ഗോപാല്‍ ഹൊന്നാല്‍ഗെരെ
ഗോപാല്‍ ഹൊന്നാല്‍ഗെരെ കര്‍ണ്ണാടകത്തിലെ ബീജാപ്പൂരില്‍ 1942-ല്‍ ജനിച്ചു. മൈസൂരിലും ശാന്തിനികേതനിലും പഠിച്ചു. സ്കൂള്‍ ടീച്ചറായി ചിത്രകലയും ഇംഗ്ലീഷില്‍ സര്‍ഗരചനയും അഭ്യസിപ്പിച്ചു. പലപ്പോഴും ജോലി ഇല്ലായിരുന്നു. ആദ്യത്തെ രണ്ടു സമാഹാരങ്ങള്‍ പി ലാലിന്റെ റൈറ്റേഴ്സ് വര്‍ക്ക്‌ഷോപ്പ് പ്രകാശിപ്പിച്ചു, പിന്നെ നാലു പുസ്തകങ്ങള്‍ സ്വന്തമായി പ്രസിദ്ധീകരിച്ചു. അധികം കവിതകളും കൂട്ടുകാര്‍ക്കയച്ച കത്തുകളിലാണ്. 2003-ല്‍ മരിച്ചു. ഇയ്യിടെ കവിതകള്‍ കിട്ടാവുന്നത്ര ഒന്നിച്ച് കെ എ ജയശീലന്‍ എഡിറ്റ് ചെയ്തു ബോംബെയിലെ പോയട്രിവാല പ്രസിദ്ധീകരിച്ചു
മൂന്നു കവിതകള്‍
പഞ്ച്ഗനിയിലെ മണ്‍സൂണ്‍
വാസ്തവത്തില്‍ തുടര്‍ച്ചയായി പെയ്യുന്ന
ഒരു മഴയേയുള്ളൂ.
പക്ഷെ നാം എല്ലാറ്റിനും പേരും നാളും
കൊടുത്തിട്ടുണ്ട്, അതുമായി നാം വളരുന്നു
ടെലഫോണ്‍ മിണ്ടാതാക്കിയ
ഇന്നലത്തെ മഴ
നഗരം മുക്കിക്കളഞ്ഞു
മഴപ്പനി പരത്തിയ
ഇന്നത്തെ മഴ, ഇങ്ങിനെയൊക്കെ പറഞ്ഞ്.
എവിടെയോ ആരോ മഴവെള്ളം അളന്ന്
ആശുപത്രിയിലെ പനിയുടെ ചാര്‍ട്ട് പോലെ
ഒരു ഗ്രാഫ് വരയ്ക്കുന്നു.
ഇന്നലത്തെ പെരുമഴയില്‍ വളഞ്ഞു പോയി
എന്റെ പഴങ്കുടയുടെ മൂന്നു വില്ലുകള്‍
ഇന്ന് ഞാന്‍ വീണ്ടും താഴ്വാരത്തിലൂടെ നടക്കുന്നു
കുട പെരുമഴപ്പെയ്ത്തിന്നെതിരെ
ഒരു പ്രത്യേകതരത്തില്‍ ചെരിച്ചു പിടിച്ച്,
മഴ തന്നെ വളഞ്ഞ വില്ല്
നേരെയാക്കുമെന്നാശിച്ച്.
പിന്നെയും നടക്കുമ്പോള്‍
എന്റെ കണ്ണട നനയുന്നു
ഞാനത് വിടാതെ തുടയ്ക്കുന്നു,
എന്റെ പാതി ഈറനായ തൂവാല കൊണ്ട്
ഞാന്‍ വാക്കുകള്‍ കെട്ടിയവനാണ്
വാക്കുകളെ മാറ്റിയെടുക്കാന്‍ മാത്രം
ഞാന്‍ വിവേകിയാകേണ്ടിയിരുന്നു
അവയെ ഒരൂര്‍ജ്ജമാക്കാന്‍, എന്നിട്ട്
ഒരു പക്ഷെ വാക്കുകള്‍ ഉത്ഭവിക്കുന്ന
ഹൃദയവും തലച്ചോറും
ഒരു ബാറ്ററി പോലെ ചാര്‍ജു ചെയ്യാന്‍
ആ ഊര്‍ജ്ജം കൊണ്ട്
എന്റെ കണ്ണട വൃത്തിയായി തുടയ്ക്കുന്ന
രണ്ടു വൈപ്പറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍.
എവിടെയോ ആ പഴയ റാസ്കല്‍
കാട്ടുപുള്ള് നിര്‍ത്താതെ
ഒരു ശീല് പാടുന്നു
മഴയ്ക്കും എന്റെ ചിന്തയ്ക്കും ഒന്നും
അവനെ തടുക്കാനാവില്ലെന്ന പോലെ.
