“പക്ഷെ, ദൈവമേ, ഈ തെരുവുകൾ എന്തു മാത്രം ഒഴിഞ്ഞാണ് കിടക്കുന്നത്, ദുഃഖം പൊതിഞ്ഞിട്ടും. രോഗികൾ മാത്രമേയുള്ളൂ. കദനകഥകൾ മാത്രം കേൾക്കുന്നു. ഏവരും പറയുന്നതൊന്നുതന്നെ, അയാൾ മരിച്ചു, മറ്റേയാൾക്കും രോഗം വന്നു, എത്ര പേരാണിവിടെ വയ്യാതെ കിടക്കുന്നത് എന്നിങ്ങനെ. ഇവിടെയിപ്പോൾ ഡോക്ടറുമില്ലത്രെ, എല്ലാവരും മരിച്ചുകഴിഞ്ഞിരിക്കുന്നു, ഈയാഴ്ച കഴിഞ്ഞാലെങ്കിലും ഇതൊന്നു കുറയുമോ, ദൈവമേ”.

-സാമുവൽ പെപ്പിസ്, നാവികോദ്യോഗസ്ഥനും പാർലമെന്റ് അംഗവുമായിരുന്ന അദ്ദേഹം തന്റെ ഡയറിയിൽ ലണ്ടനിലെ താമസകാലത്ത്, കൃത്യമായി പറഞ്ഞാൽ 1665 ഒക്ടോബർ 16-ന്, കുറിച്ചിട്ടത്.

 റിംഗ് എ റിംഗ് ഓറോസസ്

എ പോക്കറ്റ് ഫുൾ ഓഫ് പോസീസ്

അറ്റിഷൂ! അറ്റിഷൂ!

വി ആൾ ഫാൾ ഡൗൺ”.

ഈ നേഴ്സറി റൈം കേൾക്കാത്തവരുണ്ടാവില്ല. പക്ഷെ, ഇതിന്റെ ഉത്ഭവം ഒരു മഹാമാരിയിൽ നിന്നാണെന്ന് എത്ര പേർക്കറിയാം? റിംഗ് എ റിംഗ് ഓറോസസ് എന്നു വെച്ചാൽ തൊലിപ്പുറത്തു കാണുന്ന തിണർപ്പുകളുടെ വിവരണമാണ്. ‘വട്ടത്തിൽ വട്ടത്തിൽ പനീനീർപ്പൂക്കൾ’ എന്ന് മലയാളത്തിൽ പറയാം. പോസി എന്നാൽ ഒരു സസ്യൗഷധമാണ്. നല്ല വാസനയുള്ള ഒന്ന്. പ്ലേഗ് മഹാമാരിയുടെ കാലത്ത് രോഗബാധയെ ചെറുക്കാനായി ഈ ഔഷധം ഇടയ്ക്കിടെ മൂക്കിനോട് ചേർത്ത്  വലിക്കുമായിരുന്നുവത്രെ. എപ്പോഴും ഉപയോഗിക്കാനായി കൈയ്യിൽ കരുതുകയും ചെയ്യും. അതാണ് പോക്കറ്റ് ഫുൾ ഓഫ് പോസീസ് എന്ന് പറയുന്നത്. രോഗബാധിതരായി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുന്നതിനെയായിരിക്കണം അറ്റിഷൂ എന്ന ഇരട്ട ശബ്ദപ്രയോഗം കൊണ്ട് ഉദ്ദേശിച്ചത്. അവസാനത്തെ വരി പിന്നെ പറയേണ്ടതില്ലല്ലോ. രോഗാവസാനം മരിച്ചുവീഴുക തന്നെ. ഒരു നേഴ്സറി റൈമിന് ഒട്ടും ചേർന്ന വരികളല്ല ഇത്. എങ്കിലും ലോകമെമ്പാടും അനവധി കൊച്ചുകുഞ്ഞുങ്ങൾ ഇതിലൂടെ ഒരു മഹാമാരിയെ വരച്ചിടുന്നു. ഒന്നും മനസ്സിലാക്കിയിട്ടല്ലെങ്കിലും.

പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിലെങ്ങും പടർന്നുപിടിച്ച കറുത്ത മരണം എന്ന പ്ലേഗ് ബാധ ഏതാണ്ടു നാലു നൂറ്റാണ്ടുകളോളം പല തവണകളായി രോഗവും യാതനകളും മരണങ്ങളും സൃഷ്ടിച്ചുകൊണ്ടേയിരുന്നു. വസന്തകാലാരംഭത്തിൽ ഇംഗ്ലണ്ടിൻ്റെ ഭാഗങ്ങളിലെവിടെയെങ്കിലും പ്ലേഗ് തലപൊക്കുന്നതും പതിവായി. വേനലിൽ അതിൻ്റെ പാരമ്യമായിരിക്കും. പിന്നെ കുറഞ്ഞു തുടങ്ങും. അങ്ങനെ മിക്കവാറും വർഷങ്ങളിൽ അതിൻ്റെ ആവർത്തനവുമുണ്ടാവും. പക്ഷെ, ഒന്നും പ്ലേഗിൻ്റെ ആദ്യവരവുകൾ പോലെ ഭീകരമായില്ല. പതിനേഴാം നൂറ്റാണ്ടിൻ്റെ പകുതി വരെ ഇതുതന്നെയായിരുന്നു അവസ്ഥ. അക്കാലത്ത് ഇംഗ്ലണ്ടിലെ പാവപ്പെട്ടവർ പുല്ലുമേഞ്ഞ കൊച്ചുവീടുകളിലാണ് കഴിഞ്ഞിരുന്നത്. അവയുടെ തേയ്ക്കാത്തതും, മണ്ണുകുഴച്ചു പരത്തിയതുമായ നിലങ്ങളിൽ എലികളും മാളങ്ങളുമാകട്ടെ സാധാരണവും. ചിലയിനം എലികൾ മേൽക്കൂരകളിലും പാർത്തു. എന്തായാലും, എലികളും മനുഷ്യരുമായുള്ള സഹവാസം ആ മഹാമാരിപ്പടർച്ചയുടെ സാധ്യതകൾ വിപുലമാക്കി എന്നു പറഞ്ഞാൽ മതിയല്ലോ.

