പ്രയാസപ്പെട്ട് വായിക്കേണ്ടുന്ന പുസ്തകങ്ങളുണ്ട്. പുസ്തകത്തിന്റെ പ്രമേയവും രൂപവും മുതൽ വായനക്കാരിയുടെ ഭാവനാശേഷി പോലും വായിക്കുന്നതിലെ പ്രയാസത്തെ  നിശ്ചയിക്കുന്നുണ്ട്.  അത്തരത്തിൽ, വായിക്കാൻ പ്രയാസമെന്ന് പലരും പറഞ്ഞ പുസ്തകമാണ് അഭിലാഷ് മേലേതിലിന്റെ നോവൽ പരമ്പരയായ “പൊറ്റാളിലെ ഇടവഴികൾ”. അഞ്ച് ഭാഗങ്ങളായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന ഈ പരമ്പരയിലെ ആദ്യ രണ്ടു പുസ്തകങ്ങൾ (പൊറ്റാളിലെ ഇടവഴികൾ 1, 2) 2018 ലും 2019-ലുമായി പുറത്തിറങ്ങി. ശ്രദ്ധയോടെ വായിക്കുമ്പോൾ ഒന്നാമത്തെ പുസ്തകത്തിലെ ഏഴാമത്തെ വാചകത്തിൽത്തന്നെ കഥയിലെ പ്രധാനസംഘർഷങ്ങളിലേക്ക് എത്താൻ കഴിഞ്ഞ നോവലാണ് പൊറ്റാളിലെ ഇടവഴികൾ എന്നു കാണാം[1]. ഇത് ചെറിയ കാര്യമല്ല. എന്നാൽ നോവലിൻറെ ഘടനപരവും ഭാഷാപരവുമായ പ്രത്യേകതകൾ കാരണം വായനയിൽ ബുദ്ധിമുട്ടു നേരിട്ട ചിലർ  എഴുത്തുകാരൻ ഈ പണി നിർത്തണം എന്ന് പോലും സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. സമാനമായ അഭിപ്രായക്കാരിൽ എഴുത്തുകാരും ഉണ്ട്. ഇപ്പോഴുള്ളതുപോലല്ല തങ്ങൾ പറയും പോലായിരുന്നെങ്കിൽ ഈ നോവൽ മികച്ചതാകുമായിരുന്നു എന്നുവരെ അവരിൽ ചിലർ പറയുകയുണ്ടായി. പൊറ്റാളിലെ ഇടവഴികളെ സവിശേഷമായ വായനാനുഭവമാക്കിമാറ്റുന്ന അതിന്റെ ആഖ്യാനരൂപത്തിന്നു പകരം പരിചയമുള്ള വിവരണാത്മകമായ രൂപം സ്വീകരിക്കുവാനാണ് ഇവരിൽ പലരും ആവശ്യപ്പെട്ടത്. പൊറ്റാളിന്റെ രൂപപരവും ഭാഷാപരവുമായ സവിശേഷതകളെ വിശദീകരിക്കുന്നതിലൂടെ വായിക്കുന്നതിലെ പ്രയാസം എന്ന പരാതിയെ അഭിമുഖീകരിക്കാനുള്ള ശ്രമമാണ് ഈ കുറിപ്പ്. ഇങ്ങനെ ചെയ്യുന്നതിലൂടെ വായിക്കുന്നതിലെ പ്രയാസവും ഈ പുസ്തകം വായിക്കേണ്ടുന്നതിന്റെ പ്രാധാന്യവും വ്യക്തമാക്കാൻ കഴിയുമെന്ന് കരുതുന്നു.[2]

1) രചനാ സവിശേഷതകൾ

വായനക്കാരിയോട് ആത്മകഥാപരമായ സംഭാഷണം[3] നടത്തുന്ന കഥാപാത്രങ്ങളിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. പൊറ്റാൾ ഗ്രാമത്തിലെ ഒരു കൂട്ടം ആളുകൾ പ്രത്യേകിച്ച് പ്രേരണകൾ കൂടാതെ, അല്ലെങ്കിൽ വ്യക്തമാക്കിയിട്ടില്ലാത്ത കാരണങ്ങളാൽ, വായനക്കാരോട് സംസാരിക്കുന്നു. ഏറ്റവും ലളിതമായി പറഞ്ഞാൽ ഇതാണ് നോവലിന്റെ രൂപം. കഥാപാത്രങ്ങളുടെ വ്യക്തിത്വമോ പശ്ചാത്തലമോ വായിച്ചു തുടങ്ങുമ്പോൾ ലഭ്യമല്ല. ആദ്യപുസ്തകത്തിൽ ഇരുപത്തിനാലു കഥാപാത്രങ്ങളും രണ്ടാമത്തേതിൽ ഇരുപത്തിയാറ് കഥാപാത്രങ്ങളും ഇത്തരത്തിൽ സംസാരിക്കുന്നു. ഒൻപതോളം കഥാപാത്രങ്ങൾ രണ്ടു പുസ്തകത്തിലും പൊതുവായുണ്ട്. ഇങ്ങനെ രണ്ടു പുസ്തകങ്ങളിലുമായി നാല്പതോളം കഥാപാത്രങ്ങൾ വായനക്കാരിയോട് സംസാരിക്കുന്നു. ഇവരെക്കൂടാതെ സംഭാഷണങ്ങളിൽ പരാമർശിക്കപ്പെടുന്ന കഥാപാത്രങ്ങൾ വേറെയുമുണ്ട്. ഇത്തരത്തിൽ ഉൾപ്രേരണയാലെന്നോണം സംസാരിക്കുന്ന ഇരുപത്തിയഞ്ചോളം കഥാപാത്രങ്ങളിൽ നിന്ന് പൊറ്റാൾ എന്ന ഗ്രാമത്തെ കല്പിച്ചെടുക്കേണ്ടത് ഒരു വായനക്കാരിയുടെ ഉത്തരവാദിത്തമാണ്. കാരണം, നിയതമായ ഘടനയോ ക്രമമോ കേന്ദ്രകഥാപാത്രങ്ങളോ ഇല്ലെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഈ നോവൽ സംവിധാനം ചെയ്തിരിക്കുന്നത്.

