ല്ലാ സാംസ്കാരിക രേഖകളും കിരാതത്വത്തിൻ്റെ സുവർണ്ണരേഖകളാണെന്ന് വാൾട്ടർ ബെന്യമിൻ എഴുതിയിട്ടുണ്ട്. ചരിത്രത്തിൻ്റെ എല്ലാ എടുപ്പുകൾക്കും പിന്നിൽ, നാഗരികതയുടെ എല്ലാ പ്രതാപങ്ങൾക്കും പിന്നിൽ, ചതഞ്ഞരഞ്ഞുപോയ മനുഷ്യരുടെ നിശ്ശബ്ദമായ നിലവിളികൾ എത്രയെങ്കിലുമുണ്ട്. ആ നിലവിളികൾക്കു മുകളിൽ കെട്ടിപ്പെടുക്കപ്പെട്ട മഹാസൗധങ്ങളെയാണ് നാം സംസ്കാരത്തിൻ്റെ സുവർണ്ണരേഖകളും ഗോപുരകവാടങ്ങളുമായി കണ്ടുപോരുന്നത്. എത്രമേൽ മൃദുലമായ സംഗീതവും അമർത്തിയ രോദനങ്ങൾക്കു മേലെയാണ് ഉയർന്നു കേൾക്കുന്നത്. എത്രമേൽ സുന്ദരമായ വർണ്ണച്ചേരുവകൾക്കു പിന്നിലും അനന്തമായ യാതനകളുടെ ചോരപ്പാടുകളുണ്ട്. എത്രമേൽ ചടുലമായ താളപ്പടവുകൾക്കു പിന്നിലും പീഡിതമായ മനുഷ്യവംശത്തിൻ്റെ അലമുറകളുണ്ട്. സമാധാനത്തിൻ്റെ സന്ദേശങ്ങൾക്കു പിന്നിൽ പടയോട്ടങ്ങളുടെയും കൂട്ടക്കൊലകളുടെയും രക്തപ്രവാഹങ്ങളുണ്ട്. അതൊന്നും കാണാതെയും കേൾക്കാതെയും അറിയാതെയും നിലകൊള്ളാനുള്ള നമ്മുടെ കഴിവിൽ കൂടിയാണ് സംസ്കാരത്തിൻ്റെ ഗോപുരങ്ങൾ തലയുയർത്തി നിൽക്കുന്നത്.

ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ എന്ന സുധാമേനോൻ്റെ ഗ്രന്ഥം, ഒരർത്ഥത്തിൽ ചരിത്രത്തിൻ്റെയും നാഗരികതയുടെയും ഈ അഗാധവൈരുധ്യത്തെയാണ് അനാവരണം ചെയ്യുന്നത്. നാഗരികതകളുടെ, സാംസ്കാരിക മഹിമകളുടെ, സമാധാനത്തിൻ്റെ, പാരമ്പര്യത്തിൻ്റെ, വികസനത്തിൻ്റെ മറുപുറത്തേക്ക് ഈ കൃതി നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ നിശ്ശബ്ദമായി മണ്ണടിഞ്ഞു പോകുന്ന മനുഷ്യരുടെ നിത്യയാതനകളുടെ നടുക്കുന്ന ചിത്രം അനാർഭാടമായ പദാവലികളിൽ സുധാമേനോൻ അനാവരണം ചെയ്യുന്നു. വരണ്ട വസ്തുതകളും അക്കങ്ങളുമായി നമുക്കു മുന്നിലെത്തുന്ന സ്ഥിതിവിവരങ്ങളല്ല ഈ പുസ്തകത്തിലുള്ളത്. അതിന് പിന്നിലെ അനന്തവും നിശ്ശബ്ദവുമായ യാതനകളുടെ ചിത്രം ഹൃദയത്തെ കൊത്തിവലിക്കുന്ന ഭാഷയിൽ ഈ പുസ്തകത്തിൻ്റെ ഓരോ അധ്യായത്തിലും നമുക്കു കാണാനാവും. നാഗരികതയുടെ എടുപ്പുകൾ അതിൻ്റെ പുറംമോടികൾക്കപ്പുറം മനുഷ്യവംശത്തെ എങ്ങനെ അകമേ നിരാധാരവും നിർദ്ദയവുമായ ഒന്നാക്കി മാറ്റുന്നു എന്നതിന് ഇത്രമേൽ തെളിമയുറ്റ ആവിഷ്കാരങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട് എന്നു തോന്നുന്നില്ല.