യൂറോപ്പിലെങ്ങും  തകർത്താടിക്കൊണ്ടിരുന്ന  കറുത്ത മരണം ഒരു വർഷത്തിനകം തന്നെ ഇംഗ്ലണ്ടിലെത്തി. അക്കാലത്ത് കൊടുമ്പിരി കൊണ്ടിരുന്ന നൂറ്റാണ്ടുയുദ്ധത്തിലെ പടയാളികളോ കച്ചവടക്കാരോ ആയിരിക്കണം മഹാമാരിയെ ഇംഗ്ലീഷ് ചാനൽ കടത്തിയത്. ഇംഗ്ലണ്ടിൻ്റെ തെക്കൻ തീരത്തുള്ള അതിമനോഹരവും ചരിത്രാതീതകാലാവശിഷ്ടങ്ങൾ നിറഞ്ഞതുമായ പ്രദേശമാണ് ഡോർസെറ്റ്. അവിടം സന്ദർശിക്കാനുള്ള ഭാഗ്യം ഒരിക്കൽ എനിക്ക് ലഭിക്കുകയുണ്ടായി. വേമത്ത് എന്നൊരു തുറമുഖമുണ്ടവിടെ. വേ നദി ഇംഗ്ലീഷ് ചാനലിൽ ചെന്നു ചേരുന്നയിടം.  നൂറ്റാണ്ടുകൾക്കു മുമ്പ് മെൽകൊം റീജിസ് എന്ന പേരിലായിരുന്നു ആ തുറമുഖം അറിയപ്പെട്ടിരുന്നത്. പതിമൂന്നും പതിനാലും നൂറ്റാണ്ടുകളിലെ ആ പഴയ തുറമുഖത്തിൻ്റെ ബാക്കിപത്രം വേമത്തിൻ്റെ വടക്കൻ കരയിൽ ഇപ്പോഴും കാണാം. ഇവിടെയായിരുന്നു 1348 ജൂൺ 24-ാം തീയ്യതി  ഇംഗ്ലണ്ടിലെ ആദ്യത്തെ പ്ലേഗ് ബാധയുണ്ടായത്. അതിന്റെ സ്മാരകമായി ഒരു പ്ലേഗ് മ്യൂസിയവും അവിടെയുണ്ട്. അന്നത്തെ പ്ലേഗ് ബാധയിലമർന്ന ആബട്ട്സ്ബറി  എന്ന പള്ളിയും ഞാൻ സന്ദർശിക്കുകയുണ്ടായി. ഞാൻ പറഞ്ഞുവന്നത് ഈ വേ നദീമുഖത്തിലൂടെ ഇംഗ്ലണ്ടിലേക്കെത്തിയ കറുത്ത മരണം കനത്ത ദുരന്തം വിതച്ചുതീർത്തെങ്കിലും, ഒട്ടും ഒഴിഞ്ഞുപോകാതെ അതു ചില കോണുകളിലായി പതുങ്ങിയിരുന്നു എന്നാണ്. കാലാകാലങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെടാനും, എത്രയോ ജീവനുകൾ എണ്ണിയെടുക്കാനുമായി.

മെൽകൊം റീജിസിൽ തുടങ്ങിയ രോഗബാധ പിന്നീട് ബ്രിസ്റ്റലിലേക്കും ഓക്സ്ഫോഡിലേക്കും പടർന്ന്, ഒടുവിൽ ലണ്ടനിലുമെത്തി. ഒരു ദിവസം ഒന്നരമൈലാണ് രോഗം സഞ്ചരിച്ചിരുന്നത് എന്നൊരു കണക്കുണ്ട്. ഇഴഞ്ഞുനീങ്ങുന്ന വ്യാധി എന്നും വിളിച്ചിരുന്നു അക്കാലത്ത്. യെർസീനിയ എന്ന പ്ലേഗാണു ആ ഇഴച്ചിലിലൂടെ ഇംഗ്ലണ്ടിലെ എലിസമൂഹത്തിൽ സ്ഥാനമുറപ്പിച്ചു-രോഗത്തിന്റെ ഇടയ്ക്കിടെയുള്ള  പൊട്ടിപ്പുറപ്പെടലുകൾക്ക് നാന്ദിയായി. ഒരിടത്ത് എലികൾ ചത്തുതീരുന്നതോടെ എളുപ്പത്തിൽ നേടാവുന്ന മനുഷ്യരക്തത്തിനു വേണ്ടി സിനോപ്സില്ല എന്ന എലിച്ചെള്ള് ആർത്തിയോടെ ചിറകുകളുയർത്തും. എത്ര പേർ ആ മഹാപീഡയിൽ ഹോമിക്കപ്പെട്ടുവെന്നതിന് ആർക്കും വ്യക്തമായ രൂപമൊന്നുമില്ല. എന്തായാലും ഇവിടത്തെ  പള്ളികളിലെ കണക്കുകൾ പരിശോധിച്ചാൽ അത്‌ഭുതകരമായ ഒരു കാര്യം കാണാൻ സാധിക്കും. 1348-ലെ പ്ലേഗിന്റെ തുടക്കത്തിനുശേഷം പള്ളികളിലെ മമ്മോദീസകൾ, കല്യാണങ്ങൾ, ശവസംസ്കാരച്ചടങ്ങുകൾ എന്നിവ നടന്നതായി കാണുന്നത് 190 വർഷങ്ങൾക്കു ശേഷം 1538-ൽ മാത്രമാണ്. ആൾക്കാർക്ക് കൂട്ടംകൂടാനുള്ള ഭയമോ, ചടങ്ങുകൾ നടത്താൻ പുരോഹിതരും നാട്ടുകാരും ഇല്ലാതിരുന്നതോ, അല്ലെങ്കിൽ പള്ളികൾ തന്നെ തുറക്കാതിരുന്നതോ ആവാം. അങ്ങനെ, ഇത്രയും നീണ്ടകാലത്തെ പള്ളിവിവരങ്ങൾ ഇല്ലാത്തത് പ്ലേഗിന്റെ കൃത്യമായ വിവരണം അസാധ്യമാക്കുന്നുണ്ട്. എത്ര പേർ മരിച്ചുവെന്നതിന് ഊഹക്കണക്കുകൾ മാത്രമേ നമ്മുടെ മുന്നിലുള്ളൂ. മൂന്നിലൊന്നോളം ജനങ്ങൾക്ക് പ്ലേഗ് ബാധ ഉണ്ടായിരിക്കണം. രോഗം വന്നരിൽ എൺപതു ശതമാനവും മരിച്ചുപോയിട്ടുമുണ്ടാവണം. അപ്പോൾ അക്കാലത്തെ നാലിലൊന്ന് ജനസംഖ്യയെങ്കിലും ഇല്ലാതായിട്ടുണ്ടാവുമെന്ന് കരുതുക.  അല്ലെങ്കിൽ അതിൽക്കൂടുതലോ ആവാം. 40 ലക്ഷം ജനങ്ങളുണ്ടായിരുന്നു അന്ന് എന്നു കണക്കാക്കുയാണെങ്കിൽ എട്ടുലക്ഷം മുതൽ പതിനഞ്ചു ലക്ഷം വരെ മരണപ്പെട്ടിരിക്കണം. ഒട്ടും ഉറപ്പില്ലാത്ത കണക്കുകൾ തന്നെയെല്ലാം. എന്തായാലും, ഇംഗ്ലണ്ടിൽ പടർന്നിരുന്നത്, ശ്വാസകോശങ്ങളെ ബാധിക്കുന്ന ന്യുമോണിക് പ്ലേഗ് ആയിരുന്നു എന്നതിനാൽ അതിന്റെ മരണനിരക്ക് വല്ലാതെ ഉയർന്നതായിരിക്കണം എന്നും അനുമാനിക്കണം.

ഇതിനിടയിലും ഫ്രാൻസുമായുള്ള നൂറ്റാണ്ടു യുദ്ധം തുടർന്നുകൊണ്ടേയിരുന്നത് മനുഷ്യന്റെ മറ്റൊരു വികൃതവിരോധാഭാസമായിരുന്നു എന്നല്ലാതെ എന്തു പറയാൻ. തോമസ് നാഷിന്റെ പതിനാറാം നൂറ്റാണ്ടിലെ ഒരു കവിതയുണ്ട്. ‘പ്ലേഗിന്റെ കാലത്തൊരു പ്രാർത്ഥനാഗീതം’ എന്ന പേരിൽ.

“വിട, ഭൂമിതൻ ആനന്ദമേ;

അനിശ്ചിതമീ ലോകം;

പ്രിയജീവിതാനുഭൂതികൾ;

എല്ലാം കളിപ്പാട്ടങ്ങളാക്കുന്നു മരണം….

….സൗന്ദര്യം പക്ഷെ, ചുളിവുകൾ

കാർന്നുതിന്നുമൊരു പുഷ്പമാവാം.

ആകാശത്തു മിന്നലെന്നോണം,

മരിച്ചിടുന്നു അഴകുറ്റ, ചെറുപ്പം രാജ്ഞിമാർ.

