ബിജെപി അധികാരത്തില്‍ അല്ലാത്ത സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ക്ക് എതിരായി ഗവര്‍ണ്ണര്‍മാരെ മുന്‍നിര്‍ത്തി കളിക്കുന്ന നാടകങ്ങളുടെ ഏറ്റവും പുതിയ എപ്പിസോഡ് ആണ് കേരളത്തില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട്, ഝാർഖണ്ഡ് തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പില്‍ ഉണ്ട്. ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ അപേക്ഷിച്ച് കേരള സര്‍ക്കാര്‍ വളരെ മൃദുവായ സമീപനം ആണ് ഗവര്‍ണ്ണറോടും കേന്ദ്ര സര്‍ക്കാരിനോടും കാണിക്കുന്നത്. ജെ എന്‍ യു, ജാമിയ മില്ലിയ, ഹൈദരാബാദ്, പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലെ നിയമനങ്ങളും ഇടപെടലുകളും കാവിവല്‍ക്കരണത്തിനു ഉത്തമ ഉദാഹരണങ്ങള്‍. അപ്പോഴൊന്നും ഉണ്ടാവാത്ത വികാരവും മാനസിക സമ്മര്‍ദ്ദവും ഇവിടെ പ്രകടിപ്പിക്കുന്നത് ഏത് അജണ്ടയാണെന്ന് വളരെ വ്യക്തമാണ്.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ശ്രീ. ഗോപിനാഥ് രവീന്ദ്രനെ തുടര്‍നിയമനം നടത്തിയ ശേഷം ആ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് എന്ന ചാന്‍സലറുടെ പ്രസ്താവന അംഗീകരിക്കാന്‍ പ്രയാസമാണ്. നിയമനം നടത്തിയ ചാന്‍സലര്‍ തന്നെ അതിന്നെതിരായി സംസാരിക്കുന്നത് എന്ത് അജണ്ടയുടെ പേരിലാണ്? 2019 ല്‍ ഗവര്‍ണര്‍ സ്ഥാനവും അതോടൊപ്പം ചാന്‍സലര്‍ സ്ഥാനവും ഏറ്റെടുത്ത ശേഷം കേരള കലാമണ്ഡലം, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ഇവയിലും ഗവര്‍ണര്‍-ചാന്‍സലര്‍ നടത്തിയ ഇടപെടലുകള്‍ ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.
ഈ കോലാഹലം എല്ലാം സൃഷ്ടിക്കുന്ന യുഡിഎഫ് അവരുടെ ഭരണകാലത്ത് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡിസിസി ജനറല്‍ സെക്രട്ടറി ആയിരുന്ന ഡോ. ഖാദര്‍ മാങ്ങാടിനെ നിര്‍ദ്ദേശിച്ചതും തുടര്‍ന്നുണ്ടായ കോലാഹലങ്ങളും നമ്മള്‍ മറന്നിട്ടില്ല. യുഡിഎഫ് ഭരണകാലത്ത് തന്നെയാണ് ഡോ. എ. വി. ജോര്‍ജ്ജിനെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണ്ണറും ചാന്‍സലറും ആയിരുന്ന ഷീല ദീക്ഷിത് പുറത്താക്കിയതും. വൈസ് ചാന്‍സലര്‍ സ്ഥാനം അര്‍ഹിക്കാത്ത പലരെയും ആ പദവിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ചരിത്രം കേരളത്തില്‍ തന്നെയുണ്ട്. യാതൊരു വിധ അക്കാദമിക യോഗ്യതയും ഇല്ലാത്ത ലീഗ് നേതാവ് വി.പി അബ്ദുല്‍ ഹമീദിനെ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആക്കാന്‍ ശ്രമിച്ചതും ലീഗ് നോമിനി ആയ ഡോ. എം. അബ്ദുള്‍ സലാമിനെ കാലിക്കറ്റ് വൈസ് ചാന്‍സലര്‍ ആക്കിയതും യുഡിഎഫ് തന്നെയാണ്.
