16. മാപ്പ് ….. മാപ്പ്
……………………………..
1911 ആഗസ്റ്റ് 30 നാണ് സവർക്കർ ആദ്യമാപ്പപേക്ഷ സമർപ്പിച്ചത്. ആൻഡമാനിലെത്തി രണ്ട് മാസം കഴിയുന്നതിന് മുമ്പേ. അത് തള്ളി. 1912 ഒക്ടോബർ 29 ന് “തൻ്റെ സ്വഭാവം കൂടുതൽ മെച്ചപ്പെട്ടു” എന്ന് അവകാശപ്പെട്ട് രണ്ടാമത്തെ മാപ്പപേക്ഷ സമർപ്പിച്ചെങ്കിലും അനുമതി കൂടാതെ മറ്റുള്ളവർക്കെഴുതാൻ പാടില്ലെന്ന കാര്യം പറഞ്ഞ് അത് പിടിച്ചെടുത്തു. അതെ തുടർന്നാണ് 1913 ൽ നാം കഴിഞ്ഞ അദ്ധ്യായത്തിൽ കണ്ട മാപ്പപേക്ഷ സവർക്കർ നൽകിയത്.
1914 ൽ ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇത് മുൻനിർത്തിയാണ് അടുത്ത മാപ്പപേക്ഷ സവർക്കർ ആൻഡമാൻ ദ്വീപിലെ ചീഫ് കമ്മീഷണർക്ക് നൽകുന്നത്. 1914 ഒക്ടോബറിൽ സമർപ്പിച്ച കത്ത് ഇതായിരുന്നു.
സർ ,
താഴെ ഒപ്പിട്ടിട്ടുള്ള വിധേയൻ, ഇന്ത്യൻ ഗവണ്മെൻ്റിലേയ്ക്ക് അയച്ചുകൊടുക്കും എന്ന വർദ്ധിതപ്രത്യാശയോടെ, താങ്കളുടെ മുന്നിൽ വിനീതമായി സമർപ്പിക്കുന്ന അപേക്ഷ എന്തെന്നാൽ
1 . ഇപ്പോൾ പൊട്ടിപ്പുറപ്പെട്ട ഈ ലോകം കുലുക്കുന്ന യുദ്ധത്തിൻ്റെ പോരാട്ടം യൂറോപ്പിൽ നടന്നുകൊണ്ടിരിക്കെ, മറ്റൊന്നിനും തരാൻ കഴിയാത്ത വിധം പ്രത്യാശയുടെ പ്രസരിപ്പും ഉത്സാഹവും ഓരോ സത്യസന്ധരായ ഇന്ത്യൻ രാജ്യസ്നേഹിയുടെ ഉള്ളിലും അത് നിറക്കുന്നുണ്ട്. അത് ഈ രാജ്യത്തിൻ്റേയും (ബ്രിട്ടീഷ്) സാമ്രാജ്യത്തിൻ്റേയും രക്ഷയ്ക്കായി പൊതുശത്രുവിനെതിരെ സമരായുധമണിയാൻ യുവാക്കളടക്കം എല്ലാ ഇന്ത്യക്കാരേയും പ്രാപ്തരാക്കുന്നു എന്നതാണ് വസ്തുത. ഉടമസ്ഥതാബോധം ജനിപ്പിക്കുന്ന ഒന്നിനെ സംരക്ഷിക്കാൻ ഒരാൾക്ക് അവകാശമുണ്ട് എന്ന സംഗതിയോടൊപ്പം (ബ്രിട്ടീഷ്) സാമ്രാജ്യത്തിൻ്റെ മറ്റ് പൗരരുമായി തോളോട് തോൾ ചേർന്ന് നിന്ന് പൊരുതുമ്പോൾ ഇന്ത്യയിൽ ഉയർന്നു വരുന്ന ഒരു തലമുറയ്ക്ക് സമത്വത്തിൻ്റേതായ ഒരു വികാരം പകർന്നുകിട്ടുകയും അതിനോട് അവർ ആത്മാർത്ഥമായ കൂറ് പുലർത്തുകയും ചെയ്യും എന്നത് ഉറപ്പാണ്.
2. എല്ലാ രാഷ്ട്രീയ തത്വങ്ങളുടേയും പ്രയോഗങ്ങളുടേയും ആദർശമെന്നത് ഒരു സാർവ്വലൗകിക അവസ്ഥയാണെന്ന് വിശ്വസിച്ചു കൊണ്ട്; അതിനാൽ മാനവികതയെന്നത് ഉയർന്ന രാജ്യസ്നേഹം ആണെന്നും അതിനാൽ പരസ്പരം പോരടിക്കുന്ന വംശങ്ങളേയും രാജ്യങ്ങളേയും ലയബദ്ധമായ ഒരു ഏകത്വത്തിൽ കൊണ്ടുവരികയും അതിൽ ഏതെങ്കിലും ഒന്നിൻ്റെ വളർച്ച മറ്റൊന്നിൻ്റെ ആധിപത്യത്താൽ തടയാതിരിക്കുകയും ചെയ്യുന്നത് ആദർശത്തിൻ്റെ യഥാർത്ഥ്യവല്ക്കരണം ആയിരിക്കുകയും ചെയ്യുന്നതിൽ വിശ്വസിച്ചുകൊണ്ട്; സ്വയംസന്നദ്ധമായ ഒരു പ്രസ്ഥാനം വിജയിക്കുന്നതും ഹാർഡിംഗ്സ് പ്രഭുവിൻ്റെ ഭരണത്തിന് കീഴിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ദൂരക്കാഴ്ചയുള്ള, രഞ്ജിപ്പിൻ്റേതായ നയവും ആത്മവിശ്വാസവും കൊണ്ടുവരുന്ന ആത്യന്തികമായ വിജയത്തിൽ ആത്മവിശ്വാസം കൈക്കൊള്ളുന്നതും കാണുന്നത് എന്നെ ആനന്ദിപ്പിക്കുന്നു. ഗവണ്മെൻ്റ് അതിനെ തുടരാൻ അനുവദിക്കുകയാണെങ്കിൽ, രാജ്യത്തിൻ്റെ ആണത്തം (ബ്രിട്ടീഷ് ) സാമാജ്യത്തത്തിൻ്റെ മഹത്വങ്ങളും ഉത്തരവാദിത്വങ്ങളും മറ്റ് പൗരരുമായി പങ്കുവെയ്ക്കാൻ അനുവദിക്കുകയാണെങ്കിൽ എല്ലാ വർണ്ണങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളിലും വ്യാപരിക്കുന്ന ഇന്ത്യൻ ജനത ഒരാൾക്ക് സ്വന്തം മാതൃരാജ്യത്തോട് തോന്നുന്ന ആധർമ്മണ്യത്തിൻ്റെ പുകയുന്ന വികാരം കരുതിക്കൂട്ടി അനുഭവിക്കാൻ കഴിയും.