പൊടിമറച്ചിടുന്നു ഹെലന്റെ കണ്ണുകൾ.

എനിക്ക് വയ്യ, ഞാൻ മരിക്കണം.

ദൈവമേ ഞങ്ങളോട് കനിവുണ്ടാവണമേ.”

പ്ലേഗ് ബാധിച്ചിരുന്ന ഭവനങ്ങൾക്കു പുറത്ത് അക്കാലത്ത് എഴുതിയിട്ടിരുന്ന വാചകമായിരുന്നു

‘ദൈവമേ, ഞങ്ങളോട് കനിവുണ്ടാവണമേ’ എന്നത്. അക്കാലത്തെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും, എല്ലാത്തരം മനുഷ്യരേയും പിച്ചിച്ചീന്തുന്ന പ്ലേഗ് എന്ന മഹാമാരിയെക്കുറിച്ചുള്ള ഭീതിയും നാഷിൻ്റെ വരികളിലുണ്ട്. അതിനെതിരെ ഒന്നും ചെയ്യാനാവില്ലെന്ന നിസ്സഹായതയും നേരെ മുന്നിൽ വന്നു നില്ക്കുന്ന മരണത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പും ഈ വരികളിൽ കാണാം. അതോ, ചുറ്റും കാണുന്ന ദുരന്തഭീകരതയിൽ നിന്നു മരണത്തിലേക്കുള്ള ഒളിച്ചോട്ടമോ?

പ്ലേഗിന്റെ തുടർച്ചയായ വരവിലും പോക്കിലുമായി നൂറ്റാണ്ടുകൾ നീങ്ങി. വർഷം 1665! ലണ്ടൻ നഗരത്തിനു തൊട്ടുപുറത്തായി സെന്റ് ജൈൽസ് എന്നൊരു ദേവാലയമുണ്ട്. ഒരു കാലത്ത് വധശിക്ഷകൾ അരങ്ങേറിയിരുന്ന സ്ഥലം. ആ പള്ളിമൈതാനത്തായിരുന്നു തൂക്കിക്കൊല്ലലുകളും, വയറുകീറി കുടൽമാലപുറത്തിടലും, കുതിരയിൽ കെട്ടിവലിക്കലുകളുമൊക്കെയായി കുറ്റവാളികളെ പൊതുസമക്ഷം കൊന്നുകളഞ്ഞിരുന്നത്. എലിസബത്ത് രാജ്ഞിയെ കൊന്ന് മേരി സ്കോട്ടിനെ രാജ്ഞിയാക്കാനുള്ള  ഗൂഢാലോചന വെളിച്ചത്തായപ്പോൾ അതിലുൾപ്പെട്ടവരെ പരസ്യമായി വധിച്ചതും ഇവിടെത്തന്നെ. പാവപ്പെട്ടവരായിരുന്നു സെന്റ് ജൈൽസ് ഇടവകയിലെ മിക്കവാറും പേരും.  അന്യനാടുകളിൽ നിന്ന് എല്ലാം നഷ്ടപ്പെട്ട് വന്നിരുന്നവർ അഭയം തേടിയിരുന്ന സ്ഥലം. അധികം പേരും ഭിക്ഷക്കാരുമായിരുന്നു. പോരാത്തതിന് എലികളുടെ കേന്ദ്രവും. എലിക്കോട്ട എന്നും ചിലർ വിളിച്ചിരുന്നുവത്രെ. ഈ പള്ളിക്ക് തൊട്ടുള്ള ഡ്രൂറിത്തെരുവിൽ താമസിച്ചിരുന്ന രണ്ടു ഫ്രഞ്ചുകാരായിരുന്നു ആദ്യമായി അസുഖം ബാധിച്ചു വീണത്. ആളുകൾ തിങ്ങിപ്പാർത്തിരുന്ന ഡ്രൂറിത്തെരുവിൽ രോഗബാധിതരുടെ എണ്ണം പെട്ടെന്ന് കൂടി. അന്നവിടെയുണ്ടായിരുന്ന സാമുവൽ പെപ്പിസ് തന്റെ ഡയറിയിൽ ഇപ്രകാരം കുറിച്ചിട്ടിരിക്കുന്നത് കാണാം.

“ഡ്രൂറിത്തെരുവിലെ വീടുകൾക്കു പുറത്ത് ചുവന്ന നിറത്തിൽ കുരിശടയാളം വരച്ചിട്ടിരുന്നതു കണ്ടു. അടിയിൽ ‘ദൈവമേ ഞങ്ങളിൽ കനിവുണ്ടാകണമേ’ എന്നും എഴുതിക്കാണാം. അങ്ങനെയൊന്ന്, ഞാൻ മുമ്പൊരിക്കലും കണ്ടിട്ടില്ല. ആ കുരിശടയാളത്തിന്റെ അർത്ഥം ഹൃദയം പിളർക്കുന്ന സത്യമാണെന്നന്നത് മനസ്സിനെ തളർത്തുന്നുണ്ട്. കടുത്ത നിരാശയും ദുഃഖവുമാണത് തരുന്നത്”. പെപ്പിസ് അങ്ങനെയെഴുതിയത് എന്തുകൊണ്ടെന്ന് മനസ്സിലായിക്കാണുമല്ലോ. സെന്റ് ജൈൽസ്  ഇടവകയിൽ പ്ലേഗ് പടർന്നു പിടിച്ചു മാസങ്ങൾക്കകം മുവ്വായിരത്തി ഇരുന്നുറിലധികം പേരാണവിടെ മാത്രമായി മരിച്ചുവീണത്. അതൊരു തുടക്കമായിരുന്നു. ലണ്ടൻ നഗരത്തെയപ്പാടെ തകർത്തെറിഞ്ഞ ഒരു മഹാമാരിയുടെ ആദ്യചുവട്.

വസന്തത്തിൽ നിന്ന് വേനലിലേക്കു കടക്കുമ്പോൾ പ്ലേഗ് ബാധയുടെ കാഠിന്യം കൂടുന്നത് കണക്കുകൾ നോക്കിയാലറിയാം. 1665 ലെ മെയ് മാസത്തിൽ 43 പേർ മാത്രമാണ് മരിച്ചത്. ജൂണിൽ 6137 ഉം, ജൂലൈയിൽ 17036 ഉം, ഓഗസ്റ്റിൽ 31159 പേരും ലണ്ടൻ നഗരത്തിൽ മരണപ്പെട്ടു. വൈകാതെ ആ ഒരൊറ്റവേനലിൽ ലണ്ടൻ നഗരത്തിലെ 15% പേരും മൃതരായി. സാമുവൽ പെപ്പിസിന്റെ ഡയറിയിൽ ഒഴിഞ്ഞു കിടക്കുന്ന ലണ്ടൻ തെരുവുകളെക്കുറിച്ച് പരാമർശമുണ്ട്. പ്ലേഗ് ബാധയുണ്ടായ വീടുകളെല്ലാം പെപ്പിസ് എഴുതിവെച്ചതു പോലെ ചുവന്ന കുരിശിനാൽ അടയാളപ്പെടുത്തിയിരുന്നു. രാത്രിയിലാണ് ശവശരീരങ്ങൾ പുറത്തേക്കെടുക്കുക. ശവവണ്ടികൾ ഓരോ വീടിന്റേയും പുറത്തുവന്നു നില്ക്കും.   മൂടിക്കെട്ടിയ വേഷം ധരിച്ചവർ ഉറക്കെ വിളിച്ചു കൂവും. “നിങ്ങളിൽ ചത്തവരെ പുറത്തേക്കെടുക്കൂ…” എന്ന്. വണ്ടി പോകുന്നത് നേരത്തെ തയ്യാറാക്കി വെച്ച വമ്പൻ ശവക്കുഴിയിലേക്കായിരിക്കും. ലണ്ടനിലെ ആൾഡ്ഗേറ്റിലും ഫിൻസ്ബറിയിലും അത്തരം ഭീമൻ കുഴികൾ ഉണ്ടായിരുന്നതായി രേഖകളുണ്ട്. രാത്രി മുഴുവൻ പണിയെടുത്താലും ചിലപ്പോൾ ശവം മറവു ചെയ്യുന്നത് അവസാനിക്കില്ല. അങ്ങനെ മിക്ക ദിവസങ്ങളിലും പകൽ സമയത്തും അതു തുടർന്നു. യൂറോപ്പിൽ പലയിടത്തുമെന്നതുപോലെ തെരുവുകളിൽ ശവശരീരങ്ങൾ കൂടിക്കിടക്കുന്ന അവസ്ഥ ലണ്ടനിൽ അപൂർവ്വമായിരുന്നു.

