ഒന്ന്

ണ്ടനിലേക്ക് പുറപ്പെടുമ്പോള്‍ റോയല്‍ ആള്‍ബര്‍ട്ട് ഹാളിനെക്കുറിച്ച് ഞാന്‍ ഏറെയൊന്നും കേട്ടിരുന്നില്ല. ലണ്ടനിലെത്തിയാല്‍ പോയിക്കാണേണ്ട ഇടങ്ങളേയും സ്ഥാപനങ്ങളേയും കുറിച്ച് ചില ധാരണകള്‍ ആദ്യമേ രൂപപ്പെടുത്തിയിരുന്നു. പലപ്പോഴായി വായിച്ചും കേട്ടും അറിഞ്ഞ ഇടങ്ങള്‍. ഗ്ലോബ് തിയേറ്റര്‍, ലണ്ടന്‍ പാലം, നാഷണല്‍ മ്യൂസിയം, ഹൈഗേറ്റ് ശ്മശാനം, ബക്കിംങ്ഹാം… അങ്ങനെ പലതും. അതിനെക്കുറിച്ചെല്ലാം മുരളിയേട്ടനോട് പലപ്പോഴായി പറയുകയും ചെയ്തു. ലണ്ടനിലും ന്യൂകാസിലുമായുള്ള മൂന്ന് പരിപാടികള്‍ക്കിടയിലെ ദിവസങ്ങളില്‍ ഇവയെല്ലാം കാണുന്ന കാര്യം ക്രമീകരിക്കാമെന്ന് മുരളിയേട്ടന്‍ പറഞ്ഞിരുന്നു. ഗ്ലോബ് തിയേറ്ററില്‍ ഒരു ഷേക്സ്പിയര്‍ നാടകത്തിനും ക്ലാസിക്കല്‍ കണ്‍സോര്‍ട്ടിനും മുന്‍കൂറായി ടിക്കറ്റുകള്‍ ബുക്ക് ചെയ്ത കാര്യവും മുരളിയേട്ടന്‍ പറഞ്ഞു. പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതാവതരണം നേരില്‍ കാണാനും കേള്‍ക്കാനുമുള്ള ഒരവസരം കൈവരുന്നത് എനിക്കേറെ സന്തോഷകരമായിരുന്നു. അതുകൊണ്ടുതന്നെ ഏറെ താത്പര്യത്തോടെയാണ് അക്കാര്യം കേട്ടത്. എങ്കിലും ലണ്ടനിലെത്തി പരിപാടികളിലും യാത്രകളിലും മുഴുകിയപ്പോള്‍ ക്ലാസിക്കല്‍ കണ്‍സെര്‍ട്ട് ഓര്‍മ്മയില്‍ നിന്നും മിക്കവാറും മാഞ്ഞുപോയി എന്നതാണ് വാസ്തവം.

ണ്ടനിലെത്തി ഒരാഴ്ചയോളം കഴിഞ്ഞാണ് സംഗീതക്കച്ചേരിക്ക് പോകുന്ന കാര്യം മുരളിയേട്ടന്‍ ഓര്‍മ്മപ്പെടുത്തിയത്. റോയല്‍ ആല്‍ബര്‍ട്ട് ഹാളിലാണ് കണ്‍സര്‍ട്ട്. അത് വൈകുന്നേരമായതുകൊണ്ട്, പകല്‍ മറ്റു ചിലയിടങ്ങളില്‍ പോയതിനുശേഷം അവിടേക്ക് എത്താമെന്നായിരുന്നു ഞങ്ങളുടെ പ്ലാന്‍. മുരളിയേട്ടന്‍റെ പങ്കാളി മിച്ചിരുവും മകന്‍ രാമുവും വൈകീട്ട് ഞങ്ങള്‍ക്കൊപ്പം ചേരുന്നുണ്ട്. അവര്‍ ഹാളിലേക്ക് നേരിട്ടെത്തും എന്നായിരുന്നു ധാരണ. വൈകീട്ട് കാണാം എന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ രാവിലെ തന്നെ പുറപ്പെട്ടു.

Royal Albert Hall

സ്റ്റ് ഫിഞ്ച്‌ലിയില്‍ നിന്നും ഞങ്ങള്‍ പോയത് ട്രാഫല്‍ഗര്‍ സ്ക്വയിറിലേക്കാണ്. ഈസ്റ്റ് ഫിഞ്ച്‌ലിയില്‍ നിന്ന് ട്യൂബ് വഴി ചാണിംഗ് ക്രോസില്‍ ഇറങ്ങി അല്പം നടന്നാല്‍ ട്രാഫല്‍ഗര്‍ സ്ക്വയര്‍ ആയി. ബ്രിട്ടീഷ് പ്രതാപത്തിന്‍റെ പ്രദര്‍ശനശാല പോലൊരിടമാണ് ട്രാഫല്‍ഗര്‍ സ്ക്വയര്‍. നെപ്പോളിയോണിക് യുദ്ധങ്ങളില്‍ ഫ്രഞ്ച് സൈന്യത്തെ ട്രാഫല്‍ഗറില്‍ വച്ച് ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയതിന്‍റെ സ്മാരകം. സാമ്രാജ്യത്വശക്തി എന്ന നിലയിലേക്കുള്ള ബ്രിട്ടന്‍റെ വളര്‍ച്ചയിലെ നിര്‍ണ്ണായക സന്ദര്‍ഭമായിരുന്നു അത്. ട്രാഫല്‍ഗറില്‍ പോരാട്ടം നയിച്ച് അവിടെ വച്ച് മരണമടഞ്ഞ ക്യാപ്റ്റന്‍ നെല്‍സണ്‍-ന്‍റെ പേരിലുള്ള സ്മാരകസതംഭമാണ് ട്രാഫല്‍ഗര്‍ സ്ക്വയറിന്‍റെ കേന്ദ്രം എന്നു പറയാം. നെല്‍സണ്‍ സ്മാരകസ്തംഭം (Nelson’s Column). അതിന് ചുറ്റുമായുള്ള പടവുകളിലും ഇരുപുറങ്ങളിലെ അരമതിലിലും എപ്പോഴും ധാരാളം സന്ദര്‍ശകരുണ്ടാവും. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയവര്‍. സ്തംഭത്തിനടുത്തുനിന്ന് പടവുകള്‍ കയറി മുകളിലേക്ക് നീങ്ങിയാല്‍ നാഷണല്‍ ഗ്യാലറിയുടെ മുന്നിലെത്തും. ട്രാഫല്‍ഗര്‍ സ്ക്വയറിന്‍റെ ധ്വജസ്തംഭം പോലെയാണ് മുകളില്‍ നിന്ന് നോക്കുമ്പോള്‍ നെല്‍സണ്‍ സ്മാരകം തോന്നുക. അന്‍പത്തിയൊന്ന് മീറ്ററിലധികം ഉയരത്തിലാണ് അത് നിലകൊള്ളുന്നത്. ഏറ്റവും മുകളില്‍ ക്യാപ്റ്റന്‍ നെല്‍സണ്‍-ന്‍റെ പൂര്‍ണ്ണകായ ശില്പം കാണാം. ശില്പം മനുഷ്യന്‍റെ വലിപ്പത്തില്‍ തന്നെയാണെങ്കിലും താഴെ നിന്നു നോക്കുമ്പോള്‍ ഒരു ചെറിയ പാവയെന്നേ തോന്നൂ. നെല്‍സണ്‍സ്തംഭത്തിനു താഴെ നാലു ചുറ്റിലേക്കും തിരിഞ്ഞുനില്‍ക്കുന്ന സിംഹപ്രതിമകള്‍. ലോകം കീഴടക്കിയ സിംഹഗര്‍ജ്ജനമായി തങ്ങള്‍ എന്നും നിലനില്‍ക്കുമെന്ന സാമ്രാജ്യത്വത്തിന്‍റെ മിഥ്യാഭിമാനങ്ങളുടെ അടയാളങ്ങളായി അവ അവശേഷിക്കുന്നു. കാലം ആ പ്രതാപാഘോഷങ്ങളെ മാനിച്ചില്ല. ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ ചെറിയ കുട്ടികള്‍ ആസിംഹപ്രതിമകളിലും ചുറ്റുമുള്ള പടവുകളിലും ഓടിക്കളിക്കുന്നുണ്ടായിരുന്നു!