3 . അതിനാൽ ഞാൻ ഇപ്പോഴത്തെ യുദ്ധത്തിലെ ഏത് സേവനത്തിനും വേണ്ടി ഒരു സന്നദ്ധസേവകനായി പ്രവർത്തിക്കാൻ എന്നെത്തന്നെ ഞാൻ താഴ്മയോടെ വാഗ്ദാനം ചെയ്യുന്നു. ഏതിടത്താണോ പ്രവർത്തിക്കാൻ ഞാൻ അനുയോജ്യനാണ് എന്ന് ഇന്ത്യൻ ഗവണ്മെൻ്റ് കരുതുന്ന എവിടെയും. ഒരു രാജ്യം എന്നെപ്പോലെ അപ്രസക്തനായ ഒരാളുടെ സഹായത്തെ ആശ്രയിച്ചല്ല കഴിയുന്നതെങ്കിലും അതേസമയം തന്നെ ഒരാൾ എത്രകണ്ട് അപ്രസക്തനാണെങ്കിലും രാജ്യത്തെ പ്രതിരോധിക്കാൻ അയാളുടെ അല്ലെങ്കിൽ അവളുടെ സന്നദ്ധത പ്രകടിപ്പിക്കുക എന്നത് ഒരു വ്യക്തിയുടെ കടമയാണ് എന്നെനിക്കറിയാം. ഇന്ത്യയിൽ രാഷ്ട്രീയമായ അക്രമങ്ങൾ നടത്തിയതിന് തടവിലാക്കപ്പെട്ട തടവുകാരുടെ പൊതുവിമോചനം പോലെ ഇന്ത്യൻ ജനതയുടെ കൂറിനെ വിസ്തൃതമാക്കുകയും അഗാധമാക്കുകയും ചെയ്യുന്ന മറ്റൊന്നില്ല എന്നും ഞാൻ താഴ്മയോടെ ബോധിപ്പിക്കട്ടെ. അത്തരമൊരു സന്ദർഭത്തിലെടുക്കുന്ന അത്തരമൊരു നടപടി വിദേശികളുടെ ഭരണത്തിൻ കീഴിൽ കഴിയുന്നത് കൊണ്ട് ഇന്ത്യക്കാർക്ക് തുല്യാവകാശങ്ങൾ നേടുന്നതിനായി സാമ്രാജ്യത്തിനുള്ളിൽ തന്നെ പൊരുതേണ്ടി വരുന്നു എന്ന മായാവിചാരത്തിനെ തള്ളിപ്പറയുന്നതോടൊപ്പം അതിനെ (വിദേശാധിപത്യത്തെ) എന്നന്നേയ്ക്കുമായി ഒഴിവാക്കാനും അതിനുവേണ്ടി തങ്ങളുടെ കൂടെ ചേരാൻ മറ്റുള്ളവരോട് ആവശ്യപ്പെടുക എന്ന ഏറ്റവും മോശപ്പെട്ട പ്രവൃത്തിയെ ഇല്ലാതാക്കാനും കഴിയും. രണ്ടാമതായി ഈ തടവുകാർ അഗാധമായി ബന്ധപ്പെട്ടിരിക്കുന്ന ശക്തികൾക്ക് അവരെ തിരുത്തുക വഴി, ശക്തിയുള്ളവർക്കാണ് പൊറുക്കാനും മറക്കാനും കഴിക്കുക എന്ന് തെളിയിക്കാനുമാകും. അതിനുപരിയായി ഹാർഡിംഗ് പ്രഭു ചെയ്ത പോലെ ഭരണഘടനയുടെ വിജയത്തിൻ്റെ രാജപാതയുടെ വിശാലമായ ഒരു തുറക്കൽ ചോരയുടേയും അക്രമപ്രവർത്തനത്തിൻ്റേയും മുള്ളു നിറഞ്ഞ പാതയിൽ തങ്ങിനിൽക്കുന്ന തിന്മയിൽ നിന്നും തീവ്രവാദത്തിൽ നിന്നും അവരെ മോചിപ്പിക്കില്ലേ? എല്ലാറ്റിനുമുപരിയായി ഇന്ത്യയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ, അവർക്ക് ജർമ്മൻകാരോട് എത്ര വെറുപ്പുണ്ടെങ്കിലും, അവരുടെ ഭർത്താവോ മകനോ പിതാവോ സുഹൃത്തോ ജയിലിൽ നരകിക്കുമ്പോൾ, രക്തം വെള്ളത്തേക്കാൾ കട്ടിയുള്ളതായതുകൊണ്ട് ഗവണ്മെൻ്റിനോട് മുഴുവൻ ഹൃദയാർപ്പണത്തോട് കൂടിയ യഥാർത്ഥമായ സഹഭാവം ഉണ്ടാകില്ല എന്നത് പരമമായ സത്യമാണ്. പക്ഷെ, (രാഷ്ട്രീയത്തടവുകാരുടെ ) പൊതുവായ വിമോചനം, പ്രത്യേകിച്ചും ഇത്തരമൊരു സവിശേഷമുഹൂർത്തത്തിൽ, ഇന്ത്യയിലെ മഹത്തായ ജനതയ്ക്കുള്ളിൽ അഗാധമായ ഒരു അനുഭവം ഉളവാക്കും. യുദ്ധം അവസാനിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ആഘോഷങ്ങൾക്കും കമ്പക്കെട്ടുകൾക്കും നൽകാൻ കഴിയുന്നതിനേക്കാളും വലിയ ഒരിടത്തേയ്ക്ക് അവരുടെ ഭാവനയെ സ്പർശിച്ചുണർത്താൻ അതിന് കഴിയും. അത് എല്ലാ തിന്മകൾക്കും അപ്പുറത്ത് ,(ബ്രിട്ടീഷ്) സാമ്രാജ്യത്തിൻ്റെ പ്രതിരോധത്തിൻ്റെ കാര്യത്തിൽ, ഇന്ത്യയുടേയും ഇംഗ്ലണ്ടിൻ്റേയും മക്കൾക്കിടയിൽ പരിപൂർണ്ണമായ ആത്മവിശ്വാസം പരസ്പരം ഉളവാക്കും.
