ശാസ്ത്രീയമായ പരീക്ഷണ-നിരീക്ഷണ പ്രക്രിയ പൂർത്തീകരിക്കപ്പെട്ടതിനു ശേഷം നടക്കുന്ന, ഉല്പാദിപ്പിക്കപ്പെട്ട ജ്ഞാനം വിനിമയം ചെയ്യപ്പെടുന്ന പ്രകിയയായാണ് സയൻസ് കമ്മ്യൂണിക്കേഷനെ നമ്മൾ പൊതുവേ മനസിലാക്കി വരുന്നത്. അതായത് നിർദ്ദിഷ്ട മാധ്യമങ്ങളിലൂടെയുള്ള അറിവിന്‍റെ വിതരണമാണ് ശാസ്ത്ര വിനിമയം. പക്ഷേ അങ്ങേയറ്റം സങ്കീർണവും, സന്ദിഗ്ധതകൾ നിറഞ്ഞതും, അറിവിന്‍റെ ഉല്പാദനത്തെത്തന്നെ സ്വാധീനിക്കുന്നതുമായ ഒരു സാമൂഹിക പ്രകിയയായാണ് ശാസ്ത്രത്തിന്‍റെ സാമൂഹികതാ പഠിതാക്കൾ ശാസ്ത്ര വിനിമയത്തെ വിലയിരുത്തുന്നത്.
ശാസ്ത്ര വിനിമയ പ്രക്രിയയെ പൊതുവേ നാലായി തരം തിരിക്കാം (Cloitre and Shinn 1985). ഒരേ ഗവേഷണ മേഖലയിൽ ഇടപെടുന്ന ശാസ്ത്രജ്ഞർക്ക് തങ്ങളുടെ കണ്ടെത്തലുകൾ പരസ്പരം പങ്കുവെയ്ക്കുന്നതിനായി സവിശേഷ ജേർണലുകളും സെമിനാറുകളും ഉണ്ട്. ഒരു സവിശേഷ പഠന മേഖലയ്ക്കുള്ളിൽ നടക്കുന്ന സാങ്കേതികജ്ഞാനവിനിമയമാണിത് (intra-specialist communication) (ibid.). എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി, വിവിധ ഗവേഷണ മേഖലകൾക്കിടയിൽ അറിവിന്‍റെ വിനിമയം നടത്തുന്നതിന് പാലങ്ങളാവുന്ന ജേർണലുകളും കോൺഫറൻസുകളും പ്രത്യേകമുള്ളതായി കാണാം (inter-specialist communication) (ibid.). ഉദാഹരണത്തിന് നേച്ചർ എന്ന ജേർണൽ സയൻസിലെ വിവിധ ഗവേഷണ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നു. ഫിസിക്സിലോ ജനറ്റിക്സിലോ ജിയോളജിയിലോ ഒക്കെയുള്ള പ്രബന്ധങ്ങൾ ഇതിൽ പ്രസിദ്ധീകരിക്കാനാവും. എന്നാൽ ക്വാണ്ടം ഇലക്ട്രോണിക്സ് എന്ന സവിശേഷ വൈജ്ഞാനിക മേഖലയിൽ നടക്കുന്ന ഗവേഷണങ്ങൾ മാത്രമേ Progress in Quantum Electronics എന്ന intra-specialist ജേർണലിൽ പ്രസിദ്ധീകരിക്കാനാവൂ.
ഗവേഷണ സംബന്ധിയായ ഈ രണ്ടിനം വിനിമയ രീതികളിൽ നിന്നും വ്യത്യസ്തമാണ് ബോധനപരമായ ശാസ്ത്ര വിനിമയം (pedagogical communication) (ibid.). ടെക്സ്റ്റ് ബുക്കുകൾ, ക്ലാസ് മുറിയിലെ അധ്യയനം എന്നിവയാണ് ഇതിന്‍റെ മാധ്യമങ്ങൾ. ഒരു പഠനമേഖലയിൽ സവിശേഷ അവഗാഹം നേടുന്നതിന് പരിശ്രമിക്കുന്ന വിദ്യാർത്ഥികളോടുള്ള സംവേദനമാണിത്. ആദ്യം സൂചിപ്പിച്ച രണ്ടിനം വിനിമയ രീതികളും ശാസ്ത്രജ്ഞർക്കിടയിൽ പുതിയ അറിവുകളുടെ പങ്കിടൽ ലക്ഷ്യമിടുമ്പോൾ ബോധനപരമായ വിനിമയത്തിന്‍റെ ലക്ഷ്യം പരിശീലനമാണ്. പുതിയ തലമുറ ഗവേഷകരെ രൂപപ്പെടുത്തിയെടുക്കലാണിവിടെ പ്രധാനം. ഒരു ജ്ഞാന വിഷയത്തിലെ പരക്കെ അംഗീകരിക്കപ്പെട്ടതും, അങ്ങനെ ആ മേഖലയുടെ ഉൾക്കാമ്പായി കരുതപ്പെടുന്നതുമായ സിദ്ധാന്തങ്ങളും രീതിശാസ്ത്രങ്ങളും സങ്കൽപനങ്ങളുമാണ് ഇവിടെ വിനിമയം ചെയ്യപ്പെടുന്നത്. ടെക്സ്റ്റ് ബുക്കുകൾ നോക്കിയാലാണ് ഒരു വൈജ്ഞാനിക മേഖലയുടെ പൊതു സ്വരൂപം നമ്മൾക്ക് മനസിലാവുക എന്ന് തോമസ് കൂൻ സൂചിപ്പിക്കുന്നത് ഈ അർത്ഥത്തിലാണ് (Kuhn 1996:136-138).
