17. ഹിന്ദുത്വത്തിൻ്റെ തുടക്കവും  മാപ്പിൻ്റെ തുടർച്ചയും
..……………………………………………………………………….

സവർക്കർ മൊണ്ടാഗുവിനെഴുതിയ ഈ മാപ്പപേക്ഷയും നിരാകരിക്കപ്പെട്ടു. ഇതിനിടയിൽ സവർക്കർ സഹോദരരിൽ ഇളയവനായ നാരായൺറാവു വൈദ്യശാസ്ത്രം പഠിച്ച് ഡോക്ടറായി മാറിയിരുന്നു. ബാബാറാവുവിൻ്റെ ഭാര്യ യെശുവാഹിനിയുടെ മരണം നടന്നിരുന്നു. അതിന് മുമ്പ് 1915 ജൂലൈ 28 നും ഒക്ടോബർ 11 നുമായി രണ്ട് കത്തുകൾ യെശുവാഹിനിയും സവർക്കറുടെ ഭാര്യ യമുനാബായിയും അവരുടെ ഭർത്താക്കന്മാരുടെ മോചനത്തിന് യാചിച്ച് വൈസ്റോയി ആയിരുന്ന ഹാർഡിംഗ് പ്രഭുവിന് എഴുതിയിരുന്നു.

മദൻലാൽ ദിംഗ്രയേയും അനന്ത് കൻഹാരേയേയും ബ്രിട്ടീഷുകാർക്കെതിരെ ചെത്തിക്കൂർപ്പിച്ച അതേ സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പിരന്ന് കൊണ്ടിരിക്കുമ്പോൾ ഇന്ത്യയിൽ വലിയ  രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ബ്രാഹ്മണനേതൃത്വത്തിലുള്ള രഹസ്യസംഘടനകളുടെ ബ്രിട്ടീഷ് വിരുദ്ധ യുദ്ധങ്ങൾക്ക് പകരം സാമ്രാജ്യത്വത്തിനെതിരെയുള്ള ബഹുജനപ്രക്ഷോഭങ്ങൾ രാഷ്ട്രീയത്തിൻ്റെ കേന്ദ്ര അരങ്ങായി. ഗാന്ധിയുടെ വരവായിരുന്നു അതിൻ്റെ പ്രധാന കാരണം. മ്ലേച്ഛരായ ബ്രിട്ടീഷുകാർക്കെതിരായിരുന്നു നവ- യാഥാസ്ഥിതിക ബ്രാഹ്മണരുടെ സമരമെങ്കിൽ ഗാന്ധിയുടെ സമരം സാമ്രാജ്യത്തത്തിനെതിരായിരുന്നു. ജാതിമേൽക്കോയ്മയെ മുൻനിർത്തിയുള്ള സമരത്തിൽ നിന്ന് രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങളിലേയ്ക്ക് സമരം മാറി. അതിന് തുടക്കം കുറിച്ചത് ജസ്റ്റീസ് എസ് എ ടി റൗളറ്റിൻ്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ ശുപാർശകൾ ആയിരുന്നു.1915 ലെ ഡിഫൻസ് ഓഫ് ഇന്ത്യാ ആക്റ്റിന് പകരം പുതിയൊരു നിയമം ഈ കമ്മറ്റി നിർദ്ദേശിച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ രണ്ട് ബില്ലുകൾക്ക് ഇന്ത്യയിലെ ബ്രിട്ടീഷ് ഗവണ്മെൻ്റ് രൂപം നൽകി. 1919 ലെ ഇന്ത്യൻ ശിക്ഷാ നിയമം (ഭേദഗതി ) ഒന്നാം ബില്ലും രണ്ടാം ബില്ലും. അപ്പീൽ പോകാനുള്ള അനുമതിയുടെ നിഷേധവും സംശയത്തിൻ്റെ അടിസ്ഥാനത്തിൽ വാറൻ്റ് ഇല്ലാതെ ഭവനങ്ങൾ പരിശോധിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് നൽകുന്ന അവകാശവും ഉൾക്കൊള്ളുന്ന കരിനിയമങ്ങളുടെ തുടക്കം ആയിരുന്നു അത്. ഈ ബില്ലുകൾ പാസ്സായതോടെ ജനവിരുദ്ധമായ റൗളറ്റ് നിയമം നിലവിൽ വന്നു. ഗാന്ധിയും വല്ലഭായ് പട്ടേലും സരോജിനി നായ്ഡുവും അടങ്ങുന്ന ഒരു ചെറുഗ്രൂപ്പ് റൗളറ്റ് സത്യാഗ്രഹമെന്ന പേരിൽ ചെറുത്ത് നില്പ് സത്യാഗ്രഹം ആരംഭിച്ചു. ഇത് വൻതോതിൽ ജനശ്രദ്ധയാകർഷിച്ചു. പഞ്ചാബിൽ ഈ പ്രസ്ഥാനം ശക്തിയാർജ്ജിച്ചതിനെ തുടർന്ന് ഗാന്ധിക്ക് ആ പ്രവിശ്യയിലേയ്ക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു. ഗവണ്മെൻ്റ്’ മാരണനിയമം പ്രഖ്യാപിച്ചു. ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡെയറിനെ ആണ് അത് നടപ്പിലാക്കാനുള്ള ചുമതല ഏല്പിച്ചത്.

1919 ഏപ്രിൽ 13 ന് അമൃത്സറിലെ ജാലിയൻവാലാബാഗിൽ പതിനായിരത്തോളം വരുന്ന ജനക്കൂട്ടം പൊതുയോഗത്തിനായി ഒരു മൈതാനത്തിൽ സംഗമിച്ചു. അവർ നിരായുധർ ആയിരുന്നു. മൈതാനത്തിൻ്റെ വാതിലുകൾ ബ്രിട്ടീഷുകാർ അടച്ചു. ഡയറിൻ്റെ ആജ്ഞയനുസരിച്ച് പോലീസുകാർ വെടിയുതിർത്തു. 1500 റൗണ്ട് വെടിവെച്ചതായാണ് പറയപ്പെടുന്നത്. സർക്കാർ കണക്കനുസരിച്ച് തന്നെ 379 പേർ മരിക്കുകയും 1200ലധികം പേർക്ക് പരിക്കുപറ്റുകയും ചെയ്തു. ചരിത്രകാരർ പറയുന്നത് ഈ കണക്കുകളിലും എത്രയോ അധികമാണ് മരിച്ചവരും പരിക്കേറ്റവരും എന്നാണ്. ഈ ദാരുണസംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഗാന്ധി ആവശ്യപ്പെട്ടപ്പോൾ ഹണ്ടർ കമ്മീഷനെ പ്രസ്തുത ആവശ്യത്തിലേക്കായി ഗവണ്മെൻ്റ് നിയോഗിക്കുകയുണ്ടായി. പക്ഷെ, ബ്രിട്ടീഷ് ഗവണ്മെൻ്റുമായി സഹകരിക്കാതിരിക്കാനും  ഹിന്ദു മുസ്ലീം മൈത്രിക്ക് വേണ്ടി പ്രയത്നിക്കാനും സത്യാഗ്രഹികളോട് ഗാന്ധി ആവശ്യപ്പെട്ടു.