4. ഇതെല്ലാം എഴുതുന്നതിന് പിന്നിൽ എൻ്റെ യഥാർത്ഥ ഉദ്ദേശം എൻ്റെ വിമോചനകാംക്ഷ മാത്രമാണ് എന്ന് ഗവണ്മെൻ്റ് സംശയിക്കുന്നുവെങ്കിൽ, എന്നെ മാത്രം വിമോചിപ്പിക്കേണ്ടതില്ല എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഞാനൊഴിച്ചുള്ള മറ്റ് (രാഷ്ട്രീയ) തടവുകാരെ വിമോചിപ്പിച്ചു കൊണ്ട് സന്നദ്ധ പ്രസ്ഥാനം മുന്നോട്ടുപോകട്ടെ. അങ്ങനെ അതിൽ ഒരു സക്രിയമായ പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞതിനെപ്രതി ഞാൻ സന്തോഷിച്ചുകൊള്ളാം. ഒരു ശരിയായ കാര്യം ചെയ്തുകിട്ടുന്നതിലുള്ള ആത്മാർത്ഥമായ ആഗ്രഹം മാത്രമാണ് എന്നെക്കൊണ്ട് ആത്മാർത്ഥവും തുറന്ന് സംസാരിക്കുന്നതുമായ ഈ നിവേദനം താങ്കളുടെ മഹത്തായ പരിഗണനയ്ക്ക് വേണ്ടി സമർപ്പിക്കുന്നത്.”
1913 ൽ റെജിനാൾഡ് ക്രഡ്ഡോക്കിന് നൽകിയ മാപ്പപേക്ഷ തള്ളിക്കളയുകയാണ് ഉണ്ടായത് എന്ന് നാം കണ്ടു. സവർക്കർ പ്രകടിപ്പിക്കുന്ന മനംമാറ്റത്തിലും വിധേയത്വത്തിലും അത്രപെട്ടെന്ന് തല വെച്ചു കൊടുക്കാൻ ബ്രിട്ടീഷ് അധികൃതർ തയ്യാറായിരുന്നില്ല. ജയിലിന് പുറത്ത് ആൻഡമാൻ ദ്വീപിൽ താമസിച്ചു കൊണ്ടുള്ള നാടുകടത്തൽ ശിക്ഷയായി സവർക്കറുടെ ശിക്ഷ ഇളവ് ചെയ്തു കൊടുത്താൽ യൂറോപ്പിലുള്ള സവർക്കറുടെ അനുയായികളും അരാജകവാദികളും ചേർന്ന് സവർക്കറെ ബോട്ടുവഴി ഇന്ത്യാ വൻകരയിലേയ്ക്കോ മറ്റ് ഏതെങ്കിലും രാജ്യത്തിലേയ്ക്കോ രക്ഷപ്പെടുത്തും എന്ന് അവർ ഭയന്നിരുന്നു.
1914 ൽ സവർക്കർ മേൽപ്പറഞ്ഞ മാപ്പപേക്ഷയിൽ ബ്രിട്ടീഷുകാർക്കൊപ്പം തോളോട് തോൾ ചേർന്ന് പൊരുതാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന സന്ദർഭത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് ആധിപത്യത്തെ ചെറുക്കുന്നതിനായി കൈസറുടെ ജർമ്മനി ഓട്ടോമൻ തുർക്കിയുമായി സഖ്യത്തിലേർപ്പെടുകയായിരുന്നു. അതെ തുടർന്ന് ഇന്ത്യയിലെ വിവിധ രഹസ്യ പാർട്ടികളിൽ പ്രവർത്തിച്ചിരുന്നവരും സവർക്കറുടെ അഭിനവ് ഭാരതിലെ പ്രവർത്തകരും മറ്റും ആ സമയത്ത് സവർക്കറുടെ നിലപാടിനെതിരായി ജർമ്മനിയുമായി സഖ്യം ചേർന്ന് ബ്രിട്ടീഷുകാരെ എതിർക്കുക എന്ന പാതയിൽ ആയിരുന്നു ചലിച്ചിരുന്നത്. ഒരിക്കൽ സവർക്കറുടെ സുഹൃത്തും സഹകാരിയും ആയിരുന്ന വീരേന്ദ്രകുമാർ ചട്ടോപദ്ധ്യായ എന്ന ചട്ടോയും ലാലാഹർദയാലും മലയാളിയായ ഡോ.ചെമ്പകരാമൻപിള്ളയും തമിഴ്നാട്ടുകാരനും ഇന്ത്യാഹൗസ് അന്തേവാസിയുമായിരുന്ന എം. പി.ടി തിരുമല ആചാര്യയും ഒക്കെച്ചേർന്ന് സൂറിച്ചിൽ വെച്ച് ഇന്ത്യൻ നാഷണൽ പാർട്ടി എന്നൊരു സംഘടനയ്ക്ക് രൂപം കൊടുത്തു. ജർമ്മനിയുമായി ചേർന്ന് നിന്നുകൊണ്ട് ബ്രിട്ടീഷിന്ത്യയെ ആക്രമിക്കുക എന്ന പദ്ധതിക്കാണ് അവർ നേതൃത്വം കൊടുത്തത്. ഇതേ അവസരത്തിലാണ് തൻ്റെ മോചനം ലാക്കാക്കി, ഒരിക്കൽ തൻ്റെ അനുയായികളും തൻ്റെ ആശയഗതികളാൽ സ്വാധീനിക്കപ്പെട്ടവരുമായ ആരേയും അറിയിക്കാതെ സവർക്കർ മാപ്പപേക്ഷ എഴുതുന്നതും അതിൽ വീണ്ടും വീണ്ടും ബ്രിട്ടീഷുകാരുടെ ഭരണഘടനാപ്രകാരം പ്രവർത്തിക്കാൻ തയ്യാറാണെന്നും ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ വിജയത്തിനായി പടപൊരുതാൻ തയ്യാറാണെന്നും അറിയിക്കുന്നത്.
