മഹത്തായ ഇന്ത്യൻ കർഷകസമരത്തിന് ഐക്യദാർഢ്യവും സാഹോദര്യവും പറഞ്ഞുകൊണ്ട്…
കോൾപ്പാട്ട് *
തളിരു പൊട്ടി-
ച്ചിരിച്ച പച്ച-
പ്പടവിലേക്കെന്നും
കിഴക്കുനിന്നും
വെയിൽ വിളക്കും
തെളിച്ചു വന്നോനേ
പകൽ മുഴുവൻ
നിനക്കു മേയാൻ
പരന്ന കോളില്ലേ?
ഇരുട്ടിയാൽ പോയ്
കിടന്നുറങ്ങാൻ
പുഴയ്ക്കൽ തോടില്ലേ?
മകരമഞ്ഞിൻ
വെളുത്ത പഞ്ഞി –
ത്തലയിണ ചാരി
ഇടയ്ക്കു കൂർക്കം
വലിച്ചുറങ്ങും
കുഴിമടിക്കാറ്റേ
പകൽ മുഴുവൻ
വയലു കോതി
ത്തളർന്നുപോയെന്നോ?
ഇരവിലെപ്പേ-
മഴ നനഞ്ഞ്
പനിപിടിച്ചെന്നോ?
അതിരെഴാത്ത
ദിഗന്തവയൽ-
പ്പരപ്പിലെമ്പാടും
കതിരു തിങ്ങി
വിളഞ്ഞു, പൊന്നിൻ
നിറമണിയുമ്പോൾ
പുലവരമ്പ-
ത്തുദിച്ച തിങ്കൾ-
ക്കൊയിത്തരിവാളേ
അലകിരുമ്പിൽ
പഴയ കോരി-
ത്തരിപ്പുണർന്നോടീ
പകൽവിളുമ്പ-
ത്തിരുന്നിരുന്ന്
തുരുമ്പെടുത്തോളേ
അരിഞ്ഞരിഞ്ഞ-
ങ്ങടുക്കുമോർമ്മ-
ക്കളം നിറഞ്ഞോടീ
———————
* തൃശൂരിലെ അടാട്ട് കോൾപ്പാടം.
ചിത്രങ്ങൾ: അൻവർ അലി
കവിത ചൊല്ലിയത് : അൻവർ അലി
Be the first to write a comment.