കിലിമഞ്ചാരോയെക്കുറിച്ച് ആദ്യമായി കേട്ടതെപ്പോഴായിരുന്നു. അച്ഛൻ വാങ്ങിച്ചുതന്ന കിഴക്കാനാഫ്രിക്കൻ രാജ്യങ്ങൾ എന്ന പുസ്തകത്തിൽ നിന്നോ, അതോ ഏണസ്റ്റ് ഹെമിംഗ്‌വേയുടെ സ്നോസ് ഓഫ് കിലിമഞ്ചാരോ എന്ന നീണ്ടകഥയിൽ നിന്നോ? ആദ്യത്തേതിലത് പൂർണ്ണമായും ഒരു ഭൂമിശാസ്ത്രവിവരണമായിരുന്നു. രണ്ടാമത്തെ പുസ്തകത്തിന്‍റെ തുടക്കത്തിനും കാര്യം ഹെമിംഗ്‌വേയുടേതെങ്കിലും ഭൂമിശാസ്ത്രച്ഛായ തന്നെയാണ്. അതിങ്ങനെ ചെരിഞ്ഞ അക്ഷരങ്ങളിൽ തുടങ്ങുന്നു: ‘കിലിമഞ്ചാരോയെന്നാൽ പത്തൊമ്പതിനായിരത്തി എഴുന്നൂറ്റിപ്പത്ത് അടി ഉയരത്തിലുള്ള, മഞ്ഞുപൊതിഞ്ഞതും ആഫ്രിക്കയിലെ ഏറ്റവും ഉയർന്നതുമായ പർവ്വതമാണ്’. തീർത്തുമൊരു ഭൂമിശാസ്ത്രവാചകം. മാസയികൾ പടിഞ്ഞാറൻ കൊടുമുടിയെ ‘ങ്കായെ ങ്കായി‘ അഥവാ ദൈവഭവനം എന്നു വിളിക്കുന്നു എന്ന് ഹെമിംഗ്‌വേ പിന്നാലെ കൂട്ടിച്ചേർക്കുന്നു. ആ ദൈവഭവനത്തിനടുത്തായി വരണ്ടു തണുത്തുറഞ്ഞ ഒരു പുള്ളിപ്പുലിയുടെ ശരീരം ഉണ്ടത്രെ. ആ പുലി എങ്ങനെയാണ് അത്രയും ഉയരത്തിൽ എത്തിയതെന്ന് എഴുത്തുകാരൻ അത്ഭുതപ്പെടുമ്പോൾ അമാനുഷികമായ സാധ്യതകളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത് എന്നു നമുക്കു തോന്നും. കഥയിലെ പ്രധാനകഥാപാത്രമായ ഹാരി തന്‍റെ ജീവിതം നേരെയാക്കിയെടുക്കാൻ ശ്രമിക്കുന്നത് ഒരു ആഫ്രിക്കൻ സഫാരിയിലൂടെയാണ്. പുള്ളിപ്പുലിയുടെ ശരീരം കിലിമഞ്ചാരോയുടെ മുകളിലെത്തുന്നതുപൊലെ ഒരു ദുഷ്കരയത്നം. ആ സാധ്യമല്ലാസാധ്യതയ്ക്കൊടുവിൽ സഫാരിയ്ക്കിടെ ഗാങ്ഗ്രീൻ എന്ന ഗുരുതരരോഗം ബാധിച്ച് ഹാരി മരണത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഹെമിംഗ്‌വേയുടെ കഥയിൽ കിലിമഞ്ചാരോയുടെ ദൃശ്യം പിന്നീടു വരുന്നത് അവസാനഭാഗത്തു മാത്രം. സാവന്നയ്ക്കു മുകളിലൂടെ വിമാനത്തിൽ പറക്കുന്ന കോമ്പി അഥവാ കോമ്പ്ടൻ കാണുന്ന കാഴ്ചയായി. അതിൽ നാം കാണുന്നതാകട്ടെ, ലോകത്തോളം വിശാലമായ, മഹത്തായ, ഉയർന്നുനില്ക്കുന്ന, സൂര്യപ്രകാശത്തിൽ അവിശ്വസനീയമാംവിധം വെളുപ്പാർന്ന കിലിമഞ്ചാരോയുടെ ചതുരൻ മുഖവും.
കിലിമഞ്ചാരോയുടെ വടക്കൻ ചെരിവിലെ പ്രധാനഗോത്രക്കാരാണ് മാസയികൾ. തെക്കും കിഴക്കും ചെരിവുകളിലുള്ളവർ ചഗ്ഗകളും. രാജ്യങ്ങൾ രാഷ്ട്രീയമായി പുനർക്രമീകരിക്കപ്പെട്ടപ്പോൾ കാടുകളും മലകളും വിഭജിക്കപ്പെട്ടു. താൻസാനിയയും കെനിയയും കിലിമഞ്ചാരോയുടെ വടക്കൻ ചെരിവിലൂടെ അതിർത്തി വരച്ചിട്ടു. മാസയികളുടെ നാട്ടിലൂടെ. അങ്ങനെ ചഗ്ഗകൾ പൂർണ്ണമായും താൻസാനിയക്കാരായി മാറിയപ്പോൾ മാസയികൾ ഇരുരാഷ്ട്രക്കാരായി പിരിഞ്ഞു. പറഞ്ഞു വന്നത് അതല്ല. കിലിമഞ്ചാരോയെന്ന പേരുമായി അതിന്‍റെ പരിസരത്തു താമസിക്കുന്ന ഗോത്രക്കാർക്ക് അതു മാസയികളാകട്ടെ, ചഗ്ഗകളാകട്ടെ, യാതൊരു ബന്ധവുമില്ല എന്നാണ്. ആ വാക്ക് വന്നത് സ്വാഹിലിയിൽ നിന്ന്. സ്വാഹിലികളാകട്ടെ ആഫ്രിക്കയുടെ കിഴക്കൻ കടൽത്തീരത്തിനോടടുത്തു കഴിയുന്നവരും. അവർ കിലിമഞ്ചാരോയുടെ ദൂരക്കാഴ്ച മാത്രമുള്ളവരായിരുന്നു. കിലിമ എന്നാൽ സ്വാഹിലിയിൽ മല. ജാരോയാകട്ടെ കച്ചവടസംഘവും. ആഫ്രിക്കയുടെ കിഴക്കൻ തീരത്തുകൂടെ യഥേഷ്ടം സഞ്ചരിച്ചിരുന്ന കച്ചവടസംഘങ്ങൾക്ക് എവിടെനിന്നു നോക്കിയാലും കാണുന്ന പർവ്വതപ്പൊക്കമായിരുന്നല്ലോ കിലിമഞ്ചാരോ. നക്ഷത്രങ്ങൾക്കു സമമായ വഴികാട്ടി.