ഏറ്റവും രസമെന്തെന്നു വെച്ചാൽ അന്നത്തെ രാജാവ് ചാൾസ് രണ്ടാമൻ ലണ്ടൻ വിട്ടോടി ഓക്സ്ഫോഡിൽ പാർപ്പുറപ്പിച്ചു എന്നതാണ്. കഴിവുള്ളവർക്കും ധനാഢ്യർക്കും മേലേക്കിടയിലുള്ളവർക്കുമൊക്കെ അങ്ങനെ ലണ്ടൻ നഗരത്തിൽ നിന്നകന്ന് താമസിക്കാൻ കഴിഞ്ഞിരുന്നു. പണ്ട്, ഒരു പ്ലേഗ് ബാധയെത്തുടർന്ന് ഒന്നാമത്തെ എലിസബത്ത് രാജ്ഞി വിൻഡ്സറിലേക്കു ഓടിപ്പോയതും, ലണ്ടനിൽ നിന്ന് രോഗവുമായി അവിടേക്കു ചെന്നവരെ വധശിക്ഷയ്ക്കു വിധേയരാക്കിയതും ഈയവസരത്തിൽ ഓർമ്മിക്കാവുന്നതാണ്. പാർലമെന്റ് സമ്മേളനമെല്ലാം നിർത്തിവെച്ചു. സമാജികർ സ്ഥലവും വിട്ടു. കോടതികളും സ്ഥലം മാറിപ്പോയി. എല്ലാവിധ കച്ചവടങ്ങളും നിർത്തലാക്കപ്പെട്ടു. സ്കോട് ലന്റ് കൗൺസിലാകട്ടെ ഇംഗ്ലണ്ടുമായുള്ള അതിർത്തികൾ അടച്ചുപൂട്ടുകയും ചെയ്തു. അങ്ങനെ ലണ്ടൻ നഗരം പാവപ്പെട്ടവരുടേതു മാത്രമായി. പക്ഷെ, അവർ ഒന്നിനുമാവാതെ മഹാമാരിക്കുമുമ്പിൽ കീഴടങ്ങി. ആ വർഷം ലണ്ടനിൽ മരിച്ചു വീണവരിൽ മിക്കവരും താഴേക്കിടയിലുള്ളവരായിരുന്നു എന്നതിൽ നിന്നും ആ വ്യത്യാസം  മനസ്സിലാക്കാം.

ലണ്ടൻ നഗരത്തിലെ മൊത്തം ഔദ്യോഗികകണക്കെടുത്താൽ 68596 പേർ മരിച്ചു എന്നു കാണാം. പക്ഷെ, സത്യത്തിൽ അത് ഒരു ലക്ഷത്തിലും മേലെയായിരിക്കണം. ഇംഗ്ലണ്ടിൽ മൊത്തം ഏഴരലക്ഷവും. ആദ്യമരണം നടന്നത് ഏപ്രിൽ മാസത്തിലായിരുന്നു. ജൂലൈ ആയതോടെ ആഴ്ചയിൽ ആയിരം പേർ വെച്ച് നഷ്ടപ്പെട്ടു കൊണ്ടിരുന്നു. അതിലും എത്രയോ അധികം പേർ രോഗബാധിതരുമായി. ജനജീവിതമാകട്ടെ അങ്ങേയറ്റത്തെ ദുസ്സഹാവസ്ഥയിലും. ഒന്നു പുറത്തിറങ്ങാൻ പോലുമാവാതെ ആരെങ്കിലും കൊണ്ടുത്തരുന്ന ഭക്ഷണത്തെ ആശ്രയിച്ച് ഏവരും മാസങ്ങൾ തള്ളിനീക്കി. ലണ്ടനെപ്പോലൊരു നഗരം തീർത്തും നിശ്ശബ്ദമായി. തെരുവുകളിൽ പുല്ല് കിളിർത്തു. നിവൃത്തിയില്ലാതെ  ജനങ്ങളിൽ പലരും മോഷണവും, അതിനു മനസ്സനുവദിക്കാത്തവർ ഭിക്ഷയാചിക്കാനും തുടങ്ങി. പ്ലേഗുബാധയുള്ള വീടുകളെ നിരീക്ഷിക്കാൻ ആൾക്കാരെ ഏർപ്പാടു ചെയ്തിരുന്നു. വീട്ടുകാർ പുറത്തിറങ്ങാതിരിക്കുന്നതിനായി. പള്ളിയിലെ ജോലിക്കാരാണ് ഭക്ഷണം കൊണ്ടുകൊടുക്കുക. അന്തരീക്ഷം രോഗവിമുക്തമാക്കാൻ തെരുവുകളിൽ തീകൂട്ടുന്നതും പതിവായിരുന്നു. നാല്പതിനായിരം നായ്ക്കളും, രണ്ടു ലക്ഷം പൂച്ചകളും ഈ ലണ്ടൻ പ്ലേഗിൽ മരിച്ചുവെന്നും ഒരു കണക്കുണ്ട്.

