നുഷ്യരുടെ വൈയക്തിക ആവിഷ്കാരങ്ങളുടേയും പരസ്പര വിനിമയങ്ങളുടേയും അടിസ്ഥാന രൂപരേഖ കഥയാണ്. ജീവിതസന്ധാരണവുമായി ബന്ധപ്പെട്ട് ചിന്താപരമായി നെയ്തെടുക്കപ്പെടുന്ന എല്ലാ പാറ്റേണുകള്‍ക്കുമുള്ളില്‍ കഥയുടെ ഒരു നൂലോട്ടമുണ്ട്. സാഹിത്യത്തിലൂടെയും കലയിലൂടെയും നിറവേറ്റപ്പെടുന്ന എല്ലാവിധ ആവിഷ്കാരങ്ങളിലും കഥയുടെ നേരിയതെങ്കിലും ഒരു പാറ്റേണ്‍ അന്തര്‍ലീനമാണ്. സംഭവിച്ചതോ ഭാവനയില്‍ മെനെഞ്ഞെടുത്തതോ ആയ നാടകീയ സ്വഭാവമുള്ള ഒരു ആശയരൂപത്തെ രസനീയമായ ഭാഷാഘടനയില്‍ അവതരിപ്പിക്കുന്ന ഒന്ന് എന്ന കഥയുടെ പരമ്പരാഗത സങ്കല്‍പ്പത്തിനപ്പുറം കഥ എന്നതിന് മറ്റൊരു വിപുലമായ മാനം കൂടിയുണ്ട്. മനുഷ്യര്‍ സങ്കല്‍പ്പിച്ചുണ്ടാക്കുകയും, പൊതുവായ സാമൂഹിക സമ്മതി നേടിയെടുക്കുകയും ചെയ്യപ്പെട്ടിട്ടുള്ള സാമൂഹിക വ്യവഹാരങ്ങളെ ഒന്നാകെ, കഥ എന്ന അതിബൃഹത്തായൊരു സങ്കല്‍പ്പനത്തിനുള്ളിലായി പരിഗണിക്കുന്ന ആധുനിക വീക്ഷണമാണത്. അതില്‍ മൂര്‍ത്തവും അമൂര്‍ത്തവുമായ നിരവധി ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. എഴുതി ഉണ്ടാക്കപ്പെട്ട, ഭരണഘടനകള്‍, ചട്ടങ്ങള്‍, നിയമ വ്യവസ്ഥകള്‍, പരസ്പരധാരണയില്‍ തയ്യാറക്കപ്പെട്ടിട്ടുള്ള ഉടമ്പടികള്‍, ധാരണാപത്രങ്ങള്‍ എന്നിങ്ങനെ നിരവധി മൂര്‍ത്തരൂപങ്ങളും, അതാത് കാലങ്ങളില്‍ നിലവിലിരിക്കുന്ന മൂല്യവ്യവസ്ഥകള്‍, ധാര്‍മ്മികത, നൈതികത തുടങ്ങിയ സാമൂഹിക ജീവിതത്തിന്‍റെ പരസ്പര സഹകരണത്തിനും കൂട്ടായ മുന്നേറ്റത്തിനും ചാലകങ്ങളായി പ്രവര്‍ത്തിക്കുന്ന അമൂര്‍ത്ത ആശയരൂപങ്ങളും ഉള്‍പ്പെടുന്ന ഒരു ശൃംഘലയായി കഥ അഥവാ കെട്ടുകഥ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നു. ഈയൊരു തിരിച്ചറിവില്‍ നിന്ന് നോക്കുമ്പോള്‍ ആസ്വാദകരുടെ രസനീയതയ്ക്ക് മാത്രമായി മെനഞ്ഞുണ്ടാക്കിയ കഥ എന്ന പരമ്പരാഗത സങ്കല്‍പ്പത്തിന് ഒറ്റയ്ക്കൊരു നിലനില്‍പ്പില്ല എന്നും, യാഥാര്‍ത്ഥ്യം എന്ന നിലയില്‍ പരിഗണിക്കുന്ന, ചരിത്രത്തിന്റെയും ജീവിതത്തിന്റെയും വസ്തുതാപരമായ ഘടകങ്ങളുമായി അത് കൂടിക്കലര്‍ന്നു കിടക്കുന്നു എന്നും ബോധ്യപ്പെടുന്നു. സമൂഹത്തിന്‍റെ സഞ്ചിത നിധിയിലേക്ക് നിക്ഷേപിക്കപ്പെടുന്ന ഏതൊരു കഥയ്ക്കും അതിന്‍റെ കേവലമായ രൂപത്തില്‍ നിലനില്‍പ്പില്ല എന്നും സമൂഹത്തില്‍ പ്രവര്‍ത്തന ശേഷിയുള്ള ഒരു ക്രിയാരൂപമായി അത് മാറുന്നു എന്നും നാം മനസ്സിലാക്കുന്നു. ഒരാശയം ജനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ അത് ഭൌതികശക്തിയായിത്തീരുന്നു എന്ന കാൾ മാര്‍ക്സിന്‍റെ നിരീക്ഷണം പോലെ ഇവിടെ കഥ ഒരു ഭൌതിക യാഥാര്‍ത്ഥ്യമായിത്തീരുന്നു. ചരിത്രത്തില്‍ നിന്നോ മൂര്‍ത്തയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നോ സംസ്കാരത്തില്‍ നിന്നോ വേര്‍പെടുത്തി മാറ്റാനാവാത്ത വിധം അവയില്‍ കൂടിക്കലര്‍ന്നു കൊണ്ട് കഥയും യാഥാര്‍ത്ഥ്യവും ഒന്നായി മാറുന്നു.

കഥകള്‍ വെറും കഥകള്‍ അല്ലെന്നും അവ മനുഷ്യവംശത്തിന്‍റെ പരിണാമ ചരിത്രത്തിലെ സുപ്രധാന ചാലകശക്തി ആയിരുന്നുവെന്നും വ്യക്തമാക്കിയത് ഇസ്രായേലി നരവംശ ചിന്തകനും ചരിത്രകാരനുമായ യുവാല്‍ നോവ ഹരാരി ആയിരുന്നു. മനുഷ്യന്‍റെ കൂട്ടമായുള്ള നിലനില്‍പ്പിനും അതിജീവനത്തിനും അവനെ സഹായിച്ച പ്രധാന അനുകൂലനങ്ങളില്‍ ഒന്ന് കഥകള്‍ മെനയാനും അതില്‍ വിശ്വസിക്കാനുമുള്ള അവന്‍റെ കഴിവായിരുന്നു എന്ന് ഹരാരി നിരീക്ഷിക്കുന്നു. എഴുപതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച കോഗ്നിറ്റീവ് റെവലൂഷന് ശേഷം ഉണ്ടായ മനുഷ്യൻ ഒരേ സമയം രണ്ടു തരം ലോകങ്ങളിലാണ് ജീവിക്കുന്നത്. ഒന്ന് അവന്‍റെ ജൈവിക ശരീരവും ചുറ്റുപാടുകളിലെ ഭൗതികയാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള വിനിമയത്തിൽ. മറ്റൊന്ന് അവൻ ചിന്താപരമായും സംഘടിതമായും വികസിപ്പിച്ചെടുത്ത ഒരു സങ്കല്‍പ്പിതക്രമ ലോകത്തിൽ. കഥയുടെ വിവിധ രൂപങ്ങളായ മിത്തുകള്‍, നിയമങ്ങള്‍, മതസംഹിതകള്‍, വിശ്വാസങ്ങള്‍ ഒക്കെ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിച്ചെടുത്ത ആ സങ്കല്‍പ്പിത ലോകക്രമമായിരുന്നു മനുഷ്യസംസ്കാരത്തിന്‍റെ പുരോഗതിയിലേക്കും തുടര്‍ന്നുള്ള നാഗരികവല്‍ക്കരണത്തിലേക്കുമുള്ള അടിത്തറ പാകിയത്. കാലാകാലങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്ന കഥകള്‍ക്ക് മനുഷ്യജീവിതവുമായി എത്രത്തോളം പ്രബലമായ വിനിമയശേഷി ഉണ്ടെന്നും എത്രത്തോളം കാലാതിവർത്തിത്വം ഉണ്ടെന്നതും സവിശേഷമായ ഒരു ആലോചനാവിഷയമാണ്. ഒരു വ്യക്തിയുടെ ഗൃഹാതുരത്വം എന്നതിനെ വിശകലനം ചെയ്യുമ്പോള്‍ നിരീക്ഷിക്കാവുന്ന ഒരു കാര്യം, ജനനം മുതലുള്ള അവന്‍റെ അതിജീവന പടവുകളില്‍ അവനോടൊപ്പം ചേരുകയും അവന്‍റെ ഓര്‍മ്മകളില്‍ മുദ്രകള്‍ വീഴ്ത്തുകയും ചെയ്ത കാര്യങ്ങളോട് അവന്‍റെ മനസ്സിന് കാല്‍പ്പനികമായ ഒരു ചായ്‌വ് ഉണ്ട് എന്നതാണ്. ഇപ്രകാരം ഒരു സമൂഹത്തിന്‍റെ അതിജീവന പടവുകളില്‍ മുദ്രിതമാക്കപ്പെട്ട സാംസ്കാരിക ചിഹ്നങ്ങളോട് ആ സമൂഹത്തിന് അപ്പാടെ ഒരു ഗൃഹാതുര ചായ്‌വ് ഉണ്ടാകും എന്ന് മാത്രമല്ല വര്‍ത്തമാനകാല ജീവിതത്തിലും അവയ്ക്ക് പ്രവര്‍ത്തനശേഷി ഉണ്ടായിരിക്കുകയും ചെയ്യും. ജൈവപരിണാമത്തില്‍ അതിജീവനത്തിന് സഹായിച്ച അനുകൂലനങ്ങളോടുള്ള സ്വാഭാവിക താദാത്മ്യത്തിന്‍റെ ട്രെയ്റ്റുകള്‍ മസ്തിഷ്കത്തില്‍ അവശേഷിക്കുന്നത് പോലെ സാംസ്കാരിക പരിണാമത്തിലെ വിവിധ ട്രെയ്റ്റുകള്‍ സാമൂഹിക അവബോധങ്ങളില്‍ പല രൂപങ്ങളില്‍ ഇന്നും അവശേഷിക്കുന്നു. മനുഷ്യന്‍റെ വംശചരിത്രത്തില്‍ നിന്ന് അതിലേക്ക് വെളിച്ചം വീശുന്ന പല ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്.

Yuval Harari

കണ്ടെടുക്കപ്പെട്ടിട്ടുള്ള ആദ്യകാല നാഗരികതകളിലെ വിശ്വാസങ്ങളുടേയും ജീവിതവൃത്തികളുടേയും പലതരം അനുരണനങ്ങള്‍ സഹസ്രാബ്ദങ്ങള്‍ താണ്ടി വര്‍ത്തമാന കാലത്തിലേക്ക് പ്രതിധ്വനിച്ച് എത്തുന്നുണ്ട്. ആദ്യകാല നാഗരികതകളെല്ലാം തന്നെ നദീതീരങ്ങളില്‍ കെട്ടിയുയര്‍ത്തപ്പെട്ടതായിരുന്നു. നദിയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വെള്ളപ്പൊക്കം സമീപപ്രദേശങ്ങളെയാകെ വെള്ളത്തിലാഴ്ത്തിയിരുന്നു. പ്രാചീന നാഗരികതകളുമായി ബന്ധപ്പെട്ട മിത്തുകളിലെല്ലാം വെള്ളപ്പൊക്കത്തില്‍ ആണ്ട് പോകുന്ന ഭൂമിയുമായി ബന്ധപ്പെട്ട, ലോകാവസാനത്തിന്റെയും പുനസൃഷ്ടിയുടേയും കഥകളുണ്ട്. കണ്ടെടുക്കപ്പെട്ടതില്‍ മനുഷ്യകുലത്തിന്‍റെ ആദ്യ ഇതിഹാസമായ ഗില്‍ഗാമേഷിന്‍റെ ഇതാഹാസത്തിലെ പന്ത്രണ്ട് ഫലകങ്ങളില്‍ പതിനൊന്നാം ഫലകത്തിന്‍റെ പേര് തന്നെ പ്രളയത്തിന്‍റെ കഥ എന്നാണ്. ഗില്‍ഗാമേഷിന്‍റെ ഇതിഹാസ കഥയില്‍ പ്രളയത്താല്‍ മനുഷ്യവംശം മുഴുവന്‍ തുടച്ചുനീക്കപ്പെടുമ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു കുടുംബം മാത്രം പെട്ടകത്തില്‍ രക്ഷപ്പെടുകയും, അവരില്‍ നിന്നും ഒരു പുതിയ തലമുറ ഭൂമിയില്‍ വ്യാപിക്കുകയും ചെയ്യുന്നു. ഇതേ കഥ നോഹയുടെ രൂപത്തില്‍ ബൈബിളില്‍ വരുന്നു. ഇന്ത്യന്‍ പുരാണത്തില്‍ മനു വരുന്നു. യഹോവയും അള്ളാഹുവും ജലത്തില്‍ നിന്ന് ഭൂമിയെ സൃഷ്ടിക്കുന്നു. വരാഹം കടലില്‍ നിന്ന് ഭൂമിയെ ഉയര്‍ത്തിക്കൊണ്ട് വരുന്നു. പരസ്പരം കൈമാറിയും പ്രാദേശിക വ്യതിയാനങ്ങളോടെ ഇടകലര്‍ന്നും കൂട്ടിച്ചേര്‍ത്തും മനുഷ്യകുലത്തിന്‍റെ സൃഷ്ടിയുടേയും അതിജീവനത്തിന്റെയും ഈ മിത്തുകള്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും പല ജനവിഭാഗങ്ങളുടെയും വിശ്വാസത്തിന്‍റെ ഭാഗമായി വര്‍ത്തിക്കുന്നു. ആധുനിക മനുഷ്യന്‍റെ ഭാവനാത്മക ആവിഷ്കാരങ്ങളില്‍ ഇതേ മിത്തുകള്‍ പലതരത്തില്‍ വിടര്‍ന്നും പടര്‍ന്നും കൊണ്ടിരിക്കുന്നു.

