വിനോയ് തോമസിന്‍റെ കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന ചെറുകഥയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചുരുളി എന്ന സിനിമയുടെ തിരക്കഥയ്ക്ക് അവലംബം. എന്നാല്‍ കളിഗെമിനാറിലെ കുറ്റവാളികളിലെ പ്രമേയമല്ല ചുരുളി മൊത്തത്തില്‍ സ്വീകരിച്ചിരിക്കുന്നത്. കഥയുടെ പ്രമേയം സിനിമയുടെ പല ലെയറുകളില്‍ ഒന്നായി ഫ്രെയിം ചെയ്യപ്പെടുകയും ഒപ്പം തന്നെ കഥയിലെ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും സിനിമയുടെ  ആഖ്യാനഗതിയില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. കഥ മുന്നോട്ടു വയ്ക്കുന്നത് കുറ്റം/കുറ്റവാളി എന്നീ സാമൂഹികാഖ്യാനങ്ങളുടെ ആപേക്ഷികതയെ കുറിച്ചുള്ള പ്രമേയമാണ്. മനുഷ്യന്‍ അവന്‍റെ അടിസ്ഥാന ചോദനകളായ മൃഗീയ വാസനകളില്‍ അനുരക്തനായിരിക്കുമ്പോള്‍ നിയമം/കുറ്റം,  കുറ്റവാളി/നിയമപാലകന്‍ എന്നീ സാമൂഹികാവസ്ഥകള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പരസ്പരം മാറിയും  തിരിഞ്ഞും അവനില്‍ പ്രതിഫലിക്കുന്നതെങ്ങിനെ എന്നതാണ് കഥ സംസാരിക്കുന്ന പ്രമേയം. എന്നാല്‍ ചുരുളി ഈ പ്രമേയത്തെ അല്ല മുന്നോട്ട് വയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് മാത്രമല്ല പ്രത്യേകിച്ച് ഏതെങ്കിലുമൊരു പ്രമേയത്തെ സിനിമ അടിവരയിട്ടുറപ്പിച്ച് കാണിക്കാരന് വച്ചു നീട്ടുന്നുമില്ല. കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന ചെറുകഥയിലെ കഥാപരിസരത്തെ നിലനിര്‍ത്തിക്കൊണ്ട് തന്നെ അതിലേക്ക് എപ്പിഫാനിക് ആയതും നിഗൂഢവും പ്രഹേളികാ സ്വഭാവമാര്‍ന്നതുമായ ചില അനുഭവതലങ്ങളെ ഇഴചേര്‍ത്തുകൊണ്ട് സിനിമാറ്റിക് വിഷ്വല്‍ നരേഷന്‍റെ സാധ്യതകളിലൂടെ കാഴ്ചാനുഭവത്തിന്‍റെ ഒരു പുതുലോകം സൃഷ്ടിക്കുകയാണ് ചുരുളിയില്‍ ലിജോ ജോസ് പെല്ലിശ്ശേരി.

കളിഗെമിനാറിലെ കുറ്റവാളികള്‍ അധികം സൂചനാ പിരിവുകള്‍ ഒന്നും ഇല്ലാതെ യഥാതഥമായി പറഞ്ഞവസാനിപ്പിക്കുന്ന ഒരു ചെറുകഥയാണ്‌. ഐറണിയുടെ തന്ത്രപൂര്‍വ്വമായ പ്രയോഗത്തിലൂടെയാണ്   പ്രമേയത്തെ ചെറുകഥയുടെ ലാവണ്യപരമായ രൂപഭദ്രതയിലേക്ക്  വിനോയ് തോമസ്‌ പണിതെടുത്തിരിക്കുന്നത്. കുറ്റവാളികള്‍ മാത്രം കുടിയേറി പാര്‍ക്കുന്ന കളിഗെമിനാര്‍ എന്ന ഉള്‍നാടന്‍ പ്രദേശത്ത്‌ നിന്നും  മൈലാടുംകുറ്റിയില്‍ ജോയ് എന്നൊരു പ്രതിയെ അറസ്റ്റ്ചെയ്യുന്നതിലേക്കായി മാറ്റപ്പേരില്‍ എ എസ് ഐ ആന്‍റണിയും പോലീസുകാരന്‍ ഷാജീവനും എത്തുന്നിടത്താണ് കഥ തുടങ്ങുന്നത്. ധര്‍മ്മസ്ഥലം എന്നൊരിടത്ത് ബസിറങ്ങി അവിടെ നിന്നും പഴയ പൊട്ടിപ്പൊളിഞ്ഞ ഒരു ജീപ്പില്‍ മറ്റ് യാത്രക്കാര്‍ക്കൊപ്പം കളിഗെമിനാറിലേക്ക് നാട്ടുവര്‍ത്തമാനവും കളിതമാശകളുമായി യാത്ര തുടങ്ങുമ്പോള്‍ അവര്‍ക്കിടയില്‍ അസ്വാഭാവികമായി ഒന്നും സംഭവിക്കുന്നില്ല. എന്നാല്‍ മരത്തടികള്‍ കൊണ്ടുള്ള ഒരു താത്കാലിക പാലം കടന്ന് കളിഗെമിനാറിലേക്ക് കടക്കുമ്പോള്‍ വ്യവസ്ഥാപിതമായ ഒരു സമൂഹത്തിലെ മനുഷ്യര്‍ തമ്മിലുള്ള സ്വാഭാവികമായ ഇടപെടലുകളില്‍ നിന്നും വ്യത്യസ്തമായ അനുഭവമാണ് ഇരുവര്‍ക്കും ജീപ്പിലുണ്ടായിരുന്ന കളിഗെമിനാറിലെ നിവാസികളില്‍ നിന്നും ലഭിക്കുന്നത്. പരസ്പര ബഹുമാനമൊന്നും കാണിക്കാതെ പരുക്കന്‍ ഭാവത്തില്‍ ഓരോ വാചകത്തിലും തെറികള്‍ ചേര്‍ത്ത് അവര്‍ ആന്റണിയോടും ഷാജീവനോടും സംസാരിച്ചു തുടങ്ങുന്നു. തുടര്‍ന്ന് ഒരു ഷാപ്പില്‍ എത്തിച്ചേരുന്ന ഇരുവര്‍ക്കും ആ നാടിനെക്കുറിച്ച് ഒരു ധാരണ ലഭിക്കുന്നു. മൈലാടുംകുറ്റിയില്‍ തങ്കന് വേണ്ടി റബ്ബര്‍ കുഴി കുത്താനായാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് ജീപ്പ് ഡ്രൈവറോട് അവര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ തങ്കന്‍ നാട്ടിലേക്ക് പോയിരിക്കുന്നതിനാലും രണ്ട് നാള്‍ കഴിഞ്ഞേ വരുള്ളൂ എന്നതിനാലും അവര്‍ ഷാപ്പില്‍ തന്നെ കഴിയുന്നു. നാനാ ഭാഗത്ത് നിന്നും കുടിയേറി പാര്‍ത്ത കുറെ കുറ്റവാളികള്‍ മാത്രം താമസിക്കുന്ന നാടാണ് കളിഗെമിനാര്‍. അത് സാമൂഹിക നിയമങ്ങളാല്‍ വ്യവസ്ഥാപിതമാക്കപ്പെട്ട ഒരു നാടല്ല. മനുഷ്യര്‍ അവരുടെ ചോദനകള്‍ക്ക് പിന്നാലെ സര്‍വ്വസ്വതന്ത്ര ജീവിതം നയിക്കുന്നു. കളിഗെമിനാറില്‍ പ്രവേശിച്ചപ്പോള്‍ തന്നെയൊരുത്തി ആദ്യമായി കെട്ടിപ്പിടിച്ചതു പോലുള്ള അനുഭവമാണ് ആന്‍റണിക്ക് ഉണ്ടാകുന്നത്. തുടര്‍ന്ന് ആ നാട്ടിലെ ജീവിതവുമായി ചേരുമ്പോള്‍  കാമനകളുടെയും ആദിമവാസനകളുടെയും ഒരു കെട്ടഴിയലാണ് ഇരുവരിലും ഉണ്ടാകുന്നത്. നാട്ടിലെ നിയമങ്ങള്‍ ബാധകമല്ലാത്ത ഈ ഭൂപ്രദേശത്ത്‌ കശാപ്പിന്റെയൊന്നും ആവശ്യമില്ലാതെ വെടിയിറച്ചിയാണ് ഉപയോഗിക്കുന്നത് എന്നറിയുമ്പോള്‍ നാല്‍പ്പത്തൊന്‍പത് വര്‍ഷത്തെ ജീവിതത്തില്‍ താന്‍ ഏറ്റവും അധികം ആഗ്രഹിച്ചിരുന്നത് ഒരു ഇരയെ വെടിവച്ചു വീഴിക്കുക എന്നതായിരുന്നു എന്ന് ആന്റണി തിരിച്ചറിയുന്നു. ആന്റണിയും ഷാജീവനും കറിക്കാരനും കൂടി ഒരു രാത്രി വേട്ടയ്ക്ക് ഇറങ്ങുമ്പോള്‍ ചിരപരിചിതനായ ഒരു വെടിക്കാരനെപ്പോലെ ഷാജീവന്‍ പെരുമാറുകയും ഒരു കാട്ടാടിനെ വെടിവെച്ചിടുകയും ചെയ്യുന്നു. വെടിയേറ്റ്‌ വീണ കാട്ടാടിനെ ചുമലിലേറ്റാന്‍ ശ്രമിക്കുനതിനിടെ നടുവ് ഉളുക്കുന്ന ആന്റണിയെ പെങ്ങള്തങ്ക എന്നൊരു സ്ത്രീയുടെ പുരയില്‍ തടവാന്‍ കൊണ്ട് പോകുന്നു. പെങ്ങള്‍ തങ്ക  ആന്റണിയുടെ നടുവുളുക്ക് ഭേദപ്പെടുത്തുകയും തുടര്‍ന്ന് അവരിരുവരും രതിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഇതിനിടയില്‍ പെങ്ങളുടെ ചെറുക്കനുമായി ഷാജീവന്‍ കാമകേളികളില്‍ ഏര്‍പ്പെടുകയും അതിന്‍റെ പേരില്‍ പെങ്ങള്‍ ഷാജീവനില്‍ നിന്ന് ആയിരം രൂപ വാങ്ങിച്ചെടുക്കുകയും ചെയ്യുന്നു. തിരികെ വരുന്ന വഴിയില്‍ നാട്ടിലായിരുന്നെങ്കില്‍ പോക്സോ കേസ് ആയിരുന്നേനെ എന്ന് ആന്റണി ഷാജീവനെ ഓര്‍മ്മിപ്പിക്കുന്നു.