Nelson’s_Column,_Trafalgar_Square,_London

ട്രാഫല്‍ഗര്‍ സ്ക്വയറിനടുത്തായാണ് പോര്‍ട്രെയ്റ്റ് ഗ്യാലറി. ബ്രിട്ടീഷ് ചരിത്രത്തിലെ പ്രതാപികളായ പോരാളികളുടെയും ഭരണാധിപന്‍മാരുടെയും നൂറുകണക്കിന് ഛായാചിത്രങ്ങള്‍ അവിടെയുണ്ട്. 1856-ലാണ് നാഷണല്‍ പോര്‍ട്രെയ്റ്റ് ഗ്യാലറി നിലവില്‍ വന്നത്. അര നൂറ്റാണ്ടോളം ലണ്ടന്‍റെ പല ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചതിനുശേഷം ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് അത് ട്രാഫല്‍ഗര്‍ സ്ക്വയറിലെത്തിയത്. ഫ്രാന്‍സിനെതിരെ നേടിയ വിജയത്തിന്‍റെ പശ്ചാത്തലത്തിലാണ് പോര്‍ട്രെയ്റ്റ് ഗാലറി സ്ഥാപിക്കാനുള്ള നീക്കവും തുടങ്ങിയത്. 1830-കളില്‍ തന്നെ അതിനായുള്ള ശ്രമം ആരംഭിച്ചെങ്കിലും കാല്‍നൂറ്റാണ്ടു കഴിഞ്ഞേ ആ ശ്രമം സഫലമായുള്ളൂ. പോര്‍ട്രെയ്റ്റ് ഗ്യാലറിയുടെ പ്രവേശനകവാടത്തിനടുത്ത് അതിന്‍റെ സ്ഥാപനത്തില്‍ പ്രധാന പങ്കുവഹിച്ച മൂന്നു പേരുടെ ശില്പങ്ങള്‍ കാണാം. തോമസ് ബിബിംഗ്ടണ്‍ മെക്കാളേ, തോമസ് കാര്‍ലൈല്‍, ഫിലിപ്പ് സ്റ്റാന്‍ഹോപ്പ് എന്നിവര്‍. മെക്കാളെ എന്ന പേര് പൊടുന്നനെ നമ്മെ അധിനിവേശത്തിന്‍റെ ഇരുണ്ട ലോകത്തേക്കെത്തിക്കും. മെക്കാളെ മിനുട്സ് എന്നറിയപ്പെട്ട വിദ്യാഭ്യാസരേഖ, ഇന്ത്യന്‍ പീനല്‍കോഡ് (IPC) അങ്ങനെ പലതും മെക്കാളെയുമായി ബന്ധപ്പെട്ട് ചരിത്രത്തില്‍ പതിഞ്ഞുകിടക്കുന്നു. ഈ പ്രതാപത്തിന്‍റെയും അഭിമാനഗര്‍വ്വിന്‍റെയും മറുപുറത്ത് അധിനിവേശത്തിന്‍റെ ചോരപ്പുഴയുണ്ടെന്ന് പോര്‍ട്രെയ്റ്റ് ഗ്യാലറിയും ട്രാഫല്‍ഗര്‍ സ്ക്വയറും കണ്ടുമടങ്ങുന്ന ബ്രിട്ടീഷുകാര്‍ ഓര്‍ക്കണമെന്നില്ല. പക്ഷേ, കൊളോണിയല്‍ ഭരണത്തിന്‍റെ അവശിഷ്ടഭാരങ്ങള്‍ പേറുന്ന മൂന്നാം ലോകത്തുനിന്നെത്തുന്ന ഒരാള്‍ക്ക് അതെല്ലാം ഓര്‍മ്മിക്കാതെ ആ പ്രതാപപ്രദര്‍ശനശാലയിലൂടെ നടന്നുപോകാന്‍ കഴിയുമായിരുന്നില്ല. ഫ്രാന്‍സ്ഫാനന്‍ എഴുതിയതുപോലെ, കോളനികളെ ജനസമൂഹങ്ങളെ വിഭക്താത്മകളാക്കി (schizophrenic) മാറ്റിക്കൊണ്ടാണ് അധിനിവേശം നിലനിന്നത്. ആ മുറിവിന്‍റെ വടുക്കള്‍ മൂന്നാം ലോകജനതയുടെ മനസ്സിലിപ്പോഴും ബാക്കിനില്‍ക്കുന്നുണ്ട്.

പോര്‍ട്രെയ്റ്റ് ഗ്യാലറിയില്‍ ഇപ്പോള്‍ മൂന്നുലക്ഷത്തിലധികം ചിത്രങ്ങളുടെ ശേഖരങ്ങളുണ്ടത്രെ! ഷേക്സ്പിയറുടെ വിഖ്യാതമായ പോര്‍ട്രെയ്റ്റാണ് (Chandos Shakespeare) ഗ്യാലറി ശേഖരിച്ച ആദ്യചിത്രം. 1600-1610 കാലത്ത്, ഷേക്സ്പിയര്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ രചിക്കപ്പെട്ട ഛായാചിത്രമായാണ് അത് പരിഗണിക്കപ്പെടുന്നത്. ഷേക്സ്പിയറുടേതായി പരിഗണിക്കപ്പെടുന്ന ഛായാചിത്രങ്ങളില്‍ ഏറ്റവും പ്രാമാണികമായ ഒന്ന്. 1623-ലെ ഫസ്റ്റ് ഫോളിയോയിലെ (ഷേക്സ്പിയര്‍ കൃതികളുടെ ആദ്യ സമ്പൂര്‍ണ്ണ സമാഹാരം) ചിത്രത്തിന് ഇതുമായുള്ള സാദൃശ്യം മുന്‍നിര്‍ത്തി ഇതിന് മിക്കവാറും പഠിതാക്കള്‍ വലിയ ആധികാരികത കല്പിക്കുന്നുണ്ട്. അതാണ് ഗാലറിയുടെ ഒന്നാം നമ്പര്‍ ചിത്രം. പിന്നീട് ഒന്നരനൂറ്റാണ്ടുകൊണ്ട് ഗാലറി ഏറെ വലുതായി. ആ ചിത്രശേഖരം ഭീമാകാരമായി വളര്‍ന്നു. ഇപ്പോഴത് ഗ്യാലറി നിറഞ്ഞുകവിഞ്ഞിരിക്കുന്നു.