ഇങ്ങനെ ചരിത്രത്തിലില്ലാത്ത വിധം ബ്രിട്ടീഷുകാർ ഇന്ത്യക്കാരോട് ക്രൂരതകൾ പ്രവർത്തിക്കുന്ന ഘട്ടത്തിൽ സവർക്കറുടെ ബ്രിട്ടീഷ് വിരുദ്ധത പൂജ്യവും പിന്നിട്ട് ഋണാത്മകതയിൽ എത്തിയിരുന്നു.അതോടൊപ്പം തന്നെ ” 1857 ലെ ഒന്നാം സ്വാതന്ത്ര്യയുദ്ധം” എന്ന പുസ്തകത്തിൽ തന്ത്രമെന്ന നിലയിൽ ആണെങ്കിലും, തിലകിൻ്റെ ലക്നോ കരാറിന് സമാനമായി സവർക്കർ സ്വീകരിച്ചിരുന്ന ഹിന്ദു – മുസ്ലീം മൈത്രിയിൽ നിന്ന് സവർക്കർ പൂർണ്ണമായും പിന്മാറുകയും ചിത്പാവൻ ബ്രാഹ്മണർ പേഷ്വാ മാരുടെ കാലത്ത് പുലർത്തിയിരുന്ന മുസ്ലീം വിരുദ്ധതയിലേയ്ക്ക് മാറുകയും ചെയ്തു. നാം ഇന്നു കാണുന്ന ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ ലക്ഷണങ്ങൾ പ്രകടമായ രീതിയിൽ പ്രകാശിക്കുന്നത് ഈ ഘട്ടത്തിലാണ്. മറാത്താ പ്രവിശ്യയ്ക്ക് പുറത്ത് സ്വാമി ദയാനന്ദ സരസ്വതി (1824 – 1883) വളർത്തിക്കൊണ്ടുവന്ന ഹിന്ദുപുനരുദ്ധാരണരീതികളുമായി തൻ്റെ ചിത്പാവൻ കേന്ദ്രിത നവയാഥാസ്ഥിതിക ബ്രാഹ്മണിസത്തെ സവർക്കർ നേർക്കുനേർ നിർത്തുന്നത് അവിടെ വെച്ചാണ്. വേദങ്ങളിലേയ്ക്ക് മടങ്ങുക എന്നതായിരുന്നു ദയാനന്ദ സരസ്വതിയുടെ  മുദ്രാവാക്യം. വൈദികതയുടെ മേൽക്കോയ്മയ്ക്ക് കീഴെ ബ്രാഹ്മണാധിപത്യമുള്ള ഒരു ഹിന്ദുസംഘടന കെട്ടിപ്പടുക്കുകയായിരുന്നു ഉദ്ദേശം. ഈ ബ്രാഹ്മണമത സങ്കല്പത്തിൻ്റെ സെമിറ്റിക് വല്ക്കരണത്തിനായി അദ്ദേഹം തുടങ്ങി വെച്ച പ്രസ്ഥാനമാണ് ശുദ്ധിപ്രസ്ഥാനം. മറ്റ് മതങ്ങളിലെ വ്യക്തികളെ ഹിന്ദുമതത്തിലേയ്ക്ക് മതം മാറ്റിയെടുക്കാം എന്നതായിരുന്നു ശുദ്ധിപ്രസ്ഥാനത്തിൻ്റെ അടിസ്ഥാന സങ്കല്പനം. ദയാനന്ദ് സരസ്വതിയ്ക്ക് ശേഷം പിന്നീട് സ്വാമി ശ്രദ്ധാനന്ദ് അത് മുന്നോട്ടുകൊണ്ടു പോയി.

വിനായക് പ്രതിനിധാനം ചെയ്തിരുന്ന നവ- യാഥാസ്ഥിതിക ബ്രാഹ്മണിസത്തിനെ ഹിന്ദു സംഘടനാ പ്രസ്ഥാനവുമായി കൂട്ടിയിണക്കിയത് ഭായ് പരമാനന്ദ് ആണ്. ഒരു ആര്യസമാജപ്രവർത്തകൻ ആയിട്ടാണ് ഭായ് പരമാനന്ദ് ബ്രിട്ടീഷ് ഗയാനയിൽ എത്തിയത്. പിന്നീട് അദ്ദേഹം രണ്ട് വർഷം പഠനാർത്ഥം യു എസിൽ ചെലവഴിച്ചു. അവിടെ വെച്ച് ഗദ്ദർ പ്രസ്ഥാനത്തിൻ്റെ അമരക്കാരനായ ലാലാ ഹർദയാൽ സിംഗിനെ കണ്ടുമുട്ടുകയും അത് വഴി ഗദ്ദർ പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തുകയും പെഷവാറിലും അന്നത്തെ പഞ്ചാബ് ഉൾപ്പെടുന്ന വടക്ക് പടിഞ്ഞാറൻ അതിർത്തി സംസ്ഥാനത്തിൻ്റെ  ( North West Frontier Province) വിവിധഭാഗങ്ങളിൽ അട്ടിമറി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. 1915ൽ ലാഹോർ ഗൂഢാലോചനാകേസിലെ പ്രതിയായി അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. എന്നാൽ വൈസ്റോയി ആയിരുന്ന ഹാർഡിംഗ് പ്രഭു അദ്ദേഹത്തിൻ്റെ വധശിക്ഷ, നാടുകടത്തലായി ഇളവ് ചെയ്തു. അങ്ങനെയാണ് അദ്ദേഹം ആൻഡമാനിലെ സെല്ലുലാർ ജയിലിൽ എത്തിയത്.

പരമാനന്ദാണ് ജയിലിൽ ശുദ്ധിപ്രസ്ഥാനം ഏറ്റെടുത്തത്. ഹിന്ദുമതത്തിൽ നിന്ന് പുറത്തേയ്ക്ക് മാത്രമേ മതം മാറ്റം സാധ്യമാകൂ എന്ന വിനായകിൻ്റെ വിശ്വാസത്തെ ഭായ് പരമാനന്ദ് തിരുത്തി. ഹിന്ദുസംഘടന എന്ന ആശയം തൻ്റെ നവ- യാഥാസ്ഥിതിക ബ്രാഹ്മണിസത്തിന് വളരാൻ പുതിയ ആവാസഘടന സൃഷ്ടിക്കുമെന്ന് കണ്ട വിനായക് ജയിലിൽ ശുദ്ധിപ്രസ്ഥാനത്തിന് വലിയ ആക്കം കൊടുത്തു. വിനായകിൻ്റെ തന്നെ വാക്കുകളിൽ,

“അതുവരെ  ഞങ്ങൾക്ക് മുന്നിൽ എപ്പോഴും ഉയർന്നു വന്ന ചോദ്യം” ഒരു ഹിന്ദുവിന് മുസൽമാനാകാം. ഒരു സംശയവുമില്ല. പക്ഷെ, ഒരു മുസൽമാനെ എങ്ങനെയാണ് ഹിന്ദുവാക്കുക ? എന്നതായിരുന്നു. നൂറുകണക്കിന് ഹിന്ദുക്കൾ എന്നോടത് ചോദിക്കുകയും അതിന് ഉത്തരമില്ല എന്ന് ആത്മാർത്ഥമായി വിശ്വസിക്കുകയും ചെയ്തു. പക്ഷെ, അത്തരമൊരു കടങ്കഥ ഇനിയാരും ഞങ്ങളുടെ മുന്നിൽ വെയ്ക്കില്ല. ശുദ്ധി പ്രസ്ഥാനം അത് സാധ്യമാണ് എന്ന് കാണിച്ചുകൊടുത്തു. മുസ്ലീങ്ങൾ തൊട്ടതോ പാകം ചെയ്തതോ ആയ ആഹാരം വയറിനെ ദുഷിപ്പിക്കാതെയും അയാളുടെ ജാതിയും മതവും പോകാതെയും അതോടെ ഹിന്ദുവിന് കഴിക്കാമെന്നായി ”

ഹിന്ദുമതത്തിലേയ്ക്ക് മതം മാറ്റുന്ന രീതി ഇങ്ങനെയായിരുന്നു. അവരോട് കുളിച്ച് പുതിയ വസ്ത്രം ധരിച്ച് വരാൻ ആവശ്യപ്പെടും. തുളസിയില ആഹരിക്കാൻ നൽകും. ഭഗവദ്ഗീതയിലെ ചില ഭാഗങ്ങൾ ഏറ്റുചൊല്ലാൻ പറയും. തുളസീദാസ രാമായണത്തിലെ ഒരു കാണ്ഡം പാരായണം ചെയ്യിക്കും. അതിന് ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്യും. ഇതോടെ അവർ ഹിന്ദുക്കൾ ആയി മാറുന്നു.