പ്രാചീന ഈജിപ്ഷ്യന്‍ നാഗരികതയില്‍ കാര്‍ഷികവൃത്തിയുടേയും ഉര്‍വ്വരതയുടേയും മരണാനന്തര ജീവിതത്തിന്‍റെയും ദേവനാണ് ഒസിരിസ്. മനുഷ്യര്‍ മരിച്ച് ഒസിരിസിന് മുന്‍പില്‍ ന്യായവിധിക്കായി എത്തുമ്പോള്‍ അനുകൂലവിധിയില്‍ ദേവനൊപ്പം ആ സാമ്രാജ്യത്തിലേക്ക് പ്രവേശിക്കപ്പെടുകയും മറിച്ചാണെങ്കില്‍ നരകത്തിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. ലോകത്തിലെ വിവിധ പ്രബല മതങ്ങളിലേക്ക് പല വ്യതിയാനങ്ങളോടെ പ്രചരിച്ച ഈ മിത്ത് ചരിത്രാതീത കാലം മുതല്‍ തന്നെ പലതരം ആചാര വിശ്വാസങ്ങളുടെ ഭാഗമായി പരിണമിച്ച് എത്തിയതാകണം. കുഞ്ഞായ ഹോറസിനേയും ഏന്തി നില്ക്കുന്ന ഇസിസ് എന്ന പ്രണയത്തിന്‍റെയും സൃഷ്ടിയുടേയും ദേവത, ഈ നൂറ്റാണ്ടിലും പ്രബലമായി ആരാധിക്കപ്പെടുകയും കലയിലും സാഹിത്യത്തിലും സവിശേഷ സാന്നിധ്യമായി മാറുകയും ചെയ്ത പരിശുദ്ധ മറിയത്തിലേക്ക് പരിവര്‍ത്തനപ്പെടുന്നു. ഈജിപ്ഷ്യന്‍ ശവകുടീരങ്ങളിലും കൊട്ടാരങ്ങളിലും ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള മനുഷ്യ ശരീരത്തിന്‍റെ അനുപാത കൃത്യതയിലൂന്നിയ ചിത്രീകരണങ്ങള്‍ ഗ്രീക്ക് സംസ്കാരം വഴി യൂറോപ്പിലേക്ക് വരെ എത്തിച്ചേര്‍ന്നു. പ്രാചീന സുമേറിയന്‍ നിയമത്തില്‍ സ്ത്രീ നടത്തുന്ന ജാരവൃത്തിക്ക് മരണശിക്ഷയും പുരുഷന്‍റെതിന് ശിക്ഷാരഹിതവുമായിരുന്നു വ്യവസ്ഥ. പുരുഷാധിപത്യപരമായിരുന്ന ഒരു സമൂഹത്തിലെ സ്വത്തവകാശവും പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട് ഉണ്ടായി വന്ന പാതിവ്രത്യം എന്ന സങ്കല്‍പ്പം പല കാലങ്ങളില്‍ പലതായി രൂപാന്തരപ്പെട്ട് ഇന്നും നിലനില്ക്കുന്നു. ഹണ്ടര്‍-ഗാദറര്‍ ആയിരുന്ന കാലം മുതല്‍ മനുഷ്യന്‍ നിര്‍മ്മിച്ച് തുടങ്ങിയ കഥകള്‍ കാര്‍ഷിക കാലഘട്ടത്തിലൂടേയും ആദ്യകാല നാഗരികതകളിലൂടേയും ചരിത്രത്തിന്‍റെ പലവിധ സന്ധികകളിലൂടേയും കലര്‍ന്നും മാഞ്ഞും മറഞ്ഞും കൂട്ടിച്ചേര്‍ത്തും മറ്റൊന്നായി പരിണമിച്ചും പല ദേശങ്ങളില്‍ പലതായി ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

Osiris

ആരാധനകളും വിശ്വാസവുമായി ബന്ധപ്പെട്ട് മനുഷ്യര്‍ നാഗരികതകള്‍ക്കും മുന്‍പേ മെനെഞ്ഞെടുത്ത കഥകള്‍ വിധേയത്വവും ഭക്തിയും എന്ന അടിസ്ഥാന സ്വഭാവം കൈവിടാതെ പല രൂപഭാവങ്ങളില്‍ പരിണമിച്ച് കാലങ്ങളോളം തുടരുന്നു. ചരിത്രത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ രൂപം കൊള്ളുന്ന, സംഭവിച്ചതും ഭാവനയില്‍ ചമച്ചതുമായ കഥകളില്‍ ചിലത് മിത്തിന്‍റെ സ്വഭാവം കൈക്കൊള്ളുന്നു. അതിലെ കഥാപാത്രങ്ങള്‍ക്ക് ദൈവിക പരിവേഷം കൈവരുന്നു. അത്തരം കഥകള്‍ പല ദേശങ്ങളില്‍ പലതായി പിരിഞ്ഞ് പടര്‍ന്ന് കാലത്തിന്‍റെ പരിണാമഘട്ടങ്ങളില്‍ പലതും സ്വാംശീകരിച്ച് കാലാതിവര്‍ത്തിയായി ഒഴുകുന്നു. അത് മനുഷ്യ ജീവിതത്തിന്‍റെ നാനാതലങ്ങളില്‍ സൂക്ഷ്മമായി പ്രവര്‍ത്തിക്കുകയും ഇടപെടുകയും ചെയ്യുന്നു. പിന്നീട് മനുഷ്യര്‍ ആ കഥകളുമായി നേരിട്ട് ഇടപെടേണ്ടി വന്നില്ലെങ്കില്‍ പോലും പരോക്ഷവും സൂക്ഷ്മവുമായി അവന്‍ ഇടപെടുന്ന ലോകത്ത് കേവലം ഭക്തിയ്ക്കും വിശ്വാസത്തിനുമപ്പുറം അവ പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. അപ്പോള്‍ കേവലമായ കഥകള്‍ എന്ന ഭാവം വിട്ട് സാമൂഹിക യാഥാര്‍ത്ഥ്യം തന്നെയായി അവ മാറുന്നു. മനുഷ്യനുള്ളില്‍ കഥയും കഥകള്‍ക്കുള്ളില്‍ മനുഷ്യനും എന്ന നിലയിലാണ് അവന്‍റെ സാമൂഹിക ജീവിതത്തിന്‍റെ ഘടന.

ഇത്തരം മിത്തുകളുടെ ഭൌതിക സ്വരൂപത്തിന്‍റെയും ഉള്ളടക്കത്തിന്‍റെയും ചരിത്രപരമായ അന്വേഷണം മറ്റൊരു തരത്തില്‍ മനുഷ്യന്‍റെ വംശചരിത്രത്തെയും സാംസ്കാരിക പരിണാമത്തേയും കുറിച്ചുള്ള ആലോചന കൂടിയാണ്. മതവിശ്വാസത്തിന്‍റെ ഭാഗമായി മാറിയ കഥകള്‍ക്കാണ് പൊതുവേ മനുഷ്യന്‍റെ സാംസ്കാരിക ജീവിതവുമായി ഇടകലരുന്ന, വിപുലവും പ്രബലവുമായ ഒരു ചരിത്രജീവിതം സാധ്യമാവുക. ഇത്തരം മിത്തുകള്‍ കേവലം മതസംഹിതകളെ അടിസ്ഥാനപ്പെടുത്തിയുള്ള ആചാരങ്ങളും വിശ്വാസങ്ങളും മാത്രമായല്ല വളരുക, മറിച്ച് കാല-ദേശഭേദങ്ങള്‍ക്കനുസരിച്ച് അവയുടെ സഞ്ചാരപാതയില്‍ ലഭ്യമാകുന്ന പലതരം ജ്ഞാനരൂപങ്ങളേയും ജീവിത മൂല്യങ്ങളേയും സ്വാംശീകരിച്ച് വളരുകയാണ് ചെയ്യുക. എന്നാല്‍ നമ്മുടെ പരിഗണനകളില്‍ ഇത്തരം മിത്തുകളെ വിശ്വാസപരമായ ഒരു ആലോചനയില്‍ ഒതുക്കി നിര്‍ത്താറാണ് പതിവ്. അവയ്ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഇതര ജ്ഞാനരൂപങ്ങളെ ചരിത്രപരമായ അപഗ്രഥനത്തില്‍ മനസ്സിലാക്കാനുള്ള പ്രവണതകള്‍ പലപ്പോഴും ചരിത്രവിജ്ഞാനത്തിന്‍റെ ഭാഗമായുള്ള പഠനങ്ങളിലോ അക്കാദമികമായ ആലോചനകളിലോ ആയി ഒതുങ്ങുന്നു. കേരളീയ പൊതുമണ്ഡലത്തില്‍ മിത്തുകളുടെ സാംസ്കാരിക ചരിത്രം എന്ന നിലയിലുള്ള കാര്യമായ ആലോചനകളും വായനകളും നടന്നിട്ടില്ല. കേരളത്തില്‍ പലപ്പോഴും മിത്തുകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം എന്ന നിലയില്‍ കുറച്ച് ആലോചനകള്‍ നടന്നിട്ടുള്ളത് യുക്തിവാദപ്രസ്ഥാനങ്ങളുടെ ഭാഗമായുണ്ടായ എഴുത്തുകളിലും ചര്‍ച്ചകളിലുമാണ്. അത് പലപ്പോഴും താര്‍ക്കികവും ഏകദിശാത്മകവുമായ ഒന്നായിരുന്നു. ഇത്തരത്തില്‍ മിത്തുകളും കഥകളും വളരെ പ്രബലമായ വിധത്തില്‍ വിശ്വാസാധിഷ്ഠിതവും മതപരവുമായ പലതരം വ്യവഹാരങ്ങള്‍ക്കുള്ളിലും, അത്ര പ്രബലമായല്ലെങ്കിലും യുക്തിവിചാരങ്ങളുടെ ഭാഗമായ പലതരം ഇടപെടലുകളിലുമായി, രണ്ട് എതിര്‍ ധ്രുവങ്ങളിലായാണ് പൊതുമണ്ഡലത്തില്‍ വിനിമയം നടത്തി വന്നത്.

ഇന്ത്യയില്‍ ഭക്തിയും ആരാധനയും വിശ്വാസവും ആയി ബന്ധപ്പെട്ട മിത്തുകളെ അതായി തന്നെ പരിഗണിച്ച് രചിക്കപ്പെട്ട എണ്ണമറ്റ ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. പല തരത്തില്‍ അത് ഇന്നും നിര്‍ബാധം തുടര്‍ന്ന് പോകുന്നു. എന്നാല്‍ ഇത്തരം ക്ലാസ്സിക്കല്‍ പാരമ്പര്യത്തില്‍ പെട്ട ഗ്രന്ഥങ്ങളെ അതിന്‍റെ ഭൌതിക സ്വരൂപത്തില്‍ വിലയിരുത്തുക എന്ന ലക്ഷ്യം ആദ്യത്തേതിനെ അപേക്ഷിച്ച് കുറവാണെങ്കിലും ഗണനീയമായ തരത്തില്‍ ഇന്ത്യന്‍ വിചാരമണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ട്. പ്രധാനമായും ചരിത്രപഠന മേഖലയില്‍. ചരിത്രത്തെ യുക്ത്യധിഷ്ഠിവും ശാസ്ത്രീയവുമായി സമീപിക്കുന്ന വേളകളില്‍, പരോക്ഷമായി എഴുതപ്പെട്ട ചരിത്രം എന്ന നിലയില്‍ ഇത്തരം ഗ്രന്ഥങ്ങളിലെ നിലീനമായ ചരിത്ര സൂചനകളെ പരിഗണിച്ച് പോന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു പുസ്തകം നിശ്ചയമായും മഹാഭാരതം തന്നെയാണ്. ഒരു പ്രത്യേക കാലഘട്ടത്തില്‍ എഴുതി ഉറച്ചുപോയ പുസ്തകം എന്നതിലപ്പുറം സഹസ്രാബ്ദങ്ങള്‍ സഞ്ചരിച്ചുവന്ന വഴികളിലെ ചരിത്രജീവിതങ്ങളെക്കൂടി സ്വാംശീകരിച്ച് കടന്ന് വന്ന ഇതിഹാസം എന്ന നിലയില്‍ ഈ മേഖലയില്‍ മഹാഭാരതത്തിന് ഒരു സവിശേഷ സ്ഥാനമാണുള്ളത്.

പടിഞ്ഞാറന്‍ അക്കാദമികമണ്ഡലങ്ങളില്‍ മതപുസ്തകങ്ങളുടെ ഭൌതികസ്വരൂപത്തെ അടിസ്ഥാനപ്പെടുത്തി നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രാചീന ചരിത്രം, പുരാവസ്തു ശാസ്ത്രം, ചരിത്രപശ്ചാത്തലം, മിത്തോളജി, സാംസ്കാരിക നരവംശവിജ്ഞാനം, പാഠവിമര്‍ശനം, സാഹിത്യ വിമര്‍ശനം, മതതാരതമ്യം തുടങ്ങി ജ്ഞാനരൂപങ്ങളുടെ വിവിധ മണ്ഡലങ്ങളില്‍ ഊന്നി ബൈബിളിന്‍റെയും ഖുറാന്‍റെയും തോറയുടെയുമൊക്കെ സാംസ്കാരിക പഠനങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ സ്ഥിതി എടുത്താല്‍ സെമിറ്റിക് മതസങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു സാംസ്കാരിക സ്ഥിതിവിശേഷമാണുള്ളത്. ദൈവം അരുളപ്പാടായി നല്‍കിയ ഒരൊറ്റ പുസ്തകത്തില്‍ കേന്ദ്രീകരിച്ച രാഷ്ടീയവും ജീവിതസങ്കല്‍പ്പവും ദൈവവിശ്വാസവുമല്ല ഇവിടെ ഉണ്ടായത്. നിരവധി സമൂഹങ്ങളുമായി ബന്ധപ്പെട്ട് നിരവധി മിത്തുകളും അതിന്‍റെ വരമൊഴികളായി നിരവധി ഗ്രന്ഥങ്ങളും ഉണ്ടായി. പടിഞ്ഞാറ് പുസ്തകത്തില്‍ നിന്ന് സംസ്കാരം ഉണ്ടായപ്പോള്‍ ഇന്ത്യയില്‍ സംസ്കാരങ്ങളില്‍ നിന്ന് നിരവധി പുസ്തകങ്ങള്‍ പിറന്നു. ചരിത്രപഠനത്തില്‍ അവയെല്ലാം റഫറന്‍സ് പുസ്തകങ്ങള്‍ ആയി. അതില്‍ പ്രധാനം സഹസ്രാബ്ദങ്ങളുടെ ജീവിതമുദ്രകള്‍ പേറിയ മഹാഭാരതം തന്നെയായിരുന്നു. ഇന്ത്യന്‍ ചരിത്രത്തേയും പ്രാചീന സംസ്കാരത്തേയും കുറിച്ചുള്ള പഠനങ്ങളില്‍ ഇന്ത്യന്‍ വേദപുരാണങ്ങള്‍ പലതും പലവിധത്തില്‍ ഒരു സാമഗ്രി ആയി മാറിയിട്ടുണ്ട്. ഡി. ഡി കൊസാമ്പി, റോമില ഥാപ്പര്‍, ആര്‍. എസ് ശര്‍മ്മ, ഡി. എന്‍ ഝാ, ഉമാ ചക്രവര്‍ത്തി, കുങ്കുംറോയ്, ബി. ആര്‍ അംബേദ്കര്‍, വെന്‍ഡി ഡോണിഗര്‍ തുടങ്ങിയ പല തലമുറകളില്‍ പെട്ട പണ്ഡിതര്‍ ഇന്ത്യന്‍ ചരിത്രത്തേയും സംസ്കാരത്തേയും ക്ലാസ്സിക്കല്‍ പാഠങ്ങളേയും മിത്തുകളേയും ആകമാനം പലവിധത്തില്‍ പഠനവിധേയം ആക്കിയിട്ടുണ്ട്.

ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ പോലെ കേരളത്തിലും സാഹിതീയമായ പുനരാഖ്യാനങ്ങള്‍ക്കാണ് മഹാഭാരത സംബന്ധമായ പുനരാലോചനകളില്‍ പ്രാമുഖ്യം. ഭക്തി പാരമ്പര്യത്തെ മാറ്റിനിര്‍ത്തി മഹാഭാരതത്തെ മറ്റൊരു വഴിക്ക് നോക്കിക്കാണാന്‍ ശ്രമിച്ചതില്‍ മാരാരുടെ “ഭാരതപര്യടന”മാണ് മലയാളത്തിലെ മഹാഭാരത ചിന്തയില്‍ പ്രഥമ ഗണനീയമായി കണക്കാക്കാവുന്നത്. മഹാഭാരതത്തിനുള്ളിലെ കഥാജീവിതത്തെ ധാര്‍മ്മികതയുടേയും നൈതികതയുടേയും വഴിയില്‍ സാഹിതീയമായി നോക്കിക്കണ്ട ഒരു പഠനമായിരുന്നു അത്. കെ ദാമോദരന്‍റെ “ഭാരതീയ ചിന്ത” എന്ന പുസ്തകം ഇന്ത്യന്‍ വേദ-പുരാണ-ആധ്യാത്മിക പാരമ്പര്യങ്ങളെ ഭൌതികനോട്ടത്തില്‍ ചരിത്രപരമായി വിലയിരുത്താന്‍ ശ്രമിച്ച ഒന്നായിരുന്നു. ഇത്തരം ചില വേറിട്ട വഴികളും സാഹിതീയമായ പുനരാഖ്യാനങ്ങളും മാറ്റി നിര്‍ത്തിയാല്‍ സഹസ്രാബ്ദങ്ങള്‍ ചരിത്രവുമായി നിരന്തരം ഇടപെട്ട് സഞ്ചരിച്ച ഒരു പാഠം എന്ന നിലയില്‍ മഹാഭാരതത്തെ മുന്‍നിര്‍ത്തിയുള്ള വസ്തുനിഷ്ഠമായ ഒരു ചരിത്രാന്വേഷണം അതിന്‍റെ ഗൌരവതലത്തില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. കേരളീയ ബൌദ്ധിക മണ്ഡലത്തിലെ അത്തരമൊരു വിടവിലേക്കാണ് സുനില്‍ പി ഇളയിടത്തിന്‍റെ “മഹാഭാരതം സാംസ്കാരിക ചരിത്രം” കടന്ന് വരുന്നത്.

മഹാഭാരതം  സാംസ്കാരിക ചരിത്രം

സുനില്‍ പി ഇളയിടത്തിന്‍റെ “മഹാഭാരതം സാംസ്കാരിക ചരിത്രം” എന്ന ബൃഹദ് പുസ്തകത്തിന്‍റെ ആദ്യ രൂപം പ്രഭാഷണത്തിന്‍റെതായിരുന്നു. അഞ്ചു ഭാഗങ്ങളായി പതിനഞ്ചു മണിക്കൂറോളം നീണ്ട പ്രഭാഷണ പരമ്പര ഏഴിടത്ത് നടത്തുകയുണ്ടായി. യൂടൂബില്‍ അപ്ലോഡ് ചെയ്ത പ്രഭാഷണ പരമ്പരയുടെ ഡിജിറ്റല്‍ രൂപം നിരവധി ആള്‍ക്കാര്‍ ഇതിനോടകം തന്നെ കണ്ട് കഴിഞ്ഞു. മഹാഭാരതത്തിന്‍റെ സാംസ്കാരിക ചരിത്രം എന്നത് കേരളത്തിന്‍റെ ചിന്താമണ്ഡലത്തെ സംബന്ധിച്ച് പുതുമയുള്ള ഒരു വിഷയമായിരുന്നിട്ടും ആദ്യമുണ്ടായ പ്രതികരണങ്ങള്‍ കൂടുതലും രാഷ്ട്രീയപരമായിരുന്നു. ആ സമയം ഇന്ത്യ എന്ന മതേതര രാജ്യത്ത് മുന്‍പെങ്ങുമില്ലാത്ത വിധം മതം ഒരു രാഷ്ട്രീയ ആയുധമായി പ്രയോഗിക്കപ്പെട്ടുകൊണ്ടിരുന്ന സവിശേഷ സാഹചര്യമായിരുന്നു അതിന് പ്രധാന കാരണം. അത്തരം ഒരു രാഷ്ട്രീയ പരിസരത്തേക്ക് പ്രഭാഷണം കടന്ന് വന്നപ്പോള്‍, മഹാഭാരതം എന്ന ഒരു മതചിഹ്നത്തില്‍ ഊന്നിയ ആദ്യകാല രാഷ്ട്രീയ പ്രതികരണങ്ങളായിരുന്നു ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചത്.

ഇന്ത്യന്‍ ജനതയുടെ തലമുറകളായുള്ള വിവിധ സാംസ്കാരിക സംഭാവനകളില്‍ ചിലതിനെ തങ്ങളുടേത് മാത്രം എന്ന തരത്തില്‍ വകമാറ്റി മതപരമായ ധ്രുവീകരണത്തിനും അതിലൂടെ അധികാര രാഷ്ട്രീയത്തിലെ നേട്ടങ്ങള്‍ക്കായും ഉപകരണമാക്കുന്നതിനെതിരെയുള്ള പ്രതിരോധം എന്ന നിലയില്‍ കൂടിയാണ് സുനില്‍ പി ഇളയിടം തന്‍റെ പുസ്തകത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ഒരു രാഷ്ട്രീയ പക്ഷം മറ്റൊരു പക്ഷത്തോട് ഏറ്റുമുട്ടുന്നു എന്ന നിലയിലുള്ള ഒരു അധികാരരാഷ്ട്രീയ പ്രതിരോധം എന്ന സ്വഭാവമല്ല അതിനുള്ളത്. മറിച്ച്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം ദശകത്തോടെ മതം ഒരു ആയുധമാക്കി ഇന്ത്യയുടെ രാഷ്ട്രീയ ഭരണം നേടിയെടുക്കുകയും, അധികാരത്തില്‍ തുടര്‍ന്ന് കൊണ്ട് തന്നെ ഭൂരിപക്ഷ വര്‍ഗീയ സ്വഭാവമുള്ള പലതരം ഇടപെടലുകളിലൂടെ ഇന്ത്യയുടെ മതേതരമായ സാമൂഹിക ഘടനയില്‍ വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു അധികാര ശക്തിക്കെതിരെയുള്ള സാംസ്കാരിക പ്രതിരോധം എന്ന നിലയ്ക്കാണ്. അതിനാല്‍ പ്രഭാഷണ പരമ്പരയുടെ നാളുകളില്‍ അതിനോടുണ്ടായ ആദ്യപ്രതികരണങ്ങളും ചര്‍ച്ചകളും രാഷ്ട്രീയ സ്വഭാവമുള്ളതാകുകയും പുസ്തകത്തിന്‍റെ വൈവിധ്യപൂര്‍ണ്ണവും ആഴത്തിലുള്ളതുമായ വിവിധ വൈജ്ഞാനിക അടരുകള്‍ സംവാദതലത്തിലേക്ക് കാര്യമായി വരാതിരിക്കുകയും ചെയ്തു. തുടര്‍ന്ന്, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു വന്നപ്പോഴും ഏതാണ്ട് ഇതേ സ്ഥിതി തന്നെ തുടര്‍ന്നു. മാത്രമല്ല, വാമൊഴിയെ പകര്‍ത്തിവച്ച വരമൊഴി എന്ന നിലയിലാണ് മാതൃഭൂമിയിലെ പരമ്പരയെ വായനാസമൂഹം എതിരേറ്റതും. പ്രഭാഷകന്‍ എന്ന നിലയിലുള്ള ഇളയിടത്തിന്‍റെ നൈപുണ്യം പ്രഭാഷണ പരമ്പരയ്ക്ക് നല്‍കിയ സംവേദന പ്രഭാവത്തിന് മുകളിലേക്ക് ഉയരാന്‍ മാതൃഭൂമി ഖണ്ഡശ്ശ: പ്രസിദ്ധീകരണത്തിന് കഴിഞ്ഞില്ല എന്നൊരു പ്രതീതിയും അത് ഉളവാക്കി. തുടര്‍ന്ന് പുസ്തകത്തിലേക്ക് എത്തുമ്പോള്‍ രാഷ്ട്രീയ പ്രതികരണത്തിന്‍റെയും പ്രഭാഷണ പ്രഭാവത്തിന്‍റെയും അലയൊലികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 950 പേജുകളിലായി പരന്ന് കിടക്കുന്ന പുസ്തകത്തിന്‍റെ ചരിത്രപരവും സാംസ്കാരികവും വൈജ്ഞാനികവുമായ ഉള്ളടക്കങ്ങളോട് വായനക്കാര്‍ നേര്‍ക്കുനേര്‍ നിന്ന് തുടങ്ങുകയും ആ നിലയ്ക്കുള്ള പ്രതികരണങ്ങള്‍ കൂടുതലായി വന്ന് തുടങ്ങുകയും ചെയ്തു.

പ്രഭാഷണ പരമ്പരയുടെ സന്ദര്‍ഭത്തില്‍ നിന്ന് മാതൃഭൂമിയിലെ ലേഖന പരമ്പര വഴി പുസ്തകത്തിലേക്ക് എത്തുമ്പോഴേക്കും ഇളയിടം മുന്നോട്ട് വച്ച സാംസ്കാരിക പാഠവിശകലനത്തിനെതിരെ പല മേഖലകളില്‍ നിന്നുള്ള വിമര്‍ശനങ്ങളുടെ സംവാദ മണ്ഡലം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. മഹാഭാരത പ്രഭാഷണങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങളെ ഇളയിടം മൂന്ന് വിഭാഗങ്ങളില്‍ കാണുന്നു. ആദ്യത്തേത്, മതവര്‍ഗീയവാദികള്‍ ഉയര്‍ത്തിയതാണ്. രണ്ടാമത്തേത്, യുക്തിവാദപരമെന്നോ ശാസ്ത്രവാദപരമെന്നോ പറയാവുന്ന നിലപാടുകളില്‍ നിന്ന് വന്നതും മൂന്നാമത്തേത് ദളിത് നിലപാടുകളില്‍ നിന്ന് ഉന്നയിക്കപ്പെട്ടതും. ആദ്യത്തെ വിഭാഗത്തിന്‍റെ വിമര്‍ശനം മഹത്തായ ഭാരതീയ പാരമ്പര്യത്തെ ഇടതുപക്ഷക്കാര്‍ വളച്ചൊടിക്കുന്നു എന്നതാണ്. കഴിഞ്ഞ കാലത്തെ അന്ധവും പ്രതിലോമകരവും അയുക്തികവുമായ ആശയങ്ങള്‍ പേറുന്ന മതഗ്രന്ഥങ്ങളെ ഇപ്പോള്‍ സംവാദമണ്ഡലത്തില്‍ എത്തിക്കുന്നത് മതപരമായ അന്ധവിശ്വാസങ്ങളെ തിരികെ കൊണ്ട് വരാനും ഊട്ടിയുറപ്പിക്കാനുമേ ഉപകരിക്കൂ എന്നതാണ് രണ്ടാം വിഭാഗക്കാരുടെ വിമര്‍ശനം. ഇതിഹാസ പുരാണ പാഠങ്ങള്‍ ബ്രാഹ്മണ മൂല്യങ്ങളുടെ ആശയാവലികളും പ്രചരണോപാധികളുമാണെന്നും അവയെക്കുറിച്ചുള്ള ഏതൊരാലോചനയും ബ്രാഹ്മണ്യത്തെ മടക്കിക്കൊണ്ടുവരാനേ ഉപകരിക്കൂ എന്നുള്ളതായിരുന്നു ദളിത് നിലപാടുകാരില്‍ നിന്നുമുള്ള വിമര്‍ശനം.

ആദ്യ വിഭാഗക്കാരുടെ പ്രതികരണം കാലാകാലങ്ങളായി അവര്‍ തുടര്‍ന്നു വന്നിരുന്നതും സ്വാഭാവികവുമാണ്. ആദ്യ വിഭാഗക്കാരുടെ നിലപാടുകളെ നേരെ മറിച്ചിട്ടതാണ് രണ്ടാം വിഭാഗക്കാരായ ശാസ്ത്രവാദ-യുക്തിവാദ നിലപാടുകാരുടേത്. ഇതിഹാസപാഠങ്ങളെ എകാത്മകവും സത്താവാദപരവുമായ ഭൂതകാലാവിഷ്കാരങ്ങളായി കാണുന്നതിലെ അസംബന്ധതയാണ് ഇരുവിഭാഗക്കാരേയും നയിക്കുന്നത് മതാത്മകതയില്‍ ഊന്നിയ വര്‍ഗ്ഗീയവാദവും താര്‍ക്കികതയില്‍ ഊന്നിയ യുക്തിവാദവും ചരിത്രബോധമില്ലായ്മയുടെ ഇരുപുറങ്ങളിലുമായി ഒരുപോലെ പുലരുന്നു. ആദ്യ രണ്ട് വിഭാഗക്കാരില്‍ നിന്നും വ്യത്യസ്തമായി ദളിത് ചിന്തകര്‍ സൂക്ഷ്മമായ ചരിത്രഅവബോധങ്ങളുടെ അടിസ്ഥാനത്തിലാണ് വിമര്‍ശനം ഉന്നയിക്കുന്നത്. ഇതിഹാസപുരാണങ്ങളെ അതിന്‍റെ ഭൌതിക സ്വരൂപത്തിന്‍റെയും ചരിത്ര വീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ എത്ര തന്നെ സാംസ്കാരികമായി വിലയിരുത്തിയാലും, അപ്രകാരം അവയില്‍ നിന്നും പുറത്തെടുത്ത് അവതരിപ്പിക്കുന്ന ഓരോ ചിഹ്നവും പ്രേക്ഷകരില്‍ മതാത്മകമായ ബിംബമായേ പതിയപ്പെടുകയുള്ളൂ എന്നും, അത് പഴയ ബ്രാഹ്മണമൂല്യങ്ങളെ മടക്കിക്കൊണ്ടു വരാന്‍ ശ്രമിച്ചുണ്ടിരിക്കുന്ന മതാത്മക ശക്തികള്‍ക്ക് ബലം പകരുകയേയുള്ളൂ എന്നുമാണ് ദളിത് നിലപാടുകാരുടെ വിമര്‍ശനം. ഇതിനേയും ഒരു കേന്ദ്രതത്വത്തിലേക്ക് ചുരുങ്ങിയ സത്താവാദപരമായ നിലപാടായാണ് ഇളയിടം നിരിക്ഷിക്കുന്നത്. പുറമേയ്ക്ക് എത്രതന്നെ ഭിന്നഭാവങ്ങള്‍ പ്രകടിപ്പിച്ചാലും അന്തിമമായി ഇതിഹാസപാഠങ്ങള്‍ എകാര്‍ത്ഥ സൂചകമായി മാത്രം മാറുമെന്ന് പറയുന്ന ഒരു നിലപാടാണത്. മൂവായിരത്തോളം വര്‍ഷം പല ഭാവങ്ങളില്‍ പരന്നൊഴുകിയ ഇതിഹാസ പാഠത്തെ ബ്രാഹ്മണ്യപ്രത്യയശാസ്ത്രം എന്ന ഒരൊറ്റ തത്വത്തിലേക്ക് ചുരുക്കികാണുന്നതാണ് ദളിത് നിലപാടുകളുടെ പോരായ്മ എന്ന മറു വിമര്‍ശനമാണ് ഇളയിടം ഉന്നയിക്കുന്നത്.