1665-ലെ മഹാപ്ലേഗിനെക്കുറിച്ച് വിശദമായി എഴുതിയിട്ടുള്ള ഒരാൾ ഡാനിയൽ ഡീഫോ ആണ്. റോബിൻസൻ ക്രൂസോ എഴുതിയ അതേ ഡീഫോ. അദ്ദേഹത്തിന്റെ അമ്മാവൻ ഹെന്റി ഫോ ആ പ്ലേഗ് കാലം നേരിട്ടനുഭവിച്ചിട്ടുള്ളയാളായിരുന്നു. അമ്മാവന്റെ വിവരണങ്ങളാണ് ഡാനിയൽ ഡീഫോ പുസ്തകമാക്കിയത് എന്നു കരുതുന്നു. ഭിഷഗ്വരന്മാരെക്കുറിച്ചും അക്കാലത്തെ ചികിത്സയെക്കുറിച്ചും ഡീഫോ കാര്യമായി ഒന്നും പറയുന്നില്ല. ഭീതിയിലർന്ന ലണ്ടൻ നിവാസികൾ വ്യാജവൈദ്യന്മാരുടേയും തട്ടിക്കൂട്ട് മരുന്നു വില്പനക്കാരുടേയും പിന്നാലെയായിരുന്നുവത്രെ. തട്ടിപ്പുകാരെ ധനികരാക്കുന്ന ഏർപ്പാടായിരുന്നു അതെല്ലാമെന്ന അദ്ദേഹത്തിന്റെ  നിരീക്ഷണവുമുണ്ട്. വൈദ്യത്തിലോ മരുന്നിലോ ആയിരുന്നില്ല അക്കാലത്തെ സുരക്ഷ, മറിച്ച് വീട്ടിനകത്തും പുറത്തും രോഗിയിൽ നിന്നുള്ള അകലം പാലിക്കുന്നതിലാണെന്ന അഭിപ്രായവും ഡീഫോ കൂട്ടിച്ചേർക്കുന്നു. പതിനേഴാം നൂറ്റാണ്ടിലെ വൈദ്യവൃത്തി പ്രധാനമായും ക്രിസ്തുവിന് മുമ്പത്തെ ഹിപ്പോക്രാറ്റസിന്റെ ചിന്തകളേയും, രണ്ടാം നൂറ്റാണ്ടിലെ ഗാലന്റെ സിദ്ധാന്തങ്ങളേയും, ശേഷമുള്ള ആയിരത്തിഅഞ്ഞൂറുകൊല്ലത്തെ പ്രവർത്തന പരിചയത്തേയും  അടിസ്ഥാനമാക്കി മാത്രമായിരുന്നു എന്നത് വലിയൊരു പ്രതികൂലാവസ്ഥ തന്നെയായിരുന്നു. വൈദ്യശാസ്ത്രം തീരെ ശൈശവാവസ്ഥയിലായിരുന്ന അക്കാലത്ത് ജനങ്ങൾ അശാസ്ത്രീയമായ കാര്യങ്ങൾക്കു പിന്നാലെ പോകുന്നതിൽ അത്ഭുതമില്ലല്ലോ. സമീകൃതമായ ഭക്ഷണരീതിയെക്കുറിച്ചും മനസ്സും ശരീരവും ആരോഗ്യ പൂർണ്ണമായി സൂക്ഷിക്കേണ്ടതിനെക്കുറിച്ചുമുള്ള ഉപദേശങ്ങളും എന്നത്തേയുമെന്നപോലെ സമൃദ്ധമായിരുന്നു. വേദന കുറയ്ക്കാനുള്ള കറുപ്പിന്റെ അംശമുള്ള മരുന്നുകളും ജനപ്രിയത നേടി. ഇപ്പോൾ വാട്ട്സാപ്പിലൊക്കെ കാണുന്നപോലെ മദ്യം കഴിക്കുന്നത് പകർച്ചവ്യാധിയെ തടയുമെന്ന അബദ്ധപ്രചരണങ്ങൾക്കും ഒട്ടും കുറവുണ്ടായിരുന്നില്ല. ചില ഭിഷഗ്വരന്മാർ വരെ ഈ ചിന്തയ്ക്ക് അതീതരായിരുന്നില്ല. ആയിടയ്ക്കാണ്, പുകയില വലിയതോതിൽ ലണ്ടനിലെത്തുന്നത്. താമസിയാതെ പ്ലേഗിനെ തുരത്താനുള്ള പുകച്ചുരുളുകളിൽ അതും ഒരു പ്രധാന ഇനമായി.

തീക്ഷ്ണഗന്ധമുള്ള റൂട്ട എന്ന ചെടിയുടെ ഭാഗങ്ങളും, വിനാഗിരിയും ചേർന്ന മിശ്രിതമായിരുന്നു വ്യാപകമായി പ്ലേഗുനാശിനിയായി ഉപയോഗിച്ചിരുന്നത്. ഗന്ധകം ഉപയോഗിച്ച് മുറികളും ജനപരിസരങ്ങളും പുകയ്ക്കുന്നതും പതിവായിരുന്നു. ജനലുകൾ പോലും അടച്ചിട്ടായിരുന്നു അവർ കഴിഞ്ഞിരുന്നത് എന്നോർക്കണം. അബ്രകഡാബ്ര എന്ന വാക്കിലെ അക്ഷരങ്ങൾ ത്രികോണത്തിനകത്തു എഴുതിയിടുക, മുയൽക്കാല്, ഉണക്കിയ തവള, അട്ടകൾ, തൂവൽ പറിച്ച കോഴിയെപ്പിടിച്ച് അത് ചാവുന്നതുവരെ പ്ലേഗ് മുറിവുകളിൽ പിടിപ്പിക്കുക എന്നിങ്ങനെയുള്ള അസംബന്ധക്കൂടാരങ്ങളായിരുന്നു പ്ലേഗ് ചികിത്സ.

ജോൺ ഹേവാഡ് എന്ന ശവവണ്ടിക്കാരനേയും, അദ്ദേഹത്തിന്റെ പ്ലേഗ് നേഴ്സ് ആയിരുന്ന ഭാര്യയേയും കുറിച്ച് ഡീഫോ അത്ഭുതത്തോടെ സ്മരിക്കുന്നുണ്ട്. 1665-ലുടനീളം പ്ലേഗ് ബാധിച്ചവർക്കും മരിച്ചവർക്കുമിടയിൽ കഴിഞ്ഞിട്ടും, അവർക്ക് രോഗം ബാധിച്ചില്ല എന്നത് ചെറിയ കാര്യമൊന്നുമല്ലല്ലോ. ഹേവാഡ് ആകെ ഉപയോഗിച്ചിരുന്ന രോഗപ്രതിരോധം വായിൽ സ്ഥിരമായി വെച്ചിരുന്ന വെളുത്തുള്ളിയും, റൂട്ടയും, പിന്നെ പുകവലിക്കലും മാത്രമായിരുന്നുവത്രെ. അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ, തന്റെ തല മുഴുവൻ ഇടയ്ക്കിടക്ക് വിനാഗരിയിൽ കഴകുമായിരുന്നു. കൂടാതെ വസ്ത്രത്തിലെല്ലാം അതു കുടഞ്ഞിടുകയും ചെയ്യും. അങ്ങനെ വിനാഗരിയിൽ നനഞ്ഞാണവർ ജോലി ചെയ്തിരുന്നതു തന്നെ.

സാമുവൽ പെപ്പിസിന്റെ വാക്കുകളിൽ നഷ്ടപ്പെട്ടുപോയ ഒത്തൊരുമയെക്കുറിച്ചുള്ള രോദനമുണ്ട്. പ്ലേഗ് ഞങ്ങളെ മറ്റുള്ളവർക്കു നേരെ നായ്ക്കളെന്നോണം ക്രൂരന്മാരാക്കുന്നു എന്നും, മറ്റുള്ളവരോടുള്ള സ്നേഹവും അനുകമ്പയും എങ്ങോ പോയൊളിച്ചിരുന്നു എന്നുമദ്ദേഹം എഴുതുന്നു. 1660 ജൂൺ ഒന്ന് മുതൽ ഒമ്പതു വർഷത്തെ വിവരണങ്ങളാണ് അദ്ദേഹത്തിന്റെ ഡയറിയിൽ. 1665-ലെ പ്ലേഗിന്റെ കാലത്ത് പേപ്പ്സ് നാവികകാര്യാലയത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയെ വൂലിച്ച് എന്ന സ്ഥലത്തേക്കു പറഞ്ഞയച്ച് അദ്ദേഹം ലണ്ടനിൽത്തന്നെ തുടർന്നു. അങ്ങനെയാണ് അക്കാലത്തെ ലണ്ടൻ നഗരത്തെക്കുറിച്ചുള്ള യഥാതഥവിവരണം നമുക്കിന്ന് ലഭിക്കുന്നത്. സർക്കാരും പള്ളികളും ഒരുപോലെ മരണക്കണക്കുകളിൽ മറച്ചുവെയ്ക്കലുകളും, കള്ളത്തരങ്ങളും നടത്തിയിരുന്നതായി പെപ്പിസ് പറയുന്നുണ്ട്. അക്കാര്യത്തിൽപ്പോലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കോവിഡ് കാലത്ത് വ്യത്യാസങ്ങളില്ല എന്നു മനസ്സിലാക്കുമ്പോൾ അറിയാതൊരു ചിരി ഉള്ളിൽ മുളപൊട്ടും.

