എസ്. ശാരദക്കുട്ടി, കേസരി എ ബാലകൃഷ്ണപിള്ളയെക്കുറിച്ച് ഫേസ് ബുക്കിൽ എഴുതിയതും പിന്നീട് ട്രൂ കോപ്പി തിങ്ക് എന്ന മാധ്യമം പുനഃപ്രസിദ്ധീകരിച്ചതുമായ കുറിപ്പിനെക്കുറിച്ച് നവമലയാളി ശ്രീ. സുനിൽ പി ഇളയിടത്തോട് അഭിപ്രായം ആരാഞ്ഞിരുന്നു. അതിന് സുനിൽ പി ഇളയിടം നൽകിയ പ്രതികരണം ആണ് ചുവടെ.


കേസരിയെക്കുറിച്ചുള്ള കുറിപ്പ് ഞാൻ ഇപ്പോഴാണ് കണ്ടത്. സത്യത്തിൽ അത് കേസരിയുടെ വളരെ ചെറിയ ഒരു ലേഖനമാണ്; സ്ത്രീകളും ഫലിത രസവും എന്നോ മറ്റോ പേരിൽ. ഞാൻ അത് ഇപ്പോൾ വീണ്ടും എടുത്തു നോക്കി. അതിൽ കേസരി ചെയ്യുന്നത് എന്താണെന്നു വെച്ചാൽ കേസരി മനോവിജ്ഞാനീയത്തിൻ്റെ മേഖലയിൽ നിലനില്ക്കുന്ന ആശയങ്ങൾ ഇന്നയിന്നതൊക്കെയാണ്, അത് സ്ത്രീകളെ ഇങ്ങിനെയൊക്കെ അവതരിപ്പിക്കുന്നു, താനത് ക്രോഡീകരിച്ച് അവതരിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് പറഞ്ഞ് ഒരു പാരഗ്രാഫ് മനോവിജ്ഞാനീയം സ്ത്രീകൾക്ക് ഫലിതരസം കുറഞ്ഞിരിക്കുന്നതിനുള്ള കാരണം എന്താണ് എന്നുള്ള വാദങ്ങളൊക്കെ ക്രോഡീകരിച്ച് സംക്ഷേപിക്കുന്നു. ശാരദക്കുട്ടി ടീച്ചർ ചെയ്യുന്നത് ഇത് കേസരിയുടെ അഭിപ്രായമാണ് എന്ന നിലയിൽ അവതരിപ്പിക്കുകയാണ്. അത് ശരിയായ സമീപനമല്ല. അതൊന്നും കേസരിയുടെ അഭിപ്രായങ്ങൾ അല്ല. താനിതെല്ലാം സംക്ഷേപിച്ച് എഴുതുകയാണ് എന്ന് ആ ലേഖനത്തിൽ കൃത്യമായി പറയുന്നുണ്ട്.

ഫലിതരസം എന്ന് പറയുന്നതിനെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ തത്ത്വചിന്തകൻമാരും മറ്റു ചിന്തകൻമാരും അവതരിപ്പിച്ചിട്ടുള്ളത് അടുത്ത ഒരു പാരഗ്രാഫിൽ ഇതുപോലെ ക്രോഡീകരിച്ച് അവതരിപ്പിക്കുന്നു. ഏറ്റവും അവസാനം എത്തുമ്പോൾ കേസരി ഈ ലേഖനം അവസാനിപ്പിക്കുന്നത്, എന്നാൽ സ്ത്രീകൾക്ക് ഇങ്ങനെ ഫലിതരസം കുറവാണ് എന്ന വാദം അവതരിപ്പിക്കുന്നതിൽ സ്ത്രീകൾ ഖേദിക്കേണ്ട കാര്യമില്ല കാരണം പുതിയ മനോവിജ്ഞാനീയ അന്വേഷണങ്ങൾ സാമൂഹിക അന്വേഷണങ്ങൾ സ്ത്രീകളുടെ ഫലിത രസത്തിലെ കുറവ് എന്ന പ്രശ്നം അവരുടെ ജൈവികമായ ഒരു പ്രശ്നമായിട്ടല്ല മറിച്ച് സാമൂഹിക വ്യവസ്ഥയുടെ പ്രശ്നമായിട്ടാണ് മനസ്സിലാക്കുന്നത് അതുകൊണ്ട് സാമൂഹിക വ്യവസ്ഥയുടെ പരിവർത്തനത്തിലൂടെ ഇതിനെ മാറ്റാവുന്നതാണ്, അതു കൊണ്ട് ഇതിന് മനോവിജ്ഞാനീയമായ ഒരു ഊന്നലില്ല കാണേണ്ടത് എന്ന ഒരു കാഴ്ചപ്പാട് അവതരിപ്പിച്ചുകൊണ്ടാണ്.

