5. ആധുനിക ബ്രാഹ്മണിസം: തിലകിൻ്റെ കറിക്കൂട്ട്

ണേശോത്സവത്തിലൂടെയും ശിവജി ഉത്സവത്തിലൂടെയും മതാത്മകവും ചരിത്രാത്മകവുമായ സ്മൃതികളെ ചുറ്റിപ്പറ്റി ഒരു ആൾക്കൂട്ടത്തെ തിലക് മെനഞ്ഞെടുത്തു. തിലകിൻ്റെ ഉയർച്ചയെ അക്കാലത്തെ ഒരു ബ്രാഹ്മണ സമുദായാംഗം തന്നെ ഇങ്ങനെ രേഖപ്പെടുത്തിയതായി വാലൻ്റൈൻ ചിറോൾ പറയുന്നു:

” പൂനെയിൽ റാനഡേയ്ക്ക് മേൽ തിലക് അഴിച്ചുവിട്ട ആക്രമണം, കടുത്ത യാഥാസ്ഥിതികരുമായുള്ള അദ്ദേഹത്തിൻ്റെ സന്ധി, അന്ധവിശ്വാസം പ്രസരിപ്പിക്കുന്ന പുതിയ ഗണേശോത്സവത്തിലേയ്ക്കും വംശീയവിരോധം പ്രകടിപ്പിക്കുന്ന ഗോവധ നിരോധന പ്രസ്ഥാനത്തിലേയ്ക്കും മറാത്താ വികാരത്തെ ഇളക്കിവിടാൻ  തുടങ്ങി വെച്ച ശിവജി ഉത്സവത്തിലേയ്ക്കും ഉള്ള അദ്ദേഹത്തിൻ്റെ ആഹ്വാനം,  സ്കൂൾകുട്ടികൾക്കും  വിദ്യാർത്ഥികൾക്കുമിടയിൽ അദ്ദേഹത്തിൻ്റെ വ്യാപക പ്രചരണം, അദ്ദേഹം സ്ഥാപിച്ച ജിംനാസ്റ്റിക് സംഘങ്ങൾ, കായികപരിശീലനത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ, അവസാനമായി മാധ്യമങ്ങൾക്ക് മേൽ അദ്ദേഹത്തിനുള്ള പിടിപാട്, പത്രങ്ങളിലെ ചർച്ചാതർക്കങ്ങളിൽ അദ്ദേഹം അടിച്ചേല്പിച്ച വ്യക്തിപരമായ ആക്രമണ രീതികൾ തുടങ്ങിയവയെല്ലാം ഇന്ത്യൻ അശാന്തിയുടെ അപ്പോസ്തലർക്ക് മാതൃകയാക്കാവുന്ന സുസംഘടിതമായ ഒരു വലിയ പ്രചരണ പരിപാടിയുടെ പടിപടിയായിട്ടുള്ള ഘട്ടങ്ങൾ ആണ്  “

വാലൻ്റൈൻ ചിറോൾ ബ്രിട്ടീഷ് രാജിനെ പ്രതിരോധിക്കുന്ന ബ്രിട്ടീഷ് പത്രപ്രവർത്തകൻ ആയിരുന്നതിനാൽ  സാമ്രാജ്യത്ത നോട്ടത്തിൻ്റെ എല്ലാത്തരം രാഷ്ട്രീയ നിറവും ഇതിൽ കാണാമെങ്കിലും തിലക് എങ്ങനെയാണ് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് ഒരു ബ്രാഹ്മണ ഉള്ളടക്കം പ്രദാനം ചെയ്തതെന്ന് മനസ്സിലാക്കാം. ഇത് മഹാരാഷ്ട്രയ്ക്കപ്പുറം ഉള്ള വേദങ്ങളിലേയ്ക്ക് മടങ്ങുക എന്ന ദയാനന്ദസരസ്വതിയുടെ ബ്രാഹ്മണിസം അല്ലായിരുന്നു. ഗോസംരക്ഷണം പോലുള്ള വൈകാരികതകളിൽ മാത്രം ഊന്നിയുള്ളതുമായിരുന്നില്ല. അത് ഒരേ സമയം ബ്രാഹ്മണമിത്തുകളേയും അച്ചടിമാധ്യമങ്ങൾ പോലുള്ള ആധുനിക പദ്ധതികളേയും ആശ്രയിച്ചു. കായികതയേയും ബൗദ്ധികതയേയും ഒരേപോലെ പ്രോത്സാഹിപ്പിച്ചു. എല്ലാറ്റിനും ഒരേ ലക്ഷ്യം മാത്രം. ഇന്ത്യൻ സ്വാതന്ത്രേച്ഛയുടെ ഏറ്റവും ഉയർന്ന പദ്ധതിയായി ബ്രാഹ്മണിസത്തെ മാറ്റുക. യുദ്ധസന്നാഹത്തോടു കൂടിയ ഒരു ആൺപദ്ധതിയായും. എന്നാൽ ചിത്പാവൻ കുലത്തിന് പുറത്തേയ്ക്ക് കാതലിൽ വെള്ളം ചേർക്കാതെ ബ്രാഹ്മണിസത്തെ വ്യാപിപ്പിക്കുക എന്നതും അനിവാര്യമായിരുന്നു. ബ്രാഹ്മണിസത്തിൻ്റെ വ്യാപ്തിയും ബ്രാഹ്മണരുടെ ജനസംഖ്യയും തമ്മിലുള്ള പൊരുത്തക്കേട് ആധുനിക യുഗത്തിൽ മുഴച്ചു നിൽക്കുന്നത് അവർക്ക് എന്ത് വില കൊടുത്തും തടയണമായിരുന്നു.