ഷാപ്പിലേക്ക് തിരിച്ചെത്തുമ്പോള്‍ തങ്ങള്‍ റബ്ബര്‍ കുഴി എടുക്കാന്‍ വന്ന സ്ഥലത്തിന്‍റെ ആള്‍ തങ്കന്‍ നാട്ടില്‍ നിന്ന് മടങ്ങിയെത്തിയിട്ടുണ്ട്. രണ്ട് ദിവസം കഴിഞ്ഞ് തന്‍റെ കൊച്ചിന്റെ ആദ്യ കുര്‍ബ്ബാനയാണെന്നും അത് കഴിഞ്ഞിട്ട് പണി തുടങ്ങാമെന്നും കുര്‍ബ്ബാനയ്ക്ക് രണ്ട് പേരും വീട്ടിലേക്ക് എത്തണമെന്നും തങ്കന്‍ അവരെ അറിയിക്കുന്നു. കള്ളുഷാപ്പ്‌ ആണ് കുര്‍ബ്ബാനയ്ക്ക് വേണ്ടിയുള്ള പള്ളിയായി രൂപാന്തരപ്പെടുത്തുന്നത്. മത ചടങ്ങുകള്‍ നടക്കുന്ന ദിവസം അച്ചനും കപ്യാരും പുറത്തുനിന്നാണ് എത്തുക. ആ ദിവസങ്ങളില്‍ കളിഗെമിനാര്‍ അതല്ലാതായി മാറുകയും പ്രാകൃതമായ അവവസ്ഥയില്‍ നിന്ന് സാംസ്കാരിക പരിവര്‍ത്തനത്തിന്റെ അടുത്ത ഘട്ടമായ മതപരമായ ചില മൂല്യസങ്കല്‍പ്പങ്ങളിലേക്ക് അവര്‍ സ്വയം വ്യവസ്ഥപ്പെടുകയുമാണ് ചെയ്യുക. തങ്കന്‍റെ മകളുടെ മത ചടങ്ങ് നടക്കുന്ന ദിവസം താത്കാലികമായി പരിവര്‍ത്തനപ്പെട്ട പുതിയ സാമൂഹിക ക്രമത്തിനിടയില്‍ നില്‍ക്കുമ്പോളാണ് തങ്ങളുടെ റോള്‍ പോലീസുകാരുടേതാണല്ലോ എന്ന ബോധ്യത്തിലേക്ക് അവര്‍ ഉണരുന്നത്. ചടങ്ങുകള്‍ കഴിഞ്ഞ് അച്ചനും കപ്യാരും തിരികെ പോകുമ്പോള്‍ താത്കാലികമായ ഭാവമാറ്റത്തില്‍ നിന്നും കളിഗെമിനാര്‍ അതിന്‍റെ തനത് സ്വഭാവത്തിലേക്ക് മടങ്ങി വരുകയാണല്ലോ എന്നും ഇനിയും വൈകിയാല്‍ തങ്ങള്‍ക്ക് ഒരിക്കലും പോലീസിന്‍റെ ഡ്യൂട്ടി ചെയ്യാന്‍ സാധിക്കില്ല എന്നും അവര്‍ മനസ്സിലാക്കുന്നു. തുടര്‍ന്ന് അവര്‍ തങ്കന്‍റെ സഹോദരനായ ജോയിയെ അറസ്റ്റ് ചെയ്യുന്നു. അയാള്‍ രണ്ട് വര്‍ഷമായി കട്ടിലില്‍ തളര്‍ന്ന് ഒരേ കിടപ്പാണ്. ജോയിയുടെ പേരിലുള്ള കേസ് രണ്ടെണ്ണമാണ് ഒന്ന് പ്രായപൂര്‍ത്തിയാകാത്ത ഒരു പയ്യനെ അബ്യൂസ് ചെയ്തതും രണ്ടാമത്തേത് റിസര്‍വ്വ് വനത്തില്‍ കയറി ഒരു മ്ലാവിനെ വെടിവച്ചതും. തുടര്‍ന്ന് കളിഗെമിനാറിലേക്ക് വന്നു കൊണ്ടിരിക്കുന്ന ഫോഴ്സിനോട് ഒരു സ്ട്രെച്ചര്‍ കൂടി കൊണ്ട് വരണമെന്ന് ആന്റണി ഫോണ്‍ ചെയ്തു പറയുന്നിടത്ത് കഥ അവസാനിക്കുന്നു.

കുറ്റം, കുറ്റവാളി, നിയമം, നിയമപാലകന്‍ എന്നീ പരികല്പനകളെ വ്യത്യസ്ത സാഹചര്യങ്ങളില്‍ വച്ച് പരിശോധിക്കുകയും അവയുടെ ആപേക്ഷിക സ്വഭാവത്തെ ഐറണിയിലൂടെ അനുഭവപ്പെടുത്തുകയും ചെയ്യുകയാണ് കളിഗെമിനാറിലെ കുറ്റവാളികളില്‍ വിനോയ് തോമസ്‌. ഈയൊരു കഥയില്‍ പരസ്പരം ഇടഞ്ഞ് നില്‍ക്കുന്ന ചില ജീവിതസമസ്യകളിലൂടെ രേഖീയവും ലളിതവുമായി ഒരു സവിശേഷ സാഹചര്യത്തെ പറഞ്ഞവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സിനിമയിലേക്ക് വരുമ്പോള്‍ കഥാസന്ദര്‍ഭങ്ങളും പശ്ചാത്തലവും ഇതൊക്കെ തന്നെ ആയിരിക്കുമ്പോഴും പറഞ്ഞവസാനിപ്പിക്കല്‍ എന്ന കഥയിലെ പ്രക്രിയയെ സിനിമ പൊളിക്കുന്നു. ജോയിയെ അറസ്റ്റ് ചെയ്യുന്ന കഥാവസാനത്തിലല്ല മറിച്ച് കഥയുടെ ഒരു സന്ദര്‍ഭത്തില്‍ പറയുന്ന വാചകത്തിലാണ് സിനിമയുടെ ക്രാഫ്റ്റ് നില്‍ക്കുന്നത്. ഏതെല്ലാം കാലത്ത് എത്ര പേര്‍ പോയതാ അവനേം തപ്പി എന്നിട്ട് കിട്ടിയോ എന്ന് കഥാരംഭത്തില്‍ ആന്റണി ചോദിക്കുന്ന ആ ചോദ്യത്തിലെ ആവര്‍ത്തനസ്വഭാവത്തിലാണ് സിനിമയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആവര്‍ത്തനം എന്നത് കാലത്തിനകത്തെ സമയപ്രവാഹങ്ങളുടെ ചുഴിയാണ്. കല്‍പ്പറ്റ നാരായണന്‍റെ സമയപ്രഭു എന്ന കവിത ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്നുണ്ട്. കവിത ഇതാണ് :

സമയപ്രഭു – കല്പറ്റ നാരായണന്‍

ഇരുട്ടില്‍

ഒരെലി

കുഞ്ഞിനെ

പൂച്ചയെ ചൂണ്ടിക്കാട്ടി പഠിപ്പിക്കുകയാണ്.