ഡെർബിഷൈറിലെ ഈം എന്ന ഗ്രാമത്തിന്റെ കഥ വിസ്മയത്തോടെയല്ലാതെ കേട്ടിരിക്കാനാവില്ല. 1965ലെ വസന്തിന്റെ അവസാനമായിരിക്കണം ആ ഗ്രാമത്തിലെ മേരി കൂപ്പർ എന്ന വിധവ അലക്സാണ്ടർ ഹാഡ്ഫീൽഡ് എന്ന തയ്യൽക്കാരനെ വിവാഹം കഴിച്ചത്. ഹാഡ്ഫീൽഡ് തൻ്റെ പതിവുകാർക്ക് തയ്ച്ചു കൊടുക്കാനായി പുത്തൻ ഫാഷനിലുള്ള തുണിത്തരങ്ങൾ ലണ്ടനിൽ നിന്നു വരുത്തുക പതിവായിരുന്നു. ആ വർഷം ഓഗസ്റ്റിലോ മറ്റോ ആവണം അത്തരമൊരു പൊതി ലണ്ടനിൽ നിന്നെത്തിയത്. ഹാഡ്ഫീൽഡിന്റെ അനുചരനായിരുന്ന ജോർജ്ജ് അതിന്റെ കെട്ടഴിച്ചു. തുറന്നപാടെ, തീർത്തും അസഹനീയമായ ഒരു ദുർഗന്ധം പുറത്തേക്കുപരന്നു. നോക്കിയപ്പോൾ തുണികളെല്ലാം നനഞ്ഞാണ് കിടന്നിരുന്നത് എന്നു കണ്ടു. ജോർജ്ജ് തുണികളെല്ലാം അടുക്കളനിലത്ത് വിരിച്ചിട്ടു. അടുപ്പിലെ തീ കൊണ്ട് അതെല്ലാം ഉണക്കിയെടുക്കാനായിരുന്നു ശ്രമം. സത്യത്തിൽ, ആ തുണികളിൽ നിറയെ എലിച്ചെള്ളുകളായിരുന്നു. അക്കാലത്ത് ലണ്ടൻ നഗരത്തെ നാമാവശേഷമാക്കിക്കൊണ്ടിരുന്ന പ്ലേഗ് ബാധയുടെ കാരണക്കാരായ എലിച്ചെള്ളുകൾ എങ്ങനെയാണ് ആ തുണിക്കെട്ടിൽ കയറിക്കൂടിയതെന്ന് ആർക്കുമറിയില്ല. മന:പൂർവ്വമല്ലെന്ന് മാത്രം വിശ്വസിക്കുക തന്നെ.

എലിച്ചെളളുകൾ നേരെ മുന്നിലുള്ള ജോർജ്ജിനു നേരെ തിരിഞ്ഞു. ശരീരത്തിൽ അവിടവിടെ ചെറിയ ചൊറിച്ചിലൊക്കെ ഉണ്ടാക്കിയ ആ ചെള്ളുകൾ തൻ്റെ മരണത്തിലേക്കാണ് നയിക്കുന്നത് എന്ന് ജോർജ്ജ് സ്വപ്നേപി വിചാരിച്ചിരിക്കില്ല. ഏഴാം ദിവസം അവൻ മരിച്ചു. തുണികളിലൂടെ ലണ്ടനിൽ നിന്നെത്തിയ പ്ലേഗുബാധയാൽ. ആ ഏഴു ദിവസത്തിനിടയിൽ ജോർജ്ജിൽ നിന്ന് മറ്റുള്ളവരിലേക്കും രോഗം പകർന്നു. മൂന്നാഴ്ചയിൽ അഞ്ചുപേർ കൂടി മരിച്ചതോടെ  ഈം ഗ്രാമത്തിലെ പ്ലേഗ് സ്ഥിരീകരിക്കപ്പെട്ടു. ഒരു മാസത്തിനകം മരണസംഖ്യ 75 ആയി. അപ്പോഴാണ്, ഗ്രാമത്തിലെ പള്ളിയിലെ പുരോഹിതൻ വില്യം മൊമ്പീസൻ വലിയൊരു തീരുമാനവുമായി മുന്നോട്ടു വന്നത്. അദ്ദേഹം ഗ്രാമവാസികളോടായി പറഞ്ഞു: “നമ്മളുടെ ഈ കൊച്ചുഗ്രാമം എന്തായാലും പ്ലേഗിന് അടിപ്പെട്ടു. നമ്മൾ ഇവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്കു ഓടിപ്പോയാൽ അത് കൂടുതൽ ഭാഗങ്ങളിലേക്കു പരക്കും. അതു പാടില്ല. നമ്മൾ ഇവിടെ നിന്നു കൊണ്ട് ഈ രോഗബാധയെ ചെറുക്കണം”.

“നമുക്കു കാണാൻ കഴിയാത്ത രോഗബീജങ്ങൾ നമ്മൾ കൊണ്ടു നടക്കുന്നുണ്ടാവാം”. അതിനാൽ ആരോടും ഇടപഴകാതെ ജീവിക്കേണ്ടത് പ്രധാനമാണെന്ന് വിശ്വസിച്ചിരുന്നയാളായിരുന്നു മൊമ്പീസൻ. അതിനുവേണ്ടി മൂന്നു കാര്യങ്ങളാണ് മൊമ്പീസൻ നിർദ്ദേശിച്ചത്. മരിക്കുന്നവരെ അവരവരുടെ പറമ്പുകളിൽ തന്നെ സംസ്കരിക്കുക. അതിനു നിവൃത്തിയില്ലെങ്കിൽ ഗ്രാമത്തിനു പുറത്തെ മലഞ്ചെരിവിൽ  കല്ലുകൊണ്ട് പ്രത്യേകം വളച്ചുകെട്ടിയ ഇടത്തിൽ മറവു ചെയ്യുക. രണ്ട്, ആൾക്കാർ തമ്മിൽ ഇടപഴകുന്നത് പാടെ ഒഴിവാക്കുക, എല്ലാ ചടങ്ങുകളും പ്രാർത്ഥനകളും അവസാനിപ്പിച്ച് പള്ളി  പൂട്ടിയിടുക, അവശ്യം വേണ്ട ചില പള്ളി പ്രാർത്ഥനകൾ ഗ്രാമത്തിന് തൊട്ടുള്ള തുറന്നയിടത്തു നടത്തി. അവിടെ ആൾക്കാർ എല്ലാവരും മറ്റുള്ളവരിൽ നിന്നകന്നകന്നു നിന്നു.  അവസാനമായി, കർശനമായ ക്വരൻ്റീൻ ഗ്രാമത്തിലൊട്ടാകെ പാലിക്കുക. ഗ്രാമത്തിനു വെളിയിലേക്കോ അകത്തേക്കോ ഉള്ള സഞ്ചാരം നിർത്തുകയായിരുന്നു അതിനുള്ള വഴി. ഓരോ വീട്ടുകാരും അവരവരുടെ ഭവനങ്ങളിൽ അടച്ചു പൂട്ടിയിരിക്കുകയും വേണമായിരുന്നു. വീട്ടിലേക്കാവശ്യമുള്ള സാധനങ്ങൾ മൊമ്പീസന്റെ നേതൃത്വത്തിൽ എത്തിച്ചു കൊടുക്കും. അതിനുള്ള പൈസ ഒഴുകുന്ന വെള്ളമുള്ള ഒരു കുഴിയിൽ ഇട്ടാൽ മതി. നാണയങ്ങളിലൂടെ രോഗം പകരാതിരിക്കാനായിരുന്നു ആ മുൻകരുതൽ. മൊമ്പീസന് കൊടുത്ത വാക്ക് ഈം വാസികൾ പാലിച്ചു. ആരും ഗ്രാമം വിട്ടു പോയതുമില്ല. പ്ലേഗ്, ഒരു പക്ഷെ, ഈ നടപടികൾക്കൊക്കെ മുമ്പ് തന്നെ അവരുടെ വിധിയെഴുതിക്കഴിഞ്ഞിരിക്കണം. ഈമിൽ നിന്നു പുറത്തേക്കു പ്ലേഗ് പടർന്നില്ല എന്നതു സത്യം. പ്ലേഗ് ഒടുങ്ങിത്തീരുന്നതുവരെ അവരോരുത്തരും കാത്തിരുന്നു. അതിനിടയിൽ  പ്രിയപ്പെട്ടവർ മരിച്ചുവീഴുന്നതവർ  വേദനയോടെ നോക്കിക്കണ്ടു. എന്നിട്ടും ആ നിശ്ചയദാർഢ്യം അപാരമായിരുന്നു.

