രോഡീകരിക്കപ്പെട്ടിട്ടില്ല എന്നു വിശ്വസിക്കുന്ന ദിഗംബരർ ശ്വേതാംബരവിഭാഗത്തിന്റെ ആഗമങ്ങളെ  അംഗീകരിക്കുന്നില്ല എന്നും ഓർക്കേണ്ടതുണ്ട്. ശ്വേതാംബരർ ജൈനമതഗ്രന്ഥങ്ങളെ അംഗപ്രവിഷ്ടം, അംഗബാഹ്യം എന്നു രണ്ടു വിധമായി തിരിക്കുന്നു:

 
1) അംഗപ്രവിഷ്ടം:

ഗണധരന്മാർക്കു ലഭ്യമായതോ അവർ രചിച്ചതോ ആയ മഹാവീരന്റെ സിദ്ധാന്തങ്ങള്‍ പില്ക്കാലത്തു ക്രോഡീകരിച്ചതാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. പന്ത്രണ്ട് അംഗങ്ങളായി തിരിച്ചിരിക്കുന്ന ഇവയെ ചേർത്ത് ദ്വാദശാംഗം എന്നു പറയുന്നു. നേരത്തെ പറഞ്ഞതുപോലെ മഹാവീരനു മുമ്പുള്ള തീർത്ഥങ്കരന്മാരുടെ സിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്ന അവസാനത്തെ അംഗമായ ദൃഷ്ടിവാദം നഷ്ടപ്പെട്ടുപോയതിനാല്‍ ദ്വാദശാംഗത്തിനു പതിനൊന്ന് അംഗങ്ങളാണ് ഇപ്പോഴുള്ളത്. പതിനൊന്ന് അംഗസൂത്രങ്ങൾ ഇവയാണ്: ആചാരാംഗം, സൂത്രകൃതാംഗം, സ്ഥാനാംഗം, സമവായാംഗം, വ്യാഖ്യാപ്രജ്ഞാപ്തി അഥവാ ഭഗവതി, ജ്ഞാതാധർമ്മകഥ, ഉപാസകദശ, അന്തഃകൃതദശ, അനുത്തരൌപപാതികദശ, പ്രശ്നവ്യാകരണസൂത്രം, വിപാകശ്രുതം. പന്ത്രണ്ടാമത്തെ അംഗം ദൃഷ്ടിവാദമാണ്.

2) അംഗബാഹ്യം: 

അംഗപ്രവിഷ്ടത്തില്‍ ഉള്‍പ്പെടാത്ത പ്രാമാണികഗ്രന്ഥങ്ങളെല്ലാം ചേർന്നതാണ് ഈ വിഭാഗം. ഇവയ്ക്ക് ഉപാംഗം, മൂലസൂത്രം, ഛേദസൂത്രം, പ്രകീർണ്ണകാസൂത്രം, ചൂലികാസൂത്രം എന്നിങ്ങനെ അഞ്ച് ഉപവിഭാഗങ്ങളുണ്ട്. ഛേദസൂത്രങ്ങളിലൊന്നായ കല്പസൂത്രത്തിന് ജൈനമതഗ്രന്ഥങ്ങളിൽ പ്രധാന സ്ഥാനമുണ്ട്. ഭദ്രബാഹു രചിച്ച ഈ ഗ്രന്ഥത്തിൽ, തീർത്ഥങ്കരന്മാരുടെ- പ്രധാനമായും പാർശ്വനാഥൻ, മഹാവീരൻ എന്നിവരുടെ- ചരിത്രമാണ് വിവരിക്കുന്നത്.


അതായത് അംഗപ്രവിഷ്ടത്തിലെ അംഗസൂത്രങ്ങളും അംഗബാഹ്യത്തിലെ അഞ്ചു വിഭാഗങ്ങളും ചേർന്നതാണ് ജൈനാഗമങ്ങള്‍. ഇവയെല്ലാംതന്നെ പ്രാകൃതഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഈ പ്രാമാണികഗ്രന്ഥങ്ങള്‍ക്കു പിന്നീടു പല കാലത്തായി ധാരാളം ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. അവയെ പൊതുവേ നിര്യുക്തി, ഭാഷ്യം, ചൂർണ്ണി, വൃത്തി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇവയില്‍ നിര്യുക്തികളും ഭാഷ്യങ്ങളും പദ്യരൂപത്തിലും, ചൂർണ്ണികളും വൃത്തികളും ഗദ്യരൂപത്തിലുമാണ്.


