മുപ്പത് മുപ്പത്തിരണ്ട് വയസുള്ളപ്പോള്‍ സൗത്ത് ഡല്‍ഹിയിലെ ഒരു സ്‌പോര്‍ട്‌സ് സെന്ററില്‍ ആരതിക്കും സുഹൃത്തുക്കള്‍ സുബിനും ശ്രീജക്കുമൊപ്പം പോയപ്പോഴാണ് ഒരു ടെന്നീസ് റാക്കറ്റ് ആദ്യമായി കൈകൊണ്ട് തൊടുന്നത്. വിചാരിച്ചതിലും അധികം ഭാരം തോന്നി. രണ്ട് പന്തുകള്‍ ഇടത് കൈയ്യില്‍ പിടിച്ച് അതിലൊരു പന്ത് മുകളിലേയ്ക്ക് എറിഞ്ഞ് സര്‍വ്വ് ചെയ്യുക എന്നത് എളുപ്പമല്ല എന്ന് മനസിലായി. നല്ല ആരോഗ്യമുള്ള കാലത്താണെങ്കിലും ആദ്യത്തെ സര്‍വ്വ് വളരെ ദുര്‍ബലമായിരുന്നു. സുബിന്റെ റിട്ടേണ്‍ കണ്ടുപോലുമില്ല. അതിന് ശേഷം ഒരിക്കല്‍ പോലും ടെന്നീസ് റാക്കറ്റ് തൊട്ടിട്ടില്ല.

പക്ഷേ 12-13 വയസു മുതല്‍ ടെന്നീസ് കാണുമായിരിന്നു. മാറ്റ്‌സ് വിലാണ്ടറും ജോണ്‍ മക്കന്റോയും തമ്മിലുള്ള ഒരു മത്സരമാകണം ആദ്യം കണ്ടത്. സ്‌ക്രീനില്‍ തെളിയുന്നത് എന്തായാലും എത്രയും നേരവും കണ്ടിരിക്കാമായിരുന്ന കാലമായിരുന്നു. പതുക്കെ പതുക്കെ നിയമങ്ങള്‍ മനസിലായി. കളിക്കാരെ മനസിലായി. അടുത്തൊരു വീട്ടില്‍ സ്‌പോര്‍ട്‌സ് സ്റ്റാര്‍ വരുത്തുന്നുണ്ടായിരുന്നു. ബുദ്ധിമുട്ടി വായിച്ചു. ചിത്രങ്ങള്‍ കണ്ടാനന്ദിച്ചു. മാര്‍ട്ടീന നവരത്‌ലോവയും ക്രിസ് എവര്‍ട്ടും മക്കന്റോയും വിലാണ്ടറും ഇവാന്‍ ലെന്‍ഡലും ഉണ്ടായിരുന്നു. പുറകേ ബോറിസ് ബെക്കറും സ്റ്റെഫിഗ്രാഫും ജര്‍മ്മനിയില്‍ നിന്ന് വന്നു. അതിസുന്ദരിയായ ഗബ്രിയേല സബാറ്റിനിയും നീളന്‍ മുടിയും ഡെനിംബ്ലൂ ഹാഫ് ട്രൗസറും ചെവിയില്‍ തൂങ്ങിയാടുന്ന കമ്മലുകളുമായി അതിസുന്ദരനായ അഗാസിയും വന്നു. മാര്‍ട്ടീനയെ അത്യാരാധനയോടെ വീണ്ടും വീണ്ടും കണ്ടു. മാര്‍ട്ടീനയെ തോല്‍പ്പിക്കുന്ന കരുത്തിലേയ്ക്ക് സ്റ്റെഫിഗ്രാഫ് വച്ച ചുവടുകളെ പിന്തുടര്‍ന്നു.

