എൻ സുകുമാരൻ (തമിഴ്)

തമിഴിൽ കവി, പരിഭാഷകൻ, എഴുത്തുകാരൻ, എഡിറ്റർ എന്നിങ്ങനെ പ്രസിദ്ധൻ. ബഷീർ, സക്കറിയ, സച്ചിദാനന്ദൻ, അടൂർ ഗോപാലകൃഷ്ണൻ എന്നിവരുടെയടക്കം നിരവധി തെരഞ്ഞെടുത്ത മലയാളം കൃതികൾ മലയാളത്തിൽ നിന്നും തമിഴിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നെരൂദ, മാർക്വിസ്, ഗുന്തർ ഗ്രാസ്സ് എന്നിവരുടെയടക്കമുള്ള കൃതികൾ ഇംഗ്ലീഷിൽ നിന്നും തമിഴിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ച് വിവർത്തനപുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മൂന്നു കവിതകൾ – സുകുമാരൻ (തമിഴ്)

1. ദില്ലി – അജ്മീർ : 390 കി.മീ. – സുകുമാരൻ (തമിഴ്)

സ്വന്തം നിഴലിനെ
മരണം പിടികൂടിയ ഈ നരക ദിനത്തിൽ
എവിടെപ്പോകുന്നു *ഫക്കീറാ?

അജ്മീർക്കു പോകുന്നു, ജനാബ്.

ഇന്ദ്രപ്രസ്ഥത്തേക്കാൾ അജ്മീർ
സുരക്ഷിതമെന്നോ ഫക്കീറാ?

കുടിപ്പകച്ചീറ്റത്തേക്കാൾ
കരുണയുടെ ചെറുപുഞ്ചിരി നല്ലത്, ജനാബ്.

എരിഞ്ഞെരിഞ്ഞു മരീചികയാളുന്ന പാതയിൽ
എത്ര ദൂരം നടക്കണം, ഫക്കീറാ?

കൈവിടലിനും ചേർത്തണയ്ക്കലിനു –
മിടയിലെത്രയോ അത്രയും ദൂരം ജനാബ്.

വഴിച്ചോറു കിട്ടാതെ പോയാൽ ഉടൽ
ഉയിരിനെത്തിന്നുമേ, ഫക്കീറാ?

കനിമരങ്ങൾ പട്ടു പോവുകയോ
ഭൂമിയുറവുകൾ വറ്റിപ്പോവുകയോ ഇല്ല ജനാബ്.

തനിച്ചു നടന്നാൽ
തളർന്നു ചാഞ്ഞു വീഴില്ലേ ഫക്കീറാ?

തനിച്ചു വന്നു തനിച്ചേ പോകുന്നോർ
തനിമയുടെ സാരം കണ്ടവരല്ലേ ജനാബ്

പല പലയിരവുകൾ പല പല പകലുകൾ
കാഴ്ച പതറില്ലേ ഫക്കീറാ?

പകലിരവു ഭേദം കണ്ണുകൾക്കല്ലേയുള്ളൂ
കാലുകളറിയുന്നതു മറയാത്ത വെളിച്ചം ജനാബ്.

എപ്പോൾ അജ്മീരിലെത്തു-
മെന്റെ,യെന്റെ ഫക്കീറാ?

നല്ല നാളുകളിലതു മൂന്നു കാലടിയായിരുന്നു.
കെട്ട കാലത്തത് തീരാത്ത ദൂരെ, ജനാബ്.

നിൻ നടപ്പിന്നു വേഗം കുറയുന്ന-
തെന്തേയെന്റെയരുമ ഫക്കീറാ?

ഞാൻ മുന്നോട്ടു നടക്കുമതേ വേഗത്തിൽ
അജ്മീർ പിന്നോട്ടു പായുന്നു ജനാബ്.

നമ്മൾക്ക് അജ്മീരിലെത്താൻ
എന്താണു മാർഗ്ഗം ഫക്കീറാ?

വാക്കുകൾ തേടാതെ
ഹൃദയം കൊണ്ടു മൊഴിഞ്ഞാൽ
നാം അജ്മീരിലെത്തും ജനാബ്.