എന്നാൽ പേരിന്‍റെ വഴി അങ്ങനെത്തന്നെയാവണമെന്നില്ല. സ്വാഹിലിയിൽ ഞ്ചാരോ എന്നൊരു വാക്കു കൂടിയുണ്ട്. അർത്ഥം വെളുപ്പ്. കിലിമയുടെ കൂടെ ചേർത്തുവായിച്ചാൽ ധവളഗിരി. ഒരു കാലത്ത് പൂർണ്ണമായും മഞ്ഞുപുതച്ചു കിടന്നിരുന്നതിനാൽ അതിനെ അങ്ങനെ വിളിക്കുന്നതിൽ അത്ഭുതമില്ലല്ലോ. എങ്കിലും ഗംഭീരനായ പർവ്വതം എന്നുതന്നെ പറയേണ്ട ഒന്നിനെ വെറുമൊരു മലയെന്ന്, അതായത് കിലിമ എന്നു വിളിച്ചതിലെ അനൗചിത്യം സ്വാഹിലികളോടു ചോദിക്കണോ, അതോ ആ പേര് പ്രചരിപ്പിച്ച ആദ്യത്തെ പാശ്ചാത്യരോടു ചോദിക്കണോ. പക്ഷെ, ഒന്നുണ്ട്. ഭൂമിയിൽ നിന്നൊറ്റയ്ക്കുയർന്നു നില്ക്കുന്ന ഈ വിശുദ്ധപർവ്വതത്തെ ദൈവമെന്നോണം കരുതുന്ന മാസയികൾക്കും ചഗ്ഗകൾക്കും കിലിമഞ്ചാരോയെന്ന പേരിനോടശേഷം താല്പര്യമില്ല. എന്തായാലും ആ ചേരാപ്പേര് കിലിമഞ്ചാരോയുടെ നിഗൂഢതയ്ക്കു ആക്കം കൂട്ടുന്നുണ്ട് എന്നതു സത്യം. ഒന്നുകൂടി പറയട്ടെ, ഞ്ചാരോയ്ക്ക് മറ്റൊരർത്ഥം കൂടിയുണ്ട് സ്വാഹിലിയിൽ. അതൊരു ഭൂതത്താനാണ്. ഈ മഹാപർവ്വതത്തെ കാത്തു സൂക്ഷിക്കുന്ന ഞ്ചാരോ എന്ന അദൃശ്യാത്മാവ്. ആദ്യമായി കിലിമഞ്ചാരോ കയറിയ പാശ്ചാത്യൻ ഹാൻസ് മെയർ ഒരിക്കൽ തന്‍റെ പർവ്വതാരോഹണത്തെക്കുറിച്ച് ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു. ‘ഈ പർവ്വതത്തിന്‍റെ രക്ഷാധികാരിയായ ഞ്ചാരോ ഞങ്ങളുടെ മലകയറ്റത്തെ വളരെ അനുതാപപൂർവ്വമായിരിക്കണം നോക്കിക്കണ്ടത്, കാരണം ഞ്ചാരോയുടെ സംരക്ഷിതഭൂമിയെ കീഴടക്കിയിട്ടും, കഠിനയാത്രയിലൊരിക്കൽപ്പോലും കൊടുങ്കാറ്റോ മഞ്ഞുവീഴ്ചയോ ഞങ്ങളെ ബുദ്ധിമുട്ടിച്ചില്ല എന്നതു തന്നെ’.
ഈ മനോഹരഗിരിശൃംഗത്തിന്‍റെ വടക്കൻ താഴ്വരയിൽ കഴിയുന്ന മാസയികൾക്ക് കിലിമഞ്ചാരോ എന്നാൽ ങ്കാരോ എന്ന ജലസ്രോതസ്സാണ്. കിലിമഞ്ചാരോയിൽ നിന്നൊലിച്ചിറങ്ങുന്ന നീർച്ചാലുകളും കൊച്ചരുവികളും, അവ ചെന്നെത്തുന്ന തടാകങ്ങളും തണ്ണീർത്തടങ്ങളുമാണ് മാസയികൾക്കെന്നല്ല, തെക്കൻ കെനിയയിലെ വന്യജീവികൾക്കെല്ലാം ആശ്രയം.
കിലിമഞ്ചാരോയുടെ അഭൗമസാന്നിദ്ധ്യം അടുത്തനുഭവിക്കണമെങ്കിൽ താൻസാനിയയിൽത്തന്നെ പോകണം. അതു കയറണമെങ്കിലുമങ്ങനെത്തന്നെ. കാരണം, ഭൂമിശാസ്ത്രപരമായി നോക്കിയാൽ പൂർണ്ണമായും താൻസാനിയയിലാണ് കിലിമഞ്ചാരോ സ്ഥിതി ചെയ്യുന്നത്. തല്ക്കാലം താൻസാനിയൻ വീസ കൈയ്യിലില്ലാത്തതിനാൽ ആ മോഹപൂർത്തീകരണം നടപ്പില്ല. അടുത്ത വഴി കെനിയയുടെ തെക്കേയറ്റത്തു ചെല്ലുക എന്നതാണ്. അവിടെ നിന്നും കാണാം ആകാശനീലിമയിലലിഞ്ഞു ചേരുന്ന ഈ നിഗൂഹിതഗിരിയെ.