പക്ഷേ എന്റെ ടെന്നീസ് ലോകത്തെ കീഴ്‌മേല്‍മറിച്ചത് വീനസ് വില്യംസായിരുന്നു. ചുരുണ്ട ബീഡഡ് മുടിയും തീഷ്ണമായ നോട്ടവുമായി വീനസ് എത്തിയ കാലം മുതലേ അവരുടെ ആരാധകനായി. പണക്കാരും വെള്ളക്കുപ്പായക്കാരും നിര്‍ണയിക്കുന്ന ടെന്നീസ് ലോകത്ത് വീനസിന്റെ നിറം തിളക്കത്തോടെ വേറിട്ട് നിന്നു. പഞ്ചമിയുടെ കൈപിടിച്ച് അയ്യന്‍കാളി ഈ കൊച്ചുകേരളത്തിലൊരു സ്‌ക്കൂളില്‍ എത്തിയിട്ട് അപ്പോഴേയ്ക്കും പതിറ്റാണ്ടുകള്‍ കഴിഞ്ഞിരുന്നു. ലൂസിയാനയിലെ വില്യം ഫ്രാന്റ്‌സ് എലമെന്ററി സ്‌ക്കൂളില്‍ ആറുവയസുകാരിയായ റൂബി ബ്രിഡജസിന്റെ കൈയ്യും പിടിച്ച് വെള്ളക്കാരായ കുട്ടികളുടെ കൂക്കുവിളികള്‍ക്കിടയില്‍ അവളുടെ അമ്മ നടന്ന് പോയത് അതിനും പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ്, 1960 നവംബറില്‍. അവളുടെ ആ നടത്തം നോര്‍മാന്‍ റോക്ക്‌വെല്ലിന്റെ ചരിത്രപ്രശസ്തമായ പെന്റിങ്ങായി മാറി- ‘ദ പ്രോബ്‌ളം വീ ആള്‍ ലിവ് വിത്ത്’. ആ ചിത്രമാകട്ടെ അമേരിക്കയിലെ മനുഷ്യാവകാശ മുന്നേറ്റത്തിന്റെ അടയാളം തന്നെയായി പിന്നീട് പരിഗണിക്കപ്പെട്ടു. അലാബാമയിലെ മോണ്ട്ഗോമറി സിറ്റി ബസില്‍ വെള്ളക്കാര്‍ക്ക് വേണ്ടി സീറ്റില്‍ നിന്ന് എഴുന്നേറ്റ് കൊടുക്കാന്‍ തയ്യാറാകാത്തതിന് റോസ് പാര്‍ക്‌സ് അറസ്റ്റ് ചെയ്യപ്പെട്ടത് അതിനും മുമ്പായിരുന്നു. 1955 ഡിസംബര്‍ ഒന്നിന് വൈകീട്ട് ആറുമണിക്ക്. പിന്നീട് വര്‍ണവിവേചനത്തിനെിരെ നടന്ന ഒരു വലിയ പോരാട്ടമായി മോണ്ട്ഗോമറി ബസ് സമരം മാറി. വീനസ് ടെന്നീസ് കോര്‍ട്ടിലേയ്ക്ക് കടന്ന് വരുന്ന കാലത്ത് റൂബി ബ്രിഡ്ജസിനെ കുറിച്ചും റോസപാര്‍ക്സിനെ കുറിച്ചും കേട്ടിട്ടില്ലായിരുന്നു. എങ്കിലും ടെന്നീസ് കോര്‍ട്ടിന്റെ നിറഭേദങ്ങളിലില്ലാത്ത, മഞ്ഞുമൂടിയ ശുഭ്ര വരേണ്യലോകത്തിന് ഇഷ്ടമല്ലാത്ത നിറഭേദങ്ങളുടെ മുന്നേറ്റമാണിത് എന്ന് മനസിലായിരുന്നു.

