അംബോസെലിയിലെ ആദ്യ സഫാരിയ്ക്കിടയിലാണ് സാക്ഷാൽ മൃഗരാജനെ കണ്ടുമുട്ടിയത്. തടാകത്തിന്‍റെ കരയിലെ പരന്ന പുൽമേട്ടിലൂടെ അവൻ മന്ദം മന്ദം നടന്നുവരികയായിരുന്നു. കണ്ടിട്ട് ആ നടപ്പ് വാർദ്ധക്യത്തിലേക്കും കൂടിയാണോ എന്നെനിക്കു തോന്നി. അല്പം തലതാഴ്ത്തി വിഷാദമഗ്നനായായിരുന്നു അവൻ. പരിസരത്താരേയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഒരു പക്ഷെ, ആ പരിക്ഷീണഭാവമായിരിക്കാം എന്‍റെ മനസ്സിൽ വയസ്സു കൂട്ടിയിട്ടത്. എങ്കിലും, വർഷങ്ങൾക്കുമുമ്പ് സുന്ദരനും ശൗര്യവാനുമായിരുന്നിരിക്കണം അവനെന്നതിൽ സംശയമൊട്ടും തോന്നിയതുമില്ല. സടയ്ക്ക് കറുപ്പാണു നിറം. കറുപ്പെന്നു വെച്ചാൽ ചെമ്പൻ കറുപ്പ്. ഇത്തരം കരിമ്പൻ സടരോമങ്ങൾ സിംഹങ്ങളിൽ അത്ര സാധാരണമല്ല. മാത്രവുമല്ല, അതേറെ ആകർഷണീയമാണുതാനും.
പൊതുവെ പറയുക ഇത്തരം കരിമ്പൻ സടക്കാർക്ക് പൗരുഷം കൂടുതലാണ് എന്നാണ്. അതിൽ കുറേയൊക്കെ സത്യവുമുണ്ട്. പുരുഷഹോർമോണായ ടെസ്റ്റസ്റ്റിറോന്‍റെ അളവ് ഇവരിൽ കൂടുതലാണത്രെ. അവർ കൂടുതൽ കാലം ജീവിക്കുന്നതായും കണ്ടിട്ടുണ്ട്. ആരോഗ്യം, വീര്യം എന്നിവ കുറച്ചു കൂടുതലുമായിരിക്കും. പോരാത്തതിനു ഒരു സിംഹിയെ സംബന്ധിച്ചിടത്തോളം ഈ കരിരോമക്കാരനോടുള്ള താല്പര്യം ഒരു പടി മുന്നിലുമാണത്രെ. അത് സിംഹസൗന്ദര്യത്തിന്‍റേയോ, അതോ പൗരുഷത്തിന്‍റേയോ എന്നെനിക്കറിയില്ല. തന്‍റെ സിംഹസംഘത്തെ സംരക്ഷിക്കാനും, ഒരുമിച്ചുനിർത്താനും, മുറിവുകളിൽനിന്നും അസുഖങ്ങളിൽനിന്നും തിരിച്ചുകയറാനുമുള്ള കഴിവുകൾ ജനിതകമായി ഈ കരിരോമക്കാരൻ മറ്റുള്ളവരേക്കാൾ കൂടുതൽ മെച്ചത്തിൽ സ്വായത്തമാക്കുന്നതായാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്. എന്‍റെ കറുപ്പും വെളുപ്പും മഴവില്ലും എന്ന പുസ്തകത്തിലെ മാപോഗോകളുടെ കഥയിൽ മൂത്തവനായ മാഖൂലുവിന് കറുപ്പായിരുന്നല്ലോ സട. അവൻ തന്നെയായിരുന്നു ആ സഹോദരങ്ങളിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചതും.
മാർജ്ജാരകുടുംബത്തിൽ ആണും പെണ്ണും തമ്മിലുള്ള പ്രകടമായ വ്യത്യാസം കാണിക്കുന്നത് സിംഹത്തിൽ മാത്രമാണ്. അതു സൃഷ്ടിക്കുന്നതാകട്ടെ വെഞ്ചാമരം പോലെ കഴുത്തിനുചുറ്റും വിടർന്നുനില്ക്കുന്ന സട തന്നേയും. എന്തായാലും പെൺസിംഹത്തെ ആകർഷിക്കുന്ന പ്രധാന ആൺഘടകങ്ങളിലൊന്ന് ഈ സുന്ദരരോമവൃന്ദമാണ് എന്നതിൽ സംശയമില്ല. മൃഗങ്ങൾ പരസ്പരം അക്രമിക്കുമ്പോൾ പൊതുവെ കഴുത്തിനെ ലാക്കാക്കിയാണത് പല്ലുകളമർത്തുക. അങ്ങനെ നോക്കുമ്പോൾ സിംഹത്തിനു ഈ സട ഒരു സുരക്ഷാമാർഗ്ഗം കൂടിയാണ്. സിംഹങ്ങൾ പരസ്പരം പോരടിക്കുമ്പോൾ ഒരിക്കലും കഴുത്തിനെ ലക്ഷ്യമാക്കി ദംഷ്ട്രങ്ങൾ ഉയരാറില്ല എന്നതും സടയുടെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു.
ഇന്ന് ഇന്ത്യയിലെ ഗീർവനത്തിലുള്ള ഏതാനും ഏഷ്യൻ സിംഹങ്ങൾ ഒഴിച്ചാൽ ലോകത്തിലുള്ള മിക്കവാറും സിംഹങ്ങളും ആഫ്രിക്കക്കാരാണ്. ഈ രണ്ടു ഭൂഖണ്ഡക്കാരും പാന്തറ ലിയോ എന്ന ഒരൊറ്റ സ്പീഷീസ് ആണെങ്കിലും, തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. രണ്ട് ഉപസ്പീഷീസുകൾ എന്നു പറയാം. പാന്തറ ലിയോ ലിയോ എന്നാൽ ആഫ്രിക്കൻ. പാന്തറ ലിയോ പെർസിക്ക ഇന്ത്യക്കാരനും. വലിയ തോതിൽ വംശനാശഭീഷണി നേരിടുന്നവരാണ് ഈ പഞ്ചാനനന്മാർ. കഴിഞ്ഞ ഒരൊറ്റ നൂറ്റാണ്ടുകൊണ്ടു സിംഹങ്ങളൂടെ എണ്ണത്തിൽ തൊണ്ണൂറു ശതമാനത്തിലേറെയാണ് കുറവുണ്ടായത്. ആഫ്രിക്കയിൽത്തന്നെ 26 രാജ്യങ്ങളിൽ സിംഹത്തിനു വംശനാശം വന്നുകഴിഞ്ഞു. എന്തിനു ഗീർവനത്തിൽ മാത്രം കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ നാനൂറു സിംഹങ്ങളാണ് ജീവൻ വെടിഞ്ഞത്. നിസ്സംശയമായും അതിൽ സ്വാഭാവികത കാണാനെനിക്കാവില്ല. പ്രത്യേകിച്ചും, അതു സംഭവിച്ചത് മനുഷ്യപരിസരങ്ങളിലായതുകൊണ്ട്.