കിലിമഞ്ചാരോയുടെ ഏറ്റവും മനോഹരവും ആകർഷണീയവുമായ കാഴ്ച കെനിയയിൽ നിന്നാണെന്ന് ഉറച്ചുവിശ്വസിക്കുന്ന അനേകരുണ്ട്. അത് ഏറെക്കുറെ സത്യവുമാണ്. അതിന്‍റെ കാരണം ഞാൻ വിശദീകരിക്കാം. കിലിമഞ്ചാരോയുടെ കിഴക്കും തെക്കുമുള്ള ചെരിവുകൾ താൻസാനിയൻ സമതലത്തിലേക്കാണ് നീളുന്നത്. വടക്കൻ ചെരിവ് കെനിയയിലേക്കും. ഈ രണ്ടു ചെരിവുകളും തമ്മിൽ കാലാവസ്ഥയിൽ വലിയ വ്യത്യാസങ്ങൾ നിലകൊള്ളുന്നു. പൊതുവെ, തെക്കൻ ചെരിവുകളിലേക്കാണ് വലിയ കാറ്റുകൾ വീശിക്കിതച്ചെത്തുക. ആ കാറ്റിലാകട്ടെ ഈർപ്പം കൂടുതലും. അവിടെ മഴക്കാറുകൾ ധാരാളമായിരിക്കും. അവയെല്ലാം തെക്കുഭാഗത്ത് തടഞ്ഞുനിർത്തപ്പെടുന്നതിനാൽ അവിടെ മഴ തോരാതെ പെയ്യുന്നു. ആ കനത്ത മഴയിൽ സൃഷ്ടിക്കപ്പെടുന്നത് വലിയ വൃക്ഷങ്ങളും ഹരിതാഭയും നിറഞ്ഞ മഴക്കാടുകളാണ്. പക്ഷെ, ഇപ്പറഞ്ഞ വൃക്ഷസമൃദ്ധി താൻസാനിയയിൽ നിന്നുള്ള കിലിമഞ്ചാരോദർശനത്തിനു തടയിടുന്നു. നേരെമറിച്ച് വടക്കുഭാഗത്ത് മഴ നന്നേ കുറവ്. മരങ്ങൾ കുറഞ്ഞ സമതലഭൂവിനെ ഒറ്റപ്പെട്ട മരങ്ങളും പുൽമേടുകളും ചേർന്ന സാവന്നകളാണ് വേറിട്ടുനിർത്തുന്നത്. അതുകൊണ്ട്, വളരെ വിശാലമായ ദൂരക്കാഴ്ചകൾ ഇവിടെനിന്നു സാധ്യമാവുകയും ചെയ്യുന്നു. അതായത്, കിലിമഞ്ചാരോയുടെ മികച്ച വിദൂരദൃശ്യങ്ങൾ കെനിയയിലെ അംബോസെലിയിൽ നിന്നാണെന്നു പറയാം. അവിടം സന്ദർശിച്ചവരുടെ വിവരണങ്ങൾ പണ്ടുമുതലേയെന്നെ മോഹിപ്പിച്ചിരുന്നു. അങ്ങനെയായിരുന്നു പേരിലും ഓർമ്മകളിലും വിവരണങ്ങളിലുമെല്ലാം പിടികിട്ടാരഹസ്യങ്ങൾ കാത്തുസൂക്ഷിക്കുന്ന കിലിമഞ്ചാരോയെ ഒരു നോക്കെങ്കിലും കാണണം എന്ന ഒരൊറ്റയാഗ്രഹത്തിൽ കെനിയയുടെ തെക്കേയറ്റത്തുള്ള അംബോസെലിയിലേക്ക് ഞാൻ വെച്ചുപിടിച്ചത്. ഒപ്പം എന്‍റെ ഏതാനും കലാലയസഹപാഠികളും.
ഈ കെനിയൻ ഭൂമിയിൽ നിന്നാദ്യമായി ഇന്നാട്ടുകാരനല്ലാത്ത ഒരാൾ കിലിമഞ്ചാരോയുടെ വിസ്മയക്കാഴ്ച കാണുന്നത് ഒന്നേമുക്കാൽ നൂറ്റാണ്ടു മുമ്പാണ്. കൃത്യമായി പറഞ്ഞാൽ 1848-ൽ. അന്ന് എത്യോപ്പിയയിൽനിന്ന് പുറത്താക്കപ്പെട്ട ജർമ്മൻകാരനായ മതപ്രചാരകൻ യൊഹാൻ റെഡ്മാൻ ഇവിടെയെത്തി. മൊംബാസ വഴിയായിരുന്നു ആ വരവ്. കിലിമഞ്ചാരോയുടെ ദൃശ്യം അദ്ദേഹത്തെ അമ്പരപ്പിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. പിന്നീട്, ഹിമശോഭയാൽ വെട്ടിത്തിളങ്ങുന്ന പർവ്വതഗോപുരം കണ്ടു എന്ന് മറ്റുള്ളവരോടു ദൈവത്തെ ആണയിട്ട് പറഞ്ഞിട്ടും ഒരൊറ്റയാൾ പോലും അക്കാര്യം വിശ്വസിച്ചില്ല. അത്യോഷ്ണമേഖലയായ ഭൂമധ്യരേഖാപ്രദേശത്ത് മഞ്ഞുമലയെന്നൊക്കെ പറഞ്ഞാൽ ആരു വിശ്വസിക്കാനാണ്. എന്തിനേറെ, ഇക്കാര്യം ലണ്ടനിലെ പ്രസിദ്ധമായ റോയൽ ജിയോഗ്രഫിക്കൽ സൊസൈറ്റിയിൽ അവതരിപ്പിച്ചപ്പോൾ റെഡ്മാനെ ഭൗമശാസ്ത്രജ്ഞന്മാർ പരിഹസിച്ചുപുറത്താക്കുകയും ചെയ്തു. അത്രയ്ക്കും അവിശ്വസനീയമായ ഒന്നായിരുന്നു ഭൂമധ്യത്തിലെ ഈ ഹിമശൃംഗം. പക്ഷെ, പുരാതനചരിത്രരേഖകൾ പരിശോധിച്ചാൽ മധ്യാഫ്രിക്കയ്ക്കു തൊട്ടുതെക്കായി ഒരു ഹിമപർവ്വതമുണ്ടെന്ന് ടോളമി എഴുതിവെച്ചതും കാണാം.
മുകളിലേക്കുയർന്നു നില്ക്കുന്ന മൂന്നു മുനമ്പുകളാണ് കിലിമഞ്ചാരോയ്ക്ക്. കീബോ, മവെൻസി, ഷീര എന്നിങ്ങനെ. കൃത്യമായി പറഞ്ഞാൽ സമുദ്രനിരപ്പിൽ നിന്ന് ആറായിരം മീറ്റർ തികയില്ല. 25 ലക്ഷം വർഷങ്ങൾക്കു മുമ്പെങ്ങോ പുകഞ്ഞുകൊണ്ടിരുന്ന ഒരഗ്നിപർവ്വതമായിരുന്നിരിക്കണം കിലിമഞ്ചാരോ. ആകാശപ്പൊക്കത്തിൽ നിന്നു നോക്കിയാൽ കെട്ടടങ്ങിയ അഗ്നിപർവ്വതമുഖം കൃത്യമായി കാണാം. ഇരുനൂറു കൊല്ലം മുമ്പ് കീബോയുടെ പരിസരത്തു നിന്നെങ്ങോ തുടർച്ചയായി പുകയുയർന്നതാണ് ഈ ജ്വാലാമുഖിയുടെ അവസാനത്തെ ഉണർച്ചയായി കണക്കാക്കുന്നത്. പിന്നീട്, രണ്ടു നൂറ്റാണ്ടുകളായി ഇവിടം ശാന്തം, സംഭവരഹിതം.