ഇസ്തിരിട്ട പെരുമാറ്റവുമായി, മുഖമോരോ കോര്‍ട്ടുകളിലേയ്ക്കും ക്രമമായി തിരിച്ച്, നിശ്ചിത ഇടവേളകളില്‍ കയ്യടിച്ച്, വല്ലപ്പോഴും മാത്രം ഒരു വേറിട്ട ശബ്ദം കൊണ്ട് ചിരിച്ചിപ്പ്, അമ്പയറുടെ ‘സൈലന്റ്‌സ് പ്ലീസി’ല്‍ പട്ടാളച്ചിട്ടയില്‍ അനുസരണപ്പെടുന്ന കാണികള്‍ക്കിടയില്‍ അസ്വസ്ഥനും ഇരുപ്പുറപ്പിക്കാത്തവനുമായ ഒരു കറുത്ത മനുഷ്യനെ അന്നേ കണ്ടിരുന്നു. വീനസ് പ്രശസ്തിയിലേയ്ക്ക് കടക്കുന്ന കാലത്ത് അയാളും പ്രശസ്തനായിരുന്നു. വീനസിന്റെ പ്രാഥമിക കോച്ചുകൂടിയായ റിച്ചാര്‍ഡ് വില്യംസ് എന്ന അവളുടെ പിതാവ്. ഒരോ അഭിമുഖങ്ങളിലും അയാള്‍ ജേണലിസ്റ്റുകള്‍ക്കും ടെന്നീസ് ലോകത്തിനും ഇഷ്ടമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നു. റാക്കറ്റില്‍ പന്ത് തട്ടുമ്പോഴുള്ള സംഗീതാത്മകമായ താളമല്ലാതെ മറ്റൊരു ശബ്ദവുമില്ലാത്ത കോര്‍ട്ടുകളില്‍ അയാള്‍ അപ്രതീക്ഷിതമായി ഒച്ചവച്ചു. പക്ഷേ വീനസ് ഒരോ സര്‍വ്വുകള്‍ക്കുമിടയില്‍ അവളുടെ പിതാവിരിക്കുന്ന ഭാഗത്തേയ്ക്ക് നോക്കി. ചിരിച്ചുകൊണ്ടും ഭയന്നുകൊണ്ടും അഭിമാനംകൊണ്ടും കുസൃതികൊണ്ടുമെല്ലാം. ഓപ്പണ്‍ ടെന്നീസ് ചരിത്രത്തില്‍ ഒന്നാം റാങ്കുകാരിയാകുന്ന ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായി വീനസ്. വീനസിനോളവും, പിന്നീട് വീനസിനേക്കാളും ഇഷ്ടപ്പെടുന്ന ഒന്നേ എന്റെ ടെന്നീസ് ലോകത്ത് സംഭവിച്ചിട്ടുള്ളൂ. അത് സെറീനയാണ്. ലോക ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പ്ലേയര്‍. ഒരു പുരുഷനും സ്ത്രീയും ടെന്നീസ് ലോകത്ത് സെറീനയേക്കാള്‍ മികച്ചതായി ഉണ്ടായിട്ടില്ല, ഇതുവരെ. ആരും. റോജര്‍ ഫെഡററും മാര്‍ട്ടീന നവരത്‌ലോവയും സ്റ്റെഫിഗ്രാഫും ജിമ്മി കോര്‍ണേഴ്‌സുമെല്ലാം മികച്ചവരാണ്. പക്ഷേ സെറീന വില്യംസിനോളം ആരുമില്ല. കഴിഞ്ഞ ഏതാണ്ട് കാല്‍നൂറ്റാണ്ടായുള്ള ടെന്നീസ് ചരിത്രം തന്നെ വില്യംസ് സഹോദരിമാര്‍ നിശ്ചയിച്ചതാണ്. ടെന്നീസ് ബിസിനസുകളും അടയാളങ്ങളും ഇവരെ ചുറ്റിപ്പറ്റിയായി. ഇവരുടെ പരിക്കുകളും തിരിച്ച് വരവുകളും അത്ഭുതാവഹങ്ങളായ കയറ്റിറക്കങ്ങളും ടെന്നീസ് ഫോക്‌ലോറിന്റെ ഭാഗമായി. മാറി മാറി വരുന്ന ഹോളിവുഡ് താരങ്ങള്‍ക്കൊപ്പം ഫാഷനെ സെറീനയും വീനസും നിര്‍ണയിച്ചു. രണ്ട് വയസ്സുള്ള മകള്‍ക്ക് കുഞ്ഞി റാക്കറ്റ് നല്‍കി അവള്‍ക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന സെറീന സോഷ്യല്‍ മീഡിയുടെ ഐകണായി മാറി.

