കോൾനിലങ്ങളുടെ ജീവിതരേഖയോട്, അതിൽ ഇടപെടുന്ന ജീവൻ്റെ പെരുമാറ്റങ്ങളോട് ചെവി ചേർത്തുവെച്ചതു പോലെയായിരുന്നു ഒരുമിച്ചുള്ളൊരു ചെറുയാത്രയിൽ അൻവർ അലി സംസാരിച്ചത്. വീടിൻ്റെ മുകൾ നിലയിലെ ഏറുമാടത്തിലിരുന്നാൽ കിട്ടുന്ന, പലനിറങ്ങൾ മാറി മാറിയുടുക്കുന്ന, നോക്കിയാൽ കണ്ണെത്താത്ത കോൾ പാടത്തിൻ്റെ കാഴ്ച. (സ്മിതഛിന്ന ദുഃഖയായ, ദുർഗ്ഗയായ കണ്ണീർപ്പാടം. രാത്രി അതിനു ചുറ്റും ഒരു ആംഫി തിയ്യേറ്റർ എന്ന് ഈ പാടത്തെ അൻവർ കവിതയിലേക്കും എടുത്തിട്ടുണ്ട്. (അടാട്ട്)). അവിടെ ഒറ്റയായും സംഘങ്ങളായും എത്തുന്ന ദേശാടനക്കിളികൾ, വയലിൻ്റെ ജൈവവിശാലതയെ നീട്ടി നീട്ടി വിരിച്ചു കൊണ്ട് ഇഴഞ്ഞും നീന്തിയും തത്തിയും ചാടിയും നടന്നും ഓടിയും പറന്നും പ്രാണൻ്റെ പലവിധത്തിലുള്ള സഞ്ചാരങ്ങൾ. കേട്ടിരിക്കുമ്പോൾ
കോൾപ്പാടങ്ങളുടെ കഥാകാരനെ – സി.വി.ശ്രീരാമനെ – ഒരു ജീവിതമത്രയും കോൾപ്പാടത്തെ വെള്ളത്തിൽ കഴിഞ്ഞ ആ കഥാപാത്രത്തെ – പൊന്തൻമാടയെ – ഒക്കെ വെറുതെ ഓർത്തു. കോൾനിലങ്ങൾ കടന്ന് അൻവർ പുഞ്ചപ്പാടങ്ങളുടെയും പൊക്കാളിപ്പാടങ്ങളുടെയും ഭൂരേഖകൾ വരച്ചു. എവിടെ തുടങ്ങുന്നു, എവിയൊക്കെ പച്ചയും മഞ്ഞയും മാറി മാറി വരക്കുന്നു എന്നൊക്കെ ഉള്ളം കൈയിലെന്ന പോലെ നിശ്ചയം. കൃത്യമാണ് രേഖകൾ. കൃഷിവകുപ്പിൽ ഓഡിറ്റ് ഉദ്യോഗസ്ഥനായിരിക്കെ, ക്ലേശിച്ച് പൊടിതട്ടിയെടുത്ത വിവരങ്ങളാണ്. ബ്രിട്ടീഷുകാരുടെ കാലത്തെ കൃഷിക്കണക്കിൻ്റെ ലെഡ്ജറുകൾ, വേലയുടെയും കൂലിയുടെയും കണക്കുവിവരങ്ങൾ. പുലയരാണ് പാടത്ത് പണിതവരിൽ അധികവും. മണ്ണും മഴയും വിത്തും വിതയും കൊയ്ത്തും മെതിയും ചേർത്ത് ജീവിതം അളക്കാതെ ചൊരിഞ്ഞവർ. ആരാലും നശിപ്പിക്കപ്പെടാതെ അവർ ബോധത്തിലും അബോധത്തിലും സൂക്ഷിച്ചു വെച്ച ജൈവജ്ഞാനങ്ങൾ, പ്രകൃതിയോടിടപെടുമ്പോഴത്തെ വിവേകം, ഉൾക്കാഴ്ച. ആ അറിവുകളുടെ വീണ്ടെടുപ്പിലൂടെയാണ് ചരിത്രത്തെ വീണ്ടെടുക്കേണ്ടതെന്ന ബോധം അൻവറിൻ്റെ പിൽക്കാല കവിതകളിൽ ഉറയ്ക്കുന്നുണ്ട്. സംസ്കാരവും ചിന്തയും കടന്നുപോന്ന വാമൊഴി ജീവിതത്തിൻ്റെ വീണ്ടെടുപ്പാണത്. കാവ്യഭാഷ, മൊഴി എന്നൊക്കെ പറയുമ്പോൾ ഇത്തരം വീണ്ടെടുപ്പുകളിലൂടെ ഭാഷയിലേക്കു വരുന്ന ഊർജ്ജത്തെക്കൂടി അൻവർ ഉദ്ദേശിക്കുന്നുണ്ട്. ചരിത്രത്തിലേക്കുള്ള സത്യസന്ധമായ നോട്ടങ്ങൾ, അതിൽ നിന്ന് ബലപ്പെട്ട ജീവിതബോധം, രാഷ്ട്രീയനിലപാടുകൾ, ചെറുത്തു നില്പ് – ഇതൊക്കെ അൻവറിൻ്റെ കവിതകളുടെ സർഗ്ഗാത്മക പ്രകൃതിയിൽ പ്രവർത്തിക്കുകയും അതിൽ നിന്ന് പ്രസരിക്കുകയും ചെയ്യുന്ന ഊർജ്ജമാകുന്നുണ്ട്. 1990-കൾക്കു ശേഷം പുതുകവികൾ എന്നറിയപ്പെട്ട കവികളിൽ ഭാഷയിൽ സ്വച്ഛന്ദ സഞ്ചാരിയായ, തനിക്കുതാൻ പോന്നവനായ കവിയായി അൻവർ കാണപ്പെടുന്നു.