ഇതിൻ്റെ ഒരു പ്രശ്നം 1950 വരെയുള്ള ഒരു കാലം എടുത്താൽ മനോവിജ്ഞാനം –  ഫ്രോയ്ഡിയൻ മനോവിജ്ഞാനം –  തന്നെ അടിസ്ഥാനപരമായി പുരുഷാധിപത്യപരമായ ഊന്നലുകളുള്ളതാണ്. ഫ്രോയ്ഡിൻ്റെ ഫീമെയിൽ സെക്ഷ്വാലിറ്റിയെക്കുറിച്ചുള്ള ആശയങ്ങൾ ഒക്കെത്തന്നെ ഫ്രോയ്ഡിൻ്റെ ശിഷ്യൻമാർ തന്നെ പില്ക്കാലത്ത് വിമർശന വിധേയമാക്കിയിട്ടുള്ള ആശയങ്ങളാണ്. പക്ഷേ കേസരി 1940 കളിൽത്തന്നെ ഈ പ്രശ്നത്തിലുള്ള അടിസ്ഥാനപരമായ ചില പരിമിതികൾ മനസ്സിലാക്കി, വളരെ Genetic എന്ന് അവതരിപ്പിക്കപ്പെടുന്ന ഒരു കാര്യത്തെ വളരെ Systemic ആണ്, സാമൂഹിക വ്യവസ്ഥയുടെ കാരണം ആണ് ഈ പ്രശ്നം നിലനില്ക്കുന്നത് എന്ന് തിരുത്തിക്കൊണ്ടാണ് ആ രണ്ടു പേജ് വരുന്ന ലേഖനം അവസാനിപ്പിക്കുന്നത്. അപ്പൊ ശാരദക്കുട്ടി ടീച്ചർ മനോവിജ്ഞാനീയത്തിൻ്റെ ആശയങ്ങളെ ക്രോഡീകരിച്ച് സംക്ഷേപിക്കുന്നതിനെ കേസരിയുടെ അഭിപ്രായമായി അവതരിപ്പിക്കുന്നതിൽ ഒരു അഭംഗിയുണ്ട്. അത് കേസരിയുടെ അഭിപ്രായം ആയിരുന്നു എങ്കിൽ അത് വ്യവസ്ഥാപരമായ പ്രശ്നമാണ് എന്ന് കേസരി എഴുതുമായിരുന്നില്ല. അപ്പൊ, കേസരിയുടെ വീക്ഷണം ആദ്യത്തെ നിരീക്ഷണങ്ങളുടെ വിമർശനസ്ഥാനത്താണ് കേസരി നില്ക്കുന്നത് എന്ന് വേണം കരുതാൻ.

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ കുടുംബ ഘടനയെ സമ്പൂർണ്ണമായി വിമർശിക്കുകയും സ്ത്രീ ലൈംഗികതയെ അടിച്ചമർത്തുന്ന ഒരു സ്ഥാപനമാണ് കുടുംബഘടന എന്ന് പറയുകയും ഗണികാവൃത്തി ഒരു തൊഴിലാണ്, പ്രാചീന ഭാരതത്തിൽ അങ്ങിനെയായിരുന്നു എന്നെല്ലാം പറഞ്ഞ് അതിനെ സാമൂഹികമായ ഒരു തൊഴിലായി പരിഗണിക്കണം എന്ന് വാദിക്കുകയും ഒക്കെ ചെയ്ത ഒരാളാണ് കേസരി. അക്കാലത്ത് മാത്രമല്ല ഇക്കാലത്തുപോലും ആളുകൾ ഉയർത്താൻ പൊതുവെ പ്രയാസപ്പെടുന്ന നിഗമനങ്ങൾ ലൈംഗികതയെ സംബന്ധിച്ച് കേസരി ഉയർത്തിയിട്ടുണ്ട് എന്ന കാര്യം നാം ശ്രദ്ധിക്കണം.

“സ്ത്രീയെ അടുക്കളച്ചക്കിയും പേറ്റുമൃഗവുമാക്കി മാറ്റിക്കൊണ്ടും പുരുഷൻമാരെ വിത്തുകാളകളും വീട്ടുതമ്പ്രാക്കളും ആക്കിക്കൊണ്ടും ആണ് നമ്മുടെ ഭാരതത്തിലെ പുകൾപെറ്റ കുടുംബജീവിതം നില നിന്നു പോരുന്നത് “ എന്ന് കേസരി എഴുതുന്നുണ്ട്.

ഇങ്ങിനെ 1930 കളിലൊക്കെ കുടുംബം, ലൈംഗികത ഒക്കെ ആഴത്തിൽ വിമർശന വിധേയമാക്കിയ ഒരാളാണ് കേസരി. അത്തരം ഒരു വിപുലമായ വ്യവഹാരത്തെ ശ്രദ്ധിക്കാതെ രണ്ടു പേജ് ലേഖനത്തിലെ ഒരു പാരഗ്രാഫിലെ സൂചനകളെ കേസരിയുടെ പുറത്ത് ആരോപിച്ച് അദ്ദേഹത്തെ ഒറ്റയടിക്ക് സ്ത്രീവിരുദ്ധനായി അവതരിപ്പിക്കുന്നത് വസ്തുതാപരമല്ല.