മാറിയ സാഹചര്യത്തിൽ  കുലീന ബ്രാഹ്മണരുടെ മേൽക്കോയ്മ നിലനിർത്താനുള്ള പദ്ധതി രൂപീകരിക്കാനാണ് തിലക് ശ്രമിച്ചത്. അതിനാൽ തനിക്ക് മുമ്പുള്ള തലമുറയിലെ മറാത്താ പ്രവിശ്യയിലെ  രാഷ്ട്രീയ ബ്രാഹ്മണിസത്തിന് ഇന്ധനമായി വർത്തിച്ചിരുന്ന പേഷ്വാസാമ്രാജ്യത്തെ പറ്റിയുള്ള നഷ്ടബോധത്തിൽ മാത്രം തങ്ങിനിന്നുകൊണ്ടുള്ള ഒരു നിലപാട് പുതിയ കാലത്ത് പോരാതെവരും എന്ന് തിലകിന് അറിയാമായിരുന്നു. സാമൂഹ്യമാറ്റങ്ങളുമായി രഞ്ജിച്ചു കൊണ്ടുള്ള രാഷ്ട്രീയ ബ്രാഹ്മണിസമേ നിലനിൽക്കൂ എന്ന് തിലക്  ഈ ഘട്ടത്തിൽ മനസ്സിലാക്കുന്നുണ്ട്. അസ്പൃശ്യതയെ എതിർത്തുകൊണ്ട് ബറോഡാ മഹാരാജാവായിരുന്ന സായാജിറാവു ഗെയ്ക്ക് വാദ് മൂന്നാമൻ ബോംബെയിൽ വിളിച്ചു കൂട്ടിയ സമ്മേളനത്തിൽ 1918 മാർച്ച് 24 ന് തിലക് ചെയ്ത പ്രസംഗം മനസ്സിലാക്കേണ്ടത് ഈ കാഴ്ചക്കോണിൽ നിന്നുകൊണ്ടാണ് . അസ്പൃശ്യതയെ അങ്ങേയറ്റം എതിർക്കുന്ന നിലപാടാണ് ആ സമ്മേളനത്തിൽ  തിലക് സ്വീകരിച്ചത്. ” ദൈവം അസ്പൃശ്യതയെ സഹിക്കുന്നുവെങ്കിൽ, ഞാൻ അദ്ദേഹത്തെ ഒരിക്കലും ദൈവമായി സ്വീകരിക്കില്ല. ഏതോ പഴം നാളുകളിൽ ബ്രാഹ്മണരുടെ ഏകാധിപത്യം അതിനെ (അസ്പൃശ്യതയെ ) പ്രയോഗത്തിൽ വരുത്തി എന്നത് ശരി തന്നെ .അസ്പൃശ്യത നീക്കം ചെയ്യപ്പെടേണ്ട രോഗമാണ്. “

കേസരിയിൽ തിലക് എഴുതിയത് ഇങ്ങനെയാണ് :

“ഒരേ തട്ടിൽ നിന്നുകൊണ്ട് ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ച് സ്വരാജ് ആവശ്യപ്പെടുകയാണെങ്കിൽ , ബ്രിട്ടീഷ് ഗവണ്മെൻ്റിന് അവരുടെ നാളുകൾ എണ്ണപ്പെട്ടു എന്ന് മനസ്സിലാകും “. ഇതേ തുടർന്ന് അദ്ദേഹം കോൺഗ്രസ്സ് പ്രസിഡണ്ടായിരിക്കേ 1916 ൽ മുസ്ലീംലീഗുമായി ഒരു സന്ധിയിൽ ഏർപ്പെട്ടു. “ലക്നൗ സന്ധി” എന്നറിയപ്പെടുന്ന ഇത് ബ്രിട്ടീഷുകാർ “മിൻ്റോ- മോർലി” പരിഷ്ക്കാരം എന്നറിയപ്പെടുന്ന പദ്ധതിയിലൂടെ ഹിന്ദു – മുസ്ലീം വിഭജനത്തിന് ശ്രമിക്കുന്ന സമയത്ത് അതിനെതിരെയുള്ള ശ്രദ്ധേയമായ രാഷ്ട്രീയനീക്കമായിരുന്നു.

ഇതെല്ലാം തിലകിൻ്റെ രാഷ്ട്രീയനീക്കങ്ങളിൽ പ്രകടമായ മതേതരരാഷ്ട്രീയത്തെ കാണിക്കുന്നു എന്ന് വാദിക്കുന്നവർ ഉണ്ട്. എന്നാൽ ഈ സംഭവങ്ങളുടെ ബാക്കിപത്രം എന്തെന്ന് അന്വേഷിച്ചാൽ മാത്രമേ തിലകിൻ്റെ സാമൂഹിക വീക്ഷണം എന്തായിരുന്നു എന്ന് പിടികിട്ടൂ. ആദ്യം നമുക്ക് 1918 ലെ അസ്പൃശ്യതാവിരുദ്ധ പ്രസംഗത്തിൻ്റെ ബാക്കിപത്രം പരിശോധിക്കാം. കർമ്മവീർ വിത്തൽ രാംജി ഷിൻഡേ തൻ്റെ മതം, ജീവിതം ,തത്വശാസ്ത്രം എന്ന പുസ്തകത്തിൽ അത് വിവരിക്കുന്നുണ്ട്. അസ്പൃശ്യത നീക്കം ചെയ്യുന്നതിനായി ഒരു പ്രമേയം പാസ്സാക്കുകയും അതിൽ തിലകിൻ്റെ ഒപ്പു ശേഖരിക്കുന്നതിനായി കർമ്മവീർ അദ്ദേഹത്തെ സമീപിക്കുകയുണ്ടായി. എന്നാൽ വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം താൻ അതിൽ ഒപ്പുവെയ്ക്കാമെന്ന് പറഞ്ഞ് തിലക് ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. 1919 ഡിസംബർ 1 ന് അദ്ദേഹം മടങ്ങിയെത്തിയപ്പോൾ ബ്രാഹ്മണേതര പുരോഗമന പ്രസ്ഥാനങ്ങളുടെ എതിർപ്പ് അദ്ദേഹം നേരിടേണ്ടി വന്നു.
അസ്പൃശ്യതയ്ക്കെതിരെ തിലകിൻ്റെ ഉച്ചത്തിലുള്ള പ്രഖ്യാപനം  ഉണ്ടാക്കിയ കനത്ത കൈയ്യടി കർമ്മ വീർ സ്മരിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ വാചകങ്ങളും. ”പേഷ്വാമാർ അസ്പൃശ്യർ പേറിയിരുന്ന ജലം കുടിച്ചിരുന്നു “. എന്നിട്ടും അതിലേയ്ക്ക് നയിക്കുന്ന പ്രായോഗിക പരിപാടിയുമായി സഹകരിക്കുന്നതിൽ നിന്നും തിലക് ഒഴിഞ്ഞു മാറുകയുണ്ടായി.