മെഹബൂബ് എക്സ്പ്രസ്സ് നമ്മുടെ കാലത്തെ മൂടിയ നിർമ്മിത നിശ്ശബ്ദതയെ ഭേദിക്കാനെന്നോണം ശബ്ദങ്ങളെ അതിൻ്റെ ഉറവിടത്തിൽ നിന്നു പിടിച്ചെടുക്കുന്നുണ്ട്. വിണ്ട മൺകട്ടകൾ തൊണ്ട നനയ്ക്കുന്ന, വേര് വെള്ളം വലിച്ചെടുക്കുന്ന,വിത്തുകൾക്ക് മുളപൊട്ടുന്ന ശബ്ദങ്ങൾ മുതൽ വൻമരങ്ങൾ കടപുഴകി വീഴുന്ന ശബ്ദങ്ങൾ വരെ, കപ്പൽപായകളെ കൊടുങ്കാറ്റുലക്കുന്ന ശബ്ദങ്ങൾ വരെ. ശബ്ദങ്ങളെ നോക്കി കാലത്തെ വായിക്കുന്നുമുണ്ട്. സ്വാഭാവികമായും ഈ ശ്രമത്തിൽ അത് കാലത്തിൻ്റെ രാഷ്ട്രീയത്തെ അതിൻ്റെ സർവ്വവ്യഥകളോടും ഭാരങ്ങളോടും കൂടി എഴുതുന്നു. പലമാതിരി നിലവിളികൾ – അത് ഉയർന്നത് ഒരു അറവുശാലയിൽ നിന്നാകാം, ബലാൽസംഗ ഭ്രമിയിൽ നിന്നാകാം, കലാപഭൂമിയിൽ നിന്നാകാം. അതിനെ രേഖപ്പെടുത്തുന്ന സൗണ്ട് ട്രാക്കുകൾ ആയി അൻവറിൻ്റെ വരികൾ പ്രവർത്തിക്കുന്നു. ഇക്കാലം കവിത സൗണ്ട് എഞ്ചിനീയറിങ്ങിൻ്റെ കലയാവുന്ന വിധം! എന്തിന്, ഈ കവിതകളിൽ ഒരു റസൂൽ പൂക്കുട്ടി തന്നെ നേരിട്ടു വരുന്നുമുണ്ട്. ( ഇറച്ചി, മക്കൾ)
ഒരുമിച്ചിരുപ്പിലും ഒരു ജനത അനുഭവിക്കുന്ന ഏകാന്തതയുണ്ട്. ഭീതിയോ അനാഥത്വമോ നിസ്സഹായതയോ സൃഷ്ടിച്ച അത്തരം ഏകാന്തതകളുടെ കൂടെ ചരിത്രത്തിൽ ഒരു തീവണ്ടിയുടെ നീണ്ട ചൂളംവിളിയുമുണ്ട്. വിഭജനങ്ങളിൽ, പലായനങ്ങളിൽ, വംശീയവും വർഗ്ഗീയവുമായ കലാപങ്ങളിൽ യുദ്ധങ്ങളിൽ – അധിനിവേശത്തിൻറെ ചരിത്രങ്ങളിലെല്ലാം പ്രതിരോധമായും ഉയിർത്തെഴുന്നേൽപായും പായുന്ന തീവണ്ടികൾ സാഹിത്യത്തിലും ഉണ്ടായിട്ടുണ്ട്. മലയാള കവിതയിൽ ആധുനികതക്കു ശേഷം എഴുതിയ കവികളിൽ പി.പി.രാമചന്ദ്രൻ, അൻവർ അലി, പി.രാമൻ, പി.എൻ. ഗോപീകൃഷ്ണൻ, സെബാസ്റ്റ്യൻ, അനിതാ തമ്പി തുടങ്ങിയവരുടെ കവിതകളിലൊക്കെ തീവണ്ടി അനന്തതയിലേക്കു കൂവിയാർത്തും ജീവനറ്റു കിടന്നും തുരുമ്പു പിടിച്ച് ചരിത്രത്തിലേക്കു മറഞ്ഞും പാളങ്ങളിൽ ഇരുമ്പുകൊണ്ട് ദൃശ്യവും അദൃശ്യവുമായി കാലത്തെ എഴുതിയിട്ടുണ്ട്. സ്വാതന്ത്ര്യവും മാനവികതയും ദേശീയതയും നീതിയും പുനർനിർണയിക്കപ്പെടുന്ന സമകാല ഇന്ത്യൻ ജനാധിപത്യ സാഹചര്യങ്ങളിലാണ് അൻവർ അലിയുടെ മെഹബൂബ് എക്സ്പ്രസ്സ് ഒരു ജീവിതരേഖ എന്ന കവിത എഴുതപ്പെടുന്നത്. 8 ഖണ്ഡങ്ങളിലായി എട്ട് കോച്ചുകളുള്ള ഒരു തീവണ്ടിയെ ഓർമ്മിപ്പിക്കുന്ന ഘടന. ഇരുമ്പു വേഗങ്ങളിൽ പാഞ്ഞ കടകടാ ശബ്ദങ്ങളെ ഡീകോഡ് ചെയ്ത് തീവണ്ടികൾ എഴുതിയ ഇന്ത്യയെ കണ്ടെത്തുകയാണ് ഈ കവിത. ഇന്ത്യൻ ദേശീയതയെന്ന വിശാല സങ്കല്പത്തോടു ചേർത്തല്ലാതെ സ്വന്തം സ്വത്വത്തെ ചിന്തിക്കാൻ കഴിയാത്ത ഒരാളിൽ ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങൾ ഉണ്ടാക്കുന്ന സന്ദേഹങ്ങളും ആധികളുമാണ് മെഹബൂബ് എക്സ്പ്രസ്സിലെ ആന്തരിക രാഷ്ട്രീയമാവുന്നത്.
“ആര്യാവർത്തത്തിൽ ഒരു യക്ഷൻ” എന്ന കവിതയിൽത്തന്നെ സന്ദേഹങ്ങളുടെ ഈ വണ്ടി ഓടിത്തുടങ്ങുന്നുണ്ട്.
“തീ കരളും കട്ടനടുപ്പുകൾ തോറും പുകപോൽ ഗലികൾ
‘റാം റാ’മെന്നു മരുക്കാറ്റുകളേതുകിനാവീ ലോകം!”
സൗഹൃദമറിയിക്കുന്ന ഒരു നിഷ്കളങ്കശബ്ദമായി ഗലികളിൽ കേട്ടിരുന്ന റാം റാം. അതിന് ക്രമേണ ശൂലമുനകൾ ഉണ്ടാകുകയും അതിനെ പൊളിച്ച ഒരു പള്ളിക്കുമേൽ സ്ഥാപിക്കപ്പെട്ട വിഗ്രഹമാക്കുകയും ചെയ്ത അപരവത്കരണ രാഷ്ട്രീയാധികാരത്തെ നേരിടാൻ ഒരിന്ത്യൻ മുസ്ലിമിന് വേറെ സ്വത്വാന്വേഷണവഴി തേടേണ്ടതുണ്ട്. ഒന്നുമറിയാതെ അൻവറിൻ്റെ കവിതകളിൽ ഒരു വണ്ടിയും ഓടുന്നില്ല
കുട്ടിക്കാലത്ത്, കണ്ണു കാതിൽ വെച്ച് തീവണ്ടികളുടെ അപരഭാഷ കേൾക്കാൻ പഠിപ്പിച്ചത് മെഹബൂബിക്കയാണ്. കോട്ടയം ഫാസ്റ്റ് പാസഞ്ചറിൻ്റെ ഇരുമ്പു വേഗത്തിൽ കൊല്ലത്തെ പപ്പടം ഗണ്ടൻ പപ്പടം, പപ്പടം ഗണ്ടൻ പപ്പടം എന്നു തിളച്ചു മറിഞ്ഞിരുന്ന വായ്ത്താരി പെരുമൺ പാലം കടന്നപ്പോൾ ഗണ്ടൻ പപ്പടം, ഗണ്ടൻ പപ്പടം മാത്രമായി നേർത്തു. “കൊല്ലത്തെ പപ്പടം അഷ്ടമുടിക്കായലീ വീണു പോയെടേ” എന്ന് മെഹബൂബിക്ക.
പെരുമൺ ദുരന്തം കഴിഞ്ഞ് ആറുവർഷത്തിനു ശേഷം, “ കോയീ ബഡാ പേട് ഗിർതാ ഹൈ തോ ധർതീ തോടീ ഹിൽത്തീ ഹൈ ” -. എന്നൊരു തീ വണ്ടിത്താളത്തിൽ മെഹബൂബിക്കയുടെ കത്തുവന്നു. ദില്ലിയിൽ ഒരു വൻമരം വീണതിനെത്തുടർന്ന്, ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടർന്ന്, സിഖ് കൂട്ടക്കൊലയാൽ ഇന്ത്യ കിടുങ്ങിപ്പോയ ദിവസങ്ങൾ. മലയാളത്തിൽ നമ്മളറിഞ്ഞിട്ടില്ല അത്തരം കൂട്ടനിലവിളികളുടെ തീവണ്ടിയൊച്ചകൾ. അക്കാലത്ത് മെഹബൂബിക്ക സിയാച്ചിനിലെ മഞ്ഞിലായിരുന്നു. സൈനികനായിരുന്നു അയാൾ. അക്കാലത്തു തന്നെ ആയിരുന്നു വല്യാപ്പയുടെ മരണവും. തീവണ്ടിയുടെ ഇരുമ്പുവേഗങ്ങളിൽ വിഭജനത്തിൻ്റെ, കലാപത്തിൻ്റെ താളങ്ങൾ –
“പാകിസ്ഥാൻ, പാർട്ടീഷ്യൻ
പാകിസ്ഥാൻ പാർട്ടീഷ്യൻ”
എന്നായിരുന്നു. പ്രിയപ്പെട്ടതെല്ലാം ലാഹോറിലുപേക്ഷിച്ച് വല്യാപ്പ ഒരു പുകവണ്ടിയിൽ ദില്ലിയിലേക്കു മുങ്ങി. ദക്ഷിണാമൂർത്തിയെന്ന് തോക്കിനെയും വടിവാളിനെയും കബളിപ്പിച്ചു രക്ഷപ്പെട്ടതിൻ്റെ ഓർമ്മകൾ.
“വീട്ടിലെ അരപ്രൈസിൽ ചാരിയിരുന്ന്
എന്നെ ചേർത്തുപിടിച്ച്
വട്ടത്തിൽ വിട്ട കാജാബീഡിപ്പുകയിലേക്ക് ചൂണ്ടി
വല്യാപ്പ പാടിയ
‘പാകിസ്ഥാൻ ഹിന്ദുസ്ഥാൻ ഖാലിസ്ഥാൻ’
എന്ന തീവണ്ടിയിൽ ഞാനിപ്പോ
രവിയും ബിയാസും സത് ലജും
ഒന്നിച്ചു നീന്തുവാടാ.. മെഹബൂബിക്കാടെ കത്ത്.