റൗളറ്റ് നിയമവും ജാലിയൻവാലാബാഗും ഇന്ത്യൻ പൊതുസമൂഹത്തിൽ കത്തിനിൽക്കുമ്പോൾ വിനായക് തൻ്റെ മാപ്പപേക്ഷയിൽ ബ്രിട്ടീഷുകാർക്ക് മുന്നിൽ വെച്ച കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ അനുഷ്ഠിക്കുകയായിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് രാഷ്ട്രീയത്തോട് ചേർന്നുകൊണ്ടുള്ള ഒരു ഹിന്ദുരാഷ്ട്രീയത്തിലേയ്ക്ക് തൻ്റെ ബ്രിട്ടീഷ് വിരുദ്ധ നവ- യാഥാസ്ഥിതിക ബ്രാഹ്മണിസത്തെ, അതും ഇന്ത്യൻ ജനതയുടെ ബ്രിട്ടീഷ് വിരുദ്ധത ഏറ്റവും ഉയർന്ന് നിൽക്കുന്ന സന്ദർഭത്തിൽ, പരിണമിപ്പിക്കുകയായിരുന്നു അദ്ദേഹം .വിനായക് എഴുതുന്നു. “ശുദ്ധിപ്രസ്ഥാനം ഒരു വൻവിജയമായിരുന്നു. അത് ജനത ഒന്നിച്ചുചേരുന്നതിന് വലിയ തോതിൽ സംഭാവന നൽകി. അതോടൊപ്പം നിരോധിച്ചില്ലെങ്കിൽപ്പോലും ഹിന്ദുക്കൾക്കിടയിലെ വ്യത്യാസങ്ങൾ, ദേശത്തിൻ്റേയും ജാതിയുടെയും ആചാരങ്ങളുടേയും അടിസ്ഥാനത്തിലുള്ളവ, ലഘൂകരിച്ച് അവരെല്ലാം ഒരേ സമൂഹത്തിൻ്റെ ഘടകങ്ങൾ ആണെന്ന് ധരിപ്പിക്കാനും ”

സവർക്കർ ജാതിവിരുദ്ധനായിരുന്നു എന്നും ജാതിവിരുദ്ധപ്രവർത്തനങ്ങളിൽ ആണ്ടുമുഴുകിയിരുന്നു എന്നും സവർക്കറുടെ ബ്രാഹ്മണരാഷ്ടീയത്തെ പ്രതിരോധിക്കാൻ പലരും ഉന്നയിക്കാറുണ്ട്. ആ വാദത്തെ പരിശോധിക്കാൻ സവർക്കറുടെ മേൽ പ്രസ്താവന ഉപകരിക്കും. ശുദ്ധിപ്രസ്ഥാനത്തിന്, ഹിന്ദുമതത്തിലേയ്ക്ക് മറ്റുമതസ്ഥരെ സ്വീകരിക്കുന്നതിന്, മുന്നിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട തടസ്സം ഹിന്ദുമതത്തിനുള്ളിലെ ആഭ്യന്തര വൈരുദ്ധ്യങ്ങൾ ആയിരുന്നു. ബ്രാഹ്മണരാഷ്ട്രീയത്തിൻ്റെ തുടക്കത്തിൽ തന്നെ ഈ പ്രശ്നം കീറാമുട്ടിയായി നിലനിന്നിരുന്നു. ബ്രാഹ്മണർ തന്നെ ഹിന്ദുസമുദായത്തിലെ ന്യൂനപക്ഷത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. എന്നാൽ മനുസ്മൃതിയും മറ്റ് സ്മൃതികളും മറ്റനേകം സാഹചര്യങ്ങളും ചേർന്ന് സൃഷ്ടിച്ച സാംസ്കാരികാന്തരീക്ഷം ബ്രാഹ്മണമേൽക്കോയ്മയ്ക്ക് അനുസൃതമായ ഒരു സാമൂഹികഘടനയെ നൂറ്റാണ്ടുകളോളം നില നിർത്തി. മറാത്താപ്രവിശ്യയിലാകട്ടെ, അവരിൽ ഒരു വിഭാഗം, ചിത്പാവൻ ബ്രാഹ്മണർ, ഒരു നൂറ്റാണ്ടോളം നേരിട്ട് രാഷ്ട്രീയാധികാരം നിലനിർത്തുകയും ചെയ്തു. ഇംഗ്ലീഷുകാരുടെ വരവ് അവരുടെ രാഷ്ട്രീയാധികാരത്തേയും സാമൂഹ്യാധികാരത്തേയും പല മട്ടിൽ ദുർബലപ്പെടുത്തി. അതോടൊപ്പം ബ്രാഹ്മണമേൽക്കോയ്മയെ ഏറ്റവുമധികം അസ്വസ്ഥപ്പെടുത്തിയത് ജാതിവിരുദ്ധ കീഴാള പ്രസ്ഥാനങ്ങളുടെ കടന്നുവരവായിരുന്നു. നൂറ്റാണ്ടുകളായി ചിരസ്ഥായിയായി നിലകൊണ്ടിരുന്ന ഹിന്ദുമതത്തിനുള്ളിലെ ഉച്ചനീചത്വസങ്കല്പങ്ങൾക്ക്  ഇളക്കം തട്ടിക്കുന്ന വിധത്തിലുള്ള ചോദ്യം ചെയ്യലുകൾ ഇക്കാലത്തുണ്ടായി. മഹാത്മാഫൂലേയുടേയും മറ്റും മുൻകൈയ്യിൽ ഉണർന്ന ഈ പ്രസ്ഥാനം മറാത്താ പ്രവിശ്യയിലെ ബ്രാഹ്മണമേൽക്കോയ്മയെ അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തി. ഒരു വശത്ത് രാഷ്ട്രീയാധികാരം തട്ടിയെടുത്ത ബ്രിട്ടീഷുകാർ, മറുവശത്ത് സാമൂഹ്യാധികാരം നിലനിൽക്കുന്ന അടിസ്ഥാന സങ്കല്പനങ്ങളുടെ തൂണുകൾക്ക് ഇളക്കം തട്ടിക്കുന്ന കീഴാളപ്രസ്ഥാനങ്ങൾ. ഈ ഇരട്ടപ്രഹരത്തിനുള്ളിൽ നിന്നാണ് നവയാഥാസ്ഥിതിക ബ്രാഹ്മണിസം ഉയിർക്കൊണ്ടതെന്ന് നമ്മൾ കണ്ടുകഴിഞ്ഞു. തങ്ങളുടെ മേൽക്കോയ്മ ദൈവസിദ്ധമെന്ന് വിശ്വസിച്ചിരുന്ന, ബ്രാഹ്മണർ തന്നെ സൃഷ്ടിച്ച പുരാവൃത്തത്തെ ചരിത്രമായി വിശ്വസിച്ചിരുന്ന,  യാഥാസ്ഥിതിക ബ്രാഹ്മണർ സ്മൃതികളെ മുറുക്കെപ്പിടിച്ചു. എന്നാൽ കാലോചിതമല്ലാത്ത അത്തരം മുറുക്കിപ്പിടിക്കലുകൾ ബ്രാഹ്മണമേധാവിത്വത്തിൻ്റെ പതനത്തിലേയ്ക്കല്ലാതെ ,മറ്റൊരിടത്തേയ്ക്കും നയിക്കില്ലെന്ന ഉത്തമവിശ്വാസത്തിലാണ് നവ- യാഥാസ്ഥിതിക ബ്രാഹ്മണിസം ഉടലെടുക്കുന്നതും മുന്നോട്ടുപോകുന്നതും. അങ്ങനെ പുതിയ സാമൂഹ്യസാഹചര്യങ്ങളിൽ ബ്രാഹ്മണിസത്തിന് നിലനിൽക്കണമെങ്കിൽ അതിൻ്റെ യഥാർത്ഥമായ ന്യൂനപക്ഷ പദവിയെ അതിജീവിക്കണമായിരുന്നു. അതു കൊണ്ട്  ചിത്പാവൻ ബ്രാഹ്മണരുടെ മുൻ കൈയ്യിൽ രൂപം കൊണ്ട നവ- യാഥാസ്ഥിതിക ബ്രാഹ്മണിസം ആദ്യം ശ്രമിച്ചത് ബ്രാഹ്മണർക്കിടയിലെ വ്യത്യാസങ്ങൾ ഇല്ലാതാക്കി ബ്രാഹ്മണിസത്തിന് സ്വതന്ത്രമായി വിഹരിക്കാനുള്ള ഒരു പൊതു പടവ് ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു. മറാത്താ പ്രവിശ്യയിലെ ഏറ്റവും വലിയ ബ്രാഹ്മണസമൂഹമായ ദേശസ്ഥബ്രാഹ്മണരുമായി തിലക് സന്ധിക്ക് പോകുന്നത് ഈ സാഹചര്യത്തിലാണ് എന്ന് നാം നേരത്തെ കണ്ടു. ഒരു കാലത്ത് ദേശസ്ഥബ്രാഹ്മണരുടെ സേവകരായിരുന്ന ചിത്പാവൻ ബ്രാഹ്മണർ ശിവജിയുടെ മറാത്താ സാമ്രാജ്യത്തിൻ്റെ അവിഭാജ്യഘടകം ആയതോടെ അവർക്ക് മുകളിൽ സാമൂഹിക മേൽക്കോയ്മ നേടിയത് ദേശസ്ഥബ്രാഹ്മണരെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അതിനാൽ ചിത്പാവനകളുമായുള്ള സാമൂഹ്യബന്ധങ്ങൾ മിക്കവാറും എല്ലാം തന്നെ ദേശസ്ഥർ വിലക്കിയിരുന്നു. തിലക് മുൻകൈയ്യെടുത്ത് ഈ വിലക്കുകൾ അവസാനിപ്പിച്ചു. കീഴാള മുന്നേറ്റം ബ്രാഹ്മണമേൽക്കോയ്മയെ അപ്പാടെ തകർക്കുമെന്ന ഭീതിയുടെ പശ്ചാത്തലത്തിലാണ് ഈ സന്ധി നടക്കുന്നത്. ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നത് പോലും നിഷിദ്ധമായി കരുതിയിരുന്ന വ്യത്യസ്ത ബ്രാഹ്മണ സമുദായക്കാരെ ഒന്നിച്ചിരുത്തി പന്തിഭോജനം നടത്താൻ തിലകിന് കഴിഞ്ഞു. അതോടൊപ്പം വൈരുദ്ധ്യങ്ങളിലൂടെയല്ല, സന്ധിയിലൂടെ മാത്രമേ ബ്രാഹ്മണമേൽക്കോയ്മ നിലനിർത്താനാകൂ എന്നറിഞ്ഞ് മറ്റ് ജനവിഭാഗങ്ങളെയും ഹിന്ദുക്കുടയ്ക്ക് കീഴിൽ ഒന്നിക്കാനുള്ള ശ്രമങ്ങളും അക്കാലത്ത് തന്നെ ആരംഭിക്കുകയുണ്ടായി. യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിന് ഇതൊന്നും ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടായിരുന്നില്ല. വ്യക്തിപരമായ ശുദ്ധാശുദ്ധങ്ങളിലൂടെ നിലനിർത്തിപ്പോന്ന മേൽക്കോയ്മയായിരുന്നു അവരുടെ പരിചിതമണ്ഡലം. അതിന് ഭൂരിപക്ഷ സമ്മതിയുടെ ആവശ്യമുണ്ടായിരുന്നില്ല. മാറുന്ന സാഹചര്യത്തിൽ ഭൂരിപക്ഷ സമ്മതിയുടെ കവചം ബ്രാഹ്മണിസത്തിന് മേൽക്കോയ്മ നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്ന് നവ- യാഥാസ്ഥിതിക ബ്രാഹ്മണവാദികൾ കരുതിയിരുന്നു. ഗണേശോത്സവവും ശിവജി ഉത്സവവും മറ്റും അത് ഒരു പരിധിവരെ സാധിച്ചെടുക്കുന്നതും നാം കാണുകയുണ്ടായി.