പേഷ്വാമാർ, ചിത്പാവൻ ബ്രാഹ്മണർ എത്തിയ ഏറ്റവും വലിയ രാഷ്ട്രീയ ഉയരം തന്നെയാണ് തിലകിൻ്റെ ഗോപ്യമായ ഉരകല്ല് എന്ന് കർമ്മവീർ സ്മരിക്കുന്ന വാചകം വെളിവാക്കുന്നു. അസ്പൃശ്യത നീക്കുന്നത് സേവകത്വം ആസ്വദിക്കാൻ വേണ്ടിയാണ്; അല്ലാതെ തുല്യാവകാശത്തിനല്ല. അതായത് 1917 നവംബർ 1 ന് അദ്ദേഹം നടത്തിയ “വിധാൻ സഭയിൽ കർഷകർക്ക് നിലം ഉഴാനാകുമോ? തയ്യൽക്കാരന് രാഷ്ട്രീയത്തിൽ കത്രിക ഉപയോഗിക്കാനാകുമോ? കച്ചവടക്കാരന് വില്പനാകൗശലങ്ങൾ വിധാൻ സഭയിൽ പ്രയോഗിക്കാനാകുമോ ? “ എന്ന പ്രസംഗത്തിൽ, അടിത്തട്ടിലെ മനുഷ്യരുടെ തുല്യരാഷ്ട്രീയാവകാശത്തോട് എതിർനിന്നു നടത്തിയ പ്രസംഗത്തിൽ നിന്ന് വലിയ വ്യത്യാസം യഥാർത്ഥത്തിൽ അസ്പൃശ്യതാനിഷേധം നടത്തുന്ന തിലകിനില്ല. യാഥാസ്ഥിതിക ബ്രാഹ്മണർ മനുസ്മൃതിയെ പിടിച്ച്, ആചാരങ്ങൾ വഴിയുള്ള മേൽക്കോയ്മയാണ് ആഗ്രഹിച്ചിരുന്നതെങ്കിൽ, രാഷ്ട്രീയ മേൽക്കോയ്മയുടെ മേൽത്തട്ടിൽ ബ്രാഹ്മണരെ എത്തിക്കുന്ന രാഷ്ട്രീയ ബ്രാഹ്മണിസമാണ് തിലക് ലക്ഷ്യം വെച്ചത്. ദേശരാഷ്ട്രങ്ങളുടെ കൂട്ടമായി ലോകം മാറാനിരിക്കേ അവിടെ മേൽക്കോയ്മ സ്ഥാപിക്കാൻ ബ്രാഹ്മണിസത്തിന് ഒരു മാറ്റം ആവശ്യമാണെന്ന് ആദ്യം മനസ്സിലാക്കിയ ബ്രാഹ്മണ നേതാവ് ആണ് തിലക്. ഭൂതത്തെ പുനഃസ്ഥാപിച്ച് ഭാവി നിർമ്മിക്കാനല്ല അദ്ദേഹം മുതിർന്നത്. ഭൂതത്തിൻ്റെ ശക്തിയായ അടിത്തറയിൽ ഭാവി കെട്ടിപ്പടുക്കാനാണ്.

ലക്നൗ സന്ധിയുടെ കാര്യത്തിലും നാം അത് പരിശോധിക്കേണ്ടതുണ്ട്. രാജ്യനഷ്ടം വന്ന ചിത്പാവൻ ബ്രാഹ്മണർ നടത്തേണ്ടത് ത്രികോണസമരം ആണെന്ന ബ്രാഹ്മണബോധത്തേയാണ് തിലക് തിരുത്താൻ ശ്രമിക്കുന്നത്. ബ്രിട്ടീഷുകാർ ആണ് മുഖ്യശത്രു. ഇപ്പോൾ  തങ്ങളുടെ സാമ്രാജ്യത്തെ കീഴടക്കിയ മ്ലേച്ഛർ. അവരെ കീഴടക്കാനായി താത്ക്കാലികസന്ധി മുസ്ളീങ്ങളുമായി ആകാം എന്ന കാഴ്ചപ്പാടാണ് തിലകിനെ നയിച്ചിരുന്നത്. അതായത് 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം ഉണ്ടാക്കിയ മുന്നേറ്റങ്ങളുടെ ഒരു കാരണം ആ സമരം പോകെപ്പോകെ ആർജ്ജിച്ച ഹിന്ദു – മുസ്ലീം മൈത്രിയുടെ കരുത്താണ് എന്ന് തിലക് വായിച്ചെടുത്തിരുന്നു. എന്നാൽ യാഥാസ്ഥിതിക ബ്രാഹ്മണർക്ക് ഈ കാഴ്ചപ്പാട് ഉൾക്കൊള്ളാനായില്ല. ലക്നൗ സന്ധിയെ എതിർത്ത മദൻ മോഹൻ മാളവ്യയ്ക്കും പിൽക്കാലത്ത് ആർ എസ് എസ് രൂപീകരണത്തിൽ വലിയ പങ്കുവഹിച്ച ബി.എസ്. മുഞ്ജേയ്ക്കും ഇക്കാര്യത്തിൽ തിലക് കൊടുത്ത മറുപടി നോക്കുക

