വഉദാരവാദത്തിന്‍റെ മുതലാളിത്വഘട്ടത്തില്‍ സംഭവിക്കുന്ന ആഗോള രാഷ്ട്രീയ ചലനങ്ങള്‍ ദേശരാഷ്ട്രത്തിന്‍റെയും പ്രത്യയശാസ്ത്രത്തിന്‍റെയും പ്രയോഗങ്ങളുടെയും പൗരത്വത്തിന്‍റെയും മറ്റും പുതിയ പാഠങ്ങള്‍ സൃഷ്ടിക്കുന്നു. വ്യവസ്ഥാനുകൂല അടിമത്വത്തിന്‍റെയും പുതിയ രാഷ്ട്രീയ ഉണര്‍വിന്‍റെയും അതിരുകളേയും പുതിയ മൂലധനത്തിന്‍റെ പ്രയോക്താക്കള്‍ നിര്‍ണ്ണയിക്കുന്നു. രാഷ്ട്രീയ പരീക്ഷണങ്ങള്‍ അതുകൊണ്ട് തന്നെ മുതലാളിത്വത്തിന്‍റെ നിരീക്ഷണത്തിന് നിരന്തരം വിധേയമാകുന്നു. മാര്‍ക്സിസം ഇത്തരമൊരു അവസ്ഥയില്‍ എങ്ങനെയാണ് ചര്‍ച്ചചെയ്യപ്പെടുന്നത് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. അന്തര്‍ദേശീയ രാഷ്ട്രീയത്തിന്‍റെ മാറ്റങ്ങളോട് ഇന്ത്യയിലെ മാര്‍ക്സിസവുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദങ്ങളെ വായിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌.

മുര്‍സ്ബന്‍ ജാലിന്‍റെ ഇടപെടലുകള്‍‍.

സമകാലിക ഇന്ത്യന്‍ ഇടതുപക്ഷ ചിന്തകളുടെ സ്വഭാവത്തെ വിശകലനം ചെയ്യുന്നതിലൂടെ ഇടതുപക്ഷവും അതേപോലെ പ്രസക്തമായ മറ്റ് രാഷ്ട്രീയ ധാരകളും മേല്‍പറഞ്ഞ രാഷ്ട്രീയ സാമൂഹിക പ്രതിസന്ധികളോട് പ്രതികരിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാവുന്നതാണ്. മുര്‍സ്ബന്‍ ജാല്‍ (Murzban Jal) തന്‍റെ വ്യത്യസ്തമായ വിമര്‍ശനത്തിലൂടെ ഇടതുപക്ഷത്തെ പുനര്‍വായനയ്ക്ക് വിധേയമാക്കുന്നു. പതിവ് ഔദ്യോഗിക മാര്‍ക്സിസ്റ്റ്‌ വായനകളില്‍ നിന്ന് വ്യത്യസ്തമായി മാര്‍ക്സിസത്തിന്‍റെ വിവിധ തലങ്ങളേയും സാമൂഹ്യശാസ്ത്ര ഉള്‍ക്കാഴ്ച്ചകളേയും പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ രാഷ്ട്രീയ വായനകളേയും സമന്വയിപ്പിക്കുകയാണ് മുര്‍സ്ബന്‍ ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ വിപ്ലവാത്മകമായ മാര്‍ക്സിസത്തിന്‍റെയും റിവിഷനിസത്തിന്‍റെയും (Revisionism) വ്യത്യാസങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇസാക് ഡ്യൂഷറുടേയും സിമോനോ പിരാനിയുടേയും അലക്സാണ്ടര്‍ റാബിനിച്ചോവിന്‍റെയും കൃതികള്‍ മേല്‍പ്പറഞ്ഞ വിപ്ലവകരമായ മാര്‍ക്സിസത്തിനെയും റിവിഷനിസത്തേയും കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും അത്തരം കൃതികള്‍ മുന്നോട്ട് വെയ്ക്കുന്ന ജ്ഞാനശാസ്ത്ര തലത്തില്‍ നിന്ന് മാര്‍ക്സിസം പുനര്‍വായിക്കപ്പെട്ടിട്ടില്ല എന്ന് മുര്‍സ്ബന്‍ അഭിപ്രായപ്പെടുന്നു. അധികാരത്തെ കയ്യാളുന്നതില്‍ ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകള്‍ ഭയപ്പെടുന്നത് വിപ്ലവത്തെ തന്നെ ഭയപ്പെടുകയാണോ എന്ന് ഴാക്ക് ലക്കന്‍റെയും സ്ലാവോക്ക് സിസക്കിന്‍റെയും നിരീക്ഷണങ്ങളെ ആധാരമാക്കി അദ്ദേഹം ചോദിക്കുന്നു.

Murzban Jal

ഇന്ത്യയില്‍ ഫാഷിസ്റ്റുകള്‍ 2014ലെ തിരഞ്ഞെടുപ്പ് വഴി അധികാരത്തിലേറാന്‍ കാരണം വിപ്ലവത്തെ ന്യായീകരിക്കാന്‍ ഉള്ള ഇടതുപക്ഷത്തിന്‍റെ ധൈര്യമില്ലായ്മ ആണെന്ന് മുര്‍സ്ബന്‍ വായിച്ചെടുക്കുന്നു. ധൈര്യത്തിന് ഉപരിയായി ശാസ്ത്രീയ മാര്‍ക്സിസ്റ്റ്‌ അന്വേഷണത്തിന്‍റെ അഭാവവും ഇന്ത്യന്‍ മാര്‍ക്സിസ്റ്റ്‌ ചിന്തകളേയും പ്രയോഗത്തേയും ബാധിക്കുന്നു. ലിയോണ്‍ ട്രോട്സ്കിയുടെ റഷ്യന്‍ ചരിത്രത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇന്ത്യന്‍ സാഹചര്യത്തെ വിശകലനം ചെയ്യുന്നു. ട്രോട്സ്കിയുടെ അഭിപ്രായത്തില്‍ റഷ്യന്‍ സംസ്കാരത്തിന്‍റെ അടിസ്ഥാനമെന്നത് സാമ്പത്തികമായ പിന്നോക്കാവസ്ഥയും അധമ സംസ്കാരവും പ്രാകൃതമായ മാര്‍ക്സിസ്റ്റ്‌ രൂപങ്ങളുമാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ മോക്ഷത്തെ കുറിച്ചുള്ള ധാരണകള്‍ നിലനില്‍ക്കുന്നു എന്ന് മുര്‍സ്ബന്‍ നിരീക്ഷിക്കുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളിലെ രൂപം ഇല്ലാത്ത വര്‍ഗ്ഗബന്ധങ്ങള്‍ ഇന്ത്യന്‍ സാംസ്കാരിക ഉപരിഘടനയുടെ രൂപമില്ലാത്ത അവസ്ഥകളില്‍ നിന്ന് ഉണ്ടാകുന്നതാണ്. Asiatic mode of production ഉം ജാതിവ്യവസ്ഥയും ഇന്ത്യന്‍ സാംസ്കാരിക ഉപരിഘടനയേയും വര്‍ഗ്ഗതലങ്ങളേയും നിലനിര്‍ത്തുന്നു. Asiatic mode of production ലൂടെയാണ് മുതലാളിത്വവും ജനാധിപത്യവും ഇന്ത്യയില്‍ വളരുന്നത്. ഇന്ത്യന്‍ ഫാഷിസവും ഉപരിപ്ലവമായ വിപ്ലവചിന്തകളും Asiatic mode of productionന്‍റെ പ്രത്യയശാസ്ത്രപരമായ അടിത്തറയില്‍ ഊന്നിയതാണ്. ഇന്ത്യന്‍ ഉല്‍പ്പാദന സമ്പ്രദായത്തിന്‍റെ വര്‍ഗ്ഗീകരണങ്ങളെ, അല്ലെങ്കില്‍ ഇന്ത്യന്‍ അവസ്ഥകള്‍ വിപ്ലവത്തിന് അനുകൂലമായതും പക്വവുമായ അവസ്ഥയില്‍ എത്തിയില്ലെന്നോ, അര്‍ദ്ധ-നാടുവാഴി സമ്പ്രദായത്തില്‍ എത്തിയോ, അര്‍ദ്ധ-സാമന്താവസ്ഥയില്‍ എത്തിയോ എന്നുള്ള അന്വേഷണങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നതിനോട് കൂടി മാര്‍ക്സിന്‍റെ വര്‍ഗ്ഗത്തേയും വര്‍ഗ്ഗസമരത്തേയും കുറിച്ച് ആലോചിക്കാന്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ സാഹചര്യത്തിലെ സവിശേഷ വര്‍ഗ്ഗ-ജാതിബന്ധാവസ്ഥകളെ തിരിച്ചറിയാതെ ലെനിനേയും മറ്റും അനുകരിച്ചിട്ട് പ്രയോജനം ഒന്നുമില്ലെന്ന് മുര്‍സ്ബന്‍ കരുതുന്നു. വര്‍ഗ്ഗസമരത്തിനും കമ്മ്യൂണിസ്റ്റ് വിപ്ലവത്തിനും എന്നാണ് ജാതിബന്ധിതമായ ഇന്ത്യന്‍ സമൂഹം സജ്ജമാകുന്നതെന്നും ചോദിക്കുന്നു. Asiatic mode of production ഇന്ത്യന്‍ വിപ്ലവത്തെ മറ്റ് വലിയ വിപ്ലവങ്ങളില്‍ നിന്ന് വ്യത്യസ്തമായി വായിക്കാന്‍ സഹായിക്കുന്നുണ്ടോ? മാര്‍ക്സിന്‍റെയും ആലീസ് തോര്‍ണറിന്‍റെയും പ്രസക്തമായ നിരീക്ഷണങ്ങളെ കൊണ്ട് ഭരണകൂടത്തിന്‍റെ പരമാധികാര സ്വഭാവത്തേയും അതിലൂടെ ഭരണകൂടം കൈവരിക്കുന്ന പരമമായ നാടുവാഴി സ്വഭാവത്തേയും ജാതിബന്ധിതമായ അടിമത്വത്തില്‍ അധിഷ്ടിതമായ ഉല്‍പ്പാദനക്രമത്തേയും ബ്രിട്ടീഷുകാരുടെ വരവോടെ ഉണ്ടായ നാടുവാഴി-മുതലാളിത്വത്തേയും ചേര്‍ത്തു വായിക്കുകയാണ് മുര്‍സ്ബന്‍ ചെയ്യുന്നത്. അത്തരം വായന ആധാരമാക്കുന്ന അര്‍ദ്ധനാടുവാഴിത്വം/മുതലാളിത്വം തുടങ്ങിയ ലളിതവല്‍ക്കരിക്കപ്പെട്ട ഉല്‍പ്പാദനക്രമത്തെ പഠിക്കുന്നത് നിഷ്ഫലമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. Asiatic mode of productionനെ കുറിച്ചുള്ള വ്യത്യസ്തമായ വായനകളിലൂടെ ഇന്ത്യന്‍ സാമൂഹ്യ-രാഷ്ട്രീയ ധ്രുവീകരണത്തെ പഠിക്കാന്‍ ശ്രമിക്കുന്നു. ഏഷ്യാറ്റിക് രാഷ്ട്രമൊരു Tributory State എന്ന നിലയ്ക്ക് മിച്ചമുതലാളിത്വത്തിന്‍റെ രീതിയില്‍ ഉല്‍പ്പാദനക്ഷമമല്ലാത്ത രാഷ്ട്രീയമണ്ഡലമായിരുന്നു.അത്തരം സാമ്പത്തിക പ്രവര്‍ത്തനം പരാദസ്വഭാവം ഉള്ള വര്‍ഗ്ഗങ്ങളാല്‍ ചൂഷണം ചെയ്യപ്പെടുകയും വ്യവസായ സംരംഭക ബൂര്‍ഷ്വാസിയേയും തൊഴിലാളി വര്‍ഗ്ഗത്തേയും അടിച്ചമര്‍ത്തുന്നതില്‍ കലാശിക്കുകയും ചെയ്യുന്നു. വികസന സംബന്ധിയായ ചര്‍ച്ചകളില്‍ പൊതുവേ പരാമര്‍ശിക്കപ്പെടുന്ന സമീര്‍ അമീന്‍റെ നിരീക്ഷണങ്ങളെ മുര്‍സ്ബന്‍ ഉപയോഗിക്കുന്നു. സമീര്‍ അമീന്‍ ഏഷ്യാറ്റിക് സ്റ്റേറ്റിനെ ഭരിച്ചിരുന്ന ഏകശാസകന്‍റെ ഇടപെടലിനെ കുറിച്ചുള്ള നിരീക്ഷണവും മാര്‍ക്സിന്‍റെ പൗരസ്ത്യ ഏകശാസകന്‍റെ – കുറച്ചുള്ളവര്‍ മാത്രം അധികാരം വഴി ഭരണക്രമത്തിനുമേല്‍ ഉള്ള ആധിപത്യത്തെ കുറിച്ചുള്ള നിരീക്ഷണവും – Brahmanic overlord ആയാണ് വ്യാഖ്യാനിക്കുന്നത്. ഏഷ്യാറ്റിക് സ്റ്റേറ്റ് ഒരു supreme lord എന്ന രീതിയില്‍ tax-rent receiving sovereign despot ആയും rent receiving sovereign ആയും പ്രവര്‍ത്തിക്കുന്നു. വളരെയധികം കേന്ദ്രീകരിക്കപ്പെട്ട രാഷ്ട്രമാണ് ഏഷ്യാറ്റിക് സ്റ്റേറ്റിന്‍റെ സവിശേഷതയെങ്കില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ അത് ജാതിബന്ധിത ഉല്‍പ്പാദനത്തെ സാധൂകരിക്കുന്നു. അതിന്‍റെ ഭാഗമായി വരുന്ന പരാദജാതികള്‍ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ഇടങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. പരാന്നഭോജികളായ – ചൂഷകരായ ജാതികള്‍ ബ്രാഹ്മണികമായ രാഷ്ട്രസംവിധാനത്തിലൂടെ അദ്ധ്വാനിക്കുന്ന ജാതികളെ ചിതറപ്പെട്ട സമുദായങ്ങളായി അടിച്ചമര്‍ത്തുന്നു. ജാതി ഒരു തൊഴില്‍ വിഭജനമാണെന്ന് ബി. ആര്‍. അംബേദ്‌കര്‍ നിരീക്ഷിക്കുന്നുണ്ട്. അദ്ധ്വാനം അശുദ്ധിയുടേയും തിരസ്കാരത്തിന്‍റെയും ഇരയാകുന്നത് ഇങ്ങനെയാണെന്ന് മുര്‍സ്ബന്‍ വായിച്ചെടുക്കുന്നു.

