അംബോസെലിയിലെ ഞങ്ങളുടെ അവസാനസായാഹ്നം അവിടത്തെ ചതുപ്പുനിലങ്ങളിലായിരുന്നു. അവിടെ മുങ്ങിയും താഴ്ന്നും ചവിട്ടിമെതിച്ചും ആ പ്രദേശം പ്രധാനമായും കൈയ്യടക്കിവെച്ചു നില്ക്കുന്നത് നമ്മുടെ പ്രിയപ്പെട്ട മഹാമസ്തകങ്ങൾ തന്നെ. മറ്റു മൃഗങ്ങൾ ഇല്ലെന്നല്ല. അവയെല്ലാം അവയുടേതായ വേറിട്ട ലോകങ്ങളിലാണെന്നു മാത്രം. ലോകത്തിലെ മറ്റൊരു വനസഞ്ചാരത്തിലും കാണാനാവാത്ത കാഴ്ചയാണ് അംബോസെലിയിലെ ഈ ചതുപ്പുലോകം നമ്മുടെ മുന്നിൽ തുറന്നിടുന്നത്. പച്ച പൊതിഞ്ഞ നിലം കണ്ടാൽ ഒറ്റനോട്ടത്തിൽ മറ്റൊരു പുൽമേടെന്നേ തോന്നൂ. അവിടവിടെയായി ചിതറിക്കിടക്കുന്ന ചെറുനീരിടങ്ങൾ നമ്മുടെയുള്ളിൽ ഒരു സംശയം ജനിപ്പിക്കാതിരിക്കില്ല. എങ്കിലും, ആനയെപ്പോലെയൊരു മഹാജന്തു അതിലേക്കിറങ്ങി പതുക്കെ ശരീരം പാതിയോളം ആ പുൽമേടെന്നു കരുതിയ ഇടത്തിൽ പൂഴ്ന്നിറങ്ങുന്നതു കാണുമ്പോഴാണ് ആ സംശയം അത്ഭുതത്തിലേക്കു വഴിമാറുക. ഇതൊരു ചതുപ്പായിരുന്നു അല്ലേയെന്നു അപ്പോൾ മാത്രമേ മനസ്സിലാവൂ. ആനകളുടെ ചെളിനീരാട്ടിനൊപ്പം അല്പമകലെയായി ഹിപ്പോകളും കാട്ടുപോത്തുകളുമുണ്ടാവും. സർവ്വം ചേറിൽ ഭൂഷിതനായി കുത്തിമറയുന്ന കാട്ടുപന്നികളേയും കാണാം. മനുഷ്യരുടെ സ്പാ പോലെയാവണം ഇവർക്കീ അതിവിശാലമായ ചേറ്റുകണ്ടം.
ഒരു പക്ഷെ, അവിടെ എന്നെ ഏറെയാകർഷിച്ചത് വിവിധതരം നീർപ്പക്ഷികളുടെ സാന്നിധ്യമായിരുന്നു. ഈഗ്രറ്റുകൾ അഥവാ മുണ്ടികളിൽ മിക്കവയും നമ്മുടെ നാട്ടിൽ കാണുന്നവ തന്നെ. കാലിമുണ്ടി, വലിയ മുണ്ടി, ചെറുമുണ്ടി, തുടങ്ങിയവയെല്ലാമുണ്ട്. ഏതാണ്ട്, വലിയ മുണ്ടിയെപ്പോലെത്തന്നെ രൂപമെങ്കിലും, മഞ്ഞക്കൊക്കൻ മുണ്ടിയെ ഞാനാദ്യമായി കാണുകയായിരുന്നു. ഐബിസുകളായിരുന്നു മറ്റൊരു കൂട്ടർ. നീണ്ടു താഴേക്കല്പം വളഞ്ഞ കൊക്കും മെലിഞ്ഞതും ദീർഘവുമായ കാലുകളുമാണവരുടെ പ്രത്യേകത. അസംഖ്യം ജീനസ്സുകളും സ്പീഷീസുകളുമുണ്ട് ഐബിസുകളിൽ. അംബോസെലിയിലെ ചതുപ്പിൽ ഞങ്ങൾക്കു മുന്നിലായി ദൃശ്യമൊരുക്കിയതാകട്ടെ അക്കൂട്ടത്തിൽ മൂന്നിനങ്ങളായിരുന്നു. ആഫ്രിക്കൻ വിശുദ്ധ ഐബിസ്, ഗ്ലോസ്സി ഐബിസ്, പിന്നെ ഹഡാഡ ഐബിസ് എന്നിവ. ഈ ഐബിസുകളെ മലയാളത്തിൽ അരിവാൾ കൊക്കന്മാർ എന്നു വിശേഷിപ്പിക്കാം. അരിവാളിന്‍റെയത്രയില്ലെങ്കിലും, വളഞ്ഞ ആ കൊക്കുകളിൽ നിന്നു തന്നെയാണ് പേരിന്‍റെ ഉത്ഭവം. ഐബിസുകൾ ഉൾപ്പെടുന്ന ത്രെസ്കിയോർനിത്തിഡേ എന്ന കുടുംബപ്പേര് സൂചിപ്പിക്കുന്നതും അരിവാളിനെത്തന്നെ. ആ ഗ്രീക്ക് പദത്തെ പരിഭാഷപ്പെടുത്തിയാൽ അരിവാൾ പക്ഷി എന്നാവും.
ആഫ്രിക്കൻ വിശുദ്ധ ഐബിസിനെ കണ്ടാൽ നമ്മുടെ നാട്ടിലെ കഷണ്ടിക്കൊക്കിനെ പോലെത്തന്നെ. ഓസ്ത്രേലിയയിലെ വെള്ള ഐബിസും ഇതുതന്നെ രൂപം. കറുത്ത തലയും കഴുത്തും പിന്നെ ബാക്കിയുള്ള ദേഹം മുഴുവൻ വെള്ളയും. അതായത് ഇക്കാണുന്ന വിശുദ്ധ ഐബിസും ഇന്ത്യയിലേയും ഓസ്ത്രേലിയയിലേയും ഐബിസുകളും തമ്മിൽ കാഴ്ചയിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നു സാരം. പേരുകൾ മാത്രമാണോ വെവ്വേറെയായത് എന്നാരും ചോദിച്ചുപോകും. സത്യത്തിൽ മൂന്നു ഭൂഖണ്ഡങ്ങളിലായി മൂന്നു വ്യത്യസ്തപേരുകളിൽ അറിയപ്പെടുന്ന ഇവ ഒരൊറ്റ സ്പീഷീസ് തന്നെയോ എന്ന സംശയവും തർക്കവും പക്ഷിശാസ്ത്രജ്ഞന്മാരുടെ ഇടയിൽ ഉണ്ടുതാനും.
ആഫ്രിക്കൻ വിശുദ്ധ ഐബിസിനെക്കുറിച്ച് ഞാനാദ്യമായി കേൾക്കുന്നത് എന്‍റെ ഈജിപ്ത് യാത്രയുടെ സമയത്താണ്. പുരാതന ഈജിപ്ത് വിശ്വാസങ്ങളിൽ പുണ്യവിഹഗമായി കരുതുന്ന ഒന്നാണിത്. വിജ്ഞാനത്തിന്‍റേയും വിവേകത്തിന്‍റേയും പ്രതീകമായി പൗരാണികർ ഈ പക്ഷിയെ കണ്ടിരുന്നു. തോത് ദേവന്‍റെ മറ്റൊരു രൂപമെന്നും പറയും. പല പാപ്പിറസ് ലിഖിതങ്ങളിലും ഈ ഐബിസ് പക്ഷിയുടെ രൂപത്തിലുള്ള ശിരസ്സാണ് തോത് ദേവന് സങ്കല്പിച്ചുകൊടുത്തിട്ടുള്ളത്. മനുഷ്യരുടെ മരണാനന്തരലോകത്തിലൂടെയുള്ള യാത്രയിലും ഐബിസ് രൂപിയായ തോത് ദേവന് പ്രധാനമായ ഒരു പങ്കു വഹിക്കാനുണ്ട്. എന്‍റെ ‘നൈൽ വഴികൾ’ എന്ന പുസ്തകത്തിൽ ഇതിനെക്കുറിച്ചു പറയുന്നുമുണ്ട്. മാത്രവുമല്ല, അതിൽ പറഞ്ഞപോലെ തുത്മോസ് ഫറവോയുടെ ഹൈറോഗ്ലിഫിക്സ് ലിഖിതത്തിലെ ഐബിസ് രൂപം അഥവാ തോത് എന്നതിൽ നിന്നാണ് ആ ഭാഷാവായനയുടെ തുടക്കം എന്നതും ഞാനിവിടെ ഓർമ്മിപ്പിക്കുന്നു. എന്തായാലും, എത്രയോ ദിവ്യമായ സ്ഥാനമായിരുന്നു അക്കാലത്ത് ഈ വിശുദ്ധ ഐബിസുകൾക്ക് എന്നു കാണാൻ പ്രയാസമില്ല.