കീബോ മുനമ്പിനാണ് വലിപ്പം കൂടുതൽ. പൊക്കവും. അതിനെച്ചൊല്ലി ഒരു നാടോടിക്കഥ പ്രചാരത്തിലുണ്ട്. കീബോയും മവെൻസിയും സഹോദരന്മാരായിരുന്നുവത്രെ. ഇരുവരും ഒരിക്കൽ കിലിമഞ്ചാരോയുടെ മുകളിൽ തീ കാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്തുകൊണ്ടോ മവെൻസിയുടെ തീ കെട്ടുപൊയി. ഒരിക്കലല്ല. രണ്ടും മൂന്നും പ്രാവശ്യവുമല്ല. പല തവണ. ആദ്യമൊക്കെ തീക്കൊള്ളികൾ കൈമാറി കീബോ മവെൻസിയെ സഹായിച്ചു. പക്ഷെ, കനലിനായി വീണ്ടും വീണ്ടും മവെൻസി അടുത്തുചെന്നപ്പോൾ കീബോയുടെ സ്വഭാവം മാറി. മൂപ്പർക്കു വല്ലാത്ത ദേഷ്യം വന്നു. മാത്രമോ, തീക്കൊള്ളിയെടുത്ത് കീബോ മവെൻസിയുടെ തലയിൽ ആഞ്ഞടിക്കുകയും ചെയ്തു. അതോടെ പാവം മവെൻസിയുടെ പൊക്കം കുറഞ്ഞുപോയത്രെ. എന്‍റെ കെനിയക്കാരനായ സഹചാരി സാംസൻ ഈ കഥ പറഞ്ഞ് കുലുങ്ങിക്കുലുങ്ങിച്ചിരിച്ചു. സാംസന്‍റെ ചിരികാണാൻ നല്ല ഭംഗിയാണ്. നല്ല നിരപ്പുള്ള പല്ലുകളുടെ ഗുണം.
മവെൻസിയെ തല്ലിത്താഴ്ത്തി ഉയരത്തിൽ മേല്ക്കൈ നേടിയ കീബോയിലാണ് ഉഹൂരു എന്ന കൂർപ്പ്. കൊടുമുടി എന്നു തന്നെ പറയാം. ഉയരമളന്നാൽ ആഫ്രിക്കൻ വൻകരയിലെ ഏറ്റവും ഉയർന്ന സ്ഥലമാവുമത്. 5895 മീറ്ററാണ് പൊക്കം. ഉഹൂരു എന്ന വാക്കും സ്വാഹിലി തന്നെ. സ്വാതന്ത്ര്യം എന്നർത്ഥം. കിലിമഞ്ചാരോയിലേക്കുള്ള ഓരോ പർവ്വതസഞ്ചാരങ്ങളും സ്വാതന്ത്ര്യം തേടിയുള്ളവയാണെന്നു പറയുന്നത് വെറുതെയല്ല. ഈ ലോകത്തിൽ നിന്നൊരു വേർപെടൽ. പരമമായ ആനന്ദം. കെട്ടുപാടുകളില്ലാത്ത അപൂർവ്വനിമിഷങ്ങൾ. അതൊക്കെയാണല്ലോ ഒരോ പർവ്വതാരോഹകനും കാംക്ഷിക്കുന്നത്. അപ്പോൾപ്പിന്നെ ഈ അത്യുന്നതഭൂമിയെ ഉഹൂരു എന്നുതന്നെ വിളിച്ചേ തീരൂ. അഗ്നിപർവ്വതഗർത്തത്തിന്‍റെ അരികിലായാണ് ഉഹൂരു. കൃത്യമായി പറഞ്ഞാൽ കിലിമഞ്ചാരോയ്ക്കൊരു കീബോപ്പൊക്കം, കീബോയ്ക്കൊരു ഉഹൂരുപ്പൊക്കം. അതിന്‍റെ കീഴടക്കൽ സ്വപ്നം കാണുന്ന അസംഖ്യം പർവ്വതസ്നേഹികളും സാഹസികരും ലോകമെമ്പാടുമുണ്ടുതാനും. ആഫ്രിക്കയുടെ മേൽക്കൂരയെന്നു വിശേഷിപ്പിക്കുന്ന ഈ പർവ്വതഭൂവിലേയ്ക്കുള്ള സാഹസികയാത്രകൾ തുടർക്കഥയാവുന്നതും അതുകൊണ്ടു തന്നെ.
നെയ്റോബിയിലെ ജോമോ കെനിയാറ്റ വിമാനത്താവളത്തിലിറങ്ങുമ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു. നീണ്ട യാത്രയുടെ ക്ഷീണം എത്രയും പെട്ടെന്ന് താമസസ്ഥലത്തെത്താൻ പ്രേരിപ്പിച്ചു. അങ്ങു തെക്ക് അംബോസെലിയിലേക്കു 140 കിലൊമീറ്ററാണ് ദൂരം. റോഡുമാർഗ്ഗം നിർത്താതെയോടിച്ചാൽ ചുരുങ്ങിയത് നാലു മണിക്കൂറെങ്കിലുമെടുക്കും. ഉച്ചഭക്ഷണം കൂടി കഴിക്കേണ്ടതുള്ളതിനാൽ അത് പിന്നേയും വൈകിയതുതന്നെ. നിശ്ചയമായും ഇരുട്ടിയശേഷമേ എത്താനാവൂ എന്നുറപ്പിച്ചതോടെ ധൃതിയെല്ലാം പോയി. വളരെ സമാധാനത്തോടെ ആ ഡ്രൈവ് ആസ്വദിക്കാനും കഴിഞ്ഞു. പക്ഷെ, അത്രയും ദൂരം മുഴുവൻ കണ്ണുതുറന്നുപിടിച്ച് വണ്ടിയിലിരിക്കൽ പഴയപോലെ എളുപ്പമല്ല. കൊച്ചിയിൽ നിന്നു പുലർച്ചെ മൂന്നുമണിക്കു പുറപ്പെടേണ്ടി വന്നതിനാൽ നഷ്ടപ്പെട്ട ഉറക്കം വിമാനത്തിൽ ഭാഗികമായേ തീർക്കാനായുള്ളൂ. ബാക്കി കുടിശ്ശിക റോഡുയാത്രയിൽ തീർക്കാൻ ലക്ഷ്യം വെച്ചു.