കാലിഫോര്‍ണിയയിലെ കോംപ്റ്റണ്‍ എന്ന കറുത്ത വര്‍ഗ്ഗക്കാര്‍ താമസിക്കുന്ന വിനീതമായ ഒരു സാമൂഹിക അന്തരീക്ഷത്തില്‍ നിന്ന് ഉപരിവര്‍ഗ്ഗക്കാരും സമ്പന്നരുമായ വെള്ളക്കാരുടെ ഗെയിമായ ടെന്നീസിന്റെ ഉയരങ്ങളിലേയ്ക്ക് മക്കളായ വീനസിനേയും സെറീനയേയും വളര്‍ത്തുന്നതിനായി റിച്ചാര്‍ഡും ഭാര്യ ഒറാസീനും നടത്തുന്ന പോരാട്ടം കഴിഞ്ഞ വര്‍ഷം ഒരു ഹോളിവുഡ് ചിത്രമായി മാറി- കിങ് റിച്ചാര്‍ഡ്. റിച്ചാര്‍ഡായുള്ള വില്‍ സ്മിത്തിന്റെ പ്രകടനത്തിന് ഓസ്‌കര്‍ ലഭിക്കുകയും ആന്‍ജുനു ഇല്ലിസിന്റെ ഒറാസീനായുള്ള അഭിനയത്തിന് മികച്ച സഹനടിക്കുള്ള നാമനിര്‍ദ്ദേശം ലഭിക്കുകയും ചെയ്തതോടെ ഈ സിനിമ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. റെയ്‌ലാള്‍ഡോ മാര്‍ക്കസ് ഗ്രീന്‍ സംവിധാനം ചെയ്ത ഈ ചിത്രം പ്രൊഫഷണല്‍ ടെന്നീസ് രംഗത്തേയ്ക്കുള്ള വീനസ് വില്യംസിന്റെ പ്രവേശനം വരെയുള്ള കഥ മാത്രമേ പറയുന്നുള്ളൂ. അതിന് ശേഷമുള്ള അവരുടെ ജീവിതം പ്രൊഫഷണല്‍ ടെന്നീസിന്റെ തന്നെ ചരിത്രമാണ്.

റിച്ചാര്‍ഡ് സെക്യൂരിറ്റി ഗാര്‍ഡായും ഒറാസീന്‍ നഴ്‌സായും ഓവര്‍ടൈം ജോലി ചെയ്തും ബാക്കി മുഴുവന്‍ സമയവും കുട്ടികളെ പ്രൊഫഷണല്‍ ടെന്നീസ് പ്രാക്ടീസ് ചെയ്യിച്ചുമാണ് ജീവിക്കുന്നത്. എങ്ങനെ തന്റെ മക്കളെ ടെന്നീസ് മത്സരത്തിന്റെ ഉയരങ്ങളിലേയ്ക്ക് പ്രവേശിപ്പിക്കണം എന്നതിന് റിച്ചാര്‍ഡിന് കൃത്യമായ പദ്ധതിയും പരിപാടിയുമുണ്ട്. ജൂനിയര്‍ മത്സരത്തില്‍ ആദ്യം വീനസും പിന്നീട് സെറീനയും തുടര്‍ച്ചയായി വിജയിക്കുമ്പോഴും വിനയം കൈവിടരുത് എന്ന് അയാള്‍ മക്കളെ ഉപദേശിക്കുന്നു. സ്വയമായി യാതൊരു വിനയവും അയാള്‍ക്കില്ല. അത് ജീവിതത്തില്‍ പാലിക്കേണ്ട ഒരു ധര്‍മ്മമായി അയാള്‍ കാണുന്നുമില്ല. പക്ഷേ ജീവിത വിജയത്തിന് അത് ആവശ്യമാണെന്ന് അയാള്‍ക്കറിയാം. ഭാര്യയുടെ ആദ്യവിവാഹത്തിലുള്ള മൂത്ത മകളുടെ പുറകേ നടന്ന് ശല്യപ്പെടുത്തുന്ന തെമ്മാടിക്കൂട്ടങ്ങളോട് ഏറ്റുമുട്ടി നിരന്തരം തല്ലുകൊള്ളുന്നതിന് അയാള്‍ക്ക് മടിയില്ല. ഒരിക്കല്‍ ക്ഷമകെട്ട് അവരെ തിരഞ്ഞ് തോക്കുമായി പോവുക പോലും അയാള്‍ ചെയ്യുന്നുണ്ട്.