*ഫക്കീറ – പെൺ ഫക്കീർ

2. ധനുവെച്ചപുരം രണ്ടാം ( പരിഷ്കരിച്ച) പതിപ്പ് –  സുകുമാരൻ (തമിഴ്)

1
ചങ്ങമ്പുഴയെ അറിയാം അല്ലേ നിങ്ങൾക്ക്?
കൃഷ്ണപിള്ളയെ അറിയാതെ പോയാലും
ചങ്ങമ്പുഴയെപ്പറ്റി കേട്ടിരിക്കും, ഇല്ലേ?
കപട ലോകത്തിൽ ആത്മാർത്ഥമായ
ഹൃദയം ചുമന്നിരുന്ന പരാജിത കവി.
ഓരോ രാത്രിയിലും പൂമൊട്ടിൻ നറുമണത്തിൽ
ഉറങ്ങിയെണീറ്റ പാട്ടു പിശാച്.
കൂട്ടുകാരൻ രാഘവന്റെ പ്രണയം കാവ്യനാടകമാക്കി
കോടാനുകോടി കണ്ണുകൾ പിഴിഞ്ഞവൻ.
ദരിദ്ര രാഘവനെ അവൻ രമണനാക്കി
ധനിക കാമുകിയെ പേരേയില്ലാത്തവളാക്കി.
എല്ലാക്കാമുകന്മാരും രമണന്മാർ
എല്ലാ പ്രണയിനികളും ചന്ദ്രികമാർ.

2
ചങ്ങമ്പുഴയെ അറിയാം അല്ലേ നിങ്ങൾക്ക്?
ചങ്ങമ്പുഴയെ അറിയാതെ പോയാലും
ചന്ദ്രികയെപ്പറ്റി കേട്ടിട്ടുണ്ടാകും ഇല്ലേ?
കാനനച്ഛായയിൽ പ്രേമഇടയനൊപ്പം
ആടുമേയ്ക്കാൻ വീടുവീട്ട കുലീനചന്ദ്രികയെ
അറിയാതെ പോയാലും
രാഘവനെ അറിയാം അല്ലേ നിങ്ങൾക്ക്?
പ്രേമത്തിൽ തോറ്റ് കയറിൽ തൂങ്ങിയവൻ
രാഘവനായ് മരിച്ചു രമണനായ് ജീവിക്കുന്നവൻ
ആത്മഹത്യയിലൊടുങ്ങിയ എല്ലാക്കാമുകരും രമണന്മാർ
ആത്മഹത്യയിലേക്കു തള്ളിയ എല്ലാക്കാമുകിമാരും ചന്ദ്രികമാർ.

3
ചങ്ങമ്പുഴയെ, രാഘവനെ, ചന്ദ്രികയെ
രമണനെ അറിയാതെ പോയാലും
ധനുവെച്ചപുരം അറിയുമല്ലോ നിങ്ങൾക്ക്?
വണ്ടി നിൽക്കുമ്പോഴെല്ലാം ആരെങ്കിലും
ധനുവൈത്തപുരം എന്നു
തിരുത്തി ഉച്ചരിക്കുന്ന പേരുള്ള ഊര്.
എല്ലാ ഊരും ഇന്നു ധനുവെച്ചപുരം തന്നെ എന്ന്
പശുവയ്യാ പണ്ടു സാക്ഷ്യം പറഞ്ഞ ഇടം.

ഇന്നും വണ്ടി നിൽക്കും
ഞാനും ശരിയായി ഉച്ചരിക്കും ധനു വൈത്ത പുരം
നിന്ന വണ്ടി നീങ്ങാതായപ്പോൾ
നോക്കി വന്ന ആരോ പറഞ്ഞു,
‘ പാവം പെണ്ണ്, ചാടി മരിച്ചു ‘
മ്ലാനമായ മറ്റൊരു ശബ്ദം ശരിവെച്ചു:
‘അയൽക്കാരിയാണ് ചന്ദ്രിക, എന്തൊരു ദുരന്തം’

നടുങ്ങുന്ന ശബ്ദത്തിൽ അന്തരീക്ഷത്തിൽ
പെട്ടെന്നു കേട്ടു:
‘കൊലയ്ക്കു കൊടുത്തത് രമണനോ?’

എന്താണങ്ങനെ ചോദിക്കാനെന്ന്
ഇപ്പോഴുമറിയില്ല.
ധനുവൈത്തപുരവും ചങ്ങമ്പുഴയും അറിയാമോ നിങ്ങൾക്ക്?
എല്ലാ കാമുകന്മാരും രമണന്മാരാണോ?
എല്ലാ കാമുകിമാരും ചന്ദ്രികമാരും?