” വല്യാപ്പയാണല്ലേ നിങ്ങളെ തീവണ്ടി ഭാഷ വായിക്കാൻ പഠിപ്പിച്ചത്”
“തീവണ്ടികളാണ് പഠിപ്പിച്ചത്”
മെഹബൂബിക്ക പിന്നെ പല പല പട്ടാളക്യാമ്പുകളിലായി വടക്കേ ഇന്ത്യ മുഴുവൻ അലഞ്ഞു. പെണ്ണുകെട്ടാൻ പോലും നാട്ടിൽ വന്നില്ല
അന്നത്തെ ആ പന്ത്രണ്ടുകാരനും വളർന്നു, പുസ്തകങ്ങൾ, ലൈബ്രറികൾ, ചിന്ത, ചർച്ച, പുക – അയാളുടെ ഉള്ളിലും ചില ശകടങ്ങൾ ഓടി. ഠാക്കുറും ബ്രാഹ്മണനും ബനിയയും ഒഴികെ ബാക്കിയെല്ലാം DS4 എന്ന് ദളിത് മുന്നേറ്റവുമായി ഒരു കീഴാള വലിവണ്ടി ഉത്തരേന്ത്യയിലെ ഉൾനാടൻ കവലകളിൽ നിന്ന് പുറപ്പെട്ടിരുന്നു. അത് ‘തിലക് തരാസു ഔർ തൽവാർ, ഇൻകോ മാരോ ജൂത്തേ ചാർ” (കുറിയെ, ത്രാസിനെ, വാളിനെ ചെരുപ്പെടുത്തടിക്കേണ്ടി വരും) എന്ന് ഗംഗാ സമതലമാകെ ഓടിപ്പടർന്നു. ‘മെഹബൂബിക്ക കാണാത്ത വണ്ടികളാണതൊക്കെ’
” തീവണ്ടിപ്പാതയില്ലാത്ത, കിഴക്കൻ മലകളിലെ,
വടക്ക്, കുനാനിലെ പോഷ്പോറയിലെ
അടി വയറുകളിൽ കല്ലിച്ചു കിടക്കുന്ന
നിശ്ശബ്ദയെ നിങ്ങള് കേട്ടിട്ടില്ല മെഹ്ബൂബിക്ക ”
കുനാനിൽ, പോഷ്പോറയിൽ, മണിപ്പൂരിൽ തീവണ്ടി ചെല്ലാ ഗ്രാമങ്ങളിൽ ഇന്ത്യൻ സൈനികരാൽ കൂട്ടബലാസംഗം ചെയ്യപ്പെട്ടവരുടെ നിലവിളികൾ. ഇരട്ടവാലൻ പുഴുവിനെപ്പോലെ അയാൾ ചിലപ്പോഴൊക്കെ മെഹബൂബിക്കയുടെ അജ്ഞതയിലേക്ക് തുളച്ചുകയറി.
– ‘അതിന് എൻ്റെ ദേശീയഗാനം തീവണ്ടിയല്ലേടാ ഹമുക്കേ ” –മെഹബൂബിക്കായുടെ സമാധാനം.
91ലും 92ലും പലയിടത്തു നിന്നായി മെഹബൂബിക്കയുടെ പോസ്റ്റുകാർഡുകൾ വന്നു. ശ്രീ പെരുമ്പത്തൂർ, ശ്രീ പെരുമ്പത്തൂർ എന്നിഴഞ്ഞ് രാജീവ് വധത്തിൻ്റെ ശബ്ദരേഖയായ ഒരു ചാവേറുവണ്ടിയെപ്പറ്റിയായിരുന്നു അതിലൊന്ന്.
“സൗഗന്ധ് രാം കീ ഖാതേ ഹേ
മന്ദിർ വഹാം ബനായേംഗേ”
“ഏക് ധക്കാ ഓർ ദോ
ബാബറി മസ്ജിദ് തോട് ദോ”
“യേ തോ ഹോ ഗയാ
കാശീമഥുരാ ബാക്കി ഹൈ”
എന്ന് തീവണ്ടിയുടെ താളത്തിൽ രഥയാത്രകൾ നടന്നു, ബാബറി മസ്ജിദ് തകർന്നു. ഇന്ത്യയുടെ മതേതരജനാധിപത്യം തകർന്ന ശബ്ദം കൂടിയായിരുന്നു അത്.
കത്തുകൾ ഇമെയിലിലേക്കു മാറി . മെയിലുകൾ അദൃശ്യമായ തീവണ്ടികളാണെടാ എന്ന് മെഹബൂബിക്ക ‘2003 ലെ മെയിലുകളിൽ. ഗോധ്ര ഗുജറാത്ത് കലാപങ്ങളിലൂടെ സബർ മതി എക്സ് പ്രസ്സുകൾ പാഞ്ഞു.
“മുസൽമാൻ കാ ഏക് ഹൈ സ്ഥാൻ
പാകിസ്ഥാൻ യാ ഖബറിസ്ഥാൻ
ഗോധ്ര ഗുൽബർഗ് നരോദപാടു
ഖൂൻകാ ബദ്ലാ ഖൂൻ”
2015 ൽ മെഹബൂബിക്ക പെൻഷനായി
നാട്ടിലെ ഒറ്റയാൾ ഫ്ലാറ്റിലേക്ക് മടങ്ങി
അക്കാലത്ത്- ദാദ്രിയിലെ ഇറച്ചിക്കൊലയുമായി അഖ്‌ലാക്ക് അഖ്‌ലാക്ക് അഖ്‌ലാക്ക് എന്നാണ് തീവണ്ടികളോടിയത്.
അന്ന് അറക്കവാൾ പോലെ തെക്കോട്ടു പാഞ്ഞ
രാജധാനി എക്സ്പ്രസ്സിൻ്റെ ശബ്ദകാകോളം മോന്തി
രാവെളുക്കോളം ചുടല നൃത്തം ചവിട്ടിക്കൊണ്ട് ‘ ദക്ഷിണാമൂർത്തിയായ’ വല്യാപ്പ മെഹബൂബിക്കയുടെ സ്വപ്നത്തിൽ വന്നു.
“ഞാൻ തന്നെയാടാ മുഹമ്മദ് അഖ്‌ലാക്ക്
നിൻ്റെ നാടോടി വല്യാപ്പ…”
നാടോടിയായ വല്ല്യാപ്പയിലൂടെ തലമുറകൾ പിന്നോട്ടും മുമ്പോട്ടും നടന്നു. അഖ്‌ലാക്ക് ‘ഓരോ ഇന്ത്യൻ മുസൽമാൻ്റെയും പേരായി. വല്യാപ്പയുടേതുപോലെ ഒരു മഹാത്മജീസ് പാൻഷോപ്പ് ഓരോ ദേശത്തും തുറക്കാൻ ആഗ്രഹിക്കുന്ന ഒരിന്ത്യൻ പൗരൻ.
2017 ജൂൺ 19. കൊച്ചിൻ മെട്രോയുടെ പുത്യാപ്ലക്കോച്ചിലിരിക്കുകയാണ് മഹബൂബിക്കയോടൊപ്പം കവിയും. ശബ്ദമില്ലാത്ത സ്റ്റീൽ വേഗങ്ങളിലേക്ക് ഇനി കാത് ചേർക്കേണ്ടതില്ല. നിശ്ശബ്ദതയുടെ ദേശീയഗാനം. നമ്മൾ ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല. കവിത അവസാനിക്കുന്നത് കലൂരിലിറങ്ങി സ്വന്തം അപാർട്ട്മെൻ്റിലേക്ക് നടക്കുന്ന മെഹബൂബിക്കായുടെ ദൃശ്യത്തോടെയാണ്. ‘ചതുപ്പിൽ ഏരകപ്പുല്ലുകൾ പോലെ നിറഞ്ഞ അപാർട്ടുമെൻ്റുകൾ. അടുത്ത കങ്കാണ വണ്ടിക്ക് കാത്തുനിൽക്കുന്ന
ദ്രാവിഡ ഉൽക്കല വംഗകൾ – തമിഴനും ബംഗാളിയും ആസാംകാരനും മണ്ണില്ലാതെ അലയുന്ന, പണി തേടി അലയുന്ന മെട്രോക്കാലം വരച്ച ഇന്ത്യയുടെ ദേശീയ ഭൂപടം ഏരകപ്പുല്ലുകൾ പോലെ ഭൂമിയിൽ അപാർട്ടുമെൻ്റുകളും മാളുകളും നിറഞ്ഞു കഴിഞ്ഞു. വിനാശത്തിൻ്റെ അടിയന്തിര ഘട്ടങ്ങളിൽ ആയുധങ്ങളാകുന്ന അതേ ഏരകപ്പുല്ല്.