ദക്ഷിണേന്ത്യയിലെ ആറ് രാജ്യങ്ങളിലെ സ്ത്രീജീവിതത്തിൻ്റെ തീവ്രവും മൂർത്തവുമായ അനുഭവസാക്ഷ്യങ്ങളാണ് ഈ കൃതി. ശ്രീലങ്ക, പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, നേപ്പാൾ, ബംഗ്ളാദേശ് എന്നീ അയൽരാജ്യങ്ങളിലെയും ഇന്ത്യയിലെ വാറംഗലിലെയും സ്ത്രീജീവിതത്തെ, അതതു മേഖലകളിലെ സവിശേഷമായ സ്ത്രീയനുഭവങ്ങളെ മുൻനിർത്തിയാണ് സുധാമേനോൻ അനാവരണം ചെയ്യുന്നത്. വംശീയയുദ്ധത്തിൽ തകർന്നടിഞ്ഞ ശ്രീലങ്കയിലെ ബാട്ടിക്കളോവയിലെ ജീവലത, പാക്കിസ്ഥാനിലെ സിന്ധ്പ്രവിശ്യയിലെ ഹാജിറ, അഫ്‌ഗാനിസ്ഥാനിൽ സറൂബിയിലെ പർവീൺ , ബംഗ്ളാദേശിലെ കരാട്ടിയയിലെ സഫിയ, നേപ്പാളിലെ ഹുംലയിലെ ശ്രേഷ്‌ഠ, ഇന്ത്യയിലെ വാറംഗൽ മേഖലയിലെ രേവമ്മ എന്നിങ്ങനെ ആറു സ്ത്രീകളുടെ ജീവിതകഥയാണ് ഈ ഗ്രന്ഥത്തിലെ ആറധ്യായങ്ങളിലായി അവതരിക്കപ്പെടുന്നത്. ഒരുമിച്ചു ചേർത്തുവയ്ക്കുമ്പോൾ ദക്ഷിണേന്ത്യൻ സ്ത്രീജീവിതത്തിൻ്റെ വർത്തമാനചിത്രമായി അത് നമുക്ക് മുന്നിൽ തെളിയും. പുകഴ്‌പെറ്റ നാഗരിതകൾക്കും സംസ്കാരത്തിൻ്റെ മഹാഗോപുരങ്ങൾക്കും ജന്മം നല്കിയ സമൂഹങ്ങളും പ്രവിശ്യകളും അശരണരായ മനുഷ്യരെ, പ്രത്യേകിച്ചും സ്ത്രീകളെ, വേട്ടയാടി കൊന്നു തീർക്കുന്നതിൻ്റെ നടുക്കുന്ന ചിത്രം. അഗാധമായ ഹൃദയവേദനയും നിസ്സഹായതയും രോഷവും ഇരമ്പിമറിയുന്ന മനസ്സോടെയല്ലാതെ നമുക്ക് ഇതിലെ അധ്യായങ്ങളിലൂടെ കടന്നു പോകാനാവില്ല.