Chandos Portrait

ഗ്യാലറിയിലെ ചിത്രങ്ങള്‍ പകരുന്ന ആഹ്ളാദം ഏറെ നീണ്ടുനിന്നില്ല എന്നതാണ് വാസ്തവം. ഒട്ടൊക്കെ ഒരേ വടിവിലും വേഷഭൂഷകളിലും പല നൂറ്റാണ്ടുകളിലെ പ്രതാപികള്‍ ഒന്നൊന്നായി നമുക്ക് മുന്നില്‍ അവിടെ അണിനിരക്കും. പലരുടെയും പേരുകള്‍ പോലും അപരിചിതം. മധ്യകാല ബ്രിട്ടീഷ് ചരിത്രത്തില്‍ ഇടം പിടിച്ചവരാണ് അവരില്‍ പലരും. ആദ്യം ശ്രദ്ധാപൂര്‍വ്വം ഓരോ ചിത്രങ്ങളും കണ്ട് അവരെക്കുറിച്ച് വായിച്ച് മനസ്സിലാക്കിയെങ്കിലും പിന്നെപ്പിന്നെ അതില്‍ മുഷിപ്പ് തോന്നി. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എല്ലാ ചിത്രങ്ങളുടെയും വിവരണങ്ങള്‍ വായിക്കുന്നത് അവസാനിപ്പിച്ചു. താത്പര്യമുള്ളവരുടെ ചിത്രങ്ങള്‍ മാത്രം ശ്രദ്ധയോടെ നോക്കി. മറ്റുള്ളവയ്ക്ക് മുന്നിലൂടെ അലസമായി നടന്നു. ഗ്യാലറിയില്‍ എത്തുന്ന മിക്കവാറും പേര്‍ ഒരു ചിത്രവും കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഭൂതകാലപ്രതാപത്തിന്‍റെ ആ പ്രദര്‍ശനശാലയിലൂടെ, അവിടെ അണിനിരന്ന പരേതാത്മാക്കളെ ഗൗനിക്കാതെ, പുതിയകാലം തിരക്കിട്ടു നീങ്ങി. ‘ഞങ്ങളെ ശ്രദ്ധിക്കൂ‘ എന്ന് ചുമരുകളിലിരുന്ന് അവര്‍ നിശബ്ദമായി പറയുന്നുണ്ടാവണം. ജീവിതാഹ്ലാദത്തിന്‍റെ വെള്ളിമീന്‍ ചാട്ടങ്ങള്‍ പോലെ, ഉല്ലാസം നിറഞ്ഞ യുവാക്കളും കുട്ടികളും അത് കാര്യമായി ശ്രദ്ധിച്ചില്ല. ഏറെപ്പേരും ഞങ്ങളേക്കാള്‍ തിരക്കിലായിരുന്നു എന്നു തോന്നി. ചില വൃദ്ധദമ്പതികള്‍ മാത്രം ചിത്രങ്ങള്‍ക്കു മുന്നില്‍ ജാഗരൂഗരായി നില്‍ക്കുന്നുണ്ടായിരുന്നു. അവരാ ഛായാപടങ്ങളില്‍ തങ്ങളെത്തന്നെ കാണുന്നുണ്ടാവണം.

പോര്‍ട്രെയ്റ്റ് ഗ്യാലറിയില്‍ നിന്ന് ഉച്ച കഴിഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി. പിന്നെ കുറെനേരം ട്രാഫല്‍ഗര്‍ സ്ക്വയറില്‍ ചെലവഴിച്ചു. വൈകുന്നേരമാവുമ്പോള്‍ സ്ക്വയര്‍ ജനനിബിഢമാവും. ലോകത്തിന്‍റെ പലകോണുകളില്‍നിന്നും എത്തിയവരുടെ സംഗീതാവതരണങ്ങള്‍, നാനാതരം അഭ്യാസപ്രകടനങ്ങള്‍, മാജിക് ഷോ….പലതും അവിടെ അരങ്ങേറും. ആ ചത്വരം അപ്പോള്‍ ലോകത്തിന്‍റെ നാല്‍ക്കൂട്ടപ്പെരുവഴിയെന്നപോലെയാണ് കാണപ്പെടുക. ഗ്യാലറിയില്‍നിന്നിറങ്ങി ഞങ്ങള്‍ അവിടെ വെറുതെയിരിക്കുമ്പോള്‍ ആളുകള്‍ കാര്യമായി വന്നുതുടങ്ങിയിരുന്നില്ല. സെപ്തംബര്‍ മാസത്തിന്‍റെ തണുപ്പ് അന്തരീക്ഷത്തിലുണ്ടായിരുന്നു. അതുകൊണ്ട് സ്ക്വയറിലെ തുറസ്സില്‍ ഞങ്ങള്‍ കുറെ നേരം ഇരുന്നു. ജീവിതത്തിന്‍റെ പ്രദര്‍ശനശാലയിലെന്നപോല പലതരം മനുഷ്യര്‍ ഞങ്ങള്‍ക്കു മുന്നിലൂടെ കടന്നുപോയി. ലോകത്തില്‍നിന്ന് പിന്‍വാങ്ങിനില്‍ക്കുമ്പോഴാണ് നമുക്ക് ലോകം കാണാനാവുക, ഒരു മണിക്കൂറോളം കഴിഞ്ഞ് ഞങ്ങള്‍ അവിടെ നിന്ന് കണ്‍സര്‍ട്ട് ഹാളിലേക്ക് പുറപ്പെട്ടു. ചാണിങ് ക്രോസില്‍നിന്ന് നടന്ന് ലസ്റ്റര്‍ സ്ക്വയറിലേക്ക്. അവിടെനിന്ന് ട്യൂബ് വഴി സൗത്ത് കെന്‍സിംഗ്ടണിലെത്തി. സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങി ഇരുപുറത്തും ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലെ തെരുവിലൂടെ റോയല്‍ ആല്‍ബര്‍ട്ട് ഹാളിലേക്ക് നടന്നു. പീതസായന്തനത്തിന്‍റെ നഗരം എന്ന് കവി എഴുതിയതുപോലെ ആകാശം മഞ്ഞനിറത്തില്‍ പടര്‍ന്നുകിടക്കുകയായിരുന്നു.

രണ്ട്

കെന്‍സിംഗ്ടണ്‍ പാര്‍ക്കില്‍ നിന്നും റോയല്‍ ആല്‍ബര്‍ട്ട് ഹാളിലേക്കു നോക്കുമ്പോള്‍ ആദ്യം കണ്ണില്‍പെടുക ആകാശത്തിലേക്കുയര്‍ന്നുനില്‍ക്കുന്ന അതിന്‍റെ മകുടമാണ്. സാമ്രാജ്യപ്രതാപത്തിന്‍റെ കുംഭഗോപുരംപോലെ ആ മന്ദിരം ആകാശപ്പരപ്പിപ്പിലേക്ക് തലയുയര്‍ത്തി അധൃഷ്യഭാവത്തോടെ നിലകൊള്ളുന്നു. പൊടുന്നനെ മനസ്സില്‍ വന്നത് വാള്‍ട്ടര്‍ ബന്‍യമിന്‍റെ വാക്കുകളാണ്. ‘എല്ലാ സാംസ്കാരിക രേഖകളും കിരാതത്വത്തിന്‍റെ സുവര്‍ണ്ണരേഖ ‘കള്‍ കൂടിയാണെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍ എന്നല്ല, പടിഞ്ഞാറന്‍ യൂറോപ്പില്‍ പലയിടങ്ങളിലും, പ്രത്യേകിച്ചും ഇംഗ്ലണ്ടില്‍, കാണുന്ന ഉത്തുംഗപ്രതാപങ്ങള്‍ക്കു പിന്നിലെല്ലാം വെട്ടിപ്പിടുത്തങ്ങളുടെയും കൊള്ളയുടെയും കൂട്ടക്കൊലകളുടെയും ചരിത്രം മറഞ്ഞുകിടപ്പുണ്ട്. ‘ നഗ്നമായ രക്തമൂറ്റല്‍ ‘ എന്ന് ഇതേ ലണ്ടന്‍ നഗരത്തിന്‍റെ ദരിദ്രമായ കോണിലിരുന്ന് മാര്‍ക്സ് വിശേഷിപ്പിച്ച കൊളോണിയലിസത്തിന്‍റെ കൊള്ളമുതലുകളാണ് ഈ സാംസ്കാരിക മഹിമകള്‍ക്കെല്ലാം അടിപ്പടവായത്. രണ്ട് നൂറ്റാണ്ടോളം നീണ്ട കോളനിവാഴ്ച ഇന്ത്യയെ മരുപ്പറമ്പാക്കിയാണ് അവസാനിച്ചത്. പതിനെട്ടാം ശതകത്തിന്‍റെ പ്രാരംഭത്തില്‍ ലോകവിപണിയിലെ ഇന്ത്യയുടെ പങ്കാളിത്തം 23 ശതമാനമായിരുന്നുവെന്ന് ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ മാഗ്​നസ് എഡിസണ്‍ കണക്കാക്കിയിട്ടുണ്ട്. അന്ന് യൂറോപ്പിന്‍റെ വ്യാപാരപങ്കാളിത്തം 27 ശതമാനം മാത്രമാണ്. എന്നാല്‍ ബ്രിട്ടണ്‍ ഇന്ത്യ വിട്ടു പോകുന്ന 1947-ല്‍ അത് വെറും മൂന്ന് ശതമാനമായി ചുരുങ്ങിയിരുന്നു. ഇന്ത്യയിലെ വിഭവശേഷിയെല്ലാം അപ്പോഴേക്കും സമ്പൂര്‍ണ്ണമായി കവര്‍ന്നെടുക്കപ്പെട്ടിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യപ്രതാപത്തിന്‍റെ അടിപ്പടവുകളില്‍ കോളനിരാജ്യങ്ങളിലെ ജനങ്ങളുടെ ചോരയും മാംസവും അടിഞ്ഞുകിടന്നു. പുറമേ തെളിഞ്ഞ സംസ്കാരമഹിമകള്‍ക്ക് പിന്നില്‍ അവ ഒട്ടും തെളിയാതെ കിടന്നു. കിരാതത്വത്തിന്‍റെ സുവര്‍ണ്ണശോഭകള്‍!

റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍, നിസ്സംശയമായും, അത്തരമൊരു സുവര്‍ണ്ണശോഭയാണ്. പത്തൊമ്പതാം ശതകത്തിന്‍റെ രണ്ടാം പകുതിയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ വിജയപതാക ഏറ്റവും ഉയര്‍ന്നുപാറുന്ന കാലത്താണ് അത് പണികഴിക്കപ്പെട്ടത്. 1871-ല്‍ വിക്റ്റോറിയ മഹാരാഞ്ജി ഉദ്ഘാടനം ചെയ്ത ഈ മന്ദിരം ബ്രിട്ടീഷ് ലൈബ്രറിയും നാഷണല്‍ മ്യൂസിയവും മറ്റും പോലെ ബ്രിട്ടീഷ് പ്രതാപത്തിന്‍റെ ഏറ്റവും മഹിമയുറ്റതും വിലപിടിച്ചതുമായ അവശേഷിപ്പുകളിലൊന്നായാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. സൗത്ത് കെന്‍സിംഗ്ടണ്‍-ന്‍റെ വടക്കേ അറ്റത്ത്, ചരിത്രത്തിന്‍റെ വലിയ പടപ്പാച്ചിലുകള്‍ കണ്ട കണ്ണുകളുമായി, പിന്നിട്ട ഒന്നര നൂറ്റാണ്ടായി അതു നിലകൊള്ളുന്നു.

Royal Albert Hall

ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി അഭേദ്യബന്ധമുള്ള മന്ദിരമാണ് റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍. 1851-ല്‍ ബ്രിട്ടീഷ് സാമ്രാജ്യവാഴ്ച അതിന്‍റെ ലോകപ്രതാപം മനുഷ്യവംശത്തിന് മുന്നില്‍ കാഴ്ചവയ്ക്കാന്‍ ഒരു വന്‍പ്രദര്‍ശനം നടത്തിയിരുന്നു; ‘ഗ്രേറ്റ് എക്സിബിഷന്‍’ എന്ന പേരില്‍. പത്തൊമ്പതാം ശതകത്തിന്‍റെ ആരംഭവര്‍ഷങ്ങളില്‍ നെപ്പോളിയനേയും കീഴടക്കിയതോടെ യൂറോപ്പിലെ എതിരില്ലാത്ത സാമ്രാജ്യശക്തിയായി ബ്രിട്ടന്‍ ഉയര്‍ന്നിരുന്നു. ആഫ്രിക്കയിലും ഏഷ്യയിലും നടത്തിയ കടന്നുകയറ്റങ്ങളും അത് ലണ്ടനിലേക്കെത്തിച്ച അളവില്ലാത്ത സമ്പത്തും, പത്തൊമ്പതാം ശതകത്തിന്‍റെ പകുതിയെത്തുമ്പോഴേക്കും, ബ്രിട്ടനെ ലോകാധികാരിയാക്കി മാറ്റി. ആ ലോകാധികാരത്തിന്‍റെ പ്രദര്‍ശനവേദിയായിരുന്നു ‘ഗ്രേറ്റ് എക്സിബിഷന്‍’. പിന്നീട് ലോകത്തിന്‍റെ പല കോണുകളിലും അരങ്ങേറിയ വ്യവസായപ്രദര്‍ശനങ്ങളുടെ ആദ്യമാതൃക. (എസ്.എന്‍.ഡി.പി. യോഗത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ കേരളത്തിലും ആദ്യമായി ഒരു വ്യാവസായപ്രദര്‍ശനം നടന്നു; നാരായണഗുരുവിന്‍റെ അധ്യക്ഷതയില്‍!).

ഗ്രേറ്റ് എക്സിബിഷന്‍റെ വന്‍വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ അതിനൊരു ശാശ്വതസ്മാരകം വേണമെന്ന താത്പര്യം ഉയര്‍ന്നുവന്നു. മഹാപ്രദര്‍ശനത്തിന്‍റെ വലിയ ലാഭം ഉപയോഗപ്പെടുത്തി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ ഒരു സ്മാരകസമുച്ചയം പണിതീര്‍ക്കാനാണ് ആദ്യം തീരുമാനിച്ചത്. ‘സെന്‍ട്രല്‍ ഹാള്‍ ഓഫ് ആര്‍ട്സ് ആന്‍റ് മ്യൂസിക്‘ എന്ന പേരാണ് അന്നതിന് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്. 1951-ലെ ഗ്രേറ്റ് എക്സിബിഷന്‍റെ മുഖ്യ സംഘാടകനും വിക്റ്റോറിയ മഹാരാഞ്ജിയുടെ ഭര്‍ത്താവുമായ പ്രിന്‍സ് ആല്‍ബര്‍ട്ടായിരുന്നു ആ ആശയത്തിന്‍റെ അവതാരകന്‍. ‘ആല്‍ബര്‍ട്ടോ പോളിസ്’ എന്ന പേരില്‍ വിഭാവനം ചെയ്യപ്പെട്ട ആ കെട്ടിടസമുച്ചയം നിലവില്‍ വന്നില്ല. അതിനു മുന്‍പുതന്നെ പ്രിന്‍സ് ആല്‍ബര്‍ട്ട് 1861-ല്‍ അന്തരിച്ചു. അതോടെ സ്മാരകസമുച്ചയം എന്ന ആശയം പിന്‍വാങ്ങി. പിന്നീടത് ആല്‍ബര്‍ട്ട് രാജകുമാരന്‍റെ സ്മരണയ്ക്കായുള്ള ഒരു സ്മാരകമായി പുനര്‍വിഭാവനം ചെയ്യപ്പെട്ടു. 1867-ല്‍ വിക്റ്റോറിയാ മഹാരാഞ്ജി അതിന് ശിലാസ്ഥാപനം നടത്തി. ‘റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍’ എന്ന് ഈ പ്രൗഢമന്ദിരത്തിന് നാമകരണം നടത്തിയതും അവരാണ്. കെന്‍സിംഗ്ടണ്‍ പാര്‍ക്കിന് എതിരെ സാമ്രാജ്യാധികാരത്തിന്‍റെ സമസ്ത പ്രതാപങ്ങളേയും വിളംബരം ചെയ്യുന്നപോലെ തലയുയര്‍ത്തി നില്‍ക്കുന്ന മന്ദിരം വിക്റ്റോറിയാ മഹാരാഞ്ജി 1871 മാര്‍ച്ച് 29ന് ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് ഭരണഘടനയെയാണ് ആ മന്ദിരം തന്നെ ഓര്‍മ്മിപ്പിക്കുന്നതെന്നു മാത്രമാണ് അവര്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞതത്രെ!