അതേസമയം, എല്‍ഡിഎഫ് ഭരണത്തില്‍ ഇരിക്കുമ്പോള്‍ വൈസ് ചാന്‍സലര്‍ ആയി നിയമിച്ചവര്‍
ആരൊക്കെ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് – യു. ആര്‍ അനന്തമൂര്‍ത്തി, പ്രൊ. കെ. എന്‍ പണിക്കര്‍, പ്രൊ. (ഡോ) പി. കെ മൈക്കിള്‍ തരകന്‍, ഡോ ജി. ബി മോഹന്‍ തമ്പി, ഡോ ഗംഗന്‍ പ്രതാപ്, ഡോ എന്‍.പി ഉണ്ണി, പ്രൊ. രാജന്‍ ഗുരുക്കള്‍ തുടങ്ങി പ്രഗല്‍ഭരുടെ ഒരു നീണ്ട നിര തന്നെ നമുക്ക് കാണാം. ഇവയൊന്നും തന്നെ രാഷ്ട്രീയ നിയമനങ്ങള്‍ ആയിരുന്നില്ല എന്ന വസ്തുത പ്രത്യേകം ഓര്‍മ്മിക്കുകയും വേണം. ഇത്തരം നിയമനങ്ങള്‍ക്ക് യാതൊരുവിധ രാഷ്ട്രീയ സ്വഭാവവും സൃഷ്ടിക്കാതിരിക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചു, ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നത് സ്തുത്യര്‍ഹമായ കാര്യം തന്നെയാണ്.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന്റെ തീ കെട്ടടങ്ങുന്നതിനു മുന്പ് തന്നെ കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം കൂടി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് സാധിച്ചിരിക്കുന്നു. കാലടി സര്‍വകലാശാല
നിയമപ്രകാരം – 1. വൈസ് ചാന്‍സലര്‍, സര്‍ച്ച് കമ്മിറ്റി (സര്‍വകലാശാലാ നിയമങ്ങള്‍ അനുശാസിക്കുന്നത് പ്രകാരം) ഏകകണ്ഠമായി നിര്‍ദ്ദേശിക്കുന്ന വ്യക്തിയെ ചാന്‍സലര്‍ അംഗീകരിക്കുകയും നിയമിക്കുകയും ചെയ്യുന്നു. 2. സര്‍ച്ച് കമ്മിറ്റിക്ക് ഏകകണ്ഠമായി ഒരു വ്യക്തിയെ നിര്‍ദ്ദേശിക്കാന്‍ പറ്റുന്നില്ല എങ്കില്‍, മൂന്നു പേരെ അവര്‍ നിര്‍ദ്ദേശിക്കുകയും അതില്‍നിന്ന് ഒരു വ്യക്തിയെ ചാസലര്‍ തിരഞ്ഞെടുത്ത ശേഷം വൈസ് ചാന്‍സലര്‍ ആയി നിയമിക്കുകയും ചെയ്യുന്നു. 3. സര്‍ച്ച് കമ്മിറ്റിക്ക്, ഏകകണ്ഠമായി ഒരാളെയോ അല്ലെങ്കില്‍ മൂന്ന്‍ പേരെയോ നിര്‍ദ്ദേശിക്കുവാന്‍ സാധിക്കുന്നില്ല എങ്കില്‍, ഓരോരുത്തരും വെവ്വേറെ മൂന്നു പേരെ നിര്‍ദ്ദേശിക്കുകയും അതില്‍ നിന്ന് ഒരാളെ വൈസ് ചാന്‍സലര്‍ ആയി ചാന്‍സലര്‍ നിയമിക്കുകയും ചെയ്യുന്നു. 4. നിര്‍ദ്ദിഷ്ട കാലാവധി ആയ 60 ദിവസത്തിനുള്ളില്‍ കമ്മിറ്റിക്ക് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ സാധിച്ചില്ല എങ്കില്‍, കമ്മിറ്റിയുടെ കാലാവധി അവസാനിക്കുകയും, തുടര്‍ന്ന്‍ സംസ്ഥാന ഗവണ്മെന്‍റ് നിര്‍ദ്ദേശിക്കുന്ന വ്യക്തിയെ വൈസ് ചാന്‍സലര്‍ ആയി നിയമിക്കുന്നു.