വലിയ കാഴ്ചശക്തിയാണ്

എപ്പോഴും കണ്ണില്‍പ്പെടാം

വലിയ കേള്‍വിശക്തിയാണ്

ഒരു രോമം നിലത്തു വീഴുന്ന ഒച്ച കേട്ടാല്‍

ആരുടേതെന്നറിയും

സൌമ്യമൂര്‍ത്തിയാണ്

മറിച്ചിടുന്നത് മൃദുവായ കൈപ്പത്തികൊണ്ടാണ്

ക്ഷമാമൂര്‍ത്തിയാണ്

മുഴുമിപ്പിക്കാന്‍ നാലുമഞ്ചും മണിക്കൂറെടുക്കും

ദയാവാരിധിയാണ്

പല തവണ നമുക്ക് ജീവിതം തിരിച്ചു തരും

സഹൃദയനാണ്

വാലിന്റെ അവസാനത്തെ നിവരല്‍ വരെ ആസ്വദിക്കും

ഒരു തിരക്കുമില്ല

സമയത്തിന്റെ മഹാപ്രഭുവാണ്.

 

പല തവണ ജീവിതം തിരിച്ചു നല്‍കി വാലിന്‍റെ അവസാന നിവരല്‍ വരെ ആസ്വദിച്ച് എല്ലാത്തിനെയും തന്നിലേക്ക് വലിച്ചെടുക്കുന്ന കാലത്തിന്‍റെ ആ മഹാചുഴിയുടെ ഒരു ദൃശ്യബിംബം നമുക്ക് നല്‍കിക്കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. സിനിമ അവസാനിക്കുന്നത് ചന്ദ്രനെപ്പോലെ പ്രകാശിതമായ ഒരു വര്‍ത്തുളാകാരത്തിലേക്ക് ഷാജീവനും ആന്റണിയും ജോയിയും വലിച്ചെടുക്കപ്പെടുന്നിടത്താണ്.

വിനോയിയുടെ കഥയുടെ രൂപം രേഖീയമാണ്. അത് ഒരു സ്ഥലത്ത് ആരംഭിച്ച് നേര്‍രേഖയില്‍ സഞ്ചരിച്ച് മറ്റൊരു സ്ഥലത്ത് അവസാനിക്കുന്നു. എന്നാല്‍ സിനിമയുടെ രൂപം ചാക്രികമാണ്. അത് കാലത്തിനുള്ളില്‍ ചുഴികള്‍ പോലെ ഒരേ സംഭവം തുടരെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ചാക്രിക ആവര്‍ത്തനത്തില്‍ ഓരോ തവണയും സംഭവിക്കുന്ന കാര്യങ്ങളില്‍ ചെറിയ വ്യതിയാനങ്ങള്‍ ഉണ്ട്. കഥാപാത്രങ്ങള്‍ എല്ലാം ഒന്നാണെങ്കിലും ഓരോ ആവര്‍ത്തിയിലും അവര്‍ പരസ്പരം മാറുന്നു. സിനിമ ഒരിടത്ത് അവസാനിക്കുന്നു എന്ന് തോന്നിപ്പിച്ച് വീണ്ടും ചാക്രികമായി തുടരുന്നു.

സിനിമയുടെ ആരംഭത്തില്‍ പെരുമാടന്‍റെയും തിരുമേനിയുടെയും ഒരു പുരാവൃത്തകഥ പറയുന്നുണ്ട്. ഇത് പെങ്ങള്‍ ഷാജീവനോട് പറയുന്നതാണ്. എന്നാല്‍ സിനിമയില്‍ ഷാജീവനോട് പെങ്ങള്‍ ആ കഥ പറയാനുള്ള സാഹചര്യം കാണുന്നില്ല. ഷാജീവന്‍ രാത്രി മുഴുവന്‍ പെങ്ങളുടെ ചെറുക്കനോടൊപ്പവും പെങ്ങള്‍ ആന്റണിയോടൊപ്പവുമാണ് ഉണ്ടായിരുന്നത്. ആവര്‍ത്തനങ്ങളുടെ ഈ കഥയില്‍ ഷാജീവന്‍ ആന്റണിയുടെ സ്ഥാനത്ത് ആയിരുന്നപ്പോള്‍ പെങ്ങള്‍ അയാളോട് പറയുന്നതാകണം ആ പുരാവൃത്തകഥ. പറച്ചിലിനൊപ്പം ആനിമേഷന്‍ രൂപത്തില്‍ അവതരിപ്പിക്കുന്ന തിരുമേനിയുടെയും പെരുമാടന്‍റെയും പുരാവൃത്തം സിനിമയുടെ ഇതിവൃത്ത ഘടനയിലേക്ക് നിരവധി സൂചനകള്‍ നല്‍കുന്ന ഒന്നാണ്. അനിമേഷന്‍ കഥാ സീക്വന്‍സിലെ ആദ്യ സീന്‍ തന്നെ വര്‍ത്തുളമായി ഉള്ളിലേക്ക് ചുറ്റിക്കറങ്ങുന്ന ഈനാംപേച്ചിയുടെ ഒരു ദൃശ്യം അതേ പാറ്റേണില്‍ മേഘങ്ങള്‍ ചുറ്റി നില്‍ക്കുന്ന ചന്ദ്രന്‍റെ ഒരു ആകാശ ദൃശ്യത്തിലേക്ക്‌ പരിവര്‍ത്തനപ്പെടുന്നതാണ്. തുടര്‍ന്ന് പറയുന്ന കഥയില്‍ വരുന്ന ഓരോ ദൃശ്യത്തിലും പല പ്രകാരത്തില്‍ ഈ ചുരുളി (Spiral) ദൃശ്യങ്ങള്‍ കടന്നു വരുന്നു. കാടിനുള്ളിലെ മരച്ചില്ലകള്‍, പൂക്കള്‍, വള്ളികള്‍, ചെറുകുഴികളിലെ വെള്ളം, ചിലന്തിവല, ഈനാമ്പേച്ചി, ചന്ദ്രകിരണങ്ങള്‍, ഒച്ച് ഇഴഞ്ഞു പോകുന്ന ദ്രാവകപ്പാട്, തെങ്ങുകള്‍ തുടങ്ങി ചുരുളി ദൃശ്യങ്ങളുടെ ഒരു പരമ്പര തന്നെ അനിമേഷന്‍ കഥാ സീക്വന്‍സില്‍ വന്നുപോകുന്നുണ്ട്.