Royal Albert Aall

റോമന്‍ ആംഫിതിയേറ്ററുകളുടെ മാതൃകയെ പിന്‍പറ്റിക്കൊണ്ടാണ് ആല്‍ബര്‍ട്ട് ഹാള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. പടിഞ്ഞാറന്‍ നാഗരികതയുടെ സാമ്രാജ്യമഹിമാ സ്വപ്നങ്ങളെ മുഴുവന്‍ പേറിനില്‍ക്കുന്ന ആംഫിതിയേറ്ററുകളുടെ മാതൃക പിന്തുടരുന്നതിലൂടെ ആധുനിക ലോകസാമ്രാജ്യശക്തിയെന്ന അഭിമാനബോധത്തിന്‍റെ വാസ്തുശില്പപരമായ സാധൂകരണം കൂടി ഉദ്ദേശിക്കപ്പെട്ടിരിക്കണം. റോയല്‍ എന്‍ജിനീയേഴ്സിലെ ക്യാപ്റ്റന്‍ ഫ്രാന്‍സിസ് ഫൗക്ക്, മേജര്‍ ജനറല്‍ ഹെന്‍റി സ്കോട്ട് എന്നിവരായിരുന്നു മുഖ്യ വാസ്തുശില്പികള്‍. അക്കാലത്ത് സൗത്ത് കെന്‍സിംഗ്ടണ്‍ മ്യൂസിയം രൂപകല്പന ചെയ്ത ഗോട്ടിഫൈഡ് സെംപറുടെ വാസ്തുശില്പ കല്പനകളെ അവര്‍ ആല്‍ബര്‍ട്ട് ഹാളിന്‍റെ നിര്‍മ്മാണത്തില്‍ പിന്‍പറ്റിയതായി ഇതേക്കുറിച്ചുള്ള വിവിരണങ്ങള്‍ പറയുന്നുണ്ട്. 1870-ലെ ക്രിസ്തുമസ് ദിവസം ഉദ്ഘാടനം ചെയ്യാനായി തീരുമാനിച്ചിരുന്നുവെങ്കിലും ഔദ്യോഗിക ഉദ്ഘാടനം പിന്നെയും നീണ്ടു. 1871 മാര്‍ച്ച് 29നാണ് അത് നടന്നത്.

പ്പോള്‍ ആറായിരത്തോളം പേര്‍ക്ക് ഒരേസമയത്ത് ഇരിപ്പിടമൊരുക്കുന്ന (കൃത്യമായ കണക്ക് 5772 എന്നാണ്) ബഹുനിലമന്ദിരമാണ് റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍. യഥാര്‍ത്ഥത്തില്‍ എണ്ണായിരത്തോളം സീറ്റുകള്‍ അവിടെയുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ 12000 പേര്‍ വരെ അവിടെയുള്ള പരിപാടികളില്‍ സംബന്ധിച്ചിട്ടുള്ളതായി ചരിത്രവിവരണങ്ങളില്‍ കാണാം. പില്‍ക്കാലത്തെ സുരക്ഷാനിയന്ത്രണങ്ങളാണ് ഇരിപ്പിടങ്ങളുടെ എണ്ണം 5772 ആയി ചുരുക്കിയത്. പല തട്ടുകളായി മുകളിലേക്കുയരുന്ന വൃത്താകാരമാര്‍ന്ന നിലകള്‍. സമ്പൂര്‍ണ്ണമായി അലങ്കരിക്കപ്പെട്ട അകത്തളവും വിതാനങ്ങളും. ദീപപ്രഭയുടെ വിസ്മയകരമായ വിന്യാസത്താല്‍ റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍ അതിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ മായികദീപ്തിയാല്‍ നമ്മെ വ്യാമുഗ്ധരാക്കും. കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി ലോകത്തെ പ്രമുഖരായ സംഗീതജ്ഞരും നര്‍ത്തകരും നാടകകാരന്മാരും മറ്റും ഇവിടെ എത്തിക്കൊണ്ടേയിരിക്കുന്നു. സംഗീതാവതരണങ്ങള്‍, ബാലെകള്‍, ഓപ്പറെകള്‍, ചലച്ചിത്രാവതരണങ്ങള്‍ എന്നിവ മുതല്‍ അവാര്‍ഡ് വിതരണവും വന്‍കിട സ്ഥാപനങ്ങളുടെ വാര്‍ഷികസമ്മേളനങ്ങളും വരെയായി എണ്ണമറ്റ സമ്മേളനങ്ങള്‍ എല്ലാ വര്‍ഷവും അരങ്ങേറുന്നു. പ്രധാന ഓഡിറ്റോറിയത്തില്‍ പ്രതിവര്‍ഷം ശരാശരി 400 പരിപാടികള്‍ വരെ നടക്കുന്നുണ്ട്. മുഖ്യവേദിക്ക് പുറത്തുള്ള ഇതരവേദികളില്‍ അതിലധികവും. അങ്ങനെ പ്രതിവര്‍ഷം ആയിരത്തോളം സാംസ്കാരിക പരിപാടികള്‍ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ നടക്കുന്നു എന്നാണ് കണക്ക്. ഇത്രയേറെ പരിപാടികള്‍ പ്രതിവര്‍ഷം അരങ്ങേറുന്ന, കഴിഞ്ഞ ഒന്നരനൂറ്റാണ്ടായി അതു തുടരുന്ന, മറ്റൊരു സാംസ്കാരിക രംഗവേദി ലോകത്ത് ഏറെയുണ്ടാവാനിടയില്ല. ഒരുപക്ഷേ, മറ്റൊന്നും തന്നെ.