ഏറ്റവും അതിശയകരമായത്, ഈ പക്ഷികൾ ജീവൻ വെടിയുമ്പോൾ ഇവരുടെ മമ്മീകരണവും നടത്താറുണ്ടായിരുന്നു എന്ന വസ്തുതയാണ്. അക്കാലത്ത് ഈജിപ്ഷ്യൻ അമ്പലങ്ങളിൽ നേർച്ചയായി വിശുദ്ധ ഐബിസുകളെ സമർപ്പിക്കുന്ന പതിവുണ്ടായിരുന്നു. അസുഖങ്ങൾ മാറാനും, ഇഷ്ടവിവാഹം നടക്കാനും തോത് ദേവന് ഐബിസിനെ കാണിക്കയായി വെയ്ക്കും. ഈ അമ്പല ഐബിസുകളാണ് മരണപ്പെട്ടപ്പോൾ മമ്മികളാക്കപ്പെട്ടത്. പ്രാചീന പുരോഹിതന്മാർ ഇവയെ ചിലപ്പോൾ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന് അമ്പലത്തിൽ പാർപ്പിക്കാറുമുണ്ടായിരുന്നു. ഈയ്യിടെ ഐബിസ് മമ്മികളിൽ നടത്തിയ ജനിതകപരീക്ഷണങ്ങളിൽ, ഒരേയിടത്ത് മമ്മീകരിച്ചതായി കണ്ടെത്തിയ ഐബിസുകളെല്ലാം അടുത്ത ബന്ധുക്കളാണ് എന്നു കാണുകയുണ്ടായി. ഒരമ്മയുടെ മുട്ടകളിൽ നിന്നു വിരിഞ്ഞ പക്ഷികളുമുണ്ടായിരുന്നു ധാരാളം. കാട്ടിൽ സ്വൈരവിഹാരം നടത്തിയിരുന്ന ഒരു പക്ഷിസമൂഹത്തിന്‍റെ ലക്ഷണങ്ങളല്ല ഇതെല്ലാം. മറിച്ച്, അമ്പലത്തിലോ മറ്റോ വളർത്തിയവയുടേതാണെന്ന സൂചനയാണ് തരുന്നത് എന്നു ചില വിദഗ്ധർ പറയുന്നു. ബി.സി.ഇ. അവസാനസഹസ്രാബ്ദത്തിലാണ് ഇത്തരം ഏർപ്പാടുകൾ കൂടുതലായി ഈജിപ്തിൽ അരങ്ങേറിയിരുന്നത്. ലക്ഷക്കണക്കിനായിരിക്കണം അക്കാലത്ത് നടന്നിരുന്ന ഐബിസ് മമ്മീകരണങ്ങൾ. ബി. സി. അഞ്ചാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന പതിനഞ്ചു ലക്ഷം ഐബിസ് മമ്മികളാണ് സഖാറയിൽ നിന്ന് കണ്ടെടുത്തത്. അതുപോലെ, തൂനാ എല്-ഗെബേലിൽ നിന്ന് നാലു ലക്ഷവും. ഇവിടെ ഒരു കാര്യം കൂടി പറയാതെ വയ്യ. ഇത്തരം ഐബിസ് പിടികൂടലുകളെ തുടർന്നാണോ എന്നറിയില്ല, ഈജിപ്തിൽ വിശുദ്ധ ഐബിസുകൾ പാടെ ഇല്ലാതായി. ഒരു കാലത്ത്, ലക്ഷക്കണക്കിനുണ്ടായിരുന്നു ആ പക്ഷിവർഗ്ഗം ഈജിപ്തിനെ ഉപേക്ഷിച്ചു. അതോ തിരിച്ചോ?
പിന്നീട്, നെപ്പോളിയൻ ഈജിപ്ത് കീഴടക്കിയപ്പോൾ ഇത്തരം ഐബിസ് മമ്മികളെ യൂറൊപ്പിലേക്കു കടത്തിക്കൊണ്ടുപോകുകയുണ്ടായി. വെറും കൗതുകത്തിനോ, അതോ വിശുദ്ധ ഐബിസിന്‍റെ അത്ഭുതശേഷിയിൽ വിശ്വസിച്ചിട്ടോ എന്നറിയില്ല. എന്തായാലും, അവയിൽ ചിലത് ഇന്ന് വെള്ളക്കാരന്‍റെ മ്യൂസിയങ്ങളെ അലങ്കരിക്കുന്നുണ്ട്. ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ബ്രൂക്ലിൻ മ്യൂസിയം, എന്നിവ കൂടാതെ വിയന്നയിലും ലിവർപൂളിലുമെല്ലാമുണ്ട് ഈ ഐബിസ് മമ്മികൾ. ഞാൻ കണ്ടതാകട്ടെ ഫിലഡെൽഫിയയിൽ നിന്നും.
എന്തായാലും ഈ പക്ഷിയുടെ അത്ഭുതങ്ങളെ ചൊല്ലിയുള്ള കഥകൾ നിറയെ കാണാം പുരാതനലിഖിതങ്ങളിൽ. റോമാക്കാർ പോലും അതിൽ പിന്നിലായിരുന്നില്ല. മൂന്നാം നൂറ്റാണ്ടിൽ ക്ലോഡിയസ് ഈലിയാനസ് എന്നൊരാൾ ഐബിസിനെ നിത്യകന്യക എന്നു വിശേഷിപ്പിക്കുന്നുണ്ട്. വിശുദ്ധ ഐബിസുകൾ ഒരിക്കലും ഇണചേരുകയില്ലെന്നും അവ കൊക്കിലൂടെയാണ് കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതെന്നുമായിരുന്നു ഈലിയാനസിന്‍റെ വിശ്വാസം. അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല. അദ്ദേഹത്തിന്‍റെ കാലത്തിനും അഞ്ചു നൂറ്റാണ്ടുകൾക്കു മുമ്പ് സാക്ഷാൽ അരിസ്റ്റോട്ടിൽ വരെ ഇക്കാര്യം എഴുതിവെച്ചിട്ടുണ്ട്. തീർന്നില്ല, ആധുനികവൈദ്യത്തിന്‍റെ തലത്തൊട്ടപ്പനായിരുന്ന ഗേലനും വിശുദ്ധ ഐബിസിന്‍റെ അത്ഭുതകഴിവുകളിൽ വിശ്വസിച്ചിരുന്നുവത്രെ. അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തിൽ വായിച്ച ഒരു കാര്യമറിഞ്ഞ് ഞാൻ അന്തംവിട്ടുപോയി. ഉപ്പുവെള്ളം കൊണ്ട് ഈ പക്ഷികൾ നീർക്കുതിരകൾക്ക് എനീമ കൊടുക്കുമായിരുന്നുവെന്നാണ് ഗേലൻ പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ഈ രീതി അദ്ദേഹം രോഗികളിൽ പരീക്ഷിക്കുകയും, ഈ സലൈൻ എനീമയുടെ ഉപജ്ഞാതാവായി സേക്രഡ് ഐബിസിനെ കണക്കാക്കുകയും ചെയ്യുന്നു. ആധുനികവൈദ്യശാസ്ത്രത്തിനും എത്രയോ മുമ്പെ എനീമയുടെ പ്രയോഗം മനുഷ്യർക്കിടയിലുണ്ട്. പുരാതന ഈജിപ്തിൽ ഫറവോയ്ക്ക് എനീമ എടുക്കുന്നതിനു മാത്രമായി ഒരു വൈദ്യൻ ഉണ്ടായിരുന്നു. രാജകീയമലാശയസൂക്ഷിപ്പുകാരൻ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ജോലിപ്പേര്. ഈജിപ്തുകാരുടെ വിശുദ്ധപക്ഷിയിൽ നിന്നാണ് എനീമ വന്നത് എന്നു കുറിച്ചപ്പോൾ ഞാനിക്കാര്യം ഓർത്തു എന്നു മാത്രം.