ലാൻഡ് ക്രൂസർ ആയിരുന്നു വണ്ടി. അല്പം പഴഞ്ചനാണ്. നിറയെ പരിക്കുകളുമുണ്ട്. ഓടിക്കാനാണെങ്കിൽ സാംസൻ എന്ന ബലിഷ്ഠകായനും. ഒരാഴ്ച നീണ്ടുനിന്ന കെനിയൻ യാത്രയിലുടനീളം എനിക്കൊപ്പമുണ്ടായിരുന്നത് ഈ സാംസനും, അദ്ദേഹത്തിന്‍റെ ലാൻഡ് ക്രൂസറുമായിരുന്നു എന്നു പ്രത്യേകം പറയട്ടെ. സാംസന് വട്ടമുഖമാണ്. സുമുഖനായ താടിക്കാരൻ. യുവത്വത്തിന്‍റെ ഊർജ്ജമാണെങ്കിൽ വേണ്ടുവോളവും. നന്നായി ഇംഗ്ലീഷ് സംസാരിക്കും. മികച്ച ജന്തുസ്നേഹി. പിന്നെ, പക്ഷികളിൽ അതീവതല്പരനും. എനിക്കത് പ്രത്യേകിച്ച് സന്തോഷമായി. സാംസന്‍റെ കൈയ്യിലുണ്ടായിരുന്ന കിഴക്കനാഫ്രിക്കയിലെ പക്ഷികൾ എന്ന പുസ്തകം എനിക്കു വായിക്കാൻ തന്നത് നന്ദിപൂർവ്വമേ സ്മരിക്കാനാവൂ. ആ പുസ്തകമാകട്ടെ ഞാൻ നല്ലപോലെ ഉപയോഗിക്കുകയും ചെയ്തു. സത്യം പറയട്ടെ, കെനിയൻ യാത്രയ്ക്കിടയിൽ അമ്പതിലധികം പുതിയ പക്ഷി സ്പീഷീസുകളെയാണ് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞത്. സാംസന്‍റെ പുസ്തകവും അതു പകർന്ന അറിവുകളുമായിരുന്നു അതിനാധാരം. മാത്രവുമല്ല, സാംസൻ നല്ലൊരു സുഹൃത്തുമായി.
കികൂയു ഗോത്രക്കാരനാണ് സാംസൻ. കെനിയയിലെ ഏറ്റവും വലിയ ഗോത്രവിഭാഗമാണത്രെ കികൂയുകൾ. മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നിന് തൊട്ടുതാഴെയെങ്കിലും വരുമവരുടെയെണ്ണം. കറുപ്പും വെളുപ്പും മഴവില്ലും എന്ന പുസ്തകത്തിൽ ഞാൻ വിശദമായി പരിചയപ്പെടുത്തിയ ബാന്റു വർഗ്ഗക്കാരിൽ പെട്ടവരാണ് കികൂയുകൾ. ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ആദിമഗോത്രക്കാരിലൊന്നാണല്ലോ ബാന്റുകൾ. കെനിയയിലേക്ക് നൂറ്റാണ്ടുകൾക്കു മുമ്പ് വടക്കുനിന്നെത്തിയവർ. നല്ല നീതിബോധം പേറുന്നവരും, എന്നാൽ മികച്ച കച്ചവടമനസ്സുള്ളവരും, ഒപ്പം കൃഷിയിൽ തല്പരരുമായ ഒരു ജനതയാണെന്നാണ് കികൂയുകളെക്കുറിച്ച് പൊതുവെ പറയുക.
ഏകദൈവവിശ്വാസികളാണ് കികൂയുകൾ എന്നറിഞ്ഞപ്പോൾ ശരിക്കും അത്ഭുതമായി. സ്രഷ്ടാവായ ങ്കായിയാണത്രെ ദൈവം. സെമിറ്റിക് മതക്കാരെപ്പോലെ ആദിപുരുഷനും ആദിസ്ത്രീയും ഇവർക്കുണ്ട്. ഗികൂയു എന്നാണ് ആദമിന്‍റെ പേര്. മുമ്പി ഹവ്വയും. തെക്കുപടിഞ്ഞാറൻ കെനിയയിലെ കിരിന്യാഗ എന്ന പുണ്യഭൂമി ഇവർക്കായി ദൈവം ഒരുക്കിക്കൊടുത്തു. ഗികൂയുവിനും മുമ്പിക്കും ഒമ്പതായിരുന്നു മക്കൾ. എല്ലാവരും പെൺമക്കൾ. മുഗുമോ എന്ന അത്തിമരത്തിൽ നിന്നും ഇറങ്ങിവന്ന ഒമ്പതു പുരുഷന്മാർ അവരെ വിവാഹം ചെയ്തു. ഈ ഒമ്പതു പേരിൽ നിന്നു പിറന്നുവളർന്നവരാണത്രെ കികൂയു ഗോത്രക്കാരെല്ലാവരും. അവരിലെ ഒമ്പതു ഉപഗോത്രങ്ങൾ ഗികൂയുവിന്‍റെയും മുമ്പിയുടേയും ഒമ്പതു മക്കളെ കുറിക്കുന്നു. ങ്കായിയുടെ നാമത്തിലും, മ്വാത്താനി എന്ന സ്ഥാനപ്പേരുപയോഗിച്ചും കികൂയുരാജാക്കന്മാർക്കു നാടു ഭരിക്കാം. പിതാമഹരെ പ്രതിനിധാനം ചെയ്യുന്ന മുഗുമോ എന്ന അത്തിമരം എന്നല്ല എല്ലാ അത്തിമരങ്ങളും അവർക്ക് ദിവ്യവൃക്ഷങ്ങൾ. ദൈവബലികളെല്ലാം അതിനടിയിൽ വെച്ചാണ്. ങ്കായിയെ കാണാനാവുകയില്ലെങ്കിലും കികൂയുകൾക്കു വേണ്ടി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും. വാൽനക്ഷത്രങ്ങളായും ഇടിമിന്നലുകളായുമൊക്കെ. സൂര്യചന്ദ്രനക്ഷത്രങ്ങളെല്ലാം ങ്കായിയുടെ പ്രത്യക്ഷഭാവങ്ങൾ തന്നെ. പൂർവ്വികരുടെ അഭൗമശക്തിയിലും ഇവർക്കു വിശ്വാസമുണ്ട്. ആ പരേതാത്മക്കളുടെ പ്രത്യക്ഷരൂപമാണ് കികൂയുകൾക്ക് ഇപ്പോഴും അത്തിമരങ്ങൾ. ബ്രിട്ടീഷ് അധിനിവേശക്കാർക്കെതിരെ കെനിയൻ കലാപകാരികൾ നിരന്തരമായി പൊരുതിയ 1950-കളിലെ മൗ മൗ വിപ്ലവകാലത്ത് അത്തിമരങ്ങൾക്കു വലിയ പ്രാധാന്യമുണ്ടായിരുന്നു. ആ മരങ്ങൾക്കടിയിലിരുന്നാണ് വിപ്ളവകാരികൾ തങ്ങളുടെ ഭാവിപരിപാടികളും യുദ്ധതന്ത്രങ്ങളുമെല്ലാം ആസൂത്രണം ചെയ്തിരുന്നത്.