പ്രഭാഷണ പരമ്പരയെ തുടര്‍ന്ന് അതിനെതിരെയുണ്ടായ രാഷ്ട്രീയവും സാംസ്കാരികവുമായ വിമര്‍ശനങ്ങള്‍ ഇവയൊക്കെയായിരുന്നു. അതിന്മേലുള്ള മറുപടിയും വിശദീകരണങ്ങളും ഇളയിടം തന്നെ മേല്‍ സൂചിപ്പിച്ച വിധം പുസ്തകത്തിന്‍റെ ആമുഖത്തില്‍ നല്‍കുന്നുണ്ട്. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷവും ഇത്തരം വിമര്‍ശനങ്ങള്‍ തുടര്‍ന്നു. പുസ്തകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത ചില വാചകങ്ങളെ മുന്‍നിര്‍ത്തി താര്‍ക്കികമായ വിമര്‍ശനങ്ങള്‍ തുടര്‍ന്നും ഉണ്ടായി. ആദ്യകാല വിമര്‍ശനങ്ങളില്‍ നിന്നും കാര്യമായ വ്യതിയാനങ്ങള്‍ ഒന്നും ഇല്ലാതെ ആവര്‍ത്തന സ്വഭാവമുള്ളവയായിരുന്നു പലതും. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിച്ചതിന് ശേഷം ഉണ്ടായ പ്രധാന പ്രതികരണങ്ങള്‍ രാഷ്ട്രീയവും സാംസ്കാരികവും എന്നതിനപ്പുറം ചരിത്രപരവും വൈജ്ഞാനികവുമായ പുസ്തകത്തിന്‍റെ ഉള്ളടക്കത്തിന്‍റെ വൈപുല്യത്തേയും പ്രാധാന്യത്തേയും തൊട്ടറിയുന്ന വിധത്തിലുള്ളവയായിരുന്നു. അത് ലേഖനങ്ങളായും വെബിനാറുകളായും തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു. പുസ്തകത്തെ ഒന്നാകെ സാമാന്യേന പരിചയപ്പെടുത്തുക എന്ന നിലയില്‍ പലതരം എഴുത്തുകള്‍ മുതല്‍ പുസ്തകത്തിന്‍റെ ഉള്ളടക്കത്തെ ആകമാനം സ്പര്‍ശിക്കാതെ അതിലെ ചില ഘടകങ്ങളെ മുന്‍നിര്‍ത്തിയുള്ള വ്യത്യസ്തവും സൂക്ഷ്മവുമായ പഠനങ്ങളും വന്ന് കഴിഞ്ഞു. എന്നിരുന്നാലും ഇന്ത്യന്‍ ജീവിതത്തില്‍ ഇത്രത്തോളം അഗാധമായ വേരോട്ടമുള്ള ഒരു പാഠത്തേയും അതിന്‍റെ സാംസ്കാരിക ജീവിത പരിണാമങ്ങളേയും, വസ്തുനിഷ്ഠവും യുക്ത്യധിഷ്ഠിതവുമായ ഒരു പഠനത്തിന് വിധേയമാക്കുകയും വായനാസമൂഹത്തിന് മുന്നില്‍ ചരിത്രപരമായ ഒരു കര്‍ത്തവ്യം നിറവേറ്റുകയും ചെയ്ത, വര്‍ഷങ്ങള്‍ നീണ്ട ഒരു സപര്യയുടെ പൂര്‍ത്തീകരണ വേളയില്‍ അതിനോട് ഒരു പ്രതികരണം രേഖപ്പെടുത്തുക എന്ന അപ്രതിരോധ്യമായ ഒരു ആന്തരിക ആവേഗത്തില്‍ നിന്നാണ് ചിലത് ഇവിടെ കുറിക്കാം എന്ന് കരുതുന്നത്.

ഒരു മനുഷ്യന്‍ പിറന്നു വീഴുന്നത് മൂര്‍ത്തമായ ഭൌതിക പ്രകൃതിയിലേക്ക് മാത്രമല്ല. ആ സമൂഹത്തെ വലയം ചെയ്തു നില്‍ക്കുന്ന സഞ്ചിതസമാഹാരമായ മിത്തുകള്‍, കഥകള്‍, നരേറ്റീവുകള്‍ തുടങ്ങി അമൂര്‍ത്തമായ ബൃഹദ്കഥകളിലേക്ക് കൂടിയാണ്. സാമൂഹിക ജീവിതത്തിലെ പലതരം നരേറ്റീവുകളെ പരോക്ഷമായി നിര്‍ണ്ണയിച്ചു പോരുന്ന മിത്തുകളെ അവന്‍ തന്‍റെ അബോധത്തില്‍ പലതരം ധാരണകളായി സ്വരൂപിക്കുന്നു. എന്നാല്‍ ഇതിന് പിന്നിലെ വിപുലമായ ചരിത്രപശ്ചാത്തലങ്ങളെ വസ്തുനിഷ്ഠമായി അവന്‍ മനസ്സിലാക്കിയിരിക്കണമെന്നില്ല. പില്‍ക്കാലത്ത് വസ്തുനിഷ്ഠമായ അത്തരമൊരു മനസ്സിലാക്കലിന് അവസരം വന്ന് ചേരുമ്പോഴാണ് പല ധാരണകളും തെറ്റായി മനസ്സിലാക്കപ്പെട്ടിരുന്നു എന്ന് തിരിച്ചറിയുന്നത്. ഇന്ത്യന്‍ ജീവിതത്തിന്‍റെ അടിത്തട്ടിലേക്ക് വേരുകളാഴ്ത്തി നില്‍ക്കുന്ന മഹാഭാരതം പോലൊരു ഇതിഹാസ പാഠത്തെക്കുറിച്ചു സ്വരൂപിക്കപ്പെട്ടിട്ടുള്ള ധാരണകള്‍ പലപ്പോഴും അപൂര്‍ണ്ണവും അപക്വവുമാണ് എന്ന് ഈ പുസ്തകവുമായി മുഖാമുഖം നില്‍ക്കുമ്പോള്‍ നാം തിരിച്ചറിയുന്നു.

ഇന്ത്യന്‍ സമൂഹത്തില്‍ മഹാഭാരതത്തെ പേറി പ്രധാനമായും രണ്ട് തരത്തിലുള്ള ധാരണകളാണ് നിലനില്‍ക്കുന്നത്. ഒന്ന് മതപാരമ്പര്യത്തില്‍ അധിഷ്ഠിതമായത്. മഹാഭാരത കഥ മുഴുവന്‍ അതേപടി നടന്ന സംഭവങ്ങള്‍ ആണെന്ന് കരുതപ്പെടുകയും അതിലെ കഥാപാത്രങ്ങള്‍ക്ക് ദൈവികപദവി ലഭ്യമാകും വിധം ഭക്തിയിലും വിശ്വാസത്തിലും അധിഷ്ഠിതമായി വലിയൊരു വിഭാഗം ജനതയുടെ വിശ്വാസത്തിന്‍റെ ഭാഗമായി മാറുകയും ചെയ്ത ധാരണയാണത്. വിശ്വാസാധിഷ്ഠിതമായ ആ പൊതുധാരണയെയാണ് കാലാകാലങ്ങളായി മതപൌരോഹിത്യം ജനങ്ങളില്‍ രൂഢമൂലമാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് വര്‍ഗ്ഗീയപാര്‍ട്ടികള്‍ പ്രബലമായ ഈ പൊതുധാരണയെ ചൂഷണംചെയ്തുകൊണ്ട് മതാത്മകവും എകശിലാത്മകവുമായ ഒരു ചരിത്രനിര്‍മ്മിതിക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വസ്തുനിഷ്ഠമായ ചരിത്രവസ്തുതകളുടേയും ശാസ്ത്രീയമായ യുക്തിവിചാരത്തിന്‍റെയും അടിസ്ഥാനത്തില്‍ മഹാഭാരതത്തെ വിശകലനം ചെയ്യുമ്പോള്‍ ആ ധാരണകള്‍ മുഴുവന്‍ തകര്‍ന്നു വീഴുന്നു. രണ്ടാമത്തേത് പുരോഗമനാത്മകമായ വായനാസമൂഹത്തിനുള്ളില്‍ കാലാകാലങ്ങളായി ഉണ്ടായി വന്നതാണ്. വ്യാസന്‍ എന്നൊരാള്‍ നോവല്‍ പോലെ ഒരൊറ്റ പുസ്തകമായി ഒരു പ്രത്യേക ഭൂതകാല സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി എഴുതിയതാണ് മഹാഭാരതം എന്നൊരു ധാരണ നമ്മുടെ വിചാരമണ്ഡലത്തില്‍ പൊതുവേ വന്ന് ചേര്‍ന്നിട്ടുള്ള ഒന്നാണ്. അതിലെ സംഭവങ്ങള്‍ പലതും ഏകദേശം അതേപടി തന്നെ പഴയകാലത്തിലെ ഒരു ക്ലിപ്തകാലഘട്ടത്തില്‍ നടന്നിട്ടുള്ളതാകാം എന്നൊരു കാഴ്ചപ്പാടും ഇതോടൊപ്പം ചേര്‍ന്ന് പോകുന്നുണ്ട്. ഇത്തരത്തില്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ നടന്നിരിക്കാവുന്ന സംഭവങ്ങളെ ഒരൊറ്റ പുസ്തകമായി ഒരാള്‍ രചിച്ചു എന്നൊരു പൊതുബോധധാരണയേയും ഈ പുസ്തകം അട്ടിമറിക്കുന്നു.

മതാധിഷ്ഠിതമായ വീക്ഷണത്തില്‍ മഹാഭാരത കഥയെ നന്മ/തിന്മ എന്ന പരമ്പരാഗതമായ ദ്വന്ദ്വങ്ങളിലാണ് കണ്ട് പോന്നിരുന്നത്. അധാര്‍മ്മികരായ കൌരവര്‍ക്ക് മേല്‍ ധാര്‍മ്മികരായ പാണ്ഡവര്‍ നേടുന്ന വിജയത്തെ അസത്യത്തിന് മേല്‍ സത്യത്തിന്‍റെയും ഇരുട്ടിന് മേല്‍ വെളിച്ചത്തിന്‍റെയും വിജയമായി കാണുന്ന മതദര്‍ശനമായി അത് വിശദീകരിക്കപ്പെട്ടു. ധാര്‍മ്മിക വിജയത്തിന്‍റെ ദര്‍ശനസൂത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രമാണപുസ്തകമായി ഭഗവദ്ഗീത പരിഗണിക്കപ്പെട്ടു. പാണ്ഡവരുടെ വിജയത്തോടെ അധര്‍മ്മത്തിന് മേല്‍ ധര്‍മ്മം വിജയിച്ചു എന്ന നിലയില്‍ ഒരു ശുഭപരിസമാപ്തിയായാണ് ഭക്തരുടെ മനസ്സില്‍ മഹാഭാരതം നിലകൊള്ളുന്നത്. എന്നാല്‍ കൃഷ്ണന്‍റെ ഉത്തരങ്ങളല്ല അര്ജ്ജുനന്‍റെ ചോദ്യങ്ങളാണ് മഹാഭാരതത്തില്‍ ആത്യന്തികമായി നിലനില്‍ക്കുന്നത് എന്ന അമര്‍ത്യസെന്നിന്‍റെ നിരീക്ഷണം മഹാഭാരതത്തെ കുറിച്ചുള്ള ധാരണകളെ അപ്പാടെ പുനര്‍വിചാരത്തിന് വിധേയമാക്കുന്നു.

വ്യാസന്‍ എന്നൊരാള്‍ നോവല്‍ പോലെ ആദ്യാവസാനം എഴുതി പൂര്‍ത്തിയാക്കിയ മഹാഭാരതം എന്ന ഒരൊറ്റ ഗ്രന്ഥം എന്ന തരത്തില്‍ നമ്മുടെ ചിന്താമണ്ഡലത്തില്‍ കാലാകാലങ്ങളായി നിലനിന്നുപോരുന്ന ധാരണയെ ഈ പുസ്തകം തിരുത്തുന്നു. മഹാഭാരതം ഒരു പുസ്തകം എന്നത് പോയിട്ട് ഒരൊറ്റ പാഠം പോലുമല്ല, മറിച്ച് അതൊരു ബൃഹദ് പാരമ്പര്യമാണ്. മഹാഭാരത പാരമ്പര്യത്തിന്‍റെ നിരവധി സാക്ഷാത്കാരസ്ഥാനങ്ങളില്‍ ഒന്ന് മാത്രമാണ് അതിന്‍റെ ലിഖിത പാഠം. നാടോടി ഗാനങ്ങളായും നാടകീയാഖ്യാനങ്ങളായും രംഗാവതരണങ്ങളായും മറ്റുമുള്ള ആദിമ സാക്ഷാത്കാരങ്ങള്‍ മുതല്‍ നോവലും സിനിമയും സീരിയലും വരെയുള്ള ആധുനിക സാക്ഷാത്കാരങ്ങള്‍ വരെയുള്ള നിരവധി ആവിഷ്കാരസ്ഥാനങ്ങളില്‍ ഒന്ന് മാത്രമാണത്. ലിഖിത പാഠം പോലും നിരന്തര പരിണാമങ്ങള്‍ക്കും കൂട്ടിചേര്‍ക്കലുകള്‍ക്കും വിധേയമായി. മഹാഭാരതത്തിലെ നിരവധി കൂട്ടിചേര്‍ക്കലുകളും വിപുലനങ്ങളും ഉണ്ടായത് കുല-ഗോത്ര പാരമ്പര്യത്തില്‍ നിന്നും വര്‍ണ്ണ-ധര്‍മ്മ വ്യവസ്ഥയിലേക്കുള്ള പരിണാമദശയിലാണ്. ഗോത്രവ്യവസ്ഥിതിയില്‍ സ്വാഭാവികമായിരുന്ന ജീവിതരീതികള്‍ ബ്രാഹ്മണ്യ വ്യവസ്ഥയ്ക്ക് അനുകൂലമാക്കി മാറ്റുന്ന പ്രത്യയശാസ്ത്രപദ്ധതിയുടെ ഭാഗമായുണ്ടായ ഒന്നാണത്. ഇതിനെത്തുടര്‍ന്നാണ് മഹാഭാരതത്തിന്‍റെ അതിവിപുലമായ ഇതര ജീവിതങ്ങള്‍ വിസ്മൃതിയിലാണ്ടുപോയത്.