സേക്രഡ് ഐബിസിനു വിപരീതമാണ് ഗ്ലോസ്സി ഐബിസും ഹഡാഡ ഐബിസും. രണ്ടിനും കറുപ്പാണ് ശരീരം. അല്പം തവിട്ടു കലർന്ന കറുപ്പാണ് ഗ്ലോസ്സി ഐബിസിന്. അതിനൊരു തിളക്കം കൂടുതലാണെന്നു മാത്രം. അതാണല്ലോ അങ്ങനെ പേരു കൊടുത്തതും. ഇന്ത്യയിലും ധാരാളം കാണാറുണ്ട് ഇവയെ. എന്നാൽ ഹഡാഡ പൂർണ്ണമായും ആഫ്രിക്കക്കാരനാണ്. കറുപ്പിനൊപ്പം ചിറകുകളിൽ ഒരു മഴവിൽത്തിളക്കം കാണാം. ഉച്ചത്തിൽ വല്ലാത്തൊരു കാറിയ കരച്ചിലാണ് ഹഡാഡയ്ക്ക്. കരച്ചിൽ എന്നതിനേക്കാളേറെ അലർച്ച എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. ആ കരച്ചിലിൽ നിന്നാണ് ഹഡാഡ എന്ന പേരു വന്നതെന്നു കേട്ടിട്ടുണ്ടെങ്കിലും പേരും കരച്ചിലുമായി വലിയ സാമ്യമൊന്നും എനിക്കു തോന്നിയില്ല. പിന്നേയും കാക്കയുടെ കാകായുമായാണ് ചെറുതെങ്കിലും ഒരു ശബ്ദസാമീപ്യം. എന്തായാലും ഈ മൂന്നു അരിവാൾകൊക്കന്മാരേയും ഒരുമിച്ചു കാണാനായതിലെ സന്തോഷം എനിക്കു കുറച്ചൊന്നുമായിരുന്നില്ല.
പക്ഷിനിരീക്ഷകർക്കൊരു സ്വർഗ്ഗം തന്നെ അംബോസെലിയിലെ ഈ ചതുപ്പുനിലം. കൂടുതൽ നോക്കുന്തോറും ഓരോരോ പുതിയ സ്പീഷീസുകളെ എനിക്കു കാണാൻ കഴിഞ്ഞു. പലതരം കൊച്ചുപക്ഷികൾക്കിടയിൽ വെള്ളയും കറുപ്പും നിറത്തിൽ, കോട്ടും സൂട്ടുമൊക്കെയിട്ട് ഗമയിൽ നടക്കുന്ന ഒരുത്തൻ എന്‍റെ പ്രത്യേകശ്രദ്ധ ആകർഷിച്ചു. കൊല്ലൻ തിത്തിരി എന്നാണത്രെ കക്ഷിയുടെ പേര്. കൊല്ലന്‍റെ ആലയിൽ നിന്നുള്ള ലോഹശബ്ദങ്ങളെ ഓർമ്മിപ്പിക്കുന്ന വിധമാണ് പക്ഷിയുടെ ശബ്ദം. ഇരുമ്പുകമ്പിയിൽ ചുറ്റികകൊണ്ട് അടിക്കുന്നതു പോലെയൊക്കെ തോന്നും കേട്ടാൽ. പക്ഷെ, കാണാൻ നല്ല ചേലാണ് എന്നതിൽ സംശയം വേണ്ട. കണ്ണിനു മുകളിൽ ശിരസ്സിലെ വെളുപ്പാണ് ഏറ്റവും കേമം. അതിനു തൊട്ടു താഴെ കണ്ണുകളെ എന്നല്ല, മുഖത്തെയപ്പാടെ മൂടുന്ന കറുപ്പുനിറം നെഞ്ചോളം നീണ്ടു പടർന്നു കിടക്കുന്നു. പിന്നെ ചിറകിലുമുണ്ട് വെള്ളയിൽ പൊതിഞ്ഞ കറുപ്പ്. നടത്തത്തിലാണെങ്കിൽ നമ്മുടെ നാട്ടിലെ തിത്തിരിയുടെ രീതി തന്നെ.
അരിവാൾകൊക്കന്മാരുടെ കുടുംബത്തിലെ മറ്റൊരു പക്ഷിയെ കൂടി അവിടെ കാണാനായി. കരണ്ടിക്കൊക്കൻ അഥവാ സ്പൂൺബിൽ. നമ്മുടെ നാട്ടിലും കാണാറുണ്ട് കരണ്ടിക്കൊക്കന്മാരെ. ദേശാടനക്കാരായി പറന്നെത്തുന്നവർ. അതു പക്ഷെ യുറേഷ്യൻ ഇനമാണ്. ഇത് ആഫ്രിക്കൻ കരണ്ടിക്കൊക്കൻ. രണ്ടിന്‍റേയും ശരീരം വെളുത്തതു തന്നെ. ചട്ടുകം പോലെ അറ്റം പരന്ന കൊക്കാണല്ലോ ഇവയുടെ പ്രത്യേകത. പക്ഷെ, നല്ല വ്യത്യാസമുണ്ട് ഇവയുടെ ചട്ടുകക്കൊക്കുകൾക്ക്. യുറേഷ്യൻ ഇനത്തിൽ കൊക്ക് നല്ല കറുത്തിട്ടാണ്. അറ്റത്തൊരു ചുട്ടിയും കാണും. എന്നാൽ, ആഫ്രിക്കൻ ഇനത്തിലാകട്ടെ അത് ഏറെക്കുറെ ചാരനിറമാണ്. മുഖമാണെങ്കിൽ നല്ല ചുവപ്പും. കാലിനുമുണ്ട് വ്യത്യസ്തത. യുറേഷ്യൻ കരണ്ടിക്കൊക്കൻ ശ്യാമപാദനാണെങ്കിൽ ആഫ്രിക്കക്കാരന്‍റെ കാലുകൾക്ക് നല്ല തുടുത്ത ചുവപ്പ്. കരണ്ടിക്കൊക്കന്മാർ പലപ്പോഴും ഒറ്റക്കാലിൽ വിശ്രമിക്കുന്നതു കാണാം. കൊക്ക് ചിറകിനടിയിലൊളിപ്പിച്ച് ഉറങ്ങുന്ന ഏർപ്പാടുമുണ്ട്. ഉറങ്ങുകയൊന്നുമായിരിക്കില്ല. പലപ്പോഴും ഇരയെ കാത്തിരിക്കുന്നതാവാം. മത്സ്യങ്ങൾ, ചെറുകക്കകൾ, തവളകൾ, ഷഡ്പദങ്ങൾ എന്നിവയൊക്കെയാണ് ഇവയുടെ ഇഷ്ടഭോജ്യങ്ങൾ. ആർത്തിയോടെ ഇരകളെ തിരഞ്ഞ് നടന്ന ഈ പക്ഷികളെ കണ്ടപ്പോൾ അംബോസെലിയിലെ ചെളിത്തിട്ടകൾ അവർക്ക് സ്വൈരവിഹാരവേദിയൊരുക്കി വെച്ചിരിക്കുകയാണെന്നു തോന്നി.