ഞാന്‍ ഇനിയും മുന്നോട്ടു പോകുമ്പോള്‍,
ഹേ, കാട്ടുപുള്ളേ
എന്നെ മിണ്ടാതെ
നനഞ്ഞു കുതിരാന്‍ പഠിപ്പിക്കൂ
മരങ്ങള്‍ക്ക്
കുന്നുകളില്‍ വളരാന്‍
വേരുകളുണ്ട്
വള്ളികള്‍ക്ക് പിടിച്ചു കയറാന്‍
ചുരുള്‍വേരുകളുണ്ട്
കയ്യും കാലും തലച്ചോറും വാക്കുകളുമുള്ള
നാം മനുഷ്യരും
മഴവെള്ളത്തില്‍ പുനര്‍ജനിക്കണം.
ഹനുമാന്‍ജി
ആഞ്ജനേയന്‍ എന്ന
വായുദേവനായി ജനിച്ചു
കുട്ടിക്കാലത്ത് ഉദയസൂര്യന്‍
പഴുത്ത ആപ്പിളാണെന്നു കരുതി
അത് പറിയ്ക്കാന്‍
ആകാശത്തേയ്ക്ക് ചാടി
സ്വയം ശ്രീരാമന് കീഴടങ്ങി
ദൈവങ്ങളെക്കാള്‍ കരുത്തനായി.
ഒരിക്കല്‍ കടല്‍ കടക്കുമ്പോള്‍
കടല്‍ക്കരയില്‍ കുളിച്ചു കൊണ്ടിരുന്ന
ഒരപ്സരസ്സ് ഗര്‍ഭവതിയായി,
അത്രയ്ക്ക് ഉറച്ച ബ്രഹ്മചാരിയായിരുന്നു,
മഹാഭക്തനും.
മൂപ്പരുടെ സഹായമില്ലാതെ
ശ്രീരാമന്‍ യുദ്ധം ജയിക്കില്ലായിരുന്നു
മൂപ്പര്‍ക്കു മരണമില്ല
രാമായണത്തിലും
മഹാഭാരതത്തിലും
ഒരു പോലെ പ്രത്യക്ഷപ്പെട്ട്
രണ്ടിനെയും കൂട്ടിയിണക്കുന്നവന്‍.
ഭാഗവതര്‍ പറഞ്ഞ പോലെ ,
“ ഭക്തര്‍ എവിടെ ശ്രീരാമന്റെ
കീര്‍ത്തനം പാടിയാലും
ഹനുമാന്‍ജി നിറകണ്ണും
തൊഴുകയ്യുമായി
ആരുമറിയാതെ
ഒരു മൂലയില്‍ വന്നു നില്‍ക്കും”
പുള്ളിയുടെ വാലിന്
എത്ര വേണമെങ്കിലും നീളം വെയ്ക്കും
പുള്ളിയുടെ ഭക്തിയേയും
ശക്തിയേയും കുറിച്ചുള്ള
കഥകള്‍ പോലെ തന്നെ.
ഇയ്യിടെ ഹരികഥ പറയുന്ന
ഭാഗവതരുടെ വീട്ടില്‍ ചെന്നപ്പോള്‍
അവിടെ സഞ്ജീവനിമല
ചുമന്നു പറക്കുന്ന
ഹനുമാന്‍ജിയുടെ
ചിത്രമുള്ള ഒരു കലണ്ടര്‍
മലയുടെ ഉച്ചിയില്‍
ഡോക്ടര്‍ ബാബുറാവു പട്ടേലിന്റെ
ശിവശക്തി ടോണിക്കിന്റെ ഒരു കുപ്പി
കരുത്തിനും ഓജസ്സിനും
വീര്യത്തിനും ഒന്നാംതരം
500 മില്ലി. 1000 മില്ലി
5 രൂപാ മാത്രം
കുടുംബത്തിനു മുഴുവന്‍
ഒരു കുപ്പി 7.50
വികാരത്തിന്റെ രണ്ടു മുഖങ്ങള്‍
(ശ്രീനിവാസ് റായപ്രോളിനു)
എന്റെ കാലിന്നടിയില്‍
മണ്ണു തിന്നുതിന്ന്
എവിടെനിന്നോ
എവിടെയ്ക്കോ
ഇഴയുന്ന ഒരു ഞാഞ്ഞൂല്‍.
എന്റെ ശിരസ്സിനു മുകളില്‍
ചോരച്ചുകപ്പായ,
പേരറിയാത്ത,
25 ഗ്രാം മാത്രം തൂക്കമുള്ള,
മുവ്വായിരം നാഴിക നിര്‍ത്താതെ പറന്ന്,
13 ഗ്രാം തൂക്കമായി ചുരുങ്ങി
കൃത്യമായി ലക്ഷ്യത്തിലെത്തുന്ന
ചില കൊച്ചു ദേശാടനക്കിളികള്‍.
Be the first to write a comment.