നമ്മൾ കറുപ്പു സടയുള്ള സിംഹങ്ങളെക്കുറിച്ചു പറയുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ മുനമ്പിന്‍റെ ചുറ്റും പണ്ടു കാലത്ത് ധാരാളമായി ഉണ്ടായിരുന്ന കേപ്പ് സിംഹങ്ങളെക്കുറിച്ച് ഞാൻ മുമ്പെഴുതിയിട്ടുണ്ട്. വലിപ്പത്തിൽ മുമ്പന്മാരായിരുന്ന ഇവയ്ക്ക് കറുപ്പായിരുന്നു സട. മനുഷ്യന്‍റെ കുത്സിതവൃത്തി അവയെ പരിപൂർണ്ണമായ വംശനാശത്തിലേക്കു തള്ളിവിട്ടു എന്നത് മറ്റൊരു കാര്യം. ഇന്ന് സെരംഗെറ്റിയിലും ഈ അംബോസെലിയിലും പിന്നെ എത്യോപ്പിയയിലും മാത്രമാണ് കറുപ്പു സടക്കാരെ കാണാനാവുന്നത്. ഒരു കാലത്ത് എത്യോപ്പിയൻ സിംഹങ്ങൾ ഈ വനാന്തരങ്ങളിൽ ധാരാളമുണ്ടായിരുന്നു. എത്യോപ്പിയയുടെ ദേശീയമൃഗമായൊക്കെ ഈ കറുപ്പുസടക്കാരെ പ്രഖ്യാപിച്ചെങ്കിലും ഇന്നവരുടെ എണ്ണം കഷ്ടി അമ്പതെണ്ണം മാത്രം. അങ്ങനെ അതിവേഗം അപൂർവ്വമായിക്കൊണ്ടിരിക്കുന്ന ഒരു സിംഹ ഇനമാണല്ലോ ഈ ഞങ്ങളുടെ മുന്നിലൂടെ കൂസലില്ലാതെ നടന്നു പോകുന്നതെന്നു ചിന്തിച്ചുകൊണ്ട് ഞാനവന്‍റെ ചിത്രങ്ങൾ തുടർച്ചയായി ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്നു. അവന്‍റെ സടയിൽ ചെവിയ്ക്കും കവിൾഭാഗത്തിനും ചുറ്റുമുള്ള ഭാഗത്തു മാത്രമേ കറുപ്പുനിറം ഇല്ലാതുള്ളൂ. അവൻ തല തീരെ പൊക്കാഞ്ഞത് എന്തുകൊണ്ടോ എന്നെ അസ്വസ്ഥനാക്കി. അസുഖം, വിശപ്പ്, വിരഹം ഇവയിൽ ഏതായിരിക്കാം അവനെ അലട്ടുന്നത് എന്നെനിക്കു ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവൻ ഞങ്ങളുടെ വണ്ടിക്കു മുന്നിലൂടെ വനപാത മുറിച്ചുകടന്ന് ഇടതുവശത്തേക്കു നടന്നു. അവിടെ ഏതാനും മരങ്ങൾ തിങ്ങിനിറഞ്ഞുനില്പുണ്ട്. പുൽമേട്ടിനിടയിൽ ഒരു ചെറുവനമെന്നോണം. സിംഹം അതിനടുത്തേക്കു നടന്നു. പതുക്കെ. സിംഹനടത്തത്തിന്‍റെ ഗാംഭീര്യവും സൗന്ദര്യവും ഒന്നു വേറെത്തന്നെയാണ്. എന്തൊക്കെയോ കാരണങ്ങൾ കൊണ്ടിവൻ അസ്വസ്ഥനാണെങ്കിൽപ്പോലും ആ ഗാംഭീര്യത്തിൽ ലവലേശം പോലും കുറവെനിക്കു കാണാൻ കഴിഞ്ഞില്ല. പതുക്കെ മുൻകാലല്പമുയർത്തി, കൈപ്പടം ഒന്നുള്ളിലോട്ടു വളച്ച്, ഒരു നിമിഷം നിശ്ചലനോയോ എന്നൊരു സന്ദേഹം നമ്മിൽ സൃഷ്ടിച്ച ശേഷം അത് അലസമായി മുന്നോട്ടൊന്നുയർത്തി നിലത്തമർത്തിയുറപ്പിച്ച്, വീണ്ടുമൊന്നു നിന്ന്, അടുത്ത കാലതുപോലെയെടുത്തുവെച്ചും, പിന്നാലെ പിൻകാലുകൾ അതേപടിയതിനെ പിന്തുടർന്നും തീർത്തും മന്ദമായിരുന്നു ആ ഗമനം. പിന്നെയവനവിടെ നിന്നു. ഇനി മുന്നോട്ടിക്കില്ലെന്നോണം ഒരു നിമിഷമാലോചിച്ച് അവിടെത്തന്നെ അമർന്നിരിക്കുകയും ചെയ്തു. ഇനി കുടുംബത്തിൽ ആരേയെങ്കിലും നഷ്ടപ്പെട്ടതായിരിക്കുമോ? എനിക്കു ചിന്തകൾ ഒഴിയുന്നുണ്ടായിരുന്നില്ല. കാലുകളെല്ലാം വശത്തേക്കു നീട്ടി, വാലൊന്നു ശരീരത്തോടു ചേർത്തുവെച്ചു അനങ്ങാതെയവിടെ കിടന്നപ്പോഴാണവനൊന്ന് തലയുയർത്തിപ്പിടിക്കുന്നതു ഞാൻ കണ്ടത്. തീർത്തും ശാന്തനായിരുന്നു ആ മൃഗപതി. അല്പം ദൂരെയെങ്കിലും, തനിക്കു ചുറ്റുമായി നിർബ്ബാധം പ്രവർത്തിച്ചുകൊണ്ടിരുന്ന ക്യാമറകൾ അവനെ ഒട്ടും അലോസരപ്പെടുത്തുന്നുണ്ടായിരുന്നില്ല. അവനതൊന്നും ശ്രദ്ധിക്കുന്നു പോലുമുണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം. എത്ര തവണ എന്‍റെ ക്യാമറ ചിമ്മിത്തുറന്നിരിക്കണം എന്നെനിക്കു തന്നെ അറിയില്ല.
പിന്നെയവൻ ഞങ്ങൾക്കു നേരെ മുഖം തിരിച്ചു. ഒന്നു പതുക്കെ കോട്ടുവായിട്ടു. സടയിലെ കറുത്ത രോമങ്ങൾക്കു ചേരും വിധമാണ്, അവന്‍റെ നാസാഗ്രകാളിമ. അതുപോലെത്തന്നെ ഇരുണ്ടതാണ് ചുണ്ടുകളും വായും. ആ തമോവദനത്തിനിടയിലൂടെ ദംഷ്ട്രങ്ങൾ തെളിഞ്ഞുകാണാമായിരുന്നു. പിന്നെയവൻ തല തിരിച്ചു, താഴ്ത്തി, മുൻകാലുകളോടു ചേർത്തുവെച്ചു. വിശ്രമിക്കാനാഗ്രഹിക്കുന്നു എന്നു ഞങ്ങളോടു പറയുകയാണ് എന്നെനിക്കു തോന്നി. പിന്നെയൊന്നും അവിടെ സംഭവിക്കുന്നുണ്ടായിരുന്നില്ല. ഞങ്ങൾ പതുക്കെ പിൻവാങ്ങി. വണ്ടി മുന്നോട്ടെടുത്തു. അംബോസെലിയിലെ മറ്റൊരിടത്തേക്ക്.