സമയപ്രഭു എന്ന കവിതയും തിരുമേനിയുടെയും പെരുമാടന്‍റെയും പുരാവൃത്തവും അതിന്‍റെ ആനിമേറ്റഡ് ദൃശ്യാവിഷ്കാരത്തിലെ ചിഹ്നവ്യവസ്ഥകളും സിനിമയിലേക്ക് പ്രവേശിക്കാനുള്ള താക്കോല്‍ സൂചകങ്ങളാണ്. വിനോയിയുടെ കഥയിലെ സംഭവങ്ങള്‍ തന്നെയാണ് ഭൂരിഭാഗവും സിനിമയിലും പറഞ്ഞു പോകുന്നത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ചെറിയ വ്യത്യാസത്തോടെയും അവസാനഭാഗം തികച്ചും വ്യത്യസ്തമായുമാണ് സിനിമയും കഥയും അവസാനിക്കുന്നത്. കഥാകൃത്ത്‌ താന്‍ പറയാനുദ്ദേശിച്ച പ്രമേയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ചെറുകഥയുടെ സൌന്ദര്യാനുഭവങ്ങള്‍ പകര്‍ന്നുകൊണ്ട് നേര്‍ രേഖയില്‍ സഞ്ചരിച്ചെത്തുന്നു. സംവിധായകന്‍ ആദിമധ്യാന്തപ്പൊരുത്തമുള്ള കഥയുടെ പ്ലോട്ടിനെ തന്നെ ആദ്യമേ പൊളിക്കുന്നു. കഥയിലെ ഓരോ സന്ദര്‍ഭങ്ങളെയും ഫ്രെയിമിലേക്കെടുത്ത് അതിലേക്ക് പുറത്ത് നിന്നുള്ള ഇന്ദ്രിയവും അതീന്ദ്രിയവുമായ നിരവധി സൂചകങ്ങള്‍ കൊണ്ട് നിറച്ച് കാഴ്ചാനുഭവത്തിന്റെ മറ്റൊരു മാജിക് സൃഷ്ടിക്കുകയാണ് സംവിധായകന്‍. കഥാകൃത്ത്‌ കഥയുടെ സഞ്ചാര പാതകളില്‍ പലയിടത്തും വാക്കുകള്‍ കൊണ്ട് സാഹിതീയ സൌന്ദര്യം സൃഷ്ടിക്കുന്നുണ്ട് എങ്കിലും ഐറണിയില്‍ പറഞ്ഞവസാനിപ്പിക്കുന്ന പ്രമേയത്തിലാണ് അതിന്‍റെ സംവേദനസൌന്ദര്യം കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ചുരുളിയില്‍ അത്തരത്തില്‍ ഒരു കേന്ദ്രീകൃതത്വം ഇല്ല. മറിച്ച് ഓരോ സീനുകളിലും അതാത് കഥാസന്ദര്‍ഭങ്ങള്‍ക്കൊപ്പം കഥയുടെ പുറത്തേക്കുള്ള നിരവധി റഫറന്‍സുകള്‍ നല്‍കി മികവുറ്റ ഫ്രെയിമുകളിലൂടെ ഒന്നിന് പുറകെ ഒന്നായി മികച്ച കാഴ്ചാനുഭവം നല്‍കി മുന്നേറുകയാണ്. അതിനോടൊപ്പം  അനേകം സൂചനകള്‍ പലരീതിയില്‍ ചേര്‍ത്തുകൊണ്ട് അര്‍ത്ഥതലങ്ങളുടെ വ്യത്യസ്ത പാറ്റേണുകള്‍ നിര്‍മ്മിക്കുവാനും കാഴ്ച്ചയെ പല നിലയില്‍ വ്യഖ്യാനിക്കാവുന്ന വിധം പലതരം പ്രഹേളികാ തുറസ്സുകള്‍ നല്കിക്കൊണ്ടുമാണ് സംവിധായകന്‍ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്.

കഥ മുന്നോട്ട് വച്ച പ്രധാന പ്രമേയമായ മനുഷ്യനുള്ളിലെ മൃഗീയ വാസനകളും അനുകൂല സാഹചര്യത്തില്‍ അവയുടെ സ്വച്ഛന്ദ നിര്‍ഗ്ഗമനവും സിനിമയും തീവ്രമായി ആവിഷ്കരിക്കുന്നുണ്ട്. കഥയും സിനിമയും തമ്മില്‍ കൈകോര്‍ത്ത് നില്‍ക്കുന്ന ഒരു ഘടകം അതാണ്‌. എന്നാല്‍ കഥയുടെ അവസാനം പോലീസുകാര്‍ തങ്ങളുടെ നാഗരിക ഭാവം വീണ്ടെടുക്കുകയും തേടി വന്ന കുറ്റവാളിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അവിടെ കുറ്റം എന്നത് ആപേക്ഷികതയിലൂന്നി മാറിയും തിരിഞ്ഞുമാണ് വരുന്നത്. എന്നാല്‍ സിനിമിയില്‍ മൃഗീയ തൃഷ്ണകളുടെയും കുറ്റവാസനകളുടെയും ചുഴിയില്‍ വീണു പോയവര്‍ തിരികെ ഒരു മടക്കം ഇല്ലാത്ത വിധം ആ രാവണന്‍കോട്ടയില്‍ തന്നെ കിടന്ന് ചുറ്റുന്നു. സംഭവപരമ്പരകള്‍ വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ ആ നരകത്തിലെക്ക് അടുത്ത ആളെയും വലിച്ചു കൊണ്ട് കാലത്തിന്‍റെ ചാക്രിക ചുഴി കടന്ന് വരുന്നു. അത് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. നാഗരിക മനുഷ്യന്‍റെ പ്രാകൃതത്വത്തിലേക്കുള്ള നിതാന്തമായ മടങ്ങിപ്പോക്കിനെ കുറിച്ചുള്ള ഒരു ദൃശ്യാവിഷ്കാരമാണ് കുറ്റവാസനയുടെ കാര്യത്തില്‍ സിനിമയെ കഥയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

ചുരുളി എന്ന സ്ഥലത്തിലൂടെ ഓരോ തവണയും ചെറിയ വ്യതിയാനങ്ങളിലൂടെ സംഭവിക്കുന്ന ഒരേ സംഭവത്തിന്‍റെ ചാക്രികമായ ആവര്‍ത്തനങ്ങളുടെ സൂചനയായി സിനിമയുടെ ആരംഭത്തിലെ ആനിമേറ്റഡ് സീക്വന്‍സില്‍ നല്‍കിയിരുന്ന സ്പൈറല്‍ ഇമേജുകള്‍ സിനിമയില്‍ ഉടനീളം പല രംഗങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ട്. പാലം കടന്ന് ചുരുളിയിലേക്ക് പ്രവേശിച്ച ശേഷം എല്ലാവരും ജീപ്പില്‍ കയറി പോകുമ്പോള്‍ ക്യാമറ ഒരു മരത്തിലേക്ക് ഫോക്കസ് ചെയ്യുന്നുണ്ട്. അവിടെ മരത്തിന്‍റെ കടയ്ക്കല്‍ രണ്ട് ചുരുളി ചിഹ്നങ്ങള്‍ കൊത്തി വച്ചിരിക്കുന്നത് നാം കാണുന്നു. അതിനെ തുടര്‍ന്ന് പലയിടങ്ങളിലായി ചുരുളി ദൃശ്യം ആവര്‍ത്തിക്കുന്നു. കല്ലില്‍ കൊത്തിയ രൂപത്തില്‍, കൊതുകുതിരിയുടെ ദൃശ്യത്തില്‍, ഷാജീവന്‍ കാട്ടാടിനെ വെടിവെക്കുമ്പോള്‍ ഉണ്ടാകുന്ന സ്പൈറല്‍ പ്രകാശം, മരത്തലപ്പിലൂടെ ആകാശം നോക്കുന്ന ഒരു രംഗത്തില്‍ ജലവിതാനത്തില്‍ ഓളം എന്ന പോലെ ഒരു ചുരുളി ദൃശ്യം ആകാശത്ത് ഓളം വെട്ടുന്ന രംഗം, പെങ്ങളുടെ വീടിനുള്ളിലെ നിരവധി ചുരുളി ചിഹ്നങ്ങള്‍, അവസാനം ജീപ്പ് സഞ്ചരിച്ചെത്തുമ്പോള്‍ ആ വഴിയുടനീളം സ്പൈറല്‍ ആയി ജ്വലിക്കുന്ന ദൃശ്യം അങ്ങിനെ നിരവധി.

സംഭവങ്ങളുടെ ആവര്‍ത്തനത്തെ സൂചിപ്പിക്കുന്ന മറ്റൊരു ഘടകം സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകളും അവരുടെ സ്ഥലപ്പേരുകളും മാറി മാറി വരുന്നതാണ്. ചുരുളിയിലെ മനുഷ്യര്‍ക്ക്‌ ഒന്നിലധികം പേരുകളുണ്ട്. ഷാജീവനെ തന്നെ ഒരു സീനില്‍ ജോര്‍ജ്ജേ എന്ന് വിളിക്കുമ്പോള്‍ അയാള്‍ വിളി കേള്‍ക്കുന്നു. മൈലാടും പറമ്പില്‍ എന്ന സ്ഥലം മൈലാടും കുറ്റി എന്നും മയിലാടും കുന്നില്‍ എന്നും മാറി മാറി ഉപയോഗിക്കുന്നു. പെങ്ങള്‍ കഥാപാത്രം അവളുടെ ബന്ധുവായ ചെറുക്കനെ ഓമനക്കുട്ടാ എന്നും മണീ എന്നും രണ്ട് സീനുകളില്‍ രണ്ട് പേരുകള്‍ വിളിക്കുന്നു. കാലത്തിന്‍റെ ചുഴിയിലേക്ക് ഒന്നിന് പുറകേ ഒന്നായി കടന്ന് പോകുന്ന സംഭവങ്ങളിലും പേരുകളിലും വ്യത്യാസം ഉണ്ടെങ്കിലും അത് മനുഷ്യവംശത്തിന്റെ ആദിമമായ കുറ്റവാസനകളുടെയും മൃഗീയതൃഷ്ണകളുടെയും കഥയാണ്. ആള്‍ക്കാരുടെ പേരുകളും കഥാപാത്രങ്ങളും സംഭവങ്ങളുടെ ഗതിവിഗതികളും ചിലപ്പോള്‍ മാറിക്കൊണ്ടിരിക്കും. എന്നാല്‍ ആവര്‍ത്തിക്കുന്നത് ഒരേ കഥ തന്നെ.