മൂന്ന് വ്യത്യസ്തധാരകളെ കൂട്ടിയിണക്കുന്ന രീതിയിലാണ് സുധാമേനോൻ ഈ ഗ്രന്ഥത്തിലെ അധ്യായങ്ങൾ ഓരോന്നും രചിച്ചിരിക്കുന്നത്. ഒരുഭാഗത്ത്, അവ മുകളിൽ സൂചിപ്പിച്ച ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ വർത്തമാനസന്ദർഭങ്ങളെ അഭിമുഖീകരിക്കുകയും അതിൻ്റെ വിശദാംശങ്ങളിലൂടെ കടന്നുപോകുകയും ചെയ്യുന്നു. ഇതിൻ്റെ തുടർച്ചയെന്ന നിലയിൽ അതതു രാജ്യങ്ങളുടെ ചരിത്രത്തിലേക്കും അതിൻ്റെ ഗതിപരിണാമങ്ങളിലേക്കും സുധാമേനോൻ്റെ അവതരണം തുറന്നുകിടക്കുകയും ചെയ്യുന്നു. മേൽപറഞ്ഞ രാജ്യങ്ങളിലെ തകർന്നടിഞ്ഞ സാമൂഹ്യ-സാമ്പത്തിക ജീവിതത്തിൻ്റെ ഇരകളായിത്തീർന്ന സ്ത്രീകളുടെ ജീവിതം പടുത്തുയർത്താനായി യു-എൻ-ൻ്റെ നേതൃത്വത്തിൽ നടത്തിയ കമ്മ്യൂണിറ്റി സെൻറർ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളാണ് ആഖ്യാനത്തിലുൾച്ചേർന്ന രണ്ടാമതൊരു ധാര. ഈ രണ്ടു ഘടകങ്ങളെയും കൂട്ടിയിണക്കിക്കൊണ്ട്, അതതു മേഖലകളിലെ സ്ത്രീജീവിതാനുഭവത്തിൻ്റെ മാതൃകയെന്ന പോലെ, ശ്രീലങ്കയിലെ ജീവലത മുതൽ വാറംഗലിലെ രേവമ്മ വരെയുള്ള സ്ത്രീകളുടെ യാതനാനിർഭരമായ ജീവിതത്തിൻ്റെ കഥ ഓരോ അധ്യായത്തിലും നമുക്കു മുന്നിൽ അനാവൃതമാവുന്നു. ആ നിലയിൽ വ്യക്തി ജീവിതത്തിൻ്റെ വിവരണവും വർത്തമാന സാമൂഹ്യരാഷ്ട്രീയ സ്ഥിതിഗതികളും നാഗരികതയുടെ ചരിത്രവും ഇടകലർന്നു നീങ്ങുന്ന ഒരു വിവരണരീതിയാണ് സുധാമേനോൻ പിൻപറ്റുന്നത്. ദുരിതങ്ങളുടെ തീക്കടലുകൾക്കും കൊടുങ്കാറ്റുകൾക്കും ഇരയായിത്തീർന്ന നിസ്സഹായരായ സ്ത്രീകളുടെ ജീവിതത്തിൻ്റെ കഥയോടൊപ്പം ദക്ഷിണേഷ്യൻ ജീവിതത്തിൻ്റെ സമീപകാല സ്ഥിതിഗതികളും വായനക്കാർക്ക് അനുഭവവേദ്യമാക്കാൻ സുധാമേനോൻ്റെ വിശകലനരീതിക്ക് കഴിയുന്നുണ്ട്.