വൈകുന്നേരം വീണ്ടും സഫാരിക്കിറങ്ങിയപ്പോൾ സാംസൻ പറഞ്ഞു. “നമുക്കു രാവിലെ സിംഹത്തെ കണ്ടയിടത്തേക്കൊന്നുകൂടി പോയി നോക്കാം. ആ പരിസരത്ത് കൂടുതൽ സിംഹക്കാഴ്ചകൾ കാണാനിടയുണ്ട്”. സാംസന്‍റെ പരിചയസമ്പന്നതയെ ചോദ്യം ചെയ്യേണ്ടതില്ലല്ലോ. ഉച്ചയ്ക്കു ശേഷമുള്ള സഫാരി തുടങ്ങിയപ്പോൾ തന്നെ അങ്ങോട്ടു വെച്ചുപിടിപ്പിച്ചു. സാംസനു തെറ്റിയില്ല. അംബോസെലി തടാകത്തിനടുത്തെത്തിയപ്പോൾ തന്നെ പ്രതീക്ഷകളുയർന്നു. അവിടെ വളരെ ജാഗരൂകരായി കണ്ട ഏതാനും വിൽഡബീസ്റ്റുകളാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. അവരെല്ലാം കൂട്ടംചേർന്നു നിൽക്കുകയാണ്. വല്ലാത്ത എന്തോ ഒന്നു സംഭവിക്കാൻ പോകുന്നതു പോലെ. കറുത്ത ശിരസ്സ് ഓരോരുത്തരും നല്ലപോലെ ഉയർത്തിപ്പിടിച്ചുനില്ക്കുന്നു. ഇരുവശത്തേയും കൊമ്പുകളാകട്ടെ വളഞ്ഞുയർന്ന് ഓരോരോ ചന്ദ്രക്കലകളും തീർക്കുന്നുണ്ട് എല്ലാ തലകൾക്കു മുകളിലും. കണ്ണുകളെല്ലാം ഒരൊറ്റയിടത്തേക്കാണ് കൂർപ്പിച്ചുവെച്ചിരിക്കുന്നത്. അപ്പോഴാണ്, അപ്പോൾ മാത്രമാണ്, ഞാനും ശ്രദ്ധിച്ചത്. അവർക്കു മുന്നിലായി ഒരു സിംഹി. ചെറുപ്പക്കാരിയാണ്. നല്ല ആരോഗ്യം. കൂസലില്ലാഭാവം പ്രകടവും. സിംഹി അടുത്തുവരുന്നതിനനുസരിച്ച്, വിൽഡബീസ്റ്റുകൾ കൂടുതൽ കൂടുതൽ പറ്റിക്കൂടിക്കൊണ്ടിരുന്നു. അവർ തങ്ങൾക്കെതിരെ വരുന്ന അക്രമിക്കെതിരെ പത്മവ്യൂഹം ചമയ്ക്കുകയാണെന്നു തോന്നി. അമ്പതോളം വരുന്ന ആ സസ്യഭുക്കുകൾ ഒരുമിച്ചുചേർന്ന എണ്ണം പറഞ്ഞൊരു സൃഷ്ടി. ഒരു കോളനിയെന്നോണം അവയെല്ലാം കൂടിയൊന്നായി, ഏകമൃഗമായി മാറി. ഇനിയിവിടെ ഒറ്റപ്പെട്ട വിൽഡബീസ്റ്റുകൾ ഇല്ല. മറിച്ച്, അമ്പതെണ്ണം ചേർന്ന ഒരൊറ്റജന്തു. ഒരുമിച്ചു നിന്നാൽ സിംഹത്തോടും പൊരുതി നില്ക്കാം എന്ന അതിരറ്റ ആത്മവിശ്വാസവും, അസാമാന്യമായ വീറും ഓരോന്നിന്‍റേയും മുഖത്ത് തെളിഞ്ഞുനിന്നു.
സിംഹി ഒന്നു പതറിയെന്നതു സത്യം. പക്ഷെ, ആ കാഴ്ച എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. കാരണം അത്ര ആത്മവിശ്വാസമുള്ള കൂട്ടരല്ല വിൽഡബീസ്റ്റുകൾ. സിംഹത്തിന്‍റെ മുന്നിൽ പ്രത്യേകിച്ചും. കൂടാതെ, പെട്ടെന്നു പേടിക്കുന്നവരും. നല്ല വലിപ്പവും ശക്തിയുമൊക്കെയുണ്ടെങ്കിലും ധൈര്യമില്ലെങ്കിൽ പിന്നെന്തു കാര്യം എന്ന ചോദ്യം ഏറ്റവും അർത്ഥവത്താകുന്നത് ഈ വിൽഡബീസ്റ്റുകളുടെ കാര്യത്തിലാണ്. സാവന്നയിലെ കോമാളികൾ എന്നു ചിലർ ഇവരെ വിളിക്കുന്നതും വെറുതെയല്ല. വിൽഡബീസ്റ്റുകളുടെ തുള്ളിച്ചാടിക്കൊണ്ടുള്ള കോപ്രായങ്ങളും, രസകരമായ പ്രവിശ്യാവിളികളും ആ കോമാളിപ്പേരിന് കൂടുതൽ ഹാസ്യാത്മകത പകരുകയും ചെയ്യുന്നു. പോരാത്തിനു അവയുടെ സ്വതസിദ്ധമായ മൂഢഭാവവും.
പക്ഷെ, ഇവിടെ അംബോസെലി തടാകക്കരയിൽ ഞാൻ കണ്ട വിൽഡബീസ്റ്റുകൾ മറ്റൊരിനം തന്നെയാണെന്നു തോന്നിപ്പിച്ചു. സിംഹത്തിനെതിരെ അവർ ഒത്തൊരുമയോടെ ഉണർന്നുനിന്നു. ഒരു സിംഹത്തിനെ സംബന്ധിച്ചിടത്തോളം അത് തികച്ചും അപ്രതീക്ഷിതമായിരുന്നു എന്നു മാത്രമല്ല, എളുപ്പത്തിലൊരു ഇരയെ കണക്കാക്കിയെത്തിയ ഈ യുവസിംഹിക്ക് അതൊരു തിരിച്ചടിയും, കടുത്ത നിരാശയുണർത്തുന്നതുമായി. എങ്കിലും, സിംഹി ആശ വെടിഞ്ഞില്ല. അവൾ ഒന്നലറിക്കൊണ്ട് വിൽഡബീസ്റ്റുകളുടെയടുത്തേക്കു ഓടിയടുത്തു. അതൊരു പ്രകോപനമായിരുന്നു. എങ്ങാനും അവരൊന്നു ചിതറിമാറിയാലോ എന്ന ചിന്തയിൽ. അപ്പോൾ മാത്രമാണല്ലോ സിംഹിക്കൊരു സാധ്യത കൈവരുന്നത്. പക്ഷെ, വിൽഡബീസ്റ്റുകൾ ഉറച്ചുതന്നെ നിന്നു. സിംഹിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. അവൾ ചുറ്റും നോക്കി. തന്‍റെ കൂട്ടാളികളെവിടെ?
സിംഹങ്ങൾ പൊതുവെ ഒറ്റയ്ക്കു ഇര തേടാറില്ല. ചുരുങ്ങിയത് രണ്ടോ മൂന്നോ പേരെങ്കിലുമുള്ള സംഘമായേ അവരതിനു ഇറങ്ങിത്തിരിക്കാറുള്ളൂ. മാത്രവുമല്ല, ഇരുട്ടുന്ന നേരമാണവർക്ക് കൂടുതൽ പ്രിയവും. പതുക്കെ പിന്തുടർന്ന്, പരസ്പരമുള്ള ഒത്തിണക്കത്തോടെ, തന്ത്രപരമായി ഇരയെ വളഞ്ഞുപിടിച്ചു കീഴ്പ്പെടുത്തുന്നതാണ് ഈ വനനായകരുടെ രീതി. പലപ്പോഴും സിംഹികൾ തന്നെയാണ് അതിനു നേതൃത്വം കൊടുക്കാറും. എങ്കിലും ചീറ്റയെ അപേക്ഷിച്ചുനോക്കുമ്പോൾ അത്ര മികച്ച വേട്ടക്കാരല്ല സിംഹങ്ങൾ. വേഗത കുറവെന്നതു തന്നെ പ്രധാനകാരണം. എങ്കിലും എൺപതു കിലൊമീറ്റർ വേഗതയൊക്കെ കുറഞ്ഞ ദൂരത്തേക്ക് ആർജ്ജിച്ചെന്നുവരും. ഒരു ബസ്സിന്‍റെയൊക്കെ നീളത്തിൽ കുതിച്ചുചാടുകയും ചെയ്യും. പിന്നാലെയോടി ഇടങ്കാലിട്ട് ഇരയെ വീഴ്ത്തുക എന്നത് സിംഹങ്ങൾ പതിവായി ഉപയോഗിക്കുന്ന ഒരു തന്ത്രമാണ്. പിന്നാലെ അതിശക്തമായ താടിയെല്ലും പല്ലുകളും ഇരയുടെ കഴുത്തിലാഴ്ത്തുകയും ചെയ്യും. അങ്ങനെയൊക്കെയാണെങ്കിലും, ഏതാനും ശ്രമങ്ങൾക്കു ശേഷം മാത്രമാണ് പലപ്പോഴും ഒരു ഇര കൈയ്യിൽ കുരുങ്ങുക. ഇര വീണു കഴിഞ്ഞാൽ മാത്രമേ മിക്കവാറും ആൺസിംഹം രംഗത്തിറങ്ങാറുള്ളൂ എന്നാണ് കണ്ടിട്ടുള്ളത്. അതായത്, വലിയ ശക്തിശാലിയെങ്കിലും മടിയൻ തന്നെ എന്ന്. പക്ഷെ, തന്‍റെ സംഘത്തിനെതിരെ മറ്റൊരു സിംഹത്തിൽനിന്നുള്ള അക്രമണം ഉണ്ടായാൽ അതു തടയാൻ മുന്നിട്ടിറങ്ങുന്നത് ആൺസിംഹം തന്നെയായിരിക്കുകയും ചെയ്യും.