3. ബാല്യകാലസഖിമാർ – സുകുമാരൻ (തമിഴ്)

നിങ്ങൾക്കെത്ര മേരിമാരെയറിയുമോ
അത്ര തന്നെ മേരിമാരെയോ
കുറച്ചു കൂടുതലോ കുറവോ
എനിക്കും മേരിമാരെയറിയാം.

എല്ലാ മേരിമാരും മേരിമാരെന്നാലും
എല്ലാ മേരിമാരും മേരിമാരല്ല.

നിങ്ങളറിഞ്ഞ അത്രയും മേരിമാരിലും
ഞാനറിഞ്ഞ മേരിമാരും
ഞാനറിഞ്ഞ അത്രയും മേരിമാരിലും
നിങ്ങളറിഞ്ഞ മേരിമാരുമുണ്ടാകാം.

ഓരോ മേരിയിലും മറ്റൊരു മേരിയിരുന്നാലും
ഓരോ മേരിയും ഇനിയും മറ്റൊരു മേരി.

നിങ്ങളെപ്പോലെ ഞാനും
വായിച്ചും കേട്ടും കണ്ടും ഇടപഴകിയും
മേരിമാരെയറിഞ്ഞു കൊണ്ടിരിക്കുന്നു.

വായിച്ചറിഞ്ഞ മേരിമാർ ആറു പേർ.
അവർക്കെല്ലാവർക്കും വിശ്വാസത്തിന്റെ മണം
അത് ചെമ്മരിയാട്ടിൻപറ്റത്തിന്റെ മുശടു മണം.
കേട്ടറിഞ്ഞ മേരിമാർ നൂറു പേർ
അവരെല്ലാവരുടേയും തൊണ്ടയിൽ ഒരേ മൊഴി.
അത് ചീവീടിന്റെ രീരീരിപ്പ്.
കണ്ടറിഞ്ഞ മേരിമാർ ആയിരം പേർ
അവരെല്ലാവരുടെ കണ്ണുകളിലും ഒരേ നോട്ടം.
അത് പുലരിക്കിളിയുടെ നോട്ടം.
ഇടപഴകിയറിഞ്ഞ മേരിമാർ രണ്ടു പേർ.
അവരിരുവരുടെ ഇമകളിലും ഒരേ നീരുറവ്.
അത് കൺകാണാ സ്നേഹത്തിന്റെ കുളിരുറവ്.

ആദ്യത്തെ മേരിയുടെ ചുണ്ടുകൾ
(അവയിലപ്പോൾ അപ്പത്തിന്റെ പുളിപ്പുമണമുണ്ടായിരുന്നു)
ആർദ്രതയോടെ എന്റെ നെറ്റിയിൽ പതിഞ്ഞു
അടുത്ത നാൾ എനിക്കറിവുദിച്ചു.

രണ്ടാമത്തെ മേരിയുടെ ചുണ്ടുകൾ
(അവയിലപ്പോൾ മുന്തിരിച്ചാറിന്റെ സുഗന്ധമുണ്ടായിരുന്നു)
ആസക്തിയോടെ എന്റെ നാഭിക്കു കീഴേ കുമിഞ്ഞു
അടുത്ത നാൾ എനിക്കു മീശ മുളച്ചു.

—————  —————–

ചന്ദ്ര തങ്കരാജ്

തമിഴ് കവി, സിനിമസംവിധായിക

മൂന്നു കവിതകൾ – ചന്ദ്ര തങ്കരാജ് (തമിഴ്)

1.കാടുമേയൽ – ചന്ദ്ര തങ്കരാജ് (തമിഴ്)

മലയടിവാരത്തിൽ
വിറകെടുത്തുകൊണ്ടിരുന്നവൾ
വഴിതെറ്റി
ചക്രവാളത്തിലേക്കു കയറിപ്പോയ്.
അവൾ താഴേക്കിറങ്ങാനുള്ള മന്ത്രച്ചൊല്ലുകൾ
മേച്ചിൽപ്പുറത്തെ തീറ്റപ്പുല്ലുകളിൽ
പതിഞ്ഞു കിടക്കുന്നു.
പശുക്കളവ സാവകാശം ചവച്ചു തിന്നുന്നു.