ഒരേ സമയം രണ്ടു പ്രതലങ്ങളിലൂടെ സഞ്ചരിക്കുന്ന ഭാഷയിലാണ് സുധാമേനോൻ ഈ ഗ്രന്ഥത്തിലെ അധ്യായങ്ങൾ രചിച്ചിട്ടുള്ളത്. ഒരു ഭാഗത്ത് താൻ പങ്കുവയ്ക്കുന്ന ജീവിതാനുഭവങ്ങളുടെ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന വിവരണഭാഷ. വരണ്ട വിവരണങ്ങളായി പരിണമിക്കാൻ എല്ലാ സാധ്യതകളുമുള്ള വസ്തുതകളെ തൻ്റെ രചനാശൈലിയുടെ ഹൃദ്യതയും സുതാര്യതയും കൊണ്ട് അല്പം പോലും മടുപ്പുളവാക്കാത്ത നിലയിൽ എല്ലാ അധ്യായങ്ങളിലും വിളക്കിച്ചേർക്കാൻ ഗ്രന്ഥകാരിക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം തന്നെ, ഈ വസ്തുതകളെ മനുഷ്യ ജീവിതത്തിൻ്റെ അനന്തമായ യാതനകളോട് ചേർത്തുവയ്ക്കുന്ന നിലയിൽ, ഓരോ അധ്യായത്തിലും സ്ത്രീജീവിതത്തിൻ്റെ ഉള്ളുപൊള്ളിക്കുന്ന അനുഭവലോകങ്ങൾ സുധാമേനോൻ അനാവരണം ചെയ്യുന്നുമുണ്ട്. നിറഞ്ഞ കണ്ണുകളോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയാത്ത വിധത്തിൽ ഈ പുസ്തകത്തിലെ അധ്യായങ്ങൾ നമ്മെ ആഴത്തിൽ പിടിച്ചുലയ്ക്കും. അതിവൈകാരികതയുടെയോ, ആലങ്കാരികതയുടെയോ അകമ്പടികളേതുമില്ലാതെ സത്യത്തിൻ്റെ പ്രകാശം കൊണ്ടു മാത്രം എഴുതപ്പെട്ട വരികളാണ് ഇതിലുള്ളത്. അത് നമ്മെ വന്നു തൊടുന്നതിൻ്റെ കാരണവും മറ്റൊന്നല്ല.

ഈ പുസ്തകത്തിൽ രണ്ടിടങ്ങളിലായി സുധാമേനോൻ ദസ്തയേവ്സ്കിയെ അനുസ്മരിക്കുന്നുണ്ട്. ആമുഖത്തിലും, ഒന്നാം അധ്യായത്തിൻ്റെ സമർപ്പണവാക്യമായി ഉദ്ധരിച്ചു ചേർത്ത സ്വേറ്റ്ലാന അലക്സിയേവിച്ചിൻ്റെ വാക്കുകളിലും. നിനക്ക് മുന്നിലാണ്, മുഴുവൻ മനുഷ്യരാശിയുടെയും യാതനകൾക്കു മുന്നിലാണ് താൻ മുട്ടുകുത്തുന്നതെന്ന് (I did not bowed down to you, I bowed down to all sufferings of humanity) സോണിയയോട് പറയുന്ന കുറ്റവും ശിക്ഷയും എന്ന നോവലിലെ റസ്കൾ നിക്കോഫിൻ്റെ വാക്കുകൾ പുസ്തകത്തിൻ്റെ ആമുഖത്തിൻ്റെ തുടക്കത്തിൽ തന്നെ നമുക്ക് വായിക്കാം. ‘നമ്മുടെ ലോകത്തിനായി, അതിൻ്റെ അടിപ്പടവിനെ ദൃഢീകരിക്കാനായി, നിഷ്കളങ്കയായ ഒരു കുഞ്ഞിൻ്റെ ഒരു തുള്ളി കണ്ണീരെങ്കിലും തൂകിയിട്ടുണ്ടെങ്കിൽ, ഈ ലോകത്തെയും നമ്മുടെ ആഹ്ളാദോത്സവങ്ങളെയും അതിൻ്റെ നിത്യമായ ലയത്തെയും നമുക്ക് ന്യായീകരിക്കാനാവുമോ?’ (Can we justify our world, our happiness and even eternal harmony, if in its name, to strengthen its foundation, at least one little tear of an innocent child will be spelled?’) എന്ന് സ്വേറ്റ്ലാന അലക്സിയേവിച് ദസ്തയേവ്സ്കിയെ ഉദ്ധരിച്ചുകൊണ്ട് ചോദിക്കുന്നത് ഒന്നാം അധ്യായത്തിലെ സമർപ്പണ വാക്യത്തിൽ സുധാമേനോൻ എഴുതിച്ചേർത്തിട്ടുണ്ട്. മനുഷ്യവംശത്തിൻ്റെയും സംസ്കാരത്തിൻ്റെയും ചരിത്രത്തിനു പിന്നിലെ അനന്തമായ നൃശംസകളെ നമുക്ക് മുന്നിലേക്ക് ഒറ്റയടിക്ക് കൂട്ടിക്കൊണ്ടു വരുന്ന വാക്കുകളാണവ. ഒരർത്ഥത്തിൽ സുധാമേനോൻ്റെ ഗ്രന്ഥത്തിന്റെ ആകെത്തുകയും അതുതന്നെയാണ്. എത്രയും സ്വാഭാവികമെന്ന നിലയിൽ നാം സ്വീകരിക്കുന്ന നാഗരികതയുടെ പരിവേഷങ്ങൾക്ക് പിന്നിലെ ഭയാനകമായ ഹിംസയുടെ ലോകങ്ങൾ ഈ ഗ്രന്ഥത്തിലെ ഓരോ അധ്യായവും നമുക്ക് മുന്നിൽ തുറന്നുവയ്ക്കുന്നു. നാം കൂടി പങ്കുചേർന്നാണ് അത് അരങ്ങേറുന്നതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ദക്ഷിണേഷ്യയിലെ സമകാലിക രാഷ്ട്രീയത്തിൻ്റെയും ജീവിതത്തിൻ്റെയും അവതരണമായിരിക്കെത്തന്നെ, മനുഷ്യവംശത്തിൻ്റെ അനന്തമായ യാതനകളുടെയും സഹനത്തിൻ്റെയും കഥകൂടിയായി അത് മാറിത്തീർന്നിരിക്കുന്നു. വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്ന സ്ത്രീയുടെ കണ്ണുനീരിലാണ് സംസ്കാരത്തിൻ്റെ ചരിത്രമത്രയും എഴുതപ്പെട്ടതെന്ന് അത് നമ്മെ ഓർമ്മിപ്പിക്കുന്നു.