എണ്ണമെടുത്താൽ ചതുപ്പിലെ ഏറ്റവും വലിയ പക്ഷിസാന്നിദ്ധ്യം കാലിമുണ്ടികളുടേതു തന്നെ. അതു കഴിഞ്ഞാൽ കൂടുതൽ ഈജിപ്ഷ്യൻ വാത്തകളായിരിക്കണം. ഓരോ വെള്ളക്കെട്ടുകൾക്കു ചുറ്റും അവ കൂട്ടംകൂടി നില്പുണ്ടായിരുന്നു. എങ്കിലും ഈ ചതുപ്പിലെ ഏറ്റവും ഗംഭീരമായ പറവക്കാഴ്ച ഗ്രേ ക്രൗൺഡ് ക്രേൻ അഥവാ ചാരക്കിരീടക്കൊക്കുകളുടേതു തന്നെ. ഈ അപൂർവ്വസുന്ദരപറവകളുടെ എന്‍റെ ആദ്യത്തെ ദൃശ്യം. ഇവയെ സ്വർണ്ണക്കിരീടക്കൊക്ക് എന്നും വിളിക്കും ചിലർ. ഇവിടെ പേരുകളിലെ നിറവിശേഷണം ഒന്നിൽ ശരീരത്തേയും രണ്ടാമത്തേതിൽ കിരീടത്തൂവലുകളേയും കുറിക്കുന്നു എന്നു മാത്രം. കാഴ്ചയിൽ ഗാംഭീര്യവും സൗന്ദര്യവും ഒരുപോലെ തുടിക്കുന്ന ഈ പക്ഷികളെ അടുത്തു നിന്ന് കാമറയിൽ പകർത്താൻ കഴിഞ്ഞത് ഒരു സന്തോഷമായി.
ബലിയേറിക്ക റെഗുലോറം എന്നാണ് ചാരക്കിരീടക്കൊക്കിന്‍റെ ശാസ്ത്രനാമം. Cranes അഥവാ സാമാന്യം വലിയ കൊക്കുകളിലെ പതിനഞ്ചു സ്പീഷീസുകളിൽ ഒന്നാണിത്. ഇതുപോലെ കറുപ്പുനിറമുള്ള ഒരു സ്പീഷീസും ഉണ്ട്. പരിണാമ ചരിത്രത്തിൽ ചാരയിനത്തേക്കാൾ ഒരു കോടി വർഷമെങ്കിലും പഴക്കം കണക്കാക്കണം കറുപ്പിനത്തിന്. പക്ഷെ, കറുപ്പിനെ യാത്രയിലൊരിക്കലും കാണാനൊത്തില്ല. ചാരക്കിരീടക്കൊക്കിനെ മാത്രം കണ്ടു. മനം നിറച്ചു ആ കാഴ്ച എന്നു പറയേണ്ടതില്ലല്ലോ. ഈ വലിയ പക്ഷിയുടെ ആകാരവും ചലനവും ഭാവവുമെല്ലാം ഒരു നർത്തകനെയാണ് സൂചിപ്പിക്കുന്നത്. നീണ്ട കാലുകളും തവിട്ടും സ്വർണ്ണനിറവും കലർന്ന തൂവലുകളോടു കൂടിയ വെളുത്ത ചിറകുകളും ചേർന്നതാണ് ശരീരത്തിന്‍റെ താഴ്ഭാഗം. പുറം പൊതുവെ നീലഛവി കലർന്ന കറുപ്പാണ്. അതോ ചാരനിറമോ? എന്തായാലും വാൽത്തൂവലുകളുടെ വർണ്ണപ്പകർച്ച വേറിട്ടുനിന്നു. നല്ല ഇരുണ്ട തവിട്ടുനിറമാണവിടെ. ഇനി ശിരസ്സിലേക്കു നോക്കിയാലോ, വെളുങ്കവിളുകളും അതിനു തൊട്ടുതാഴെ താഴേക്കല്പം തൂങ്ങിനില്ക്കുന്ന കടുംചുവപ്പ് ഗളസഞ്ചിയും. എങ്കിലും, തലയിൽ രാജകിരീടമെന്നോണം ഉയർന്നു നില്ക്കുന്ന സ്വർണ്ണത്തൂവലുകളാണ് ആദ്യം ആരുടേയും കണ്ണിൽ പെടുക. കസവുനാരുകളെന്നോണമുള്ള ആ തൂവലുകളുടെ തുമ്പിൽ ഒരു കരിമ്പൊട്ടുമുണ്ട്. ഒറ്റനോട്ടത്തിൽ തലയിൽ ഒരു കരിന്തൊപ്പി വെച്ചിട്ടുണ്ടെന്നു തോന്നും ചിലപ്പോൾ. ആ കരിന്തൊപ്പിക്കു തൊട്ടുപുറകിലാണ് അലങ്കാരത്തൂവലുകളുടെ സ്വർണ്ണത്തിളക്കം. തൊട്ടടുത്ത് ഒരു സിന്ദൂരം പൂശിയാലെന്നോണം രക്തവർണ്ണവും കാണാം. കറുപ്പു നിറഞ്ഞ കൊക്കിനധികം നീളമില്ല. സത്യം പറയട്ടെ, പേരിൽ സൂചിപ്പിക്കുന്ന ചാരനിറം കാണാനാവുന്നത് കഴുത്തിലും അതിന്‍റെ പിന്നോട്ടുള്ള പടർച്ചയിലും മാത്രം. അതും ഒരു ഇളംനീല കലർന്ന ചാരനിറം.
ഈ സുന്ദരക്കൊക്ക് ചിറകുവിരിച്ചാലോ രണ്ടു മീറ്ററോളമാണ് വീതി. താഴേക്കു പതിയേയും മുകളിലേക്ക് വേഗത്തിലും ചിറകുകൾ വീശി ഇവർ പറക്കുന്നതു കാണാൻ ഒരു പ്രത്യേകഭംഗി തന്നെ. ശബ്ദവും വേറിട്ടത്. നല്ല ഉച്ചത്തിൽ മാ…ഹെം… എന്നു പറയും പോലെ ശബ്ദയാനമായ കൂജനം തിരിച്ചറിയാൻ പ്രയാസമില്ല.
ഒന്നു പറയട്ടെ, കിരീടധാരിയായ ഈ ചാരക്കൊക്ക് യുഗാണ്ടയുടെ ദേശീയപക്ഷിയും ദേശീയചിഹ്നവുമാണ്. ആഫ്രിക്കയുടെ കിഴക്കും തെക്കും പ്രദേശങ്ങളാണ് ഇവയുടെ വിഹാരരംഗം. കെനിയ, യുഗാണ്ട, റുവാണ്ട തുടങ്ങിയ കിഴക്കനാഫ്രിക്കൻ ദേശങ്ങളിൽ കാണുന്ന പക്ഷികൾക്ക് ദക്ഷിണാഫ്രിക്ക, സാംബിയ, സിംബാബ്‌വേ എന്നീ തെക്കൻ ഇടങ്ങളിൽ കാണുന്നവയുമായി ചെറിയ വ്യത്യാസങ്ങളുണ്ട്. വേറിട്ട സബ്‌സ്‌പീഷീസുകൾ എന്നു പറയാം.
എപ്പോഴും പുല്ലുകളിൽ കൊക്കുകൊണ്ട് പരതിക്കൊണ്ടാണിവയുടെ നടപ്പ്. പുൽവിത്തുകളാണ് ഇഷ്ടപ്പെട്ട ഭക്ഷണം. അതിനു വേണ്ടിയാണ് തിരച്ചിൽ. ഒപ്പം കണ്ണിനു മുന്നിൽ വന്നു ചാടുന്ന ചെറുതവളകൾ, ഷഡ്പദങ്ങൾ, അകശേരുകികളായ ചെറുജീവികൾ എന്നിവയേയും ശാപ്പിടും. ചിലപ്പോൾ, പരിസരത്തെ കൃഷിയിടങ്ങളിൽ മയിലുകളെപ്പോലെ ചാമ, തിന എന്നീ ധാന്യങ്ങൾ തേടിയെത്താറുമുണ്ടത്രെ ഇക്കൂട്ടർ.
ഇണകൾ തമ്മിലുള്ള പ്രണയ നാടകങ്ങൾ ബഹുരസമാണ് കാണാൻ. കാമുകീകാമുകന്മാർ കഴുത്തുകൾ ചേർത്ത്, പരസ്പരം പിണച്ചാണ് നൃത്തം ചെയ്യുക. ധൃതിയിൽ കാലുകളനക്കി, മുന്നോട്ടാഞ്ഞ് തലയൊന്നു കുനിച്ച്, ഒന്നു ചാടിത്തുള്ളിയാൽ ഏതാണ്ട് ഈ കിരീടിയുടെ നൃത്തമായി. അല്പം ദൂരെ നിന്നാണത് കാണാനായത്. അതിനാൽ നല്ല ഫോട്ടോകൾ കിട്ടിയില്ല.