” മുഹമ്മദീയർക്ക് ആവശ്യത്തിലും കവിഞ്ഞ പ്രാധാന്യം നൽകുന്നതിൽ ചില മുഖ്യ വ്യക്തികൾ ഞങ്ങളെ വിമർശിക്കുന്നുണ്ട്. മുസ്ലീങ്ങൾക്ക് മാത്രമായി സ്വരാജ്യഭരണം അനുവദിക്കുകയാണെങ്കിൽ വ്യക്തിപരമായി എനിക്കതിൽ എതിർപ്പുണ്ടാകില്ല എന്ന് വരെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. രാജ്പുത്തുകൾക്കും അങ്ങനെയൊരു അവകാശം കിട്ടുകയാണെങ്കിൽ ഞാനത് കാര്യമാക്കില്ല. ഹിന്ദുക്കളിൽ തന്നെ ഏറ്റവും പിന്നോക്കം നിൽക്കുന്ന വർഗ്ഗക്കാർക്കും ഈ അവകാശം കൊടുക്കുന്നതിൽ ഞാൻ എതിരല്ല. എന്റെ ഈ പ്രസ്താവന മുഴുവൻ ഇന്ത്യയുടേയും രാഷ്ട്രീയ വികാരത്തെ പ്രതിഫലിപ്പിക്കുന്നു. ഒരു മൂന്നാംശക്തിയ്ക്കെതിരെ പടപൊരുതുമ്പോൾ, എല്ലാറ്റിനുമുപരിയായി നിങ്ങൾക്ക് നിങ്ങളുടെ ഐക്യം – ജാതീയമായും മതപരമായും രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരവുമായ ഐക്യം – അത്യാവശ്യമാണ്. … സമരം ഈ നിമിഷത്തിൽ ത്രികോണ രൂപത്തിലുള്ളതാണ് “

തിലക് ഇവിടെ പ്രദർശിപ്പിക്കുന്ന ഐക്യത്വര ചരിത്രസാഹചര്യങ്ങൾക്കനുസരിച്ച് സ്വീകരിക്കുന്ന അടവുനയമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ബ്രിട്ടീഷുകാരുടെ വരവിന് മുമ്പ് ബ്രാഹ്മണ രാഷ്ട്രീയ ദൃഷ്ടിയിൽ ഹിന്ദുക്കളും മുസ്ലീങ്ങളുമാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഭരണകർത്താക്കൾ ആയിരുന്നത്. മുഗൾ ഭരണത്തെയും മറാത്താ ഭരണത്തേയും അത്തരത്തിലാണ് യാഥാസ്ഥിതിക ബ്രാഹ്മണർ വീക്ഷിച്ചിരുന്നത് എന്ന് നാം കണ്ടുവല്ലോ. എന്നാൽ ബ്രിട്ടീഷുകാർ ഈ രണ്ടുകൂട്ടരിൽ നിന്നും രാഷ്ട്രീയാധികാരം പിടിച്ചെടുത്തു. അങ്ങനെ, മൂന്നുകക്ഷികൾ രാഷ്ട്രീയാധികാരപ്പന്തയത്തിൽ തിലകിൻ്റെ നോട്ടത്തിൽ ഉണ്ട്. അതിനാൽ, ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും  പൊതുശത്രുവായ ബ്രിട്ടീഷുകാർക്കെതിരെ ഒന്നിച്ചു നിൽക്കാൻ തത്കാലം വേണ്ടത്ര കാരണങ്ങൾ തിലകിനെപ്പോലെയുള്ള പുതിയ രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ വ്യക്താക്കൾക്കുണ്ടായിരുന്നു. എന്നാൽ മനുസ്മൃതി പോലുള്ള പുരാതന സ്മൃതികളുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണരുടെ സാമൂഹികമേൽക്കോയ്മയിൽ അകമഴിഞ്ഞു വിശ്വസിച്ചിരുന്ന യാഥാസ്ഥിതിക ബ്രാഹ്മണർക്ക് ഇത് വേണ്ടത്ര ഉൾക്കൊള്ളാനായിരുന്നില്ല.

ഈ ബ്രാഹ്മണരെക്കൂടി കൂടെക്കൂട്ടി, രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ അടിത്തറ വലുതാക്കാനുള്ള തിലകിൻ്റെ ശ്രമം അദ്ദേഹത്തിൻ്റെ താഴെപ്പറയുന്ന മറുപടിയിൽ നിന്നും കുറച്ചു കൂടി വ്യക്തമാകും.

” മുസ്ലീങ്ങൾക്ക് അർഹിക്കുന്നതിലധികം നൽകി എന്ന ഒരു വികാരം ഹിന്ദുക്കൾക്കിടയ്ക്കുണ്ട്. ഒരു ഹിന്ദുവെന്ന നിലയിൽ ഈ കുറ്റസമ്മതം നടത്തുന്നതിൽ എനിക്ക് യാതൊരു മടിയുമില്ല. ഒരു ബുദ്ധിമുട്ടുള്ള കോടതി വ്യവഹാരം ഉള്ളപ്പോൾ അത് ജയിക്കുന്നതിനായി കക്ഷി ഒരു വക്കീലിനെ ചെന്നു കാണുകയും അത് ജയിക്കുകയാണെങ്കിൽ ലഭിച്ചേക്കാവുന്ന ഭൂസ്വത്തിൻ്റെ പകുതി പ്രതിഫലമായി നൽകാം എന്ന് വാഗ്ദാനം നൽകുകയും ചെയ്യുന്നു. അതാണ് ഇവിടെ സംഭവിച്ചത്. ഇന്നത്തെ അസഹനീയമായ സാഹചര്യത്തിൽ ( ബ്രിട്ടീഷ് ഭരണം : വിവ. ) നമുക്ക് മുസ്ലീങ്ങളുടെ സഹായം കൂടാതെ ഉണർന്നെണീക്കാൻ സാധ്യമല്ല. അതുകൊണ്ട് അഭിലഷണീയമായ ഒരു അന്ത്യലക്ഷ്യം കരസ്ഥമാക്കണമെങ്കിൽ മുസ്ലീങ്ങൾക്ക് ഒരു പ്രത്യേക ശതമാനം -അർഹിക്കുന്നതിലധികമുള്ള ശതമാനം – നൽകുന്നതിൽ കുഴപ്പമില്ല. അവർക്ക് നിങ്ങൾ നല്കുന്ന പ്രാതിനിധ്യാവകാശത്തിൻ്റെ ശതമാനം അർഹിക്കുന്നതിൽ അധികമാണെങ്കിൽ, അവരുടെ ഉത്തരവാദിത്വവും അധികരിക്കും. നിങ്ങൾക്കുവേണ്ടിയും നിങ്ങൾക്കൊപ്പവും കൂടുതൽ ഊർജ്ജ്വസ്വലതയോടും ഉത്സാഹത്തോടും മുൻപൊന്നുമില്ലാത്ത വിധം പ്രവർത്തിക്കാൻ അവർ ഇരട്ടി പ്രതിബദ്ധരായിത്തീരും. ഇപ്പോൾ സമരം ത്രികോണരൂപത്തിലുള്ളതാണ് “