2.കുരുമുളക് – ചന്ദ്ര തങ്കരാജ് (തമിഴ്)

അഞ്ചു മൈൽ ദൂരം നടക്കണം.
ചെറുമലക്കു മറുപുറത്താണ് അവളുടെ പള്ളിക്കൂടം.
വിരലുകൾകൊണ്ടു മെല്ലെ
മലയെ തൊട്ടു നീക്കി അവൾ
അതൊരു കുരുമുളകു മണി പോലെ
ഉരുണ്ടു മാറുന്നു.
ഇങ്ങനെയാണ്
എന്നും ഒറ്റക്കുതിയ്ക്ക്
മല കടക്കുന്നത്
മായാറാണി.

3. ഞാൻ എന്തെന്നു നിങ്ങൾ പറയുന്നുവോ
അതായിത്തന്നെയിരിക്കുന്നു എപ്പോഴും. – ചന്ദ്ര തങ്കരാജ് (തമിഴ്)

വലിയമ്മ പറഞ്ഞു:
“നീ ജനിച്ചപ്പോൾ കറുത്ത എലിക്കുഞ്ഞു പോലിരുന്നു”
അപ്പോൾ തൊട്ട്
പൂച്ചകളെക്കണ്ടു ഞാൻ പേടിച്ചു.
അപ്പൻ ഒരു നായയെ വളർത്താൻ തന്നു.
പൂച്ചകൾ എന്നെക്കണ്ട് ഓടി.
മുയൽക്കുഞ്ഞിൻ്റെ ചോര
അവരെൻ്റെ തലയിൽ തേച്ചു.
മലന്തേനും മുള്ളൻപന്നിമാംസവും
വല്ലപ്പോഴും മൂടിയിൽ ഊറ്റി സ്വല്പം കള്ളും തന്നു.
പന്ത്രണ്ടു വസന്തകാലങ്ങൾ കഴിഞ്ഞു.
വലിയമ്മ പറഞ്ഞു:
“നീ കുതിരക്കുട്ടിയെപ്പോലിരിക്കുന്നു”

———————————

ജോയ് ഗോസ്വാമി

1954 ജനിച്ച ജോയ് ഗോസ്വാമി തന്റെ തലമുറയിലെ പ്രമുഖ ബംഗാളി കവിയെന്ന് അറിയപ്പെടുന്നു.

ജോയ് ഗോസ്വാമിയുടെ കവിതകൾ (ബംഗാളി)

1. ഐസ്ക്രീം വണ്ടി – ജോയ് ഗോസ്വാമി (ബംഗാളി)

സൈക്കിൾ വാൻ ചവുട്ടി അയാൾ വന്നു.
സൈക്കിളിന്റെ പിന്നിലൊരു ചതുരപ്പെട്ടി
‘ഐസ് ക്രീ…….. ഈം’ ‘ഐസ് ക്രീ….. ഈം’
എന്ന വിളി കൊണ്ട് ഉച്ചതിരിഞ്ഞ നേരം
കീറിപ്പിളർന്ന്
മുടുക്കിലൂടെ അയാൾ വന്നു.
രണ്ടു കോരികയായ് ഉച്ച രണ്ടിടത്തേക്കു പതിച്ചു.
അയാളുടെ പെട്ടിയിൽ നിന്നു ശിരസ്സുയർത്തി
മഞ്ഞുമൂടിയ ഒരു കൂറ്റൻ പർവതം
നഗരമധ്യത്തിൽ നിന്നു…..

ഓ,അയാളാണ് തന്റെ ചെറുവിരലിന്മേൽ
പർവതമുയർത്തിപ്പിടിച്ചു നിൽക്കുന്ന മനുഷ്യൻ!

2. പാപം – ജോയ് ഗോസ്വാമി (ബംഗാളി)

അമ്മയെക്കുറിച്ച് ഒരിക്കൽ കേട്ട അപവാദം
നിഴലുപോലെയാണ്, വിട്ടു പോകില്ല നിങ്ങളെ.
എനിക്കു പത്തു വയസ്സുള്ളപ്പോഴാണ്
ചെറിയമ്മ പറയുന്നതു കേട്ടത്,
എന്റമ്മ എന്തൊരു ചീത്ത സ്ത്രീയാണെന്ന്.