ഈ സംഘം ചേർന്നുള്ള ഇരതേടൽ സിംഹങ്ങളുടെ മുഖമുദ്രയായിരിക്കെ, ഞങ്ങളുടെ മുന്നിൽക്കണ്ട സിംഹി എന്തേ ഒറ്റയ്ക്കിതിനു തുനിഞ്ഞു എന്ന സംശയം ന്യായമായിരുന്നു. പക്ഷെ, വിൽഡബീസ്റ്റുകൾക്കു മുന്നിൽ ആ ശ്രമം അമ്പേ പരാജയപ്പെട്ടതിൽ നിന്നും എന്തുകൊണ്ട് ഒറ്റയ്ക്കുള്ള ഇത്തരം വിഫലശ്രമങ്ങൾ അവർ പാടെ ഒഴിവാക്കുന്നു എന്നത് നന്നായി മനസ്സിലായി. ഒരു കൂട്ടം കൊമ്പുമൃഗങ്ങൾ ഒരുമിച്ചു വിചാരിച്ചാൽ ഒറ്റയ്ക്കുള്ള ആക്രമണങ്ങളെ നേരിടാനാവുമെന്നുള്ളതിന്‍റെ ഉത്തമദൃഷ്ടാന്തമായിരുന്നു അന്നേരം കണ്ടത്.
ഞങ്ങളുടെ സിംഹി ഒന്നു പിന്നോട്ടു നടന്നു. വിൽഡബീസ്റ്റുകളിൽ നിന്നൊഴിഞ്ഞുമാറുന്നെന്നോണം. അപ്പോഴാണ് പാവങ്ങളെന്നു നിനച്ച സസ്യഭുക്കുകൾക്ക് ഉരിശുകയറിയത്. അവരൊരുമിച്ച്, സിംഹിയെ പിന്തുടർന്നു. സിംഹിയ്ക്കൊപ്പം. അവൾ നിന്നപ്പോൾ അവരും നിന്നു. കുറച്ചു നേരം ആ നാടകം തുടർന്നു. വിൽഡബീസ്റ്റുകൾ മാനസികമായ മുൻതൂക്കം നേടിക്കഴിഞ്ഞിരുന്നു. സിംഹിക്കും അതു മനസ്സിലായിക്കാണണം. കടുത്ത മോഹഭംഗമായിരുന്നിരിക്കണം അവൾക്കനുഭവപ്പെട്ടിരിക്കുക. വൃഥാഭൂതയായ അവൾ ഉറക്കെയൊന്നു ഗർജ്ജിച്ചു. വിൽഡബീസ്റ്റുകൾ ഒന്നു നടുങ്ങി എന്നത് ഉറപ്പ്. എന്തൊക്കെ പറഞ്ഞാലും ആരുടേയും ചോരയുറഞ്ഞുപോകും സിംഹഗർജ്ജനങ്ങൾ കേട്ടാൽ. പക്ഷെ, ഇത്തവണയത് ഭീഷണമോ, ഭയാനകമോ ആയ അധികാരഘോഷമൊന്നുമായിരുന്നില്ല. മറിച്ച്, പക്വതയെത്താത്ത സിംഹിയുടെ ഇച്ഛാവിഘ്നം മാത്രമായിരുന്നു.
സിംഹി ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് നിലത്തമർന്നു കിടന്നു. മുൻകാലുകൾകൊണ്ട് നിലത്തൊന്നു തല്ലി. വീണ്ടുമൊന്നവൾ അലറി. കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടി കൈകളടിച്ചു കരയുന്നപോലെയാണെനിക്കു തോന്നിയത്. വിൽഡബീസ്റ്റുകളാകട്ടെ കണ്ണിമവെട്ടാതെ സിംഹിയെത്തന്നെ നോക്കിക്കൊണ്ടു നിന്നു. അവരിലും ഒരത്ഭുതം പടരുന്നുണ്ടായിരുന്നിരിക്കണം. സത്യത്തിൽ രസകരമായ ഒരു കാഴ്ചയായിരുന്നു അത്. മൃഗരാജപദവിയിലുള്ള സിംഹം നിലത്തു വശം ചെരിഞ്ഞുകിടക്കുക. എന്നും ഇരകൾ മാത്രമായിരുന്ന വിൽഡബീസ്റ്റുകൾ നിരന്നുനിന്ന് ആ സിംഹശയനം നോക്കിക്കൊണ്ടുനില്ക്കുക. ക്യാമറയ്ക്കിതുപോലൊരു ദൃശ്യസദ്യ കിട്ടാനില്ല. അതു കണ്ടുനിന്നിരുന്ന ഞങ്ങളോരോരുത്തർക്കുമതെ.
സിംഹനൈരാശ്യം കനത്തുനിന്ന ആ നിമിഷത്തിലാണ്, അവൾക്കൊരു മറുവിളി പൊടുന്നനെയുയർന്നത്. ഞങ്ങളുടെ ഇടതുവശത്ത്, അല്പം ദൂരെയുള്ള മരക്കൂട്ടത്തിനടുത്തു നിന്നായിരുന്നു അത്. ഇന്നു രാവിലെ കരിമ്പൻ സടക്കാരൻ സിംഹം വന്നു വിശ്രമിച്ച അതേയിടം. സത്യം പറഞ്ഞാൽ അപ്പോൾ മാത്രമായിരുന്നു ഞങ്ങളുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞതുതന്നെ. പരിപൂർണ്ണമായും ഞങ്ങളുടെ കാതും കണ്ണും മനസ്സും ഈ സിംഹിയുടേയും വിൽഡബീസ്റ്റുകളുടേയും ശീതസമരത്തിൽ അർപ്പിക്കപ്പെട്ടിരിക്കുകയായിരുന്നല്ലോ. ശബ്ദം കേട്ട്, എല്ലാവരുടേയും തല പുറകിലേക്കു തിരിഞ്ഞു. അതാ അവിടെ ഒരാൺസിംഹം യാതൊരു കൂസലുമില്ലാതെ നില്ക്കുന്നു. അപ്പോൾ എഴുന്നേറ്റിട്ടേയുള്ളൂ. അതുവരെ ആ ചെടിപ്പടർപ്പിനപ്പുറം കിടന്നിരുന്നതിനാലാകാം അതിനെ അത്രയും നേരം ആരും കാണാതിരുന്നത്. തീർന്നില്ല. തൊട്ടപ്പുറത്ത്, മറ്റൊരു സിംഹം കൂടി. രാവിലെക്കണ്ട വയസ്സൻ സിംഹമേയല്ല. കാരണം ഇവർ രണ്ടുപേരുടേയും സടകളിൽ കറുപ്പിന്‍റെ ലാഞ്ഛന കുറവായിരുന്നു. ഇല്ലെന്നല്ലെങ്കിലും. സിംഹങ്ങൾ രണ്ടും വിൽഡബീസ്റ്റുകൾക്കു മുമ്പിലെ സിംഹിയുടെ പ്രകടനം നിരീക്ഷിക്കുകയാണ്. എങ്കിലും ഇടപെടാനുള്ള ഭാവമൊന്നും അവരിൽ കണ്ടില്ല.