നാലാമത്തേത് പൊതുജനങ്ങളുമായുള്ള ശാസ്ത്ര വിനിമയമാണ് (popular communication) (ibid.). പുതിയ അറിവുകൾ ലളിതമായി ജനപ്രിയ ഭാഷയിൽ പകർന്നു നല്കലാണിവിടെ ലക്ഷ്യമിടുന്നത്. ഏതൊരു ശാസ്ത്രഗവേഷണ മേഖലയിലെയും അറിവുകളുടെ സങ്കീർണതകളെക്കുറിച്ചും രീതിശാസ്ത്രപരമായ സന്ദിഗ്ധതകളെക്കുറിച്ചും ഗവേഷകർക്കിടയിൽ നടക്കാറുള്ള സൂക്ഷ്മ സംവാദം ഇവിടെ പൊതുവേ വിനിമയം ചെയ്യപ്പെടുന്നില്ല. പൊതുവേ ശാസ്ത്രീയ സത്യങ്ങളുടെ വസ്തുനിഷ്ഠതയിലും സത്യാത്മകതയിലുമാണിവിടെ ഊന്നൽ. ആദ്യ രണ്ട് സംവേദന രീതികളിൽ നിന്നും വ്യത്യസ്തമായി സയൻസിനെ സത്യാത്മകവും വസ്തുനിഷ്ഠവുമായി ഉറച്ച ഒരു കൂട്ടം അറിവുകളുടെ സഞ്ചയമായി (stabilized knowledge) അവതരിപ്പിക്കലാണ് ഈ രണ്ട് വിനിമയ മണ്ഡലങ്ങളുടെയും ഊന്നൽ. ശാസ്ത്രം സനാതന സത്യമായി അവതരിക്കുന്നത് പ്രധാനമായും വിദ്യാർത്ഥികളുമായും പൊതുജനങ്ങളുമായുമുള്ള വിനിമയത്തിലൂടെയാണ് (Mellor 2003). ശാസ്ത്രജ്ഞരും പൊതുജനവും ഒരേപോലെ പാഠപുസ്തകങ്ങളെയും പോപ്പുലർ സയന്‍സ് ആഖ്യാനങ്ങളെയും സയൻസ് എന്താണെന്ന് മനസ്സിലാക്കാനായി ആശ്രയിക്കുന്നുണ്ട് (Kuhn 1996:136-138).
ഈ നാല് വ്യത്യസ്ത തരം ശാസ്ത്ര വിനിമയ മണ്ഡലങ്ങൾ പരസ്പരം കൊടുക്കൽ വാങ്ങലുകൾ നടത്തുന്നവയും സ്വാധീനിക്കുന്നവയുമാണ്. വിനിമയം ചെയ്യപ്പെടുന്ന അറിവിന്‍റെ സാങ്കേതിക സാന്ദ്രത ആദ്യ രണ്ട് വിനിമയ രീതികളെ അപക്ഷിച്ച് ബോധനപരവും ജനപ്രിയപരവുമായ വിനിമയ രീതികളിൽ പൊതുവേ കുറവാണ് എങ്കിലും ഇവ രണ്ടും പുതിയ ഉൾക്കാഴ്ചകളെ രൂപപ്പെടുത്തുന്നതിന് സഹായകരമാവുന്നുണ്ട് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Bucchi 1996). ക്ലാസുമുറിയിലെ ചർച്ച പുതിയ ആശയങ്ങളെ രൂപപ്പെടുത്താനുള്ള സാധ്യത നിലനിർത്തുന്നുണ്ട്. ഈ ആശയങ്ങൾ തുടർ ഗവേഷണങ്ങൾക്ക് പ്രചോദനമാവുകയും (ആദ്യ രണ്ടിനങ്ങളിൽപെട്ട) സാങ്കേതിക വിനിമയത്തിലേക്ക് നീങ്ങുകയും ചെയ്യാം. സയൻസ് ഫിക്ഷൻ രചയിതാക്കൾ രൂപപ്പെടുത്തിയ സങ്കല്പങ്ങളും ഭാഷാ പ്രയോഗങ്ങളും സൈദ്ധാന്തിക ഭൗതിക ശാസ്ത്രത്തിലെ ഗവേഷണ പ്രബന്ധങ്ങളിൽ ഉപയോഗിക്കപ്പെടുന്നത് മറ്റൊരുദാഹരണമാണ് (Mellor 2003). അതായത്, ശാസ്ത്രജ്ഞാന നിർമ്മാണത്തിൽ ശാസ്ത്ര കല്പിതകഥകൾ പങ്കുവഹിക്കുന്നുണ്ട്! (ibid: 515)
ഒപ്പം ഓർമ്മിക്കേണ്ട ഒരു കാര്യം, എല്ലാ ഗവേഷണ ഫലങ്ങളും ഈ നാല് വിനിമയഘട്ടങ്ങളിലൂടെയും രേഖീയമായി കടന്നുപോകണമെന്നില്ല എന്നതാണ് (Bucchi 1996). ഗവേഷകർ ഉല്പാദിപ്പിക്കുന്ന അറിവുകളുടെ വളരെ ചെറിയൊരു ശതമാനം മാത്രമേ മറ്റ് ഗവേഷകർ വായിക്കുകയും അവരുടെ പഠനങ്ങളിൽ പരാമർശിക്കുകയും ചെയ്യുന്നുള്ളൂ. അവയിലും ചെറിയൊരംശമേ പാഠപുസ്തകങ്ങളിലും ജനപ്രിയ ലേഖനങ്ങളിലും ഇടം പിടിക്കുന്നുള്ളൂ. അതായത്, നല്ല ജേർണലുകളിൽ സൂക്ഷ്മ വിശകലനത്തിനു ശേഷം പ്രസിദ്ധീകൃതമാവുന്ന പ്രബന്ധങ്ങൾ പോലും ഗവേഷകരുടെ പൊതു ശ്രദ്ധയിൽ പെടാതെ വിസ്മരിക്കപ്പെട്ടു പോകാനുള്ള സാധ്യത ഏറെയാണ്. ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഒരു പ്രധാന തന്ത്രം ജനപ്രിയ വിനിമയത്തെ സമർത്ഥമായി ഉപയോഗിക്കലാണ്. പൊതുമാധ്യമങ്ങളിലും മറ്റും പരീക്ഷണ ഫലങ്ങൾ പ്രത്യക്ഷപ്പെടുന്നത് ആ ഗവേഷണ പ്രോജക്ടിനെയും ഗവേഷകരെയും പൊതുശ്രദ്ധയിൽ കൊണ്ടുവരുമെന്നതിനാൽ അത് അവരുടെ കണ്ടെത്തലുകളുടെ ശാസ്ത്ര പ്രാധാന്യം വർധിക്കുന്നതിനും കൂടുതൽ ഫണ്ടിങ്ങും സാമൂഹികാംഗീകാരവും ലഭിക്കുന്നതിനും സഹായകരമാവാറുണ്ട് ((Weingart 1998). നേച്ചർ പോലുള്ള ജേര്‍ണലുകള്‍ പ്രധാനപ്പെട്ട കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി പത്രസമ്മേളനങ്ങൾ നടത്താറുള്ളത് ഇതു കൊണ്ടാണ്. ഒരു വിജ്ഞാന മേഖലയ്ക്ക് ആധാരമാവുന്ന അറിവുകൾ ഏതാണെന്ന് തീരുമാനിക്കപ്പെടുന്നതിൽ ശാസ്ത്രവിനിമയത്തിന്‍റെ നാല് സവിശേഷ ഘട്ടങ്ങൾക്കും പങ്കുണ്ട് എന്ന് ചുരുക്കം. എന്താണ് വിനിമയ പ്രാധാന്യമുള്ള ഗവേഷണ ജ്ഞാനം എന്ന് തീരുമാനിക്കപ്പെടുന്നത് ഓരോ വിനിമയരീതിയുടെയും സാംസ്കാരിക ബലതന്ത്രത്തിനുള്ളിലാണ്.
ജനപ്രിയ ശാസ്ത്ര വിനിമയ മണ്ഡലത്തെ സംബന്ധിച്ചുള്ള ഗവേഷണങ്ങളെ മുൻ നിർത്തി ഈ സാംസ്കാരിക ബലതന്ത്രം മനസിലാക്കാൻ നമുക്ക് ശ്രമിക്കാം. ഫ്രെഡ് ഹോയ്ൽ (1912-2001) എന്ന പ്രസിദ്ധ ഭൗതിശാസ്ത്രജ്ഞന്‍റെ കഥയാണാദ്യം. ‘ബിഗ് ബാംങ് തിയറി’ എന്ന് പരിഹസിച്ചു വിളിച്ച് പ്രപഞ്ച സൃഷ്ടിക്ക് കാരണമായ പ്രകിയയെ കുറിച്ചുളള സൈദ്ധാന്തിക മാതൃകയെ സുപ്രസിദ്ധമാക്കിയത് ഇദ്ദേഹമാണ്.[1] 1960-കളിലും 1970-കളിലും നേച്ചർ പോലെയുള്ള ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര ജേർണലുകളിൽ നിരന്തരം അദ്ദേഹത്തിന്‍റെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അസ്ട്രോഫിസിക്സിലെ അതികായനായിരുന്നു അക്കാലത്ത് അദ്ദേഹം. അഞ്ഞൂറിൽപരം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഹോയ്ൽ ധാരാളം ശാസ്ത്ര കല്പിത നോവലുകളും ജനപ്രിയ ശാസ്ത്ര പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.[2]
Fred-Hoyle & Chandra Vikramasinghe in SriLanka1981
ഫ്രെഡ് ഹോയിലും ശിഷ്യനായ ചന്ദ്ര വിക്രമസിംഘെയും ചേർന്ന് 1960-70 കാലഘട്ടത്തിൽ നടത്തിയ ഗവേഷണങ്ങൾ ജ്യോതിശാസ്ത്രത്തെയും ജീവശാസ്ത്രത്തെയും പരസ്പരം ബന്ധിപ്പിക്കുന്നതിലേക്കാണ് നീങ്ങിയത്. നക്ഷത്രാന്തര ധൂളി (interstellar dust grains) ജീവന്‍റെ രൂപീകരണത്തിന് സഹായകരമായ ഓർഗാനിക് രാസതന്മാത്രകളുടെ സാന്നിധ്യമുള്ളവയാണ് എന്ന ആശയം അവർ മുന്നോട്ടു വെച്ചു. ധൂമകേതുക്കളാണ് ധൂളീപടലങ്ങളിൽ സങ്കീർണ ജൈവതന്മാത്രകൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നത് എന്നായിരുന്നു വിശദീകരണം. ഇതു സംബന്ധിച്ച ഗവേഷണ പ്രബന്ധങ്ങൾ നേച്ചറിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. രസകരമായ കാര്യമെന്താണെന്ന് വെച്ചാൽ, 1957-ൽ ഹോയ്ൽ പ്രസിദ്ധീകരിച്ച