ശുദ്ധിപ്രസ്ഥാനം ലക്ഷ്യം വെയ്ക്കുന്ന മതസങ്കല്പനം തങ്ങളുടെ നവ- ബ്രാഹ്മണാശയങ്ങൾക്ക് തഴച്ചുവളരാനുള്ള ആവാസവ്യവസ്ഥ പ്രദാനം ചെയ്യുന്ന ഒന്നാണെന്ന് സവർക്കർ കരുതി. അതോടൊപ്പം തന്നെ ജാതിസ്വത്വത്തെ ലയിപ്പിക്കുന്ന ഒരു മതസ്വത്വത്തിനെ സങ്കല്പനം ചെയ്തെടുത്താൽ ജാതിവിവേചനങ്ങൾക്ക് മേൽ ഒരു തിരശ്ശീലയിടാൻ കഴിയും എന്നും അദ്ദേഹം മനസ്സിലാക്കിയിരിക്കണം. അങ്ങനെ വരുമ്പോൾ കീഴാളമുന്നേറ്റങ്ങൾക്ക് ആക്കം കിട്ടാതെ വരികയും ഹിന്ദു എന്ന ഉപരിഘടനയിൽ അതെല്ലാം ഒതുക്കപ്പെടുകയും ചെയ്യും.

അതോടൊപ്പം തന്നെ ശുദ്ധി പ്രസ്ഥാനം നേരിട്ടിരുന്ന പ്രായോഗികമായ ഒരു വലിയ പ്രശ്നത്തേയും പരിഹരിക്കണമായിരുന്നു. ഹിന്ദുമതം ജാതികളിലും വർണ്ണങ്ങളിലും കെട്ടിപ്പടുത്ത ഒന്നായത് കൊണ്ട് മതം മാറി ഹിന്ദുവായവരുടെ ജാതി ഏത് എന്നത് വലിയ ചോദ്യം ആയിരുന്നു. അങ്ങനെ വരുന്നവർ ബ്രാഹ്മണരോ ക്ഷത്രിയരോ വൈശ്യരോ ശൂദ്രരോപഞ്ചമരോ? അതിനാൽ കേവലഹിന്ദു എന്ന പരികല്പനയെ വികസിപ്പിച്ചെടുക്കേണ്ടത് സവർക്കറുടെ നവ- യാഥാസ്ഥിതിക ബ്രാഹ്മണിസത്തിന് അത്യാവശ്യമായിരുന്നു. യാഥാസ്ഥിതിക ബ്രാഹ്മണരെപ്പോലെ സ്മൃതികളിൽ ഊന്നിനിന്നാൽ അത് സാധ്യമാകില്ല എന്നത് ശുദ്ധിപ്രസ്ഥാനത്തിൻ്റെ അനുഭവം സവർക്കറെ പഠിപ്പിച്ചു. അതിനാൽ പുരാണങ്ങളിലും പുരാവൃത്തങ്ങളിലും അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും കെട്ടിപ്പടുത്ത ഹിന്ദുമതത്തെ, സെമിറ്റിക് മതങ്ങളെപ്പോലെ ചരിത്ര പിന്തുണയുള്ള ഒന്നാക്കി മാറ്റാൻ കുറച്ചു കൂടി തീവ്രമായ ശ്രമം അത്യന്താപേക്ഷിതമാണ് എന്ന ബോധ്യം സവർക്കർക്കുണ്ടായി. തിലകും അക്കാലത്തെ ഏതാനും ചരിത്രകാരരും ചേർന്ന്  ശിവജിയുടെ സാമ്രാജ്യത്തെ ഹിന്ദുസാമ്രാജ്യമായി നിർവ്വചിച്ചതോടെ അന്നത്തെ നവ- ബ്രാഹ്മണിക പ്രസ്ഥാനങ്ങൾക്ക് കിട്ടിയ ആക്കം, ആ ചരിത്രത്തെ കുറച്ചുകൂടി വിപുലപ്പെടുത്തുന്നതിലൂടെ നേടിയെടുക്കാം എന്നും സവർക്കർ കരുതി.