അദ്ധ്വാനത്തെകുറിച്ചുള്ള പ്രത്യയശാസ്ത്രത്തിന്‍റെ ഇടര്‍ച്ചയാണ് ആത്മീയവാദത്തിന്‍റെ പ്രത്യയശാസ്ത്രം എന്ന് മുര്‍സ്ബന്‍ വാദിക്കുന്നു. ഇന്ത്യന്‍ ഉല്‍പ്പാദന രീതിയുടെ ഭാഗമായി യുക്തിയുടെ അന്ത്യവും അനുഷ്ഠാനങ്ങളും ബ്രാഹ്മണിക് ജാതികളിലൂടെ പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇന്ത്യന്‍ ഫ്യൂഡലിസത്തെ കുറിച്ചുള്ള മുഖ്യധാരാ – സാമൂഹ്യശാസ്ത്ര ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുകയാണ് മുര്‍സ്ബന്‍ ചെയ്യുന്നത്. ജാതിശ്രേണിയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന ഉല്‍പ്പാദനത്തിന്‍റെ മാറ്റം രാഷ്ട്രീയ ഘടകങ്ങളുടെ മാറ്റത്തിന് വിധേയമാകുന്നു. അധിനിവേശാനന്തര-ഉല്‍പ്പാദന രീതിയെ നാടുവാഴിത്വ-മുതലാളിത്വം അഥവാ ഇന്ത്യൻ ജാതിയിൽ അധിഷ്ഠിതമായ മുതലാളിത്വഎന്നാണ് മുര്‍സ്ബന്‍ വിശേഷിപ്പിക്കുന്നത്. ആര്‍. എസ്. ശര്‍മ്മയുടെ ഇന്ത്യന്‍ ഫ്യൂഡലിസത്തെ കുറിച്ചുള്ള നിരീക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് അദ്ദേഹം ചിന്തിക്കുന്നത് എന്ന് തുറന്നു പറയുന്നുണ്ട്. ആധുനിക ദേശരാഷ്ട്രത്തിന്‍റെ കൂടെ തന്നെ ജാതിയും ശക്തമായ രീതിയില്‍ നിലനില്‍ക്കുന്നു എന്ന വൈരുദ്ധ്യത്തിലേക്ക് ശ്രദ്ധ തിരിക്കുകയാണ് മുര്‍സ്ബന്‍ ചെയ്യുന്നത്. രാഷ്ട്രത്തിന്‍റെയും ഭൂമിബന്ധങ്ങളുടെയും കുത്തകമുതലാളിത്വത്തിന്‍റെയും ഒരുമിച്ച് ഉള്ള വളര്‍ച്ചയില്‍ അത് കലാശിക്കുന്നു.

സമകാലിക ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ മാനേജീരിയല്‍ കോര്‍പ്പറേറ്റ് സ്റ്റേറ്റിലേക്കും തുടര്‍ന്നുള്ള ഒലിഗാർകി സ്റ്റേറ്റിലേക്കും ഇന്ത്യയെ കൊണ്ടെത്തിക്കുന്നു എന്ന് മുര്‍സ്ബന്‍ കണ്ടെത്തുന്നു. പ്രാന്തവല്‍ക്കരിക്കപ്പെട്ട ജാതികളില്‍ നിന്നുള്ള തൊഴിലാളികള്‍ അസംഘടിത മേഖലകളിലേക്ക് തള്ളുന്നതി മേല്‍പറഞ്ഞ രാഷ്ട്രീയ വികാസത്തിന് കൃത്യമായ പങ്കുണ്ട്. അത്തരം തൊഴിലാളികള്‍ surplus labour/population എന്ന നിലയ്ക്ക് മാര്‍ക്സിന്‍റെ സംവര്‍ഗ്ഗമായ (ഇന്ത്യന്‍ സാഹചര്യത്തില്‍) Industrial Reserve Army ആണോ എന്ന് പഠിക്കേണ്ടതുണ്ട് എന്ന് മുര്‍സ്ബന്‍ അഭിപ്രായപ്പെടുന്നു. ഹെര്‍ബര്‍ട്ട് മാര്‍ക്കൂസേയുടെ “great refusal” പോലെയും ഴാങ്ങ് പോള്‍ സാര്‍ത്രിന്‍റെ “Hellish Other” പോലെയുമാണ് ഇത്തരം രാഷ്ട്രീയ മാറ്റങ്ങള്‍ എന്ന് മുര്‍സ്ബന്‍ വായിചെടുക്കുന്നു. മുര്‍സ്ബന്‍ എഴുതിയ Asiatic Mode Of Production, Caste and the Indian Left എന്ന Economic and Political Weekly (EPW) യില്‍ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ലേഖനത്തിലൂടെ അദ്ദേഹം ജാതിയുടെ ഉല്‍പ്പാദനകേന്ദ്രവും ആയുള്ള ബന്ധത്തെ കുറിച്ച് വിശദീകരിക്കാന്‍ ഉപയോഗിക്കുന്നു. ആ ലേഖനത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്നത് യൂറോകേന്ദ്രീകൃത ചിന്തകളില്‍ നിന്ന് എഡ്വാര്‍ഡ് സെയ്ദിന്‍റെ കൃതികളില്‍ സ്വാധീനിക്കപ്പെട്ട ഘടനാവാദാനന്തരകൃതികളില്‍ നിന്നും വ്യത്യസ്തമായ ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷന്‍(Asiatic Mode of Production) വായിച്ചെടുക്കാനാണ്. മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത പൂര്‍വ്വ മുതലാളിത്വ ഇന്ത്യയെ കുറിച്ചുള്ള മാര്‍ക്സിന്‍റെ മുഖ്യ നിരീക്ഷണങ്ങളെ മുര്‍സ്ബന്‍ വീണ്ടും ചര്‍ച്ച ചെയ്യുന്നു. മാര്‍ക്സിന്‍റെ അഭിപ്രായത്തില്‍ പൂര്‍വ്വ മുതലാളിത്വകാല ഇന്ത്യയിലെ സാമ്പത്തികാവസ്ഥയെ നിര്‍ണ്ണയിച്ചിരുന്നത് tributory mode of production നാള്‍ നിര്‍ണ്ണയിക്കപ്പെട്ട sedentary culture ആണ്. നേരത്തെ സൂചിപ്പിച്ചത് പോലെ ഉല്‍പ്പാദനക്ഷമമല്ലാത്ത ഉപഭോഗം ഏഷ്യാറ്റിക് സ്റ്റേറ്റിന്‍റെ ഭാഗമായതുകൊണ്ടു പ്രോട്ടോ ബൂർഷാസിയുടെയും നാഗരിക വികസനത്തിന്‍റെയും വളര്‍ച്ച അടിച്ചമര്‍ത്തപ്പെടുകയും അതിന്‍റെ തുടര്‍ച്ചയായി ഇന്ത്യയില്‍ ജാതി അടിസ്ഥാനമാക്കി ഉള്ള കാര്‍ഷിക സമ്പദ്വ്യവസ്ഥയിലും സംസ്കാരത്തിലും അത് എത്തിച്ചേര്‍ന്നു. ബ്രാഹ്മണിക പ്രതിവിപ്ലവം അതിന്‍റെ പ്രത്യയശാസ്ത്രസ്ഥലിയിലൂടെ അത്തരം അവസ്ഥകളെ സമന്വയിപ്പിച്ചു. ഇന്ത്യയില്‍ മുതലാളിത്വം വളരുന്നത് തന്നെ അത്തരമൊരു അടിത്തറയിലാണ്. ജാതിയും വര്‍ഗ്ഗവും തമ്മിലുള്ള ബന്ധമെന്നത് ബൂര്‍ഷ്വാമുതലാളിത്വ-സാമൂഹ്യരൂപങ്ങളും ആയുള്ള ബന്ധമാണ്.