ഇന്ന് അമ്മ അടുത്തില്ല. ചെറിയമ്മയുമില്ല.
ഞാനെവിടെപ്പോകുമ്പോഴും
-ഒരു മീറ്റിങ്ങിനു പോവുകയാണെന്നു വയ്ക്കൂ-
പാർക്കിനടുത്ത് മരച്ചോട്ടിൽ
അതു നിൽക്കുന്നുണ്ടാവും.

ഞാനൊരു ഹോട്ടലിൽ മുറിയെടുക്കുന്നു.
ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ
അതാ അവിടെ, മെയിൻ റോട്ടിൽ
കുത്തിയിരിക്കുകയാണത് !
അപ്പോഴൊക്കെ താഴേക്കിറങ്ങി വന്ന്
ഞാൻ സ്ഥലം വിടാൻ ശ്രമിക്കും
അപ്പോഴൊക്കെ അതു വന്ന് വാതിൽ തുറന്ന്
നിശ്ശബ്ദം കാത്തു നിൽക്കും.

ചക്രവാളത്തിലേക്കു പടർന്നു കിടക്കുന്ന
വെളിമ്പരപ്പ്.
മേഘച്ചുരുളുകൾ.
ആ വെളിമ്പുറത്തിനു നടുക്ക്
ഒരു നിഴലടയാളം.
ആ തണലിൽ
മുറുക്കാൻപൊതി തുറന്നു വെച്ച്
അമ്മയും ചെറിയമ്മയും മിണ്ടിപ്പറഞ്ഞിരിക്കുന്നത്
ഞാൻ കാണുന്നു.

എന്റമ്മയെക്കുറിച്ചുള്ള അപവാദം
കേട്ടു നിന്ന പാപം
എന്നെ വിട്ടു പോവില്ല, ഒരിക്കലും.

3. വീട് – ജോയ് ഗോസ്വാമി (ബംഗാളി)

മരം അവിടെത്തന്നെയുണ്ടെന്ന് ഞാൻ കരുതുന്നു, ഉണ്ടല്ലോ അല്ലേ?
വരാന്ത മുമ്പത്തെപ്പോലെ തുറന്നു തന്നെ കിടക്കുന്നില്ലേ?
അതു ഗ്രില്ലിട്ടടച്ചിട്ടില്ലല്ലോ?
അപ്പുറത്തെ തൊടിയിലെ കിണർ അവിടെത്തന്നെയില്ലേ?
വെള്ളം കോരുന്ന കപ്പി?
അങ്ങോട്ടുമിങ്ങോട്ടുമാടിയാടി
പാതി നിറഞ്ഞ ബക്കറ്റ്
ഉയർന്നു വരുന്നുണ്ടോ?
ബണ്ടിയുടമ്മ ഇപ്പോഴും മുറ്റമടിയ്ക്കുന്നുണ്ടോ?
ബണ്ടി റാം ഇളനീരു പറിക്കാറുണ്ടോ?
തൊഴുത്തിനു മേൽ ചെന്നിരിക്കാനായി
നരയൻ ചെറു ചിലപ്പൻ കിളികൾ
കൂട്ടത്തോടെ പറക്കുന്നുണ്ടോ?
പശുക്കളില്ലെങ്കിലും തൊഴുത്തവിടെത്തന്നെയില്ലേ,
ഷൂലി മരത്തിനടുത്ത് ?
ഉണ്ടല്ലോ അല്ലേ?
വൈക്കോലിടാനുള്ള രണ്ടു പുൽത്തൊട്ടി?
കയറയച്ചു വിടുമ്പോൾ മുഖം താഴ്ത്തി
പശുക്കൾ പുല്ലു തിന്നുന്ന രണ്ടു തൊട്ടി,
ഇല്ലേ, അവിടെത്തന്നെ?

ഞാൻ ചോദിക്കുന്നയാൾക്ക്
ഉത്തരങ്ങളൊന്നുമില്ല.
സത്യത്തിൽ, ഞാനൊന്നും ചോദിക്കുന്നുമില്ല.
വിഷപ്പൊതി തുറന്ന്
വെളുത്ത പൊടി
ഞങ്ങളുടെ വായിലിടുകയാൽ
ഇന്ന് ഞങ്ങളുടെ നാവ്
കനത്തും കയ്ച്ചുമിരിക്കുന്നു.

Comments

comments