ദിഗംബരന്മാർ ശ്വേതാംബരരുടെ ആഗമങ്ങളില്‍ വിശ്വസിക്കുന്നില്ല എന്നു സൂചിപ്പിച്ചല്ലോ. സി. ഇ. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, ദിഗംബരരുടെ മുപ്പത്തിമൂന്നാമത്തെ ആചാര്യനായ ധരസേനന്  വ്യാഖ്യാപ്രജ്ഞാപ്തി, ദൃഷ്ടിവാദം എന്നീ അംഗങ്ങളിലെ ചില ഭാഗങ്ങള്‍ അറിയാമായിരുന്നു എന്നും അത് അദ്ദേഹം പുഷ്പദന്തന്‍, ഭൂതബലി എന്നീ രണ്ട് ആചാര്യന്മാരെ അഭ്യസിപ്പിച്ചു എന്നും അവർ കരുതുന്നു. അവരിരുവരും അതു സൂത്രരൂപത്തില്‍ എഴുതിവയ്ക്കുകയും ചെയ്തു. ഷഡ്ഖണ്ഡാഗമം എന്നറിയപ്പെടുന്ന ഈ കൃതിക്ക് ദിഗംബരർ ആഗമത്തിന്റെ സ്ഥാനമാണ് നല്കുന്നത്. അതില്‍ ആകെ ആറായിരം സൂത്രങ്ങളുള്ളതില്‍ 177 എണ്ണം പുഷ്പദന്തനും ബാക്കിയുള്ളവ ഭൂതബലിയുമാണ് എഴുതിയത്. ഈ കൃതിക്ക് കർമ്മപ്രഭൃതമെന്നും പേരുണ്ട്. ദൃഷ്ടിവാദത്തെ അടിസ്ഥാനമാക്കി ഗുണധരന്‍ എന്ന ആചാര്യന്‍ രചിച്ച കഷായപ്രഭൃതമാണ് അവരുടെ മറ്റൊരു പ്രമാണഗ്രന്ഥം. കർമ്മപ്രഭൃതത്തിലെ ആദ്യത്തെ അഞ്ചു ഭാഗങ്ങള്‍ക്കു വീരസേനന്‍ രചിച്ച ധവളാ എന്ന വ്യാഖ്യാനവും കഷായപ്രഭൃതത്തിനു വീരസേനനും ജിനസേനനും ചേർന്നെഴുതിയ ജയധവളാ എന്ന വ്യാഖ്യാനവും പ്രധാനമാണ്.


സംസ്കൃതഭാഷയില്‍ ഉമാസ്വാതി എഴുതിയ തത്ത്വാർത്ഥസൂത്രം എന്ന കൃതി ശ്വേതാംബര-ദിഗംബരവിഭാഗങ്ങളെ ഒരുപോലെ പരിഗണിക്കുന്നതുകൊണ്ട് ഇരുവിഭാഗത്തിനും സ്വീകാര്യമാകുന്നു. സി. ഇ. രണ്ടു മുതല്‍ അഞ്ചു വരെയുള്ള നൂറ്റാണ്ടുകള്‍ക്കിടയിലാണ് ജൈനതത്ത്വങ്ങളെ സംബന്ധിച്ച് ആധികാരികമായി കരുതപ്പെടുന്ന ഈ കൃതിയുടെ രചനാകാലം.


6. ജൈനമതതത്ത്വങ്ങളും വിശ്വാസങ്ങളും
ജൈനാഗമങ്ങളായ സൂത്രകൃതാംഗം, വ്യാഖ്യാപ്രജ്ഞാപ്തി, സ്ഥാനാംഗം, സമവായാംഗം തുടങ്ങിയവയില്‍ തത്ത്വചിന്താപരമായ സംവാദങ്ങളുണ്ട്. ജൈനമതം സർവ്വശക്തനും പ്രപഞ്ചവിധാതാവുമായ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നില്ല.  ലോകം അഥവാ സംസാരം അനാദിയും അനന്തവുമാണ്. പ്രപഞ്ചം സ്വയം നിർമ്മിക്കപ്പെട്ടതാണ്. പ്രപഞ്ചസൃഷ്ടിക്കു കാരണം മൂലഭൂതങ്ങളാണ്. ഇവയെ ജീവം, അജീവം എന്നു രണ്ടായി തിരിക്കുന്നു. ഇവ രണ്ടും ശാശ്വതവും പരസ്പരബന്ധിതവുമാണ്.  പുദ്ഗലം, ധർമ്മാസ്തികായം, അധർമ്മാസ്തികായം, ആകാശം, കാലം എന്നിവ അജീവം. ഇവയ്ക്കൊപ്പം ജീവവും (ജീവൻ) കൂടി ചേർത്ത് ആകെ ആറു മൂലഭൂതങ്ങൾ. ഇവയെ ദ്രവ്യങ്ങള്‍ എന്നും പറയുന്നു.