റോയല്‍ ആല്‍ബര്‍ട്ട് ഹാളിന്‍റെ പില്‍ക്കാലപ്രതാപം തുടക്കം മുതലേ അതിന് കൈവന്നിരുന്നില്ല. ഗംഭീരവും പ്രൗഢവുമായ വാസ്തുരൂപം ആയിരിക്കെത്തന്നെ ഹാളിലെ ശബ്ദക്രമീകരണത്തില്‍ വലിയ പിഴവുകള്‍ ഉണ്ടായിരുന്നത്രെ. ഹാളിലെ വിശാലപ്രതലങ്ങളില്‍ തട്ടി ശബ്ദം പ്രതിദ്ധ്വനിച്ചുകൊണ്ടേയിരുന്നു. അതിനെ മുന്‍നിര്‍ത്തി, ‘ഒരു ബ്രിട്ടീഷ് സംഗീതജ്ഞന് തന്‍റെ ശബ്ദം രണ്ടു പ്രാവശ്യം കേള്‍ക്കുമെന്ന് ഉറപ്പിക്കാവുന്ന ഒരേയൊരു സ്ഥലം’ എന്ന് അക്കാലത്ത് പരിഹാസപൂര്‍വ്വം ഹാളിനെക്കുറിച്ച് പറയുമായിരുന്നുവത്രേ. പിന്നാലെ ആ പ്രശ്നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ പലതും അരങ്ങേറി. എങ്കിലും ഏകദേശം ഒരു നൂറ്റാണ്ട് കഴിഞ്ഞ് 1969-ലെ പരിഷ്കരണത്തോടെയാണ് ആ പ്രശ്നത്തിന് പൂര്‍ണ്ണ പരിഹാരമായത്. 1883-ല്‍ റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍ പൂര്‍ണ്ണമായി വൈദ്യുതീകരിച്ചു. അതുവരെ ഇന്ധനവാതകങ്ങളെ ആശ്രയിച്ചാണ് ദീപസംവിധാനങ്ങളും മറ്റും പ്രവര്‍ത്തിച്ചിരുന്നത്. മാറിവരുന്ന സാങ്കേതിക പരിണാമങ്ങള്‍ക്കൊത്ത് പിന്നെയും പലതരം നവീകരണങ്ങളിലൂടെ റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍ കടന്നുപോയി. ഇന്ന് ലോകത്തെ ഏറ്റവും മികവുറ്റ അവതരണവേദികളിലൊന്നായി അതു നിലകൊള്ളുന്നു. സാമ്രാജ്യപ്രതാപത്തിന്‍റെ അവശിഷ്ടഭംഗികള്‍ പോലും പതിയെപ്പതിയെ പിന്‍വാങ്ങിത്തുടങ്ങുന്ന ബ്രിട്ടീഷ് ജീവിതപരിസരങ്ങളില്‍ അക്കാലത്തിന്‍റെ സാംസ്കാരികമായ വലിയ ഈടുവയ്പുകളിലൊന്നായി റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍ അവശേഷിക്കുന്നു.

1871 മാര്‍ച്ചിലെ ഉദ്ഘാടനത്തിനുശേഷം ചരിത്രത്തിന്‍റെ പരിണാമവേഗങ്ങള്‍ ഹാളിലും അരങ്ങേറി. 1871 മെയ് ഒന്നിന് ആര്‍തര്‍ സള്ളിവന്‍ അവതരിപ്പിച്ച കടലിലും തീരത്തും (On Shore and Sea) എന്ന കാന്റാറ്റ (Cantata)യോടെയാണ് റോയല്‍ ആല്‍ബര്‍ട്ട് ഹാളിലെ പരിപാടികള്‍ ആരംഭിച്ചത്. പിന്നീട് ഒന്നരനൂറ്റാണ്ടായി ലോകത്തെ മഹാരഥികള്‍ മുഴുവന്‍ അവിടെ വന്നുമടങ്ങി. 1877-ലെ ഗ്രാന്‍റ് വാഗ്​നർ ഫെസ്റ്റിവലില്‍ എട്ടു ദിവസം തുടര്‍ച്ചയായി റിച്ചാര്‍ഡ് വാഗ്​നർ തന്നെ അവിടെയെത്തി സംഗീതപരിപാടികള്‍ അവതരിപ്പിച്ചു. ഫാസിസത്തിന്‍റെ തേരോട്ടത്തില്‍ അഭയാര്‍ത്ഥികളായ അക്കാദമിക് പണ്ഡിതരെ സംരക്ഷിക്കാന്‍ എന്‍സ്റ്റീന്‍ 1933-ല്‍ സമ്മേളനം വിളിച്ചുചേര്‍ത്തതും ഇവിടെയാണ്. രണ്ടാം ലോകയുദ്ധക്കാലത്ത് (1942-ല്‍) ഈ സ്മാരകസ്തംഭത്തിന് ജര്‍മ്മന്‍ സൈന്യത്തിന്‍റെ ബോംബിംഗ് മൂലം ചെറിയ കേടുപാടുകള്‍ പറ്റുകയും ചെയ്തു. (ലണ്ടന്‍ നഗരപ്രവിശ്യയെ കൃത്യമായി മനസ്സിലാക്കുന്നതിനുള്ള അടയാളങ്ങളിലൊന്നായി ജര്‍മ്മന്‍ വ്യോമസേന കണ്ടുവച്ച ലാന്‍റ്മാര്‍ക്കുകളില്‍ ഒന്നായതുകൊണ്ടാണ് അവരതു പൂര്‍ണ്ണമായി ബോംബിട്ടുതകര്‍ക്കാതിരുന്നതത്രേ. റോയല്‍ ആല്‍ബര്‍ട്ട് ഹാളിന്‍റെ വലിപ്പം അങ്ങനെ അതിനുതന്നെ രക്ഷയായി!)

ങ്ങനെ, സാമ്രാജ്യപ്രതാപത്തിന്‍റെ കുതിപ്പുകള്‍ക്കും കിതപ്പുകള്‍ക്കുമൊപ്പം നടന്നാണ് റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍ ഇതുവരെയെത്തിയത്. വൃത്താകാരമാര്‍ന്ന അതിന്‍റെ ഇടനാഴികളിലൂടെ നടക്കുമ്പോള്‍ ചരിത്രത്തിന്‍റെ ഈ വലിയ മുഴക്കങ്ങള്‍ നാം മുഴുവനായും കേള്‍ക്കണമെന്നില്ല. എങ്കിലും വാസ്തുവൈഭവത്തിന്‍റെയും അലങ്കരണകലയുടെയും അദ്യന്തം പ്രൗഢമായ ആ മഹാമന്ദിരത്തില്‍ അല്പമൊരു വിസ്മയത്തോടെയല്ലാതെ നമുക്ക് നിലകൊള്ളാനാവില്ല. ഒരു ലണ്ടന്‍ സായാഹ്നവേളയില്‍, റോയല്‍ ആല്‍ബര്‍ട്ട് ഹാളിലെ ഇടനാഴിയില്‍ വാഗ്നര്‍ സംഗീതനിശയ്ക്കായി കാത്തുനില്‍ക്കുമ്പോള്‍ എന്‍റെ മനസ്സിലുണ്ടായിരുന്നതും മറ്റൊന്നല്ല,

ട്രാഫല്‍ഗര്‍ സ്ക്വയറില്‍നിന്ന് മുരളിയേട്ടനോടൊപ്പം റോയല്‍ ആല്‍ബര്‍ട്ട് ഹാളിനു മുന്നിലെത്തിയപ്പോള്‍ വൈകുന്നേരത്തെ കച്ചേരിക്കുള്ള പ്രവേശനം ആരംഭിച്ചിരുന്നു. സമയം ആറുമണിയോടടുത്തിരുന്നു. ഏഴിനാണ് കച്ചേരി. മിച്ചിരുവും രാമുവും മുന്‍പേ അവിടെ എത്തിയിട്ടുണ്ടെന്ന് ഫോണ്‍ ചെയ്തു പറഞ്ഞു. അതറിയാതെ കുറച്ചുനേരം ഞങ്ങളവരെ പുറത്ത് കാത്തിരുന്നു. തിരക്കു കൂട്ടാതെ ഞങ്ങള്‍ ഇരുവരും ലിഫ്റ്റ് വഴി ഹാളിലെ പ്രവേശനകവാടത്തിനടുത്തേക്ക് പുറപ്പെട്ടു. നാലാമത്തെയോ അഞ്ചാമത്തെയോ നിലയിലായിരുന്നു ഞങ്ങള്‍ക്കായി റിസര്‍വ് ചെയ്ത ഇരിപ്പിടം. അവിടെയിറങ്ങി പുറത്തെ പ്രൗഢമായ ഇടനാഴിയിലൂടെ നടന്നു. ഇടനാഴിയുടെ വലതുഭാഗത്തായി പല തട്ടുകളിലുള്ള റസ്റ്റോറന്‍റുകളും വൈന്‍പാര്‍ലറുകളും. വൈന്‍പാര്‍ലറുകളില്‍ പൊതുവെ നല്ല തിരക്ക്. ആളുകള്‍ കൂട്ടം ചേര്‍ന്നുനിന്ന് പലതും പറഞ്ഞു ചിരിക്കുകയും വൈന്‍ നുണയുകയും ചെയ്യുന്നു. ഞങ്ങളും അവര്‍ക്കൊപ്പം ചേര്‍ന്നു. ലോകജീവിതത്തിന്‍റെ നിത്യനൈമിത്തികങ്ങളില്‍ നിന്ന് തല്‍ക്കാലത്തേക്ക് വിടുതിനേടിയ മനുഷ്യരുടെ ആഹ്ലാദഭാവങ്ങള്‍ വൈന്‍ പാര്‍ലറിനെ പ്രകാശഭരിതമാക്കിയിരുന്നു.