പിൽക്കാലത്ത് ധനഞ്ജയ് കീറിനെപ്പോലുള്ള ജീവചരിത്ര രചയിതാക്കളും സവർക്കർ തന്നെയും അതിനെ “തന്ത്ര” മായിട്ടാണ് ന്യായീകരിച്ചത്. ഇവിടെ നാം മനസ്സിലാക്കേണ്ടത് വിട്ടയയ്ക്കുക എന്ന് വെറുതെ അപേക്ഷിക്കുകയല്ല സവർക്കർ ചെയ്യുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാം എന്ന നിബന്ധന വെച്ചു കൂടിയാണ്. ക്രഡ്‌ഡോക്കിന് കൊടുത്ത മാപ്പപേക്ഷയിൽ മോർലി- മിൻ്റോ പരിഷ്ക്കാരങ്ങളെ – അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് മുസ്ലീങ്ങൾക്ക് പ്രാദേശിക കൗൺസിലുകളിലും മറ്റനേകം ഉന്നത കൗൺസിലുകളിലും പ്രത്യേക പ്രാതിനിധ്യാവകാശം കൊടുത്തു എന്നതാണ് – അപ്പാടെ സവർക്കർ പുകഴ്ത്തുന്നുണ്ട്. ജർമ്മൻ – തുർക്കി സഖ്യം രൂപപ്പെടുകയാണെങ്കിൽ അത് ഇന്ത്യൻ മുസ്ലീങ്ങളിലുണ്ടാക്കിയേക്കാവു
സവർക്കറുടെ അഭിനവ് ഭാരതിൻ്റെ തീവ്രവാദ, രഹസ്യ സംഘടനാ സ്വഭാവം ഉൾക്കൊണ്ടിരുന്ന ലാലാ ഹർദയാലിൻ്റെ ഗദ്ദർ പാർട്ടിയും ബംഗാളിലെ ജതീന്ദ്രനാഥ് മുഖർജിയുടെ യുഗാന്തർ സംഘടനയും മറ്റും ജർമ്മനിയോട് ചേർന്ന് നിന്ന് ബ്രിട്ടീഷ്ഇന്ത്യ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കുമ്പോൾ അത് സവർക്കറുടെ കൂടി പദ്ധതിയായിരുന്നു എന്ന മട്ടിൽ സൂചനകൾ നൽകുന്ന വിക്രം സമ്പത്തിൻ്റെ വാദവും ദുർബലമാകുന്നത് ഈ മാപ്പപേക്ഷകളുടെ വെളിച്ചത്തിൽ ആണ്. കുറച്ചു കൂടി വ്യക്തമാക്കാൻ 1917 ഒക്ടോബർ 5 ന് സവർക്കർ എഴുതിയ മാപ്പപേക്ഷ നമുക്ക് ഒന്ന് പരിശോധിക്കാം. 1914 ലെ മാപ്പപേക്ഷ ബ്രിട്ടീഷ് അധികൃതർ നിരസിച്ചതിനെ തുടർന്നാണ് ഇതെഴുതുന്നത് .ഇത്തവണ ആഭ്യന്തര വകുപ്പിൻ്റെ സെക്രട്ടറിക്കാണ് കത്തെഴുതിയത്
“താഴ്മയോടെ അങ്ങയുടെ സമക്ഷം ബോധിപ്പിക്കുന്നതെന്തെന്നാൽ,
ഏതാണ്ട് മൂന്ന് വർഷം മുമ്പ് 1914 ൽ താഴെക്കാണുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ ഗവണ്മെൻ്റിന് ഞാനൊരു അപേക്ഷ സമർപ്പിക്കുകയുണ്ടായി. ഹാർഡിംഗ് പ്രഭു “അസാധ്യം ” എന്ന മറുപടി അതിനെ സംബന്ധിച്ച് തരുവാനുള്ള സന്മനസ്സ് കാണിക്കുകയുണ്ടായി. ഗവണ്മെൻ്റ് അതിനോട് വിസമ്മതം കാണിക്കുന്നുവെന്നല്ല, മറിച്ച് അന്നത്തെ സാഹചര്യങ്ങളിൽ എൻ്റെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സാധ്യമല്ല എന്ന അർത്ഥത്തിൽ.