ഇക്കൂട്ടർക്ക് പൊതുവെ ഒരാൾക്ക് ഒരിണയെ കാണൂ. അത്തരം പക്ഷികളിൽ പൊതുവേയെന്നപോലെ ആണും പെണ്ണും തമ്മിൽ വലിയ കാഴ്ചവ്യത്യസമില്ല. ആൺപക്ഷിക്ക് ലേശം വലിപ്പക്കൂടുതലുണ്ടെന്നു മാത്രം. ഇരുവരും ചേർന്നാണ് കൂടുനിർമ്മാണം. അടയിരിക്കലും കുഞ്ഞിനെ വളർത്തലുമെല്ലാം ഒരുമിച്ചു തന്നെ. പരസ്പരസഹകരണമാണ് ദാമ്പത്യത്തിന്‍റെ മുഖമുദ്ര. പൊതുവെ, ഉയരം കൂടിയ വൃക്ഷങ്ങൾക്കു മുകളിലാണ് ഇവർ കൂടുതീർക്കുന്നതായി കാണാറെന്നു സാംസൻ പറഞ്ഞു. പരിസരത്തെ വൃക്ഷമേലാപ്പുകളിലെല്ലാം ഞാൻ ശ്രദ്ധയോടെ നോക്കിയെങ്കിലും പക്ഷിക്കൂടൊന്നും കാണാൻ കഴിഞ്ഞില്ല.
കാഴ്ചയിലെ ഭംഗിയും അപൂർവ്വതയും ഈ പറവകൾക്കു ഭീഷണിയും കൂടിയാണ് എന്നറിഞ്ഞപ്പോൾ വിഷമം തോന്നി. കാരണം, ചില ധനാഢ്യർ ഇതിനെ പൊങ്ങച്ചപ്രതീകമായി കാണുന്നുവത്രെ. ഇവരെ പിടികൂടി വില്പന നടത്തുന്ന സംഘങ്ങൾ തന്നെയുണ്ട്. പോരാത്തതിന് ഇതിന്‍റെ മുട്ടകൾക്കും തൂവലുകൾക്കും രോഗപരിഹാരശക്തിയുണ്ടെന്ന അന്ധവിശ്വാസവും. കുഞ്ഞിനെ നോക്കുന്ന സമയം മുഴുവൻ സ്വയരക്ഷയ്ക്കായി മനുഷ്യന്മാരെ സൂക്ഷിക്കേണ്ട ഗതിയാണിവയ്ക്ക്. വൻതോതിൽ ഉപയോഗിക്കുന്ന കീടനാശിനികളും ഈ പക്ഷികളിൽ വിനാശം വിതയ്ക്കുന്നു. വനപ്രദേശങ്ങൾ കുറയുന്നതും, അണക്കെട്ടു നിർമ്മാണങ്ങളും ഖനനപ്രകിയകളും കാലാവസ്ഥാവ്യതിയാനങ്ങളുമെല്ലാം ഈ പക്ഷികളുടെ ആവാസവ്യവസ്ഥയെ ഇല്ലാതാക്കുന്നുമുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ വംശനാശത്തിന്‍റെ വക്കത്താണീ പക്ഷികൾ.
കഴിഞ്ഞ ദശകങ്ങളിൽ ചാരക്കിരീടക്കൊക്കിന്‍റെ എണ്ണത്തിൽ എഴുപത്തൊമ്പതു ശതമാനമാണ് കുറവു വന്നതത്രെ.
ഈ ചതുപ്പുകളിലെ പക്ഷികളെ നോക്കിയിരുന്നാൽ സമയം പോകുന്നതറിയില്ല. തിരക്കിട്ടും കലപിലകൂട്ടിയും ചെറുതും വലുതുമായ ആ പറവകളുടെ സമൃദ്ധി അവിടെ സൃഷ്ടിക്കുന്ന ആകർഷണീയതയ്ക്ക് പകരം വെയ്ക്കാനൊന്നുമില്ലതന്നെ. അതിനിടയിലാണ് ഗൊലയാത്ത് ഹെറൻ എന്നയിനത്തിനെ ഞാൻ ശ്രദ്ധിച്ചത്. ദാവീദിന്‍റെ ചവണയേറിൽ വീണ ഭീമാകാരന്‍റെ ഓർമ്മ തന്നെയാണ്, ഹെറൻ വർഗ്ഗത്തിലെ ഏറ്റവും വലിയ പക്ഷിയായ ഇവൻ തരുന്നത്. ഒറ്റനോട്ടത്തിൽ നമ്മുടെ നാട്ടിലെ ചാരക്കോഴിയെപ്പോലെ തോന്നും. പക്ഷെ, നിശ്ചയമായും വലിപ്പം കൂടുതലാണ്. അഞ്ചടിയോളം പൊക്കം. പിന്നെ ചിറകു വിരിച്ചാൽ വീതി ചിലപ്പോൾ ഏഴടിയിലും മേലെ പോയേക്കും. കഴുത്തിന്‍റെ തിളങ്ങും തവിട്ടുനിറവും ഇവന്‍റെ പ്രത്യേകതയാണ്. ഒപ്പം ഇടയ്ക്കുള്ള വെള്ളിത്തൂവലുകളും.
ഗൊലയാത്ത് ഹെറനുകളുമായി മീൻപരുന്തുകൾക്ക് രസകരമായ ഒരു സഹവാസമുണ്ട്. എന്നുവെച്ചാൽ കക്കലും തട്ടിപ്പറിയും തന്നെ. ഗൊലയാത്ത് എന്ന ഭീമൻ കഷ്ടപ്പെട്ടു പിടിക്കുന്ന മീനുകളെ തട്ടിയെടുക്കാൻ കാത്തിരിക്കും മീൻപരുന്തുകൾ. പക്ഷെ, എന്തുകൊണ്ടോ മീൻപരുന്തുകളെ എനിക്കു അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല. അങ്ങു ദൂരെയൊരു അക്കേഷ്യയ്ക്കു മുകളിരിപ്പുണ്ടായിരുന്ന രണ്ടു വെള്ളത്തലയൻ പക്ഷികൾ മീൻപരുന്തുകളാണെന്നു സാംസൻ പറഞ്ഞെങ്കിലും ആ കാഴ്ച കൃത്യമാകാഞ്ഞതിനാൽ ഞാനതിനെ കണ്ടതായി തല്ക്കാലം കൂട്ടുന്നില്ല. ദിവസങ്ങൾക്കുശേഷം നൈവാഷയിലെത്തുന്നതു വരെ ആ ഇരപിടിയന്മാർ എന്‍റെ കാഴ്ചലിസ്റ്റിൽ നിന്ന് പുറത്തായിരുന്നു. എങ്കിലും, നൈവാഷയിൽ വെച്ചവർ സമ്മാനിച്ച മനോഹരക്കാഴ്ച അത്ഭുതകരമായി. അതിനെക്കുറിച്ച് ഞാൻ വഴിയെ പറയാം. പറയാൻ മാറ്റിവെയ്ക്കുന്ന മറ്റൊരു ദൃശ്യം ഈ ചതുപ്പിൽ ചവിട്ടി നടക്കാൻ വിരിച്ചിട്ട വമ്പൻ പാറക്കല്ലുകളെന്നോണം കിടന്നിരുന്ന ഹിപ്പോകളായിരുന്നു. ആ വിവരണവും മറ്റൊരവസരത്തിലേക്കിരിയ്ക്കട്ടെ.