(സുനിൽ.പി. ഇളയിടത്തിൻ്റെ ” ഓഡിയോ മെസേജിൻ്റെ എഴുത്തുരൂപം)


( ശാരദക്കുട്ടിയുടെ FB പോസ്റ്റ് )

Saradakutty Bharathikuttyകേസരി ബാലകൃഷ്ണപിള്ള സ്ത്രീകൾക്കു ഫലിതരസം കുറഞ്ഞിരിക്കുന്നതെന്തുകൊണ്ടെന്ന് ഒരു ലേഖനത്തിൽ കണ്ടെത്തുന്നുണ്ട്.ലോക സാഹിത്യം മുഴുവൻ വായിച്ചു കൊണ്ടിരിക്കെ കേസരി ഒരു തവണയെങ്കിലും വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ വീട്ടിലെയോ നാട്ടിലെയോ പെണ്ണുങ്ങളെ നോക്കാനും കേൾക്കാനും കൗതുകപ്പെടാനും വിസ്മയിക്കാനും ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെയൊന്നും പറയുമായിരുന്നില്ല.ജപ്പാനിലെ കൊട്ടാര ദാസിയായിരുന്ന സീ ഷൊണാഗൺ ന്റെ Pillow book ( തലയിണ പുസ്തകം) മാത്രം വായിച്ചാൽ ഇങ്ങനെയൊന്നും പറയുമായിരുന്നില്ല.ആയിരത്തൊന്നു രാവുകൾ വായിച്ചാൽ, പെണ്ണുങ്ങൾ പറയുന്ന കുറെ കെട്ടുകഥകൾ, പരദൂഷണങ്ങൾ, അവരുടെ ചില വർണ്ണനകൾ അവരുപയോഗിക്കുന്ന ചില മെറ്റഫറുകൾ കേട്ടാൽ ഇങ്ങനെയൊന്നും പറയുമായിരുന്നില്ല.ബർട്രന്റ് റസ്സൽ ചെയ്തിരുന്നതു പോലെ ബുദ്ധിയുള്ള പെണ്ണുങ്ങളെ സംസാരിക്കാനനുവദിച്ചിട്ട് വെറുതെ കേൾവിക്കാരനായി ഇരിക്കാൻ തയ്യാറായിരുന്നെങ്കിലും ഇങ്ങനെയൊന്നും എഴുതുമായിരുന്നില്ല.അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഇങ്ങനെ ചുരുക്കി പറയാം.1. സ്ത്രീകൾക്ക് യാഥാസ്ഥിതികത്വം കൂടിയിരിക്കുന്നു.2. സാമാന്യീകരണത്തിനുള്ള ശക്തി പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കുറവാണ്.3. ഓരോ കാര്യത്തിലും അടങ്ങിയിരിക്കുന്ന തത്ത്വം ഗ്രഹിക്കാൻ അവർക്കു പ്രയാസമാണ്.4. പുരുഷന്മാരോടു തുല്യമായ നിരൂപണ ശക്തിയില്ല5. സ്ത്രീകളുടെ മാനസിക വളർച്ച, പുരുഷന്മാരേക്കാൾ വേഗത്തിൽ സംഭവിച്ചിട്ട് എളുപ്പത്തിൽ നിലച്ചു പോകുന്നതാണ്.6. 25 വയസ്സുകഴിഞ്ഞാൽ സ്ത്രീക്ക് ഒന്നും കൂടുതലായി പഠിക്കുവാൻ കഴിയില്ല..7. സ്ത്രീകൾക്ക് പ്രവൃത്തിപരത കുറവാണ്8.. സംഗതികളിൽ നിന്ന് വേർതിരിഞ്ഞു നിന്നുകൊണ്ട് അവയെ വീക്ഷിക്കുവാൻ സ്ത്രീകൾക്ക് സാധിക്കാറില്ല.9 ആഡംബരപ്രിയരായതു കൊണ്ട് അവർക്ക് സരളത കുറയും. സരളത കുറഞ്ഞാൽ ഹാസ്യം വരില്ല.10. സ്ത്രീകൾക്ക് പ്രസാദാത്മകത്വം കൂടുതലും.വിഷാദാത്മകത്വം വളരെ കുറവുമാണ്. ഇതുകാരണം അവർക്ക് ഫലിതം വരില്ല.കേസരി സാഹിത്യ ലോകത്തിനാരായിരുന്നാലും ശരി, ആ പാവം മനുഷ്യന്റെ ജീവിതനഷ്ടങ്ങളിൽ എനിക്കഗാധമായ വേദനയും നിരാശയുമുണ്ട്.

Comments

comments