യുദ്ധം, അതിൻ്റെ പൂർണ്ണാർത്ഥത്തിൽ നിശ്ചയമായും എല്ലാ ജനങ്ങളുടേയും ഭരണകൂടങ്ങളുടേയും രാഷ്ട്രീയബന്ധങ്ങളെ ഭൗതികമായി മാറ്റിമറിച്ചിരിക്കുന്നു. മനുഷ്യനിലും മുഴുവൻ രാഷ്ട്രങ്ങളിലും ഉദിച്ചുയരുകയും പുതിയ ദർശനങ്ങളാലും പ്രത്യാശകളാലും ചലിക്കപ്പെടുകയും ചെയ്യുന്ന പുതിയ ഉണർവ്വ് അതിനെത്തന്നെ പ്രകടിപ്പിച്ചു കാണിക്കുന്നുണ്ട്. അത് രാഷ്ട്രത്തലവന്മാരുടേയും സാമ്രാജ്യങ്ങളിലെ മന്ത്രിമാരുടേയും വാചകങ്ങളിൽ തിളങ്ങുന്ന ഒന്നായി സ്വയം പ്രകടിപ്പിക്കുന്നു. ഇന്ത്യയ്‌ക്കോ മുഴുവൻ ബ്രിട്ടീഷ് സാമ്രാജ്യത്തത്തിനോ ലോകത്തിലെ ഈ മഹത്തായ ജനാധിപത്യ ഭൂകമ്പത്തിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല. വംശീയമായ മേൽക്കോയ്മയുടേയും വംശീയമായ പ്രജാവല്ക്കരണത്തിൻ്റേയും പഴയ ക്രമങ്ങൾ ഇപ്പോൾ സഹകരണത്തിനും പൊതുക്ഷേമത്തിനും ഇടം നൽകുന്നതായി അവർക്ക് കൂടി അനുഭവപ്പെടുന്നു. സാമ്രാജ്യത്തത്തിൻ്റെ മന്ത്രിസഭയുടെ കാതലിൽ, നോമിനേറ്റ് ചെയ്യപ്പെട്ടതാണെങ്കിൽ കൂടിയും, കോളനികളിൽ നിന്നും രണ്ട് പേരും ഇന്ത്യയുടെ രണ്ട് പ്രതിനിധികളും ഉണ്ട്. കരസേനയിൽ സന്നദ്ധരായി സേവനമനുഷ്ഠിക്കാൻ ഇന്ത്യൻ യുവാക്കൾക്ക് മുന്നിൽ വാതിലുകൾ തുറന്ന് കൊടുത്തിരിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മഹത്തായ പ്രഭാഷണത്തിൽ ബ്രിട്ടീഷ് നയതന്ത്രത്തിൻ്റെ യഥാർത്ഥ പരീക്ഷണവിജയം ഒരു പരിധി വരെ ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരിൽ ആശ്രിതത്വത്തിനപ്പുറം “യഥാർത്ഥ പങ്കാളിത്ത” ത്തിൻ്റേതായ മനോഭാവം അങ്കുരിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്ന ഒന്നാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. മാത്രമല്ല, ഏറ്റവും പ്രധാനപ്പെട്ട ഒന്ന് രാജാവിന് വേണ്ടി (ഇന്ത്യൻ ) ഭരണകൂടത്തിൻ്റെ സെക്രട്ടറി നടത്തിയ, ഭാഗികമെങ്കിലും ഇന്ത്യയുടേതായ ഒരു ഭരണവ്യവസ്ഥയുടെ നിശ്ചിതവും തീരുമാനിച്ചുറപ്പിച്ചതുമായ പ്രഖ്യാപനമാണ്. ഒരു ലക്ഷ്യം എന്ന നിലയിൽ മാത്രമല്ല, അതിലേയ്ക്കുള്ള ആസന്നപ്രവൃത്തി എന്ന നിലയിലാണ് ആ പ്രഖ്യാപനം നടന്നത്. ഈ വസ്തുതകളെല്ലാം സംശയലേശമന്യേ ചൂണ്ടിക്കാട്ടുന്നത് ഇനി മുതൽ ഇന്ത്യൻ ഗവണ്മെൻ്റ് ഇന്ത്യൻ ജനതയുടെ താത്പര്യത്തിനനുസരിച്ച് നിരന്തരമായി നടത്തപ്പെടും എന്ന് മാത്രമല്ല, പുരോഗതിയുടെ ആദ്യതത്വം താത്പര്യങ്ങൾ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ജനങ്ങളല്ലാതെ മറ്റാരുമല്ല എന്ന് തിരിച്ചറിയുകയും ചെയ്തിരിക്കുന്നു എന്നാണ്. അതിനാൽ സാഹചര്യങ്ങൾ, ഹാർഡിംഗ് പ്രഭു ചൂണ്ടിക്കാട്ടിയ പോലെ കൂടുതൽ നല്ലതിന് വേണ്ടി മാറ്റപ്പെടുകയോ മാറിക്കൊണ്ടിരിക്കുകയോ ചെയ്യുന്നു.
അതിനാൽ ഞാൻ ചൂണ്ടിക്കാട്ടാനാഗ്രഹിക്കുന്നത് എവിടെയെല്ലാം നടപ്പാക്കിയോ അവിടെയെല്ലാം വമ്പിച്ച വിജയമായ സഹകരണത്തിൻ്റേയും പൊതുക്ഷേമത്തിൻ്റേയും നയം, ഇന്ത്യൻ ഭരണരംഗത്ത് പിൽക്കാലത്ത് നടപ്പാക്കിയത്, ദർബാറുകളും കമ്പക്കെട്ടുകളും കൊണ്ട് ശരിയായി ആഘോഷിച്ചത്, ഇന്ത്യൻ രാഷ്ട്രീയത്തടവുകാരുടെ ആസന്നമോചനമായി തുടർന്നുകൂടാ? രാജകീയ പ്രഖ്യാപനങ്ങൾക്കും ഗജഘോഷയാത്രകൾക്കും കഴിയാത്ത വിധം ഇന്ത്യൻ ജനതയുടെ ഭാവനയെ മാത്രമല്ല, ഹൃദയങ്ങളെയും തൊടാനും ചലിപ്പിക്കാനും അവരുടെ ബന്ധുമിത്രാദികളുടെ മോചനം കൊണ്ട് സാധിക്കും. ആത്മവിശ്വാസം പുറത്ത് കാണിച്ചു കൊണ്ട് മാത്രമേ ആത്മവിശ്വാസത്തെ ഉണർത്താൻ കഴിയൂ. കാനഡയിൽ അക്രമങ്ങളും വിമതപ്രവർത്തനങ്ങളും ഇന്നിൻ്റെ ക്രമമായി മാറിയിരുന്നു. ഡുർഹാം പ്രഭുവിനെപ്പോലുള്ള ഒരു ശക്തനായ നയതന്ത്രജ്ഞൻ അവസരത്തിനൊത്തുയരുകയും ആത്മവിശ്വാസം കാണിക്കുകയും ചെയ്തു. ഇപ്പോൾ ആ വിമതപ്രവർത്തനങ്ങളുടെ നേതാക്കളുടെ കൊച്ചുമക്കൾ ബ്രിട്ടീഷുകാർക്കൊപ്പം നിന്ന് ഫ്ലാൻഡേഴ്സിൽ യുദ്ധം ചെയ്യുകയാണ്. ബോവർമാർ പൊരുതുകയും തോൽക്കുകയും ചെയ്തു. പക്ഷെ ഇംഗ്ലീഷുകാർ സാഹചര്യത്തിൻ്റെ ഗുരുത്വം തിരിച്ചറിയുകയും അമേരിക്കയുടേയും കേപ്പ് കോളനിയുടേയും ചരിത്രം