Dark Cloud എന്ന സയൻസ് ഫിക്ഷൻ നോവലിലാണ് ഈ ആശയം ആദ്യം പ്രത്യക്ഷപ്പെട്ടതെന്നതാണ്! അതായത് ഒരു ഭാവനാപരീക്ഷണം അഥവാ ചിന്താപരീക്ഷണം എന്ന നിലയിൽ ഈ ആശയം ആദ്യംപ്രത്യക്ഷപ്പെടുന്നത് സയൻസ് ഫിക്ഷൻരചനയിലാണ്. എന്നാൽ എഴുപതുകളിൽ അദ്ദേഹവും വിക്രമസിംഘെയും ജനപ്രിയ രചനകളിൽ നിന്നും ഈ ആശയത്തെ പൂർണമായി ഒഴിവാക്കുകയും അന്തർവൈജ്ഞാനിക സാങ്കേതിക വിനിമയത്തിന്‍റെ മണ്ഡലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. സ്പെക്ട്രോസ്കോപ്പി പരീക്ഷണങ്ങളിലൂടെ തങ്ങളുടെ സിദ്ധാന്തത്തിന് പിൻബലമേകുന്ന വിശകലനങ്ങൾ അവർ നേച്ചറിൽ 1967 മുതൽ 1977 വരെ തുടർച്ചയായി പ്രസിദ്ധീകരിച്ചു. തങ്ങൾ മുന്നോട്ടുവെച്ച ആശയം ശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെടുകയാണ് ശാസ്ത്ര സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കുന്നതിന് സഹായകരമാവുകയെന്നതിനാലാണ് ഹോയ്ൽ തന്‍റെ പോപ്പുലർ സയൻസ് രചനകളിൽ നിന്നും ഇക്കാലത്ത് ഈ ആശയം ബോധപൂർവ്വം ഒഴിവാക്കിയതെന്ന് ജെയ്ൻ ഗ്രിഗറി (2003) ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, എഴുപതുകളുടെ അവസാനമാകുമ്പോഴേക്കും ഭൂമിക്ക് പുറത്ത് ജീവന്‍റെ സാധ്യതയെക്കുറിച്ചുള്ള ഹോയ്ൽ – വിക്രമസിംഘെമാരുടെ ഗവേഷണത്തിന്‍റെ ശാസ്ത്രീയാംഗീകാരം പതിയെ നഷ്ടപ്പെടുന്നതായിക്കാണാം. നേച്ചർ അവസാനമായി ഇവരുടെ മൂന്ന് പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നത് 1977 -ലാണ്. നക്ഷത്ര ധൂളീപടലത്തിൽ പോളിസാക്കറെഡുകൾ എന്ന സങ്കീർണമായ ഓർഗാനിക് തന്മാത്രകളുടെ സാന്നിധ്യം (സെല്ലുലോസ് ഉൾപ്പടെ) സംബന്ധിച്ച പഠനങ്ങളായിരുന്നു അത്.[3] ഇതിനു ശേഷം ഇവർ നേച്ചറിനയച്ച പ്രബന്ധങ്ങൾ സ്വീകരിക്കപ്പെടാതായി. ഈ പ്രബന്ധങ്ങൾ പിയർ റിവ്യൂ ചെയ്യാൻ മറ്റ് മുൻനിര ഗവേഷകർ തയ്യാറാവുന്നില്ല എന്ന കാരണമാണ് നേച്ചറിന്‍റെ എഡിറ്ററായിരുന്ന ജോൺ മാഡോക്സ് നല്കിയത്. അതായത്, ഇവരുടെ പഠനങ്ങളുടെ സാധുതയെ മറ്റ് ഗവേഷകർ സംശയിച്ചു തുടങ്ങി എന്നർത്ഥം. ആസ്ട്രോഫിസിക്സിനെ ബയോളജിയിയുമായി ബന്ധിപ്പിക്കാനുള്ള തങ്ങളുടെ ശ്രമമാണ് നിരൂപകരെ പ്രകോപിപ്പിച്ചതെന്ന ഹോയ്‌ലിന്‍റെ ആരോപണം ശരിയാണെന്നാണ് ജെയ്ൻ ഗ്രിഗറിയുടെ അനുമാനം.
ഇതേത്തുടർന്ന് ഇവരുടെ പ്രബന്ധങ്ങൾ പ്രധാനമായും പ്രത്യക്ഷപ്പെട്ടത് Astrophysics and Space Science എന്ന, താരതമ്യേന പ്രസിദ്ധി കുറഞ്ഞ ജേർണലിലാണ് (ഹോയിലും വിക്രമസിംഘെയും ഈ ജേർണലിന്‍റെ എഡിറ്റോറിയൽ ബോർഡംഗങ്ങളായി സേവനമനുഷ്ഠിച്ചിട്ടുണ്ട്). അസ്ട്രോഫിസിക്സിലെ ആന്തരിക വൈജ്ഞാനിക സാങ്കേതിക വിനിമയം (intra-specialist communication) ലക്ഷ്യമാക്കിയ ജേർണലായിരുന്നു അത്. നേച്ചർ എന്ന പരമപ്രധാനമായ ജേർണലിന് പകരം ഇത്തരമൊരു ചെറിയ ജേർണലിൽ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയതോടെ അവരുടെ ഗവേഷണത്തിന്‍റെ ശാസ്ത്ര സമ്മതിയും മങ്ങിത്തുടങ്ങി.