വളരെ സുതാര്യമായ ഈ നിയമങ്ങള്‍ നിലവില്‍ ഇരിക്കെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കാലടി സര്‍വ്വകലാശാല വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. കാലടി സര്‍വ്വകലാശാല സര്‍ച്ച് കമ്മിറ്റി
അംഗങ്ങള്‍ UGC നോമിനി ആയ ശ്രീ. ശ്രീനിവാസ വരഖെടി (വൈസ് ചാന്‍സലര്‍ കവികുലഗുരു കാളിദാസ് സംസ്കൃത യൂണിവേഴ്സിറ്റി, രാംടെക് മഹാരാഷ്ട്ര, ഒപ്പം ആക്ടിംഗ് വൈസ് ചാന്‍സലര്‍ ഗോണ്ട്വാന യൂണിവേഴ്സിറ്റി, ഗഡ്ചിരോളി) സംസ്ഥാന സര്‍ക്കാര്‍ നോമിനി ആയ ശ്രീ. രാമചന്ദ്രന്‍, സെനറ്റ് നോമിനി ആയ പ്രൊ. രാജന്‍ ഗുരുക്കള്‍ എന്നീ പ്രഗല്‍ഭര്‍ ആണ് വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് പേര് നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു രാഷ്ട്രീയ ഇടപെടലും നടത്തിയിട്ടില്ല എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. ഗവര്‍ണ്ണറും സംസ്ഥാന സര്‍ക്കാരും ആയി വളരെ അടുത്ത ബന്ധമുള്ള ഒരാളുമായി നടത്തിയ സംഭാഷണത്തില്‍ ഒരാളുടെ പേര് മാത്രം നിര്‍ദ്ദേശിച്ചാല്‍ മതി എന്ന് രണ്ടു തവണ പറഞ്ഞ ഗവര്‍ണ്ണര്‍ പിന്നീട് തന്റെ വാക്ക് മാറ്റി പറഞ്ഞതിന്റെ പിന്നിലുള്ള ഉദ്ദേശം വ്യക്തമാണ്.
ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുവാന്‍ വേണ്ടി സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ വേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ സെപ്റ്റംബര്‍ മാസത്തില്‍ 3 കമ്മീഷനുകള്‍ – ഡോ, ശ്യാം ബി. മേനോന്‍ ചെയര്‍മാന്‍ ആയ ഏഴംഗ ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍, ഡോ. എന്‍. കെ ജയകുമാര്‍ ചെയര്‍മാന്‍ ആയ അഞ്ചംഗ യൂണിവേഴ്സിറ്റി ലോ റിഫോംസ് കമ്മീഷന്‍, ഡോ. സി.ടി അരവിന്ദ് കുമാര്‍ ചെയര്‍മാന്‍ ആയ നാലംഗ കമ്മീഷന്‍ ഓണ്‍ എക്സാംസ് – രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മീഷനുകള്‍ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി വളരെ സങ്കീർണ്ണവും ദീർഘകാലം കൊണ്ട് രൂപപ്പെട്ടതുമാണ്. അതുകൊണ്ട് തന്നെയാണ് കേരള സർക്കാർ വിദഗ്ധ കമ്മിറ്റികളെ ഈ വിഷയം
സമഗ്രമായി പരിശോധിക്കാൻ ചുമതലപ്പെടുത്തിയത്. എല്ലാ പ്രതിസന്ധികൾക്കും കാരണം രാഷ്ട്രീയ ഇടപെടൽ ആണെന്ന് പറയുന്നത് വളരെ ഉപരിപ്ലവമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ചാൻസലർ എന്ന നിലയിൽ ഒരു നിർദ്ദേശവും ഇടപെടലും ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നും കൂടി ഓർക്കേണ്ടതാണ്. ഇന്ത്യ ഒട്ടാകെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘിവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ഒരു ചുവടുവെയ്പ്പ് കേന്ദ്ര സര്‍ക്കാരിന് സഹിക്കാവുന്നതിലും അപ്പുറമാണ്.
