മധ്യധരണ്യാഴിയുടെ കിഴക്കേ കോണിൽ നിന്ന് വടക്കോട്ട് ഗ്രീസിനും തുർക്കിയ്ക്കും ഇടയിലേക്ക് തള്ളിക്കിടക്കുന്ന ഭാഗമാണ് ഈജിയൻ കടൽ. ഗ്രീക്കുപുരാണങ്ങളിൽ അനവധി തവണ പരാമർശിക്കപ്പെട്ടിട്ടുള്ള ഇതിന് കരിങ്കടലിലേക്കൊരു കടൽച്ചാലുണ്ട്. രണ്ടറ്റത്തും നേർത്ത കടലിടുക്കുകളും, നടുവിൽ മാത്രം വീർത്തു വീതിയേറിയ ഒരു കൊച്ചുസമുദ്രവുമാണ് ഈ കടൽച്ചാലിന്‍റെ രൂപം. ഈ സാഗരപാത തന്നെയാണ് ഏഷ്യാവൻകരയേയും യൂറോപ്പിനേയും വേർതിരിക്കുന്നത്.
കടൽച്ചാലിന്‍റെ മധ്യത്തിലെ വീർപ്പിന് മർമാറ സമുദ്രം എന്നു പേർ. മർമാറയെ തെക്കുഭാഗത്തുള്ള ഈജിയൻ കടലുമായി ബന്ധിപ്പിക്കുന്ന, ഒന്നു മുതൽ ആറുകിലോമീറ്റർ മാത്രം വീതിയുള്ള കടലിടുക്കിനെ ദാർദനെൽസ് എന്നു വിളിക്കാം. മർമാറയെ കരിങ്കടലിലേക്കു നയിക്കുന്ന ചാലാകട്ടെ ബോസ്ഫറസും. ബോസ്ഫറസിന്‍റെ തെക്കേയറ്റത്തു പടിഞ്ഞാട്ടേക്കു നീളുന്ന ഒരു കൊച്ചുകടൽവഴിയുണ്ട്. അതാണ് പ്രസിദ്ധമായ ഗോൾഡൻ ഹോൺ. ഗോൾഡൻ ഹോണിനും മർമാറയ്ക്കുമിടയിലായി ബോസ്ഫറസിലേക്കു തള്ളിനിൽക്കുന്ന യൂറോപ്യൻ മുനമ്പിലാണ് നമ്മുടെ മഹാനഗരമായ കൊൻസ്റ്റാന്റിനോപ്പിൾ അഥവാ ഇസ്താംബുൾ.
കരിങ്കടലിനു ചുറ്റും വസിക്കുന്ന റഷ്യക്കാർ, ബൾഗറുകൾ, റൊമാനിയക്കാർ, ഉക്രൈനികൾ, ക്രിമിയക്കാർ, ജോർജിയക്കാർ എന്നിവർക്കൊക്കെ മധ്യധരണ്യാഴിയിലേക്കും അതിലൂടെ കിഴക്കും പടിഞ്ഞാറുമുള്ള മറ്റു രാജ്യങ്ങളിലേക്കു കച്ചവടം സാധ്യമാകണമെങ്കിൽ ഈ കടൽച്ചാലിനെ ആശ്രയിച്ചേ തീരൂ. അതുകൊണ്ടു തന്നെ അതിന്‍റെ നിയന്ത്രണം വലിയൊരു സാമ്പത്തികസ്രോതസ്സായി നിൽക്കുകയും ചെയ്യും. മഹാനായ കൊൻസ്റ്റന്റീൻ ഈ മഹാനഗരം സ്ഥാപിച്ചപ്പോൾ ഈ ബോസ്ഫറസ് എന്ന കടലിടുക്കിന്‍റെ നിയന്ത്രണം ഉദ്ദേശിച്ചിരുന്നോ എന്ന് ഉറപ്പില്ല. എന്തായാലും പിന്നീടുള്ള കാലത്ത് അത് വലിയൊരു ഘടകമായി മാറി എന്നത് സത്യം. കൊൻസ്റ്റാന്റിനോപ്പിളിനു വേണ്ടിയുള്ള യുദ്ധങ്ങൾ അതു തന്നെയാണ് തെളിയിക്കുന്നതും; പിന്നീട് അത് ഒട്ടൊക്കെ ഒരു അഭിമാനപ്രശ്നമായി മാറിയെങ്കിലും. ഈ മഹാനഗരത്തിന്‍റെ ഭൂമിശാസ്ത്രപരവും വാണിജ്യപരവുമായ പ്രാധാന്യം ഒന്നെടുത്തു പറഞ്ഞുകൊണ്ട് ഞാനെന്‍റെ യാത്ര തുടരട്ടെ.
സുവർണ്ണകവാടത്തിനും യെദികുലെ കോട്ടയ്ക്കും സലാം പറഞ്ഞ് ഞാൻ വടക്കോട്ട് നീങ്ങി. തിയഡോഷ്യൻ മതിലിന് അരികുപിടിച്ച് നടക്കുകയായിരുന്നു ഉദ്ദേശ്യം. മഴ നല്ലപോലെ ശമിച്ചിരുന്നു. മർമാറയ്ക്കു മുകളിൽ സൂര്യൻ ഇനിയും പടിഞ്ഞാട്ട് ചായാനുള്ള ലക്ഷണങ്ങളൊന്നും കാണിച്ചു തുടങ്ങിയിട്ടില്ല. എങ്ങും ഇളംമഞ്ഞവെളിച്ചം പരന്നുനിന്നു. കോട്ടമതിലിനരികിലൂടെ വടക്കോട്ട് നീളുന്ന നാലുവരിപ്പാതയാണ് യിൽ ചദെസി. ചദെസി എന്നാൽ തെരുവ്. യിൽ തെരുവിന്‍റെ കിഴക്കനോരത്തു നടപ്പാതയുണ്ട്. വളരെ സൗകര്യമായി അതിലൂടെ അലസമായി നടക്കാം.
മതിലിന്‍റെ തെക്കേയറ്റത്തു നിന്ന് ഗോപുരങ്ങൾ എണ്ണിയാണ് ഞാൻ നടന്നിരുന്നത്. ഇരുപത്തിരണ്ടും ഇരുപത്തിമൂന്നും ഗോപുരങ്ങൾക്കിടയിലായിരുന്നു എന്‍റെ അടുത്ത ലക്ഷ്യം. പ്രാചീനകാലത്തെ ഏറ്റവും ഉജ്ജ്വലമായ ചരിത്രസ്മാരകങ്ങളിൽ ഒന്നാണ് തിയഡോഷ്യൻ മതിൽ എന്നു ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞല്ലോ. ഈ കോട്ടമതിലൊന്നു മാത്രമാണ് റോം, ആന്‍റിയോക്, അലക്സാണ്ട്രിയ എന്നീ നഗരങ്ങളെ പടയോട്ടങ്ങൾ തകർത്തെറിഞ്ഞപ്പോഴും കൊൻസ്റ്റാന്റിനോപ്പിളെന്ന മഹാനഗരത്തെ നൂറ്റാണ്ടുകളോളം നിലനിർത്തിയത്. ഉള്ളിലൊരു മതിൽ, അതിനു പുറത്ത് മറ്റൊരെണ്ണം, ഇതിനിടയിൽ ഉയരത്തിലൊരു മേൽത്തളം, പിന്നെ ഏറ്റവും പുറത്തൊരു കിടങ്ങും അതിന് തൊട്ടുപുറകിൽ പുറംമതിലും. കോട്ട അക്രമിക്കുന്നയാൾ ആദ്യം കിടങ്ങ് കുറുകെ കടക്കണം. പിന്നെ പുറംമതിലും. ഇതിനിടയിൽ ഉള്ളിലെ രണ്ടു മതിലുകളിൽ നിന്നും പീരങ്കികളും വമ്പൻ ചവണകളും ആയുധപ്രയോഗം തകൃതിയായി നടത്തുന്നുണ്ടാവും. ഇനി ആരെങ്കിലും പുറംമതിൽ ചാടിക്കടന്നാൽ തന്നെ അവർ നടുവിലെ മതിലിനു പുറത്തുള്ള തളത്തിൽ കുടുങ്ങും. എത്രയോ മുകളിലുള്ള അകംമതിലുകളിൽ നിന്നുകൊണ്ട് സൈന്യത്തിന് അവരെ എയ്തിടാൻ നിഷ്പ്രയാസം സാധിക്കുകയും ചെയ്യും. ഉൾമതിലിനാകട്ടെ, ഒരു പത്തുമീറ്റർ പൊക്കമെങ്കിലും കാണും. ഏതാണ്ട് അഞ്ചു മീറ്റർ വീതിയും. മൊത്തം അളന്നെടുത്താൽ ഈ തിയഡോഷ്യൻ മതിലിന്‍റെ തെക്കുവടക്കു നീളം അഞ്ചര കിലോമീറ്റർ ഉണ്ടത്രെ. മർമാറ കടലതിർത്തി മുതൽ ഗോൾഡൻ ഹോൺ വരെ. ഇതിനിടയിലെ ഗോപുരങ്ങളുടെ എണ്ണം കഷ്ടിച്ച് നൂറു തികയില്ലെന്നു മാത്രം. ഒരു നാലെണ്ണം കുറവ്.
