സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ

വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി

~സഹ്യന്റെ മകൻ, വൈലോപ്പിള്ളി ശ്രീധരമേനോൻ (1944)

നൂറ്റാണ്ടുകൾക്ക് മുൻപ് അംഗരാജ്യാധിപനായിരുന്ന രോമപാദൻ ഒരുനാൾ തന്റെ പ്രജകളുടെ ക്ഷേമാന്വേഷണം നടത്തുന്നതിനിടെ അവിടെ എത്തിച്ചേർന്ന ചില കർഷകർ തങ്ങളുടെ കാർഷികവിളകൾ ആനകൾ നശിപ്പിക്കുന്നതിനെ കുറിച്ച് ബോധിപ്പിക്കുകയും പ്രശ്നപരിഹാരത്തിനായി രാജൻ ഭടന്മാരോട് ആനകളെ പിടിച്ചുകെട്ടി കൊട്ടാരം ലായത്തിലേക്ക് കൊണ്ട് വരാൻ കൽപ്പിക്കുകയും ചെയ്യുന്നിടത്ത് നിന്നാണ് “മാതംഗലീല ” എന്ന വിശ്വപ്രസിദ്ധമായ ഗജശാസ്ത്ര ഗ്രന്ഥം തുടക്കം കുറിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തോടെയോ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തോടെയോ മാത്രം ആവിർഭവിച്ച ഒന്നാണ് മനുഷ്യ–വന്യജീവി, മനുഷ്യ–കാട്ടാന ഇടപെടലുകൾ/സംഘർഷങ്ങൾ (Human–Wildlife Interactions and Human–Elephant Interactions or Human–Elephant Conflict) എന്ന തെറ്റായ ധാരണയെ തിരുത്തുന്നതാണ് ഈ ചരിത്രരേഖ. പുരാണമെന്നോ ഫിക്ഷനെന്നോ മുദ്രകുത്തി ഗജശാസ്ത്രത്തെ തള്ളിക്കളയുകയാണെങ്കിൽ കൂടി നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഗ്രന്ഥകാരൻ ഇത്തരത്തിലുള്ള ഒരു സന്ദർഭം കൈകാര്യം ചെയ്തത് ജീവിതത്തിലെ നേർക്കാഴ്ചകളിൽ നിന്നാവുമെന്ന് ധരിക്കുന്നതിൽ തെറ്റില്ലെന്ന്  കരുതാം. 1700-കളിലും 1800-കളിലും ഭാരതത്തിൽ തോട്ടങ്ങളും വ്യവസായങ്ങളും സ്ഥാപിക്കുന്നതിനും, മരം മുറിക്കുന്നതിനും, വേട്ടയാടുന്നതിനും, ആനകളെ പിടികൂടുന്നതിനും മറ്റുമായി രാജ്യത്താകമാനം സഞ്ചരിച്ചിരുന്ന ജോൺ കോഴ്സിനെയും കോൺഗ്രെവിനെയും കാർവർ മാർഷിനെയും മറ്റും പോലുള്ള പര്യവേഷകരും പ്രകൃതി ശാസ്ത്രജ്ഞമാരും ആനകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതിനെ കുറിച്ചുള്ള പരാമർശങ്ങൾ തങ്ങളുടെ ലേഖനങ്ങളിൽ അക്കാലങ്ങളിൽ തന്നെ പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും കാലത്തോളം പഴക്കമുള്ള പ്രശ്നങ്ങളെ ലഘൂകരിക്കാനും സുസ്ഥിരമായ പരിഹാരനടപടികൾ കൈക്കൊള്ളാനും ഇന്നും സാധിക്കാത്തത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. ശാസ്ത്രസാങ്കേതികതയുടെ കൊടുമുടികൾ കീഴടക്കി കൊണ്ടിരിക്കുന്ന മനുഷ്യസമൂഹത്തിന് പക്ഷെ ഇത്തരം സങ്കീർണ്ണതകൾ നിറഞ്ഞ ഒരു പ്രശ്നത്തെ നേരിടാൻ നൂറ്റാണ്ടുകൾക്കപ്പുറത്ത് നിന്നുമുള്ള ആനപ്പിടുത്തത്തെ ആശ്രയിക്കേണ്ടി വരുന്നു എന്നുള്ളത്  ഒരു  വിരോധാഭാസമാണ്.