കദേശം അരമണിക്കൂറോളം കഴിഞ്ഞാണ് ഹാളിനുള്ളില്‍ കടന്നത്. ഹാള്‍ നിറഞ്ഞുതുടങ്ങിയിരുന്നു. മങ്ങിയ വെളിച്ചത്തില്‍ റോയല്‍ ആല്‍ബര്‍ട്ട് ഹാളിന് വിസ്മയകരമായ ഭംഗിയുണ്ടായിരുന്നു. സാന്ദ്രമായ വര്‍ണ്ണദീപ്തി നിറഞ്ഞുനില്‍ക്കുന്ന ഉള്‍ത്തളം. ലോകത്തെ ഏറ്റവും പ്രൗഢമായ സംഗീതവേദികളിലൊന്നിലാണല്ലോ നില്‍ക്കുന്നത് എന്ന് ഓര്‍ത്തു. പടിഞ്ഞാറന്‍ ക്ലാസിക്കല്‍ സംഗീതത്തിന്‍റെ ഏറ്റവും വലിയ അരങ്ങ് പകരുന്ന ദൃശ്യചാരുതയ്ക്കും അതേതരം ക്ലാസിക്കല്‍ പൂര്‍ണ്ണത ഉണ്ടായിരുന്നു. അഗാധവും പ്രശാന്തവും. കവിഞ്ഞൊഴുകുന്ന വെളിച്ചത്തിന്‍റെ വെട്ടിത്തിളക്കമില്ല. വെളിച്ചവും വര്‍ണ്ണവും അവയുടെ സ്ഥാനങ്ങളില്‍ ശാന്തഗംഭീരമായി നിറഞ്ഞുനിന്നു.

ങ്ങിയ വെളിച്ചത്തിലൂടെ നടന്ന് ഞങ്ങള്‍ ഇരിപ്പിടങ്ങളിലെത്തി. മിച്ചിരുവും രാമുവും മുന്‍പേ എത്തിയിരുന്നു. ഞങ്ങള്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. ഏറെ വൈകാതെ കണ്‍സെര്‍ട്ടിന് തുടക്കമായി. വിശ്വപ്രസിദ്ധമായ റോയല്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ വാഗ്​നർ നൈറ്റാണ്. പടിഞ്ഞാറന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ പിശാചമാന്ത്രികനാണ് റിച്ചാര്‍ഡ് വാഗ്​നർ‍. പടിഞ്ഞാറന്‍ സംഗീതത്തില്‍ പത്തൊമ്പതാം ശതകത്തിന്‍റെ ആദ്യപകുതി, ബിഥോവന്‍റേതായിരുന്നുവെങ്കില്‍ രണ്ടാം പകുതി
വാഗ്​നറുടേതായിരുന്നു. പടിഞ്ഞാറന്‍ ഓപ്പറെയുടെ ചരിത്രമപ്പാടെ അയാള്‍ അഴിച്ചുപണിതു. വാഗ്​നറുടെ സംഗീതം സംഗീതത്തില്‍ മാത്രമായി ഒതുങ്ങിനിന്ന ഒന്നല്ല. ജീവിതത്തെയാകെ സംഗ്രഹിക്കുന്ന മഹാദര്‍ശനത്തിന്‍റെ ആവിഷ്കാരമായാണ് വാഗ്​നർ തന്‍റെ സംഗീതത്തെ കണ്ടത്. വാഗ്​നറുടെ സംഗീതത്തില്‍ നിന്ന് നീഷെ തന്‍റെ കലാദര്‍ശനം കരുപ്പിടിച്ചത് അതുകൊണ്ടാണ്. ദുരന്തനാടകത്തെക്കുറിച്ചുള്ള നീഷെയുടെ അതിപ്രസിദ്ധമായ ഗ്രന്ഥവും (The Birth of Tragedy out of the Spirit of Music) അപ്പൊളോണിയന്‍, ഡയനീഷ്യന്‍ ദ്വന്ദ്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വീക്ഷണത്തിന്‍റെയും എല്ലാം വേരുകള്‍ റിച്ചാര്‍ഡ് വാഗ്​നർ എന്ന അനന്യപ്രതിഭയിലായിരുന്നു. വാഗ്​നർക്കുശേഷം പടിഞ്ഞാറന്‍ ക്ലാസിക്കല്‍ സംഗീതത്തിന് പഴയതുതന്നെയായി തുടരാനായിട്ടില്ല എന്നു പറയുന്നതില്‍ അല്പം പോലും അതിശയോക്തിയില്ല.

പ്പോള്‍ത്തന്നെ, വാഗ്​നർ ഒരു പിശാചപ്രതിഭയായിരുന്നു. പടിഞ്ഞാറന്‍ സംഗീതജ്ഞരെക്കുറിച്ചുള്ള തന്‍റെ പ്രസിദ്ധമായ ജീവചരിത്രഗ്രന്ഥത്തില്‍ ഹരോള്‍ഡ് സ്കോണ്‍ബെര്‍ഗ് പറയുന്നത് മനുഷ്യപ്രകൃതത്തില്‍ അസന്തുഷ്ടികരവും വിനാശകരവുമായി എന്തൊക്കെയുണ്ടോ അതെല്ലാം ചേര്‍ന്നതായിരുന്നു വാഗ്​നർ എന്നാണ്. കടുത്ത വംശീയവാദി, ജൂതവിരോധി, സ്വാര്‍ത്ഥത്തിന്‍റെ പരമപദം, അസഹിഷ്ണുതയുടെ ആള്‍രൂപം, ജര്‍മന്‍ വംശമഹിമയിലുള്ള അപാരമായ വിശ്വാസം, അതിമാനുഷികതയിലുള്ള അതിരറ്റ ആത്മബോധം (നിശ്ചയമായും വാഗ്​നർ തന്നെയായിരുന്നു ആ അതിമാനുഷന്‍) ഇതെല്ലാം ചേര്‍ന്നതായിരുന്നു റിച്ചാര്‍ഡ് വാഗ്​നർ‍.