അത്തരമൊരു പരിപ്രേഷ്യത്തില്‍ മിച്ചം വരുന്ന അദ്ധ്വാനം അനൌപചാരിക ഉപജീവനമാര്‍ഗ്ഗത്തെ നിലനിര്‍ത്തുന്ന സാമ്പത്തിക മണ്ഡലത്തിലേക്ക് കീഴാള അധ്വാനിക്കുന്ന ജാതികളെ തള്ളിവിടുകയും ചെയ്യുന്നു. ഇന്ത്യന്‍ ഇടതുപക്ഷം ജാതിയേയും ജാതിയുടെ പുനരുല്‍പ്പാദനത്തെ തിരസ്കരിക്കുകയാണ് ചെയ്തതെന്ന് മുര്‍സ്ബന്‍ നിരീക്ഷിക്കുന്നു. D.D കൊസാംബിയുടെ ജാതി പ്രാകൃതമായ തൊഴില്‍ വിഭജനത്തിന്‍റെ തുടര്‍ച്ചയാണെന്ന അന്വേഷണത്തില്‍ നിന്ന് വ്യത്യസ്തമാണ് തന്റേത് എന്ന് മുര്‍സ്ബന്‍ കരുതുന്നു. ആധുനിക ഇന്ത്യയിലെ ജാതിയുടെ വളര്‍ച്ചയെ നീതികരിക്കുന്ന അവസ്ഥയില്‍ എത്തിച്ചേരുന്നു. സാമൂഹ്യശാസ്ത്രജ്ഞര്‍ പൊതുവേ ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷനെ വായിക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് അതിനെ യൂറോകേന്ദ്രിത ചിന്തയുടെ പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയായി വായിക്കുകയും അതിനെ അധീശ യൂറോപ്പ്/അധീശ ഏഷ്യ എന്ന രീതിയിൽ വായിക്കുന്നത്. അതേസമയം, ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷന്‍ ഏറ്റവും വിവാദമായിട്ടുള്ള സാമൂഹ്യശാസ്ത്ര വിഷയമെന്ന് മുര്‍സ്ബന്‍ പറയുന്നു. മാക്കിയവെല്ലിയുടെ രാഷ്ട്രീയത്തിന്‍റെ ശാസ്ത്രമായും പതിമൂന്നാം നൂറ്റാണ്ടില്‍ തര്‍ജ്ജമ ചെയ്യപ്പെട്ട അരിസ്റ്റോട്ടിലിന്‍റെ രാഷ്ട്രീയമായും യൂറോകേന്ദ്രീകൃത ചിന്തകളുമായും മാര്‍ക്സിന്‍റെ ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷന് ബന്ധമൊന്നുമില്ലെന്നാണ് മുര്‍സ്ബന്‍ പറയുന്നത്. ജീന്‍ ബോഡിന്‍റെയോ മാക്കിയവെല്ലിയുടേയോ മോണ്‍ഡെസ്ക്യുവിന്‍റെയോ കൃതികളുമായും അരിസ്റ്റോട്ടലിന് ലാറ്റിന്‍ വ്യാഖ്യാനങ്ങളുമായോ അതിന് ബന്ധമില്ലെന്നും റിച്ചാര്‍ഡ് ജോണ്‍സിന്‍റെ മുതലാളിത്വപൂര്‍വ്വ ഏഷ്യയെ കുറിച്ച് അതിന് സാമ്യമില്ല എന്നും മുര്‍സ്ബന്‍ അഭിപ്രായപ്പെടുന്നു. കാള്‍ വിറ്റ് ഫോഗൽ പറയുന്ന താരതമ്യേന സ്വാതന്ത്ര്യമുള്ള പാശ്ചാത്യ സമൂഹത്തേയും സമഗ്രാധിപത്യമുള്ള കിഴക്കന്‍ സമൂഹത്തേയും പോലെയുമല്ല ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷന്‍. ആന്തരികപ്രവര്‍ത്തനസജ്ജമായും മൂര്‍ത്തവുമായ ഉല്‍പ്പാദനതലം ഇതിനുണ്ട്.

ഇന്ത്യന്‍ ഇടതുപക്ഷം ചെയ്യുന്ന പതിവ് തെറ്റുകളിലൊന്ന് ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷനെ അടിമത്ത്വത്തിന്‍റെയും നാടുവാഴിത്ത്വത്തിന്‍റെയും പടിഞ്ഞാറന്‍ യൂറോപ്യന്‍ മുതലാളിത്വ സമൂഹത്തിന്‍റെ വികാസമായി വായിച്ചെടുക്കുന്നത് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. കേന്ദ്രീകരിക്കപ്പെട്ട – ചുരുക്കം ആളുകളാല്‍ നിര്‍ണ്ണയിക്കപ്പെട്ട രാഷ്ട്രം, ജാതിയാല്‍ ശ്രേണീകരിക്കപ്പെട്ട ഗ്രാമസമൂഹങ്ങള്‍ ജാതിയുമായും രാഷ്ട്രമായും മല്ലടിക്കുന്ന സമൂഹങ്ങളും ആണ് ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷന്‍റെ ആന്തരിക ഘടനകളെ നിര്‍ണ്ണയിക്കുന്നത്. ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷനെ അല്ലെങ്കില്‍ അത്തരമൊരു മാര്‍ക്സിന്‍റെ വീക്ഷണത്തെ തെറ്റായി മനസ്സിലാക്കുകയായിരുന്നു സെയ്ദും അദ്ദേഹത്തെ പിന്തുടര്‍ന്ന ഇര്‍ഫാന്‍ ഹബീബും എന്നാണ് മുര്‍സ്ബന്‍ വാദിക്കുന്നത്. ഹെഗലിന്‍റെയും മാര്‍ക്സിന്‍റെയും ഇന്ത്യയെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ യൂറോകേന്ദ്രീകൃത ഭാവനയാണ് എന്ന ഹബീബിന്‍റെ നിരീക്ഷണങ്ങളെ മുന്‍നിര്‍ത്തി ഹബീബ് മാര്‍ക്സിന്‍റെ ബഹുരേഖീയമായ ചരിത്രത്തിന്‍റെ സിദ്ധാന്തത്തെ അവഗണിക്കുകയാണ് എന്ന് മുര്‍സ്ബന്‍ തെളിയിക്കുന്നു. ഹബീബിന്‍റെ അത്തരം നിലപാട് പ്രയോജനവാദപരമായ ഏകപക്ഷീയമായ ചരിത്ര സിദ്ധാന്തത്തെ മുന്നോട്ട് വെക്കുകയും ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷന്‍ ഒരു താഴ്ന്ന നിലപാട് എന്നപോലെ പഠിയ്ക്കുകയും ചെയ്യുന്നു. കിഴക്കിനെ കുറിച്ചുള്ള വാര്‍പ്പുമാതൃകകളെ തള്ളിക്കളഞ്ഞ് കൊണ്ട് സാമൂഹ്യരൂപീകരണത്തേയും സാമ്പത്തികക്രമങ്ങളേയും ഉല്‍പ്പാദനരീതികളേയും മൂര്‍ത്തമായി വിശകലനം ചെയ്യാനുതകുന്ന ആപേക്ഷിക സവിശേഷതയില്‍ കേന്ദ്രീകരിക്കുകയാണ് മുര്‍സ്ബന്‍ ചെയ്യുന്നത്. പൌരസ്തവാദ നിലപാടില്‍ നിന്ന് മാറി ട്രോട്സ്കിയുടെ സംയോജിത-വ്യത്യാസമുള്ള വികസനമെന്ന സങ്കേതത്തെ ശ്രദ്ധിക്കേണ്ടതുണ്ട്. മാര്‍ക്സിന്‍റെ പൌരസ്ത്യ ഏകശാസകനെ കുറിച്ചുള്ള നിരീക്ഷണം പ്രാധാന്യമര്‍ഹിക്കുന്നു. അത്തരം നിരീക്ഷണം ഒരിക്കലും സ്വതന്ത്രമായി ചിന്തിക്കുന്ന ഉദാരനായ യൂറോപ്യന് എതിരല്ല എന്നും പൌരസ്ത്യ എകശാസനത്തെ കൂടുതല്‍ അടുത്ത് നിരീക്ഷിക്കുമ്പോള്‍ അത് ഇന്ത്യയിലെ ജാതി വ്യവഹാരവുമായും കുറച്ചുപേരുടെ കീഴിലുള്ള സാമര്‍ത്ഥ്യം ഉള്ള ജാതി അധികാരമാണ് എന്ന് മുര്‍സ്ബന്‍ വായിക്കുന്നു.

അതുകൊണ്ട് ഹെഗലിന്‍റെ യുക്തിയുടെ സാമര്‍ത്ഥ്യം എന്ന് ഇന്ത്യന്‍ അവസ്ഥയില്‍ വിരളമായി വരുന്ന -ജാതി ജാതി അധികാരികളുടെ സാമര്‍ത്ഥ്യമുള്ള അയുക്തി എന്ന് വായിക്കാവുന്നതാണ്. ജാതിയുടെ പ്രത്യയശാസ്ത്ര മണ്ഡലം നിര്‍മ്മിക്കുന്ന അയുക്തിയുടെ പുനരുത്ഥാനവും അതിനെ ഉപയോഗിച്ച് ഇന്ത്യയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഏകാധിപത്യ സ്വഭാവവും ജനാധിപത്യ വിരുദ്ധമായ രാഷ്ട്രീയ വളര്‍ച്ചകളേയും മാര്‍ക്സിന്‍റെ ഏഷ്യാറ്റിക് മോഡിന്‍റെ ജാതിയെന്ന സംവര്‍ഗ്ഗത്തെ ഉപയോഗിച്ച് മുര്‍സ്ബന്‍ പുനര്‍വായിക്കുന്നു. ഏഷ്യാറ്റിക് ഭരണകൂടത്തെ യൂറോപ്പിലെ ഫ്യൂഡലിസവുമായി ചേര്‍ത്തുവായിക്കരുത്. എംഗല്‍സിന്‍റെ ചരിത്രാധിഷ്ഠ ഭൌതിക വായനയുടെ അടിസ്ഥാനത്തില്‍ നാടുവാഴികളും ബ്രാഹ്മണിക overlordshipഉം ഭരണകൂടവും പ്രധാന പങ്ക് വഹിക്കുന്നു. മുതലാളിത്വത്തിന്‍റെ വികാസമെന്നത് കമ്മ്യൂണിസത്തിന്‍റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണോ? മുതലാളിത്വം അവഗണിക്കാന്‍ ആവാത്ത ചരിത്രഘട്ടമാണോ കമ്മ്യൂണിസത്തിന്‍റെ വരവിന് എന്ന ചോദ്യം മുര്‍സ്ബന്‍ ഉന്നയിക്കുന്നു. ആധുനികപൂര്‍വ്വ സമുദായങ്ങളുടെ ഇടപെടല്‍ കാണുന്നത് മുതലാളിത്വത്തിന്‍റെ അനിഷേധ്യമായ നിലനില്‍പ്പിന്‍റെ വിമര്‍ശനത്തിലാണ് കെവിന്‍ ആന്‍ഡേഴ്സന്‍റെ Not Just Capital and Class: Marx on Non-Western Societies, Nationalism and Ethnicity യിലെ നിരീക്ഷണത്തെ മുര്‍സ്ബന്‍ ഉപയോഗിക്കുന്നു. മേല്‍പറഞ്ഞ ആധുനികപൂര്‍വ്വ സമുദായങ്ങള്‍ ആധുനികതയുടെ ബദല്‍രൂപങ്ങളുടെ അടിസ്ഥാനമാണ് എന്ന് കെവിന്‍ ആന്‍ഡേഴ്സണ്‍ അഭിപ്രായപ്പെടുന്നു.