ഈ ഘട്ടത്തിൽ തങ്ങളുടെ ആശയത്തെ വീണ്ടും ജനപ്രിയ ശാസ്ത്ര രചനകളിൽ ഇവർ ഉൾപ്പെടുത്തിത്തുടങ്ങി. ന്യൂ സയൻറ്റിസ്റ്റ് തുടങ്ങിയ പോപ്പുലർ സയൻസ് മാസികകളിൽ അവർ തങ്ങളുടെ വാദങ്ങൾ പ്രസിദ്ധീകരിച്ചത് പൊതുജന ശ്രദ്ധയാകർഷിച്ചു. ഇതിനോടൊപ്പം ഭൂമിക്ക് പുറത്തുള്ള ജീവൽസാധ്യതകളെക്കുറിച്ച് Life Cloud (1978), Diseases from Space (1979), Evolution from Space (1981), The Intelligent Universe (1983) തുടങ്ങിയ ജനപ്രിയ ശാസ്ത്ര ഗ്രന്ഥങ്ങളും അവർ രചിക്കുകയുണ്ടായി. ശാസ്ത്ര സമൂഹത്തിൽ തങ്ങൾക്ക് നഷ്ടപ്പെട്ട അംഗീകാരം തിരിച്ചു പിടിക്കാൻ ഹോയിലും വിക്രമസിംഘെയും ശ്രമിച്ചത് പോപ്പുലർ സയൻസിന്‍റെ മണ്ഡലത്തിലേക്ക് കളം മാറ്റി ചവിട്ടിക്കൊണ്ടാണ്. സാങ്കേതിക പ്രബന്ധങ്ങളിൽനിന്നും വ്യത്യസ്തമായി തങ്ങളുടെ ജനപ്രിയരചനകളിൽ കുറേക്കൂടി തീവ്രമായ വാദഗതികളാണവർ ഉന്നയിച്ചത്; ജീവന്‍റെ ഉത്ഭവം പ്രപഞ്ചത്തിലെങ്ങും ചിതറിക്കിടക്കുന്നുവെന്നും ശൂന്യാകാശത്തിൽ നിന്നുമാണ് ജീവന്‍റെ ആദ്യ തന്മാത്രകൾ ഭൂമിയിൽ പതിച്ച് പരിണമിച്ചതെന്നും അവർ വാദിച്ചു. ഇതു വഴി ഭൂമിയിലാണ് ജീവന്‍റെ ഉദയം എന്ന സർവ്വസമ്മതമായ ശാസ്ത്ര സിദ്ധാന്തത്തെ അവർ വെല്ലുവിളിക്കാൻ ശ്രമിച്ചത് ശാസ്ത്ര സമൂഹത്തെ പ്രകോപിപ്പിച്ചു. ഒപ്പം, പ്രപഞ്ചത്തിൽ ഒരു അതീന്ദ്രിയ ബോധസാന്നിധ്യം നിലനിൽക്കുന്നുണ്ടെന്ന് വാദിക്കാനും തങ്ങളുടെ പുസ്തകങ്ങളിലൂടെ അവർ ശ്രമിച്ചു! ജനപ്രിയ രചനകളിലൂടെ തങ്ങളുടെ സിദ്ധാന്തം വികസിപ്പിക്കാനിവർ ശ്രമിച്ചത് ശാസ്ത്ര സമൂഹത്തിൽ നിന്നും ശക്തമായ വിമർശനത്തിനിടയാക്കി. എന്നിരുന്നാലും ഇവരുടെ പോപ്പുലർ സയൻസ് പുസ്തകങ്ങളുടെ നിരൂപണം നേച്ചർ പോലുള്ള ജേർണലുകളിൽ പ്രത്യക്ഷപ്പെട്ടത് കൂടുതൽ പൊതുശ്രദ്ധ ഹോയ്ൽ – വിക്രമസിംഘെമാരുടെ ഗവേഷണത്തിൽ പതിയാൻ കാരണമാവുകയാണുണ്ടായി. ജനപ്രിയ ശാസ്ത്ര മണ്ഡലത്തിൽ പ്രസിദ്ധീകൃതമായ ഈ പുസ്തകങ്ങളുടെ നിരൂപണത്തിലൂടെ നേച്ചർ തന്നെ ജനപ്രിയതയുടെയും സാങ്കേതിക വിനിമയത്തിൻറെയും മണ്ഡലങ്ങൾക്കിടയിലുണ്ടെന്ന് സങ്കല്പിക്കപ്പെടുന്ന അതിരിനെ (ഫോയിലും വിക്രമസിംഘെയും ചെയ്തതു പോലെ തന്നെ) മറികടന്നത് വിനിമയ മണ്ഡലങ്ങൾക്കിടയിൽ പലതരത്തിലുള്ള ബന്ധങ്ങൾ സാധ്യമാണ് എന്ന് തെളിയിക്കുന്നതായി ജെയ്ൻ ഗ്രിഗറി അഭിപ്രായപ്പെടുന്നു (Gregory 2003: 39).
‘പാൻസ്പേർമിയ’ എന്നറിയപ്പെടുന്ന ഈ സിദ്ധാന്തത്തിന് (Theory of Panspermia) പൂർണമായ അംഗീകാരം ഇന്നും ശാസ്ത്രജ്ഞർക്കിടയിലില്ല. എന്നാൽ പോപ്പുലർ സയൻസിന്‍റെ വിനിമയ സാധ്യതകളെ സമർത്ഥമായി ഉപയോഗിച്ചും താരതമ്യേന പ്രഭാവം കുറഞ്ഞ ജേർണലുകളിൽ തുടർച്ചയായി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചും തങ്ങളുടെ സിദ്ധാന്തത്തെ ശാസ്ത്രീയമായി പൂർണമായും തള്ളിക്കളയാനാവാത്ത സ്ഥിതി ഈ ഗവേഷകർ സൃഷ്ടിച്ചു. അംഗീകൃത ശാസ്ത്രത്തിൻറെയും ശാസ്ത്രേതരതയുടെയും ഇടവരമ്പിൽ നിൽക്കുന്ന ഈ ഗവേഷണ മേഖല ഇന്ന് കൂടുതൽ സജീവമാണ് (പാൻസ്പേർമിയ സിദ്ധാന്തത്തിന് കേരളത്തിലുണ്ടായ ‘വർണമഴ പ്രതിഭാസ’വുമായി ഒരു ബന്ധമുണ്ട്. അതിനെക്കുറിച്ച് മറ്റൊരവസരത്തിൽ പറയാം). ഒരു പക്ഷേ ഭാവിയിൽ ഇവരുടെ ഗവേഷണങ്ങൾക്ക് പൊതു ശാസ്ത്ര സമ്മതി പഴയതുപോലെ ലഭിച്ചുകൂടായ്കയില്ല. പ്രത്യേകിച്ചും സൗരയൂഥത്തിന് പുറത്ത് മറ്റ് ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കുന്നതിനുള്ള സാധ്യത ശാസ്ത്ര സമൂഹം ഇന്ന് അംഗീകരിക്കുന്നതിനാൽ തന്നെ.