ജീവം:

ജീവം അഥവാ ജീവന്റെ സവിശേഷത സചേതനത്വമാണ്. ജീവന്‍തന്നെയാണ് ആത്മാവ്. അതിനു രൂപമില്ലാത്തതിനാല്‍ ഇന്ദ്രിയഗോചരമല്ലെങ്കിലും ഇന്ദ്രിയാനുഭവങ്ങളിലൂടെയും ബോധത്തിലൂടെയും അതു പ്രകടമാകുന്നു. ചേതന എല്ലാ ദ്രവ്യങ്ങളിലും ഒരുപോലെയല്ല. ഭൂതാദ്വൈതവാദം, ബ്രഹ്മാദ്വൈതവാദം തുടങ്ങിയ ദർശനങ്ങളെ നിരസിച്ചുകൊണ്ട് ആത്മാവിന്റെ ബഹുത്വത്തെ സ്ഥാപിക്കുകയാണ് ആഗമങ്ങളില്‍. ആത്മാവ് അനശ്വരമാണെന്നാണു ജൈനരുടെ വിശ്വാസം. എങ്കിലും ഓരോ ജീവിക്കും ഓരോ ആത്മാവുണ്ട് എന്നവർ കരുതുന്നു. ഒരു ശരീരത്തില്‍ ഒന്നിലേറെ ആത്മാവുണ്ടാകാമെങ്കിലും ഒരാത്മാവിന് ഒന്നിലേറെ ശരീരങ്ങളില്‍ നിലനില്ക്കുക സാധ്യമല്ല. മാത്രമല്ല, നിലനില്ക്കുന്ന ജീവിക്കനുസരിച്ച് ആത്മാവിനു വലിപ്പച്ചെറുപ്പവുമുണ്ട്. അത് ഭൗതികശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജൈനർ ആത്മാവിനെ പരമപ്രധാനമായി കണക്കാക്കുന്നു. ആത്മാവ് ഒരു തരത്തില്‍ ജ്ഞാനത്തില്‍നിന്നു ഭിന്നമായിരിക്കെത്തന്നെ ജ്ഞാനവുമായി ചേർന്നുനില്ക്കുന്നതുമാണ്. അതായത് ഒരാളുടെ ആത്മാവ് അയാളുടെ ജ്ഞാനവുമായി താദാത്മ്യഭാവം പുലർത്തുമ്പോള്‍ മറ്റൊരാളുടെ ജ്ഞാനത്തില്‍നിന്ന് അതു ഭിന്നമാവുകയും ചെയ്യുന്നു. 


അജീവം:

ജീവന്‍ അഥവാ ആത്മാവ് അല്ലാത്തവയെല്ലാം അജീവമാണ്. അജീവങ്ങളില്‍ ആദ്യത്തേതായ  പുദ്ഗലം ഭൌതികപദാർത്ഥമാണെങ്കിലും പൂർണ്ണമായും അങ്ങനെ പറയാനാവാത്ത പ്രത്യേകത അതിനുണ്ട്. പുദ്ഗലത്തില്‍പ്പോലും ജീവന്‍ നിലനില്ക്കുന്നു എന്നതാണ് ജൈനരുടെ കാഴ്ചപ്പാട്. അത് ഏറ്റവും കുറഞ്ഞ നിലയിലാണെന്നു മാത്രം. പുദ്ഗലത്തിന് സ്പർശം, രുചി, ഗന്ധം, നിറം എന്നീ സവിശേഷതകളുണ്ട്. പുദ്ഗലത്തെ പലതായി വിഘടിപ്പിക്കാനാവും. അതിന്റെ ഏറ്റവും സൂക്ഷ്മമായ ഘടകമാണ് പരമാണു. പരമാണുക്കള്‍ ചേർന്നു സ്കന്ധങ്ങളുണ്ടാകുന്നു. പരമാണുക്കളെ ഇന്ദ്രിയങ്ങള്‍കൊണ്ട് അറിയാനാവില്ലെങ്കിലും അവ സ്കന്ധങ്ങളായിത്തീരുമ്പോള്‍ ഇന്ദ്രിയഗോചരമാകുന്നു. എല്ലാ ദ്രവ്യങ്ങളും പരമാണുക്കള്‍ ചേർന്ന് ഉണ്ടായവയാണ്.