മക്കള്‍ ജൂനിയര്‍ മേഖലയില്‍ പ്രശസ്തരായി കഴിയുന്ന കാലത്ത്, മൂന്ന് വര്‍ഷം അവരെ ഒരു ടൂര്‍ണമെന്റിലും റിച്ചാര്‍ഡ് വിടുന്നില്ല. അതിന്റെ സമ്മര്‍ദ്ദങ്ങള്‍ മക്കള്‍ക്ക് ഏല്‍ക്കാതെ, അവരെ പഠിക്കാനും പ്രാക്ടീസ് ചെയ്യാനും കുട്ടികളെ പോലെ ജീവിക്കാനും അനുവദിച്ച ശേഷം ആദ്യമായി ഒരു മത്സരത്തിന് വീനസിനെ വിടാന്‍ തീരുമാനിക്കുന്ന രാത്രി പ്രാക്ടീസിങ് കോര്‍ട്ടില്‍ അയാള്‍ മകളോട് സംസാരിക്കുന്ന ഒരു രംഗം സിനിമയിലുണ്ട്. തൊട്ടുകൂടായ്മയുടെ അക്കാലത്ത് ഒരു വെള്ളക്കാരന് സ്വന്തം പിതാവ് തന്ന് വിട്ട പണം കൈമാറുമ്പോള്‍ അയാളുടെ കയ്യിലറിയാതെ തൊട്ടുപോയതിനെ കുറിച്ചായിരുന്നു അത്. ആ വെള്ളക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് കുട്ടിയായിരുന്ന റിച്ചാര്‍ഡിനെ അടിച്ച് നിലത്ത് വീഴ്ത്തി ചവിട്ടുകയും തൊഴിക്കുകയും ചെയ്തു. വീണുകിടക്കുമ്പോള്‍ എപ്പോഴോ കണ്ണുതുറന്നപ്പോള്‍ ചുറ്റും കൂടിയിരിക്കുന്ന ആളുകള്‍ക്കിടയില്‍ നിന്ന് തന്റെ പിതാവ് ഈ കാഴ്ചകാണാന്‍ വയ്യാതെ ഓടിപ്പോകുന്നതാണ് കണ്ടതെന്ന് റിച്ചാര്‍ഡ് മകളോട് പറയുന്നു. വെള്ളക്കാരുടെ ഒരു ലോകത്തേയ്ക്ക് കളിക്കാനായി മകളെ അയയ്ക്കുമ്പോള്‍, അവള്‍ അപമാനിതായി വീണുപോയാല്‍, താന്‍ ഒരിക്കലും അവിടെ നിന്ന് ഓടിപ്പോകില്ല എന്ന ഉറപ്പാണ് അയാള്‍ വീനസിന് നല്‍കുന്നത്.