ഓരോ ദേശത്തും ധര്‍മ്മച്യുതി നേരിടുമ്പോള്‍ അവതാരപ്പിറവികള്‍ ഉണ്ടാവുമെന്നും, വിമോചകന്‍റെ രണ്ടാം വരവ് ഉണ്ടാകും എന്നൊക്കെയുള്ള മിത്തുകള്‍ പോലെ ചുരുളിയുടെ ഓര്‍മ്മകളില്‍ വേരുറച്ച ഒരു മിത്താണ് രണ്ട് പേര്‍ ഒരു കുറ്റവാളിയെ തേടി ഇവിടെ വരും എന്നത്. അതിന് വേണ്ടിയുള്ള കാത്തിരിപ്പും അവര്‍ എത്തിക്കഴിഞ്ഞാല്‍ അവരുടെ നിയോഗത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളുമാണ് ചുരുളിയിലെ ജനജീവിതത്തിന്റെ ഒരു ഭാഗം. ഇത് പല സീനുകളിലായി വിവിധ കഥാപാത്രങ്ങളുടെ ആത്മഗതങ്ങളിലൂടെയും സംഭാഷണത്തിലൂടെയും വെളിവാക്കുന്നുണ്ട്. ഇതിന് മുന്‍പ് ഇവിടെ വന്നവരും ഇതൊക്കെ തന്നെയാ ചെയ്തു കൊണ്ടിരുന്നേ എന്ന് ഒരു സീനില്‍ ഷാപ്പുകാരന്‍ പറയുന്നു. രണ്ടാളും കൂടി ഇതെത്രാമത്തെ തവണയാ കോണാത്തിലെ കുഴി കുത്താന്‍ വരുന്നേ എന്ന് മൂഞ്ചി ബിജു ഒരു സന്ദര്‍ഭത്തില്‍ പിറുപിറുക്കുന്നു. നീ കുഴി കുത്തും അല്ലേടാ എന്ന് അമ്മച്ചി ഷാജീവനോട് ചോദിക്കുന്നു.

വരുന്ന രണ്ട് പേരില്‍ ഒരാള്‍ അവിടെ നേരത്തെ വന്നിട്ടുള്ളതും ചുരുളിയുടെ സത്തയുടെ ഭാഗമായതുമായ ആളാണ് എന്നതാണ് വിനോയുടെ കഥയില്‍ നിന്നും സിനിമയ്ക്കുള്ള ഒരു വ്യത്യാസം. കഥയില്‍ രണ്ട് പേരും പോലീസുകാരാണ്. കുറച്ചു നാള്‍ കളിഗെമിനാറിന്‍റെ വന്യപ്രകൃതത്തിലേക്ക് കെട്ടഴിഞ്ഞതിന് ശേഷം സ്വയം വീണ്ടെടുത്ത് അവര്‍ കുറ്റവാളിയെയും അറസ്റ്റ് ചെയ്ത് മടങ്ങി പോകുന്നു. എന്നാല്‍ ഈ രണ്ട് പോലീസുകാരുടെ കഥയെ തിരുമേനിയുടെയും പെരുമാടന്റെയും മിത്ത് കൊണ്ട് അപനിര്‍മ്മിക്കുകയാണ് സിനിമയില്‍. സിനിമയിലെ കഥയുടെ ആവര്‍ത്തനങ്ങളിലെല്ലാം ഒരാള്‍ പുതുതായി എത്തുന്നതും മറ്റേയാള്‍ അവിടെ വന്ന് പോയ ആളുമാണ്. ഷാജീവന്‍ അവിടെ നേരത്തേ വന്നു പോയതിന്‍റെ നിരവധി സൂചനകള്‍ സിനിമ തരുന്നു. കോടാലി അമ്മച്ചിയും കുടകനും ഷാജീവനെ ഓര്‍ക്കുന്നുണ്ട്. ചുരുളിയില്‍ പ്രവേശിച്ച ശേഷം മെല്ലെ മെല്ലെ ഷാജീവന്‍ തന്‍റെ ചുരുളി സ്വത്വത്തെ തിരിച്ചറിയുന്നു. പൊട്ടിയ കണ്ണാടിയില്‍ നോക്കി സ്വയം തിരിച്ചറിയലിന്റെ ഒരു ക്രൌര്യഭാവത്തില്‍ രണ്ട് മുഖമായി പ്രതിബിംബിക്കുന്ന ആ നില്‍പ്പിന്റെ ഷോട്ടില്‍ ഷാജീവന്‍ ആര് എന്ന കൃത്യമായ ഒരു ചിത്രം സംവിധായകന്‍ നല്‍കുന്നുണ്ട്. വേട്ടയുടെ സമയത്ത് കനത്ത ഇരുട്ടിലും ഷാജീവന്‍ വഴികള്‍ തിരിച്ചറിഞ്ഞ് നടക്കുകയും കൃത്യമായ ലക്ഷ്യത്തില്‍ വെടി കൊള്ളിക്കുകയും ചെയ്യുന്നു. ഉത്സവസ്ഥലത്ത് വച്ചുള്ള കുടകനുമായുള്ള ചെകിടത്തടി മത്സരത്തില്‍ അയാള്‍ക്ക് തന്‍റെ പൂര്‍വ്വവരവിന്റെയും പെങ്ങളുടെ വീട്ടില്‍ വച്ചുള്ള ആഭിചാര ദൃശ്യങ്ങളുടെയും ഓര്‍മ്മകള്‍ സ്മൃതിയില്‍ തെളിയുന്നു. പൂര്‍വ്വവരവില്‍ പെങ്ങളുടെ വീട്ടില്‍ വച്ചുള്ള ആഭിചാര ക്രിയകള്‍ക്കിടയില്‍ അവള്‍ ഷാജീവനോട് പറയുന്ന പെരുമാടന്റെയും തിരുമേനിയുടെയും കഥയാവണം നമ്മള്‍ സിനിമയുടെ തുടക്കത്തില്‍ കേള്‍ക്കുന്നത്. സിനിമയുടെ അവസാനം പ്രകാശവൃത്തത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി ജോയിയും ഷാജീവനും പരസ്പരം സീറ്റുകള്‍ മാറി ഇരിക്കുന്നതില്‍ ഷാജീവന്റെ പൂര്‍വ്വാഗമനത്തെയും നിയോഗത്തെയും കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നുണ്ട്.

കളിഗെമിനാറിലെ കുറ്റവാളികളില്‍ പ്രതിയെക്കുറിച്ചുള്ള കൃത്യമായ തെളിവുകളും ആളെ കണ്ടെത്താനുള്ള വിവരങ്ങളും പോലീസുകാരുടെ കയ്യില്‍ ഉണ്ട്. അവസാനം ആന്റണിയുടെ പേഴ്സില്‍ ഉള്ള ജോയിയുടെ ഫോട്ടോ ഒത്തു നോക്കി അയാളെ അറസ്റ്റ് ചെയ്യുന്നു. എന്നാല്‍ ചുരുളിയില്‍ ജോയിയുടെ ഫോട്ടോ അവരുടെ കയ്യില്‍ ഇല്ല. വോട്ടര്‍ പട്ടികയിലോ റേഷന്‍ കാര്‍ഡിലോ പോലും ജോയിയുടെ പേരില്ല. ആളുടെ പേരിന് പോലും നിശ്ചിതത്വം ഇല്ലാത്ത ഒരിടത്തേക്കാണ് അവര്‍ കുറ്റവാളിയെയും തേടി വരുന്നത്.  കഥയില്‍ കാട്ടാടിനെ വെടിവെക്കുന്നതും പെങ്ങളുടെ പ്രായപൂര്‍ത്തിയാകാത്ത ചെറുക്കനെ ലൈംഗികമായി ഉപയോഗിക്കുന്നതും ഷാജീവനാണ്. സിനിമയില്‍ കാട്ടാടിനെ ഷാജീവന്‍ വെടിവെക്കുന്നുണ്ട്. എന്നാല്‍ കുടകനെ കൊന്ന കാര്യത്തില്‍ അത് ഷാജീവനാണോ എന്ന് ഉറപ്പില്ല. പെങ്ങളുടെ ചെറുക്കനെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല എന്ന് ഷാജീവന്‍ ഉറപ്പിച്ച് പറയുന്നു. ചുരുളിയിലെ വഴി തെറ്റലിന്‍റെ ആവര്‍ത്തന കഥയില്‍ കാട്ടാടിനെ വെടിവച്ചത് ഷാജീവനും പൂര്‍വ്വാവര്‍ത്തികളില്‍ അത് ഷാജീവന്‍റെ പൂര്‍വ്വഗാമികളും ആകാം.