2019 മുതല്‍ സംസ്ഥാന ഗവണ്മെന്റും ആയി നിരന്തരം ഏറ്റുമുട്ടലുകള്‍ നടത്തുകയാണ് ഗവര്‍ണര്‍. ഈ
ഏറ്റുമുട്ടലുകള്‍ എല്ലാം തന്നെ സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ് എന്ന് നിസ്സംശയം പറയാം. CAA നിയമത്തിന് എതിരായി സംസ്ഥാന അസംബ്ലി ഏകകണ്ഠമായി പ്രമേയം പാസാക്കിയശേഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് സര്‍ക്കാര്‍ നയത്തെക്കുറിച്ചുള്ള ഭാഗം മാറ്റാന്‍ ആവശ്യപ്പെട്ടതും, തുടര്‍ന്ന് വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് പ്രസ്തുത ഭാഗം വായിച്ചതും കേന്ദ്ര ഗവണ്മെന്റിന്റെ സംസ്ഥാന ഗവണ്മെന്റിനു എതിരായുള്ള മനോഭാവത്തെ പിന്താങ്ങുന്ന സമീപനത്തെയാണ് എടുത്തുകാണിക്കുന്നത്.
സിയാനയില്‍ നിന്ന് ഭാരതീയ ക്രാന്തിദള്‍ സ്ഥാനാര്‍ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേരുകയും
രണ്ടുതവണ ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെടുകയും മന്ത്രി ആവുകയും ചെയ്തു. 1986ല്‍ മുസ്ലിം പേഴ്സണല്‍ ലോ ബില്ലിനെ കുറിച്ച് രാജീവ് ഗാന്ധിയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ നിന്ന് രാജി വെക്കുകയും ജനതാദളില്‍ ചേര്‍ന്ന് ലോക്സഭ അംഗവും മന്ത്രിയും ആയി. പിന്നീട് ജനതാദള്‍ വിട്ട് ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ ചേര്‍ന്നു, ലോകസഭ അംഗവും മന്ത്രിയും ആയി തുടര്‍ന്നു. 2004ല്‍, BSP വിട്ട് BJPയില്‍ ചേര്‍ന്നു. പക്ഷെ, ലോകസഭ തിരഞ്ഞെടുപ്പില്‍ തോറ്റ അദ്ദേഹം BJP വിടുകയും ചെയ്തു. പിന്നീട് 2015ല്‍ വീണ്ടും BJPയില്‍ ചേര്‍ന്നു. അവസരവാദ രാഷ്ട്രീയത്തിന്റെ എല്ലാ വശങ്ങളും നന്നായി പയറ്റിത്തെളിഞ്ഞ ഇദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ ആളായി സംസ്ഥാന സര്‍ക്കാരിന് എതിരെ പ്രവര്‍ത്തിച്ചില്ല എങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
2022ല്‍ നടക്കാനിരിക്കുന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ലക്‌ഷ്യം വെച്ചാണ് ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ കരുക്കള്‍ നീക്കുന്നത് എന്ന് പൊതുജനത്തിന് മനസ്സിലായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികളും പ്രസ്താവനകളും അങ്ങനെ തോന്നിച്ചില്ല എങ്കിലേ അത്ഭുതപ്പെടാനുള്ളൂ. അതാണ് ലക്‌ഷ്യം എങ്കില്‍ അദ്ദേഹം ആ പദവിയില്‍ എത്തുന്നത് സ്വാഗതാര്‍ഹം തന്നെ.
Be the first to write a comment.