കിങ് റിച്ചാര്‍ഡ് ഒരു മികച്ച സിനിമയാണോ എന്നറിയില്ല. അതിന് റിച്ചാര്‍ഡ് വില്യംസിന്റേയും ഒറാസീന്‍ പ്രൈസിന്റെയും അവരുടെ മക്കളായ വീനസിന്റേയും സെറീനയുടേയും അവരുടെ മൂന്ന് സഹോദരിമാരുടേയും ജീവിതവുമായി എത്രമാത്രം ബന്ധമുണ്ട് എന്നും അറിയില്ല. ഇതിനെ കുറിച്ചുള്ള ലേഖനങ്ങളും റിപ്പോര്‍ട്ടുകളും വായിച്ചിട്ടില്ല. ഇതേ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടോ എന്നുമറിയില്ല. പക്ഷേ അസാധാരണമാം വിധം സ്പര്‍ശന ശക്തിയുള്ള സിനിമയാണത് എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. അത് കിങ് റിച്ചാര്‍ഡ് എന്നറിയപ്പെട്ട റിച്ചാര്‍ഡ് വില്യംസ് എന്ന നിസ്തുലമായ ഇച്ഛാശക്തിയുള്ള, മക്കളെ തന്റെ സ്വപ്‌നത്തോളം വളര്‍ത്താന്‍ തളര്‍ച്ചയില്ലാതെ പോരാടിയ, ഔട്ട് സ്‌പോക്കണായ, ഇറവറെന്‍സ് മുഖമുദ്രയായ ഒരാളുടെ ജീവിതം മാത്രമല്ല, മക്കളെ-പ്രത്യേകിച്ചും സെറീനയെ- കോച്ച് ചെയ്യിക്കുകയും ഒരു ഘട്ടം വരെ വീടിനെ നയിക്കുയും ചെയ്ത ഒറാസീന്‍ പ്രൈസിന്റെ കഥ കൂടിയാണ്. തങ്ങള്‍ കുടുംബമാണ് എന്ന് ഓര്‍മ്മിപ്പിക്കുന്ന ഭര്‍ത്താവിനോട്, അതുകൊണ്ട് തന്നെ നമ്മളൊരു റ്റീമാണ് എന്ന് തിരുത്തുന്ന, ബ്രാന്‍ഡി എന്ന് വിളിക്കപ്പെടുന്ന, ഒറാസീന്‍ പ്രൈസ് എന്ന സ്‌പോര്‍ട്‌വുമണിന്റെ. അതുകൊണ്ട് തന്നോട് ആലോചിക്കാതെ ഒന്നും തീരുമാനിക്കരുത് എന്നും തന്റെ മക്കളെ ഒരിക്കലും-ശിക്ഷിക്കാന്‍ പോലും-എവിടേയും  വിട്ടിട്ടുപോകരുത് എന്നും ആജ്ഞാപിക്കുന്ന സ്ത്രീ. അവരുടെ സ്വപ്‌നം വിജയിക്കുകയും രണ്ട് മക്കളും പ്രശസ്തിയുടെ നെറുകയില്‍ എത്തുകയും ചെയ്ത കാലത്ത് തന്നെയാണ് ഒറാസീന്‍ വിവാഹമോചനം നേടി പോകുന്നത്. മറ്റെന്തിലും ഉപരി ഫെമിനിസ്റ്റാണ് താന്‍ എന്ന് അവര്‍ എല്ലായിപ്പോഴും സ്വയം അടയാളപ്പെടുത്തുയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വില്‍ സ്മിത്തിനോളമോ അതിനേക്കാളോ ആന്‍ജുനു ഇല്ലിസിന്റെ ഉജ്ജ്വലമായ പ്രകടനം ഈ സിനിമയുടെ അടിത്തറയാണ്.

ടെന്നീസ് കോച്ച് ചെയ്യാന്‍ മക്കളെ കൊണ്ടപോകുമ്പോള്‍, ടെന്നീസോ! വല്ല ബാ്‌സ്‌കറ്റ് ബോളും ശ്രമിച്ചുകൂടെ എന്ന് ചോദിക്കുന്ന വെള്ളക്കാരെ നമുക്ക് കാണാം ഈ സിനിമയിൽ. ബ്ലാക്കുകൾ കളിക്കേണ്ട കളി അതല്ലേ? പ്രവേശനം നിരന്തരമായി നിഷേധിക്കപ്പെട്ട ഇടത്താണ് അസാധാരണമായ ഒരു പോരാട്ടത്തിലൂടെ വിജയിച്ച് ഇവര്‍ എത്തിയത്. അതുകൊണ്ട് തന്നെ പോരാടി ആ ലോകത്ത് പ്രവേശിക്കുക എന്ന അത്ഭുതനേട്ടം കരസ്ഥമാക്കിയ ശേഷം തിരികെ പോന്നവരല്ല, വില്യംസ് സഹോദരിമാര്‍. അവര്‍ അവിടെ നിലനിന്നു. ലോകത്തെ ഏറ്റവും മികച്ച താരങ്ങളായി. അക്കാലത്തേതു മാത്രമല്ല, എല്ലാക്കാലത്തേയും. സെറീനയും വീനസും തോളോട് തോള്‍ ചേര്‍ന്ന് എത്രയോ മത്സരങ്ങള്‍ വിജയിച്ചു. ലോകത്തെ ബ്ലാക് വംശജരായ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും പ്രചോദനമായി. അവര്‍ വിജയിച്ചപ്പോള്‍ ഒരു സമൂഹം കൂടിയാണ് വിജയിച്ചത്. അഥവാ ആത്യന്തികമായി ടെന്നീസോ വിജയമോ അല്ല, ഈ സിനിമയുടേയോ റിച്ചാര്‍ഡ് വില്യംസിന്റേയോ പ്രശ്‌നം. അത് അഭിമാനത്തിന്റേതാണ്. അഭിമാനത്തോടെയുള്ള ജീവിതത്തിനുള്ള അര്‍ഹതയുടേതാണ്. മക്കള്‍ ടെന്നീസ് കളിക്കുന്നുവെന്നത് മാത്രമല്ല, നാല് ഭാഷയില്‍ സംസാരിക്കുന്നു, പരീക്ഷയില്‍ മാര്‍ക്ക് കിട്ടുന്നു, സങ്കീര്‍ണമായ വാക്കുകളുടെ സ്‌പെല്ലിങ് പറയുന്നുവെന്നതൊക്കെ അയാളുടെ ജീവിതത്തിന്റെ വിജയമാണ്.