അജീവമായ ധർമ്മത്തിന് സവിശേഷമായ അർത്ഥമാണ് ജൈനദാർശനികർ നല്കുന്നത്. മാത്രമല്ല, അതിനു പില്ക്കാലത്ത് അർത്ഥപരിണാമവും സംഭവിച്ചിട്ടുണ്ട്. ധർമ്മാസ്തികായത്തിലെ അസ്തികായം എന്നാല്‍ അസ്തി(നിലനില്പ്)യും കായ(സ്ഥലം)വും ചേർന്ന അവസ്ഥയാണ്. ഭഗവതിസൂത്രത്തില്‍, പതിനെട്ടു പാപസ്ഥലങ്ങളെ വർജ്ജിക്കുകയും അഞ്ചു സമിതികളെയും മൂന്നു ഗുപ്തികളെയും പാലിക്കുകയും ചെയ്യുന്നതിനാണ് ധർമ്മാസ്തികായം എന്നു പറയുന്നത്. ഇതിനു വിപരീതമായ അവസ്ഥയാണ് അധർമ്മാസ്തികായം. അതേ സൂത്രത്തില്‍ ചലനത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിനു മറുപടിയായി, ജീവന് പുദ്ഗലം എന്ന മാധ്യമത്തിലൂടെയേ ചലനം സാധ്യമാകൂ എന്നു വിശദീകരിക്കുന്നുമുണ്ട്. തത്ത്വാർത്ഥസൂത്രത്തിന്റെ കാലമാവുമ്പോഴേക്കും ധർമ്മം എന്ന വാക്ക് ചലനവുമായി ബന്ധപ്പെട്ട അർത്ഥത്തിലേക്കു പരിണമിക്കുന്നു. അവിടെ ധർമ്മം ചലനത്തിന്റെ മാധ്യമമാകുന്നു. വസ്തുക്കളെ ചലനത്തിനു സഹായിക്കുകയാണ് ധർമ്മം ചെയ്യുന്നത്. അധർമ്മം ചലനത്തില്‍നിന്നൊഴിഞ്ഞുള്ള വിശ്രമത്തെ സഹായിക്കുന്ന മാധ്യമമാണ്. അതായത് ധർമ്മം വസ്തുവിനെ ചലിപ്പിക്കുമ്പോള്‍ അധർമ്മം അതിനു വിശ്രമം നല്കുന്നു.


അജീവങ്ങളിലൊന്നായ ആകാശം സർവ്വവ്യാപിയും അരൂപിയുമാണ്. അതു പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നു. ആകാശത്തെ ലോകാകാശം എന്നും അലോകാകാശം എന്നും രണ്ടായി തിരിക്കാറുണ്ട്. ലോകാകാശം പ്രപഞ്ചത്തെ സംബന്ധിച്ചതും അലോകാകാശം പ്രപഞ്ചാതീതവുമാണ്.


ജൈനദർശനത്തില്‍ കാലം എന്ന സങ്കല്പനത്തിനും ചില വ്യതിരിക്തതകളുണ്ട്. കാലം അരൂപിയും ശാശ്വതവുമാണ്. അതു പരിണാമത്തിനു കാരണമാകുന്നു. കാലത്തിന്റെ ഏറ്റവും ചെറിയ അംശമാണ് സമയം. സമയങ്ങള്‍ ചേർന്ന് ആവലികയും ആവലികകള്‍ ചേർന്ന് മുഹൂർത്തവുമുണ്ടാകുന്നു. മുപ്പതു മുഹൂർത്തങ്ങള്‍ ചേർന്നതാണ് ഒരു അഹോരാത്രം അഥവാ രാവും പകലുമുള്‍പ്പെടുന്ന ഒരു ദിവസം. അഹോരാത്രങ്ങള്‍ ചേർന്നു മാസവും മാസങ്ങള്‍ ചേർന്നു വർഷവും വർഷങ്ങള്‍ ചേർന്നു പല്യോപമവും പല്യോപമങ്ങള്‍ ചേർന്നു സാഗരോപമവും ആകുന്നു. കാലത്തിനു ചാക്രികചലനമാണ് ജൈനർ സങ്കല്പിക്കുന്നത്. കല്പത്തെ ഒരു ചക്രം ഒരു തവണ തിരിയാനുള്ള കാലമായി സങ്കല്പിച്ച് അതിനെ ഉത്സർപ്പിണീകാലം, അവസർപ്പിണീകാലം എന്നു രണ്ടായിത്തിരിക്കുന്നു. ഉത്സർപ്പിണിക്കും അവസർപ്പിണിക്കും ആറു ഭാഗങ്ങള്‍ വീതമുണ്ട്. കാലത്തെ സുഖദുഃഖങ്ങളുമായും അവർ ബന്ധിപ്പിക്കുന്നുണ്ട്. കഷ്ടത നിറഞ്ഞ കാലത്തുനിന്നും അത്യന്തസൌഖ്യം നിറഞ്ഞ കാലത്തേക്കുള്ള ക്രമമായ പരിണാമത്തെ ഉത്സർപ്പിണീകാലവും അതിന്റെ നേർവിപരീതമായ പരിണാമത്തെ അവസർപ്പിണീകാലവും പ്രതിനിധീകരിക്കുന്നു. പരിണാമത്തിന്റെ ചാക്രികചലനം പൂർത്തിയാകുമ്പോള്‍ ഒരു കല്പമാകുന്നു. കല്പങ്ങള്‍ ആവർത്തിക്കുന്നു. 