ഓർമ്മയും സംഭാഷണവും കത്തും ഇമെയിലുമൊക്കെ ചേർന്ന് സംവാദത്തിൻ്റേതായ ഒരു ഘടനയാണ് “മെഹബൂബ് എക്സ്പ്രസ്സ് ഒരു ജീവിത രേഖ”ക്കുള്ളത്. ഒരേ ഏകാന്തതയിൽ പെട്ട് ഒരാൾ നിർമ്മമനും ശാന്തനുമാണ്. മറ്റേയാൾ – കവി ക്ഷുഭിതനും ആശങ്കാകുലനും. അസാധാരണമായ പരസ്പര വിനിമയശേഷിയാൽ അവർ ഒരുമിച്ച് മുറിച്ചു കടക്കുകയാണ് ഈ ഏകാന്തതയെ. പരാജിതരുടെ ഈ ഏകാന്തതയാണ്, 1997 ൽ ‘ഏകാന്തതയുടെ അമ്പതു വർഷങ്ങൾ’ എന്ന കവിതയിൽ അൻവർ അവതരിപ്പിച്ചത്. സ്വാതന്ത്ര്യരാവിൽ തല തകർന്ന് വീട്ടിലെത്തി ഏകാന്തമായ ഉറക്കത്തിലാണ്ടുപോയ രാഘവൻ തകർന്ന സ്വാതന്ത്ര്യ സ്വപ്നങ്ങളുടെ മുഴുവൻ പ്രതീകമാണ്. മഹാത്മജീസ് പാൻ ഷോപ്പും പ്രണയവും ഉപേക്ഷിച്ച് ദക്ഷിണാമൂർത്തിയായി രക്ഷപ്പെട്ട വല്യാപ്പ ആ പരാജയത്തെ അതിജീവിച്ച്, ആ കയ്പ് കുടിച്ചു ജീവിച്ച ആളാണ്. രാഘവൻ ആ പരാജയം താങ്ങാനാവാതെ വീണുപോയ ആളും.
പൗരത്വ ബില്ലിൻ്റെ കാലത്ത്, 2019 ലാണ് അൻവർ അലി “തിരിച്ചറിക്കാർഡ്” എഴുതുന്നത്. സി. എ. എ ക്കെതിരെയുള്ള ഒരു പ്രക്ഷോഭണകാലത്ത് എറണാകുളം രാജേന്ദ്ര മൈതാനിയിൽ അൻവർ ഈ കവിത ഉറക്കെ, ഉറച്ച ശബ്ദത്തിൽ ചൊല്ലിയതോർക്കുന്നു. ശരീരം കൊണ്ട് മുഴുവനായിട്ടും ജീവൻ അതിന്മേൽ എടുത്തു വെച്ചിട്ടും അൻവർ നടത്തിയ ആ ആവിഷ്കാരം തന്നെ ഒരു പ്രതിരോധമായിരുന്നു പാലസ്തീൻ കവി മുഹമ്മദ് ദർവീഷിൻ്റെ , “റൈറ്റ് ഡൗൺ ഐ ആം ആൻ അറബി” എന്നു തുടങ്ങുന്ന ഐഡൻറിറ്റി കാർഡ് എന്ന കവിതയുടെ ഒരു തുടർച്ചപോലെ എഴുതിയ കവിത. ഇസ്രാഈൽ സൈന്യം ഗാസയിലെ പാലസ്തീൻ അതിർത്തിയിൽ വെച്ച് ആളുകളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനെതിരെ ദർവീഷ് എഴുതിയ കവിതയാണ് ഐഡൻറ്റിറ്റി കാർഡ്. തിരിച്ചറിക്കാർഡും മുസ്ലിം അപരവത്കരണത്തിൻ്റെ വ്യഥകളിൽ, സംഭ്രാന്തിയിൽ കാലം ആവശ്യപ്പെട്ട രാഷ്ട്രീയമായ ഒരു തുറന്നെഴുത്താണ്.
” ഞാൻ ലൗഡർ ആയ ഒരു രാഷ്ട്രീയ കവിത എഴുതുമെന്നോ അതിങ്ങനെ ചൊല്ലുമെന്നോ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. നരേന്ദ്ര മോദിയാണ് എന്നെക്കൊണ്ട് അതെഴുതിച്ചത്. അല്ലെങ്കിൽ ഇന്ത്യയിലെ ഹിന്ദുത്വയാണ് അതെന്നെക്കൊണ്ട് ചെയ്യിച്ചത്. ഫോമാണ് കവിതയെന്നുള്ള എൻ്റെ വാശിയെ, ഭാഷയിലുള്ള അടയിരുപ്പിനെ മറികടന്ന് രാഷ്ട്രീയം നമ്മളെക്കൊണ്ട് എഴുതിക്കുകയാണ്.”
ച്രന്ദ്രിക വാർഷികപ്പതിപ്പ് 2023. ഷാബു ഷൺമുഖവുമായുള്ള അഭിമുഖം)
” എഴുതി വെയ്ക്ക്
എൻ്റെ പേര് അലി.
തൊഴിൽ വാക്കുകെട്ടൽ
ആധാറില്ല. /മക്കൾ ധാരാളം /മിക്കവരും /സർവ്വകലാശാലകളിലോ ജയിലിലോ ആണ്./
എന്തേ മനംപിരട്ടൽ തോന്നുന്നുണ്ടോ ?
എഴുതിവെയ്ക്ക്/എൻ്റെ പേര് അലി
രണ്ടേ മുക്കാലേ മേത്തോ എന്ന് കൂട്ടുകാർ വിളിക്കുമായിരുന്നു. പാടങ്ങളുടെയും / പൊലയരുടെയും കരയ്ക്ക് /നായന്മാരുപേക്ഷിച്ച കൊട്ടിയമ്പലത്തോടു ചേർന്ന ചായ്പിലാണ് വളർന്നത്.
മുപ്പതു ജൂസുവും കമ്മൂ മാനിഫെസ്റ്റോയും ഓതിയിട്ടുണ്ട്
………………………………………………….
ഉമ്മയും വാപ്പയും നാടും വീടും
തിരുവിതാങ്കോട്
അവിഭക്ത ഇന്ത്യയിൽ ഇല്ലാതിരുന്നിടം
……………………………………………
എന്തേ? / രജിസ്റ്ററിൽ പേരില്ലെന്നോ?
വേണ്ട
മരിച്ച രാജ്യത്ത്
കബറടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല”
ഈ കവിതയുടെ ഘടന തന്നെ ഒരു പ്രതിഷേധമാണ്. ഒറ്റ വീർപ്പിൽ നീണ്ടു നിവർന്നു നിന്ന്, ഒരു വാക്ക് കൂടിപ്പോകാതെയും ഒരു വാക്ക് കുറഞ്ഞു പോകാതെയും അസന്ദിഗ്ധമായി സ്വന്തം നിലപാട് വ്യക്തമാക്കിക്കൊണ്ട് അവതരിപ്പിക്കപ്പെട്ട ഈ ജീവിതരേഖയിൽ ആശങ്കകളില്ലാതെ ഒരു സ്വത്വ പ്രഖ്യാപനം നടക്കുകയാണ്. മനുഷ്യാന്തസ്സിൻ്റെ പ്രഖ്യാപനം കൂടിയാണത്.