ലോകത്തെ ഏറ്റവും മികച്ച രണ്ട് ടെന്നീസ് കളിക്കാരുടെ, സ്ത്രീകളുടെ, കറുത്ത വര്‍ഗ്ഗക്കാരുടെ ചരിത്രം പറയേണ്ടത് അവരുടെ പിതാവിന്റെ കഥയിലൂടെയാണോ, സ്ത്രീകളുടെ മുന്നേറ്റം നടക്കുമ്പോള്‍ ശരിക്കും അതിന് പുറകില്‍ ഒരു പുരുഷനുണ്ടായിരുന്നുവെന്ന് അടയാളപ്പെടുത്തുന്ന പാര്‍ട്രിയാര്‍ക്കല്‍ ആയ കാഴ്ചപ്പാടല്ലേ തുടങ്ങി ധാരാളം വിമര്‍ശങ്ങള്‍ കൂടി ഇതില്‍ ഉയരാം. ഇത് റിച്ചാര്‍ഡ് വില്യംസ് എന്ന കറുത്ത വര്‍ഗ്ഗക്കാരനായ മനുഷ്യന്‍ തന്റെ മക്കളെ താരങ്ങളായി വളര്‍ത്താന്‍ തയ്യാറാക്കിയ പദ്ധതിയുടേയും അതിന്റെ നടത്തിപ്പിന്റേയും കഥയാണ്. സെറീനയുടേയും വീനസിന്റേയും ഇനിയും വരാന്‍ പോകുന്ന അനേകം ജീവചരിത്ര സിനിമകളുടെ മുന്നേ നടന്ന ഒന്ന്.

റോസ സാറ്റ്, സോ റൂബി കുഡ് വാക്ക്, സോ കമല കുഡ് റണ്‍ എന്ന് കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ കമല ഹാരിസിന്റെ വൈസ് പ്രസിഡന്റ് പ്രചരണത്തിന്റെ മുദ്രാവാക്യമായി ഉയര്‍ന്നിരുന്നു. റോസ സാറ്റ്, സോ റൂബി കുഡ് വാക്ക്, സോ വീനസ് ആന്‍ഡ് സെറീന കുഡ് പ്ലേ, സോ കമല കുഡ് റണ്‍ എന്നാകേണ്ടിയിരുന്നു അത്.

* കറുത്ത ടാല്‍കം പൗഡറിന്റെ കാലം വരും മക്കളെ! എന്നത് അബ്ദുള്‍ നാസര്‍ മഅദ്‌നിയുടെ വിഖ്യാതമായ പ്രയോഗമാണ്. കറുത്തവരുടേയും ദളിതരുടേയും മര്‍ദ്ദിതരുടേയും മുന്നേറ്റം വരുമെന്നും അവരുടെ അധികാരത്തിന്റെ കാലത്ത് എല്ലാവരും അവരെ പോലെയാകാന്‍ ശ്രമിക്കുമെന്നുമുള്ളതാണ് അതിന്റെ വിശദീകരണം.

Comments

comments