ജീവം, അജീവം എന്ന വേർതിരിവ് ഒരു തരത്തില്‍ ആപേക്ഷികമാണ്. ഭൌതികപദാർത്ഥമായ പുദ്ഗലത്തിനും അതിന്റെ സൂക്ഷ്മരൂപമായ പരമാണുവിനും വരെ ജീവനുണ്ട് എന്ന സങ്കല്പം നോക്കുക. പരമാണുവിന്റെ ജീവന്‍ പ്രത്യക്ഷമാകുന്നില്ല എന്നേയുള്ളൂ. ജീവന്റെ സ്വഭാവം പ്രകടമാക്കാത്ത വസ്തുക്കളെ സ്ഥാവരങ്ങള്‍ അഥവാ നിശ്ചലജീവം എന്നാണു വിളിക്കുക. സ്ഥാവരങ്ങള്‍ക്ക് സ്പർശേന്ദ്രിയങ്ങള്‍ മാത്രമാണുള്ളത്. ഒന്നിലേറെ ഇന്ദ്രിയങ്ങളുള്ളവയെ ത്രസിക്കുന്നവ എന്ന അർത്ഥത്തില്‍ ത്രസങ്ങള്‍ എന്നാണു പറയുക. സ്പർശം, രസനം എന്നീ രണ്ട് ഇന്ദ്രിയങ്ങളുള്ള കൃമികള്‍, സ്പർശം, രസനം, ഘ്രാണം എന്നീ മൂന്ന് ഇന്ദ്രിയങ്ങളുള്ള ഉറുമ്പ് എന്നിങ്ങനെ തുടർന്ന് അഞ്ച് ഇന്ദ്രിയങ്ങളുള്ള മൃഗങ്ങള്‍, മനസ്സ് എന്ന ആറാം ഇന്ദ്രിയംകൂടിയുള്ള മനുഷ്യന്‍ വരെയുള്ള ജീവികളെ ത്രസങ്ങള്‍ എന്നു വിളിക്കുന്നു. 


ജൈനരെ സംബന്ധിച്ച് ജീവാജീവങ്ങളെല്ലാം യാഥാർത്ഥ്യമാണ്. എല്ലാ പദാർത്ഥങ്ങളും സ്ഥിരമായിരിക്കെത്തന്നെ ക്ഷണികവുമാണ്. കാരണം ഒരു വസ്തുവിനുതന്നെ അനന്തമായ ധർമ്മങ്ങളുണ്ട്. ഒരു പദാർത്ഥത്തെ വ്യത്യസ്തമായ വീക്ഷണങ്ങള്‍ക്കു വിഷയമാക്കുമ്പോള്‍ സ്ഥിരതയും അസ്ഥിരതയും ഭാവവും അഭാവവും കാണാനാവും. ഇങ്ങനെ ഒരേ വസ്തുവിന് അനന്തമായ ധർമ്മങ്ങളുണ്ട് എന്ന സിദ്ധാന്തത്തിന് അനേകാന്തവാദം എന്നു പറയുന്നു. ഉണ്മയെയും ഇല്ലായ്മയെയും  അനിർവ്വചനീയതയെയുമെല്ലാം ഒരുപോലെ പരിഗണിക്കുന്ന സ്യാദ് വാദമാണ് (ആന്വീക്ഷികി മൂന്നാം ഭാഗമായ വൈദികകൃതികള്‍: സാമാന്യാവലോകനം,3 നോക്കുക) യാഥാർത്ഥ്യത്തെ പല തരത്തില്‍ സമീപിക്കാവുന്നതാണ് എന്ന അനേകാന്തവാദത്തിന് അടിസ്ഥാനം. 