മഹാനഗരം കിടക്കുന്നതാകട്ടെ നേരത്തെ പറഞ്ഞതു പോലെ മൂന്നുവശവും കടലിനാൽ ചുറ്റപ്പെട്ട കരയിലും. അതായതു വടക്കുവശത്ത് ഗോൾഡൻ ഹോൺ, തെക്ക് മർമാറ, പിന്നെ മുനമ്പിന്റെ കിഴക്കുഭാഗം ബോസ്ഫറസും. യൂറോപ്പിലേക്കു തുറക്കുന്ന അതിന്‍റെ പടിഞ്ഞാറൻ അതിർത്തിയിലാണ് ഈ അതികഠിനമായ ദുർഗ്ഗനിര ഉയർന്നു നിൽക്കുന്നതെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ. പക്ഷെ, ഇപ്പോൾ കിടങ്ങെല്ലാം തൂർന്നുപോയിരിക്കുന്നു. അതിന്റെ സ്ഥാനത്ത് പുൽത്തകിടികളും, ഇടയിൽ ചില ഉദ്യാനങ്ങളും, പച്ചക്കറിത്തോട്ടങ്ങളും കാണാം. മതിലിൽ അങ്ങോളമിങ്ങോളം കാലത്തിന്‍റെ നിഴൽ വീണുകിടക്കുന്നു. തകർന്നു കിടക്കുന്ന കൽക്കൂമ്പാരങ്ങളിലും, നരച്ച നിറങ്ങളിലും, തേഞ്ഞില്ലാതെപോയ എഴുത്തുകളിലും ചിത്രങ്ങളിലും ചുമർശില്പങ്ങളിലുമെല്ലാം അത് പ്രതിഫലിക്കുന്നുമുണ്ട്. ആയിരത്തോളം വർഷങ്ങളുടെ ഭാരത്തിൽ അവ വീർപ്പുമുട്ടുന്നതുപോലെ.
ഞാൻ നടന്നുനടന്ന് ഒരു വലിയ കവാടത്തിനടുത്തെത്തി. സ്വർണ്ണകവാടം പോലെ പഴകി ദ്രവിച്ചതൊന്നുമല്ല. എല്ലാം നല്ല പുത്തനാക്കി വെച്ചിരിക്കുന്നു. സമചതുരത്തിലുള്ള ഇരട്ടഗോപുരങ്ങൾക്കിടയിലെ കവാടത്തിലൂടെ ടാറിട്ട റോഡ് മഹാനഗരത്തിലേക്ക് കയറിപ്പോകുന്നു. അവിടെ ഒരു ആർച്ച് കമാനം മാത്രമേയുള്ളൂ. വാതിലില്ല. പുറം മതിലിൽ അവിടവിടെ കറുപ്പു നിറംപുരണ്ടിട്ടുള്ളതൊഴിച്ചാൽ ഈ കവാടം നല്ല തെളിച്ചം തരുന്ന ഒന്നായി തോന്നി. ബിസാന്റിയൻ കാലത്ത്, ഈ കവാടത്തിന് തൊട്ടു പുറത്ത് ഒരു ആംഫി തിയ്യേറ്റർ ഉണ്ടായിരുന്നുവത്രെ. അതുകൊണ്ട് സൈലോകെർക്കോസ് കവാടം എന്നായിരുന്നു അക്കാലത്തെ ഇതിന്‍റെ പേര്. കെർക്കോസ് എന്നാൽ സർക്കസ് അല്ലെങ്കിൽ പ്രദർശനസ്ഥലം. ആംഫി തിയ്യേറ്റർ തന്നെ. സൈലോ എന്നാൽ മരം എന്നർത്ഥം. ആ ആംഫി തിയ്യേറ്റർ മരം കൊണ്ടുള്ളതായിരുന്നു എന്നാ വാക്ക് സൂചിപ്പിക്കുന്നു.
ഇന്ന് ആ ആംഫി തിയ്യേറ്ററിന്റെ സ്ഥലത്ത് മനോഹരമായ ഒരു ശില്പം കാണാം. വളരെ വലിയ ഒരു അർദ്ധഗോളത്തെ താങ്ങിക്കൊണ്ടു മൂന്നു ഭീമൻ കൈകൾ. സെയ്തിൻബെർനുവിലെ കുടിയേറ്റക്കാരായ മൂന്നു വംശജരേയാണ് ഈ മൂന്നു കൈകൾ സൂചിപ്പിക്കുന്നത്. തുർക്കികളും, ഗ്രീക്കുകളും, പിന്നെ ആർമീനിയക്കാരും. തുറന്നുവെച്ച ഒരു കോപ്പ പോലത്തെ ആ അർദ്ധഗോളത്തിനു മുകളിൽ നിന്ന് മൂന്ന് ഒലീവ് ശാഖകൾ നീണ്ടുനില്പുണ്ട്. ‘സമാധാനത്തിന്റേയും സംസ്കാരത്തിന്റേയും ശില്പം’ എന്നാണ് ഈ ഗംഭീരനിർമ്മിതിയുടെ പേര്. ഞാൻ അതിനു ചുറ്റും നടന്ന് ഏതാനും ചിത്രങ്ങൾ പകർത്തി. ഭീമൻ കൈകൾക്കുള്ളിൽ ഒരു കൊച്ചു ജലാശയം. അതിലേക്കു ചൊരിയുന്ന ഏതാനും ജലധാരകളുമുണ്ട്. മുകളിലേക്കുയർന്നു പൊങ്ങുന്ന വെള്ളച്ചാലുകൾ ഭീമൻ കൈകളിലൂടേയും ഒലിച്ചിറങ്ങുന്നു. ചിലത് മുകളിലെ അർദ്ധഗോളത്തിലെ ദക്ഷിണസമുദ്രത്തിലും ചെന്ന് പതിക്കുന്നുണ്ട്. ജലാശയത്തിനു വരമ്പ് തീർത്തിരിക്കുന്നത് മഞ്ഞയും പച്ചയും നിറഞ്ഞ ചെടികളാണ്. അതിന് ചുറ്റും ഒരു പുൽത്തകിടിയും. യിൽ തെരുവിലെ പ്രധാനകവലയുടെ ഒത്തനടുക്കാണ് ഈ സൗന്ദര്യം എന്നോർക്കണം. എന്നെ തൊട്ടുതലോടിക്കൊണ്ട് കടന്നുവന്ന ഇളംതെന്നൽ ചെടികളേയും ജലധാരകളേയും ഒന്നിക്കിളി കൂട്ടി.