ഒരു കണ്ടുപിടുത്തത്തിന്‍റെ അഥവാ സിദ്ധാന്തത്തിന്‍റെ നീതീകരണവും പൊതു സമ്മതിയും അറിവിന്‍റെ വിനിമയവുമായി സങ്കീർണമായി ഇഴചേർന്നു കിടക്കുന്നു എന്നതിന് ദൃഷ്ടാന്തമാണ് പാൻസ്പേർമിയ സിദ്ധാന്തത്തിന്‍റെ കഥ. വിനിമയപരമായ തന്ത്രങ്ങൾ അറിവുല്പാദനത്തിന്‍റെ ഒഴിവാക്കാനാവാത്ത ഭാഗം തന്നെയാണ് എന്നിവിടെ വ്യക്തമാകുന്നു. പരീക്ഷണശാലയിൽ രൂപപ്പെടുന്ന സിദ്ധാന്തങ്ങള്‍ നിരൂപണ വിധേയമായി സ്വീകരിക്കപ്പെടുന്ന നിർദോഷമായ മണ്ഡലമല്ല സാങ്കേതിക വിനിമയത്തിൻറെത്. ശാസ്ത്ര സമ്മതി നേടിയ അറിവുകൾ നേർപ്പിച്ച് സ്വീകാര്യത വർധിപ്പിച്ച് പൊതുജനങ്ങൾക്ക് പകർന്നു നല്കുന്ന പ്രവൃത്തിയായി പോപ്പുലർ സയൻസ് കമ്മ്യൂണിക്കേഷനെ കാണാനുമാവില്ല. വിവിധ തലങ്ങളിൽ പരസ്പരബന്ധിതവും സങ്കീർണവും അധികാരതന്ത്രപരവുമാണ് വിനിമയത്തിന്‍റെ നാലു മണ്ഡലങ്ങൾക്കിടയിലെ ബന്ധം.
ബ്രൂസ് ലെവൻസ്റ്റെയ്ൻ എന്ന സാമൂഹിക ശാസ്ത്രജ്ഞന്‍റെ കോൾഡ് ഫ്യൂഷൻ വിവാദത്തെക്കുറിച്ചുള്ള പഠനവും (Lewenstein 1995) ഈ വാദത്തെ സാധൂകരിക്കുന്നതാണ്.[4] 1990-കളിൽ ഭൗതികശാസ്ത്രത്തെ പിടിച്ചു കുലുക്കിയ വിവാദമായിരുന്നു കോൾഡ് ഫ്യൂഷൻ പരീക്ഷണം. ഉട്ടാ സർവ്വകലാശാലയിലെ B. Stanley Pons, Martin Fleischman എന്നീ ശാസ്ത്രജ്ഞർ താഴ്ന്ന താപനിലയിൽ പരീക്ഷണശാലയിൽ അണുസംയോജനം (nuclear fusion) നടത്താനാവും എന്ന് തങ്ങൾ തെളിയിച്ചതായി 1989 മാർച്ച് 23-ന് നടത്തിയ പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു. സൂര്യനിൽ നടക്കുന്ന ഊർജോല്പാദന പ്രക്രിയയെ പരീക്ഷണശാലയിൽ താഴ്ന്ന താപമാനത്തിൽ പുനരാവിഷ്ക്കരിച്ചു എന്ന വാദം സ്വാഭാവികമായും വലിയ ശാസ്ത്ര വാർത്തയാണല്ലോ. ഊർജ്ജപ്രശ്നം എന്നന്നേക്കുമായി പരിഹരിക്കും എന്നതിനാൽതന്നെ അതിന്‍റെ വ്യാവസായിക പ്രാധാന്യം വളരെ വലുതാണ്. ഈ പരീക്ഷണം നടക്കുമ്പോൾ ആണവ ഭൗതികത്തിലെ പ്രമുഖ ഗവേഷകനായ സ്റ്റീവൻ ഇ. ജോൺസ് (അദ്ദേഹവും സമാനമായ പരീക്ഷണങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു) സന്നിഹിതനായിരുന്നു എന്നത് അവരുടെ അവകാശവാദത്തിന്‍റെ വിശ്വാസ്യത വർധിപ്പിക്കുകയും ചെയ്തു. എന്നാൽ ചില ഗവേഷകർ ഈ പരീക്ഷണം തങ്ങളുടെ ലബോറട്ടറികളിൽ ആവർത്തിക്കാൻ ശ്രമിച്ചത് ഫലവത്തായില്ല. ഇത് കോൾഡ് ഫ്യൂഷൻ സംബന്ധിച്ച അവകാശവാദത്തിന്‍റെ ശാസ്ത്ര സാധുതയെ സംബന്ധിച്ച ചോദ്യങ്ങൾ ഉയരാനിടയാക്കി. കോൾഡ് ഫ്യൂഷനെ അംഗീകരിക്കുന്നവരുടെയും എതിർക്കുന്നവരുടെയുമായ ചേരികൾ ശാസ്ത്ര ലോകത്ത് അങ്ങനെ രൂപപ്പെട്ടു. അടുത്ത നാലുവർഷം (1992 അവസാനം വരെ) നീണ്ടു നിന്ന, സത്യമേതെന്ന് തീരുമാനിക്കാനാവാതെ കുഴങ്ങിയ ഒരു ശാസ്ത്ര വിവാദമായിരുന്നു അത്.