 
കർമ്മത്തിനു ജൈനമതത്തില്‍ സവിശേഷസ്ഥാനമുണ്ട്. പ്രവൃത്തി എന്ന സാധാരണ അർത്ഥത്തില്‍ക്കവിഞ്ഞ ഒരു സങ്കല്പനമാണിത്. ജ്ഞാനം പരിമിതമായതുകൊണ്ടുതന്നെ ലൌകികമായ ആത്മാവ് അപൂർണ്ണമാണ്. ആത്മാവിനെ സംബന്ധിച്ച് അതിനു പുറത്തുള്ളതും അതുകൊണ്ടുതന്നെ അന്യവുമായ ഒരു ഘടകം അതിന്റെ സ്വാഭാവികമായ ശേഷികളെ മറയ്ക്കുകയും ബാധിക്കുകയും ചെയ്തുകൊണ്ട് ആത്മാവിനെ മലിനമാക്കുന്നു. ആ ഘടകമാണ് കർമ്മം. അത് ഇന്ദ്രിയഗോചരമല്ലാത്തതും പദാർത്ഥരൂപമുള്ളതുമാണ്. മനോനിലകള്‍ പദാർത്ഥവുമായി ബന്ധപ്പെട്ടാണ് സംഭവിക്കുന്നത്. ശരീരത്തിന്റെയും മനസ്സിന്റെയും വാക്കിന്റെയും വ്യാപാരങ്ങള്‍ വഴി കർമ്മപരമായ ഘടകങ്ങള്‍ ആത്മാവിനെ ബാധിക്കുന്നു. ശാരീരികവും മാനസികവുമായ പലതരം പ്രവർത്തനങ്ങളിലൂടെ ആത്മാവിനെ കർമ്മത്തില്‍നിന്നു സ്വതന്ത്രമാക്കി മോചനം നേടുക എന്നതാണ് ജൈനമതം ആവിഷ്കരിക്കുന്ന ജീവിതരീതിയുടെ ലക്ഷ്യം. 


ത്രിരത്നങ്ങൾ:

ത്രിരത്നങ്ങൾ എന്നറിയപ്പെടുന്ന അടിസ്ഥാന തത്ത്വങ്ങളിലൂടെയേ മുക്തി നേടാനാവൂ എന്നതാണ് ജൈനദർശനത്തിന്റെ കാതലായ വശം. സമ്യഗ് ദർശനം, സമ്യഗ് ജ്ഞാനം, സമ്യഗ് ചരിതം എന്നിവയാണു ത്രിരത്നങ്ങള്‍. ഉമാസ്വാതിയുടെ തത്ത്വാർത്ഥസൂത്രത്തില്‍, ‘സമ്യഗ് ദർശനജ്ഞാനചാരിത്രാണി മോക്ഷമാർഗ്ഗഃ‘ എന്ന് ഇക്കാര്യം സംഗ്രഹിക്കുന്നു. സമ്യഗ് ദർശനം എന്നത് ശരിയായ വിശ്വാസമാണ്. സത്യത്തെയും അസത്യത്തെയും വേർതിരിച്ചറിയുന്നത് ഇതിലൂടെയാണ്. ജ്ഞാനവും (knowledge) ദർശനവും (vision) തപസ്സിലൂടെയും ധ്യാനത്തിലൂടെയും ആർജ്ജിക്കേണ്ടതാണ്. ജ്ഞാനം അഥവാ ചേതന (consciousness) അഥവാ ഉപയോഗം ആത്മാവിന്റെ സവിശേഷതയാണ്. ഉപയോഗം രണ്ടു വിധത്തില്‍. 1. സകാരം (determinate). 2. അനാകാരം (indeterminate). ആദ്യത്തേതു ജ്ഞാനം. രണ്ടാമത്തേതു ദർശനം. ആദ്യത്തേതിന് ആഗമികജ്ഞാനമെന്നും രണ്ടാമത്തേതിനു ദാർശനികജ്ഞാനമെന്നും പേരുണ്ട്. സകാര ഉപയോഗം അഥവാ ജ്ഞാനത്തെ അഞ്ചായി തിരിച്ചിരിക്കുന്നു.

1) മതിജ്ഞാനം(sensuous knowledge)

ഇന്ദ്രിയങ്ങളിലൂടെയും മനസ്സിലൂടെയും ലഭിക്കുന്ന ജ്ഞാനം.അവഗ്രഹ (perception), ഈഹ (speculation), അവയ (perceptual judgement), ധാരണ (retention) എന്നിങ്ങനെ മതിജ്ഞാനത്തിനു തരംതിരിവുകള്‍.