ഒന്നു കൂടി പറയട്ടെ, ഈ ശില്പത്തിലെ അർദ്ധഗോളത്തെ താങ്ങുന്ന മൂന്ന് കൈകൾ പ്രതിനിധീകരിക്കുന്നത് തുർക്കികളേയും ഗ്രീക്കുകാരേയും ആർമീനിയക്കാരേയും ആണെന്നു പറഞ്ഞല്ലോ. ഭൂമിയുടെ പകുതിയോളം നിറഞ്ഞു നിന്നിരുന്ന-ഈ അതിശയോക്തി മന:പൂർവ്വമാണ് കേട്ടോ-ഒട്ടോമൻ സാമ്രാജ്യത്തിന്റെ ജീവധാരകളാണ് ഈ മൂന്നു വംശജർ എന്നു വേണമെങ്കിൽ നമുക്കു വായിക്കാം. പക്ഷെ, നൂറ്റാണ്ടുകളോളം തുർക്കികളുടെ മഹാധിപത്യത്തിനുള്ളിൽ കുടുങ്ങിനിന്നിരുന്ന സ്വതന്ത്രവാദികളായ ജനതകളായിരുന്നു ഗ്രീക്കുകാരും ആർമീനിയക്കാരും എന്നത് മറച്ചുവെയ്ക്കാനാവില്ല. സ്വന്തം നാടിനെ കവർന്നെടുത്ത തുർക്കികളോടു അവരെന്നും നീരസം സൂക്ഷിച്ചിരുന്നു എന്നു വേണം കരുതാൻ. ആ അറിവ് തുർക്കികളിലാകട്ടെ ഈ ഇരുകൂട്ടർക്കെതിരേയും ശത്രുതാമനോഭാവം സൃഷ്ടിക്കുകയും ചെയ്തു. അതുകൊണ്ടാണല്ലോ, ഒന്നാംലോകയുദ്ധത്തെത്തുടർന്ന് ഒട്ടോമൻ സാമ്രാജ്യം തകർന്നപ്പോൾ ആ അകൽച്ചയും നീരസവും ശത്രുതയും മറനീക്കി പുറത്തുവന്നത്. മാത്രമോ, ലോകമന:സ്സാക്ഷിയെ ഞെട്ടിച്ച കൂട്ടക്കുരുതികളിലേക്കത് നയിച്ചതും. എന്നിട്ട്, ഇനിയും ഉണങ്ങിയിട്ടില്ലാത്ത ആ മുറിവുകൾ പുഴുത്തും ദുർഗന്ധം വമിച്ചും നില്ക്കവെ, ഇങ്ങനെയൊരു ശില്പം എനിക്ക് ഹാസ്യമായിട്ടാണ് അനുഭവപ്പെട്ടത്. ശില്പിയുടെ അദമ്യമായ മോഹമോ, അതോ വെറും കപടനാട്യമോ എന്നൊക്കെ ചോദിക്കുന്നത് ഒട്ടൊന്നു ക്രൂരമാണെങ്കിലും. പോട്ടെ, ഒരു സ്വതന്ത്രകലാകാരന്റെ ആഗ്രഹം എന്നു തന്നെ വകവെച്ചുകൊടുക്കുക. കാരണം, അവൻ ശത്രുതയില്ലാത്തവനാണ്. സ്നേഹം മാത്രം കാംക്ഷിക്കുന്നവനാണ്. ഇനി അങ്ങനെയൊക്കെത്തന്നെയെന്നു വിചാരിച്ചാലും എന്നെങ്കിലും ഗ്രീക്കുകാർക്കും ആർമീനിയക്കാർക്കും തുർക്കികൾക്കു മാപ്പുനല്കാനാവുമോ എന്നും ഞാൻ ആശ്ചര്യപ്പെട്ടു. ആർമീനിയക്കാർ ക്ഷമിക്കാനിടയില്ല. ഒന്നാം ലോകയുദ്ധത്തിന്റെ മറവിൽ പതിനഞ്ചു ലക്ഷത്തോളം ആർമീനിയക്കാരെ കൊന്നുതള്ളിയത് തുർക്കി ഔദ്യോഗികമായി അംഗീകരിച്ചിട്ടു പോലുമില്ല എന്നോർക്കണം. ഇനി ഗ്രീക്കുകാരും തുർക്കികളുമാകട്ടെ, 1830-ൽ ഗ്രീസ് ഒട്ടോമരിൽ നിന്ന് സ്വാതന്ത്ര്യം നേടിയശേഷമുള്ള കാലമപ്പാടേയും കടുത്ത ശത്രുതയും ഇടയ്ക്ക് അനുരഞ്ജനവും മാറിമാറി പരീക്ഷിക്കുന്നവരാണ്. ആ ഒഴിയാത്ത പകയുടെ കഥയെല്ലാം ഞാൻ വഴിയെ പറയാം.
ഒരു തുള്ളി മഴ മുഖത്തേക്കു വീണു. ഞാൻ മുകളിലേക്കു നോക്കി. വികലമായ മനുഷ്യാവസ്ഥയോർത്തുതിർന്ന, പ്രകൃതിയുടെ കണ്ണീരാവണം. മഴയുടെ ലക്ഷണമെവിടേയുമില്ല. അറിയാതൊരു മടുപ്പ് എനിക്കുള്ളിൽ തികട്ടി. അത് യാത്രകളിൽ നന്നല്ല. മൂഡ് മാറിയേ പറ്റൂ. ഭാഗ്യത്തിന് കൂട്ടിനൊരു കാറ്റു വീശി. നനുത്തൊരു തണുത്ത കാറ്റ്. അതാകട്ടെ, എന്നെ ഉമ്മവെച്ചു നിന്നു. പറന്നകലാതെ. പ്രിയപ്പെട്ട ചുരുൾമുടികൾ മുഖത്താകെ ഇഴയുന്ന പോലെയെനിക്കു തോന്നി. ഒരു തുടുപ്പ്, ഒരുന്മേഷം. എത്ര പെട്ടെന്നാണ് ചിന്തകൾ മാറിയത്. വെറുതേയല്ല, എനിക്കീ കാറ്റിനെ ഇത്രയിഷ്ടം. ഇവളെന്റെ കാമുകി. എന്റെ യാത്രയുടെ ഊർജ്ജമാണിവൾ.
ഞാൻ വീണ്ടും കോട്ടയുടെ അടുത്തേക്ക് നടന്നു. സൈലോകെർക്കോസ് എന്ന ബിസാന്റിയൻ പേര് ഇപ്പോഴില്ല. ഇന്നീ കവാടത്തെ ബെൽഗ്രേഡ് കാപ് എന്നാണ് വിളിക്കുന്നത്. ഈ മഹാനഗരം വാണ അസംഖ്യം ചക്രവർത്തിമാരിൽ ഒരു പക്ഷെ, ഏറ്റവും പ്രഗൽഭമായ ഭരണം കാഴ്ചവെച്ചയാളേയും, ഏറ്റവും മോശമായി ഭരിച്ചയാളേയും ഓർക്കാതെ ഈ കവാടം വിട്ടുപോകാനാവില്ല. ഇതിൽ ആദ്യത്തെയാൾ ഏറ്റവും മികച്ച ഒട്ടോമൻ സുൽത്താൻ എന്നു പേരുകേട്ട ശ്രേഷ്ഠനായ സുലൈമാനും, രണ്ടാമത്തെയാൾ തീർത്തുമൊരു ഭരണപരാജയമായിരുന്ന ഐസക് രണ്ടാമൻ ഏഞ്ചലോസ് എന്ന ബിസാന്റിയൻ ചക്രവർത്തിയുമാണ്. ഞാൻ വിശദീകരിക്കാം.
