റ്റൊന്നും ചെയ്യാനില്ലാത്ത മൂവന്തിയിൽ
മുറ്റത്തേക്കു നോക്കിയിരിക്കുമ്പോൾ
മരിച്ചുപോയവരുടെ മുഖങ്ങൾ  
മഴത്തുള്ളികളായി  വീഴുന്നു.

മുത്തച്ഛൻ, മുൻപേ പോയ ചങ്ങാതി
മടുപ്പ് കാരണം ആദ്യമവസാനിപ്പിച്ചവർ
മാറാരോഗം ദ്രവിപ്പിച്ച മറ്റുചിലർ
മറവിയിൽ വീണ്ടുമുയിർക്കുന്നു. 

മണ്ണ് കുതിർന്ന തൊടി, ചാലുകൾ
മരങ്ങളുടെ നനഞ്ഞ വേരുകൾ
മതിലരികിലെ പൊന്തകളെല്ലാം
മറികടന്നവർ ദൂരെക്കൊഴുകുന്നു.

മറ്റൊരു വെയിലുള്ള  കടലിൽ
മഞ്ഞുപടലങ്ങളായി മാറിയും
മേഘജാലമായങ്ങിങ്ങു  പാറിയും
മടങ്ങിയെത്തുമെന്നവർ  പറയുന്നു.

മങ്ങുന്ന നേരം, ഉറയും നിഴലുകൾ
മൂളക്കമേറും കാറ്റ്, ഒടിഞ്ഞ ചില്ലകൾ
മടക്കയാത്രയിൽ പെയ്യാനുള്ള
മഴയിൽ ഞാനുമുണ്ടെന്നോർക്കുന്നു


Comments

comments