അതായത് രാഷ്ട്രീയാധികാരമുള്ള ബ്രിട്ടീഷുകാരെ നാടുകടത്തി ബ്രാഹ്മണരാഷ്ട്രീയാധികാരം ഉറപ്പിക്കുന്നതിനാണ് “അവരെ” കൂട്ടുപിടിക്കുന്നത്. തങ്ങൾക്ക് രാഷ്ട്രീയാധികാരം ഉറപ്പിക്കുന്നതിന് ഇപ്പോൾ “അവർ ” ഒരു അത്യാവശ്യഘടകമാണ്. ബ്രാഹ്മണിസത്തെ ഒരു രാഷ്ട്രശരീരത്തിൻ്റെ സമകാലികാവസ്ഥയുമായി സമീകരിക്കണമെങ്കിൽ പഴയ മേൽക്കോയ്മാവാദത്തിൽ നിൽക്കാൻ സാധ്യമല്ല എന്നാണ് യഥാർത്ഥത്തിൽ തിലക് വാദിക്കുന്നത്. എന്നാൽ ആ വാദം സ്വാഭാവികമായും ബ്രാഹ്മണ്യത്തിൻ്റെ പരിവർത്തനവുമായി ബന്ധപ്പെട്ടതായതുകൊണ്ട് അത് അതിനുള്ളിൽ സംഘർഷങ്ങൾ ഉണ്ടാക്കുന്നുണ്ട് താനും.

തിലക് മുന്നോട്ടുവെച്ചത് ബ്രാഹ്മണിസത്തിൻ്റെ അതിർത്തികൾക്കുള്ളിൽ നിന്നുള്ള വാദമാണ് എന്ന് മനസ്സിലാക്കാൻ കുറച്ചു കൂടി എളുപ്പമുള്ള വഴി നിർദ്ദേശിക്കട്ടെ. മേൽ ഉദ്ധരണികൾ ആരെയാണ് അഭിമുഖീകരിക്കുന്നത് എന്ന് മാത്രം പരിശോധിച്ചാൽ അത് വ്യക്തമാകും. മുസ്ലീങ്ങളോടാണോ? അല്ല. ഹിന്ദുമതത്തിലെ കീഴാളരോടാണോ? അതും അല്ല. പിന്നെ ആരോട് ? തൻ്റെ ആശയ – പ്രായോഗിക നിയോജക മണ്ഡലത്തിലെ അംഗങ്ങൾ ബ്രാഹ്മണരും കൂടിവന്നാൽ സവർണ്ണ ഹിന്ദുക്കളും മാത്രം. തിലകൻ്റെ മൊത്തം എഴുത്തുകൾ പരിശോധിച്ചാൽ നമുക്ക് വ്യക്തമാകുന്ന കാര്യം അതാണ്. തിലക് സംസാരിച്ചത് ബ്രാഹ്മണരോടാണ്. പുതിയ രാഷ്ട്രീയ ബ്രാഹ്മണിസം അവതരിപ്പിക്കുന്നതിൻ്റെ ഫലമായാണ് ആശയ സംഘർഷങ്ങൾ ഉണ്ടാകുന്നത്. അല്ലാതെ ചിത്പാവനുകൾക്കിടയിൽ നിന്ന് തന്നെ ഉയർന്നു വന്ന അഗാർക്കറേയും ഗോഖലേയും പോലെ ഒരു മതേതരസമൂഹത്തോടല്ല തിലക് സംസാരിച്ചത്.

1916 ലെ ലക്നൗ സന്ധി സാധ്യമായതിന് പിന്നിൽ വ്യക്തിപരമായ ഒരു അജണ്ട കൂടി പ്രവർത്തിച്ചതായി കാണാം. തിലകിനെതിരെ പലപ്പോഴായി വന്ന  രാജ്യദ്രോഹ കേസുകളിൽ അദ്ദേഹത്തിന് വേണ്ടി വാദിച്ചത് ബാരിസ്റ്റർ മുഹമ്മദ് അലി ജിന്നയായിരുന്നു, 1908 ലെ കോളിളക്കം സൃഷ്ടിച്ച രാജ്യദ്രോഹകേസിൽ ജിന്ന തിലകിന് വേണ്ടി കിണഞ്ഞ് വാദിച്ചെങ്കിലും അദ്ദേഹത്തിനെ ശിക്ഷിച്ച് ബർമ്മയിലെ മാണ്ടലേ ജയിലിലേയ്ക്ക് അയയ്ക്കുകയായിരുന്നു. മറ്റൊരു കേസിൽ കോടതിയിൽ നിന്ന് തിലകിന് വിടുതൽ വാങ്ങിക്കൊടുക്കാനും ജിന്നയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 1914 ൽ ജയിലിൽ നിന്ന് പുറത്തുവന്നതോടെ തിലക് – ജിന്ന ബന്ധം കൂടുതൽ ദൃഢതരമായി. 1916 ലെ ലക്നൗ സന്ധി ഈ സൗഹൃദത്തിൻ്റെ പുറത്തുകൂടിയാണ് ഉണ്ടായത്. എം.സി. ഛഗ്ലയും, ഏ. ജി. നൂറണിയും ഈ ബന്ധത്തിൻ്റെ ഊഷ്മളതയെക്കുറിച്ച് എഴുതിയിട്ടുണ്ട്. അതോടൊപ്പം ജിന്ന തന്നെയും 1916 ൽ താത്ക്കാലികമായെങ്കിലും ബ്രാഹ്മണ വർഗ്ഗീയ നിലപാട് മാറ്റിവെക്കാൻ തയ്യാറായ തിലകിനെ കുറിച്ച് പ്രകീർത്തിച്ചിട്ടുണ്ട്.