Kevin B. Anderson

കെവിന്‍റെ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ മുര്‍സ്ബന്‍ പറയുന്നത് മാര്‍ക്സിന്‍റെ ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷനെ സ്ഥായിയായ നാഗരികതയായി വായിക്കരുതെന്നും അത്തരമൊരു വായനയുടെ ഭാഗമായി അധിനിവേശം ഇന്ത്യയുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ് എന്ന വാദത്തെ അംഗീകരിക്കേണ്ടി വരുമെന്നും ആണ്. ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷനെ കുറിച്ചുള്ള അധീശവായനകളുടെ പ്രശ്നങ്ങളും ന്യൂനതകളും ആണ് മുര്‍സ്ബന്‍ തുറന്നു കാണിക്കുന്നത്. അദ്ദേഹം മാര്‍ക്സ് എംഗല്‍സിനോട് സംവദിച്ചത് എന്താണെന്ന് അന്വേഷിക്കുകയാണ്. 1858ല്‍ ബ്രിട്ടീഷ് ഭരണത്തിന് എതിരായ വിപ്ലവത്തിന് ശേഷം മാര്‍ക്സ് എംഗല്‍സിന് എഴുതുന്നത് ഇന്ത്യ നമ്മുടെ ഏറ്റവും നല്ല സഖ്യകക്ഷി ആണെന്നാണ്‌. അതേ കത്തില്‍, മാര്‍ക്സ്, ഹെഗലിന്‍റെ Science of Logic വായിക്കുന്നതിനെ കുറിച്ചും മൂലധനസഞ്ചയത്തിന്‍റെ വൈരുദ്ധ്യാത്മക വായനയെ കുറിച്ചും പറയുന്നുണ്ട്. മാര്‍ക്സിന്‍റെ ഏഷ്യാറ്റിക് ഉല്‍പ്പാദനരീതി (Asiatic Mode of Production) യെ കുറിച്ചുള്ള പരിപ്രേക്ഷ്യം വരേണ്യവിരുദ്ധവും അധിനിവേശവിരുദ്ധവും ആണെന്ന് മുര്‍സ്ബന്‍ വാദിക്കുന്നു. കെവിന്‍ ആന്‍ഡേഴ്സണിന്‍റെ അഭിപ്രായത്തോട് മുര്‍സ്ബന്‍ യോജിക്കുകയും ചെയ്യുന്നു. വൈരുദ്ധ്യ-സാമൂഹ്യ വിഭാഗങ്ങളുടെ അല്ലെങ്കില്‍ വരേണ്യരുടേയും കീഴാളരുടേയും സാഹചര്യത്തില്‍ ആണ് “Despotic and Democratic” എന്നീ വിശേഷണങ്ങളെ ഏഷ്യാറ്റിക് ഉല്‍പ്പാദനരീതിയുമായി ഉപയോഗിക്കുകയാണ് കെവിന്‍ ചെയ്യുന്നത്. ആന്‍ഡേഴ്സണ്‍ ഈ സാഹചര്യത്തില്‍ ഉപയോഗിക്കുന്നത്. “Communal property” “Communal governance” എന്ന സംവര്‍ഗ്ഗങ്ങള്‍ ആണ് ആന്‍ഡേഴ്സണ്‍ ഉപയോഗിക്കുന്നത് എന്നും ഇന്ത്യന്‍ സാഹചര്യത്തില്‍ അത് തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്നും അതുകൊണ്ട് തന്നെ താന്‍ “Communal” ന് പകരമായി “Community” എന്നാണു ഉപയോഗിക്കുന്നത് എന്നും മുര്‍സ്ബന്‍ പറയുന്നു. ഡി.ഡി കൊസാമ്പിയേയും ആര്‍.എസ് ശര്‍മ്മയേയും ഇര്‍ഫാന്‍ ഹബീബിനേയും പോലെയുള്ള ഇന്ത്യന്‍ ഇടതുപക്ഷത്തിലെ അതികായന്മാര്‍ ഏഷ്യാറ്റിക് ഉല്‍പ്പാദനരീതിയെ കമ്മ്യൂണിസത്തിലെത്താന്‍ സഹായിക്കുന്ന ഇതരമാര്‍ഗ്ഗം എന്ന നിലയില്‍ കണ്ടില്ല എന്നും മുര്‍സ്ബന്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ ചരിത്രത്തെ കുറിച്ചുള്ള തെറ്റായ ഇത്തരം വായന ഉദിക്കാന്‍ കാരണം മാര്‍ക്സിന്‍റെ പാശ്ചാത്യേതര സമൂഹത്തെ കുറിച്ചുള്ള കുറിപ്പുകളെ ഇടതുപക്ഷം പൂര്‍ണ്ണമായി അവഗണിച്ചു എന്നതാണ്. കെവിന്‍ ആന്‍ഡേഴ്സന്‍റെ നിരീക്ഷണം ഈ അവസരത്തില്‍ ഉദ്ധരിക്കുകയാണ് ചെയ്യുന്നത്. കെവിന്‍റെ അഭിപ്രായത്തില്‍ മാര്‍ക്സ് തന്‍റെ “Ethnological Notebooks” (1879-82) ല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെക്കുറിച്ച് 90,000 വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യന്‍ ഇടതുപക്ഷം അത് പാടേ വിസ്മരിക്കുന്നു എന്ന് മുര്‍സ്ബന്‍ പറയുന്നു. ഇന്ത്യന്‍ ഇടതുപക്ഷത്തിന്‍റെ അത്തരം മറവി നയിക്കുന്ന രാഷ്ട്രീയവും സൈദ്ധാന്തികവും ആയ തലത്തിലേക്ക് മുര്‍സ്ബന്‍ നമ്മുടെ ശ്രദ്ധ തിരിക്കുന്നു. കൈത്തൊഴില്‍ ചെയ്യുന്നവരുടേയും കര്‍ഷകരുടേയും സാമൂഹ്യലോകങ്ങള്‍ സ്ഥായി അല്ലെന്ന് മാര്‍ക്സിന്‍റെ കൃതികളെ ആധാരമാക്കി എഴുതപ്പെട്ട മാക്സിം കോവലസ്കിയുടെ “Communal Landownership” എന്ന കൃതിയും (1879) റോബര്‍ട്ട് സിവെല്ലിന്‍റെ “Analytic History of India” (1870) വ്യക്തമാക്കുന്നു. മുര്‍സ്ബന്‍ കരുതുന്നത് അതുകൊണ്ട് തന്നെ സ്ഥായിയായ ഏഷ്യ എന്ന ആശയം വരുന്നത് തന്നെ ഭരണവര്‍ഗ്ഗത്തിന്‍റെ വിമര്‍ശനത്തെ ബന്ധപ്പെടുത്തിയിട്ടുള്ള പരിപ്രേഷ്യത്തിലൂടെയാണ്. മാര്‍ക്സിന്‍റെ കൃതികളില്‍ അന്തര്‍ലീനമായ കീഴാളചരിത്രരേഖകളുടെ വെളിച്ചത്തില്‍ സ്ഥായിയായ എഷ്യയില്ലെന്നും മറിച്ചത് കാര്‍ഷികഗ്രാമ സമുദായത്തിന്‍റെ (Commune) സ്വത്ത് ബന്ധവുമായി വായിക്കുകയാണ് മുര്‍സ്ബന്‍ ചെയ്യുന്നത്. ഇത്തരം സിദ്ധാന്തത്തിലൂടെ ഇന്ത്യന്‍ ചരിത്രത്തിന്‍റെ ബലതന്ത്രത്തെ തിരിച്ചറിയണമെന്നും കോവാലസ്കി-മാര്‍ക്സാനന്തര കാലഘട്ടത്തില്‍ മുതലാളിത്വ-പൂര്‍വ്വ ഇന്ത്യയിലെ കാര്‍ഷികഗ്രാമസമുദായത്തിന്‍റെ ചരിത്രം എഴുതപ്പെടാത്തത് ദൌര്‍ഭാഗ്യകരം എന്നും മുര്‍സ്ബന്‍ നിരീക്ഷിക്കുന്നു. മുതലാളിത്വ ആധുനികതയോടും യൂറോപ്പിലെ പ്രത്യയശാസ്ത്രചിന്തയോടും ഉള്ള ഭാവബദ്ധത സ്വകാര്യസ്വത്തിനേയും മുതലാളിത്വത്തേയും സമയം നിലനില്‍ക്കാത്ത ഫെറ്റിഷുകളുമായി വ്യാഖ്യാനിക്കുന്നു. ഉദാഹരണത്തിന് മുതലാളിത്വത്തിന്‍റെ മാര്‍ക്സിയന്‍ ചരിത്രവായനകളുടെ ബാഹുലതയേയും പ്രശ്നങ്ങളേയും കുറിച്ച് സാമൂഹ്യശാത്രജ്ഞര്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. പെട്ടെന്നുണ്ടാകുന്ന രാഷ്ട്രീയമാറ്റങ്ങളെ മുതലാളിത്വത്തിന്‍റെ സ്വാധീനത്തിലും സാഹചര്യത്തിലും വിശദീകരിക്കേണ്ടതുണ്ട്‌. വ്യത്യസ്ത സംസ്കാരങ്ങളുടെ ഭാഗമായ വിപ്ലവ സ്വഭാവമുള്ള വിഷയിയുടെ സ്വഭാവത്തെ തിരിച്ചറിയുകയും വേണമെന്ന് മുര്‍സ്ബന്‍ കരുതുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതിവ്യവസ്ഥ എല്ലാ തരം വിപ്ലവപ്രവര്‍ത്തനങ്ങളേയും തകര്‍ക്കുമെന്നും തുടര്‍ന്ന് അത് വ്യക്തിത്വത്തേയും കൂട്ടായ്മയേയും യുക്തിചിന്തയേയും തകര്‍ക്കുമെന്ന് മുര്‍സ്ബന്‍ കരുതുന്നു.

മാര്‍ക്സിന്‍റെ സ്വത്തിനേയും ഭൂമിയേയും കുറിച്ചുള്ള പൊതുവിമര്‍ശനം തെറ്റാണെന്നും അദ്ദേഹം ദക്ഷിണേന്ത്യയിലെ സ്വത്ത്-ഭൂമി ബന്ധനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട് എന്നും മുര്‍സ്ബന്‍ നിരീക്ഷിക്കുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങിനെയാണ് സ്വകാര്യസ്വത്ത് നിലവില്‍ വന്നതെന്നും മനുവിന്‍റെ നിയമങ്ങളും ബ്രാഹ്മണിസവും എങ്ങിനെയാണ് സ്വകാര്യസ്വത്തിന്‍റെ വികസനത്തെ സ്ഥാപനവല്‍ക്കരിച്ചത് എന്നും ജാതിബന്ധങ്ങള്‍ എങ്ങിനെയാണ് സ്വകാര്യസ്വത്തിന്‍റെ ചരിത്രം നിര്‍ണ്ണയിച്ചത് എന്നും അന്വേഷിക്കേണ്ടതുണ്ട്. ഏഷ്യയുടെ പരമാധികാര രാഷ്ട്രത്തിന്‍റെ കേന്ദ്രീകൃത അധികാരസ്വഭാവം മധ്യകാല യൂറോപ്പില്‍ നിന്ന് വ്യത്യസ്തമാണ്. യൂറോപ്പിലെ വര്‍ഗ്ഗരൂപീകരണത്തില്‍ നിന്ന് ഏഷ്യയിലെ സ്വത്ത് ബന്ധങ്ങളും വര്‍ഗ്ഗങ്ങളും എങ്ങിനെ വ്യത്യസ്തമാകുന്നു എന്ന് പഠിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ സ്വഭാവത്തിന്‍റെ സവിശേഷതകളെ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് മുര്‍സ്ബന്‍ അഭിപ്രായപ്പെടുന്നു. അധീശപുരോഹിത വര്‍ഗ്ഗത്തിന്‍റെ സ്വാധീനം ഇന്ത്യയിലെ ഉദാരവാദികളിലും ഇടതുപക്ഷത്തിലും കാണാവുന്നതാണ് എന്ന് അദ്ദേഹം പറയുന്നു. മാര്‍ക്സ് സ്വകാര്യ സ്വത്തിന്‍റെ ആവിര്‍ഭാവത്തിന്‍റെ സ്വഭാവത്തെ വിശകലനം ചെയ്യുമോള്‍ ബ്രാഹ്മണിക പുരോഹിത വര്‍ഗ്ഗത്തിന്‍റെ ആധിപത്യത്തേയും കുറിച്ച് ചര്‍ച്ച ചെയ്യുന്നു. അത്തരം ബ്രാഹ്മണിക് സ്വഭാവം ഭൂതകാലത്തിന്‍റെ ഏട് മാത്രമല്ല, അത് സമകാലിക രാഷ്ട്രീയത്തിന്‍റെ മണ്ഡലത്തിലും സജീവമാണ്. ലെനിനിന്‍റെ പ്രസക്തമായ നിരീക്ഷണത്തെ പാരഡി ചെയ്യുകയാണ് മുര്‍സ്ബന്‍ ചെയ്യുന്നത്. 1919ല്‍ ലെനിന്‍ പറഞ്ഞത് ഒരു റഷ്യന്‍ കമ്മ്യൂണിസ്റ്റിനെ ചുരണ്ടിയാല്‍ നിങ്ങള്‍ക്ക് മഹാനായ റഷ്യന്‍ യാഥാസ്ഥിതികനെ കാണാന്‍ ആകുമെന്നും ഇന്ത്യന്‍ സാഹചര്യത്തില്‍ അത് ഉചിതമാനെന്നും മുര്‍സ്ബന്‍ പറയുന്നു. ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിനെ ചുരണ്ടിയാല്‍ Brahmanical overlordന്‍റെ ആത്മാവ് നിര്‍ഭാഗ്യവാനായ സ്തനത്തില്‍ വസിക്കുന്നുണ്ടാകും എന്ന് പാരഡി ചെയ്യുകയാണ്. ഉദാഹരണത്തിന്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (CPI) അനിൽ രാംജിവാല (Anil Ramjiwale) എഴുതിയ “A Brief History of the CPI: Through the Party Congress” എന്ന പുസ്തകത്തില്‍ അദ്ദേഹം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പൈതൃകം കാണുന്നത് സ്വാമി വിവേകാനന്ദനിലും ലാലാ ലജ്പത്റായിയിലുമാണ്. മുര്‍സ്ബന്‍ അഭിപ്രായപ്പെടുന്നത് Brahmanical overlordshipന്‍റെ പ്രത്യയശാസ്ത്രം കേന്ദ്രീകരിച്ചിട്ടുള്ളത് വളര്‍ച്ച മുരടിച്ച അനുഷ്ഠാത്മകവും വരേണ്യവും ആയ പ്രത്യയശാസ്ത്രത്തിലാണ്. നിഷ്ക്രിയമായ ഏഷ്യാറ്റിക് ഏകനായകത്വത്തിന്‍റെ തുടര്‍ച്ചയെ വിശകലനം ചെയ്യാനായി ലൂയി അല്‍ത്തൂസറിന്‍റെ (Louis Althusser) Structure in Dominance (the structure of the dominant communities) എന്ന പരികല്‍പനയെ മുര്‍സ്ബന്‍ ആശ്രയിക്കുന്നു. ഏഷ്യന്‍ നാഗരികതയെ കുറിച്ചുള്ള വായനയായി The Structure of the dominant classes നെ തെറ്റിദ്ധരിക്കരുതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ആധുനിക ഇന്ത്യയില്‍ ഭരണകൂട ബന്ധിതമായ നാടുവാഴിത്വത്തിന്‍റെയും caste overlordshipന്‍റെയും പുതിയ ജന്മിത്വത്തിന്‍റെയും പൈതൃകം നിലനില്‍ക്കുന്നു. അദ്ധ്വാനിക്കുന്ന കീഴാളജാതികള്‍ ഭരണകൂടാതിഷ്ഠിതമായ നാടുവാഴിത്വത്തിന്‍റെ കക്ഷികളായി പരിണമിക്കുന്നു. Caste overlordshipന്‍റെയും പുതിയ നാടുവാഴിത്വതതിന്‍റെയും കക്ഷികളായി മാറുന്നു. പൂര്‍വ്വ മുതലാളിത്വ ഇന്ത്യയുടെ ഗ്രാമീണ പ്രാന്തങ്ങളിലായും സമകാലിക ഘട്ടത്തില്‍ ഗ്രാമമെന്ന സമൂഹത്തിന്‍റെയും സിവില്‍ സമൂഹത്തിന്‍റെ അരികുകളിലുമായി അവര്‍ അവശേഷിക്കുന്നു.

