എസ്. എൻ. പുരത്ത്
യുധിഷ്ഠിരൻ എന്ന ഒരാൾ ജീവിച്ചിരുന്നു.
അയാൾ മഹാഭാരതം വായിച്ചിട്ടില്ലായിരുന്നു.

ഒരു തിരുവോണത്തിന്
അയാൾ ചീട്ടുകളിക്കാനിരുന്നു.
കൈയ്യിലുള്ള കാശെല്ലാം പോയി.
വാച്ചും
കല്യാണ മോതിരവും പണയം വെച്ചു.
അതും പോയി.
കളി കാണാൻ നിന്ന
ആൻറണിയിൽ നിന്നും കടം വാങ്ങി.
അതും തുലച്ചു.
അവസാനം
കുറ്റി ബീഡി
ആഞ്ഞു വലിച്ച് കെടുത്തി
അയാളെണീറ്റു .
പാതിരായ്ക്ക്
വീട്ടിലേയ്ക്ക് പുറപ്പെട്ടു.

താൻ വല്ലാതെ
ഒറ്റപ്പെട്ടു എന്ന തോന്നലുണ്ടായി.
നിസ്സംഗത
അതിൻ്റെ കവചമായും.

തല തന്നത്താൻ ആകാശത്തേയ്ക്കുയർന്നു.
ആകാശത്ത്
നക്ഷത്രങ്ങൾ ചിതറി കിടക്കുന്നു.
ഓണക്കളത്തിന് നടുവിൽ
എന്ന പോലെ ചന്ദ്രനും.

ഒരു ചീട്ടുകളിക്കാരൻ്റെ ഭ്രഷ്ട് കണ്ടാകാം,
ഉദാരനായ മറ്റൊരു ചീട്ടുകളിക്കാരനെപ്പോലെ
ചന്ദ്രൻ
ഒരു നീണ്ട പായ്
അയാളിലേയ്ക്ക് നിവർത്തിയിട്ടു.
നക്ഷത്രങ്ങളെ ചീട്ടുപോലെ
എടുത്ത് കശക്കാൻ തുടങ്ങി.

ഡയമണ്ടും ആഡുതനുമായി
തനിക്ക് മുന്നിൽ
നക്ഷത്രങ്ങൾ വീഴുന്നത് കണ്ട്
യുധിഷ്ഠിരൻ
പകച്ചും ആകർഷിക്കപ്പെട്ടും നിലകൊണ്ടു.
ക്ലാവറും ഇസ്പേഡുമായി
രാത്രി
സസ്യജന്തുജാലങ്ങളായി
ചുറ്റും
പടർന്നു കൊണ്ടേയിരുന്നു.

താൻ തോറ്റത്
എന്തുകൊണ്ടെന്ന് യുധിഷ്ഠിരന്
അപ്പോൾ പിടി കിട്ടി.
ഡയമണ്ട് ക്ലാവറിനേക്കാൾ
മുന്തിയതെന്ന് വിശ്വസിച്ചു പോയി
ഗുലാൻ
ഏഴാം കൂലിയേക്കാൾ
വലുതെന്നും.

ഒരു ചിഹ്നവും
മറ്റൊരു ചിഹ്നത്തേക്കാൾ
വലുതല്ല.
യുധിഷ്ഠിരൻ പറഞ്ഞു.
ഒരു പദവിയും മറ്റതിനേക്കാളും.
അറിയേണ്ടതറിഞ്ഞു.
ഇനി കളി നിർത്താം  ചന്ദ്രാ.

ആ നിറവിൽ  അയാൾ
ആ പാടവരമ്പിൽ വീണുറങ്ങി.
നിലാവ്
അയാളിൽ
പുള്ളി കുത്താൻ തുടങ്ങി.

മനുഷ്യനെ
പുള്ളിപ്പുലിയോ
പേടമാനോ
ആക്കാനെന്നവണ്ണം.

—–*********——

Comments

comments