ആഖ്യാനവും രൂപവും

കഥാപാത്രങ്ങൾ വായനക്കാരിയോട് നേരിട്ട് സംസാരിക്കുന്ന രീതിയാണ് പൊറ്റാളിനു എന്ന് സൂചിപ്പിച്ചിരുന്നു. ഇത്തരത്തിൽ കഥപറയുന്ന മറ്റു നോവലുകൾ പരിശോധിച്ചാൽ ഓർമ്മകളുടെ രേഖീയമായ ക്രമം കാണാം. സംഭവങ്ങളെ അവ നടന്ന കാലത്തിനനുസരിച്ചുള്ള ക്രമത്തിൽ അവതരിപ്പിക്കുക എന്നതിലാണ് ഈ രേഖീയത വ്യക്തമാവുക. ഒരുപാട് സംഭവങ്ങളെയോ സാഹചര്യങ്ങളെയോ വ്യക്തികളെയോ കേന്ദ്രീകരിച്ചല്ല അത്തരം കഥകൾ വികസിക്കുന്നത് എന്നത് ഈ രേഖീയത സൂക്ഷിക്കുന്നതിൽ സഹായകരമാണ്. പാമുക്കിന്റെ ചുവപ്പാണെന്റെ പേര്, ഖാണ്ഡേക്കറുടെ യയാതി, നരേന്ദ്ര കോഹ്ലിയുടെ അഭ്യുദയം എന്നിവ മുന്നേപ്പറഞ്ഞ രേഖീയത സൂക്ഷിക്കുന്നതിന്റെ മനോഹരമായ മാതൃകകളാണ്. എന്നാൽ, പൊറ്റാളിൽ ഒരുപാട് കഥാപാത്രങ്ങൾ ഒരു പ്രത്യേക കാലഘട്ടത്തിലൂടെ, കൃത്യമായിപ്പറഞ്ഞാൽ 1990 നും 2010 നും ഇടയിലെ, അവരുടെ ഓർമകളിലൂടെ മുന്നോട്ടും പിന്നോട്ടും പോകുന്നതായി കാണാം. ഏതെങ്കിലും ഒരു സംഭവത്തെയോ വ്യക്തിയെയോ ചുറ്റിപ്പറ്റിയല്ല ഇവിടെ കഥ സംഭവിക്കുന്നത്. പകരം, ഓരോ കഥാപാത്രവും അവരനുഭവിച്ച ലോകത്തെ, സംഭവങ്ങളെ, അവർക്ക് അനുഭവപ്പെട്ടതുപോലെ വിവരിക്കുകയാണ്. അതുകൊണ്ട്, ഓരോരുത്തരും ഓരോയിടത്തു നിന്നാകും പറഞ്ഞു തുടങ്ങുന്നതും, നിർത്തുന്നതും. അവരവർക്ക് പ്രധാനപ്പെട്ടതായി തോന്നുന്ന കാര്യങ്ങളെപ്പറ്റിയാണ് ആളുകൾ സംസാരിക്കുക. അപ്പോൾ, ഓരോരുത്തരും ഓരോയിടത്തു നിന്നും തുടങ്ങുന്നത് സ്വാഭാവികമാണ്. കാലത്തിന്റെ രേഖീയമായ വികാസം കഥയിൽ ഇല്ലാത്തതിന്നു കാരണം ഇതാണ്.

അഭിലാഷ് മേലേതിൽ

മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാവുന്ന, അവനവന്റെ ഓർമകളിൽ കൂടി മാത്രം കടന്നു പോകുന്ന കഥാപാത്രങ്ങളാണ് പൊറ്റാളിലേത് എന്ന് സൂചിപ്പിച്ചല്ലോ? വായിക്കുന്നവർക്ക് ഈ ഘടന ഒരു വെല്ലുവിളിയാണ്. കഥാപാത്രങ്ങൾ വായനക്കാരിയോട് കൃത്യമായി സംവദിക്കണമെങ്കിൽ ഓരോരുത്തരും പറയുന്ന കഥകളെ പരസ്പരം ബന്ധിപ്പിക്കാൻ വായനക്കാരിക്ക് കഴിയണം. എന്തുകൊണ്ടെന്നാൽ, സർവ്വസാക്ഷിയായ എഴുത്തുകാരൻ കഥയിൽ ഒരിടത്തും പ്രത്യക്ഷപ്പെടുന്നില്ല. കഥയിലെ ഓരോ വാക്കിനും അത് പറയുന്ന കഥാപാത്രമുണ്ട്. ഒരു കഥാപാത്രത്തിന്റെ ഓർമ്മയിൽ നിന്ന് മറ്റൊരു കഥാപാത്രത്തിന്റെ ഓർമകളിലേക്ക് സഞ്ചരിക്കാൻ നോവലിൽ ഉള്ള ഹൈപ്പർലിങ്കുകളെ ബന്ധിപ്പിക്കേണ്ട് വായനക്കാരിയാണ്. ഇവയെ കൂട്ടിയിണക്കാൻ കഴിയാതിരുന്നാൽ അത് വായനയുടെ ഒഴുക്കിനെ സാരമായിത്തന്നെ ബാധിക്കും. എവിടെ ആരുടെ ഓർമയിലേക്ക് ബന്ധിപ്പിക്കണം എന്നത് വായിക്കുന്നവരുടെ വ്യക്തിപരമായ അനുഭവമാണ്. ചുരുക്കിപ്പറഞ്ഞാൽ, രണ്ടു കഥാപാത്രങ്ങളുടെ ഓർമയിൽ അഥവാ തോന്നലിൽ നിന്ന് ഒരു വായനക്കാരിക്കു അയാളുടെ താല്പര്യവും വായനാപരിചയവും ഉപയോഗിച്ച് എപ്പോൾ എവിടെ വേണമെങ്കിലും ഈ ബന്ധം സ്ഥാപിക്കാം. രണ്ട് കഥാപാത്രങ്ങൾക്കിടയിൽ നാം കണ്ടെത്തിയതിൽ നിന്നും വേറിട്ട ബന്ധങ്ങളും, മുന്നേ കാണാതിരുന്ന രഹസ്യങ്ങളും വായന മുന്നേറുമ്പോൾ വെളിപ്പെട്ടെന്നു വരാം. ക്രമബദ്ധമായി വികസിക്കുന്ന കഥകൾ വായിച്ച് ഉറപ്പിച്ച ആലോചനാശീലത്തിൽ നിന്നും പുറത്തു കടക്കാനും വെല്ലുവിളികൾ ഏറ്റെടുക്കാനും താൽപര്യപ്പെടുന്ന വായനക്കാരെ സംബന്ധിച്ചു പൊറ്റാൾ ഒരു മികച്ച അനുഭവം ആകും. അതിന്നു തയ്യാറാകാത്തവർക്ക് ഇത് അറുമുഷിപ്പൻ പുസ്തകമായിത്തോന്നുകയും ചെയ്യും.