2) ശ്രുതജ്ഞാനം (scriptural knowledge)

വാക്ക്, ചേഷ്ട തുടങ്ങിയവയിലൂടെ മറ്റൊരാളോടു സംവേദനം ചെയ്യുന്ന ജ്ഞാനം.

3) അവധിജ്ഞാനം (visual knowledge)

ഭൌതികവസ്തുക്കളെക്കുറിച്ച് ആത്മാവിനു നേരിട്ടു ലഭ്യമാകുന്ന ജ്ഞാനം. ഇത് ധ്യാനത്തിലൂടെ, തപസ്സിലൂടെ നേടുന്നതാണ്

4) മനഃപര്യയജ്ഞാനം (intuition of mental knowledge)

മറ്റൊരാളുടെ മനസ്സു വായിച്ച് അയാളുടെ മനസ്സിലെ വസ്തുക്കള്‍ മനസ്സിലാക്കുന്ന ജ്ഞാനം. ഭിക്ഷുക്കള്‍ക്ക് ധ്യാനത്തിന്റെ ഒരു പ്രത്യേകതലത്തിലെത്തുമ്പോള്‍ മാത്രം ആർജ്ജിക്കാനാവുന്നതാണിത്.

5) കേവലജ്ഞാനം (pure and perfect/absolute knowledge)

സകലപദാർത്ഥങ്ങളെക്കുറിച്ചും ഭൂതവർത്തമാനഭാവികാലങ്ങളെക്കുറിച്ചും അവയുടെ എല്ലാ സ്വഭാവങ്ങളോടുംകൂടി അറിയുന്ന കേവലമായ ജ്ഞാനം അഥവാ സർവ്വജ്ഞാനം.


സമ്യഗ് ചാരിത്രമെന്നത് ശരിയായ സ്വഭാവശുദ്ധിയില്‍ ഊന്നിയുള്ള ജീവിതചര്യയാണ്. ഇതിനായാണ് ഭിക്ഷുക്കള്‍ക്കു മഹാവ്രതങ്ങള്‍ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അഹിംസ, സത്യം, അസ്തേയം (അചൗര്യം), അപരിഗ്രഹം എന്നീ മഹാവ്രതങ്ങളാണ് പാർശ്വനാഥന്‍ നിർദ്ദേശിച്ചത് എന്നു കരുതപ്പെടുന്നു. മഹാവീരൻ ഇവയ്ക്കൊപ്പം ബ്രഹ്മചര്യം കൂടി ചേർത്ത് പഞ്ചമഹാവ്രതങ്ങളാക്കി. ഇവയില്‍ ഏറ്റവും പ്രധാനം അഹിംസയാണ്. ഒരു പ്രാണിയെയും അറിഞ്ഞോ അറിയാതെയോ കൊല്ലാതിരിക്കുക എന്നതാണ് അഹിംസ. ചെറിയ കീടങ്ങളെപ്പോലും കൊല്ലുന്നതിനു കാരാണമാവരുത് എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഭിക്ഷുക്കള്‍ മുഖവസ്ത്രിക എന്ന മുഖാവരണം അണിയുന്നതും രാത്രികാലത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും. മനസ്സിനെ സന്തുഷ്ടമാക്കുന്നതും സത്യമായതുമായ കാര്യങ്ങള്‍ പറയുന്നതാണ് സത്യം. അസ്തേയം അന്യന്റെ മുതല്‍ അപഹരിക്കാതിരിക്കലാണ്. അറിഞ്ഞുകൊണ്ടു നല്കാത്തതൊന്നും ഒരാള്‍ എടുക്കാന്‍ പാടില്ല. ഏതെങ്കിലും വസ്തുക്കളോടും വ്യക്തികളോടുമുള്ള സ്നേഹം ഒഴിവാക്കുകയും ഇന്ദ്രിയസുഖങ്ങള്‍ പരിത്യജിക്കുകയും ചെയ്യുന്നതാണ് അപരിഗ്രഹം. ഭിക്ഷുക്കളും ഭിക്ഷുണികളും മനസ്സുകൊണ്ടോ വാക്കുകൊണ്ടോ കർമ്മംകൊണ്ടോ മറ്റൊരാളുമായി മൈഥുനത്തിലേർപ്പെടാന്‍ പാടില്ല എന്ന നിഷ്ഠയാണ് ബ്രഹ്മചര്യം. ഗൃഹസ്ഥന്മാരും ഇതേ വ്രതങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. ഭിക്ഷുക്കളെപ്പോലെ കർശനമായ നിഷ്ഠകള്‍ അവർക്കാവശ്യമില്ലെന്നേയുള്ളൂ. അവർ പാലിക്കേണ്ട നിഷ്ഠകളെ അനുവ്രതങ്ങള്‍ എന്നാണു പറയുക.