ചെറുകഥയില്‍ ഒട്ടുമേ ഉപയോഗിച്ചിട്ടില്ലാത്ത ചില അതിഭൌതിക സാന്നിധ്യങ്ങളെയും അതീന്ദ്രിയ ഘടകങ്ങളെയും സിനിമയില്‍ കാര്യമായിത്തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഇവയുടെ സര്‍റിയലിസ്റ്റിക് ആയ പരിചരണമാണ് കഥയില്‍ നിന്ന് സിനിമയെ മറ്റൊരു അനുഭവതലത്തിലേക്ക് മാറ്റിപ്പണിയുന്നത്. ഇതില്‍ പ്രധാനപ്പെട്ട ഒന്ന് ഷാജീവന്‍ കപ്പക്കാരന്‍റെ വീട്ടില്‍ കാണുന്ന ഒരു സമയയന്ത്രമാണ്. അതിനുള്ളില്‍ നിരവധി വെളുത്ത ചെറിയ വൃത്തങ്ങള്‍ കറങ്ങുന്നത് അയാള്‍ കാണുന്നു. ചുരുളിയിലെ ചാക്രികആവര്‍ത്തനങ്ങളെ കുറിച്ചും തന്‍റെ പൂര്‍വ്വാഗമനത്തെ കുറിച്ചുമൊക്കെ ഒരു ഉള്ളുണര്‍വ്വ് ഷാജീവനുണ്ടാകുന്നത് ആ യന്ത്ര ദര്‍ശനത്തിന്‍റെ സമയത്താണ്. ആ യന്ത്രം കപ്പക്കാരന്റെ വീട്ടില്‍ കാണുന്നതിനും ഒരു കാരണമുണ്ട്. കപ്പക്കാരന്‍ നേരത്തെ ഒരാളെ ഒറ്റിയ കാര്യം ഷാപ്പുകാരന്‍ പറയുന്നുണ്ട്. കുറ്റവാളികളെ കുറിച്ചുള്ള വിവരം പുറത്തേക്ക് നല്‍കി പോലീസുകാരെ ഇവിടേയ്ക്ക് വരുത്തുന്നത് കപ്പക്കാരന്‍ ആകാം. ആവര്‍ത്തന കഥയുടെ ആരംഭം സിനിമയില്‍ ഇല്ലാത്ത അത്തരം ഒരു രംഗത്തില്‍ ആകാം. പ്രകാശത്തിന്‍റെ ഈ വെളുത്ത ചെറുവട്ടങ്ങള്‍ സിനിമയിലെ രാത്രി രംഗങ്ങളില്‍ പല സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ട്. ക്ലൈമാക്സ് രംഗത്തില്‍ അത് ഫ്രെയിമുകളാകെ നിറയുന്നു. ആവര്‍ത്തിക്കപ്പെടുന്ന കഥയിലെ മനുഷ്യരുടെ സൂചനയാകാം അത്. മറ്റൊരു അതിഭൌതിക സാന്നിധ്യം മുഖത്ത് പ്രകാശിതമായുള്ള ഉപകരണം ഘടിപ്പിച്ച രണ്ട് മനുഷ്യരൂപങ്ങളുടേതാണ്‌. ചുരുളിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഒരു ചായക്കടയില്‍ വച്ച് വായിച്ചു കേട്ട അന്യഗ്രഹജീവികള്‍ ആകാം അതെന്ന് ചില നിരീക്ഷണങ്ങള്‍ വന്നിരുന്നു. എന്നാല്‍ സിനിമയുടെ ക്രാഫ്റ്റിനെ നിര്‍ണ്ണയിക്കുന്ന ആവര്‍ത്തനം, അതിഭൌതികത എന്നീ ഘടകങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന സര്‍റിയലിസ്റ്റിക് സാന്നിധ്യങ്ങളായി കാണുന്നതാണ് സിനിമയുടെ മൊത്തത്തിലുള്ള അനുഭവപരതയുമായി ചേര്‍ന്ന് പോകുന്നത്. ചുരുളിയിലേക്ക് ആവര്‍ത്തിച്ച് കടന്ന് വരുന്ന രണ്ട് പേരുടെ പ്രതീകസാന്നിധ്യമായി ആ രണ്ട് രൂപങ്ങളെ കാണുന്നതാണ് സിനിമയുടെ സ്വഭാവവുമായി കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത്. ഒരു സീനില്‍ ഷാജീവന്‍ ആ രണ്ട് രൂപങ്ങളെ സ്വപ്നം കണ്ട് ഞെട്ടിയുണരുമ്പോള്‍ ക്യാമറ ഫോക്കസ് ചെയ്യുന്നത് സ്പൈറല്‍ രൂപത്തിലുള്ള കൊതുകുതിരിയിലാണ്.

വിനോയിയുടെ കഥയില്‍ സുപ്രധാനമായ ഒരു കാര്യം നടക്കുന്ന രംഗപശ്ചാത്തലമാണ് പെങ്ങള്‍ തങ്കയുടെ വീട്. ജോയിയുടെ കേസിലെ കുറ്റകൃത്യങ്ങളില്‍ ഒന്നായ മൈനര്‍ ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നത് പോലെ ഷാജീവന്‍ ആ പ്രവൃത്തി ചെയ്യുന്ന സ്ഥലമാണ് കഥയില്‍ പെങ്ങളുടെ വീട്. പക്ഷേ കഥയില്‍ നിന്ന് വ്യത്യസ്തമായി ഒരു ഭ്രമാത്മക ലോകമാണ് സിനിമയില്‍ ആ വീട്. ആഭിചാരക്രിയകളുടെ അന്തരീക്ഷം അവിടമാകെ നിറഞ്ഞു നില്‍ക്കുന്നു. കഥയില്‍ ആന്റണിയുടെ നടുവ് ഉളുക്കിയതിന്റെ ചികിത്സയാണ് അവിടെ വച്ച് നടന്നതെങ്കില്‍ സിനിമയില്‍ അതിനോടൊപ്പം മറ്റെന്തോ ആഭിചാരക്രിയകളും നടക്കുന്നു. ആ വീട്ടില്‍ നിറയെ സ്പൈറല്‍  ചിഹ്നങ്ങളാണ്. ഭ്രമാത്മകദൃശ്യങ്ങള്‍ക്കും നിഗൂഢമായ പശ്ചാത്തല ശബ്ദ-മന്ത്രണങ്ങള്‍ക്കുമൊപ്പം മുന്നേറുന്ന ആഭിചാരക്രിയകള്‍ക്കൊടുവില്‍ പ്രകാശിതമായ വലിയൊരു സ്പൈറല്‍  ദൃശ്യ പശ്ചാത്തലത്തില്‍ നിന്നും ആന്റണിയോട് സാദൃശ്യമുള്ള പ്രകാശമുഖമുള്ള മനുഷ്യരൂപം കോണിപ്പടികള്‍ ഇറങ്ങി വരുന്നത് കാണുന്നു. അത് വരെയും സിനിമയില്‍ അത്തരത്തിലുള്ള രണ്ട് രൂപങ്ങളെ ഒരുമിച്ചാണ് കാണിച്ചിരുന്നത്. ഈ രംഗത്തില്‍ അത് ആന്റണിയോട് സാദൃശ്യമുള്ള ഒരാളാണ്. ചുരുളിയിലേക്ക് ആദ്യമായി വരുന്ന പോലീസുകാരനെ ചുരുളിയുടെ ആത്മതത്വമായ കുറ്റകൃത്യങ്ങളുടെ ആവര്‍ത്തിത വലയങ്ങളിലേക്ക് ജ്ഞാനസ്നാനം ചെയ്തിറക്കുന്ന കര്‍മ്മമാണ്‌ അവിടെ നടക്കുന്നത്. അതോടെ ആന്റണിയും തിരിച്ചുപോക്കില്ലാതെ ചുരുളിയുടെ ആവര്‍ത്തിത വലയങ്ങളില്‍ അടുത്ത ആവര്‍ത്തന കഥയിലെ ആന്റണിയെയും പ്രതീക്ഷിച്ചുകൊണ്ട് സഞ്ചാരം ആരംഭിക്കുന്നു.