ഭാഷ

ഒരാർഭാടവുമില്ലാത്ത ഭാഷയിൽ എഴുതപ്പെട്ട പുസ്തകമാണ് പൊറ്റാളിലെ ഇടവഴികൾ. കാലഘട്ടത്തിനും കഥാപാത്രങ്ങൾക്കും അവരുടെ വൈകാരികാവസ്ഥയ്ക്കും യോജിക്കുന്ന ഭാഷയിൽ തന്നെ അഭിലാഷ് പൊറ്റാളിനെ വിവരിക്കുന്നു. ആരെയെങ്കിലും ഉദ്ധരിക്കുമ്പോൾ മാത്രം സംഭാഷണഭാഷയുടെ പ്രാദേശിക വ്യത്യാസം കാണാവുന്നതാണ്. അല്ലാത്തിടങ്ങളിൽ സംസാരഭാഷയും അങ്ങാടിഭാഷയും ഇടകലർന്ന, മുന്നാമതോരാളോട് സംസാരിക്കുമ്പോൾ സാധാരണ ഉപയോഗിക്കാറുള്ള പ്രാദേശികത നിലനിർത്തുന്ന മാനകഭാഷ കാണാം. ഇങ്ങനെ, അതിവൈകാരികതയോ അലങ്കാരങ്ങളോ കൂടാതെ ചുരുങ്ങിയ വാക്കുകൾക്കുള്ളിൽ ഹൃദ്യമായി അഭിലാഷ് കാര്യങ്ങൾ തീവ്രതയോടെ ഫലിപ്പിക്കുന്നു. ഭാഷ വൈകാരികമല്ലാതിരിക്കുമ്പോഴും കുറഞ്ഞ വാക്കുകളിൽ അയാൾ നിർമ്മിക്കുന്ന അർത്ഥങ്ങൾ ആഴമുള്ളതാണ്. ഇനിപ്പറയുന്ന ഉദാഹരണങ്ങളിലൂടെ  ഇത് വ്യക്തമാക്കാം.

നോവലിന്റെ വ്യത്യസ്ഥഭാഗങ്ങളിൽ നിന്നും ഉദ്ധരിക്കുന്ന ഇനിക്കാണുന്ന വാചകങ്ങൾ ശ്രദ്ധിക്കുക.

  1. രാജേഷ്-“ഈ കളിയാക്കലൊക്കെ ഓരോരോ കണക്കിൽ വകവെക്കുന്നുണ്ടാകും എന്നെനിക്കറിയാമായിരുന്നു.”
  2. സാദിഖ്-“ചുറ്റും കാണുന്ന സകലതിന്റെയും ഉള്ളിൽ പലതും കത്തിനിൽക്കുകയായിരുന്നുവെന്നത് സത്യം.”
  3. പ്രദീപ്-“ഗ്രൗണ്ടിലെ കാര്യം ഗ്രൗണ്ടില്. യ്യ് അത് ഇങ്ങണ്ട് ഏറ്റിക്കൊണ്ടു വരരുത്.”
  4. ആബിദ്-“അങ്ങനെ പോയിപ്പോയി അവൾ പെട്ട ചുഴിപ്പിൽ ഞാനും വീണു.”
  5. ബാബു-“ക്ഷമയാണ് നമുക്ക് വേണ്ടത് .സുരേട്ടൻ പറയും.”

സന്ദർഭത്തിൽ നിന്നു മാറ്റിയാൽ പ്രത്യേകതയൊന്നും തോന്നിപ്പിക്കാനിടയില്ലാത്ത വാക്യങ്ങളാണിവ. പക്ഷേ, കഥയിൽ വിശേഷപ്രാധാന്യമുള്ള സന്ദർഭങ്ങളിലെ സംഭാഷണങ്ങളാണിവ. കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകൾ വ്യക്തമാക്കാനും അടുത്ത കഥാപാത്രത്തിന്റെ ഓർമ്മകളിലേക്കുള്ള പടവായും, ആകാംക്ഷയുണർത്തുന്ന സൂചനകളായും വളരെ സൂക്ഷ്മമായ ബന്ധങ്ങൾ വരച്ചിടാനുമെല്ലാം ഇത്തരം വാചകങ്ങൾക്ക് സാധിക്കുന്നുണ്ട്. ആബിദ് പറയുന്ന “അങ്ങനെ പോയിപ്പോയി അവൾപെട്ട ചുഴിപ്പിൽ ഞാനും വീണു” എന്ന വാക്യം ശ്രദ്ധിക്കുക. നോവലിൽ മുന്നേ പ്രത്യക്ഷപ്പെടുന്ന രണ്ടുകഥാപാത്രങ്ങൾ, രാജേഷും ഷിഹാബും, ആബിദിനെ കുറിച്ച് നൽകുന്ന സൂചനകൾ ശരിവയ്ക്കുന്ന സംഭാഷണമാണിത്. തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് ആബിദ് ഒറ്റവാക്കിൽ പറഞ്ഞു വയ്ക്കുന്നുണ്ടിവിടെ. ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ ഉരസലിന്നു ശേഷം മാപ്പു ചോദിക്കുന്ന ദിലീപിനൊട് “ഗ്രൗണ്ടിലെ കാര്യം ഗ്രൗണ്ടില്. യ്യ് അത് ഇങ്ങണ്ട് ഏറ്റിക്കൊണ്ടു വരരുത്” എന്ന പ്രദീപിന്റെ പ്രതികരണം നോക്കുക. കളിയും കാര്യവും തമ്മിൽ കൃത്യമായ അതിരുകൾ ഇല്ലാതെയായാണ് പൊറ്റാളിലെ നിത്യജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് എന്ന കൃത്യമായ ബോധം പാർട്ടി പ്രവർത്തകനായ പ്രദീപിനുണ്ട്. കളിയും കാര്യവും തമ്മിലുള്ള വേർതിരിവു നിലനിർത്തണം എന്നറിയാവുന്ന പ്രദീപ് നൽകുന്ന താക്കീതാണ്‌ മേല്പറഞ്ഞ സംഭാഷണം. ഇത്തരത്തിൽ ഒരുപാട് മാനങ്ങൾ നല്കാൻ കഴിയുന്ന ലളിത വാക്യങ്ങൾ പൊറ്റാളിന്റെ സവിശേഷതയാണ്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഭാഷയിലെ ഔചിത്യം ആണ്. കഥാപാത്രങ്ങൾക്കനുസരിച്ചു ഭാഷ പാടേ മാറുന്നില്ലെങ്കിലും വാക്യഘടനയിലും വൈകാരികതയിലും ഉള്ള ചെറിയ മാറ്റങ്ങൾക്കനുസരിച്ച് ഓരോരുത്തരുടെ ഭാഷണത്തിലും പ്രത്യേകം ശ്രദ്ധിച്ചാൽ മാത്രം വ്യക്തമാകുന്ന വ്യത്യാസങ്ങൾ കാണാം. രണ്ടുപേരുടെ വർത്തമാനം ഒരിടത്തും ഒരേപോലല്ല. ഒരേ സംഭവത്തെ രാജേഷും പ്രദീപും വിശദീകരിക്കുന്നതിൽ ഈ വ്യത്യാസം കാണാവുന്നതാണ്. പൊറ്റാൾ പാടത്ത് കളിക്കിടെ ഉണ്ടാകുന്ന ഉരസലുകളോട് ഇവർ രണ്ടു പേരും പ്രതികരിക്കുന്നത് രണ്ടുരീതിയിലാണ്. അവരത് അവതരിപ്പിക്കുന്നതും വ്യത്യസ്ഥമായ രീതിയിലാണ്. പ്രായത്തിന്റെയും പക്വതയുടെയും വ്യത്യാസവും പ്രത്യയശാസ്ത്രപരമായ വേർതിതിരിവും ഇരുവരുടെയും വർത്തമാനത്തിൽ നിന്നും വ്യക്തമാണ്. ഉദാഹരണത്തിന്ന്, റിയാസിന്റെ ഭാഷണം ശ്രദ്ധിക്കുക. ആത്മകേന്ദ്രിതമായ ആ കഥാപാത്രത്തിന്റെ സ്വാഭാവത്തിനനുസരിച്ച് അവന്റെ വിവരണങ്ങൾ കൂടുതലും അവനവനെചുറ്റിയാണ്. ശ്രമകരമാണെങ്കിലും ഇത്തരം വ്യത്യാസങ്ങൾ നിലനിർത്താൻ എഴുത്തുകാരനു കഴിയുന്നുണ്ട്. പ്രത്യേകിച്ച് സമാനചിന്താഗതിയും സ്വഭാവസവിഷേതകളും ഉള്ള വ്യക്തികളുടെ സംഭാഷണങ്ങൾ വരുമ്പോൾ. ചിലയിടങ്ങളിൽ ഈ സമാനത മനഃപൂർവമാണെന്നു എഴുത്തുകാരൻ തന്നെ സമ്മതിക്കുന്നുണ്ട്.[4] സുഹൃത്തുക്കളായ കഥാപാത്രങ്ങളുടെ സംഭാഷണത്തിൽ, അവരുടെ സൗഹൃദത്തിലൂടെ പൊതുവായിത്തീർന്ന കാര്യങ്ങൾ അവരുടെ വർത്തമാനത്തിലൂടെ തെളിയുന്നതുകാണാം. നിതിന്റെയും ഷിഹാബിന്റെയും ഭാഷണത്തിൽ ഈ സമാനാതകൾ കാണാ.[5] പ്രകാശന്റേയും ബാബുവിന്റേയും രാജേഷിന്റേയും വർത്തമാനത്തിലും മുകളിൽ പറഞ്ഞതരത്തിൽ സാമ്യതകൾ കാണാം. രാഷ്ട്രീയം മുതൽ തൊഴിലിടം വരെ, ആളുകൾ ചേർന്നും അകന്നും നിൽക്കുന്ന കാര്യങ്ങൾ അവരുടെ ഭാഷയിലും അഥവാ വർത്തമാനത്തിലും പ്രതിഫലിക്കുന്നു.