’മഴക്കാല’ ത്തിലെ ചില കവിതകൾ രൂപം കൊള്ളുന്നതിൽ 91-92കളിലെ വർഗ്ഗീയധ്രുവീകരണശ്രമങ്ങളും ബാബറി മസ്ജിദ് തകർക്കലും പരോക്ഷമായ പ്രേരണയാകുന്നുണ്ട്. “അള്ളാഹുവിൻ്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങൾക്ക് സ്വദേശം വെടിഞ്ഞ് പലായനം ചെയ്തു കൂടായിരുന്നോ? ” തങ്ങൾ അവശന്മാരും ആർത്തന്മാരുമായിരുന്നെന്ന് പറഞ്ഞവരോട് റൂഹ് പിടിക്കാൻ വന്ന മലക്കുകളുടെ ചോദ്യമാണ് ‘(ഖുറാനിലെ അന്നിസാ (സ്ത്രീകൾ) എന്ന അദ്ധ്യായത്തിലെ ഒരു വാക്യമാണ് ‘ മുസ്തഫാ’ എന്ന കവിതയുടെ ആമുഖമായി ചേർത്തത്. മുസ്ലിം സാമുദായിക ജീവിതം, ഖുറാൻ, ഹദീസ്, മതാചാരങ്ങൾ, മതനിഷ്ഠകൾ എല്ലാം പരാമർശിക്കപ്പെടുന്നുണ്ട് ഈ കവിതയിൽ. ‘എവിടെച്ചെന്നാലും പേരുകൊണ്ടും ശരീരത്തിലെ ചിഹ്നങ്ങൾകൊണ്ടും തിരിച്ചറിപ്പെടുന്ന മുസ്ലിം. മുസ്തഫായുടെ തുടക്കം തന്നെ മാർക്കക്കല്ല്യാണത്തിൻ്റെ (സുന്നത്ത്) ബഹളത്തോടെയാണ് . അതോടെ രണ്ടേമുക്കാൽ, മേത്തൻ എന്നൊക്കെ അവൻ വിളിപ്പെട്ടു കഴിഞ്ഞു. അൻവറിൻ്റെ ഏറ്റവും പുതിയ കവിതകളിലൊന്നായ വീരാങ്കഥമാലയിലും മിത്തുപോലെ ഒരു പലായന കഥയുണ്ട്. 90 കളിൽ പുതിയൊരു ഭാവുകത്വം കൊണ്ടുവന്ന കവികളുടെ പൊതുരീതി വിട്ട് ആഖ്യാനാത്മക കവിത എഴുതാൻ ധൈര്യം കാണിച്ച കവിയാണ് അൻവർ. പുതിയ കവിതകളിൽ ആഖ്യാനത്തെ പ്രമേയത്തോടു ചേർന്ന പദാവലി കൊണ്ടും പുഷ്ടിപ്പെടുത്തുന്നുണ്ട്.
വെട്ടിത്തുണ്ടമാക്കിയ പച്ച ഇറച്ചിയും ചോരയും കൊണ്ടെഴുതിയ സമകാല വർഗ്ഗീയരാഷ്ട്രീയവും ദേശീയതയുമൊക്കെയാണ്, ഇറച്ചി – മക്കൾ, Rape തുടങ്ങിയ കവിതകളിൽ. ചോരയോടെ പെറ്റുവീണ സ്ലോട്ടർഹൗസിൽ വെച്ച് കണ്ടുമുട്ടുന്ന ആട്ടിറച്ചീം മാട്ടിറച്ചീം. ഭ്രതകാലം അവരെ നോക്കി ഒറ്റ ആട്ടാണ്. മ്ഹേയും മ്ബേയും റസൂൽ പൂക്കുട്ടി സിൻക്രോണൈസ് ചെയ്ത് ഒരേ ട്രാക്കിലാക്കുന്നു. ഇറച്ചി ആടായും മാടായും വീടുകളിൽ വേറെ, വേറെ ഫ്രൈ ആകുന്നു.
“കൈമൊരിഞ്ഞോ കാൽമൊരിഞ്ഞോ
കണ്ണു കഴച്ചെന്നും
കാഞ്ഞു നിന്നു, ശബ്ദമില്ലാ,
സിനിമ പോലൊരമ്മ.”
പുറത്തെ ഒച്ചകളും അകത്തെ മൗനവും കൊണ്ട് രേഖപ്പെടുത്തപ്പെടുകയാണ് തരുണ കൊലയുടെ ചരിത്രം. വിധ്വംസകമാം വിധം ഒരു നാടൻ ഇശലിനെ അതിനു ചേരാത്ത പരുക്കൻ ശബ്ദങ്ങളിലുരച്ച് കാലത്തിൻ്റെ കരിഞ്ചോര പുരട്ടി അവതരിപ്പിക്കുകയാണ്. എല്ലാ താരാട്ടും തൊണ്ടയിൽ മുങ്ങിപ്പോകുന്നു. ‘മഴക്കാല’ത്തിലെ കവിതകളിൽത്തന്നെ ജീർണ്ണിച്ച കാലത്തിലെ അന്തിയും പുലരിയും എരിയുന്ന വേനലുമൊക്കെ പറയാൻ ചോരയിറ്റുന്ന ഇറച്ചിയെയാണ് അൻവർ രൂപകമാക്കുന്നത്.
വാക്കിൻ്റെ ക്രമീകരണം തന്നെ പ്രതിഷേധവുംപ്രതികരണവുമാവു കയാണ് Rape എന്ന കവിതയിൽ
“ra
pe
ra
pe
ra
pe
ആകാശത്തിൻ്റെ ഇലകൾ
ഇടിഞ്ഞു വീഴുന്നു
Rape
എല്ലാ ഇറച്ചികളുടെയും
പേരാകുന്നു
ആണൂറ്റപ്പന്നിമാടുകളായ് അത്
അമറിക്കൊണ്ടേയിരിക്കുന്നു.
Rape Rape Rape …
Rape Rape Rape …
രണ്ടു രാത്രികൾക്കിടയിലേക്ക്
തുളച്ചുകയറുന്നു
മൂർച്ചയുള്ള ഒരു പകൽ”
ബലാൽസംഗം രാഷ്ട്രീയായുധവും രാഷ്ട്രവും ദേശീയതയും ദേവാലയവും പ്രാർത്ഥനയുമായി ഭൂമിയെ തലങ്ങും വിലങ്ങും കീറിപ്പിളർക്കുന്ന അനുഭവം ഇതിൻ്റെ അക്ഷരഘടനയിൽത്തന്നെയുണ്ട്.
രാഷ്ടം, 06-01-20 വെളുപ്പിന്, മുഴുമ-വെറുമ തുടങ്ങി കവിതകൊണ്ട് ചെറുത്തു നിന്ന ഒരു കാലമാണ് അൻവറിന് സി. എ. എ. ക്കാലം.
ചെങ്കുത്തായ ഒരുറക്കത്തിൽ കണ്ട ദു:സ്വപ്നമായി ഇന്ത്യ ചുരുങ്ങിച്ചുളുങ്ങിക്കിടക്കുന്ന ‘ദുഃസ്വപ്നം’ എന്ന കവിത 2016 ൽ എഴുതിയിതാണെങ്കിലും ഇന്ന് ‘ എഴുതിയതുപോലെ വായിക്കാം. താടി വളർത്തിയ ഒരു ചായയൂറ്റുകാരൻ പിടിപ്പുകേടുകൊണ്ടും അവിവേകം കൊണ്ടും കുഴച്ചുമറിച്ചു കളഞ്ഞ, പേടിപ്പെടുത്തുന്ന ഒരു അരാഷ്ട്രീയ ദുഃസ്വപ്നമായി ഇന്ത്യ ഈ കവിതയിലുണ്ട്.
സ്വപ്നത്തിൽ കാറോടിച്ചു പോകുമ്പോൾ ആകാശത്തിൻ്റെ ഒരു പരസ്യബോർഡ്. അവിടെയിറങ്ങിയപ്പോൾ ആകാശം തണലാക്കി ഒരു താടിക്കാരൻ ചായ കൂട്ടുന്നു. ഒരു ചായ ഓർഡർ ചെയ്യാൻ നാവെടുത്തപ്പോഴേക്കും അയാൾ ആകാശം മറയാക്കി വിസർജ്ജിക്കാനിരുന്നു. മൂക്കുപൊത്താൻ തുടങ്ങുമ്പോഴേക്ക് ആകാശം ചവറ്റു കൂനയാക്കി. മഹാത്മാവേ എന്നു വിളിക്കും മുമ്പ് അയാൾ ചുടല നൃത്തം തുടങ്ങി താനൊരു യാഥാർത്ഥ്യമായാലോ എന്നു ഭയന്ന് ആ അരാഷ്ടീയ ദുഃസ്വപ്നം ആകാശത്ത് പാതാളത്തിൻ്റെ ഒരു വെബ്സൈറ്റ് തുറന്നു. അപ്പോൾ ചോര ഉടലാക്കി ആകാശത്തിലേക്കോ പാതാളത്തിലേക്കോ എന്ന് പിടി തരാതെ അയാൾ ഒഴുകിപ്പോകുന്നു.