മഹാഭാരതത്തിന്‍റെ പാഠജീവിതത്തിനുള്ളില്‍ രണ്ട് പാരമ്പര്യങ്ങള്‍ ഒരു പോലെ സന്നിഹിതമായിരിക്കുന്നു. നിത്യജീവിതത്തിന്‍റെ കീഴ്ത്തട്ടില്‍ നാനാ രൂപങ്ങളില്‍ പ്രചരിച്ച നാടോടി സംസ്കാരത്തിന്‍റെ ഭാഗമായി നിലനിന്ന പാഠങ്ങളില്‍ നിന്ന് ലിഖിത പാഠത്തിലെത്തുകയും അവിടെ നിലച്ചു പോകുകയും ചെയ്ത പാരമ്പര്യമാണ് ആദ്യത്തേത്. ഈ ലിഖിത പാഠം പലതായി പൊട്ടിപ്പിളര്‍ന്ന് പലതായി പെരുകി വളരുന്ന മറ്റൊരു പാരമ്പര്യമാണ് രണ്ടാമത്തേത്. ഈ നിലയ്ക്ക് നോക്കുമ്പോള്‍ എത്തിച്ചേര്‍ന്നതും പുറപ്പെട്ടതുമായ നിരവധി പാരമ്പര്യങ്ങളുടെ ഒരു കേന്ദ്രസ്ഥാനം എന്നൊരു സവിശേഷ സ്ഥാനം മഹാഭാരതത്തിന്‍റെ ലിഖിതപാഠത്തിന് കൈവരുന്നു. മഹാഭാരതത്തിന്‍റെ നാടോടി പാരമ്പര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുമ്പോള്‍ അതിന്‍റെ വൈവിധ്യവും വൈപുല്യവും കണക്കിലെടുക്കുമ്പോള്‍ മഹാഭാരതം എത്രത്തോളം മതാതീതമായാണ് ഇന്ത്യന്‍ ജനജീവിതത്തില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്നത് എന്ന് നാം തിരിച്ചറിയും.

പശുപാലകമായ ഒരു ജീവിത വ്യവസ്ഥയ്ക്കുള്ളില്‍ വച്ച് മഹാഭാരതത്തെ കണ്ടെടുക്കുന്ന മിയോ മുസ്ലീങ്ങളുടെ പാരമ്പര്യങ്ങള്‍ മുതല്‍ വൈരാഗികളും നാഥുകളും, സന്ത് പന്ത് ഇസ്മായിലികളും മറ്റും പ്രാദേശികമായി കൊണ്ടുനടന്നിരുന്ന മഹാഭാരതം, ഇതര ലൈംഗിക വിഭാഗങ്ങളുടെ മഹാഭാരതം, അര്‍ജ്ജുനനും ഉലൂപിയും തമ്മിലുള്ള ബന്ധത്തേയും അത് വഴി ജന്മം കൊണ്ട പരമ്പരയേയും മുന്‍നിര്‍ത്തുന്ന മഹാഭാരതം, ഇരാവാനെ കേന്ദ്രമാക്കുന്ന ഇതര ലൈംഗിക വിഭാഗങ്ങളുടെ മഹാഭാരതം, ദക്ഷിണേന്ത്യയില്‍ ആകെ പ്രചരിച്ച ഹരികഥാകാലക്ഷേപത്തില്‍, തമിഴ്നാട്ടിലെ തെരുക്കൂത്തില്‍, കേരളത്തിലെ നിഴല്‍ക്കൂത്തിലും തുള്ളലിലും, ഇത്തരത്തില്‍ നാടോടിയും പ്രാദേശികവുമായ എത്രയോ രൂപങ്ങളില്‍ പ്രചരിക്കുകയും ഇന്ത്യന്‍ ജനകീയജീവിതത്തിന്‍റെയും ജനസംസ്കാരത്തിന്‍റെയും കീഴടരുകളില്‍ വരെ സക്രിയമായി വേരോടി നില്‍ക്കുന്നതുമായ ബൃഹദ്പാരമ്പര്യമാണ് മഹാഭാരതം. മാത്രവുമല്ല മഹാഭാരതത്തിന്‍റെ പ്രാദേശിക-നാടോടി ആഖ്യാനങ്ങളെ മുന്‍നിര്‍ത്തി നോക്കിയാല്‍, പില്‍ക്കാലത്ത് ക്രോഡീകരിക്കപ്പെട്ടതും ബ്രാഹ്മണീകരിക്കപ്പെട്ടതുമായ സംസ്കൃത പാഠത്തെ നിഷേധിക്കുന്നതും ഒരുപക്ഷെ മഹാഭാരതത്തിന്‍റെ പ്രകടമായ മുഖ്യധാരാ ജീവിതത്തെ അട്ടിമറിക്കാന്‍ പോന്നതുമായ വിധത്തില്‍ അതിന്‍റെ കീഴടരുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാകും.

Dr.Sunil P Ilayadom

മഹാഭാരതത്തിന്‍റെ ശുദ്ധപാഠം എന്ന് നാമിപ്പോള്‍ കരുതിപ്പോരുന്ന പാഠം പതിനാറാം നൂറ്റാണ്ടു മുതലുള്ള കൈയെഴുത്തുപ്രതികളെ മുന്‍നിര്‍ത്തിയാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്; ഒരു ലക്ഷം ശ്ലോകങ്ങള്‍ ഉള്ള ശതസഹസ്രീസംഹിത എന്നൊക്കെ വിളിക്കപ്പെട്ട, പൊതുവര്‍ഷം അഞ്ചാം നൂറ്റാണ്ടിലെ മഹാഭാരതപാഠത്തെ മുന്‍നിര്‍ത്തിയല്ല. അങ്ങിനെയൊരു പാഠം ലഭ്യമായിട്ടില്ല. മഹാഭാരത ലിഖിതപാഠത്തിന്‍റെ ഇന്നേ വരെയുള്ള ചരിത്രജീവിതത്തേയും വിപുലീകരണപ്രക്രിയയേയും പറ്റി പലതരം നിരീക്ഷണങ്ങള്‍ പഠിതാക്കള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഏറെക്കുറെ സമാനമായ നിരീക്ഷണങ്ങളില്‍ നിന്ന് അടിവരയിട്ട് ഉറപ്പിക്കാന്‍ കഴിയുന്ന ഒരു കാര്യം മഹാഭാരതം ഇന്ന് കാണുന്ന നിലയില്‍ ഒരൊറ്റ പുസ്തകമായി നിലവില്‍ വന്നതല്ല. അതിന് പ്രാഥമികമായി തന്നെ അഞ്ചോ ആറോ ഘട്ടങ്ങളിലായുള്ള കൂട്ടിച്ചേര്‍ക്കലുകളും പരിണാമങ്ങളും ഉണ്ടായിട്ടുണ്ട്. ബി സി നാലാം നൂറ്റാണ്ടോടു കൂടി സൂതമാഗധന്മാര്‍ പാടി നടന്ന കുരുവംശ ഗാഥകളേയും വീരഗാനങ്ങളേയും ക്രോഡീകരിച്ച് വ്യാസന്‍ അവയ്ക്ക് പൊതുവായ പാഠരൂപം നല്‍കുന്നു. തുടര്‍ന്ന് ബി സി രണ്ടാം നൂറ്റാണ്ടോട് കൂടി ഈ വീരഗാനസമാഹാരത്തില്‍ പാണ്ഡവകഥകള്‍ വന്‍തോതില്‍ കൂട്ടിയിണക്കപ്പെടുന്നു. അടുത്ത ഘട്ടമായി പൊതുവര്‍ഷം രണ്ടാം നൂറ്റാണ്ടോട് കൂടി കൃഷ്ണന്‍ പ്രധാന കഥാപാത്രമായി മാറുകയും കൃഷ്ണനെ കേന്ദ്രമാക്കി മഹാഭാരതം പുനസംഘടിപ്പിക്കുകയും ചെയ്യുന്നു. ഇക്കാലത്ത് തന്നെ പുരാണ സാഹിത്യവുമായി അത് കൂട്ടിയിണക്കപ്പെടുകയും പ്രബോധനാത്മകഭാഗങ്ങള്‍ മഹാഭാരതത്തിന്‍റെ ഭാഗമായി മാറുകയും ചെയ്യുന്നു. ഏറ്റവും ഒടുവിലായി ഭഗവദ്ഗീതയും കൂട്ടിയിണക്കപ്പെടുന്നതോടെ നാമിന്നു കാണുന്ന ലിഖിത രൂപത്തിലേക്ക് പൊതുവര്‍ഷം നാലാം നൂറ്റാണ്ടോടെ മഹാഭാരതം എത്തിച്ചേരുന്നു.

മഹാഭാരതത്തിന്‍റെ പിന്നീടുള്ള കൂട്ടിച്ചേര്‍ക്കലുകളുടെ മറ്റൊരു കാരണമായി പറയുന്നത് പ്രാചീന ഇന്ത്യന്‍ ജനത തങ്ങളുടെ ജീവിതപരിസരങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടേണ്ടത് എന്ന് കരുതിയ എല്ലാ അറിവുകളും അവര്‍ മഹാഭാരതത്തില്‍ ഉള്‍പ്പെടുത്തി. ഏതെങ്കിലുമൊരു പാഠത്തിനോ അറിവിനോ ജനങ്ങളുടെ സഞ്ചിതസ്മൃതിയില്‍ ഇടം നല്‍കാനുള്ള വഴിയായിരുന്നു അത്. പുതുതായി ഒരു പാഠമോ അറിവോ രൂപപ്പെട്ടുവന്നാല്‍, അതിന് ആധികാരിക പദവി നല്‍കാനും സ്ഥിരമായി സൂക്ഷിക്കാനും മഹാഭാരതത്തിന്‍റെ ഹസ്തലിഖിത പാഠത്തില്‍ ഉള്‍പ്പെടുത്തുക എന്നൊരു രീതിയായിരുന്നു ഉണ്ടായിരുന്നത്. കാലാകാലങ്ങളില്‍ നാഷണല്‍ ആര്‍ക്കൈവ് പോലെ അത് വികസിച്ച് വന്നു. ഓരോ കാലത്തിലെയും അറിവുകള്‍ മഹാഭാരതത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത് പോലെ അതാത് കാലം ജന്മം നല്‍കിയ നവാനുഭൂതികളുമായി മഹാഭാരതം തിരിച്ചും വിനിമയത്തില്‍ ഏര്‍പ്പെട്ടു. മനുഷ്യന് വന്നുപെട്ട ഓരോരോ ജീവിത സാഹചര്യങ്ങളുമായി മഹാഭാരതം ചേര്‍ത്ത് വായിക്കപ്പെട്ടു. പീറ്റര്‍ ബ്രൂക്കിന്‍റെ നാടകം അരങ്ങേറിയപ്പോള്‍ അശ്വാത്ഥാമാവിന്‍റെ മാരകാസ്ത്രത്തെ ആണവായുധത്തിന്‍റെ അന്യാപദേശമായാണ് പലരും കണ്ടത്. ഓരോ കാലത്തിലും അതാതിന്‍റെ അനുഭൂതിപരതകളുമായി ഇടപെട്ടു സഞ്ചരിച്ച പാരമ്പര്യമാണ് മഹാഭാരതത്തിന്‍റെത്.

മഹാഭാരതത്തിന്‍റെ ചരിത്രജീവിതത്തിലെ വിവിധ പരിണാമഘട്ടങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ അതിനോടൊപ്പം വിവിധ പരിണാമങ്ങള്‍ക്ക് വിധേയമായ ഘടകങ്ങളില്‍ സവിശേഷ ശ്രദ്ധ നല്‍കേണ്ട രണ്ട് സുപ്രധാന ഘടകങ്ങള്‍ കൂടിയുണ്ട്. ഇന്ത്യന്‍ ജനജീവിതത്തില്‍ ശക്തമായ സ്വാധീനമുള്ള ശ്രീകൃഷ്ണന്‍ എന്ന ദൈവസങ്കല്‍പ്പവും ഭഗവദ്ഗീത എന്ന മതദാര്‍ശനിക ഗ്രന്ഥവും. വ്യത്യസ്ഥ ചരിത്ര സന്ദര്‍ഭങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ക്കുള്ള ഉത്തരമായി നിലകൊണ്ട് ഭാവനയുടേയും ആരാധനയുടേയും പുതിയ മാനങ്ങളിലേക്ക് വളരുകയും അത് വഴി നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ദൈവസങ്കല്‍പ്പമാണ് ശ്രീകൃഷ്ണന്റേത്. വൈദികസാഹിത്യം മുതല്‍ തന്നെ കൃഷ്ണ ശബ്ദം പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ അതിന് പില്‍ക്കാല ദൈവസങ്കല്‍പ്പവുമായി ബന്ധമൊന്നുമില്ല. ഇന്ദ്രന്‍റെ ശത്രുവായ ആര്യേതരനായകനായി പ്രത്യക്ഷപ്പെടുന്ന കൃഷ്ണനെയാണ് ഋഗ്വേദത്തില്‍ കാണുന്നത്. വൈദികസമൂഹം കിഴക്കന്‍ ഗംഗാതടങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് തദ്ദേശീയജനതയുടെ ആരാധനാ ബിംബമായിരുന്ന കൃഷ്ണന്‍ വൈദിക സമൂഹവുമായും ആര്യഗോത്രങ്ങളുമായും കൂടിക്കലരാന്‍ തുടങ്ങുന്നത്. പ്രാചീന ഇന്ത്യാ ചരിത്രത്തിലെ ആര്യവ്യാപനത്തിന്‍റെയും തദ്ദേശീയസമൂഹങ്ങളുമായുള്ള ആര്യജനതയുടെ കൊടുക്കല്‍ വാങ്ങലുകളുടെയും പ്രബലമായ അടയാളമാണ് കൃഷ്ണന്‍. മഹാഭാരതത്തില്‍ കൃഷ്ണന്‍ പ്രധാനിയായി മാറുന്നത് മഥുരയിലേക്കുള്ള ആര്യഗോത്രവ്യാപനത്തിന്‍റെ ഫലമായാണ്. യാദവരുമായി കൈകോര്‍ത്ത പില്‍ക്കാല വൈദികസമൂഹം കൃഷ്ണനെ ഭാരതകഥയിലേക്ക് കൊണ്ടുവരികയും മഹാഭാരതത്തിലെ പ്രധാന കഥാപാത്രമായി കൃഷ്ണന്‍ ഉയര്‍ന്നുവരികയും ചെയ്യുന്നു. ഗുപ്തകാലമാകുമ്പോഴേക്കും ബുദ്ധമതത്തിന്‍റെ തകര്‍ച്ചയുടേയും വര്‍ണ്ണ-ധര്‍മ്മ വ്യവസ്ഥയുടേയും വൈദിക പാരമ്പര്യത്തിന്‍റെയും പുനരുജ്ജീവനവും രാഷ്ട്രീയവും സാംസ്കാരികവുമായ മറ്റനേകം കലക്കങ്ങളും ഉള്‍പ്പെട്ട സുദീര്‍ഘപ്രക്രിയകള്‍ക്കിടയില്‍ പ്രാചീന ദൈവരൂപങ്ങള്‍ക്കിടയില്‍ കൃഷ്ണന്‍ പരമപ്രധാനിയായി മാറുന്നു. വിരാട രൂപിയായ ഗീത ഉപദേശിക്കുന്ന, പ്രപഞ്ച പരമാത്മായായി കൃഷ്ണന്‍ ഈ സന്ദര്‍ഭത്തില്‍ സ്ഥാനമേല്‍ക്കുന്നു.