പ്രണയരതിരംഗങ്ങളും കൊലപാതകവുമൊക്കെ അവതരിപ്പിച്ചിരിക്കുന്നതിലെ ഒതുക്കം ശ്രദ്ധേയമാണ്. പൊറ്റാളിലെ കഥാപാത്രങ്ങൾ വളരെ സംയമനത്തോടെയാണ് ഈ സംഭവങ്ങളെ സമീപിക്കുന്നത്. അതിനു കാരണം ഓരോ സംഭവങ്ങളും നടന്നകാലത്തു നിന്നല്ല വായനക്കാരിയോട് സംവദിക്കുന്നത് എന്നതാകാം. ഓരോ സംഭവങ്ങൾക്കും ശേഷം കാലങ്ങൾ കഴിഞ്ഞു വ്യക്തികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾകൂടി കൂട്ടിച്ചേർത്തു വേണം അതിനെ മനസ്സിലാക്കുവാൻ. വൈകാരികത കുറഞ്ഞ ഭാഷ എന്ന് പറയുമ്പോഴും വികാരതീവ്രമല്ലാത്ത ഒരു നോവലല്ല പൊറ്റാൾ. ഷിഹാബിൻറെ മരണം (കൊലപാതകം) നിതിനും നയനയ്ക്കും അനുഭവപ്പെടുന്നത്, റിയാസിന്റെയും ഉമ്മുവിന്റെയും പ്രണയം, വ്യക്തികൾക്കിടയിലെ പുറമെ കാണാത്ത സവിശേഷബന്ധങ്ങൾ, ഇവയുടെയൊക്കെ അവതരണഭാഗങ്ങൾ വൈകാരികമായ തീവ്രതനിലനിർത്തുന്ന എന്നാൽ അലങ്കാരങ്ങളുടേയോ വിവരണത്തിന്റേയോ അതിപ്രസരം ഇല്ലാത്ത എഴുത്തിന്റെ മികച്ച മാതൃകയാണ്.

വാക്യഘടനയും വായനയുടെ താളവും.

പ്രമേയത്തെയും കഥാപാത്രങ്ങളേയും മനസ്സിലാക്കുന്നിടത്തോളം തന്നെ പ്രധാനപ്പെട്ടതാണ് നോവലിൽ ഉപയോഗിച്ചിരിക്കുന്ന സംഭാഷണത്തിന്റെ താളം കണ്ടെത്തുന്നത്‌. ഒഴുക്കോ ഭംഗിയോ ഇല്ലാത്ത വാക്യങ്ങൾ എന്ന് തീർപ്പുകൽപ്പിക്കും മുന്നേ ആ ഭാഷയുടെ താളം കണ്ടെത്തേണ്ടത് വായനയുടെ തുടർച്ചയ്ക്ക് ആവശ്യമാണ്. ഉദാഹരണത്തിന്നായി നോവലിന്റെ തുടക്കം നോക്കുക. രാജേഷ് സംസാരിച്ചു തുടങ്ങുകയാണ്: “റിയാസ് ആദ്യമായി പൊറ്റാളിൽ കളിയ്ക്കാൻ വരുന്ന സമയത്തു അവനെ ഞങ്ങൾക്ക് അറിയില്ലായിരുന്നു എന്നൊന്നും പറഞ്ഞുകൂടാ. എന്റെ രണ്ടു ക്ലാസ് മേലെയാണ് സ്കൂളിൽ പഠിച്ചത് എന്നതല്ലാതെ അക്കാലം വരെ ഞങ്ങളുടെ കൂട്ടത്തിലൊന്നും അവൻ കൂടിയിട്ടില്ല, അതിന്റെ ഒരു കൗതുകം ആ വരവിനുണ്ടായിരുന്നു.” ഉപന്യാസ ഭാഷയിൽ ആയിരുന്നു നോവലെങ്കിൽ ‘പൊറ്റാളിൽ റിയാസ് കളിയ്ക്കാൻ വരുന്നതിനു മുന്നേ അവനെ ഞങ്ങൾക്ക് അറിയാമായിരുന്നു. സ്കൂളിൽ എന്നേക്കാൾ രണ്ടു ക്ലാസ് മേലെയായിരുന്നു റിയാസ് പഠിച്ചിരുന്നത് എങ്കിലും അവൻ ഞങ്ങളുടെ കൂട്ടത്തിൽ ഒന്നും കൂടിയിട്ടില്ലായിരുന്നു’ എന്നിങ്ങനെ പ്രസംഗിക്കുകയായും രാജേഷ് ചെയ്യുക. ഈ പ്രത്യേകത നോവൽ വായിക്കുമ്പോൾ മനസ്സിലാക്കേണ്ടതുണ്ട്. ആളുകൾ സംസാരിക്കുമ്പോളുള്ള നീട്ടലും കുറുക്കലും നിർത്തലുമൊക്കെ പരിഗണിക്കേണ്ടത് പൊറ്റാളിന്റെ വായനയിൽ പ്രധാനമാണ്.  സംഭാഷണത്തിന്റെ താളം വായനയ്ക്ക് ഉണ്ടാകുമ്പോൾ അനായാസമായി വായിച്ചു പോകാം. അത്തരത്തിൽ, വായിക്കുന്നതിന്നുള്ള മികച്ചൊരു പരീശീലനവും പരീക്ഷയുമാണ് പൊറ്റാളിലെ ഇടവഴികൾ.