1800-കളിലും 1900-കളിലും വൻ തോതിൽ ഖെദ്ദ, വാരികർമ്മം, മേളാശിക്കാർ തുടങ്ങിയ അതാത് മേഖലകളിലെ പരമ്പരാഗതപ്രവൃത്തിക്കാരുടെ പഴക്കത്തിനനുസരിച്ചുള്ള രീതികളിലൂടെ അനവധി ആനകളെ പിടികൂടി വ്യാവസായികാവശ്യങ്ങൾക്കായി പരിശീലിപ്പിച്ച് പോന്നിരുന്നു. ഇന്ത്യൻ റെയിൽവേയുടേതുൾപ്പെടെയുള്ള നിർമ്മാണപ്രവൃത്തികളിൽ ആനകൾ വഹിച്ച പങ്ക് എളുതല്ല. ഇക്കാലയളവിൽ ആയിരക്കണക്കിന് ആനകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ പന്തികളിൽ നിന്നും പരിശീലനം സിദ്ധിച്ച് പുറത്തിറങ്ങിയത്. വിനോദാവശ്യങ്ങൾക്കായി കൊന്നൊടുക്കിയ ആനകൾ ആയിരത്തോളം വേറെയും. ട്രോഫി ഹണ്ടിങ് എന്ന വിനോദം ഭാരതത്തിലെ അനേകം ജീവജാലങ്ങളെ വംശനാശത്തിലേക്ക് തള്ളി വിട്ട കൂട്ടത്തിൽ ആനകളിൽ സംഭവിച്ചത്  ക്രമാതീതമായ ഒരു demographic skewness ആയിരുന്നു.  ട്രോഫികൾക്കായി വേട്ടയാടിയിരുന്നത് പലപ്പോഴും മുതിർന്ന കൊമ്പൻ ആനകളെ ആയിരുന്നത് കൊണ്ടാണ് ഇത് സംഭവിച്ചത്.  ഇത്തരത്തിലുള്ള ഗജഗ്രഹകർമ്മങ്ങളും വേട്ടയും 1972ലെ വന്യജീവി സംരക്ഷണനിയമം പ്രാബല്യത്തിൽ വന്നതോട് കൂടി നിർത്തലാക്കപ്പെട്ടു. എന്നിരുന്നാലും കൊമ്പിനായുള്ള ആനവേട്ട നിയമവിരുദ്ധമായി പലയിടങ്ങളിലും തുടർന്ന് പോന്നത് ആനകളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്തുകൊണ്ടിരുന്നു. ആനക്കൊമ്പുൾപ്പെടുന്ന പ്രകൃതിവിഭവങ്ങളുടെ ചൂഷണം കേരളത്തിലെ പെരിയാർ പോലുള്ള ചില മേഖലകളിൽ കൊമ്പൻ-പിടി ആനകളുടെ അനുപാതം അത്യന്തം ഭയപ്പെടുത്തുന്ന രീതിയിലേക്ക് എത്തിച്ചത് 1980-1990കളിലാണ്. പല മേഖലകളിലും ചെറുപ്രായക്കാരായ കൊമ്പൻ ആനകളെ കാണുന്നത് ഇത്തരത്തിൽ വൻതോതിലുള്ള ആഘാതങ്ങളിൽ നിന്നുമുള്ള ക്രമേണയുള്ള തിരിച്ചുവരവിനെ (recovery) സൂചിപ്പിക്കുന്നുവെന്നാണ് ശാസ്ത്രം അനുമാനിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ, ആസ്സാം എന്നിവിടങ്ങളിലും ശ്രീലങ്കയിലുമെല്ലാം കൊമ്പന്മാരെക്കാൾ താരതമ്യേന മോഴയാനകളെ കണ്ടുവരുന്നത് കൊമ്പിന് വേണ്ടിയുള്ള തിരഞ്ഞെടുത്ത നീക്കം ചെയ്യൽ (Selective Removal), വേട്ടയിലൂടെയും ആനപ്പിടുത്തതിലൂടെയും, പരിണാമപരമായ മാറ്റങ്ങൾക്ക് വഴി വെച്ചത് കാരണമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനടുത്തായി ആഫ്രിക്കയിലെ കിഴക്കൻ മേഖലയിലുൾപ്പെടെ വർധിച്ച തോതിൽ കണ്ട് വരുന്ന കൊമ്പില്ലായ്മ (Tusklessness) മേൽ സൂചിപ്പിച്ച വേട്ട കാരണമുണ്ടാവുന്ന പരിണാമപരമായ മാറ്റങ്ങൾക്ക് അടിവരയിടുന്നതാണ്.