ബി.ആര്‍. അംബേദ്‌കറിന്‍റെ ഗ്രാമങ്ങളെ കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ഈ അവസരത്തില്‍ സ്മരിക്കേണ്ടതുണ്ടെന്ന് മുര്‍സ്ബന്‍ പറയുന്നു. അംബേദ്‌കര്‍ വില്ലേജ് റിപ്പബ്ലിക്കിനെ (Village Republic) നെ കുറിച്ച് അഭിപ്രായപ്പെടുന്നത് അത് ഇന്ത്യയുടെ നശീകരണത്തിന് ഹേതുവാകുന്നു എന്നും പ്രാദേശിക വാദത്തിന്‍റെയും വര്‍ഗ്ഗീയതയുടേയും പ്രശ്നങ്ങള്‍ ഉന്നയിക്കുന്നവര്‍ ഗ്രാമത്തെ അഭിസംബോധന ചെയ്യാനായി വരണമെന്നും അംബേദ്‌കര്‍ അഭിപ്രായപ്പെടുന്നു. അജ്ഞതയുടെ സങ്കുചിത പ്രാദേശിക വാദത്തിന്‍റെയും ഇടുങ്ങിയ മനസ്ഥിതിയുടേയും വര്‍ഗ്ഗീയതയുടേയും കൊട്ടത്തളം ആണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഭരണഘടനയുടെ കരട് രൂപം ഗ്രാമത്തെ നിരാകരിക്കുകയും വ്യക്തിയെ അടിസ്ഥാനം ആക്കുകയും ചെയ്തതില്‍ ഞാന്‍ സന്തോഷിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അജ്ഞതയുടെ കൊട്ടത്തളം നാടുവാഴിത്വം സമകാലിക-നവഉദാര ഇന്ത്യയില്‍ നിലനില്‍ക്കുന്നു എന്ന് മുര്‍സ്ബന്‍ നിരീക്ഷിക്കുന്നു. ഭരണകൂടം മാനേജീരിയല്‍ കോര്‍പ്പറേറ്റ് ഭരണകൂടമായി മാറുന്നു. പക്ഷെ അത്തരം ഭരണകൂടം ഇന്ത്യന്‍ ഏഷ്യന്‍ സ്റ്റേറ്റിനെ ജീവിപ്പിക്കുന്നു. യൂറോപ്പിലെ ഫ്യൂഡലിസം കൈത്തൊഴിലുകളില്‍ ഏര്‍പ്പെട്ടവരില്‍ നിന്ന് പ്രോട്ടോ-ബൂര്‍ഷ്വാസിയെ സൃഷ്ടിച്ചെങ്കില്‍ ഇന്ത്യയില്‍ അത് അവരുടെ സാംസ്കാരികവും സാമ്പത്തികവും ആയ അടിച്ചമര്‍ത്തലില്‍ കലാശിച്ചു. ബ്രാഹ്മണികമായ ഹിന്ദുമതത്തിലൂടെയും അതിന്‍റെ അനുഷ്ഠാനപരതയിലൂടെയും അയിത്തക്കാര്‍ ആയി അവരെ നിലനിര്‍ത്തുകയാണ് ഉണ്ടായത്. ഇന്ത്യയില്‍ മുകളില്‍ നിന്നുള്ള ബ്രാഹ്മണിക് ഹിന്ദുമതം വിപ്ലവകാരികള്‍ ആയ നാടുവാഴിത്വ വിരുദ്ധ ബൂര്‍ഷ്വാസിയെ സൃഷ്ടിച്ചില്ല എന്ന് മുര്‍സ്ബന്‍ അഭിപ്രായപ്പെടുന്നു. ഏഷ്യാറ്റിക് ഉല്പാദന രീതികൾക്ക് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന സങ്കീര്‍ണ്ണമായ ചരിത്രത്തേയും മുഴുവന്‍ ഉല്‍പ്പാദനരീതികളെ തള്ളിക്കളഞ്ഞ് കൊണ്ട് നേരായ സോഷ്യലിസത്തെ കുറിച്ചും മുര്‍സ്ബന്‍ ചിന്തിക്കുന്നുണ്ട്. യൂറോപ്പിതര സാമൂഹ്യ രൂപീകരണങ്ങളെ കുറിച്ച് പഠിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം ചര്‍ച്ചചെയ്യുന്നു. നേരായ സോഷ്യലിസത്തിന്‍റെ കാര്യത്തില്‍ റഷ്യന്‍ ഗ്രാമീണ സമുദായങ്ങള്‍ അതിന്‍റെ പ്രാകൃതസ്വഭാവം കൈവെടിഞ്ഞ് ദേശീയതലത്തില്‍ കൂട്ടായ്മയുള്ള ഉല്‍പ്പാദനത്തിന് തുടക്കം കുറിക്കണമെന്നും അതേസമയം മുതലാളിത്വത്തിന്‍റെ ഭീതിയുള്ള ഏറ്റക്കുറച്ചിലുകളില്‍ കൂടി പോകേണ്ടതില്ല എന്നും മാര്‍ക്സ്, വേരാ സാസുലിച്ചിനോട് സംവദിക്കുന്നുണ്ട്. സ്റ്റാലിനും ഇന്ത്യന്‍ ഇടതുപക്ഷവും കടന്നുപോയതും പോകുന്നതും അത്തരം മുതലാളിത്വത്തെ പേടിക്കുന്ന ഏറ്റക്കുറച്ചിലുകളിലൂടെ ആണെന്നും അത് വൈരുദ്ധ്യങ്ങളെ സൃഷ്ടിക്കുന്നു എന്നും കാണാവുന്നതാണ്. വര്‍ഗ്ഗ-ഫെറ്റിഷിസം ഉണ്ടാകുന്നത് പടിഞ്ഞാറന്‍ യൂറോപ്പിലെ വര്‍ഗ്ഗം മാത്രമാണ് ഒരേയൊരു വിശകലന സങ്കല്‍പം എന്ന് വിചാരിക്കുന്നതിലൂടെ ആണ് എന്ന് മുര്‍സ്ബന്‍ അഭിപ്രായപ്പെടുന്നു.