ഞങ്ങളുടെ സിംഹക്കാഴ്ചകൾ തീരുന്നുണ്ടായിരുന്നില്ല. ഒടുവിലായാണ് മരക്കൂട്ടത്തിനു തൊട്ടായി ഒരു സിംഹിയെക്കൂടി കണ്ടത്. സമീപത്തിൽത്തന്നെ മൂന്നു കൊച്ചുസിംഹക്കുഞ്ഞുങ്ങളും. അമ്മയും കുഞ്ഞുങ്ങളുമാണ്. എന്തേയിതൊന്നും നേരത്തേ കണ്ടില്ല എന്നു ഞാൻ സ്വയം ചോദിച്ചു. കുറച്ചപ്പുറം മാറി മറ്റൊരു പെൺസിംഹം കൂടിയുണ്ടായിരുന്നു. വലിയൊരു സിംഹക്കൂട്ടം തന്നെ. രണ്ടാണും, മൂന്നു പെണ്ണും, മൂന്നു കുട്ടികളും. മൊത്തം എട്ടു സിംഹങ്ങൾ. ആദ്യം കണ്ട സിംഹി ഇവരിൽ നിന്നിറങ്ങി നടന്നതായിരിക്കണം. പക്ഷെ, മറ്റുള്ളവരുടെ ഭാവം കണ്ടിട്ട്, എല്ലാവരും ഒരു മൃഷ്ടാന്നഭോജനം കഴിഞ്ഞ ചേലായിരുന്നു. വിൽഡബീസ്റ്റുകളുടെ സാന്നിദ്ധ്യം യാതൊരു വ്യത്യാസമോ ചലനമോ അവരിലുണ്ടാക്കുന്നുണ്ടായിരുന്നില്ല. അനാവശ്യമായി കൊല്ലാനോ ഊർജ്ജം ചിലവഴിക്കാനോ സിംഹങ്ങൾ തയ്യാറാവുകയില്ല എന്നതു സ്പഷ്ടം. യുവസിംഹി അവളുടെ ചോരത്തിളപ്പുകൊണ്ടും, പരിചയമില്ലായ്മകൊണ്ടും ഒരു ശ്രമം നടത്തിനോക്കിയതാണ്. അത്ര വിശപ്പില്ലാതിരുന്നിട്ടും. എന്തായാലെന്താ, പരാജയം ആരും സഹിക്കില്ലല്ലോ. തന്‍റെ സംഘം ഒരു വിരൽ പോലും അവൾക്കു വേണ്ടി ഇളക്കിയതുമില്ല. ആർക്കായാലും അല്പം ദേഷ്യമൊക്കെ വന്നെന്നു വരും. അവൾ തന്നെ സഹായിക്കാനെത്താഞ്ഞ കൂട്ടർക്കു നേരെ ചീത്തവിളിക്കുകയായിരുന്നിരിക്കണം ആ അലറലുകളിലൂടേയും നിലംതല്ലിപ്രകടനങ്ങളിലൂടേയും.
വിൽഡബീസ്റ്റുകളും അപ്പോഴായിരിക്കണം സിംഹങ്ങളുടെ വൻസംഘത്തെ ശ്രദ്ധിച്ചത്. കാര്യം പന്തിയല്ല എന്നവർക്കു പെട്ടെന്നു മനസ്സിലായി. അവർ പതുക്കെ പിൻവലിഞ്ഞു തുടങ്ങി. ഒന്നിച്ചുതന്നെ. പതുക്കെ ആ കൂട്ടം രംഗമൊഴിഞ്ഞു. അവർക്കു പിന്നിൽ പകച്ചുനിന്നിരുന്ന ഏതാനും ഗസെലുകൾ മാത്രം ബാക്കിയായി. പതിയെ അവരും ഓടി മറഞ്ഞു. അതോടെ യുവസിംഹിയുടെ നാടകം അവസാനിച്ചു എന്നു പറയാം. അവൾ എഴുന്നേറ്റു ചുറ്റും നോക്കി. സാവധാനം തന്‍റെ സംഘത്തിന്‍റെ നേരെ നടന്നു. ഞങ്ങൾ വണ്ടി നിർത്തിയിട്ടിരുന്ന വനപാത മുറിച്ചുകടക്കണമായിരുന്നു അവൾക്കതിന്. അപ്പോഴേക്കും സിംഹക്കൂട്ടത്തിന്‍റെ കാഴ്ചയെക്കുറിച്ചുള്ള വാർത്ത അംബോസെലിയിലെ സഫാരിക്കാർക്കിടയിലെങ്ങും പരന്നുകഴിഞ്ഞു എന്നു വേണം കരുതാൻ. കൂടുതൽ കൂടുതൽ വണ്ടികൾ അവിടേക്കു കുതിച്ചെത്തി. നല്ല ദൃശ്യങ്ങളും നല്ല ക്യാമറാകോണുകളും കിട്ടുന്നതിനായി ആൾക്കാർ തിക്കിത്തിരക്കിത്തുടങ്ങി. അതോടെ ആ മനോഹരരംഗത്തിന്‍റെ ആസ്വാദ്യതയും മങ്ങിയെന്നു പറയാം.
ഞങ്ങളുടെ വണ്ടിയെ കുറുകെക്കടന്ന് പെൺസിംഹം തന്‍റെ കൂട്ടത്തിനടുത്തെത്തി. ആദ്യം എഴുന്നേറ്റുനിന്ന് രംഗം വീക്ഷിച്ചിരുന്ന ആണുങ്ങൾ രണ്ടും വീണ്ടും നിലത്തിരിപ്പായി. എന്നാലും അവരുടെ കണ്ണുകൾ തങ്ങളുടെ കൂട്ടുകാരിയെ പിന്തുടരുന്നുണ്ടായിരുന്നു. അവൾ ആ രണ്ടാണുങ്ങളേയും പാടെ അവഗണിച്ച്, നേരെ കുട്ടികൾക്കൊപ്പം നിന്നിരുന്ന അമ്മസിംഹത്തിന്‍റെ നേരെ നടന്നു. അവിടേയ്ക്കെത്തിയില്ല. വഴിയിലവൾ കിടന്നുകളഞ്ഞു. പ്രതിഷേധം അവസാനിച്ചില്ലേ അവളുടെ? അതോ അവൾക്കു വല്ല അസുഖവുമുണ്ടോ? നടത്തത്തിൽ അങ്ങനെയൊന്നും തോന്നിയതുമില്ല. എന്തായാലും അവൾ നിലത്തു നീണ്ടുനിവർന്നുകിടന്നു. ചെരിഞ്ഞ്, തല മണ്ണിലമർത്തി. ഞങ്ങൾ കൗതുകത്തോടെ അവളെത്തന്നെ നോക്കിനിന്നു. ഞങ്ങൾക്കു മനസ്സിലാവാത്ത എന്തൊക്കെയോ ആണ് അവിടെ നടക്കുന്നത്. ആ കിടപ്പിൽ അവൾ മുഖം പൂഴ്ത്തിയതോടെ അമ്മസിംഹം എഴുന്നേറ്റുവന്നു. നടന്ന് പ്രതിഷേധക്കാരിയുടെ അടുത്തെത്തി. അത് അമ്മയും മകളും തന്നെയായിരിക്കണം. തൊട്ടടുത്തെത്തിയപ്പോൾ ആ അമ്മ മുഖം താഴ്ത്തി നിലത്തുകിടക്കുന്നവളെ തൊട്ടു. ഒന്നു തലോടി. ആശ്വസിപ്പിക്കലിന്‍റെ ഒരു വിദ്യുൽതരംഗം ആ സ്പർശനത്തിലൂടെ താഴേക്കൊഴുകി എന്നതുറപ്പ്. തളർന്നുകിടന്നിരുന്ന യുവസിംഹി പതുക്കെ തലയുയർത്തി അമ്മയെ മുഖം കൊണ്ടുരസി. ഒപ്പം വലത്തെ മുൻകാൽ കൊണ്ട് അമ്മയുടെ കറുപ്പു പുരണ്ട കഴുത്തിൽ പതുക്കെയമർത്തി. പിന്നെ വലിച്ചടുപ്പിച്ചു. ഒരാശ്ലേഷം. പിന്നെയൊന്നു ചേർത്തുപിടിച്ച് അമ്മയെ അവൾ ചുംബിച്ചു. അപാരമായിരുന്നു ആ രംഗം. സ്നേഹം ഉതിർന്നിറങ്ങുന്ന കാഴ്ച. ലാളനകൾ വഴിയുന്നതിന്‍റേയും. അതിന്‍റെ സുന്ദരവീചികൾ എന്നിലൂടേയും പടർന്നുകയറുന്നത് അറിയാനായി. അമ്മയും മകളും പരസ്പരം സ്നേഹം ഒഴുക്കിവിടുകയായിരുന്നു. ചുംബനങ്ങൾ, ഉരസലുകൾ, ഓമനിക്കലുകൾ, പരസ്പരം നക്കിത്തുടയ്ക്കലുകൾ. അതെല്ലാമാകട്ടെ തുടരെത്തുടരെ ആവർത്തിച്ചുകൊണ്ടേയുമിരുന്നു. ഇത്രയും സ്നേഹമസൃണമായ ഒരു വന്യരംഗം ഞാൻ മുമ്പൊരിക്കലും കണ്ടിട്ടേയില്ല.