സാംസന്‍റെ നാടോടിഗാഥകളും ചരിത്രവും കേട്ട് ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി. ഉറക്കത്തിൽ കയറിവന്നതെല്ലാം കഥകളായിരുന്നു. സ്വപ്നങ്ങളായി അവ നിദ്രയിൽ നാടകമാടി. അവിടെ കീബോയും മവെൻസിയും ഗികൂയുവും മുമ്പിയുമൊക്കെ വേഷമിട്ടു വന്നു. പശ്ചാത്തലത്തിൽ അത്തിമരങ്ങൾ തണൽ വിരിച്ചുനിന്നു. കീബോ വലിയൊരു തീക്കളം വിരിച്ചിട്ടപ്പോൾ എങ്ങും പുകനിറഞ്ഞുപരന്നു. അതിനുള്ളിൽ നിന്നൊരു പൊട്ടിത്തെറി. കിലിമഞ്ചാരോ വീണ്ടും പുകയുകയാണോ എന്നു തോന്നി. തീജ്വാലകളുയർന്നു വന്നു. ചഗ്ഗകളും മാസായികളും കിയൂകുകളുമെല്ലാം പരിഭ്രാന്തരാവുകയാണ്. ഒപ്പം കെനിയൻ ഭൂമി വിറകൊള്ളുകയും ചെയ്യുന്നു. തീർത്തും ഭീഷണമായ അന്തരീക്ഷം. ഒടുവിൽ അത്തിമരത്തിനു മുകളിൽ ഗികൂയു പ്രത്യക്ഷപ്പെട്ട് ആരും ഭയപ്പെടേണ്ട എന്നു പറയുന്നു. ആകാശത്തു നിന്നൊരു ഇടിമിന്നൽ. പിന്നെ മഴയാണ്. അതുവരെയാരും കാണാത്തത്രയും വലിയ പേമാരി. കിലിമഞ്ചാരോ നനഞ്ഞുകുതിരുന്നു. പുകയും തീയുമെല്ലാം എങ്ങോ പോയിമറഞ്ഞു. കെനിയക്കാർ നെടുവീർപ്പിടുന്നു. അവരുടെ മുഖത്തെല്ലാം ആശ്വാസവും സന്തോഷവും. ചിരിയുടെ ഘോഷങ്ങൾ. അവർക്കു നടുവിൽ ഏറ്റവും ഉച്ചത്തിൽ ചിരിച്ചുകൊണ്ട് സാംസൻ. അയാളപ്പോഴും വണ്ടിയോടിച്ചുകൊണ്ടേയിരിക്കുകയാണ്.
ഞാൻ കണ്ണു തുറന്നപ്പോൾ നേരം ഇരുട്ടിയിരുന്നു. സാംസന്‍റെ ശ്രദ്ധ മുഴുവൻ വണ്ടിയോട്ടത്തിലാണ്. “നമ്മോളിപ്പോഴെത്തും” ചിരിച്ചുകൊണ്ടയാൾ പറഞ്ഞു. അധികം വൈകിയില്ല. അംബോസെലിയിലെ വനഭൂവിൽത്തന്നെയുള്ള താമസസ്ഥലത്തിനു മുന്നിൽ വണ്ടിനിന്നു. ചെടികളും മരങ്ങളും നിറഞ്ഞയിടം. ഇരുട്ടിൽ കാടിനുള്ളിൽ വന്നുനിന്നതു പോലെ തോന്നി. വെളിച്ചം തീരെക്കുറവ്. മുകളിൽ സ്ഥലത്തിന്‍റെ പേരെഴുതിയ മരപ്പലക തൂങ്ങിയാടുന്നു. പലകയ്ക്കിരുവശത്തുമായി രണ്ടു ആനത്തലകളുടെ രേഖാചിത്രങ്ങൾ. അതിനിടയിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ. കീബോ, അംബോസെലി എന്നെഴുതിയതു ഞാൻ അരണ്ട വെളിച്ചത്തിൽ വായിച്ചു. കിലിമഞ്ചാരോയിൽ തീക്കാഞ്ഞുകൊണ്ടിരിക്കുന്ന കീബോയെ ഞാനൊരിക്കൽക്കൂടിയോർത്തു.
കീബോ ലോഡ്ജിലെ താമസസ്ഥലങ്ങൾ ഒറ്റയൊറ്റ കോട്ടേജുകളാണ്. മരത്തടിയിൽ പണിത് ഓലമേഞ്ഞ കുടിലുകൾ. ആകെയിരുട്ടാണ് ചുറ്റിനും. കല്ലു പാകിയ വഴികളുടെയോരത്ത് നിലത്തോട് ചേർന്നു മാത്രമാണ് അല്പം വെളിച്ചമുള്ളത്. കുടിലുകൾക്കൊന്നിനും വാതിലില്ല. ടെന്റുകൾക്കെന്നോണം സിപ്പ് വെച്ചടയ്ക്കാം. എന്തായാലും അതടച്ചിടണമെന്നത് നിർബ്ബന്ധം. കാരണം വന്യമൃഗങ്ങൾ കയറിവരാമത്രെ. വലിയ പുള്ളികളല്ല. കുരങ്ങന്മാർ, ബബൂണുകൾ, മയിലുകൾ, പിന്നെ കഴുതപ്പുലികളും. ചിലപ്പോൾ പാമ്പുകളും. ഞാനൊന്നു ഞെട്ടി. സത്യത്തിൽ ആ രാത്രിയിൽത്തന്നെ ഇവയോരോന്നിനേയും അതിഥികളിൽ പലരും കാണുകയും ചെയ്തു. പാമ്പിനെയൊഴിച്ച്.