ഹ്രസ്വകാലത്തേക്കാണെങ്കിലും രണ്ടു പ്രാവശ്യമായി ബിസാന്റിയം വാണയാളായിരുന്നു ഐസക് രണ്ടാമൻ. ചുവപ്പു നിറവും ചുവപ്പു മുടിയുമുള്ള ഈ അരോഗദൃഢഗാത്രൻ ചക്രവർത്തിപദത്തിലേക്ക് യദൃശ്ച്യാ എത്തിപ്പെട്ടതായിരുന്നു എന്നു വേണമെങ്കിൽ പറയാം. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് അന്ദ്രോനിക്കോസ് എന്നൊരു ചക്രവർത്തിയുണ്ടായിരുന്നു. അടിച്ചമർത്തലുകളും ക്രൂരതകളും കാരണം ജനങ്ങളുടെ അങ്ങേയറ്റത്തെ വെറുപ്പ് സമ്പാദിച്ച ഒരാൾ. അന്ദ്രോനിക്കോസിന്റെ കാലത്ത് രാജ്യമെങ്ങും രാജഭരണത്തിനെതിരെ പ്രക്ഷോഭങ്ങൾ അലയടിച്ചു. ഐസക്കും അക്കൂട്ടത്തിൽ പങ്കാളിയായി. അന്ദ്രോനിക്കോസിന്റെ അകന്ന ബന്ധുവായിരുന്നു ഐസക്ക്. എന്തായാലും ഐസക്കിനെതിരെ നടപടികൾ ഉണ്ടായി; മാത്രവുമല്ല പിടിച്ചുകെട്ടിക്കൊണ്ടുവരാൻ സ്റ്റീഫൻ എന്നൊരാളെ പറഞ്ഞയച്ചുവത്രെ. നല്ലൊരു യോദ്ധാവായിരുന്ന ഐസക്കാകട്ടെ സ്റ്റീഫനെ തെരുവിലിട്ട് കൊന്നുകളഞ്ഞു. തുടർന്ന് കൊൻസ്റ്റാന്റിനോപ്പിളിന്റെ എല്ലാമെല്ലാമായ ആയ സോഫിയ പള്ളിയിൽ കയറിയൊളിക്കുകയും ചെയ്തു. ജനങ്ങളാകെ ഇളകി മറിഞ്ഞപ്പോൾ ഈ മഹാനഗരത്തിന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെടുകയായിരുന്നു. അന്ദ്രോനിക്കോസിനെതിരെ ജനവികാരം അണമുറിഞ്ഞൊഴുകി. തലസ്ഥാനമാകെ പ്രക്ഷുബ്ധം. അന്ദ്രോനിക്കോസിന് സ്ഥലം വിടുകയല്ലാതെ നിർവ്വാഹമില്ലായിരുന്നു. ഒരു കപ്പലിൽ സൈപ്രസിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിച്ച ചക്രവർത്തിയെ ജനക്കൂട്ടം പിടികൂടി. അതിനിടയിൽ ഐസക് ചക്രവർത്തിയായി അവരോധിക്കപ്പെടുകയും ചെയ്തു. പുതിയ ഭരണാധിപനാകട്ടെ, ബന്ധനസ്ഥനായ അന്ദ്രോനിക്കോസിന്റെ വിധി ജനങ്ങൾക്കു തന്നെ വിട്ടുകൊടുത്തു. വല്ലാത്തൊരു തീരുമാനമായിരുന്നു അത്. ഒരു പക്ഷെ, ലോകത്തിലൊരു ചക്രവർത്തിക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു തലവിധി. അത്രയും ദാരുണമായ അന്ത്യമായിരുന്നു അദ്ദേഹത്തിനെ കാത്തിരുന്നത്. ഒരു കൈ ആരോ വെട്ടിയെടുത്തു. തുടർന്നു മറ്റു കൈകാലുകളും. പല്ലുകളും മുടിയും ഓരോന്നായി പറിച്ചെടുക്കപ്പെട്ടു. കണ്ണുകളിലൊന്ന് ചൂഴ്ന്നെടുക്കുകയും ചെയ്തു. പിന്നെ, തിളച്ച വെള്ളം തലവഴി കമഴ്ത്തി. തലകീഴായി കെട്ടിത്തൂക്കിയിട്ട് പൊതിരെ തല്ലി. സുന്ദരനായിരുന്നു ആന്ദ്രോനിക്കോസ്. വഴിവിട്ട കാമലീലകളാൽ കുപ്രശസ്തനും. ആ ഏർപ്പാടുകളോടൊക്കെയുള്ള ജനങ്ങളുടെ ദേഷ്യം മുഴുവൻ ആ മുഖത്തും ശരീരത്തിലും തീർത്തു എന്നു പറഞ്ഞാൽ മതിയല്ലോ. എന്നിട്ടും പോരാഞ്ഞ്, സൈനികർ ആരുടെ വാളാണ് ആ ശരീരത്തിൽ കൂടുതൽ ആഴ്ന്നിറങ്ങുക എന്ന് പിന്നേയും പിന്നേയും മത്സരിച്ചു. മൂന്നു ദിവസം ഈ ക്രൂരതകൾ തുടർന്നുവത്രെ. ഒടുവിൽ തീർത്തും ഛിന്നഭിന്നമാക്കപ്പെട്ട ശരീരവുമായി ചക്രവർത്തി അതിക്രൂരമായി വധിക്കപ്പെട്ടു. അങ്ങനെ അതിഭീകരമായ ഒരു ഭരണകാലത്തിനേയും അതിനേക്കാൾ ഭയാനകമായ ഒരു കൊലപാതകത്തിനേയും പിന്തുടർന്നായിരുന്നു ഐസക് രണ്ടാമൻ ഏഞ്ചലോസ് അധികാരമേറിയത്. ഏറെ പ്രതീക്ഷകളോടെ.
തുടക്കമൊക്കെ ഗംഭീരമായിരുന്നെങ്കിലും, നിർഭാഗ്യവാനായിരുന്നു ഐസക്. ചില രാഷ്ട്രീയവിവാഹങ്ങളിലൂടേയും ആദ്യകാലസൈനികനീക്കങ്ങളിലൂടേയും ശക്തിമാനാണ് താനെന്ന പ്രതീതി ജനങ്ങളിലുണ്ടാക്കുകയും ചെയ്തു. പക്ഷെ, വൈകാതെ നേരിടേണ്ടി വന്ന യുദ്ധപരാജയങ്ങൾ എല്ലാം മാറ്റിമറച്ചു. നികുതി കുത്തനെ കൂട്ടിയതോടെ ജനങ്ങളും എതിരായി. അയൽരാജ്യങ്ങളും അതിർത്തിപ്രദേശങ്ങളും ചക്രവർത്തിയെ വകവെയ്ക്കാതായി. റോമുമായും കുരിശുയുദ്ധക്കാരുമായുമുള്ള ബന്ധമാകട്ടെ ആകെ വഷളാവുകയും ചെയ്തു. ഒരു കാലത്ത് പേരുകേട്ട, ബിസാന്റിയത്തിന്റെ നാവികപ്പട മെലിഞ്ഞുണങ്ങി. കൊട്ടാരത്തിലും രാജാവിന് ശത്രുക്കൾ വർദ്ധിച്ചു. ചുരുക്കിപ്പറഞ്ഞാൽ, വളരെ കുറച്ചുകാലം കൊണ്ട് ഏറ്റവും അപ്രീതി നേടിയ ചക്രവർത്തിയായി മാറാൻ ഐസക് രണ്ടാമന് താമസമുണ്ടായില്ല.
അക്കാലത്ത് മഹാനഗരത്തിൽ പ്രചരിച്ചിരുന്ന ഒരു പ്രവചനമുണ്ടായിരുന്നു. പശ്ചിമ റോമാസാമ്രാജ്യാധിപൻ ഫ്രെഡറിക്ക് ബാർബറോസ്സ കൊൻസ്റ്റാന്റിനോപ്പിൾ കീഴടക്കുമെന്നതായിരുന്നു അത്. പടിഞ്ഞാറു നിന്നുള്ള ബാർബറോസ്സയുടെ സൈന്യം മഹാനഗരത്തിൽ പ്രവേശിക്കുക ഇക്കാണുന്ന സൈലോകെർക്കോസ് കവാടത്തിലൂടേയായിരിക്കുമെന്നും പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. ഐസക്കിനും അത് വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഭയംകൊണ്ട് ഉറക്കം നഷ്ടപ്പെട്ട ചക്രവർത്തി ചെയ്തതെന്തെന്ന് കേൾക്കണ്ടേ? ഈ കവാടം കല്ലുകളിട്ട് കൊട്ടിയടച്ചു കളഞ്ഞു. പിന്നീട് 250-ലേറെ വർഷക്കാലം കവാടം അടഞ്ഞു തന്നെ കിടന്നു. ഒരു പക്ഷെ, ഇത്രയും ശക്തമായ ഒരു വമ്പൻ കോട്ട നഗരത്തിനു ചുറ്റുമുണ്ടായിട്ടും ആദ്യമായി ഒരു ചക്രവർത്തി, നഗരം നഷ്ടപ്പെടുമെന്ന് ഭയന്നത് ഐസക്കിന്റെ ഭരണകാലത്തായിരിക്കും. തന്റെ ഭരണത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും അത്രയ്ക്കും ആത്മവിശ്വാസമില്ലായ്മ അദ്ദേഹത്തിനുണ്ടായിരുന്നിരിക്കണം. ആ അവിശ്വാസം ജനങ്ങളിലേക്കു പകർന്നതും പെട്ടെന്നായിരുന്നു. പൊറുതിമുട്ടിയ സൈനികർ ഒടുവിൽ ഐസക്കിനെ പിടികൂടി. ആന്ദ്രോനിക്കോസിന്റെ ശാപമെന്നോണം കണ്ണു കുത്തിപ്പൊട്ടിച്ച് തടവിലിടുകയും ചെയ്തു. ഐസക്കിന്റെ സഹോദരനായ അലക്സിയോസിനെ രാജാവുമാക്കി.