അതേ സമയം താൻ കൊടുത്ത നാല്  മാപ്പപേക്ഷകൾ, സാമ്രാജ്യത്ത ഭരണകൂടം തള്ളിയ സാഹചര്യത്തിൽ, ജാലിയൻവാലാബാഗ് കൂട്ടക്കൊല നടത്തിയ അതേ ഭരണകൂടത്തിന് ആ ക്രൂരതയ്ക്ക് ഒരാണ്ട് തികയും മുമ്പേ, 1920 മാർച്ച് 20ന് സവർക്കർ മറ്റൊരു മാപ്പപേക്ഷ സമർപ്പിക്കുകയുണ്ടായി.

“ഇന്ത്യൻ ഗവണ്മെൻ്റിൻ്റെ ബഹുമാനപ്പെട്ട ആഭ്യന്തരവകുപ്പ് മെമ്പർ, ഏതൊരു വ്യക്തിയുടേയും അപേക്ഷ അവർക്ക് മുന്നിൽ വരികയാണെങ്കിൽ ഏറ്റവും നല്ല പരിഗണന നൽകുമെന്നും ഒരു വ്യക്തിയുടെ മോചനം ഭരണകൂടത്തിന് അപകടകരമല്ല എന്ന് ബോധ്യപ്പെട്ടാൽ  രാജകീയ മാപ്പ് അയാൾക്ക് കൂടി നൽകുന്ന തരത്തിൽ ഗവണ്മെൻറിൻ്റെ തീരുമാനം വ്യാപിപ്പിക്കും എന്നുമുള്ള ‘അർത്ഥത്തിൽ ഈയിടെ നടത്തിയ പ്രഖ്യാപനത്തിൻ്റെ വെളിച്ചത്തിൽ ഹർജിക്കാരൻ ഏറ്റവും വിനീതമായി അപേക്ഷിക്കുന്നത് എന്തെന്നാൽ, തൻ്റെ പ്രശ്നം വളരെ വൈകും മുമ്പ് അവസാന ഊഴം എന്ന നിലയിൽ ഗവണ്മെൻ്റിന് മുന്നിൽ സമർപ്പിക്കാൻ അനുവദിക്കണം എന്നാണ്. സർ, ഏതർത്ഥത്തിലും ഈ അവസാന അപേക്ഷ ബഹുമാനപ്പെട്ട വൈസ്റോയി മുമ്പാകെ എത്തിക്കുന്നതിൽ നിന്ന് എന്നെ തടയരുത് എന്ന് അപേക്ഷിക്കുന്നു. ഗവണ്മെൻ്റിൻ്റെ തീരുമാനം എന്ത് തന്നെയായിരുന്നാലും എന്നെ കേട്ടല്ലോ എന്ന സംതൃപ്തി അത് വഴി എനിക്ക് ലഭിക്കുന്നതാണ്.

I.  “രാഷ്ട്രീയമായ പുരോഗതിയ്ക്ക് വേണ്ടിയുള്ള ത്വര ” മുൻനിർത്തി നിയമലംഘനം നടത്തിയതിന് കുറ്റക്കാരായവർക്ക് കൂടി രാജകീയ മാപ്പ് വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ച്, രാജകീയ വിളംബരം ഉദാരതയോടെ പ്രതിപാദിക്കുന്നുണ്ട്. എൻ്റെയും എൻ്റെ സഹോദരൻ്റേയും കേസുകൾ നിശ്ചയമായും ഈ ഗണത്തിൽ വരുന്നവയാണ്. ഞാനോ എൻ്റെ കുടുംബാംഗങ്ങളോ ഗവണ്മെൻ്റ്  ഞങ്ങളോട് എന്തെങ്കിലും വ്യക്തിപരമായ അപരാധം പ്രവർത്തിച്ചെന്നോ എന്തെങ്കിലും വ്യക്തിപരമായ ആനുകൂല്യം നിഷേധിച്ചെന്നോ ഒരിക്കലും പരാതിപ്പെടുന്നില്ല .എനിക്ക് മുന്നിൽ ഉജ്ജ്വലമായ തൊഴിൽസാധ്യതകൾ തുറന്നുകിടക്കുന്നുണ്ടായിരുന്നിട്ടും അപകടകരമായ പാത തെരഞ്ഞെടുക്കുക വഴി ഒന്നും നേടാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല എല്ലാം നഷ്ടപ്പെടുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ 1913 ൽ ആഭ്യന്തരവകുപ്പിലെ ബഹുമാനപ്പെട്ട അംഗങ്ങളിലൊരാൾ എന്നോട് വ്യക്തിപരമായി ഇങ്ങനെ പറയുകയുണ്ടായി. “…. ഇത്രയും വിദ്യാഭ്യാസവും ഇത്രയും വായിച്ചറിവും …… നിങ്ങൾ ഞങ്ങളുടെ ഗവണ്മെൻ്റിന് കീഴിൽ ഉന്നതമായൊരു ഉദ്യോഗം വഹിക്കേണ്ടയാൾ ആയിരുന്നു ” . ഈ ഈ സാക്ഷ്യപത്രത്തിനപ്പുറം, എൻ്റെ ചോദനകൾ എന്തെങ്കിലും  ഒളിച്ചുവെയ്ക്കുന്നു എന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവരോട് ചൂണ്ടിക്കാണിക്കാനുള്ളത് 1909 വരെ എൻ്റെ കുടുംബത്തിൽപ്പെട്ട ഒരാളും തന്നെ പ്രോസിക്യൂഷന് വിധേയമായിട്ടില്ല. ഈ കേസിന് നിദാനമായ എൻ്റെ ഏതാണ്ട് മുഴുവൻ പ്രവർത്തനങ്ങളും അതിന് മുമ്പായിരുന്നു. പ്രോസിക്യൂഷനും ജഡ്ജിമാരും റൗളറ്റ് റിപ്പോർട്ടും ചൂണ്ടിക്കാണിക്കുന്ന  1899 മുതൽ 1909 വരെയുള്ള വർഷങ്ങളിൽ മസ്സീനിയുടെ ജീവചരിത്രം എഴുതിയതിനെക്കുറിച്ചും  വിവിധ സംഘടനകൾ നന്നായി സംഘടിപ്പിച്ചതിനെ സംബന്ധിച്ചും എന്തിന് എൻ്റെ സഹോദരങ്ങളുടെ അറസ്റ്റിന് മുമ്പായി ആയുധങ്ങളുടെ പാഴ്സൽ അയച്ചതുമായി ബന്ധപ്പെട്ടും എനിക്ക് വ്യക്തിപരമായ പരാതികൾ പറയാനില്ല ( റൗളറ്റ് റിപ്പോർട്ട് പേജ് 6). പക്ഷെ ആരെങ്കിലും ഇത്തരമൊരു കാഴ്ചപ്പാട് ഞങ്ങളുടെ കേസുകളെ സംബന്ധിച്ച് എടുക്കുകയുണ്ടായോ? അതെ, 5000 ത്തിൽ കുറയാത്ത ഒപ്പുകളോടെ ഇന്ത്യൻ ജനത അങ്ങേയ്ക്ക് മുമ്പാകെ സമർപ്പിച്ചിട്ടുള്ള ഭീമഹർജിയിൽ എൻ്റെ പേരും പ്രത്യേകമായി പരാമർശിക്കുന്നുണ്ട്. വിചാരണയിൽ എനിക്ക് വേണ്ടി വാദിക്കാൻ ജൂറി നിഷേധിക്കപ്പെട്ടു. ഇപ്പോൾ മുഴുവൻ രാജ്യത്തിൻ്റേയും ജൂറി അഭിപ്രായപ്പെടുന്നത് രാഷ്ട്രീയപുരോഗതിക്ക് വേണ്ടിയുള്ള ത്വരയാണ് എന്റെ പ്രവൃത്തികൾക്ക് പിന്നിൽ പ്രവർത്തിച്ചതെന്നും പശ്ചാത്തപിക്കേണ്ട തരത്തിൽ നിയമങ്ങൾ ലംഘിക്കുന്നതിലേയ്ക്ക് എന്നെ നയിച്ചതെന്നുമാണ്.