2) വിവരണത്തിന്റെ ഉപാധികൾ

എഴുത്തുകാരൻ പ്രത്യക്ഷപ്പെടാത്ത നോവലാണ് പൊറ്റാൾ. അതുകൊണ്ടു തന്നെ ഗ്രാമത്തിന്റെ വിശദമായ ചിത്രം കഥാപാത്രങ്ങൾ പറയുന്ന കാര്യങ്ങളിലൂടെ വായനക്കാരിലെത്തിക്കേണ്ടതുണ്ട്. ഇതിന്നായി ജൈവവും അജൈവവുമായ ഘടകങ്ങളെ സൂക്ഷ്മതയോടെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു നാടിൻറെ സ്വാഭാവിക സസ്യവൈവിദ്ധ്യം, കാർഷികവിളകൾ, ജലശ്രോതസുകൾ, റോഡുകൾ, അയൽ ഗ്രാമങ്ങൾ, അങ്ങാടികൾ, കടകൾ, വിദൂരത്തെങ്കിലും പൊറ്റാളുമായി ബന്ധം പുലർത്തുന്ന പട്ടണങ്ങൾ, നഗരങ്ങൾ, പള്ളികൾ, അമ്പലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ ഇങ്ങനെ ഒരു ഗ്രാമവുമായി ബന്ധപ്പെട്ടവയെല്ലാം കഥയിൽ പരാമർശിക്കുന്നുണ്ട്. തികച്ചും സ്വാഭാവികമായാണ് ഇവയെയെല്ലാം നോവലിൽ കടന്നു വരുന്നത്. ഉദാഹരണത്തിന്ന്, ഗ്രാമത്തിൽ മഴവെള്ളം ഒഴുകുന്നതിന്റെ വിവരണം നോവലിന്റെ പലഭാഗങ്ങളിലും കടന്നുവരുന്നുണ്ട്. ഇടവഴികളിലൂടെയും ചാലുകളിലൂടെയും വെള്ളം ഒഴുകുന്നതിന്റെ ഈ വിവരണങ്ങൾ പൊറ്റാളിന്റെ ജ്യോഗ്രഫി വായിക്കുന്നവർക്ക് ലഭ്യമാക്കുന്ന ഒരു മാർഗമാണ്. പറമ്പുകളിൽ നിന്ന് പറമ്പുകളിലേക്ക് കവിഞ്ഞൊഴുകുന്ന വെള്ളത്തിന്റെ വിവരണത്തിലൂടെ ആ സ്ഥലവാസികളുടെ ഭൂവിവരം മുഴുവൻ വായനക്കാരിക്ക് ലഭിക്കുന്നു. ആ ദേശത്തെ ഭൂവിന്റെ ചരിവ് എങ്ങനാണെന്നും, കയറ്റിറക്കങ്ങൾ എങ്ങനാണെന്നും ആരെല്ലാമാണ് അയൽക്കാർ എന്നുമൊക്കെ ഈ വിവരണത്തിലൂടെ വായനക്കാർക്ക് ലഭിക്കും. ഇതേപോലെ, കൊലയാളികൾ ഷിഹാബിനെ കൊല്ലാൻ ആയുധവുമായി കാത്തിരിക്കുന്ന രംഗത്തിന്റെ വിവരണത്തിൽ റോഡുകളുടെ മാപ് കാണാൻ സാധിക്കും. ഈ രചനകൗശലം കുറച്ചുകൂടെ വ്യക്തമാക്കുന്നതാണ് നയനയാൽ കണ്ടെടുക്കപ്പെടുന്ന ഷിഹാബിന്റെ‍ ഡയറിക്കുറിപ്പുകൾ.

പൊറ്റാൾദേശത്തിന്റെ ചരിത്രകാരൻ ആയാണ് ഷിഹാബിനെ അവതരിപ്പിക്കുന്നത്. സാധാരണ കഥകളിൽ കാണാറുള്ള ദേശചരിത്രം പറയുന്ന കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തനാണ് ഷിഹാബ്. താരതമ്യത്തിന്നായി ഉറൂബിന്റെ ഉമ്മാച്ചുവിലെ അഹമ്മദുണ്ണിയെ ഓർക്കുക. അയാൾക്ക് ആ നാട്ടിലെ കുറഞ്ഞത് മൂന്നുതലമുറ പിറകിലേക്കുള്ള ചരിത്രം അറിയാം. എല്ലാരുടേം വേരുകൾ അയാൾക്ക്‌ ഹൃദിസ്ഥമാണ്. ഇത്തരത്തിൽ വ്യക്തികേന്ദ്രീകൃതമായ ചരിത്രമല്ല ഷിഹാബിന്റെ താൽപര്യം. ഭൂതകാലത്തോളം തന്നെ  ഭൂമിശാസ്ത്രവും ഗ്രാമത്തിന്റെ പുരാവൃത്തങ്ങളും വ്യക്തികളുമെല്ലാം ഷിഹാബിന്റെ കൗതുകങ്ങൾ ആയിരുന്നു. അവനെഴുതുന്ന ചരിത്രത്തിൽ ഇവയ്ക്കെല്ലാം അവയുടെതായ പങ്കുണ്ട്. ഇത്തരത്തിൽ വിശദവും സൂക്ഷ്മവുമായ രേഖനം ഉമ്മാച്ചുവിലെ അഹമ്മദുണ്ണിപറയുന്ന ചരിത്രത്തിൽ കാണാൻ കഴിയില്ല. അത് കുറച്ചു കൂടെ വ്യക്തി, സംഭവ കേന്ദ്രീകൃതമാണ്.