തങ്ങളുടെ കുഞ്ഞുങ്ങൾ അനാഥജഡങ്ങളായി അവസാനിക്കാതിരിക്കാൻ അവരുടെ കൈത്തണ്ടിലും കാലുകളിലും മായ്ക്കാനാവാത്ത വിധം ആ കുഞ്ഞുങ്ങളുടെ പേരെഴുതി വയ്ക്കുന്ന ഗാസയിലെ അമ്മമാരുടെ നരകയാതനകൾക്ക് നടുവിലിരുന്ന് വായിക്കുമ്പോൾ നമ്മുടെ എല്ലാ മിഥ്യാഭിമാനങ്ങളെയും അത് റദ്ദാക്കിക്കളയും. സ്ത്രീജീവിതത്തിൻ്റെ വിലാപം നമുക്ക് ചുറ്റും അലയടിക്കും. വൈകാരികതയും ചരിത്രപരതയും സാമൂഹികതയും ഇണങ്ങിനിൽക്കുന്ന, ഒന്നും മറ്റൊന്നിനെ കീഴ് പ്പെടുത്താത്ത, ഒരു ആഖ്യാനസമ്പ്രദായത്തിൻ്റെ മികവ് സുധാമേനോൻ്റെ ഈ ഗ്രന്ഥം തെളിയിച്ചുതരുന്നുണ്ട്. സാമൂഹിക വിഷയങ്ങളുടെ പ്രതിപാദനത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ലളിതമായ ഒന്നല്ല അത്. 2023 ലെ മികവുറ്റ വായനാനുഭവങ്ങളിലൊന്നായി ഈ കൃതി മാറിത്തീർന്നതിൻ്റെ കാരണവും മറ്റൊന്നല്ല.


 

 

Comments

comments