II .കൊലപാതകത്തിൻ്റെ പ്രേരണാകുറ്റം ചുമത്തിയുള്ള രണ്ടാമത്തെ കേസും രാജകീയ മാപ്പിൻ്റെ പരിധിയിൽ വരാതിരിക്കുന്നില്ല. കാരണം,
a. രാജകീയവിളംബരം കുറ്റകൃത്യത്തിൻ്റെ സ്വഭാവത്തെക്കുറിച്ചോ കുറ്റകൃത്യത്തിൻ്റെ വകുപ്പിനെക്കുറിച്ചോ ഏത് കോടതിയാണ് വിധിച്ചത് എന്നതിനെച്ചൊല്ലിയോ  ഊന്നലുകൾ ഒന്നും തന്നെ നല്കുന്നില്ല. മറിച്ച് അത് ഊന്നുന്നത് കുറ്റകൃത്യത്തിൻ്റെ ചോദനയെ സംബന്ധിച്ചാണ്. ചോദന വ്യക്തിപരമല്ലാതെ രാഷ്ട്രീയപരമായിരിക്കണം എന്നതിലാണ് അത് ഊന്നുന്നത്.
b. രണ്ടാമതായി, സർക്കാർ തന്നെ അതിനെ വിശദീകരിച്ചത് ഇത് മുൻനിർത്തിയാണ്. അതനുസരിച്ച്  ബാരിനേയും ഹേസുവിനെയും മറ്റുള്ളവരേയും  മോചിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ ഗൂഢാലോചനയുടെ ഒരു ലക്ഷ്യം ‘ ഉന്നത ഉദ്യോഗസ്ഥരുടെ കൊലപാതകം ‘ ആണെന്ന് അവർ തന്നെ കുറ്റസമ്മതം നടത്തിയിരുന്നു. മജിസ്ട്രേറ്റുമാരെയും മറ്റും കൊല്ലാനായി കുട്ടികളെ അയച്ചതും മറ്റും അവർ കുറ്റസമ്മതത്തിൽ രേഖപ്പെടുത്തിയിരുന്നു. ഈ മജിസ്ട്രേറ്റ്, ബാരിൻ്റെ സഹോദരൻ അരബിന്ദോയെ ആദ്യ “ബന്ദേമാതരം ന്യൂസ് പേപ്പർ കേസി” ൽ ശിക്ഷ വിധിച്ച സംഘത്തിലെ ഒരാളായിരുന്നു. എന്നിട്ടും ബാരിനെ ശരിയാം വിധം രാഷ്ട്രീയ തടവുകാരനായിട്ടാണ് ( വ്യക്തിവിദ്വേഷം തീർത്ത ആളായല്ല ) കരുതിയത്. എൻ്റെ കാര്യത്തിലെ തടസ്സം അതിനേക്കാളും ദുർബലമാണെന്ന് ഞാൻ കരുതുന്നു. കാരണം മിസ്റ്റർ ജാക്സനെ കൊല്ലാനുള്ള പ്രത്യേക പദ്ധതിയെ സംബന്ധിച്ച് ആ സമയത്ത് ഇംഗ്ലണ്ടിലായിരുന്ന എനിക്ക് യാതൊരറിവും ഉണ്ടായിരുന്നില്ലെന്നും എൻ്റെ സഹോദരൻ്റെ അറസ്റ്റിന് മുമ്പായാണ് ഞാൻ അയച്ചതെന്നും അതുകൊണ്ടുതന്നെ ഏതെങ്കിലും പ്രത്യേക ഉദ്യോഗസ്ഥനെതിരെ എനിക്ക് പ്രത്യേക വൈരാഗ്യം ഉണ്ടായിരുന്നില്ലെന്നും പ്രോസിക്യൂഷൻ തന്നെ സമ്മതിച്ചിട്ടുണ്ട്. അതേ സമയം കെന്നഡിമാരെ കൊന്ന ബോംബ് ഹേം തന്നെയാണ് ഉണ്ടാക്കിയത്. അതിൻ്റെ പ്രയോഗഫലങ്ങളെക്കുറിച്ചുള്ള സമ്പൂർണ്ണമായ അറിവോട് കൂടിയാണ് അത് ചെയ്തത് (റൗളറ്റ് റിപ്പോർട്ട് പേജ് 33), എന്നിട്ടും ആ നിലയിൽ ഹേമിനെ രാജകീയമാപ്പിൻ്റെ പരിധിയിൽ നിന്ന് മാറ്റി നിർത്തിയില്ല. ബാരിനും മറ്റുള്ളവർക്കും വ്യതിരിക്തമായ പ്രേരണാകുറ്റത്തിന് പ്രത്യേകം പ്രത്യേകം കുറ്റം ചുമത്താതിൻ്റെ കാരണം ഗൂഢാലോചനാക്കുറ്റത്തിൻ്റെ കേസിൽ അവർക്ക് നേരത്തേ തന്നെ വധശിക്ഷ വിധിച്ചിരുന്നു എന്നത് കൊണ്ടാണ്. എൻ്റെ മേൽ പ്രത്യേകമായി കുറ്റം ചുമത്തിയത് ഞാൻ അങ്ങനെയല്ലാത്തത് കൊണ്ടും, ഫ്രാൻസിന് എന്നെ തിരികെ കിട്ടുകയായിരുന്നെങ്കിൽ എനിക്ക് കിട്ടുമായിരുന്ന അന്താരാഷ്ട്ര സൗകര്യങ്ങളെച്ചൊല്ലിയുമാണ്. അതിനാൽ ഉദ്യോഗസ്ഥരുടേയും മറ്റും കൊലപാതകത്തിൻ്റെ ഗൂഢാലോചനയിൽ പങ്കെടുത്തത് കുറേക്കൂടി അഗാധമായ കുറ്റസമ്മതം നടത്തിയ ബാരിനും ഹേമിനും നൽകിയ അതേ മാപ്പ് എന്നിലേയ്ക്ക് കൂടി വ്യാപിപ്പിക്കണമെന്ന് ഞാൻ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. നിയമത്തിലെ ഒരു വകുപ്പ് എന്നത് ആ വകുപ്പ് ഉൾക്കൊള്ളുന്ന കുറ്റകൃത്യത്തേക്കാൾ വലുതല്ല. എൻ്റെ സഹോദരൻ്റെ കേസിൽ ആണെങ്കിൽ ഈ ചോദ്യം ഉദിക്കുന്നേയില്ല. കാരണം ആ കേസ് ഏതെങ്കിലും കൊലപാതകത്തെക്കുറിച്ചല്ല.
III.  അതിനാൽ ബാരിൻ്റേയും ഹേമിൻ്റേയും കേസുകളിൽ ഗവണ്മെൻ്റ് ഇപ്പോൾ ചെയ്തത് വെച്ച് (രാജകീയ ) വിളംബരത്തെ വ്യാഖാനിക്കുകയാണെങ്കിൽ ഞാനും എൻ്റെ സഹോദരനും ” പൂർണ്ണമായ അർത്ഥത്തിൽ ” ” രാജകീയ മാപ്പിന് ” അർഹരാണ്. പക്ഷെ അത് പൊതുസുരക്ഷയുമായി യോജിച്ചു പോകുമോ? ഉണ്ടെന്ന് ഞാൻ സമ്പൂർണ്ണമായി വിശ്വസിക്കുന്നു. കാരണം,