പല അടരുകളുള്ള ഭൂപടമായി പൊറ്റാളിനെ സങ്കൽപിക്കാം. ചിത്രങ്ങളായും ഓർമകളായും അനുഭവങ്ങളായും അത് വായനക്കാരിലെത്തുന്നു. പുരയിടമോ കളിക്കളമോ കല്യാണപ്പുരയോ മരണമോ ജോലിസ്ഥലമോ അങ്ങനെ എന്തുമേതും ദേശചിത്രണത്തിൽ ഭാഗമാകുന്നു. ഒരിടത്ത് എന്തൊക്കെയുണ്ട് എന്ന വസ്തുനിഷ്ഠമായ വിവരണങ്ങൾക്കപ്പുറം എന്താണ് പൊറ്റാൾ എന്ന നാട് എന്നുംകൂടി നോവലിൽ പറഞ്ഞു തരുന്നു.  ഉദാഹരണത്തിന് ഒസ്സാൻ കുണ്ടിനെ കുറിച്ച് പൊറ്റാൾ ഒന്നിൽ പറയുന്നത് ശ്രദ്ധിക്കുക.

“ഹമീദ്: ഞങ്ങൾ ഏഴെട്ടു കുടുംബങ്ങൾ താമസിച്ചിരുന്നത് പൊറ്റാൾ പാടത്തേക്കുള്ള വഴിയിൽ ഒരിടവഴിയുടെ രണ്ടു വശത്തുമായിരുന്നു. തെങ്ങുകളും കമുകുകളും, പിന്നെ അവയിലും മറ്റു മരങ്ങളിലും പടർത്തിയിരുന്ന വെറ്റിലക്കൊടികളും കുരുമുളക് വള്ളികളും, പൊടെയിനികളും മാവും ജാതിയും ഒക്കെച്ചേർന്ന് വെളിച്ചം താഴെ വീഴാത്തപോലെയുള്ള ഒരു സ്ഥലം. കുണ്ട് എന്നാണ് ഇപ്പോൾ പേര്. പണ്ട് ഒസ്സാൻകുണ്ടായിരുന്നു, ഒസ്സാന്മാരായിരുന്നു എല്ലാം.” പൊടെയിനികളും മാവും ജാതിയും തെങ്ങുകളും കമുകുകളും മറ്റു മരങ്ങളും അവയിൽ പടർത്തിയിരുന്ന വെറ്റിലക്കൊടികളും കുരുമുളക് വള്ളികളും മാത്രമല്ല ഇവയൊക്കെ ചേർന്ന് ഒസ്സാൻ കുണ്ടിനെ വെളിച്ചം വീഴാത്ത ഒരിടമായി എങ്ങനെ മാറ്റുന്നു എന്ന് കൂടി എഴുത്തുകാരൻ വ്യക്തമാക്കുന്നു.  മറ്റൊരുദാഹരണം നോക്കാം. “റിയാസ്: കുറച്ചധികം നേരം കൊണ്ട് താഴെ നില ഞാൻ വൃത്തിയാക്കിയെടുത്തു. മുകളിൽ പിന്നെ ചെയ്യാം. പഴയ കോസടികളൊക്കെ അത് പോലെ കിടപ്പുണ്ട്. ഒന്ന് തട്ടിക്കുടഞ്ഞു അടുക്കളവശത്തെ വെയിലത്തിട്ടു…ആദ്യം ഉറക്കം. കിണറ്റിൽ നിന്ന് കുപ്പിയിൽ നിറച്ച കുറച്ചു വെള്ളമുണ്ടായിരുന്നു. അതെടുത്തു കുടിച്ചു. എന്നിട്ട് കോസടി ഇടനാഴിയിൽ വിരിച്ചു. പോയി ഗ്രിൽസ് പൂട്ടി വന്നു. മുന്നിലെ വാതിൽ ചാരിയിട്ടു., ആരെങ്കിലും വന്നാൽ അറിയണമല്ലോ. കോസടിയുടെ ഇളം ചൂടും വെയിലിന്റെ മണവും ഒക്കെ ആസ്വദിച്ചു കിടന്നു.” മേൽകൊടുത്ത ഉദാഹരണങ്ങൾ ഒരു വ്യക്തിയുടെ കാഴ്ചയെ മാത്രം വിവരിക്കാനുള്ള ഉപാധിയല്ല. ഒരാളുടെ അനുഭവത്തെയും അതിലൂടെ അയാളുടെ വ്യക്തിവിശേഷങ്ങളേയും അവ വെളിപ്പെടുത്തുന്നു. വെയിലത്തിട്ട കോസടിയുടെ ഇളം ചൂടും വെയിലിന്റേതെന്നു റിയാസ് പറയുന്ന മണവും അയാളുടെ അനുഭവങ്ങളാണ്. അയാളിലെ കാല്പനികനെ ഈ വിവരണം വെളിപ്പെടുത്തുന്നുണ്ട്. അതേപോലെ പട്ടികളെ വെട്ടിക്കൊന്നു പരിശീലനം നടത്തുന്നത്, ഷാമ കട്ടിലിൽ നിന്ന് വീഴുന്നത്, ഷിഹാബിനെ വെട്ടുമ്പോൾ ചോര കയ്യിൽപറ്റി പിടി വഴുതുന്നത് എന്നിവിടങ്ങളിലെല്ലാം സൂക്ഷ്മദർശിനിയിലൂടെ മാത്രം കാണാവുന്ന കാര്യങ്ങളുടെ വിവരണം കാണാം.

പറഞ്ഞു വന്നത് ഇത്തരത്തിലുള്ള സൂക്ഷ്മവിവരണങ്ങളിലൂടെ പൊറ്റാൾ എന്ന പ്രദേശത്തിന്റെ ഭൂപടം മാത്രമല്ല അനാവൃതമാകുന്നത് എന്നാണ്. മനുഷ്യരുടെ ദൈനദിനവ്യവഹാരങ്ങളുടെ, വൈകാരികതയുടെ ഒക്കെ തീമാറ്റിക് മാപ് പൊറ്റാൾ ഉൾകൊള്ളുന്നുണ്ട്. മനുഷ്യരുടെ ജാതിമതബന്ധങ്ങളുടെ, ലൈംഗികതയുടെ, രാഷ്ട്രീയത്തിൻറെ ഒക്കെ രൂപരേഖകൾ പല അടരുകളിലായി ചേർത്താണ് പൊറ്റാൾ എന്ന ദേശത്തെ ഈ നോവലിൽ നിർമ്മിച്ചിരിക്കുന്നത്. ഇത്തരം ഡോക്യുമെന്റഷൻ വായനക്കാർക്ക് തരുന്ന ഒരു സൗകര്യം പൊറ്റാളിന്റെ ഭൂപടത്തിൽ നിന്നും ഏതു പാളിയെ വേണമെങ്കിലും വേർതിരിച്ചെടുക്കാനും പഠിക്കാനും കഴിയുമെന്നതാണ്.