പിന്നെ നീണ്ട എട്ടു കൊല്ലം ഐസക് തടവറയിൽ നരകിച്ചു. അതവസാനിച്ചതാകട്ടെ, തന്നെ തടവിലാക്കിയ അലക്സിയോസ് ബിസാന്റിയത്തിന്റെ ഏറ്റവും അഭിശപ്തമായ നിമിഷത്തിൽ മഹാനഗരം വിട്ട് ഓടിപ്പോയതിനെത്തുടർന്നും. വീണ്ടും ചക്രവർത്തിയായെങ്കിലും ശാരീരികമായും മാനസികമായും പാടെ തകർന്ന ആ അന്ധൻ അപ്പോഴേക്കും ഒരു സാമ്രാജ്യം നയിക്കാൻ പ്രാപ്തനല്ലാതായി മാറിക്കഴിഞ്ഞിരുന്നു.
സത്യത്തിൽ ബിസാന്റിയത്തിന്റെ ശവക്കുഴി തോണ്ടിയത് ആന്ദ്രോനിക്കോസ് ആയിരുന്നു എന്നു പറഞ്ഞാൽ തെറ്റില്ല. കിഴക്കും പടിഞ്ഞാറുമുള്ള യൂറോപ്യൻ സാമ്രാജ്യങ്ങൾ പരസ്പരാംഗീകാരത്തോടെ കഴിഞ്ഞുപോന്നിരുന്നെങ്കിലും മതപരമായ അകൽച്ച അവർ തമ്മിലുണ്ടായിരുന്നു. പടിഞ്ഞാറുള്ള വെനീസ്, വിശുദ്ധറോമൻ രാജ്യം, ഫ്രാൻസ്, സ്പെയിൻ ഇവയെല്ലാം കത്തോലിക്കരും ബിസാന്റിയം ഓർത്തഡോക്സുമായിരുന്നു. അവർ തമ്മിൽ വിശ്വാസത്തിന്റേയും ആചാരങ്ങളുടേയും പേരിലുണ്ടായിരുന്ന അകൽച്ച മൂർഛിക്കുന്നതിന് ആന്ദ്രോനിക്കോസ് കാരണമായി എന്നതാണ് സത്യം. കാലങ്ങളായി കൊൻസ്റ്റാന്റിനോപ്പിൾ മഹാനഗരത്തിൽ വലിയൊരു ലത്തീൻ ജനതയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. അതായത് റോമൻ കത്തോലിക്കർ. ഇറ്റലിയിൽ നിന്ന് കച്ചവടവുമായി മഹാനഗരത്തിലേക്ക് കുടിയേറിയവരായിരുന്നു അതിൽ ഭൂരിഭാഗവും. സാമ്പത്തികരംഗത്തും കടൽമാർഗ്ഗവ്യാപാരങ്ങളിലും അവർ മുൻപന്തിയിലുമായിരുന്നു. സ്വാഭാവികമായും അവർ ധനികരുമായിരുന്നിരിക്കണമല്ലോ. ഒരു വിഭാഗത്തിന്റെ സാമ്പത്തിക ഉയർച്ച മറുഭാഗത്തിന്റെ അസൂയയ്ക്കും വെറുപ്പിനും കാരണമാകും എന്ന പൊതുസത്യം ഈ മഹാനഗരത്തിലും സംഭവിച്ചു. മതവിശ്വാസത്തിലെ വ്യത്യസ്തത ആ അകൽച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു. ഇരുകൂട്ടരും പരസ്പരമുള്ള അക്രമണങ്ങളും പതിവായി. അത് വെനീസും ബിസാന്റിയവും തമ്മിലുള്ള ശത്രുതയിലേക്കുമെത്തിച്ചു. ആന്ദ്രോനിക്കോസ് രാജ്യഭാരമേറ്റതോടെ മഹാനഗരത്തിലെ കത്തോലിക്കരോടുള്ള അക്രമണങ്ങൾക്ക് മൂർച്ചയേറി. മാത്രവുമല്ല അതിന്റെ മൂർദ്ധന്യത്തിൽ, അതായത് 1182 ഏപ്രിൽ മാസത്തിൽ അത് കത്തോലിക്കരുടെ കൂട്ടക്കൊലയിലും ചെന്നെത്തി. പതിനായിരങ്ങൾക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. കുട്ടികളും സ്ത്രീകളുമെല്ലാം കൊല ചെയ്യപ്പെട്ടു. അനവധിപേർ ബലാത്സംഗത്തിനിരയായി. ആസ്പത്രിക്കിടക്കയിലെ രോഗികൾ പോലും വെട്ടേറ്റു വീണു. ലത്തീൻ പുരോഹിതരുടെ കാര്യമായിരുന്നു ഏറെ കഷ്ടം. അന്നത്തെ മാർപ്പാപ്പയുടെ പ്രതിനിധിയുടെ തലവെട്ടി ഒരു പട്ടിയുടെ വാലിൽ കെട്ടിയിട്ടത്രെ. പുരോഹിതന്റെ ശിരസ്സുമായി ഒരു തെരുവുനായ മഹാനഗരത്തിലൂടെ ഓടി നടക്കുന്ന ചിത്രം മനസ്സിൽ തെളിഞ്ഞപ്പോൾ വല്ലാത്ത നടുക്കവും വിഷമവും മടുപ്പും ജുഗുപ്സയുമെല്ലാം എന്റെയുള്ളിൽ തികട്ടി വന്നു. എന്തൊരു കാലമായിരുന്നു അത്. ഒരേ ദൈവത്തിൽ വിശ്വസിച്ചാൽപ്പോലും മനുഷ്യർക്ക് പരസ്പരം കടിച്ചുകീറാൻ കാരണങ്ങൾക്ക് പഞ്ഞമൊന്നുമില്ല. എക്കാലവും അങ്ങനെത്തന്നെ. മനുഷ്യന്റെ ബുദ്ധിയും വിവരവും പുരോഗമിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുന്നുണ്ടെങ്കിലും നികൃഷ്ടതയിലും അസൂയ, സ്വാർത്ഥത എന്നിവയിലും അവന് പരിണാമമില്ല. എന്നും ആ ദുർമൂർത്തിയായി അവൻ തുടരുന്നു.
അപ്പോൾ പറഞ്ഞു വന്നത്, ആ കൂട്ടക്കൊല കത്തോലിക്കരേയും ബിസാന്റിയത്തിലെ ഓർത്തഡോക്സുകളേയും ധ്രുവദൂരത്തിൽ എത്തിച്ചു എന്ന കാര്യത്തെക്കുറിച്ചാണ്. കത്തോലിക്കർ ബിസാന്റിയത്തോട് പകരം വീട്ടാൻ തക്കം നോക്കിയിരുന്നു. കഷ്ടകാലത്തിന് അതിന്റെ തിരിച്ചടിയുണ്ടായത് നമ്മുടെ നിർഭാഗ്യവാനായ ഐസക് രണ്ടാമൻ ഏഞ്ചലോസിന്റെ കാലത്തായിരുന്നു എന്നു മാത്രം. അതാണ് ഞാൻ നേരത്തെ പറഞ്ഞത്, ഭരണമേറ്റതു മുതൽ ഐസക് ഭയപ്പാടിലായിരുന്നു എന്ന്. പടിഞ്ഞാറു നിന്നുള്ള അക്രമണം പേടിച്ച് നിത്യവും ഉൽക്കണ്ഠയിലും അനിശ്ചിതത്വത്തിലും കഴിഞ്ഞു ആ ചക്രവർത്തി. അതിനെ തുടർന്നായിരുന്നു ഞാനീ നിൽക്കുന്ന കവാടം അദ്ദേഹം കൊട്ടിയടച്ചതും.