ഇങ്ങിനെ മനസ്സിലാക്കി വരുമ്പോള്‍ ഇന്ന് നമുക്ക് മുന്നിലുള്ള കൃഷ്ണ കല്‍പ്പനയില്‍ ഇന്ത്യാ ചരിത്രത്തിലെ അഞ്ചോ ആറോ ഘട്ടങ്ങള്‍ കൂടിക്കലര്‍ന്നിരിക്കുന്നു എന്ന് കാണാനാവും. പ്രാചീനജനതയുടെ വീരനായകനായ കൃഷ്ണന്‍, ആര്യജനതയുടെ തലവനായ ചക്രമെറിയുന്ന കൃഷ്ണന്‍, പശുപാലകനായ കൃഷ്ണന്‍, അര്‍ദ്ധകാര്‍ഷികവും പശുപാലകവുമായ സമൂഹത്തിലെ ദേവതാരൂപമായി മാറിയ കൃഷ്ണന്‍, ബ്രാഹ്മണീകരണത്തിന്‍റെ സന്ദര്‍ഭത്തില്‍ വിഷ്ണുനാരായണനായി മാറിയ കൃഷ്ണന്‍, മധ്യകാല ഭക്തി പാരമ്പര്യത്തിലും നാടോടി ഭാവനയിലും ഇന്ദ്രിയമോദകമായി നിലകൊള്ളുന്ന ലീലാലോലുപനായ കൃഷ്ണന്‍, രാഷ്ട്രനായകനായ പുരുഷദൈവമായി ഉയര്‍ന്നുവന്ന ദേശീയ കൃഷ്ണന്‍, ഈ രൂപത്തില്‍ ഇന്ത്യാചരിത്രത്തിലെ നിരവധി അടരുകള്‍ കൃഷ്ണകല്‍പ്പനയില്‍ സന്നിഹിതമായിരിക്കുന്നു. അതുവഴി മഹാഭാരതത്തിലെ ചരിത്രവിനിമയങ്ങളുടെ പ്രതീക സംഗ്രഹം എന്ന പദവി വലിയൊരളവോളം കൃഷ്ണനും കൈവന്നിരിക്കുന്നു.

ഭഗവദ്ഗീത പൊതുവര്‍ഷം മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ പൂര്‍ണ്ണരൂപത്തില്‍ നിലവില്‍ വന്നതായാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും പൊതുവര്‍ഷം ഒന്‍പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ അത് അത്രമേല്‍ പ്രാമാണികമായ പദവിയില്‍ എത്തിയിട്ടില്ല. ശങ്കരാചാര്യര്‍ ഭാഷ്യം എഴുതുന്ന കാലം വരെ ഭഗവദ്ഗീതയ്ക്ക് പ്രാമാണിക പദവിയൊന്നുമില്ല. ശങ്കരന് തൊട്ടുമുന്‍പ് എട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ തത്ത്വചിന്താപദ്ധതികളെ സംഗ്രഹിച്ചുകൊണ്ട് ശാന്തരക്ഷിതന്‍ എഴുതിയ തത്ത്വസംഗ്രഹം എന്ന കൃതിയില്‍ ഭഗവദ്ഗീതയെക്കുറിച്ച് ഒന്നും പറയുന്നില്ല. മഹിമഭട്ടന്‍ എന്ന കാവ്യ ചിന്തകന്‍ ക്രിസ്തുവര്‍ഷം പതിനൊന്നാം ശതകത്തില്‍, പൌനരുക്ത്യം എന്ന കാവ്യദോഷത്തിന്‍റെ ഉദാഹരണമായി ഗീതാശ്ലോകം അവതരിപ്പിക്കുന്നു. പതിമൂന്നാം ശതകത്തില്‍ ഗീതാഭാഷ്യം എഴുതിയ മാധവാചാര്യന്‍ ഭഗവദ്ഗീതയിലെ 385 ശ്ലോകങ്ങള്‍ മാത്രമേ വ്യാഖ്യാനോചിതമായി പരിഗണിച്ചുള്ളൂ.

ഭഗവദ്ഗീതയുടെ അർത്ഥോത്പാദനത്തില്‍ ചരിത്രം ഇതിനകം നാല് പടവുകളെങ്കിലും പിന്നിട്ട് പോന്നിട്ടുണ്ട്. അതില്‍ ആദ്യത്തേത് ഭഗവദ്ഗീതയുടെ രൂപീകരണഘട്ടവും അതിനെ നിര്‍ണ്ണയിച്ച ചരിത്രബന്ധങ്ങളുമാണ്. കൊസാംബിയേയും അംബേദ്കറേയും പോലുള്ളവര്‍ വിശദീകരിക്കാന്‍ ശ്രമിച്ചത് പോലെ ഏതാണ്ട് അറുന്നൂറോ എഴുന്നൂറോ വര്‍ഷങ്ങള്‍ കൊണ്ട് മൂന്നോ നാലോ ഘട്ടങ്ങളായി, ഇന്ത്യയിലെ പരസ്പരഭിന്നങ്ങളായ ദാര്‍ശനികപദ്ധതികളെ പല അനുപാതങ്ങളില്‍ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വളര്‍ന്നു വന്നതാണ് ഭഗവദ്ഗീത.

DD Kosambi

ഭഗവദ്ഗീതയുടെ ചരിത്രജീവിതത്തിലെ ആദ്യഘട്ടം അതാണ്. രണ്ടാമത്തേത് ഗീതയുടെ മധ്യകാല ജീവിതമാണ്. പൊതുവര്‍ഷം അഞ്ചാം നൂറ്റാണ്ട് മുതല്‍ പതിനെട്ടാം നൂറ്റാണ്ടു വരെയുള്ള ഒന്നര സഹസ്രാബ്ദത്തോളം വരുന്ന കാലയളവിലെ ഗീതയുടെ ജീവിതം. ഇക്കാലത്ത് ഗീത വിവിധ വൈദികപദ്ധതികളുടെ ഭാഗം ആകുകയും പലതരത്തിലുള്ള ഗീതാവ്യാഖ്യാനങ്ങള്‍ നിലവില്‍ വരുകയും ചെയ്തു. ബ്രാഹ്മണിക വ്യവഹാരങ്ങള്‍ക്കുള്ളില്‍ ഭഗവദ്ഗീത വലിയ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായിത്തീര്‍ന്നു. മൂന്നാമത്തെ ഘട്ടമായ പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളിലാണ് ഭഗവദ്ഗീത അതിന്‍റെ ആധുനിക ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഈ ഘട്ടത്തില്‍ അക്കാലം വരെയുണ്ടായിരുന്നതില്‍ വളരെ ഭിന്നമായ അര്‍ത്ഥവും ആധ്യാത്മിക പരിവേഷവും ഗീതയ്ക്ക് കൈവരുന്നു. ഒരുഭാഗത്ത് ദേശീയത എന്ന ആശയത്തോട് ബന്ധപ്പെട്ടുകൊണ്ടും മറുഭാഗത്ത് സാര്‍വ്വലൌകികമായ ആത്മീയാനുഭൂതികളുടെ ആകരം എന്ന അര്‍ത്ഥ പരിവേഷത്തിലേക്ക് വികസിച്ചു കൊണ്ടും ഭഗവദ്ഗീത അതിന്‍റെ അടുത്ത പടവിലേക്ക് നീങ്ങുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടോളം വരുന്ന കാലയളവില്‍ ഒരു ഭാഗത്ത് അക്കാദമികമായ വിവിധതരം അന്വേഷണങ്ങളുടെ വിഷയമായും മറുഭാഗത്ത് ഇന്ത്യയിലരങ്ങേറുന്ന ഹിന്ദുത്വവാദപരമായ ആശയരൂപീകരണത്തിന്‍റെ പ്രധാന സ്രോതസ്സുകളില്‍ ഒന്നായും ഒരേ സമയം ഗീത മാറിത്തീരുന്നു.

ജമ്മു മുതല്‍ തമിഴകം വരേയും സൌരാഷ്ട്രം മുതല്‍ കാമരൂപം വരേയുമുള്ള മേഖലകളിലെ ജനജീവിതത്തില്‍ പടര്‍ന്നുപന്തലിച്ച ഒരു വിപുലജീവിതം മഹാഭാരതത്തിനുണ്ട്. ഓരോ പ്രദേശങ്ങളിലേയും തദ്ദേശീയജനതയുടെ ഭിന്നഭിന്നമായ ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്ന നിലയില്‍ അത് അവിടവിടങ്ങളില്‍ ജീവിച്ചു. ഗോത്രജന വിഭാഗങ്ങള്‍ മുതല്‍ നാടോടി മുസ്ലിങ്ങള്‍ വരെ മഹാഭാരത കഥ പാടി നടന്നു. മഹാഭാരതത്തിന്‍റെ ഏറ്റവും ജനകീയവും മതനിരപേക്ഷവുമായ ആവിഷ്കാരങ്ങള്‍ ഇവയായിരുന്നു. ഈ നാടോടി ആവിഷ്കാരങ്ങള്‍ ജനസംസ്കാരത്തിന്‍റെ പടവുകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കാതെ ഇന്ത്യന്‍ ഭാഷകളിലെ മഹാഭാരത പാഠങ്ങളിലേക്ക് കടന്ന് കയറുകയും ചെയ്തു. അങ്ങിനെ മഹാഭാരതത്തിന്‍റെ ചരിത്രജീവിതത്തെ നിര്‍ണ്ണയിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരേടായി അത് മാറി. പരമപ്രധാനമായിരിക്കുമ്പോള്‍ തന്നെ മഹാഭാരത ചരിത്രത്തില്‍ ഏറ്റവുമധികം വിസ്മരിക്കപ്പെട്ടത് അതിന്‍റെ ജനകീയവും മതനിരപേക്ഷവും തദ്ദേശീയവുമായ ഈ ജീവചരിത്രമാണ്. മഹാഭാരതത്തിന്‍റെ ആധുനികജീവിതത്തിലും അതിനെക്കുറിച്ചുള്ള സമകാലിക ധാരണകളിലും മേല്‍ക്കൈ നേടിയ ദേശീയ-സവര്‍ണ്ണ സങ്കല്‍പ്പങ്ങളുടെ ഉല്‍പ്പന്നം കൂടിയാണ് ഈ മറവി. ചരിത്രപരമായ ഈ വിസ്മൃതിയെ മറികടക്കേണ്ടത് മഹാഭാരതത്തിന്‍റെ മതനിരപേക്ഷജീവിതം തിരിച്ചറിയുന്നതിന്‍റെ ആദ്യപടിയാണ്.

മഹാഭാരതത്തിന്‍റെ ചരിത്ര ജീവിതത്തില്‍ ബ്രാഹ്മണ്യത്തിന്‍റെ ആശയപ്രപഞ്ചമായി നിലനിന്ന മഹാഭാരതപാഠത്തിന് മേല്‍ക്കൈ ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ അത് മഹാഭാരതത്തിന്‍റെ ഏകജീവിതമായിരുന്നില്ല. മതാത്മകവും ബ്രാഹ്മണകേന്ദ്രിതവുമായ ഈ പാഠപാരമ്പര്യം, ബഹുസ്വരവും ബഹുരൂപിയുമായ ഒരടരാണ്. മൌര്യകാലഘട്ടത്തില ബുദ്ധമതം പ്രബലമതമായിരുന്നപ്പോള്‍ മഹാഭാരതം അതുമായും വിനിമയത്തില്‍ ഏര്‍പ്പെട്ടു. ജാതകകഥകളില്‍ മഹാഭാരത സൂചനകള്‍ കടന്ന് വരുന്നു. എന്നാല്‍ ജാതകകഥകളില്‍ തെളിയുന്ന മഹാഭാരത സൂചനകള്‍ക്ക് കൌരവരുടെ ധാര്‍മ്മികതയ്ക്കാണ് പ്രാധാന്യമുള്ളത്. ഒരു കാലത്ത് കൌരവകേന്ദ്രിതമായി നിലനിന്നിരുന്ന മഹാഭാരതം അതിന്‍റെ ബ്രാഹ്മണീകരണത്തിന്‍റെ ഘട്ടത്തിലാണ് പാണ്ഡവകേന്ദ്രിതമായ ഒരു ആഖ്യാനത്തിലേക്ക് വഴിതിരിയുന്നതെന്ന് പല മഹാഭാരത പഠിതാക്കളും നിരീക്ഷിക്കുന്നുണ്ട്. തുടര്‍ന്ന് പല കാലങ്ങളില്‍ പല സംസ്കാരങ്ങളുടേയും ഭാഗമായി മഹാഭാരതം ജീവിച്ചു. എന്നാല്‍ ബ്രാഹ്മണികമായ മഹാഭാരത പാരമ്പര്യമാണ് ആധുനികഘട്ടത്തിന്‍റെ പ്രാരംഭം മുതല്‍ ദേശീയപൈതൃകത്തിന്‍റെ ഭാഗമായി മനസ്സിലാക്കപ്പെട്ടു തുടങ്ങിയത്. ദേശീയപൈതൃക പദവിയിലേക്ക് ഈ മതാത്മകപാഠം ആനയിക്കപ്പെട്ടത്തോടെ മഹാഭാരതത്തിന്‍റെ ഇതര ജീവിതങ്ങള്‍ പൊതുവേ വിസ്മൃതമായി. അതോടെ മധ്യകാലത്തെ അറബി പേര്‍ഷ്യന്‍ മഹാഭാരതങ്ങളും ഇന്ത്യയിലെ നാടോടി-ജനസംസ്കാര രൂപങ്ങളില്‍ വേരുപിടിച്ച പാഠഭേദങ്ങളും വിസ്മൃതിയിലാണ്ടു. എകാത്മകവും സുദൃഢവുമായ ബ്രാഹ്മണപാഠം എന്ന പദവി മഹാഭാരതത്തിന് മേല്‍ പറഞ്ഞുറപ്പിക്കപ്പെട്ടു. ഈ ആരോപിതമൂല്യത്തെ മഹാഭാരതത്തിന്‍റെ ശാശ്വതപ്രകൃതമായി കരുതി അനുകൂലികളും പ്രതിയോഗികളും അതിനെ വിലയിരുത്താന്‍ തുടങ്ങി. അതോടെ ബഹുരൂപിയും ബഹുശരീരിയുമായ മഹാഭാരതം പൊതുബോധത്തില്‍ നിന്ന് അകന്നകന്ന് പോയി. ഈ അകന്നു മാറലില്‍ ഏറ്റവുമധികം വിസ്മൃതമായ രണ്ട് പാരമ്പര്യങ്ങളുണ്ട്. മഹാഭാരതത്തിന്‍റെ ജനസംസ്കാരജീവിതത്തിന്‍റെയും മഹാഭാരതത്തിന്‍റെ ആദ്യത്തെ സമ്പൂര്‍ണ്ണ വിവര്‍ത്തനമായ റസമ്നാമയുടെയും.

ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറത്ത് മഹാഭാരതത്തിനുണ്ടായ ആദ്യത്തെ വിവര്‍ത്തനമാണ് റസമ്നാമ. പതിനെട്ട് പര്‍വ്വങ്ങളും ഹരിവംശവും ഉള്‍പ്പെടുന്ന സമ്പൂര്‍ണ്ണ വിവര്‍ത്തനം ആണത്. വിവര്‍ത്തനത്തോടൊപ്പം റസമ്നാമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചിത്രങ്ങള്‍ മുഗള്‍ മിനിയേച്ചറിന്‍റെയും ഇന്ത്യന്‍ ചിത്രകലാ ചരിത്രത്തിലേയും പ്രധാന മാതൃകകളുമാണ്. റസമ്നാമയിലെ ഹരിവംശമൊഴികെയുള്ള ഭാഗങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ ഇപ്പോള്‍ ലഭ്യമാണ്. ഇത്രമേല്‍ പ്രാധാന്യമുള്ള രചനയാണെങ്കിലും റസമ്നാമയ്ക്ക് ഇന്ത്യയിലെ മഹാഭാരതപഠനങ്ങളില്‍ കാര്യമായ ഇടമൊന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മഹാഭാരതത്തെ കുറിച്ച് ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഗ്രന്ഥങ്ങളിലോ പ്രബന്ധ/പഠന സമാഹാരങ്ങളിലോ റസമ്നാമ ഇപ്പോഴും അദൃശ്യ സാന്നിധ്യമാണ്. മഹാഭാരതത്തിന്‍റെ ജനസംസ്കാര ജീവിതത്തെക്കുറിച്ചും നാടോടി വാങ്ങ്മയങ്ങളെക്കുറിച്ചും ഒട്ടൊക്കെ ഇത് തന്നെ പറയാം.

പത്തൊന്‍പതാം ശതകത്തിന്‍റെ രണ്ടാം പകുതിയില്‍ ദേശീയബോധം വേരോടി തുടങ്ങിയ സന്ദര്‍ഭത്തിലാണ് മഹാഭാരതം ഉള്‍പ്പടെയുള്ള പ്രാചീനഗ്രന്ഥങ്ങളെ ദേശീയ പാരമ്പര്യം എന്ന നിലയില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ പ്രബലമായത്. മതാത്മക പാരമ്പര്യത്തെ ദേശീയപാരമ്പര്യമായി പുനര്‍വിഭാവനം ചെയ്യുന്ന സന്ദര്‍ഭമായിരുന്നു അത്. പുറമേയ്ക്ക് മതനിരപേക്ഷമായിരുന്നപ്പോഴും അവയുടെ മതാത്മകധ്വനികളെ കൈവിടാന്‍ ഈ പുനര്‍വിഭാവന ശ്രമങ്ങള്‍ സന്നദ്ധമായിരുന്നില്ല. അതുകൊണ്ട് തന്നെ ഒരുഭാഗത്ത് ഹൈന്ദവേതരമായ മഹാഭാരതപാഠങ്ങളേയും മറുഭാഗത്ത് ദേശീയപദവി അവകാശപ്പെടാനാകാത്ത പ്രാദേശിക നാടോടി പാരമ്പര്യങ്ങളേയും ഈ പുനര്‍വിഭാവനപദ്ധതി മിക്കവാറും കൈയൊഴിഞ്ഞു. മഹാഭാരതം സംസ്കൃതബദ്ധവും ബ്രാഹ്മണികവുമായ ദേശീയപാഠമായി ഉയര്‍ന്നുവന്ന സന്ദര്‍ഭം ഇതാണ്. ഇപ്രകാരം പുനസ്ഥാപിക്കപ്പെട്ട ഈ മഹാഭാരതപാഠത്തെയാണ് അനുകൂലികളും പ്രതികൂലികളും മഹാഭാരതമായി മനസ്സിലാക്കിയത്. അതോടെ മഹാഭാരതത്തിന്‍റെ നാടോടി രൂപങ്ങള്‍ ഒരുഭാഗത്തും അതിന്‍റെ പേര്‍ഷ്യന്‍-അറബിക് പാഠങ്ങള്‍ മറുഭാഗത്തും ഇന്ത്യന്‍ പൊതുബോധത്തില്‍ നിന്നും വിസ്മൃതമായി.

പേര്‍ഷ്യന്‍-ഇസ്ലാമിക് സംസ്കൃതിയിലെ സങ്കല്‍പ്പങ്ങള്‍ക്കിണങ്ങുന്ന വിധത്തില്‍ ഏകദൈവ വിശ്വാസത്തിലേക്കും പരമശക്തനും സ്രഷ്ടാവുമായ ഏകദൈവത്തിലേക്കും ചാഞ്ഞ് നില്‍ക്കുന്ന വിവരണങ്ങളും റസമ്നാമയിലുണ്ട്. ഒരു ഭാഗത്ത് സംസ്കൃത പാരമ്പര്യത്തെ പേര്‍ഷ്യനിലേക്ക് ആനയിക്കലും മറുഭാഗത്ത് ഇസ്ലാമിക ഭാവനയെ മഹാഭാരതത്തില്‍ സന്നിവേശിപ്പിക്കലുമായി വിവര്‍ത്തനം പരിണമിക്കുന്നു. ഭരണാധികാരിയുടെ ആത്യന്തികമായ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്ന ഒന്നായി ശാന്തിപര്‍വ്വത്തെ പുനരാഖ്യാനം ചെയ്യുകയാണ് റസമ്നാമ ചെയ്യുന്നത്. അക്ബറും യാഥാസ്ഥിതിക മുസ്ലിം പണ്ഡിതരുമായി ഉണ്ടായിരുന്ന തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിന് സവിശേഷമായ പ്രാധാന്യമുണ്ട്. മതാധികാരത്തിന്‍റെ പിടിയില്‍ നിന്നും രാജാവിന്‍റെ അധികാരത്തെ ഉയര്‍ത്തിനിര്‍ത്തുന്ന ഒരു വ്യാഖ്യാനമായി പേര്‍ഷ്യന്‍ പാഠത്തിലെ ശാന്തിപര്‍വ്വം മാറിത്തീര്‍ന്നിരിക്കുന്നു. ഭഗവദ്ഗീത വിവര്‍ത്തനത്തില്‍ കൃഷ്ണന്‍റെ പരമാത്മാവ് എന്ന പദവിയെ ഇസ്ലാമിക ദൈവദര്‍ശനത്തിന് ഉതകുന്ന വിധത്തില്‍ പുനക്രമീകരിക്കുന്നത് ഗീതാവിവര്‍ത്തനത്തില്‍ പ്രകടമാണ്. രാജധര്‍മ്മത്തെ കുറിച്ചുള്ള മനുവിന്‍റെ നിരീക്ഷണങ്ങളെ അക്ബറുടെ നിരീക്ഷണങ്ങളുമായി പലയിടത്തും റസമ്നാമ തുലനപ്പെടുത്തുന്നു. ഇങ്ങിനെ മത-ധര്‍മ്മ ഗ്രന്ഥം എന്നതില്‍ നിന്ന് മാറി, രാജവാഴ്ച്ചയേയും അധികാരത്തേയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന രാഷ്ട്രമീമാംസാ ഗ്രന്ഥമായി റസമ്നാമ പരിണമിക്കുന്നു. അക്ബറുടേയും മുഗള്‍ സാമ്രാജ്യാധികാരത്തിന്‍റെയും സാധൂകരണത്തിന് ഏറ്റവും ഉപയുക്തമായ പ്രാചീന ഭാരതീയ ഗ്രന്ഥങ്ങളില്‍ ഒന്നായി മഹാഭാരതം പരിഗണിക്കപ്പെട്ടു.

Abu Fazal (1551- 1602)

അക്ബറുടെ നിര്‍ദ്ദേശപ്രകാരം കൊട്ടാരം ചരിത്രകാരനായ അബു ഫസല്‍ തയ്യാറാക്കിയ ആമുഖപഠനമാണ് റസമ്നാമയുടെ ചരിത്രജീവിതത്തിലെ മറ്റൊരു സുപ്രധാന പടവ്. അക്ബറുടെ കൊട്ടാരത്തില്‍ അരങ്ങേറിയിരുന്ന വിവര്‍ത്തനശ്രമങ്ങളുടെ പ്രേരണയും സൈദ്ധാന്തിക ചട്ടക്കൂടും എന്തായിരുന്നു എന്നതിനെക്കുറിച്ചുള്ള ഏറ്റവും വിശദമായ വിവരണം അബു ഫസലിന്‍റെ ആമുഖമാണ്. മുസ്ലിങ്ങളിലെ വിവിധ വിഭാഗങ്ങള്‍ക്കിടയിലും, ഒപ്പം തന്നെ മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ഇടയിലുള്ള ഭിന്നതകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്ബര്‍ ഈ വിവര്‍ത്തനസംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് അബുഫസല്‍ വിശദീകരിക്കുന്നു.

ഇന്ത്യയുടെ ദേശീയമായ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല മഹാഭാരത പ്രഭാവവും വ്യാപനവും. മഹാഭാരതത്തിന്‍റെ ദക്ഷിണപൂര്‍വേഷ്യന്‍ വ്യാപന ചരിത്രം മൊത്തത്തില്‍ പരിശോധിച്ചാല്‍, ആഴമേറിയ സാംസ്കാരിക പ്രക്രിയയായി ജനജീവിതത്തിലുടനീളം അത് സ്വാധീനം ചെലുത്തിയ ഒരിടം ഇന്തോനേഷ്യയാണ് എന്ന് കാണാന്‍ കഴിയും. നിത്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ മുന്‍നിര്‍ത്തി വിലയിരുത്തിയാല്‍, ഇന്തോനേഷ്യന്‍ ജീവിതത്തില്‍ മഹാഭാരതം ചെലുത്തിയതിന് തുല്യമായ സ്ഥാനം അതിന് ഇന്ത്യയിലെ ജനജീവിതത്തില്‍ പോലും ഇല്ലെന്നാണ് പല പണ്ഡിതരും നിരീക്ഷിക്കുന്നത്. മതം, ദേശീയത, തനിമ തുടങ്ങിയ സങ്കല്‍പ്പനങ്ങളും അവയെ മുന്‍നിര്‍ത്തി പണിതുയര്‍ത്തിയ മിഥ്യാഭിമാനങ്ങളും നിരര്‍ത്ഥകമാവുന്ന സന്ദര്‍ഭമാണിത്. മഹാഭൂരിപക്ഷം ജനങ്ങളും മുസ്ലീങ്ങളായ ഒരു വിദേശ രാജ്യത്താണ് ഭാരതീയ ഇതിഹാസമെന്ന് പുകഴ്പെറ്റ മഹാഭാരതത്തിന്‍റെ ചരിത്രജീവിതം ഇത്രമേല്‍ സമൃദ്ധവും സമ്പന്നവുമായിരിക്കുന്നത്. ജപ്പാനിലും മംഗോളിയയിലും തായ്‌ലാന്റിലും കമ്പോഡിയയിലും മറ്റും ഭിന്ന ഭിന്നങ്ങളായ പ്രാകാരങ്ങളില്‍ ജീവിച്ചതിന്‍റെ കഥകള്‍ കൂടി ചേരുമ്പോഴേ മഹാഭാരതത്തിന്‍റെ ജീവിതചരിത്രം പൂര്‍ത്തിയാകുന്നുള്ളൂ.

സാംസ്കാരികചരിത്രം എന്ന വാങ്മയം നമ്മുടെ മനസ്സില്‍ പൊതുവില്‍ പതിപ്പിക്കുന്ന ധാരണാബിംബത്തെ തകര്‍ത്തുകൊണ്ടാണ് ഇളയിടം തന്‍റെ പുസ്തകത്തിന്‍റെ രീതിശാസ്ത്രത്തെ ഉള്‍ക്കൊണ്ടിരിക്കുന്നത്. സാംസ്കാരികചരിത്രം എന്ന സങ്കല്‍പ്പനത്തിന് റെയ്മണ്ട് വില്യംസ് നല്‍കിയ നിര്‍വചനത്തിന്‍റെ മാര്‍ഗ്ഗരേഖയിലാണ് പുസ്തകത്തിന്‍റെ രീതിശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്. സംസ്കാര ചരിത്രം എന്നാല്‍ സാമൂഹികജീവിതത്തിലെ ഒരു സവിശേഷ ഘടകമായി സംസ്കാരത്തെ പരിഗണിച്ചുകൊണ്ട് അതിന്‍റെ ചരിത്രം എഴുതുക എന്ന നിലയിലല്ല ഇവിടെ പരിഗണിക്കപ്പെട്ടിട്ടുള്ളത്. സാംസ്കാരികം എന്നത് വിഷയത്തെ അല്ല വിശകലന രീതിയായാണ് പരിഗണിച്ചിരിക്കുന്നത്. റെയ്മണ്ട് വില്ല്യംസ് whole way of life എന്നാണ് സംസ്കാരത്തിന് കൊടുത്ത നിര്‍വചനം. ഒരു ജനസമൂഹം തങ്ങളുടെ ജീവിതായോധനത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുന്ന മുഴുവന്‍ പ്രയോഗങ്ങളേയും ഉള്‍ക്കൊള്ളുന്ന ബന്ധവ്യവസ്ഥയായാണ് റെയ്മണ്ട് വില്യംസ് അതിനെ വിവരിച്ചത്. ഈ ബന്ധവ്യവസ്ഥയിലെ ഏതെങ്കിലുമൊരു ഘടകത്തെയാണ് സംസ്കാരം എന്നത് കൊണ്ട് സാധാരണഗതിയില്‍ വിവക്ഷിച്ചിരുന്നത്. എന്നാല്‍ ഇവിടെ ആ ബന്ധവ്യവസ്ഥയെ ആകമാനമാണ് സാംസ്കാരികമായി കാണുന്നത്. ഈ വീക്ഷണത്തിന്‍റെ പശ്ചാത്തലത്തില്‍ നോക്കിയാല്‍ ഈ പുസ്തകത്തിനെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള മറുപടി, സംസ്കാരം എന്ന സങ്കല്‍പ്പനത്തെ പിന്‍പറ്റിയുള്ള രീതിശാസ്ത്രത്തില്‍ തന്നെ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന്കാണാം. ഇത്തരമൊരു രീതിശാസ്ത്രത്തെ പിന്‍പറ്റി എഴുതിയിട്ടുള്ള ഒരു പുസ്തകത്തിലെ ഏതെങ്കിലും ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തോ അഥവാ പുസ്തകത്തില്‍ സാന്ദര്‍ഭികമായി സ്വീകരിച്ചിട്ടുള്ള രണ്ടോ മൂന്നോ വീക്ഷണകോണുകളെ കേന്ദ്രീകരിച്ചോ ഒരു തീര്‍പ്പില്‍ എത്തി നിന്നുകൊണ്ട് ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ പുസ്തകത്തിന്‍റെ സമഗ്രസ്വരൂപത്തിന് മുന്നില്‍ അപ്രസക്തമാവുകയാണ് ചെയ്യുന്നത്. സമഗ്രസ്വരൂപം എന്നത് കൊണ്ട് ഉദ്ദേശിച്ചത് പണിക്കുറ്റം തീര്‍ന്ന് തികവാര്‍ന്ന ഒന്ന് എന്ന അര്‍ത്ഥത്തിലല്ല. മറിച്ച് പരസ്പരം പ്രവര്‍ത്തിക്കുന്ന പലതരം വൈരുധ്യങ്ങളാല്‍ നിറഞ്ഞ വിപുലമായ ഒരു ബന്ധവ്യവസ്ഥ എന്ന നിലയിലാണ്. അതിന്‍റെ ഘടകരൂപങ്ങളെ ചികഞ്ഞെടുത്ത് അതിലേക്ക് മാത്രമായി വിമര്‍ശനം ഉന്നയിക്കുന്നത് പുസ്തകം മുന്നോട്ട് വയ്ക്കുന്ന അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ക്ക് തന്നെ വിരുദ്ധമാണ് എന്നതാണ് .