ഓർമ്മിച്ച് കൊണ്ട്, ബുദ്ധിയുള്ള ജേതാവിനെപ്പോലെ പെരുമാറുകയും അവർക്ക് സ്വയംഭരണം നൽകുകയും ചെയ്തു. ഫലമോ, ഒരു ഡിവറ്റ് അവിടെ വിരോധിച്ചെങ്കിൽ ഒരു ഡിവറ്റിനെ മാത്രമേ വീഴ്ത്തേണ്ടി വന്നുള്ളൂ. ഒരു ബോത്തയെ കൂടി വീഴ്ത്തേണ്ടി വന്നില്ല! അല്ലെങ്കിൽ ഇന്ത്യ എന്നത് ,ബ്രിട്ടീഷ് ജനതയെ ആത്മാർത്ഥതയോടെയും ഉദാരതയോടെയും കൈകാര്യം ചെയ്യുന്നതിൽ വിശ്വസ്തമല്ലാത്ത ഇടുങ്ങിയ ഒന്നായി സംശയിക്കപ്പെടുന്നുണ്ടോ? ചരിത്രം കാണിക്കുന്നത്, ഇന്ത്യയുടെ തെറ്റ്, അത് തെറ്റാണെങ്കിൽ, ഇന്ത്യ കൂടുതൽ ഉദാരതയും വിശ്വസ്തയും പ്രകടിപ്പിച്ചു എന്നാണ് .അല്ലാതെ നേരെ മറിച്ചല്ല. സ്വയംഭരണത്തിൻ്റെ പ്രദാനം, മുഴുവൻ മനസ്സോടെ അനുവദിക്കുകയാണെങ്കിൽ നമ്മുടെ ജനങ്ങളെ, നമ്മുടെ താത്പര്യങ്ങൾക്ക് വേണ്ടി, ഈ സാമ്രാജ്യവുമായി കൂടുതൽ കൂട്ടിച്ചേർക്കും. നമ്മുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നിടത്തോളംകാലം കോളനികളിൽ ഒരു കാലത്തും ഉണ്ടാകാത്ത വിധം വലിയ കൂടിച്ചേരലാകും അത്.
രണ്ടാമതായി, കൂട്ടത്തിലൊരാളെന്ന നിലയ്ക്ക് ,എനിക്കും പറയാൻ കഴിയും ഞാൻ അറിയുന്നവരിൽ ഭൂരിപക്ഷം പേർക്കും സാമ്രാജ്യത്തിനോട് തരിമ്പു പോലും ശത്രുത ഇല്ല. എന്തുകൊണ്ടെന്നാൽ അത് അങ്ങനെ തന്നെ ആയതു കൊണ്ടാണോ? അല്ല. എല്ലാ രാഷ്ട്രീയ തത്വശാസ്ത്രത്തിൻ്റേയും രാഷ്ട്രീയകലാ പ്രവർത്തനത്തിൻ്റേയും ആദർശം അല്ലെങ്കിൽ മനുഷ്യാവസ്ഥയുടെ ആദർശം എന്നത് പുരോഗതിയുടേയും തന്നെത്തന്നെ മറ്റുള്ളവർക്കിടയിൽ ബഹുമാനിക്കുന്ന സ്വാതന്ത്രൃത്തിൻ്റേയും സമ്പൂർണ്ണമായ അവസരതുല്യതയുടേയും അടിസ്ഥാനത്തിൽ മറ്റുള്ള എല്ലാ രാഷ്ട്രങ്ങളേയും ആലിംഗനം ചെയ്യുക എന്നതാണ്. മനുഷ്യകുലത്തിൻ്റെ ബഹുഭാഗം വരുന്ന ഒരു പ്രദേശത്തിൻ്റെ സാമ്രാജ്യം മുഴുവനായി നമ്മുടെ ഇടയിൽ ആ ആദർശത്തോടടുത്തുള്ള ഒന്ന് കൊണ്ടു വരുന്നുണ്ടെങ്കിൽ ആ സാമ്രാജ്യത്തോട് സഹാനുഭൂതിയല്ലാതെ മറ്റൊന്നും എനിക്ക് തോന്നുന്നില്ല. ഇന്ത്യ ഈ പൊതുക്ഷേമസംവിധാനത്തിൻ്റെ (Common Wealth ) ഭാഗമായിരിക്കുകയും ആസന്നഭാവിയിൽ ഏറ്റവും ചുരുങ്ങിയത് ഇന്ത്യയ്ക്ക് വേണ്ടിയുള്ള വൈസ്റോയിയുടെ കൗൺസിലിൽ ഭൂരിപക്ഷം ആർജ്ജിക്കുകയും ചെയ്താൽ, നാം ഇതു വരെ ആർജ്ജിച്ച നേട്ടങ്ങളെ സമാഹരിച്ചുവെയ്ക്കാൻ നമ്മുടെ മുഴുവൻ ഊർജ്ജവും വിനിയോഗിച്ച് സമൂഹത്തിൽ ചില അടിച്ചമർത്തലുകളും ശുദ്ധീകരണവും നടത്തേണ്ടി വരും. അത് തീവ്രവാദപരമല്ല ,ഏത് സാമ്രാജ്യത്തിനും എതിർ നിൽക്കുന്ന അരാജകവാദത്തേക്കാൾ അല്പം താഴ്ന്നതാണത്. പക്ഷെ, ഒരു ചോദന – പുരോഗമനത്തിലേയ്ക്കുള്ള എല്ലാവഴികളും ” അതിക്രമിച്ചു കയറിയവർ ശിക്ഷിക്കപ്പെടും ” എന്ന അറിയിപ്പിനാൽ അടക്കപ്പെട്ടിരിക്കുന്ന നാട്ടിൽ നിരാശയുടെ ആത്മാർത്ഥമായ നാശകാരിത്വം എന്തെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കിയേക്കാം. അതാണ് രാഷ്ട്രീയത്തിലെ അപകടകരമായ ഊടുവഴികളിലേയ്ക്ക് ഞങ്ങളെ പായിച്ചത്. ഭരണഘടന ഇല്ലാതിരിക്കുമ്പോൾ ഭരണഘടനാപരമായ നീക്കങ്ങളെക്കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണ്. പക്ഷെ ഇപ്പോൾ ഒരു ഭരണഘടന നിലനിൽക്കുമ്പോൾ, സ്വയംഭരണം രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ധാരാളമായ പ്രവൃത്തികൾ ചെയ്യാൻ തീരുമാനിച്ചിരിക്കുമ്പോൾ, ആ പ്രവൃത്തികൾ ഭരണഘടനാപരമായി സർക്കാർ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇന്നത്തെ രാഷ്ട്രീയത്തടവുകാരിൽ ആരും വിനോദത്തിന് വേണ്ടി ഒളിപ്രവർത്തനങ്ങൾ ചെയ്ത് പീഡനത്തിൻ്റെ കേൾക്കാകഥകൾ സഹിക്കാൻ മെനക്കെടില്ല. അതിനാൽ രാഷ്ട്രീയത്തടവുകാരുടെ മോചനം, ( ബ്രിട്ടീഷ്) സാമ്രാജ്യത്തിനുള്ളിൽ ഇന്ത്യയുടെ പദവിയും അതിൻ്റെ ഭരണസംവിധാനവും മാറ്റുന്ന ആത്മാർത്ഥമായി നടപടി ബ്രിട്ടീഷ് ഗവണ്മെൻ്റ് തുടങ്ങിവെച്ചു എന്ന് ബോധ്യപ്പെടുത്തുന്ന ഒന്നാകുക വഴി, ഇന്ത്യക്കാരുടെ ആത്മവിശ്വാസത്തെ ഉയർത്തും. അത് മാത്രമല്ല, ഈ ആസന്നഗുണത്തിനപ്പുറം ഭാവിയിൽ യാതൊരു കുഴപ്പവും അതുണ്ടാക്കില്ല എന്ന ഉറപ്പും അതിൽ നിന്ന് ലഭിക്കും.