ആദ്യ ആഴ്ചയിൽ വർത്തമാനപ്പത്രങ്ങൾ, റേഡിയോ, ടെലിവിഷൻ എന്നീ പൊതുമാധ്യമങ്ങൾ വഴിയും ഇ-മെയിൽ, ഫാക്സ് സന്ദേശങ്ങൾ വഴിയുമാണ് മറ്റു ഗവേഷകർ കോൾഡ് ഫ്യൂഷൻ പരീക്ഷണത്തിന്‍റെ വിശദാംശങ്ങൾ അറിഞ്ഞിരുന്നത്. ഫ്ലീഷ്മാൻറെയും പോൺസിൻറെയും ഗവേഷണ പ്രബന്‌ധം താമസിയാതെ തന്നെ Journal of Electroanalytical Chemistry and Interfacial Electrochemistry പ്രസിദ്ധീകരിക്കാനായി സ്വീകരിച്ചു.[5] ഈ പ്രബന്ധത്തിന്‍റെ പ്രീ-പ്രിൻറ്റ് ഉടൻതന്നെ മറ്റ് ശാസ്ത്രജ്ഞർക്ക് ലഭ്യകുകയും ചെയ്തു. പരീക്ഷണത്തിന് പിന്തുണ നല്കിയ സ്റ്റീവൻ ജോൺസിന്‍റെ പ്രബന്ധം നേച്ചറിൽ പ്രസിദ്ധീകൃതമായി;[6] ഒപ്പം പല ശാസ്ത്രജ്ഞരുടെയും വിശകലനക്കുറിപ്പുകളും. എന്നാൽ പതിയെ പരീക്ഷണത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങൾ രണ്ട് ചേരികളായി മാറി.
വിവാദം കൊഴുത്തതോടു കൂടി സാങ്കേതിക വിനിമയത്തിന്‍റെ മാധ്യമങ്ങളായ ജേർണലുകൾ ചർച്ചയ്ക്ക് മതിയാവാതെ വന്നു. ജേർണലുകൾ നിരൂപണ വിധേയമായാണ് പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നത് എന്നതിനാൽ (peer review process) വിവാദ സമയത്ത് എതിർചേരിയുടെ വാദങ്ങളെയും അവർ നടത്തുന്ന പുതിയ പരീക്ഷണങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പൊതുമാധ്യമങ്ങളെയും ജനപ്രിയ ശാസ്ത്ര പ്രസിദ്ധീകരണങ്ങളെയും സ്വകാര്യ വിനിമയ മാർഗങ്ങളെയും (ഫാക്സ്, ഇ-മെയിൽ, ടെലഫോൺ സംഭാഷണം, ഗോസിപ്പ്) ആശ്രയിക്കാതെ വഴിയില്ലെന്നായി. സെമിനാറുകൾ പലതും സംഘടിപ്പിക്കപ്പെട്ടെങ്കിലും രണ്ടു ചേരിയിലും പെട്ടവർ ഒരുമിച്ച് പങ്കടുക്കുന്നവ തുലോം വിരളമായിരുന്നു (സമവായ ശ്രമമെന്ന നിലയിൽ സ്റ്റീവൻ ജോൺസ് താൻ പഠിപ്പിക്കുന്ന Brigham Young University-യിൽ 1989 ഒക്ടോബറിൽ സംഘടിപ്പിച്ച സെമിനാറിൽ നിന്ന് പോൺസും ഫ്ലീഷ്മാനും വിട്ടു നിന്നത് ഉദാഹരണം). അതുകൊണ്ട് വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനും ആശയക്കുഴപ്പങ്ങൾ പരിഹരിക്കുന്നതിനും സെമിനാറുകൾ ജേർണലുകളുടെ കാര്യത്തിലെന്നപോലെ തന്നെ സഹായകരമായില്ല.
Pons_and_Fleischmann (cold fusion scientists)
ഔദ്യോഗിക വിനിമയ മണ്ഡലത്തിന്‍റെ തകർച്ച (intra-specialist and inter-specialist communication) ശാസ്ത്രസമൂഹം പൊതുമാധ്യമങ്ങളെ സാങ്കേതിക വിനിമയത്തിന് ആശ്രയിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചു. ഇത് ശാസ്ത്ര വിവാദത്തിന്‍റെ ഗതി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചെന്ന് ലെവൻസ്റ്റെയ്ൻ അഭിപ്രായപ്പെടുന്നു. സാങ്കേതികേതരമായ വിനിമയ മാർഗങ്ങൾ വസ്തുതാപരമായി ശരിയാണോ എന്ന ഉറപ്പ് കുറവായ വിവരങ്ങൾ ആണ് പങ്കു വെച്ചത് (പിയർ റിവ്യൂ ചെയ്യപ്പെട്ട ലേഖനങ്ങളല്ലല്ലോ പോപ്പുലർ സയൻസ് മാസികകളിലും ന്യൂസ് ബുള്ളറ്റിനുകളിലും പ്രത്യക്ഷപ്പെടുന്നത്). എന്നു മാത്രമല്ല, ഓരോ ഗവേഷകയ്ക്കും ലഭ്യമായ വിവരങ്ങൾ എന്താണെന്നത് അവർ ശ്രദ്ധിക്കുന്ന മാധ്യമങ്ങളേതാണെന്നതിനെ ആശ്രയിച്ച് വത്യാസപ്പെട്ടു. ഇത് ഓരോ ശാസ്ത്രജ്ഞയും ലഭ്യമായ വിവരങ്ങളെ വിശകലനം ചെയ്തതെങ്ങിനെയെന്നതിനെ സ്വാധീനിച്ചു. ചുരുക്കിപ്പറഞ്ഞാൽ, സാങ്കേതികേതര വിനിമയ മാധ്യമങ്ങൾ ശാസ്ത്ര വിനിമയമേറ്റെടുത്തത് അനിശ്ചിതത്വത്തെ വർധിപ്പിക്കുകയും ശാസ്ത്ര വിവാദത്തെ കൊഴുപ്പിക്കുകയും ചെയ്തു. പരമ്പരാഗത സാങ്കേതിക വിനിമയ രീതികൾ ഉപയോഗിച്ചുള്ള വിവരക്കൈമാറ്റം പുനഃസ്ഥാപിക്കപ്പെട്ടത് ശാസ്ത്ര വിവാദത്തിലുള്ള താല്പര്യം പൊതുമാധ്യമങ്ങൾക്ക് പതിയെ നഷ്ടപ്പെട്ടതോടു കൂടിയാണ്. ഇതിന് സമാന്തരമായി, കോൾഡ് ഫ്യൂഷൻ പരീക്ഷണത്തെ എതിർത്ത ചേരി വിമർശനങ്ങൾ പതിയെ നിർത്തുകയും പരീഷണാനുകൂലികളെ അവഗണിക്കുകയും ചെയ്തതോടെ ഈ ശാസ്ത്ര വിവാദം കെട്ടടങ്ങി.