a. ആഭ്യന്തര സെക്രട്ടറി വിശേഷിപ്പിച്ച പോലെ ഞങ്ങൾ  “അരാജകത്വത്തിൻ്റെ ചിവീടുക”ളിൽ പെടുന്നവരല്ല എന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കുന്നു. ഇതുവരെയുള്ള തീവ്രവാദ പാഠശാലകളിൽ കുറോ പാട് കിൻ്റെ അല്ലെങ്കിൽ ടോൾസ്റ്റോയിയുടെ ശാന്തവും തത്വചിന്താപരവുമായ അരാജകത്വത്തിന് പോലും ഞാനൊന്നും സംഭാവന നൽകിയിട്ടില്ല. എൻ്റെ ഭൂതകാലത്തെ വിപ്ലവാഭിമുഖ്യത്തെക്കുറിച്ചാണെങ്കിൽ, 1918 ലേയും 1914ലേയും എൻ്റെ അഭ്യർത്ഥനകളിൽ ഭരണഘടനയെ അനുസരിക്കാനുള്ള എൻ്റെ ദൃഢനിശ്ചയവും മിസ്റ്റർ മൊണ്ടാഗു രൂപകല്പന ചെയ്ത ഒരു  തുടക്കം സംഭവിച്ചാലുടൻ അതിനനുസരിച്ച് നിൽക്കാനുള്ള സന്നദ്ധതയും ഞാൻ വ്യക്തമാക്കിയിരുന്നു. പരിഷ്ക്കരണങ്ങളും അതിന് പിന്നാലെ വന്ന വിളംബരവും എൻ്റെ നിലപാടുകളിൽ ഉറച്ചുനിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്നു. അടുത്തകാലത്ത് ക്രമബദ്ധവും ഭരണഘടനാപരവുമായ വികസനത്തിൻ്റെ പക്ഷം ചേർന്നു നില്ക്കുന്നതിൽ എനിക്കുള്ള വിശ്വാസവും സമ്മതവും ഞാൻ പരസ്യമായി പ്രഖാപിച്ചിരുന്നു. ഭൂതകാലത്തിൽ ശത്രുക്കളായി വന്ന, ഭാവിയിലും ശത്രുക്കളായേക്കാവുന്ന,വടക്കു നിന്നുമുള്ള   തീവ്രവാദികളായ ഏഷ്യൻ ഗോത്രങ്ങളിൽ നിന്നും നമ്മുടെ രാജ്യം നേരിടുന്ന  ഭീഷണിയുടെ പശ്ചാത്തലത്തിൽഇന്ത്യയെ ധൈഷണികമായി സ്നേഹിക്കുന്ന ഓരോരുത്തരും രാജ്യതാത്പര്യത്തിനായി ഹൃദയപൂർവ്വം വിനീതമായി ബ്രിട്ടീഷുകാരുമായി സഹകരിക്കേണ്ടതാണെന്ന് ഞാൻ കരുതുന്നു. അതു കൊണ്ടാണ് 1914 ൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇന്ത്യയ്ക്ക് നേരെ ആസന്നമായ ജർമ്മൻ – തുർക്കി – അഫ്ഗാൻ ആക്രമണത്തിനെതിരെ സന്നദ്ധപ്രവർത്തകനായി എന്നെത്തന്നെ വാഗ്ദാനം ചെയ്തത്. താങ്കൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഭരണഘടനാനുസൃതമായി ചലിക്കാനും  പരസ്പരസഹായത്തിൻ്റേതായ സ്നേഹവും ബഹുമാനവും ബ്രിട്ടീഷ് ഡൊമിനിയനിൽ കൊണ്ടുവരാനും ഞാൻ എൻ്റെ പരമാവധി ശ്രമിക്കുമെന്ന് ആത്മാർത്ഥമായി രേഖപ്പെടുത്തുന്നു. അത്തരമൊരു സാമ്രാജ്യം വിളംബരത്തിൽ തെളിഞ്ഞു കാണുന്നുണ്ട്. അത് എൻ്റെ ഹൃദയൈക്യം പിടിച്ചുപറ്റിയിരിക്കുന്നു. തീർച്ചയായും ഇന്ത്യക്കാരല്ലെന്ന കാരണത്താൽ മാത്രം ഞാൻ ഒരു വർഗ്ഗത്തേയോ ഗോത്രത്തെയോ ജനതയെയോ വെറുക്കുന്നില്ല.
b. എൻ്റെ പക്ഷത്തുനിന്നും കൂടുതലായി ഒരു സുരക്ഷ ഗവണ്മെൻ്റ് ആവശ്യപ്പെടുകയാണെങ്കിൽ, ഗവണ്മെൻ്റ് നിർദ്ദേശിക്കുന്ന നിശ്ചിതവും യുക്തവുമായ ഒരു കാലത്തേയ്ക്ക് രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഏർപ്പെടില്ല എന്ന പ്രതിജ്ഞയെടുക്കാൻ എനിക്കും  എൻ്റെ സഹോദരനും പൂർണ്ണസമ്മതമാണ്. അത്തരമൊരു പ്രതിജ്ഞ എടുത്തില്ലെങ്കിൽ പോലും എൻ്റെ തകരുന്ന ആരോഗ്യവും ഞാൻ തന്നെ എനിക്ക് നിഷേധിച്ച വീടിൻ്റെ മധുരാനുഗ്രഹങ്ങളും ശാന്തവും പിന്മടങ്ങിയതുമായ ഒരു ജീവിതം നയിക്കാൻ എന്നിലുണ്ടാക്കുന്ന  അഭിനിവേശത്തിൻ്റെ ഫലമായി  സക്രിയമായ രാഷ്ട്രീയത്തിൽ അഭിരമിക്കുന്നതിലേയ്ക്ക്  ഒന്നും തന്നെ എന്നെ പ്രചോദിപ്പിക്കില്ല.
c. ഇതല്ലെങ്കിൽ മറ്റൊരു പ്രതിജ്ഞ, ഉദാഹരണത്തിന്  ഏതെങ്കിലുമൊരു പ്രവിശ്യയിൽ നിലനിർത്തിക്കൊണ്ട്, മോചനത്തിന് ശേഷം ഒരു പ്രത്യേക കാലം വരെ ഞങ്ങളുടെ ചലനങ്ങൾ പോലീസിൽ അറിയിച്ചു കൊണ്ട്, തുടങ്ങി ഭരണകൂടത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്ന യുക്തമായ നിബന്ധനകൾ ഞാനും എൻ്റെ സഹോദരനും സന്തോഷപൂർവ്വം സ്വീകരിക്കുന്നതാണ്. അവസാനമായി ഞാൻ അഭ്യർത്ഥിക്കുന്നതെന്തെന്നാൽ ഭരണകൂടത്തിൻ്റെ യഥാർത്ഥ സൃഷ്ടാക്കളായ ജനങ്ങളിൽ ഭൂരിഭാഗവും, ബഹുമാനപ്പെട്ട വയോധിക നേതാവും മിതവാദിയുമായ സുരേന്ദ്രനാഥ് മുതൽ തെരുവിലെ സാധാരണ മനുഷ്യൻ വരെ , പത്രങ്ങളും മാധ്യമ സമൂഹവും, പഞ്ചാബ് മുതൽ മദ്രാസ് വരെയുള്ള ഹിന്ദുക്കളും മുഹമ്മദരും ,എല്ലാവരും ഞങ്ങളുടെ പെട്ടെന്നുള്ള,സമ്പൂർണ്ണ മോചനത്തിനായി ആവശ്യപ്പെടുകയും അത് അവരുടെ സുരക്ഷയോട് ഒത്തുപോകുന്ന ഒന്നാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. (രാജകീയ) വിളംബരം ലക്ഷ്യം വെയ്ക്കുന്ന ജനതയ്ക്കുള്ളിലെ  ”കയ്പൻ വികാര ” ങ്ങളെ നീക്കം ചെയ്യുക എന്ന ലക്ഷ്യം നിറവേറ്റാൻ സഹായിക്കുന്ന ഒരു ഘടകം ആണ് അത് എന്നത് ജനത വ്യക്തമാക്കിയിരിക്കുന്നു. അതിനാൽ ഉദാരമായ പൊതുമാപ്പിൻ്റെ  പങ്കാളിത്തം ഇരുവരെ ലഭിക്കാത്ത ഞങ്ങൾ രണ്ടു പേരേയും അതുപോലുള്ളവരുടേയും മോചനം ഉറപ്പുവരുത്തും വരെ വിളംബരത്തിൻ്റെ യഥാർത്ഥ ലക്ഷ്യം നേടുകയോ ജനതയ്ക്കുള്ളിലെ കയ്പൻ വികാരങ്ങളെ നീക്കം ചെയ്യാൻ കഴിയുകയോ സാധ്യമല്ല എന്ന് ഞാൻ മുന്നറിയിപ്പ് നൽകുന്നു.