ഇരുവശത്തും പരന്നുകിടക്കുന്ന ചതുപ്പുനിലങ്ങൾക്കിടയിലൂടെ നീണ്ടുപോയിരുന്ന വീതികുറഞ്ഞ മൺപാതയിലൂടെയാണ് ഞങ്ങൾ സഞ്ചരിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ഇവിടെ മഴ പെയ്തിരുന്നതായി ആരോ പറഞ്ഞിരുന്നു. അതു പക്ഷെ, പതിവില്ലാത്തതാണ്. രണ്ട് മഴക്കാലങ്ങളാണ് അംബോസെലിയിൽ പൊതുവെ. ഒരു ചെറുമഴക്കാലവും പിന്നെയൊരു നീണ്ട മഴക്കാലവും. നവംബറും ഡിസംബറുമാണ് ചെറുമഴക്കാലം. ആ മഴകളൊഴിഞ്ഞാൽ പിന്നീടുള്ള മൂന്നു മാസങ്ങൾ ചൂടുള്ള വരണ്ട കാലാവസ്ഥയാണ്. ആ സമയം ആർദ്രത കൂടുതലുമായിരിക്കും. അതിനാൽ ഊഷ്മാവ് എത്രയോ കൂടുതലായി അനുഭവപ്പെട്ടേക്കും. തുടർന്ന് വീണ്ടും മഴ തുടങ്ങുന്നു. അതാണ് നീണ്ട മഴക്കാലം. ഏപ്രിൽ മുതൽ ജൂൺ പകുതിയോളം അതു നീണ്ടുനില്ക്കും. മഴകൾ അംബോസെലിയിൽ ഒരു പുതുജീവൻ പകരുമെപ്പോഴും. സസ്യങ്ങൾക്കും ജീവജാലങ്ങൾക്കുമെല്ലാം പുത്തനുണര്വ്വ് പകരുന്ന ഒന്ന്. പെട്ടെന്നായിരിക്കും അംബോസെലി പച്ചപ്പുതപ്പ് വീശിയെറിഞ്ഞു ഹരിതസുന്ദരിയായി മാറുക.
എന്തായാലും അപ്രതീക്ഷിതമായി പെയ്ത ചെറുമഴകളിൽ ഈ ചതുപ്പുനിലത്തിനല്പം നനവ് കൂടുതലായിരുന്നു. വെള്ളക്കെട്ടുകൾ വനപാതകളിലേക്കും കയറിയിറങ്ങിക്കിടന്നു. ഞങ്ങളുടെ വണ്ടി പലപ്പോഴും അത്തരം നനഞ്ഞുകുഴഞ്ഞയിടങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നത്. സാംസൻ അക്കാര്യത്തിൽ നല്ല വൈദഗ്ധ്യം പ്രകടിപ്പിക്കുന്നുമുണ്ടായിരുന്നു. പക്ഷെ, ഒരിടത്ത് കുറുകെച്ചാടിയ സീബ്രയെ ഒഴിവാക്കാനായി ഇടത്തോട്ടെടുത്ത വണ്ടി ചെളിയിൽ പുതഞ്ഞുപോയി. എത്രത്തോളം ആക്സിലേറ്റർ പ്രവർത്തിപ്പിച്ചിട്ടും ചെളിയിലേക്കു ചക്രം കൂടുതൽ ആണ്ടുപോകുകയല്ലാതെ ഒന്നും സംഭവിച്ചില്ല. ചെളിയാണെങ്കിൽ നാലുഭാഗത്തേക്കും തെറിച്ചുകൊണ്ടേയുമിരുന്നു. ചക്രം അടിക്കടി ആഴത്തിലേക്കും. ഇത്തരം ഘട്ടങ്ങളിൽ ഫോർവീൽ ഡ്രൈവ് വലിയ സഹായകമാകും എന്നാണ് വെയ്പ്. പക്ഷെ, എന്തുകൊണ്ടോ സാംസൻ കിണഞ്ഞു പരിശ്രമിച്ചിട്ടും വണ്ടി കടുകിടെ മുന്നോട്ടുനീങ്ങിയില്ല. സഹയാത്രികരുടെ മുഖത്ത് പതുക്കെ പരിഭ്രമവും അങ്കലാപ്പും നിഴലിട്ടു തുടങ്ങി. ഒന്നുരണ്ടുപേർ വണ്ടി എങ്ങനെ കയറ്റിയെടുക്കണമെന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സാംസന് നല്കുന്നുണ്ടായിരുന്നു. അതങ്ങനെയാണ്, വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപദേശങ്ങൾ നല്കാൻ നമ്മുടെയാൾക്കാർ നല്ല മിടുക്കരാണ്. അക്കൂട്ടത്തിൽ ആ വഴിയിലൂടെ വന്ന മറ്റൊരു വണ്ടിക്കാരനും കൂടെച്ചേർന്നു. പക്ഷെ, എന്നെയെന്തുകൊണ്ടൊ ഈ ബഹളമൊന്നും വലിയതോതിൽ അലട്ടിയൊന്നുമില്ല. വണ്ടിയുടെ ഇടതുവശം നല്ലപോലെ ചെളിയിൽ താഴ്ന്നിരുന്നു. ചെരിഞ്ഞുനിന്നിരുന്ന വണ്ടിയിൽ നേരെ നില്ക്കുന്നതു തന്നെ അത്ര എളുപ്പമായിരുന്നില്ല. വണ്ടിയിൽ നിന്നിറങ്ങി ഭാരം കുറയ്ക്കണമോ എന്നു മാത്രം ഞാൻ സാംസനോടു ചോദിച്ചു. അദ്ദേഹം വേണ്ടെന്നും പറഞ്ഞു. വന്യമൃഗങ്ങൾ നിറഞ്ഞുനില്ക്കുന്നയിടത്ത് വണ്ടിയിൽ നിന്നു പുറത്തേക്കിറങ്ങുന്നത് അപകടം പിടിച്ച ഏർപ്പാടു തന്നെയായിരുന്നു. അതുകൊണ്ടായിരിക്കണം സാംസൻ ഇറങ്ങേണ്ട എന്നു പറഞ്ഞതും. വണ്ടിയിൽ ഞങ്ങൾ ആറുപേരേയുണ്ടായിരുന്നുള്ളൂവെങ്കിലും, അവരെല്ലാം വലത്തോട്ടു നീങ്ങിനില്ക്കുന്നത് കൂടുതൽ ചെളിയിലേക്കുള്ള വലിച്ചിലിനെ കുറച്ചേക്കുമെന്നൊരു സിദ്ധാന്തം ഞാനവതരിപ്പിച്ചു. ചെളിയിലേക്കുള്ള ഭൂഗുരുത്വാകർഷണത്തിനു ബദലായി ഒരു സമഭാരതുലനം. അത്രയേ ഞാനുദ്ദേശിച്ചുള്ളൂ. പക്ഷെ, അതെല്ലാവരുടേയും കളിയാക്കലിലും ചിരിയിലുമാണ് അവസാനിച്ചത്.
അതോടെ ഞാൻ ക്യാമറയുമായി അംബോസെലിയുടെ മനോഹരപ്രകൃതിയുടെ നിശ്ചലദൃശ്യങ്ങളിൽ പൂർണ്ണമായും മുഴുകി,. ഏതാണ്ട്, അരമണിക്കൂറോളം കഴിഞ്ഞിരിക്കണം. സാംസന്‍റെ നിശ്ചയദാർഢ്യമോ പരിചയസമ്പന്നതയോ അതോ രംഗത്തിറങ്ങിയ വണ്ടിക്കാരന്‍റെ ഉപദേശങ്ങളോ കാരണമായതെന്നറിയില്ല, പലപ്രാവശ്യത്തെ മുന്നോട്ടും പിന്നോട്ടുമുള്ള ഓടിക്കലുകൾക്കും, വശങ്ങളിലേക്കുള്ള ചാടിക്കലുകൾക്കുമൊക്കെ ശേഷം ഏതോ ഒരു ശ്രമം ഫലപ്രദമായി. ഞങ്ങളുടെ വണ്ടി പുതഞ്ഞുകുഴഞ്ഞുകിടന്നിരുന്ന ചെളിക്കുണ്ടിൽനിന്ന് എങ്ങനെയൊക്കെയോ പുറത്തുചാടി. കൂട്ടത്തിൽ ചിലർ നല്ലപോലെ ഭയന്നിരുന്നു. ഒറ്റയാനകളുടേയും സിംഹങ്ങളുടേയും ചുറ്റുമുള്ള സാന്നിദ്ധ്യം നിശ്ചയമായും അവരുടെയുള്ളിൽ പെരുമ്പറ മുഴക്കിയിരിക്കണം. എന്തായാലും വണ്ടി വനപാതയിലേക്കു തിരിച്ചു കയറിയയുടനെ അവരുടെ ഹൃദയത്തിൽ നിന്നുയർന്ന നീണ്ട നിശ്വാസം എല്ലാവർക്കും കേൾക്കാമായിരുന്നു. ആശ്വാസത്തിന്‍റേയും സന്തോഷത്തിന്‍റേയും പ്രതിഫലനങ്ങൾ കൂടിയായിരുന്നു ആ നെടുവീർപ്പുകൾ. പതിയെ അത് ചിരിയുടേതായും മാറി. വലിയൊരു സാഹസികോദ്യമം കഴിഞ്ഞപോലെയാണ് പിന്നീട് ഞങ്ങൾ പെരുമാറിയത്. പക്ഷെ, സാംസനും വണ്ടിയും കൂടുതൽ അപകടങ്ങൾ ഞങ്ങൾക്കായി കാത്തുവെച്ചിരുന്നു എന്ന കാര്യം അന്നേരം ആർക്കും അറിയില്ലായിരുന്നു എന്നു മാത്രം. ആ അറിവില്ലായ്മയിൽ അംബോസെലിയിലെ ചതുപ്പിനെ കൂടുതൽ ആസ്വദിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ടു നീങ്ങി.