ഓഗസ്റ്റ് മാസമായപ്പോഴേക്കും ഈമിൽ നൂറ്റമ്പതോളം പേർ പ്ലേഗിന് കീഴടങ്ങി. മൊമ്പീസന്റെ ഭാര്യയും മരിച്ചവരുടെ കൂട്ടത്തിൽപ്പെട്ടു. ഭാഗ്യത്തിന് പ്ലേഗിനു മുമ്പേ അവിടം വിട്ടിരുന്നതിനാൽ അവരുടെ മക്കൾക്ക് രക്ഷപ്പെടാനായി. എങ്ങും മരണം തളംകെട്ടിനിന്ന ദിവസങ്ങളായിരുന്നു അത്. ആ കൊച്ചുഗ്രാമത്തിൽ എല്ലാവരും പരസ്പരമറിയുന്നവർ. ഓരോരുത്തരായി അവർ ലോകം വിട്ടുപൊയ്ക്കൊണ്ടേയിരുന്നു. ഈമിലെ ഗ്രാമവാസികളിൽ രണ്ടു കൂട്ടർ അല്പം അകന്നാണ് താമസിച്ചിരുന്നത്. ടാൽബോട്ട്, ഹാൻകോക്ക് എന്നീ കുടുംബങ്ങൾ. അത്ര ദൂരത്തേക്ക് പ്ലേഗ് എത്തുകയില്ലെന്ന് അവസാനം വരെ അവർ ഉറച്ചു വിശ്വസിച്ചു. ഒടുവിൽ, എങ്ങനെയന്നറിയാതെ ടാൽബോട്ട് കുടുംബത്തെ സന്ദർശിക്കാനായി പ്ലേഗ് എന്ന മരണദൂതനെത്തി. അതിദാരുണമായിരുന്നു അതിന്റെ പരിണിതഫലം. പന്ത്രണ്ടു പേരുണ്ടായിരുന്ന ടാൽബോട്ട് കുടുംബത്തിലെ പത്തുപേരും വീട്ടിനകത്ത് മരിച്ചുവീണു. അത്ഭുതമെന്നു പറയട്ടെ, ഏറ്റവും രോഗപ്രതിരോധം കുറവായിരിക്കുമെന്ന നിനച്ച ബ്രിജിറ്റ് എന്ന 78 വയസ്സുകാരി അമ്മൂമ്മയും അവരുടെ പേരക്കുട്ടി മൂന്നു മാസം പ്രായമുള്ള കാതറീനുമാണ് ആ കൂട്ടമരണത്തെ അതിജീവിച്ചത്. മരിച്ചവരെ അടക്കം ചെയ്യാൻ കുടുംബത്തിൽ അതിനു കഴിവുള്ള ആരുമില്ലാത്ത അവസ്ഥ. അവസാനം അസുഖം ബാധിക്കാതിരുന്ന ഹാൻകോക്ക് കുടുംബാംഗങ്ങൾ അതിനു തയ്യാറായി. മറ്റൊരു ദുരന്തത്തിലേക്കാണത് നയിച്ചത്. ആ കുടുംബത്തിലെ ഹാൻകോക്ക് മുത്തശ്ശിയൊഴിച്ച് ബാക്കിയെല്ലാവരും ഒരു മാസത്തിനകം മണ്ണിനടിയിലായി. അങ്ങനെയിരിക്കെ ബ്രിജിറ്റും മരിച്ചു. ഹാൻകോക്ക് മുത്തശ്ശി കൊച്ചു കാതറീനെ ദത്തെടുത്തു. പക്ഷെ,  നിർഭാഗ്യം തീർന്നിട്ടുണ്ടായിരുന്നില്ല. ആ പിഞ്ചു പൈതലും ഏതാനും ദിവസങ്ങൾക്കകം വിടവാങ്ങി. ഒടുവിൽ, ക്വരൻ്റിൻ അവസാനിച്ചപ്പോൾ ദൂരെ ഷെഫീൽഡിൽ  താമസിച്ചിരുന്ന  തൻ്റെ മകൻ്റെയടുത്തേക്കവർ താമസം മാറി. ഷെഫീൽഡുകാരുടെ ഭാഗ്യത്തിന് അവരിൽ എലിച്ചെള്ളുകളൊന്നും ബാക്കിയുണ്ടായിരുന്നില്ല.

അടുത്ത രണ്ടു മാസങ്ങളിൽ വീണ്ടും 43 പേർ ഈമിൽ മരണപ്പെട്ടു. നവമ്പർ മാസത്തിൽ അബ്രഹാം എന്നയാൾകൂടി  മരിച്ചതോടെ ഒരു സ്വിച്ചിട്ടപോലെയെന്നോണം ഈമിലെ പ്ലേഗുബാധ അവസാനിച്ചു. പക്ഷെ, അപ്പോഴേക്കും 350 പേർ താമസിച്ചിരുന്ന ഈമിൽ 260 പേർ മരണപ്പെട്ടു കഴിഞ്ഞിരുന്നു. ഒരു പക്ഷെ, ആദ്യമേ ഈ ഗ്രാമത്തിൽ നിന്നു ഓടിപ്പോയിരുന്നെങ്കിൽ ഈ മരിച്ചവരിൽ ചിലരെങ്കിലും രക്ഷപ്പെടുമായിരുന്നു. പക്ഷെ, അതിൽ രോഗമുണ്ടായിരുന്നവർ ചുറ്റുവട്ടത്തെ ഗ്രാമങ്ങളിലേക്ക് പ്ലേഗ് പടർത്തിയിരുന്നെങ്കിൽ സംഭവിക്കുമായിരുന്നത് അതിനേക്കാളൊക്കെ എത്രയോ വലിയ ദുരന്തമായേനേ. മറ്റുള്ളവർക്കു വേണ്ടി സ്വയം ജീവത്യാഗത്തിനു തയ്യാറായ ഈം ഗ്രാമവാസികളുടെ കഥ സ്വർണ്ണലിപിയിൽ എഴുതപ്പെടേണ്ടതാണ്. മരണത്തിനു മുന്നിൽ സാമൂഹികനന്മയ്ക്കു വേണ്ടി നിശ്ചയദാർഢ്യത്തോടെ പിടിച്ചു നിന്ന ഈം വാസികളേയും അതിനു വേണ്ടി അവരെ പ്രേരിപ്പിച്ച വില്യം മൊമ്പീസനേയും നമുക്കു നമിക്കാം. ഇന്നും ഈം ഗ്രാമത്തിലേക്കു കടക്കുന്നയിടത്തു തന്നെയുള്ള വെളിമ്പ്രദേശത്ത് കല്ലുകൊണ്ട് വളച്ചുകെട്ടിയ ഒരിടം കാണാം. അതിൽ മറവു ചെയ്യപ്പെട്ടവരുടെ സ്മാരകശിലകൾ. ഹാൻകോക്ക് കുടുംബത്തിൻ്റെ സ്ഥലമായിരുന്നു അത്. ആ ശിലകളിലെ എഴുത്തുകൾ പരിശോധിച്ചാൽ ഒന്ന് നടുങ്ങും. എല്ലാവരും ഒരാഴ്ചയ്ക്കുള്ളിൽ ലോകം വിട്ടുപോയവർ.