കുറേനരം ആ സ്നേഹപ്രകടനങ്ങൾ തുടർന്നു. മൂത്തമകൾ-ഞാനങ്ങനെത്തന്നെ വിചാരിക്കുന്നു-അപ്പോഴേക്കും തളർച്ചയും പ്രതിഷേധവുമെല്ലാം വിട്ട് ഉഷാറായി. ആ അമ്മയും മകളും സാമീപ്യം വിടാതെ ഇരുന്നു. ഇപ്രാവശ്യം നല്ലപോലെ തലയുയർത്തിപ്പിടിച്ചുകൊണ്ടുതന്നെ. അവർ പരസ്പരം പകർന്നുകൊടുത്ത ഊർജ്ജം അവരിൽ സ്ഫുരിക്കുന്നുണ്ടായിരുന്നു. അതിന്‍റെ സ്പന്ദനങ്ങൾ ആ അന്തരീക്ഷത്തെയപ്പാടെ പ്രകാശമാനവുമാക്കി. പല വണ്ടികളിലായി അവിടെ കൂടിയിരുന്ന ഇരുപതിലേറെ വനചാരികളിൽ മികച്ച ഫോട്ടൊഗ്രാഫർമാരായ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ എക്കാലവും സൂക്ഷിച്ചുവെയ്ക്കാവുന്ന അപൂർവ്വചിത്രങ്ങൾ ഇക്കഴിഞ്ഞ ഏതാനും നിമിഷങ്ങൾ കൊണ്ട് അവർ സമ്പാദിച്ചിട്ടുണ്ടാവുമെന്ന് എനിക്കുറപ്പായിരുന്നു. ആ സ്നേഹഭാസുരതയെല്ലാം നുകർന്നെടുത്തുകൊണ്ട് ഒരിളം തെന്നൽ ഞങ്ങൾക്കു കുറുകെ വീശി. അതിന്‍റെ സുഗന്ധം ഞാൻ ആവോളം വലിച്ചെടുക്കുകയും ചെയ്തു. അമ്മയും മകളും അപ്പോഴും തൊട്ടുതൊട്ടായി ഇരിക്കുകയിരുന്നു. ആ സാന്നിദ്ധ്യം ആസ്വദിച്ചുകൊണ്ട് കൊച്ചുസിംഹക്കുഞ്ഞുങ്ങൾ മൂന്നും അവർക്കു ചുറ്റും ഓടിനടന്നു. മനസ്സില്ലാമനസ്സോടെയാണ് ഞങ്ങളവിടെ നിന്നും പിൻവാങ്ങിയത്.
തിരിച്ചുപോകുന്ന വഴി ഞാനും സാംസനും തമ്മിൽ സംസാരിച്ചതു മുഴുവനും സിംഹങ്ങളുടെ സാമൂഹ്യജീവിതത്തെ കുറിച്ചായിരുന്നു. സിംഹക്കൂട്ടം പലതരമാണ്. ആണും പെണ്ണും ഉൾപ്പെട്ട സംഘത്തെ പൊതുവെ ഇംഗ്ലീഷിൽ പ്രൈഡ് എന്നാണു വിളിക്കുക എന്നു നേരത്തെ പറഞ്ഞല്ലോ. മലയാളത്തിൽ അമ്മസംഘം എന്നു വിളിക്കാം ഇതിനെ. പ്രൈഡിൽ ഒരമ്മയുടെ നേതൃത്വത്തിലുള്ള ഏതാനും പെണ്ണുങ്ങളും അവരെ ആശ്രയിക്കുന്ന കുഞ്ഞുങ്ങളുമാണ് ഉണ്ടാവുക. ആണുങ്ങൾ മാത്രമുള്ള സംഘങ്ങളും ഉണ്ട്. ആൺസംഘം അഥവാ കൊയാലിഷൻ എന്നു വിളിക്കുന്ന ഇത്തരം കൂട്ടങ്ങൾ ചില പ്രദേശങ്ങൾ തിരഞ്ഞെടുത്ത് അധികാരം സ്ഥാപിക്കുന്നവരാണ്. കൊയാലിഷനിലെ അംഗങ്ങൾ മിക്കവാറും ഒരു പ്രൈഡിൽ ജനിച്ചവരായിരിക്കും. പൊതുവെ രണ്ടോ മൂന്നോ ആൺസിംഹങ്ങളാണ് ഒരു കൊയാലിഷനിൽ ഉണ്ടാവുക. അത്യപൂർവ്വമായി അഞ്ചോ ആറോ അതിൽ കൂടുതലോ പേരൊക്കെയുള്ള വമ്പൻ ആൺസംഘങ്ങളും കാണാറുണ്ട്. സാബി സാൻഡ്സ് കാടുകളെ വിറപ്പിച്ച മാപോഗോ സിംഹക്കൂട്ടത്തിൽ ആറു പേരായിരുന്നു. അവരെക്കുറിച്ച് നിങ്ങൾക്ക് ‘കറുപ്പും വെളുപ്പും മഴവില്ലും’ എന്ന പുസ്തകത്തിൽ വായിക്കാം. കൊയാലിഷനുകൾ പ്രൈഡുകളെ ഏറ്റെടുത്ത് കൂടെക്കൊണ്ടു നടക്കാറുമുണ്ട്. പ്രായപൂർത്തിയായ, മിക്കവാറും പെൺമക്കളെ അമ്മമാർ കൂട്ടത്തിൽ നിർത്താറാണ് പതിവ്. ചിലപ്പോൾ ചിലർ മറ്റു കൂട്ടങ്ങൾ തേടിപ്പോകാറുമുണ്ട്. ഇരുപതിലേറെ അംഗങ്ങളുള്ള പ്രൈഡുകൾ വരെ ഉണ്ടാവാമെന്നു സാംസൻ പറഞ്ഞു. അധികം അംഗങ്ങളില്ലാത്ത കൂട്ടങ്ങളിലായിരിക്കുമത്രെ ഏറ്റവും പ്രത്യുത്പാദനങ്ങൾ നടക്കുക എന്നു സാംസൻ പറഞ്ഞപ്പോൾ എനിക്കത്ഭുതം തോന്നി.
സിംഹങ്ങളോളം സാമൂഹ്യജീവിതമുള്ള മറ്റൊരു മാർജ്ജാരനുണ്ടോ എന്നതു സംശയമാണ്. പെണ്ണുങ്ങൾ മിക്കവാറും അമ്മയുടേയോ സഹോദരിയുടേയോ പ്രൈഡിൽ കഴിയാനാണ് താല്പര്യപ്പെടുക. ആണുങ്ങളാകട്ടെ, ആദ്യകാലത്ത് അമ്മസംഘങ്ങളിൽ നില്ക്കുമെങ്കിലും വളരുന്നതോടെ ആൺസംഘങ്ങളിലേക്കു മാറും. ജീവിതകാലം മുഴുവൻ അങ്ങനെയായിരിക്കുകയും ചെയ്യും. രണ്ടു വയസ്സുകഴിയുമ്പോഴേക്കും ആൺകുട്ടികളെ അമ്മമാർ ആട്ടിയകറ്റുമെന്നു സാംസൻ പറഞ്ഞു. അടുത്ത ബന്ധുക്കൾ തമ്മിലുള്ള ഇണചേരൽ ഒഴിവാക്കാനാണത്രെ അത്. കൊള്ളാമല്ലോ എന്നു ഞാനും വിചാരിച്ചു അതു കേട്ടപ്പോൾ.