ഇത്തരത്തിൽ അത്യന്തം ശ്രമകരമായ ഘട്ടങ്ങളിലൂടെയാണ് ആനയുൾപ്പെടുന്ന ഭാരതത്തിലെ വന്യജീവി വർഗം വന്യജീവിസംരക്ഷണനിയമം നിലവിൽ വരുന്നത് വരെ കടന്ന് പൊയ്ക്കൊണ്ടിരുന്നത്. സംരക്ഷണം വർധിച്ച് കഴിഞ്ഞാൽ തന്നെ മറ്റ് പല ജീവികളിലും കാണാൻ സാധിക്കുന്ന തരത്തിലുള്ള ഒരു recovery നിരക്ക് ആനകളിൽ കാണാൻ പ്രയാസമാണ്. ആനകളിലെ ശരീരശാസ്ത്രപരമായ (Physiological) പ്രക്രിയകൾ ഏറെ സങ്കീർണ്ണതകൾ നിറഞ്ഞതാണ്. ഏറ്റവും ആരോഗ്യമുള്ളതായി കണക്കാക്കാവുന്ന ഒരു കൂട്ടത്തിൽ ( population) പോലും മൂന്നര-നാല് വർഷക്കാലയളവിൽ മാത്രമാണ് പിടിയാനകളിൽ പ്രജനനം നടക്കുക. പ്രസവത്തിൽ അധികവും ഒരു കുട്ടിയാണ് ഉണ്ടാവുക; വളരെ അപൂർവ്വമായി സംഭവിക്കാറുള്ള ഇരട്ടപ്രസവങ്ങളിൽ മിക്കവാറും ഒരു കുട്ടി മരണപ്പെടാറുള്ളതായാണ് കണ്ട് വരുന്നതും. പാരിസ്ഥിതികമാറ്റങ്ങൾക്കനുസരിച്ച് കുട്ടിയാനകളുടെ അതിജീവനനിരക്കുകൾ മാറിക്കൊണ്ടിരിക്കും. ഇത് എല്ലാ മേഖലകളിലും ഒരു പോലെ ഒരിക്കലും ആവുകയുമില്ല. അത് കൊണ്ട് തന്നെ ക്രമാതീതമായ ഒരു വളർച്ചാനിരക്ക് ആനയെ പോലുള്ള ഒരു ജീവിയുടെ കാര്യത്തിൽ, പലപ്പോഴും തെറ്റായി ധരിച്ച് പോരുന്ന പോലെ, ചെറിയൊരു കാലയളവിൽ സംഭവിക്കാനുള്ള സാധ്യതകൾ ഏറെ വിരളമാണ്; അല്ലെങ്കിൽ അസാധ്യമാണ്.