ഒരേസമയം മതത്തിൻ്റേയും രാഷ്ട്രീയത്തിന്റേയും പൂർവ്വകാല മാഹാത്മ്യങ്ങളെ പുനരുദ്ധരിച്ചു കൊണ്ടാണ് തിലക് ബ്രാഹ്മണർക്കിടയിൽ ജനകീയനായത്. ചിത്പാവൻ ബ്രാഹ്മണരുടെ മുൻകൈയ്യിലുള്ള പേഷ്വാസാമ്രാജ്യത്തിൻ്റെ പുന:സ്ഥാപനം എന്നത് തിലകിനെ സംബന്ധിച്ചിടത്തോളം കാലഹരണപ്പെട്ട ഒന്നായിരുന്നു. പുതിയ ബ്രാഹ്മണിസത്തിന് കുറച്ചുകൂടി വലിയ ഒരു സാമൂഹ്യ പിൻബലം ആവശ്യമായിരുന്നു. പ്രത്യേകിച്ച് പേഷ്വാഭരണത്തിൽ  ലഭിച്ച മുൻഗണന ചിത്പാവൻ ബ്രാഹ്മണരും ഇതര ബ്രാഹ്മണിക സമൂഹങ്ങൾക്കുമിടയിൽ ഒരു വിടവ് സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ചും ഭൂരിപക്ഷ ബ്രാഹ്മണവിഭാഗമായിരുന്ന ദേശസ്ഥബ്രാഹ്മണരുമായി. രാജ്യഭരണമല്ല ഭാവിയിൽ തങ്ങളെ കാത്തിരിക്കുന്നത് എന്നത് കൃത്യമായി കാണാൻ കഴിഞ്ഞതിനാൽ മുഴുവൻ ബ്രാഹ്മണരേയും പുതു രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ കുടക്കീഴിലേയ്ക്ക് കൊണ്ടുവരാനാണ് തിലക് ശ്രമിച്ചത്. അതിനായി ദേശസ്ഥ, കരാട്, സാരസ്വത് എന്നിങ്ങനെ നിരവധി വിഭാഗങ്ങളായി ഉപജാതി വല്ക്കരിക്കപ്പെട്ടവരെ പന്തിഭോജനവും മറ്റും നടത്തി തിലക് കൂട്ടിയിണക്കി. ബ്രാഹ്മണനേതൃത്വത്തെ അദൃശ്യമായി നിർത്തിക്കൊണ്ട് ഹിന്ദുരാഷ്ട്രീയമായി പുതു ബ്രാഹ്മണിസത്തെ അവതരിപ്പിച്ചു. യുദ്ധസന്നാഹത്തെ ജനകീയമാക്കുന്നതിനായി ബ്രിട്ടീഷുകാർക്കെതിരെ ജിന്നയുമായി സന്ധി ചെയ്തു. ഏത് സന്ധിയും താത്ക്കാലികമാണെന്നതിനാൽ അധികാരം കൈയ്യാളാനുള്ള ഏത് സന്ധിയും സ്വീകരിക്കാം എന്ന അഭിപ്രായക്കാരനായിരുന്നു തിലക് . 1916 ലെ ലക്നൗ കരാറിൻ്റെ സമയത്ത് ജിന്ന ദ്വിരാഷ്ട്രവാദം ഉന്നയിച്ചിട്ടില്ല എന്നും ഓർക്കേണ്ടതുണ്ട്.

1857 ൽ മുസ്ലീങ്ങളുമായ് സന്ധി ചെയ്ത് ബ്രിട്ടീഷുകാരെ വിറപ്പിക്കാമെങ്കിൽ, ആ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന ഉണർവ്വാണ് 1916 ൽ തിലകനെ നയിച്ചത്. വർഷങ്ങൾക്ക് ശേഷം ജിന്ന പാകിസ്ഥാന് വേണ്ടി ശബ്ദമുയർത്തിക്കൊണ്ടിരിക്കുന്ന സമയത്ത്, സവർക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദുമഹാസഭ സിന്ധ് ഗവണ്മെൻ്റിൽ മുസ്ലീം ലീഗിനൊപ്പം പങ്കാളിയായി. ജിന്നയുടെ മുസ്ലീം ലീഗിൽ നിന്നു പിരിഞ്ഞ കൃഷക് സമാജ് പാർട്ടിയുടെ നേതാവായിരുന്ന, മുസ്ലീംവർഗീയവാദി എന്ന് തങ്ങൾ ഒരു കാലത്ത് വിശേഷിപ്പിച്ചിരുന്ന ഫസ് ലുൾ ഹക്കിൻ്റെ മന്ത്രിസഭയിൽ ചേരുക മാത്രമല്ല ഹിന്ദുമഹാസഭ ചെയ്തത്. സവർക്കർ കഴിഞ്ഞാൽ ഹിന്ദുമഹാസഭയിൽ പ്രധാനിയായിരുന്ന ശ്യാമപ്രസാദ് മുഖർജി ആ മന്ത്രിസഭയിൽ ഉപപ്രധാന മന്ത്രി സ്ഥാനം വഹിക്കുകയുണ്ടായി. ഇതിനെ സവർക്കർ ന്യായീകരിച്ചത്, ഹിന്ദുക്കൾക്ക് ഒരിക്കലും ഭൂരിപക്ഷം കിട്ടാത്തയിടങ്ങളിൽ ആരുടെ കൂടെ സന്ധി ചെയ്താലും ഭരണം കൈയ്യാളാനുള്ള അവസരം കൈവന്നാൽ ഒരിക്കലും അത് ഉപേക്ഷിക്കരുത് എന്ന് പറഞ്ഞാണ്. ഹിന്ദുത്വയുടെ ചരിത്രത്തിലുടനീളം അധികാരത്തിനായുള്ള ഈ താത്കാലിക സന്ധികൾ കാണാനാകും. മുസ്ലീം വിരുദ്ധനായിരുന്നുവെങ്കിലും തിലക് കോൺഗ്രസ്സിനുള്ളിലെങ്കിലും  ജിന്നയുമായി സന്ധിക്ക് തയ്യാറായി. സവർക്കർ ബ്രിട്ടീഷുകാരുമായും ഒരു ഘട്ടത്തിൽ ജിന്നയുടെ മുസ്ലീം ലീഗുമായും സന്ധി ചെയ്തു. രാഷ്ട്രീയ ബ്രാഹ്മണിസം വെറും വർഗ്ഗീയതയല്ല ,ഫാസിസമാണ് ഉന്നംവെച്ചിരുന്നതെന്ന് ലക്ഷ്യമാക്കുന്ന തെളിവുകൾ ആണിവ.