കെനിയയിലേക്കു തിരിക്കുമ്പോൾ ചില അസുഖങ്ങളെക്കുറിച്ച് നമുക്ക് പ്രത്യേകശ്രദ്ധ വേണ്ടതുണ്ട്. അതിൽ പ്രധാനമാണ് മഞ്ഞപ്പനിയും മലേറിയയും. ആഫ്രിക്കയിൽ ധാരാളമായിക്കാണുന്ന ഫാൾസിപ്പാറം മലേറിയ അതീവ അപകടകാരിയാണ്. തലച്ചോറിനെ ബാധിക്കുകയും മരണത്തിലേക്കു നയിക്കുകയും ചെയ്യുന്ന ഒന്ന്. വരാതിരിക്കാൻ നോക്കുക എന്നതാണ് പ്രധാനം. മഞ്ഞപ്പനിക്ക് നേരത്തെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിരുന്നു. അതില്ലാതെ കെനിയയിലേക്കു കടക്കാനാവില്ല. മലേറിയക്കെതിരായ കുത്തിവെയ്പ്പുകൾ അത്ര പ്രചാരത്തിലുള്ളവയല്ല. അതുകൊണ്ട്, കൊതുകടി കൊള്ളാതെ നോക്കുകയും ചില പ്രതിരോധമരുന്നുകൾ കഴിക്കുകയുമേ നിവൃത്തിയുള്ളൂ. ഒഡോമോസും കൊതുവലയുമാണ് ഏറ്റവും വലിയ ആശ്രയം. എല്ലാ താമസയിടങ്ങളിലും കൊതുകുവലയുണ്ടാവുകയും ചെയ്യും. രാത്രിയുറക്കം നിർബ്ബന്ധമായും അതിനകത്തുതന്നെ. കീബോയിലെ കുടിലും അക്കാര്യത്തിൽ വ്യത്യസ്തമായിരുന്നില്ല. എത്രയോ കാലങ്ങൾക്കു ശേഷമാണ് ഒഡോമോസ് മേലുമുഴുവൻ വാരിപ്പൂശുന്നത്. നേരെ കൊതുകുവലയ്ക്കുള്ളിലേക്കു കയറി. ദൂരെ ചില അലർച്ചകളും ഓരിയിടലുകളുമൊക്കെ കേൾക്കാമായിരുന്നു. അംബോസെലിയിലെ സാവന്നക്കാടുകൾ നിശാചരരാൽ സമ്പന്നമായിരിക്കണം. പക്ഷെ, ആ ബഹളമൊന്നും ശ്രദ്ധയിലധികം നിന്നില്ല. ഒരു ദിവസത്തെ മുഴുവൻ യാത്രാക്ഷീണമുണ്ടായിരുന്നതുകൊണ്ട് കിടന്നപാടെ ഉറങ്ങിപ്പോവുകയും ചെയ്തു.
ഹെമിംഗ്‌വേയുടെ കിലിമഞ്ചാരോക്കഥ തന്നെയാണ് ആ നിദ്രയിൽ എന്‍റെയൊപ്പമുണ്ടായിരുന്നത്. അതിലെ അവസാനരംഗം എന്‍റെ സ്വപ്നത്തിൽ തെളിഞ്ഞു. ഞാനിപ്പോൾ താമസിക്കുന്ന പോലൊരു ടെന്റിൽ ഹാരിയും ഹെലനും. ഹെമിംഗ് വേയുടെ കഥാപാത്രങ്ങൾ. ഹാരി മൃതപ്രായനാണ്. ഹെലൻ നല്ല ഉറക്കത്തിലും. അവൾ സ്വപ്നം കാണുകയാണ്. അങ്ങു ദൂരെ ലോങ് ഐലൻഡിൽ മകളോടൊത്തുള്ള രംഗങ്ങൾ. അതേസമയം ഹാരിക്ക് തന്‍റെ ജീവിതാവസാനത്തെക്കുറിച്ചായിരുന്നു ചിന്ത. ആ ചിന്ത കടന്നുവന്നതാകട്ടെ പൊടുന്നനെയും. ജലപാതമോ കാറ്റോ കുതിച്ചെത്തുന്നതുപോലെയൊന്നുമല്ല; മറിച്ച്, ദുഷ്ടഗന്ധമുള്ള ഇല്ലായ്മ ക്ഷണനേരംകൊണ്ട് ചുറ്റും പരന്നതുപോലെ. വിചിത്രമായതെന്തെന്നുവെച്ചാൽ, ഒരു കഴുതപ്പുലി അതിന്‍റെ ഓരത്തായി ഒന്നു വഴുക്കിവീണതായിരുന്നു. ഞരക്കങ്ങളവസാനിപ്പിച്ച്, ഒരു വല്ലാത്ത മനുഷ്യശബ്ദത്തിൽ അതുറക്കെക്കരഞ്ഞുതുടങ്ങി. ഹെലനതു കേട്ടു, അസ്വസ്ഥതയോടെ ഒന്നനങ്ങി. അവൾ സ്വപ്നത്തിൽ നിന്നുണരുന്നുണ്ടായിരുന്നില്ല. കഴുതപ്പുലി വീണ്ടും ഉറക്കെക്കരഞ്ഞു. ഇപ്രാവശ്യം ഹെലന് ഉണരാതെ വയ്യായിരുന്നു. അവൾ കണ്ണുതുറന്നതോ എന്നെന്നേക്കുമായി അനക്കം നഷ്ടപ്പെട്ട ഹാരിയുടെ ശരീരം കണ്ടുകൊണ്ടും. ജീവനറ്റ് നിശ്ചലമായത് എന്‍റെ ശരീരമാണെന്നെനിക്കു തോന്നി. കഴുതപ്പുലി വല്ലാത്തൊരു നിലവിളിയോടെ എന്നെ വലംവെച്ചു. അങ്ങകലെ, എവിടെനിന്നോ ആരോയെന്നെ വിളിക്കുന്നുണ്ട്. ഹാരി, ഹാരി എന്ന ഹെലന്‍റെ ദീനമായ വിളികളെല്ലാം ഹരീയെന്നാണെനിക്കനുഭവപ്പെട്ടത്. ഒന്നും മിണ്ടാനാവാതെ ഏതോ ഭയഗർത്തത്തിൽ ആണ്ടുപോവുകയായിരുന്നു ഞാൻ. ആ അഗാധതയിലെപ്പോഴോ ഞാനുറങ്ങിപ്പോയിട്ടുണ്ടാവണം.