3) കൗതുകം നിലനിർത്തുന്ന കഥ

ഘടനാപരവും ആഖ്യാനപരവുമായ വിഷമതകൾ സഹിച്ചും പൊറ്റാളിലെ ഇടവഴികൾ വായിക്കാൻ വായനക്കാരിയെ പ്രലോഭിപ്പിക്കുന്നതിൽ നോവൽ തുടക്കം മുതൽ നിലനിർത്തുന്ന ആകാംക്ഷയ്ക്ക് പ്രത്യേക പങ്കുണ്ട്. നോവലിന്റെ ആദ്യത്തെ താളിലെ രംഗം നോക്കുക.

“രാജേഷ്: ഇടക്ക് ദിലീപ് വന്നപ്പോൾ തലേക്കൊല്ലം വേനൽമഴക്കുശേഷം ഞങ്ങൾ കളിക്കുന്ന കണ്ടത്തിൽ നുരിയിട്ടിട്ടുണ്ടോ എന്ന് നോക്കാൻ പോയി തിരികെവന്ന്, നരിയിട്ടിട്ടുണ്ട് എന്നവൻ തെറ്റിപ്പറഞ്ഞത് ആരോ അപ്പോളോർത്തു -പലരും ഉറക്കെത്തന്നെ ചിരിച്ചു. ചാലിയുടെ അപ്പുറവും ഇപ്പുറവുമായിത്തിരിഞ്ഞു ഞങ്ങൾ കളി നടത്തുന്ന സമയം കൂടിയായിരുന്നു അത്-ഒരു പരമ്പര പോലെ. ഈ കളിയാക്കലൊക്കെ ഓരോരോ കണക്കിൽ വകവെക്കുന്നുണ്ടാകും എന്നെനിക്കറിയാമായിരുന്നു.”

“ഈ കളിയാക്കലൊക്കെ ഓരോരോ കണക്കിൽ വകവെക്കുന്നുണ്ടാകും എന്നെനിക്കറിയാമായിരുന്നു.” ഒരു കളിക്കളത്തിന്റെ സ്വാഭാവിക വിവരണത്തിൽ നിന്ന് തുടങ്ങി ഒട്ടും വൈകാതെ നോവലിന്റെ മർമ്മം നോക്കിയുള്ള ചാട്ടമാണ് ഈയൊരൊറ്റ വരിയിലൂടെ അഭിലാഷ് നടത്തുന്നത്. കൃത്യമായിപ്പറഞ്ഞാൽ നോവൽ തുടങ്ങി ഏഴാമത്തെ വരിയിൽ, ആമുഖമോ അമാന്തമോ ഇല്ലാതെ, നിങ്ങൾ പൊറ്റാളിലെ സംഘർഷങ്ങളിലേക്ക്  കടന്നു കഴിഞ്ഞു. വായന തുടങ്ങുമ്പോൾ വായനക്കാരന്റെ മനസ്സിലുള്ള ആര്? എവിടെ? എപ്പോൾ? എന്ത്? എങ്ങനെ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടുന്നതിന്നു മുന്നേ പൊറ്റാളിൽ സംഘർഷങ്ങൾ തുടങ്ങുന്നു. അനായാസമായ ഈ തുടക്കം ഒരു പക്ഷെ വായനക്കാരന് സമയമെടുത്തേ കണ്ടെത്താൻ കഴിഞ്ഞെന്നു വരൂ. തുടർന്ന് ഓരോ കഥാപാത്രങ്ങളിലൂടെയും അവർ നൽകുന്ന സൂചനകളിലൂടെയും പൊറ്റാലിന്റെ ഭൂമിക അനാവൃതമാകുന്നു. പൊറ്റാളിലെ പാടത്തു കളിയ്ക്കാൻ വരാൻ റിയാസ് എന്തിനു വളഞ്ഞുചുറ്റിന്നു എന്നുതുടങ്ങി ഷിഹാബിനെ കൊന്നതാരാണ്? ഉമ്മുവിനും റിയാസിനും ഇടയ്ക്കു എന്താണ് സംഭവിച്ചത്? പൊറ്റാൾ പള്ളിയിൽ രാജേഷ് കണ്ടെതെന്താണ്? എന്നിങ്ങനെ കഥകളിലും ഉപകഥകളിലുമായി ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നു. പൊറ്റാൾ രണ്ടിലേക്കെത്തുമ്പോൾ മുന്നേ ചോദിച്ച ചില കാര്യങ്ങൾ വ്യക്തത വരുന്നുണ്ട്. എന്നാൽ പഴയ ചോദ്യങ്ങളുടെ ഉത്തരം പുതിയ ചോദ്യത്തിലേക്കുള്ള വഴിയാണ്. ഇങ്ങനെ ആകാംഷകളെ നിർമ്മിക്കുകയും നിലനിർത്തുകയും കൂടാതെ അവയെ കഥാപാത്രങ്ങളിലൂടെ സമാന്തരമായി കൊണ്ടു പോകുകയും ചെയ്യുന്നുണ്ട്. പൊറ്റാളിലെ ഇടവഴികളിലെ മൂന്നാമത്തെ പുസ്തകത്തിന്നായി കാത്തിരിക്കാൻ അതൊരു കാരണമാകുന്നു.

4) പൊറ്റാൾ വായിക്കേണ്ടതെങ്ങനെ?