ലത്തീൻ കൂട്ടക്കൊല കഴിഞ്ഞ് 22 വർഷം കഴിഞ്ഞായിരുന്നു ഒടുവിൽ ആ തിരിച്ചടി ഉണ്ടായത്. ലോകം ഞെട്ടിത്തരിച്ചു പോയ ഒരു സംഭവം. 1204-ൽ നടന്ന ആ പ്രത്യാക്രമണത്തോടെ ലോകക്രിസ്തീയചരിത്രം അപ്പാടെ മാറിപ്പോയി. ഇന്നും അതിന്റെ പ്രകമ്പനങ്ങൾ ക്രിസ്ത്യാനികൾ അനുഭവിക്കുന്നുണ്ട്. ഒരു പക്ഷെ, മധ്യപൂർവ്വേഷ്യയിൽ മാത്രമല്ല, ലോകത്തിൽ മൊത്തമായും.
ഒരു സഹസ്രാബ്ധം ലോകം മുഴുവൻ പരന്ന പെരുമയുടേയും ഐശ്വര്യത്തിന്റേയും അന്ത്യമായിരുന്നു 1204 ഏപ്രിൽ പന്ത്രണ്ടിന് അവിടെ നടന്നത്. ഈ മഹാനഗരം പാടെ പിച്ചിച്ചീന്തപ്പെട്ടു, അതും ക്രിസ്തീയസഹോദരങ്ങളാൽ തന്നെ. മതമോ, വംശമോ, രാഷ്ട്രീയവിരോധമോ ഒന്നുമായിരുന്നില്ല അതിനാധാരം. മറിച്ച് പണത്തിനു വേണ്ടിയുള്ള അത്യാർത്തി മാത്രം. ഈജിപ്തിലെ അയ്യൂബിദ് സുൽത്താന്മാരെ തോല്പിച്ച ശേഷം ജെറുസലേം വിമോചിപ്പിക്കുക എന്ന വിശുദ്ധ ലക്ഷ്യവുമായി പുറപ്പെട്ട നാലാം കുരിശുയുദ്ധക്കാരായിരുന്നു വഴിമാറി ഈ മഹാനഗരത്തെ ആക്രമിച്ചത്. ലോകമന:സാക്ഷിയെത്തന്നെ ഞെട്ടിച്ച സംഭവം! വിശുദ്ധകുരിശുപോരാളികൾ എന്ന പേരിൽ യൂറോപ്പിൽ നിന്നെത്തിയ ലത്തീൻ യോദ്ധാക്കൾ ഒരു ശത്രുരാജ്യത്തിനോടു പോലും ചെയ്യാത്തത്രയും ക്രൂരതയാണ് ഈ മഹാനഗരത്തിൽ അഴിച്ചുവിട്ടത്. മൂന്നു നീണ്ട ദിവസങ്ങൾ അവർ ആണുങ്ങളെ കൊന്നുതള്ളി, പെണ്ണുങ്ങളുടെമേൽ കാമം തീർത്തു, കണ്ണിൽക്കണ്ടതെല്ലാം കട്ടും തീർത്തു. മഹാനഗരം കബന്ധങ്ങളുടെ കൂമ്പാരമായി മാറാൻ താമസമുണ്ടായില്ല. റോമാസാമ്രാജ്യത്തിന്റെ ഏറ്റവും ശപിക്കപ്പെട്ട നിമിഷങ്ങളെന്ന് ചരിത്രകാരന്മാർ കണക്കാക്കുന്ന വാൻഡലുകളുടേയും വിസിഗോത്തുകളുടേയും അക്രമണങ്ങൾ പോലും, പരിഷ്കൃതജനതയെന്നഭിമാനിച്ചിരുന്ന പടിഞ്ഞാറൻ ക്രിസ്ത്യാനികളുടെ ഈ ഭീകരവാഴ്ചയ്ക്കു മുന്നിൽ തീർത്തും നിസ്സാരമായി അനുഭവപ്പെട്ടേക്കും. എന്തിന്, ഏതു കാടൻ അപരിഷ്കൃതൻ പോലും ഈ മഹാനഗരത്തിൽ കുരിശുയുദ്ധക്കാർ കാട്ടിക്കൂട്ടിയ ഹീനവും മൃഗീയവുമായ പ്രവൃത്തികളിൽ നാണംകെട്ടു നിന്നേക്കും. വിശുദ്ധനാട് മോചിപ്പിക്കാനായിട്ടെന്നോണം ആത്മീയപരിവേഷത്തോടെ കെട്ടിപ്പുറപ്പെട്ടിട്ട്, മാനവരാഹിത്യത്തിന്റെ പാതാളക്കുഴിയിലാണവർ വീണുപോയത്. മനുഷ്യരാശിക്കും ലോകക്രൈസ്തവജനതയ്ക്കും ഒരു കാലത്തും മാപ്പു കൊടുക്കാനാവാത്ത വിധം ജുഗുപ്സാവഹമായ കൃത്യം.
പണ്ട്, ഞാൻ കുരിശുയുദ്ധങ്ങളെക്കുറിച്ച് വായിക്കുമ്പോഴെല്ലാം ഒരിക്കലും മനസ്സിലാക്കാൻ കഴിയാഞ്ഞ ഒന്നായിരുന്നു നാലാം കുരിശുയുദ്ധയാത്രയും പരിണാമവും. ചരിത്രത്തിന് ഇത്രയും വലിയ തെറ്റുപറ്റുമോ എന്നു വരെ ഞാൻ സംശയിച്ചിരുന്നു. ഒടുവിൽ ആ പൊറുക്കാനാവാത്ത അപരാധം നടന്ന ഭൂമിയിലൂടെ ചുറ്റി നടന്നിട്ടും എനിക്ക് ആ നാലാം കുരിശുയുദ്ധക്കാരുടെ വൃത്തികെട്ട മനസ്സ് പിടികിട്ടിയില്ല എന്നതാണ് സത്യം.
മഹാനായ കൊൻസ്റ്റാന്റീൻ ചക്രവർത്തിയുടെ കാലം മുതൽ നാൾക്കുനാൾ അപാരമായ വളർച്ചയുടെ പാതയിലായിരുന്ന ഈ മഹാനഗരം പ്രാചീന റോമാശില്പങ്ങളുടേയും ഗ്രീക്കുകലയുടേയും തനതായ ബിസാന്റിയൻ കലാരീതികളുടേയും ഏറ്റവും മികച്ച പ്രദർശനശാലയായി മാറിക്കഴിഞ്ഞിരുന്നു. ആ ചിത്രശില്പവൈവിധ്യത്തിന്റെ അപാരതയിൽ ലത്തീൻകാർ ഭ്രമിച്ചുനിന്നിരിക്കാം. വെനീസിൽ നിന്നെത്തിയവർക്ക് ആ കലാപാരമ്യത്തിന്റെ സമ്പുഷ്ടതയെക്കുറിച്ച് തികഞ്ഞ ബോധമുണ്ടായിരുന്നതിനാൽ അതെല്ലാം തങ്ങളുടെ വെനീസ് നഗരത്തിലേക്ക് കടത്തിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. കലാപാരമ്പര്യം കാര്യമായിട്ടില്ലാതിരുന്ന ഫ്രഞ്ചുകാരാകട്ടെ ആ കലാവസ്തുക്കളെ നശിപ്പിക്കാനും. പിന്നീട്, ആ മനോഹരശില്പങ്ങളിൽ പലതും വെനീസിലെ സെന്റ് മാർക്കോസ് ദേവാലയത്തിലും, ദോഗെ കൊട്ടാരത്തിലുമായി അടുക്കിവെച്ചതുകണ്ടപ്പോൾ എനിക്കുണ്ടായ അസഹ്യത ഞാനോർത്തു.