മൊമ്പീസനെപ്പോലെ അപാരമായ നേതൃഗുണമുള്ളയാൾ അന്ന് പൂർണ്ണാത്മാർത്ഥതയോടും ത്യാഗബുദ്ധിയോടും എടുത്ത തീരുമാനങ്ങൾ ഇന്നത്തെ ശാസ്ത്രവിജ്ഞാനത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ തെറ്റായിപ്പോയെന്ന് പറയേണ്ടിവരും. പക്ഷെ, അതിന് മൊമ്പീസനെയോ, അദ്ദേഹത്തിനൊപ്പം പാറപോലെ ഉറച്ചുനിന്ന ഗ്രാമവാസികളേയോ കുറ്റം പറയാനാവില്ല. അത്രയ്ക്കുള്ള ശാസ്ത്രത്തെളിച്ചമേ മുന്നൂറ്റമ്പതു വർഷങ്ങൾക്കു മുമ്പുണ്ടായിരുന്നുള്ളൂ. പ്ലേഗ് എന്ന രോഗം ആൾക്കാർ തമ്മിൽ സ്പർശനം കൊണ്ടോ, അന്തരീക്ഷത്തിലൂടെ ശരീരസ്രവങ്ങളിലൂടേയോ ആണ് പകരുന്നത് എങ്കിൽ മൊമ്പീസൻ എടുത്ത തീരുമാനങ്ങളെല്ലാം അച്ചട്ട് ശരിയായേനേ. അയൽക്കാരിലേക്ക് പകരുന്നത് ഒഴിവാവുകയും ചെയ്തേനേ. പക്ഷെ, പ്ലേഗ് പകരുന്നത് എലി-എലിച്ചെള്ള്-മനുഷ്യൻ എന്ന ജൈവശ്രേണിയിലൂടെയാണെന്ന ബോധം മനുഷ്യന് ലഭിക്കുന്നത് 229 വർഷങ്ങൾക്കുശേഷം അലക്സാന്ദ്രെ യെർസാങ് പ്ലേഗാണുവിനെ കണ്ടുപിടിച്ചപ്പോൾ മാത്രമാണ് എന്നോർക്കണം. ഒരു പക്ഷെ, അന്നതറിഞ്ഞിരുന്നെങ്കിൽ ഗ്രാമത്തെ പാടെ ഒഴിച്ചിട്ട് ജനങ്ങളെ മുഴുവൻ പുറത്തെ മലയിലോ മറ്റോ താവളമടിക്കാൻ പ്രേരിപ്പിക്കുമായിരുന്നു. എന്നിരുന്നെങ്കിൽ അധികം പേർ അക്കൂട്ടത്തിൽ മരിക്കുകയുമില്ലായിരുന്നു. ഒഴിഞ്ഞ ഗ്രാമത്തിലെ എലികളും ചെള്ളുകളും പട്ടിണി കിടന്ന് ചത്തും പോയേനേ. എന്നിരുന്നാലും, ആ ഗ്രാമവാസികളുടെ ചെയ്തികളുടെ നിഷ്ഫലതയെക്കുറിച്ച് വിഷമിക്കുന്നതിനു പകരം അവർ കാണിച്ച സുധീരതയെ നമ്മൾ മുക്തകണ്ഠം പ്രശംസിക്കുകയാണ് വേണ്ടത്.

സത്യത്തിൽ എല്ലാവരേയും വീട്ടിനകത്തു അടച്ചുപൂട്ടാൻ പറഞ്ഞത് ഇംഗ്ലണ്ടിലെ ഉന്നത ഭിഷഗ്വരന്മാരുടെ സംഘടനയായ റോയൽ സൊസൈറ്റി ഓഫ് ഫിസിഷ്യൻസ് തന്നെയായിരുന്നു. ഈ നിർദ്ദേശം മരണസംഖ്യ വർദ്ധിക്കുന്നതിന് കാരണമായെന്ന് ഇന്നത്തെ വിദഗ്ധർ പറയുന്നുണ്ട്. 1665-ൽ തന്നെ ഈ അടച്ചിടലിനെതിരെ ശക്തമായി പ്രതികരിച്ച ക്രാവൻ പ്രഭുവിനെ ഈയവസരത്തിൽ സ്മരിക്കാവുന്നതാണ്. രോഗികളെ പ്ലേഗുവീടുകൾ എന്ന പേരിലുള്ള ആസ്പത്രികളിലേക്കു മാറ്റുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. അത് ഏറെക്കുറെ ശരിയായിരുന്നുതാനും. കാര്യമറിഞ്ഞിട്ടല്ലെങ്കിലും ഇറ്റലിയിലൊക്കെ ലാസററ്റോ എന്ന പേരിൽ ഇത്തരം സംവിധാനങ്ങളുണ്ടായിരുന്നു.

എന്തായാലും പ്ലേഗ് പതിയെ കെട്ടടങ്ങി. എലികൾ വലിയ തോതിൽ ചത്തൊടുങ്ങിയതും, രോഗം പിടിപെടാനുള്ള മനുഷ്യരുടെ എണ്ണം കുറഞ്ഞതും, മിക്കവാറും എലിച്ചെള്ളുകൾക്ക് കടുത്ത ശീതകാലത്തെ അതിജീവിക്കാനാവാഞ്ഞതും, പ്ലേഗാണുവിന്റെ രോഗകാരണശേഷി കുറഞ്ഞതുമൊക്കെ ഇതിനു കാരണങ്ങളായേക്കാം.

ഹാംലിൻ നഗരത്തിലെ പഴയ പൈഡ് പൈപ്പറിന്റെ കഥ ഇവിടെ ഓർക്കാം. തന്റെ സംഗീതത്തിലൂടെ എലികളെ മുഴുവൻ ആകർഷിച്ച് വേസർ നദിയിൽ മുക്കിക്കൊന്ന കഥ. മധ്യകാലത്തെ ഒരു പ്ലേഗ് ബാധയായിരിക്കണം ആ കഥയ്ക്കു പിന്നിൽ. ഒടുവിൽ നഗരത്തിലെ കുട്ടികളേയും കൊണ്ട് പൈഡ് പൈപ്പർ കോപ്പൻബർഗ് മലമുകളിലേക്കു നീങ്ങുമ്പോൾ, എലികൾക്കു പുറകെ മനുഷ്യരെ ബാധിക്കുന്ന പ്ലേഗ് തന്നെയല്ലേ ആ അജ്ഞാതകഥാകാരന്റെ മനസ്സിലുണ്ടായിരുന്നത് എന്ന സംശയം ഞാൻ നിങ്ങൾക്കു മുന്നിൽ വെയ്ക്കുന്നു.

                                                                                                ***

 

 

 

 

Comments

comments