മൂന്നാമതായി, തടവുകാരുടെ വിമോചനം കൊണ്ട് മാത്രം ഇന്ത്യയിലെ അസ്വസ്ഥതയുടെ അടിവേരുകൾ മാറ്റാനാകില്ല. അതോടൊപ്പം ദൂരവ്യാപകമായ രാജ്യത്തെ പരിഷ്ക്കരണ നടപടികൾ അതിനെ അനുഗമിക്കുന്നില്ലെങ്കിൽ. അത് പോലെത്തന്നെ ജനങ്ങളുടെ ഹൃദയങ്ങളെ കീഴ്പ്പെടുത്തുകയും സംതൃപ്തമാക്കുകയും ചെയ്താൽ മാത്രമേ ആ പരിഷ്ക്കരണങ്ങളുടെ ഗഡുക്കൾ അവർ സ്വീകരിക്കാൻ തയ്യാറാവൂ. തടവുകാരുടെ വിമോചനം നടന്നില്ലെങ്കിൽ അത് സാധ്യമാകില്ല. ആയിരക്കണക്കിന് കുടുംബങ്ങൾ അക്ഷരാർത്ഥത്തിൽ തുണ്ടം തുണ്ടമായി തകർന്നിരിക്കുകയും ഓരോ രണ്ടാമത്തെ വീടിൻ്റെ മടിയിൽ നിന്നും സഹോദരനെയോ മകനേയോ ഭർത്താവിനേയോ കാമുകനേയോ തട്ടിയെടുക്കുകയും ജയിലടക്കുകയും ചെയ്തിരിക്കേ, എങ്ങനെയാണ് ഇന്നാട്ടിൽ സമാധാനവും പരസ്പരധാരണയും സ്നേഹവും ഉണ്ടാകുക? അത് മാനുഷികപ്രകൃതിയ്ക്ക് എതിരാണ്. കാരണം രക്തം വെള്ളത്തേക്കാൾ കട്ടികൂടിയതാണ്.
നാലാമതായി, രാഷ്ട്രീയത്തിൻ്റെ പേരിൽ പിടിച്ചടപ്പെട്ട എല്ലാവർക്കും ജയിൽ ലോകമെമ്പാടും തുറന്നുകൊടുക്കുകയാണ്. റഷ്യയിൽ പറയേണ്ടതില്ല. ഒപ്പം ഫ്രാൻസിലും അയർലൻ്റിലും ട്രാൻസ് വാളിലും. യുദ്ധം അവൾക്ക് മേൽ ഇപ്പോഴും ഭാരവത്തായി തങ്ങിനിൽക്കുന്നെങ്കിലും ആസ്ത്രിയ പോലും രാഷ്ട്രീയത്തടവുകാർക്ക് മോചനം നൽകുന്നത് നിഷേധിച്ചില്ല. അങ്ങനെ വിമോചിപ്പിക്കപ്പെട്ട തടവുകാർ “പൊതുവായ പങ്കാളിത്തം മാത്രം” വഹിച്ചവർ ആണെന്ന് പറയാനും കഴിയില്ല. കാരണം വോട്ടവകാശത്തിന് വേണ്ടി സമരം ചെയ്തവരെ എടുക്കുകയാണെങ്കിൽ അവരിൽ ഏതാണ്ട് മുഴുവൻ പേരും “വ്യക്തിപരമായ കൃത്യ” ങ്ങളുടെ പേരിലാണ് ജയിലിൽ അടക്കപ്പെട്ടത്. മിസ്റ്റർ ബോണാർ ലോയെ ഉദ്ധരിക്കുകയാണെങ്കിൽ കെട്ടിടങ്ങൾ അനധികൃതമായി തീവെയ്പു നടത്തിയവർ പോലും യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വിമോചിക്കപ്പെട്ടു. ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളിലും ഗുണപ്രദമെന്ന് അംഗീകരിച്ച ഈ നടപടി, ഇന്ത്യയിൽ മാത്രം നാശകാരിയെന്ന് കരുതപ്പെടുന്നു.