ആ നിഷ്ഠുരകഥകളെല്ലാം പിന്നിട്ട് ലോകം എണ്ണൂറിലധികം വർഷങ്ങൾ താണ്ടിയിരിക്കുന്നു. ചരിത്രം എങ്ങനെ നമ്മെ തപിപ്പിക്കുന്നു എന്നറിയണമെങ്കിൽ പഴയ കഥകളെ ചേർത്തുപിടിച്ചുകൊണ്ട് സഞ്ചരിക്കണം. ഒരോ മണ്ണിലും ചവിട്ടി നിന്നു കൊണ്ടോർക്കണം. ആ കഥകളെ മനസ്സിൽ വീണ്ടും കാണണം. ചരിത്രകാരനായി, അല്ലെങ്കിൽ ആ പഴയ കാലത്തെ സഞ്ചാരിയായി മാറണം. എന്നെ സംബന്ധിച്ചിടത്തോളം അതാണെൻ്റെ യാത്ര. ആ അനുഭവമാണെൻ്റെ എഴുത്ത്. എനിക്കിത് യാത്രാവിവരണമേയല്ല. മറിച്ച്, ആ ചരിത്രത്തിലൂടെയുള്ള നടപ്പാണ്. ആ അനുഭവത്തിൻ്റെ, എൻ്റെ പ്രിയപ്പെട്ട വായനക്കാരോടൊപ്പമുള്ള പങ്കുവെപ്പാണ്, അല്ലെങ്കിൽ ആ അറിവിൻ്റെ പകരലാണ്.
ഞാൻ തുടരട്ടെ. കുരിശുയുദ്ധക്കാരുടെ ചതിയെത്തുടർന്ന്, ഒടുവിൽ സത്യമായി മാറിയ കൊൻസ്റ്റാന്റിനോപ്പിളിന്റെ തകർച്ചയെക്കുറിച്ചുള്ള പ്രവചനം മൂലം കൊട്ടിയടയ്ക്കപ്പെട്ട കവാടത്തിനു മുന്നിൽ ആ ദുരന്തചരിത്രത്തിൽ ആഴ്ന്നുകൊണ്ടാണ് ഞാൻ നിന്നിരുന്നത്. ആ ഭയാനകതയുടെ ഒരവശിഷ്ടം പോലും ഇവിടെ ബാക്കിയില്ല. കോട്ടവാതിൽ മികച്ചരീതിയിൽ മോടിപിടിപ്പിച്ചിരിക്കുന്നു. പുതുപുത്തനെന്നോണം. പാടലവർണ്ണത്തിലും മങ്ങിയ ചാരനിറത്തിലുമുള്ള കല്ലുകൾ ചേർത്ത് കെട്ടിയൊരുക്കിയിരിക്കുന്ന ഈ കവാടപരിസരം പ്രൗഢിയേയാണ് കാണിക്കുന്നത്. ഒരു പക്ഷെ, മഹാനഗരം തകരുകയല്ല, മറ്റൊരു അധികാരിയ്ക്കു വെച്ചുമാറാൻ കളമൊരുക്കുക മാത്രമായിരുന്നു എന്നും വേണമെങ്കിൽ ചരിത്രത്തെ വായിക്കാമല്ലോ എന്നു ഞാനോർത്തു. ബിസാന്റിയൻ സമൃദ്ധിയ്ക്ക് കിടപിടിക്കും വിധം ഒരു പുതുസാമ്രാജ്യം ഇവിടെ രൂപം കൊണ്ടു. ലോക ഇസ്ലാമികജനതയുടെ അനിഷേധ്യനേതൃത്വം ഏറ്റെടുത്ത ഒരു മധ്യേഷ്യൻ മഹാരാജ്യം. അതിന്റെ ചക്രവർത്തിമാരിൽ ഏറ്റവും പ്രശസ്തനായ സുൽത്താനും ഈ കവാടത്തിൽ ഒരു മുദ്ര ചാർത്തിയിട്ടുണ്ട്. അതാണ് ഞാൻ ആദ്യമേ പറഞ്ഞത്, ബിസാന്റിയമെന്ന ക്രിസ്തീയസാമ്രാജ്യത്തെ തകർച്ചയിലേക്കു നയിച്ച ബലഹീനനായ ചക്രവർത്തിയും അതിനെ ഇസ്ലാമിന്റെ പേരിൽ പൊളിച്ചെഴുതി ഏറ്റവും ഉന്നതിയിലെത്തിച്ച കരുത്തനായ ചക്രവർത്തിയും ഈ കവാടത്തിൽ ഓർമ്മകൾ ബാക്കിവെയ്ക്കുന്നു എന്ന്. ആ മഹാനായിരുന്നു ‘ശ്രേഷ്ഠനായ സുലൈമാൻ’ എന്ന പേരിൽ വിജയക്കൊടി പാറിച്ച ഒട്ടോമൻ സമ്രാട്ട്.
യൂറോപ്പ് കീഴടക്കണമെന്നതായിരുന്നു ഒട്ടോമൻ സുൽത്താന്മാരുടെ എക്കാലത്തേയും വലിയ ആഗ്രഹം. റോം, വെനീസ്, വിയന്ന എന്നീ നഗരങ്ങൾ അവരുടെ സ്വപ്നങ്ങളിൽ നിറം ചാർത്തി നിന്നു. യൂറോപ്യൻ നഗരങ്ങളുടെ പ്രൗഢിയും ധനസമൃദ്ധിയും മാത്രമായിരുന്നില്ല അതിനു പ്രചോദനമായിരുന്നത്. ക്രിസ്ത്യാനികളുടെ അഥവാ അവിശ്വാസികൾക്കെതിരായ വിശുദ്ധയുദ്ധത്തിന്റെ വിജയമാണതെന്നത് അവരെ കൂടുതൽ ഉത്തേജിപ്പിച്ചിരിക്കണം.
സുലൈമാനു മുമ്പുള്ള സുൽത്താൻമാരുടെ യൂറോപ്യൻ ആഗ്രഹങ്ങളും ബാൾക്കൻ പടയോട്ടങ്ങളും ഉടക്കിനിന്നത് ബെൽഗ്രേഡ് നഗരത്തിലായിരുന്നുവത്രെ. അന്നത്തെ ഹംഗേറിയൻ സാമ്രാജ്യത്തിന്റെ തെക്കേയറ്റത്തായിരുന്നു ബെൽഗ്രേഡ്. ബാൾക്കൻ ജനതയുടെ നെടുംതൂൺ. ദശകങ്ങൾക്കു മുമ്പ് യുഗോസ്ലാവ്യയുടേയും, അതിന്റെ തകർച്ചയ്ക്ക് ശേഷം ഇന്ന് സെർബിയയുടേയും തലസ്ഥാനമായി വിരാജിക്കുന്ന ആ നഗരത്തിന്റെ സ്ഥാനമാകട്ടെ, മധ്യകാലയൂറോപ്പിലും ഒട്ടും പ്രാധാന്യം കുറഞ്ഞതായിരുന്നില്ല. ഹംഗറിയുടെ കീഴിൽ ബെൽഗ്രേഡിനു ചുറ്റും കനത്ത കോട്ടകൊത്തളങ്ങൾ നിർമ്മിക്കപ്പെട്ടു. തുർക്കികളുടെ ആക്രമണങ്ങളിൽ നിന്ന് യൂറോപ്പിനെ രക്ഷിച്ചു കൊണ്ടിരുന്നതു തന്നെ ആ ബെൽഗ്രേഡ് ദുർഗ്ഗമായിരുന്നു എന്നു പറയാം.