സൗഹൃദങ്ങളും സംഭാഷണവും കവിതയും ചേർത്ത് വിഷാദങ്ങളെ നേരിടുന്നതാണ് അൻവറിൻ്റെ രീതി. ജീവിതത്തിലും കവിതയിലും പരിചയപ്പെട്ട എല്ലാവർക്കും വേണ്ടി തുറന്നു വെച്ച ഉള്ളും മനസ്സും ഗിരീഷ് കുമാറിലുള്ളതുപോലെ ‘അൻവറിലുമുണ്ട്. ചിത്രകാരനും ഗായകനും സുഹൃത്തുമായിരുന്ന ഗിരീഷ് കുമാറിനും അടാട്ടുള്ള സ്വന്തം വീടിനുമായി സമർപ്പിച്ചിരിക്കയാണ് ‘കടുനിറത്തിൽ പടർന്ന പാട്ടുകൾ ‘ എന്ന കവിത. വീടാകട്ടെ, വയൽക്കരയിൽ അതിൻ്റെ വിശാലവിദൂരതയിലേക്ക് കണ്ണുനട്ടിരിക്കുന്ന ഏറുമാടമുള്ളതും. അതിലിരുന്ന് നോക്കുമ്പോൾ പ്രളയജലമൊഴിഞ്ഞു പോയി പച്ചയും വരമ്പും തെളിഞ്ഞു വരുന്ന പാടം. ജീവൻ്റെ മടങ്ങിയെത്തലുകൾ. ഓർമ്മ ചക്രവാളത്തിൽ നിന്ന് ഏന്തിയേന്തി വന്ന് കൃത്രിമക്കാൽ ഊരി വെച്ച് ബാൽക്കണിയിൽ വീൽചെയറിലിരിക്കുന്നു. ആ വീട്ടിൽ വന്ന് താമസിക്കണമെന്നൊരാഗ്രഹം സാധിക്കാതെയാണവൻ പോയത്. ഓർമ്മകളിൽ അവർ തിമർത്തുതീർത്ത കാലം, ചൊല്ലിയ കവിതകൾ, ഗിരീഷിൻ്റെ സ്ഥിരം ശീലുകൾ, നേരത്തേ പിരിഞ്ഞു പോയ ചങ്ങാതിമാർ – എല്ലാം വരുന്നുണ്ട്. പാട്ടും വർത്തമാനവുമായി അങ്ങനെ തന്നെ ആ കാലത്തെ തിരിച്ചു പിടിക്കുന്നുണ്ട്. അതൊരു കഴിഞ്ഞ കാലമാണ്.
” കുഴഞ്ഞ നാവുകൾ കൊണ്ട് വരച്ച
ഒരമൂർത്ത ചിത്രത്തിലെ ഈണത്തരികൾ പോലെ
ഒരു നാൾ
നമ്മളോരോരുത്തരായി ഇല്ലതാവും
ഈ പാടം, ഈ നാട്, ഈ ഭൂമി
ഏരകപ്പൊന്ത പുതച്ച്
ശൂന്യതയുടെ അപ്പൂപ്പൻതാടിപ്പുറത്ത്
അലഞ്ഞുതിരിയും “
എല്ലാം ഒഴിഞ്ഞു പോകുന്ന ജീവിതത്തിൻ്റെ ശൂന്യസ്ഥലത്ത് കവിത പോലെ കവി ആഗ്രഹിക്കുന്ന ഒരു ശരണസ്ഥലമാണ് സൗഹൃദം. സ്നേഹം, ഒരുകമ്യൂണിസ്റ്റ് ശകലം, കടുംനിറങ്ങളിൽ അന്ന് ഒത്തു ചേർന്നു പാടിയ പാട്ടുകൾ ഒക്കെ ചേർന്നതാണത്. ഏറുമാടമുള്ള സ്വന്തം വീടു തന്നെയാണതെന്നും അൻവറിന് പറയാം.
“ഒരു കവിതയുടെ അഞ്ച് ഓർമ്മകൾ” ശരത്ചന്ദ്രനെക്കുറിച്ചുള്ള
ഓർമ്മകളാണ്. ദൃശ്യമാധ്യമ സാങ്കേതികപദങ്ങൾ ധാരാളമായി ഉപയോഗിച്ചു കൊണ്ടും, ഒരു വീഡിയോ ക്യാമറയുടെ നീക്കങ്ങൾ” ശരത് ചന്ദ്രൻ്റെ ഇഷ്ടങ്ങളിലേക്ക് ഫോക്കസ് ചെയ്തും ഭാഷ തന്നെ കവിതയാകുകയാണ് ഈ ഓർമ്മകളിൽ.
എഡിറ്റ് ചെയ്യാത്ത യൂമാറ്റിക് ടേപ്പ് – തിരുവനന്തപുരത്തെ ആദ്യത്തെ വീഡിയോ ക്യാമറയുമായി പോളിങ് ബൂത്തിലെത്തിയ ശരത്ചന്ദ്രൻ, ഫ്ലൈ എവേ ഹോം എന്ന ചലച്ചിത്രം കുട്ടികളെ കാണിക്കുന്നത്. കുട്ടികൾ ആകാശവും ഗ്യാലക്സിയുമുണ്ടാക്കുന്നത്. തൃപ്പൂണിത്തുറയിലെ ആദ്യത്തെ വീഡിയോ പ്രൊജക്റ്ററിൽ ശരത്ചന്ദ്രൻ അവരുടെ ആകാശത്തേക്ക് ആമി എന്ന പെൺകുട്ടിയേയും അവൾ വളർത്തുന്ന 16 വാത്തകളേയും പറഞ്ഞിവിടുന്നത്, കനവ് എന്ന ഡിജിറ്റൽ സിനിമയുടെ നിർമ്മാണം, വയനാട്, നരസിപ്പുഴ, ആദ്യത്തെ നോൺ ലീനിയർ എഡിറ്റിങ് . വിഡിയോ ക്യാമറയും പ്രൊജക്റ്റും നോൺ ലീനിയർ എഡിറ്റിങ്ങും കേരളത്തിന് പരിചയപ്പെടുത്തിയ ശരത്ചന്ദ്രൻ 2010 ൽ ഒരു തീവണ്ടിയപകടത്തിലാണ് മരിക്കുന്നത്. മണ്ണും വിണ്ണും വെയിലും മഴയും മുറിച്ചു മാറ്റപ്പെട്ട ഏതൊക്കെയോ ചുടലപ്പറമ്പുകളിൽ നിന്ന് അയാളുടെ കൈഫോൺ മാത്രം ശബ്ദിക്കുന്നു. ഉച്ഛിഷ്ടങ്ങളുടെ ദീർഘചതുരം എന്ന അഞ്ചാം ഖണ്ഡത്തിൽ സ്ലാബിളകിപ്പോയ കാനയുടെ വിടവിലേക്ക് വീണുപോയ ആ കൈ ഫോണിനെ കവി സങ്കല്പിക്കുന്നു. ഭൂമിയിലെ സകല വാങ്മയങ്ങളും ഉച്ഛിഷ്ടങ്ങളുടെ കറുത്ത ഒരു ചതുരത്തിലേക്ക് വാ പൊളിച്ചിരിക്കുന്നു.