രൂപപരമായി വേറിട്ടു നിൽക്കുന്ന നോവലായതുകൊണ്ടുതന്നെ പൊറ്റാളിന്റെ വായനയിൽ നേരിട്ട പ്രശ്നങ്ങളുണ്ട്. പുസ്തങ്ങൾ ഇറങ്ങുന്നതിനിടയിലെ വിടവിൽ ചില കഥാപാത്രങ്ങളെ മറന്നു പോകുകയും ചിലരുടെ  പേരുകൾ തമ്മിൽ മാറിപ്പോവുകയും ചെയ്തതാണ് ആദ്യത്തെ തടസം. അതിനാൽ രണ്ടാമത്തെ പുസ്‌തകം വായിക്കുന്നതിന്നിടയിൽ ഒന്നാമത്തെ പുസ്തകംകൂടി നോക്കേണ്ടി വന്നു. രണ്ടാമത്തെ പ്രശ്നം കഥാപാത്രങ്ങൾ ഏതു കാലത്തിരുന്നാണ് വായനക്കാരനോട് സംസാരിക്കുന്നതു എന്ന സംശയമായിരുന്നു. ഷിഹാബിന്റെ ഓർമ്മ മരണത്തോടെ നിലച്ചു പോയെങ്കിലും നയന കണ്ടെടുത്ത കുറിപ്പുകളിലൂടെ അവൻ നമ്മോട് സംസാരിക്കുന്നുണ്ട്. ഷിഹാബ്‌ സംസാരിക്കുന്ന കാലത്തിൽ നിന്നല്ല മറ്റുകഥാപാത്രങ്ങൾ സംസാരിക്കുന്നതു. അത്തരത്തിൽ കഥാപാത്രങ്ങൾ ഏത് കാലത്തിരുന്നാണ് സംസാരിക്കുന്നതു എന്ന സംശയം പൊറ്റാളിന്റെ വായനക്കിടയിൽ വന്നുചേരാം. ആളുകളേയും സംഭവങ്ങളെയും കുറിച്ച് രൂപീകരിക്കുന്ന കാഴ്ചപ്പാടുകൽ നോവൽ മുന്നോട്ടുപോകുന്തോറും മാറുന്നു. ഓരോ കഥാപാത്രവും അവരുടെ കാഴ്ച്ചപ്പാടിലൂടെ കാര്യങ്ങളെ വിശദീകരിക്കുന്നതുകൊണ്ട്, തൊട്ടുമുന്നേ പരിചയപ്പെട്ട സംഭവത്തിന്റെ വേറൊരു വശമാകും പിന്നാലെ വരുന്നത്. ഇത് വായനയെ രസകരമാക്കുന്നതുപോലെ വെല്ലുവിളിയുമാകാനിടയുണ്ട്.

മേൽപ്പറഞ്ഞ വിഷമങ്ങളിൽ എഴുത്തുകാരന് എന്തെങ്കിലും ചെയ്യാൻ കഴിയും എന്നു തോന്നുന്നില്ല. വായനക്കാരുടെ ഇന്റലിജൻസ് തന്നെയാണ് ഇവിടെ ഉത്തരം കണ്ടെത്തേണ്ടത്. കാരണം കോംപ്ലക്സ് ആയ (അല്ലെങ്കിൽ കോംപ്ലക്സ് എന്ന് പുകഴ്തപ്പെടുന്ന) സിനിമകൾക്കും സീരീസുകൾക്കും ആരാധകർ ഉള്ള ഒരിടത്തു അത് നോവൽ വായനയിലേക്ക് വരുമ്പോൾ അംഗീകരിക്കാൻ പറ്റാത്തത് കൗതുകകരമാണ്. ഇതിൽ ശീലങ്ങൾക്ക് വലിയ പങ്കുണ്ട്. വായനക്കാരിയുടെ ഇന്റലിജൻസ് തന്നെയാണ് ഇവിടെ ഒരുത്തരം കണ്ടെത്തേണ്ടത്. കയറിലോ ഒരു ദേശത്തിന്റെ കഥയിലോ ഉള്ളപോലെ പൊറ്റാളിൽ കാലം ക്രമാനുഗതമായി വികസിക്കുകയോ ദേശാതിർത്തികളെ എഴുത്തുകാരൻ തന്നെ വ്യക്തമാക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ, ഇതിലെ മഴവെള്ളച്ചാലിന്റെ വിവരണം വെറുമൊരു കാല്പനിക വർണ്ണനയല്ല എന്നു മനസ്സിലാക്കാൻ പറ്റാത്തവർക്ക് പൊറ്റാൾ വിരസമായ പുസ്തകമായിത്തന്നെ തുടരും.

ബാബറി മസ്ജിദ് പൊളിച്ചത് ഒരു ദിവസം കൊണ്ടല്ല. ഒരുപാട് കാലമെടുത്താണ് പള്ളിയെ തർക്കമന്ദിരമാക്കിയത്. ശ്രദ്ധിച്ചില്ലെങ്കിൽ കണ്ണിൽപ്പെടാത്ത, ദൈനംദിനത്തിലേക്ക് സ്വാഭാവികമെന്നോണം  കടന്നുവരുന്ന, മാറ്റങ്ങളിലൂടെയാണ് ഒരു നാടിന്റെ വൈകാരികസ്വാസ്ഥ്യത്തിൽ പോറലുകൾ വീഴുന്നത്. ഇത്തരത്തിൽ, അലർച്ചയിലേക്കെത്തുംവരെ കേൾക്കാതെപോകുന്ന ചെറിയ ഞരക്കങ്ങളുടെ പരിണാമരേഖയാണ് പൊറ്റാൾ. ജാഗ്രത്തായ വായനയിൽ മാത്രം പൊറ്റാളിലെ ഇടവഴികൾ തെളിയുന്നു. അസ്വാസ്ഥ്യകരമായ ഈ തെളിച്ചത്തിൽ നാം നമ്മുടെ ജീവിതകാലത്തെ തിരിച്ചറിയുന്നു എന്നിടത്താണ് പൊറ്റാളിലെ ഇടവഴികളുടെ വായന തുടങ്ങുന്നതും ഒടുങ്ങന്നതും എന്നു പറയാം. അതിനെപ്പറ്റി അടുത്ത കുറിപ്പിൽ.

(തുടരും)


[1]പൊറ്റാൾ എന്നതുകൊണ്ട്, മറിച്ചൊരു വിശദീകരണം ഇല്ലെങ്കിൽ, നോവലിനെയാണ് സൂചിപ്പിക്കുന്നത്. പൊറ്റാൾ എന്ന കഥയിലെ ഗ്രാമത്തെ പരാമർശിക്കുമ്പോൾ അത് പ്രത്യേകം പറയുന്നതായിരിക്കും.

[2]പൊറ്റാൾ തികഞ്ഞ ജാഗ്രതയോടെ അവതരിപ്പിക്കുന്ന രാഷ്ട്രീയം രണ്ടാമത്തെ കുറിപ്പിൽ വിഷയമാക്കുന്നതാണ്.

[3] അവനവനോട് നടത്തുന്ന സംഭാഷണമല്ല നോവലിലേത്. നിശ്ശബ്ദയായ കേൾവിക്കാരിയോട് പങ്കുവയ്ക്കുന്നവർത്തമാനമാണ്.അതുകൊണ്ട്, സ്വാഗതാഖ്യാനം എന്ന് പൊറ്റാളിലെ ഭാഷണങ്ങളെ വിളിക്കുന്നതിൽ അഭംഗിയുണ്ട്.

[4] അഭിലാഷ് മേലേതിൽ, എന്റെ നൊവലിനെക്കുറിച്ച് https://melethilwrites.wordpress.com/2020/09/24/എന്റെ–നോവലിനെക്കുറിച്ച്/

[5] ഹരികൃഷ്ണൻ തച്ചാടൻ  https://m.facebook.com/story.php?story_fbid=2355073387939139&id=100003095013778

Comments

comments