ആഫ്രിക്കൻ സാവന്നകളിലെ ഏറ്റവും വലിയ ഇരപിടിയൻ മൃഗം സിംഹം തന്നെയാണ്. എണ്ണത്തിലും മുന്നിൽത്തന്നെ, ഒരു പക്ഷെ, കഴുതപ്പുലികളേക്കാൾ തൊട്ടുതാഴെ. സീബ്രകളും വിൽഡബീസ്റ്റുകളുമാണ് സിംഹത്തിന്‍റെ കുടുക്കിൽ ഏറ്റവുമധികം പെടുന്നവർ. പൊതുവെ, സംഘം ചേർന്നായിരിക്കും ഇവരതു നിർവ്വഹിക്കുക. അതുകൊണ്ടുതന്നെ വിജയശതമാനവും കൂടുതലായിരിക്കും. പെണ്ണുങ്ങൾ തന്നെയാണ് നായാട്ടിനു നേതൃത്വം കൊടുക്കുന്നത്. ഒരു പക്ഷെ, ഭാരക്കുറവും അത്തരം അവസരങ്ങളിൽ ശല്യമായേക്കാവുന്ന സട ഇല്ലാത്തതും പെൺസിംഹങ്ങൾക്കുള്ള അനുകൂലഘടകങ്ങളാണ്. പെണ്ണുങ്ങൾക്കു ശരാശരി 120 കിലൊ ഭാരം കാണും, ആണുങ്ങളുടെ ശരാശരിയേക്കാൾ അറുപതു കിലൊ കുറവ്. ഇന്ത്യൻ കടുവകളേക്കാൾ ഏറേ പിന്നിലാണ് ഈ ഭാരക്കണക്കുകൾ.
ഒരു പുതിയ ആൺസംഘം ഒരമ്മസംഘത്തെ ഏറ്റെടുത്തുകഴിഞ്ഞാൽ അതിലെ പെണ്ണുങ്ങൾ പിന്നെ അവരുടെ വരുതിയിലാണ്. അവരുമായി ഇഷ്ടം പോലെ ഇണചേരാനുള്ള അവകാശം അവർക്കുണ്ട്. അവിടെയാണ് ഒരു പ്രധാനപ്രശ്നം. അമ്മമാരായ പെൺസിംഹങ്ങൾ പൊതുവെ കുട്ടികൾക്ക് ഒന്നര വയസ്സാവുന്നതു വരെ ഇണചേരുകയില്ല. അക്കാലമത്രയും അവർ പൂർണ്ണമായും കുട്ടികൾക്കായി ജീവിതം അർപ്പിക്കുന്നു. എന്നാൽ ഈ കാലയളവിനിടയിൽ എങ്ങാനും കുട്ടികൾ മരിച്ചുപോയാൽ ഉടനടി ഇണചേരാൻ സന്നദ്ധമാവുകയും ചെയ്യും. തങ്ങളുടെ അടുത്ത തലമുറയെ ആരോഗ്യത്തോടെ പ്രായപൂർത്തിയിലേക്കെത്തിക്കുക എന്നതു തന്നെ ഇവിടെ പ്രധാനലക്ഷ്യം. പക്ഷെ, ഒരു ആൺസംഘം പ്രൈഡിനെ ഏറ്റെടുക്കുമ്പോൾ ഈ വ്യവസ്ഥയിൽ പ്രശ്നം വരും. കാരണം, പുതുതായി വന്ന ആണുങ്ങൾക്കു കൂട്ടത്തിൽ കുട്ടികളുണ്ടെങ്കിലും അമ്മയുമായി ഇണചേരേണ്ടിവരും. അപ്പോൾ കുട്ടികൾ ഒരു തടസ്സമായി കാണും. മാത്രമല്ല, പുതിയ ആൺസിംഹത്തിനു മറ്റൊരാണിലുള്ള കുഞ്ഞിനെ പൊറുപ്പിക്കാനും ഇഷ്ടമല്ല. ഫലം അത്യന്തം ശോകപര്യവസായിയാണ് എന്നു പറയേണ്ടതില്ലല്ലോ. ചെറിയ കുഞ്ഞുങ്ങളെ മുഴുവൻ പുതിയ സംഘനാഥൻ കൊന്നുകളയും. തിന്നെന്നും വരും. വളരെ ക്രൂരമായ സിംഹരീതിയാണിത്. ഇനി ലേശം മുതിർന്ന കുട്ടികളാകട്ടെ, മരണത്തിൽ നിന്നു രക്ഷപ്പെടാൻ സംഘം വിട്ടോടിക്കളയാറാണ് പതിവ്. അവർ അഭയാർത്ഥികളായി കുറച്ചുകാലം കാട്ടിലലഞ്ഞെന്നുവരും. പലപ്പോഴും ആന, കഴുതപ്പുലി എന്നിവ അവരെ കീഴടക്കിയേക്കാം. പിന്നെ ഭാഗ്യവും സാമർത്ഥ്യവുമുള്ളവർ സ്വന്തമായി ഒരു ലോകം കെട്ടിപ്പടുക്കും. ഈയവസരത്തിൽ അമ്മസിംഹികളും ചില സൂത്രങ്ങളൊക്കെ ഒപ്പിക്കുമത്രെ. അവരുടെ കഴിവിനെ പരമാവധി ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള എല്ലാ മാർഗ്ഗവും അവർ പയറ്റുന്നതാണ് കണ്ടിട്ടുള്ളത്. കടന്നുകയറുന്ന സിംഹങ്ങൾ ഒന്നിൽ കൂടുതലുണ്ടെങ്കിൽ അവരെ തമ്മിലടിപ്പിക്കുക എന്നത് ഒരു പോംവഴിയാണ്. അതമ്മമാർ സമർത്ഥമായി ഉപയോഗിക്കുന്നത് പലരും നിരീക്ഷിച്ചിട്ടുണ്ടത്രെ. ഒടുവിൽ ഏറ്റവും ശക്തനായ ആൺസിംഹം അമ്മക്കൂട്ടത്തിന്‍റെയൊപ്പം താമസിക്കാൻ തയ്യാറാവുന്നതുവരെ അമ്മയും ഇണചേരലിൽ നിന്ന് ഒഴിഞ്ഞുമാറും. തന്‍റെ കുഞ്ഞിന്‍റെ അതിജീവനത്തിനു വേണ്ടതെല്ലാം അമ്മയ്ക്കു ചെയ്യാതെ വയ്യല്ലോ. മറ്റൊരു രസകരമായ വസ്തുത അമ്മസിംഹം തന്‍റെ കൂട്ടത്തിലെ മറ്റു പെണ്ണുങ്ങളേയും ഇണചേരാനും ഗർഭം ധരിക്കാനും അനുവദിക്കും എന്നതാണ്. ചെന്നായ, കാട്ടുനായ്ക്കൾ എന്നിവ ഇതു സമ്മതിക്കില്ലെന്നു വായിച്ചിട്ടുണ്ട്.
പ്രസവിച്ചു കഴിഞ്ഞാൽ അമ്മസംഘം ഒരു ശിശുപരിപാലനകേന്ദ്രമായി പ്രവർത്തിക്കുന്നതു കാണാം. കാരണം പ്രൈഡിലെ പെണ്ണുങ്ങൾ മിക്കവാറും ഒരുമിച്ചായിരിക്കും പ്രസവിക്കുക. ആണുങ്ങൾ അമ്മസംഘം കൈയ്യേറിക്കഴിഞ്ഞാൽ അതിലെ എല്ലാ പെണ്ണുങ്ങളുമായി ഏതാണ്ടൊരേ സമയം ഇണചേരുന്നതു കൊണ്ടാണത്. ഒരേ പ്രായത്തിലെ ഏതാനും കുഞ്ഞുങ്ങൾ സംഘത്തിലുണ്ടാവും അങ്ങനെയാണത് വലിയൊരു ശിശുവളർത്തുകേന്ദ്രം പോലെയാവുക. ഇങ്ങനെ മൂന്നും നാലും അമ്മമാർ ഒരേ സമയത്തുണ്ടാവുന്നതു കൊണ്ടൊരു ഗുണമുണ്ട്. ആൺസിംഹങ്ങളുടെ ശിശുഹത്യാശ്രമങ്ങൾക്കെതിരെ അമ്മമാർക്കൊരുമിച്ചു നിന്നു തടയാനാവുമെന്നതാണത്. പൊതുവെ നോക്കിയാൽ പെൺസിംഹങ്ങളേക്കാൾ ഒരൊന്നരയിരട്ടിയെങ്കിലും ഭാരക്കൂടുതൽ ആണുങ്ങൾക്കുണ്ടാവും. അതിനാലവർക്ക് ഒറ്റയ്ക്കു നില്ക്കുന്ന പെണ്ണുങ്ങളെ കീഴ്പ്പെടുത്താൻ പ്രയാസമില്ല. പക്ഷെ, മൂന്നോ അതിലധികമോ പെണ്ണുങ്ങൾ ഒറ്റയ്ക്കെട്ടായി നിന്നാൽ കാര്യങ്ങൾ തിരിച്ചാവും. എന്നിരുന്നാലും കുഞ്ഞുങ്ങളുടെ അവസാനസുരക്ഷ അവരുടെ അച്ഛന്മാർക്ക് സ്വന്തം സ്ഥലപരിധിയിലെ അധികാരം കൈയ്യാളാനാവുന്നതു തന്നെയാണ്. പുറമെ നിന്നുള്ള ആൺസിംഹങ്ങളെ ഏറ്റവും നന്നായി പൊരുതിയകറ്റാനാവുക അവർക്കു തന്നെയാണല്ലോ.