ഇതിന്റെ തുടർക്കഥയായി മനസ്സിലാക്കേണ്ടതാണ് ആനകളിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള സ്വഭാവമാറ്റങ്ങൾ. മുതിർന്ന ആണാനകൾ കൊല്ലപ്പെട്ട മേഖലകളിലെ യൗവ്വനപ്രായത്തിലുള്ള ആനകളിൽ ആക്രമണസ്വഭാവങ്ങൾ കണ്ടതും എല്ലാം തന്നെ  ആനകളെ പിടികൂടാൻ നടപടികൾ സ്വീകരിക്കുന്നതിന് മുൻപേ ഓർക്കേണ്ടതാണ്. തീർത്തും ഒഴിച്ച് കൂടാനാവാത്ത ചില സാഹചര്യങ്ങളിൽ ആനകളെ പിടികൂടുകയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലാതെ വരാനിടയുണ്ടെന്നതും മനസ്സിലാക്കേണ്ടതുണ്ട്. ആനകൾ നഗരമധ്യത്തിലും മറ്റും വന്നാൽ സാവധാനത്തിൽ തിരികെ പോവാൻ അനുവദിക്കുകയെന്നത് അപ്രായോഗികമാണ്. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ പിടികൂടിയാൽ ആനകളെ ഏറ്റവും അടുത്ത വനമേഖലയിൽ കൊണ്ട് വിടുന്നതോട് കൂടി പ്രശ്നം അവസാനിച്ചു എന്നു കരുതുന്നതും തെറ്റാണ്. ഇത്തരത്തിലുള്ള മാറ്റങ്ങൾ നടത്തുമ്പോൾ  അതിന് ശേഷമുള്ള സൂക്ഷ്മമായ നിരീക്ഷണം (post-release monitoring) വളരെ പ്രധാനമാണ്. അത് പോലെ തന്നെ ഒരു മേഖലയിൽ നിന്നും പിടികൂടി മറ്റൊരു മേഖലയിലേക്ക് ആനകളെ മാറ്റേണ്ടി വരുമ്പോൾ അതോട് കൂടി അനിശ്ചിതത്വഘട്ടങ്ങൾക്ക് വിരാമമായെന്ന് ധരിക്കുന്നവരാണ് ഏറെയും. ആനകളിലെ മേധാവിത്വശ്രേണികൾക്കനുസൃതമായി ഒരാന പോയിക്കഴിഞ്ഞാൽ ആ മേഖലയിലേക്ക് മറ്റൊരാന വന്ന് താമസമാക്കാൻ അധികനാളുകൾ വേണ്ടി വരില്ലെന്നത് യാഥാർഥ്യമാണ്. ഇത് ആനകളിൽ മാത്രമല്ല, കടുവ, പുലി പോലുള്ള മറ്റ് മൃഗങ്ങളിലും പഠനങ്ങൾ തെളിയിച്ചിട്ടുള്ള ഒന്നാണ്. ഇവിടെയാണ് വീണ്ടും അതാത് മൃഗങ്ങളുടെ സ്വഭാവരീതികളും നൈസർഗ്ഗിക ജീവിത ശൈലികളും കാലാനുസൃതമായ പൊരുത്തപ്പെടലുകളും (behavioural adaptations) മനസ്സിലാക്കുകയും അത് management തീരുമാനങ്ങളിൽ സംയോജിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം.