രാവിലെ ഉറക്കമുണർന്നപ്പോഴേക്കും തലേന്നത്തെ സ്വപ്നങ്ങളെല്ലാം എങ്ങോ പോയ്മറഞ്ഞിരുന്നു. കഴുതപ്പുലിയുടെ വന്യരോദനങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ഹെമിംഗ്‌വേയുടെ കിലിമഞ്ചാരോയെ കാണുകയെന്ന ലക്ഷ്യം മാത്രമായിരുന്നു മുന്നിലപ്പോൾ. കീബോ ലോഡ്ജ് നില്ക്കുന്നിടത്തുതന്നെ മേഘങ്ങളില്ലെങ്കിൽ ആ മനോജ്ഞദൃശ്യം തെളിയുമെന്ന അറിവും പ്രതീക്ഷയും ആ പ്രഭാതത്തെ കൂടുതൽ മനോഹരമാക്കി. കീബോയുടെ പുറകിൽ, അതായത് തെക്കുവശത്തേക്കു ഞാൻ നടന്നു. തൊട്ടുമുന്നിലെ വൃക്ഷങ്ങൾ കാഴ്ചയെ ആകാശാതിരുകളിലേക്കെത്തിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും, മരങ്ങളൊഴിഞ്ഞ തുറസ്സായൊരിടം ഞാൻ കണ്ടെത്തി. ദൂരേയ്ക്കു കണ്ണുനട്ടുനിന്നു. തെക്കൻ ചക്രവാളത്തിൽ ഏതാനും വെള്ളിമേഘങ്ങൾ പാറിപ്പരന്നുകിടപ്പുണ്ട്. രണ്ടു നിരയായി പഞ്ഞിക്കീറുകൾ ചിതറിയിട്ടതുപോലെ. അവിടെ മുകൾനിരയ്ക്കു കീഴെ, അതാ ആകാശനീലയിൽ നേർത്തൊരതിരിട്ട് പതിയെ ഉയർന്നുനില്ക്കുന്ന ആഫ്രിക്കയുടെ മേൽത്തട്ട്. നീലയും കരിംതവിട്ടും നിറങ്ങൾ ചാലിച്ചുചേർത്തെന്നോണം കാൻവാസിലതു തെളിഞ്ഞുനില്ക്കുന്നു. നീർച്ചാലുകൾ ഒഴുകിയിറങ്ങിയതായിരിക്കണം, ആരോ താഴേക്കു കടുപ്പത്തിൽ വരകൾ വരച്ചിട്ടുണ്ട്. പുരാതനജ്വാലാമുഖിയുടെ മുഖം വ്യക്തമല്ല. എങ്കിലും കിഴക്കുവശത്തെ കീബോ കൊടുമുടി കാണാം. പടിഞ്ഞാറെയറ്റത്ത് തീയണഞ്ഞുപോയ മവെൻസിയുടെ കുനിപ്പ്. അതിനു മുകളിലായി മേഘം ചുംബിച്ചെടുത്ത ഒരു വെള്ളവര കാണാം. അത് ഹിമക്കൂട്ടാണ്. കിലിമഞ്ചാരോയിൽ ഇന്നവശേഷിക്കുന്ന ഏകഹിമകണം. ഒരു കാലത്തതൊരു ഹിമപ്പുതപ്പായിരുന്നു. പക്ഷെ, ഇന്ന് പുതപ്പെന്നു പറഞ്ഞുകൂടാ. വെറുമൊരു ഹിമച്ചീന്ത്.
പണ്ടുകാലം മുതലേ പലരേയും മോഹിപ്പിച്ച ഹിമഗിരിദൃശ്യം ഇന്നാകെ മാറിപ്പോയിരിക്കുന്നു. ആഗോളതാപനത്തിന്‍റെ കാഠിന്യത്തിൽ കിലിമഞ്ചാരോയിലെ മഞ്ഞുകട്ടികൾ മിക്കവാറും ഉരുകിത്തീർന്നു കഴിഞ്ഞു. ആരുമൊന്ന് നടുങ്ങിപ്പോകും ആ അവസ്ഥ കണ്ടാൽ. കാഴ്ച ഇന്നും അതിസുന്ദരം തന്നെ. അതിൽ സംശയമില്ല. അംബോസെലിയുടെ തെക്കനാകാശത്തുയർന്നു നില്ക്കുന്ന ഈ പുരാതനശൈലത്തിനു മനുഷ്യമനസ്സുകളെ വശീകരിക്കാനുള്ള കഴിവിൽ ഒട്ടും കുറവു വന്നിട്ടുമില്ല. ആ കാന്തമനോഹാരിത വിസ്മയകരമാണ്. ഇതൊരു ജ്വാലാമുഖിയാണല്ലോ എന്ന ചിന്ത ആ ആകർഷണീയതയെ പതിന്മടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അപാരമായ ഒരു ഇന്ദ്രിയാനുഭവം! നമ്മെയങ്ങ് ആവാഹിച്ചെടുക്കുന്നപോലെ. നാളേയ്ക്കുള്ളൊരു പ്രലോഭനമാണത്. ഒരിക്കൽക്കൂടി വരാനുള്ള ഉൾവിളി അറിയാതെ മുഴങ്ങും നമുക്കുള്ളിലപ്പോൾ. പക്ഷെ, ആ ദൃശ്യമാസ്മരികതയിലും, ഹിമമൊഴിഞ്ഞ കിലിമഞ്ചാരോ നമുക്കു തരുന്ന ഒരു മുന്നറിയിപ്പുണ്ട്. ലോകത്തിന്‍റെ ഇരുൾഭാവിയിലേക്കുള്ള ഒരു ചൂണ്ടുപലകയാണത്. അതുയർത്തുന്നതാകട്ടെ അത്യുഷ്ണലോകത്തിന്‍റെ ഒടുങ്ങാത്ത ഉല്ക്കണ്ഠകളും.
Be the first to write a comment.