സിനിമയില്‍ അതുവരെ പല സീനുകളിലായി കൌശലപൂര്‍വ്വം പതിച്ചുവച്ച സൂചകങ്ങളെല്ലാം ഒരുമിച്ചെത്തി പരസ്പരം പൂരിപ്പിക്കുന്ന രംഗമാണ് ക്ലൈമാക്സിലുള്ളത്. ജോയിയെയും കൊണ്ടുള്ള രാത്രിയിലെ ജീപ്പ് യാത്രയില്‍ ജോയി കള്ളനെ പിടിക്കാന്‍ വന്ന പോലീസുകാരന്റെ കഥ പറയുന്നു. കഥ തുടര്‍ന്ന് പോകുമ്പോള്‍ കഥയിലെ സംഭവങ്ങളിലേക്ക് പെരുമാടന്റെയും തിരുമേനിയുടെയും മിത്തിലെ പേരുകളും സംഭവങ്ങളും മാറി കയറി വരുന്നു. പതിയെ കഥകള്‍ തമ്മില്‍ ഇടകലര്‍ന്നു ഒന്നാവുന്നു. കൊട്ടയില്‍ പെരുമാടനെയും ചുമന്നു പെരുമാടനെ അന്വേഷിച്ചു നടന്ന തിരുമേനിയുടെ പുരാവൃത്തം ഇവിടെ ആന്റണിയുടെയും ഷാജീവന്‍റെയും കഥയായി മാറുകയാണ്. ആ പ്രദേശമാകെ ചെറിയ പ്രകാശ വൃത്തങ്ങള്‍ പാറി നടക്കുന്നത് ആന്റണി കാണുന്നു. ഇതേ കഥയുടെ മുന്‍ ആവര്‍ത്തനങ്ങളുടെ പ്രതിരൂപങ്ങളായ  ആ ചെറിയ പ്രകാശവൃത്തങ്ങള്‍ക്കൊപ്പം അവരുടെ ജീപ്പിലെ പ്രകാശവും കണ്ണി ചേര്‍ന്ന് ചുരുളിയുടെ ഭൂതലത്തില്‍ വലിയൊരു സ്പൈറല്‍ രൂപമായി ജ്വലിക്കുന്നു.  ഷാജീവനും ജോയിയും പരസ്പരം സീറ്റ് മാറുകയും ആന്റണി അവരെ നോക്കി കണ്ണുകള്‍ അടയ്ക്കുകയും ചെയ്യുന്നു. തുടര്‍ന്ന് മൂവരും ജീപ്പിനൊപ്പം ഒരു വലിയ പ്രകാശവലയത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. തുടര്‍ന്ന് കാണുന്നത് കപ്പക്കാരന്റെ വീട്ടില്‍ ഷാജീവന്‍ കണ്ട സമയയന്ത്രത്തിന്റെ ദൃശ്യമാണ്. അതിനുള്ളിലെ ഒരു പ്രകാശ സ്തംഭത്തിന് സമാന്തരമായി അനേകം ചെറു പ്രകാശവൃത്തങ്ങള്‍ സഞ്ചരിക്കുന്ന് കാണുന്നു. തുടര്‍ന്ന്  പ്രകാശ സ്തംഭത്തിലേക്ക് ഒരാള്‍ നടന്ന് കയറുന്നത് കാണാം. ഇനി മറ്റൊരാള്‍  ആന്റണിയുടെ സ്ഥാനം ഏറ്റെടുക്കുകയും ഇതേ കഥ വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യും. കല്‍പ്പറ്റയുടെ കവിതയിലെ സമയപ്രഭുവിന്റെ കാലവാരിധിയിലേക്ക് ചുഴികളായി ഈ ആവര്‍ത്തന പുരാവൃത്തം കടന്ന് പൊയ്ക്കൊണ്ടേയിരിക്കും.

കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന കഥയില്‍, പറയാനുദ്ദേശിച്ച പ്രമേയവും കഥ പറച്ചിലിന്റെ സാഹിതീയമായ അനുഭവപ്പകര്‍ച്ചയും ഭാഷയുടെ സംവേദനത്വത്തിലാണ് സാധ്യമാക്കുന്നത്. കഥയില്‍ രണ്ട് മൂന്ന് സുപ്രധാന കാര്യങ്ങളാണ് കഥാകൃത്ത് അവതരിപ്പിച്ചിട്ടുള്ളത്. കാളിഗെമിനാര്‍ എന്ന കുറ്റവാളികള്‍ മാത്രം പാര്‍ക്കുന്ന അപരിചിതമായ ഒരു പ്രദേശത്തെയും അസാധാരണമായ അവരുടെ ജീവിത പരിസരത്തെയും നിര്‍മ്മിക്കുക, അവിടേക്ക് വരുന്ന രണ്ട് നിയമപാലകരുടെ മുന്നോട്ടും പിന്നോട്ടുമുള്ള രണ്ട് തരം സ്വഭാവ പരിവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുക, അതിനുള്ളില്‍ വച്ച് മനുഷ്യന്‍റെ അടിസ്ഥാന ചോദനകളെയും നാഗരികതയുമായുള്ള അതിന്‍റെ സംഘര്‍ഷങ്ങളെയും വെളിപ്പെടുത്തുക, കുറ്റം കുറ്റവാളി എന്നീ പരികല്‍പ്പനകളുടെ ആപേക്ഷികത്വം അവതരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെറുകഥ എന്ന സാഹിത്യരൂപത്തിലൂടെ കഥാകൃത്ത് ചെയ്തിരിക്കുന്നത്. ലളിതമായ സംഭവ വിവരണവും എന്നാല്‍ രേഖീയവും നേരിട്ടുള്ളതുമായ പറഞ്ഞു പോകലിനിടയില്‍ മനുഷ്യ സ്വഭാവത്തെയും ചോദനകളെയും കുറിച്ചുള്ള സൂക്ഷ്മ വിശകലനവും സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള അതിന്‍റെ ഏറ്റിറക്കങ്ങളെ കാണിക്കുന്ന മുഹൂര്‍ത്ത നിര്‍മ്മിതികളും പ്രദേശ നിര്‍മ്മിതിക്കായി ഒരുക്കിയിട്ടുള്ള പശ്ചാത്തല വിവരണങ്ങളും കഥാപാത്രങ്ങളുടെ തെറിയിലൂന്നിയ സംഭാഷണങ്ങളും അവസാനം കുറ്റം കുറ്റവാളി എന്ന ആപേക്ഷികതയെ അടയാളപ്പെടുത്താനായി ഉപയോഗിച്ചിട്ടുള്ള ഐറണിയും എല്ലാം കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തുകൊണ്ടാണ് കഥയില്‍ ഭാഷാപരമായ ക്രാഫ്റ്റ് രൂപപ്പെടുത്തിയിരിക്കുന്നത്.