നമ്മൾ പരിശോധിച്ച രണ്ട് സംഭവങ്ങളും സയൻസ് കമ്മ്യൂണിക്കേഷനെക്കുറിച്ചുള്ള കേവലശാസ്ത്രവാദപരമായ ധാരണകളെ തകർക്കുന്നുണ്ട്. ശാസ്ത്ര ഗവേഷകർ പരീക്ഷണശാലയിൽ നിര്‍മ്മിക്കുന്ന അറിവിന്‍റെ സാധൂകരണവും സാങ്കേതിക വിനിമയവുമാണ് ജേർണലുകൾ നടത്തുന്നതെന്നും, ഈ അറിവുകൾ ലളിതമാക്കി അവതരിപ്പിക്കുകയാണ് ടെക്സ്റ്റ്ബുക്കുകളുടെയും പോപ്പുലർ സയൻസിൻറ്റെയും ധർമ്മം എന്നുമുള്ള ധാരണകളെ സയൻസ് കമ്മ്യൂണിക്കേഷനെ കുറിച്ചുള്ള പുതിയ പഠനങ്ങൾ വിമർശിക്കുന്നു. സങ്കീർണമായി പരസ്പരം ഇടപഴകുന്ന നാല് മണ്ഡലങ്ങളാണ് ആന്തരിക വിനിമയം, അന്തർവൈജ്ഞാനിക വിനിമയം, പരിശീലന വിനിമയം, ജനപ്രിയ വിനിമയം എന്നിവ. ശാസ്ത്രജ്ഞർ ഇവ നാലിനെയും തങ്ങളുടെ ഗവേഷണങ്ങളെ സാധൂകരിക്കാനായി തന്ത്രപരമായി ഉപയാഗിക്കുന്നുണ്ട്. ഏതിനം വിനിമയ രീതിയാണ് സ്വീകരിക്കുന്നത് എന്നത് അറിവിന്‍റെ വിനിമയ ലക്ഷ്യം, പശ്ചാത്തലം എന്നിവയ്ക്കനുസൃതമായി തന്ത്രപരമായാണ് ഗവേഷകർ നിശ്ചയിക്കുന്നത്. ഇതിലുള്ള അവരുടെ വൈഭവമാണ് അറിവിന്‍റെ ഭാവിയെ നിർണയിക്കുന്നത്.
കുറിപ്പുകൾ
[1] ‘Big Bang Theory’യുടെ കടുത്ത വിമര്‍ശകനായിരുന്നു ഹോയ്ൽ. [2] ഫ്രെഡ് ഹോയ്‌ലിന്‍റെ ഗവേഷണത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് ഇവിടെ ആധാരം ജെയ്ൻ ഗ്രിഗറിയുടെ പഠനമാണ് (Gregory 2003). [3] Fred Hoyle and N. C. Wickramasinghe. 1977. “Polysaccharides and infrared spectra of galactic sources,” Nature 268 (5621): 610; Fred Hoyle and N. C. Wickramasinghe. 1977. “Prebiotic polymers and infrared spectra of galactic sources,” Nature 269(5630): 674; Fred Hoyle and N. C. Wickramasinghe. 1977. “Identification of interstellar polysaccharides and related hydrocarbons,” Nature 271 (5642): 229. [4] കോൾഡ് ഫ്യൂഷനെക്കുറിച്ചുള്ള ചർച്ചയ്ക്ക് ഇവിടെ ആധാരം ബ്രൂസ് ലെവൻസ്റ്റെയ്ൻ നടത്തിയ ഈ പഠനമാണ്. [5] Martin Fleischmann and Stanley Pons. 1989. “Electrochemically induced nuclear fusion of deuterium”, Journal of Electroanalytical Chemistry and Interfacial Electrochemistry 261 (2A): 301–308. ഗവേഷണ വിദ്യാർത്ഥിയായ M. Hawkins -ന്‍റെ പേരു കൂടി പിന്നീട് പ്രബന്ധ കർത്താവായി ചേർക്കപ്പെട്ടു. [6] S.E. Jones et al. 1989. “Observation of Cold Nuclear Fusion in COndensed Matter”. Nature 338 (27 April): 737-740.പരാമർശിത പഠനങ്ങൾ
Bucchi, Massimiano. 1996. “When Scientists Turn to the Public: Alternative Routes in Science Communication”. Public Understanding of Science 5(4): 375-394.
Cloitre, M. and Shinn, T. 1985. “Expository Science: Social, Cognitive and Epistemological Linkages”. In Expository Science: Forms and Functions of Popularisation, edited by Terry Shinn and Richard Whitely, 31-60. Dordrecht, Boston and Lancaster: D. Reidel Publishing Company.
Gregory, Jane. 2003. “The Popularisation and Excommunication of Fred Hoyle’s ‘Life-from-Space Theory”. Public Understanding of Science 12(1): 25-46.
Kuhn, Thomas S. 1996. The Structure of Scientific Revolutions. Third Edition. Chicago and London: The University of Chicago Press.
Lewenstein, Bruce V. 1995. “From Fax to Facts: Communication in the Cold Fusion Saga”. Social Studies of Science 25(3): 403-436.
Mellor, Felicity. 2003. “Between Fact and Fiction: Demarcating Science from Non-science in Popular Physics Books”. Social Studies of Science 33(4): 509-538.
Weingart, Peter. 1998. “Science and the Media”. Research Policy 27(8): 869-879.
Be the first to write a comment.