ഒരു ലക്ഷം പേരെങ്കിലും വരുന്ന സൈന്യവുമായായിരുന്നു സുലൈമാൻ ബെൽഗ്രേഡിലേക്ക് പുറപ്പെട്ടത്. സൈന്യത്തിലെ ഒരു വിഭാഗത്തിനെ നദിക്കരയിൽ തന്നെ തയ്യാറാക്കി. നദിക്കു കുറുകെ പാലവും പണിതു. എല്ലാവശത്തു നിന്നും ആക്രമണങ്ങൾ ഒരുമിച്ചാണ് തുടങ്ങിയത്. പിന്നീടങ്ങോട്ട്, തുടർച്ചയായ പീരങ്കിവെടികൾക്ക് ഒരു നിമിഷം പോലും ഇടവേളയുണ്ടായിരുന്നില്ല. ശക്തമായിരുന്നു ഒട്ടോമൻ പീരങ്കികളെന്നത് പ്രത്യേകിച്ച് പറയേണ്ടതുമില്ലല്ലോ. ബെൽഗ്രേഡ് കോട്ട ഇടമുറിയാത്ത പീരങ്കിയുണ്ടകളാൽ ആടിയുലഞ്ഞു. ചിലയിടങ്ങൾ തകർന്നു വീഴാനും തുടങ്ങി. എന്നിട്ടും ആറാഴ്ച വേണ്ടി വന്നു ആ കോട്ടയിൽ വിള്ളൽ വീഴാൻ. ഒടുവിൽ 1521 ഓഗസ്റ്റ് 29ന് കോട്ടവാതിലുകൾ മലർക്കെ തുറന്നിടപ്പെട്ടു. നഗരവാസികൾ പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും പുറത്തേക്കോടി. പ്രശസ്തരായ യാനിസ്സരിപ്പടയാളികൾ അകത്തേക്ക് ഇരച്ചുകയറാൻ താമസമുണ്ടായില്ല. ഒട്ടോമൻ പതാകയും കോട്ടയ്ക്കു മുകളിൽ പറന്നു. നഗരത്തിലെ ഓർത്തഡോക്സ് പള്ളി മുസ്ലീം പള്ളിയായി മാറ്റി. തുടർന്ന് പള്ളിമേടയിൽ നിന്ന് വാങ്ക് വിളിയും ഉയർന്നു. മതത്തിന്റെ പേരിൽ തന്നെയായിരുന്നു ഒട്ടോമൻ പടയോട്ടങ്ങൾ. അല്ലാഹുവിന്റെ നാമത്തിലുള്ള ജിഹാദ് അഥവാ വിശുദ്ധയുദ്ധം ആയിത്തന്നെയായിരുന്നു അവയോരോന്നും സങ്കല്പിക്കപ്പെട്ടതും ചിത്രീകരിക്കപ്പെട്ടതും.
ബെൽഗ്രേഡ് കോട്ടയുടെ വീഴ്ച യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഡാന്യൂബിനെ പൂർണ്ണമായും അരക്ഷിതമാക്കി. ഹംഗേറിയൻ സാമ്രാജ്യത്തിന്റെ നിലനില്പ് തന്നെ ഡാന്യൂബിനെ ആശ്രയിച്ചായിരുന്നു എന്നോർക്കണം. അവിടന്നങ്ങോട്ട് യൂറോപ്പിലേക്കുള്ള ഒട്ടോമൻ ആക്രമണങ്ങളുടെ അച്ചുതണ്ടായി മാറി ബെൽഗ്രേഡ്. ശ്രേഷ്ഠനായ സുലൈമാന്റെ ഈ ആദ്യവിജയം രേഖപ്പെടുത്തുന്ന ഒരു തുർക്കി മിനിയേച്ചർ ചിത്രം ഞാൻ പിന്നീട് കാണുകയുണ്ടായി. അതിൽ വളരെ ചെറുപ്പക്കാരനായ സുലൈമാന്റെ സാന്നിദ്ധ്യത്തിൽ വെച്ച് ബെൽഗ്രേഡിലെ ക്രൈസ്തവരായ സെർബിയൻ തടവുകാരെ ആനയെ ഉപയോഗിച്ച് ചവിട്ടിക്കൊല്ലിക്കുന്നതായി കാണിച്ചിരിക്കുന്നു. തുർക്കികൾ തന്നെ വരച്ചതിനാൽ അത് സത്യമാണെന്ന് കരുതാതെ വയ്യ.
എന്തായാലും അസംഖ്യം തടവുകാരേയും കൊണ്ടാണ് സുലൈമാൻ ബെൽഗ്രേഡിൽ നിന്നും തിരിച്ചു പോയത്. ഈ തടവുകാരെ മുഴുവൻ മഹാനഗരത്തിന് പുറത്താണ് പാർപ്പിച്ചതത്രെ. കൃത്യമായി പറഞ്ഞാൽ ഞാനീ നിൽക്കുന്ന കവാടത്തിന്റെ നേരെ മുന്നിലുള്ള സ്ഥലത്ത്. അങ്ങനെ ബെൽഗ്രേഡിന്റെ മേലുള്ള വിജയത്തേയും അന്നത്തെ തടവുകാരേയും ശ്രേഷ്ഠനായ സുലൈമാന്റെ ആദ്യജൈത്രയാത്രയേയും ഓർമ്മിപ്പിക്കുന്നു ഈ സ്ഥലം. അതുകൊണ്ടു തന്നെ 1521 മുതൽ ഈ കവാടത്തിന്റെ പേർ ബെൽഗ്രേഡ് കാപ് അഥവാ ബെൽഗ്രേഡ് കവാടം എന്നായി മാറി. എന്തായാലും, ബാർബറോസ്സയെ പേടിച്ച് അടച്ചിടപ്പെട്ട ഈ കവാടം 1346-ൽ തുറന്നെങ്കിലും 1453-ലെ യുദ്ധത്തിനു മുമ്പ് വീണ്ടുമടച്ചു. അങ്ങനെ ബെൽഗ്രേഡിലെ തടവുകാർ അടഞ്ഞുകിടന്ന ഈ കവാടത്തിനു മുന്നിലെ അഭയാർത്ഥികളായി. തുർക്കികൾ ചിലപ്പോഴൊക്കെ ഇതിനെ കപാലി കാപ് എന്നു വിളിച്ചിരുന്നത് ഇത് അടഞ്ഞ കവാടമെന്ന് സൂചിപ്പിക്കാനായിരുന്നു. ഒടുവിൽ സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമന്റെ കാലത്ത് 1886-ലായിരുന്നു ഈ ബെൽഗ്രേഡ് കാപ് ഒടുവിലായി തുറന്നത്. അന്നു മുതൽ ഈ കവാടം തുറന്നു തന്നെ കിടക്കുന്നു.
കവാടത്തിന്റെ ഇരുവശത്തും കോട്ടമതിലിനു മുകളിലേക്കു കയറാനുള്ള ചവിട്ടുപടികൾ ഉണ്ട്. ഞാൻ ഇടതുവശത്തെ പടികൾ ആണ് ഉപയോഗിച്ചത്. പതുക്കെ മുകളിലേക്കു ചവിട്ടിക്കയറി. മുകളിൽ നല്ല കാറ്റുണ്ടായിരുന്നു. സൂക്ഷിച്ചില്ലെങ്കിൽ തെന്നി നിലത്തുവീണേക്കുമെന്ന പ്രതീതിയുണ്ടാക്കും വിധം ശക്തം. സൂര്യന് അപ്പോഴും സ്വർണ്ണവർണ്ണം. മഴ പെയ്തൊഴിഞ്ഞെങ്കിലും തണുപ്പ് ഒട്ടും വിട്ടിട്ടില്ല. കാറ്റ് കൂടെ ചേർന്നപ്പോൾ മനസ്സൊന്ന് കുളിർന്നു. കോട്ടമതിലിനു മുകളിൽ നിന്നുള്ള കാഴ്ച ഗംഭീരമായിരുന്നു. ബോസ്ഫറസോളം പരന്നുകിടക്കുന്ന മഹാനഗരം. ആയ സോഫിയയുടേയും നീല മോസ്കിന്റേയും മിനാരങ്ങൾ അങ്ങകലെ ഉയർന്നു കാണാം. ഇടതുവശത്ത് ഗോൾഡൻ ഹോണിന്റെയപ്പുറം ഗലാട്ട ഗോപുരം. ആ കാഴ്ചയുടെ സൗന്ദര്യത്തിൽ താഴെക്കിറങ്ങാൻ തോന്നുന്നേയുണ്ടായിരുന്നില്ല. ഇനിയും ബാക്കിയുള്ള കാഴ്ചകൾ തേടി ഇറങ്ങാതിരിക്കാനും നിവൃത്തിയുണ്ടായിരുന്നില്ല.
(തുടരും)
***
Be the first to write a comment.