കമ്പോളവത്കരണവും ഉപഭോഗസംസ്കാരവും കടിച്ചീമ്പിയിട്ട ഉച്ചിഷ്ടങ്ങളുടെ കറുത്ത കൊഴുപ്പിലേക്ക് വാക്കുകളെ തുറന്നു വെക്കുന്നു, മെഹബൂബ് എക്സ്പ്രസ്സിലെ പല കവിതകളും. ഏറനാടൻ മാപ്പിളജീവിതത്തിൻ്റെ തനതു ജീവിത മുദ്രകളും വിശ്വാസവും സംസ്കാരവും നാട്ടടയാളങ്ങളും മതാധികാരത്താലും കമ്പോളവത്കരണത്താലും കക്ഷിരാഷ്ട്രീയത്താലും പ്രവാസത്താലും അധിനിവേശം ചെയ്യപ്പെട്ടതിൻ്റെ നേർജീവിതരേഖയാണ് “കൊണ്ടോട്ടി എയർ പോർട്ടിൽ നിന്ന് വെള്ളിയാഴ്ച ഉച്ചക്ക് അവിശ്വാസിയായ ഒരിടത്തരം വിമാനം ടേക് ഓഫ് ചെയ്യുമ്പോൾ” എന്ന കവിത.
” അല്ലാഹുവല്ലാതെ ഇല്ല മറ്റൊരിലാഹ്’. എന്ന്
ജുമുഅയ്ക്ക് നിരക്കുന്ന ആൺകുന്നുകൾ;
നോക്കെത്താ ദൂരത്ത്
കപ്പ നട്ട,/ റബ്ബർ നട്ട, / ക്വാറി നട്ട
ഏറനാടൻ കുമ്പകൾ
അല്ലാഹുവല്ലാതെ ഇല്ല …എന്ന്
മണ്ണും ചെങ്കല്ലും കുഴൽക്കിണറുകളും
ചുമന്ന്
പാതാളത്തിലേക്ക് സുജൂദുപോകുന്ന വയസ്സു ചെന്ന പ്രാർത്ഥനകൾ.”
വെള്ളിയാഴ്ച ഉച്ചക്ക്, ബാങ്ക് വിളിയുടെ പല വിധ മുഴക്കങ്ങളിൽ അർത്ഥഭേദങ്ങളിൽ ഉയർന്നു വരുന്ന കൂറ്റൻ എടുപ്പുകൾ, ലീഗ്, സി.പി.എം, ജമാഅത്തെ ഓഫീസുകൾ, മുജാഹിദ് സുന്നി സമസ്ത അഹമ്മദീയ സമ്മേളനപ്പന്തലുകൾ, മർക്കസ്സുകൾ, ആശുപത്രികൾ, ജുവല്ലറികൾ, ഇറച്ചിക്കടകൾ, പണമിടപാടുസ്ഥാപനങ്ങൾ, കൂറ്റൻ ഫ്ലാറ്റുകൾ, മണി എക്സ്ചേഞ്ച് കൗണ്ടറുകൾ. ഇല്ല…ഇല്ല എന്ന് പ്രവാസത്തിൻ്റെ കാത്തിരുപ്പ് നെടുവീർപ്പുകൾ. അള്ളാഹുവല്ലാതെ മറ്റൊരിലാഹ് ഇല്ലെന്ന് എല്ലാ സീറ്റുകളും ഒഴിഞ്ഞു കിടക്കുന്ന സിവിൽ സ്റ്റേഷൻ്റെ വിജനമായ മൂന്നാം നിലയിൽ ഇരുന്ന് ഒരാൾ ഇതെല്ലാം എഴുതുന്നു. . അയാൾ അവിശ്വാ’സിയാണ്. ജീവനുള്ള മർത്യമാസം കയറ്റിയ തീവണ്ടിയായി അയാളിൽ ഒരു ദേശത്തിൻ്റെ ചെറുത്തുനില്പിൻ്റെ ചരിത്രം ചൂളം മുഴക്കുന്നു അയാൾ സംശയാലുവാണ്. വംശീയവും വർഗ്ഗീയവുമായ സ്വത്വങ്ങൾ അയാളുടെ അവിശ്വാസങ്ങൾക്കു മേൽ പ്രവർത്തനം തുടങ്ങുന്നു.
ബംഗാര, ഏപ്രിൽ 30, 2018, അഗത്തി, മേയ് 2, 2018 തുടങ്ങി ലക്ഷദ്വീപ്കവിതകളിലും “അല്പനേരം ഞാൻ വൈകിപ്പോയീ റബ്ബുലാലമീനായ തമ്പുരാനേ” എന്ന വിലാപമുണ്ട്. കാറ്റുവിളിപ്പാട്ടിൽ നിന്നും പൊന്തിയ കൂട്ടനിലവിളി കേൾക്കാൻ വൈകിപ്പോയി, കാത്തിരുന്ന പായോടം കടലിൽ താഴ്ന്നത് കാണാതെ പോയി. ‘ഒരു ദ്വീപ് മുഴുവൻ അതിൻ്റെ ഏകാന്തതയിൽ നിലവിളിക്കുമ്പോൾ സമയത്തിന് എത്താതിരുന്നതിൻ്റെ പശ്ചാത്താപവും ഏറ്റു പറച്ചിലും.
ഇശലുകളും ഈണങ്ങളും നാടൻ വൃത്തങ്ങളും അവയുടെ പരമ്പരാഗതമായ പ്രയോഗ സാഹചര്യങ്ങളിൽ നിന്ന് മാറ്റി അൻവർ ഉപയോഗിക്കുന്നുണ്ട്, പ്രമേയവും വാക്കുകളും വരുന്നത്, യന്ത്രങ്ങളും ഉപകരണങ്ങളും മെട്രോയും ഇൻ്റർനെറ്റും ഇൻഫോർമേഷൻ ടെക്നോളജിയും നിർമ്മിത ബുദ്ധിയും ചേർന്നുണ്ടാക്കിയ പുതിയ ലോകത്തിൽ നിന്നാവുമ്പോഴും അവയെ വൃത്തങ്ങളിലേക്കോ വൃത്തങ്ങളുടെ ഛായകളിലേക്കോ അനായാസമായി മെരുക്കി എടുക്കുന്നുണ്ട്. ‘ ഫ്ലാറ്റിൽ ജനാലയ്ക്കൽ’ എന്ന കവിത കൊഴിഞ്ഞ പല്ല് എറിയാനിടമില്ലാതെ, വിദേശനഗരത്തിൽ ഫ്ലാറ്റിലെ ജനാലക്കരികെ നിൽക്കുന്ന ആറുവയസ്സുകാരിയുടെ ചിന്തകളാണ്. ഈ കവിതയിലെ മഞ്ജരീവൃത്തം ‘കിളിക്കൊഞ്ചലിലെ’ അഞ്ചു വയസ്സുള്ള സീതയെ ഓർമ്മിപ്പിക്കും.
” നാട്ടീന്നിരുട്ടിൻ വിമാനത്തിലൊട്ടിയി-
ങ്ങെത്തിയ മിന്നാമിനുങ്ങുകളേ
ദൂരദൂരത്തു റൺവേയിൽ പൊടുന്നനേ
പൊട്ടിക്കിളർന്ന കൂൺവെട്ടങ്ങളേ
പാതിരാപ്പാത വിളക്കുമരങ്ങളേ
ചക്രവാളപ്പെരുമീനുകളേ
കൂട്ടണേ നിങ്ങടെ കൂട്ടത്തി, ലീവരും
വേരറ്റ പട്ടണപ്പല്ലിനേയും.”
എന്ന് പുതിയ സ്ഥലകാലങ്ങളുടെ അപരിചിതപരിസരത്തിലേക്ക് മഞ്ജരിയെ കൊണ്ടുവരുമ്പോൾ അത് വള്ളത്തോളിൻ്റെ മഞ്ജരിയല്ല,അൻവറിൻ്റെ മഞ്ജരിയാണ്.