ആറേഴുമാസത്തോളം നിശ്ചയമായും കുഞ്ഞുങ്ങൾ മുലപ്പാൽ കുടിക്കും. പിന്നെയാണത് കുറഞ്ഞുവരിക. എങ്കിലും രണ്ടരക്കൊല്ലത്തോളം അമ്മയ്ക്കൊപ്പം തന്നെയായിരിക്കും സിംഹക്കുട്ടികൾ. അതുകൊണ്ടുതന്നെ പല പ്രായത്തിലുള്ള കുഞ്ഞുങ്ങളെ പോറ്റുന്ന അമ്മമാരേയും ഇടയ്ക്കു കണ്ടെന്നിരിക്കും. അമ്പതു ശതമാനത്തോളം സിംഹക്കുഞ്ഞുങ്ങൾ മരിച്ചുപോകാനിടയുണ്ടെന്നതാണ് ഒരേകദേശക്കണക്ക്. സെരംഗെറ്റി പോലുള്ള സ്ഥലങ്ങളിൽ രണ്ടുവയസ്സാവുന്നതിനകം അഞ്ചിൽ നാലു കുഞ്ഞുങ്ങളും മരണത്തിലേക്കു നീങ്ങുമത്രെ.
കടുത്ത പ്രവിശ്യാവദികളാണ് സിംഹങ്ങൾ. തലമുറകളോളം ഒരേ പ്രദേശത്തിന്‍റെ അധികാരം സൂക്ഷിക്കുന്ന സംഘങ്ങൾ വരെയുണ്ട്. ഇരകളുടെ ലബ്ധി, ജലലഭ്യത, സിംഹങ്ങൾക്കു സംഘമായി കഴിയാനുള്ള ഇടങ്ങൾ ഇവയൊക്കെ ഒരു സിംഹപ്രവിശ്യയിലെ നിർണ്ണായകഘടകങ്ങളാണ്. പ്രവിശ്യയെ നിലനിർത്തുന്ന പ്രഥമായുധം സിംഹഗർജ്ജനം തന്നെ. അഞ്ചു കിലൊമീറ്റർ ചുറ്റളവിൽ വരെ അതു കേൾക്കാനാവും. അത്രയും ദൂരത്തേക്ക് ഒരു സിംഹം തന്‍റെ പ്രവിശ്യാധികാരത്തിന്‍റെ സൂചന മറ്റുള്ളവർക്കു കൊടുക്കുന്നു. അതു കേൾക്കുന്ന ആൺസിംഹങ്ങൾക്കു ആ പ്രദേശത്തു നിന്നു വേണമെങ്കിൽ മാറിപ്പോകാം, അല്ലെങ്കിൽ കടന്നുകയറി ശബ്ദത്തിന്‍റെ ഉടമയെ വെല്ലുവിളിക്കാം, നേരിടാം. ഒരു സിംഹജീവിതത്തിലെ നിർണ്ണായകമായ ഒരു തീരുമാനമായിരിക്കുമത്. ചില വമ്പൻ സിംഹസംഘങ്ങൾ അഞ്ഞൂറു ചതുരശ്രകിലൊമീറ്റർ വരെ സ്ഥലങ്ങൾ സ്വന്തമാക്കാറുണ്ട്. അത്തരം വിശാലമായ സിംഹപ്രവിശ്യകളിൽ സംഘത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ചൊരു സ്ഥലത്തുതന്നെ ഉണ്ടാവണമെന്നില്ല. ചെറുസംഘങ്ങളായി അവർ പലയിടത്തായി നില്ക്കാറാണ് പതിവ്.
പലപ്പോഴും സംഘങ്ങൾ വലുതാവുകയും ചിതറിപ്പോവുകയുമൊക്കെയുണ്ടാവാം. എന്തായാലും ഒരു സംഘത്തിന്‍റെ വലിപ്പം അതിന്‍റെ ഭക്ഷ്യലഭ്യതയേയും സ്ഥലപരിധിയേയും പ്രത്യുത്പാദനശേഷിയേയുമെല്ലാം നിശ്ചയിക്കുന്ന ഘടകമാണ് എന്നതിൽ സംശയം വേണ്ട. മാത്രവുമല്ല, തങ്ങളുടെ ജനിതകത്തുടർച്ച ഏറ്റവുമധികം നിലനിർത്താനുള്ള സാധ്യതയും വൻസംഘങ്ങളിൽത്തന്നെ. ജനിതകഭാഷയിൽ ഇതിനെ അന്തർഭൂതക്ഷമത അഥവാ ഇൻക്ലൂസീവ് ഫിറ്റ്നസ് എന്നൊക്കെപ്പറയും. കൂടുതൽ വലിയ പ്രവിശ്യ കൈയ്യാളാനും ഇവർക്കുതന്നെയാണ് കഴിയുക. നദികൾ കൂടിച്ചേരുന്നയിടങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ പ്രാധാന്യമുണ്ട്. അത്തരം പ്രദേശങ്ങളിൽ ഇഷ്ടം പോലെ വെള്ളം ഉണ്ടാവുമെന്നു മാത്രമല്ല, കാടിന്‍റെ പലഭാഗത്തുനിന്നുള്ള മൃഗങ്ങൾ വെള്ളം കുടിക്കാനായി എത്താനുള്ള സാധ്യതയും ഏറെയാണ്. അതായത്, സിംഹത്തിനെ സംബന്ധിച്ചിടത്തോളം അത്തരമിടങ്ങളിൽ ഇരതേടൽ കൂടുതൽ എളുപ്പവുന്നു. അതുകൊണ്ടുതന്നെ ഒരു സിംഹസംഘത്തിനു അത്തരം സ്ഥലങ്ങൾ പിടിച്ചെടുക്കാൻ പ്രത്യേകതാല്പര്യവുമായിരിക്കും. അതിനുവേണ്ടിയുള്ള സംഘട്ടനങ്ങൾ കാലാകാലങ്ങളിൽ നടന്നുകൊണ്ടേയിരിക്കുകയും ചെയ്യും. സാബീസാൻഡ്സിന്‍റെ മേലധികാരത്തിനുവേണ്ടിയുള്ള മാപോഗോ സംഘത്തിന്‍റെ പോരാട്ടങ്ങൾ നിങ്ങൾ വായിച്ചിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. അത്തരത്തിൽ അക്രണാത്മകവും പ്രചണ്ഡവുമായ ഒരു ലോകമാണ് സാവന്നകൾ വാഴുന്ന സിംഹങ്ങളുടേത്. എങ്കിലും അതിനിടയിൽ ഞങ്ങളിപ്പോൾ അംബോസെലി തടാകത്തിനടുത്തു മനംനിറയെ കണ്ട സ്നേഹഗാഥകൾ കൂടി ചേർത്തുവെയ്ക്കാതെ ആ മൃഗരാജലോകം മുഴുവനാകുന്നതെങ്ങനെ?
***
Be the first to write a comment.