ആധുനിക ദശയില്‍ മതാത്മകമായി കെട്ടിയുറപ്പിക്കപ്പെട്ട മഹാഭാരതപാഠത്തെ മതനിരപേക്ഷമായി കെട്ടഴിച്ച് വിടാനുള്ള ശ്രമമാണ് ഈ പുസ്തകത്തിന്‍റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്നായി പുസ്തകത്തിന്‍റെ ആമുഖത്തില്‍ ഇളയിടം എഴുതുന്നത്. അത്തരമൊരു രീതിശാസ്ത്രം ബോധപൂര്‍വ്വം അവലംബിച്ചില്ലെങ്കില്‍ പോലും മഹാഭാരതം എന്ന ഇതിഹാസ പുസ്തകത്തിനകത്തും പുറത്തുമായുള്ള അതിന്‍റെ ചരിത്രജീവിതത്തെ വസ്തുതാപരമായി വിശകലനം ചെയ്യുമ്പോള്‍ അത് മതനിരപേക്ഷമായി സ്വയം കെട്ടഴിയുന്നതായി നാം കാണുന്നു. “മഹാഭാരതം സാംസ്കാരിക ചരിത്രം” എന്ന പുസ്തകത്തിന്‍റെ ആശയപരമായ ഉള്ളടക്കത്തിനൊപ്പം ഈ പുസ്തം അവലംബിച്ചിരിക്കുന്ന രീതിശാസ്ത്രവും പ്രധാനമാണ്. ഏതൊരു സമൂഹത്തിന്‍റെയും ചരിത്രവും മിത്തുകളും ഒരൊറ്റ വീക്ഷണകോണില്‍ മനസിലാക്കുന്നതിലപ്പുറം അതിനെ അതിന്‍റെ ഭിന്ന തലങ്ങളിലുള്ള സാംസ്കാരിക കലര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം മനസിലാക്കപ്പെടേണ്ടത് എന്ന ആധുനികവും മതനിരപേക്ഷവും ജനാധിപത്യപരവുമായ ഒരു പരിചരണമൂല്യത്തെ അത് മുന്നോട്ട് വയ്ക്കുന്നു.

പറയാനുദ്ദേശിക്കുന്ന ആശയങ്ങളെ അടിവരയിട്ടുറപ്പിക്കുന്ന അടഞ്ഞ ഒരൊറ്റ പുസ്തകമല്ല ഇളയിടത്തിന്‍റെ “മഹാഭാരതം സാംസ്കാരിക ചരിത്രം”. പല പുസ്തകങ്ങളിലേക്കും, അത് വഴി പലതരം സമീപനങ്ങളിലേക്കും, ജ്ഞാനവ്യവഹാരങ്ങളിലേക്കും തുറന്നിരിക്കുന്ന പുസ്തകമാണത്. അതിന്‍റെ സ്വരൂപം അടഞ്ഞതല്ല തുറന്നതാണ്. ഈ തുറവികള്‍ നമ്മുടെ പരമ്പാരാഗത ധാരണകളെ പലതിനേയും അപനിര്‍മ്മിക്കുന്നു. നമുക്ക് മുന്നില്‍ തുറന്നിട്ട വാതിലുകളിലൂടെ അന്വേഷണാത്മകതയുടെ നിരവധി പാതകള്‍ തെളിഞ്ഞ് വരുന്നു. ഇതാണ് ഈ പുസ്തകം നമ്മുടെ ചിന്താമണ്ഡലത്തില്‍ ചെലുത്തുന്ന ഏറ്റവും പ്രധാന സ്വാധീനം. ഇത് നിലവിലെ ഹിന്ദുത്വ ആശയത്തിന്‍റെ അസംബന്ധങ്ങളെ തുറന്ന് കാട്ടുന്നു എന്ന് മാത്രമല്ല ചരിത്രത്തെ ഏകപക്ഷീയമായി രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഏതൊരു രാഷ്ട്രീയ ഉദ്യമത്തേയും പ്രതിരോധിക്കുകയും ചെയ്യുന്നു.

ഇലിയഡും ഒഡീസിയും പോലെ ലോകത്ത് പലയിടത്തും ഇതിഹാസപാഠങ്ങളുണ്ട്. എന്നാല്‍ അതിലെ കഥാപാത്രങ്ങളും കഥയും കേവലം സാഹിതീയമൂല്യമായി മാത്രം അവശേഷിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ സാഹചര്യം വ്യത്യസ്തമാണ്. ഇതിഹാസ കഥാപാത്രങ്ങള്‍ നമ്മുടെ ജീവിതപരിസരങ്ങളില്‍ തന്നെയുണ്ട്. അത് കേവലം മതപരം മാത്രമല്ല. അതിനപ്പുറം പോകുന്ന ജീവിതം ആ കഥാപാത്രങ്ങള്‍ക്ക് കൈവന്നത് ആധുനിക ദേശീയഭാവനയുമായി അവയ്ക്കുള്ള വിനിമയശേഷി കൊണ്ട് കൂടിയാണ്. ആധുനികമായ ചില ആവശ്യങ്ങള്‍ക്ക് പൗരാണികമായ ഉത്തരം നല്‍കിക്കൊണ്ട് മഹാഭാരതം പുതിയ കാലത്തും പ്രവര്‍ത്തിച്ചു, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മഹാഭാരതത്തെ കുറിച്ച് ഇന്നും പറയേണ്ടി വരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം ഇതാണ്.

എഴുത്തുകാരന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളേയും ഉദ്യമങ്ങളേയും മാറ്റിനിര്‍ത്തി നോക്കിയാല്‍ ഈ പുസ്തകം മഹാഭാരതമെന്ന ബൃഹദ്പാഠത്തെ ഏത് നിലയില്‍ അവതരിപ്പിക്കുന്നു എന്ന അന്വേഷണം പ്രധാനമാണ്. ഒന്നാമതായി അത് മഹാഭാരതത്തെ ഒരൊറ്റ പുസ്തകമായി കാണുന്നില്ല എന്നതാണ്. മഹാഭാരതത്തിന്‍റെ ഇതിഹാസ ജീവിതം വ്യാസമഹാഭാരതം എന്ന പുസ്തകത്തിനുള്ളിലല്ല മറിച്ച് പുസ്തകത്തിന് പുറത്താണ്. സഹസ്രാബ്ദങ്ങളുടെ നിലയ്ക്കാത്ത ധാരയില്‍ കലര്‍ന്നും പിരിഞ്ഞും കൂട്ടിച്ചേര്‍ത്തും വൈരുദ്ധ്യാത്മകമായ നിരവധി പടവുകള്‍ സഞ്ചരിച്ചെത്തിയ ഒരു പാരമ്പര്യമാണത്. അതിനെ രാഷ്ട്രീയമോ സാമൂഹികമോ സാംസ്കാരികമോ ആയ യാതൊരു ശരിതെറ്റുകളിന്മേലും കൂട്ടിക്കെട്ടാന്‍ സാധിക്കില്ല. അതിന് ഒന്നിനോടും പ്രത്യേക മമതയില്ല, ആപേക്ഷിക വീക്ഷണങ്ങളില്ല, കാല-ദേശ അതിരുകളില്ല, ദാര്‍ശനിക ഉത്തരങ്ങളില്ല, പ്രത്യയശാസ്ത്ര അടിത്തറകളില്ല, മതാത്മകമായ കൂറില്ല. ആകെയുള്ളത് അതിനോടൊപ്പം സഞ്ചരിച്ച മനുഷ്യരോട് ചേര്‍ന്നുള്ള ജീവിതം മാത്രമാണ്.

പരസ്പര വിരുദ്ധം എന്ന് കരുതപ്പെടുന്ന വിവിധ ചരിത്ര സന്ധികളില്‍ മഹാഭാരതം ഇരു ഭാഗവും ചേര്‍ന്ന് ജീവിച്ചു. ബൌദ്ധ ദര്‍ശനങ്ങള്‍ക്കൊപ്പവും ഹൈന്ദവ പാരമ്പര്യങ്ങള്‍ക്കൊപ്പവും അത് ജീവിച്ചു. മുഗള്‍ സാമ്രാജ്യത്തിന്‍റെ സാംസ്കാരികവും രാഷ്ട്രീയവുമായ ആശയങ്ങളായി പ്രവര്‍ത്തിച്ചു. ബ്രാഹ്മണ്യത്തിന്‍റെ പ്രചാരണോപാധി ആയിരിക്കുമ്പോഴും കീഴ്ത്തട്ടിലെ ജനങ്ങളുടെ നിത്യജീവിതത്തില്‍ ജനസംസ്കാരരൂപങ്ങളുമായി ഒത്തു ചേര്‍ന്നു. ദേശീയമായ അതിര്‍ത്തിക്കുള്ളില്‍ വംശാവലി ചരിത്രമായി മഹാഭാരതത്തെ ഒതുക്കാന്‍ നോക്കുമ്പോള്‍ അത് അതിര്‍ത്തികള്‍ ഭേദിച്ച് പല രൂപങ്ങളില്‍ പടരുന്നു. ദേശീയപ്രസ്ഥാനത്തില്‍ അത് ഐക്യത്തിന്‍റെ പ്രതിരൂപമായി മാറിയപ്പോള്‍ വര്‍ത്തമാന കാലത്തില്‍ ദേശീയതലത്തില്‍ തന്നെ അതിനെ ഭിന്നിപ്പിന്‍റെ ആയുധമാക്കി മാറ്റുന്നു. അങ്ങിനെ മഹാഭാരതം അതിന്‍റെ ജീവിതം നിര്‍ബാധം തുടരുന്നു.

സമൂഹത്തില്‍ ആഴത്തില്‍ വേരോടിക്കിടക്കുന്ന അതിബൃഹത്തായ ഒരു മിത്തിനെ അധികരിച്ചുണ്ടായ ഒരു ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി, അതിന്‍റെ സഹസ്രാബ്ദങ്ങളായുള്ള ജീവിതത്തേയും സാംസ്കാരിക പരിണാമങ്ങളേയും ആലോചനയ്ക്കെടുത്ത്, ഒരു ദേശസമൂഹത്തിന്‍റെ തന്നെ സാംസ്കാരിക ചരിത്രത്തെ പഠനവിധേയമാക്കുകയും അതിനെ വായനയുടേയും പൊതുചര്‍ച്ചകളുടേയും ഒരു ജനകീയ മണ്ഡലത്തില്‍ നിക്ഷേപിക്കുകയും ചെയ്യുക എന്നത് ചരിത്രത്തെ നൈതികമായി അഭിസംബോധന ചെയ്യുക എന്നതിന്‍റെ ഒരു ഭാഗമാണ്. സമൂഹത്തില്‍ നിന്ന് പുസ്തകത്തിലേക്കും തുടര്‍ന്ന് പുസ്തകത്തില്‍ നിന്ന് സമൂഹത്തിലേക്കും പലതരം ജീവിതങ്ങള്‍ കൈമാറിയ ഇതിഹാസ സമാനമായ ഒരു ഗ്രന്ഥം എന്ന നിലയില്‍ മഹാഭാരതത്തിന്‍റെ അത്തരമൊരു സാംസ്കാരിക വിശകലനം അര്‍ത്ഥസമ്പൂര്‍ണ്ണമായ ഒരു സാംസ്കാരിക പ്രവര്‍ത്തനം തന്നെയാണ്.

കാലത്തിന് ലംബമായി നില്‍ക്കുന്ന മഹാവൃക്ഷം എന്ന തരത്തില്‍ മറ്റൊരു രൂപകമായും മഹാഭാരതത്തെ വിഭാവനം ചെയ്യാം. ആകാശത്തേക്ക് ലോകദര്‍ശനങ്ങളുടെ ശാഖകള്‍ വീശി, ജനജീവിതങ്ങളിലേക്ക് വേരുകളാഴ്ത്തി, സാംസ്കാരികമായ മറ്റനേകം വനസ്ഥലികള്‍ ചുറ്റിലും വിരിച്ചുനില്‍ക്കുന്ന ഒരു പെരും പടര്‍പ്പ്. അവിടേക്ക് കാലാകാലങ്ങളില്‍ പലതരം ജനതതികള്‍ കടന്ന് വന്നു. അതിന്‍റെ ശീതളതയില്‍ കഴിഞ്ഞുകൂടി, അതിലേക്ക് തങ്ങളുടെ സാംസ്കാരിക മുളപ്പുകള്‍ നല്‍കി, അതില്‍ നിന്ന് ആവശ്യമായ ഫലങ്ങള്‍ സ്വീകരിച്ചു, കാലത്തിന്‍റെ പൊരുളിലേക്ക് പൊലിഞ്ഞു പോയി. മഹാഭാരതം നിര്‍മ്മമായി നിലകൊണ്ടു. ഇനിയും വരാനുള്ളവരെ കാത്ത് നിലനില്‍ക്കുന്നു. അത്തരം ഒരു പെരുംപടര്‍പ്പിന്‍റെ സമഗ്രതയിലേക്കും സൂക്ഷ്മതയിലേക്കും നമ്മുടെ കാഴ്ചകളെ ആനയിക്കുന്നു എന്നതാണ് ഇളയിടത്തിന്‍റെ ഈ പുസ്തകം നിര്‍വഹിക്കുന്ന പ്രധാന ദൗത്യം.

Comments

comments