കിഴക്കൻ ആഫ്രിക്കയിലെ പാതി വരണ്ട സാവന്നഭൂമിക്കിടയിൽ അംബോസെലിയിലെ ഈ ചതുപ്പുകൾ ഒരത്ഭുതം തന്നെയാണ്. സാവന്നകൾക്കു കടകവിരുദ്ധമായി വർഷത്തിലുടനീളം ഇവിടെ ജലസാന്നിദ്ധ്യമുണ്ട്. അത് ശുദ്ധജലമോ, നേർത്ത ഉപ്പുവെള്ളമോ ഒക്കെ ആവാം. ചതുപ്പുകളിൽ ചെളി നിറഞ്ഞയിടങ്ങളും വെള്ളക്കെട്ടുകളും കാണാം. വെള്ളം കുറവുള്ളിടത്ത് മരങ്ങളും വലിയ ചെടികളും കൂടുതൽ കാണും. അല്ലാത്തിടത്ത്, പുല്ലുകളും, ജലസസ്യങ്ങളുമായിരിക്കും. ഒരിടത്ത് കണ്ടൽ ചെടികളേയും കണ്ടു. ജന്തുലോകത്തിലെ മത്സ്യങ്ങൾ, ഉഭയജീവികൾ, ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ തുടങ്ങിയ എല്ലാ കശേരുകികളേയും ഊട്ടിവളർത്തുന്നയിടമാണ് ഈ ചതുപ്പുകൾ. സമൃദ്ധിയാർന്ന ഒരു വമ്പൻ ഭക്ഷണശൃംഖല ഇതിനെ ആശ്രയിച്ചുനില്ക്കുന്നുണ്ട്. പല സ്പീഷീസുകളുടേയും ജീവിതാധാരം തന്നെ ഇതിലാണ്. ചതുപ്പിലെ വെള്ളത്തെ ശുചീകരിച്ചുകൊണ്ടിരിക്കുന്ന ജോലി ജലസസ്യങ്ങൾ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതൊരു കാർബൺ സൂക്ഷിപ്പുകേന്ദ്രമാണെന്നു ചില ശാസ്ത്രജ്ഞന്മാർ പറയാറുണ്ട്. അതിൽ സത്യമുണ്ടുതാനും. അത്രയ്ക്കും വലിയ ജൈവമഹാപിണ്ഡമാണ് ഈ ചതുപ്പിൽ നിറഞ്ഞുനില്ക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തെ ലഘൂകരിക്കാനും, ഹരിതഗൃഹവാതകോദ്വമനത്തെ കുറയ്ക്കാനും ഈ ചതുപ്പുനിലങ്ങൾക്കാവുന്നുണ്ടത്രെ.
ഇപ്പറഞ്ഞ അപൂർവ്വമായ ഭൂശാസ്ത്രപ്രത്യേകതകൾ, ജലവിതാനരീതികൾ, എന്നിവയ്ക്കൊപ്പം മാസയികളുടെ സാംസ്കാരികസാന്നിദ്ധ്യം കൂടി ചേരുമ്പോൾ ഈ പ്രദേശം ലോകത്തിൽ മറ്റൊരിടത്തും അനുഭവിക്കാനാവാത്ത അപൂർവ്വതയായി മാറുന്നു. ഭൂഗർഭജലത്താൽ സമ്പുഷ്ടമായ ഈ നീർത്തടത്തിന്‍റെ വൈശിഷ്ട്യം അസംഖ്യം ഭൂമിശാസ്ത്രജ്ഞന്മാരെ ഇങ്ങോട്ടേക്കാകർഷിച്ചിട്ടുണ്ട്. ഇവർ ഈ ഭൂമിശാസ്ത്രമേഖലയെ നാലായാണ് തിരിച്ചിട്ടുള്ളത്. കിമാന, നാമെലോക്ക്, ലെങ്കീർ, പിന്നെ എസോയ്ത്പസ് എന്നിങ്ങനെയാണ് അവയുടെ പേരുകൾ. ഇതിൽ കിമാനയ്ക്കടുത്താണ് ഞങ്ങൾ താമസിച്ചിരുന്നതും ഞാൻ നേരത്തെ പരിചയപ്പെടുത്തിയതുമായ കീബോ ക്യാമ്പ്. അംബോസെലിയിൽ നിന്ന് ത്സാവോയിലേക്ക് വന്യജീവിപലായനമുണ്ടാവുമ്പോൾ കിമാനയാണത്രെ അവർക്ക് ഇടത്താവളം.
നീർത്തടങ്ങളിൽ എസോയ്ത്പസിന്‍റെ കാര്യമാണ് കഷ്ടം. പല കാരണങ്ങളാലും ഇവിടത്തെ ജലസ്രോതസ്സ് അപകടത്തിലാണ്. അതായത് ഈ നീർത്തടഭാഗം മിക്കവാറും വരണ്ടുണങ്ങിയ നിലയിലായിരിക്കുന്നു എന്ന്. വർഷത്തിൽ ഏപ്രിലിലേയും നവംബറിലേയും മഴ മാത്രമാണ് ഇവിടേക്കു വെള്ളമെത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ഭാഗത്തെ സസ്യവൈവിധ്യത്തിനും വലിയ വ്യത്യാസങ്ങൾ വന്നിട്ടുണ്ടെന്നു കാണാൻ കഴിഞ്ഞു.
കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകൾക്കിടയിൽ അംബോസെലിയിൽ സംഭവിച്ച ഏറ്റവും പ്രധാനമായ കാര്യം ഇവിടേയ്ക്കെത്തിയ മാസയികളും, വൻതോതിലുണ്ടായ ആനക്കൊമ്പുവേട്ടയുമാണ് എന്നു പറയാറുണ്ട്. പിന്നാലെ വന്ന കോളനിവല്ക്കരണവും ജൈവോപഭോഗത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു. ഇതേ കാലയളവിലാണ് ഇവിടെ കാട്ടുതീകളും വർദ്ധിച്ചത്. ഇതെല്ലാം മനുഷ്യന്‍റെ ഇടപെടലുകളെ തുടർന്നാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. കഴിഞ്ഞ നൂറുവർഷങ്ങളിൽ മനുഷ്യന്‍റെ പ്രത്യക്ഷവും പരോക്ഷവുമായ പലതരത്തിലുള്ള പ്രവർത്തനങ്ങളും, കാലാവസ്ഥാവ്യതിയാനങ്ങളും ഇവിടത്തെ പച്ചപ്പിനെ മാറ്റിമറിച്ചിട്ടുണ്ട്. മാത്രവുമല്ല, മരത്തടിയോടുള്ള ബ്രിട്ടീഷുകാരന്‍റെ അദമ്യമായ പ്രേമം പുതുതായി യൂക്കാലിപ്റ്റസിന്‍റെ ഇറക്കുമതിയിലേക്കു വരെ എത്തിച്ചു എന്നതാണ് ഏറെ കഷ്ടം. അംബോസെലിയുടെ സസ്യവൈവിധ്യത്തിനു വലിയ വിപത്തുകൾ സൃഷ്ടിച്ച ഒരു നീക്കമായിരുന്നു അത്. ഇതിനൊപ്പമായിരുന്നു മൃഗങ്ങൾക്കിടയിൽ പടർന്ന പകർച്ചവ്യാധികൾ, കൃഷിയുടെ അമിതവ്യാപനം, ജലപാതകളുടെ വഴിതിരിച്ചുവിടൽ, കാട്ടിലെ വൃക്ഷമേലാപ്പിൽ വന്ന കുറവ്, അനിയന്ത്രിതമായുള്ള വെള്ളമൂറ്റിയെടുക്കൽ എന്നിവ. ഇതെല്ലാം തന്നെ ഈ ജൈവമേഖലയെ കാര്യമായി തളർത്തി. കിലിമഞ്ചാരോയുടെ പരിസരത്തെ മഴയാകട്ടെ, ഓരോ ഋതുക്കൾ ചെല്ലുന്തോറും കുറഞ്ഞുകൊണ്ടേയുമിരിക്കുകയാണ്. ഇത്തരത്തിൽ അംബോസെലിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതികാഘാതം പഠിക്കുന്നതിനും, പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമാണ് ലോകമെമ്പാടുനിന്നും ഭൂശാസ്ത്രജ്ഞർ ഇവിടേയ്ക്കെത്തുന്നത്. അനന്യമായ ഈ വനസമ്പത്തിനെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവുണ്ടാകുന്നതു തന്നെ വലിയൊരു ആശ്വാസമാണ്. ഇതിന്‍റെ ആദ്യപ്രതിഫലനമായി നാം കഴിഞ്ഞ അദ്ധ്യായത്തിൽ മനസ്സിലാക്കിയ ആനവേട്ടയുടെ പരിപൂർണ്ണമായ നിർത്തലാക്കലിനെ കാണാം.
എന്നാൽ ആനസമൂഹം വളരുമ്പോൾ ചതുപ്പിൽ വലിയ മരങ്ങൾ കുറയുന്നു എന്ന പ്രതിഭാസം കൂടിയുണ്ട്. ഇത് പക്ഷികളെയാണ് ബാധിക്കുക. വെള്ളത്തെ ഇഷ്ടപ്പെടുന്ന വേഡേഴ്സ് എന്ന വിഭാഗത്തിലേക്കു മാത്രമായി ഇവിടുത്തെ വിഹഗസാന്നിധ്യം ചുരുങ്ങുന്നതും കണ്ടുവരുന്നു.
ദൂരെ തെക്കനാകാശത്ത്, കിലിമഞ്ചാരോയിലെ കീബോ കൊടുമുടിയ്ക്കു മീതെ ഹിമപ്പുതപ്പ് ഒരു കണ്ണീർത്തുള്ളിയോളം ചുരുണ്ടുകൂടിക്കൊണ്ടിരിക്കുമ്പോൾ പരിസരവാസികളായ മാസയികൾക്ക് തങ്ങളുടെ കന്നുകാലികളുടെ ദാഹമകറ്റാൻ ഈ ചതുപ്പുകളിലേക്കവരെ തെളിച്ചുകൊണ്ടുവരാതിരിക്കാനാവില്ല. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അനിവാര്യമായ സംഘർഷങ്ങളിലേക്കതു പതുക്കെ നീളുകയും ചെയ്യും. മാറുന്ന കാലാവസ്ഥ ഭൂമിയെ മാത്രമല്ല രൂപാന്തരപ്പെടുത്തുന്നത്. മനുഷ്യരുടേയും മൃഗങ്ങളുടേയും സ്വഭാവങ്ങളേയുമത് മാറ്റിയെടുക്കുന്നു. അതിജീവനമെന്ന ലക്ഷ്യത്തിലേക്കു ഒരേയിടത്ത് രണ്ടു വിഭാഗങ്ങൾ നീങ്ങുമ്പോൾ ഏറ്റുമുട്ടലുകൾ സർവ്വസാധാരണമാകുകയും ചെയ്യുന്നു.
അംബോസെലി സംരക്ഷിതവനത്തിന്‍റെ ഒരറ്റത്ത് നൂമോത്തിയോ എന്നൊരിടമുണ്ട്. അതൊരു കൊച്ചുകുന്നെന്നു വേണമെങ്കിൽ പറയാം. ആ ഉയർച്ചയിൽ നിന്നുകൊണ്ട് ഈ മനോഹരഭൂവിന്‍റെ വിശാലമായൊരു ദൃശ്യം നമുക്കു ലഭ്യമാവും. വരണ്ടുണങ്ങിയ പൊടിസമതലത്തിന്‍റേയും ആർദ്രഹരിതമായ ചതുപ്പിന്‍റേയും മനോഹരമായൊരു കാൻവാസ് നമുക്കവിടേനിന്ന് വരച്ചിടാനുമാവും. അതിന്‍റെ പശ്ചാത്തലമായി കിലിമഞ്ചാരോയെന്ന മാന്ത്രികതയും, ഇടയിലായി ചിതറിപ്പരന്നുകിടക്കുന്ന നീലജലാശയവും ചേർന്നാലോ, അംബോസെലിയുടെ ഗംഭീരചിത്രം പൂർത്തിയാവുകയുമായി.
അങ്ങു ദൂരെ പടിഞ്ഞാറൻ ചക്രവാളത്തിൽ വലിയൊരു രംഗനടനത്തിനു വേദിയൊരുങ്ങുകയാണ്. അവിടെ ലോംഗിഡോ മലയുടെ മുകളിൽ സൂര്യനൊരു നിമിഷം വിശ്രമിക്കുകയാണെന്നു തോന്നുന്നു. നീലവാനം ഇരുണ്ടു തുടങ്ങിയിരിക്കുന്നു. പലയിടത്തായി പിഞ്ഞിക്കീറിയിട്ടിരുന്ന മേഘശകലങ്ങളുടെ വർണ്ണപ്പകർച്ച ഞങ്ങളുടെ മുഖത്തും സ്വർണ്ണനിഴലുകൾ വീഴ്ത്തി. വെള്ളയിൽ നിന്നു മഞ്ഞയിലേക്കും, പതുക്കെ ചുവന്നു തുടുത്തും, പിന്നെയിരുട്ടിൻ കൂട്ടുപിടിച്ചും അവ വീണ്ടും വീണ്ടും ചിത്രങ്ങളെഴുതി. അതിനിടയിൽ ഈ ലോകത്തിന്‍റെ നിലനില്പിനാധാരമായ ചുവപ്പൻ വട്ടം പതിയെ ദീർഘശയനത്തിനു തയ്യാറാവുകയാണ്. ലോകത്തിലെ ആദ്യത്തെ രാജകീയവിപ്ലവം നയിച്ച ഈജിപ്ഷ്യൻ ഫറവോ അഖനാത്തേനേയും അദ്ദേഹത്തിന്‍റെ ഏകദൈവമായിരുന്ന ആതേൻ എന്ന സ്വർണ്ണത്തളികയേയുമാണെനിക്കപ്പോൾ ഓർമ്മ വന്നത്. ഒറ്റപ്പെട്ടു നില്ക്കുന്ന അക്കേഷ്യയുടെ ശാഖകൾക്കിടയിലൂടെ കരിനിഴൽ തീർത്തുകൊണ്ട് സഹസ്രാംശുവായ ആതേൻ പടിയിറങ്ങുകയാണ്. എത്രയോ ചലച്ചിത്രങ്ങളിലും വന്യജീവിചിത്രങ്ങളിലുമായി പലതവണ കണ്ടിട്ടുള്ള സൂര്യാസ്തമയം. അതോടെ, കിലിമഞ്ചാരോയും ച്യൂലു എന്ന കുന്നും വിശാലമായ ഈ ചതുപ്പുകളുമെല്ലാം അന്ധകാരത്തിലേക്കു വഴുതിവീഴും. അംബോസെലിയിലെ ഒരു ദിവസം അവസാനിക്കുകയാണ്. എന്‍റെ അംബോസെലിക്കാഴ്ചകളും.
***
Be the first to write a comment.