IV. കൂടാതെ ഒരു വിധിയുടെ നിറവേറ്റൽ പൂർണ്ണമായിത്തന്നെ ഞങ്ങളിൽ സംഭവിച്ചിരിക്കുന്നു. കാരണം,
a . ഞങ്ങൾ 10- 11 വർഷങ്ങളായി ജയിലിൽ കഴിയുന്നു. അതേ സമയം ജീവപര്യന്തം തടവിന് തന്നെ ശിക്ഷിക്കപ്പെട്ട സംന്യാൽ 4 വർഷമെത്തിയപ്പോൾ വിമോചിക്കപ്പെട്ടു. കലാപക്കേസുകളിൽ ജീവപര്യന്തത്തടവ് ലഭിച്ചവർ ഒരു വർഷത്തിനുള്ളിലും
b. ഞങ്ങൾ മില്ലിലും എണ്ണമില്ലിലും കഠിനമായി ജോലി ചെയ്യുകയും ഇന്ത്യയിലും ഇവിടെയും  തടവിൻ്റെ ഭാഗമായി ഞങ്ങൾക്ക് തന്ന മറ്റ് ജോലികളും നിർവ്വഹിക്കുകയുമുണ്ടായി.
c. ഞങ്ങളുടെ ജയിലിലെ പെരുമാറ്റം ഇപ്പോൾ മോചനം ലഭിച്ചവരുടെ പെരുമാറ്റത്തേക്കാൾ ഒട്ടും മോശമായിരുന്നില്ല. അവർ , പോർട്ട് ബ്ലെയറിൽപ്പോലും ഒരു ഗൂഢാലോചനാക്കുറ്റത്തിൽ സംശയിക്കപ്പെടുകയും വീണ്ടും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. നേരെമറിച്ച് ഞങ്ങൾ രണ്ടുപേരും ഈ ദിവസം വരെ സാധാരണയിൽ കവിഞ്ഞുള്ള അച്ചടക്കവും ഒതുക്കവും  പാലിക്കുകയും കഴിഞ്ഞ ആറുവർഷങ്ങൾക്കിടെ അച്ചടക്കലംഘനത്തിന് ഒരു കേസിൽ പോലും പെടാതിരിക്കുകയും ചെയ്തിട്ടുണ്ട്.
V .അവസാനമായി ആൻഡമാൻസിൽ നിന്നും മോചനം നേടിയവരുൾപ്പെടെ നൂറുകണക്കിന് രാഷ്ട്രീയത്തടവുകാരെ വിട്ടയച്ചതിൽ എൻ്റെ നന്ദി പ്രകാശിപ്പിക്കാൻ എന്നെ അനുവദിക്കുക. അതുവഴി 1914ലേയും 1918ലേയും എൻ്റെ നിവേദനങ്ങൾ ഭാഗികമായി അംഗീകരിക്കപ്പെട്ടതിലും. അതു കൊണ്ട് തന്നെ ഞാനും എൻ്റെ സഹോദരനും ഉൾപ്പെടെയുള്ള അതേ കുറ്റം ചെയ്ത ബാക്കിയുള്ള തടവുകാരെ ബഹുമാനപ്പെട്ട പൊന്നുതമ്പുരാൻ ഉടൻ തന്നെ മോചിപ്പിക്കും എന്ന് വലിയ പ്രത്യാശ വെച്ചു പുലർത്താൻ കഴിയില്ല. പ്രത്യേകിച്ചും മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം കഴിഞ്ഞ കുറേക്കാലമായി ഒരു തരത്തിലുമുള്ള അസ്വസ്ഥത അനുഭവിക്കാതിരിക്കുന്ന സാഹചര്യത്തിൽ. എങ്കിലും, ഞാനിവിടെ ബോധിപ്പിക്കുന്നത് എന്തെന്നാൽ ഇപ്പോൾ മോചിക്കപ്പെട്ടവരുടെയോ മറ്റാരുടെയെങ്കിലോ സ്വഭാവത്തിൻ്റെ അടിസ്ഥാനത്തിൽ ഞങ്ങളുടെ മോചനം എന്തെങ്കിലും നിബന്ധനയുടെ അടിസ്ഥാനത്തിൽ ആയിരിക്കരുത്. കാരണം ഞങ്ങൾക്ക് മോചനം നിഷേധിക്കുന്നതും മറ്റുള്ളവർ ചെയ്ത തെറ്റിന് ഞങ്ങളെ ശിക്ഷിക്കുന്നതും  അസംബന്ധമാണ്.
VI . ഇക്കാര്യങ്ങളുടെ പശ്ചാത്തലത്തിൽ  വിവേകപൂർണ്ണമായ എന്ത് പ്രതിജ്ഞയെടുക്കാനുള്ള എൻ്റെ തന്നെ സന്നദ്ധതയും നടപ്പിൽവന്നതും വാഗ്ദാനം ചെയ്തതുമായ പരിഷ്ക്കരണങ്ങളും  തുർക്കി – അഫ്ഗാൻ തീവ്രവാദികളുടെ വടക്കുനിന്നുള്ള പൊതു ആക്രമണത്തിൻ്റെ പൊതുവായ സ്വഭാവവും എന്നെ നമ്മുടെ രണ്ട് രാഷ്ട്രങ്ങളുടേയും താത്പര്യങ്ങളുടെ വിശ്വസ്തമായ സഹകരണത്തിൻ്റെ വ്യക്താവാക്കി എന്നെ മാറ്റിയിരിക്കുന്നു. അത് മുൻ നിർത്തി ഗവണ്മെൻ്റ് എന്നെ വിമോചിപ്പിക്കുമെന്നും എൻ്റെ വ്യക്തിപരമായ നന്ദി ആർജ്ജിക്കുമെന്നും ഞാൻ കരുതുന്നു. എൻ്റെ ആദ്യകാലജീവിതത്തിൻ്റെ ഉജ്ജ്വല പ്രതീക്ഷകൾ പെട്ടെന്ന് തന്നെ മങ്ങിപ്പോയി. അത് വേദനാജനകമായിരുന്നു. മോചനം എനിക്ക് പുതുജന്മം തരുമെന്നും, അതെൻ്റെ ഹൃദയത്തെ തൊടുമെന്നുമുള്ള വൈകാരികവും ആ ദയാവായ്പിനോട് കീഴ്പ്പെട്ടിട്ടുമുള്ള എൻ്റെ പശ്ചാത്താപത്തിൻ്റെ സ്റോതസ്സ് രാഷ്ട്രീയമായി ഭാവിയിൽ ഉപയോഗപ്രദമാകും. ധൈര്യം തോൽക്കുന്നിടത്ത് ഉദാരത വിജയിക്കും.

അദ്ദേഹത്തിൻ്റെ ഉദ്യോഗകാലഘട്ടത്തിൽ ഞാൻ എപ്പോഴും കാണിച്ചിട്ടുള്ള വ്യക്തിപരമായ ബഹുമാനവും അക്കാലത്ത് ഞാൻ ഇടയ്ക്കിടെ അഭിമുഖീകരിക്കേണ്ടി വന്ന അങ്ങേയറ്റത്തെ നിരാശകളും മുൻനിർത്തി ചീഫ് കമ്മീഷണർ എൻ്റെ നിരാശയുടെ ദോഷരഹിതമായ ഈ പുറംതള്ളലിനെ നിഷേധിക്കുകയില്ലെന്നും ഈ അഭ്യർത്ഥന മുകളിലേയ്ക്ക് അയച്ച് – അദ്ദേഹത്തിൻ്റെ ശുപാർശയോടെ അത് വൈസ്റോയിക്ക് സമർപ്പിപ്പിച്ച് – എന്നോട്
അവസാനമായി ചെയ്യാവുന്ന ഉപകാരം അനുഷ്ഠിക്കുമെന്നും പ്രത്യാശിക്കുന്നു.

താങ്കളുടെ ഏറ്റവും വിശ്വസ്ത സേവകൻ
വി.ഡി. സവർക്കർ
കുറ്റവാളി നമ്പർ 32778


 

Comments

comments