ങ്കിലും വാഗ്​നർ പടിഞ്ഞാറന്‍ സംഗീതത്തിലെ വലിയ വഴിത്തിരിവായി. ഉന്‍മാദത്തോളമെത്തുന്ന പ്രതിഭയുടെ വിളയാട്ടം. ‘മനസ്സിലാവില്ലാത്ത പ്രതിഭ ‘യെന്ന് (ruthless genius) വിശേഷിപ്പിക്കപ്പെട്ട വാഗ്​നറിലൂടെയാണ് ഓര്‍ക്കസ്ട്ര പടിഞ്ഞാറന്‍ ഓപ്പറെയുടെ കാതലായിത്തീര്‍ന്നത്. ഭ്രാന്തിന്‍റെ വിളമ്പുകളിലൂടെയുള്ള അയാളുടെ ഉച്ഛൃംഖല സഞ്ചാരങ്ങള്‍ക്ക് ലോകം പിന്നീട് കാതോര്‍ത്തുകൊണ്ടേയിരുന്നു. ഫാസിസത്തിന്‍റെ രംഗപ്രവേശം വാഗ്നേറിയന്‍ സംഗീതത്തെ അങ്ങേയറ്റം സംശയമാക്കിയപ്പോഴും അതിന്‍റെ മായികത ലോകമെമ്പാടും അലയടിച്ചു. ഇപ്പോഴും അലയടിക്കുന്നു. മലയാളസംഗീതത്തിലും വാഗ്നേറിയന്‍ പ്രഭാവങ്ങള്‍ക്ക് തുടര്‍ച്ചയുണ്ട്. (‘ആയിരം അജന്താശില്പങ്ങളില്‍..’ എന്ന മലയാളഗാനത്തിന്‍റെ അനുപല്ലവിക്ക് ശേഷം വരുന്ന പശ്ചാത്തലത്തില്‍ വാഗ്​നറുടെ Ride of Valkyries ന്‍റെ അനുരണനങ്ങള്‍ ഒരാള്‍ക്ക് അനുഭവപ്പെടാവുന്നതാണ്. വാഗ്​നറുടെ ഉദ്ധതസ്വരങ്ങള്‍ മലയാളഭാവനയുടെ ഭാഗമായതിന്‍റെ അടയാളം!)

ടിഞ്ഞാറന്‍ ക്ലാസിക്കല്‍ സംഗീതവുമായുള്ള എന്‍റെ പരിചയം അല്പമാത്രമായിരുന്നു. ബിഥോവന്‍, ബാക്ക്, മൊസാര്‍ട്ട്, വാഗ്​നർ തുടങ്ങിയ പേരുകള്‍ മാത്രം. പിന്നീട് 1990-കളുടെ തുടക്കത്തിലെപ്പോഴോ ആണ് ഹരോള്‍ഡ് സ്കോണ്‍ബര്‍ഗിന്‍റെ വിശ്രുതമായ പഠനം (The lives of the Great Composers) വായിക്കാനിടവന്നത്. സംഗീതശാസ്ത്രപരം എന്നതിലുപരി ജീവശാസ്ത്രപരമായ ഒരു ഗ്രന്ഥമാണത്. എങ്കിലും പടിഞ്ഞാറന്‍ സംഗീതത്തിലെ മഹാരഥികളില്‍ പലരേയും അത് നന്നായി പരിചയപ്പെടുത്തി. അവരുടെ സംഗീതത്തിന്‍റെ ഗതിഭേദങ്ങളെയും. അതിനിടയിലാണ് ദോഹയിലുള്ള നാട്ടുകാരനും പ്രിയ സുഹൃത്തുമായ ശ്രീനാഥ് പാശ്ചാത്യ ക്ലാസ്സിക്കല്‍ സംഗീതത്തിന്‍റെ ഒരു ബൃഹദ് ശേഖരം സമ്മാനമായി തന്നത്. Spectacular Classics എന്ന ആ ശേഖരത്തില്‍ ബാക്ക് മുതല്‍ സ്ട്രാവിന്‍സ്കിയും ഷോസ്തക്കോവില്ലും വരെയുള്ള അന്‍പത് മഹാരഥികളുടെ സംഗീതശില്പങ്ങള്‍ ആലേഖനം ചെയ്ത സി.ഡികള്‍ ഉണ്ടായിരുന്നു. അതൊരു വലിയ തുറസ്സായി. ഓരോരുത്തരെക്കുറിച്ചും നന്നായി വായിച്ചും അവരുടെ രചനകള്‍ കേട്ടും കഴിഞ്ഞപ്പോള്‍ പടിഞ്ഞാറന്‍ സംഗീതത്തിന്‍റെ ഉള്ളിലേക്ക് ചെറിയ നടപ്പാതകള്‍ തുറന്നുകിട്ടി. പില്‍ക്കാലത്ത് ബാര്‍ബറ ഹാനിങ്ങിന്‍റെ പടിഞ്ഞാറന്‍ സംഗീതചരിത്രവും (Consis History of Western Music) അഡോണോ, ഹാന്‍സ് ഐസ്ലര്‍, എഡ്വേര്‍ഡ് സൈഡ് തുടങ്ങിയവരുടെ പഠനങ്ങളും പരിചയപ്പെടാന്‍ അവസരം കിട്ടിയത് ആ യാത്രയെ അല്പംകൂടി ഊര്‍ജ്ജ്വസ്വലമാക്കി. എങ്കിലും പല വിഷയങ്ങളിലേക്ക് ചിതറിപ്പരക്കുന്ന എന്‍റെ അഭിരുചിഭേദം എന്നെ അവിടെ ആഴത്തില്‍ തുടരാന്‍ അനുവദിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പരിമിതമായ വായനയുടെയും കേള്‍വിസംസ്കാരത്തിന്‍റെയും കൈവഴികളിലൂടെ പടിഞ്ഞാറന്‍ സംഗീതത്തിന്‍റെ അരികിലൂടെ കുറേയൊന്ന് നടന്നു എന്നുമാത്രം.

ങ്കിലും റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ വാഗ്​നർ നൈറ്റ് കേള്‍ക്കാനിരുന്നപ്പോള്‍ ആ പഴയ യാത്രകള്‍ തുണയായി. റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍, ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയെ നയിച്ചുകൊണ്ട് ക്രിസ്റ്റ്യന്‍ ഗ്യോര്‍ക്കെയും സ്റ്റീഫന്‍ ഗൗള്‍ഡും വാഗ്നേറിയന്‍ സംഗീതത്തിന്‍റെ പടവുകളിലൂടെ കയറിയിറങ്ങി. ഹാള്‍ അപാരമായ നിശബ്ദതയിലായിരുന്നു. നാലായിരത്തോളം പേര്‍ നിറഞ്ഞ ഹാളില്‍ ഘനീഭവിച്ചുനിന്ന നിശ്ബദതയ്ക്കു മുകളിലൂടെ വാഗ്​നറുടെ സംഗീതം അലകടല്‍പോലെ ഇരമ്പി. രണ്ടു മണിക്കൂറോളം കഴിഞ്ഞ് രാത്രിയുടെ തണുപ്പിലേക്ക് റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ നിന്ന് ഇറങ്ങുമ്പോഴും അലയടിക്കുന്ന കടല്‍പ്പരപ്പുപോലെ വാഗ്​നറുടെ സംഗീതം കൂടെയുണ്ടായിരുന്നു. ചിലപ്പോള്‍ മന്ദനിശ്ചലതയില്‍; ചിലപ്പോള്‍ പ്രചണ്ഡവേഗതയില്‍. കടല്‍ കൂടുകൂട്ടിയ സംഗീതം. അതായിരുന്നു വാഗ്​നർ. പുറത്തിറങ്ങി തെരുവിലൂടെ നടക്കുമ്പോള്‍ റോയല്‍ ആല്‍ബര്‍ട്ട് ഹാളിലേക്ക് ഞാന്‍ വീണ്ടും തിരിഞ്ഞുനോക്കി. വാഗ്നേറിയന്‍ സംഗീതത്തിന്‍റെ ധ്വജസ്തംഭം പോലെ അത് അധൃഷ്യമായി ആകാശത്തിലേക്ക് തലയുയര്‍ത്തി നിന്നു.

Comments

comments