“കറുത്തൊരശ്വത്തിൻ
ശിരസ്സിൻ മേൽ നിന്ന്
പുറകിലേക്കോട്ടും
കിനാവിനെപ്പിടി –
ച്ചൊരു സില്ലൗട്ടിൻ്റെ
ചുവരിൽ നിശ്ചലം
തറച്ചു വെച്ചപോൽ…
അചരഭാഷയിൽ
അനങ്ങുന്നു രാത്രി “(അചരഭാഷയിൽ)
അചരങ്ങളുടെ ഭാഷയിൽ എഴുതുകയും അനങ്ങുകയും ചെയ്യുന്ന രാത്രിയെ, പുറകിലേക്കു പായുന്ന നിഴൽപ്പടങ്ങളെ കൊന്ന് ചുവരടക്കാനുള്ള അതിൻ്റെ എഴുത്തിനെ, അന്നനടയുടെ ഈണങ്ങളിലേക്കു നീട്ടുകയും കറുക്കുകയും ചെയ്യുന്ന അപൂർവ്വ വൃത്തവിചാരം! എഴുത്തച്ഛനെ വിട്ട്, നൂറ്റാണ്ടുകൾ താണ്ടി കൃഷ്ണൻ്റെ തേർത്തട്ടിൽ നിന്ന് ഇറങ്ങി അത് ഒരു സ്കൂട്ടർ റിയർ ഗ്ലാസ്സിൻ്റെ മേൽ കമഴ്ത്തിയ ഹെൽമറ്റിൽ നിറഞ്ഞു നില്ക്കുന്നു.
‘ഒന്നുറങ്ങിയെണീറ്റതു പോലെ’ എന്നൊരു രണ്ടാം ഭാഗം മെഹബൂബ് എക്സ് പ്രസ്സിലുണ്ട്. വഴി തെറ്റി നടപ്പുകൾ നല്കിയ ഇശൽപ്പാടുകൾ, അറിയാതെത്തിപ്പെട്ട അതിരില്ലാപ്പച്ചകളുടെ ഓപ്പറ, കാക്കക്കൂട്ടിൽ വിരിഞ്ഞ കുയിലത്തം എന്നൊക്കെ ഈ മാറിനടത്തത്തെ അൻവർ അലി വിശേഷിപ്പിക്കുന്നുണ്ട്. സൂക്ഷ്മവായനയിൽ ചെറിയ ചെറിയ ജീവിതങ്ങൾ, ആഘോഷിക്കപ്പെടാത്ത ചൊല്ലുകൾ, പൊരുളുകൾ ഇവയുടെ ആഴങ്ങളിലേക്കുള്ള വേരോടലാണത്. മണ്ണിൽ പണിയെടുത്തവർ ആർജ്ജിച്ച ജ്ഞാനത്തേയും സാംസ്കാരികോർജത്തേയും ചേർത്ത് പുതിയൊരു സൗന്ദര്യശാസ്തം വികസിപ്പിച്ചെടുക്കുകയാണ് അൻവർ. ‘പറ പറ… കഥ പറ…’ എന്ന കവിത തുടങ്ങുന്നത് ഇരുമ്പനം ഭാഗത്തെ പുലയരുടെ തന്ത ദൈവമായ അയിക്കരക്കാരണോരെ തോറ്റിക്കൊണ്ടാണ്. അഴകി, അനസി, കാളി, കുഞ്ഞളരി കുറുമ്പ അണിഞ്ചൻ, കുറുമ്പൻ, കൊച്ചുറുമ്പൻ, കാവലൻ എന്നു പേരോടുകൂടിയ പുലയരും വിരിപ്പ്, പൊക്കാളി, കുർക, ഓര്പ്പാണ്ടി, ആനക്കൊമ്പൻ എന്ന് വിത്തുകളും പൊല്ലം, പുട്ടൽ തുടങ്ങിയ സാധനങ്ങളും കൃഷിയുമായി ബന്ധപ്പെട്ട വാക്കുകളും ഈ കവിതയെ മറഞ്ഞു പോകുന്ന ഒരു മഹാ സംസ്കൃതിയുടെ ഓർമ്മകളാക്കുന്നു.
“പെരുവയൽപ്പൂമികളിൽ
പല പൂവ് കൊയ്തെടുത്ത്
വരുങ്കാലക്കളം നോറ്റ
പുലയോരെ പഴങ്കഥ
പോടാ ‘തമരേ’ ചൊന്ന്
കാലാക്കണ്ട വരമ്പത്ത്
പിടിത്താളെറിഞ്ഞു പോന്ന
കുലങ്ങൾതൻ പഴങ്കഥ”
എന്ന് ആ കൃഷിക്കാലത്തെ തോറ്റിയുണർത്തുന്നു
” അക്കാണും മാമലയൊന്നും
നമ്മുടെതല്ലെന്മകനേ
ഇക്കായൽക്കയവും കരയും
ആരുടെയും അല്ലെൻ മകനേ
പുഴുപുലികൾ പക്കി പരുന്തുകൾ
കടലാനകൾ കാട്ടുരുവങ്ങൾ
പല കാലപ്പരദൈവങ്ങൾ
പുലയാടികൾ നമ്മളുമൊപ്പം
നരകിച്ചു പൊറുക്കുന്നിവിടം”
മണ്ണം ജീവനും പ്രകൃതിയും തമ്മിലകന്നു പോയ പുതിയ ലോകവ്യവസ്ഥയിൽ ഒന്നുമില്ലാതായ മണ്ണിൻ്റെ ആദി ഉടയോന്മാരുടെ സങ്കടവും പ്രതിഷേധവും അദ്ധ്വാനത്തിൻ്റെ ഓർമ്മകളുള്ള ഈണത്തിൽ പാടുകയാണ് ’ ഞാനരിയും കുരലുകളെല്ലാം…’ എന്ന കവിതയിൽ.
എല്ലാം ഈണത്തിലാക്കി നവലോകക്രമത്തെ, തത്വദീക്ഷയില്ലാത്ത വികസന പ്രവർത്തനങ്ങളെ, മലയിടിക്കലിനെ, വയൽ നികത്തലിനെ കൂവി വിളിച്ച് പരിഹസിക്കുന്നുണ്ട്, പല കവിതകളും. പ്രസിദ്ധമായ ഓ.എൻ.വി പ്പാട്ടിൻ്റെ പാരഡികളാണ് ‘നമ്മളിടിക്കും കുന്നെല്ലാം നമ്മുടെ പാറ പൈങ്കിളിയേ’ എന്നു തുടങ്ങുന്ന ജച്ച ഞാ ജ്ഞ,’യും നമ്മൾ തുറക്കും വായെല്ലാം നമ്മുടെ വാദം വാ കിളിയേ എന്നു തുടങ്ങുന്ന ‘ബബ്ബഭയും . ‘നാതങ്കുഞ്ഞും മനുഷഞ്ചേട്ടനും’ എന്ന കവിത മുണ്ടകമ്പാടത്തെ നാതങ്കുഞ്ഞേ മുണ്ടകൻ കൊയ്യുമ്പോൾ എവിടിരിക്കും എന്ന നാടൻ പാട്ടിനെ ആധാരമാക്കി എഴുതിയ കവിതയാണ്. മാളുകൾ പൊങ്ങുമ്പോൾ ഇടമില്ലാതാകുന്ന, കുറ്റിയറ്റു പോകുന്ന ജീവജാലങ്ങൾ മനുഷ്യനെ ചിലത് ഓർമ്മിപ്പിക്കുന്നു. അതിൻ്റെ ഈണത്തിലും വാക്കുകളിലും ഈ കവിത ഒളിപ്പിച്ചു വെച്ച സർവ്വതന്ത്ര സ്വതന്ത്രമായ പരിഹാസം സകല മനുഷ്യാഹങ്കാരത്തെയും കല്ലെറിയുന്നു.
ഒരു പക്ഷേ, ഈ വീണ്ടെടുപ്പുകൾ തന്നെയാവും അൻവറിൻ്റെ കവിതയിലെ പതിരോധ പ്രകൃതിയാവുക. കാണാൻ വിട്ടുപോയ ജീവിതങ്ങളുണ്ട്. അവയുടെ പകിട്ടില്ലായ്മയ്ക്ക് പലതും പറയാനുണ്ടാകും. ഭയങ്കരമായ ഒരു കാലത്തിലെ അനിശ്ചിതവും അരക്ഷിതവുമായ ജീവിതത്തിന് കൂട്ടാവുന്നത് അതൊക്കെയാകും. മറഞ്ഞു നിന്ന ആളുകൾ, വാക്കുകൾ, സമുദായങ്ങൾ – തൻ്റെ കവിത അതിജീവിക്കാൻ ഇടയുള്ളത് അവരുമായുള്ള ജീവനാഡീബന്ധം കൊണ്ടായിരിക്കും എന്ന് അൻവർ പറയുന്നു. ( അഭിമുഖം -ചന്ദ്രിക വാർഷികപ്പതിപ്പ് – 2023)
Be the first to write a comment.