ഇനി മനുഷ്യ–വന്യജീവി സംഘർഷങ്ങളിലെ വെല്ലുവിളികളിലേക്ക് മടങ്ങിവരാം. കാലപ്പഴക്കങ്ങൾ ഏറെ അവകാശപ്പെടാമെങ്കിലും ഇന്നത്തെ കാലഘട്ടത്തിൽ ഈ പ്രശ്നങ്ങൾ മുൻപത്തേക്കാൾ സങ്കീർണ്ണതകൾ നിറഞ്ഞ ഒന്നായി മാറിയിട്ടുണ്ട്. പൊതുവെയുള്ള മനോഭാവത്തിലും സഹിഷ്ണുതയിലും അടുത്തിടെയായി പ്രകടമായ മാറ്റങ്ങൾ സംഭവിച്ചതിന് കാരണങ്ങൾ ഏറെയാണ്. സംഘർഷത്തിന്റെ ഏറ്റവും സങ്കടകരമായ ഒരു വശമാണ് വന്യമൃഗങ്ങൾ മൂലം മനുഷ്യർ മരണപ്പെടുന്നത്. കൃഷിയോ സ്വത്തോ നഷ്ടപ്പെടുന്നതിന് നഷ്ടപരിഹാരം നൽകി പരിഹരിക്കുന്നത് പോലെയല്ല ജീവഹാനി സംഭവിക്കുന്നത്. അത്തരത്തിലുള്ള നഷ്ടങ്ങൾ ഒരിക്കലും നികത്താനാവില്ല. ആയതിനാൽ അത്തരത്തിലുള്ള സന്ദർഭങ്ങൾ ഒഴിവാക്കാനും മനുഷ്യജീവന് വേണ്ട സുരക്ഷ ഉറപ്പുവരുത്താനുമുള്ള നടപടികൾക്കായിരിക്കണം മുൻഗണന. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആനകൾ കാരണമുണ്ടാവുന്ന ജീവഹാനിക്കണക്കുകൾ ശൂന്യമായി നിലനിർത്തുന്ന അയൽസംസ്ഥാനമായ തമിഴ്നാട്ടിലെ തോട്ടം മേഖലയായ വാൽപ്പാറയും വർഷങ്ങളായി തങ്ങളുടെ കൃഷി കൃത്യമായി വിളവെടുക്കാൻ സാധിച്ചിട്ടുള്ള വടക്കൻ ശ്രീലങ്കയിലെ കർഷകരും എല്ലാം  തുടർന്ന് പോരുന്ന മാതൃകകൾ ചില ഇടങ്ങളിലെങ്കിലും നിശ്ചിതമായ ലക്ഷ്യങ്ങൾ കാണേണ്ടതാണ്. മനുഷ്യ–വന്യജീവി സംഘർഷത്തെ കുറിച്ച് വാചാലരാവുന്നവർ ഇത്തരത്തിലുള്ള ശാസ്ത്രീയമായ സുസ്ഥിരമായ പരിഹാരമാർഗങ്ങൾക്കാവണം, മറിച്ച് ആസൂത്രണരഹിതമായ പ്രതികരണനടപടികൾക്കാവരുത്, ഊന്നൽ നൽകുന്നത്. ശാസ്ത്രീയരീതികളിൽ സഹവർത്തിത്വം അഥവാ coexistence ആരുടേയും മേൽ അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. കൃഷിയിടങ്ങളിലോ വാസസ്ഥലങ്ങളിലോ വന്യജീവികൾ ഉണ്ടെങ്കിൽ അത് സഹിച്ച് കഴിയണം എന്ന് സമർത്ഥിക്കുന്നതുമല്ല സഹവർത്തിത്വം. മറിച്ച് ശാസ്ത്രീയാടിസ്ഥാനത്തിൽ മനുഷ്യജീവനും സ്വത്തിനും കൃഷിക്കും വേണ്ട സംരക്ഷണം ഉറപ്പ് വരുത്തുകയും വന്യജീവികളെ സ്വൈര്യവിഹാരത്തിന് അനുവദിക്കുകയും ചെയ്യുന്നതിനെയാണ് സഹവർത്തിത്വമെന്നത് കൊണ്ട് മനസ്സിലാക്കേണ്ടത്.  വന്യജീവിസംരക്ഷണത്തിൽ ഇരുവിഭാഗത്തിനും സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടിക്രമങ്ങൾ കൈക്കൊള്ളുന്നത് യുക്തിപരമായും ശാസ്ത്രീയമായിട്ടും ആവണം, അല്ലാതെ വൈകാരികാടിസ്ഥാനത്തിലാവരുത്. വന്യജീവിസംരക്ഷണത്തിൽ സ്വീകരിക്കേണ്ട മാതൃകകൾ ഇത്തരത്തിലുള്ള തത്വാധിഷ്ഠിതമായിരിക്കണം, അല്ലാതെ പാശ്ചാത്യമേഖലകളിൽ വെടി വെച്ച് കൊന്നു കൊണ്ടാണ് സംരക്ഷണം നടപ്പിലാക്കുന്നത്, അതിനാൽ എന്ത് കൊണ്ട് അത് ഇവിടെ പാടില്ല, എന്ന തരത്തിലുള്ള ന്യായങ്ങളിലൂടെയാവരുത്. ഓരോ മേഖലകളിലും അതാത് മേഖലയ്ക്കനുസൃതമായ സംരക്ഷണ, പരിപാലന രീതികൾ നടപ്പിലാക്കേണ്ടതുണ്ട്.

ഇന്ന് പ്രസക്തമായ മനുഷ്യ–വന്യജീവി സംഘർഷം (ആനകളുടെ കാര്യത്തിന് ഊന്നൽ നൽകി), കാട്ടാനകളുടെ വ്യക്തിഗത സ്വഭാവം–സ്വഭാവമാറ്റങ്ങൾ, ശാസ്ത്രീയമായ പ്രശ്ന ലഘൂകരണം, സംയോജിതസംരക്ഷണരീതികൾ, നാട്ടാനപരിപാലനപ്രശ്നങ്ങൾ, തുടങ്ങി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സഹ്യന്റെ മക്കളുടെ ദ്യോവിനെ വിറപ്പിക്കുമാറുള്ള വിളികൾക്ക് എങ്ങനെ പരിഹാരം കാണാമെന്ന് ഏതാനും ആശയങ്ങളിലൂടെയും ആശയക്കുഴപ്പങ്ങളുടെ വിശകലനങ്ങളിലൂടെയും പരിശോധിക്കാനാണ് ഇനിയുള്ള അധ്യായങ്ങളിലൂടെ ശ്രമിക്കുന്നത്.
———-

Sreedhar Vijayakrishnan, PhD
Postdoctoral Research Associate,
Centre for Conservation and Research,
Tissamaharama, Sri Lanka

Member, IUCN SSC Asian Elephant Specialist Group

ചിത്രങ്ങൾ: ശ്രീധർ വിജയകൃഷ്ണൻ

Comments

comments