പ്രയോജന വാദമല്ലാത്ത വായനയിലൂടെ മുന്നണി പോരാളികള്‍ ആയ വര്‍ഗ്ഗങ്ങള്‍ക്ക് പകരം വിഷയിയുടെ നിലപാടുകള്‍ എന്ന ആശയത്തെ മുന്നോട്ട് വെക്കുന്നു. ഇന്ത്യന്‍ മൂര്‍ത്ത സാമൂഹ്യ രൂപങ്ങളെ തിരിച്ചറിയാനും അത് അറിയപ്പെടുന്ന വര്‍ഗ്ഗങ്ങള്‍ക്ക് ഇടയില്‍ ഐക്യം ഉണ്ടോ എന്ന് അന്വേഷിക്കാനും കഴിയുമെന്ന് മുര്‍സ്ബന്‍ അഭിപ്രായപ്പെടുന്നു. മാര്‍ക്സിന്‍റെ യഥാര്‍ത്ഥ സംഭാവനകള്‍ ആയ പാശ്ചാത്യേതര സമൂഹങ്ങളെ കുറിച്ചുള്ള ആശയങ്ങളെ വിട്ടുപോയതാണ് മുഖ്യധാരാ രാഷ്ട്രീയ ഇടതുപക്ഷവും ഇന്ത്യന്‍ തൊഴിലാളികളും വേറിട്ട്‌ നില്‍ക്കാന്‍ ഹേതുവായി ഭവിക്കുന്നത്. ഇടതുപക്ഷം ജാതിവിരുദ്ധ പോരാട്ടങ്ങളും സോഷ്യലിസവും ആയുള്ള ബന്ധം തിരിച്ചറിയേണ്ടതുണ്ട്. മാര്‍ക്സ് ക്ലാസ് വൈരുധ്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇന്ത്യന്‍ സാഹചര്യത്തിന്‍റെ ജാതിസാമ്പത്തിക അവസ്ഥയുടെ സങ്കീര്‍ണ്ണാവസ്ഥകളെ കുറിച്ച് സൂചനകള്‍ നല്‍കുന്നുണ്ടോ എന്ന് മുര്‍സ്ബന്‍ അന്വേഷിക്കുന്നു. അംബേദ്‌കര്‍ താക്കീത് എന്നവണ്ണം നിരീക്ഷിച്ച പ്രതിവിപ്ലവത്തിന്‍റെ അല്ലെങ്കില്‍ ഇന്ത്യന്‍ ഫാഷിസത്തിന്‍റെ വളര്‍ച്ചയെ കുറിച്ചുള്ള നിരീക്ഷണങ്ങളെ വീണ്ടും ചര്‍ച്ച ചെയ്യുകയാണ്. ഫാഷിസ്റ്റ്‌ സൂപ്പര്‍മാനെ ആള്‍ക്കൂട്ടത്തിന് ആകര്‍ഷകമാകാന്‍ കാരണം ഇന്ത്യന്‍ ഇടതുപക്ഷത്തിന്‍റെ ഇന്ത്യന്‍ സാമൂഹ്യരാഷ്ട്രീയ സ്വഭാവത്തെ കുറിച്ചുള്ള ധാരണ ഇല്ലായ്മ ആണ്. ഇന്ത്യന്‍ സാഹചര്യത്തിലെ സാമൂഹ്യവല്‍ക്കരിക്കപ്പെട്ട പ്രോലിറ്റേറിയറ്റ് രൂപീകരണത്തിന്റെ രൂപമില്ലായ്മയെ നിര്‍ണ്ണയിക്കുന്നത് ജാതിയാണ്. ജാതിയെ നിരാകരിക്കുകയാണ് ഇടതുപക്ഷം ചെയ്തത്. ജാതിയെ വ്യത്യാസം എന്ന നിലയില്‍ ആധുനികോത്തുരതയുടേയും അപനിര്‍മ്മാണത്തിന്‍റെയും പോലെ ലിബര്‍ട്ടേരിയന്‍മാര്‍ കാണുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ ഭാഗമായുള്ള വംശീയതയുടെ തലം എന്ന നിലയ്ക്കും അവര്‍ ജാതിയെ കാണുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എസ്.എ ഡാങ്കേ, ഗംഗാധര്‍ അധികാരി തുടങ്ങിയവര്‍ നേതൃത്വനിരയില്‍ ഉണ്ടായിരുന്ന കാലത്ത് പോലും ജാതിയെ ഏഷ്യാറ്റിക് ഉല്‍പ്പാദന രീതിയില്‍ അന്തര്‍ലീനമായ വ്യവസ്ഥ എന്ന നിലയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയേയും രാഷ്ട്രീയത്തേയും മനസ്സിലാക്കാന്‍ ഉപയോഗിച്ചിട്ടില്ല എന്ന് മുര്‍സ്ബന്‍ നിരീക്ഷിക്കുന്നു. ജാതി മുതലാളിത്വത്തേയും പ്രോട്ടോ-ഫാഷിസ്റ്റ്‌ അവസ്ഥകളേയും ഫാഷിസ്റ്റ്‌ അവബോധത്തേയും സൃഷ്ടിക്കുന്നു. മുര്‍സ്ബന്‍ അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റ് വിപ്ലവവും ജാതിവിരുദ്ധ വിപ്ലവവും ഒരേസമയം നടക്കേണ്ട വിപ്ലവങ്ങള്‍ ആയാണ് കാണുന്നത്. Brahmanical Overlord എന്ന നിലയില്‍ ഇന്ത്യന്‍ ഫാഷിസം പേര്‍ഷ്യന്‍ ഭൂതകാലത്തെ നശിപ്പിച്ചു കളയുകയും മൃഗീയമായ ബ്രാഹ്മണിസത്തേയും ഭരണകൂടാതിഷ്ഠിതമായ നാടുവാഴിത്വത്തേയും പ്രതിഷ്ഠിക്കുന്നു.

ഇന്ത്യയിലെ ലിബറല്‍ സെക്യുലറിസം ജാതിയേയും ഫാഷിസത്തേയും കൂടെ തന്നെയുള്ള അസമത്വത്തിന്‍റെ ശ്രേണീവല്‍ക്കരണവും തൊഴിലാളി/തൊഴില്‍ വിഭജനത്തേയും ജനാധിപത്യത്തേയും വിപ്ലവത്തേയും കുറിച്ചുള്ള ബി.ആര്‍ അംബേദ്കറിന്‍റെ ആശയങ്ങളും അദ്ദേഹത്തിന്‍റെ തന്നെ ജാതിയേയും മുതലാളിത്വത്തേയും കുറിച്ചുള്ള അന്വേഷണങ്ങളേയും മറന്നു. ഇടതുപക്ഷം അതിന്‍റെ ചര്‍ച്ചകളില്‍ ഒന്നും തന്നെ ജാതിയുടേയും മതത്തിന്‍റെയും അതിന്‍റെ ഫാഷിസ്റ്റ്‌ രീതികളേയും ഗൌരവപൂര്‍വ്വം വിമര്‍ശിച്ചിട്ടില്ല എന്ന് മുര്‍സ്ബന്‍ നിരീക്ഷിക്കുന്നു. മഹാരാഷ്ട്രയിലെ മാര്‍ക്സിസ്റ്റ്‌ ചിന്തകന്‍ ആയ ശരദ് പാട്ടീലിനേയും ഇന്ത്യന്‍ മാര്‍ക്സിസത്തിന്‍റെ വ്യതിരക്തമായ സ്വഭാവത്തെ കുറിച്ച് പഠിച്ച ഗെയില്‍ ഓംവെയ്ഡിനെയും ഇന്ത്യന്‍ മാര്‍ക്സിസ്റ്റ്‌ സംവാദങ്ങള്‍ ഉള്‍ക്കൊണ്ടില്ല എന്ന് മുര്‍സ്ബന്‍ നിരീക്ഷിക്കുന്നു. ജാതി ഒരു തരത്തില്‍ neurosis/psychosis ആണെന്നും, ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ അത് തിരിച്ചറിഞ്ഞ് തങ്ങളുടെ അക്രമോല്‍സുകമായ രാഷ്ട്രീയത്തിനായി അതിനെ ഉപയോഗിക്കുന്നു. ജാതിയുടെ annihilation എന്ന റാഡിക്കല്‍ ആശയത്തെ തട്ടിമറിച്ചുകൊണ്ട് perfection of casteന്‍റെ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് വെക്കുകയാണ് ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ ചെയ്യുന്നത്. ജാതി സാമ്പത്തിക ഘടകങ്ങളേയും രാഷ്ട്രീയ പ്രത്യയശാസ്ത്രപരമായ ഉപരിഘടനയേയും സ്വാംശീകരിക്കുന്നു. ഇന്ത്യയിലെ ഫാഷിസം വളരുന്നത് ജാതിഉല്‍പ്പാദന ബന്ധങ്ങളുടേയും മൂലധനസഞ്ചയത്തിന്‍റെ പ്രതിസന്ധിയിലൂടെയും ആണ്. ജാതി വര്‍ഗ്ഗീയലഹളകള്‍ വഴി ഫാഷിസ്റ്റ്‌ ആള്‍ക്കൂട്ട അന്തര്‍ബോധത്തിനു അടിത്തറ പാകുന്നു. ആഗോളതലത്തില്‍ നാസി പുനരുദ്ധാനത്തിന് അത് പ്രത്യയശാസ്ത്ര നിലയൊരുക്കുന്നു. ബൂര്‍ഷ്വാസി വിപ്ലവകാരി ആകാന്‍ സാധ്യത ഇല്ലെന്നും അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തിന് സാധ്യത ഇല്ലെന്നും മുര്‍സ്ബന്‍ അഭിപ്രായപ്പെടുന്നു. ജനാധിപത്യ വേഷം ധരിച്ചത് ബ്രാഹ്മണിക് സ്വരൂപത്തിന്‍റെ ശരീരവും മനസ്സും ഫാഷിസ്റ്റ്‌ സ്വഭാവം ഉള്ളതാണ്. മുസ്ലീങ്ങളും നെഹ്രുവിയന്‍ സെക്യുലറിസവും കമ്മ്യൂണിസവും ഇന്ത്യന്‍ ഫാഷിസത്തിന്‍റെ മുഖ്യ എതിരാളികളും ആണ്. (ജാല്‍, 2017: xi-liii)

സമകാലിക മുഖ്യധാരാ ഇടതുപക്ഷത്തിന്‍റെ പ്രതിസന്ധിയേയും ജനാധിപത്യ കേന്ദ്രീകരണത്തിന്‍റെയും വിമര്‍ശനങ്ങളുടെ സാഹചര്യത്തില്‍ ആണ് മുര്‍സ്ബന്‍ ജാലിന്‍റെ “In Defence of Leninism” എന്ന ലേഖനം എഴുതിയിട്ടുള്ളത്. മാര്‍ക്സിന്‍റെ പ്രോലിറ്റേറിയറ്റിനെ “സ്പീഷിസ് ബീയിംഗ്” (Species Being) ആയി കാണുന്ന സൈദ്ധാന്തിക പരിസരത്തെ ന്യായീകരിച്ചു കൊണ്ട് ലെനിനിസത്തെ പ്രതിരോധിക്കുന്നു. ലെനിന്‍ ഹെഗാലിയന്‍ തര്‍ക്കശാസ്ത്രത്തെ വിപ്ലവത്തിന്‍റെ ബീജഗണിതമായി ആന്തരവല്‍ക്കരിക്കുന്നു. മുര്‍സ്ബന്‍ ലെനിനിസത്തെ ആള്‍ക്കൂട്ട രാഷ്ട്രീയത്തിനെ കേന്ദ്രീകൃത രാഷ്ട്രീയാവസ്ഥകളെ തള്ളിക്കളയാന്‍ ആയി ഉപയോഗിക്കുന്നു. മാര്‍ക്സിന്‍റെ വിപ്ലവകരമായ മാനവികവാദത്തിന്‍റെയും മാറിക്കൊണ്ടിരിക്കുന്ന വിപ്ലവസാഹചര്യങ്ങളേയും മുര്‍സ്ബന്‍ ബന്ധപ്പെടുത്തുന്നു. സ്റ്റാലിനിസ്റ്റ് പ്രതിവിപ്ളവ സാഹചര്യത്തില്‍ നിന്നും മാറി ജനാധിപത്യവല്‍ക്കരിക്കപ്പെട്ട കേന്ദ്രീയാവസ്ഥകളെ ലെനിന്‍റെ തന്നെ തത്വചിന്താപരമായ കുറിപ്പുകളുമായുള്ള സംവാദത്തിലൂടെ ലെനിനിസത്തെ പഠിക്കാമെന്ന് മുര്‍സ്ബന്‍ കരുതുന്നു. ലെനിനിന്‍റെ തന്നെ Philosophical Notebooksല്‍ തന്നെ മാര്‍ക്സിസ്റ്റുകള്‍ ഒന്നും തന്നെ മാര്‍ക്സിനെ മനസ്സിലാക്കിയിട്ടില്ല എന്ന നിരീക്ഷണത്തെ മുര്‍സ്ബന്‍ ഉദ്ധരിക്കുകയും ചെയ്യുന്നു. താഴേക്കിടയില്‍ ഉള്ള ജനങ്ങള്‍ വഴി അധികാരത്തെ പിടിച്ചെടുക്കുന്നത് എങ്ങനെയെന്ന് ലെനിന്‍ ചര്‍ച്ച ചെയ്യുന്നു. ആളുകളുടെ നേരിട്ട ഭരണത്തിലൂടെയും വിവിധ തുറകളിലെ തൊഴിലാളികളിലൂടെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കൂട്ടായ്മയിലൂടെ ഭരണകൂടത്തിന്‍റെ കേന്ദ്രീകൃത സ്വഭാവത്തെ ചോദ്യം ചെയ്യുകയാണ് ലെനിന്‍ ചെയ്യുന്നത്. ലെനിന്‍ ബൂര്‍ഷ്വാകേന്ദ്രീകൃത അധികാരത്തേയും താഴേക്കിടയില്‍ നിന്ന് വരുന്ന ആളുടെ അധികാരത്തെ കുറിച്ചും ചര്‍ച്ച ചെയ്യുന്നു. സ്റ്റാലിന്‍റെയും മറ്റ് ആഗോള പ്രതിലോമകാരികള്‍ ആയ ശക്തികളുടേയും നിര്‍മ്മിതിയായ ലെനിന്‍ ആള്‍ക്കൂട്ടത്തിന് എതിരെ നില്‍ക്കുന്നതും വരേണ്യ കേന്ദ്രീകൃത സംഘടനാ തത്ത്വങ്ങളെ നിലനിര്‍ത്തുകയും ചെയ്യുന്നത്. മൂര്‍ത്തമായ സാഹചര്യങ്ങളെ നേരിടുന്ന ലെനിനെ മറവിലാഴ്ത്തിയതിലൂടെ സോഷ്യലിസ്റ്റ് എന്ന് പറയപ്പെടുന്ന രാജ്യങ്ങളിലെ ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തെ സൃഷ്ടിക്കുകയാണ് എന്ന് മുര്‍സ്ബന്‍ നിരീക്ഷിക്കുന്നു. ലെനിനിസത്തെ പ്രതിരോധിക്കാൻ ആയി നാല് മുഖ്യ തലങ്ങളെ അംഗീകരിക്കുകയാണ് മുര്‍സ്ബന്‍ ചെയ്യുന്നത്. ലെനിന്‍റെ പ്രശസ്തമായ കൃതി “What is to be done ?” ല്‍ കാല്‍ കൌട്ട്സ്കിയുടെ ബുദ്ധിജീവിയുടേയും സാധാരണക്കാര്‍ ആയ ജനത്തിന്‍റെയും ബന്ധത്തെ സംബന്ധിച്ചിട്ടുള്ള നിരീക്ഷണമാണ്. ലെനിന്‍റെ അഭിപ്രായത്തില്‍ വിപ്ലവകരമായ സിദ്ധാന്തം ഇല്ലെങ്കില്‍ വിപ്ലവപ്രസ്ഥാനം ഉണ്ടാകില്ല എന്ന കാഴ്ചപ്പാടിനെ മുര്‍സ്ബന്‍ ലെനിനിസത്തെ പ്രതിരോധിക്കാന്‍ ആവശ്യമുള്ള മൂര്‍ത്ത വസ്തുതയായി കരുതുന്നു.