കഥയില്‍ സംഭവ വിവരണങ്ങളിലൂടെയും ക്രാഫ്റ്റിലെ കൌശലങ്ങളിലൂടെയും ഭാഷാപരമായി അവരിപ്പിച്ച പ്രമേയത്തെ സിനിമയിലേക്ക് വരുമ്പോള്‍ ഓഡിയോ വിഷ്വല്‍ ആയ ഒരു ദൃശ്യഭാഷയിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നു. കഥയിലെ സംഭവങ്ങളും സംഭാഷണങ്ങളും സിനിമയിലും വന്ന് പോകുന്നുണ്ട്. കാടിന്‍റെ പശ്ചാത്തലവും ഒട്ടും നാഗരികമല്ലാത്ത തെറികളിലൂടെ പരസ്പരം അഭിസംബോധന ചെയ്യുന്ന പരുക്കന്‍ കഥാപാത്രങ്ങളും, വേട്ടയും മദ്യപാനവും വ്യവസ്ഥകളില്ലാത്ത സ്വതന്ത്ര ജീവിതവും നയിക്കുന്ന മനുഷ്യരും, അടക്കമുള്ള കഥയുടെ പശ്ചാത്തലം സിനിമയ്ക്കും നല്‍കുന്നുണ്ട്. എന്നാല്‍ സംവിധായകന്‍ സിനിമയുടെ ദൃശ്യസാങ്കേതികതയെ കഥയെ അതേപടി പുനരവതരിപ്പിക്കാന്‍ വേണ്ടിയല്ല ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മറിച്ച് കഥയ്ക്ക്‌ താന്‍ നല്‍കിയിരിക്കുന്ന പുനരാഖ്യാനത്തിനും കഥയ്ക്ക്‌ പുറത്ത് വച്ചുള്ള സിനിമാറ്റിക് ആയ ചില അനുഭവതലങ്ങളുടെ സൃഷ്ടിക്ക് വേണ്ടിയും കൂടിയാണ്. ചുരുളി എന്ന പ്രദേശത്തേക്ക് കടക്കുന്ന പുറം ലോകക്കാര്‍ തിരിച്ചൊരു പോക്കില്ലാത്ത വിധം ഒരു ദുര്‍ഗ്ഗത്തിലെന്ന പോലെ വഴി തെറ്റി അലയുക എന്ന ഭൌതിക തലത്തെയും കാലത്തിലേക്ക് ആവര്‍ത്തിച്ച് കറങ്ങിയെത്തുന്ന ഒരേ സംഭവങ്ങളുടെ ആവര്‍ത്തന ചുരുളികള്‍ എന്ന അതിഭൌതിക മാനത്തെയുo സിനിമ എന്ന മാധ്യമത്തിന്‍റെ സാങ്കേതിക സാധ്യതകളാല്‍ അനുഭവപരമാക്കുക എന്നതാണ് സിനിമയില്‍ സംവിധായകന്‍ ഏറ്റെടുത്തിരിക്കുന്ന ധര്‍മ്മം. ആവാസവ്യവസ്ഥയുടെ ആദിമഭാവം പേറുന്നതും മനുഷ്യരെ അവരുടെ ആദിമചോദനകളിലേക്ക് ഒരു വൈതരണിയിലേക്കെന്ന പോലെ ആകര്‍ഷിച്ച് ചുറ്റിക്കുന്നതുമായ ഒരു കാടിന്‍റെ ദൃശ്യങ്ങളാണ് ഫ്രെയ്മുകളില്‍ നിറയുന്നത്. വളഞ്ഞു പുളഞ്ഞ വഴികളും മഞ്ഞ് മൂടി ഇരുള്‍ ഛായ വീണ കാടിന്‍റെ ഉപരിതല ദൃശ്യങ്ങളും ക്യാമറമാന്‍ സിനിമയുടെ സ്വഭാവത്തിനനുസരിച്ച് പകര്‍ത്തിയിട്ടുണ്ട്. കാടിന്‍റെ നിഗൂഡ ഭാവത്തെ പ്രതിധ്വനിപ്പിക്കുന്ന ശബ്ദസന്നിവേശം ദൃശ്യങ്ങളുമായി ചേരുമ്പോള്‍ ചുരുളി എന്ന പുറത്തേക്ക് കടക്കാനാകാത്ത ഒരു രാവണന്‍ കോട്ടയിലേക്ക് പ്രേക്ഷകര്‍ വീണുപോകുന്നു. പ്രമേയത്തിന്റെ അതിഭൌതിക മാനത്തെ പലതരം ചിഹ്നപരമ്പരകളിലൂടെയും ശബ്ദങ്ങളിലൂടെയും അനുഭവപരമാക്കുന്നിടത്താണ് സംവിധായകന്‍റെ ബ്രില്ല്യന്‍സ്. മനുഷ്യരുടെ സാമാന്യയുക്തിക്ക് അതീതമായ ചില അനുഭവമണ്ഡലങ്ങളെ പ്രമേയത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അതിന്‍റെ അവതരണം റിയലിസ്റ്റിക് ആയ ഒരു നരേഷനില്‍ സാധ്യമല്ല. അതിനാല്‍ ഭ്രമാത്മകതയുടെയും സര്‍റിയലിസത്തിന്റെയും ഫാന്റസിയുടെയും പ്രതീകചിഹ്നങ്ങളുടെയും ഒക്കെ സാധ്യതകള്‍ സംവിധായകന്‍ തേടുന്നു. സിനിമയുടെ മുന്നോട്ടു പോക്കില്‍ ഫ്രെയിമുകളില്‍ വന്ന് ചേരുന്ന പലതരം പസിലുകള്‍ കാണിയുടെ സാമാന്യ കാഴ്ചാനുഭവത്തിനുമപ്പുറം അതീന്ദ്രിയമായ ചില അനുഭൂതികള്‍ കൂടി പങ്കു വച്ചുകൊണ്ട് സിനിമയുടെ മുഖ്യപ്രമേയവുമായി ഇടകലരുന്നു. പല സീനുകളില്‍ പല രൂപങ്ങളില്‍ ആവര്‍ത്തിക്കുന്ന ചുരുളി ചിഹ്നങ്ങള്‍, പ്രകാശിത മുഖമുള്ള രണ്ട് മനുഷ്യരൂപങ്ങള്‍, ചെറു പ്രകാശവൃത്തങ്ങള്‍, ചില ഹുങ്കാര ശബ്ദങ്ങള്‍, വായുവിലൂടെ പാഞ്ഞു പോകുന്ന തീഗോളം , പെങ്ങളുടെ വീട്ടിലെ ഭ്രമലോകം, കപ്പക്കാരന്റെ വീട്ടിലെ സമയയന്ത്രം, ആന്റണിയുടെ ചികിത്സയ്ക്കിടയിലെ സര്‍റിയലിസ്റ്റിക് ദൃശ്യങ്ങള്‍, പശ്ചാത്തല മന്ത്രണങ്ങള്‍, അവസാന രംഗത്തെ ജീപ്പിന്റെ പറക്കല്‍, ചന്ദ്രനെ പോലെ ഒരു വലിയ പ്രകാശവലയം തുടങ്ങിയ പലതരം ദൃശ്യങ്ങളിലൂടെ  ഭൌതിക ചുറ്റുപാടില്‍ പറഞ്ഞവസാനിപ്പിച്ച ഒരു കഥയെ അതിഭൌതിക വിതാനത്തിലേക്ക്‌ തുറന്നിടുകയാണ് സംവിധായകന്‍.

കാളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന ഗംഭീരമായി പറഞ്ഞവസാനിപ്പിച്ച കഥയില്‍ തന്നെ ഒരു മികച്ച സിനിമയ്ക്ക് വേണ്ട എല്ലാ സാമഗ്രികളും ഉണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് പലതരം സമസ്യകളും ടൈം ലൂപ്പ് അഥവാ ഒരേ സമയത്തിലൂടെയുള്ള സംഭവങ്ങളുടെ ആവര്‍ത്തനം എന്ന ആഖ്യാനതന്ത്രവും ഒക്കെ സിനിമയില്‍ ഉപയോഗിച്ചു. സിനിമയെ മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ എന്തിന് ഉപയോഗിച്ചു  എന്ന ചോദ്യത്തിനല്ല ഇവിടെ പ്രസക്തി മറിച്ച് അത് എങ്ങിനെ ഉപയോഗിച്ചു എന്നിടത്താണ്. ജീവിതത്തെയും ലോകത്തെയും ചുഴിഞ്ഞു നില്‍ക്കുന്ന പലതരം നിഗൂഡതകളിലേക്ക് കാണിയുടെ അനുഭൂതിമണ്ഡലത്തെ ഉണര്‍ത്തി വിടുന്ന തരത്തിലുള്ള തികച്ചും സൌന്ദര്യാത്മകമായ ഒരു സിനിമാറ്റിക് ആഖ്യാനതന്ത്രം എന്ന നിലയ്ക്കാണ് ഇതിലെ ആവര്‍ത്തനവും അതിഭൌതിക സാന്നിധ്യങ്ങളും ഉപയോഗിച്ചിരിക്കുന്നത്. അത് കൊണ്ടാണ്  മിസ്റ്ററി മൂവി സയന്‍സ് ഫിക്ഷന്‍ മൂവീ തുടങ്ങിയ കള്ളികളില്‍ ഒന്നും ഒതുങ്ങാതെ സിനിമാ സങ്കല്‍പ്പത്തിന്‍റെ ഉയര്‍ന്ന മൂല്യങ്ങളാല്‍ പ്രചോദിതമായ ഒരു കലാരൂപമായി ചുരുളി നില്‍ക്കുന്നത്.


 

 

 

 

 

 

 

 

Comments

comments