ഈ വ്രതങ്ങളോടനുബന്ധിച്ചു ജീവിതത്തില്‍ അഞ്ചു സമിതികളും മൂന്നു ഗുപ്തികളും ഒരു ഭിക്ഷു പാലിക്കേണ്ടതുണ്ട്. ജീവിതത്തെ നന്മയിലേക്കു നയിക്കുന്ന മനോഭാവങ്ങളും പ്രവൃത്തികളുമാണ് സമിതികള്‍. അതിനെ തിന്മയിലേക്കു നയിക്കുന്ന മനോഭാവങ്ങളെയും പ്രവൃത്തികളെയും നിയന്ത്രിക്കുന്നതിനാണു ഗുപ്തികള്‍.


അഞ്ചു സമിതികള്‍:

1) ഈര്യാസമിതി- മറ്റു പ്രാണികള്‍ക്കൊന്നും ഉപദ്രവം വരാത്ത തരത്തില്‍ നടക്കാൻ ശ്രദ്ധിക്കുക.

2) ഭാഷാസമിതി- സംസാരദോഷങ്ങളൊഴിവാക്കി പാപരഹിതമായ സംസാരത്തിലേർപ്പെടുക.

3) ഏഷണാസമിതി- സാത്വികമായ വസ്ത്രങ്ങളും ഭക്ഷണവും ഉപയോഗിക്കുക.

4) ആദാനനിക്ഷേപം- ഏതെങ്കിലും വസ്തുക്കള്‍ എടുത്തു പെരുമാറുമ്പോള്‍ ചെറുപ്രാണികള്‍ക്കു പോലും ജീവനാശം വരാതെ നോക്കുക.

5) പ്രതിഷ്ഠാപനം- ശാരീരികമായ മാലിന്യങ്ങള്‍ വിജനമായ സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക.


മൂന്നു ഗുപ്തികള്‍:

1) മനഗുപ്തി- മനസ്സിനെ മലിനമായ ചിന്തകളില്‍നിന്നകറ്റി ധ്യാനോന്മുഖമാക്കുക.

2) വചനഗുപ്തി- പാപപങ്കിലമായ സംസാരത്തില്‍ ഏർപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

3) കായഗുപ്തി- പാപകർമ്മങ്ങളില്‍നിന്നു ശരീരത്തെ തടയുക.


ജൈനമതത്തില്‍ വിശ്വസിച്ചില്ലെങ്കിലും ഒരാള്‍ക്ക് ഉദാത്തമായ ജീവിതവീക്ഷണത്തിലൂടെയും അതിനിണങ്ങിയ ജീവിതചര്യയിലൂടെയും മോക്ഷം നേടാനാവും എന്ന കാഴ്ചപ്പാട് ജൈനമതത്തെ വിശാലമാക്കുന്നുണ്ട്. അനേകാന്തവാദം പോലെ വിവിധവാദങ്ങള്‍ക്കിടനല്കുന്ന ദർശനമാണ് ഈ വിശാലതയ്ക്ക് അടിസ്ഥാനം. അഹിംസയെ ഒരു സിദ്ധാന്തമെന്നതിനപ്പുറം പ്രായോഗികമായ ജീവിതചര്യയാക്കുന്നു എന്ന സവിശേഷതയും ഈ ദർശനത്തിനുണ്ട്. മഹാവീരന്റെ ശിഷ്യരായ ഗണധരന്മാർ മതപരിവർത്തനത്തിനുമുമ്പ് ബ്രാഹ്മണരായിരുന്നുവെങ്കിലും വർണ്ണവ്യത്യാസത്തെ പരിഗണിക്കാത്ത മതമെന്ന നിലയില്‍ സാമാന്യജനങ്ങളില്‍നിന്നു നിരവധി അനുയായികള്‍ ഈ മതത്തിനുണ്ടായി. കാലക്രമത്തില്‍ പ്രചാരം കുറഞ്ഞെങ്കിലും ഇത്തരം സവിശേഷതകള്‍ ജൈനദർശനത്തെ ഇന്നും പ്രസക്തമാക്കുന്നു.


https://navamalayali.com/2020/05/15/aanweshiki-2-coloumn-manoj-kuroor/
https://navamalayali.com/2020/06/15/aanweshiki-3-coloumn-dr-manoj-kuroor/
https://navamalayali.com/2020/04/16/column-manoj-kuroor/

Comments

comments