ഗണേശോത്സവത്തിൻ്റേയും, ശിവജി ഉത്സവത്തിൻ്റേയും വിജയങ്ങളിൽ നിന്ന് ഉരുത്തിരിച്ചെടുത്ത സാംസ്കാരിക രാഷ്ട്രീയത്തെ നാടകങ്ങളിൽ കൂടിയാണ് തിലക് മുന്നോട്ട് കൊണ്ടുപോയത്. പുരാണങ്ങളെ ആസ്പദമാക്കിയുള്ള അരങ്ങ് തിലക് വിഭാവനം ചെയ്തു. പുരാണ സന്ദർഭങ്ങളോട് അവ എത്രമാത്രം നീതിപുലർത്തിയോ, അത്ര തന്നെ ആധുനിക രാഷ്ട്രീയ സന്ദർഭങ്ങളോട് കടപ്പെടാനും അവ ശ്രമിച്ചിരുന്നു. “പൗരസ്ത്യവാദം “ (orientalism) എന്ന പരികല്പന സാധാരണയായി പാശ്ചാത്യർ നിർമ്മിക്കുന്ന “പൗരസ്ത്യദേശ “ത്തെ കുറിക്കാനാണ് ഉപയോഗിക്കുന്നത്. എന്നാൽ തിലകിനെപ്പോലുള്ളവർ ഇതിനെ സ്വാതന്ത്ര്യസമരത്തിൽ ഉപയോഗിച്ചതിനെപ്പറ്റി പി.പി.രവീന്ദ്രനും മറ്റി എഴുതിയിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യസമരത്തിൻ്റെ നായകരായ ബ്രാഹ്മണകുലത്തിന് പാരമ്പര്യ വിശുദ്ധി നൽകാനാണ് അത് ഉപയോഗിക്കപ്പെട്ടത് എന്ന് ഈ പ്രകരണത്തിൽ നാം മനസ്സിലാക്കേണ്ടതുണ്ട്. പുരാണസന്ദർഭങ്ങളെ സമകാലികവത്ക്കരിക്കുന്നതിലധികം സമകാലികതയെ പുരാണവല്ക്കരിക്കുന്നതായിരുന്നു തിലകിൻ്റെ നാടക സങ്കല്പം. അത്തരമൊരു അരങ്ങ് ഇക്കാലത്തെ മറാത്താ സാംസ്ക്കാരിക സ്ഥലിയിൽ ഉരുത്തിരിഞ്ഞു വരുന്നതിൽ തിലക് വലിയ പങ്കു വഹിക്കുകയുണ്ടായി.

കേസരിയിൽ വന്ന ഒമ്പത് പത്രാധിപക്കുറിപ്പുകളിൽ കൂടിയാണ് തിലക് അതിന് തുടക്കം കുറിച്ചത്. മറാത്താനാടകവേദിയിലെ രണ്ട് അതികായരായ കെ.പി.ഖാദിൽക്കറും ബാലഗന്ധർവ്വ എന്നപേരിൽ പ്രസിദ്ധനായ നാരായൺ ശ്രീപദ് രാജഹംസും തിലകിൻ്റെ പരിലാളനമേറ്റ ശിഷ്യർ കൂടിയായിരുന്നു. നാരായൺ ശ്രീപദ് രാജഹംസിന് ബാലഗന്ധർവ്വ എന്ന നാമധേയം നൽകിയത് തന്നെ  തിലക് ആണ്. 1912 സെപ്തംബർ 2 ന് ഗണേശോത്സവത്തോട് അനുബന്ധിച്ച് അരങ്ങേറിയ അദ്ദേഹത്തിൻ്റെ സംഗീത പരിപാടിക്ക് ശേഷമാണ് തിലക് ആ നാമധേയം നൽകിയത്. പിൽക്കാലത്ത് അദ്ദേഹം അറിയപ്പെട്ടതും ആ പേരിൽ തന്നെ. ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്ന ബെൽഗാമിൽ ഒരു കർത്താഡ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അണ്ണാ സാഹേബ് കിർലോസ്ക്കർ ആണ് മറാത്താപ്രദേശത്തെ ഏറ്റവും പ്രസിദ്ധമായ നാടകക്കമ്പനികൾ, ഭാരത ശാസ്ത്രോത്തേജക് മണ്ഡലും പിന്നീട് കിർലോസ്കർ നാടകമണ്ഡലിയും സ്ഥാപിച്ചത്. ഇവയുടെ വികാസത്തിനും തിലക് വലിയ സംഭാവനകൾ നൽകി. കെ.പി.ഖാദിൽക്കറെ കേസരിയുടെ പത്രാധിപ സമിതി അംഗമായി 1896 ൽ തിലക് അവരോധിക്കുകയുണ്ടായി.