ലെനിനിസത്തിന്‍റെയും സ്റ്റാലിനിസത്തിന്‍റെയും സ്റ്റാലിന്‍ രാഷ്ട്രീയാനന്തര അവസ്ഥകളും ലെനിനിസത്തെ പ്രധിരോധിക്കാന്‍ ആയി മുര്‍സ്ബന്‍ ആശ്രയിക്കുന്നു. അതിനോട് തുടര്‍ച്ചയായി ഉള്ള ബോള്‍ഷെവിക് വിപ്ലവവും സ്റ്റാലിനിസ്റ്റ് പ്രതിവിപ്ലവവും സൃഷ്ടിച്ച ആശയക്കുഴപ്പത്തേയും പരിശോധിക്കേണ്ടത് ഉണ്ടെന മുര്‍സ്ബന്‍ കരുതുന്നു. വിപ്ലവകരമായ ലെനിനിസത്തിന്‍റെ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന ട്രോട്സ്കിയന്‍, പന്നീക്കോക്കിയന്‍, ഡ്യൂണാവെസ്കേയന്‍, അനാര്‍ക്കേ-സിന്‍ഡിക്കലിസ്റ്റ് വിമര്‍ശനങ്ങളേയും അദ്ദേഹം ചെര്‍ത്തുവായിക്കുന്നു. ഇന്ത്യന്‍ ഇടത്പക്ഷത്തിന്‍റെ പ്രശ്നങ്ങള്‍ വിപ്ലവപാര്‍ട്ടിയെ കുറിച്ചുള്ള ലെനിനിസ്റ്റ് സങ്കല്പനത്തിലേക്ക് ചുരുക്കാന്‍ കഴിയില്ലെന്നും സ്വേച്ഛാധിപത്യത്തിന്‍റെ പ്രശ്നങ്ങളുടെ ഉത്ഭവം ലെനിനിസത്തിലൂടെ ആണ്. ജനാധിപത്യ കേന്ദ്രീയ പ്രവണതകളെ ഉദ്യോഗസ്ഥ കേന്ദ്രീകൃത പ്രവണതകളില്‍ നിന്ന് വേര്‍തിരിച്ച് കാണേണ്ടതുണ്ട്. ജനാധിപത്യ കേന്ദ്രീകൃത അവസ്ഥകള്‍ എന്നതുകൊണ്ട്‌ ലെനിന്‍ ഉദ്ദേശിക്കുന്നത് പാര്‍ട്ടിയ്ക്കും ജനങ്ങള്‍ക്കും ഇടയില്‍ നടക്കുന്ന വൈരുദ്ധ്യാത്മകമായ ഇടപെടലുകളിലൂടെ പാര്‍ട്ടി ജനമായും ജനം പാര്‍ട്ടിയും ആകുന്ന അവസ്ഥയാണ്. ഉദ്യോഗസ്ഥ കേന്ദ്രീകൃതാവസ്ഥ ഇരുപതാം നൂറ്റാണ്ടിന്‍റെ വിപ്ലവത്തിന്‍റെ തോല്‍വിക്ക് ശേഷവും സ്റ്റാലിനും ബുക്കാറിനും സിനോവീവിനും നയിച്ച മിത-പ്രതിവിപ്ലവം വിജയത്തിന് ശേഷം സംജാതമാകുന്ന മൂര്‍ത്തമായ ചരിത്രത്തിനെ സൈദ്ധാന്തികവല്‍ക്കരിക്കേണ്ടത് ഉണ്ടെന്നു മുര്‍സ്ബന്‍ കരുതുന്നു. സമകാലിക ഇടതുപക്ഷം ലെനിനിന്‍റെ “What is to be done ?” ന്‍റെ കൃത്രിമമായ വായനയാണ് നടത്തുന്നത് എന്നും അതുകൊണ്ട് തന്നെ കേന്ദ്രീകൃതാവസ്ഥകളെ കുറിച്ചുള്ള വാദങ്ങള്‍ ചരിത്രപരവും വൈരുദ്ധ്യാത്മകവും അല്ലാത്ത പ്രമാണത്തില്‍ കലാശിക്കുന്നു എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ ഇടതുപക്ഷം സ്റ്റാലിനിസ്റ്റ് പ്രതിവിപ്ലവത്തെ സൈദ്ധാന്തികവല്‍ക്കരിച്ചിട്ടില്ല എന്നും അത് സോവിയറ്റ് ഭരണകൂട മുതലാളിത്വത്തെ ന്യായീകരിക്കാന്‍ ആയി ഉപയോഗിക്കുന്നു. കാള്‍ കൌട്ട്സ്കി തിരുത്തല്‍വാദത്തിന്‍റെ പിതാവായ ബേണ്‍സ്റ്റണിനോടൊപ്പം ചേര്‍ന്ന് സൃഷ്ടിച്ച ബുദ്ധിജീവികള്‍/ആള്‍ക്കൂട്ടമെന്ന ദ്വന്ദം ലെനിനിസത്തിന്‍റെ സാഹചര്യത്തില്‍ വായിക്കപ്പെടുന്നത് ഒരു പ്രശ്നമായി മുര്‍സ്ബന്‍ കരുതുന്നു. മറ്റൊരു പ്രശ്നം ഇടതുപക്ഷരാഷ്ട്രീയത്തിന്‍റെ മുഖ്യ ഉദ്ദേശ്യമായി സ്റ്റാലിനിസ്റ്റ് പ്രതിവിപ്ലവവും ഭരണകൂട മുതലാളിത്വത്തിന്‍റെ പ്രമാണവും പരിണമിക്കുന്നു. ഇടതുപക്ഷത്തിന്‍റെ കേന്ദ്രീകൃതാഭിമുഖ്യത്തിന് ലെനിനിനെ പഴിക്കേണ്ടത് ഇല്ലെന്നും കൌട്ട്സ്കിയുടെ ബൂര്‍ഷ്വബുദ്ധിജീവിയും ജനവും എന്ന വര്‍ഗ്ഗസങ്കല്‍പ്പമാണ് കാരണം എന്ന് മുര്‍സ്ബന്‍ നിരീക്ഷിക്കുന്നു. ഇമ്മാനുവല്‍ കാന്റിന്‍റെ വൈരുദ്ധ്യാത്മകം അല്ലാത്ത ചിന്തയുടെ തുടര്‍ച്ചയും മേല്‍പ്പറഞ്ഞ വായനകളുടെ തുടര്‍ച്ചയും ആണ് അത്തരമൊരു പ്രാഗ്-വൈരുദ്ധ്യാത്മക പരിസരത്തില്‍ മൂന്ന് തലങ്ങള്‍ ഉണ്ടെന്ന് മുര്‍സ്ബന്‍ നിരീക്ഷിക്കുന്നു. ആദ്യമായി സോഷ്യലിസവും വര്‍ഗ്ഗസമരവും ഒരേസമയം വരുന്നതും വ്യത്യസ്ത സാഹചര്യങ്ങളില്‍ വളരുന്നതും ആണെന്ന് തിരിച്ചറിയേണ്ടത് ഉണ്ട്. പ്രോലിറ്റേറിയറ്റിന് സ്വയം സോവിയറ്റ് അവബോധം സൃഷ്ടിക്കാന്‍ ആവില്ല എന്നും ബൂര്‍ഷ്വബുദ്ധിജീവി ആണ് സോഷ്യലിസ്റ്റ് അവബോധം സൃഷ്ടിക്കുന്നത് എന്നും തിരിച്ചറിയേണ്ടതുണ്ട്. മൂന്നാമതായി അറിയേണ്ടത് സോഷ്യലിസ്റ്റ് അവബോധത്തിന് സ്വാഭാവികമായ വളര്‍ച്ച ഇല്ല എന്നുള്ളതാണ്. മുര്‍സ്ബന്‍ കരുതുന്നത് ഇത്തരമൊരു വിപ്ലവത്തെ കുറിച്ചുള്ള കാഴ്ചപ്പാട് വിപ്ലവത്തിന്‍റെ കാര്യത്തില്‍ ഉള്ള ജനങ്ങളുടെ പങ്കാളിത്തത്തിന്‍റെ സ്വഭാവത്തെ തള്ളിക്കളയുന്നു. അത്തരം ഒരു കാഴ്ചപ്പാട് സൃഷ്ടിക്കുന്നത് വരേണ്യ കേന്ദ്രീകൃതാവസ്ഥകളെ ന്യായീകരിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ആണ് ആധികാരിക ലെനിനിസ്റ്റ് പാര്‍ട്ടിയേയും കൌട്ട്സ്കി-സ്റ്റാലിനിസ്റ്റ് പാര്‍ട്ടിയേയും വേര്‍തിരിച്ച് കാണേണ്ടത്.