അഞ്ചാമതായി, ശരിയായാലും തെറ്റായാലും ആയിരക്കണക്കിന് മനുഷ്യരാൽ ആരാധിക്കപ്പെടുന്നവർ സമകാലികക്രമത്തിന് എതിർനിൽക്കുന്നവരെന്ന് കരുതി ജയിലിൽ കിടക്കുന്ന കാലത്തോളം അധികൃതരെ എതിർക്കുന്ന പാരമ്പര്യം അതിൻ്റെ ഭക്തരേയും അന്ധരായ അനുയായികളേയും നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കും. പക്ഷെ, ഈ മനുഷ്യരെ മോചിപ്പിക്കുകയാണെങ്കിൽ അവരിൽ ചിലരെങ്കിലും രാജ്യത്തിൻ്റെ നന്മയ്ക്കു വേണ്ടിബ്രിട്ടീഷുകാരുമായി സഹകരിക്കുന്നത് അപകടകരമല്ല എന്ന് ശ്രദ്ധയോടെ മനസ്സിലാക്കി അക്കാര്യം പ്രസംഗിക്കുകയും ആ പ്രഭാവത്തിന് വേണ്ടി ഉദാഹരണമൊരുക്കുകയും ചെയ്താൽ, അവരെ മാതൃകയായി കാണുന്നവരും ഒരു പുതിയ ദിനം പിറന്നുവെന്നും ഭൂതകാലമാകുന്ന ഇരുട്ടിലേയ്ക്ക് ഇരുണ്ട സാഹസികപ്രവൃത്തികളെ ഉപേക്ഷിച്ചുകൊണ്ട് ശുദ്ധവായുവും സൂര്യപ്രകാശവും നിറഞ്ഞ പുതിയപാതയാൽ പുതിയ തുടക്കം ഒരുക്കപ്പെട്ടെന്നും വിശ്വസിക്കും.
ആറാമതായി, ഇന്ത്യൻ തടവുകാരിൽ ഭൂരിഭാഗവും തടവിലാക്കപ്പെട്ടിട്ടുള്ളത് ഗൂഢാലോചനാ കേസുകളിൽ ആണ്. അത്തരം കേസുകളിൽ തൻ്റെ പ്രവൃത്തിയുടെ ഫലത്തിനൊപ്പം തന്നെ മറ്റുള്ളവരുടെ പ്രവൃത്തികളുടെ ഫലവും സഹിക്കേണ്ടിവരുന്നു. അവരിൽ ചിലർ ഇപ്പോൾ തന്നെ 10 കൊല്ലമോ 9 കൊല്ലമോ 8 കൊല്ലമോ ആയി ജയിലിൽ കഴിയുന്നവരാണ്. കുറച്ചു പേർ രണ്ടുകൊല്ലത്തിൽ താഴെ കഠിനവും ക്ഷീണിതവും അങ്ങേയറ്റം മോശവുമായ ദാസ്യത്തിലും. ഇന്ത്യൻ ജയിൽ വ്യവസ്ഥപ്രകാരം തന്നെ, കാലത്തിൻ്റേയും ആരോഗ്യത്തിൻ്റേയും അവസ്ഥ പരിഗണിച്ച് അവരിൽ പലരും മോചനം അർഹിക്കുന്നവരാണ്.
ഈ എല്ലാ കാരണങ്ങളും കൊണ്ട് ഞാൻ ഈ അഭ്യർത്ഥന എൻ്റെ ഉത്തമവിശ്വാസത്തിലും പ്രതീക്ഷയിലും ഇന്ത്യൻ കാര്യങ്ങളുടെ സെക്രട്ടറി നമ്മുടെ കര സന്ദർശിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെടുമെന്നുള്ള പ്രത്യാശയിൽ തുറന്ന മനസ്സോടെ സമർപ്പിക്കുന്നു.
സംഗ്രഹമായി, എല്ലാ ആത്മാർത്ഥതയോടും കൂടി ഞാൻ കൂട്ടിച്ചേർക്കാനാഗ്രഹിക്കുന്നതെന്തെന്നാൽ, എൻ്റെ മാത്രം മോചനത്തിനാണ് ഞാൻ ഇതെഴുതുന്നതെന്ന് ഗവണ്മെൻ്റ് വിചാരിക്കുന്നതെങ്കിൽ, അല്ലെങ്കിൽ എൻ്റെ പേര് അത്തരമൊരു മോചനം നൽകുന്നതിന് പ്രധാന തടസ്സമായി നിൽക്കുന്നുവെങ്കിൽ, ഗവണ്മെൻ്റ് അവരുടെ പരിഗണനയിൽ നിന്ന് എൻ്റെ പേര് ഒഴിവാക്കേണ്ടതും മറ്റെല്ലാ പേരെയും വിമോചിപ്പിക്കേണ്ടതുമാണ്. അത് എനിക്ക് മോചനം കിട്ടിയെന്ന പോലെ എന്നെ സന്തോഷിപ്പിക്കും. ഗവണ്മെൻ്റ് അത്തരമൊരു അഭിപ്രായം കൈക്കൊള്ളുകയാണെങ്കിൽ ഇന്ത്യയിൽ നിന്നും അകലെ നാടുകടത്തപ്പെട്ടവരായി കഴിയുന്നവർക്ക് കൂടി മോചനം അനുവദിക്കേണ്ടതാണ്. സ്വന്തം നാട്ടിൽ അപരിചിതരായി കഴിയുന്ന അവർ ഇന്ത്യൻ ഗവണ്മെൻ്റിനോട് എതിരായ നില സ്വീകരിക്കാൻ സാധ്യതയുണ്ട്. പക്ഷേ, തിരികെ വരാൻ അനുവദിക്കുകയാണെങ്കിൽ ഈ പുതിയതും യാഥാർത്ഥ്യവുമായ ഭരണഘടന നടപ്പിലാക്കുകയാണെങ്കിൽ അവരിൽ പലരും മാതൃഭൂമിക്ക് വേണ്ടി പരസ്യവും ഭരണഘടനാനുസൃതവുമായ നിലയിൽ പ്രവർത്തിക്കുകയും ചെയ്യും.
ബഹുമാനപ്പെട്ട അങ്ങുന്ന് സ്റ്റേറ്റ് സെക്രട്ടറിക്ക് മുമ്പാകെ എൻ്റെ അഭ്യർത്ഥന സമർപ്പിക്കുന്നതിൽ അപ്രിയം കാണിക്കില്ലെന്ന് പ്രത്യാശിച്ചു കൊണ്ട്, ജനങ്ങൾക്ക് വേണ്ടി ഒരു തടവുകാരൻ.
താങ്കളുടെ വിശ്വസ്തോത്തമനായ
ഒപ്പ്,
വി.ഡി.സവർക്കർ
Be the first to write a comment.