തിലകിൻ്റെ പിന്തുണയോടെ കെ.പി.ഖാദിൽക്കർ എഴുതിയ നാടകമാണ് “കീചകവധം”. പേര് സൂചിപ്പിക്കും പോലെ മഹാഭാരതസന്ദർഭത്തെ ഉപജീവിച്ചെഴുതിയ നാടകം ആണത്. വിരാട രാജധാനിയിൽ  പാണ്ഡവർ അജ്ഞാതവാസം നയിക്കുന്ന കാലത്ത് ദാസിയുടെ വേഷത്തിൽക്കഴിയുന്ന ദ്രൗപദിയെ വിരാടരാജധാനിയിലെ കീചകൻ മോഹിക്കുന്നു. അയാളുടെ ശല്യത്തെപ്പറ്റി ദ്രൗപദി വ്യാജവ്യക്തിത്വം സ്വീകരിച്ച് അവിടെത്തന്നെ കഴിയുന്ന ഭീമസേനനെ അറിയിക്കുന്നു. തുടർന്ന് ദ്രൗപദി വശീകരിച്ച് കൊണ്ടുവരുന്ന കീചകനെ ഭീമസേനൻ വധിക്കുന്നു. ഈ കഥാസന്ദർഭത്തിലേയ്ക്ക് സമകാല രാഷ്ട്രീയത്തെ ഇറക്കിക്കൊണ്ടുവന്നപ്പോൾ കീചകൻ വൈസ്റോയി ആയിരുന്ന കഴ്സൺ പ്രഭുവായി. ദ്രൗപദി, ബ്രിട്ടീഷ് ഭരണത്താൽ പീഡിപ്പിക്കപ്പെടുന്ന ഭാരതത്തിൻ്റെ ആത്മാവായി. ഒന്നും ചെയ്യാൻ കഴിയാത്ത യുധിഷ്ഠിരൻ, അഗാർക്കറും, ഗോഖലേയും പോലുള്ള പരിഷ്ക്കരണവാദികൾ ആയി. കീചകനെക്കൊല്ലുന്ന ഭീമസേനൻ തിലകനെപ്പോലുള്ള തീവ്രവാദി ബ്രാഹ്മണിസ്റ്റായി. പുരാണങ്ങളുടെ ഈ ഭാവപ്പകർച്ച മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ഈ നാടകത്തെ നിരോധിക്കുകയുണ്ടായി. “കാളി ച നാരദ്” എന്ന നാടകത്തിൽ പുരാണ കഥാപാത്രങ്ങൾ പറയുന്ന സംഭാഷണങ്ങൾ പലതും തിലകിൻ്റെ ഉദ്ധരണികൾ ആയിരുന്നു. മാധവറാവു പട്ക്കർ എഴുതിയ “ഭസ്മാസുർ” തിലകിനെ ധ്വനിപ്പിക്കുന്ന കഥാപാത്രങ്ങളെ ചിത്രീകരിച്ചു. “സീതാസ്വയംവർ” ബ്രിട്ടീഷ് സാമ്രാജ്യവുമായുള്ള തിലകിൻ്റെ അക്രമോത്സുക പോരാട്ടത്തെ കാണിച്ചു തന്നു. അച്യുത് റാവു കോലത്ക്കറുടെ ”സുന്ദോപസുന്ദ്” ആനന്ദ് ബാർവേയുടെ “ചന്ദ്രസേന” എന്നിവയും തിലകിൻ്റെ തീവ്രവാദ ബ്രാഹ്മണിസവും രാഷ്ട്രീയമായ സമ്മർദ്ദ ശക്തിയും തുറന്ന് പ്രകടിപ്പിച്ചു. മഹാറാണപ്രതാപിനെ ഹിന്ദു ഉയിർത്തെഴുന്നേല്പിൻ്റെ പ്രതിരൂപമായി ചിത്രീകരിക്കുന്ന ചരിത്രനാടകവും മറ്റും ബ്രിട്ടീഷ് നിരോധനത്തിന് ഇരയായി.

ബ്രിട്ടീഷ് സാമ്രാജ്യത്തെ ശക്തമായി എതിർക്കുമ്പോഴും ആ എതിർപ്പിന്റെ അടിത്തറ ശക്തമായ ബ്രാഹ്മണിസം ആയിരുന്നുവെന്നും ചിത്രീകരിക്കാൻ ഈ നാടകങ്ങൾ ശ്രദ്ധിച്ചിരുന്നു. തിലകൻ്റെ ആദർശങ്ങളെ അങ്ങേയറ്റം സാക്ഷാത്ക്കരിച്ചിരുന്ന കെ.പി.ഖാദിൽക്കറെ പോലെ പ്രസിദ്ധനായ നാടകകൃത്ത് ജീവിതത്തിൻ്റെ ഒരു ഘട്ടത്തിൽ ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രമായിരുന്ന നേപ്പാളിൽ പോകുകയും, നേപ്പാൾ രാജാവുമായി ബ്രിട്ടീഷിന്ത്യയെ സായുധമായി കീഴടക്കാനുള്ള പദ്ധതി ചർച്ച ചെയ്യുകയും ചെയ്തു. ആ ആക്രമണം സാധ്യമായാൽ തിലകൻ്റെ അനുയായികൾ ബ്രിട്ടീഷിന്ത്യയ്ക്കുള്ളിൽ ബ്രിട്ടീഷ് രാജിനെ അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനം സമാന്തരമായി ആരംഭിക്കുകയും ചെയ്യാം എന്നതായിരുന്നു ഖാദിൽക്കർ മുന്നോട്ടുവെച്ച പദ്ധതി. അതോടെ ബ്രിട്ടീഷുകാർ കെട്ടുകെട്ടുകയും ഒരു വലിയ ഹിന്ദുസാമ്രാജ്യം രൂപപ്പെടുകയും ചെയ്യും. ഖാദിൽക്കർ മുന്നോട്ടുവെച്ച ഈ പദ്ധതി, തിലക് മുന്നോട്ടുവെച്ച “സ്വരാജ്യ” ത്തെ തെളിച്ചത്തോടെ കാണിച്ചു തരുന്ന ഒന്നാണ്.


 

 

Comments

comments