മുര്‍സ്ബന്‍റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷപ്രസ്ഥാനം തുടരുന്നത് കൌട്ട്സ്കി-സോഷ്യലിസവും തുടരാത്തത് ലെനിനിസവും ആണ്. ആധുനിക സോഷ്യലിസത്തിന്‍റെ ചരിത്രം ബൂര്‍ഷ്വാ ബുദ്ധിജീവികള്‍ ഉണ്ടാക്കിയ നഴ്സറി കഥയല്ല. പഠിപ്പിക്കേണ്ട വ്യക്തി പഠിക്കേണ്ടിയിരിക്കുന്നു ennum മാര്‍ക്സ് അഭിപ്രായപ്പെട്ടിട്ടുണ്ട് എന്നും സോഷ്യലിസത്തിന്‍റെ അധീശചരിത്രത്തില്‍ വിമര്‍ശനാതീതം ആണെന്നും തുടര്‍ന്ന് സോഷ്യലിസത്തിന്‍റെ ചരിത്രം പഠിക്കാതെ പഠിപ്പിക്കുന്നവരുടെ ഏകാധിപത്യം ആയി മാറിയെന്ന് മുര്‍സ്ബന്‍ നിരീക്ഷിക്കുന്നു. ഡെമോക്രാറ്റിക്‌ സെന്‍ട്രലിസം നിലനില്‍ക്കുന്നത് അത്തരം ഏകാധിപത്യത്തിലാണ്. അത്തരം സെന്‍ട്രലലിസം മുര്‍സ്ബന്‍ പ്രശ്നവല്‍ക്കരിക്കുന്നു. ബൂര്‍ഷ്വാ സ്റ്റേറ്റ് നല്ലതാണോ കമ്യൂണിസ്റ്റ് സ്റ്റേറ്റ് നല്ലതാണോ എന്ന ചോദ്യങ്ങളിലൂടെ അദ്ദേഹം കടന്നുപോകുന്നു. മാര്‍ക്സാനന്തര മാര്‍ക്സിസത്തിന്‍റെ ഭരണകൂടത്തെ കുറിച്ച് ഉള്ള പ്രശ്നമായി ഇതിനെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു. ഋഗ്വേദത്തിലെ ഹിന്ദു ദൈവത്തിന്‍റെ രൂപകത്തിന്‍റെ കാര്യത്തില്‍, ദൈവത്തിന്‍റെ തലയില്‍ സ്ഥിതിചെയ്യുന്ന ബ്രാഹ്മണന്‍ Hindu Centralismത്തിന്‍റെ ideologue ആകുകയും ബ്രാഹ്മണന്‍ ideological hegemony ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല എന്നും അതുകൊണ്ട് തന്നെ ഇന്ത്യയില്‍ വിപ്ലവം നടന്നിട്ടില്ല എന്നും മാര്‍ക്സിസത്തില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടത് ഇന്ത്യഇടതുപക്ഷ പ്രയോഗം ആകുന്നു എന്നും മുര്‍സ്ബന്‍ വായിക്കുന്നു. ബൂര്‍ഷ്വാ കേന്ദ്രീകൃതാവസ്ഥകളും ജാതിയും വരേണ്യവാദവും വരേണ്യവൈമനസ്യവും ഇടതുപക്ഷത്തിന്‍റെ സഹായിയായി പരിണമിക്കുന്നു. അണികള്‍ കമ്മ്യൂണിസ്റ്റ് ആവുകയും പാര്‍ട്ടി വരേണ്യര്‍ ബൂര്‍ഷ്വയും ആയിത്തീരുന്നു. ബൂര്‍ഷ്വയേയും പ്രോലിറ്റേറിയറ്റിനേയും നിര്‍ണ്ണയിക്കുന്ന മുതലാളിത്വത്തിന്‍റെ അതിര്‍ത്തികള്‍ സെന്‍ട്രല്‍ കമ്മിറ്റി എന്ന നിലയിലും അണികള്‍ എന്ന നിലയിലും പുനരാനയിക്കപ്പെടുന്നു. എറ്റിയന്‍ ബാലിബറിന്‍റെ ത്രിവാര്‍ത്തികളുടെ ക്രൂരത എന്ന സങ്കല്‍പ്പത്തെ ഉദ്ധരിച്ച് അത്തരം അതിര്‍ത്തികള്‍ നശിക്കപ്പെടുകയല്ല എന്നും പുനര്‍നിര്‍മ്മിക്കപ്പെടുക ആണെന്നും മുര്‍സ്ബന്‍ വാദിക്കുന്നു. മാര്‍ക്സിസം വൈരുദ്ധ്യാത്മകവും ഭൌതികം ആയതും വാദങ്ങളെ വിസ്മരിച്ചു കൊണ്ട് അല്‍ത്തൂസ്സറിന്‍റെ പരികല്പന ആയ സൈദ്ധാന്തിക-വിരുദ്ധ മാനവികവാദം ആയി മാര്‍ക്സിസം മാറുന്നു. പിന്നീടത് പ്രായോഗിക – മാനവവാദവിരുദ്ധ പരിസരങ്ങളെ സൃഷ്ടിക്കുന്നു. രാഷ്ട്രീയ മാര്‍ക്സിസം മാനവികതാ വാദേതിതരമാകുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ രാഷ്ട്രീയപരം ആയ മുരടിപ്പിന് കാരണം mass lineനെ തള്ളിപറയുന്നതും anti-marxist fetish ആയ the fetish of socialist commodity productionഉം the fetish of the state where the borders between the party and the masses form the essence of party എന്ന് വ്യസ്ത്യസ്തമായ രീതിയില്‍ മുര്‍സ്ബന്‍ വായിക്കുന്നു. സ്റ്റാലിന്‍ ലെനിനിന്‍റെ രാഷ്ട്രീയത്തെ പ്രത്യേകരീതിയില്‍ സുഗന്ധദ്രവ്യം ഇട്ട് സൂക്ഷിച്ച ശവം എന്ന പോലെ mummify ചെയ്യുകയാണ് എന്ന് മുര്‍സ്ബന്‍ വിമര്‍ശിക്കുന്നു. സ്റ്റാലിന്‍ പോകുകയും യെല്‍ട്സിനും പുട്ടിനും വരുകയും politics in command പോയി ലിബറല്‍ ജനാധിപത്യം വരുന്നു എന്ന് മുര്‍സ്ബന്‍ നിരീക്ഷിക്കുന്നു. (ജാല്‍, 2017: 384-405). മുര്‍സ്ബന്‍ ജാലിന്‍റെ Anti-Marxism as Putrefied Theology എന്ന ലേഖനം മാര്‍ക്സിസം മരിച്ചു എന്ന് വാദിക്കുന്ന രാഷ്ട്രീയ കാലഘട്ടത്തിന്‍റെ censorship mechanism ത്തെ പുന:പരിശോധിക്കുന്നു. ഇന്ത്യന്‍ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്‍റെ ലെനിനിസത്തെ കുറിച്ചുള്ള തീവ്രവാദ ഇടതുപക്ഷത്തിന്‍റെ മാറിനില്‍ക്കലിനേയും മുര്‍സ്ബന്‍ ചര്‍ച്ചചെയ്യുന്നു. ലെനിനിസത്തിന്‍റെ മൃദുരൂപങ്ങളെ അനുകൂലിക്കുന്നതിലൂടെ കോണ്‍ഗ്രസ് അനുകൂലിയായ CPIയില്‍ CPI(M) തന്‍റെ അസ്ഥിത്വം നിലനിര്‍ത്തുന്നു. ലെനിനിസത്തെ കുറിച്ചുള്ള ഈ രണ്ട് വായനകളില്‍ നിന്നും വ്യത്യസ്തമായി, മാര്‍ക്സിന്‍റെ അന്യവല്‍ക്കരണ സിദ്ധാന്തത്തേയും വര്‍ഗ്ഗസമരത്തേയും ലെനിനിന്‍റെ ചിന്തകളുടെ ചരിത്രപരം ആയ വളര്‍ച്ചയെ പഠിക്കുകയാണ് മുര്‍സ്ബന്‍ ചെയ്യുന്നത്. E.H Carr ന്‍റെ മാര്‍ക്സിയന്‍ വായനകളിലെ മാര്‍ക്സിസ്റ്റ്‌ വിരുദ്ധതയും സ്റ്റാലിന്‍റെ സമീപനങ്ങളും ഫൂക്കോയാമയുടെ വായനകള്‍ എല്ലാംതന്നെ സമകാലിക ഇടതുപക്ഷ വായനകളെ കൂടുതല്‍ ആശയക്കുഴപ്പത്തിലേക്കും നിരാശാവാദത്തിലേക്കും നയിക്കുന്നു എന്നും മുര്‍സ്ബന്‍ നിരീക്ഷിക്കുന്നു. സ്റ്റാലിനിസ്റ്റുകള്‍ മാര്‍ക്സിസത്തെ വികൃതമായ രീതിയില്‍ അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ ആണ് രാഷ്ട്രീയ സ്വാതന്ത്ര്യവും മനുഷ്യാവകാശവും മാര്‍ക്സിസത്തിന് അകത്തു കൊണ്ടുവരുന്ന Marxist-Libertarianism കടന്നു വരുന്നത്. മുര്‍സ്ബന്‍ അതുകൊണ്ട് തന്നെ മാര്‍ക്സിസത്തെ ഭരണകൂടവിരുദ്ധവും മാര്‍ക്സിസ്റ്റ്‌ രാഷ്ട്രീയത്തെ കമ്യൂണിസത്തെ മാനവികവാദമായും പ്രകൃതിമഹാത്മാവാദമായും ലെനിനിന്‍റെ പ്രയോഗത്തെ കലയായും അദ്ദേഹം വായിച്ചെടുക്കുന്നു. (മുര്‍സ്ബന്‍, 2017: 464-470).

ക്രയവസ്തുതാനന്തര സമൂഹത്തിന്‍റെ സങ്കീര്‍ണ്ണതകളെ ഫ്രോയിഡിന്‍റെയും സിസെക്കിന്‍റെയും നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ ആണ് ആഗോള-ദേശീയ മാര്‍ക്സിസത്തിന്‍റെ പ്രതിസന്ധികളെ പരിശോധിക്കുകയാണ് മുര്‍സ്ബന്‍ ചെയ്യുന്നത്. വാഷിംഗ്‌ടണ്‍ സമവായം വഴി നവഉദാര അജണ്ട നടപ്പിലാക്കപ്പെടുന്ന ആകാരമുതലാളിത്വ ഇന്ത്യയില്‍ ബൂര്‍ഷ്വാരാഷ്ട്രീയത്തിന് കീഴ്പ്പെടുന്ന ഇടതുപക്ഷ സമസ്യകളെ പരിശോധിക്കുന്നുണ്ട്. ഭരണകൂടവും ക്രയവസ്തു ഉല്‍പ്പാദനവും ഇടതുപക്ഷത്തിന് പരാദമായി പരിണമിക്കുകയും കമ്പോളസോഷ്യലിസത്തില്‍ ഇടതുപക്ഷത്തെ തളച്ചിടുകയും ചെയ്യുന്നു. അയഥാര്‍ത്ഥമായ രാഷ്ട്രീയ ഘടനയെ നിര്‍ണ്ണയിക്കുന്ന നവഉദാര-ആദായ മുതലാളിത്വത്തെ പുനര്‍വായിക്കേണ്ട ആവശ്യകതയെ കുറിച്ച് മുര്‍സ്ബന്‍ സംസാരിക്കുന്നുണ്ട്. ബൂര്‍ഷ്വാരീതിശാസ്ത്രത്തില്‍ കുടുങ്ങി സ്വയം വിപ്ലവകാരികള്‍ ആണെന്ന് വിചാരിക്കുന്നവരും ഇടതുപക്ഷ പ്രതിസന്ധിയുടെ തുടര്‍ച്ചയാണ്. സൈദ്ധാന്തികവും ജ്ഞാനശാസ്ത്രപരവും ആയ ഉള്‍ക്കാഴ്ച്ചകളാല്‍ ക്രയവിക്രയത്തിന്‍റെയും ഭരണകൂടത്തിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പരിമിതികളെ അഭിസംബോധന ചെയ്യേണ്ട ചരിത്രപരമായ ദൌത്യത്തെ കുറിച്ച് അദ്ദേഹം എഴുതുന്നു. (ജാല്‍, 2017:522-550). മുര്‍സ്ബന്‍ ജാല്‍ ഇടതുപക്ഷത്തിന്‍റെ പ്രതിസന്ധിയെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളിലും സാമൂഹ്യസിദ്ധാന്തങ്ങളുടെ സംഘര്‍ഷങ്ങളിലും പാര്‍ലമെന്‍ററി ജനാധിപത്യത്തിന് അപ്പുറത്തുള്ള സാമൂഹ്യവും രാഷ്ട്രീയവും ആയ വെല്ലുവിളികളിലും ദര്‍ശിക്കുന്നു.


 

(തുടരും )

 

 

Comments

comments